Saturday, June 17, 2017

വേദനയുടെ ഡി എൻ എ

     "പ്രാണന്റെ പിന്നില്‍ കുറിച്ചിട്ട വേദന " എന്ന പേരില്‍ മാതൃഭൂമിയില്‍ വന്ന ലേഖനം.
             
          ശരീരത്തിനു കേടുപാടുകൾ വരാതിരിക്കാനുള്ള മുൻകൂർ പദ്ധതിയാണ് വേദന.  ലഹരി പിടിയ്ക്കും വേദനയിൽ മുഴുകിയിട്ട് ‘മമ ജീവനിൽ നിന്നൊരു മുരളീമൃദുരവമൊഴുകട്ടേ’ എന്ന ചങ്ങമ്പുഴ പാടിയത് വേദന അതിജീവനത്തിനു അത്യന്താപേക്ഷിതമാണെന്നറിഞ്ഞിട്ടാകണം.  വേദന അനുഭവിക്കാൻ  വയ്യായ്ക എന്നൊരു അപൂർവ്വ അസുഖം ഉണ്ട്; ഇവർ പലപ്പോഴും അംഗഭംഗം വന്ന് മരിക്കുക പതിവാണ്. കാരണം അവയവങ്ങൾക്ക് ക്ഷതമേറ്റാൽ അറിയുകയില്ല എന്നതുതന്നെ. കയ്യും കാലും എത്രമാത്രം തിരിയ്ക്കണം വളയ്ക്കണം എന്നു പോലും അറിയാത്തവർ ആണിവർ. ഒടിവും ചതവും വരാതെ സൂക്ഷിയ്ക്കുന്നത് വേദനയാണെന്നു സാരം. അപകടത്തെക്കുറിച്ച് മുന്നറിയിപ്പ് തരുന്ന, ശരീരത്തിന്റെ വിവിധഭാഗങ്ങൾ കൃത്യമായി പ്രവർത്തിക്കുന്നുണ്ടോ എന്ന് തലച്ചോറിനു അറിവുകൊടുക്കുന്ന യന്ത്രസംവിധാനവുമാണ് വേദന. ഇത് തോന്നൽ ആയി അനുഭവപ്പെടുത്തുന്നത് അതതിനുവേണ്ടി നിയോഗിക്കപ്പെട്ട തലച്ചോറിലെ ന്യൂറോൺ കേന്ദ്രങ്ങളാണ്.  തണുപ്പ്, ചൂട്, രാസവസ്തുക്കളുടെ സാമീപ്യം, യാന്ത്രിക ആഘാതങ്ങളുടെ സാദ്ധ്യത ഇവയെല്ലാം അപ്പപ്പോൾ അറിഞ്ഞിരിക്കേണ്ടത് സന്തുലിതാവസ്ഥ നിലനിറുത്തുന്നതിനു അത്യാവശ്യമാണ്, ഒരു പറ്റം ന്യൂറോണുകളും തലച്ചോർ കേന്ദ്രങ്ങളും തെരക്കിട്ട പണിയിലുമാണ്. എന്നാൽ ന്യൂറോണുകളുടെ മാത്രം ജോലി അല്ല വേദനയുണ്ടാക്കൽ. ത്വക്ക്, പ്രതിരോധകോശങ്ങൾ, ന്യൂറോണുകളെ പരിപാലിയ്ക്കുന്ന “ഗ്ലയൽ” കോശങ്ങൾ ഇവയെല്ലാം പങ്കുചേരുന്നുണ്ട് വേദനക്കുരിശിന്റെ ആശാരി പണിയിൽ. അതിശക്തമായ ബോധജ്ഞാനക്കലവികൾ  മെനഞ്ഞെടുക്കുന്നതാണ് വേദന എന്ന തോന്നൽ.  ഈ അറിവ് നമ്മുടെ പ്രതീക്ഷകളേയും സ്ഥലകാലബന്ധിത ചുറ്റുപാടുകളേയും അനുസരിച്ച് രൂപപ്പെടുന്നതാണ്. ശുദ്ധനിർവ്വചനങ്ങൾക്ക് എളുപ്പം വഴിതുറക്കാത്ത വേദനയെക്കുറിച്ച് കൂടുതൽ അറിവുകൾ അത്യാവശ്യമാണ്. ഒരാളുടെ വേദനയുടെ ജൈവസാങ്കേതികത ആയിരിക്കില്ല മറ്റൊരൾക്ക്. നിതാന്തവേദനയുമായി കഴിയുന്നവർക്ക്  ആശ്വാസം ലഭിയ്ക്കാൻ ഉതകുന്ന ചികിത്സാപദ്ധതികൾ ആവിഷ്ക്കരിക്കാൻ വേദനയുടെ തന്മാത്രാശാസ്ത്രവും ജനിതകപശ്ചാത്തലങ്ങളും ആവേശപൂർവ്വം പഠിയ്ക്കപ്പെടുന്നു ഇന്ന്. സർവ്വസാധാരണ വേദനാസംഹാരിയായ മോർഫീന്റെ ഫലപ്രദമായ അളവിന്റെ വ്യാപ്തി തന്നെ ജനിതകവഴികളാൽ തീരുമാനിക്കപ്പെടുന്നതാണ്. ഒരാളുടെ ഡോസ് അല്ല മറ്റൊരാളുടെ.

വേദന എങ്ങനെ അറിയുന്നു? നോസിസെപ്റ്റർ  എന്ന കുഞ്ഞുമൊട്ടുകൾ

         തൊലിയ്ക്കുള്ളിലോ ഉള്ളിലെ അവയവങ്ങളിലോ വിന്യസിച്ചിരിക്കുന്ന നിരവധി സ്വീകരിണികൾ അകത്തെ നാഡീഞരമ്പുകൾ വഴി തലച്ചോറിൽ സന്ദേശങ്ങൾ എത്തിയ്ക്കുകയാണ് എന്നതാണ് വേദന തോന്നുന്നതിന്റെ ലളിത യാന്ത്രികപാഠം. (ചിത്രം 2 നോക്കുക). ഈ സന്ദേശങ്ങൾ ഏതു വേദന എന്നതനുസരിച്ച് വ്യത്യസ്ഥമാണ്. ചൂട്, പൊള്ളൽ ഇവയ്ക്കൊക്കെ  പ്രത്യേകം സ്വീകരിണികളും സംവേദനങ്ങളെ നാഡീസന്ദേശങ്ങളായി മാറ്റുന്ന രാസവസ്തുക്കളും ഉണ്ട്. സമ്മർദ്ദം (അടി കൊള്ളുമ്പോഴുള്ള വേദന) രാസവസ്തുക്കൾ കൊണ്ടുള്ള നീറ്റൽ (ആസിഡ് വീണാലുള്ള അവസ്ഥ ഉദാഹരണം) ഇവയൊക്കെയും ഇപ്രകാരം പ്രത്യേകസന്ദേശവ്യസ്ഥകളാണ് ഉണർത്തിയെടുക്കുന്നത്. ‘നോസിസെപ്റ്റർ’ എന്നറിയപ്പെടുന്ന ഈ സംവേദനികൾ ത്വക്കിലും  സന്ധികളിലും (കാൽ മുട്ട് ഉദാഹരണം) പേശികളിലും കുടലിലും ഉടനീളവും വിന്യസിക്കപ്പെട്ടിട്ടുണ്ട്. ഞരമ്പിന്റെ അഗ്രങ്ങൾ തരിമൊട്ടുകളുടെ രൂപത്തിലാണ് സ്വരൂപിച്ചെടുത്തിരിക്കുന്നത്..  (ചിത്രം 1 നോക്കുക). നോസിസെപ്റ്ററുകളുടെ “ഫയറിങ്” ആണ് സംവേദനത്തിന്റെ തുടക്കം. പാരസെറ്റമോൾ മുതലായ വേദനാസംഹാരികൾ ഈ ഫയറിങ്ങിനെ നിർവ്വീര്യമാക്കാൻ പോന്നവയാണ്. സുഷുംനാകാണ്ഡ (spinal chord) ത്തിലേക്കാണ് ആദ്യം സന്ദേശങ്ങൾ അയയ്ക്കപ്പെടുക. പല വേദനകൾക്കും തരംതിരിച്ചാണ് നാഡീകോശങ്ങൾ സംവേദനവഴികൾ വെട്ടിത്തെളിയ്ക്കുന്നത്. ചൂട്/പൊള്ളൽ അറിയുന്ന സ്വീകരിണികളും അവയോടനുബന്ധിച്ച ജീനുകളും അല്ല ഒരു സൂചി കുത്തിക്കയറിയാലുള്ള വേദനയുടെ നിയന്ത്രണാധികാരികൾ. സുഷുംനാകാണ്ഡത്തിലെ പല അടരുകളിലാണ് ഈ സംവേദനങ്ങൾ എത്തുന്നത്.  ആസിഡ് വീണാലുള്ള പൊള്ളലും നീറ്റലും സംവേദനം പുറമേയും അടികൊള്ളുമ്പോഴോ വീഴുമ്പോഴോ ഉള്ള വേദനാസംവേദനം സുഷുംനയുടെ അകമേയും ആണ് എത്തപ്പെടുന്നത്. ഒരു മുറിവ് പറ്റിയാൽ അതിനടുത്തുള്ള സ്പർശാനുകൂലികളായ ന്യൂറോണുകളും താമസിയാതെ വേദന ഉളവാക്കുന്നതിലേക്ക് റിക്രൂട് ചെയ്യപ്പെടുകയാണ്.  പീസൊ2 (Piezo2)  എന്ന ജീനിന്റെ ഉണർവ്വാണ് പലപ്പോഴും സമ്മർദ്ദാനുബന്ധിയായ വേദനയുടെ മേൽനോട്ടം വഹിക്കുന്നത്. ഈ ജീൻ നിർമ്മിച്ചെടുക്കുന്ന പ്രോടീൻ കോശങ്ങൾക്കകത്തു കാൽഷ്യം പ്രവേശിക്കുന്നതിനെ നിയന്ത്രിക്കുന്നതാണ്. സുഷുംനാകാൺഡത്തിലെ അകഭാഗങ്ങളിൽ തലങ്ങും വിലങ്ങും ഓടുന്ന ന്യൂറോൺ തന്തുക്കൾ “വയറിങ്” സ്വരൂപിച്ചെടുത്ത് നാഡികളുടെ ഉത്തേജനമോ ന്യൂനീകരണമോ ഒക്കെ ആയി പുനർവായന നടത്തിയാണ് തലച്ചോറുമായി ബന്ധപ്പെടുന്നത്. ന്യൂറോണുകൾ തമ്മിൽ ബന്ധപ്പെടുത്തുന്ന രാസവസ്തുക്കളായ “ഗാബാ”, “ഗ്ലൂടമേറ്റ്” എന്നിവയൊക്കെ വേദനയുടെ സന്ദേശങ്ങൾ കൈമാറാൻ ഉതകുന്നവയാണ്. ചില പ്രത്യേക  പ്രോടീനുകളും സ്രവിക്കപ്പെടും ഈ സമയത്ത്; ചിലവ വേദന കുറയ്ക്കാൻ നിർദ്ദേശം കൊടുക്കുന്നവയാണ്. ഇവയുടെ അളവും ഉത്തേജനവും ആണുങ്ങളിലും പെണ്ണുങ്ങളിലും വ്യത്യാസപ്പെട്ടിരിക്കുന്നു. ഒരേ കാരണം ഈ രണ്ടുകൂട്ടരിലും വ്യത്യസ്ത തീവ്രതയിലുള്ള വേദനയാണ് ഉളവാക്കുന്നത്. സ്ത്രീകളിൽ ഇമ്മ്യൂൺ കോശങ്ങൾ ഉൾപ്പെടുന്ന വ്യവസ്ഥയാണ്, കൂടുതൽ വേദനാത്മകമാണ് അവരുടെ ന്യൂറോൺ സംവേദനവിധികൾ.

      ചില പ്രത്യേക തന്മാത്രകളും  നോസിസെപ്റ്ററുകളിൽ നിന്നും സുഷുംനയിലേക്ക് വേദനാ സന്ദേശങ്ങൾ അയക്കുന്നതിൽ പങ്കെടുക്കുന്നുണ്ട്.  ന്യൂറോണുകളിൽ സോഡിയം പ്രവേശിക്കുകയോ പുറത്തിറങ്ങുകയോ ചെയ്യാൻ ഉപയുക്തമാകുന്ന പ്രോടീനുകളാണവ (sodium channel). ഇവയിൽ ഒന്നായ Nav1.7 എന്ന പ്രോടീൻ ജന്മനാ നിർവ്വീര്യമാക്കപ്പെട്ടവരുണ്ട്; ഇവർക്ക് ചില വേദനകൾ അനുഭവിക്കാനേ സാദ്ധ്യമല്ല. ഇവരുടെ  തലച്ചോറിലെ‘വേദനാവ്യൂഹം” സാധാരണപോലെ ആണു താനും. Nav1.7 ത്വക്കിലോ അവയവങ്ങളിലോ ഉള്ള  സ്വീകരിണികളെ (നോസിസെപ്റ്റർ) ആണ് സംവേദനത്തിൽ പങ്കു ചേർക്കുന്നത്. തലച്ചോറിലെ ഇടങ്ങളെ അല്ല. തലച്ചോറിന്റെ നിയന്ത്രണത്തിൽ മാത്രമല്ല വേദനയുളവാകൽ എന്ന് സാരം. ഈ തലച്ചോർ ഇടങ്ങളുടേ വേദനാസ്വാധീനം വളരെ സങ്കീർണ്ണമാണെന്നും  മറ്റ് പല ഇടപെടലുകളും വേദനാജനകം ആണെന്നുമാണ് ഈ വക നിരീക്ഷണങ്ങൾ തെളിയിക്കുന്നത്. എന്നാൽ വേദനാസംഹാരികളെ രൂപപ്പെടുത്തിയെടുക്കുന്നതിൽ ഇത്തരം അറിവുകൾ ഉപകാരപ്രദം ആയേക്കും.  Nav1.7 എന്ന പ്രോടീനിനെ തികച്ചും നിർവ്വീര്യമാക്കുന്ന ഒരു ഘടകം പഴുതാരയുടെ വിഷത്തിൽ കണ്ടെത്തിയിട്ടുണ്ട്. എലികളിൽ നടത്തിയ പരീക്ഷണങ്ങളിൽ ഈ പഴുതാരവിഷം മോർഫീനെക്കാളും ഉഗ്രതരമായ വേദനാസംഹാരിയാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഈ Nav1.7 പ്രോട്ടീനിനെതിരെ നിർമ്മിച്ചെടുത്ത  ആന്റിബോഡികൾ വേദന കുറയ്ക്കാനുപകരിക്കുന്നു എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. മറ്റുചില സോഡിയം ചാനൽ തടയുന്ന വിഷവസ്തുക്കളും (കറുത്ത മാംബാ പാമ്പിന്റെ) വേദനയ്ക്കെതിരെ പ്രവർത്തിക്കുന്നതായി കണ്ടുപിടിയ്ക്കപ്പെട്ടിട്ടുണ്ട്. കൂടുതൽ ഗവേഷണങ്ങൾ ഈ വഴിയേ തിരിയുന്നുണ്ട് ഈയിടെ ആയി.

           ഇതേ രീതിയിൽ വേദനാസംവേദനത്തിൽ പങ്കാളിയാകുന്നുണ്ട് നെർവ് ഗ്രോത് ഫാക്റ്റർ (NGF) എന്ന പ്രോടീൻ. ന്യൂറോണുകളുടെ വളർച്ചയും അറ്റകുറ്റപ്പണിയും ത്വരിതപ്പെടുത്തുകയാണ് ഈ പ്രോടീനിന്റെ ജോലി.  ഈ പ്രോടീനിന്റെ ജീനിനു മ്യൂടേഷൻ സംഭവിച്ചൽ വേദന അറിയുകയേ ഇല്ല. കാരണം നോസിസെപ്റ്റർ സ്വീകരിണികൾ വളർന്നുവികസിക്കുകയേ ഇല്ല. ഈ NGF സ്വന്തം സ്വീകരിണികൾ വഴിയാണ് കൊടിയ വേദന ഉളവാക്കുന്നത്-പ്രത്യേകിച്ചും അസ്ഥിയിലെ ക്യാൻസർ, നട്ടെല്ലിനു താഴ വരുന്ന ക്ഷതം മൂലമുള്ള വേദന, പ്രമേഹരോഗികൾക്ക് അനുഭവപ്പെടുന്ന തീവ്രവേദനകൾ, വാതസംബന്ധിയായ വേദനകൾ ഒക്കെ. എൻ ജി എഫിനെതിരായി നിർമ്മിച്ചെടുത്ത പ്രതിരോധതന്മാത്രകൾ (ആന്റിബോഡികൾ)  ഇത്തരം വേദനകൾക്കെതിരേ  ഉപയോഗിക്കാൻ ക്ലിനിക്കൽ പരിശോധനകൾ നടന്നുവരുന്നു.

തലച്ചോർ കേന്ദ്രങ്ങൾ
     സുഷുംനാകാൺഡത്തിലൂടെ എത്തുന്ന വേദനാസംവേദനങ്ങളെ വ്യവസ്ഥപ്പെടുത്തിയും ക്രമീകരിച്ചും തോന്നലുകളായി മാറ്റുന്നത് തലച്ചോറ് തന്നെ. ഈ  കേന്ദ്രങ്ങൾ തിരിച്ച് സുഷുംന വഴി തന്നെ വേദനയുടെ ഇടങ്ങളിലേക്ക് “നിങ്ങളുടെ വേദന അറിയുന്നുണ്ട്” എന്ന സന്ദേശം കൊടുക്കുമ്പോഴാണ് പ്രക്രിയ പൂർണ്ണമാവുന്നത്. എം ആർ ഐ (MRI) പെറ്റ് ( PET) എന്നീ വകയുള്ള ആധുനിക സ്കാനിങ് വിദ്യകളാൽ തലച്ചോറിലെ വേദനാകേന്ദ്രങ്ങൾ നിർവ്വചിക്കപ്പെട്ടിട്ടുണ്ട്.  എട്ട് കേന്ദ്രങ്ങളാണ് തകൃതിയായി വേദന രൂപീകരിച്ച് എടുക്കുന്നത്. “വേദനാവ്യൂഹം “ (Pain Matrix) എന്നറിയപ്പെടുന്ന ഈ കേന്ദ്രബന്ധങ്ങൾ ഒരു വല തന്നെ തീർത്തെടുക്കുകയാണ്. തലങ്ങും വിലങ്ങുമോടുന്ന നാഡീ തന്തുക്കളാൽ. തലാമസ്, ആന്റീരിയർ സിംഗുലേറ്റ് കോർടെക്സ്, ഇൻസുലാർ കൊർടെക്സ്, സെൻസറി കോർടെക്സുകൾ, പ്രി ഫ്രോണ്ടൽ കോർറ്റെക്സ്, ബേസൽ ഗാംഗ്ലിയ,  സെറിബെല്ലം, അമിഗ്ദല എന്നിവയാണ് ഈ എട്ടുവീട്ടിൽ പിള്ളമാർ. ഇവയുടെ എല്ലാം ഉത്തേജനം വേദനാജനകം ആയിരിക്കണമെന്നില്ല.  ഇവയെല്ലാം ഒരുമിച്ച് പ്രവർത്തിയ്ക്കണമെന്നില്ല വേദനയുളവാകാൻ. ഇൻസുലാർ കോർടെക്സ് വേദനാസ്വീകരണികളെ ഉൾക്കൊള്ളാൻ തയാറായ ഇടമാണ്; ഈ ഭാഗത്തിനു ക്ഷതം ഏറ്റാൽ വേദന അനുഭവപ്പെടുകയേ ഇല്ല. ഇൻസുലാർ കോർറ്റെക്സിനെ ഉത്തേജിപ്പിച്ചാൽ വേദന ഉളവാക്കാൻ സാധിയ്ക്കുകയും ചെയ്യും. എന്നാൽ ഈ ഇൻസുല മറ്റ് പല സംവേദനപ്രക്രിയകളേയും  പ്രതിപ്രവർത്തനങ്ങളേയും ബാധിയ്ക്കുന്നതിനാൽ വേദനയുടെ നിയന്ത്രണകേന്ദ്രം മാത്രം ആണെന്ന് തീരുമാനിക്കാൻ സാദ്ധ്യമല്ല താനും. മേൽ‌പ്പറഞ്ഞ എട്ട് ഇടങ്ങളും പല  വ്യവഹാരങ്ങളോ ധർമ്മങ്ങളോ പ്രദാനം ചെയ്യുകയാണ് വേദന എന്ന തോന്നൽ ഉളവാക്കുന്നതിൽ എന്നാണ് ഇന്നത്തെ ശാസ്ത്രാഭിമതം.. വേദനയുടെ സ്ഥാനം നിർണ്ണയിക്കുകയും അതിന്റെ തീവ്രത അളന്നെടുക്കുകയും ചെയ്യുകയായിരിക്കും ഒരു ഇടത്തിന്റെ ധർമ്മം. ഉദാഹരണത്തിനു  നിങ്ങളുടെ കൈവിരലാണു മുറിഞ്ഞത് എങ്കിൽ കാൽ വിരലല്ല എന്ന് അറിവ് ഏറ്റെടുക്കുകയും അത് എത്ര വലിയ മുറിവാണ് എന്നത് മനസ്സിലാക്കുകയും ചെയ്യുക എന്ന ചുമതല.  മറ്റ് ചില ഭാഗങ്ങൾ  വേദനയുടെ  വികാരപരവും ബോധജ്ഞാനപരവും ആയ തലങ്ങൾ കണക്കുകൂട്ടിയെടുക്കുകയായിരിക്കും. ഉദാഹരണത്തിനു നെറ്റിയ്ക്കു പുറകിൽ ഏകദേശം പുരികത്തിനു അകഭാഗത്ത് കുടികൊള്ളുന്ന ഫ്രൊണ്ടൽ കോർടെക്സ്   എത്രമാത്രം സഹിക്കേണ്ടി വരും വേദന , ഈ മുറിവ് ജീവിതത്തെ എങ്ങനെ സ്വാധീനിച്ചേക്കും , വരും വരാഴികകൾ എന്തൊക്കെ എന്നൊക്കെ ചിന്തിച്ചെടുക്കാൻ പര്യാപ്തമാവുകയാണ്. മുറിവിന്റേയോ ആഘാതത്തിന്റേയോ മൂല്യാങ്കനം ചെയ്ത് ആകെയുള്ള വ്യവഹാരശീലങ്ങളിൽ എങ്ങനെ അനുയോജ്യമായി നിജപ്പെടുത്താം എന്നതൊക്കെ  വേദനയെ അതിജീവനവുമായി ബന്ധപ്പെടുത്തുന്നതാണ്.

വേദനാവഴികൾ മുടക്കാൻ-മുകളിൽ നിന്നും താഴേയ്ക്ക്

        തലച്ചോറിൽ എത്തപ്പെട്ട സന്ദേശങ്ങളെ നിതാന്തമായി വേദനയായി മാറ്റി രസിക്കുക മാത്രമല്ല മസ്തിഷ്ക്കവും സുഷുംനയും ചെയ്യുന്നത്. ഇങ്ങനെ വേദനിപ്പിക്കുന്നത് ശരിയല്ലല്ലോ എന്ന് ഉടൻ തോന്നുന്ന സഹാനുഭൂതിയുടെ നിറകുടവുമാണ് ഈ ഇടങ്ങൾ.  തലച്ചോറ്കേന്ദ്രങ്ങളിൽ നിന്ന് പുറപ്പെട്ട്  താഴെ സുഷുംനയിൽക്കൂടെ  വേദനയുടെ ഉറവിലേക്കാണ് ഈ സംവേദനം യാത്രയാകുന്നത്. വഴിയിൽ വേദനയുടെ തീവ്രത കുറയ്ക്കനുള്ള സൂത്രപ്പണികൾ ചെയ്തുകൊണ്ടാണ് ഈ പോക്ക്. മനോസംബന്ധികളായ വ്യവസ്ഥകളെ ബാധിയ്ക്കുകയാണ് ഒരു ഉദ്ദേശം. അതുവഴി വേദനയ്ക്ക് തെല്ല് ശമനം വരുത്തുക എന്ന് തന്നെ തീരുമാനം. നിയന്ത്രണങ്ങൾക്ക് അധികാരിയും എക്സിക്യുടീവ് ഓഫീസും  ആയ പ്രി ഫ്രൊണ്ടൽ കോർടെക്സിൽ നിന്നു വരുന്നതും, തോന്നലുകൾ വികാരങ്ങൾ ഇവയുടെ ബോസ് ആയ തലാമസിൽ നിന്നു വരുന്നതുമായ രണ്ടു വഴികൾ ഒന്നിച്ചാണ് ഈ മലയിറക്കം. (ചിത്രം 3 നോക്കുക). ഈ  വഴിയിൽ വച്ച് മുകളിലേക്ക് പോകുന്ന വേദനാ‍ സന്ദേശങ്ങളെ മയപ്പെടുത്തുകയാണ് ഉദ്ദേശം. കറപ്പ് (opium) എന്ന് ലഹരിപദാർത്ഥത്തിനു സമാനമായ ‘ കറപ്പാത്മകം’ (opioid) എന്ന വസ്തുവാണ് ഈ പണി ഏറ്റെടുക്കുന്നത്. നാഡികൾ സ്വതവേ നിർമ്മിച്ചെടുക്കുന്നതാണ് ഈ ‘കറപ്പാത്മകം” (opioid).  കഞ്ചാവിനു സമാനമായ  ‘കഞ്ചാവീയം’  (Endocannabinoid)  ഉം ഇത്തരം ആവശ്യങ്ങൾക്കു വേണ്ടി നമ്മൾ തന്നെ കരുതി വയ്ക്കുന്നുണ്ട്. മുകളിലേക്ക് വേദനാസന്ദേശവുമായി പോകുന്ന ന്യൂറോട്രാൻസ്മിറ്ററുകളെ സന്ദേശം തുടരുന്നതിൽ നിന്നും തടയിടുകയാണ് എതിർദിശയിൽ സഞ്ചരിക്കുന്ന കറപ്പാത്മക വസ്തു. തലച്ചോറിൽ നിന്നും താഴേയ്ക്ക് വരുന്ന സന്ദേശവാഹിനി പി എ ജി (PAG- Periaquaductal gray) എന്നൊരു ചെറിയ ഇടത്തിൽക്കൂടിയാണ് യാത്ര തുടരുന്നത്. പി എ ജി തോന്നലുകളെയും വികാരങ്ങളേയും ബാ‍ധിയ്ക്കാൻ തയാറായി നിൽക്കുകയാണു താനും. വേദനയുടെ തീക്ഷ്ണത മറ്റുവിധത്തിൽ-മറ്റു ചിന്തകളാലോ  ഏകാഗ്രത മാറ്റിയെടുക്കുക വഴിയോ  മറ്റു കാര്യങ്ങളിൽ കേന്ദ്രീകരിക്കുക വഴിയോ- കുറയ്ക്കാൻ പറ്റുന്നത് പി എ ജിയുടെ സ്വാധീനവും കൂടിക്കൊണ്ടാണ്. പെട്ടെന്ന് രക്ഷപെടാനായി മൽ‌പ്പിടിത്തം വേണ്ടി വരുമ്പോൾ നമ്മൾ വേദന അറിയാതെ പോകുന്നത് ഈ വേദനാനിർവ്വീര്യീകരണം ഉണർന്നു പ്രവർത്തിക്കുന്നതുകൊണ്ടാണ്, മുകളിലെക്ക് പോകുന്ന വേദനാസംവേദനങ്ങളെ താഴോട്ട് വരുന്ന സന്ദേശങ്ങൾ തടുത്തു നിർത്തുന്നതുകൊണ്ടാണ്. കീരിക്കാടൻ ജോസുമായി അടിപിടികൂടുന്ന സേതുമാധവൻ രക്തം ചിന്തുന്നത് അറിയാതെ പോകുന്നത്  opioid ന്റെ കളിയാണ്. അതിജീവനത്തിനു പ്രകൃതി വച്ചുനീട്ടിയ ആനുകൂല്യം.  യുദ്ധസമയത്ത് പട്ടാളക്കാർ മുറിവേറ്റാലും വേദനയ്ക്ക് വശംവദരാകാത്തത് ഇത്തരം തൽക്കാലനിർവ്വീര്യീകരണം കൊണ്ടാണ്.

  ഗ്രഹപ്പിഴ വരുമ്പോൾ
          കൂട്ടത്തോടെ മറ്റു കോശങ്ങൾ -വേദനാന്യൂറോണുകളല്ലാത്തവ- ഒരു ആഘോഷമെന്നവണ്ണം വേദനയ്ക്ക് ആക്കം കൂട്ടാറുണ്ട്. പ്രതിരോധകോശങ്ങൾ (ഇമ്മ്യൂണിറ്റി നൽകുന്നവ), ന്യൂറോണുകളുമായി ഇടപഴകുന്ന “ഗ്ലയൽ” കോശങ്ങൾ, ത്വക്കിലെ കട്ടിയുള്ള കോശങ്ങൾ, ക്യാൻസർ കോശങ്ങൾ, വിത്തുകോശങ്ങൾ ഒക്കെ ഈ ഉന്മാദക്കളിയിൽ പങ്കുചേരുന്നവരാണ്. ചിലപ്പോൾ ബാക്റ്റീരിയകളും.  ചിലവ വേദന കുറയ്ക്കാനുള്ള ഉദ്യമത്തിൽ ഭാഗം ചേരുക എന്ന ഔദാര്യവും പേറുന്നവരാണ്. പക്ഷേ മിക്കപ്പോഴും വേദന പകരുന്ന നോസിസപ്റ്ററുകളെ ഭ്രാന്തുപിടിയ്പ്പിയ്ക്കാനാണ് ഇവ ശ്രമിക്കാറ്. ക്ഷതം പറ്റിയ ഭാഗത്ത് അറ്റകുറ്റപ്പണി നടക്കുന്നതാണ് നീർ വീക്കം (Inflammation); ഈ ഭാഗത്ത് സ്രവിക്കപ്പെടുന്ന അവശ്യം രാസവസ്തുക്കൾ വേദനാകാരികളാണ്.  നിത്യനീർവീക്കം  (chronic inflammation)  നിതാന്തമായ വേദനയിലേക്ക് പിടിച്ചു താഴ്ത്തും. കൂടുതൽ നോസിസെപ്റ്ററുകളെ കൂട്ടു ചേർക്കും, വേദന ചുറ്റുപാടുമുള്ള  കോശകല (tissue)കളിലേക്ക് വ്യാപിക്കും. ത്വക്കിലെ ആവരണകോശങ്ങളായ  keratinocytes  തട്ടിപ്പുകാരാണ്. ഇളം വെയിൽ കൊള്ളുമ്പോൾ സുഖകമായ തോന്നലിനുവേണ്ടി അതിന്റെ കാരകമായ  ‘കറപ്പാത്മക’മായ എൻഡോർഫിൻ സ്രവിക്കുകയാണ്, സ്വൽ‌പ്പം വേദനകളുണ്ടെങ്കിൽ അത് ഇല്ലാതാകുകയും ചെയ്യും.. നമ്മൾ ഇത് ആസ്വദിച്ച് കൂടുതൽ വെയിൽ കൊണ്ടാൽ   
ഇവർ  പെട്ടെന്ന് ക്രൂരരൂപികൾ ആവുകയാണ്, പ്രതികൂ‍ലനടപടികൾ എടുക്കുകയാണ്. ‘എൻഡോതെലിൻ’ എന്ന രാസവസ്തു പുറപ്പെടുവിച്ച് നോസിസെപ്റ്ററുകളെ ആവേശം കൊള്ളിച്ച് വേദനയ്ക്ക് തുടക്കമിടുകയായി. നാഡികൾക്ക് ചെറിയ ക്ഷതം ഏറ്റാൽ മതി, പ്രധാനികളായ ന്യൂറോണുകളെക്കാൾ ക്രോധാവേശം അനുബന്ധിച്ച മറ്റു കോശങ്ങൾക്കാണ്. പ്രത്യേകിച്ചും ‘ആസ്റ്റ്രോസൈറ്റ്സ് ‘ (astrocytes) എന്ന കോശങ്ങൾക്ക്. ന്യൂറോണുകളെക്കൊണ്ട് കൂടുതൽ വേദനാസംവേദനങ്ങൾ അയപ്പിക്കലാണ് ഇവയുടെ വിനോദം.

  ബാക്റ്റീരിയകളും വൈറസുകളും പടർന്നു കയറിയാൽ വേദന തന്നിട്ടേ പോകൂ എന്നാണ്. ചിക്കൻ ഗിനിയാ വൈറസ് കൊടുംവേദനയാണ് സന്ധികൾക്ക് നൽകാറ്. ഡെങ്കിപ്പനിയ്ക്കാണെങ്കിൽ എല്ലു നുറുങ്ങുന്ന വേദനയാണ്. നോസിസെപ്റ്ററുകളിലെ പ്രത്യേക സ്വീകരിണികളായ TLR (Toll Like Receptors) വീര്യവത്താക്കുകയാണ് ഇത്തരം വൈറസുകളുടെ പണി. ബാക്റ്റീരിയകൾ പലതും നോസിസെപ്റ്ററുകളെ ആക്രമിക്കുന്ന വസ്തുക്കൾ സ്രവിക്കുന്നവയാണ്. സ്റ്റഫൈലോക്കോക്കസ്  എന്ന ബാക്റ്റീരിയ ആണെങ്കിൽ നോസിസ്പെറ്ററുകളിൽ ചെറിയ ദ്വാരങ്ങൾ ഉണ്ടാക്കുന്ന വസ്തുക്കളാണ് പുറപ്പെടുവിക്കുന്നത്-അവയുടെ “ഫയറിങ്” നിയന്ത്രണാതീതമാകുകയാണ്. മറ്റു ബാക്റ്റീരിയകളും നോസിസ്പെറ്ററുകളിന്മേൽ ഉള്ള സ്വീകരിണികളെയാണ് പിടികൂടി വേദന ത്വരിതപ്പെടുത്തുന്നത്. എന്നാൽ എല്ലാ ബാക്റ്റീരിയകളും ഇങ്ങനെ കുത്സിതരല്ല. ചില മൈക്കോബാക്റ്റീരിയ കുടുംബക്കാർ നോസിസെപ്റ്ററുകളെ താലോലിച്ച് മയപ്പെടുത്തി വേദന കുറയ്ക്കാൻ താൽ‌പ്പര്യമുള്ളവരാണ്. പക്ഷേ വിപുലമായ ത്വക്ക് ക്ഷതവും ആഴത്തിലുള്ള കരിവാളിപ്പും ഇവർ ഉണ്ടാക്കുന്നുണ്ടെന്നത് മറക്കേണ്ട.

 ക്യാൻസർ വേദന

      അനുഭവിച്ചവർക്കറിയാം ക്യാൻസർ വേദനയുടെ രൂക്ഷത. ഏറ്റവും സങ്കീർണ്ണമായ  വേദനാവ്യവസ്ഥിതിയാണ് ഇവിടെ ഉടലെടുക്കുന്നത്. നാഡീക്ഷതിപരമായ (neuropathic), നീർവീക്കം ഉൾപ്പെടുന്ന (inflammatory), ബാധിച്ച ഭാഗം ഞെരുക്കിയമർത്തപ്പെടുന്ന (compressive),  രക്തന്യൂനീകരണമായ (ischemic) പ്രക്രിയാസർവ്വസ്വങ്ങളാണ് ഇതിനു പിന്നിൽ. പലപ്പോഴും അർബുദകോശങ്ങൾ നേരിട്ട് നാഡിയ്ക്കുള്ളിൽ കടന്നാണ് ക്രൂരവേദന സൃഷ്ടിയ്ക്കുന്നത്. അല്ലെങ്കിൽ വേദനാകാരികളായ ബ്രാഡികൈനിൻ, എൻഡോതെലിൻ, പ്രോസ്റ്റഗ്ലാ‍ൻഡിൻ ഇവയൊക്കെ പുറപ്പെടുവിച്ച് നൊസിസ്പ്റ്ററുകളെ ഉന്മത്തരാക്കാനുള്ള നിഷ്ഠൂരത. ചിലപ്പോൾ നേരത്തെ പരാമർശിച്ച  NGF (ന്യൂറോണുകളെ താലോലിച്ച് പ്രായപൂർത്തിയിൽ എത്തിയ്ക്കുകയാണ് ഈ പ്രോടീനിന്റെ പണി) സ്രവിച്ച്  വേദന സംചാലിതമാക്കാൻ പ്രത്യേക താൽ‌പ്പര്യമുള്ള ഞരമ്പുകളെ അർബുദകോശങ്ങളുടെ സമീപത്തേക്ക് വളർത്തിയെടുത്ത്  കൊടും വേദന മനഃപൂർവ്വം സൃഷ്ടിച്ചെടുക്കാൻ മാത്രം താൻ പോരിമ പ്രകടിപ്പിക്കും.സാധാരണ രക്തക്കുഴലുകളെ വളർത്തിയെടുക്കാൻ സഹായിക്കുന്ന VEGF എന്ന പ്രോടീൻ  ട്യൂമർ കോശങ്ങൾ കുബുദ്ധിയോടെ  സ്രവിപ്പിച്ച്  നോസിസ്പ്റ്ററുകളിൽ ഉറങ്ങിക്കിടക്കുന്ന സ്വീകരിണികളെ ഉണർത്തി വേദന ശതഗുണീഭവിപ്പിക്കാൻ നടപടിയെടുക്കുന്നു. ന്യൂറോണുകളോടൊപ്പം കാണപ്പെടുന്ന
 “ മൈക്രോഗ്ലിയ” കോശങ്ങൾ  അസ്ഥിക്യാൻസറിലെ വേദന ക്രമപ്പെടുത്തുന്നതിൽ പങ്കെടുക്കുന്നുണ്ട്. എന്നാൽ മെലനോമ (ത്വക്ക് ക്യാൻസർ) മിക്കവാറും രോഗികളിൽ വേദനാപൂർണ്ണമല്ല, എൻഡോർഫിൻ പോലത്തെ  സ്വാഭാവിക വേദനാസംഹാരികൾ ഈ കോശങ്ങൾ പ്രകാശിപ്പിക്കുന്നുണ്ടാകണം.
 
വേദനക്കാരുടെ കുടുംബമാണോ നിങ്ങളുടേത്? കാരണവന്മാർ ഇട്ടിട്ട് പോയ ജീനുകളാണോ?
      അപഭ്രംശം പറ്റിയ ജീനുകൾ കുടുംബത്ത് വന്നു കയറിയെങ്കിൽ സുകൃതക്ഷയം എന്ന് പറഞ്ഞ് അവഗണിയ്ക്കാനാവില്ല, വേദന പിടിമുറുക്കിയ തലമുറകൾക്ക്  ചികിത്സയിൽ അഭയം തേടുക തന്നെ പോം വഴി. മനുഷ്യർ ഒരേ കാരണത്താൽ പല  വേദനാപ്രതികരണമാണ് പ്രദർശിപ്പിക്കാറ്‌ എന്നത് പരക്കെ  അംഗീകരിക്കപ്പെട്ട വസ്തുതയാണ്. ഒരേ തരം ക്ഷതങ്ങൾ, മുറിവുകൾ, രോഗാവസ്ഥ ഒക്കെ പല തീക്ഷ്ണതയിലുള്ള വേദനയാണ്  ഉളവാക്കാറ്‌. പരിതസ്ഥിതിയും അകമേയുള്ള ഘടകങ്ങളും  തമ്മിലുള്ള പാരസ്പര്യത്തിലാണ്  ഈ വൈജാത്യത്തിന്റെ വേരുകൾ. സാമൂഹ്യ-സാമ്പത്തികാവസ്ഥയും തീവ്രാഘാതം, പൂർവ്വകാലത്ത് മനഃക്ലേശം അനുഭവിക്കേണ്ടി വന്നിട്ടുണ്ടോ എന്നതും വേദന വെളിവാക്കുന്നതിനെ മാറ്റിക്രമീകരിക്കാറുണ്ട്.  വംശീയവും ഗോത്രപരമായ പശ്ചാത്തലങ്ങളും വേദനയുടെ തോതിനെ ബാധിക്കാറുണ്ട്. കോക്കേഷ്യനുകളും ആഫ്രിക്കൻ അമേരിക്കൻ വർഗ്ഗവും തമ്മിൽ വേദനയുടെ അനുഭവിക്കലിലോ തോന്നലിലോ ഭിന്നരാണ്. ഒരേ ക്ലിനിക്കൽ ചുറ്റുപാടിൽ സ്പാനിഷ് വംശജർ മറ്റാരേക്കാളും വേദന അനുഭവിക്കുന്നതായിട്ടാണ് നിരീക്ഷണം. സ്ത്രീകൾ വേദനാനുഭവം കൂടുതലുള്ളവരാണ് പൊതുവേ. ഈ
വ്യത്യാസങ്ങളെല്ലാം നിലനിൽക്കെ  ജനിതകമായ വിചലനങ്ങൾ വ്യക്തികൾ തമ്മിൽ നിലനിൽക്കുന്നു എന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.  30-76% വരെ വ്യത്യാസങ്ങൾ വേദനയുടെ പ്രതികരണത്തിൽ ഒരേ വർഗ്ഗത്തിൽ‌പ്പെട്ട എലികളിൽ നിരീക്ഷിക്കപ്പെട്ടുട്ടുണ്ട്. ഇത്തരം ജനിതകവ്യത്യാസങ്ങളെപ്പറ്റിയുള്ള കൂടുതൽ അറിവുകൾ വെറും ബുദ്ധിവ്യായാമം മാത്രം അല്ല; ക്ലിനിക്കിൽ ഈ വിവരങ്ങൾ അത്യന്തം ഉപകാരപ്രദം ആണ്.  വ്യക്തിപരമായി ചികിത്സാവിധികൾ മാറ്റിയെടുക്കാം, മരുന്നിന്റെ ഡോസ് പുനർ നിർണ്ണയിക്കാം, മാത്രമല്ല പുതിയ ചികിത്സാതന്ത്രങ്ങൾ  വികസിപ്പിച്ചെടുക്കുകയും ചെയ്യാം.
   വേദനയുടെ പാരമ്പര്യവഴികൾ തെളിയിച്ചെടുക്കാൻ പല റൂട്ടുകളിലാണ് ശാസ്ത്രജ്ഞർ വണ്ടിയോടിക്കുന്നത്.  അതിൽ ഒന്ന് ചില കുടുംബങ്ങളിൽ സ്ഥിരം കാണാറുള്ള അപൂർവ്വ വേദനാരോഗങ്ങളെ നിരീക്ഷിച്ച് ഏതെങ്കിലും ഒരു ജീനിനു അപഭ്രംശം സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിയ്ക്കുകയാണ്. മറ്റൊരു സമീപനം വിപുലതയാർന്നതാണ്: വളരെയധികം വേദനാരോഗികളുടെ ഡി എൻ എ പരിശോധിച്ചിട്ട് ഏതെങ്കിലും പ്രത്യേക രോഗവും ഡി എൻ യിലെ വ്യത്യാസവും തമ്മിൽ ബന്ധിപ്പിക്കാനാവുമോ എന്നുള്ള അന്വേഷണമാണ്. പ്രതീക്ഷ ഒരു ചെറിയ നിര “വേദനാജീൻ” കണ്ടുപിടിയ്ക്കാനാവുമോ എന്നാണ്. പക്ഷേ ഇന്നു വരെയുള്ള നിരീക്ഷണങ്ങൾ വെളിവാക്കുന്നത് പലേ ജീനുകൾ, അതും പരിതസ്ഥിതിയുമായുള്ള പാരസ്പര്യവ്യവഹാരത്തിലൂടെ പ്രത്യക്ഷമാക്കുന്നതാണ് മിക്ക വേദനകളും എന്നാണ്. പല തരത്തിലുള്ള വേദനകൾക്കും പിറകിൽ ഒരേ സംഘം  ജീനുകളാണ് എന്ന  പര്യവേക്ഷണം സങ്കീർണ്ണമാക്കുന്നുണ്ട് ഇത്തരം പഠനങ്ങളെ.

        ഇരട്ടകളിലും കുടുംബാംഗങ്ങളിലും നടത്തിയിട്ടുള്ള പരീക്ഷണങ്ങൾ-സ്വാഭാവികമായ വേദനയും കൃത്രിമമായി ഉളവാക്കിയവേദനകളും അടിസ്ഥാനമാക്കിയുള്ളവ –പാരമ്പര്യഘടകങ്ങളുടെ സ്വാധീനങ്ങൾ വ്യക്തമാക്കിത്തന്നിട്ടുണ്ട്. 30-60% വരെ നിത്യവേദനാസിൻഡ്രോം  (chronic pain syndrome) പാരമ്പര്യകാരണങ്ങളാൽ പകർന്നു കിട്ടുന്നതാണ്. എലികളിൽ മോർഫീനിന്റെ പ്രവർത്തനവിനിയോഗത്തിൽ രണ്ട് ജീനുകൾ (ഒപിയോയിഡിന്റെ സ്വീകരിണി ജീനും സിറടോണിനെ പറ്റിപ്പിടിപ്പിച്ച് സംഗ്രഹിക്കുന്ന ജീനും)  കൃത്യമായി ഡി എൻ  എ  തന്തുക്കളിലെ ഏതിടങ്ങളിലാണെന്ന് നിജപ്പെടുത്തിയിട്ടുണ്ട്. ഇത് പാരമ്പര്യമായി കൈമാറപ്പെടുന്നുമുണ്ട്. വേദനയ്ക്ക് പിന്നിൽ പ്രവർത്തിക്കുന്നത് നിരവധി ജീനുകളാണ് എന്നത് പ്രത്യക്ഷം.  ഇന്ദ്രിയസംബന്ധിയായതോ (sensory) സ്വതന്ത്രതീരുമാനങ്ങളെടുക്കുന്നതോ (autonomic)  ആയ നാഡീവ്യവസ്ഥകൾക്ക് വന്നു ഭവിക്കുന്ന ക്ഷതികൾ  (sensory and autonomic neuropathies-HSAN I-V) ക്കു പിന്നിൽ  വേദനാവബോധവും പ്രതികരണവും  താഴ്ന്നനിലയിലാകുന്നത് ഒരു ജീനിനു സംഭവിക്കുന്ന മ്യൂടേഷൻ ആണ് എന്ന് തെളിഞ്ഞിട്ടുണ്ട്. HSAN ബാധിച്ചവർക്ക് വേദന തീരെ അനുഭവപ്പെടാത്തതിനാൽ മുറിവുചതവുകൾ ഏറെയാണ് സംഭവിക്കുന്നത്-പുണ്ണ്, പഴുപ്പ്, വൈകല്യമിയന്ന സന്ധികൾ ഇവയൊക്കെ സംഭവിച്ച് ദുരിതപൂർണ്ണമാവുകയാണ്, എന്നിട്ടും യാതൊരു പരാതിയുമില്ലാതെ.  ചെറിയ ചൂടോ സമ്മർദ്ദമോ കൊണ്ട് കൈകൾക്ക് വേദനയോടെയുള്ള നീർവീക്കം വരുന്ന ‘എറിതെർമാൽജിയ’, ചില മൈഗ്രെയ്ൻ (രൂക്ഷ തലവേദന), പെട്ടെന്ന് നിശ്ചിതകാരണമില്ലാതെ വരുന്ന കൊടും വേദന ( paroxysmal extreme pain)  ഒക്കെ  പാരമ്പര്യഘടകങ്ങളാൽ കുടുംബാംങ്ങളിൽ കൈമാറപ്പെടുന്നവയാണ്. (ടേബിൾ 1 നോക്കുക)

     ഡി എൻ എയിലെ ഒരു ഘടകം മാത്രം മാറിപ്പോകുന്ന  സ്ഥിതിവിശേഷം കൊണ്ട് തന്നെ വേദനയ്ക്ക് വശംവദരായിത്തീരാൻ സാദ്ധ്യതയുണ്ട്. പ്രധാന ന്യൂറോട്രാൻസ്മിറ്ററുകളെ (ന്യൂറോണുകളെ തമ്മിൽ ബന്ധിപ്പിച്ച് അർത്ഥവത്തായ സന്ദേശം ഉളവാക്കുന്ന രാസവസ്തുക്കൾ) ബലഹീനമാക്കുന്ന COMT  എന്ന ജീനിനു ചെറിയ മാറ്റം സംഭവിച്ചാൽ വേദനാകാരിയായി മാറാം. ഈ ജീൻ നിർമ്മിച്ചെടുക്കുന്ന പ്രോടീനിൽ വൈകല്യങ്ങൾ വരുമ്പോൾ വേദന അനുഭവിക്കുന്നതിന്റെ തീക്ഷ്ണതയിൽ വ്യത്യാസങ്ങൾ വന്നു ചേരുകയാണ്. ഈ പ്രോടീനിന്റെ ഉന്മേഷാധിക്യത്താൽ  പേശി-അസ്ഥി ശരികേടുകൾ (musculoskeltal syndrome) കൊണ്ടുള്ള, പ്രത്യേകിച്ചും താടിയെല്ല് ഭാഗത്തെ വേദനയും മറ്റ് പ്രശ്നങ്ങളും കുറയുന്നതായി കാണപ്പെടുന്നുണ്ട്. ‘ കറപ്പാത്മക’(opioid) രാസവസ്തുവിന്റെ സ്വീകരിണിയുടെ ഡി എൻ എ  (OPRM1 ജീൻ) യിൽ മാറ്റമുണ്ടായാൽ  വേദന കുറയ്ക്കാൻ വേണ്ടി ആ ജനുസ്സിൽ  പെട്ട മരുന്നുകൾ കഴിച്ചാൽ ഫലം കാണാൻ വിഷമമുണ്ട്. മുകളിൽ‌പ്പറഞ്ഞ രണ്ടു ജീനുകൾ (COMT, OPRM1) ക്കും ജനിതക മ്യൂടേഷനുകൾ സംഭവിച്ചാൽ അവയുടെ പരസ്പരസമ്പർക്കവ്യവഹാരത്താൽ മോർഫീൻ പോലത്തെ മരുന്നുകൾ പ്രവർത്തിക്കാതെ പോകും. വേദനയുടെ പാരമ്പര്യ ഇടപെടലുകൾ വൈചിത്ര്യമാർന്നവയാണ്.

    തലച്ചോറിൽ വേദന സ്വരൂപിച്ചെടുക്കുന്നതിനുള്ള നിർവ്വഹണകർത്തവ്യം ന്യൂറോണുകളെ തമ്മിൽ സംവദിപ്പിക്കുന്ന സിറടോണിൻ, ഡോപമിൻ, നോർഎപിനെഫ്രിൻ, എപിനെഫ്രിൻ എന്നിങ്ങനെയുള്ള  ന്യൂറോസമ്പ്രേഷകരിൽ നിക്ഷേപിച്ചിരിക്കുന്നു. ഇവയെല്ലാം നിർമ്മിച്ചെടുക്കുന്നതിൽ പ്രധാനപങ്കു വഹിക്കുന്ന എൻസൈം ആയ ‘GCH1’ യുടെ ജീനിനു മാറ്റം സംഭവിച്ചാൽ വേദന തോന്നുന്നതിൽ കുറവു വരാറുണ്ട്. ഈ പ്രത്യേകത ഉള്ള രോഗികളിൽ നട്ടെല്ലിലെ ‘ഡിസ്ക്’ ശസ്ത്രക്രിയയ്ക്കു ശേഷം തീവ്രവേദന വരാറില്ല.  സിറടോണിന്റേയും എപിനെഫ്രിന്റേയും സ്വീകരിണികളുടെ ജീനുകളും സ്വൽ‌പ്പം മാറ്റങ്ങൾക്ക് വശംവദരായാൽ നിത്യവേദനയാണ് പരിണിതഫലം  എന്നാണ് പരീക്ഷണങ്ങൾ തെളിയിക്കുന്നത്.    

Nav1.7 – കൊടും വേദനയുടെ സോഡിയം ചാനൽ

       നേരത്തെ പരാമർശിച്ച സോഡിയം ചാനൽ (Nav 1.7) നിയന്ത്രിക്കുന്ന ജീൻ നമ്മളെ വേദനാവിധേയമാക്കുന്നതിൽ പ്രമുഖപങ്ക് വഹിക്കുന്നുണ്ട്.  ന്യൂറോണുകൾ സന്ദേശം അയയ്ക്കുന്നത് വാസ്തവത്തിൽ അൽ‌പ്പം വിദ്യുച്ഛക്തി ഉളവാക്കിയിട്ടാണ്. ഈ തരംഗങ്ങളാണ് സംവേദകചാലകം. ഈ വൈദ്യുത് തിരമാലകൾ ഉയർന്നു താഴുന്നത് സോഡിയം, പൊട്ടാസ്യം എന്നിവകൾ ന്യൂറോണിനു അകത്ത് കയറുകയും ഇറങ്ങുകയും ചെയ്ത് ചാർജ്ജ് (പോസിറ്റീവ്, നെഗറ്റീവ്) വ്യത്യാസം സ്ഥാപിച്ചെടുത്താണ്. മേൽച്ചൊന്ന ‘നൊസിസെപ്റ്റർ’ ഇൽ നിന്ന് തുടങ്ങുന്ന വിദ്യുത് സന്ദേശങ്ങൾ തരംഗീകരിക്കുന്നതിൽ സോഡിയം ചാനലിനു വലിയ പങ്കണുള്ളത്.  Nav 1.7  എന്ന സോഡിയം ചാനൽ പ്രോട്ടീനിന്റെ ജീൻ SCN9A  പല തരത്തിലുള്ള വേദനകളുടേയും നിയന്ത്രിതാവാണ്.  തീക്ഷ്ണമായ നിത്യവേദന, അസ്ഥികൾ സംബന്ധിച്ച വാതവേദന,  കാലുകളിലേക്ക് പടരുന്ന ഗുരുതരമായ നടുവേദന, പാൻക്രിയാസിന്റെ അസുഖവേദന, നട്ടെല്ലിന്റെ ഡിസ്ക് ഇളകിയാലുള്ള വേദന ഒക്കെ ഈ വമ്പൻ ജീനിന്റെ തിരിമറിവു കൊണ്ടാണ് സംഭവിക്കുന്നത്. ഈ ജീനിന്റെ ഡി എൻ എ യിൽ ചെറിയൊരു ഘടകവിന്യാസച്യുതി മതി  ഇത്തരം കൊടും വേദനയിലേക്ക് ആഴ്ന്നു പോകാൻ. എന്നാൽ ഇതേ ജീൻ പ്രവർത്തനരഹിതമാകുന്ന അവസ്ഥയും വന്നു ചേരാറുണ്ട്. വേദന തീരെ അറിയുകയില്ല! പാരമ്പര്യമായിട്ട് ജന്മനാ സിദ്ധിക്കുന്നതാണ് ഈ വൈകല്യം. ഈ ജീൻ പതിവിലും അധികം ഉത്തേജിക്കപ്പെടുക  എന്നതും  പാരമ്പര്യജന്യം ആയേക്കാം; കൈകൾക്ക് വേദനയോടെ നീർവീക്കം വരുന്ന എറിതെർമാൽജിയ, കാരണമില്ലാതെ പൊടുന്നനവേ വന്നുകൂടുന്ന  paroxysmal pain  ഇവയ്ക്കൊക്കെ  പിറകിൽ ജനിതകമായ തെറ്റുകുറ്റങ്ങളാണുള്ളത്.

  വേദനയുടെ പശ്ചാത്തലത്തിലെ ജനിതകസ്വാധീനങ്ങളെക്കുറിച്ചുള്ള അറിവുകൾ വർദ്ധമാനമാകുന്നുണ്ടെങ്കിലും നിശ്ചിതകാരണങ്ങൾ ഇനിയും വെളിവാകാനുണ്ട്. എല്ലാ ജീനുകളും അടങ്ങിയ ഏകകമായ ‘ജീനോം’ ഇൽ വേദനയോട് അനുബന്ധിച്ചുള്ളവ ഏതൊക്കെ എന്ന് കണ്ടുപിടിയ്ക്കാനുള്ള ശ്രമങ്ങൾ  തീവ്രതരമായിത്തന്നെ തുടരുന്നുണ്ട്. മൈഗ്രെയ്ൻ എന്ന കൊടിയ തലവേദന ഏതു ക്രോമോസോമിലെ (ഡി എൻ എയും പ്രോടീനുകുളും കൂടി ഘനീഭവിച്ച തുണ്ടുകളാണ് ക്രോമൊസോം) ഏതു ഭാഗവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് അറിവ് കിട്ടിയിട്ടുണ്ട്. അസ്ഥിവാത (osteoarthritis) വേദനയുടെയും ക്രോമൊസോം ഇടങ്ങൾക്ക് നിജപ്പെടുത്തൽ സാധിച്ചു തുടങ്ങിയിട്ടുണ്ട്. പലേ വേദനാസംഹാരികളുടെ നിയോജനപ്രഭാവങ്ങളിലെ സാധർമ്യം ഒരു “മാസ്റ്റർ ജീൻ” അല്ലെങ്കിൽ ഒരുകൂട്ടം നിശ്ചിതജീനുകൾ വേദനയെ ഉളവാക്കാനോ നിയന്ത്രിക്കാനോ  തലപ്പത്ത് ഇരിയ്ക്കുന്നെണ്ടെന്ന അനുമാനത്തിൽ എത്തിയ്ക്കുന്നു ഈ പഠനങ്ങൾ.  വേദനയുടെ ഡി എൻ എ ഇടങ്ങൾ സുനിശ്ചിതമാക്കപ്പെട്ടാൽ ചികിത്സാവിധികൾ വിപ്ലവാത്മകമായിട്ട് മാറിമറിയും. പുതിയ വേദനാസംഹാരികൾ കണ്ടുപിടിയ്ക്കാൻ വഴിതെളിയ്ക്കും. ശസ്ത്രക്രിയയ്ക്കു ശേഷം എന്ത്, ഏതു തരം വേദനകളായിരിക്കും ഒരു നിശ്ചിതരോഗിക്ക് വന്നുഭവിക്കുന്നത് എന്നതിനെക്കുറിച്ച് ധാരണകൾ ഉണ്ടായേക്കും. പട്ടിക 1 ഇൽ ലിസ്റ്റ് ചെയ്യപ്പെട്ട ജീനുകളുടെ വൈകല്യമോ ഉണർവ്വിലുള്ള വൈജാത്യങ്ങളോ വേദന  നിയന്ത്രിക്കുന്നതിലോ ഉചിതമായി കൈകാര്യം ചെയ്യുന്നതിലോ സഹായകമാകുന്ന കാലം അതിവിദൂരമല്ല. ചില ജീനുകളുടെ വൈകല്യം മോർഫിൻ, ലിഡോക്കെയ്ൻ അടക്കം ചില വേദനാസംഹാരികളെക്കൊണ്ട് ഗുണമില്ലാതാക്കുന്നുണ്ട്. മറ്റ് ചില ജീനുകളുടെ മാറ്റങ്ങൾ ഒപിയോയിഡ് (‘കറപ്പാത്മകവസ്തു) പോലത്തെ വേദനാസംഹാരികളുടെ പാർശ്വഫലങ്ങൾ സീമാതീതമാക്കുകയും ചെയ്യും. നിശ്ചിതവ്യക്തിയുടെ ജീനോ ടൈപ് (ജീനുകളുടെ സാങ്കേതികപ്രത്യക്ഷം വെളിവാക്കുന്ന ലിസ്റ്റ്) അറിഞ്ഞിരുന്നാൽ ചികിൽസാവിധികളിൽ കൃത്യത കൈവരുകയും  ഓരോ രോഗിയുടെയും വരുംവരാഴികകളെക്കുറിച്ച് മുൻ കൂർ ധാരണ നിശ്ചിതമാകുകയും ചെയ്യും.

ജീൻ തെറാപി
        മര്യാദവിട്ട സംവേദനാജീനുകളെ മുളയിലെ നുള്ളിക്കളയുക വേദന സംഹരിക്കാനുള്ള ആധുനിക മാർഗ്ഗമായി തെളിഞ്ഞു വരുന്നുണ്ട്. നാഡികൾക്ക് ക്ഷതമേറ്റുളവാകുന്ന വേദന  (Neuropathic injury  കാരണമായുള്ളവ)  വരുമ്പോൾ ഒരു പ്രത്യേകതരം  ആർ എൻ എ  (നിശ്ചിത ജീനിന്റെ ഡി എൻ എ യുടെ തനിപ്പകർപ്പാണിവ, ഓരോ ജീനിനും അതിന്റേതായ പകർപ്പുകളുണ്ട്) യുടെ അളവിൽ ഗണ്യമായ കുറവ് വരുന്നുണ്ട്. ഇത്തരം വേളയിൽ നാഡിയിലെ “ഗാങ് ളിയോൺ” (ganglion-ഞരമ്പുകളിലെ കോശങ്ങൾ തിങ്ങിക്കൂടിയ ‘മുട്ട്‘) ഇലേക്ക് ചില വൈറസുകളോട് യോജിപ്പിച്ച ആർ എൻ എ കുത്തിവച്ചാൽ വേദന റദ്ദാകുന്നതായി  പരീക്ഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. ഇതേ അവസ്ഥയിൽ മറ്റൊരു സോഡിയം ചാനൽ ആയ Nav1.3 യുടെ അളവ് ഗണ്യമായി കൂടുന്നുണ്ട്, ഇതിനെ നേരിടാൻ വൈറസുകളോട് ചേർത്ത നിശ്ചിത ആർ എൻ എ ന്യൂറോണുകളിൽ കടത്തിവിട്ടാൽ ഈ വർദ്ധന കുറയ്ക്കുകയും  വേദനയിൽ നിന്നുള്ള മുക്തി സാധിതമാകുകയും ചെയ്യുന്നു. ഇനിയുള്ള ചികിത്സാരീതികളിൽ ജീനുകളെ നേരിടുന്ന ഇത്തരം തീക്ഷ്ണ ഇടപെടലുകൾ സാർവ്വത്രികമാകാനാണു സാദ്ധ്യത.

മധുരം പാടി വേദന മാറ്റൂ പ്രിയേ……

     വേദന മായികമാണ്. വേദന തോന്നുക എന്നത് പലപ്പോഴും ആപേക്ഷികമാണ്. കൊടിയ പല്ലിനുവേദന വരുമ്പോൾ കാൽവിരലിലെ ചെറിയ ചതവ് അനുഭവപ്പെടുകയേ ഇല്ല. മനസ്സിനിണങ്ങിയ ഗാനാലാപനം കേട്ടാൽ വേദന മറക്കും എന്നത് കാൽ‌പ്പനികതയുടെ വിശ്വാസപ്രമാണമല്ല, ശാസ്ത്രസത്യമാണ്. സന്തോഷവാർത്ത കേട്ടാലും ഇന്നെൻ വേദനകളെല്ലാം മറന്നൂ ഞാൻ എന്ന് പാടിപ്പോയേക്കാം. ബോധജ്ഞാനവ്യവഹാരങ്ങൾ-  ശ്രദ്ധ പതറിപ്പോകലോ ഇതരവിചാരങ്ങളോ പോലെയുള്ളവ- വേദനാവബോധത്തെ സ്വാധീനിക്കുന്നുണ്ട്.  സങ്കടം വന്നാൽ നേരത്തെ ഉള്ള വേദന തീവ്രമാകുകയുള്ളൂ എന്ന് നമുക്കെല്ലാം അറിയാം.  ഒരു ശിവാജി ഗണേശൻ കഥാപാത്രം തന്നെ രണ്ടായി മാറി “ശെയ്യ്” “ശെയ്യക്കൂടാത്” എന്ന് തർക്കിക്കുന്നതു പോലെ ഒരേ മനസ്സിന്റെ രണ്ട് ശക്തികേന്ദ്രങ്ങൾ ബലാബലം നിർണ്ണയിച്ച് വേദന വേണോ വേണ്ടയോ എന്ന് തീരുമാനിക്കുന്ന ഭാവനയിൽ സർഗ്ഗാത്മകമനോധർമ്മമോ സങ്കൽ‌പ്പശക്തിയോ മാത്രമല്ലുള്ളത്, ശാസ്ത്രം കത്തിയ്ക്കുന്ന പൂത്തിരിവെളിച്ചവും ഉണ്ട്.

         മസ്തിഷ്ക്കത്തിൽ ‘വേദനയുടെ കയ്യൊപ്പ്’‘ എന്ന് വ്യവഹരിക്കാൻ പറ്റിയ ഇടമുണ്ടോ? ഇന്ന് അന്വേഷണം ത്വരിതഗതിയിൽ നടക്കുന്ന ചോദ്യമാണ്.   സർവ്വനിയന്ത്രണങ്ങളുമുള്ള ഒരിടം എന്ന് നിജപ്പെടുത്താൻ സാദ്ധ്യമല്ലാത്തത്കൊണ്ട് വേദന കൈകാര്യം ചെയ്യുന്നത് ദുർഘടപ്രവർത്തി ആയി മാറുകയാണ്. എന്നാൽ  ബോധജ്ഞാനത്തിന്റെ സ്വാധീനത്തിലാണ് വേദന സ്വയം അളന്നെടുക്കുന്നത് എന്നത് ശ്രദ്ധിക്കപ്പെടേണ്ടതാണ്. പ്രതീക്ഷ,  വൻ ദുരന്തചിന്ത, മുന്നറിവോടെയുള്ള നിരൂപിക്കൽ, തോന്നലകളുടെ മൂല്യനിർണ്ണയം ഇവയൊക്കെ അനുസരിച്ചാണ് വേദന എത്രമാത്രം അനുഭവിക്കണം എന്ന് നമ്മുടെ മനസ്സ് തീരുമാനിക്കുന്നത്. വേദന വരാൻ പോകുകയാണ് എന്ന അറിവ് കിട്ടുമ്പോൾത്തന്നെ തലച്ചോറിലെ വേദനാകേന്ദ്രങ്ങൾ ഉണരുന്നതായി സ്കാനിങ് വഴി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.  അതിഫലവത്തായ വേദനാസംഹാരിയെന്ന വ്യാജേന വെറും പഞ്ചസാരഗുളിക തന്നാൽ വേദന മാറുന്നത് ഇത്തരം പ്രതീക്ഷകളുടെ ഒരു ലളിതോദാഹരണമാണ്. നേരേ മറിച്ച് രൂക്ഷമായ വേദനാസംഹാരികളുടെ പോലും ഫലപ്രാപ്തിയെ ഇല്ലാതാക്കാൻ  നിഷേധാത്മകമായ മാനസികനിലപാടുകൾക്ക് കഴിവുണ്ട്.   നോസിസെപ്റ്ററുകളും നേരത്തെ പര‍ാമർശിച്ച തലച്ചോറിലെ എട്ട് ഇടങ്ങളും വേദന നിർമ്മിച്ചെടുക്കുമ്പോഴാണ് അവയെ എല്ലാം മറികടന്ന് ഈ തട്ടിപ്പ് നമ്മുടെ മനസ്സ് സ്വയം ഏറ്റെടുക്കുന്നത്. വേദന കുറയ്ക്കാനുള്ള മാർഗ്ഗങ്ങൾ ബോധജ്ഞാനകേന്ദ്രങ്ങൾ സമാന്തരമായി കരുതിവച്ചിട്ടുണ്ട്, അവ പുറത്തെടുക്കേണ്ടത് എപ്പോൾ എങ്ങിനെ എന്ന് മനസ്സ് തീരുമാനിക്കാൻ ഒരു അവസരവും തീർപ്പുകൽ‌പ്പിച്ചിട്ടുണ്ടെന്ന് സാരം. നിത്യവേദന (chronic pain) ഉള്ളവർക്ക് ഈ തിരിച്ചു പിടിയ്ക്കൽ സാദ്ധ്യമാവാതെ വരികയാണ്.  വേദന കുറയ്ക്കുന്ന, മുകളിൽ നിന്നും താഴോട്ട് യാത്ര പിടിയ്ക്കുന്ന സംവേദനത്തെക്കുറിച്ച് നേരത്തെ പരാമർശിച്ചിട്ടുണ്ട്. കറപ്പ്, കഞ്ചാവ് എന്നിവയ്ക്കു സമാനമായ രാസവസ്തുക്കളാണ് ഈ ഇടപെടലിലെ മുഖ്യവേഷക്കാർ എന്നും പറഞ്ഞു കഴിഞ്ഞു. പാട്ടുകേട്ടോ, ആഹ്ലാദമുളവാക്കുന്ന വിശേഷം അറിഞ്ഞിട്ടോ ഇത്തരം  വേദനാസംവേദനത്തടയൽ വന്നുഭവിക്കുന്നത് എന്താണ് തെളിയിക്കുന്നത്? വേദന ന്യൂറോൺ കേന്ദ്രങ്ങളുടെ പ്രവർത്തനം അതേപടി വായിച്ചെടുക്കൽ മാത്രം അല്ല,  വേദന സമ്പൂർണ്ണമായി  ഭൌതികവും മൂർത്തവും  ഒരു പരിധി വരെ ശാരീരികവും അല്ല.

  വേദന എന്നത് മനസ്സ് തരം പോലെ നിർമ്മിച്ചെടുക്കുന്ന  വികാരമാണെന്ന ന്യായവിധി ചികിത്സാനടപടികളിലും വേദന നിവാരണത്തിലും ദൂരവ്യാപകമായ  ഗാഢപ്രതിഫലനങ്ങൾ ഉളവാക്കാൻ പോന്നതാണ്. വേദന കുറയും എന്ന പ്രതീക്ഷ നിലനിർത്താൻ കഴിഞ്ഞെങ്കിൽ മനസ്സ് അതോടൊപ്പം സഞ്ചരിച്ചേക്കും.  മസ്തിഷക്കത്തിലെ തന്നെ രണ്ട് ശക്തികേന്ദ്രങ്ങളുടെ മത്സരത്തെ പ്രോത്സാഹിപ്പിക്കാൻ പറ്റുമോ എന്ന ചിന്ത ഇന്ന് പ്രബലമാണ്. ശ്രദ്ധതിരിക്കൽ, ഏകാഗ്രത എന്നിവയൊക്കെക്കൊണ്ട് വേദനയുടെ കേന്ദ്രങ്ങളെ ബോധജ്ഞാനകേന്ദ്രങ്ങൾക്ക് കീഴടക്കാൻ സാദ്ധ്യമെങ്കിൽ ഇത് ഒരു ചികിത്സാപദ്ധതിയായി വികസിപ്പെച്ചെടുക്കാം എന്നാണ് ശാസ്ത്രജ്ഞന്മാർ ഇന്ന് പ്രതീക്ഷിക്കുന്നത്. 

റെഫറൻസ്:
  1. Schweinhardt P. and Bushnell M. C. (2010). Pain imaging in health and disease-how far have we come? J. Clin. Invest. 120:3788-3797.
  2. Wiech, K. (2016). Deconstructing the sensation of pain-The influence of cognitive processes on pain perception. Science 354:584-587.
  3. Peirs C. and Seal R. P. (2016). Neural circuit for pain: Recent advances and current views. Science 354: 578-584.
  4. Bushnell M. C., Ceko M. and Low L. A. (2013). Cognitive and emotional control of pain and its disruption in chronic pain. Nature Rev Neurosci. 14:502-511.
  5. Young E. E., Lariviere W. R. and Belfer I. (2012). Genetic basis of pain variability: Recent advances. J. Med. Genetics49: 1-17.
  6. Ji R-R, Chamessian A. and Zhang Y-Q. (2016). Pain regulation by non-neuronal cells and inflammation. Science 354:572-577.  
  7. Wilson S. G., Smith S. B., Chesler e. J., Melton K. A., Haas J. J., Mitton B., Strasburg K., Hubert L., Rodriguez-Zas S. L. and Mogil J. S. (2003). The heritability of antinociception:Common pharmacogenetic mediation of five neurochemically distinct analgesics. J Pharmacol Exp Ther. 304: 547-559.
  8. Brown E.  (2016). Genetics: An incomplete mosaic. Nature 535: S12-S13.

  1. Emery e. C., Habib A. M., Cox J. J., Nicholas A. K., Gribble F. M., Woods C. G. and Reiman F. (2015). Novel SCN9A mutations underlying extreme pain phenotypes:Unexpected electrophysiological and clinical phenotype correlations J Neurosci. 35: 7674-7681.
  2. Goldberg Y. P., Pimston S. N., Namdari R., Price N., Cohen C., Sherrington R. P. and Hayden M. R. (2012). Clin Genet. 62: 367-373.





ചിത്രം 1. ത്വക്കിന്റെ  ഛേദം.  ‘Pain’ എന്ന് അടയാളപ്പെടുത്തിയിരിക്കുന്നത് നോസിസെപ്റ്ററുകൾ.










ചിത്രം 2. വേദനാസന്ദേശങ്ങൾ  സുഷുംനാകാണ്ഡത്തിൽ നിന്നും തലച്ചോറിലേക്ക് പോകുന്ന വഴികളും തലച്ചോറിലെ വേദനാകേന്ദ്രങ്ങളും.






ചിത്രം 3. തലച്ചോറിൽ നിന്നും താഴേയ്ക്ക്  വേദന കുറയാക്കാൻ തെളിയ്ക്കുന്ന വഴികൾ.







1 comment:

Muralee Mukundan , ബിലാത്തിപട്ടണം said...

അമ്മമോ ...
വേദനക്കും ഇത്രയധികം യാതനകളുണ്ട് അല്ലെ