Monday, September 4, 2017

കടുക്, കാമം, കാട്ടുമരക്കനിവ്-രാജേഷ്‌ വര്‍മ്മയുടെ കഥാപാത്രത്തിൽ പൊട്ടുന്നത്


          ബുദ്ധകഥകളിൽ ആണ് കടുക്  ജീവനൈര്യന്തര്യത്തിന്റെ പ്രതിരൂപം ആകുന്നത്. ജീവിതത്തിന്റെ വറചട്ടിയിൽ  പൊട്ടിത്തീരുന്ന ജന്മങ്ങൾ.  ചൂടുള്ള എണ്ണയിൽ  വീഴുകയും പൊട്ടിയമരുകയും ചെയ്യുക എന്നത്  ക്ഷണികം തന്നെ. എന്നാൽ മണ്ണിലെറിഞ്ഞാൽ ആയിരക്കണക്കിനു മുളകൾ പൊടിച്ചു പൊന്തുകയും ചെയ്യും. ജീവന്റെ ചാക്രികതയുടെ ലക്ഷണം. പുനരപി ജനനം പുനരപി മരണം, ഇട്യ്ക്ക് ജൈവനിലനിൽ‌പ്പിനു രതി അത്യാവശ്യം. ജീവികളുടെ അടിസ്ഥന ചോദന.   ഓരോ ജനനത്തിനും ഓരോ മരണത്തിനും ഇട്യ്ക്ക്  സംഭവിക്ക്കുന്നത് രതിയ്ക്ക് വേണ്ടിയുള്ള അവസരങ്ങളാണ്. ജനിമൃതികളുടെ ആ ചാക്രികഗതിയിൽ വിധിയ്ക്കപ്പെട്ടവർക്ക്  മാത്രം അനുകൂലസ്വരൂപികളെ ലഭിയ്ക്കുകയാണ് , കാമം പൂണ്ടു വിളയാടേണ്ടത് അത്യാവശ്യവും. ഭഗവദ് ഗീതയിൽ ശ്രീകൃഷ്ണനു ഉത്തരം മുട്ടിയ ചോദ്യമായിരുന്നു എന്തുകൊണ്ട് കാമം എന്നത്. ‘അതൊക്കെ അങ്ങനെയാണ്’ എന്നേ ഗീതാകാരനു പറയാനുണ്ടായിരുന്നുള്ളു. ഉപനിഷത്തുകൾക്ക് വിട്ടു കളയേണ്ടി വന്നത് ചരിത്രദൌർഭാഗ്യം. പിന്നീട് കാമസൂത്രത്തിന്റെ നാട്ടിൽത്തന്നെ  ഖജുരാഹോയുടേയും കൊണാർക്കിന്റേയും നാട്ടിൽത്തന്നെ പാഴ്നിയമങ്ങുളുടേയും ഒളിച്ചുകളികളുടെയും ഇരട്ടത്താപ്പിന്റേയും കറുത്തകൈകളിൽ അമർന്നുപോയതിന്റെ വ്യഥകളാണ്  രാജേഷ് വർമ്മയുടെ “കാമകൂടോപനിഷത്ത്” ഇൽ തെളിയുന്നത്. വിക്റ്റോറിയൻ സദാചാരസംഹിത പിന്നീട് ഏൽ‌പ്പിച്ച ആ ഘാതത്തിന്റെ പശ്ചാത്തലത്തിലും  ആത്മീയവാതാവരണത്തിൽ കാമവും രതിയും വിചിന്തനം ചെയ്യപ്പെടേണ്ടതിന്റെ ആവശ്യകത എങ്ങനെ സമർത്ഥമാക്കാം എന്നതാണ്  ആധുനികമായ കാമകൂടോപനിഷത്. രാജേഷ് വർമ്മയുടെ അഞ്ചു നീണ്ടകഥകൾ ഉൾപ്പെടുന്ന പുസ്തകത്തിലെ നാലാമത്തെ കഥ  ധൈര്യപൂർവ്വമുള്ള ഇടപെടലിനുള്ള ശ്രമമാണ്. മനുഷ്യരാശി രതിസുഖമറിയാതെ തളർന്നു വീഴുമ്പോഴെല്ലാം കാമോപനിഷത്തുകൾ ഉടലെടുക്കുകയുംവാത്സ്യായനന്മാർ പുനരവതരിക്കുകയം ചെയ്യുമെന്ന  സത്യമാണ് കാമകൂടോപനിഷത് അവതരിപ്പിക്കുന്നത്.  കെ സി കൃഷ്ണകുമാർ എന്ന പേരിൽ പുനർജ്ജനിച്ച ദേവലൻ തന്നെ കാമകൂടൻ.  പുതിയ ഉപനിഷത്തുകൾ എഴുതപ്പെടേണ്ട കാലത്തെ നായകൻ.

         കാമത്തിന്റെ നിറകുടം തുളുമ്പുന്നവനാണ് കെ. സി. കൃഷ്ണകുമാർ. വിവാഹം രതിയെ, കാമത്തെ തകർക്കുന്നു എന്ന അറിവ് ലഭിച്ചവൻ. ദേവലനും  സഖി പ്രമദയുമായി പലജന്മങ്ങൾ കഴിഞ്ഞിട്ടും ഒരിയ്ക്കലും രതിബന്ധങ്ങളിൽ ഏർപ്പെടാൻ കഴിയാതെ പോയ നഷ്ടജന്മം. രതിയ്ക്കു കിട്ടുന്ന അവ്സരങ്ങളും സമയങ്ങളും തുച്ചവും വിരളവുമായി നിജപ്പെടുത്തപ്പെട്ട സ്ഥലകാലങ്ങളിൽ നിബന്ധിക്കപ്പെട്ടു പോയവരിൽ ഒരാൾ. ഒരു കാലത്ത് കാമത്തിന്റെ നിർവ്വചനരീതികൾ പൊതുസമൂഹചര്യകൾ ആയിരുന്ന കേരളത്തിലെ, അറവാതിലിനും മൂത്രം ഒഴുകിപ്പോകാനുള്ള കല്ലിനു പൊലും  പോലും മുലയുണ്ടായിരുന്ന, മുലകളുടെ ധാരാളിത്തം കൊണ്ട് അറബികൾ ‘മുലൈബാർ” എന്ന് വിളിച്ചിരുന്ന കേരളത്തിൽ  കാമം നിഷിദ്ധമായത് വിധിവൈപരീത്യം തന്നെ. കൃഷ്ണകുമാറിന്റെ വ്യഥ തന്നെ ആധുനിക വാത്സ്യായനനും. ഒരേസമയം കാമത്തെ നിരാകരിക്കുകയും സദാചാരസംഹിതപ്പെട്ടിയിൽ അടയ്ക്കുകയും  വീട്ടിലോ ഹോട്ടൽ മുറിയിലോ വേശ്യാത്തെരുവിലോ നിർബ്ബാധം കാമനെ സേവിക്കുകയും നിയമങ്ങൾ അഴിച്ച് ദൂരെയെറിഞ്ഞ് കാമകേളിയിൽ ഉല്ലസിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പിന്റെ വെളിവാക്കലാണ്  ഈ കഥയുടെ കാതൽ.  കാമം എന്നതിനു പകരം നിലവിലുള്ള ഏത് വിശ്വാസപ്രമാണവും ഇതേ ഇടത്തിൽ പ്രതിഷ്ഠിച്ചാലും മാറ്റമുണ്ടാകില്ല. കാപട്യം  അത്ര സർവ്വസാധാരണമായിരിക്കുന്നു.

      ദാമ്പത്യം എന്ന സ്ഥാപനമാണ് കാമത്തിന്റെ എതിർ ചേരിയിൽ.  അവിവാഹിതർക്ക് സ്വച്ഛന്ദരതി ലഭിയ്ക്കുന്നതോടെ മാത്രം യഥാർത്ഥ കാമസമ്പൂർത്തി എന്ന നിർവൃതി  വർണ്ണവിതാനങ്ങൾ തീർക്കും. കാമകൂടനും എല്ലാ അവിവാഹിതരും ആചരിക്കേണ്ട  കാമസംഹിതാപ്രമാണം. കാമകൂടന്റെ കാമപൂർത്തീകരണം സംഭവിക്കുന്നത് വെറും തെരുവോരത്താണ്; പക്ഷേ ദിവ്യചൈതന്യപ്രഭാവമുള്ള തീഗോള മിന്നലോടെയാണ്. പുറമേ സദാചാരകള്ളക്കളി കളിയ്ക്കുന്ന പോലീസും റ്റി വി അവതാരകയും കൂടെ അദ്ഭുതപരതന്ത്രരായി അതിനു സാക്ഷിയാവുകയാണ്. കാമവൈരി ആയ വീട്ടുകാവൽ  പെണ്ണും  കൃഷ്ണകുമാർ/മായ അല്ലെങ്കിൽ ദേവലൻ/പ്രമദ സംഗമത്തിൽ  കാമാനുകൂലയാവുകയാണ്. വാത്സ്യായനന്റെ പ്രവചനസാഫല്യവും ഇതേ സമയത്ത് സംഭവിക്കുകയാണ്.

          അമ്പരപ്പിക്കുന്ന ആഖ്യാനചാതുരി ആണ്  ഈ കഥയുടെ ആകർഷണീയത.  അവതരണത്തിലെ പുതുമയും.  മിതോളജി രീതി പലയിടത്തും വന്നു പോകുന്നുണ്ട്.. ആക്ഷേപഹാസ്യ മട്ടിലോ മെറ്റാഫിക്ഷൻ മട്ടിലോ. സ്ഥലവും കാലവും ഇല്ലാതാവുന്ന വേളകൾ. കാമം എന്നതു മാത്രം ശാശ്വതമായി ഒഴുകി നടക്കുന്നു. അതു മാത്രമാണ് സത്യം.  ഡെൽഹിയിലെ വീട്ടിൽ,  ബോംബെയിലെ തെരുവിൽ, റ്റി വി സ്റ്റുഡിയോയിൽ പല നഗരങ്ങളിലെ ഹോടലുകളിൽ , ശസ്താ‍ാംകോട്ടയിൽ അങ്ങനെ സ്ഥലകാലബന്ധങ്ങൾ ഇല്ലാതെയാണ് കഥയുടെ ചുരുൾ അഴിയുന്നത്. പല ഉപകഥകഥകളും വാർത്ത, രാഷ്ട്രീയവിശേഷങ്ങൾ, പുരാണകഥകൾ, നാട്ടുവഴക്കക്കേൾവികൾ ഇവയുടെ പുനരാഖ്യാനമാണ്.  പഞ്ചനക്ഷ്ത്ര ഹോടലിൽ -കൃത്യമായി കൊണാർക്ക് എന്ന പേരിട്ടിട്ടുള്ള ഹോടൽ- വാത്സ്യായനൻ പ്രത്യക്ഷപ്പെടുന്നു പക്ഷേ ആൾദൈവത്തിന്റെ ഭാവഹാവാദികളോടെ. ആത്മീയത തെളിയേണ്ട കാമം പരിഹാസ്യമാകുന്നു കപടാ‍ത്മീയതയാൽ.  പ്രധാന ക്രിയകൾ രതിയോ കാമമോ കേന്ദ്രീകരിച്ചാണ്. അടക്കാൻ വയ്യാത്ത കാമമോഹമാണ് സത്യം, ഒളിപ്പിക്കാൻ ശ്രമിക്കേണ്ട എന്ന തെര്യപ്പെടുത്തൽ.

.        സങ്കീർണ്ണമായ നിലകളാണ് കഥാനായകനും പ്രമേയത്തിനും കഥ പറയുന്ന ആൾക്കും. ഒരു വായനക്ക് അതേ സമയം എതിർവായന നിർബ്ബന്ധിക്കുന്ന ആഖ്യ്യാനം. കാമം എന്ന സത്യത്തെ ഇല്ലാ എന്ന് നടിച്ച് കളയാൻ ശ്രമിക്കുന്നു. എന്നാൽ കാമം അവരെല്ലാം പൂർത്തീകരിക്കുന്നുണ്ടു താനും. കൊളോണിയൽ സംസ്കാരം കാമത്തെക്കുറിച്ചുള്ള സമീപനം മാറ്റി മറിയ്ക്കുകയും വിക്റ്റോറിയൻ സദാചാരം കാമത്തെ തടവിലുടുകയും ചെയ്തത് ഒരു ഖണ്ഡികയിലാക്കി ഒതുക്കിയിട്ടുണ്ട് കഥാകാരൻ. പ്രത്യക്ഷ കാമത്തിന്റെ പതിന്മടങ്ങ് ചൂടും ഉന്മാദവും അപ്രത്യക്ഷകാമത്തിനുണ്ടെന്നാണ് കഥാകാരന്റെ തെളിവ്.  മാനസിക തലമല്ലാതെ സ്ഥൂലതലങ്ങളും-. മേശ കസേര തുടങ്ങിയ ഉപകരണങ്ങൾ പോലും- കാമത്തിനു രതിയ്ക്കും വിഘാതമായി, കട്ടിലുകളിൽ  ഒരുമിച്ചിരുന്നോ കിടന്നോ കഴിഞ്ഞവർ വെവ്വേറേ ഇരുന്നു തുടങ്ങി. തുറന്ന രതിയുടെ, നാണം വേണ്ടാത്ത രതിയുടെ പരസ്യമായ അമ്പലമായ കൊണാർക്ക്  വെറും ഹോടൽ നാമം  മാത്രമായി മാറി.

          വിഭ്രാന്തിയിൽ പെട്ട മറ്റൊരു നിർഭാഗ്യകാമകൂടൻ ആണ് ജോസ് സാമുവൽ (“ജോസ് സാമുവൽ ഒരു കഥ കൂടി പറയുന്നു”).  രതി/ കാമം നിർവ്വചനങ്ങൾ സ്വാംശീകരിച്ചെടുക്കാൻ പറ്റാതെ പോകുന്നവൻ.. ബാല്യത്തെക്കുറിച്ചുള്ള അവബോധവും ബാല്യനഷ്ടവും ഒരേസമയത്ത്  നടക്കുന്ന അപൂർവ്വ വേളയാണ് രതി എന്നാണ് കഥാസമർത്ഥനം.. ഈ  സങ്കീർണ്ണതയിൽ  പെട്ട് പോയവനാണ് ജോസ് സാമുവൽ.  രതിപാരമ്യത്തിന്റെ റൂബിക്സ് ക്യൂബ് സമീകരണം പിടികിട്ടാതെ പോകുകയാണ് അയാൾക്ക്.  അതിന്റെ ഒരു വശം മുഴുവൻ രതിസൂചകമായ ചുവപ്പ്  വരുന്നതെങ്ങനെയെന്ന അറിവില്ലായ്മ അയാളെ നിത്യ വിഹ്വലതയിൽ വിട്ടുപോവുകയാണ്.  ഭാവന സമ്പാദിച്ചുതരുന്ന രസസ്ഫൂർത്തി തന്നെ ആശ്വാസം. പൂർത്തീകരിക്കാത്ത കാമത്തിനു ഭ്രമകൽ‌പ്പനകൾ വഴി കഥകൾ മെനയുന്നത് സാഹിത്യത്തിൽ ധാരാളം. പക്ഷേ ഇവിടെ  മറ്റൊരു ആഖ്യാനം സാദ്ധ്യമാവുകയാണ്, ഭാവതലം വേറേയും. ജോസ് സാമുവലിനോട് അനുതപിക്കാൻ വായനക്കാരനെ തയാറാക്കുന്നു എന്നതാണ് കഥാകാരന്റെ വിജയം.
        
       ലിസിച്ചേച്ചിയാണ് ജോസിന്റെ കാമചിന്താകേന്ദ്രബിന്ദു.  സെക്സിന്റെ നിഷ്ക്കളങ്കതയിൽ   ഊന്നിയാണ് പരാമർശവിഷയത്തിനു സാകാരലബ്ധി  പ്രാപ്തമാകുന്നത്.  കുട്ടിയിൽ നിന്നും അടർത്തിയെടുത്ത മുലക്കണ്ണുകൾ ജോസിനു നൽകിയെന്ന രീതിയിലാണ് ലിസിച്ചേച്ചിയുടെ പാപചിന്താ വഴികൾ  വെട്ടിത്തെളിക്കപ്പെടുന്നത്. അതിനു കുട്ടി പകരം വീട്ടിയത് സ്വന്തം മരണം കൊണ്ടാണെന്നാണ് ലിസിച്ചേച്ചിയുടെ വിശ്വാസം.  ജോസിൽ നിന്നും രതിപൂർത്തി അകലുന്നത് ബാല്യം നിഷ്ക്കളങ്കത എന്നിവുയുടെ സങ്കീർണ്ണ കളികൾ മൂലമാണ്.. സെക്സ് എന്നതിന്റെ അറിവോടെ മറ്റൊരു ബാല്യകാലം ആരംഭിക്കുകയാണ്. അവിടെ നിന്ന് പൂർണ്ണവളർച്ചയിലേക്ക് നയിച്ചത് ലിസിച്ചേച്ചി തന്നെയാണ്. കുഞ്ഞിനു ജോസിനോട് വളരെ അടുപ്പമുണ്ട്. പക്ഷേ ഇത് കുഞ്ഞിന്റെ മരണത്തിനു പരോക്ഷമായെങ്കിലും കാരണമാകുകയാണ്.  ഇതിൽ കുടുങ്ങിക്കിടക്കുകയാണ് ജോസ് സാമുവൽ. അയാൾക്ക് ലിസിയുടെ ഭർത്താവിനു മാത്രം അവകാശപ്പെട്ട രതിക്കഥകൾ  പറഞ്ഞ് ആ ഭാവനയിൽ വിരാജിക്കാനേ പറ്റൂ. ചെയ്യാത്ത രതിയിലാണ് അതിന്റെ പരിപൂർണ്ണത. അത് ഭാവനയായി നിലനിൽക്കുന്നതാണ് സായൂജ്യം.  അയൾക്ക് ഒരു കഥാകാരനാകനേ പറ്റൂ. എല്ലാ രതിക്കഥകളിലും രതി എന്ന സത്യമൊരു നുണയായി രേഖപ്പെടുത്തപ്പെടുകയാണ്. എന്നാൽ
രതിചിന്ത, പാപം മരണം  എന്നിവയുടെ ബൈബിൾ കൂട്ടിക്കെട്ടലിൽ നിന്ന് ഇവരെല്ലാം പുറത്തുകടക്കാൻ പ്രയത്നിക്കുന്നുമുണ്ട്.  

      ഉണർവ്വിന്റെ ആവശ്യങ്ങളെ പഴയ തൊഴുത്തിൽകെട്ടിയിട്ട് ശോഷിപ്പിച്ച് കൊന്നു കളയുന്ന,  എന്നാൽ പുരോഗമനവാദിയെന്നു നടിക്കുന്നവരുടെ കാരിക്കേച്ചർ രൂപം ആണ്  ‘ മരിച്ചു പോയവർക്ക് ഒരു മുന്നറിയിപ്പ്” എന്ന കഥയിൽ വരഞ്ഞിട്ടിരിക്കുന്നത്. സിനിമാറ്റിക് നൃത്തം ആർദ്രവികാരങ്ങൾക്ക് സ്ഥനമില്ലാതാക്കുന്നു എന്ന് പ്രസ്താവിക്കുന്നവർ യഥാർത്ഥത്തിൽ മരിച്ചു പോയവരാണ്. അവരെ രക്ഷസ്സായി പ്രഖ്യാപിച്ച് എവിടെയെങ്കിലും കുടിയിരുത്തേണ്ടതാണ് ആവശ്യം. ആത്മാവാണ്, അതിന്റെ സ്വാതന്ത്ര്യമുണ്ട് എന്ന് പ്രഖ്യാപിച്ച് അസ്ഥനത്ത് അനവസരത്തിൽ അവർ കുടിയേറും അല്ലെങ്കിൽ. പഴയകാലത്ത് വിപ്ലവം നടത്തിയെങ്കിൽ അത് ഇന്ന് കാലഹരണം ചെയ്യപ്പെട്ടതറിയാതെ ഇവർ ഓർമ്മിപ്പിക്കുന്നതുകൊണ്ടാണ് ഇവർക്ക് മുന്നറിയിപ്പ്കൊടുക്കേണ്ടി വരുന്നത്. എന്നാൽ ഇത് ജനിതകമായ ഒരു അസുഖം പോലെ തലമുറകളിൽ വ്യപിച്ചു കിടക്കും, അടുത്ത തലമുറയിൽ നമ്മൾ ആയിരിക്കും ഇങ്ങനെ സമൂഹപരിണാമത്തെ എതിർക്കുന്നത് എന്നതു കൊണ്ട് മരിച്ചു പോയവർക്ക് നേരത്തെ മുന്നറിയിപ്പ് കൊടുക്കണമെന്നും കഥാകാരൻ വാദിക്കുന്നു.  ഇവിടെയും പ്രമേയത്തിനപ്പുറം കഥപറച്ചിലിന്റെ തെളിർമ്മയും കുളിർമ്മയും ആണ് ആകർഷണീയത്വം. കഥയെ സ്വന്തം വീട്ടിൽ ഒതുക്കിയാണ് പുറം ലോകത്തെയ്ക്ക് തുറന്നുവിടുന്നത്. 

      ജോർജ്ജ് ഓർവെലിന്റെ ‘അനിമൽ ഫാം’ രീതിയിൽ മനുഷ്യപെരുമാറ്റങ്ങളെയും ചിന്തകളെയും മൃഗങ്ങളിൽ പ്രത്യാരോപിച്ച് സമാന്തര സമസ്യകളെ പുനവതരിപ്പിച്ച് ശ്രദ്ധ ക്ഷണിയ്ക്കുകയാണ്  ”തള്ളയെ അനുസരിക്കാത്ത ആട്ടിൻ കുട്ടിയുടെ സമ്പൂർണ്ണ ജീവിതകഥ” യിൽ. ലാളിത്യമേറുന്ന ഉപഖ്യാനം ഇടതടവില്ലാതെ ഒഴുകുമ്പോൾ നിശിതമായ ആക്ഷേപഹാസ്യം ലയിച്ചു ചേരുന്നുണ്ട്.  കേരള സാമൂഹ്യ-രാഷ്ട്രീയ ചരിത്രവും സമകാലീനവികൽ‌പ്പങ്ങളും വന്നും പോയും കഥ മുന്നേറുന്നു.  പല കഥാപാത്രങ്ങളും കെട്ടുകഥകൾ, കവിത, ചരിത്രം മിത് എന്നിവകളിൽ നിന്ന് കയറി വരികയും ഇറങ്ങിപ്പോവുകയും ചെയ്യുന്നുണ്ട്.  കഥാനായകനായ് സുമേഷ് എം മത്തായി എപ്പോഴാണ് ശങ്കരാചാര്യർ ആകുന്നത് എന്ന് ചോദിച്ചാൽ മതി.  കഥാപാത്രങ്ങൾ ഏലിയാ‍സ് എന്ന എലിയും  സാറാമ്മ എന്ന താറാവുമൊക്കെയാണ്. പൂച്ചയ്ക്ക് മണികെട്ടാൻ നിയോഗിക്കപ്പെട്ട ഏലിയാസ് എന്ന എലി അതിൽ പരാജയപ്പെട്ടതിനാൽ ഒളിവിൽ പോയവനും സാറാമ്മ എന്ന താറാവ് പൊന്മുട്ട ഇടുന്നവളും ആണ്. പൊന്മുട്ട ഇടുന്നതിനാൽ ഉടമസ്ഥൻ ചാണ്ടി പരസ്പരാശ്രിതത്വത്തിൽ പെട്ടുപോകുന്നതു തന്നെ താറാവിന്റെ വിജയം എന്നാണ് സാറാമ്മയുടെ  പ്രമാണം. ഹൈപർ റ്റെക്സ്റ്റുകൾ -മിത്തോളജി, പഞ്ചതന്ത്രം, സമകാലിക വാർത്ത ഇങ്ങനെ ഏതും എന്തും കലപിലകൾ ആവാം-ഹാസ്യോദ്ദീപകം മാത്രമല്ലാ, നിശിതമായ വിമർശനോപാധികളാണ്. റൊബെർറ്റ് ഫ്രോസ്റ്റിന്റെ കവിത സംഭാഷണമായി വരിക, പഴഞ്ചൊല്ലുകൾ വ്യക്തിത്വനിർവ്വചങ്ങൾക്ക് ബലമേറ്റുക ഇങ്ങനെ പല തന്ത്രങ്ങളും പയറ്റുന്നുണ്ട് കഥാകാരൻ.  പഴയ ആട്ടിൻ കുട്ടിയും ചെന്നായും കഥ  കഥാനായകന്റെ ജീവിതസന്ധി തന്നെ ആയി വരികയാണ്.  നീതിനിർവ്വഹണത്തിലെ വൻ പൊരുത്തക്കേട് കാണിക്കാനും ഏകപക്ഷീയത മേൽക്കോയ്മ നേടുന്ന അപചയപരിണിതിയെ  ഉറക്കെ വെളിവാക്കാനും ഉപയോഗിക്കപ്പെടുന്നു ഈ ഉപകഥ. മൃഗാധിപത്യം എന്ന തമാശയ്ക്ക് പല അർത്ഥങ്ങളാണ്. നക്സലിസത്തിന്റെ ആവിർഭാവത്തിന്റെ പൊരുളുകളാണ് അജി എന്ന ആട് വെളിപ്പെടുത്തുന്നത്.  അല്ലീഗറി ദ്യോതിപ്പിക്കുന്ന ആഴം മനുഷ്യകഥകൾക്ക് എത്ര നീർക്കാംകുഴി ഇട്ടാലും താണ്ടാവുന്നതിലും അപ്പുറമാണ്. പല തലങ്ങൾ നിർമ്മിച്ചെടുക്കാൻ വഴി വയ്ക്കുന്നുമുണ്ട്.

        ഒരു കവിത ആകേണ്ടിയിരുന്ന കഥയാണ് “യന്ത്രങ്ങളുടെ രാജാവ്’. വാക് ധോരണി  ഒഴുകിപ്പരക്കുകയും പദ്യശകലങ്ങൾ പോലെ ഉണരുന്ന ഉക്തികൾ കവിഞ്ഞൊഴുകുകയും  ചെയ്യുമ്പോൾ കവിയായ് മാറുന്ന കഥാകാരൻ തെളിയുന്നു.  മിക്ക കഥകളിലും അന്തർലീനമായിട്ടുള്ള പരിഹാസത്തിന്റെ നേരിയ പൂമ്പൊടി പോലും ഇവിടെ വിതറിയിട്ടില്ല..  നിർവ്വികാരമെന്ന് തോന്നിപ്പിക്കുന്ന പ്രസ്താവനകളിൽക്കൂടിയാണ് കഥ പറഞ്ഞുപോകുന്നത്. പക്ഷേ ആ പ്രസ്താവനകൾക്ക് കൂർത്തമുനകൾ ഉണ്ട്. നിബന്ധിച്ചിരിക്കുന്ന വാക്കുകളുടെ ഉൾച്ചേരൽ കവിതാമയവും  ഇങ്ങനെ ഒരു വൈരുദ്ധ്യസങ്കീർണ്ണത പേറുന്ന കഥിതകഥനം ഉടനീളം.  പ്രമേയ ശുശൃഷയ്ക്ക്  കോമളപദാവലി.

              അതിജീവനത്തിന്റെ എല്ലാ തന്ത്രങ്ങളും യന്ത്രസഹായത്തോടെ പയറ്റുന്ന മനുഷ്യൻ,  അതേ തന്ത്രങ്ങൾ മറ്റിരു രീതിയിൽ നിയോഗിച്ച് മനുഷ്യനെ കീഴ്പ്പെടുത്തുന്ന സസ്യജാലങ്ങൾ ഇവ രണ്ടും വിപരീത ദിശയിൽ നിലയുറപ്പിച്ച് പൊരുതുന്നതിനിടയിൽ ഒരു പാവം കുഞ്ഞ് പെട്ടു പോകുകയാണ്. കുഞ്ഞിന്റെ അച്ഛൻ റെജി തരകൻ ഇത് മനസ്സിലാക്കുന്നത് ഏറെ വൈകിയിട്ടാ‍ാണെങ്കിലും തുടർ ജീവിതത്തിനു സാദ്ധ്യതയുണ്ട്. സസ്യങ്ങളിൽ പ്രതിരോധത്തിനു ഏറ്റവും കൂറ്റനായ അങ്ങീലക്ക് എന്ന മരം ഉണ്ട്.  യന്ത്രങ്ങളിലേക്കും  വച്ച് യന്ത്രവും. ജൈവീകമായതിലേക്കും  വച്ച് ജൈവീകവുമാണ് അങ്ങീലക്ക്. ഏറ്റവും ദൈവീകമായ ബലിയർപ്പിക്കൽ മനുഷ്യനു ചെയ്യാനുള്ളത് ഒരു സസ്യത്തിന്റെ നാമ്പിനു താഴെ യാണെന്നും നൈര്യന്തര്യത്തിന്റെ അനുഗ്രഹം  ഉറവു കൊള്ളണമെങ്കിൽ ഒരു പുൽച്ചെടിയുടെ ആണെങ്കിൽ‌പ്പോലും തണലിൽ ആശ്രയം തേടണമെന്നും ഒരു തളിരിന്റെ കനിവില്ലാതെ ഒരു കുഞ്ഞിനു പോലും ശ്വാസം കിട്ടുകയില്ലെന്നും കാവ്യാത്മകമായ  ഓർമ്മപ്പെടുത്തൽ ആണ് ഈ കഥ. യന്ത്രങ്ങളുടെ രാജാവ്  അവസാനം സസ്യങ്ങളുടെ രാജാവിനു കീഴടങ്ങുകയാണ്.
കാമ, രതി, സമൂഹവ്യസ്ഥ, അതിന്റെ അപചയങ്ങൾ ഇവയെല്ലാം ദുഷ്ക്കരമായ ലോകം ചമയ്ക്കുന്നതിനെപ്പറ്റിയുള്ള  നാലു കഥകൾക്കു ശേഷം ആത്യന്തികമായി അറിവ് കിട്ടിയ കഥാകാരൻ സർവ്വതും സസ്യലോകത്തിനു സമർപ്പിക്കുന്നതു പോലെ അവസാനമാണ് ഈ കഥ നിബന്ധിച്ചിരിക്കുന്നു എന്നത് യാദൃശ്ചികമാകാനിടയില്ല.

        ഇതുമായി തെല്ലു ബന്ധപ്പെട്ട പ്രമേയം കഥകാരനെ ആത്മീയതാക്കുപ്പായം എടുത്തണിയാൻ പ്രേരിപ്പിക്കുന്നുണ്ട്.  ‘മരണമില്ലാത്ത വീടുകൾ’ ഇൽ.   ജീവിതത്തിന്റേയും മരണത്തിന്റേയും ചാക്രികതയും മരണത്തിന്റെ അനിവാര്യതയും ഇഷ്ടപ്രമേയമാകാത്ത എഴുത്തുകാരില്ല. എന്നാൽ മരണം വാതിൽക്കലൊരു നാൾ മഞ്ചലുമായ് വന്നു നിൽക്കുമ്പോൾ അതിനെ പറഞ്ഞയക്കാൻ പറ്റാതെ വരുന്ന പാ‍വം മാനവഹൃദയം ഒരു താരകയെ കാണുമ്പോൾ രാവു മറക്കുന്നത് തന്നെ സത്യം, അത് എത്രതവണ പറഞ്ഞാലും പുതുമയോടെ അവശേഷിക്കുന്ന കഥയായിത്തീരും. ഗൌതമന്റെ മകൻ രാഹുൽ കരുതുന്നത് മരണമില്ലാത്ത വീടുകളാണ് ചുറ്റും, ബുദ്ധന്റെ കഥയിലെ കടുകുമണികൾ ഏത് അയൽ വീട്ടിൽ നിന്നും പെറുക്കിയെടുക്കാം എന്നാണ്.  ആർക്കും ജീവന്റെ കടുകു വറക്കാൻ എണ്ണ ചൂടാകുന്ന ചട്ടികൾ അടുക്കളയിൽ ഉണ്ടെന്ന സത്യം ഗൌതമനെ അലോസരപ്പെടുത്തുന്നു. കടുകു വറക്കുന്ന മണം ആകുലനാക്കും അയാളെ.. പക്ഷേ   ഭാര്യയുടെ നാടുമായുള്ള ബന്ധതാൽപ്പര്യം മരണവുമായി കൂട്ടിയോജിപ്പിക്കാനേ ഗൌതമനു കഴിയുന്നുള്ളു. മനം മടുത്ത് രാത്രിയിൽ വീട്ടിനു വെളിയിൽ ഇറങ്ങുന്ന അയാൾക്ക് കാറ്റു മാത്രം സത്യമെന്ന് തോന്നുന്നു. ഇവിടുത്തെ കാറ്റാണു കാറ്റ്,    ആ   പുതുമണമുള്ള കാറ്റ്  ജീവന്റെ തുടർച്ചയുടെ കാറ്റ് തന്നെ. ആ പ്രവാഹത്തിന്മേൽ തങ്ങിയ മൂടൽമഞ്ഞിൽ തെളിഞ്ഞുമാഞ്ഞ രൂപങ്ങൾ മാത്രമാണ് പ്രപഞ്ചവും മനുഷ്യനും എന്ന ബ്രഹുത് സത്യം ഗൌതമനു പിടികിട്ടുകയാണ്.  വിഷമിപ്പിക്കുന ശൈത്യകാലത്തെ സാക്ഷാത്തും ഋണാത്മകവുമായി ദർശിക്കുന്ന ഗൌതമനേയും -കഥാകൃത്തിനേയും- ശുഭോദർക്കനിമിഷത്തിൽ കാണുന്നതോടേ കഥ അവസാനിക്കുന്നു.


  ഭുവനങ്ങളുടെ ഈശ്വരൻ വസിക്കുന്ന യഥാർഥ ഇടമാണ് മനുഷ്യന്റെ  മോക്ഷപ്രാപ്തിസ്ഥലി. സമ്പൂർണ്ണാനന്ദത്തിന്റെ മായാമോഹിതചന്ദ്രിക വിടരുന്ന യാമങ്ങളുടെ വിദൂരദേശം.  ഗൌതമന്റെ മറ്റൊരു കണ്ണാടി രൂപം ‘ഭുവനേശ്വർ’ എന്ന കഥയിലെ വിജയനിൽ ദർശിക്കാം. പരമമായ ഭുവനേശ്വറിലേക്ക് പോകുന്ന അജ്ഞാതമായ പാളങ്ങൾ നീണ്ടും കുറുകേയും എവിടെയും  കിടക്കാം, അവയെ കണ്ടെത്തുമ്പോൾ ചഞ്ചലിപ്പ് വേണ്ട, ആരുമില്ലാത്ത തീവണ്ടി വരുമ്പോൾ കയറിക്കൊള്ളുക തന്നെ. ഗൌതമനും ഈ വെളിപാട് കിട്ടുന്നുണ്ട്. കടന്നുപോയ ജീവിതവഴികൾ മറക്കുമ്പോൾ മാത്രമാണ് ജീവിതാവബോധം യഥാതഥമായി കുടിയേറുന്നത് എന്നത് വിജയനു പിടികിട്ടുന്നത്  പ്രതീകാത്മകമായ റെയിൽ വേ സ്റ്റേഷനിൽ വച്ചാണ്,  സ്റ്റേ ഷൻ ബോറ്ഡ് തിരിച്ചറിയാത്ത റെയിൽ വേ സ്റ്റേഷനിൽ.  പറഞ്ഞ് ക്ലീഷേ ആയിപ്പോയ ‘മരണത്തിന്റെ അനിവാര്യത’ എന്നതൊക്കെ ആപേക്ഷികമാകുമ്പോൾ ഒന്ന് പുറത്തിറങ്ങിചിന്തിച്ചാൽ, കാറ്റലയുന്ന ആകാശം നോക്കിയാൽ അമരത്വത്തിന്റെ കടുകുമണികൾ എമ്പാടും ചിതറിത്തെറിക്കുന്നത് കാണാം എന്ന് കഥാകാരൻ.  വെറുതേ വാരിയെറിഞ്ഞാൽ ആയിരം നാമ്പുകൾ മുളപൊട്ടുന്ന കടുകുമണികൾ.  

1 comment:

Muralee Mukundan , ബിലാത്തിപട്ടണം said...

ദാമ്പത്യം എന്ന സ്ഥാപനമാണ് കാമത്തിന്റെ
എതിർ ചേരിയിൽ. അവിവാഹിതർക്ക് സ്വച്ഛന്ദരതി
ലഭിയ്ക്കുന്നതോടെ മാത്രം യഥാർത്ഥ കാമസമ്പൂർത്തി എന്ന
നിർവൃതി വർണ്ണവിതാനങ്ങൾ തീർക്കും. കാമകൂടനും എല്ലാ
അവിവാഹിതരും ആചരിക്കേണ്ട കാമസംഹിതാപ്രമാണം. കാമകൂടന്റെ
കാമപൂർത്തീകരണം സംഭവിക്കുന്നത് വെറും തെരുവോരത്താണ്; പക്ഷേ ദിവ്യചൈതന്യ
പ്രഭാവമുള്ള തീഗോള മിന്നലോടെയാണ്. പുറമേ സദാചാരകള്ളക്കളി കളിയ്ക്കുന്ന പോലീസും
റ്റി വി അവതാരകയും കൂടെ അദ്ഭുതപരതന്ത്രരായി അതിനു സാക്ഷിയാവുകയാണ്. കാമവൈരി
ആയ വീട്ടുകാവൽ പെണ്ണും കൃഷ്ണകുമാർ/മായ അല്ലെങ്കിൽ ദേവലൻ/പ്രമദ സംഗമത്തിൽ കാമാനുകൂലയാവുകയാണ്. വാത്സ്യായനന്റെ പ്രവചനസാഫല്യവും ഇതേ സമയത്ത് സംഭവിക്കുകയാണ്.