Monday, April 2, 2018

യുവൽ നോവ ഹരാരി-ഇൻഡ്യ റ്റുഡേ വേദിയിലെ പ്രസംഗംയുവൽ നോവ ഹരാരി ബോംബെയിൽ ഇൻഡ്യാ റ്റുഡേ വേദിയിൽ നടത്തിയ പ്രസംഗം അദ്ബുൾ റഷീദ് മലയാളത്തിൽ വിവർത്തനം ചെയ്തത്.


മനുഷ്യന് മുന്നിലുള്ള വഴി

ദേശീയത ഇന്ന് ലോകത്തു ഒരു മടങ്ങിവരവിലാണ്.
ലോകത്തിന്റെ ഏതെങ്കിലും വിദൂര മൂലകളിൽ മാത്രമല്ല, അധികാരത്തിന്റെ ശക്തികേന്ദ്രങ്ങളായ പടിഞ്ഞാറൻ  യൂറോപ്പിലും വടക്കേ അമേരിക്കയിലും റഷ്യയിലും ചൈനയിലും ഇന്ത്യയിലുമെല്ലാം ദേശീയത ശക്തിയോടെ തിരിച്ചുവരുന്നു.
ദേശീയവാദത്തിന്റെ ഈ മടങ്ങിവരവിന് എന്ത് പ്രസക്തിയാണുള്ളത്?
ഇരുപത്തൊന്നാം നൂറ്റാണ്ട് നേരിടുന്ന അതിസങ്കീർണ്ണമായ  പ്രശ്നങ്ങൾക്കുള്ള പരിഹാരമാണോ ദേശീയത?

പലരും  കരുതുന്നതുപോലെ ദേശീയതയ്ക്കു വളരെ ദീർഘമായ ചരിത്രമൊന്നും ഇല്ല. ദേശീയതയെന്നത് മനുഷ്യചരിത്രത്തിൽ, വളരെ അടുത്ത കാലത്തു മാത്രം പരിണമിച്ചു വികസിച്ച ഒന്നാണ്.

ദശലക്ഷക്കണക്കിനു വര്ഷങ്ങളായി മനുഷ്യൻ ജീവിച്ചുവന്നിരുന്നത് വളരെ അടുപ്പമുള്ള ചെറു സമൂഹങ്ങൾ ആയാണ്.
ചെറു സമൂഹങ്ങൾ കൂടിച്ചേർന്നു വലിയ കൂട്ടങ്ങൾ ആകാൻ തുടങ്ങിയിട്ട് , അനേകായിരം അപരിചിതർ ഉൾപ്പെടുന്ന രാഷ്ട്രം ആകാൻ തുടങ്ങിയിട്ട് കഷ്ടിച്ച് അയ്യായിരം വര്ഷമായിട്ടേയുള്ളൂ.

കൊച്ചു സമൂഹങ്ങൾക്ക് പരിഹരിയ്ക്കാൻ കഴിയാത്ത വലിയ പ്രശ്നങ്ങൾ ആണ് രാഷ്ട്രങ്ങളുടെ പിറവിയ്ക്കു കാരണമായത്. പൗരന്മാർക്ക് ഉയർന്ന സുരക്ഷിതത്വബോധവും പുരോഗതിയും ആവശ്യസേവനങ്ങളും നല്കാൻ രാഷ്ട്രങ്ങൾക്ക് കഴിഞ്ഞു.

എന്നാൽ, ഈ പുതിയ കാലത്തിന്റെ ഗുരുതര പ്രശ്നങ്ങളെ നേരിടാൻ രാജ്യങ്ങൾ സജ്ജമാണോ എന്നതാണ് പ്രധാന ചോദ്യം. പൗരനും ലോകത്തിനും സുരക്ഷയും പുരോഗതിയും ഉറപ്പുനൽകാൻ ഇപ്പോഴും രാഷ്ട്രം എന്ന ചട്ടക്കൂടിനു കഴിയുന്നുണ്ടോ?

"ഇല്ല " എന്നതാണ് ശരിയായ ഉത്തരം.

ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ രാഷ്ട്രങ്ങൾ സത്യത്തിൽ അയ്യായിരം വര്ഷം മുൻപ് സിന്ധു നദീ തീരത്തു കഴിഞ്ഞിരുന്ന അനവധി സ്വതന്ത്ര ചെറു സമൂഹങ്ങളെപ്പോലെതന്നെയാണ്.
അന്നത്തെപ്പോലെ ഇന്നും,  ഭൂമിയിലെ എല്ലാ മനുഷ്യരും ഒരൊറ്റ ലോകനദിയുടെകരയിലാണ്  താമസം.
വിവരസാങ്കേതികവിദ്യയുടെയും ശാസ്ത്ര നേട്ടങ്ങളുടെയും ഒരൊറ്റ ആഗോള നദി.

ഈ നദിയാണ് പുരോഗതിയിലേക്കുള്ള നമ്മുടെ ഒരേയൊരു വഴി, അതെ സമയം മനുഷ്യന്റെ ഏറ്റവും വലിയ ഭീഷണിയും ഇതുതന്നെ.
ശാസ്ത്ര-സാങ്കേതിക പുരോഗതിയുടെ ഈ നദിയെ ഒരു രാഷ്ട്രത്തിനും  ഒറ്റയ്ക്ക് നിയന്ത്രിയ്ക്കാനോ ഭരിയ്ക്കാനോ  കഴിയില്ല.

ഇന്ന് നമ്മൾ നേരിടുന്ന എല്ലാ വെല്ലുവിളികളും ആഗോള വെല്ലുവിളികളാണ്. അതുകൊണ്ടുതന്നെ ഇന്നത്തെ സുപ്രധാനമായ എല്ലാ പ്രശ്നങ്ങൾക്കും വേണ്ടത് ആഗോള പരിഹാരങ്ങളാണ്.

ആണവായുധ ഭീഷണി , പാരിസ്ഥിതിക തകർച്ചയുടെ ഭീഷണി , വിനാശകരമായ സാങ്കേതികവിദ്യകളുടെ ഭീഷണി , അങ്ങനെ എല്ലാത്തിനും വേണ്ടത് ലോകപരിഹാരങ്ങളാണ്. രാഷ്ട്ര പരിഹാരങ്ങൾ അല്ല.

ആണവായുധ ഭീഷണിയിൽനിന്നു ഒരു രാജ്യത്തിനും ഒറ്റയ്ക്ക് അതിനെത്തന്നെയോ ലോകത്തെയോ രക്ഷിയ്ക്കാൻ കഴിയില്ലെന്ന് എഴുപത് വര്ഷം മുൻപുതന്നെ തെളിഞ്ഞു. ശീതയുദ്ധം ഭീകരമായ ഒരു ആണ്വായുധ യുദ്ധമായി  മാറുമെന്നും അതോടെ മനുഷ്യരാശി തകരുമെന്നും  ലോകം ഭയന്നു.

അത് സംഭവിയ്ക്കാതിരുന്നത് ഏതെങ്കിലും ഒരു രാജ്യത്തിൻറെ മാത്രം ഇടപെടൽ കാരണമായിരുന്നില്ല, മാനവസമൂഹത്തിന്റെ തിരിച്ചറിവ്  കാരണമായിരുന്നു. എന്നാൽ, മനുഷ്യൻ ഇനിയങ്ങോട്ടും ഇതേ വകതിരിവ് പ്രകടിപ്പിയ്ക്കുമെന്നു കരുതുക വയ്യ.

"എന്റെ രാജ്യമാണ് കേമം, എന്റെ രാജ്യമാണ് ഒന്നാമത് " എന്ന് അലമുറയിടുന്ന എല്ലാ ദേശീയവാദികളും  സ്വയം ചോദിയ്ക്കണം, എങ്ങനെ നിങ്ങളുടെ രാജ്യം, അന്താരാഷ്ട്ര സഹകരണത്തിന്റെ ഭൂമികയില്ലാതെ, നിങ്ങളെ രക്ഷിയ്ക്കും? സ്വയം രക്ഷിയ്ക്കും? “

ഒരിയ്ക്കലും സാധ്യമല്ലഎന്നാണ് ഉത്തരം.

രണ്ടാമത്തെ ആഗോള പ്രശ്നം പരിസ്ഥിതിയുടെ വിനാശമാണ്.  അമ്പതു വർഷംകൂടി കഴിയുമ്പോൾ മുംബൈ നഗരത്തിൽ മനുഷ്യർ ഉണ്ടാവണം എന്നില്ല. ഇന്ത്യൻ സമുദ്രം ഉയർന്നു ഈ മഹാനഗരത്തെ വിഴുങ്ങാം.
ഒരു രാഷ്ട്രത്തിനും, അതെത്ര കരുത്തരായ രാഷ്ട്രമായാലും, പാരിസ്ഥിതിക വെല്ലുവിളികളെ ഒറ്റയ്ക്ക് നേരിടുക സാധ്യമല്ല. കാരണം, ഒരു രാഷ്ട്രവും അതിന്റെ മാത്രമായ പരിസ്ഥിതിയിൽ അല്ല നിലനിൽക്കുന്നത്. ആഗോള പരിസ്ഥിതിയെന്നത്  ഒരു രാജ്യത്തിന്റെയും പരമാധികാരത്തിൽ വരുന്നില്ല.

കൃത്രിമ ബുദ്ധിയും (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ) ബയോ എഞ്ചിനീറിങ്ങും ധാരാളം അവസരങ്ങൾ തുറക്കും എന്ന് നമുക്ക് അറിയാം. പക്ഷെ, ഒട്ടേറെ പുതിയ പ്രശ്നങ്ങളും അത് ലോകത്തു സൃഷ്ടിയ്ക്കും.

 കൃത്രിമബുദ്ധിയുള്ള റോബോട്ടുകൾ വ്യാപകമാകുന്നതോടെ കോടിക്കണക്കിന് മനുഷ്യർ ഓരോ രാജ്യത്തും തൊഴിലിനു പുറത്തായേക്കാം. ഒരു സാമ്പത്തിക മൂല്യവും ഇല്ലാത്ത, അതുകൊണ്ടുതന്നെ യാതൊരു രാഷ്ട്രീയാധികാരവും ഇല്ലാത്ത കോടിക്കണക്കിനു മനുഷ്യരുടെ ലോകം ആണ് ഉടൻ ഉണ്ടാകാൻ പോകുന്നത്. മൂല്യമില്ലാത്ത മനുഷ്യരുടെ ഭൂമി.

കൊലയാളി റോബോട്ടുകൾ അടക്കം സ്വതന്ത്ര ആക്രമണ ശക്തിയുള്ള  ആയുധ സംവിധാനങ്ങൾ  മറ്റൊരു വലിയ ഭീഷണിയാണ്.  സ്വതന്ത്ര വിക്ഷേപണ സംവിധാനങ്ങളിൽ സ്ഥാപിച്ചിരിയ്ക്കുന്ന കൂട്ട നശീകരണ ശേഷിയുള്ള ആയുധ ശേഖരങ്ങൾ ഏറ്റവും അപകടകരമായ ഒന്നാണ്.
പക്ഷെ, ഈ ഭീഷണിയെയും ഒരു രാജ്യത്തിന് ഒറ്റയ്ക്ക് നേരിടാൻ കഴിയില്ല.

കഴിഞ്ഞ നാനൂറു കോടി വർഷമായി ഭൂമിയിൽ ജീവന്റെ അടിസ്ഥാന നിയമത്തിൽ യാതൊരു മാറ്റവും വന്നിട്ടില്ല.
ഒരു അമീബയായാലും ദിനോസർ ആയാലും ഒരു വാഴച്ചെടി ആയാലും , ഇനി മനുഷ്യൻതന്നെ ആയാലും നിർമ്മിയ്ക്കപ്പെട്ടിരിയ്ക്കുന്നത് ജൈവസംയുക്തങ്ങൾകൊണ്ടാണ്.

അര്ഹതയുള്ളവയുടെ അതിജീവനത്തിലൂടെയും പ്രകൃതി നിർധാരണത്തിലൂടെയും പരിണമിച്ചു ഉണ്ടായതാണ് നിങ്ങൾ.
എന്നാൽ, ഭൂമിയുടെ ചരിത്രത്തിൽ ആദ്യമായി വരും ദശകങ്ങളിൽ ഇത് മാറാൻപോവുകയാണ്. ജീവന്റെ , ജീവപരിണാമത്തിന്റെ അടിസ്ഥാന നിയമം മനുഷ്യൻ മാറ്റാൻ പോവുകയാണ്.

പ്രകൃതിയുടെ സ്വാഭാവിക പരിണാമത്തെ ശാസ്ത്രം അട്ടിമറിയ്ക്കാൻ പോവുന്നു. കൂടുതൽ ബുദ്ധിയും ശേഷിയുമുള്ള ജീവികളെ സൃഷ്ടിച്ചുകൊണ്ട് പരിണാമത്തിന്റെ മുഖ്യ ശില്പിയെന്ന സ്ഥാനം മനുഷ്യൻ സ്വയം ഏറ്റെടുക്കുകയാണ്.

മേഘങ്ങൾക്ക് മുകളിൽനിന്നു ഏതെങ്കിലും അദൃശ്യ ദൈവമല്ല, നമ്മുടെതന്നെ ബുദ്ധിപരമായ ഡീസയിനുകളാണ് ഇനി പരിണാമത്തെ നിശ്ചയിക്കുക.
നാനൂറു കോടി വർഷത്തെ ജീവചരിത്രത്തിൽ ഇതാദ്യമായി അജൈവ പദാര്ഥങ്ങളിൽനിന്നു മനുഷ്യൻ ജീവൻ സൃഷ്ടിയ്ക്കുന്നു. ആവശ്യാനുസരണം ബുദ്ധിയും കഴിവുമുള്ള ഡീസയിൻ ചെയ്യപ്പെട്ട ജീവികൾ ഉണ്ടാകുന്നു.

ഈ പ്രക്രിയയിൽ ഹോമോസാപിയൻസ് എന്ന മനുഷ്യവംശം തന്നെ  ഇല്ലാതായേക്കാം. അത് നമ്മൾ തന്നെ  നമ്മളെ നശിപ്പിക്കുന്നതുകൊണ്ടാവണം എന്നില്ല.

മനുഷ്യൻ എന്നത് സമീപ ഭാവിയിൽ  മനുഷ്യനല്ലാത്ത തികച്ചും വ്യത്യസ്തമായ ഒരു വർഗമായി മാറുകയോ പരിവർത്തനം ചെയ്യപ്പെടുകയോ ചെയ്യാം. കൃത്രിമബുദ്ധിയുടെയും ബയോ എൻജിനിയറിങ്ങിന്റെയും കൂടിച്ചേരലിന്റെ ഫലമായി ഉണ്ടാകുന്നത് തികച്ചും വ്യത്യസ്തമായ ശരീരവും ബുദ്ധിയും മനസും ആകാം.
മനുഷ്യൻ വേറെന്തോ ഒന്നായി മാറിപ്പോകാം.

വിവേകം എന്നത് ശരീരത്തിൽനിന്ന് മാറ്റപ്പെടാം. വിവേകവും ബുദ്ധിയും രണ്ടാകുന്നതും അവ തമ്മിൽ വേര്പിരിയുന്നതും നമുക്ക് കാണേണ്ടി വന്നേക്കും. വിവേകമില്ലാത്ത, എന്നാൽ അതിബുദ്ധിയുള്ള വര്ഗങ്ങൾ   ഭൂമി അടക്കിവാണേക്കാം. വികാരങ്ങൾ ഇല്ലാത്ത, മനസ്സ് ഇല്ലാത്ത, ദയയില്ലാത്ത കംപ്യുട്ടർ പ്രോഗ്രാമുകൾ ലോകം ഭരിച്ചേക്കാം. ഇതൊക്കെ സമീപഭാവിയിൽത്തന്നെ സംഭവിയ്ക്കും.

മനുഷ്യൻ ഇന്ന് ദൈവം ആകാനുള്ള പ്രക്രിയയിലാണ്. ദൈവത്തിന്റേതിന് തുല്യമായ ഈ ശക്തികൊണ്ട് നമ്മൾ മനുഷ്യർ എന്താണ് ചെയ്യാൻ പോകുന്നത് എന്നതാണ് പ്രധാനം.

ധാർമികമായ മാർഗനിർദേശങ്ങളും മാനവിക മൂല്യങ്ങളുമാണ് നമുക്ക് ഇന്ന് വേണ്ടത്. എന്നാൽ ഇന്നത്തെ ദേശീയതകൾക്ക്‌ ഈ ധാർമികത പകർന്നു നൽകാനുള്ള കരുത്തില്ല. സങ്കുചിത അതിർത്തി തർക്കങ്ങളുടെ താഴ്ന്ന തലത്തിലുള്ള  ചിന്തകൾ മാത്രമേ ഇന്നത്തെ ദേശീയത ഉത്പാദിപ്പിയ്ക്കൂ.

ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിനെ മാനവരാശിയ്ക്ക് അതിജീവിയ്ക്കണമെങ്കിൽ ഒറ്റ വഴിയേയുള്ളൂ, ദേശീയ മൂല്യങ്ങളെ മാറ്റി പകരം ആഗോള മാനവ മൂല്യങ്ങളെ നാം പകരം വെയ്ക്കണം.

ആഗോള സമൂഹത്തിലാണ് നാം ജീവിയ്ക്കുന്നത്, ആഗോള പരിസ്ഥിതിയിലാണ് നാം കഴിയുന്നത്, നമ്മുടെ സമ്പത് വ്യവസ്ഥ ആഗോള സമ്പത് വ്യവസ്ഥയാണ്, നമ്മുടെ ശാസ്ത്രം ആഗോള ശാസ്ത്രമാണ്.

പക്ഷെ, ഇപ്പോഴും നമ്മുടെ രാഷ്ട്രീയം കേവലം ദേശീയ രാഷ്ട്രീയമാണ്! പ്രാദേശിക രാഷ്ട്രീയം!
 ഈ വൈരുധ്യമാണ് സുപ്രധാന മാനവിക പ്രശ്നങ്ങൾ നേരിടാൻ ലോകത്തിനു മുന്നിലുള്ള തടസ്സം.

ഇനി മനുഷ്യന് മുന്നിൽ രണ്ടേ രണ്ടു വഴികളേയുള്ളൂ. ഒന്നുകിൽ ഈ ആഗോള പരിസ്ഥിതിയെയും  ആഗോള സാമ്പത്തിക വ്യവസ്ഥയെയും ആഗോള ശാസ്ത്രത്തെയും നമ്മൾ ഡി ഗ്ലോബലൈസ്ചെയ്തു പഴയതുപോലെ പ്രാദേശികമാക്കണം.

അതല്ലെങ്കിൽ ഇന്നത്തെ സങ്കുചിത ദേശീയ രാഷ്ട്രീയത്തെ നമ്മൾ ആഗോള രാഷ്ട്രീയമാക്കി വികസിപ്പിയ്ക്കണം, ഉയർത്തണം.

ആദ്യത്തേത് ഒരു കാരണവശാലും നടപ്പില്ലെന്നു എല്ലാവർക്കും  അറിയാം. ആഗോള സാമ്പത്തിക വ്യവസ്ഥയെ ഇനി പ്രാദേശികമാക്കാൻ ഒരിയ്ക്കലും സാധിയ്ക്കില്ല. അതുകൊണ്ടു നമുക്ക് മുന്നിലുള്ള ഒരേയൊരു വഴി ലോകരാഷ്ട്രീയത്തിലേക്ക് ഉയരുക, വികസിയ്ക്കുക എന്നത് മാത്രമാണ്.

.........................................................

(അടിക്കുറിപ്പ്: ഈ വിവർത്തനത്തിനു പ്രചോദനം യുവൽ നോവ ഹരാരിയെ സംബന്ധിച്ച ജയമോഹന്റെ പോസ്റ്റ് ആണ്.
ഇതൊരു പദാനുപദ തർജമയല്ല.
യുവൽ നോവ ഹരാരി ഈ പ്രഭാഷണത്തിൽ "ദൈവം" എന്ന പദം ഉപയോഗിച്ചിരിയ്ക്കുന്നത് നമ്മൾ സാധാരണ ഉപയോഗിയ്ക്കുന്ന അർത്ഥത്തിൽ അല്ല.
മുംബയിൽ പ്രഭാഷണശേഷം  നടന്ന അഭിമുഖത്തിൽ "ദൈവ വിശ്വാസിയാണോ?" എന്ന ചോദ്യത്തിന് യുവൽ നോവ ഹരാരിയുടെ മറുപടി ഇങ്ങനെയായിരുന്നു: " അല്ല. രണ്ടു തരം ദൈവമുണ്ട്‌.ഒന്ന് ദുരൂഹതകളുടെ ദൈവം.അദ്ദേഹത്തെപ്പറ്റി നമുക്ക്‌ ഒന്നും അറിയില്ല.ആ ദൈവവുമായി എനിക്ക്‌ പ്രശ്നമൊന്നുമില്ല.
രണ്ടാമത്തെ ദൈവം ഇതിനു നേരേ വിപരീതമാണു.ആ ദൈവത്തെപ്പറ്റി നമുക്ക്‌ വളരെക്കൂടുതൽ അറിയാം.ആ ദൈവം വനിതകളുടെ വസ്ത്രത്തെപ്പറ്റി എന്തു ചിന്തിക്കുന്നൂ എന്നുവരെ നമുക്കറിയാം. അഥവാ ,ജീവന്റെ നിഗൂഢതകൾക്കും പ്രപഞ്ചത്തിനും തമോഗർത്തങ്ങൾക്കും താരാപഥങ്ങൾക്കും ഒക്കെ കാരണമായ ഒരു ശക്തി ഉണ്ടെന്നു തന്നെ ഇരിക്കട്ടെ. പെൺകുട്ടികളുടെ വസ്ത്രധാരണത്തെപ്പറ്റി ആലോചിച്ചുകൊണ്ടിരിക്കുന്ന ഒന്നാണതെന്ന് ഞാൻ കരുതുന്നില്ല.”)

എഴുതിയത്:Abdul Rasheed

4 comments:

dhyan tarpan said...

can't we think that this crisis will push the consciousness to unfold it's next petal? A I AND BIO ENGINEERING may free us from many unwanted things which we claim now as 'human'. of course,there will be many issues, but ultimately it's 'as usual'. as MICHIO KAKU said, we may acquire all powers, which we were thinking as 'godly magics'until now, in the coming hundred years.
who knows, this may be we human being's first step towards 'beingness'.

Manikandan said...

മനുഷ്യൻ നടത്തുന്ന സൃഷ്ടിയുടെ അടിമയായി മനുഷ്യൻ മാറുന്ന കാലം വിദൂരമല്ല എന്ന് സാരം അല്ലെ?

SHIBU said...

Very much timely

Muralee Mukundan , ബിലാത്തിപട്ടണം said...

ഇനി മനുഷ്യന് മുന്നിൽ രണ്ടേ രണ്ടു വഴികളേയുള്ളൂ.
ഒന്നുകിൽ ഈ ആഗോള പരിസ്ഥിതിയെയും ആഗോള
സാമ്പത്തിക വ്യവസ്ഥയെയും ആഗോള ശാസ്ത്രത്തെയും നമ്മൾ
‘ഡി ഗ്ലോബലൈസ്’ ചെയ്തു പഴയതുപോലെ പ്രാദേശികമാക്കണം.

അതല്ലെങ്കിൽ ഇന്നത്തെ സങ്കുചിത ദേശീയ രാഷ്ട്രീയത്തെ
നമ്മൾ ആഗോള രാഷ്ട്രീയമാക്കി വികസിപ്പിയ്ക്കണം, ഉയർത്തണം.

ആദ്യത്തേത് ഒരു കാരണവശാലും നടപ്പില്ലെന്നു എല്ലാവർക്കും അറിയാം.
ആഗോള സാമ്പത്തിക വ്യവസ്ഥയെ ഇനി പ്രാദേശികമാക്കാൻ ഒരിയ്ക്കലും സാധിയ്ക്കില്ല.
അതുകൊണ്ടു നമുക്ക് മുന്നിലുള്ള ഒരേയൊരു വഴി ലോകരാഷ്ട്രീയത്തിലേക്ക് ഉയരുക, വികസിയ്ക്കുക
എന്നത് മാത്രമാണ്.