Tuesday, March 19, 2019

ദാമ്പത്യം എന്ന ഫാന്റസി


                           
 ശിഹാബുദ്ദീൻ പൊയ്ത്തുംകടവിന്റെ ദാമ്പത്യ കഥകളെപ്പറ്റി ചില നിരീക്ഷണങ്ങൾ  

     ഇണ ചേരാനുള്ള സമ്മതപത്രം സമൂഹം വച്ചു നീട്ടിയതാണ് ദാമ്പത്യം  എന്ന പേരിൽ മനുഷ്യസമൂഹപരിണാമത്തിൽ  വന്നു ചേർന്നത്. ചുരുക്കം ചില ജന്തുക്കളിൽ മാത്രം കാണുന്ന പ്രതിഭാസം. പ്രകൃതിയുടെ സംവിധാനക്രമാണിത് എന്ന് ചിലർ വാദിയ്ക്കുന്നുണ്ടെങ്കിലും മറ്റു ജന്തുക്കളിൽ സന്താനങ്ങളെ പരിപാലിച്ചെടുക്കാൻ മാത്രം ഉള്ള താൽക്കാലിക ബന്ധം മാത്രമാണിത്. അന്തഃപുരത്തിൽ ഒന്നിലധികം പെൺജാതികളെ പുലർത്തുന്ന രീതി ഗൊറില്ല്ലകളിലും മറ്റും കാണുന്നുണ്ട് എങ്കിലും ഇണകൾ തീവ്രബന്ധം സ്ഥാപിച്ച് നെടുനാൾ ദാമ്പത്യചര്യകൾ അനുഷ്ഠിയ്ക്കുന്നത് പ്രകൃതിക്രമം ഒന്നുമല്ല. സ്വച്ഛന്ദരതിയാണ് ജീവികളുടെ പ്രമാണം. മിടുക്കനായ ആൺ ജാതി ഏറ്റവും കൂടുതൽ സന്താനങ്ങളെ ഉദ്പാദിപ്പിക്കാൻ നിയുക്തനാണ്. മനുഷ്യരുടെ കാര്യത്തിൽ ദാമ്പത്യം പൊതുസ്ഥാപനമാകുകയും സമൂഹത്തിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ഈ സംസ്ഥാപനത്തിനു ബാദ്ധ്യതയേറുകയും ചെയ്യുന്നു.വ്യക്തിയുടെ താൽപ്പര്യങ്ങൾ അപ്രസക്തമാകുകയാണ് ഇതോടൊപ്പം.  രതി എന്നത് പ്രജനനോദ്ദേശത്തിൽ നിന്ന് വിഘടിച്ചതോടെ ദാമ്പത്യത്തിലെ സമൂഹനിഷ്കർഷകൾ സംഘർഷോത്പാദകവുമാകുകയാണ്.   

  സുഖമിയന്ന ദാമ്പത്യം ഒരു വിഭ്രാത്മകചിന്ത മാത്രമാണെന്നാണ്  ശിഹാബുദ്ദീൻ പൊയ്ത്തുംകടവിന്റെ പതിനൊന്നു കഥകൾ സമർത്ഥിക്കുന്നത്, പ്രത്യേകിച്ചും ഇന്നത്തെ നാഗരികപരിപ്രേക്ഷ്യത്തിൽ.  പരസ്പരം സ്നേഹിച്ച് ബഹുമാനിച്ച് പ്രണയിച്ച് എത്ര ഭാര്യാഭർത്താക്കന്മാർ ജീവിക്കുന്നുണ്ട്, അല്ലെങ്കിൽ ജീവിച്ചിട്ടുണ്ട്? ഒന്നും മനഃപൂർവ്വമല്ലായിരുന്നു, സ്നേഹിച്ചതും കല്യാണം കഴിച്ചതും മരിച്ചതും എന്ന് ഒരു കുറ്റബോധത്തോടെ ആണ്  പൊയ്ത്തുംകടവ് തന്റെ കഥകൾ വായനക്കാർ സമക്ഷം  അവതരിപ്പിക്കുന്നതു തന്നെ. ദാമ്പത്യത്തിന്റെ മൃതശാന്തിഗീതം രോദനമായി അടക്കി വച്ചിരിക്കയാണ് മിക്ക കഥകളിലും.  ഇതിനു കാരണങ്ങൾ നിരത്താൻ കഥാകൃത്തിനു അത്യൗൽസുക്യമുണ്ടെന്ന് മാത്രമല്ല അവ പലപ്പോഴും നേരിന്റെ കാമ്പിനു ചുറ്റും വലയം ചെയ്ത് ഉയരുന്നതുമാണ്. സന്ദേഹത്തിനു ഇട നൽകുന്നില്ല വായനക്കാരനു ഇക്കാര്യത്തിൽ. 

ദാമ്പത്യം ഒരു റിയാലിറ്റി ഷോ
    അഭിനയസാദ്ധ്യതകൾ ഏറെ പരീക്ഷിക്കപ്പെടുന്നതാണ് ദാമ്പത്യവേള. പലതും കണ്ടില്ലെന്നു നടിയ്ക്കുക, ദേഷ്യം, സങ്കടം, പക എന്നിവ അടിച്ചമർത്തുക, കുട്ടികളുടെ മുൻപിൽ മാതൃകയാകുക എന്നതൊക്കെ ഇതിന്റെ സ്ക്രിപ്റ്റിൽ എഴുതിവയ്ക്കപ്പെട്ടവയാണ്. വിവാഹമോചനം സമൂഹത്തിൽ അത്രകണ്ട് അംഗീകരിക്കപ്പെടാത്ത ഭാരതീയചുറ്റുപാടിൽ ഇതിനു ആക്കം കൂടുന്നു. ഭാര്യാഭർതൃബന്ധം പരിപാവനവും ദൈവീകവുമാണെന്ന സങ്കൽപ്പത്തെ പരിപാലിക്കാനും ബാദ്ധ്യതയുണ്ട്. ഭാര്യയുടെ വ്യക്തിസ്വാതന്ത്ര്യമോ ആശകളോ കാമനകളോ ഭർത്താവിന്റെ സർഗ്ഗശേഷിയെ പോഷിപ്പിക്കാനോ അയാളുടെ മോഹങ്ങളെ സഫലീകരിയ്ക്കാനോ വിഘാതമായിത്തീരുകയും ചെയ്തേക്കാം (ആകാശപേടകം, ഷൈഖ് അമീറലി ഖാൻ).നിർഭാഗ്യവശാൽ ഞാൻ കണ്ട ദാമ്പത്യമൊക്കെ തികഞ്ഞ അസംബന്ധനാടകങ്ങളായിരുന്നു. എന്റെ മാതാപിതാക്കളുടേതടക്കം. എന്നാണ് ഷെയ്ഖ് അമീറലി ഖാൻലെ കഥാപാത്രത്തിനു സമ്മതിക്കേണ്ടിവരുന്നത്. പരസ്പരമുള്ള അറസ്റ്റല്ലാതെ മറ്റെന്താണ് ദാമ്പത്യം എന്നാണ് അറസ്റ്റ് ലെ നായകൻ ഡയറിയിൽ കുറിയ്ക്കുന്നത്.  എത്ര അലക്കിയിട്ടും ജീർണ്ണിച്ച നനഞ്ഞവസ്ത്രം കമിഴ്ന്നുകിടന്ന് നിശ്ശബ്ദം കണ്ണീരൊലിപ്പിക്കുന്നതാണത്. ആഖ്യാതാവ് ഇങ്ങനെ പല സാമാന്യ ലോകോക്തികൾ  പലപ്പോഴും തെളിച്ചെടുക്കുന്നുണ്ട്. കഥാകൃത്ത് എന്ന വ്യക്തിയുടെ ആത്മനിഷ്ഠമായ അഭിപ്രായങ്ങളായി ഇവ കണക്കിലെടുക്കാൻ ഞാൻഎന്ന ഉത്തമപുരുഷന്റെ ഉക്തികളല്ലിവ. വായനക്കാരന്റെ ഉള്ളിലാണ് കഥാപാത്രം രൂപം കൊള്ളുന്നത്. കഥാപാത്രത്തിന്റെ അഭിപ്രായം വായനക്കാരന്റെ അഭിപ്രായമായി മാറ്റിയെടുക്കന്നതാണ് എഴുത്തിലെ ജാലവിദ്യ. ഇവിടെ വായനക്കാരൻ കൂടുവിട്ട് കൂടു മാറുകയാണെങ്കിൽപ്പോലും. ദാമ്പത്യത്തിലെ പരാജയഭീതി, അതിന്റെ പരിണതി ഉളവാക്കുന്ന ആത്മനാശങ്ങൾ, ഇണ അല്ലെങ്കിൽ സ്വാസ്ഥ്യദാതാവ് ഒരേസമയം സ്വപക്ഷത്തും മറുപക്ഷത്തും നിലയുറപ്പിക്കാനാഞ്ഞുനിൽക്കുന്നതിലെ ഉൽക്കണ്ഠയും ചേർന്നതാണിത്-  എന്ന കാൽപ്പനികസ്വരൂപത്ത്ന്റെ വിപരീതപകർച്ചയിലെ ആഘാതവും വൻ നിപാതങ്ങളും എല്ലാം സങ്കലിക്കുമ്പോൾ ഇത്തിരി സുഖത്തിന്റെ പഞ്ചാരത്തരി പോലും വിഭ്രാന്തിയുടേ കണ്ണാടിക്കുപ്പിയിൽ മാത്രം കാണുന്നതാണ്. സ്വപ്നങ്ങൾ വിൽക്കാനുള്ള തെരുവിൽ പ്രണയം പകുത്തു നൽകുന്നവൾ തന്നെയാണ് മണി പന്ത്രണ്ടടിയ്ക്കുമ്പോൾ സിൻഡ്രലയെപ്പോലെ രൂപപരിണാമം സംഭവിച്ച്  വികാരശൂന്യയും ഭൂമിയിലെ ഏറ്റവും അരക്ഷിതനായ മനുഷ്യനായി അയാൾ മാറുന്നത് അറിയാത്തവളും  ആയി  എതിർചേരിയിൽ നിൽക്കുന്നത്. അകം പുറം തിരിയലിൽ അകമേത് പുറമേത് എന്ന് തിരിയാൻ എളുപ്പമല്ല,അത് ഭ്രമാത്മകതയിലേക്ക് നയിക്കുകയും ചെയ്യും. ആരും ഇരിക്കാത്ത കസേരകളി പോലെയാണിത്. ദാമ്പത്യരഹസ്യം ഇന്നും അജ്ഞാതമായി നിലകൊള്ളുന്നത് ഈ വിഭ്രമാത്മകതയുടെ പൊരുൾ ഏത് ചിമിഴകം പൂകിയിരിക്കുന്നു എന്നത് അജ്ഞേയമായിരിക്കുന്നതിനാൽ തന്നെ.

ഭർത്താവ് എന്ന പരിണാമരക്തസാക്ഷി
       പരിണാമം അടിച്ചേൽപ്പിച്ച ചുമതല കുടുംബം എന്ന വ്യവസ്ഥയുമായി ഇടഞ്ഞു നിൽക്കുന്നു. വിവാഹപൂർവ്വ സെക്സ് പ്രശ്നമാകുന്നു. ഈ നിസ്സഹായാവസ്ഥയിൽ നിരാലംബനാകുന്ന ഭർത്താവിന്റെ ആത്മവിലാപങ്ങളാണ് ശ്രീ പൊയ്ത്തുംകടവിന്റെ കഥാസാരങ്ങൾ.  ഈ വ്യഥകൾ  വിവിധ ആഖ്യാനചാതുര്യങ്ങൾ അലങ്കരിച്ചാണ് വായനക്കാർ സമക്ഷം അവതരിക്കപ്പെടുന്നത്. നിരന്തരമായി ബീജം ഉത്പാദിപ്പിച്ച് കഴിയുന്നത്ര പെൺജാതിയിൽ അവ നിക്ഷേപിക്കപ്പെടാനുള്ള ഫിസിയോളജിയുമായിട്ടാണ് ആൺജാതി സ്വരൂപപ്പെട്ടിരിക്കുന്നത്. കൂടാതെ ഇതിനുള്ള മനോവികാരങ്ങളും ചിന്താപദ്ധതികളും തലച്ചോറിൽ നിബദ്ധമാക്കപ്പെട്ടിരിക്കുകയുമാണ്. പത്തു പന്ത്രണ്ടു വയസ്സുമുതൽ എഴുപതോ എൺപതോ വയസ്സുവരെ ഈ ബീജോൽപ്പാദനവും രതികാമനയും അവന്റെ കൂടെയുണ്ട്. കരുത്തനും മെച്ചപ്പെട്ടവനും സുന്ദരനും ആണെങ്കിൽ അവനെ പെൺജാതികൾ സമീപിക്കുകയും ചെയ്യും. പ്രകൃതിയുടെ നിയമം. ഇതിനെതിരേ പൊരുതാനാണ് കുടുംബം എന്ന വ്യവസ്ഥ അവനോട് നിർദ്ദേശിക്കുന്നത്.  ഉള്ളിൽ ഓളം തല്ലുന്ന പരസ്ത്രീഗമനവാഞ്ഛയെ അടക്കിയൊതുക്കണമെന്നു മാത്രമല്ല, ബീജോൽപ്പാദനവും വർദ്ധിച്ച ടെസ്റ്റീസ്റ്റീറോൺ ഹോർമോൺ   അളവും രതിയിലേർപ്പെടാൻ നിർബ്ബന്ധിക്കുന്ന ഉൾത്തുടിപ്പ് ഇല്ലെന്ന് നടിയ്ക്കുകയും വേണം.  കൗമാരസമയത്ത്- യൗവനത്തിലും- രതിയിലേർപ്പെടുന്നത് വിവാഹത്തിനു മുൻപേ ആയിരിക്കും എന്നത് വിവാഹശേഷം കുറ്റബോധം ഉളവാക്കാൻ പഴുതുകളിടുകയാണ്. ആദികാല രത്യൂഷ്മളത അവനെ വിടാതെ പിൻ തുടർന്നേക്കാം, കാമന കുറഞ്ഞ ഭാര്യ അയാളെ ഹോർമോണുകൾ രക്തത്തിൽ തിളച്ചു മറിയുമ്പോൾ ഈ ഓർമ്മകളിലേക്ക് വഴുതിപ്പിക്കാൻ സാദ്ധ്യതയുമേറ്റുന്നു. പരിണാമത്തിന്റെ ഒഴുക്കിനെതിരേ ഉള്ള ഈ നീന്തൽ എളുപ്പമല്ല. അത് നൽകുന്ന മഹാവേദന ഒരു പുരുഷസിംഹമായി മാറാനും എന്നാൽ ആ സിംഹത്തെ മയക്കിക്കിടത്താനും അയാൾ അറിഞ്ഞിരിക്കണം (നഗരത്തിലെ കുയിൽ).
 
      കുടുംബവ്യവസ്ഥ സൃഷ്ടിക്കപ്പെട്ടതോടൊപ്പം ആണിന്റെ രതി എന്നത് മിച്ചം നിന്നു. വേശ്യാവൃത്തി സമാന്തരമായി ഉയിർക്കൊണ്ടു. ഇത് കുറ്റബോധത്തിനു ഇടയാക്കുകയും ദാമ്പത്യത്തിലെ ഏറ്റവും വിഷമം പിടിച്ച കേസ് ആകുകയും ചെയ്തു. ലോക സാഹിത്യപ്രമേയങ്ങളിൽ ഈ കുറ്റബോധം പ്രധാന പ്രമേയമായിട്ടുണ്ട്. വിവാഹപൂർവ്വ രതി എന്നത് ഊഷ്മളചിന്തകളായി നിലനിൽക്കുന്നതും കുടുംബം എന്ന വ്യവസ്ഥ കെട്ടിപ്പടുക്കുന്നത് പ്രണയം എന്നത് അടിസ്ഥനമാക്കിയല്ല എന്നതിനാലും ഭർത്താവിനു അഭിനയിച്ചു തീർക്കേണ്ടത് കടുകട്ടി കഥാപാത്രത്തെയാണ്. പൂർവ്വപ്രണയചിന്തകൾ അവനു സ്വാസ്ഥ്യം നൽകിയേക്കാം. സമാന്തരപ്രണയത്തിനു ഉൾവിളി ഉണർന്നേയ്ക്കാം. .ഇതിഹാസങ്ങളിലും പുരാണങ്ങളിലും കഥാഗതികൾ വഴിമാറുന്നത് ഈ മാനസികനിലയെ അടിസ്ഥനമാക്കിയാണ്. ഭർത്താവിന്റെ കാമനകൾ എന്നത് ആയിരമായിരം വർഷങ്ങൾ കഴിഞ്ഞിട്ടും തീർപ്പ് കൽപ്പിക്കപ്പെടാതെ ദ്രവിച്ച് പൊടിയുകയാണ്. സംഘർഷങ്ങളിൽ നിന്ന് വിമുക്തി നേടാൻ കണ്ണാടിയിൽ കയറിക്കൂടി ആത്മനിർവൃതി അനുഭവിക്കാം. കാമനകളുടെ തുറസ്സ് സൃഷ്ടിക്കുന്ന തെരുവ് ഫാന്റസി ആയി കൊണ്ടു നടക്കാം. ജീവപര്യന്തം എന്ന് ഒരു കഥയുടെ പേരു തന്നെയാണ്, ദാമ്പത്യം എന്ന തടവ് എന്ന് നേരിൽ പ്രയോഗിച്ചില്ലാ എന്നേ ഉള്ളൂ. അറസ്റ്റിലാക്കപ്പെട്ടവരാണ് ദമ്പതികൾ. മരണം മാത്രമാണ് ആത്യന്തിക മുക്തി.

സുരതം എന്ന അത്യാവശ്യം
     ദാമ്പത്യത്തെ ആദർശവൽക്കരിക്കുമ്പോൾ സുരതം എന്ന സഹജപ്രകൃതി  (instinct) നിസ്സാരവൽക്കരിക്കപ്പെടുക എന്നത് ലോകസാധാരണമാണ്. ബൈബിൾ ഉദ്ബോധിപ്പിക്കുന്ന പാപബോധവും സങ്കലിച്ചാൽ സങ്കീർണ്ണമായി പ്രശ്നങ്ങൾ. ദാമ്പത്യബന്ധത്തിന്റെ കെട്ടുറപ്പ് സുരതക്രിയയിലാണ് നിലകൊള്ളുന്നത്, പ്രജനനത്തിനുവേണ്ടി മാത്രമല്ല എന്നത് തീരെ അറിഞ്ഞില്ല എന്ന് നടിയ്ക്കാനാണ് നമുക്കെളുപ്പം. ഇന്നും ഗോപ്യമായി സൂക്ഷിക്കുന്ന, എന്നാൽ പുറത്ത് അറിഞ്ഞുപോവുന്ന രഹസ്യം ആണു താനും. ഇണചേരാൻ ഭാര്യയുടെ സെയ്ഫ് പീരീഡ്നോക്കേണ്ടി വരുന്നതിലെ യുക്തി ആണുങ്ങളുടെ സഹജസ്വഭാവത്തിനു ഇണങ്ങിയെന്നിരിക്കയില്ല (ഈ മഴയെക്കൊണ്ട് തോറ്റു).  ഭർത്താവിനു രതി സാദ്ധ്യമല്ലാതെ വരുന്ന വേളകളിൽ -ശാരീരികമോ മാനസികമായോ ഉള്ള പ്രശ്നങ്ങളാൽ- അയാളുടെ കൂടെ നിൽക്കാൻ കാൽപ്പനികലോകത്തെയെങ്കിലും പരിചയപ്പെടുത്തി എടുക്കാനുള്ള യത്നമെന്ന് തോന്നിപ്പിക്കുന്നതാണ് പല കഥകളും. കിടക്കയിൽ മാത്രം വരുന്ന ഉറുമ്പാണിത്. ജന്തു എന്ന കഥയിൽ ഭർത്താവ് ജന്തുശാസ്ത്രപരമായി പലരായും ഇണ ചേർന്നയാളാണ്. അതിന്റെ കുറ്റബോധമണ് അയാളെ തീവ്രമായി അലട്ടുന്നത്.  ഈ കുറ്റബോധം കുടുംബം എന്ന നിർമ്മിതിയുടെ സംഭാവനയാണ്. കണ്ണാടിയിൽ കാണാത്തത് എന്ന കഥയിൽ തന്റെ അപരൻ കണ്ണാടിയിൽ നിന്ന് ഇറങ്ങിവന്ന് സാന്ത്വനമോതുന്നതായുണ്ട്. പരിണാമത്തെ അതിന്റെ തനിമയോടെ പിൻ തുടരുന്ന മനുഷ്യൻ, ദാമ്പത്യം എന്ന് കൃത്രിമക്കെട്ടുപാടുകളിൽ പെടാത്ത മനുഷ്യനായിരിക്കണം കണ്ണാടിയിൽ നിന്ന് ഇറങ്ങി വരുന്നത്.

 കട്ടിൽ എന്ന ബിംബം, മൊബൈൽ ഫോൺ എന്ന സൂചകം
അറസ്റ്റിൽലെ കട്ടിൽ ഒരു കട്ടിൽ അല്ല. കട്ടിലിനു കാണെക്കാണെ വീതിയേറുകയാണ്. ശരീരങ്ങൾ ഒന്നിക്കാനുള്ള ഇടം മാത്രമല്ല അത്, സ്നേഹത്തിലും വിശ്വാസത്തിലും ലയിച്ച്  ചേരേണ്ട പ്രതലവുമാണത്.പരമമായ സ്വാസ്ഥ്യം പ്രദാനം ചെയ്യേണ്ട അത്യാവശ്യ ഭൗതിക വസ്തു. കിടക്കയും കിടപ്പറയും എപ്പൊഴും വൃത്തിയായി സൂക്ഷിക്കണം (പേജ് 79). കിടപ്പറ ആശ്വാസമേഖല അല്ലാതാകുമ്പോൾ അത് രണ്ടായി പിളരും. ഭ്രമലോകത്തു നിന്ന് പ്രേമമസൃണയായ ഒരു പെൺകുട്ടി   തരളസ്നേഹവും രതിസൗഭാഗ്യവുമായി എത്തുന്നുണ്ട്. ഭാര്യയ്ക്കും തനിക്കുമിടയ്ക്ക് എല്ലാ ദാമ്പത്യസുഖങ്ങളും നൽകുന്ന ഒരുവൾ പ്രത്യക്ഷെപ്പെടുക എന്ന ഫാന്റസിയാണ് അയാളെ നയിയ്ക്കുന്നത്. സ്വയം പ്രവർത്തിക്കുന്ന കഠിനസ്വരൂപിയായ ഒരു ഈർച്ചവാൾ അത്യസാധാരണമായ കട്ടിലിനേയും കിടക്കയേയും രണ്ടായി പിളർത്തി എന്നതാണ് ദാമ്പത്യപരിതാപ പരിണതി. പക്ഷേ അയാൾക്ക് ആനന്ദനിർവൃതിയാണ്. ...ഉപബോധത്തിന്റെ പെരും തളർച്ചകൾ അയാളെ പുണർന്നുകളഞ്ഞു എന്നത് വിഭ്രാന്തി മാത്രമാണ്. കിടക്കയിൽ പൊരുത്തമില്ലായ്മയുടെ ഉറുമ്പാണ് ഭർത്താവിനെ നിരന്തരം കടിച്ച് വലിയ്ക്കുന്നത്, വലയ്ക്കുന്നത് (ജീവപര്യന്തം). യഥാർത്ഥത്തിൽ എന്റെ ലോകം കിടപ്പറയാണ് എന്ന് പ്രസ്താവിച്ച് ദാമ്പത്യത്തിലേക്ക് കടന്ന ഭർത്താവിനെയാണ് ഈ ഉറുമ്പ് നിരന്തരം ശല്യം ചെയ്യുന്നത്.

   പ്രേമമസൃണതയുടെ സൂചകമായിട്ടാണ് നഗരത്തിലെ കുയിൽ ഇൽ മൊബൈൽ ഫോൺ പ്രത്യക്ഷപ്പെടുന്നത്. ഭർത്താവിന്റെ ഹൃദയം തന്നെയാണത് എന്നാണ് അവസാനത്തെ സമർത്ഥനം. ഇത്രയും കനം കുറഞ്ഞ മുന്തിയ ഫോൺ ലോകത്ത് ഇറങ്ങാനിരിക്കുന്നതേ ഉള്ളു
എന്ന് ആദ്യമേ പറഞ്ഞു വയ്ക്കുന്നതിനോടൊപ്പം ഭാര്യയ്ക്ക് ക്യാമെറ പോലുമില്ലാത്ത മൊബൈൽ ആണെന്ന് അവൾ പരാതിപ്പെടുന്നുമുണ്ട്. പരസ്പരം സംവേദനസാദ്ധ്യതകൾ അനുവദിക്കാത്ത ഹൃദയങ്ങൾ. മൊറാവി എന്ന റിസോർടിൽ ഈ പ്രണയസൂചകത്തെ റാഞ്ചുന്ന പക്ഷിയുണ്ട്; അത് ഭർത്താവിന്റെ ഫോണിനെ അടക്കിപ്പിടിച്ച് തൂവലാൽ തഴുകുന്നത് രതിസാമ്യതയോടെയാണ്. ഭാര്യ ഇതോടൊപ്പമുള്ള ശബ്ദങ്ങൾ കേട്ട് രതിക്രീഡാവേളതന്നെ എന്ന് ധരിക്കുന്നുമുണ്ട്. ഒരു തെറ്റിദ്ധാരണയുടെ പേരിൽ തടവിലാകുകയാണ് ഭർത്താവ്.  അയാൾ  ...ഏതോ കരാളമായ തടവറയിലെ ഇരുട്ടിൽ വർഷങ്ങളോളം ഭാര്യയുടെ പേര് വിളിച്ചു കരഞ്ഞു.........അയാളുടെ വിലകൂടിയ മൊബൈൽ ഫോൺ ഒട്ടും ഉപയോഗിക്കപ്പെടാത്ത ഹൃദയം പോലെ ഏകാന്തമായി ദ്രവിച്ചു പൊടിഞ്ഞു. ..

  അടക്കിയ രതിയുടെ സൂചകമായി കണ്ണാടിയും പ്രത്യക്ഷപ്പെടുന്നുണ്ട്. (കണ്ണാടിയിൽ കാണാത്തത്). കണ്ണാടിയ്ക്ക് മറ്റ് ബിംബകൽപ്പനകൾ നൽകുന്നതോടൊപ്പം സുഖവും ആശ്വാസവും നൽകുന്ന ഇണയായുമായി  അത് പ്രത്യക്ഷപ്പെടുന്നു. കണ്ണാടിയിൽ കയറി ഇറങ്ങുന്നത് രതിസുഖസാരേ ആണ്. കണ്ണാടിയെ ആശ്ളേഷിക്കുന്നത് അശ്ളീലമായി കാണുന്നുണ്ട് ഭാര്യ. കണ്ണാടി ഒരുപാടുള്ള ഹോടലിൽ മുറിയെടുക്കുന്നത് രഹസ്യവേഴ്ച്ചയ്ക്ക് തയാറാകുന്നതു പോലെയാണ്. കണ്ണാടിയ്ക്കുള്ളിൽ കയറിയാണ് അച്ഛൻ ഈ ലോകത്തു നിന്ന് യാത്രയാകുന്നത്. രതിയും മരണവും തമ്മിലുള്ള സാദൃശ്യവും കെട്ടുപിണയലും വ്യക്തമാകുന്നു. കാർഡിയാക് അറസ്റ്റ് പരമമായ ആനന്ദമായാണ് ചിത്രീകരിക്കപ്പെടുന്നത് (അറസ്റ്റ്).

ഒരിയ്ക്കലും ചേരാത്ത പാളങ്ങൾ-നഗരം,ഗ്രാമം
 ദാമ്പത്യസുരക്ഷയ്ക്ക് ഗ്രാമ്യത അനുകൂലമെന്നവണ്ണമാണ് ശരാശരി ഭർത്താക്കന്മാർ കരുതുന്നത് എന്നാണ് കഥാകൃത്തിന്റെ സമർത്ഥനം. പ്രത്യേകിച്ചും നാഗരീകയായ ഭാര്യയുള്ളപ്പോൾ. പ്രണയത്തിന്റെ കുയിൽകൂജനം നഗരത്തിൽ അനുഭവപ്പെടുന്നത് പ്രധാന കഥാതന്തുവായി സ്വീകരിച്ചിരിക്കുന്നു നഗരത്തിലെ കുയിൽ എന്ന കഥയിൽ.
കുയിൽ എന്ന പ്രതീകം പ്രണയഹർഷദ്യോതകമാണ് . നഗരത്തിൽ കുയിൽ ഇല്ലെന്ന് ഭാര്യ സമർത്ഥിക്കുന്നുണ്ട്, അത് കുയിൽ പോലുമല്ല, രഹസ്യഫോണിലെ റിങ് ടോൺ ആയിരിക്കും എന്നും അവൾ വിശ്വസിക്കുന്നുണ്ട്. തികച്ചും ഭർത്താവിന്റെ കുറ്റം മാത്രമല്ല ഈ സാഹചര്യപരിണതി. നിന്റെ സ്നേഹത്തിനു ആഴത്തിൽ എന്നെ തൊടാനുള്ള ശക്തിയില്ലാതെ പോയി എന്നാണ് അയാളുടെ ദീനവിലാപം.അർബൻ-വില്ലേജ് ഡിഫറൻസായിരിക്കും പ്രശ്നമുണ്ടാക്കുക എന്ന് ഈ മഴയെക്കൊണ്ട് തോറ്റുഇലെ ഭാര്യ പറയുന്നുണ്ട്. ആ കഥയിലെ തന്നെ അച്ഛൻ ഗ്രാമ്യതാൽപ്പര്യങ്ങളുടെ ബന്ധസ്നിഗ്ധത സ്വരൂപം പ്രാപിച്ച കഥാപാത്രമാണ്.


ഭംഗിയറ്റ താജ് മഹൽ
താജ് മഹൽ എന്ന പ്രണയകുടീരത്തെ അതേപടി ദാമ്പത്യ/പ്രണയസാക്ഷാത്ക്കാരമായി അവതരിപ്പിച്ചാണ് വൈരുദ്ധ്യങ്ങൾക്ക് ആക്കം കൂട്ടാൻ കഥാകാരൻ ഒരുമ്പെടുന്നത്. ഷാജഹാനും മുംതാസും തന്നെയാണ് താജ് മഹലിൽ എത്തുന്നതും. ആക്ഷേപഹാസ്യമല്ല കഥാകാരൻ ഉദ്ദേശിച്ചിരിക്കുന്നത് എന്നത് സുവ്യക്തമാണ്. ദാമ്പത്യത്തിലെ പ്രാരാബ്ധങ്ങളും പീഡകളും കുഞ്ഞുങ്ങളെ പരിപാലിക്കുന്നതിലെ ബുദ്ധിമുട്ടുകളും ഷാജഹാനേയും മുംതാസിനേയും കാൽപ്പനികതയിൽ നിന്നും ദൂരെ നിറുത്തുകയാണ്. വിവാഹപൂർവ്വപ്രണയം നഷ്ടപ്പെട്ടു പോയിരിക്കയാണ്, താജ് മഹൽ കാണാനുള്ള ആവേശവും തണുത്തിരിക്കുന്നു. ആ രമ്യഹർമ്യത്തിനു മുൻപിലെത്തിയപ്പോൾ മുംതാസിനു കഠിനമായ വയറ്റിലസുഖത്തിന്റെ പരിണതിയായി റ്റോയിലറ്റിലെക്ക് ഓടാനാണു തോന്നുന്നത്. അധികമൊന്നും കാണാതെ നിത്യപ്രണയികളെന്നു ലോകം വാഴ്ത്തിയ ഷാജഹാനും മുംതാസും മടങ്ങിപ്പോവുകയാണ്. കലണ്ടറിലാണു താജ് മഹലിന്റെ ഭംഗി എന്ന് അവർ തീരുമാനിക്കുന്നത് പ്രണയസാക്ഷാത്ക്കാരം ദാമ്പത്യ്ത്തിലൂടെ എന്ന കാൽപ്പനികവെളിപാടിന്റെ പൊള്ളത്തരം വിളിച്ചോതുകയാണ്. താജ് മഹൽ കാണേണ്ടിയിരുന്നില്ല, അതെങ്കിലും ബാക്കി വയ്ക്കാമായിരുന്നു എന്ന ഷാജഹാന്റെ പ്രലാപം ദാമ്പത്യം പ്രണയത്തിന്റെ പരിണതിയേ അല്ല എന്ന വിളംബരമാണ്.


ഭാര്യ എന്ന വിമല
    വെറും സമൂഹനിർമ്മിതി ( social construct) ആയ ദാമ്പത്യം ഊഷ്മളവികാരങ്ങളുടെ യോജനാവേളയായി നിർവ്വചിക്കേണ്ടതില്ല എന്നത് ലളിതയുക്തി തന്നെ. ആത്മവികാരങ്ങൾക്ക് പ്രാധാന്യമില്ല അവിടെ, എന്നാൽ പൊതുവികാരങ്ങൾ കൂട്ടായ്മദ്യോതകമായി  സാംഗത്യമണയ്ക്കുന്നുണ്ട്. പക്ഷേ ഈ വൈകാരികത സെക്സിനു ഇടം നൽകുന്നില്ല. ഭർത്താവിനു പരസ്ത്രീയുമായാണ് ബന്ധം എന്ന വിശ്വാസത്താൽ അവളേക്കാൾ രതിലാലസ താനാണെന്ന് തെളിയിക്കാനായി ഭർത്താവിനെ റേപ് ചെയ്യാൻ ഉദ്യമിക്കുന്ന ഭാര്യയുണ്ട് നഗരത്തിലെ കുയിൽ ഇൽ. കഥകളിലെ പല ഭാര്യമാരും ഭാര്യഎന്ന വിശേഷണം പേറുന്ന വ്യക്തികൾ മാത്രമാണ്, അവരുടെ അസ്തിത്വം അതു മാത്രമാണ്. എന്നാൽ ഭാര്യമാരെ ദാമ്പത്യജീവിതതിൽ ഉൾക്കൊള്ളിക്കാൻ പറ്റാത്തതിന്റെ പശ്ചാത്താപം എന്ന കണക്കിനു വിമല എന്ന് പേരിട്ട് തെറ്റുകുറ്റങ്ങൾ തന്റെ പക്ഷത്താണെന്ന മട്ടിൽ അവൾക്ക് വിശുദ്ധസ്ഥനം കൊടുക്കുന്നുമുണ്ട് കഥാകാരൻ. (ആസൂത്രിതമായ ഒരു കൊലപാതകം, ജന്തു എന്നീ കഥകളിൽ). മനുഷ്യസമൂഹത്തിന്റെ കൃത്രിമനിർമ്മിതിയായ പ്രജനനപങ്കാളിയ്ക്ക് നിത്യതുണ എന്ന രീതി അതിന്റെ സമ്മർദ്ദത്താൽ നടപ്പാകുമ്പോൾ ഭർത്താവിന്റെ ഭാഗമാണ് വൈകാരികതയിൽ തോറ്റു പോകുന്നത്.  ബയോളജിപരമായി ഭാര്യയ്ക്ക് കുഞ്ഞുങ്ങളെ വളർത്തേണ്ട ജോലി ഉണ്ട്, കുടുംബത്തിന്റെ ഭാഗമാകാൻ എളുപ്പമുണ്ട്. സംരക്ഷകൻ എന്ന ജോലിയ്ക്ക് ഭർത്താവ് വേണമെന്ന് നിർബ്ബന്ധമില്ല എന്ന് മരുമക്കത്തായ സമ്പ്രദായം തെളിയിച്ചിട്ടുമുണ്ട്.  പ്രസവം, ശിശുപരിപാലനം, ഹോർമോണുകളുടെ ഏറ്റക്കുറച്ചിൽ ഇവയൊക്കെ മൂലം സ്ത്രീകളുടെ കാമവാസനയിൽ മാറ്റം സംഭവിക്കുന്നത്  ആണുങ്ങളുടെ ഫിസിയോളജിയുമായി ഒത്തുപോകുന്നതല്ല എന്നത്  സംഘർഷോത്പാദനത്തിനു വഴിതെളിയ്ക്കുന്നതാണ്. കുടുംബപരിപാലകൻ, രക്ഷകൻ എന്ന കർമ്മബാദ്ധ്യത ഒഴിഞ്ഞാൽ അയാൾ ആർക്കും വേണ്ടാത്തവനാകുകയാണ് കണ്ണാടിയിൽ കാണാത്തത് ഇലെ അച്ഛനെപ്പോലെ.  കുടുംബം ഒരു പളുങ്കുപാത്രമാണ്, അത് അത് ഉടഞ്ഞു പോകാതിരിക്കാനാണ് ഞാനിതൊക്കെയും സഹിച്ചത് എന്ന് ആ കഥയിലെ  അച്ഛൻ പറഞ്ഞു പോകുന്നത് ഇതുകൊണ്ടാണ്. ഇണയായിട്ട് സ്വന്തം ആത്മാവ് മാത്രമാണുള്ളത് എന്ന ദയനീയ സത്യമാണ് കണ്ണാടിയെ ആലിംഗനം ചെയ്യുന്ന അച്ഛൻ പ്രകടമാക്കുന്നത്. രത്യോന്മുഖതയിലെ വ്യത്യാസം ഭാര്യയെ സംശയത്തിലേക്ക് നയിക്കുന്നത്  സാധാരണമാകുന്നു. കുയിലിന്റെ മണിനാദം  മൊബൈലിൽ കേൾക്കുമ്പോൾ അത് രഹസ്യ  റിങ് ടോൺ ആയി ഭാര്യയ്ക്ക് അനുഭവപ്പെടുന്നതും ഈ വ്യത്യാസങ്ങൾ അവളെ ജാഗരൂകയായി നിലനിർത്തുന്നതുകൊണ്ടാണ്. എത്രത്തോളം വിമലയാകാൻ പറ്റും എന്നത് പരിണാമപരമായി വെല്ലുവിളികൾ ഉയർത്തുന്ന ദാമ്പത്യത്തിൽ അവൾക്കും നിശ്ചയമില്ലെന്നു വേണം കരുതാൻ.

ദാമ്പത്യരഹസ്യം
 സ്നേഹം, വെറുപ്പ് എന്നിവ വിപരീതങ്ങളായും സമങ്ങളായും കൂടുവിട്ട് കൂടുമാറിക്കളിയ്ക്കുന്ന ദുർഘടസ്ഥലിയാണ് ദാമ്പത്യം എന്നാണ് കഥകൾ സമർത്ഥിക്കുന്നത് (ഷെയ്ഖ് അമീറലിഖാൻ). സ്നേഹത്തിന്റെ പര്യായമാണ് വെറുപ്പും. അല്ലാതെ വിപരീതപദമല്ല. മരണത്തോടെ എല്ലാ ആത്മാവും ഈ ജീവരഹസ്യം അറിയാതിരിക്കില്ല. പശ്ചാത്താപവിവശയായ ഭാര്യയെ അവതരിപ്പിക്കുന്ന ഒരേ ഒരു കഥ ഇതു മാത്രമാണ് ഈ സമാഹാരത്തിൽ. അതേസമയം ദാമ്പത്യത്തിൽ പങ്കെടുക്കാൻ വിമുഖനായ നായകനേയും അവതരിപ്പിക്കുണ്ട് കഥാകൃത്ത്. പങ്കാളിത്തതിന്റെ സാംഗത്യമോ ഇണയുടെ മനോനിലകളോ അറിയാത്ത നാലു വയസ്സുള്ള കുഞ്ഞുങ്ങളാണ് ദാമ്പത്യത്തിന്റെ കിന്റർ ഗാർട്ടനിൽ നിൽക്കുന്നത്, മരണത്തോടെ മാത്രം അവർക്ക് വകതിരിവ് ലഭിക്കുമ്പോൾ മാത്രം രഹസ്യങ്ങൾ വെളിവാകുകയാണ്, സ്വർഗ്ഗത്തിൽ മാത്രം ഇണകൾ പരസ്പരസ്നേഹവും വിശ്വാസവും അനുഭവിക്കുകയാണ് എന്നൊക്കെ ആ കഥയിലെ ഞാൻദൃഢമായി വിശ്വസിക്കുന്നു. 
   പതിവ്രതാധർമ്മപ്രഘോഷണത്തിനു ചെവി കൊടുക്കേണ്ടാത്ത സ്ത്രീ, സതി അനുഷ്ടിക്കേണ്ടാത്തവൾ, അവൾ നേടിയ സ്വാതന്ത്ര്യം ഭർത്താവിനെ ആശങ്കാകുലൻ ആക്കിത്തീർക്കുമെന്ന് അയാൾക്ക് പണ്ടെ ഉറപ്പുണ്ടായിരുന്നതുകൊണ്ടാണ് ഭാര്യയെ സാധ്വി എന്ന പേരിൽ തളച്ചിട്ടത്. ബാംഗ്ളൂ രിൽ നിന്ന് ഐ റ്റിയിൽ പോസ്റ്റ് ഗ്രാജ്വേഷൻ കഴിഞ്ഞു വന്നവൾ (നഗർത്തിലെ കുയിൽ)  ഭാര്യയായി വരുമ്പോൾ ഭർത്താവ് ആയിരമായിരം വർഷങ്ങളിലെ മേധാവിത്തം ഉരിഞ്ഞുകളയേണ്ടി വരുമ്പോൾ ആത്മസംഘർഷം അനിവാര്യമാണ്. അതിന്റെ മറുവശമെന്നപോലെ കൊല്ലങ്ങളായി അമർത്തിവച്ചിരുന്ന സംശയങ്ങളും ആകുലതകളും കുടുംബസംരക്ഷണം എന്ന പരിധിക്ക് പുറത്തുനിന്ന് ചിന്തിച്ച് ബഹിർസ്ഫുരണവിധേയമാക്കുകയാണ്. പരിണാമധർമ്മങ്ങൾ ബലഹീനതയേറ്റിയത്
ഉള്ളിലൊതുക്കുമ്പോൾ ഏതു സമയവും പുറത്തു ചാടാൻ വെമ്പൽ കൊള്ളുകയുമാണ്. ഭാര്യയുടെ അതിരുകടന്ന നിയന്ത്രണങ്ങൾ ഭർത്താവിന്റെ ഭാവനാവിലാസചാതുര്യത്തെ ഞെരുക്കിക്കശക്കുന്നത് പലകഥകളിലും പ്രത്യകഷപ്പെടുന്നുണ്ട്. ജീവപര്യന്തത്തടവാണിത്  എന്ന് സ്ഥാപിക്കാൻ മടിയില്ല കഥാനായകന്മാർക്ക്. അവനവനിലേക്ക് നോക്കാനുള്ള ത്വര നുരകുത്തി പതഞ്ഞുപൊങ്ങുന്നതിനു വേറേ കാരണം അന്വേഷിക്കേണ്ടതില്ല.. കണ്ണാടിയിൽ കാണാത്തത് ഇലെ അച്ഛൻ അതാണു ചെയ്യുന്നത്. നിർമ്മലസ്നേഹം വഴിയുന്നവരും ആ കണ്ണാടിയിലൂടെ നമ്മുടെ അടുത്തെത്തും. ഒരിക്കലും ഒന്നും ഒരു കണ്ണാടിയോളമാവില്ലെന്നാണ് കഥയിലെ കണ്ണൻ സംർത്ഥിക്കുന്നത്. സ്വന്തം ആത്മാവാണ് ഏറ്റവും തെളിച്ചം നൽകുന്നത്. ഒരു കണ്ണിനും തെളിച്ചം തരാനാവില്ല ഇത്രയും. പിടിച്ചു നിൽക്കാനാവാതെ വരുമ്പോൾ ഹോട്ടലിൽ നാല് ആൾക്കണ്ണാടികൾ ഉള്ള മുറിയെടുത്ത്  അവയിൽ നിന്നും നാലുരൂപങ്ങൾ വന്ന് കെട്ടിപ്പിടിച്ച് സാന്ത്വനപ്പെടുത്തുന്ന ദൃശ്യം ഈ കഥാപുസ്തകത്തിലെ ഏറ്റവും ഉജ്ജ്വലമായ ഒന്നാണ്. ദാമ്പത്യത്തിന്റെ ഫാന്റസി രംഗം തെളിഞ്ഞു വിലസുന്നു ഇവിടെ. പളുങ്കുപാത്രം ഉടയാതെ എല്ലാം സഹിക്കുന്നവന്റെ മായക്കാഴ്ച്ചകളിലെ അപരൻ,  സാന്ത്വനവുമായി എത്തുന്നവൻ, പൊയ്ത്തുംകടവിന്റെ പാത്രസൃഷ്ടിവൈദഗ്ദ്ധ്യത്തിന്റെ ദൃഷ്ടാന്തരൂപാങ്കനം തന്നെ. കണ്ണാടിയെ കെട്ടിപ്പിടിച്ചുറങ്ങന്ന ഭർത്താവിനെ ഒരു അശ്ളീലക്കാഴ്ച്ചയുടെ ഉദാഹരണമായിട്ടാണ് ഭാര്യക്ക് തോന്നുന്നത്. അതേ കണ്ണാടിയിൽ തിരിച്ച് കയറിയാണ് മറ്റൊരു ഫാന്റസി ലോകത്തിലേക്ക്- കൂടുതൽ യാഥാർഥ്യം കലർന്നതാണത്- സംക്രമണം ചെയ്യുന്നത് അച്ഛൻ.  മനുഷ്യമനസ്സിന്റെ സ്വാഭാവികചോദനയാണ് അടക്കിയ അഭിലാഷങ്ങൾ ഫാന്റസിയായി സാക്ഷാത്ക്കരിക്കുക എന്നത്. സ്വപ്നം വിൽക്കുന്ന തെരുവിൽ അങ്ങനെയാണ് ഭർത്താവ് എത്തപ്പെടുന്നത് (സിൻഡ്രല്ല). മനസ്സിനിണങ്ങിയ പെൺകുട്ടിയുടെ സാമീപ്യം നുകരാനുള്ള വിചിത്രസ്ഥലി. രാത്രിയിൽ അയാൾക്കും ഭാര്യയ്ക്കുമിടയിൽ പൊടുന്നനവേ പ്രത്യകഷപ്പെടുന്ന സ്നേഹാതുരയും ഈ ഭ്രമാത്മകസഫലീകരണത്തിന്റെ പൂർത്തീകരണ  ബിംബമാണ് (അറസ്റ്റ്). എന്നാൽ ഇതിന്റെ മറുവശം എന്ന പോലെ ഭാര്യയും വിരസനായ ഭർത്താവിൽ നിന്ന് രക്ഷനേടാൻ സ്വപ്നം വിൽക്കുന്ന തെരുവിൽ എത്തപ്പെടുന്നെന്നും അവിടെ പ്രേമോഷ്മളത പരത്തിയവൾ തന്റെ ഭാര്യയുടെ രൂപാന്തരം തന്നെ എന്നും അയാൾക്ക് ബോദ്ധ്യം വരുന്നുണ്ട്.

   വളരെ സങ്കീർണ്ണമായ വിഷയത്തെ ഹൃദ്യമായും ലളിതമായും മനസ്സിൽ പറ്റിക്കൂടുന്ന രീതിയിലും അവതരിപ്പിക്കുന്നതിൽ പണ്ടേ കൃതഹസ്തനാണ് ശ്രീ പൊയ്ത്തുംകടവ്. വിപരീതങ്ങൾ സൃഷ്ടിച്ചാണ് ദാമ്പത്യത്തിന്റെ അകക്കാമ്പിലെ വൈരുദ്ധ്യങ്ങൾ പലപ്പോഴും തെളിയിച്ചെടുക്കുന്നത്.   സ്നേഹം, വെറുപ്പ് എന്നിവ അർത്ഥം മാറിക്കളിക്കുന്നതാണ് വിവാഹജീവിതത്തിന്റെ സത്യങ്ങളിലൊന്ന് (ഷെയ്ഖ് അമീറലിഖാൻ) ഇവയുടെ സന്തുലിതാവസ്ഥയോ ഏറ്റക്കുറച്ചിലോ ദാമ്പത്യസുഖത്തിന്റെ പരിമാണങ്ങൾ അങ്കനപ്പെടുത്തുന്നു. ഇതിന്റെ ശാരീരിക തദ്സമമാണ് സിൻഡ്രെലയിൽ. വെറുക്കപ്പെടുന്ന ഭാര്യ/ഭർത്താവ് ക്ളോക്കിൽ മണിയടിയ്ക്കുമ്പോൾ വിപരീതങ്ങളിലേക്ക് തെന്നി മാറുകയാണ്.  എന്നും എതിരേ നിന്നിട്ടുള്ള മതവും ശാസ്ത്രവും ഭാര്യയും ഭർത്താവുമായി വരുന്നുണ്ട് ആകാശപേടകംഎന്ന കഥയിൽ. താജ്മഹലിനെ നേർവിപരീതത്തിൽ പണിഞ്ഞിരിക്കയാണ് താജ്മഹലിലെ തടവുകാർ ഇൽ. ഗ്രാമവും നഗരവും തമ്മിലുള്ള സംഘർഷമാണ് ഈ മഴയെക്കൊണ്ട് തോറ്റു ഇലെ ദാമ്പത്യത്തിൽ. ബെർമുഡ ഇട്ടാലും ലുങ്കി ഉള്ളിൽ കൊണ്ടു നടക്കുന്ന ഭർത്താവും നേരം വെളുക്കും മുൻപ് ഗ്രാമത്തിലേക്ക് ഓടുന്ന അച്ഛനും വിപരീതങ്ങളുടെ ത്രാസിൽ കട്ടകൾ പെറുക്കി വച്ച് സമതുലനം നിർമ്മിച്ചെടുക്കുവാൻ പ്രയത്നിക്കുന്നവരാണ്.  

 എന്നാൽ എല്ലാ കുറ്റങ്ങളും ഭാര്യ ഏറ്റെടുക്കേണ്ടതില്ലെന്നാണ് കഥാകാരൻ പിന്നീട് സമ്മതിച്ചു തരുന്നത്. അതികഠിനമായ ഏകപക്ഷീയതകളും നിർമ്മാണപരമല്ലാത്ത ഇച്ഛാശക്തിയുമാണ് നിങ്ങളുടെ അടിസ്ഥാനവികാരം എന്ന് കട്ടായം പറഞ്ഞ ആൾ അമീറലിഖാന്റെ ഭാര്യ വൈകിമാത്രം വന്ന കാര്യാന്വയനവും കുറ്റബോധവും ചെലുത്തിയ പ്രേരണകളാൽ ജീവിതം ഒന്നു കൂടി ജീവിച്ച് തെറ്റുകൾ മാറ്റിയെറ്റുക്കാൻ അതിയായ അഭിവാഞ്ഛ പ്രകടിപ്പിച്ചപ്പോൾ ഈ ലോകം കുഞ്ഞുങ്ങളുടെ തടവറയാണ്. സ്വർഗ്ഗത്തിൽ അങ്ങനെയല്ല . അമീറലിഖാൻ നിങ്ങളെ ചേർത്തുപിടിക്കും എന്നാണ് പറഞ്ഞുതീർക്കുന്നത്. .ഈ സന്ദർഭം കഥാനായകനേയും തരളിതനാക്കുന്നുണ്ട്. രണ്ടു കഥകളിൽ ഭാര്യയുടെ പേര് വിമല എന്നാണ്, ഇത് യാദൃശ്ചികമാകാൻ സാദ്ധ്യതയുമില്ലെന്ന് മുകളിൽ പറഞ്ഞുകഴിഞ്ഞു..

    എന്നാൽ കുടുംബം എന്ന വ്യവസ്ഥയുമായി സന്ധിചെയ്യുന്നത് സ്വാഭാവികമാണെന്നും  നിയതമായ ഒരു പന്ഥാവിലെ ചംക്രമണം  കൊണ്ട് സാർത്ഥകമായിത്തീരുന്ന അനുഭൂതി സ്വാംശീകരണം താനേ ഉളവാകുന്നതാണെന്നും ഈ കഥകൾ വെളിവാക്കുന്നുണ്ട്, അത് ഗൂഢമാണെന്നേ ഉള്ളൂ.  ഈ നിലപാടിനു വ്യക്തത വരുത്താനെന്ന വണ്ണം ഒരു ആറുവരിക്കവിത തുടക്കത്തിൽ കൊടുത്തിരിക്കുന്നത് ഉള്ളിലെ സത്യത്തെ അംഗീകരിക്കലിനു വേണ്ടിയാണ്. ക്ഷമായാചനയുടേയോ കുറ്റസമ്മതത്തിന്റേയോ ഛായയ്ക്കപ്പുറത്ത് ഒരു മാപ്പുസാക്ഷിയാകുന്ന ഭർത്താവിന്റെ ദൈന്യത കലർന്ന പ്രണാമം ആണത്.

 Reality is fantasy  എന്നാണ് ചിന്തകർ പണ്ടേ പറഞ്ഞിട്ടുള്ളത്. യാഥാർത്ഥ്യം ഒരു ഫാന്റസി തന്നെ. അല്ലെങ്കിൽ ഫാന്റസി യുടെ തന്മയീഭാവം ആണ് യാഥാർത്ഥ്യം. ജഗൻ മിഥ്യ എന്ന് ഉപനിഷത്തുക്കൾ പ്രഖ്യാപിച്ചിട്ടുമുണ്ട്. ഉണ്മ എന്നത് നിർവ്വചിക്കപ്പെടുന്നത് ആത്മനിഷ്ഠവും വ്യക്തിപരവുമായ  തലങ്ങളിലാണ്. ദാമ്പത്യത്തിന്റെ  വിജയം നിർമ്മിച്ചെടുക്കുന്നത് ഇല്ലാത്ത സുഖം ഉണ്ടെന്ന നിതാന്തസ്വപ്നചര്യകളാണ്. അതിന്റെ തനിമ ഭാവനാത്മകതയിലാണ് തെളിയുന്നത്.  മണി പന്ത്രണ്ടടിക്കുമ്പോൾ യാഥാർത്ഥ്യത്തിൽ നിന്ന് ഫാൻറ്റസിയിലെക്കും തിരികെയും മാറിമാറിക്കളിക്കുന്ന, ഒരേ സമയം വിരസവും രസാനുവിദ്ധവുമായ, പരസ്പരം അടുക്കുകയും അകലുകയും ചെയ്യുന്ന മായാജാലക്കളിയിലെ പങ്കാളികളെന്ന് മനസ്സിലാകുന്നതാണ് ആത്യന്തികമായ ഇണയറിവ്.  അത്രയേറെ  സ്വാസ്ഥ്യം പിറന്നതിൽപ്പിന്നെ അയാളനുഭവിച്ചിട്ടില്ല. അത്രയേറെ സുരക്ഷിതത്വം അമ്മപോലും നൽകിയിട്ടില്ല.   (അറസ്റ്റ്) .  ഇത്തരം സുന്ദരവിഭ്രാത്മക ചിന്തകൾ ആണ് ദാമ്പത്യത്തിന്റെ സൗഖ്യം പ്രദാനം ചെയ്യുന്നതെന്നാണ്  ശ്രീ പൊയ്ത്തുംകടവ് പറഞ്ഞു വയ്ക്കുന്നത്.

1 comment:

Muralee Mukundan , ബിലാത്തിപട്ടണം said...

ഹാ നല്ല വിലയിരുത്തലുകളാണല്ലോ ...