Wednesday, October 23, 2019

പ്രണയം കൊലപാതകത്തിൽ എത്തുമ്പോൾ


       രണ്ടാഴച്ചയ്ക്കപ്പുറമാണ് കോട്ടയത്തടുത്ത് ആദർശ് എന്ന ഇരുപത്തഞ്ചുകാരൻ ലക്ഷ്മി എന്ന ഇരുപത്തൊന്നുകാരിയെ പെട്രോൾ ഒഴിച്ച് കത്തിച്ച് കൊന്നത്. ആ‍ദർശ് ആദ്യം സ്വന്തം  ദേഹത്ത് തീകൊളുത്തിയ ശേഷം ലക്ഷ്മിയെ ചേർത്ത് പിടിക്കുകയായിരുന്നു. കൊലപാതകവും ആത്മഹത്യയും ഒരേസമയത്ത് സംഭവിക്കുക എന്നതായിരുന്നു ഉദ്ദേശം. കുറച്ചു ദിവസങ്ങൾക്കകം അധികം ദൂരെ അല്ലാതെ ഉദയമ്പേരൂരിൽ അമ്പിളി എന്ന ഇരുപതുകാരിയെ അമൽ എന്ന യുവാവ്  വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചു. അവൾ മരിച്ചില്ലെങ്കിലും ഗുരുതരമാണ് പരിക്ക്. രണ്ടു കേസുകളിലും പെണ്ണിനെ തീവ്രമായി ഇഷ്ടപ്പെട്ടിരുന്നു ആ പയ്യന്മാർ എന്നതാണ് ഭീകരമായ സത്യം. രണ്ടു പെൺ കുട്ടികളും പ്രണയം നിരസിച്ചിരുന്നു, പോലീസിൽ പരാതിപ്പെടുകയും ചെയ്തിരുന്നു.

    കൂട്ടുചേരുമ്പോഴുള്ള ആഹ്ലാദോത്സാഹവും മനം നിറയലും സുഖം എന്ന തോന്നൽ സൃഷ്ടിയ്ക്കപ്പെടലുമാണ് പ്രണയം എന്ന അവസ്ഥയുടെ കാതൽ. അത് തലച്ചോറിൽ ചില രാസവസ്തുക്കൾ സൃഷ്ടിയ്ക്കുന്നുണ്ട്, മാറ്റിമറിയ്ക്കുന്നുണ്ട്.  പ്രണയികൾ അടുത്തില്ലെങ്കിലും  ഈ രാസവ്സ്തുക്കൾ സുഖാനുഭൂതികൾ പ്രദാനം ചെയ്തു കൊണ്ടേ ഇരിയ്ക്കും. പ്രതിഫലത്തിനു വേണ്ടി തേടുന്ന തലച്ചോറിടങ്ങളെ ത്രസിപ്പിച്ചു നിറുത്തും. രതിയിലേക്ക് നയിക്കാനുള്ള തലച്ചോറിന്റെ കളി മാത്രമാണിത്. സന്താനോൽ‌പ്പാദനത്തിനു വേണ്ടി ആണിനേയും പെണ്ണിനേയും തയാറാക്കൽ.  തലമുറകൾ അനുസ്യൂതം വന്നു പോകേണ്ട അനിവാര്യത സൃഷ്ടിച്ചെടുക്കാനുള്ള പശ്ചാത്തലം ചമയ്ക്കൽ. പരിണാമത്തിന്റെ പ്രധാന ഉദ്ദേശങ്ങളിലൊന്ന്. ഇതിൽ കാൽ‌പ്പനികത കലർത്തിയത്  മനുഷ്യന്റെ ഭാവനാസൃഷ്ടി മാത്രം.

      എന്നാൽ  രാസവസ്തുക്കളുടെ കളി ആയതുകൊണ്ട് രണ്ടു പേർക്ക് ഒരേ സമയത്ത് പ്രണയം അന്യോന്യം തോന്നണമെന്നില്ല.  ആണുങ്ങൾക്ക് പ്രണയം തോന്നിക്കഴിഞ്ഞാൽ പെണ്ണിനും അതേപടി തിരിച്ചും തോന്നിക്കൊള്ളണം  എന്ന് ആണുങ്ങൾ തീരുമാനിക്കുന്നിടത്താണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത്. “പ്രണയപരാജയം” എന്നത് ആണിനു സഹിക്കാവുന്നതല്ല. വിജയിക്കാനോ പരാജയപ്പെടുവാനോ ഇത് മത്സരക്കളി അല്ല എന്നത് മനസ്സിലാക്കപ്പെടുന്നില്ല.  നിരാശയിൽ നിന്ന് ക്രോധം ജനിക്കുന്നരീതിയിലാണ് തൽച്ചോർ സംവിധാനങ്ങൾ. പൊരുതി ജയിച്ച് പെണ്ണിനെ സ്വന്തമാക്കുന്നത് പല ജന്തുക്കളിലും ഉണ്ട്. പക്ഷേ തോൽക്കുന്നവൻ ആത്മഹത്യ ചെയ്യുകയോ പെണ്ണിനെ ഉപദ്രവിക്കുകയോ ചെയ്യാറില്ല. ‘തോൽവി’ എന്നത് ജന്തുവർഗ്ഗത്തിലെ ആണുങ്ങൾക്ക്  ഒരു തോന്നൽ പോലും അല്ല. മനുഷ്യരിൽ മാത്രം ഇത് പരാജയം ആക്കിയത് അധികാരത്തിന്റെ ശ്രേണിയുമായി ബന്ധിപ്പിച്ചാണ്.

         ആണിന്റെ അധികാരവും  മേൽക്കോയ്മയും അടിസ്ഥാനമാക്കിത്തന്നെയാണ് പ്രണയത്തിന്റേയും വിവാഹത്തിന്റേയും കുടുംബവ്യവസ്ഥയുടേയും നിയമങ്ങൾ ചിട്ടപ്പെടുത്തിയിട്ടുള്ളത്. ഇതോടൊപ്പം  സാമ്പത്തികം എന്ന മറ്റൊരു തലം കൂടി ചേരുമ്പോൾ സങ്കീർണ്ണമാവുകയാണ് അധീശത്വ വലക്കണ്ണികൾ. ആണിന്റെ സൈക്ക് ഉരുത്തിരിഞ്ഞു വന്നത് പെണ്ണിനെ സംബന്ധിച്ച്  വിഷമം പിടിച്ചതും ദുർഘടമായതും ആയ സന്നിഗ്ദ്ധാവസ്ഥകളിലൂടെ ആണ്.  ആണിന്റെ അവകാശമാണ് പെണ്ണ്, അയാളുടെ അധികാരപ്രയോഗത്തെ  അവഗണിക്കുകയോ നിരോധിക്കുക്കയോ ചെയ്യാൻ പെണ്ണിനു താൽ‌പ്പര്യമുണ്ടവരുത്, അങ്ങനെ വന്നാൽ കുറ്റം അവളുടെതാണ്, ശിക്ഷ അർഹിക്കുന്നു അവൾ. ഈ അധീശക്രമം പെണ്ണിൽ നിന്ന് തോൽ വി സംഭവിച്ചാൽ തനിക്കൊപ്പമുള്ള മറ്റ് ആണുങ്ങളുടെ ഇടയ്ക്ക് അവൻ വൻ പരാജയമാണെന്ന് വിധിയ്ക്കുകയാണ്. അപമാനത്തിനു ഇതിൽ‌പ്പരം എന്തു വേണം എന്ന മട്ട്. നിരാകരണത്തിൽ തോൽ വി യുടെ അംശബലം കൂടുതലാണെന്നുള്ള മാരകമായ തിരിച്ചറിവാണ് സന്തുലിതാവസ്ഥയെ തകിടം മറിക്കുന്നത്. സാഹിത്യവും കലകളും സംസ്കാരനിയമാവലികളും  പെണ്ണിന്റെ മേൽ ആണിന്റെ വിജയം ഉദ്ഘോഷിക്കുന്നവയാണ്.  സിനിമകളിലെ രംഗങ്ങൾ ഉദാഹരണം. പെണ്ണിനെ ചുംബനം കൊണ്ടെങ്കിലും കീഴടക്കുന്നവൻ മാത്രം ആണായി പിറന്നവൻ, അതിനു അവസാനമെങ്കിലും കീഴ്പ്പെടുന്നവൾ പെണ്ണ് എന്നിങ്ങനെ പോകുന്നു ചലച്ചിത്ര ആണത്തക്കളികൾ.  ആണിനു ഇതൊരു “ഈഗോ ബൂസ്റ്റ്” ആണെങ്കിലും അത് വളരെ ലോലവും എളുപ്പം പൊട്ടുന്നതുമാണ്. പെണ്ണിന്റെ അംഗീകാരം എന്നതിൽ കുടുങ്ങിപ്പോയ തുഛമനസ്സാകുന്നു അവന്റേത്.  ഇത് നഷ്ടപ്പെടുന്ന വേള അവനെ സംബന്ധിച്ച് മാരകമാകുന്നു.   പെണ്ണിനെ സ്വന്തമാക്കിയവന്റെ ഗർവ്വിനും ഇതിൽ സ്ഥാനമുണ്ട്. അവനു താഴെയാണ് പെണ്ണിനെ കിട്ടാത്തവന്റെ സ്ഥാനം എന്നത്  ആത്മനാശാനുകൂലിയാണ്.   തോറ്റവൻ മാത്രമുള്ള കളിയായിത്തീരുന്ന വിചിത്രസ്ഥിതിവിശേഷം. .പ്രണയപരാജയം പെണ്ണിനോടു മാത്രമല്ല മറ്റ് ആണുങ്ങളോടും ഉള്ള തോൽവി ആയിത്തീരുന്നത് ആണിനു എടുത്താൽ പൊങ്ങാത്ത ഭാരമാണ് തലയിൽ വച്ചു കൊടുക്കുന്നത്.
       
         പ്രതിഫലം കിട്ടാൻ വേണ്ടി ഉഴറുന്ന രീതിയിലാണ് തലച്ചോറിലെ ആശാകേന്ദ്രം നിർമ്മിച്ചെടുത്തിരിക്കുന്നത്. അത് കിട്ടിയില്ലെങ്കിൽ  നിരാശയും. ഈ നിരാശ  ദേഷ്യത്തിലേക്ക് തിരിയുന്നു.  ഇതോടൊപ്പം ഒഴിയാബാധപോലെ വരുന്ന ചിന്താരീതികളും (Obsessive thoughts) ചേരുമ്പോൾ കിട്ടാത്ത പ്രതിഫലത്തെ നശിപ്പിക്കുക എന്നത് മാത്രമാകും ആകെയുള്ള ഉന്നം. അക്രമത്തിലൂടെ വിജയം എന്ന  തോന്നൽ ആത്മനാശകാരിയാണെന്ന് യുക്തി വിട്ടുപോയ മനസ്സ്  സമ്മതിക്കുന്നില്ല.

      പെണ്ണിൽ നിന്ന് നിരാകരണം ലഭിച്ച പുരുഷൻ  സമൂഹത്തിനു സന്ദേശം നൽകാൻ ഉദ്ദേശിക്കുന്നുണ്ട് അക്രമം/കൊലപാതകം/ആത്മഹത്യ എന്നിവ വഴി. സംതുലിതാവസ്ഥയിൽ മാറ്റം ഉണ്ടാക്കാൻ കഴിയുമെന്ന്  തെറ്റിദ്ധാരണയോടെ ഉറപ്പിക്കുകയാണ് അയാൾ. തോൽ‌പ്പിച്ചവളെ ഇല്ലാതാക്കിയത് വഴി ഇതാ ഞാൻ വിജയം നേടിയിരിക്കുന്നു എന്ന പ്രസ്താവനയാണ് ധ്വംസനം.  സമൂഹത്തിനെ ബോധിപ്പിക്കണമെങ്കിൽ ഇതേയുള്ളു പോം വഴി. ആത്മഹത്യയുടെ പിന്നിലും ഇതേ യുക്തിയാണ്.  ഈ ബന്ധത്തിൽ എന്റെ ജീവൻ വളരെ വിലപ്പെട്ടതായിരുന്നു, അത് നിങ്ങൾ മനസ്സിലാക്കുക എന്ന വിളംബരം. സമൂഹമാണ് അവന്റെ ഈഗോ നിർമ്മിച്ചെടുത്തത്, ആ സമൂഹത്തോട് അവനു സംവദിക്കേണ്ട ഉത്തരവാദിത്തമുണ്ടെന്നുള്ള ഘടനീരീതിയണ് ഈ സംവിധാനത്തിനു. ആദർശ് സ്വയം മരണം വരിക്കുകയും ലക്ഷ്മിയേയും കൊല്ലുകയും ചെയ്യുമ്പോൾ ഒരുമിച്ച് ഈ രണ്ട് കാര്യങ്ങളാണ് സാദ്ധ്യമാകുന്നത്.
   
             നൂറ് നൂറ്  അല്ലെങ്കിൽ മൂവായിരമോ നാലായിരമോ കൊല്ലങ്ങളെടുത്തു ആണിന്റെ ഈഗോ പെണ്ണ് കയ്യടക്കി വയ്ക്കേണ്ടതോ നേടിയെടുക്കേണ്ടതോ ആയ വസ്തു ആണെന്ന നിലയിൽ വാർത്തെടുക്കാൻ. സംസ്കാരത്തിന്റെ വിവിധ അംശങ്ങളുടെ പിൻ തുണയോടെയാണ്   ഇത് സാധിച്ചെടുത്തത്.  സ്വയം നിർമ്മിച്ചെടുത്ത ഈ ആണത്തരാജാപ്പാർട് കളി ആധുനിക കാലത്ത് അവനു തന്നെ വിനയായിത്തീർന്നിരിക്കയാണ്. സ്വയം വിനാശത്തിലേക്ക് കൂപ്പുകുത്തേണ്ട ഗതികേട്. കോട്ടയത്തെ ആദർശിനു ജീവൻ തന്നെ നഷ്ടമായി, ഉദയം പേരൂരെ അമൽ ജയിലിലാണ്.  കേരളത്തിൽ ഇത് സമൂഹനിയമമാറ്റങ്ങളുടെ  ദിശാസൂചകമാണ്. സ്ത്രീകൾക്ക്  പുരുഷനെ തെരഞ്ഞെടുക്കുന്നതിൽ സ്വാതന്ത്ര്യമുണ്ടായിരുന്ന മരുമക്കത്തായം പലേ സമുദായങ്ങളിലും നടപ്പുരീതി ആയിരുന്നതുകൊണ്ട് ആണിനു അധീശത്വനഷ്ടം മൂലമുള്ള ജാള്യം തുലോം കുറവായിരുന്നു.  ഒരു പെണ്ണിനുമേൽ അധീശത്വം സ്ഥാപിക്കേണ്ടത് ആണത്തം എന്ന് വിധിക്കേണ്ടതില്ലാത്ത കാലം.  എന്നാൽ അണുകുടുംബവ്യവസ്ഥയിലേക്ക് മാറിയപ്പോൾ പെണ്ണിനെ കീഴടക്കി വരുതിയിൽ നിറുത്തുക  എന്നത് ആണത്തഘോഷണം ആയിക്കൂടി.  പെണ്ണും അവളുടെ കുടുംബവും വിദ്യാഭ്യാസവും അവകാശബോധവും കൂടുതൽ നേടിയപ്പോൾ ഈ ബലതന്ത്രങ്ങളുടെ സമനില തെറ്റുകയാണ്. പണ്ട് കയ്യൂക്ക് കൊണ്ട് പെണ്ണിനെ കീഴ്പ്പെടുത്തിയെങ്കിൽ അവൾ ഗത്യതരമില്ല്ലാതെ വഴങ്ങി അയാളുടെ ഭാര്യ ആയി ശിഷ്ടകാലം കഴിച്ചേനേ. ഇന്ന് പ്രണയം നിരസിക്കാനുള്ള ആർജ്ജവം അവൾ നേടിയെടുത്തിരിക്കുന്നു. പോലീസിൽ പരാതിപ്പെടാനും ഒരുമ്പെടുകയാണ് അവൾ. മാറിയ കാലത്ത് പെണ്ണ് കീഴടങ്ങുന്നില്ല, അവൾ ചെറുത്തു നിൽക്കുന്നവളാണ്. ഒരു ചുംബനം കൊണ്ട് സർവ്വവും ആണിന്റെ പാദങ്ങളിൽ സമർപ്പിക്കൻ മാത്രം വിഡ്ഢിയല്ല ഇന്ന് അവൾ. സമൂഹസംവിധാനങ്ങളുടെ സഹായമുണ്ടവൾക്ക്.  ലക്ഷ്മിയുടെ കുടുംബം പോലീസിൽ പരാതി നൽകിയിരുന്നു. പോലീസ്  ആദർശിനു താക്കീതും കൊടുത്തിരുന്നു.  അമ്പിളിയുടെ കുടുംബവും ഇതേ പോലെ അമലിനെ നേരിട്ടിരുന്നു. പക്ഷേ  പുതിയ സാമൂഹ്യക്രമവുമായി ആണിന്റെ ഈഗോ പൊരുത്തപ്പെട്ടു പോകുന്നില്ല.  സാംസ്കാരികചരിത്രം പിൻബലം നൽകിയതും ഇതിഹാസങ്ങൾക്കും മുൻപ്  നേടിയെടുത്തു തുടങ്ങിയതുമായ  അധീശത്വക്കളിക്ക് നിയമവ്യവസ്ഥ കൂട്ടു നിൽക്കുന്നില്ല എന്നത് ശരിക്കും ആഘാതമായിരിക്കുകയാണ് അയാൾക്ക്. ബലമായി ഉമ്മവച്ച് പെണ്ണിനെ വരുതിയിലാക്കിയ സിനിമാനായകന്മാർ അവനെ വിട്ടു കളഞ്ഞപ്പോൾ  ഭ്രാന്തെടുത്തു പോകയാണ് അയാൾ. ലക്ഷ്മിക്കും അമ്പിളിക്കും തങ്ങളുടെ ജീവൻ കൊണ്ടുള്ള കളിയായിപ്പോയി ഇത് എങ്കിലും ഒരു ദശാസന്ധിയുടെ അനുരണനമാണിത്.  സമവാക്യങ്ങൾ തെറ്റുകയാണ് എന്ന് ആണുങ്ങൾ  മനസ്സിലാക്കുന്നത് അവരെ കൂടുതൽ കൂടുതൽ ക്രോധാവേശങ്ങളിൽ എത്തിയ്ക്കുകയാണ്.

5 comments:

സുധി അറയ്ക്കൽ said...
This comment has been removed by the author.
സുധി അറയ്ക്കൽ said...

എത്ര കാലമായി ചേട്ടാ കണ്ടിട്ട്‌!?!?!!?!?!?ഇത്ര ഗഹനമായി എങ്ങനെ താങ്കൾക്ക്‌ എഴുതാൻ സാധിക്കുന്നെന്ന് ഞാൻ പലപ്പോഴും അതിശയം കൂറാറുണ്ട്‌.

Geetha said...

Innu aduppichu aduppichu ee varthakale kelkkanulloo... yuvathalamurayude chinthagathikal engottu... post nannayi paranjirikkunnu...Ashamsakal

ജോൺസൺ said...

സ്ത്രീയുടെ വ്യക്തിത്വത്തെ അംഗീകരിക്കാൻ നമ്മുടെ പുരുഷുക്കൾ ഇനിയും പ്രാപ്തരായിട്ടില്ല. ആണും പെണ്ണും തുലരാണ് എന്ന വസ്തുത അവന്റെ തലച്ചോറിലേക്ക് ഒരിക്കലും ഫീഡ് ചെയ്യപ്പെടുന്നുമില്ല. പ്രണയാതുരത എന്നത്
തന്റെ ഈഗോയെ തൃപ്തിപ്പെടുത്താൻ ഉള്ള ഉപാധി മാത്രം ആണ് ഇന്ന്‌.

Muralee Mukundan , ബിലാത്തിപട്ടണം said...

തോറ്റവൻ മാത്രമുള്ള കളിയായിത്തീരുന്ന വിചിത്രസ്ഥിതിവിശേഷം...!