ഖാലിദ് റഹ്മാന്റെ പുതിയ സിനിമ LOVE ഹനിയ്ക്കപ്പെട്ട ആൺ ഇഗോയുടെ മസ്തിഷ്ക്കപ്രവർത്തനത്തിന്റെ നവീന ആഖ്യാനമാണ്.
ധാരാളം കതകുകൾ അടയുകയും തുറക്കുകയും ചെയ്യുണ്ട് “LOVE” എന്ന സിനിമയിൽ. അനൂപും ദീപ്തിയും താമസിക്കുന്ന ഫ്ലാറ്റിനുള്ളിലേയ്ക്ക് കയറാനുള്ള കതകിനപ്പുറം ആരാണ് എത്തുന്നത് എന്നത് ഭർത്താവായ അനൂപിനു അകത്തുനിന്ന് അറിയാൻ സാധിയ്ക്കുന്നേഇല്ല. ദാമ്പത്യം എന്ന കതക് ‘ലൗ’ ഇലേക്കാണോ തുറക്കുന്നത് എന്നയാൾ അന്വേഷിച്ചുകൊണ്ടുതന്നെ ഇരിയ്ക്കുകയാണ്. കളിയാണെങ്കിലും തമ്മിൽ ഹിംസിക്കുന്നവരുടെ –ബോക്സർ മാരുടെ- ഗെയിം കളിയ്ക്കുകയാണ് അയാളുടെ ഇഷ്ടവിനോദം. തന്റെ പരാജയങ്ങളാണോ ദാമ്പത്യം ഹിംസാത്മകമാക്കുന്നത് എന്ന് അയാൾ സ്വയം അന്വേഷിച്ചുകൊണ്ടിരിക്കയാണ്.
ദീപ്തി ഡോക്റ്ററെക്കണ്ട് മടങ്ങുകയാണ്, ഏറെ നാൾ കാത്തിരുന്ന് ഗർഭവതിയായിരിക്കയാണവൾ. പക്ഷേ അതിൽ അത്രമാത്രം
സന്തോഷിക്കാനുള്ള മാനസികാവസ്ഥയിലല്ല അവളും അനൂപും എന്ന് അവർക്ക് രണ്ടു പേർക്കും
അറിയാവുന്നതാണ്. “ലൗ” എന്നത് പാടേ അപ്രത്യക്ഷമായിട്ടില്ല എന്ന് രണ്ടു പേർക്കും
തോന്നുന്നുമുണ്ട്. പക്ഷേ ഏതു കതക് തുറന്നാൽ, ഏത് കതക് അടച്ചാൽ
ദാമ്പത്യത്തിലെ സ്നേഹം കണ്ടുപിടിയ്ക്കാൻ പറ്റും എന്നത് അനൂപിന്റെ മാത്രം
സന്ദേഹമല്ല. ദാമ്പത്യജീവിതം എളുപ്പമല്ല എന്ന് സ്വന്തം ഇഷ്ടപ്രകാരം കല്യാണം കഴിച്ച
ദീപ്തിയ്ക്കും അനൂപിനും പണ്ടേ തിരിച്ചറിവ് കിട്ടിയിട്ടുമുണ്ട്. അനൂപിന്റെ രണ്ട്
സ്നേഹിതർ ഇതേ പ്രശ്നവുമായിട്ടാണ് അവിടെ പൊടുന്നനവേ വന്ന് കയറുന്നത്. ഗോകുലനും
സുധിയും. (ഇവർക്ക് സിനിമയിൽ പേരുകളില്ല, ഗോകുലനും സുധി
കോപ്പയും അഭിനേതാക്കളാണ്. ഷൈൻ ടോം ചാക്കോ യ്ക്കും രെജീഷ വിജയനും മാത്രമേ
പേരുകളുള്ളൂ. അനൂപിന്റെ കാമുകി ഹരിതയാണെന്ന് സൂചനയുണ്ട്).
ഗോകുലനു തന്റെ ബിസിനസ് പൊളിഞ്ഞതും ഷെൽബി എന്നൊരാൾ അത് കയ്യടക്കി ഭാര്യയേയും കൈവശപ്പെടുത്തിയതും അനൂപിനെ അറിയിക്കണമെന്നുണ്ട്. സുധിയാകട്ടെ സ്നേഹരാഹിത്യമുള്ള ദാമ്പത്യത്തിൽ അകപെട്ട് പോയി പുതിയ ഗേൾ ഫ്രണ്ടുമായാണ് (അവൾക്ക് ഭർത്താവും ഒരു കുട്ടിയുമുണ്ട്) എത്തിയിരിക്കുന്നത്. ജീവിതം ആസ്വദിക്കുക എന്നത് മദ്യക്കുപ്പി തുറന്ന് ഒന്നോടെ വെള്ളം ചേർക്കാതെ വായിലേക്ക് കമഴ്ത്തുക എന്നായി ചുരുങ്ങിയിട്ടുണ്ട് മൂന്ന് ആണുങ്ങൾക്കും.
ഖാലിദ് റഹ്മാൻ കഥ പറയാൻ തെരഞ്ഞെടുത്തിരിക്കുന്നത് വിവിധ സ്പെയ്സുകൾ സൃഷ്ടിയ്ക്കപ്പെടുന്ന ഫ്ലാറ്റിൽ ആണ്. സിനിമ ഏകദേശം സമാന്തരമാക്കുന്നത് അനേകം കോണുകളും വാതിലുകളുമുള്ള അനൂപിന്റെ തലച്ചോറിലെ ഇടങ്ങൾ എന്ന രീതിയിലാണ്. കഥ വികസിക്കുന്നതും ചിലവാതിലുകൾ അടച്ചും ചിലത് തുറന്നും ആണ്. കുളിമുറിയുടെ ഭിത്തികൾ അകത്തേയ്ക്ക് നീങ്ങി അയാളെ അതിനിടയ്ക്ക് പെടുത്തുമെന്ന് അയാൾക്ക് പേടിയുമുള്ളതായി ദൃശ്യങ്ങൾ ഉണ്ട്. കയറി വന്നവർ അദൃശ്യരുമാണ്. അതുകൊണ്ട് തന്നെ ദീപ്ത്യുടെ അച്ഛൻ വന്ന് കയറിയപ്പോൾ അറിയുന്നില്ല മറ്റ് രണ്ടു പേർ അവിടെയുണ്ട് എന്ന്. ദാമ്പത്യത്തിലെ ചതിയ്ക്ക് ഹിംസ, അതും കൊലപാതകം വരെ എത്തുന്ന രീതിയിലുള്ളത്, ആവാമെന്നാണ് ഗോകുലന്റെ വാദം. ആസന്നമാകുന്ന ഹിംസയിൽ നിന്ന് രക്ഷപെടാൻ പഴുതുകളന്വേ ഷിക്കുന്നവനാണ് സുധി. ഭാര്യയുമായി എല്ലാം പറഞ്ഞുതീർത്ത് ആ ബന്ധം നിലനിറുത്താനാണ് അയാളുടെ ശ്രമം. എന്നാൽ ഗേൾ ഫ്രണ്ടിനെ വിട്ടുകളയാനാവുന്നുമില്ല. സമയം എന്നതിനെ ചുരുക്കിയും ദീർഘിപ്പിച്ചും തിരിച്ചിട്ടും വിഭ്രാന്തി സൃഷ്ടിയ്ക്കുന്നതിൽ വിജയിച്ചിട്ടുണ്ട് കഥയും തിരക്കഥയും എഴുതിയ സംവിധായകൻ.
ഹിംസ ദാമ്പത്യത്തിന്റെ ഒരു ഭാഗമാണെന്ന് അനൂപിനു നിശ്ചയമുണ്ട്. അത് സ്വാഭാവികവുമാണെന്നാണ് അയാൾ ദീപ്തിയുടേ അച്ഛനോട് പറയുന്നത്. ഭാര്യമാർ അസംബന്ധം പറയുകയോ പ്രവർത്തിക്കുകയോ ചെയ്താൽ അവരെ ആക്രമിക്കാൻ ഭർത്താക്കന്മാർ തുനിഞ്ഞാൽ തെറ്റില്ലത്രേ. എന്നാൽ ദീപ്തിയുടെ അച്ഛൻ പരസ്പര ഹിംസ എന്താണെന്ന് ചെറിയതോതിൽ അനൂപിനു മനസ്സിലാക്കിക്കൊടുക്കുന്നുമുണ്ട്. ദാമ്പത്യത്തിലെ പൊട്ടലുകൾ സ്വാഭാവികമാണെന്ന് ഗോകുലൻ സമർത്ഥിക്കുന്നുണ്ട് (“പ്ലേറ്റ് അല്ലേ, പൊട്ടും”). തന്റെ മാനസികസംഘർഷങ്ങൾക്ക് ആൾ രൂപം നൽകി അവരുമായി യുക്തിവാദത്തിൽ ഏർപ്പെട്ട് സ്വാസ്ഥ്യം കൈവരിക്കാമെന്ന വിഫലചിന്ത പേറുന്ന അനൂപ് തികച്ചും ദയനീയമായ അവസ്ഥയിലാണ്.
ഏറെ നാൾ കാത്തിരുന്നാണ് ദീപ്തി ഗർഭവതി
ആയിരിക്കുന്നത്. അത് താമസിച്ചതിൽ തന്നെ തന്റെ പുരുഷത്വത്തിനോടുള്ള വെല്ലുവിളി
അടങ്ങിയിരുന്നോ എന്ന ആശങ്ക അനൂപിനു ഉണ്ട്. നേരത്തെ ഒരുവളെ ഗർഭവതിയാക്കി ആ ഗർഭം അലസിപ്പിച്ചു
കളഞ്ഞ ചരിത്രവുമുണ്ട് അനൂപിനു. പക്ഷേ ഭാര്യയോട് കലഹിക്കുമ്പോൾ ഇത് ഒരു
ന്യായമായിട്ട് കൊണ്ടുവരാൻ കഴിയില്ലല്ലൊ. എം ജി റോഡിൽ ഒരു കഫേ തുടങ്ങിയത്
പരാജയത്തിൽ കലാശിച്ചിരിക്കയുമാണ്. തോൽ വി ബോധം അപകർഷതാബോധത്തോട് ചേർന്ന വേള.
ആത്മഹത്യ ഒരു പോം വഴിയായിക്കാണാൻ ശ്രമിക്കുന്നുമുണ്ട് അനൂപ്. ആത്മഹത്യ ഒരുമാതിരി ‘ഹീലിങ്’ ആണെന്ന് ഗോകുലൻ
വാദിയ്ക്കുന്നുമുണ്ട്. ആത്മഹത്യ, കൊലപാതകം ഇവ രണ്ടും
എന്തുകൊണ്ട് ആവശ്യകരമായി വരുന്നു ആത്മാവിന്റെ രക്ഷയ്ക്ക് എന്നത് വിശദമായി
വാദിക്കുന്നുണ്ട് അനൂപിന്റെ അപരനായ ഗോകുലൻ. അവസാനത്തെ വാതിൽ ബെല്ലടിയ്ക്കുമ്പോൾ
തന്റെ ശത്രുവായ ഷെൽബിയോ, മറ്റ് ഒരു അപരനോ പോലീസോ
വെറും ഒരു അന്യനോ എന്ന് ശങ്കിക്കുന്ന അനൂപിനു മുൻപിൽ വാതിൽ തുറക്കുമ്പോൾ പ്രത്യക്ഷപ്പടുന്നത്
അയാൾ പ്രതീക്ഷിക്കാത്ത യാഥാർത്ഥ്യമാണ്. അനൂപിനോടൊപ്പം പ്രേക്ഷകനും ഞെട്ടുന്നു എന്ന
രീതിയിലാണ് ചാതുര്യവാനായ സംവിധായകൻ ആ രംഗമൊരുക്കിയിരിക്കുന്നത്. മലയാളം സിനിമകളിൽ
അത്യപൂർവ്വമായി കാണപ്പെടുന്ന രംഗചിത്രീകരണം.
കുടുംബവ്യവസ്ഥ എന്നത് മനുഷ്യൻ നിർമ്മിച്ചെടുത്തപ്പോൾത്തന്നെ ആവിർഭവിച്ചതാണ് ദാമ്പത്യം എന്ന കീറാമുട്ടി നേരിടുക എന്ന ദുർഘടം. പരിണാമം നിഷ്ക്കർഷിച്ചിട്ടുള്ളതല്ല ഇത് എന്നതുകൊണ്ട് ഭർത്താവ്, ഭാര്യ എന്ന പദവികൾ കൈകാര്യം ചെയ്ത് കൊണ്ടു നടക്കുക എന്നത് വളരെ വിഷമം പിടിച്ച പണിയാണ്. ചിന്തിക്കാനും ആവിഷ്ക്കരിക്കാനും ഭാവന മെനയുന്ന ആവിഷ്ക്കാരങ്ങളിൽ അഭിരമിച്ച് അവ വഴി ആത്മസ്വാസ്ഥ്യം നേടാനും കഴിവുള്ള ഒരു തലച്ചോർ മാത്രമാണ് പരിണാമം മനുഷ്യനു വച്ചു കൊടുത്തിട്ടുള്ളത്. ഇത്തരം ആവിഷ്ക്കാരതന്ത്രങ്ങൾ ഉള്ളിൽ അപരനേയോ അപരന്മാരേയോ സൃഷ്ടിച്ച് അവരുമായി താദാത്മ്യം പ്രാപിച്ച് സമസ്യകൾ നിർദ്ധാരണം ചെയ്തെടുക്കാൻ പറ്റിയെങ്കിൽ എന്ന് ആശിച്ചു പോകുകയാണ് പാവം മാനവഹൃദയം പലപ്പൊഴും.ഖാലിദ് റഹ്മാൻ ഇത് ബുദ്ധിപരമായിത്തന്നെയാണ് സിനിമയിൽ ചിത്രണം ചെയ്തിട്ടുള്ളത്. അനൂപിന്റെ രക്ഷാമാർഗ്ഗങ്ങൾ ഇത്തരം അപരത്വത്തിലൂടെ തെളിയുന്നുണ്ടോ എന്ന അന്വേഷണമാണിത്. ദാമ്പത്യം എന്നത് വിട്ടുവീഴ്ച്ചകളില്ലാത്ത ഒരു ചട്ടക്കൂടാകുമ്പോൾ പ്രേമം അല്ലെങ്കിൽ നിഷ്ക്കളങ്ക സ്നേഹം അതിൽ എങ്ങനെ ലയിപ്പിച്ചെടുക്കണം എന്നത് വെല്ലുവിളി തന്നെ. മൽസരബുദ്ധി ഉടലെടുക്കുന്ന ആധുനികകാലത്ത് കായബലം കൂടുതലുള്ള ആണിനു ആ ബലിഷ്ഠത ഉപയോഗിക്കാൻ തോന്നുകയാണ് തന്റെ ഈഗോയ്ക്ക് ക്ഷതമേൽക്കുമ്പോൾ. അമ്മായിയച്ഛൻ വന്ന് ചെകിട്ടത്തൊന്നു പൊട്ടിച്ചാൽ മാറാനുള്ളതല്ല പരിണാമ വിധിയ്ക്കെതിരെ തുഴയുന്നവന്റെ അമർഷം. ഇതിന്റെ എല്ലാ വരുംവരാഴികകളും പ്രത്യാഘാതങ്ങളും ത്രാസിലിട്ട് തൂക്കിനോക്കുന്നുണ്ട് അനൂപ് തന്റെ അപരന്മാരിലൂടെ. വിഭ്രാന്തിയിൽ സൃഷ്ടിയ്ക്കപ്പെട്ട അവർ എത്രമാത്രം സഹായകരമാകുന്നുണ്ടെന്ന് അനൂപിനും നിശ്ചയമില്ല. ആത്മത്യയ്ക്ക് തുനിയുന്ന അതേ നിമിഷമാണ് അതിന്റെ സാധുത വിശദീകരിച്ചുകൊണ്ട് അയാളിലെ ഗോകുലൻ പുറത്തു ചാടുന്നത്. ആത്മഹത്യയെകുറിച്ച് ദയനീയമായി സ്വയം വിചിന്തനം നടത്തുന്നുമുണ്ട്. അനൂപിനു ഈ അന്യവൽക്കരിക്കപ്പെട്ട വിശകലനം ആവശ്യമാണ്, ഓരോ തീരുമാനത്തിനും. കാരണം തന്റെ ഭാര്യയെ ഹൃദയത്തിന്റെ ഏതോ കോണിൽ വച്ച് ഇഷ്ടപ്പെട്ടു പോയവനാണയാൾ. ഈ ദ്വന്ദാനുഭൂതികൾ തന്നെയാണ് അയാളുടെ സംഘർഷഹേതുവും.അതുകൊണ്ടു തന്നെ അനൂപിനു അയാളുടെ ഉള്ളിലെ ഗോകുലനേയും സുധിയേയും വിളിച്ചു വരുത്തി അന്വേഷിക്കേണ്ടതുണ്ട്, തന്റെ ചെയ്തികൾക്കും മനോനിലകൾക്കും സാധുത ലഭിയ്ക്കാൻ വേണ്ടി. ഗോകുലനും സുധിയ്ക്കും സ്ഥായിയായിട്ടുള്ളത് ദൈന്യത തന്നെ. “എന്തിനാ ചാവണേ, പ്രതികാരം ചെയ്യണം” എന്ന് വിചാരിക്കുന്നത് പരിണാമവ്യവസ്ഥയും കുടുംബവ്യവസ്ഥയും സൃഷ്ടിച്ച വിപരീതദ്വന്ദങ്ങളിൽ പെട്ടു പോയവന്റെ ദയനീയ വിലാപമാണ്, തോറ്റുപോയവന്റെ ചാപല്യബലം.
പെട്ടെന്ന് പൊട്ടിപ്പോകുന്ന male ego കഥനങ്ങൾ നമുക്ക് സുപരിചിതങ്ങളാണ്. രാമായണത്തിലെ ശ്രീരാമനും ഷേക്സ്പിയറുടെ ഒഥെല്ലോയും പോലെ. ഇഗോയുടെ ശ്ലഥനം ഭാര്യയുടെ കൊലപാതകത്തിൽ എത്തുന്നത് നാടകങ്ങളിലും സിനിമകളിലും ആവർത്തിച്ച് പ്രയോഗിക്കപ്പെട്ട സന്ദർഭാഖ്യാനമാണ്. ഖാലിദ് റഹ്മാൻ പുതുപുത്തൻ ആഖ്യാനരീതിയുമായാണ് വരവ്, അദ്ദേഹം വിജയിച്ചിട്ടുമുണ്ട്. പക്ഷേ വിപരീതസാഹചര്യത്തിൽ വേണ്ടും വണ്ണം പ്രതികരിച്ച് സ്വന്തം ജീവനും അതോടൊപ്പം വയറ്റിൽ വളരുന്ന കുഞ്ഞിന്റെ ജീവനും സംരക്ഷിക്കുന്ന സ്ത്രീയെ ചിത്രീകരിച്ച് വിപ്ലവാത്മകരമായ സ്ത്രീപക്ഷശുഭാന്ത്യം നൽകാൻ ശ്രദ്ധിച്ചിട്ടുണ്ട് സംവിധായകൻ.
യുക്തിയുടേയും നീതിബോധത്തിന്റേയും ശരികളുടെയും
തലച്ചോർ കേന്ദ്രങ്ങൾ എപ്പോഴും വികാരങ്ങളുടെയും അതിജീവനപ്പൊരുതലിന്റേയും
തദനുസാരിയായ അക്രമാസക്തിയുടേയും അതിരുകടക്കൽ അറിയണമെന്നില്ല. “LOVE” എന്നത് എത്ര മാത്രം യുക്തിബദ്ധമാണെന്നുള്ളത്
ദാമ്പത്യത്തിലെത്തുമ്പോൾ ചോദ്യം ചെയ്യപ്പെട്ടേയ്യ്ക്കാം. “ഒരു തവണയെങ്കിലും ഭാര്യയെ കൊല്ലാനാലോചിക്കാത്ത മനുഷ്യരുണ്ടോ” എന്നാണ് മുറിവേറ്റ അഹന്ത ചോദിയ്ക്കുന്ന ചോദ്യം. എത്ര കതകുകൾ തുറന്നാൽ എത്ര കതകുകൾ അടച്ചാൽ
യഥാർത്ഥ ‘ലൗ’ ന്റെ വഴികൾ തെളിയും
എന്നതിനു നിശ്ചയമില്ല എന്ന് സിനിമ അനുഭവപ്പെടുത്തുന്നു. ഇതിനിടയ്ക്ക് മരണങ്ങൾ
സംഭവിക്കുക സ്വാഭാവികം. സിനിമ തീർത്തിരിക്കുന്നത് ഇത് സമർത്ഥിച്ചുകൊണ്ടാണ്.
2 comments:
ഈ സിനിമ കണ്ടിട്ടില്ല.
നല്ല വിശകലനം.
👍
Post a Comment