Thursday, October 5, 2023

മധുരം അറിയുന്നത്—നാക്ക് എന്ന പരിണാമവിസ്മയം

    തേനും വയമ്പും നാവിൽ തൂകുന്ന വാനമ്പാടിയ്ക്ക് സ്വാദ് അറിയാമോ? സംശയമുണ്ട്.  കവിതയിൽ അത് പക്ഷിയുടെ കളകൂജനത്തെ ആണ് ധ്വനിപ്പിക്കുന്നത്. നാവിൽ സരസ്വതി വിളയാടുന്നത് നാവ് ഭാഷയ്ക്ക്, സംസാരിയ്ക്കുന്നതിനു അവസരം നൽകുന്ന അവയവം ആയതുകൊണ്ടാണ്, അത് ശരിയാണു താനും. വായ്ക്കുള്ളിലുള്ള എല്ലില്ലാത്ത ഒരു പറ്റം പേശികൾ അദ്ഭുതകരമായി വിവിധതരം പ്രവൃത്തികൾ ഒരേ സമയം അനായാസം ചെയ്തു തീർക്കാൻ കഴിവുള്ള അതുല്യമായ അവയവം ആണ് നാക്ക്. സ്വാദ് അറിയുക എന്നത് അതിൻ്റെ ഒരു പ്രവർത്തനം മാത്രമാണ്. അതുകൊണ്ടുതന്നെ നാക്ക്എന്നതിനു ഒരു നിർവ്വചനം ചമയ്ക്കുക എളുപ്പമല്ലാതായിത്തീരുന്നു.     

   മധുരം എന്നത് ചില രാസവസ്തുക്കൾ -നമുക്ക് അതിജീവനത്തിനാധാരമായ ഭക്ഷ്യവസ്തുക്കളിലെ തന്നെ- അവയുടെ ഘടനകൊണ്ട് നാവിൽ നിന്ന് തലച്ചോറിലേക്ക് അയയ്ക്കുന്ന സന്ദേശങ്ങൾ നിർവ്വചിച്ച് തലച്ചോറ് ഉളവാക്കുന്ന തോന്നൽ ആണ്. മറ്റൊരു ജീവിക്ക് ഇതേ വസ്തു മധുരതരമായിരിക്കില്ല. നാക്കിലെ മുകുളങ്ങളാണ് സ്വാദ് തിരിച്ചറിയുന്നത്. ഊർജ്ജം നിർമ്മിക്കുന്നത് ഗ്ളൂകോസ് എന്ന വസ്തു വിഘടിപ്പിച്ചാണ്, അതു കൊണ്ട് ഗ്ളൂക്കോസ് അടങ്ങിയ പല വസ്തുക്കൾക്കും മധുരമുള്ളതായി നമുക്ക് തോന്നുന്നു. ഊർജ്ജനിർമ്മിതിയ്ക്ക് ആധാരമായ വസ്തുക്കളോട് കമ്പം തോന്നേണ്ടത് അതിജീവനത്തിനു അത്യാവശ്യമാണ്. ആഹാരവസ്തുവിൽ ഇതുണ്ടോ എന്ന അറിവ് നാക്ക് പറഞ്ഞു തരികയാണ് നമുക്ക്. ഇങ്ങനെ ഒരു സൂക്ഷ്മസംവേദനാവയവം ആയിമാറാൻ

 നാക്ക് പല പരിണാമഘട്ടങ്ങളിൽക്കൂടി കടന്നു പോയിട്ടുണ്ട്. അതേ സമയം നാക്കിൻ്റെ പുത്തൻ പ്രയോഗവിധികൾ മനുഷ്യൻ്റെ പരിണാമത്തേയും സ്വാധീനിച്ചിട്ടുണ്ട്. 

   പരിതസ്ഥിതിയോട് ഇണങ്ങിച്ചേരൽ ( adaptation) അവിശ്വസനീയമായി സാധിച്ചെടുത്ത അപൂർവ്വ അവയവം ആണ് നാക്ക്. ആഹാരസാധനങ്ങൾ പിടിച്ചെടുക്കാനും ചവയ്ക്കാനും വിഴുങ്ങാനും മാത്രമല്ല ശബ്ദവും ഭാഷയും ഉളവാക്കാനും പ്രയോഗിക്കാനും ഉപരിതലങ്ങളൊ കുഞ്ഞുങ്ങളേയൊ നക്കി വെടിപ്പാക്കാനും പാമ്പുകൾക്കുള്ളതുപോലെ ഭക്ഷണവസ്തു മണത്ത് അറിയാനും പേടിപ്പിക്കാനും ചൂളം വിളിയ്ക്കാനും ഉമ്മ വെയ്ക്കാണും ഹമ്മിങ്ങ് പക്ഷികളെപ്പോലെ തേൻ  ശേഖരിക്കാനും വവ്വാലുകളെപ്പോലെ  നാക്ക് മടക്കി നീർത്തി ശബ്ദമുണ്ടാക്കി അതിൻ്റെ പ്രതിധ്വനി കൊണ്ട് ഇടം തിരിച്ചറിയാനും  അങ്ങനെ നാക്കിൻ്റെ ഉപയോഗം ആയിരം നാവുള്ള അനന്തനും വിവരിക്കാൻ വയ്യത്രേ! പരിണാമകാലത്ത് വെള്ളത്തിൽ നിന്ന് കരയ്ക്ക് കയറിയ ജീവികൾ കരയിലെ ഭക്ഷണങ്ങൾ രുചിച്ച് വേർതിരിച്ചറിയാനും വിഴുങ്ങാനും പരിണമിപ്പിച്ചെടുത്ത ഈ അവയവം പിന്നീട് ആഹാരവുമായി ബന്ധപ്പെടാത്ത കര്യങ്ങൾക്കും ഉപയുക്തമാകുകയായിരുന്നു.  മിക്ക ജന്തുക്കളുടേയും നാക്ക് വെള്ളം നിറച്ച് കെട്ടിവെച്ച ബലൂൺ പോലെയാണ്: ആകപ്പാടെയുള്ള വ്യാപ്തി (volume) നിശ്ചിതമായിരിക്കും ചുരുങ്ങിയിരിക്കുമ്പോഴും പുറത്തേയ്ക് വലിച്ചു നീട്ടി കട്ടികുറഞ്ഞതാകുമ്പോഴും. ഇത് ഒരു അപൂർവ്വ പ്രതിഭാസമാണ്. ജിറാഫിൻ്റെ നാക്കിനു ഇങ്ങനെ വലിയ നീളം വെയ്ക്കാൻ കഴിവുണ്ട്. സലമാൻഡറിൻ്റെ നാക്ക് പുറത്തേയ്ക്ക് ഇരപിടിയ്ക്കാൻ നീട്ടുമ്പോൾ സ്വന്തം ശരീരത്തേക്കാൾ നീളം വെയ്ക്കും. 

 നാക്ക് പരിണമിച്ചെത്തിയത്

   ജലജീവികൾ പ്രത്യേകിച്ചും മീനുകൾ പൊതുവേ ഇരയെ അപ്പാടെ വിഴുങ്ങുകയാണ്. ഇതിനു പേശികളുടേയോ എല്ലുകളുടേയോ സഹായം  അവശ്യമില്ല. ചെകിൾപ്പൂക്കളി  (gills)ലൂടെ വെള്ളം പുറത്തേയ്ക്ക് പായിയ്ക്കുമ്പോൾ ഉളവാകുന്ന  സക് ഷൻകൊണ്ട് ഇരയെ അകത്ത് പ്രവേശിപ്പിക്കുകയാണ്. പക്ഷേ കരയിലേക്ക് പരിണമിച്ചപ്പോൾ ഇത് സാദ്ധ്യമല്ലാതായി, എല്ലുകളും പേശികളും വിഴുങ്ങലിനെ സഹായിക്കാൻ ആവശ്യമായി വന്നു. മീനുകളിൽ ചെകിളപ്പൂക്കൾക്ക് ബലം കൊടുക്കുന്ന എല്ലുകൾ ഉറപ്പിക്കുന്നത്ഹയോയിഡ്’ ( hyoid ) എന്ന, നടുവിലുള്ള ഒരു നീണ്ട എല്ലുമായി ഘടിപ്പിച്ചാണ്. കരജീവിതം സാദ്ധ്യമായപ്പോൾ ഈ എല്ലുകൾ ചുരുങ്ങി എങ്കിലും ഹയോയിഡ് എല്ല് നീളം വെയ്ക്കുകയും അതിൻ്റെ മുൻ ഭാഗത്ത് വൃത്താകൃതിയിൽ ഒരു ചെറിയ മാംസപേശി ആവിഷ്ക്കരിക്കപ്പെടുകയും ചെയ്തു. നാക്കിൻ്റെ ആദിമരൂപം. കരയിൽ പരിണമിച്ചെത്തിയ ജീവികൾക്ക് വായിലാക്കിയ ഇരയെ വിഴുങ്ങാൻ വെള്ളത്തിലേക്ക് തിരിച്ച് ഇറങ്ങിച്ചെല്ലേണ്ടിയിരുന്നു. ജലാശയങ്ങൾക്കടുത്ത് മാത്രം ജീവിതം സാദ്ധ്യമായിരുന്ന വേള. ഹയോയിഡ് എല്ലിൻ്റെ മുൻഭാഗത്ത് പേശി വീതിയും നീളവും കൈവരിക്കുകയും അതിനു മുകളിലായി നാക്ക്ആയി രൂപാന്തരപ്പെടുകയും ചെയ്തു. നാക്കിൻ്റെ പിൻഭാഗം ഘടിപ്പിച്ചിരിക്കുന്നത് ഈ അസ്ഥിയിലാണ്, നാക്കിനു ബലം കൊടുക്കയും അതിനു പല ചലനങ്ങൾ സാദ്ധ്യമാക്കുന്നതും ഈ അസ്ഥിയാണ്. ഇരയെ പിടികൂടാനും ഒതുക്കിയെടുക്കാനും നാക്ക്എന്ന ഈ പുതിയ അവയവം വഴിവെച്ചു.നാക്കിൻ്റെ പിൻ ഭാഗവും ഹയോയിഡ് എല്ലും ഒരുമിച്ചാണ് വിഴുങ്ങലിനെ സഹായിക്കുന്നത്. വെള്ളത്തിലല്ലാതെ വിഴുങ്ങൽ സാദ്ധ്യമായത് പരിണാമത്തിൽ ഒരു വൻ സംഭവം ആയിരുന്നു- വിഴുങ്ങലിനെ സഹായിക്കാൻ വെള്ളം ആവശ്യമില്ലാതായപ്പോൾ ജലാശയങ്ങൾക്കോ നദികൾക്കോ സമീപത്തു മാത്രമല്ലാതെ കരജീവികൾക്ക് കരയിൽ എവിടെയും ജീവിതം സാദ്ധ്യമായി. പിന്നീട് സംഭവിച്ചത് വൈവിദ്ധ്യമിയന്ന കാര്യസാദ്ധ്യ്തകൾക്കൊപ്പം നാക്ക് പരിണമിക്കുകയും കരജീവികൾ പല പരിണാമങ്ങൾക്ക് വിധേയമാകുകയും ആയിരുന്നു. നാക്ക് കരയിലെ പലവസ്തുക്കളും ആഹാരമാക്കാം എന്ന അറിവ് പലേ ജന്തുക്കൾക്ക് പകർന്നു കൊടുത്തു. വർജ്ജിക്കേണ്ട വസ്തുക്കൾ (മിക്കവാറും സസ്യങ്ങൾ)ക്ക് കയ്പ്പ് രസം തോന്നിപ്പിച്ചു. ചവയ്ക്കുമ്പോൾ പല്ലിനിടയിൽപ്പെടാതെ തന്ത്രപൂർവ്വം മാറിനിൽക്കാൻ നാക്കിനു അവസരമൊരുക്കി മസ്തിഷ്ക്കത്തിലെ ന്യൂറോൺ വലയങ്ങൾ. നാക്കിൻ്റെ പ്രവർത്തനങ്ങൾ സ്വരൂപിപ്പിച്ചെടുക്കാൻ തലച്ചോറിൻ്റെ പല ഭാഗങ്ങളും വികസിച്ചതിൻ്റെ ഉദാഹരണം. 

   നാക്കുമായി ബന്ധപ്പെട്ട പേശികൾ അസാമാന്യമായ വേഗതയാണ് അതിനു പ്രദാനം ചെയ്തത്. ചില സലമാൻഡറുകളുടെ നാക്ക് പുറത്തേയ്ക്ക് നീട്ടൽ ഒരു സെക്കൻ്റിൽ അഞ്ചു മീറ്റർ വേഗതയിലാണ്, പത്തിലൊന്ന് സെക്കൻ്റുകൊണ്ട് ഇരയെ പിടിച്ച് വായ്ക്കത്താക്കിയിരിക്കും. നാക്ക് ഇരയുടെ വൈവിദ്ധ്യമനുസരിച്ച് പരിണമിച്ചിട്ടുമുണ്ട്.  ചില തവളകളുടെ നാക്കിലെ കട്ടി കൂടിയ മ്യൂക്കസ് ( mucus) വിഷമുള്ള ഉറുമ്പുകളെ നിർവ്വീര്യമാക്കാൻ പോന്നതാണ്. പാമ്പുകളിലാകട്ടെ മണമറിയാനുള്ള ന്യൂറോൺ സ്വീകരണികൾ നാക്കിലാണ്, കാണാൻ പറ്റാത്ത ഇരയുടെ സ്ഥലനിർണ്ണയm കൃത്യമായി സാധിച്ചെടുക്കുകയാണ്. ജലത്തിനടിയിലും പാമ്പുകൾക്ക് ഇര എവിടെയെന്ന് അറിയാൻ പറ്റുന്നുണ്ട് ഇതു മൂലം. പക്ഷികളിലാകട്ടെ നാക്ക് ഒരു പേശീനിർമ്മിത അവയവം അല്ല, പ്രത്യുത കെരാറ്റിൻ എന്ന പ്രോടീൻ നാരുകളാൽ നിർമ്മിതമായ കട്ടികൂടിയ ഒരു ദണ്ഡ് പോലെയാണ്. എന്നാൽ ഈ ആകൃതിയിൽ പല മാറ്റങ്ങളുമുണ്ട്. തേൻ കുടിയ്ക്കുന്ന പക്ഷികളുടെ നാക്കിൻ്റെ അഗ്രത്തിലോ വശത്തോ പെയ്ൻ്റ് ബ്രഷ് പോലെ ഇടതിങ്ങിയ നാരുകൾ ഉണ്ട്, ഇവ തേൻ പെട്ടെന്ന് വലിച്ചെടുക്കും.  ഹമ്മിങ്ങ് പക്ഷി ( humming bird) യ്ക്കാകട്ടെ കുഴൽ പോലെയാണ് നാക്ക്, അതി വേഗത്തിൽ അകത്തേയ്ക്കും പുറത്തേയ്ക്കും വലിയ്ക്ക്കപ്പെടുന്ന (ഒരു സെക്കൻ്റിൽ 15 തവണ) ഈ കുഴൽ എളുപ്പം തേൻ വലിച്ചെടുക്കുകയാണ് ഓരോ നാക്ക് നീട്ടലിലും. 

  മധുരം ജീവാമൃതബിന്ദു

  മധുരം ഇഷ്ടപ്പെടാനായി ക്രമനിശ്ചയം ചെയ്യപ്പെട്ടവരാണ് നമ്മൾ. പഞ്ചസാരയുടെ മധുരം ജീവിതത്തിലെ ഏറ്റവും ആഹ്ളാദകരമായ നിമിഷങ്ങളാണ് സമ്മാനിക്കുക.അന്നജം ( carbohydrate) കലർന്ന ആഹാരം എല്ലാ ജീവികൾക്കും ഉചിതമായ ഊർജ്ജം പ്രദാനം ചെയ്യുമെങ്കിലും വളരെ വൈവിദ്ധ്യപൂർണ്ണമായ ജീവിതശൈലി ഉള്ള മനുഷ്യരുടെ ഊർജ്ജാവശ്യകത മറ്റ് ജന്തുക്കളേക്കാൾ കൂടുതലാണ്. നിരന്തരം സങ്കീർണ്ണപ്രവർത്തികൾ ചെയ്യുന്ന തലച്ചോറാണ് അവനുള്ളത്, കഴിക്കുന്ന ആഹാരത്തിലെ വൻ ശതമാനം ഊർജ്ജം തലച്ചോറ് കവർന്നെടുക്കും. കൂടുതൽ കാലറി (calorie)യുള്ള ആഹാരം കണ്ടുപിടിച്ചെടുക്കുന്നവർക്ക് അതിജീവനസാദ്ധ്യതയേറുകയാണ്. പരിണാമവ്യവസ്ഥയിലെ ഒരു പ്രധാന പ്രയോഗവിധി. ഗ്ളൂക്കോസിൻ്റെ/അതിൻ്റെ സങ്കരരാസവസ്തുക്കളുടെ സാന്നിദ്ധ്യം, പ്രത്യേകിച്ചും സസ്യങ്ങളിലും കിഴങ്ങുകളിലും പഴങ്ങളിലും- അറിഞ്ഞെടുക്കുന്നത് ഇതിനെ സഹായിക്കും എന്നതുകൊണ്ട് മധുരം പെട്ടെന്ന് അറിഞ്ഞെടുക്കാനും അതിനോട് അമിതാകർഷണം പുലർത്താനുമുള്ള ആഭിമുഖ്യവും സ്വായത്തമാക്കപ്പെടുകയായിരുന്നു. ഇതിനുള്ള തെളിവായി കണക്കാക്കപ്പെടുന്നത് മാംസാഹാരികളായ ജന്തുക്കളിൽ മധുരം അറിയാനുള്ള തന്ത്രവിദ്യകൾ പരിണമിച്ചെത്തിയില്ല എന്നതാണ്. മധുരം അറിയുന്നതോടെ ആ ആഹാരവസ്തുവിൻ്റെ  കാലറി അളവ് കണക്കാക്കാൻ സാധിയ്ക്കുകയും ഭക്ഷ്യവസ്തു സമാഹരിക്കണോ, സംസ്കരിച്ചെടുക്കണോ മുഴുവൻ തിന്നു നോക്കണോ എന്നതൊക്കെ പെട്ടെന്ന് തീരുമാനിക്കാനും ഇടയായി. ഈ എളുപ്പവഴി ഊർജ്ജം മറ്റ് കാര്യങ്ങൾക്ക് ചെലവാക്കാനുള്ള വഴിയും തെളിച്ചു.പരിണാമത്തിലെ വിജയത്തിൻ്റെ ഒരു ഏട് തുറക്കപ്പെട്ടു.വാസ്തവത്തിൽ മധുരംഎന്നൊരു സ്വാദ്-അല്ലെങ്കിൽ മറ്റ് സ്വാദുകൾ- ഇല്ല എന്നതാണ് സത്യം. ചില പ്രത്യേക രാസവസ്തുക്കൾ പ്രത്യേക കോശങ്ങളിലെ സ്വീകരിണികളിൽ പറ്റിപ്പിടിക്കുമ്പോൾ തലച്ചോറിലേക്ക് സന്ദേശങ്ങൾ പോവുകയാണ്, തലച്ചോറ് ചില രാസ വസ്തുക്കൾക്ക് മധുരമാണ് എന്ന തോന്നൽ നമ്മളിൽ ഉളവാക്കുന്നു എന്നതാണ് സത്യം. 

മധുര  സ്വീകരിണികൾ

  പ്രാഥമികമായി നാലു സ്വാദുകൾ അറിയാനുള്ള സ്വീകരിണികൾ ( receptors ) ആണ് നാവിലുള്ളത്. മധുരം, കയ്പ്പ്, പുളി, ഉപ്പ് രസം  എന്നിവ. ഉമാമിഎന്നൊരു സ്വാദും കൂടി ഈയിടെ കൂട്ടിച്ചേർക്കപ്പെട്ടിട്ടുണ്ട്. നാവിലുള്ള മുകുളങ്ങൾ (taste buds) ആണ് സ്വാദ് പിടിച്ചെടുക്കുന്നത്. ഇവ ഓരോന്നിലും 50-100 വരെ പ്രത്യേക കോശങ്ങൾ ഉണ്ട്.  ന്യൂറോ റ്റിഷ്യുവിൽ കാണാറുള്ള ഗ്ളയൽ കോശങ്ങളാണ് ഓരോ മുകുളങ്ങളിലും വിന്യസിക്കപ്പെട്ടിട്ടുള്ളത്.പഞ്ചസാരയുടേയോ ഗ്ളൂക്കൊസിൻ്റേയോ മാത്രമല്ല, ലാക്റ്റോസ്,  ഫ്രൂക്റ്റോസ്, ചില അമൈനോ ആസിഡൂകൾ, പ്രോടീനുകൾ ഇവയുടെ ഒക്കെ മധുരം തിരിച്ചറിയാൻ പ്രാപ്തരാണ് ഈ കോശങ്ങൾ. സ്വാദ് മുകുളങ്ങൾ (taste buds) നാക്കിൻ്റെ ഉപരിതലത്തിലേക്ക് തുറന്നിരിക്കയാണ്, വളരെ ചെറിയനാരുകൾക്കിടയിലൂടെ സ്വാദ് അറിയാനുള്ള ആഹാരത്തിലെ രാസവസ്തുക്കൾ കടന്നുചെല്ലുകയാണ്. നാലുതരത്തിലുള്ള ഗ്ളയൽ കോശങ്ങൾ ഉണ്ട്, അവയിൽ ടൈപ് II കോശങ്ങളാണ് മധുരം തിരിച്ചറിയാൻ ഉപയുക്തമാകുന്നത്. Taste 1 Receptor (T1R) സ്വീകരിണീകളിന്മേലാണ് മധുരപദാർത്ഥങ്ങൾ പറ്റിപ്പിടിയ്ക്കുന്നത്. വാസ്തവത്തിൽ രണ്ടു തരം ഉണ്ട് ഇവ: T1R2,    T1R3 എന്നിവ. ഗ്ളൂക്കോസ്, ഫ്രൂക്റ്റോസ് പോലത്തവ ഈ പ്രോടീൻ  രണ്ടും ഒരുമിച്ചു ചേർന്ന ഇരട്ട സ്വീകരിണികളിന്മേൽ പറ്റിപ്പിടിയ്ക്കുന്നു. മധുരം ഉളവാക്കുന്നത് പഞ്ചസാരയോ ഗ്ളൂക്കോസോ മാത്രമല്ല, കൃത്രിമ മധുരവസ്തുക്കൾ (saccharin, aspartame, sucralose  ), ചില അമൈനോ ആസിഡുകൾ, പ്രോടീനുകൾ ഇവയൊക്കെ ഉള്ളതിനാൽ ഈ സ്വീകരിണികളുടെ പലഭാഗങ്ങളിൽ ഇവ പറ്റിപ്പിടിക്കുകയാണ്.    

   T1R2, T1R3  എന്നീ സ്വീകരിണികളിൽ മധുരപദാർത്ഥങ്ങൾ പറ്റിപ്പിടിച്ചാൽ ഉടൻ തന്നെ ഇവ വഹിക്കുന്ന കോശങ്ങൾ വിജൃംഭിതരാകുകയാണ്. ഇവയോട് ഘടിപ്പിച്ചിട്ടുള്ള ന്യൂറോൺ തന്തുക്കൾ ഉടൻ തലച്ചോറിനു സന്ദേശം അയ്ക്കുകയാണ്. ഈ ന്യൂറോൺ തന്തുക്കൾ മൂന്ന് പ്രധാന ഞരമ്പുകളിൽക്കൂടിയാണ് സന്ദേശം അയയ്ക്കുന്നത്. ഈ മൂന്ന് ഞരമ്പുകളും മുഖത്തും തൊണ്ടയിലും നാക്കിനടിയിലും ഒക്കെ ശാഖകൾ വിന്യസിച്ചിട്ടുള്ളവയാണ്. ആദ്യം സന്ദേശങ്ങളെത്തുന്നത് താലമസ് എന്ന റിലേ കേന്ദ്രത്തിലാണ്. ഇവിടെ നിന്ന് നെറ്റിയ്ക്ക് പിറകിലുള്ള  തലച്ചോറ് ഭാഗത്തിൻ്റെ ഉള്ളിലുള്ള ഇൻസുലഎന്ന ഭാഗത്തെത്തുന്നു. ഇപ്പോൾ മധുരം എന്ന തോന്നൽ നിങ്ങൾക്ക് ഉളവാകുകയാണ്.  ഈ ഇൻസുല ആകട്ടെ ശരീരത്തിനുള്ളിൽ പലഭാഗത്തെ സ്ഥിതിഗതികൾ അറിഞ്ഞെടുക്കുന്ന ഇടമാണ്. നമ്മുടെ ശരീരത്തെക്കുറിച്ച് നമുക്കുള്ള അറിവിൻ്റെ കേന്ദ്രം. എന്നുവെച്ചാൽ സ്വാദ് അറിയുക എന്നത് നമ്മുടെ ശരീരത്തെക്കുറിച്ച് അറിയുന്നതു പോലെയാണ്,  കാഴ്ച്ച, കേൾവി, സ്പർശം, മണം എന്നിവ അറിയുന്ന പോലെ അല്ല ഇത്. അവയ്ക്കൊക്കെ പ്രത്യേക തലച്ചോറ് കേന്ദ്രങ്ങൾ നിജപ്പെടുത്തിയിട്ടുണ്ട്. സ്വാദ് അറിയുക എന്നതാവട്ടെ ശരീരത്തിനു എന്തെല്ലാം പോഷകാഹാരങ്ങൾ ആവശ്യമാണെന്ന അറിവാണ് സമ്മാനിക്കുന്നത്.

  ഈ തലച്ചോർ കേന്ദ്രം കൃത്യമായി സ്വാദ് തരം തിർച്ച് നിർണ്ണയിക്കുക മാത്രമല്ല അതിൽ നിന്നുള്ള അനുഭൂതി എന്താണെന്ന് നിർവ്വചിക്കുന്നുമുണ്ട്. മധുരപദാർത്ഥങ്ങളെ ഇഷ്ടപ്പെടാനും കയ്പ്പുള്ളവയെ നിരാകരിക്കാനും നിർദ്ദേശങ്ങ ലഭിക്കപ്പെടുകയാണ്. മാംസഭുക്കുകൾക്കാവട്ടെ തലച്ചോറിലേക്ക് മാധുര്യത്തിൻ്റെ അനുഭൂതിയുടെ അംശം പോലും എത്തപ്പടുന്നില്ല. അവർക്ക് സസ്യഭക്ഷണങ്ങളുടെ തരംതിരിവ് ആവശ്യമല്ലാത്തതിനാൽ.  മാംസഭോജികളായ മൃഗങ്ങളിൽ ഈ T1R സ്വീകരിണികളിൽ മ്യൂടേഷൻ നടന്നിട്ടുണ്ട്, അവ പ്രവർത്തനരഹിതവുമാണ്. നിശ്ചിത ജന്തുക്കൾ മാത്രമല്ല മധുരം തിരിച്ചറിയാനും അത് ആസ്വദിക്കാനുമുള്ള കഴിവ് ആർജ്ജിച്ചെടുത്തത്. പലേ പ്രാണികളിലും ഈ സ്വീകരിണി/ന്യൂറോൺ പ്രവർത്തനങ്ങൾ പരിണമിച്ചു വന്നിട്ടുണ്ട്. തേനീച്ചകളിലും പക്ഷികളിലും നാക്ക് വഴി അല്ലെങ്കിലും മറ്റ് ഉപായങ്ങളാൽ മധുരം തിരിച്ചറിയൽ പ്രാവർത്തികമായിട്ടുണ്ട്. സ്വതന്ത്രവും വേറിട്ട വഴികളിലൂടെയുള്ളതുമായ പരിണാമം (independently evolved or convergent evolution) സംഭവിച്ചതിൻ്റെ ഉദാഹരണം  തന്നെ ഇത്.

 മധുരമറിയൽ മാത്രമല്ല

  മധുരം ഏറിയ ആഹാരപദാർത്ഥങ്ങൾ എളുപ്പം തിരിച്ചറിഞ്ഞ് അത് ഉളവാക്കുന്ന ഊർജ്ജം തലച്ചോറ് പ്രവർത്തങ്ങൾക്ക് ആക്കം കൂട്ടുന്നു എന്ന് മേൽ പ്രസ്താവിച്ചു കഴിഞ്ഞു. ക്രമേണ തലച്ചോർ പരിണാമത്തിനാണ് ഇത് വഴിവെച്ചത്. പൊതുവേ സസ്തനികളിലും  മനുഷ്യരിലും ഇത് വമ്പൻ മാറ്റങ്ങളാണ് സൃഷ്ടിച്ചത്. പരിതസ്ഥിതിയുമായി ഇണങ്ങാണും വെല്ലുവിളിയ്ക്കാനും അവയങ്ങൾ പ്രയുക്തമായി. നാക്ക് ഇതിൽ ഒന്നായി തെരഞ്ഞെടുക്കപ്പെട്ടു.   ശരീരതാപനിയന്ത്രണത്തിനു നാവ് പുറത്തേയ്ക്കിട്ട് ശ്വാസോച്ഛാസം ശീഘൃതരമാക്കുന്ന നായകളെ ഓർക്കുക. തലച്ചോർ വളർച്ച നാവിനു പുതിയ ധർമ്മങ്ങൾ നൽകുകയും പരിണാമത്തിനു ഗതിവേഗം സാദ്ധ്യമാകുകയും ചെയ്തു. വവ്വാലുകൾ ഇടം കണ്ടുപിടിയ്ക്കാൻ ( eco location) നാവ് കൊണ്ടുള്ള ക്ളിക്കിങ്ങ് ശബ്ദം ഉപയുക്തമാക്കുന്നത് ഒരു ഉദാഹരണമാണ്. മനുഷ്യനിൽ നാവിലെ സ്വാദറിയാനുള്ള മുകുളങ്ങൾ വിപുലീകരിക്കപ്പെട്ടു, കൃത്യമായ ഊർജ്ജനിർമ്മിതിയെ സഹായിക്കുന്ന ഭക്ഷണം ഏതൊക്കെ എന്ന് പലേ സ്വാദുകൾ തിരിച്ചറിയാവുന്ന നാക്ക്  എളുപ്പം പറഞ്ഞുകൊടുത്തു. ജനിക്കുമ്പോൾത്തന്നെ മുലപ്പാൽ വലിച്ചുകുടിയ്ക്കാൻ ഉപയുക്തമാകുന്ന പേശീചലനങ്ങൾ നാവിനു ജനിതകപരമായി നൽകപ്പെട്ടു. മനുഷ്യൻ്റെ നാക്ക് ഭക്ഷണസഹായി എന്ന ധർമ്മത്തിൽ നിന്ന് വേർ പെട്ട് ഭാഷണം എന്ന പുതിയ പ്രക്രിയയ്ക്ക് ഉപകരണം ആയി മാറി. ഇതിനനുസരിച്ച് തലച്ചോറിൽ പല പുതിയ കേന്ദ്രങ്ങളും ന്യൂറോൺ വലയങ്ങളും ആവിഷ്ക്കരിക്കപ്പെട്ടു.  ഇങ്ങനെ നാക്കിൻ്റെ വിനിയോഗം തലച്ചോറിൻ്റെ പരിണാമത്തിനു ആക്കം കൂട്ടി.  

   ആഹാരം ചവച്ചരയ്ക്കുമ്പോൾ നാവ്  അതിൽ പെട്ടു പോകാതെ സൂക്ഷിക്കാൻ അതീവ കൃത്യതയാണ് സസ്തനികളുടെ തlaച്ചോർ മെനഞ്ഞെടുത്തത്. വലിപ്പം ക്രമീകരിച്ച ഒരു ഉരുള (bolus)യാക്കി തൊണ്ടയിൽ എത്തിയ്ക്കുന്നതും  ശ്വാസനാളത്തിൽ പ്രവേശിക്കാതെ അന്നനാളത്തിൽ പ്രവേശിക്കപ്പെടുകയും ചെയ്യുന്ന വിഴുങ്ങൽ പ്രക്രിയ നാക്കിൻ്റെ ചാതുര്യം വെളിപ്പെടുത്താൻ പോന്നതാണ്. ഈ പ്രക്രമണം സസ്തനികൾക്ക് ആഹാരം വേഗത്തിലും കാര്യക്ഷമമായും ദഹിക്കാനുള്ള സൗകര്യം ഒരുക്കി, കഴിച്ച ഭക്ഷണത്തിൽ നിന്ന് കൂടുതൽ ഊർജ്ജം ലഭിക്കാനിടയായി. ഈ വർദ്ധമാന ഊർജ്ജലഭ്യത മറ്റ് ചില പരിണാമമുന്നേറ്റങ്ങൾ എളുപ്പമാക്കി. ചയാപചയനിരക്ക് (metabolic rate) വർദ്ധിച്ചു, ചുറുചുറുക്കും കർമ്മകുശലതയും പുഷ്ടി പ്രാപിച്ചു,ഗർഭകാലം നീട്ടിക്കിട്ടി, കൂടുതൽ വലിപ്പമുള്ള തലച്ചോറ് നിലവിൽ വന്നു. ജലത്തിൽ നിന്ന് കരയിലേക്ക് കയറിയതു പോലെ, ഭാഷ ഉരുത്തിരിഞ്ഞതു പോലെ, ചവച്ചരയ്ക്കൽ എന്നതും നാക്കിൻ്റെ പ്രയോഗവിധിയാൽ സംഭവിച്ച മൂന്നു പരിണാമദശകളിൽ ഒന്നാണ്.

 മധുരം എത്ര വേണം?

  ശർക്കരപ്പന്തലിൽ തേൻമഴ ചൊരിയുന്നതും മധുരം കിള്ളിത്തരുന്നതും  കഴിയുന്നതും കുറയ്ക്കാനാണ് ഇന്ന് ആധുനികജീവിതശൈലികൾ താൽപ്പര്യപ്പെടുന്നത്. മധുരത്തിനോടുള്ള അത്യാർത്തിയും മനോഗ്രസ്തിത്വവും മനുഷ്യനെ കുഴക്കുകയാണ്. മില്ല്യൺ കണക്കിനു വർഷങ്ങളോളം പരിണാമ നിയമങ്ങൾ മധുരം കണ്ടെത്താനും ആവോളം ഉള്ളിൽ ചെലുത്താനും നിർബ്ബന്ധിച്ച ശരീരവും മനസ്സും പേറുന്ന നമ്മൾക്ക് അതിനോട് ഇടഞ്ഞു നിൽക്കാൻ എളുപ്പമല്ല. ആധുനിക വിപണിവിധികൾ മര്യാദകൾ ലംഘിച്ച് ഒരു ശരാശരി വ്യക്തിക്ക് കഴിക്കാവുന്നതിലും അപ്പുറമാണ് പഞ്ചസാരയും മധുരോൽപ്പന്നങ്ങളും ചുറ്റും നിരത്തുന്നത്. പ്രസിദ്ധ ആന്ത്രോപോളജിസ്റ്റ് സ്റ്റീഫൻ വുഡിങ്ങിൻ്റെ അഭിപ്രായത്തിൽ മധുരം ആവോളം കഴിക്കാൻ പ്രേരിപ്പിക്കുന്ന പരിണാമതന്ത്രങ്ങളും മധുരത്തിൻ്റെ പ്രാപ്യതയും ലഭ്യതയും, അതിനോടുള്ള മനുഷ്യശരീരത്തിൻ്റെ പ്രതികരണവും തമ്മിൽ വിനാശകാരിയായ പൊരുത്തക്കേട് സംജാതമായിരിക്കുന്നത്രേ. സ്വന്തം വിജയത്തിൻ്റെ ഇരകൾ ആയിരിക്കുന്നു മനുഷ്യർ. മധുരത്തിനു വേണ്ടിയുള്ള ആസക്തി ലഹരിമരുന്നുകളോടുള്ളതു പോലെ അല്ല. ലഹരികൾ ശരീരത്തിനു പുറത്തുള്ളവയാണ്, അന്യമാണ്. മധുരത്തിനുള്ള ആസക്തി ജനിതകപരമായി അതിജീവനത്തിനുവേണ്ടി ഉൾച്ചേർക്കപ്പെട്ടതാണ്, പ്രാഥമികമായ ശാരീരികസ്വാസ്ഥ്യ പ്രയോജനം സംഭാവന ചെയ്തതാണ്, പരമമായ പരിണാമ കറൻസിയാണ് എന്ന് സ്റ്റീഫൻ വുഡിങ്ങ്.

 

Reference

1.      Pennisi E. Tales of the tongue. Science 380:786-791 2023

2.      Lee A. A. and Owyang C. Sugars, sweet taste receptors, and brain responses. Nutrients 9: 1-13 2017

3.      Beauchamp G. K. Why do we like sweet taste: A bitter tale? Physiol. Behav. 164: 432-437 2016

4.      Ahmad R. and Dalziel J. E. G protein- coupled receptors in taste physiology and pharmacology. Front. Pharmacology 11: 1-11 2020

5.       Wooding S. A taste for sweet-an anthropologist explains the evolutionary origins of why you’re programmed to love sugar. Science Daily Jan 5, 2022

 

    

 

 

 

 

 

 

 

No comments: