Saturday, July 28, 2007

മുഖാമുഖത്തിന്റെ സത്യം-ഒരു കുറിപ്പ്

എന്റെ കഴിഞ്ഞ പോസ്റ്റ്, കൊച്ചുത്രേസ്യയുടെ “മുഖാമുഖ“ത്തിനു മറുപടിയോ “ആണ്‍പക്ഷം’ പിടിച്ചുള്ള പകരം തീര്‍ക്കലോ ആയിരുന്നില്ല എന്നറിയിക്കാന്‍ ആഗ്രഹിക്കുന്നു.”മുഖാമുഖ”ത്തിലെ അതേ സന്ദര്‍ഭത്തില്‍ വേറെ രണ്ടുപേര്‍ സന്ധിച്ചാല്‍ സംഗതി എങ്ങനെ തിരിഞ്ഞു മറിയുമെന്നുള്ള സ്വല്പം കുസൃതി കലര്‍ന്ന ഒരു ഭാവനയില്‍ മാത്രം അതിന്റെ ഉദ്ദേശശുദ്ധി കാണണമെന്ന് ആശിക്കുന്നു.പൊതുവേ മുഖാമുഖത്തിലെ കഥയുമായി സാമ്യ്മുണ്ടേങ്കിലും.

എന്റെ കഥയിലെ നായിക സമര്‍ത്ഥയാണ് പക്ഷെ ധാര്‍ഷ്ട്യക്കാരിയല്ല.അയാളും അതി സമര്‍ത്ഥനാണ്.നിവൃത്തിയില്ലാതെ മത്സരത്തില്‍ തോറ്റ് അയാള്‍ക്ക് വഴങ്ങിപ്പോയവളല്ല അവള്‍.ഏതോ അജ്ഞാത ശക്തിയാല്‍ ചേരേണ്ട രണ്ടു പേര്‍ ചേരുന്നതാണ്കഥയുടെ പൊരുള്‍.കഥ തുടങ്ങിയപ്പോള്‍‍ തന്നെ കഥ അവസാനിച്ചിരുന്നു. അവര്‍ ഏകദേശം “മേഡ് ഫോര്‍ ഈച് അദര്‍” എന്ന മുന്കൂര്‍ ധാരണയില്‍ അവരറിയാതെ എത്തിപ്പെട്ടവരാണ്.അയാള് ഡിസൈന്‍ ചെയ്ത ചൂഡീദാര്‍ അവള്‍ ധരിച്ചു വന്നപ്പോള്‍ തന്നെ അയാള്‍ക്കിതിന്റെ പൊരുള്‍ മിക്കവാറും പിടികിട്ടി. അവള്‍ കൊതിക്കുന്ന കപ്പയും മീനും അയാള്‍ ഉണ്ടാക്കിക്കൊണ്ടുവന്നിരിക്കുന്നു എന്നതില്‍ നിന്നും അവള്‍ക്കും ഇതു പിടികിട്ടിത്തുടങ്ങിയിരുന്നു. അവള്‍ക്കേറെ ഇഷ്ടമുള്ള പുട്ടും കടലയും ഉണ്ടാക്കി വച്ചിട്ടാണ് അയാള്‍ വന്നിരിക്കുന്നതെന്നതാണ് അവളെ സ്തബ്ധയാക്കിയത്. ജിം റീവ്സും കളര്‍ പ്രിഫറന്‍സും ചൂഡീദാര്‍ ഡിസൈനുമൊക്കെ അവളെ അവിശ്വസനീയമായ സത്യത്തിലേക്കു കൂട്ടിക്കൊണ്ടു പോകു‍കയായിരുന്നു.ദീര്‍ഘനേരമെടുത്തുള്ള കണ്ണടച്ച് തുറക്കലില്‍ അയാളുടെ ഉള്‍ക്കാഴ്ച്ചക്കുള്ള പ്രത്യേകശക്തിയും അവള്‍ തിരിച്ചറിഞ്ഞു.കടുത്ത ക്രിസ്ത്യാനി യാഥാസ്ഥിതികത്തത്തിനു പുറത്താണ് രണ്ടുപേരും.പക്ഷെ tradition and modernity ലളിതമായി സമന്വയിപ്പിച്ചവര്‍. വളര്‍ത്തിയ ചുറ്റുപാടുകള്‍ സമ്മാനിച്ച ജാടപ്രകൃതത്തില്‍ നിന്നും ഊരിയിറങ്ങാന്‍ അവള്‍ക്ക് സ്വല്‍പ്പം സമയം വേണ്ടിവന്നു.അയാള്‍ ബുദ്ധിജീവി ചമഞ്ഞ് അവളെ മെരുക്കിയെടുക്കുകയല്ല,ഷോക്കടിപ്പിക്കുന്ന തിരിച്ചറിവില്‍ക്കൂടെ അയാളും സഞ്ചരിക്കുകയായിരുന്നു. ‍ഈ അനുഭവമാണ് അവസാനം അയാള്‍ക്ക് മനോഹരമായി മന്ദഹസിക്കാന്‍ വഴി വച്ചു കൊടുത്തത്.തനിക്കെന്തെങ്കിലും കുറവുകള്‍ ഉണ്ടെങ്കില്‍ , പാചകത്തിലുള്ള അറിവില്ലായ്മ പോലെ അതൊക്കെ നികത്തിയെടുക്കാന്‍ അയാളുണ്ടെന്നുള്ള ബോധം അവള്‍ക്ക് പ്രഷര്‍ കുക്കര്‍ ദൃശ്യങ്ങളിലൂടെ മനസ്സിലാകുന്നു.ദാമ്പത്യജീവിതം പങ്കുവയ്ക്കാനുള്ളതാണെന്നും പങ്കുവയ്ക്കേണ്ടതാണെന്നും അവള്‍ക്കുള്ള ബോധ്യം അവളെ അവസാനത്തെ ചോദ്യത്തിലേക്ക് നയിക്കുകയാണ്. അതിനുള്ള നിര്‍ബ്ബന്ധത്തിന്റെ ആദ്യപടിയാണ് ചായപ്പൈസയിലുള്ള പങ്കു ചേരല്‍.സാധാരണ പെണ്ണുങ്ങളെപ്പോലെ കല്യ്യാണ സാരി വാങ്ങിക്കാന്‍ എവിടെയാണ് പോകേണ്ടത് എന്ന പൈങ്കിളിച്ചോദ്യത്തിനപ്പുറമാണ് ഇത്.

സൂപ്പര്‍ സൂപ്പര്‍ വിശേഷണങ്ങള്‍ കൊണ്ട് എന്റെ പോസ്റ്റിനെ പൊതിഞ്ഞ് അംഗീകാരത്തിന്റെ സ്റ്റാമ്പൊട്ടിച്ച എന്റെ എല്ലാ കൂട്ടുകാര്‍ക്കും അകമഴിഞ്ഞ നന്ദി.