Sunday, April 15, 2007

കമന്റ്: ഹ ഹ ഹ

ഒരു കാര്യം മനസ്സിലായി: കമന്റു നോക്കിയാണു ബ്ലോഗിന്റെ മൂല്യം നിര്‍ണയിക്കപ്പെടുന്നത്. ജനപ്രിയ സിനിമയ്ക്കു യാതൊരു കലാമൂല്യവും ഇല്ലെങ്കിലും അവാര്‍ഡുണ്ടല്ലൊ. ആദ്യം കമന്റു വായിച്ചിട്ടാണു പോസ്റ്റ് നോക്കണോ എന്നു തീരുമാനിക്കുന്നത്. ഞാനും അങ്ങിനെ തന്നെ. ആനപ്പിണ്ടം നോക്കി ആനയുടെ ഗാംഭീര്യം ഗണിച്ചറിയുന്ന പഴയ ഗജരാജവിരാജിതമന്ദഗതിശാസ്ത്രത്തിന്റെ പിന്തുടര്‍ച്ച.

പല കമന്റടിക്കാര്‍ക്കും ഒരക്ഷരമേ അറിയൂ. അത് വള്ളിയില്ലതെയും വള്ളിയിട്ടും എഴുതും. ഹ ഹ ഹ ഹി ഹി ഹി എന്നാണത്. രണ്ടക്ഷര‍ംകൂടി അറിയാവുന്ന എന്നെപ്പോലെയുള്ളവര്‍ “കലക്കി” എന്നു കൂടെയെഴുതും. “ക” “ല” എന്ന രണ്ടക്ഷരം കഴിഞ്ഞ് വരുന്നത് ആദ്യത്തെ “ക” യുടെ ഇരട്ടിപ്പ് തന്നെ ആണല്ലൊ. അക്ഷരജ്‌ഞാനം കൂടുതലില്ലെങ്കിലും സ്മാര്‍ട്നെസ്സ് കൈവശമുള്ളവര്‍ കീബോര്‍ഡിന്റെ ഒരു കോണില്‍ ആരാലും അവഗണിക്കപ്പെട്ട് വടി പോലെ നില്‍ക്കുന്ന ആശ്ചര്യചിഹ്നം എടുത്തുവച്ച് “കലക്കി!” എന്നാക്കും. വെറും കലക്കിയേക്കാള്‍ ലേശം മേലെയാണ് കലക്കി! എന്ന കക്ഷി.

ഇവിടെയാണ് വരമൊഴിയുടെ ചില അജ്‌ഞാതരഹസ്യങ്ങള്‍ കുടികൊള്ളുന്നത്. “ക” എന്ന അക്ഷരത്തിനു കെ, എ എന്ന രണ്ടു കീ അമര്‍ത്തണം. എന്നാല്‍ അതിന്റെ ഇരട്ടിപ്പായ “ക്ക” യ്ക്ക് രണ്ടും രണ്ടും നാല് കീ അമര്‍ത്തല്‍ വേണ്ട, വെറും മൂന്നു മാത്രം മതി! അപ്പോള്‍ “ഇരട്ടിയ്ക്കുക“ എന്ന പദം അല്ലല്ലോ വേണ്ടത്? “ഒന്നരയ്ക്കുക” എന്ന പദം ഗണിതശാസ്ത്രസംബന്ധിയായ വ്യവഹാരങ്ങളിലല്ലല്ലോ ഉപയ്യോഗിക്കാറ്‌, പാചകത്തിലല്ലേ? ഇവിടെയാണ് വരമൊഴി ഭാഷയെ സ്വാധീനിച്ച് ഭാഷ പുരോഗമിക്കുന്ന അല്‍ഭുതവിശേഷം പ്രകടമാകുന്നത്. (വിശദവിവരം എന്റെ ഉടന്‍ പ്രസിദ്ധീകരിക്കുന്ന “വരമൊഴിക്കണക്കുകളും ഭാഷാപരിണാമവും” എന്ന ലേഖനത്തില്‍).

എന്നാല്‍ വരമൊഴിക്കാരനോട് ഇതിന്റെ അന്തര്‍ര‍ഹസ്യമാരാഞ്ഞാല്‍ പെര്‍മ്യുടേഷന്‍-കോംബിനഷന്‍, ഡിഫെറെന്‍ഷ്യല്‍ ഇക്വേറ്റബിലിറ്റി, അല്‍ഗോറിതംസ് (ഇതു അല്‍ ഗോറിന്റെ തീണ്ടാരിപ്പേടിയാണ്), കോഴിക്കോട് ആര്‍. ഇ. സി. യുടെ പുറകിലെ ഉണക്കപ്പുല്ലിന്റെ ഓരത്തുനിന്നും പെറുക്കിയെടുത്ത ചില മാത്തമാറ്റിക്സ് ചിഹ്നങ്ങള്‍, ബോംബേ ഐ. ഐ. റ്റി യില്‍ നിന്നും ചുളുവില്‍ അടിച്ചുമാറ്റി പോക്കറ്റിലാക്കിയ ചില സങ്കലന-വ്യവകലനപ്പട്ടികകള്‍ , ഇലക്ട്രിസിറ്റി ബില്‍ ഒക്കെ പഴയ പ്ലാസ്റ്റിക് ബാഗില്‍ നിന്നും പെറുക്കിയെടുത്ത് ഉമ്മാക്കി കാട്ടി ഭീഷണിപ്പെടുത്തും. എന്നെപ്പോലെ വരമൊഴി (ഫ്രീയായി ഉപയോഗിക്കുന്നു എന്നു സമ്മതിച്ചാലും) കൈകാര്യം ചെയ്യേണ്ടി വരുന്ന അസംഖ്യം ആളുകള്‍ ടിയാനെ ശപിച്ച്, ദേവീകോപത്താല്‍ (ഇയാള്‍ ക്രിസ്ത്യാനി ആണോ? ഞാന്‍ അന്വേഷിച്ചുകൊണ്ടിരിക്കയാണ്. “സിബു ജോണിയുടെ ജനിതകരഹസ്യങ്ങള്‍“ അടുത്ത ലേഖനം) ദേഹമെല്ലാം തിണര്‍ത്ത്പൊട്ടി ഇന്‍ഫെക്റ്റെഡ് ആയി ബീഭത്സരൂപിയായതിനാല്‍ ആരും നേരില്‍ കാണാറില്ല. ഇയാളുടെ മുഖത്തെ മറുക് ശ്രദ്ധിച്ചിട്ടില്ലേ? അത് മറുകല്ല, മുഖത്തിന്റെ ഫോടൊയിലെ പാടുകളെല്ലാം ഫോടോഷോപ്പില്‍ ക്ലീന്‍ ചെയ്തിട്ടും ഒരു സ്പോട് മായ്ക്കാന്‍ പറ്റാതെ പോയതാണ്. ഋഷിരാജസിംഹന്‍ കമ്പ്യൂടര്‍ കഫേയില്‍ വന്നപ്പോള്‍ എല്ലാം ഇട്ടിട്ട് ഓടേണ്ടിവന്നു.

ഹ ഹ ഹയിലേയ്ക്കു തിരിച്ചു വരാം. അക്ഷരജ്‌ഞാനമില്ലാവര്‍ത്തവര്‍ക്കും കമ്മ്യൂണിക്കേറ്റ് ചെയ്യേണ്ടേ സഹോദരാ? അതിനായി ഇതാ ആത്മപ്രകാശനസാദ്ധ്യതയുള്ളചിഹ്നവ്യാപനം. രണ്ടു കുത്തും കമുകിന്‍ പാള വെര്‍ടില്ക്കല്‍ ആയി നിറുത്തിയ പോലെയുള്ള ഒരു തോണ്ടലും :) കൊണ്ടാണ്
ഇത് സാധിക്കുന്നത്. “ചിരി” (ക്രൂരവിനോദം എന്ന് ശബ്ദതാരാവലി). എന്നാണ് ഈ ഹൈറൊഗ്ലിഫിക്സിന്റെ പൊരുള്‍. ഇയാള്‍ ചിരിച്ച ചിരി പെര്‍മനന്റ് ആയിപ്പോയോ? അതോ ഞാന്‍ മൊണിറ്റര്‍ തുറക്കുമ്പോള്‍ മാത്രമാണോ? അല്ലെങ്കില്‍ ഞാന്‍ കമ്പ്യൂട്ടറിലേക്കു പ്രവേശിക്കുമ്പോള്‍ ചില അദൃശ്യവീചികള്‍ ഇയാളുടെ മേല്‍ ആഞ്ഞുപതിച്ച് ഉടന്‍ ചിരി വരുത്തുമോ? ഒന്നില്‍ക്കൂടുതല്‍ ഇതു കണ്ടാല്‍ ഒരുപാട് ചിരിച്ചെന്നാണോ? അതോ കൂടെയുള്ള എല്ലാവരും ചിരിച്ചെന്നോ? ഈ കമുകിന്‍ പാള മോടിഫ് ഒന്നു തിരിച്ചാല്‍‍ “സങ്കടം“ എന്നാവുന്നു. കാവാലം നാരായണപ്പണിക്കരുടെ ദൈവത്താര്‍ നാടകമാണോ ഇത്?കഥകളിയേക്കാളും കോമ്പ്ലികേറ്റെഡ് മുദ്രാവ്യവസ്ഥയാണോ ഇതിനു? എനിക്കൊന്നും അറിഞ്ഞൂടാ തോഴീ അറിഞ്ഞൂടാ. മന്മഥനെന്നൊരു ദേവന്‍ ‍ഉണ്ടോ?

ഈ ചിത്രലിപിയുടെ അഡ്വാന്‍സഡ് വേര്‍ഷന്‍ ഒരു വൃത്തവും അതിനകത്ത് രണ്ട് കണ്ണും വായയുമാണ്. ഗ്ലോബനൈസേഷന്‍ മൂലമാണ് ഇവരെല്ലാം പപ്പടമുഖന്മാര്‍ ആയിത്തീര്‍ന്നത്. സ്പേസ് സേവ് ചെയ്യാനാണത്രേ ഈ കാവാ‍ലം കളിയൊക്കെ. ഈ വിവരമാകുന്ന വിവരമൊക്കെ ന്യൂയോര്‍ക്കില്‍ ഒരു കെട്ടിടത്തിലെ വലിയ ഒരു കമ്പ്യൂട്ടറില്‍ ആണ് ശേഖരിച്ച് വച്ചിരിക്കുന്നത് എന്നു ഒരു സുഹൃത്ത് (സിബു ജോണിയല്ല) അറിയിച്ചു. ന്യൂയോര്‍ക്ക്?......കെട്ടിടം?.......സ്ഥിരമാകുന്ന പരിപാടിയൊന്നുമല്ല്ല.

ഈ ചിഹ്നവ്യവസ്ഥയില്‍ രണ്ടു വികാരങ്ങളേ ഉള്ളു : ചിരി, കരച്ചില്‍. നവരസങ്ങളേക്കുറിച്ചൊക്കെ അത്യന്താധുനികത എം. മുകുന്ദനില്‍ നിന്നും തട്ടിപ്പറിച്ച നവമാര്‍ക്സിസ്റ്റ്വിവരസാങ്കേതികവിദ്യാശിരോമണികള്‍ക്ക് അറിവ് കിട്ടിവരുന്നതേ ഉള്ളു. തട്ടിപ്പറിക്കല്‍ ഇവരുടെ സ്ഥിരം പരിപാടിയാണെന്നു “ഇങ്ങോട്ടു ചൂണ്ടുന്ന താളുകള്‍” എന്ന ഐ. വി. ശശി സിനിമ കണ്ടവര്‍ക്കറിയാം. (“ചൂണ്ടുന്ന“...മനസ്സിലായോ? ചൂണ്ടുന്ന‍..മനസ്സിലായോ? ഹ ഹ ഹ ഹി ഹി ഹി ). കഷ്റ്റം! കമ്പ്യൂടര്‍വിദ്യാദേവിയുടെ മുഖത്ത് മറ്റ് ഏഴു രസങ്ങളുടേയും ആവിഷ്കാരത്തിനായിട്ടുള്ള കോശീ പടലങ്ങളും നാഡീവ്യൂഹങ്ങളും എവോള്‍വ് ചെയ്തില്ലേ? “ആധുനിക കമ്പ്യൂടര്‍ നാട്യശാസ്ത്രം” എഴുതാന്‍ നൂറ്റാണ്ടുകളെടുക്കുമെങ്കിലും ഭരത് മുനി (കേന്ദ്ര ഗവണ്മെന്റ് അവാര്‍ഡ് കിട്ടിയ ശേഷം അദ്ദേഹം “ഭരത്” എന്നേ എഴുതുകയുള്ളു) കാത്തിരിക്കാന്‍ തയറാണ്. റിലീസ് ഡേറ്റ് വൈകുന്നതിനാല്‍ അദ്ദേഹത്തിനു സ്വല്‍പ്പം ആങ്സൈറ്റി/ഡിപ്രെഷന്‍ ഉണ്ടന്നെ ഉള്ളു. വിപ്രോ കണ്‍‍സള്‍ടന്‍സിയുടെ ഗേറ്റുവാതില്‍ക്കല്‍ നട്ടം തിരിയുന്ന ഒരു താടിക്കാരന്‍ വയസ്സനെ ശ്രദ്ധിച്ചിട്ടില്ലേ നിങ്ങള്‍? ഭരത മുനിയാണത്.

പരിണാമം പുറകോട്ട് തിരിയുന്നതിന്റെ ഒരു ദൃഷ്ടാന്തമാണോ ഇത്? (നവ രസംസ് റ്റു ഇരു രസംസ്). നവരസം ഡിറ്റര്‍മൈന്‍ ചെയ്യുന്ന ഡി. എന്‍. എ. സീക്വന്‍സുകളില്‍ പലതും ഡിലീറ്റ് ചെയ്യപ്പെട്ടോ?പരിണാമം മുന്നോട്ടു മാത്രം ഋജുരേഖയില്‍ സഞ്ചരിക്കത്തേ ഉള്ളു മോനേ എന്ന രഹസ്യം എന്റെ അമ്മാവന്‍ ചാള്‍സ് ഡാര്‍വിന്‍ ഒരു ദുര്‍ബ്ബലനിമിഷത്തില്‍ ഗദ്ഗദകണ്ഠനായി എന്നോട് വെളിപ്പെടുത്തിയിട്ടുണ്ട്. പണ്ട് കുറേ അതിതീവ്രവാദി ഹിന്ദു ആനകള്‍ കടലില്‍ എടുത്തു ചാടി തിമിംഗലമായി മാറി വിഷ്ണുവിന്റെ അവതാരമായ മത്സ്യരൂപം കൈവരിക്കാന്‍ ശ്രമിച്ചത് പരിണാമത്തിലെ തിരിച്ചുപോക്കൊന്നും അല്ലെന്നും വെറും തട്ടിപ്പാണെന്നും എട്ടാം ക്ലാസ്സില്‍ വച്ച് ത്രേസ്സ്യാക്കുട്ടിടീച്ചര്‍ പറഞ്ഞത് ഇത്തരുണ‍ത്തില്‍ ആശ്വാസമേകുന്നു.

ഒരുനിശ്ചിത റേറ്റിങ് സിസ്റ്റത്തിന് ചിഹ്നവ്യവസ്ഥയോ ഹ ഹ ഹ യോ അപര്യാപ്തമാണെന്നു തെളിഞ്ഞല്ലോ. ഇതിന് വെക്റ്റര്‍ കാല്‍കുലസ്, അഷ്ടാംഗഹൃദയം, പക്ഷിശാസ്ത്രം (ഉമേഷ് നായര്‍ ശ്രദ്ധിക്കുക) മുതലായ പോംവഴികള്‍ ഉപയോഗിക്കുന്നതില്‍ നാം മടികാണിക്കേണ്ടതില്ല.ദി റേറ്റിങ് ഷുഡ് ബി മോഡെല്‍ഡ് ആഫ്റ്റെര്‍ അമേരിക്കന്‍ ഐഡൊള്‍ ആന്‍ഡ് സൂപെര്‍മാന്‍ ഷൊ ഒഫ് അമൃതാ റ്റി. വി. കമന്റടിയ്ക്കുന്നവരുടെ അഭിപ്രായം അനുസരിച്ച് വിജയിയെ തെരഞ്ഞെടുക്കുന്ന പുരാതനതന്ത്രം. ഇതിനു ഹ ഹ ഹ യുടെ അവസാനം ഒന്നു മുതല്‍ പത്തു വരെയുള്ള സംഖ്യ ചേര്‍ക്കാന്‍ എല്ലാവരോടും അപേക്ഷിക്കാന്‍‍ മേലധികാരികളില്‍ നിന്നും എനിക്കു നിര്‍ദ്ദേശം കിട്ടിയിട്ടുണ്ട് എന്നു നമ്രതാ ശിരോദ്കര്‍ ആയി (“ചൂണ്ടുന്ന” എന്ന അസുഖം എനിയ്ക്കും പകര്‍ന്നിരിക്കുന്നു! “ദി ഇന്‍ഫെക്റ്റീവ് മോഡാലിറ്റീസ് ഒഫ് ബ്ലൊഗിങ്” എഴുതാന്‍ വകയായി) അറിയിക്കുന്നു. ഐ. റ്റി മേഖലയിലുള്ളവരുടെ എളുപ്പത്തിനു വേണ്ടി കൂടുതല്‍ സങ്കീര്‍ണമായ 1-100, 1-1000 എന്നിങ്ങനെയുള്ള ഗണിതവ്യവസ്ഥകള്‍പിന്നെ മതിയെന്നു തീരുമാനം ആയി.

അവാര്‍ഡ് കമ്മറ്റിയ്ക്കു വേണ്ടി ഒരു സാമ്പിള്‍:
1. ഹ ഹ ഹ ഹി ഹി ഹി-8
2.ഹ ഹ ഹ ഹി ഹി ഹി കലക്കി-3
3.ഹ ഹ ഹ ഹി ഹി ഹി കലക്കി!-2
4. ഹ ഹ ഹ ഹി ഹി ഹി :) -5
5.........

ഇതില്‍ രണ്ടും മൂന്നും ഏകദേശം അടുത്ത് സ്കോര്‍ ഉള്ളവയാണെന്നു ഏതു ദില്‍ബാസുരനും (അതാരാ?) അറിയാം.ഒരേ മാര്‍ക്കുള്ള രണ്ടു എന്റ്റികള്‍ വന്നാല്‍‍ മറ്റു പരിഗണനകള്‍ (ബുദ്ധമതത്തില്‍ മെംപര്‍ഷിപ്) കൊണ്ട് വ്യതസ്ഥമാക്കും.

അയത്നലളിതമായ റേറ്റിങ്ങിനു വിഘാതമായി നില്‍ക്കുന്നത് “ചിരിചു ചിരിച്ചുമണ്ണു കപ്പി” എന്ന കാറ്റഗറിയാണ്. (ഇങ്ങനെ മണ്ണു കപ്പിയാല്‍ മേനകാ ഗാന്ധി മരം നടാന്‍ വരുമ്പോള്‍ എവിടെപ്പോകും മണ്ണിന്? ഈ ചെയ്തി പണ്ട് അഗ്രജനും യങ്ങര്‍ ബ്രദറും ക്രിക്കറ്റ് കളിച്ച സ്ഥലത്താണെങ്കില്‍ അബദ്ധമാവില്ലേ?). പണ്ട് ഒരു കുഞ്ഞ് ഡെവെലപ്പര്‍ പയ്യന്‍ (ആര്‍. ഇ. സി യിലൊന്നും പഠിച്ചിട്ടില്ല) അറിയാതെ ഒരു കമ്പ്യൂടര്‍ ചിപ് കടിച്ചപ്പോള്‍ അത് ഒരു ബ്രഹത്തായ “കോസ്മിക് വ്യൂവര്‍“ എന്ന പ്രോഗ്രാം ആയി മാറിയതും സീനിയര്‍ മാനേജര്‍ യശോദാ നന്ദഗോപാല്‍ അടുത്ത മീറ്റിങ്ങില്‍ ഇതു കണ്ട് മോഹാലസ്യപ്പെട്ടതും ഇവര്‍ പൂര്‍വസ്മൃതിയായി‍ കൊണ്ടു നടക്കുന്നോ? (കൃഷ്ണന്‍ കുട്ടി എന്നായിരുന്നില്ലേ ആ പയ്യന്റെ പേരു?) ഏതായലും മണ്ണു കപ്പുന്നത് റേറ്റിങ്ങിനെ അവതാളത്തിലാക്കും ‍ പ്ലീസ് ഡോണ്ട് ഡു ദിസ്! ഇതു നിറുത്തിയില്ലെങ്കില്‍ “എന്റെ ഖല്‍ബിലെ“എന്ന പാട്ട് ഒന്നുകൂടി കേള്‍പ്പിച്ച് ബോധം കെടുത്തും.

ജനപ്രിയത, വിനോദാംശം, കൊച്ചിന്‍ ഹനീഫ മുതലായ അവശ്യഘടകങ്ങള്‍ ഉള്ള ബ്ലോഗുകളേ ഈ റേറ്റിങിന്റെ പരിധിയില്‍ വരൂ. അടൂര്‍ ഗോപാലകൃഷ്ണന്‍, അരവിന്ദന്‍ മുതലായവര്‍ ഇതില്‍ പ്രതിഷേധിച്ച് ഐഡെന്റിറ്റി തെഫ്റ്റ് നടത്തി ഉമേഷ് നായര്‍, രാജേഷ് വര്‍മ്മ എന്നൊക്കെ പേരുമാറ്റി വന്നു കേറിയിട്ടുണ്ട്. പക്ഷേ അവര്‍ക്കു കാന്‍ ബ്ലോഗ് ഫെസ്റ്റിവല്‍, ബ്ലോസ്കാര്‍ എന്നിവയിലാണ്‍ കണ്ണ്. നമ്മള്‍ പേടിക്കേണ്ടതില്ല.

എതിരന്‍ കതിരവന്‍

പ. ലി.: ഇതില്‍ “ഫ്റ്റ” “ബ്ല“,“ ണ്ഠ“,“ ഋ“ എന്നൊക്കെ വരമൊഴിയിലെഴുതാന്‍ വേറൊരാളുടെ ഹെല്പ് വേണ്ടിവന്നു. വരമൊഴിക്കാരന് അടുത്ത ഇന്‍സ്റ്റാള്‍മെന്റ് ശാപം!

18 comments:

റീനി said...

എതിരന്‍ കതിരവാ, ഹ ഹ ഹ ഹി , കലക്കി.

അപ്പോ ബൂലോഗത്തില്‍ കുറച്ചുനാളായി കറങ്ങുന്ന ആളാണല്ലേ?

myexperimentsandme said...

കതിര്‍‌വായ്ക്ക് എതിര്‍വായില്ലന്നല്ലെ എതിരവന്‍ കതിരവാ. അതുകൊണ്ട്:

കലക്കി
ഹഹഹഹഹഹഹഹഹഹഹാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ
:)

ജോക്കറെപ്പാര്‍ട്ട്, തകര്‍ത്തു കേട്ടോ. കലക്കി കട്ടിലൊടിച്ച് നടുവും കുത്തി കമന്ന് വീണപ്പോള്‍ ചിരിച്ചോണ്ടിരുന്നതുകാരണം കുറച്ച് മണ്ണും കപ്പി തുപ്പി.

ഹോ, വന്ന വടവരി നോക്കിക്കേ, lafgun
ലാഫ് ഗണ്‍- ഈ ഗൂഗിളിന്റെയൊരു കാര്യം!

Kiranz..!! said...

ഹെഹെഹെ..കലകലകലക്കല്‍..!!!

സൂപ്പര്‍,ജഗജില്ലന്‍..

താമസിച്ചൊരു സ്വാഗതം എകെ..!

മുസ്തഫ|musthapha said...

ഹ ഹ ഹ (ഇതു പൊട്ടി പൊട്ടിയുള്ള ചിരി... അതായത് ഗ്യാപ്പുള്ള ചിരി)

ഹഹഹഹഹഹ... (ഇതാണ് ഗ്യാപ്പില്ലാത്ത ചിരി അഥവാ മണ്ണുകപ്പുന്ന ചിരി :)

കലക്കി :))

കുപ്പി പുത്യേതാണേലും വീഞ്ഞ് പാഴേതെന്നെ... അല്ലാണ്ടിത്രയ്ക്കാങ്ങട്ട് ഫിറ്റാവ്വോ :)

ഇനി പുത്യേതാണേലും ലഹരിക്കൊരു കുറവൂല്ല :)

Unknown said...

ഇതില്‍ രണ്ടും മൂന്നും ഏകദേശം അടുത്ത് സ്കോര്‍ ഉള്ളവയാണെന്നു ഏതു ദില്‍ബാസുരനും (അതാരാ?) അറിയാം.

അത് ഞമ്മളാണ് കാക്കാ.. :-)(ഇത് ഇസ്മായിലി)ഇങ്ങളാ പറഞ്ഞത് പോയിന്റ്. എന്തേങ്കിലുമൊക്കെ എയ്തണ്ടേന്നും?

ഈ പോസ്റ്റ് കലക്കി!. അടുത്ത പോസ്റ്റ് പോസ്റ്റിനെ പറ്റിയായിക്കോട്ടെ. (ഗോള്‍ പോസ്റ്റ്, ടെലഫോണ്‍ പോസ്റ്റ്, കറണ്ട് പോസ്റ്റ്, പോസ്റ്റുങ്കാല്,പോസ്റ്റ് മാന്‍, പോസ്റ്റ് ബോക്സ്, കമ്പനിയിലെ ഉയര്‍ന്ന പോസ്റ്റ് എന്ന രീതിയില്‍ വിശകലനം..) :-)

Cibu C J (സിബു) said...

ദില്‍ബാ അടുത്തതും അതിനടുത്തതും എഴുതാന്‍ പോണത്‌ എന്നെ പറ്റിയാണെന്ന്‌ കണ്ടില്ലേ... അതും എനിക്കും എന്റെ അപ്പനിട്ടും ആയിരിക്കും അത്രേ. ഇങ്ങനെ ഒരു ഭൂതത്തിനെയാണ്‌ തുറന്നുവിടുന്നത് എന്ന് സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല :)

എന്തായാലും വ്യത്യസ്തമായ നിരീക്ഷണങ്ങള്‍, എഴുത്ത്‌. ആസ്വദിക്കുന്നു.

ഇടിവാള്‍ said...

ദില്‍ബാ.. അങ്ങനെ പോസ്റ്റിനെപ്പറ്റി ഒരു പോസ്റ്റിട്ടിട്ടു വേണം ഇനി കമന്റടിച്ചു പോസ്റ്റില്‍ക്കേറ്റാന്‍ അല്ലേ ;)

സിബുവാണോ ഈ ഭൂതത്തിനെ തുറന്നു വിട്ടത്.. അനുഭവി ;)

ഹ ഹ ഹ എന്നൊരു കമന്റു മാത്രമിട്ടാം, ഇട്ടവന്‍ നിരക്ഷരകുക്ഷിയാണെന്നും ഒരു “മോണോ അക്ഷരാഭ്യാസി” ആണെന്നും ആണല്ലേ അര്‍ത്ഥം ,,. ഹായ് കൊള്ളാലോ ;)

കണ്ടുപിടുത്തത്തിനു വേഗം പേറ്റന്റ് എടുത്തോളൂ ട്ടോ ;)

Kaithamullu said...

ഈ ‘ഇസ്മായിലി’ എങ്ങനാ ഇടുക?
ദേ, ഒന്നിവിടെ ഇട്ടേക്കണ്, ട്ടാ!

തറവാടി said...

ബൂലോകംമുഴുവന്‍

കാച്ചിക്കുടിച്ചവനാണെന്നറിയീക്കാനുള്ള വ്യഗ്രതയില്‍
എന്നാല്‍ താങ്കള്‍ പലപ്പോഴും വിഷയത്തില്‍നിന്നും വഴുതുന്നുണ്ടല്ലോ! ,

വല്ലാതെ പരത്തിപ്പറയുമ്പോള്‍ , വായനാസുഖം കുറയുന്നു

ഒരഭിപ്രായം പറഞ്ഞെന്നേയുള്ളൂ :)

Unknown said...

സിബുച്ചേട്ടോയ്,
അനുഭവിച്ചോ... :-)

നമ്മളേക്കാള്‍ എത്രയോ കൂടുതല്‍ അടിപൊള്ളി (കട്:വക്കാരിമച്ചാന്‍)ആയി എഴുതുന്ന ഗഡീസിനെ ഞാനൊന്നും ഇങ്ങ് കൊണ്ട് വരാത്തതെന്താ? നമ്മള് പണ്ടെഴുതിയതും ഇള്ളപ്രായത്തില്‍ കാട്ടിയതും ഒക്കെ വായിച്ചും ഓര്‍ത്തും നമ്മുടെ തന്നെ നെഞ്ചത്ത് കയറി തിരുവാതിര കളിക്കും.അദന്നെ.

സിബുച്ചേട്ടന്റെ ജീനോം മാപ്പും പരിണാമത്തിന്റെ ദശകളും വിവരിക്കും എന്നാ എതിരന്‍ മച്ചാന്‍ പറഞ്ഞത്. ചെട്ടന്റെ ബെസ്റ്റ് ടൈം തന്നെ ചേട്ടാ. വാറ്റുകാല്‍ രാധാകൃഷണനെ കാണിച്ച് അധികം പെട്രോള്‍ ചെലവ് വരാത്ത രണ്ട് യന്ത്രം വാങ്ങി ധരിച്ചാല്‍ നന്നായിരിക്കും (വാറ്റുകാലിന്). ;-)

മുല്ലപ്പൂ said...

ജയരാജ് വാര്യറുടെ ക്യാരിക്കേച്ചര്‍ ഓര്‍മ്മ വന്നു.

സു | Su said...

ഹിഹിഹി കലക്കി! ;)

ഇത്രേം പോരേ കമന്റ്? ഈ പോസ്റ്റും അടിപൊളി ആയിട്ടുണ്ട്. ആദ്യം തന്നെ വിലക്കിയതുകൊണ്ട് ചിരിച്ച് മണ്ണ് കപ്പിയില്ല.

ഏറനാടന്‍ said...

എതിരന്‍ കതിരന്‍ വേട്ടയാട്‌ വിളയാട്‌ തൊടങ്ങിക്കഴിഞ്ഞുവെന്നാ തോന്നണേ ആണ്‍ഠവോ! കണ്ണിനു കുളുര്‍മ വരുത്തുന്ന ഫോണ്ടിന്‍ നീലവെളിച്ചം(?) എവിടേയോ പാത്തതില്ലയാ? ഇല്ലേയില്ല. വേറിട്ട കാഴ്‌ചയും വേറിട്ട എഴുത്തും നല്ലോണം പുടിച്ചിരിക്ക്‌..

പോരട്ടെ ബാക്കിം കൂടെ..

കുതിരവട്ടന്‍ | kuthiravattan said...

ഇവിടെ തേങ്ങാ അടിക്കാന്‍ പാട്വോ ആവോ?

Umesh::ഉമേഷ് said...

എന്നാലും എന്റെ സിബൂ, വേലിയിലിരുന്ന ഈ എതിരന്‍ കതിരവനെ എടുത്തു കൌപീനമാക്കേണ്ട വല്ല കാര്യവുമുണ്ടായിരുന്നോ?

കതിരവകുമാര്‍ വ്യക്തിഹത്യയുമായാണല്ലോ ഇത്തവണ വരവു്? ഏതായാലും സംഗതി ഉഷാറാകുന്നുണ്ടു്.

ബ്രായ്ക്കറ്റില്‍ പറഞ്ഞിരിക്കുന്ന പലതും ബോറാകുന്നുണ്ടു്. (കൃഷ്ണന്‍ കുട്ടി ഉദാഹരണം) മൊത്തം പറയാതെ പകുതി പറഞ്ഞു് ബാക്കി വായനക്കാരന്റെ ഭാവനയ്ക്കു വിടുന്നതല്ലേ നല്ലതു്? ബൂലോഗവായനക്കാര്‍ അത്ര മണ്ടന്മാരാണെന്നു വിചാരിച്ചോ?

ആദ്യ പോസ്റ്റിന്റെ ഗുമ്മില്ലല്ലോ രണ്ടാം പോസ്റ്റില്‍? കതിരവാ, നിര്‍ത്തി നിര്‍ത്തി പറയൂ, അല്ലെങ്കില്‍ ഗ്യാസു തീര്‍ന്നുപോകും. വക്കാരിക്കു വരെ തീര്‍ന്നു പോയി, പിന്നെയാ!

ഇനിയും വരട്ടേ, ബൂലോഗത്തിനെപ്പറ്റി ഇത്തരം സ്റ്റൈലന്‍ പോസ്റ്റുകള്‍.

:)

Santhosh said...

വായിച്ചു തുടങ്ങിയപ്പോള്‍ എന്‍റെ തലയ്ക്കിട്ടുള്ള അടിയാണോ എന്ന് തോന്നി. (ഈ അടുത്തകാലത്ത് അരവിന്ദന്‍റേതുള്‍പ്പടെയുള്ള ബ്ലോഗുകളില്‍ എന്‍റെ കമന്‍റ് ഞാന്‍ ഹ ഹ ഹ-യില്‍ ഒതുക്കിയിരുന്നു.) പിന്നെ മനസ്സിലായി, പലര്‍ക്കും ആ തോന്നലുണ്ടായി എന്ന്.

എഴുത്ത് കലക്കുന്നുണ്ട്.

Anonymous said...

It is maddening! You write with the same ink as the 'not self claimed' liberal-scientist-intellectuals write! Same language same route of sarcasm and ridicule on the public/mass thinking. Amazingly boring, how can you all never fail to make a person "veruppichu kalayal"

സുധി അറയ്ക്കൽ said...

ഹാ ഹാ ഹാ .ഇഷ്ടപ്പെട്ടു.


ശ്ശോ.മറന്നു.!!!!!!!!!!!ഇതൂടെയിരിക്കട്ടെ.