Thursday, June 7, 2007

ശ്ലീലമെന്ത് അശ്ലീലമെന്ത്?

ശ്ലീല/അശ്ളീലത്തെക്കുറിച്ച് ആധികാരികമായി പറയാന്‍ കഴിയുന്നവര്‍ അണിനിരന്നുകൊണ്ടുള്ള ഒരു ചര്‍ച്ചയില്‍ നിന്നും കുറെ ഭാഗങ്ങള്‍. 1992 ല്‍ ഭാഷാപോഷിണിയില്‍ വന്നത്. പമ്മന്റെ ചരമത്തോടനുബന്ധിച്ച് ബ്ലോഗില്‍ നടന്ന ചര്‍ച്ചയ്ക്ക് ഒരു അനുബന്ധം.

തകഴി-
അശ്ലീലം വ്യക്തിനിഷ്ഠമാണ്.
അശ്ലീലം! ആലോചിക്കുന്തോറും അശ്ലീലാവബോധം വ്യക്തിനിഷ്ഠമാണെന്നു തോന്നിപ്പോകുന്നു.ഒരാള്‍ക്ക് അശ്ലീലമെന്നു തോന്നുന്നത് മറ്റൊരാള്‍ക്ക് അങ്ങിനെ ആയിരിക്കണമെന്നില്ല. മറിച്ച് ആനന്ദദായകമായിരിക്കും...എന്താണ് അശ്ലീലം എന്ന് ഇതേവരെ നിര്‍വചിക്കപ്പെട്ടിട്ടില്ല.കലയിലെ‍ അശ്ലീല സങ്കല്പം വിചിത്രമായി തോന്നുന്നു.ഓരൊ കലാരൂപത്തേയും കുറിച്ച് ആലോചിക്കുമ്പോള്‍ അശ്ലീലസങ്കല്പം മാറി മാറി വരുന്നതായി കാണാം.

കരിങ്കല്ലില്‍ കൊത്തിയുണ്ടാക്കിയൊരു ശില്പം ഞാനോര്‍ക്കുന്നു. തിരുവനന്തപുരത്തെ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലാണെന്നു തോന്നുന്നു, സ്വവര്‍ഗരതിയുടെപൈശാചികമാ‍ായ ഒരു സങ്കല്പമാണ് ആ ശില്പത്തില്‍ക്കണ്ടത്. ഒരു മനുഷ്യമൃഗം നിസ്സഹാ‍യനായ ബാലനെ സ്വവര്‍ഗരതിയ്ക്കു കീഴടക്കുന്നതാണ് ശില്പം. കാണുമ്പോള്‍ ശില്പത്തിന്റെ വിഷയം പ്രാധാന്യമില്ലാത്തതാകുന്നു.
ഒരു മനുഷ്യനു എത്രത്തോളം ഭീകരമൃഗം ആകാനൊക്കും എന്നതു മാത്രമേ നമ്മുടെ അനുഭവത്തില്‍ വരൂ. അതുപോലെ നിസ്സഹായതയുടെ, ദൈന്യതയുടെ പാരമ്യവും കാണാം. സ്വവര്‍ഗരതി എന്ന ആഭാസമായചിത്രം നാം കാണുന്നതേ ഇല്ല.ഈ ശില്പത്തെ അശ്ലീലം എന്നു പറയാനൊക്കുമോ?

......അനുഗ്രഹീതരായ കലാകാരന്മാര്‍ രചിച്ച നഗ്നചിത്രങ്ങളുണ്ട്.ലോകമെമ്പാടും ഇവ ഉണ്ട്.നഗ്നതയോടുള്ള വെറുപ്പ് ആ ചിത്രങ്ങള്‍ കാണുന്മ്പോള്‍ നമുക്ക് ഉണ്ടായി എന്നുവരാം.ഇല്ലാതായി എന്നും വരാം. നഗ്നതയെ രണ്ടുവിധത്തിലും ആവിഷ്കരിക്കാം.

സാഹിത്യത്തിന്റെ കഥയെടുത്താല്‍ നമ്മുടെ പുരാണങ്ങളിലെല്ലാം പച്ചത്തെറിയുണ്ട്........പുരാണങ്ങളിലെ സ്ത്രീവര്‍ണന പലതും അശ്ലീലമല്ലേ? മുലയെ എന്തെല്ലാം തരത്തിലാണ്‍ വിവരിച്ചിരിക്കുന്നത്? മുലയെ മാത്രമോ?

..എന്റെ ചെറുപ്പത്തില്‍ അയല്പക്കത്തെ ചേച്ഛിമാരാരും തന്നെ മാറു മറയ്ക്കാറില്ലായിരുന്നു.....മുലയും തള്ളിച്ചു നടക്കുന്നതില്‍ ഒരു നാണക്കേടും ഇല്ലായിരുന്നു.....അപ്പോള്‍ അശ്ലീലസങ്കല്പം മാറിക്കൊണ്ടിരിയ്ക്കുന്നു എന്നര്‍ത്ഥം. കാലം ഇവിടെ ഒരു പ്രധാന ഘടകമാണ്.

....അശ്ലീലതയും ബീഭത്സതയും തമ്മില്‍ വളരെ അകലമില്ലെന്നു തോന്നുന്നു. അശ്ലീലത ബീഭത്സമാണോ?ബീഭത്സത വെറുപ്പുണ്ടാക്കുന്നു. എന്നാല്‍ അശ്ലീലത ഉണ്ടാക്കുന്ന വെറുപ്പ് അതാണോ? കിടപ്പറയിലെ ചേഷ്ടകള്‍ അശ്ലീലമാണോ? എങ്കില്‍ മനുഷ്യരാശി മുഴുവന്‍ അശ്ലീലതയ്ക്ക് അടിമയാണ്‍.

....ഞാന്‍ ഒരുകാലത്ത് ഭയങ്കരമായ തെറിക്കഥകള്‍ എഴുതുന്നവനായിരുന്നു. അമ്മപെങ്ങന്മാര്‍ക്ക് കൂടിയിരുന്ന് എന്റെ കഥ വായിക്കാന്‍ കൊള്ളുകയില്ല എനായിരുന്നു പരാതി. ...എന്തിന് അമ്മപെങ്ങന്മാറര്‍ ഒരുമിച്ചിരുന്ന് ഒരു സാഹിത്യസൃഷ്ടി വായിക്കണം? മകള്‍ തനിച്ചിരുന്ന് ഒരു ചെറുകഥ വായിക്കട്ടെ. അമ്മ വേറിട്ടൊരിടത്തിരുന്ന് രാമായണം വായിച്ചു കൊള്ളട്ടെ. ....എല്ലാവരും ഒരുമിച്ചിരുന്നു വായിക്കണമെന്ന് നിര്‍ബ്ബന്ധം പിടിയ്ക്കുന്നതെന്തിനാണ്?

....ലൈമ്ഗികബോധത്തെ ആശ്രയിച്ചിരിക്കുന്നു അശ്ലീലബോധം. പണ്ടത്തെ ആളുകള്‍ക്കില്ലാതിരുന്ന ലൈം ഗികബോധം ഇന്നുണ്ട്. ലൈം ഗികബോധത്തിന്റെ വേലിയേറ്റമാണ് അശ്ലീലബോധത്തെ വളര്‍ത്തുന്നത്.

----------------------------------------------------------

ഒ. വി. വിജയന്‍

.....ഭക്ഷണത്തിലെന്ന പോലെ ലൈംഗികാസ്വാദനത്തിലും ഓരോ മനുഷ്യരും അവന്റേതായ അതിരുകള്‍ കണ്ടെത്തിയേ പറ്റൂ. സമൂഹത്തില്‍ ഭൂരിപക്ഷവും ഇത്തരം അതിരുകള്‍ പ്രവേശനദശയിലെ ചില്ലറ ജാള്യങ്ങളോടു കൂടിത്തന്നെ കണ്ടെത്തുകയും സൂക്ഷിക്കുകയും തങ്ങളുടെ സന്തതികള്‍ക്കു പറഞ്ഞുകൊടുക്കുകയും ചെയ്യുന്നു......സാംസ്കാരികവും പാരമ്പര്യസ്വഭാവമുള്ളവയും ആയ ഒട്ടേറെ ചുറ്റുപാടുകളാണ്‍ ദൃശ്യത്തേയോ വിവരണത്തേയോ അശ്ലീലമോ ശ്ലീലമോ ആക്കിത്തീര്‍കുന്നത്.....

രതി, ഒരു ശക്തി
ഒരു ഭാവമെന്ന നിലയ്ക്ക് അടിസ്ഥാനപരമായ രസമെന്ന നിലയ്ക്ക് രതി മനുഷ്യബോധത്തിന്റെ അടിനൂലുകളില്‍ ഒന്നാണ്......കലയിലും സംഗീതത്തിലും ആരാധനയിലും (ഏതാനും തീവ്രവാദസംഹിതകളൊഴിച്ചാല്‍)ഒക്കെത്തന്നെ ഈ ഭാവത്തിന്റെ കലര്‍പ്പുകള്‍നമുക്കു കാണാം. പരിണാമംത്തിന്റെ പ്രചോദനമെന്ന നിലയ്ക്ക് രതി ഒരു മഹാശക്തിയായി തെളിയുന്നു. ശക്തിശിവന്മാരുടെ ലീലയെ വാഴ്ത്തുന്ന നമുക്കു ലഭിച്ച ഈ അറിവ് പുരാതനമാണ്.

പാകപ്പിഴകള്‍ ഏത് അറിവിന്റേയും കൂടപ്പിറപ്പുകളാണ്‍...രതിയുടെ കഥയും ഇപ്രകാരം തന്നെ. മനുഷ്യവര്‍ഗ്ഗത്തിന്റെ ആരോഗ്യ്ത്തിനും വംശഗുണത്തിനും ഘോരമായ ഒരു ഭീഷണിയായിത്തീര്‍ന്നിരിക്കുന്ന വ്യഭിചാരത്തിന്റെ ചരിത്രവുന്ം ഇത്തരമൊരു പാളിച്ചയുടെ കഥയാണ്....

പിന്നെ എവിടെയാന്‍ അന്തരം?വ്യഭിചാരത്തിലെ സംഭോഗക്രിയയില്‍ സ്നേഹമില്ല, രസമുണ്ട്.....രസം സ്വാര്‍ത്ഥപരവും പരസ്പരചൂഷണപ്രധാനവുമായി അധ;പതിയ്ക്കുന്നു.....

സാ‍ാഹിത്യത്തിലും ദൃശ്യകലകളിലുമുള്ള ശ്ലീലാശ്ലീലഭാവങ്ങളുടെ കാര്യവും ഇപ്രകാരം തന്നെ.....

സദാചാരം
വ്യഭിചാരത്തിന്റെ ഒരു സഹചാരിയുണ്ട്. പ്രകടനപരമായ സദാചാരം....അശ്ലീലത്തിനെതിരേ സാഹിത്യത്തില്‍ ‘ജിഹാദു’കള്‍പ്രഖ്യാപിക്കുന്നത് ‘ഫിലിസ്റ്റൈന്മാര്‍’ (philistines) അഥവാ അധമ പണ്ഡിതരാണ്. അധമമായ അഭിരുചിയെ പുലര്‍ത്തി സര്‍ഗ്ഗനാശംവരുത്തുന്നവരാണിവര്‍. എല്ലാ സമൂഹങ്ങളുടേയും ചരിത്രത്തില്‍, എല്ലാ കാലഘട്ടങ്ങളുടേയും അനുഭവത്തില്‍, അധമവും ആഢ്യ്‌വുമായ അഭിരുചികള്‍ തമ്മിലുള്ള സംഘട്ടനം ഒഴിച്ചുകൂടാത്തതാണ്. സംഘട്ടനം നിരന്തരമാകയാല്‍ ശാശ്വതമായ ജയങ്ങളും തോല്‍ വികളും സാധ്യമല്ല.

അന്നന്നത്തെ ചുറ്റുപാടനനുസരിച്ച് നടത്തപ്പെടുന്ന നന്മതിന്മകളുടെ തുലനം മാത്രമേ നമുക്കു വിധിച്ചിട്ടുള്ളു. പിന്നെ നന്മയേത് തിന്മയേത് എന്ന് ആര്‍ എങ്ങനെ തീരുമാനിക്കും എന്ന ചോദ്യമാണ് അവശേഷിക്കുന്നത്. അതിനു വെറും ഭൌതികതലത്തില്‍ ഉത്തരമില്ല......സാഹിത്യത്തിന്റെ സ്ഥിതിയും ഏറെക്കുറെ ഇപ്രകാരം തന്നെ. ഏതാന്ണ് ഉത്തമമായ പദപ്രയോഗം ഏതാണ്‍ ആഢ്യമായ ആശയം എന്നൊക്കെയുള്ള ചോദ്യങ്ങള്‍ക്ക് യാന്ത്രികവും ക്ലിപ്തവുമായ ഉത്തരങ്ങളില്ല. എന്നാല്‍ അദ്ഭുതമെന്നേ പറയാവൂ ശ്രേഷ്ഠമായതിനെ ലോകം എന്നും ആദരിച്ചിട്ടുണ്ട്.

സത്യസന്ധത

ഈ പശ്ചാത്തലത്തില്‍ വേണം അശ്ലീലത്തിന്റെ പ്രശ്നത്തേയും കാണാന്‍. സത്യസന്ധവും സോദ്ദേശപരവുമായ കല ഒരിക്കലും അശ്ലീലമാകുന്നില്ല. ഉത്തമമായ രതിഭാ‍ാവം പ്രകാശിപ്പെടുന്നത് ശരീരത്തിന്റെ ‘പച്ച’യൊ പ്രതീകാത്മകമായതോ ആയ വിവരണങ്ങളിലൂടെയാണ്. ഇതിനെ വിലയിരുത്താന്‍ നാം പാടുപെടേണ്ടതില്ല. അത്തരം വിലയിരുത്തല്‍ സ്വാദ്ധ്യായത്തിലൂടെ ജനത നടത്തിക്കൊള്ളും.

സാഹിത്യത്തില്‍ നാം തേടേണ്ടതു സ്നേഹമാണ്, നിസ്വാര്‍ത്ഥതയാണ്. ഇത് എളുപ്പവുമല്ല. ഈ ഭാവങ്ങളെ യാന്ത്രികമായി ആവിഷ്കരിക്കുമ്പോള്‍ഫിലിസ്റ്റിനിസവും പൈങ്കിളിയും അവതരിക്കുന്നു. സ്നേഹത്തോടെ, നിസ്വാര്‍ത്ഥതയോടെ കണ്ടാല്‍ പോര്‍മുലക്കുടങ്ങള്‍ അമ്മയുടെ പാല്‍നിറവാണ്, ജൈവധാരയാണ്. ഈ വിവേചനം ഏത് അശിക്ഷിതനായ മനുയ്ഷ്യന്റേയും ജന്മസിദ്ധിയും.

-------------------------------------------------------

മാധവിക്കുട്ടി

എന്താണ് അശ്ലീലം?

ഒരാള്‍ക്ക് ഒരു ഗുഹ്യാവയവം ഉണ്ടാവുന്നതില്‍ യാതൊരു അശ്ലീലതയുമില്ല. കാരണം ആ അവയവം ശരിയായ സ്ഥാനത്തു തന്നെ സ്ഥിതി ചെയ്യുന്നു. തെറ്റായ സ്ഥാനത്ത്-എന്നുവച്ചാല്‍ മനസ്സില്‍- ഒരു ഗുഹ്യാവയവം സ്ഥിതി ചെയ്താല്‍ അശ്ലീലത ജനിക്കുന്നു.

കുളിയ്ക്കുന്ന സ്ത്രീയെ വാതില്‍പ്പഴുതിലൂടെ നോക്കിക്കാണുന്നത് അശ്ലീലമാണ്. പക്ഷെ കുളിയ്ക്കുന്ന ആ നിമിഷങ്ങളുടെ അശ്ലീലതയില്‍ യാതൊരു പങ്കുമില്ല.
സ്ത്രീ തന്റെ കുഞ്ഞിനു മുല കൊടുക്കുനതില്‍ അശ്ലീലതയില്ല. സ്നേഹിക്കുന്ന പുരുഷന്‍ ആ മുലയില്‍ സ്പര്‍ശിച്ചാല്‍ ആ സ്പര്‍ശത്തില്‍ അശ്ലീലതയില്ല. സ്നേഹിക്കാത്തവന്‍ അതു തൊട്ടാല്‍ ആ സ്പര്‍ശം അശ്ലീലമായിത്തീരുന്നു. ബലാത്സഗം അശ്ലീലമാണ് . പക്ഷേ ബലാത്സംഗത്തിന്‍ ഇരയായിത്തീരുന്ന്വള്‍ക്ക് ആ അശ്ലീലതയില്‍ യാതൊരു പങ്കുമില്ല. ഒരാള്‍ തന്റെ അമ്മയുടെ സമപ്രായക്കാരിയെപ്പറ്റി ലൈംഗികഫലിതങ്ങള്‍ പറയുകയോ അത്തരം ഒരു കമന്റടിയ്ക്കുകയൊ ചെയ്യുന്നത് അശ്ലീലമാണ്.....അപ്രാപ്യരായ സ്ത്രീകളെ കാമവികാരത്തോടെ നോക്കുന്നതും അശ്ലീലമാണ്.അങ്ങനെ നോക്കപ്പെടുന്ന സ്ത്രീയ്ക്ക് ആ നോട്ടത്തിന്റെ അശ്ലീലതയില്‍ പങ്കില്ല. ഇത്തരം പെരുമാറ്റച്ചട്ടങ്ങള്‍ ഓര്‍മ്മിച്ചുകൊണ്ട് സാഹിത്യരചന നടത്തിയാല്‍ ആ രചനയില്‍ ജന്മനാ അശ്ലീലര്‍ മാത്രമേ അശ്ലീലം കാണുകയുള്ളു. അവരുടെ കണ്ണുകള്‍ക്ക് സദാസമയവും അശ്ലീലത്തിന്റെ ചോരയും ചലവും ഒലിപ്പിക്കാനാണ് വിധി. ഭിഷഗ്വരന്റെ മുന്‍പില്‍ നഗ്നയായിക്കിടക്കുന്ന രോഗിണിയ്ക്കും അശ്ലീലത അവര്‍ കല്‍പ്പിയ്ക്കും. അവരുടെ വികലമായ വീക്ഷണം കാര്യമാക്കാനില്ല എന്നെനിയ്ക്ക് തോന്നുന്നു.


(തുടരും)

8 comments:

എതിരന്‍ കതിരവന്‍ said...
This comment has been removed by the author.
chithrakaran ചിത്രകാരന്‍ said...

എതിരന്‍ കതിരവന്‍,
താങ്കളുടെ പോസ്റ്റ്‌ വായിച്ച്‌ ചിത്രകാരന്‌ ആശയവ്യക്തത ലഭിക്കുന്നില്ല. കുത്തിക്കെട്ടാത്ത നല്ല ചിന്തകള്‍ എന്നുമാത്രമേ പറയാനാകുന്നുള്ളു.
ചിത്രകാരന്‌ കുട്ടിക്കാലത്ത്‌ അശ്ലീലം എന്നത്‌ ഗോപ്യമായ അറിവ്‌ എന്ന നിലയിലായിരുന്നു മനസ്സിലാക്കിയിരുന്നെന്നു തോന്നുന്നു.
എന്നാല്‍, ഇന്ന് അശ്ലീലമെന്നാല്‍ ശീലങ്ങള്‍ക്ക്‌ അടിപ്പെട്ട ബാലിശമായ മനസ്സുള്ളവര്‍ക്ക്‌ പെട്ടെന്നു വികാരവിക്ഷോഭമുണ്ടാക്കുന്ന അറിവിനെയാണ്‌ അശ്ലീലമെന്ന് വിളിക്കുന്നത്‌ എന്നാണ്‌ പറയാന്‍ തോന്നുന്നത്‌. അതായത്‌ ഒരാളുടെ ഇടുങ്ങിയ സാംസ്കാരിക അവബോധത്തിന്‌ ഉള്‍ക്കൊള്ളാനാകാത്ത എന്തു നല്ല അറിവിനേയും അയാള്‍ അശ്ലീലമായോ, തെറിയായോ, അധമമെന്നോ പേരിട്ടുവിളിക്കുന്നു.
ഇത്തരം അധമന്മാര്‍ നമുക്കിടയില്‍ ഭൂരിപക്ഷമായതുകൊണ്ടാണ്‌ അശ്ലീലത അരങ്ങുവാഴുന്നതായി ജനസംസാരമുണ്ടാകുന്നത്‌.
ഇത്രയും പറഞ്ഞതുകൊണ്ട്‌ കലയും,സാഹിത്യവും, സംസ്കാരവും എന്നാല്‍ അശ്ലീലം എന്നു പറയപ്പെടുന്ന സാധനമാണെന്നല്ല ചിത്രകാരന്‍ വിവക്ഷിക്കുന്നത്‌.

ഉചിതമായ സമയത്താണെങ്കില്‍ അശ്ലീലത്തിന്‌ അശ്ലീലതയില്ലെന്നര്‍ത്ഥം.
സമയമാണു പ്രധാനം.
സമയം മാത്രം....
അതെ സന്ദര്‍ഭം.

വിവരദോഷി said...

സമൂഹത്തിനു ശ്ലീലമല്ലാത്തത് അശ്ലീലം. ശ്ലീലവും അശ്ളീലവും വ്യക്തിനിഷ്ഠമല്ല. അങ്ങനെയാക്കാന്‍ ശ്രമിച്ചാലും അതാവുകയുമില്ല.
ഉദാഹരണത്തിന് അമേരിക്കയിലുള്ള ഒരാള്‍ നാട്ടില്‍ വന്ന് അടുത്ത സ്ത്രീസുഹൃത്തിനെ കെട്ടിപ്പിടിച്ച് സ്നേഹം പങ്കുവയ്ക്കുന്നതു മിനിമം നാട്ടുകാരെങ്കിലും അംഗീകരിക്കില്ല. അതേസമയം, അതു മറുനാട്ടിലാണേല്‍ അവര്‍ അംഗീകരിക്കുകയും ചെയ്യും!! എപ്പടി?

തല്ലരുത്.. പൊയ്ക്കോളാം...

കുട്ടു | Kuttu said...

ചിത്രകാരാ, എതിരന്‍ ആ ചര്‍ച്ചയുടെ പ്രസക്ത ഭാഗങ്ങല്‍ quote ചെയ്തതല്ലെ.

നല്ല ടോപ്പിക്, എതിരന്‍. ഒരു ചര്‍ച്ചക്ക് വകയുണ്ട്.

ശ്ലീലാശ്ലീലത്തിന്റെ കാര്യത്തില്‍ ഒരു കാര്യം പ്രത്യേകം ശ്രദ്ധേയമാണ്.

അശ്ലീലം എന്നു മുദ്രകുത്തിയിരിക്കുന്ന 99% കാര്യങ്ങളും (തെറികളും),
ലൈംഗിക ബന്ധം, ലൈംഗിക അവയവങ്ങള്‍, അതു ചെയ്യുന്ന രീതി തുടങ്ങിയ കാര്യങ്ങളെ കുറിച്ചാണ്. അത് എന്താണ് അങ്ങിനെ എന്നു എത്ര ആലോചിച്ചിട്ടും എനിക്കു ഇതുവരെ മനസ്സിലായിട്ടില്ല.

“ശീലങ്ങള്‍ക്ക്‌ അടിപ്പെട്ട ബാലിശമായ മനസ്സുള്ളവര്‍ക്ക്‌ പെട്ടെന്നു വികാരവിക്ഷോഭമുണ്ടാക്കുന്ന അറിവിനെയാണ്‌ അശ്ലീലമെന്ന് വിളിക്കുന്നത്‌ എന്നാണ്‌ പറയാന്‍ തോന്നുന്നത്‌.“

ചിത്രകാരന്റെ ഈ നിരീക്ഷണം കൊള്ളാം. പക്ഷെ,
വികാരവിക്ഷോഭം എന്നുള്ളത് ഒരു കാര്യം learn ചെയ്യാന്‍ അല്ലെങ്കില്‍ unlearn ചെയ്യാന്‍ മനസ്സ് പാകപ്പെടാത്ത അവസ്ഥയല്ലേ? അതാണൊ അശ്ലീലം? അങ്ങിനെയാണെങ്കില്‍ ഒരുപാട് കാര്യങ്ങള്‍ ഉണ്ടാവുമല്ലോ അശ്ലീലമായി.

മനസ്സില്‍ നമ്മള്‍ നന്നായി ആസ്വദിക്കുന്ന ഒരു കാര്യം, സമൂഹം അംഗീകരിക്കില്ല എന്ന ഒരു മുന്‍‌വിധിയോടെ കാറ്റഗറൈസ് ചെയ്യുമ്പോഴല്ലേ അശ്ലീലമാകുന്നത് ?

ബൂലോകരെ, ഓടി വരൂ.... ഇതാ നല്ലോരു വിഷയം.

രാജേഷ് ആർ. വർമ്മ said...

മൗലികതയോടെ ചിന്തിക്കാന്‍ കഴിയുന്നില്ല എന്ന ഒരൊറ്റക്കുറ്റംകൊണ്ടുമാത്രം ഇന്നത്തെ സാഹിത്യകാരന്മാര്‍ ഇന്നലത്തെ സാഹിത്യകാരന്മാരെപ്പോലെ ചര്‍ച്ചചെയ്യപ്പെടാതിരിക്കുന്നത്‌ എവിടുത്തെ ന്യായം എന്നു ചോദിച്ചു പോകുന്നു, ഇതു വായിച്ചപ്പോള്‍. സാഹിത്യത്തിലും സംവരണമേര്‍പ്പെടുത്താറായിട്ടുണ്ട്‌, പുതിയ തലമുറയ്ക്ക്‌.

കിഷോർ‍:Kishor said...

“സമൂഹത്തിനു ശ്ലീലമല്ലാത്തത് അശ്ലീലം“ എന്നത് സ്ഥിരം പല്ലവിയാണ്... ആരാണ് സമൂഹം എന്നതാണ് എന്റെ ചോദ്യം. എല്ലാ വ്യക്തികളും കൂടിച്ചേരുമ്പോള്‍ മാത്രമേ അത് സമൂഹമായി മാറൂന്നുള്ളു. കാലം മാറുമ്പോള്‍ അതിനനുസരിച്ച് ചിന്താഗതിയിലും മാറ്റങള്‍ വരുന്നു. ലൈഗികതയില്‍ നിന്നു ജനിച്ച മനുഷ്യന്‍ അതിനെ തള്ളിപ്പറയുന്നതും അശ്ലീലമാക്കുന്നതും വിചിത്രം തന്നെ!. എല്ലാ ലൈഗികതയും പരസ്പരമുള്ള സൌന്ദര്യാസ്വാദനം മാത്രമാണ്. അത് സ്വകാര്യതയില്‍ (privacy) നടക്കേണ്ട കാര്യവുമാണ്.

vimathan said...

എതിരന്‍,അടുത്ത ഭാഗം കൂടി പോസ്റ്റ് ചെയ്യൂ.
qw_er_ty

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

ഇന്ന് ഏറെ പ്രസക്തി കൈവന്നിരിക്കുന്നു ഈ വിഷയത്തിന്