ഉലുവയുടേയും മഞ്ഞളിന്റേയും ഔഷധഗുണങ്ങള്‍ സുവിദതങ്ങളാണ്. മഞ്ഞള്‍ ചര്‍മ്മ രോഗത്തിനും നീരുവീക്കത്തിനും വാതത്തിനും ഉപയോഗിച്ചുവരുന്നു. ഉലുവ ആയുര്‍വേദത്തിലെ വിശേഷവിധി ഔഷധത്തിനു ഉപയോഗിക്കുന്നതുമാണ്. പ്രമേഹത്തിന് ഉലുവക്കഷായം അത്യുത്തമം എന്ന് ആപ്തവാക്യം.
ഇവ രണ്ടിലും അടങ്ങിയിരിക്കുന്ന രാസവസ്തുക്കളുടെ യഥാര്ത്ഥപ്രകാര്യം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിരുന്നില്ല. മഞ്ഞളിലെ “കുര്കുമിന്” എന്ന വസ്തുവും ഉലുവയിലെ “ഡയോസ്ജെനിന്‍”നും ജീവകോശങ്ങളിലെ നിശ്ചിതപ്രവൃത്തികളെ നിയന്ത്രിക്കുന്നതെങ്ങിനെ എന്നും അതിന്റെ നിയാമകകാര്യവിധി എപ്രകാരമെന്നും കൃത്യമായി തെളീയിക്കപ്പെട്ടിരിക്കുന്നു,ഈയടുത്തകാലത്ത്. കോശങ്ങളിലെ സങ്കീര്‍ണമായ യന്ത്രാവലിയിലെ സുപ്രധാനകണ്ണികളെയാണ് ഇവയുടെ പ്രവര്‍ത്തനം ബാധിക്കുന്നത്.ഒരു ജീനില്‍ നിന്നും പ്രോടീന്‍ തന്മാത്ര ഉണ്ടാക്കിയെടുക്കുന്ന പ്രക്രിയയുടെ നിയന്ത്രണാധികാരം കയ്യാളുന്ന മൂലസ്ഥാനത്താണ് കുര്‍കുമിനും ഡയോസ്ജെനിനും തങ്ങളുടെ അധികാരം വിനിയോഗിക്കുന്നത്.
കോശങ്ങളിലെ ജോലികളെല്ലാം ചെയ്യുന്നതുമാത്രമല്ല ഈ ജോലികളെ നിയന്ത്രിക്കുന്നതും പ്രോടീനുകളാണ്. ഒരു കോശം വിഭജിക്കണമോ വേണ്ടയോ എന്നു തീരുമാനിക്കുന്നത് ഒരു പ്രൊടീന്‍ സംഘമാണ്. ഒരു ജീന്‍ അതിന്റെ ഡി. എന്‍ .എ യില്‍ നിന്നും മെസ്സെന്ജെര് ആര്. എന്‍. എ പതിപ്പെടുക്കുന്നതാണ് പ്രോടീന്‍ തന്മാത്ര നിര്‍മ്മിക്കപ്പെടുന്നതിന്റെ ആദ്യ കര്‍മ്മം. പക്ഷെ ഈ കര്‍മ്മത്തിന്റെ മുഖ്യതന്ത്രി, ജീനിന്റെ ആദ്യം DNA യില്‍ പ്രത്യേകം വച്ചിരിക്കുന്ന പ്രൊമോട്ടര്‍ (promoter) എന്ന പീഠത്തില്‍ വന്നിരുന്നാലേ ഈ മെസ്സെന്ജെര് ആര്. എന്‍. എ.-പതിപ്പെടുക്കല് നടക്കുകയുള്ളു. പ്രൊമൊട്ടറില് വന്ന് ഡി. എന്‍ എ യെ പൊതിഞ്ഞിരുന്ന് പതിപ്പെടുക്കലിനു അനുമതി നല്കുന്ന ഈ പ്രോടീനുകള്‍ അറിയപ്പെടുന്നത് അനുലേഖനഘടകം -transcription factor- എന്ന പേരിലാണ്.
ഇത്തരം ചില transcription factor കള്‍ തെമ്മാടികളായി വിഭജനത്തിനാവശ്യമായ പ്രോടീനുകളുണ്ടാക്കാന് തന്നെ നിര്‍ദ്ദേശം കൊടുക്കുമ്പോഴാണ് കോശങ്ങള്‍ ക്യാന്‍സറിന്റെ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങുന്നത്.ഒരു സാധാരണ കോശം വളര്‍ച്ചാഘട്ടത്തില്‍ ഇങ്ങനെ ചിന്താക്കുഴപ്പത്തിലൊന്നും പെടാറില്ല.കുറെ വിഭജനങ്ങള്‍ക്കു ശേഷം ഒരു ന്യൂറോണോ മസില്കോശമോ,ചര്‍മ്മ-ഉപരിതല (epithelia)കോശമൊ ആകാനുള്ള സ്വപ്നവുമായാണ് ഇവ കഴിഞ്ഞുകൂടാറ്. ഒരു ന്യൂറോണായിക്കഴിഞ്ഞാല് പിന്നെ വിഭജനമേ ഇല്ല ജീവിതത്തില്‍. വിഭജനത്തിന്റെ എല്ലാ ജീനുകളും എന്നന്നേക്കുമായി അടച്ച് പൂട്ടപ്പെടും. പക്ഷെ കോശത്തിന്റെ ഭാവി നിശ്ചയിക്കപ്പെടുന്ന ഒരു സംഘം ജീനുകള്‍ ജാഗ്രതയോടെ എപ്പോഴും ഉണരാനുള്ള സാദ്ധ്യതയുമായി ഉറങ്ങിക്കിടക്കും.
കോശ ആത്മഹത്യ-ജീവന്റെ നിലനില്‍പ്പിന്
ഒരു ജീവിയില്‍ ആകെയുള്ള ക്ങ്ങോളുടെ എണ്ണം നിശ്ചിതമാാക്കി സ്ഥിരപ്പെടുത്തിയിരിക്കയാണ്. കോശങ്ങള്‍ക്ക് പ്രായമാകുക, പരിക്കു പറ്റുക, റേഡിയേഷനോ വിഷവസ്തുക്കളോകൊണ്ട് പരിക്ഷീണിക്കുക വൈറസ് ബാധിക്കുക, എന്നൊക്കെ വന്നാല്‍ സ്വയം ഒരു ആത്മഹത്യയുടെ വഴി തിരഞ്ഞെടുക്കും. നിയന്ത്രിത മരണപദ്ധതി (programmed cell death) എന്ന ഈ പ്രതിഭാസത്തിനു അപോറ്റോസിസ് (apoptosis) എന്നാണ് പേര്. ഒരു പറ്റം ജീനുകള്‍ വളരെ സൂക്ഷ്മമായി പടിപടിയായിട്ട് കോശത്തെ മരണത്തിലേക്ക് നീക്കും. മൃതകോശങ്ങളും കോശശകലങ്ങളും പരിപൂര്‍ണമായി നിര്‍മാര്‍ജ്ജനം ചെയ്യപ്പെടും ഈ പ്രക്രിയ വഴി. ഒരാളുടെ ശരീരത്തില്‍ ഒരുദിവസം 50 മുതല്‍ 70 ബില്യന്‍ കോശങ്ങള്‍ ഇങ്ങനെ മരിക്കുന്നുണ്ടെന്നുള്ള വസ്തുത ഇതിന്റെ വ്യാപ്തിയും പരിണിതഫലവും വ്യക്തമാക്കുന്നു. ഒരു കൊല്ലം കൊണ്ട് വിഭജിച്ചും മരിച്ചും കാലം കഴിക്കുന്ന കോശങ്ങളുടെ കണക്കെടുത്താല്‍ ഒരാളുടെ ശരീരഭാരത്തോളം വരും. അപോറ്റോസിസ് മൂലം അനേകം കോശങ്ങള്‍ മരിക്കേണ്ടത് ഭ്രൂണവളര്‍ച്ചയില്‍ അത്യാവശ്യമാണ്. ഉദാഹര ണത്തിനു കൈവിരലുകള്‍ ഒരു ഭ്രൂണത്തില്‍ ഒട്ടിച്ചേര്‍ന്ന പോലെയാണ്. ഒരു പാട വിരലുകളെ ബന്ധിക്കുന്നതായി അള്‍ട്രാസൌണ്ട് ചിത്രങ്ങളില്‍ കണ്ടിട്ടു കാണുമല്ലൊ. ഈ പാട ഇല്ലാതായി കൈവിരലുകള്‍ ഒറ്റയ്ക്കൊറ്റയ്ക്കാവുന്നത് വിരലകളുടെ ഇടയ്ക്കുള്ള ഈ ചര്‍മ്മകോശങ്ങള്‍ കൂട്ടത്തോടെ അപോറ്റോസിസിലേക്കു നയിക്കപ്പെടുന്നതുകൊണ്ടാണ്. ഒരു ജീവിയുടെ രൂപം നിര്‍മ്മിച്ചെടുക്കുന്നത് ഇങ്ങനെ വികൃതമായ ചിത്രത്തിലെ അനാവശ്യഭാഗം മായ്ച്ചു കളഞ്ഞിട്ടാണ്. വാല്‍മാക്രിയുടെ വാല് അപ്രത്യക്ഷമാകുന്നത് ഒരു കൂട്ട ആത്മഹത്യ കൊണ്ടാണ്. പക്ഷെ അപോറ്റോസിസ് നിയന്ത്രിക്കപ്പെടുന്നത് സങ്കീര്‍ണമായ ഒന്നിനൊന്നു തൊട്ടു കിടക്കുന്ന, ശൃംഖലാപരമായ നിരവധി കാര്യപരിപാടികള്‍ വഴിയാണ്, അതുകൊണ്ട് പിഴവു പറ്റാന്‍ എളുപ്പവുമാണ്. ഈ അനുക്രമത്തില്‍ ഏതെങ്കിലും ഒന്നിനു പിഴവുപറ്റിയാല്‍ മാനം മര്യാദയ്ക്ക് ആത്മഹത്യ ചെയ്യേണ്ട സെല്ലുകള്‍ വഴി മാറി വിഭജനത്തിലേക്കു തിരിഞ്ഞ് ക്യാന്‍സര്‍ സെല്ലുകളായി മാറാന്‍ സാദ്ധ്യതയുണ്ട്. അപോറ്റോസിസ് നെ അനുകൂലിയ്ക്കുന്നവരും പ്രതികൂലിയ്ക്കുന്നവരുമായി രണ്ട് ജീന്‍ സംഖങ്ങളുണ്ട്. ഇവയുടെ പ്രകാശനത്തിലുള്ള അനുപാതത്തില്‍ മാറ്റം വന്ന് പ്രതികൂലികളുടെ സംഘബലം വര്‍ദ്ധിച്ചാല്‍ ക്യാന്‍സറാണ് ഫലം. എയിഡ്സ് വൈറസ് ഇമ്മ്യൂണിറ്റിയെ തകര്‍ക്കുന്നത് ഇമ്മ്യൂണ്‍ കോശങ്ങളെ അപോറ്റോസിസ്നു പ്രേരിപ്പിച്ച് ആത്മഹത്യയിലേക്കു നയിക്കുന്നതിനാലാണ്. നേരത്തെ സൂചിപ്പിച്ച അനുലേഖനഘടകങ്ങള്-transcription factors- അപോറ്റോസിസ്-ക്യാന്‍സര്‍ പന്ഥാവുകളില്‍ കോശങ്ങള്‍ക്കു മാര്‍ഗ്ഗദര്‍ശികളാണ്.
NFkB (Nuclear Factor kB)
അനുലേഖനഘടകങ്ങളില് പ്രധാനി ഇയാള്‍ തന്നെ, NFkB. ഇമ്മ്യൂണിറ്റി, പ്രതിജ്വലനം (inflammation) ക്യാന്‍സര്‍, അപോറ്റോസിസ് ഇങ്ങനെ നിരവധി പ്രക്രിയകള്‍ക്കു വേണ്ടിയുള്ള പ്രോടീന്‍ നിര്‍മാണതിന്റെ നിയന്ത്രണം വഹിക്കുന്ന മഹാതന്ത്രി. ഇദ്ദേഹത്തിന് ഉപവിഷ്ടനാകുള്ള പ്രൊമോടര്‍ പീഠം പല ജീനുകള്ഉടേയും തുടക്കത്തില്‍ ഒരുക്കിയിട്ടുണ്ട്. സാധാരണ ന്യൂക്ലിയസിനു പുറത്ത് മൌഢ്യം ബാധിച്ചാവനെപ്പോലെ നില്ക്കുന്ന NFkB മിക്കവാറും ഒരു ചീഫ് ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥനായ IkB യുടെ പിടിയിലാണ്. കോശത്തിന്റെ ഉപരിതലത്തില്‍ നിന്നും ഉന്നതന്മാരുടെ നിര്‍ദ്ദേശം പലപല ശ്രേണികളിലായി IkB യിലെത്തുമ്പോള്‍ NFkB യെ സ്വതന്ത്രനാക്കി ന്യൂക്ലിയസ്-ശ്രീകോവിലില്‍ പ്രവേശിക്കാന്‍ അനുവദിക്കും. IkB അപ്രത്യക്ഷനാകും ഇതോടെ. ഊര്‍ജ്ജസ്വലനായ എനെഫ് കാപ ബി ഓടി ന്യൂക്ലിയസില്‍ കയറി പ്രൊമോടര്‍ പീഠത്തിലിരുന്ന് പ്രോടീന്‍ തന്മാത്രാനിര്മ്മാണ പൂജാവിധികള്‍ തുടങ്ങുകയായി.ആദ്യം നിര്‍മ്മിക്കുന്ന പ്രോടീന്‍ തന്റെ സഹചാാരിയായ IkB യാണ്. ഇതൊരു വിഡ്ഢിത്തമാണ്, തന്ത്രി അറിയുന്നില്ല. നിര്‍മ്മിക്കപ്പെട്ട അനേകം IkB കള്‍ പെട്ടെന്നു ന്യൂക്ലിയസില്‍ കയറി NFkB യെ പിടിച്ച് പുറത്തു കൊണ്ടുവരും. പക്ഷേ പ്രൊമോടര്‍ പീഠത്തിലിരുന്ന് തന്ത്രി ഇതിനിടയ്ക്ക് തന്നെ ഉദ്ദേശിക്കുന്ന പ്രോടീന്‍ തന്മാത്രകള്ക്കൊക്കെ അനുലേഖനനനിര്ദ്ദേശം കൊടുത്തിരിക്കും. കുറച്ച് സെക്കന്റുകള്‍ക്കകമാണ് ഈ സംഭവങ്ങളൊക്കെ നടക്കുന്നത്.
NFkB യുടെ ഒരു പ്രധാന കര്‍മ്മം അപോറ്റോസിസിലേക്ക് കോശങ്ങളെ നയിക്കാതിരിക്കുക എന്നതാണ്. എന്നുവച്ചാല്‍ വിഭജനത്തിനെ അനുകൂലിയ്ക്കുന്ന പ്രോടീനുകളെയാണ് കൂടുതലും നിര്‍മ്മിക്കാന്‍ പ്രേരിപ്പിക്കുന്നത്. ചിലപ്പോള്‍ ഈ NFkB ഒരു മഹാതെമ്മാടിയായി മാറും. ന്യൂക്ലിയസില്‍ത്തന്നെ ഇരുന്ന് വിഭജനജീനുകളെത്തന്നെ പ്രോത്സാഹിപ്പിക്കും, കോശങ്ങള്‍ ക്യാന്‍സറിന്റെ വഴിയെ നീങ്ങും. മിക്കവാറും Ikb കുറവുള്ളതോ അതിന് മ്യൂടേഷന്‍ സംഭവച്ചതോ ആയ കോശങ്ങളിലാണ് ഇതു നടക്കാറ്. ഇങ്ങനെ ജീവിതമോ മരണമോ എന്ന സ്ഥിതിവിശേഷമാണ് NFkB കൈകാര്യം ചെയ്യുന്നത്. മാത്രവുമല്ല, ഇമ്മ്യൂണിറ്റിയെ ബാധിക്കുന്ന ബഹുവിധ ജീനുകളുടെ നിയന്ത്രാണവും ഈ എനെഫ് കപാ ബീയുടെ വരുതിയിലാണ്.
ഈ മഹാവീരന് NFkB യെയാണ് മഞ്ഞള്‍-ഉലുവക്കുട്ടികള് നിലയ്ക്കു നിറുത്തുന്നത്. മഞ്ഞളിലെ കുര്കുമിന് ശക്തിസ്വരൂപിണിയായി NFkB യെ വരച്ച വരയില്‍ നിറുത്തുമെന്നത് വിസ്മയകരമാണ്. IkB യുടെ പിടിയില്‍ നിന്നും NFkB യെ വേര്‍തിരിക്കുന്നതും NFkB ന്യൂക്ലിയസിലേക്ക് ഓടിക്കയറുന്നതും മാത്രമല്ല കുര്കുമിന് കുമാരി തന്റെ പേലവകരങ്ങളാല്‍ തടയിടുന്നത്. സിഗ്നല്‍ ശ്രേണീശൃംഖലയില് IkB യെ ഉത്തേജിപ്പിക്കുന്ന IKK യുടെ വേലത്തരങ്ങള്‍,ഈ IKK യെ ഊര്‍ജ്ജസ്വലനാക്കുന്ന Akt എന്ന എന്‍സൈമിന്റെ വികൃതികള്‍ ഇവയൊക്കെയും കൂടി കുര്ക്കുമിന് നിയന്ത്രിക്കാന്‍ കഴിയും. ഇപ്രകാരം NFkB യെ കടിഞ്ഞാണിടുന്നതു കൊണ്ട് വിഭജിച്ച് ക്യാന്‍സറാകാന്‍ പോകുന്ന കോശങ്ങളെ അപോറ്റോസിസിലേക്ക് തിരിച്ചുവിടും ഈ മഞ്ഞള്പ്പെണ്കൊടി. ഈ പ്രഭാവം കൊണ്ട് ഇമ്മ്യൂണ്‍ സെല്ലുകള്‍ കൂടുതല്‍ പ്രവര്‍ത്തനനിരതരാകും. inflammation കുറയും. ആത്സൈമേഴ്സ് രോഗത്തിലേക്കുള്ള നീക്കത്തിനും കുര്കുമിന് കണികകള്‍ക്ക് ഇടങ്കോലിടാന്‍ സാധിക്കും.
ഉലുവയിലെ ഡയൊസ്ജെനിന്‍ ഉം ഇതുപോലെ NFkB യുടെ അതിക്രമങ്ങളെ നിയന്ത്രിക്കുന്നു. Type 2 പ്രമേഹത്തിന് ഇന്‍സുലിന്‍ പ്രതിരോധ (insulin resistance)മാണ് കാരണം. IRS എന്ന, ഇന്‍സുലിന്‍ പ്രതിരോധത്തിനു കാരണമാക്കുന്ന ജീനിനെ പ്രവര്‍ത്തനനിരതമാക്കുന്നത് PPAR എന്ന മറ്റൊരു ജീനാണ്. ഈ PPAR ആകട്ടെ NFkB യുടെ ആജ്ഞാനുവര്‍ത്തിയുമാണ്. ഉലുവയിലെ ഡയൊസ്ജെനിന്‍ എനെഫ് കപ ബിയെ നിയന്ത്രിക്കുമ്പോള്‍ PPAR ന് IRS ജീനിനെ പ്രകാശിപ്പിക്കാന്‍ പറ്റാതെ വരും. കോശങ്ങള്‍ ഇന്‍സുലിനെ തിരിച്ചറിഞ്ഞു തുടങ്ങും.മഞ്ഞളിലെ കുര്കുമിനേക്കാള് ഡയൊസ്ജെനിന്‍ ഇക്കാര്യത്തില്‍ എങ്ങനെ മെച്ചപ്പെട്ടു നില്ക്കുന്നു എന്ന് അറിവായിട്ടില്ല.
ചെടികള്‍ ചുമതലയേറ്റ് നടത്തിക്കൊണ്ടിരിക്കുന്നത് അതിവിപുലവും അതിഗംഭീരവുമായ production "plants" ആണ്. നിര്‍മ്മിച്ചെടുക്കുന്ന രാസവസ്തുക്കള്‍ രസതന്ത്രത്തിന്റേയും ബയോളൊജിയുടെയും അദ്ഭുതങ്ങളും. ക്യാന്‍സറിനുപയോഗിക്കുന്ന വിന്‍ബ്ലാസ്റ്റിന്‍ (ക്രോമസോമുകളെ രണ്ടു ഭാഗത്തേയ്ക്കും വലിയ്ക്കുന്ന മൈക്രോറ്റ്യൂബുകള് എന്ന നാരുകളെ കഷണം കഷണമാക്കി കോശവിഭജനം അസാദ്ധ്യമാക്കുന്ന അതിതീഷ്ണന്) എന്ന മരുന്നു ഉഷമലരി/നിത്യകല്ല്യാണി എന്ന പാവം പൂക്കാരിച്ചെടി നിഷ്പ്രയാസമാണ് ഉണ്ടാക്കിയെടുക്കുന്നത്. പത്തോളം സങ്കീര്‍ണമായ പടികളുണ്ട് വിന്‍ബ്ലാസ്റ്റിന്‍ നിര്‍മ്മിച്ചെടുക്കാന്‍. എത്രയും സമ്പന്നവും വിപുലവും ആയ പരീക്ഷണശാലയില്പ്പോലും ഇതു നിര്‍മ്മിച്ചെടുക്കാന്‍ ദിവസങ്ങളോളം വേണ്ടി വരും ചിലവും കൂടുതലാണ്. ഉഷമലരി ഇത് ഒരു ദിവസം കൊണ്ട് സാധിച്ചെടുക്കും!
മോളിക്യുലാര്‍ ബയോളജി ഇനിയും കാത്തിരിക്കുകയാണ് സസ്യജാലങ്ങളില്‍ നിന്നുള്ള രാസവിസ്മയങ്ങളുടെ, കൃതകൃത്യങ്ങളുടെ വിശദാംശങ്ങള്‍ക്കു വേണ്ടി.
**********************************************************************************
കുറിപ്പ്: മഞ്ഞളും ഉലുവയും ധാരാളം ഉപയോഗിക്കപ്പെടുന്ന പാചകവിധി (കാളന് രണ്ടുതരം) പാചകം വകുപ്പില്‍ കാണുക.
18 comments:
മഞ്ഞളിന്റേയും ഉലുവയുടേയും ശക്തിരഹസ്യങ്ങള്-മോളിക്യുലാര്‍ ബയോളൊജിയുടെ ഉള്ളറയിലൂടെ ഒരന്വേഷണം.
കഴിയുന്നതും ലളിതമാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ദയവു ചെയ്ത് സംശയങ്ങള്‍ ചോദിക്കുക.
എതിരന്‍, നല്ല ലേഖനം. ഇന്ത്യന്‍ കറി അല്ലെങ്കില്‍ കറി പൌഡര്‍ ഉപയോഗിക്കുന്നവര്‍ക്ക്, അത്ഷിമേഴ്സ് രോഗ സാധ്യത കുറവാണ് എന്ന് എവിടെയോ വായിച്ചിരുന്നു. അപ്പോള്‍ കറി പൌഡറിലെ മഞ്ഞള്‍ ആണല്ലേ ഇതിനു സഹായകം. ഭരതനാട്യവും, മഞ്ഞളും, മോളിക്യൂളാര്‍ ബയോളജിയും, താങ്കളുടെ പോസ്റ്റുകളിലെ വൈവിധ്യം എനിക്കിഷ്ടമായി. അഭിനന്ദനങള്‍.
Nise reading, waiting for more
നല്ല ലേഖനം. എല്ലാത്തിനും റഫറന്‍സസ് കൊടുത്തിരുന്നെങ്കില്‍ കൂടുതല്‍ മെച്ചമാകുമായിരുന്നു.
IKK, Akt പ്രവര്‍ത്തനങ്ങളെ കുര്കുമിന് നിയന്ത്രിക്കുന്നതിന്റെ കൃത്യമായ മെക്കനിസം എന്താണെന്ന് തെളിയിച്ചിട്ടുണ്ടോ?
വളരെ നല്ലലേഖനം എതിരന്‍. കുര്കുമിന് ലിഗാന്റ് ആയി ഇനോര്‍ഗാനിക് കോമ്പ്ലെക്സുകള് ഉണ്ടാക്കി അവയുടെ ആന്റി ക്യാന്‍സര്‍ ആക്റ്റിവിറ്റിയെ കുറിച്ചുള്ള പഠനങ്ങള്‍ കാണാന്‍ സാധിച്ചീട്ടുണ്ട്. അതിന്റെ ബയോളജിക്കല്‍ ആസ്പെക്റ്റ് വിവരിച്ചതിന് നന്ദി.
ലോകം ഉറ്റുനോക്കുന്ന മറ്റോരു ചെടിയാണ് തുളസി. തുളസിയ്ക് വെള്ളത്തെ ശുദ്ധീകരിക്കാനുള്ള കഴിവാണ് പഠന വിധേയമാക്കുന്നത്. ഇവിടെ രാമതുളസിയിലും കൃഷ്ണതുളസിയിലും ധാരാളം പഠനങ്ങള്‍ നടക്കുന്നു.
qw_er_ty
എതിരന്‍ പുലിയല്ല, പുപ്പുലിയാണ്...!!!
എതിരന്റെ വിജ്ഞാനപ്രദമായ പോസ്റ്റ് വായിച്ചു. വളരെ നന്നായിരിക്കുന്നു.
വിവരിക്കുന്ന കാര്യങ്ങള്ക്കനുസരിച്ച ചിത്രങ്ങള്‍ കൂടി ലഭ്യമായിരുന്നെങ്കില്‍ കുറച്ചുകൂടി വ്യക്തത ലഭിച്ചേനെ. ഈ പറഞ്ഞ സാധനങ്ങളെക്കുറിച്ചൊക്കെ ഭാവനാത്മകമായ രൂപങ്ങള്‍ മനസ്സില്‍ രൂപം കൊള്ളുന്നു. പക്ഷേ , അത് സത്യത്തില്‍ നിന്നും വളരെ അകലെയായിരിക്കുമല്ലോ എന്നൊരു വിഷമം.
പിന്നെ .. ഇത്തരം ശാസ്ത്രസത്യങ്ങള്‍ പറയുംബോള് തന്ത്രിയേയും,അയാളുടെ ദൌര്‍ബല്യങ്ങളേയും,പൂജകളേയും പരാമര്‍ശിക്കുന്നത് സത്യത്തില്‍ വെള്ളം ചേര്‍ക്കുന്നതുപോലുള്ള പ്രവര്ത്തിയാകുമെന്നതിനാല് അത്തരം തമാശകള്‍ ഒഴിവാക്കാമായിരുന്നു എന്നൊരഭിപ്രായമുണ്ട്.
സസ്നേഹം.
ഒരിക്കല്‍കൂടി പറയട്ടെ... ചിത്രങ്ങള്‍-ഇലസ്റ്റ്രേഷന്‍- ഉണ്ടെങ്കില്‍ അതിഗംഭീരമായേനെ.
ഈ പോസ്റ്റിനു ഇപ്പോഴത്തെ സംവാദത്തിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ പ്രസക്തി വന്നിട്ടുണ്ട്..
വളരെ വിജ്ഞാനപ്രദമായ ലേഖനം. വിവരക്കേടുകൊണ്ട് എല്ലാമൊന്നും മനസിലായില്ലെങ്കിലും എന്തൊക്കെയോ ഇവിടെ നടക്കുന്നുണ്ടെന്നു അറിയാന്‍ കഴിഞ്ഞു. ആശംസകള്‍.
തന്ത്രിയെക്കുറിച്ചൊക്കെ പറഞ്ഞതില്‍ ഒരു തെറ്റുമില്ല. വായനക്കാരന് എളുപ്പം മനസിലാകുന്നതിനായി ഇത്തരം ഉദാഹരണങ്ങളൊക്കെ ആവശ്യയ്മാണ്.
ആയുര്‍വേദ അലോപ്പതി തര്‍ക്കമാണ് എന്നെ ഇവിടെ എത്തിച്ചത്. ഇത്രയും സങ്കീര്‍ണ്ണമായ കാര്യങ്ങള്‍ ഇതിലേറെ ലളിതമായി അവതരിപ്പിക്കാന്‍ മറ്റാര്‍ക്കും കഴിയുമെന്ന് തോന്നുന്നില്ല. ഇപ്പോഴത്തെ ചര്‍ച്ചകളുടെ പശ്ചാത്തലത്തില്‍ ഈ പോസ്റ്റിന് പ്രസക്തി കൂടുന്നു. നന്ദി.
curcumin ന്റെ മനുഷ്യ glioma കോശങ്ങളിലെ പ്രവര്‍ത്തനങ്ങളെ കുറിച്ചു.
Liu E, Wu J, Cao W, Zhang J, Liu W, Jiang X, Zhang X. J Neurooncol. 2007 Dec;85(3):263-70
S ഫേസ്, G2/M cell cycle arrest നടത്തുന്നു.കുടാതെ ING4 ഉം p21 ഉം upregulate ചെയ്യുന്നു.
അപ്പുകിളി (അപ്പുക്കിളി എന്നല്ലെ?):
പുതിയ റെഫറന്‍സ് കാണിച്ചതിനു നന്ദി. neural tumor നു പ്രതിവിധി ആയേക്കാമെന്ന സൂചന.
കുര്കുമിന്റെ ഇടപെടലുകള്‍ ധാരാളം പുറത്തു വരുന്നുണ്ട്.
Animal modelsല്‍ ഇതൊക്കെ പരീക്ഷിക്കപ്പെടേണ്ടതാണ്. അതിനു ശേഷം human volunteers test, clinical trials....ഒക്കെക്കഴിഞ്ഞു ഒരു മരുന്നായി എത്തിപ്പെടുമെന്ന് വിചാരിക്കാം.
അതെ, ധാരാളം ദൂരം പോകാന്‍ ഉണ്ട്.. എന്നെങ്ങിലും മരുന്നു ആകുമെന്ന് കരുതാം...
മഞ്ഞമഞ്ഞളിലെ “കുര്കുമിന്” എന്ന വസ്തുവും ഉലുവയിലെ “ഡയോസ്ജെനിന്‍”നും ആണ് അവയുടെ ഔഷധ ഗുണങ്ങൾക്ക് കാരണം എന്ന് ശാസ്ത്രം ഇന്ന് കണ്ടുപിടിച്ചു. എന്നാൽ 5000 വർഷങ്ങൾക്ക് മുമ്പ് അത് കണ്ടുപിടിച്ചവരുടെ ബുദ്ധിശക്ത്തിയൊ? ആയുർവേദം ഈ ലോകത്തേ മുഴുവൻ വളരെ simple ആയ രീതിയിൽ മനസിലാക്കി തരുന്നു. അത് നമുക്ക് മനസിലാകത്തത് കൊണ്ട് (നമ്മു
ടെ ബുദ്ധിക്കുരവുകൊണ്ട്)നമ്മൾ അത് ശാസ്ത്രീയമല്ല എന്നു പറയുന്നു. ചെടികളില്‍ ഉള്ള chemical compount ആണു അതിന്റെ ഔഷധ ഗുണത്തിനു കാരണം എന്ന് അവര്‍ മനസിലാക്കിയിരുന്നു. ‘പ്രഭാവം‘ എന്ന പേരിലാണ് അവര്‍ അതിനെ വിളിച്ചത്. എങ്ങനെ ആ അറിവ് ലഭിച്ചു എന്നത് നമുക്ക് അജ്ഞാത്മാണ്.പല തർക്കങളും നിലനിൽക്കുന്നു എങ്കിലും യോഗ ജ്ഞാനതിലൂടെ ആർജിച്ചെടുത്തു എന്നു വിശ്വസിക്കാനേ നമുക്കു കഴിയു കാരണം, ഒരാൾ അയാളുടെ ജീവിത്കാലത്തിനിടക്ക് ഏകദേശം 360 ഓളം മരുന്നു ചെടികളും അവയുടെ ഓരൊ അസുഖങ്ങളിലും ഉള്ള പ്രയോഗങ്ങളും മനസിലാക്കി എന്നു പറയുന്നത് അസംഭവ്യമാണ്.(ചരക സംഹിതയില്‍ ഏകദേശം 360 ഓളം മരുന്നു ചെടികളും അവയുടെ ഓരൊ അസുഖങ്ങളിലും ഉള്ള പ്രയോഗങ്ങളും പരയുന്നുണ്ട്.)
santhosham
Simhavaalan Menon ennaa cinema orthu poyi.
But the write up is a class apart, as always
http://www.nature.com/news/deceptive-curcumin-offers-cautionary-tale-for-chemists-1.21269
Post a Comment