Saturday, July 28, 2007

മുഖാമുഖത്തിന്റെ സത്യം-ഒരു കുറിപ്പ്

എന്റെ കഴിഞ്ഞ പോസ്റ്റ്, കൊച്ചുത്രേസ്യയുടെ “മുഖാമുഖ“ത്തിനു മറുപടിയോ “ആണ്‍പക്ഷം’ പിടിച്ചുള്ള പകരം തീര്‍ക്കലോ ആയിരുന്നില്ല എന്നറിയിക്കാന്‍ ആഗ്രഹിക്കുന്നു.”മുഖാമുഖ”ത്തിലെ അതേ സന്ദര്‍ഭത്തില്‍ വേറെ രണ്ടുപേര്‍ സന്ധിച്ചാല്‍ സംഗതി എങ്ങനെ തിരിഞ്ഞു മറിയുമെന്നുള്ള സ്വല്പം കുസൃതി കലര്‍ന്ന ഒരു ഭാവനയില്‍ മാത്രം അതിന്റെ ഉദ്ദേശശുദ്ധി കാണണമെന്ന് ആശിക്കുന്നു.പൊതുവേ മുഖാമുഖത്തിലെ കഥയുമായി സാമ്യ്മുണ്ടേങ്കിലും.

എന്റെ കഥയിലെ നായിക സമര്‍ത്ഥയാണ് പക്ഷെ ധാര്‍ഷ്ട്യക്കാരിയല്ല.അയാളും അതി സമര്‍ത്ഥനാണ്.നിവൃത്തിയില്ലാതെ മത്സരത്തില്‍ തോറ്റ് അയാള്‍ക്ക് വഴങ്ങിപ്പോയവളല്ല അവള്‍.ഏതോ അജ്ഞാത ശക്തിയാല്‍ ചേരേണ്ട രണ്ടു പേര്‍ ചേരുന്നതാണ്കഥയുടെ പൊരുള്‍.കഥ തുടങ്ങിയപ്പോള്‍‍ തന്നെ കഥ അവസാനിച്ചിരുന്നു. അവര്‍ ഏകദേശം “മേഡ് ഫോര്‍ ഈച് അദര്‍” എന്ന മുന്കൂര്‍ ധാരണയില്‍ അവരറിയാതെ എത്തിപ്പെട്ടവരാണ്.അയാള് ഡിസൈന്‍ ചെയ്ത ചൂഡീദാര്‍ അവള്‍ ധരിച്ചു വന്നപ്പോള്‍ തന്നെ അയാള്‍ക്കിതിന്റെ പൊരുള്‍ മിക്കവാറും പിടികിട്ടി. അവള്‍ കൊതിക്കുന്ന കപ്പയും മീനും അയാള്‍ ഉണ്ടാക്കിക്കൊണ്ടുവന്നിരിക്കുന്നു എന്നതില്‍ നിന്നും അവള്‍ക്കും ഇതു പിടികിട്ടിത്തുടങ്ങിയിരുന്നു. അവള്‍ക്കേറെ ഇഷ്ടമുള്ള പുട്ടും കടലയും ഉണ്ടാക്കി വച്ചിട്ടാണ് അയാള്‍ വന്നിരിക്കുന്നതെന്നതാണ് അവളെ സ്തബ്ധയാക്കിയത്. ജിം റീവ്സും കളര്‍ പ്രിഫറന്‍സും ചൂഡീദാര്‍ ഡിസൈനുമൊക്കെ അവളെ അവിശ്വസനീയമായ സത്യത്തിലേക്കു കൂട്ടിക്കൊണ്ടു പോകു‍കയായിരുന്നു.ദീര്‍ഘനേരമെടുത്തുള്ള കണ്ണടച്ച് തുറക്കലില്‍ അയാളുടെ ഉള്‍ക്കാഴ്ച്ചക്കുള്ള പ്രത്യേകശക്തിയും അവള്‍ തിരിച്ചറിഞ്ഞു.കടുത്ത ക്രിസ്ത്യാനി യാഥാസ്ഥിതികത്തത്തിനു പുറത്താണ് രണ്ടുപേരും.പക്ഷെ tradition and modernity ലളിതമായി സമന്വയിപ്പിച്ചവര്‍. വളര്‍ത്തിയ ചുറ്റുപാടുകള്‍ സമ്മാനിച്ച ജാടപ്രകൃതത്തില്‍ നിന്നും ഊരിയിറങ്ങാന്‍ അവള്‍ക്ക് സ്വല്‍പ്പം സമയം വേണ്ടിവന്നു.അയാള്‍ ബുദ്ധിജീവി ചമഞ്ഞ് അവളെ മെരുക്കിയെടുക്കുകയല്ല,ഷോക്കടിപ്പിക്കുന്ന തിരിച്ചറിവില്‍ക്കൂടെ അയാളും സഞ്ചരിക്കുകയായിരുന്നു. ‍ഈ അനുഭവമാണ് അവസാനം അയാള്‍ക്ക് മനോഹരമായി മന്ദഹസിക്കാന്‍ വഴി വച്ചു കൊടുത്തത്.തനിക്കെന്തെങ്കിലും കുറവുകള്‍ ഉണ്ടെങ്കില്‍ , പാചകത്തിലുള്ള അറിവില്ലായ്മ പോലെ അതൊക്കെ നികത്തിയെടുക്കാന്‍ അയാളുണ്ടെന്നുള്ള ബോധം അവള്‍ക്ക് പ്രഷര്‍ കുക്കര്‍ ദൃശ്യങ്ങളിലൂടെ മനസ്സിലാകുന്നു.ദാമ്പത്യജീവിതം പങ്കുവയ്ക്കാനുള്ളതാണെന്നും പങ്കുവയ്ക്കേണ്ടതാണെന്നും അവള്‍ക്കുള്ള ബോധ്യം അവളെ അവസാനത്തെ ചോദ്യത്തിലേക്ക് നയിക്കുകയാണ്. അതിനുള്ള നിര്‍ബ്ബന്ധത്തിന്റെ ആദ്യപടിയാണ് ചായപ്പൈസയിലുള്ള പങ്കു ചേരല്‍.സാധാരണ പെണ്ണുങ്ങളെപ്പോലെ കല്യ്യാണ സാരി വാങ്ങിക്കാന്‍ എവിടെയാണ് പോകേണ്ടത് എന്ന പൈങ്കിളിച്ചോദ്യത്തിനപ്പുറമാണ് ഇത്.

സൂപ്പര്‍ സൂപ്പര്‍ വിശേഷണങ്ങള്‍ കൊണ്ട് എന്റെ പോസ്റ്റിനെ പൊതിഞ്ഞ് അംഗീകാരത്തിന്റെ സ്റ്റാമ്പൊട്ടിച്ച എന്റെ എല്ലാ കൂട്ടുകാര്‍ക്കും അകമഴിഞ്ഞ നന്ദി.

11 comments:

എതിരന്‍ കതിരവന്‍ said...

എന്റെ ”മുഖാമുഖത്തിന്റെ സത്യം” എന്ന കഴിഞ്ഞ പോസ്റ്റിനെ പ്പറ്റി ഒരു കുറിപ്പ്. ശ്രദ്ധിക്കപ്പെടാത്ത സത്യങ്ങള്‍.

ഉറുമ്പ്‌ /ANT said...

good:)

Kaithamullu said...

“മുഖാമുഖത്തിന്റെ സത്യം-ഒരു കുറിപ്പ്" എന്ന തലക്കെട്ട് വായിച്ചപ്പോള്‍ ഇങ്ങനെയുള്ള ഒരു കുറിപ്പല്ല പ്രതീക്ഷിച്ചത്, എതിരവാ!

ആവനാഴി said...

എന്റെ കതിരവാ,

അതെ അതാണു ശരി. വെറും പൈങ്കിളിസാഹിത്യം വായിച്ച് അയാഥാര്‍ത്ഥ്യമായ ഭാവനകള്‍ നെയ്തുണ്ടാക്കിയതല്ല അവളുടെ ജീവിതവീക്ഷണം. “അവള്‍ സമര്‍ത്ഥയാണ്” , കാര്യപ്രാപ്തിയുള്ളവളാണ്. ജീവിതത്തിന്റെ പരുപരുത്ത യാഥാര്‍ത്ഥ്യങ്ങള്‍ നേരിടാന്‍ തന്‍പോരിമയുള്ളവളാണു . അതാണു കതിരവന്റെ കഥയിലെ നായിക.

പൈങ്കിളിച്ചോദ്യങ്ങളുടെ അര്‍ത്ഥതലങ്ങള്‍ക്കെത്ര മീതേയാണു നായികയുടെ ചോദ്യം!

അപ്പഴേ, ആ ചായപ്പറ്റിന്റെ കാശെത്രയാന്നു പറഞ്ഞാല്‍ എന്റെ വിവിതം രൂപ അണ പൈസ കിറുകൃത്യം അങ്ങു തരാമായിരുന്നു. എനിക്കു ദേ , ഇതൊക്കെ നാളേക്കു മാറ്റി വക്കുന്നത് അത്ര ഇഷ്ടമുള്ള കാര്യമല്ല. കടം പറഞ്ഞു നിര്‍ത്തി അവസാനം അഴേമ്മെ തോണി പോലെ അഴകൊഴാന്നു നടക്കണ സ്വഭാവം എനിക്കില്ല. ഒരു സാരി വെണേല്‍ ഞാന്‍ റൊക്കം കാശു കൊടുത്തു മേടിക്കും. ഹയര്‍ പര്‍ചേസും കിടുതാപ്പുമൊന്നും എന്റെ ഡിക്ഷ്ണറിയില്‍ പറഞ്ഞിട്ടുള്ളതല്ല. ഇന്നു റൊക്കം, നാളെ കടം അതാണു എന്റെ പോളിസി. നാളെ നേരം വെളിച്ചായാലും ‘ഇന്നു റൊക്കം നാളെ കടം’ അതു തന്നെയായിരിക്കും എന്റെ പ്വാളിസി. അതു കൊണ്ട് കായെത്രയായീന്നു പറ ചളുക്കേ; എന്തൂട്ടാ ഈ കിടന്നു പരുങ്ങുന്നേ? കായെത്രയായീന്നു പറയെന്റെ കന്നാലീ...

സസ്നേഹം
ആവനാഴി

Inji Pennu said...

Ethiravan maash,

This is an OFF topic. Sorry.
Just sharing your similar thots, my research about cooking fish has been written here :)

ഏറനാടന്‍ said...

എതിരവന്‍ മാഷേ :) ഒരു ടോര്‍ച്ചോ ചൂട്ടോ ഉണ്ടായിരുന്നേല്‍ ഇവിടം വെട്ടം തെളിച്ച്‌ ഇതൊക്കെ വായിക്കാന്‍ ബുദ്ധിമുട്ടുല്ലായിരുന്നു. കണ്ണുകള്‍ക്ക്‌ പണിയായി. ഒന്നും വ്യക്തമല്ല.

ഉണ്ണിക്കുട്ടന്‍ said...

എല്ലാം മനസ്സിലായി. പക്ഷെ ഇതിങ്ങനെ വിശദീകരിക്കേണ്ട കാര്യമുണ്ടായിരുന്നോ..? വേണ്ടായിരുന്നു.

എതിരന്‍ കതിരവന്‍ said...

ഏറനാടന്‍, ഉണ്ണിക്കുട്ടന്‍,

ശ്ശോ, പറയാന്‍ മറന്നു പോയി,ഞാന്‍ ഭയങ്കര ബുദ്ധിമാനും ഇന്റലെക്ച്വലും ഹൈ ഐ. ക്യു ഉള്ളവനുമാണ്. ഞാന്‍ പറയുന്നതൊക്കെ നിങ്ങളെപ്പോളത്ത പൊട്ടന്മാര്‍ക്കും വിഡ്ഢികള്‍ക്കും മനസ്സിലാക്കാന്‍ പ്രയാസമല്ലേ? വിശദീകരിക്കാതെ എന്തു ചെയ്യും?
-----------------
മക്കളേ,
എന്റെ കഥയ്ക്ക് ഞാന്‍ തന്നെ ഭാഷ്യം എഴുതിയത് വിഡ്ഢിത്തവും ഒരുമാതിരി വേണ്ടാത്ത ധൈര്യ്‌വുമാണ്. ഒരു കൂട്ടുകാരന്‍ (ഇപ്പോള്‍ അല്ല) പ്രേരിപ്പിച്ചാണ് ഞാന്‍ ഈ അബദ്ധത്തില്‍ ചാടിയത്. പിന്നെ എന്റെ പോസ്റ്റിന്‍ വന്ന ചില കമന്റില്‍ “മുഖാമുഖ”ത്തിലെ കഥാപാത്രങ്ങളെ തോല്‍പ്പിക്കന്‍ എഴുതിയാതായി ചിലര്‍ക്കു തോന്നിയതായും അനുഭവപ്പെട്ടു. ‘വേണ്ടായിരുന്നു” എന്ന് ഉണ്ണിക്കുട്ടന്‍ പറഞ്ഞത് ശരിയാണ്.

എതിരന്‍ കതിരവന്‍ said...

ആവനാഴി:
പൈങ്കിളിയ്കപ്പുറം ചിന്തിക്കുന്ന നായികമാരെ നമുക്കു വേണം ആവനാഴീ. കിളിരൂരും സൂര്യ്നെല്ലിയിലും കുട്ടീകളെ പീഡിപ്പിച്ച്തെല്ലാം കല്യാണം കഴിച്ചവരായിരുന്നു. ഇവരുടെയൊക്കെ ഭാര്യ്മാര്‍ക്ക് എന്തു പറയാനുണ്ടായിരിക്കും?
നളിനി നെറ്റോയെ പീഡിപ്പിച്ച എം. എല്‍. എയുടെ ഭാര്യ വനിതയില്‍ വന്ന് അയാളെ വാനോളം ഉയര്‍ത്തിപ്പ്രഞ്ഞത് നമ്മള്‍ കണ്ടതാണ്. “ചേട്ടാ അടുത്ത തവണ പോകുമ്പോള്‍ ഞാനും വരാമെ, വല്ല സഹായോം വേണമാരിക്കും” എന്നാ‍ാണോ ഈ ഭാര്യമാര്‍ക്കൊക്കെ? ടീനേജ് പെണ്‍പിള്ളേരെ അടക്കിയൊതുക്കി വളര്‍ത്തണം അമ്മമാര് എന്ന് ജെ. ലളിതാംബിക. ടീനേജ് പീഡനവും കഴിഞ്ഞ് വീട്ടില്‍ വരുന്ന ഭര്‍ത്തവിനെ നേരിടാന്‍ അവര്‍ പറഞ്ഞില്ല.

ഭര്‍ത്താവിനോട് കൃത്യമായ ചോദ്യങ്ങള്‍ ചോദിക്കുന്ന ഭാര്യയെ ആവനാഴിക്കും പിടികുന്നില്ല.

പ്രിയംവദ-priyamvada said...

കെ.ബാലചന്ദെരിന്റെ ഒരു സിനിമയില്‍ ഒരാള്‍ മൂന്നു സ്ത്രീകളെ വിവാഹം കഴിയ്കുന്നു..അറിവുള്ള ഒന്നാം ഭാര്യയുടെ ബുദ്ധിശക്തി താങ്ങാന്‍ വയ്യാതെ ,ഒരു നാടന്‍ പെണ്ണു രണ്ടാം ഭാര്യ..പിന്നെ അവളുടെ മൂഢത സഹിക്കാന്‍ കഴിയാതെ വേറൊരു യുവസുന്ദരി..എന്നാല്‍ മൂന്നാം ഭാര്യ ആയളെ മര്യാദ പഠിപ്പിക്കാന്‍ വന്ന ആദ്യ ഭാര്യയുടെ ശിഷ്യ എന്ന സിനിമാറ്റിക്‌ റ്റ്വിസ്റ്റ്‌ ഒഴിച്ചാല്‍..ചിന്തനീയം ആയിരുന്നു പ്ലോട്ട്‌.എനിക്കെന്തോ ആതാണു ഓര്‍മ വന്നതു ..(കമന്റ്‌ വായിച്ചിട്ടു)

പ്രകാഷ്‌ രാജ്‌,ഗീത....സിനിമ പേരു മറന്നു..
qw_er_ty

ശ്രീ said...

എതിരവന്‍‌ജീ...

ഈ പോസ്റ്റ് സമയോജിതമായി എന്നാണ്‍ എന്റെ അഭിപ്രായം... ഇങ്ങനൊരു വിശദീകരണവും... കാരണം പലയിടത്തായി ‘മുഖാമുഖം’ എന്ന പോസ്റ്റിനെയും അതെത്തുടര്‍ന്നു വന്ന മറ്റു പോസ്റ്റുകളുടെയും പേരില്‍ ആരോഗ്യപരമല്ലാത്ത തര്‍ക്കം തുടങ്ങിയ ഈ സാഹചര്യത്തില്‍....

ഈ വിശദീകരണത്തില്‍ ഇനിയൊരു തര്‍ക്കത്തിനു സാധ്യതയില്ലാത്ത വിധം എല്ലാം അടങ്ങിയിരിക്കുന്നു...
:)