റസ്റ്റോറന്റില്‍ തിരക്കു കൂടിവരികയാണ്. ഊണു സമയം കഴിഞ്ഞെങ്കിലും കേരളാ ഊണിന്റെ ഹൃദ്യമായ സുഗന്ധം അന്തരീക്ഷത്തില്‍ തളം കെട്ടി നിന്നു. വൈകുന്നേരം ഓഫീസില്‍നിന്നിറങ്ങിയവരും കോളേജ് വിദ്യാര്‍ത്ഥികളും അവരുടെ വൃന്ദങ്ങള്‍ സൃഷ്ടിച്ചു കൊണ്ടിരുന്നു. നേരത്തെ റിസേര്‍വ് ചെയ്ത മുറിയിലാണ് അയാള്‍ അവളെ കാത്തിരുന്നത്. സ്വല്പം വൈകിയെന്ന മുഖഭാവത്തോടെയാണ് അവള്‍ വന്നു എതിരെ ഇരുന്നത്.
“അല്ലെങ്കിലും ഈ പെണ്ണുകാണലൊക്കെ വീട്ടില്‍ വച്ചു നടത്തുന്നതു തന്നെയാ നല്ലത്. ഈ ചമ്മല്‍ ഒഴിവാക്കാമല്ലൊ.”
“ഏതു ചമ്മല്‍!!!’എന്ന മട്ടില്‍ അവളയാളെ നോക്കി. പാവം-അവളുടെ ചിരി കണ്ട് അയാള്‍ തെറ്റിദ്ധരിച്ചുപോയതാണ്.
“ഏയ് അങ്ങനെയൊന്നുമില്ല .ഞാനാ പറഞ്ഞത് വീട്ടില്‍ വച്ചു വേണ്ടാന്ന്” അവള്‍ ക്ലിയറാക്കി.
“അല്ല ഞാനുദ്ദേശിച്ചത്....ഇതിപ്പോ ഇയാള്‍ ഒറ്റയ്ക്ക് വരേണ്ടി വന്നില്ലെ. അതാ.”
“അതൊന്നും സാരമില്ല അല്ലെങ്കിലും എന്റെ കാര്യം പറയാന്‍ ഞാന്‍ മാത്രം പോരെ?”
അവള്‍ ചൂഡീദാര്‍ ദുപ്പട്ടയുടെ ചെറിയഞൊറികള്‍ ശരിപ്പെടുത്തുന്നതായി ഭാവിച്ചത് അയാള്‍ ശ്രദ്ധിച്ചു. അങ്ങിങ്ങു കറുത്ത വരകൊണ്ട് നിബന്ധിച്ച കടും പച്ച ഡൈമണ്ഡുകള്‍ പാറി നില്‍ക്കുന്ന കടും കാവി നിറം ചൂഡീദാര്‍. അരികുകളില്‍ അലുക്കുകള്‍പോലെ കുനുകുനാ വരച്ചതിലും പച്ചനിറം. വെള്ളി കൊണ്ടു തന്നെ ജ്വൂവലറി. വളകള്‍, ജിമിക്കി, കാവി യും പച്ചയും മുത്തുകള്‍ ഞാന്നു കിടക്കുന്ന വെള്ളി മാല. മുഖത്തെ കൂസലില്ലായ്മയ്ക്ക് ഒരു ക്ലാസിക്കല്‍ പരിവേഷം.
ഇയാള്‍ എന്താന് തലമുടി പോലും ചീകാതെ വന്നിരിക്കുന്നത്? ആ മഞ്ഞ ഷര്‍ട് എത്രനാളായിക്കാണും കഴുകിയിട്ട്? അയാള്‍ കൈവിരലുകള്‍ മേശപ്പുരത്തു വച്ചപ്പോള്‍ അവള്‍ കണ്ടു. ഒരു ഭംഗിയുമില്ല. പോരാഞ്ഞതിന് ഇടതു കയ്യിലെ രണ്ടു വിരലിലും ബാന്‍ഡേജ്. കോര്‍പറേറ്റ് ലാഡര്‍ കയറുന്നയാളാണെന്ന് അപ്പച്ചന്‍ ചുമ്മാ പറഞ്ഞതാണോ? ഇയാള്‍ക്ക് ഇപ്പോഴും ഒരു നാടന്‍ പാലാ നസ്രാണി ലുക്ക് ആണല്ലൊ.
ഇനിയെന്തു പറയും എന്ന് രണ്ടു പേരും ഗാഢമായി ആലോചിച്ചുകൊണ്ടിരിക്കുമ്പോഴാണ് വെയ്റ്റര്‍ മെനുവും കൊണ്ടു വന്നത്. ഒരു പിടിവള്ളി കിട്ടിയ ആശ്വാസത്തോടെ അയാള്‍ പറഞ്ഞു.
“എന്താ വേണ്ടതെന്ന് വച്ചാല്‍ ഓര്‍ഡര്‍ ചെയ്തോളു”.
മെനുവിലേക്കു നോക്കിയ അവളുടെ കണ്ണില്‍ ആദ്യം പെട്ടത് “കപ്പ+ഫിഷ് കറി” എന്ന മനോഹരയ വാക്കുകളായിരുന്നു. തന്റെ ഏറ്റവും പ്രിയപ്പെട്ട പുട്ടും കടല്അയും മെനുവിലുണ്ട്. ഡെല്‍ഹി ജെ.എന്‍ യു വിലായിരുന്നപ്പോള്‍ ക്യാമ്പസ് ജാടകളെ മറന്നു സരോജിനി നഗറിലുള്ള അപ്പച്ചിയുടെ വീട്ടിലേക്ക് പുട്ടും കടലയും തിന്നാന്‍ ഒടാറുള്ളത് അവള്‍ വെറുതേ ഓര്‍ത്തു.കൊച്ച് ടൈറ്റാനിക് മുങ്ങാന്‍ മാത്രം ഉമിനീരിറക്കി, സ്വന്തം മന;സ്സാക്ഷിയെ വഞ്ചിച്ചു കൊണ്ട് അവള്‍ പറഞ്ഞു.
“എനിയ്ക്ക് ഒരു ചായ മാത്രം മതി.”
“ശരി നമുക്ക് കാര്യത്തിലേക്കു കടക്കാം. അധികം സംസാരിക്കാത്ത ടൈപ്പാണല്ലേ?’
ദൈവമേ ഇതു വീട്ടില്‍ വച്ചാവാത്തത് എത്ര നന്നായി. ഇല്ലെങ്കില്‍ വീട്ടുകാര്‍ക്ക് കൂട്ടത്തോടെ ഹാര്‍ടറ്റാക്ക് വന്നേനെ എന്നു സൈലന്റായ ഒരാത്മഗതത്തിനു ശേഷം അവള്‍ പറഞ്ഞു
“അയ്യോ ഞനങ്ങനെ ശാന്തപ്രകൃതയോ അധികം സംസാരിക്കാത്ത ടൈപ്പോ അല്ല.പിന്നെന്താന്നു വച്ചാ ഒരല്‍പ്പം കൂടുതല്‍ നേരേ വാ നേരേ പോ മട്ടാണ്. ആ ഒരു പ്രശ്നമേ ഉള്ളു.
“അതൊരു നല്ല കാര്യമല്ലേ?”
“അനുഭവം അങ്ങനെയല്ല”.
പിന്നെ ബാക്കി കാര്യങ്ങളൊക്കെ...
അതായത്.. ദൈവവിശ്വാസിയാണോ?”
“ഞാന്‍ ഭയങ്കര ദൈവവിശ്വാസിയാ. എന്തുചെയ്യുമ്പോഴും പ്രാര്‍ത്ഥിച്ചിട്ടേ തുടങ്ങാറുള്ളു.’
“ഞാനുമതെ. എല്ലാ ഞായറഴ്ച്ചയും പിന്നെ കടമുള്ള ദിവസങ്ങളിലും പള്ളീല്‍ പോവും. ഇനി എങ്ങാനും ആ ദിവസം പോവാന്‍ പറ്റീല്ലെങ്കില്‍ അതിനടുത്ത ദിവസം പോവും.ഇവിടെ ഏതു പള്ളീലാ പോവാറുള്ളാത്?
“ഞാന്‍ ഇവിടെ പള്ളീലൊന്നും പോവാറില്ല. വീട്ടീല്‍ പോവുമ്പോള്‍ വല്ലപ്പോഴും പോവും അതു തന്നെ പണ്ട് കൂടെ പഠിച്ചവരേം പരിചയക്കാരേം ഒക്കെ ഒറ്റയടിയ്ക്ക് കാണാന്‍ വേണ്ടിയാ.“
“പിന്നെ വിശ്വാസിയാണെന്നു പറഞ്ഞത്?”
“ഞാന്‍ ഒരു ദൈവവിശ്വാസിയാണ്. പള്ളി വിശ്വാസിയല്ല. പിന്നെ കഴിഞ്ഞ ഒരഞ്ചാറു വര്‍ഷത്തെ കണക്ക് നോക്കുകാണേല്‍ പള്ളിയേക്കാളും അമ്പലത്തിലാ ഞാന്‍ പോയിട്ടുള്ളത്.“
“അതെന്താ ഹിന്ദുമതത്തോട് വല്ല ചായ്‌വും ഉണ്ടോ?”
“ഏയ് അങ്ങനെയൊന്നുമില്ല. വീടിനു കൂടുതലടുത്ത് അമ്പലമായിരുന്നു. പിന്നെ അവിടെ പോയാല്‍ ഒച്ചേം ബഹളോം ഒന്നുമില്ലാതെ പ്രാര്‍ത്ഥിക്കാലോ. അതു മാത്രമല്ല ആ അമ്പലത്തില്‍ ഫ്രീയായി ഭക്ഷണോം തരാറുണ്ട്.
“അപ്പോല്‍ പള്ളീന്നുള്ളാ ലെറ്റെര്‍ എങ്ങനെ കിട്ടും?”
ഓ പിന്നെ ബാക്കിയെല്ലാം തികഞ്ഞില്ലെ? അല്ലെങ്കിലും ഈ കാലഘട്ടത്തില്‍ പള്ളീന്നുള്ള ലെറ്ററല്ല; എയിഡ്സ്ന്റെ ടെസ്റ്റ് റിസള്‍ടാ കല്യാണത്തിനു മുന്‍പ് കൈമാറേണ്ടത് എന്നു പറഞ്ഞാലോ? അതിനു മുന്‍പു അയാള്‍ സ്വതവേയുള്ള നിസ്സംഗതയോടെ പറഞ്ഞു.
“ഞാനും അമ്പലത്തില്‍ പോകാറുണ്ട്. ഈയിടെയായി ഏറ്റുമാനൂരമ്പലത്തില്‍ മിക്കവാറും പോകും.” പക്ഷെ ഫ്രീയായി ഭക്ഷണം കഴിക്കാനല്ല”.
അപ്പോള്‍ അതു തന്നെ. വായന കൂടിക്കൂടി ഹിന്ദു പുരാണൊം ഉപനിഷത്തും യോഗ പോലത്ത ക്രാപ്പും വായിച്ച് “അതീന്ദ്രിയം” തേടിയിറങ്ങുന്ന കേസാണ്. ജെ. എന്‍. യു. ക്യാമ്പസില്‍ കണ്ടിട്ടുള്ള വട്ടു കേസുകളിലൊന്ന്.കോര്‍പ്പറേറ്റ് കോണി തന്നെ. ഇങ്ങനെയുള്ളവര്‍ പല കള്‍ടിലും മെംബര്‍ ആകും, ഹരേ കൃഷ്ണയിലുള്‍പ്പടെ. പലാ നസ്രാണി ചെറുക്കന്‍ ഏറ്റുമാനൂരമ്പലത്തില്‍! അമ്മച്ചിയും അപ്പച്ചനും എന്നെ പറ്റിയ്ക്കാന്‍ ചെയ്ത പണിയാണോ ഇതു? സാമര്‍ത്ഥ്യപൂര്‍വം നാടകം കളിച്ച് രക്ഷപെടുക തന്നെ.അവള്‍ കവിളുകള്‍ വീര്‍പ്പിച്ച് ഹൂ എന്ന് കാറ്റൂതി.
പള്ളിക്കാര്യം വിട്ടു അയാള്‍ അടുത്ത ചോദ്യമായി. “പിന്നെ ഒഴിവു സമയത്തൊക്കെ എന്താ ചെയ്യ്യുന്നത്?’
“കയ്യീ കിട്ടുന്നതെന്തും വായിക്കും.ചുമ്മാ കറങ്ങാന്‍ പോകും. ആരെങ്കിലും കൂടെയുണ്ടെങ്കില് നോണ്‍ സ്റ്റോപായി വര്‍ത്തമാനം പ്രയും. സഹിക്കാന്‍ പറ്റാത്ത മൂഡുണ്ടെങ്കില്‍ മാത്രം കുറച്ച് പേയിന്റിങ് ചെയ്യും. ഇതിനൊന്നും തോന്നുന്നില്ലെങ്കില്‍ ചുമ്മാ കിടന്നുറങ്ങും.”
“ഞാന്‍ ഒഴിവുള്ളപ്പോഴൊക്കെ പാട്ടു കേള്‍ക്കും. യേശുദാസിന്റെ“
ഓഹോ അപ്പോള്‍ യേശുദാസന്നൊക്കെ കേട്ടിട്ടുണ്ടല്ലേ. കെ. എസ്. ചിത്ര എന്നു കേള്‍ക്കാന്‍ ഇനിയും ഇരുപതു കൊല്ലമെടുത്തേയ്ക്കും, അലെക്സ് പോള്‍, രഞ്ജിനി ജോസ് എന്നൊക്കെ കേട്ടു വരുമ്പോഴേയ്ക്കും നൂറ്റാണ്ടുകള്‍ കഴിയും.
ശാന്തമുഖം ഘനീഭവിപ്പിച്ച് അടുത്തചോദ്യവും വന്നു. “കല്യാണം കഴിക്കാന്‍ പോകുന്ന ആളെപ്പറ്റി എന്തെങ്കിലും സങ്കല്‍പ്പം?’
ദൈവമേ ലോകത്തിലെ ഏറ്റവും ബോറായ ചോദ്യം. ഇതിനുത്തരം എന്തു പറയും. കല്യാണത്തെപ്പറ്റിയൊ വലിയ അഭിപ്രായമില്ല, പിന്നെയല്ലെ... മൌനം വിദ്വാനു ഭൂഷണം. അതെയൊ “കളരി വിളക്കു തെളിഞ്ഞതാണോ, കൊന്നമരം പൂത്തുലഞ്ഞതാണോ” എന്ന പാട്ട് പാടണോ?
പെട്ടെന്നാണ് അയാള്‍ ഒരാത്മഗതം വിക്ഷേപിച്ചത് “എനിയ്യ്ക്കു നന്നായി വിശക്കുന്നുണ്ട്”
ഓഹോ ലഹരി മരുന്നിന്റെ കെട്ടടങ്ങി വിശപ്പു വന്നു തുടങ്ങിയോ?
അയാള്‍ ബാഗില്‍ നിന്നും അതി മനോഹരമായ ലഞ്ച് ബോക്സെടുത്തു. “എന്റെ ലഞ്ചാണ്. കഴിക്കാന്‍ നേരം കിട്ടിയില്ല. ചൂടുണ്ട് ഇപ്പോഴും. കപ്പയും മീന്‍ കറിയുമാണ്. ഷെയര്‍ ചെയ്യുന്നൊ?”
മറുപടിയ്ക്കു കാത്തു നില്‍ക്കാതെ അയാള്‍ ലഞ്ച് ബോക്സിന്റെ മൂടിയില്‍ പകുതിയോളം വിളമ്പി. ബാക്കി പാത്രത്തോടെ അവളുടെ മുന്‍പിലേക്കു നീക്കി.
മീന്‍ കറിയുടേയും കപ്പയുടേയും സമ്മിശ്രഗന്ധം അവളെ യാന്ത്രികമായി സ്പൂണ്‍ പാത്രം ഭക്ഷണം എന്ന പടികള്‍ കയറാന്‍ പ്രേരിപ്പിച്ചു. അമ്മച്ചിയുണ്ടാക്കുന്നതില്‍ ക്കൂടുതല്‍ സ്വാദ്. കുടമ്പുളിയുടെ ത്രസിപ്പിക്കുന്ന രസം അവളുടെ നാക്കില്‍ക്കൂടി ദഹനനാളിയിലൂടെ ശരീരമാകെ തരിപ്പായി പടര്‍ന്നു.
അവള്‍ക്ക് ചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല “വേലക്കാരന്‍ നന്നായി കുക്ക് ചെയ്യും അല്ലെ?‘
“ ഞാന്‍ തന്നെയാന്ണ്എല്ലാം.” വേലക്കാരൊന്നുമില്ല”. ശാന്തരൂപി പാലാ നസ്രാണി കുഞ്ഞുസ്വരത്തില്‍ പ്രതിവചിച്ചു. അയാള്‍ കണ്ണടച്ചു തുറക്കുന്നത് വളരെ സാവധാനമാണെന്ന് അവള്‍ കണ്ടു പിടിച്ചു. ഒരു കുഞ്ഞിന്റെ മാതിരി കണ്‍പീലികള്‍ ഇടതൂര്‍ന്ന് എഴുന്നു നിന്നിരുന്നു. പാത്രം അടയ്ക്കാന്‍ ബാന്‍ഡേജിട്ട വിരലുകള്‍ തടസ്സമുണ്ടാക്കി. അവള്‍ക്ക് ചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. “ എന്തു പറ്റി വിരലുകള്‍ക്കു?”
മിനിറ്റുകളെടുക്കുന്ന കണ്‍പീലിയടച്ചുതുറക്കലിനിടയ്ക്ക് അയാള്‍ പറഞ്ഞു “രാവിലെ പ്രെഷര്‍ കുക്കര്‍ സ്റ്റക്കായി. തുറക്കാന്‍ വേണ്ടി കത്തി കൊണ്ടൊരു പ്രയോഗം നടത്തെണ്ടി വന്നു. മുറിഞ്ഞു, കുറച്ചു പൊള്ളുകയും ചെയ്തു”
എന്ത് കുക്ക് ചെയ്യുകയായിരുന്നു’?
“വൈകുന്നേരം രണ്ട് ഫ്രണ്ഡ്സ് വരുന്നുണ്ട് അവര്‍ക്കിഷ്ടമുള്ളത് ഉണ്ടാക്കാനുള്ള തത്രപ്പാടായിരുന്നു”
അടുത്ത രണ്ടു വാക്കുകള്‍ അവളെ സ്തബ്ധയാക്കി.
“പുട്ടും കടലയും.“
“ അതാണ് അവര്‍ക്ക് വേണ്ടത്. എന്റെ പുടും കടലയും പ്രസിദ്ധമാണത്രേ.“ അയാള്‍ ആദ്യമായി ചിരിക്കാന്‍ ശ്രമിച്ചു. കണ്‍പീലികള്‍ മണിക്കൂറുകളെടുത്ത് അടഞ്ഞ് തുറന്നു.
പെട്ടെന്ന് പുട്ടിന്റേയും കടലയുടേയും വേവ് ഗന്ധം അവളെ ചൂഴ്ന്നു.ആ വലയത്തിനുള്ളില്‍ ബന്ധിതയെപ്പോലെ അവള്‍ നിശ്ചലം നിലകൊണ്ടു. കുഞ്ഞുന്നാളില്‍ മുതല്‍ കണ്ടിട്ടുള്ള തുറന്നതും തുറക്കാത്തതുമായ ആയിരക്കണക്കിന് പ്രഷര്‍ കുക്കറുകളുടെ ദ്ര്ശ്യങ്ങള്‍ അവള്‍ക്കുമുന്നില്‍ ഒരു പരേഡു പോലെ ഒഴുകി നീങ്ങി. അതിലൊന്നു പോലും അടയ്ക്കാനോ തുറക്കാനോ അറിയാതെ അവള്‍ ആ കാഴ്ചയെ മായിച്ചു കളയാന്‍ ശ്രമിച്ചു.
അയാള്‍ ഇതിനകം ലഞ്ച് ബോക്സ് കഴുകിക്കൊണ്ടു വന്നിരുന്നു. ബാഗില്‍ വയ്ക്കാന്‍ നേരത്ത് രണ്ടു മൂനു സി. ഡി. കള്‍ മേശപ്പുറത്ത് വീണു. അവള്‍ അത് എടുത്തു കൊടുക്കാന്‍ സഹായിക്കവെ ഒന്നു നോക്കി. എല്ലാം ജിം റീവ്സിന്റെ പാട്ടുകള്‍.
ജിം റീവ്സ്?
ജിം റീവ്സ്?
തന്റെ വീട്ടില്‍ എപ്പ്പ്പോഴും അലയടിക്കുന്ന പാട്ടുകള്‍? ചേട്ടന്‍ തനിയ്ക്കു കൊണ്ടു വന്നു തരാറുള്ള തന്റെ പ്രിയപ്പെട്ട ജിം ന്റെ സി. ഡി കള്‍? അവളുടെ മുഖം ഒരു ചോദ്യമായി നേര്‍ രേഖയില്‍ അയാളുടെ കണ്ണിലെത്തി. ഉത്തരം ഉടന്‍ വന്നു “ഞാന്‍ പറഞ്ഞില്ലെ യേശുദാസിന്റെ പാട്ട് കേള്‍ക്കാറുണ്ടെന്ന്. എഴുപതുകളിലെ യേശുദാസിന്റെ പാട്ടുകളില്‍ ജിം റീവ്സിന്റെ സ്വാധീനമുണ്ട്. ആ ഇന്റൊണേഷന്‍സ്, വേര്‍ഡ് കേഡന്‍സ് ഒക്കെ യേശുദാസിന്റെ പാട്ടൂകളില്‍ കാണുന്നുണ്ടെന്നാണ് എന്റെ വിശ്വാസം. അതിനെപ്പറ്റി പഠിച്ചു കൊണ്ടിരിക്കയാണ്. ഡ്രൈവ് ചെയ്യുമ്പോള്‍ ഇതാ പണി”
വെറുതെ ഇല്ലാത്ത ഒരു ബിന്ദുവില്‍ നോക്കി നിന്നിരുന്ന അവള്‍ക്ക് ആ ടിപ്പിക്കല്‍ നാടന്‍ മുഖം ഒരു മായക്കാഴ്ചയായി
തോന്നി. ബാഗില്‍ നിന്നും കുറെ ദേവീദേവന്മ്മാരുടേതെന്ന് തോന്നിപ്പിക്കുന്ന കാവി നിറം ഏറെയുള്ള പ്രിന്റുകള്‍ പുറത്തെടുത്തു അയാള്‍. “ഏറ്റുമാനൂരമ്പലത്തില്‍ പോകുന്നതെന്തിനാണെന്ന് ചോദിച്ചില്ല? ലോകത്തിലെ ഏറ്റവും മഹത്തായ മ്യൂറല്‍ പെയിന്റിങ്സ് അവിടുത്തെ ഭിത്തിച്ചിത്രങ്ങളാണ്. പ്രകൃതിയുടെ നിറക്കാഴ്ചകള്‍. മണ്ണീന്റെ കാവി നിറത്തിന്റേയും ഇലപ്പടര്‍പ്പിന്റെ പച്ചയുടേയും മായാജാലം. ഞാന്‍ പഠിച്ചുകൊണ്ടിരിക്കയാണ്”
ഒരു പ്രതിമയില്‍ നിന്നും വരുന്ന വാക്കുകളാണതെന്ന് അവള്‍ വെറുതെ വിശ്വസിക്കാന്‍ ശ്രമിച്ചു. ടിപ്പിക്കല്‍ പാലാ നസ്രാണി മുഖം അവിശ്വസനീയമായ മന്ത്രങ്ങള്‍ ഉരുക്കഴിച്ചു. “ അവിടുത്തെ പ്രദോഷമൂര്‍ത്തി പെയിന്റ്ങ് കാണണം.! ലോകപ്രസിദ്ധം. ദ്രവീഡിയന്‍ ചിത്രകലയുടെ പെര്‍ഫെക്റ്റ് എക്സാമ്പിള്‍. ഒരു മുഖത്തു തന്നെ പലരസങ്ങള്‍ ഒരേസമയത്തു സ്ഫുരിപ്പിക്കുന്ന അദ്ഭുത ചിത്രം. ഒരു ഫ്ലാറ്റ് സര്‍ഫസിലാണ് ഇത് ചെയ്തിരിക്കുന്നതെന്നു വിശ്വസിക്കാന്‍ പ്രയാസം”.
“വിശ്വസിക്കാന്‍ പ്രയാസം“ അവള്‍ ആവര്‍ത്തിച്ചു.
“ഈ നിറങ്ങളുടെ സങ്കരലീല ഞാന്‍ ഫാബ്രിക്കിലും ഡ്രെസ്സ് ഡിസൈനുകളിലും പരീക്ഷിക്കുന്നുണ്ട്. വെറുതെ ഒരു രസം. കാവിയും പച്ചയും കലര്‍പ്പുകള്‍. കറുത്തവരകള്‍ ഇട്യ്ക്ക് വരമ്പുകളായി.”
അവള്‍ താന്‍ ധരിച്ചിരിക്കുന്ന ചൂഡിദാരില്‍ കണ്ണു നട്ടു.
“ ആ ചൂഡീദാര്‍ ഞാന്‍ ഡിസൈന്‍ ചെയ്തതാകാന്‍ സാദ്ധ്യതയുണ്ട്. അതിന്റെ റ്റാഗില്‍ ഡിസൈനെഡ് ബൈ എസ്. കെ., എന്റെ ഇനിഷ്യത്സ് കാണുമോന്ന് നോക്ക്യേ” അയാള്‍ക്കു പിന്നെയും ശാന്തഭാവം. നേരമെടുത്തുള്ള കണ്ണുചിമ്മല്‍.
മിച്ചമുണ്ടായിരുന്ന ജെ. എന്‍.യു തന്റേടം അവളുടെ വിരല്‍ത്തുമ്പുകളില്‍ ഊര്‍ജ്ജം കൊണ്ടു. ചൂഡീദാര്‍ തുമ്പു മടങ്ങി. അവള്‍ പാളി നോക്കി. ഒരു വിദഗ്ദ്ധന്‍ ജ്യോത്സ്യന്‍ അവളുടെ സ്വത്വം മുഴുവന്‍ പ്രവചിച്ച ഞെട്ടലില് ആ റ്റാഗ് അയാളുടെ ഇനിഷ്യത്സ് ചിരിച്ചു കാട്ടി.
പുറത്ത് ചെടികള്‍ക്കിടയില്‍ ഭിത്തി ചാരി അയാള്‍ നിന്നു. അവള്‍ മാറി നിന്ന് അത്യുത്സാഹത്തോടെ അമ്മച്ചിയെ വിളിച്ചു കലപില പറഞ്ഞു. അയാളുടെ മുഖത്ത് ഇന്നു വരെ വിരിയാത്ത അതി മനോഹരമായ മന്ദഹാസം വിരിഞ്ഞു. അവള്‍ അതു കണ്ടില്ല.
തിരിഞ്ഞ് അയാളുടെ മുഖം നോക്കി അവള്‍ നിന്നു. ഇടതൂര്‍ന്ന കണ്‍പീലികള്‍ അയാളുടെ ശിശുമുഖത്തെ കൂടുതല്‍ നിഷ്കളങ്കമാക്കിയത് അവളില്‍ കുളിരു പായിച്ചു. മിച്ചമുണ്ടായിരുന്ന കുഞ്ഞുവെയില്‍ അവളുടെ ചൂഡീദാറിന്റെ ശോണിമ കവിളില്‍ നിഴലിക്കാന്‍ സഹായിച്ചു. വെള്ളി ജിമിക്കിയിലെ മുത്തുകള്‍ രശ്മികളായി കവിളില്‍ തിളങ്ങുന്ന കൊച്ചുവൃത്തങ്ങള്‍ വരച്ചുമാച്ചു. വര്‍ദ്ധിച്ചു വരുന്ന നെഞ്ചിടിപ്പും ശ്വാസഗതിയും വകവയ്ക്കാതെ അവള്‍ ചോദിച്ചു.ഒരിക്കലും അവള്‍ക്കുണ്ടെന്ന് കരുതാത്ത തരളസ്വരത്തില്‍.
“ആ ചായേടെ പൈസേല്‍ എന്റെ ഷെയര്‍ എത്രയാ?’
34 comments:
മുഖാമുഖത്തിന്റെ സത്യം.
പുതിയ കഥ.
ഇതിന് കൊച്ചുത്രേസ്യയുടെ “മുഖാമുഖം” എന്ന കഥയുമായി യാതൊരു ബന്ധവുമില്ല. നിങ്ങള്‍ക്ക് വെറുതെ തോന്നുന്നതാണ്.
ഹഹഹ!
പുട്ടുത്രേസ്യക്കെതിരെ ബ്ലോഗന്മാര്‍ അക്രമാസക്തരാവുന്നല്ലോ...
ദെ സുനീഷ് ഇന്നൊന്നു താങ്ങി.. ബെര്‍ളി താങ്ങിക്കൊണ്ടേയിരിക്കുന്നു ..
ഇതെന്താ പാലാക്കാര്‍ക്കു മലബാര്‍ എക്സ്പ്രസ്സിനോടിത്ര കലിപ്? ;)
ഹ ഹ ഹ ഹ..... തീര്‍ന്നു. വെടി തീര്‍ന്നു. കലക്കിയിട്ടുണ്ട്. :-)
അഹാ കഥ മൊത്തം തിരിഞ്ഞല്ലോ..കലക്കി.
[മലബാര്‍ എക്സ്പ്രെസ്സ് പാളം തെറ്റി വന്ന് ഈ ബ്ലോഗ്ഗ് ഇടിച്ചു പൊളിക്കാന്‍ സാധ്യത ഉണ്ട്.]
സമ്മതിച്ചിരിക്കുന്നു... :)
"ആ ചായേടെ പൈസേല്‍ എന്റെ ഷെയര്‍ എത്രയാ?" ഇതിന്റെ ടോണാകെ മാറിപ്പോയല്ലോ!!!
പക്ഷേങ്കില്‍ മുഖാമുഖത്തിലെ വരികള്‍ ഇത്രേം അതേപോലെ ഉപയോഗിക്കണമായിരുന്നോ? പയ്യന്റെ വശത്തുനിന്നും പറഞ്ഞാല്‍ പോരായിരുന്നോ? :)
--
ഹരിമോനേ... ച്യാച്ചിമാരെ പറഞ്ഞാ മ്വാനു എപ്പോഴും വേദനിക്കും അല്ലേ? അതാ അവസാനം അങ്ങനെ അങ്ങനെ ഒരു വിഷമം പറഞ്ഞത് അല്ലേ? ആണുങ്ങളെ എന്തുപറഞ്ഞാലും ഹരിമോനു വിഷമം ഇല്ല. ഡോക്ടര്‍ എന്താ ഡോക്റ്റര്‍ ഈ അസുഖം? ഞരമ്പുമായി ബന്ധപ്പെട്ടുകിടക്കുന്ന വല്ല ഗുലുമാലും ആണോ?
ഹ ഹ ഇത് കലക്കിപൊളിച്ചു ,
സത്യത്തില്‍,
ഇതിന്റെ ഒറിജിനല്‍ വേര്‍ഷന്‍ എവിടെയോ കൊണ്ടത് പോലുണ്ടല്ലൊ...:)
അങ്ങനെ വല്ലതും ഉണ്ടോ?
ബില്ലില്‍ എന്റെ ഷെയര്‍ എത്രയാ എന്ന് ചോദിച്ചത് ഡിസൈനര്‍ എസ്.കെ ആണൊ എന്നൊരു ഡവുട്ട്
(ഓ:ടോ : ഏയ് ഇത്രയ്ക്കങ്ങട് അണ്ടര്‍ എസ്റ്റിമേറ്റ് ചെയ്തിട്ടുണ്ടാകുമൊ ലവള്‍)
കപ്പക്കതിരവനും പുട്ടു ത്രേസ്യായും തമ്മിലാണൊ മത്സരം?
എന്തായാലും മുഖാമുഖത്തിന്റെ തരക് പണം ഇങ്ങ് പോരട്ടേ ആദ്യം!
കലക്കി കതിരവാ...
എന്റമ്മച്ചീ..
അറിയാന്‍ മേലാഞ്ഞിട്ട് ചൊദിക്കുവാ..ഇതെന്താണു പരിപാടി..എല്ലാരും കൂടി മുഖാമുഖം ചെയ്തു കളിക്കുവാണോ???ഇതു മുഴുവന്‍ ത്രേസ്യേടെ കഥേടെ കോപ്പിയായല്ലോ എതിരവാ..അതോ അനു:ബന്ധം എഴുതിയതാണോ...???
കോപ്പിറൈറ്റ് വയലേഷനെതിരെ നമുക്ക് യാഹൂനെ ബഹിഷ്കരിച്ചാലൊ ഒന്നൂടെ..
ഒ.ടോ : ആകെ ഒരു മാധ്യമ പുകമറ..അപ്പൊ പഴയ ആ മുഖാമുഖം ശരിക്കും നടന്നതാണോ..അതൊ ഇതൊക്കെ വെറും മായയോ .....ആകെ കണ്‍ഫ്യൂഷന്‍ ആയല്ലൊ..
ത്രേസ്യാകൊച്ചിന്റെ മുഖാമുഖം വായിച്ചിട്ട് 'ഒന്നാംതരം , കിടിലന്‍ പോസ്റ്റ് എന്നൊക്കെ വാഴ്ത്തിയവര്‍ തന്നെ തിരിഞ്ഞ് കടിക്കുന്നോ? ആ പോസ്റ്റില്‍ മഹതിയുടെ അഹങ്കാരമല്ലേ എഴുതികാണിച്ചത്? എന്നിട്ട് അതിനു കുറെ ആള്‍ക്കാര്‍ 'തേങ്ങ' അടിക്കാന്‍ മത്സരിച്ചു.
എതിരാ കൊള്ളാം.
ethiran maashe ithu kalakki.... sharikkum...
ini adi kollaanulla vaka: thresyakkochinte postil kumaarettante oru comment ondaarunnu. athinolla reply aano ith ..? njaan odi
ഗുരുജീ....
ഇതിനെ പോസ്റ്റ്മോര്‍ട്ടം എന്നു വിളിച്ചോട്ടെ ?
എന്നു വച്ചാല്‍ നല്ല വൃത്തിയായി വെട്ടിക്കീറി ഉള്ളിലുള്ള സത്യത്തെ അഥവാ നമുക്ക് വേണ്ട യാഥാര്‍ത്ഥ്യങ്ങലെ പുല്ലുപോലെ പുറത്തെടുത്ത് തെളിവു സഹിതം റിപ്പോര്‍ട്ടിലെഴുതി ചേര്‍ത്ത് വെട്ടിക്കീറിയതിനെക്കാള്‍ ഭംഗിയായി തുന്നിക്കെട്ടി പായ്ക്ക് ചെയ്യുന്ന വിദ്യ. ഡോക്ടര്‍ കതിരവന്‍.... അധികം കളിച്ചാല്‍ ഞങ്ങള്‍ ഞരമ്പുകള്‍ തീവ്രപുരുഷപക്ഷക്കാര്‍ക്കെതിരെ ഞങ്ങടെ ആരാധനാമൂര്‍ത്തികളായ പെണ്ണുങ്ങക്കു വേണ്ടി പ്രക്ഷോഭം നടത്തും !!
പത്രസമ്മേളനങ്ങള്‍ നടത്തും... സംഘടനയുണ്ടാക്കി ബോണ്ട് പിരിക്കും... വേണോ അതോ അടങ്ങുന്നോ ?
ഒരു കാര്യം പറയട്ടെ.
വളരെ ലൈവ് ആയി നില്‍ക്കുന്ന ഒരു ടോപിക് ആണിത്.
കൊച്ചുത്രേസ്യയുടെ മുഖാമുഖം എന്ന പോസ്റ്റ് വായിച്ചു രസിക്കാന്‍ കഴിയുന്നതിനപ്പുറം സംവദിക്കുന്ന ചില സാമൂഹികവും ബുദ്ധിപരവുമായ അധിനിവേശങ്ങളുടെ സൂചന കൂടിയാണ്. നല്ല നട്ടെല്ലുള്ള ആണുങ്ങള്‍ക്ക് വായിച്ചാല്‍ ചൊറിയും എന്നു സാരം.
അതെഴുതിയ കൊച്ചുത്രേസ്യ അഭിനന്ദനം അര്‍ഹിക്കുന്നു എന്നതില്‍ സംശയമില്ല. പക്ഷെ അത് ആ പോസ്റ്റില്‍ കമന്റായി ഇട്ടാല്‍ അതിടുന്നവനൊക്കെ ആ പോസറ്റിന്റെ വെളിച്ചത്തില്‍ ആരായി ?
അതുകൊണ്ട് ത്രേസ്യാമ്മേ അഭിനന്ദനങ്ങള്‍ !!
പിന്നെ, ആ പോസ്റ്റിനെ പല വിധത്തിലും വ്യാഖ്യാനിക്കുന്നതും മറുപടി എഴുതുന്നതും സാങ്കേതികമായി തോല്‍ക്കാന്‍ മനസ്സില്ലാത്ത പുരുഷാധികാരത്തിന്റെ പ്രതികരണം മാത്രമാണ്.
ഇതൊരു പ്രക്രിയയാണ്. എഴുത്തിനെയും ചിന്തകളെയും സമൂഹത്തെയും പ്രക്രിയയാണ്. പോസ്റ്റുകള്‍ വിലയിരുത്തുമ്പോള്‍ അതെഴുതിയ ആളുകളെയും ചുമ്മാ വലിച്ചിഴച്ചു കൊണ്ടു വന്ന് പ്രസക്തമായ ചര്‍ച്ചയെ വഴി തിരിച്ചുവിടല്ലേ എന്നപേക്ഷിക്കുന്നു.
എതിരനച്ചായോ...
വാഴ്വേ മായം!
നമോവാകം!!!
ഞാന്‍ സ്നാപകന്‍!!!
ലാംഡ!!!
ഓഫ്
ബൂലോഗരേ,
ബെര്‍ളി പറഞ്ഞതു പോലെ, വിഷയം മാത്രമാണിവിടെ പ്രസക്തം. കഥയെഴുതിയവരെ അവരുടെ പാട്ടിനു വിടുക.
സുനീഷിന്റെ പോസ്റ്റിനു മറുപടി കൊടുത്തിട്ടാണ് ഇവിടെ വന്നു കയറിയത്.വൈകിപ്പോയതിന് സോറി.എല്ലാത്തിനും മറുപടി പറയാല്‍ ഞാനൊരുത്തിയല്ലേ ഉള്ളൂ.ഒരറ്റം മുതല്‍ തുടങ്ങിയതാണ്.
കാര്യമൊരു റീ-മിക്സാണെങ്കിലും ഈ പോസ്റ്റ് എനിക്കിഷ്ടപ്പെട്ടു.ഒരു സത്യം പറഞ്ഞോട്ടേ-ഇതിലെ നായക കഥാപത്രത്തെ പോലെ ആരെങ്കിലും വന്നാല്‍ 'അവള്‍' എപ്പ ഫ്ലാറ്റായി എന്നു ചോദിച്ചാല്‍ മതി ;-)
പിന്നെ ബെര്‍ലി മാഷേ ആ എഴുതീത് എന്നെ സപ്പോര്‍ട്ട് ചെയ്തതാണോ അതോ ഇടിച്ചു താഴ്ത്തീതാണോന്ന് എനിക്കു മനസ്സിലായില്ല. എന്റെ തന്നെ കുറ്റമാണ്. ഈ കടുകട്ടി വാക്കുകളൊക്കെ കേള്‍ക്കുമ്പോഴേക്കും എനിക്കു പണ്ടെ തലകറങ്ങും.എന്റെ സെക്കന്റ് ലാംഗ്വേജ് ഹിന്ദിയാരുന്നേ :-)
പലര്‍ക്കും മനസ്സിലായില്ല എന്നു തോന്നുന്നു.
കാലത്തിന്റെ ജഡതകളെതിരെ ധീരധീരം പ്രതികരിക്കുന്ന മിടുക്കിയാണ് “മുഖാമുഖ“ത്തിലെ നായിക. നായകന്മാര്‍ ഇങ്ങനെയൊന്നും ചെയ്യാത്തതു കൊണ്ണ്ടാണ് സ്ത്രീധനം പോലത്ത തെമ്മാടിത്തരങ്ങള്‍ ഇവിടെ നടമാടുന്നത്. സെന്‍സിറ്റീവായ കുറച്ച് ആണുങ്ങള്‍ ഉണ്ടാകട്ടെ എന്ന എന്റെ (വിഫല?)സ്വപ്നത്തിന്റെ പ്രതീകമാണ് ഇതിലെ നായകന്‍.
പെണ്ണിന് വിവരം വച്ചാലും സമ്മതിച്ചു കൊടുക്കാന്‍ തയാറല്ല ആണുങ്ങള്‍.
ഒന്ന്നു ചോദിച്ചോട്ടെ അവള്‍ക്ക് പുട്ടും കടലയും ഉണ്ടാക്കാനറിയില്ലെങ്കില്‍ എന്നും ഉണ്ടാക്കിക്കൊടുത്തോളാം എന്ന മനസ്ഥിതിയുള്ള എത്ര ആണുങ്ങളുണ്ട്?
കൊച്ചുത്രേസ്യാക്ക് എന്റെ നിലപാട് മനസ്സിലായെന്നു കരുതുന്നു.
അതെങ്ങനെയാ പെണ്ണിനു സ്വല്‍പ്പം അഭിനിവേശം ഉണ്ടെങ്ക്ങ്കില്‍ അതിനെ ഭ്രാന്തായി ചിത്രീകരിച്ച് അവളെ ഭേദ്യം ചെയ്ത് ‘നേര്‍വഴിക്കാ‘ക്കുന്ന “മണീച്ചിത്രത്താഴ്”ല്ലെ നമ്മുടെ cultural icon?
ഈ മറുപൊസ്റ്റും കൊള്ളാം :)
“പോസ്റ്റ് എതായാലും ലൈറ്റ് കത്തിയാല്‍ മതി” എന്ന കെ.എസ്.ഇ.ബി പോളിസിയില്‍ വിശ്വസിക്കാം.
ഈ പോസ്റ്റിലും ലൈറ്റുണ്ട്
ഒരു മറുപടി പോസ്റ്റെന്നല്ല, മറിച്ച് വളരെ ടെക്നിക്കല്‍ പോസ്റ്റായി ഞാനിതിനെ കാണുന്നു.... എതിരവന്‍ കതിരവന്റെ കഴിവിനെ നമിക്കുന്നു... കൊച്ചുത്രേസ്യയോടുള്ള കോമ്പറ്റീഷന്‍ അല്ല എന്നത് തന്നെ ആ സ്പിരിറ്റ് വെളിവാക്കുന്നു... അഭിനന്ദനങ്ങള്‍...
കതിരവാ.. ഇതൊരമറന്‍ വെര്‍ഷന്‍.
കൊച്ചുത്രേസ്യയുടെ പോസ്റ്റില്‍ കമന്റായി വച്ചതും ആ ചെക്കന്റെ വെര്‍ഷന്‍ കൂടി കേട്ടാല്‍ കൊള്ളാമായിരുന്നു എന്ന വാക്കായിരുന്നു. സുനീഷിന്റെ പോസ്റ്റും വായിച്ചു.
ഇതിപ്പോള്‍ അതിനപ്പുറവും ആയി.
അതിലുമുപരി എനിക്ക്സന്തോഷമായത് ഈ മൂന്നു പോസ്റ്റിലും എഴുതിയവര്‍ തമ്മിലുള്ള സ്പിരിറ്റ് ആണ്. (ഇതിനെ ആണോ സ്പോര്‍ട്സ്മാന്‍ സ്പ്സിരിറ്റ് എന്നു പറയുന്നത്?) പറയാനുള്ളതെല്ലാം പറഞ്ഞ് വളരെ പക്വതയോടെ. മറുപടികളും പക്വതയോടെ മനോഹരം. ബ്ലോഗുകള്‍ ഒരു കമ്മ്യൂണിറ്റി സെറ്റപ്പ് പോലെയാകുമ്പോള്‍ ഇതാണ് ബ്ലോഗുകള്‍ക്ക് വേണ്ടതും. അല്ലാതെ ഒന്നിരു രണ്ടും രണ്ടിനു നാലും പറഞ്ഞ് പിന്നെ എണ്ണമറ്റ പറയലുകളിലേക്ക് നീളുന്ന പടലപിണക്കങ്ങളും അടിപിടികളും അല്ല. പരസ്പരം റെസ്പെക്റ്റ് ചെയ്യാനറിയുന്നവര്‍ തമ്മില്‍ ഇതിന്റെ എതുടര്‍ച്ചയായി ഇനിയും പോസ്റ്റുകള്‍ ആവാം.
എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍.
(ദില്‍ബു എഴുതി എന്നു പറയുന്നത് ഇതിന്റെ അടുത്ത എപ്പിസോഡ് ആണോ? എന്നാല്‍ വണ്ടിപോട്ട് അസുരന്റെ ലങ്കയിലേക്ക്)
ഒരു പ്രത്യേക അറിയിപ്പ്: ചീറിപ്പാഞ്ഞ് തെക്കോട്ട് പോയിക്കൊണ്ടിരുന്ന മലബാര്‍ എക്സ്പ്രസ്സ് പാളം തെറ്റി വഴി തെറ്റി തിരികേ വേണാട് എക്പ്രസ്സായി തിരികെ ഓടിക്കൊണ്ടിരിക്കുന്നു. അറിയിപ്പ് കഴിഞ്ഞു. ഇനി അടുത്ത അറിയിപ്പ് അടുത്ത പാലം തെറ്റലിന്.
അപ്പൊ കതിരവാ, കലക്കി. കഥ നേരെ തിരിച്ചു. ശ്ലാഘനീയം ഈ ശ്രമം.
ശ്രീജിത്ത് അമേരിക്കയില്‍ പോയി അവിടുന്നു പുതിയ ഒരു വാക്ക് പഠിച്ചു എന്നു തോന്നുന്നു, “ശ്ലാഘനീയം”!
എത്ര ഡോളര്‍ കൊടുത്തെടാ ഈ വാക്കിനു? അതോ അടിച്ചുമാറ്റിയതോ?
ഹഹ ഉരുളക്കുപ്പേരി, കിട്ട്യാ മിണ്ടണ്ട. കിട്ട്യ്യോരും മിണ്ടണ്ട
പിന്നേയ്, അമേരിക്കയില്‍ എല്ലാരും ഇറ്റ് ഇസ്സ് ശ്ലാഘനീയം എന്നല്ലേ പറയുന്ന്. ഒന്ന് പോയേ.
കൊച്ചുത്രേസ്യയെ വായിക്കുമ്പോള്‍ ഉല്ലാസിന്റെ മംഗല്യപ്പുഴയോരത്തായിരുന്നു മനസ്സില്‍. അതില്‍ പക്ഷെ ഒരു ‘എതിര്‍’ വെര്‍ഷനു സ്കോപ്പുണ്ടായിരുന്നില്ലെന്ന് തോന്നുന്നു. ഇത് ബഹുരസികന്‍ :)
കുമാര്‍;
ആകപ്പാടെ ഒരു ശ്ലാഘനീയം കിട്ടിയതാ.അതിനെ ഇങ്ങനെ പിടിച്ചു മാറ്റാതെ.
ശ്രീജിത്തേ ഒന്നു കൂടെ വിളിച്ചേ ഇറ്റ് ഈസ് ശ്ലാഘനീയം... ശ്ലാഘനീയം...
ഇതാകെ രസകരമായിരിക്കുന്നുവല്ലോ...
എന്തായാലും കൊച്ചു ത്രേസ്യയുടെ ആ ഒരൊറ്റ പോസ്റ്റ് ഇത്രയധികം പ്രകമ്പനങ്ങള്‍ സൃഷ്ടിച്ചുവെന്നതാണ് സത്യം...
കതിരവന്‍ജീ.... നന്നായിരിക്കുന്നു....
ഒപ്പം, കൊച്ചു ത്രേസ്യാ.... ഇത് താങ്കളെ കുറച്ചു കാണുന്നതല്ല എന്നു മനസ്സിലാക്കിയിരിക്കുമല്ലോ... ആ പോസ്റ്റും ഗംഭീരമായിരുന്നു.... നല്ല തന്റേടമുള്ള ഇന്നത്തെ പെണ്‍കുട്ടികളുടെ ഭാഗത്തു നിന്നുമാണ് താങ്കളുടെ പോസ്റ്റ് എങ്കില്‍, ബെര്‍ളിച്ചായന്‍ പറഞ്ഞതു പോലെ “നല്ല നട്ടെല്ലുള്ള ആണുങ്ങള്‍ക്ക് അതു വായിച്ചാല്‍ ചൊറിയും“ എന്ന ഒരു ആശയത്തില്‍ നിന്നുമാകണം ഈ പോസ്റ്റിന്റെയും ഉത്ഭവം....
രണ്ടു പേര്‍ക്കും എന്റെ അഭിനന്ദനങ്ങള്‍!!!
ഇപ്പഴാ കണ്ടത്!!!!!വളരെ ക്രിയേറ്റീവ് ആയ വേര്‍ഷന്‍. എല്ലാ കാര്യത്തിന്റെയും രണ്ടു വശങ്ങള്‍!
അഭിനന്ദനങ്ങള്‍!!!!!!!1111
ഗൊള്ളാം ഗതിരവാ മുഖാമുഖം. അപ്പോ ഷെയര്‍ കിട്ടിയല്ലോ.
ഒരുപാട് തവണ ഏറ്റുമാനൂര്‍ അമ്പലത്തില്‍ പോയിട്ടുണ്ടെങ്കിലും പ്രദോഷമൂര്‍ത്തി പെയിന്റിംഗ് ഒന്നും കണ്ടിട്ടില്ല. എതിരന്‍സേ, മ്യൂറല്‍ ചിത്രങ്ങളേയും ഏറ്റുമാനൂരമ്പലത്തിലെ പെയിന്റിംഗുകളേയും പറ്റി ഒന്ന് വിശദമായി എഴുതാമോ?
Visualized so well!
ഗംഭീരം മാഷ് !!
Subin :)
എഴുപതുകളിലെ യേശുദാസിന്റെ പാട്ടുകളില്‍ ജിം റീവ്സിന്റെ സ്വാധീനമുണ്ട്. ആ ഇന്റൊണേഷന്‍സ്, വേര്‍ഡ് കേഡന്‍സ് ഒക്കെ യേശുദാസിന്റെ പാട്ടൂകളില്‍ കാണുന്നുണ്ടെന്നാണ് എന്റെ വിശ്വാസം
-- I felt Talat more in those songs
:-)
Thahseen
Post a Comment