ജലസഞ്ചാരം ചെയ്യുന്നവനാണ് കുട്ടിസ്രാങ്ക്. വെള്ളത്തിന്റെ പരന്നൊഴുകലും പടർപ്പും പോലെ അയാളും നിതാന്തമായി സഞ്ചരിച്ച് എത്തിപ്പെടുന്നത് കാലം ദേശം എന്നെ ഭേദങ്ങളെ മറികടന്നാണ്. ഒഴുകിയണയുന്ന വെള്ളം എതു മണ്ണിലും നവഭാവുകത്വത്തിന്റെ സുപ്തബീജങ്ങൾ കുതിർത്തുണർത്തും. സ്ഥിരജീവിതത്തിൽ മാറ്റങ്ങളൂടെ പുതുനാമ്പ് പൊടിപ്പിക്കാൻ പ്രേരണ തന്നെ ഇത്. കുട്ടിസ്രാങ്കിന്റെ വരവ് പുതുവെള്ളം വരവ് തന്നെ. പ്രളയപയോധിയിൽ നീന്തിത്തുടിയ്ക്കും പ്രഭാമയൂഖം കാലം എന്ന കവിപ്രോക്തമായ വിശേഷണം സ്രാങ്കിനും ചേരും. ജലസാന്നിദ്ധ്യത്തിൽ സ്വത്വം രൂപീകരിക്കപ്പെടുന്നവനുമാണ് സ്രാങ്ക്.
മലയാളസിനിമയിൽ അതിലെ നായകൻ ഒരു സങ്കൽപ്പമോ മനോഭാവമോ മാത്രമായി ചിത്രീകരിക്കപ്പെടുന്നത് വളരെ അപൂർവ്വമാണ്. നായകൻ നായകനായി നിലകൊള്ളുകയും കഥയും കഥാപാത്രങ്ങളും എന്തിന് സിനിമ മുഴുവനും അയാളെ ചുറ്റിയും ആ പ്രാഭവത്തിന്റെ വെട്ടത്തിൽ മാത്രം തിളങ്ങുകയും ചെയ്യുകയാണ് പൊതുപ്രമാണം. സിനിമാവ്യവസായം കനിഞ്ഞ് നൽകിക്കൊടുത്ത താരപഭ പ്രസരിപ്പിക്കുന്ന നടൻ ഇതിനു സമാന്തരമായി മറ്റൊരു ഉജ്ജ്വലവെളിച്ചവും ലോഭമെന്യേ ചിത്രഗാത്രത്തിൽ വാരിപ്പൂശും. നായകൻ-താരം എന്ന ഈ ഒന്ന് രണ്ടായിപ്പിരിഞ്ഞുകണ്ടളവിൽ ഉണ്ടാക്കുന്ന ഇണ്ടൽ മാത്രമായി സിനിമ മാറുന്നത് നിത്യാനുഭവം. പണ്ടേക്കണക്കു വരുവാൻ കൃപാവലികൾ ആരും തീർത്തിട്ടുമില്ല. എന്നാൽ സ്രാങ്ക് എന്ന കഥാപാത്രം ആട്ടുന്ന ഊഞ്ഞാലോ മമ്മുട്ടി എന്ന അഭിനേതാവ്/താരം ചുമക്കുന്ന മഞ്ചലോ അല്ല കുട്ടിസ്രാങ്ക് എന്ന സിനിമ. പ്രമേയവും അതുളവാക്കുന്ന ചിന്താപദ്ധതിയും ദൃശ്യങ്ങളിലെ വ്യക്തവും അവ്യക്തവുമായ സൂചനകളും കൂടെ സൃഷ്ടിച്ചെടുക്കുന്ന മാന്ത്രികപരിവേശങ്ങളും സാമൂഹ്യ-രാഷ്ട്രീയ പരിപ്രേക്ഷ്യ നിലപാടുകളും കൃത്യമായി നിർവ്വചിക്കപ്പെട്ട ആദി മദ്ധ്യാന്തങ്ങളില്ലാത്ത മിഥ്യാശക്തിയാർന്ന കഥയും സംശ്ലേഷണം ചെയ്യുന്ന ഭാാവനാസൃഷ്ടിയായി നിലകൊള്ളുകയാണ് സിനിമ.
വടക്കൊരിടത്താണ് സ്രാങ്കിനെ ആദ്യം കാണപ്പെടുന്നത്. തെക്കോട്ട് ഒഴുകിപ്പരക്കുന്ന സ്രാങ്ക് ആലപ്പുഴയ്ക്കടുത്ത ഭാഗത്തുകൂടി അമ്പലപ്പുഴ-കൊല്ലം വരെ ചെന്ന് സാന്നിദ്ധ്യമറിയിക്കുന്നുണ്ട്. എന്നാൽ ഈ നേർ രേഖയിൽ ഒരു സഞ്ചാരമൊരുക്കുന്നതല്ല പ്രയാണവീഥി യുടെ മാനചിത്രങ്ങൾ. തിരിവലയമാർന്നതോ ചിലപ്പോൾ വർത്തുളമോ ആണത്. തിരിച്ചും ഈ പ്രദേശങ്ങളിലേക്ക് സ്രാങ്ക് പ്രവാഹസമാനം സഞ്ചാരണം ചെയ്യുന്നുണ്ട്. ജലസഞ്ചയങ്ങളാൽ ബന്ധിതമായ പരന്ന ഭൂമികയാണ് സ്രാങ്കിന്റെ പ്രദേശങ്ങൾ. അതുകൊണ്ടുതന്നെ നേർ രേഖയിൽ സഞ്ചരിക്കുന്ന കാലം മറികടക്കാൻ സ്രാങ്കിനു ആവുന്നുമുണ്ട്. മൂന്നാമത്തെ കഥയിൽ നിന്നും ഒന്നാമത്തേയും രണ്ടാമത്തേയും കഥകളിലേക്ക് എളുപ്പം പ്രവേശിച്ചു തിരിച്ചെത്തുന്നുണ്ട് സ്രാങ്ക്. അതേ സമയം ഒന്നാമത്തെ കഥയിലെ കഥാപാത്രങ്ങൾ രണ്ടിലും മൂന്നിലും വന്നുചേരുന്നുമുണ്ട്. മൂന്നുഋതുക്കളാണ് കുട്ടിസ്രാങ്കിന്റെ ദേഹധാരണയ്ക്ക് കുപ്പായങ്ങൽ തുന്നുന്നത്.
സ്രാങ്കിന്റെ ജലയാത്രയിൽ അയാൾ എത്തിപ്പെടുന്നിടത്ത് മതാാധീശത്വത്തിന്റെ കെടുതികൾ ക്ലിഷ്ടപ്പെടുത്തുന്ന നരജീവിതങ്ങളാണുള്ളത്. വടക്ക് സമ്പത്തിന്റെ ബലതന്ത്രങ്ങൾ ഇല്ലാതാക്കുന്ന പാവങ്ങളാണ്, അധികാരത്തിന്റെ ഗർവ്വ് മുക്കിത്താഴത്തുന്നന്ന നിരാലംബതയാണ്. തന്നെപ്പോലെ ജലപ്രതലത്തിൽ തെന്നി നടക്കുന്ന ജീവികളൂടെ ആക്രന്ദനം ശ്രുതിപ്രകാശങ്ങളാകുകയാണ് സ്രാങ്കിനെ സംബന്ധിച്ചിടത്തോളം. കൊട്ടാരപ്രൌഢിയുടെ മായാക്കോവണിയിന്മേൽ എത്തിപ്പെട്ട് ആരും കേൾക്കാത്ത നിലവിളി പാതി തൊണ്ടയിൽ മറയുന്ന താറാവിന്റേതു തന്നെ അത്. ജല അഗാധതയിൽ നടന്ന മരണപ്പിടച്ചിലുകളായിരിക്കണം കുറ്റബോധത്തിന്റെ പങ്കായം തുഴഞ്ഞ് തെക്കോട്ട് പായാൻ പ്രേരിപ്പിച്ചത്. അല്ലെങ്കിലും വടക്കു നിന്നും തെക്കോട്ട് ചെരിഞ്ഞുകിടക്കുന്ന കേരളത്തിൽ ഭൂപ്രകൃത്യാ തെക്കോട്ടെ ജലസഞ്ചയസഞ്ചാരത്തിനു സാദ്ധ്യതയുള്ളു. നാനാ വിയോഗാൽ കേണീടുന്നവൾക്ക് വേണ്ടി നീചത്വം വിട്ട് ഔചിത്യം ആചരിക്കുന്നതിനാൽ പീഡിതരുടെ രക്ഷകൻ എന്ന കുപ്പായം സ്രാങ്കിനു മേൽ വന്നു വീഴുന്നുമുണ്ട് . മദ്ധ്യകേരളത്തിലാവട്ടെ പുരോഗമനത്തിന്റേയും സ്ത്രീ സമത്വത്തിന്റേയും അനുരണനങ്ങൾക്ക് സാക്ഷി എന്ന നിലയിലല്ല സ്രാങ്കിന്റെ സാന്നിദ്ധ്യമാണ് ഇവയ്ക്ക് ഗതിശക്തിയണയ്ക്കുന്നത്. ഉചിതമായിത്തന്നെയാണ് നിയന്ത്രണസ്വരൂപമായ രാജാവിന്റെ വേഷം സ്രാങ്കിനു എടുത്തണിയാനുള്ള അവസരം വന്നു ചേരുന്നത്. മതാനുഗതമായ അപചയങ്ങളോടുള്ള ചെറുത്തു നിൽപ്പിനോടൊപ്പം വിപ്ലവാശയങ്ങൾ സമൂഹത്തിൽ ഇഴ നെയ്യുന്നതും സ്രാങ്കിന്റെ സാന്നിദ്ധ്യത്തിൽ തന്നെ. കന്യാസ്ത്രീയെ വശഗയാക്കാൻ കൂട്ടുകാരനോടൊപ്പം ചേരാൻ സ്രാങ്കിനു വിഷമമില്ലാത്തത് അതുകൊണ്ടുതന്നെ. പിന്നെയും തെക്ക് എത്തിപ്പെട്ട സ്രാങ്ക് നേരിട്ടിടപെടുകയാണ് പെണ്ണിനു തുണയും തണലുമേകേണ്ട അവശ്യസ്ഥിതിയിൽ. മൂന്നു കാലത്തിൽ മൂന്നു ദേശത്തിൽ ഉറവെടുക്കുന്ന കഥകളിൽ മുൻപോട്ടും പുറകോട്ടും യഥേഷ്ടം സഞ്ചരിക്കാനും മൂന്നു കഥകളിലും പ്രവേശിക്കാനും സ്രാങ്കിനു പ്രയാസമില്ല എന്നത് വസ്തുനിഷ്ഠതയ്ക്ക് പ്രതികൂലം തന്നെ.
അധികാരത്തിന്റേയും മതനേതൃത്വത്തിന്റേയും നൃശംസതയാണ് സ്രാങ്കിന്റെ സാന്നിദ്ധ്യത്താൽ ലഘൂകരിക്കപ്പെടുന്നത്. ഒരു ദൌത്യനിർവ്വഹണത്തിനു നിയുക്തനല്ലെങ്കിലും ഈ ദൌത്യങ്ങൾ നിറവേറപ്പെടൂനതിൽ സ്രാങ്കിന്റെ സ്വത്വം ഒരു മായാ സാന്നിദ്ധ്യമാണ്, അതിപ്രബലമാർന്നതാണീ ഉപസ്ഥിതി. കാലത്തിലൂടെ മുൻപോട്ടും പിറകോട്ടും സഞ്ചരിക്കുന്ന സ്രാങ്ക് അപ്രത്യക്ഷനും പ്രത്യക്ഷനുമാണ് ഒരേ സമയത്ത്. മൂന്നുകാലഘട്ടങ്ങളിലും പ്രായവ്യത്യാസങ്ങളില്ലതെയാണ് സ്രാങ്ക് പ്രത്യക്ഷനാവുന്നത്. കാളിയുടെ പ്രാണനാഥനായ സ്രാങ്ക് ഒരു കഥാകാരിയുടെ മെറ്റാഫിക്ഷൻ ഇമേജും മാത്രമായിത്തീരുന്നുണ്ട്. അലൌകിക ഘടനയാണ് സ്രാങ്കിന്റെ ശരീരത്തിനു. ചോര ചിന്താത്ത ഒരിടം രേവമ്മയുടെ അഭ്യർത്ഥനപ്രകാരം സ്രാങ്ക് അന്വേഷിച്ചുറപ്പിക്കുമ്പോൾ അതേ ചോര ജൈവസാരത്തിന്റേയും നിലനിൽപ്പിന്റെ ആധാരത്തിന്റേയും സൂചകമെന്നവണ്ണം സ്രാങ്കിൽ നിന്നും ബഹിർഗ്ഗമിക്കുന്നുണ്ട്. പ്രപഞ്ചവുമായുള്ള സംബന്ധങ്ങളിലേക്ക് സമ്പർക്കമെന്നോണം ചില സന്നിഗ്ധാാവസരങ്ങളിൽ പ്രകടമാവുന്നുമുണ്ട് സ്രാങ്കിനുതന്നെയും പിടികിട്ടാത്ത ഇത്തരം അടയാളങ്ങൾ. സ്രാങ്കിന്റെ തനി സ്വത്വം സിനിമയിൽ ദുരൂഹമായാാണു അവതരിപ്പിച്ചിരിക്കുന്നത്. ഇല്ലാത്ത പൂച്ചയെ ഇരുട്ടിൽ തപ്പുന്നത് യുക്തിഭദ്രമാകുന്ന അവസ്ഥാവിശേഷം. മാറ്റങ്ങൾക്ക് വാതാനുകൂലത സൃഷ്ടിയ്ക്കുന്ന കാലം തന്നെ സ്രാങ്ക് എന്ന് വിവക്ഷിക്കുന്നതിലും തെറ്റില്ല. എന്നാൽ നേർ രേഖയിൽ സഞ്ചരിക്കുന്ന കാലസങ്കൽപ്പതിനു എതിരേ തിരിയുന്നുമുണ്ട്, മനുഷ്യജന്മത്തിന്റെ ഭാവനയുടേയും സങ്കൽപ്പങ്ങളുടേയും ഭൌമേതരസമ്പർക്കങ്ങുളുടേയും ഡിമെൻഷനിൽ മാത്രം സ്വരൂപിക്കപ്പെടുന്ന ഈ മായാരൂപം.
പ്രത്യക്ഷവും അനുഭവഭേദ്യവുമായ കാലവുമായി ഇടപെടുകയോ സന്ധി ചെയ്യുകയോ സ്രാങ്കിന്റെ സ്വഭാവവിശേഷമല്ല. അതുകൊണ്ടാണ് മരണം എന്നത് സ്രാങ്ക് നിർവ്വചിക്കുന്നത് മറ്റൊന്നാകുന്നത്. കടൽത്തീരത്തടിഞ്ഞ, കാലത്തിന്റെ ഓരത്ത് അരികുപറ്റിക്കിടക്കുന്ന ദേഹം അവ്യക്തതയിൽ ലയിച്ച ഭ്രമജാലക്കാഴ്ചയാണ്. രേവമ്മയ്ക്കും പെമേണയ്ക്കും കാളിയ്ക്കും ഓർമ്മിച്ചെടുക്കാൻ -അതും ഒരു ഫാന്റസിയുടെ പരിവേഷനിർഭരര സാഹചര്യത്തിൽ- വന്നുചേരുന്ന ഭൌതികവസ്തു മാത്രമേ ഉള്ളു അത്. ഇതു സ്രാങ്കല്ല, എന്റെ പുരുഷനെ എനിയ്ക്ക് അറിയാതിരിക്കുവാൻ പറ്റുമോ എന്ന് കാളി നിരുപാധികം വെളിവാക്കുന്നുമുണ്ട്. സ്വയംഹത്യക്കൊരുങ്ങുന്ന ആത്മശോഷണം സ്രാങ്കിന്റേതാവാനും വഴിയില്ല. മരിച്ചത് സ്രാങ്കു തന്നെയോ എന്നതിലെ ദുരൂഹത- രഹസ്യമയവും ഗൂഢവുമാണെങ്കിൽപ്പോലും- തന്നെ സത്യമാവുന്നു. സ്രാങ്ക് മരിച്ചെങ്കിൽ എങ്ങനെ, കൊന്നതാണോ, കൊന്നതാണെങ്കിൽ ആരു കൊന്നു, എന്തിനു കൊന്നു എന്ന ചോദ്യങ്ങളും അപ്രസക്തമാവുന്നു. തികച്ചും നാടകീയവും അതിഗംഭീരവുമായ ഒരു ഷോടിലൂടെയാണ് സ്രാങ്കിന്റെ അന്ത്യ (?) പ്രയാണം ചിത്രീകരിച്ചിരിക്കുന്നത്. ചവിട്ടുനാടകരാജാവിന്റെ വേഷത്തിനു കൂട്ടായി ഒരു സംഘം അനുചരന്മാരോടൊപ്പം അനന്തവിഹായസ്സു പൃഷ്ഠഭൂമിക ചമയ്ക്കുന്ന സാഗരത്തിലേക്ക് നടന്നുനീങ്ങുന്ന സ്രാങ്ക്. തികച്ചും അസ്വാഭാവികമായ പ്രണാലി തന്നെ ഇത്. നിസ്സഹായനായ ബുദ്ധഭിക്ഷുവിന്റെ അവസാനപിടച്ചിലും വെള്ളത്തിനടിയിൽ ആയിരുന്നതിനാൽ, അതിനു പരോക്ഷമായെങ്കിലും ഉത്തരവാദി ആയ സ്രാങ്ക് പാപമോചനം എന്നനിലയ്ക്ക് ഒരു ജലസമാധി കാംക്ഷിച്ചിരുന്നുവോ? സാദ്ധ്യതയുണ്ട്. അടിഞ്ഞുകൂടിയ ദേഹം നശ്വരമായ മജ്ജമാംസാദികളാൽ നിർമ്മിതമാണെങ്കിലും അപക്ഷയശോഷണങ്ങൾ സമയബന്ധിതമല്ല. നോക്കി നിൽക്കെയാണ് അതിന്മ്മേൽ കൂണൂകൾ മുളച്ചു പൊന്തുന്നത്. ജൈവയോഗത്തിന്റെ നൈര്യന്തര്യം, പക്ഷേ അവസ്ഥാന്തരത്തിലെ ശീഘ്രത കാലഭേദിയാകുകയാണ്. കാളിയുടെ വയറ്റിൽ വളരുന്നത് സ്രാങ്കുതന്നെ എന്ന സാദ്ധ്യത ഈ നൈര്യന്തര്യത്തിന്റെ നടുക്കണ്ണി തന്നെ.
വടക്കു നിന്നും തെക്കോട്ട് പരതിപ്പരക്കുന്ന സ്രാങ്കിന്റെ പ്രത്യക്ഷവും സാന്നിദ്ധ്യവും പുരോഗമന- വിപ്ലവ പരിവർത്തനോന്മുഖമായ സമൂഹങ്ങളിലൂടെയാണ് വെളിവാക്കപ്പെടുന്നത്. ഉത്തരകേരളത്തിൽ നിന്നും തെക്കോട്ട് പടർന്നു പിടിച്ച് ആ മണ്ണിൽ നനവൂറിച്ച പുരോഗമനപ്രസ്ഥാനങ്ങളുടെ സമാന്തരമായി ഇതിനെ ദർശിക്കാവുന്നതാണ്, ചരിത്രപരമായി ഭാഗികമായേ ശരിയുള്ളുവെങ്കിൽക്കൂടി. മത നിരപേക്ഷനും എന്നാൽ എല്ലാ മതങ്ങളെയും മടികൂടാതെ സ്വാംശീകരിക്കുന്നവനും ആണു സ്രാങ്ക് എന്നതും കണക്കിലെടുക്കേണ്ടതാണ്. നെറ്റിയിൽ കുരിശടയാളം പേറാനും ദേവീവിഗ്രഹത്തിൽ മഞ്ഞളെറിയാനും ഔത്സുക്യമുള്ളവൻ. നിശ്ചേതനായി കടൽപ്പുറത്ത് കിടന്നുപോകുന്നത് സ്രാങ്കാണെങ്കിൽ വിപ്ലവ പ്രസ്ഥാനങ്ങളുടെ മൂല്യച്യുതിയും പാൻ മലയാളി ഐഡെന്റിറ്റിയുടെ നിരാകരണവും വന്നുഭവിച്ചതിന്റെ ലക്ഷണചിഹ്നങ്ങൾ വ്യക്തമാക്കപ്പെടുകയാണ്. എന്നാൽ മറ്റൊരു സ്രാങ്കിനു ബീജാവാപം ചെയ്തതിനു ശേഷമാണ് ഈ നിപാതം എന്നത് ശുഭസൂചകമാണു താനും.
സ്വത്വബോധത്തെക്കുറിച്ചുള്ള ആവലാതികൾ രാഷ്ട്രീയപരിപ്രേക്ഷ്യത്തിൽ കൊയ്യാനുള്ള വിളവുകൾ എന്ന വ്യാമോഹത്തിനു വഴിതെളിയ്ക്കുന്ന ഇക്കാലത്ത് മലയാളിമനഃസാക്ഷിയുടെ ജഡം അപചയസംസ്കാരം വിരിച്ചിട്ട മണൽപ്പുറത്ത് അടിയുകയാണ്.
4 comments:
രണ്ട് ഭാഷാപോഷിണീ കവിതകൾ ഒന്നിച് വായിച്ചപോലെ ഒരു വ്യതിരേകാത്മാക സമീപനമാണെനിക്ക് തോന്നുന്ന്നത്..
പീ എഫ് മാത്യൂസ് (കഥ എഴുതിയ ആള്‍ ഒടുവില്‍ ക്റെഡിറ്റ് ചേറ്‍ക്കാന്‍ വേരെ ഒരാളിനെ അവസാനം കൊണ്ടു ചേറ്‍ത്തു എന്നും പരിഭവപ്പെട്ടു, ചാവു നിലം എന്ന നോവല്‍ എഴുതിയ ആളാണു പീ എഫ് മത്യൂസ്) ചിന്തിക്കാത്ത രീതിയില്‍ കതിരവന്‍ ചിന്തിച്ചോ എന്നു സംശയമായി.
മയ്യഴി, കൊച്ചി, കൊല്ലം ഇങ്ങിനെ മൂന്നു സ്ഥലങ്ങളില്‍ ബുധമതം, ക്റിസ്ത്യാനി, ഹിന്ദു (അധ ക്റ്‍ത) ആയിട്ടാണു നായികമാറ്‍, കൊച്ചിക്കാരിയായ പെമ്മേണ ആണു സ്റാങ്കിനെ പ്റേമിക്കുന്നത്, കൊല്ലത്തെ ഭാഗം ഒക്കെ ആകെ ക്റ്‍ത്റിമം ആയി
അതിനിടയില്‍ ഒരു എഴുത്തുകാരിയെ കൊണ്ടുവന്നു അവറ്‍ക്കു സ്രാങ്കിനോടു ആരാധന അയിരുന്നോ എന്നും നിശ്ചയമില്ല
രണ്ടു മൂന്നു പ്റാവശ്യം കണ്ടാലേ സിനിമ പൂറ്‍ണ്ണമായും മനസ്സിലാകു
മൂന്നു സ്ഥലത്തെ ഡയലക്ട്സ് എങ്ങിനെയും ഊഹിക്കാവുന്ന രീതിയില്‍ ഒരു ലൂസായ നറേഷന്‍
ഈ കുട്ടി സ്റാങ്കില്‍ മമ്മൂട്ടി മമ്മൂട്ടി ആയി തന്നെ നിന്നു, എനിക്കിഷ്ടം ആയതെ ജോപ്പന്‍ ആയി വരുന്ന പുതുമുഖം , സിദ്ദിഖ് അവതരിപ്പിച്ച അല്‍പ്പം റൌഡി ആയ പള്ളീലച്ചന്‍ പെമ്മേണയായി വന്ന ബംഗാള്‍ നടി എന്നിവരാണു
നന്നായിട്ടുണ്ട് കേട്ടൊ ഭായ്
സുശീലൻ:
പി എഫ് മാത്യൂസ് ചവിട്ടുനാടകത്തിനു ഉചിതമായ സ്ഥാനം കൊടുത്ത് കഥയേഴുതിയിട്ടുള്ള ആളാണ്, അറിയാം.
ഒരു കലാകാരന്റെ നിർമ്മിതിയ്ക്കപ്പുറം അനുവാചകനു പലതും കണ്ടെടുക്കാവുന്ന സ്ഥിതിയിലെത്തുന്നതല്ലെ ഉദാത്ത കലയ്ക്കു നിദർശനം?
കുട്ടിസ്രാങ്ക് അങ്ങനെ പല കാഴ്ചകൾ സമ്മാനിയ്ക്കുന്നുണ്ട്. സംവിധായകൻ ഉദ്ദേശിച്ചതിലും അപ്പുറം പോകുന്നു ചിലപ്പോൾ.
പോണി ബോയ്:
കവിതയെഴുതാനറിഞ്ഞിരുന്നെങ്കിൽ ഈ പണിയ്ക് പോകുകയില്ലായിരുന്നു.
മുളീമുകുന്ദൻ:
താങ്ക്സ്.
Post a Comment