നവംബർ 2 ഇലെ ചന്ദ്രിക ആഴ്ച്ചപ്പതിപ്പിൽ
കെ. രാഘവന്റെ സംഗീതത്തെക്കുറിച്ച് എന്റേതുൾപ്പടെ നാലു ലേഖനങ്ങൾ ഉണ്ടായിരുന്നു.
പൂവച്ചൽ ഖാദർ, എം. ഡി. മനോജ്, രമേശ് ഗോപാലകൃഷ്ണൻ
എന്നിവരുടേതായിരുന്നു അവ. ഇവർ മൂന്നു പേരും രാഘവനെ നാടൻ സംഗീതത്തിന്റെ മാത്രം പ്രയോക്താവായി കണ്ട് ഒരു കള്ളിയിൽ പിടിച്ചടയ്ക്കുകയായിരുന്നു.
കെ. രാഘവനെ നാടൻ പാട്ടുകളിൽ ഒതുക്കേണ്ടെന്ന് പറഞ്ഞാണ് ലേഖനം ഞാൻ അവസാനിപ്പിച്ചത്. ഈ ഒരു കാര്യം ഒന്നുകൂടെ
പറഞ്ഞുറപ്പിക്കേണ്ടി വരുന്നു എന്ന് ആ പതിപ്പിലെ
മറ്റു ലേഖനങ്ങൾ വായിച്ചപ്പോൾ മനസ്സിലായി. “ഗ്രാമ്യശൈലികളിൽ
നിന്നും മോചിതമാകാത്ത സംഗീതം’ എന്ന് പൂവച്ചൽ ഖാദറും “നാട്ടുരാഗത്തിന്റെഅനുരാഗവീണ“ എന്ന്
ഡോ. എം. ഡീ. മനോജും സർത്ഥിച്ചപ്പോഴാണ് ശ്രീ രാഘവനെ മലയാളികൾക്ക് തങ്ങളുടെ തന്നിഷ്ടത്തൊഴുത്തിൽ കെട്ടിയിടാനുള്ള വ്യ ഗ്രത വളരെ കൂടുതലാണെന്ന് തെളിഞ്ഞത്.
ഇത്രയും അനുഭവ-സംഗീത പരിചയമുള്ളവരുടേയും തീർപ്പ്
ഇപ്രകാരമെങ്കിൽ അത് പരിതാപകരവും കെ. രാഘവന്റെ
സംഗീതത്തോട് അവഗണനാപരമായ നിലപാടെടുക്കുക എന്ന
നിഷ്ഠൂരതയുമാണ്. 60 കൾക്ക് മുൻപ് നാടൻ ശീലുകൾ സന്നിവേശിപ്പിച്ച് പാട്ടുകൾ ഉണ്ടാക്കിയെടുത്തതിനു അദ്ദേഹം ഇന്ന് കൊടുക്കേണ്ടി
വരുന്ന വില ഭീകരമാണ്.. ശ്രീ ഖാദറാകട്ടെ മിക്ക പാട്ടുകളേയും നാടൻ ഈണ- സാരള്യ പരിവേഷത്തിൽ മാത്രം കാണാൻ ശ്രമിക്കുമ്പോൾ ശ്രീ മനോജ്
60 കൾക്കു മുൻപുള്ള പാട്ടുകളെ ഒന്നിച്ച് പരാമർശിച്ച
ശേഷം പിന്നെ വന്ന പാട്ടുകളെ പ്രേമഗാനങ്ങൾ, ശോകഗാനങ്ങൾ എന്ന് തരം തിരിച്ച് ഒതുക്കികെട്ടി.
‘നാടോടി സംഗീതത്തിന്റെ മാത്രം പ്രയോക്താവായി
അദ്ദേഹത്തെ കാണുന്ന പലരും മറ്റു സംഗീതസംഭാവനകളെ വേണ്ടത്ര ശ്രദ്ധിയ്ക്കുന്നില്ല” എന്ന്
ശ്രീ മനോജ് പറഞ്ഞു വയ്ക്കുന്നുണ്ടെങ്കിലും എങ്ങനെ ഈ അശ്രദ്ധ മാറ്റിയെടുക്കാം എന്ന ചിന്തയിലേക്ക്
അദ്ദേഹം പ്രവേശിക്കുന്നില്ല. “ശാസ്ത്രീയഗാനങ്ങളും അദ്ദേഹം ചിട്ടപ്പെടുത്തിയിട്ടുണ്ട്“
എന്ന മട്ടിൽ ഒഴുക്കൻ പ്രസ്താവനയുമുണ്ട്. പിന്നെയും
നാട്ടൊഴുക്കിന്റെ സാംസ്കാരികാവബോധത്തിലും നാടോടി പാരമ്പര്യത്തിന്റെ ഊർജ്ജം ആവാഹിച്ചതിലൊക്കെയാണ്
അദ്ദേഹത്തിന്റെ ഊന്നൽ. രമേശ് ഗോപാലകൃഷ്ണനും
കെ. രാഘവനെ 60 കൾക്കപ്പുറത്തേയ്ക്ക് കടത്തുന്നതേ ഇല്ല. 54 ഇലെ നീലക്കുയിലിനോടൊപ്പം
കൂട്ടിലടച്ചിരിക്കുകയാണ്. നവംബർ 10 ഇലെ മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ ആലങ്കോട് ലീലാകൃഷ്ണൻ
എഴുതിയ ലേഖനത്തിനും ഇതേ സമീപനദോഷമുണ്ട്. 60ഇനു
ശേഷം ശ്രീ രാഘവൻ സംഗീതം നൽകിയ പാട്ടുകൾ, പോപുലർ ആയവ പ്രത്യേകിച്ചും നാടൻ ശീലുകളല്ല
എന്ന സത്യത്തെ സൌകര്യപൂർവ്വം നിരാകരിയ്ക്കുന്നത് എന്തിനെന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു.
1954 മുതൽ നാലോ അഞ്ചോ കൊല്ലങ്ങളിലെ സംഗീതം മാത്രം കണക്കിലെടുത്ത് പിന്നെ വന്ന മുപ്പതോളം
വർഷങ്ങളിലെ സംഗീതപരിചരണത്തെ ‘ഗ്രാമ്യശൈലികളിൽ നിന്നും മോചനം നേടാത്ത‘ എന്നു തീർപ്പുകൽപ്പിക്കുന്നത്
ശ്രീ രാഘവനേയും അദ്ദേഹത്തിന്റെ സംഗീതത്തേയും ഇത്രയും അടുത്തറിഞ്ഞിട്ടുള്ള പൂവച്ചൽ ഖാദർ തന്നെ പറയുമ്പോൾ അതിൽ പ്രശ്നമുണ്ട്.
1960 ഇനു ശേഷം വൈവിദ്ധ്യമിയന്ന 350 ഓളം പാട്ടുകൾ സമ്മാനിച്ച കെ. രാഘവൻ എന്ന സംഗീതപാരംഗതൻ
“നാടോടി സംഗീതത്തിലെ ആന്തരികശ്രുതികളും ശീലുകളുമാണ് പ്രയോജനപ്പെടുത്തിയത്‘ എന്ന് ചുരുക്കിപ്പറയുന്നത്
ശ്രീ മനോജിന്റെ സ്വന്തം അഭിപ്രായം മാത്രമാണെന്ന്
കരുതേണ്ടിയിരിക്കുന്നു. ഒന്നുമല്ലെങ്കിലും
സർവ്വപരിചിതവും ഏറെ ജനപ്രീതിയാർജ്ജിച്ചതുമായ ‘ശ്യാമസുന്ദരപുഷ്പമേ‘യും ‘പാർവ്വണേന്ദുവിൻ ദേഹമടക്കി“യേയും
“മഞ്ജുഭാഷിണീ”യേയും മുൻ നിറുത്തിയെങ്കിലും
ഈ പ്രസ്താവനകൾക്ക് ചില ജാമ്യങ്ങൾ അനുവദിക്കേണ്ടിയിരുന്നു. ഇവ മൂന്നും നാടൻ ശീലുകളണെന്ന്
ശ്രീ ഖാദറും ശ്രീ മനോജും വാദിക്കുകയില്ലെന്ന് കരുതട്ടെ.
60 കൾക്കു ശേഷമുള്ള കെ. രാഘവന്റെ
സപര്യ അത്ര കാര്യമായെടുക്കേണ്ട, വിലയിരുത്തേണ്ട , എന്ന ഒരു തീരുമാനമാണ് ഈ മൂന്നു ലേഖനങ്ങളും
വായിച്ചാൽ തോന്നുക എന്ന് ചുരുക്കിപ്പറയാം. എന്തുകൊണ്ട് 1980കളിൽ അദ്ദേഹം സംഗീതം നൽകിയ
പാട്ടുകൾ മുതൽ പുറകോട്ട് പിടിയ്ക്കുന്നില്ല
എന്നൊരു ചോദ്യം സംഗതമാണ്. അപ്പോഴറിയാം ഈ നാടൻ പാട്ടുകാരന്റെ മറ്റു ചില ‘വികൃതികൾ‘. 89 ഇലെ ‘സ്വപ്നമാലിനീതീരത്തുണ്ടൊരു”
ലാളിത്യമിയന്നതാണ്, പക്ഷേ നാടോടി പാരമ്പര്യത്തിന്റെ ഊർജ്ജം ആവാഹിച്ചതൊന്നുമല്ല. .
83 ഇലെ കടമ്പയിലെ “പിച്ചകപ്പൂങ്കാറ്റിൽ’ ഒരു ഫോക്ക് സ്പർശമുള്ള പാട്ടാണെങ്കിലും അഗാധമായ
ശാസ്ത്രീയസംഗീതവബോധത്തിൽ നിന്നും ഉരുത്തിരിഞ്ഞു വന്നതു മാത്രമാണത്.. കമ്പോസിങ്ങും ആലാപനവും
അത്ര എളുപ്പമുള്ളതല്ലെന്ന് സൂക്ഷ്മനിരീക്ഷണം വെളിപ്പെടുത്തും . ഓർക്കെഷ്ട്രേഷനോ സങ്കീറ്ണ്ണവും.
മദ്ദളം, ഇടയ്ക്ക ഇവയൊക്കെ വിവിധ നടകളിൽ കയറി ഇറങ്ങി താളവൈവിദ്ധ്യം സൃഷ്ടിയ്ക്കുന്നതും
നാടോടി പാരമ്പര്യാനുസാരിയായല്ല. ഒരു layering പോലെ ക്ലാരിനറ്റും പിറകിലുണ്ട്. രാഘവന്റെ
ഒന്നാന്തരം പാട്ടുകളിലൊന്നാണിത്.
നാടൻ ശീലുകൾക്ക് നിത്യോദാഹരണം മാത്രമെന്ന് നമ്മൾ
കൊട്ടിഘോഷിയ്ക്കുന്ന നീലക്കുയിലെ ഒരു പ്രശസ്ത പാട്ടാണ് “ഉണരുണരൂ ഉണ്ണിക്കണ്ണാ “ ശാസ്ത്രീയരീതിയിൽ ചിട്ടപ്പെടുത്തിയതും പിന്നീട്
വന്ന പല പാട്ടുകൾക്കും പ്രോടൊ റ്റൈപും ആയിരുന്നു ഇത്. ബിലഹരി
രാഗത്തിൽ. ഇതേ രാഗത്തിൽ ഒരു പോപ്പുലർ പാട്ടുമായി ദേവരാജൻ എത്തിയത് പത്തുകൊല്ലത്തിൽ
കൂടുതൽ കഴിഞ്ഞിട്ടാണ് എന്ന് ഓർക്കേണ്ടതാണ് (പ്രിയതമാ-ശകുന്തള) . നീലക്കുയിലെ പാട്ടുകൾ വഴി നാടോടിസംഗീതത്തിൽ അദ്ദേഹത്തെ
തളയ്ക്കുന്നവർ ഈ ഒരു തുടക്കം കാണാതെ പോകുന്നുണ്ട്. അമ്മയെ കാണാനിലെ (1963) “പ്രാണന്റെ പ്രാണനിൽ പ്രേമപ്രതീക്ഷതൻ“ ഹമീർ കല്യാണിയുടെ വശ്യത ആദ്യം തെളിയിക്കപ്പെട്ട പാട്ടാണ്.
ഇതേ രാഗത്തിലുള്ള, ഏകദേശം ഇതേ പരിചരണമുള്ള
“ചക്രവർത്തിനീ“ പോപുലർ ആകുന്നതിനു 10- 12 കൊല്ലം
മുൻപ്. നീലക്കുയിലിലെ “കടലാസു വഞ്ചിയേറി” ആദ്യം കാപ്പിനാരായണിയിലെ ഒരു പ്രസിദ്ധകീർത്തനം
ഉൾക്കൊണ്ട് കമ്പോസ് ചെയ്തപ്പോൾ പി ഭാസ്കരന്റെ നിർബ്ബന്ധത്താൽ താളക്രമം ഒന്ന് മാറ്റിയെടുത്ത് ലളിതമാക്കിയതാണ് എന്ന് അധികം നാൾ മുൻപല്ലാതെ തന്നെ
ശ്രീ രാഘവൻ ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. 85 വയസ്സിലും ശുഭപന്തുവരാളി ആവാഹിച്ച “ഹൃദയത്തിൻ
രോമഞ്ചം“ വിട്ടു കളഞ്ഞ് 35 വയസ്സിൽ ചെയ്ത പാട്ടുകളിൽ
അദ്ദേഹത്തെ നിർവ്വചിച്ച് ഇടയ്ക്കുള്ള 50 ഓളം വർഷങ്ങൾ അദ്ദേഹം പാഴിലാക്കിക്കളഞ്ഞ മട്ടിലുള്ള
സമീപനം അത്യാഹിതമാണ്.. മഞ്ഞണിപ്പൂനിലാവ്, നഗരം
നഗരം മഹാസാഗരം, ബലിയല്ല എനിക്കു വേണ്ടത്, അമ്പലപ്പുഴ വേല കണ്ടൂ ഞാൻ ഇവയിലൊക്കെ എവിടെ നാടൻ മണം? നാട്ടുതാളം? പ്രസിദ്ധിയാർജ്ജിച്ച,
രാഘവ്ന്റെ മുദ്ര എന്ന് വിശേഷിപ്പിക്കാവുന്ന “മഞ്ജുഭാഷിണീ” ഏതു നാടൻ ശീലാണ് പിന്തുടരുന്നത്?
തബലയൊ മൃദംഗമോ കൂടാതെ ഒരു പാട്ടും സൃഷ്ടിക്കപെടാൻ പറ്റുകയില്ലെന്നു നിർബ്ബന്ധം പിടിച്ചിരുന്ന
കാലത്ത് താളവാദ്യങ്ങൾ ഒന്നും പ്രയോഗിക്കാതെ , ക്രിസ്തീയഭക്തിഗാനങ്ങൾക്ക്
ഘടനയും രൂപവും ആദ്യമായി നൽകിയ തികച്ചും വെസ്റ്റേൺ
രീതിയിൽ ചിട്ടപ്പെടുത്തിയ “ദൈവത്തിൻ പുത്രൻ ജനിച്ചൂ“ (നീലിസാലി 1962) എന്തിനു മറക്കുന്നു? അർച്ചന
(67) യിലെ എൽ. ആർ. ഈശ്വരിയുടെ രണ്ടു പാട്ടുകൾ-രണ്ടും പ്രസിദ്ധങ്ങളാണ്: “ഓമനപ്പാട്ടുമായ്,“ “എത്രകണ്ടാലും”- വെസ്റ്റേൺ ഒർക്കെസ്റ്റ്രേഷൻ നിബന്ധിച്ചതാണ്.
ഈ പാട്ടുകാരിക്ക് ‘എല്ലാരും ചൊല്ല്ല്ലണ്‘ രീതിയൊന്നുമല്ലതാനും. “ഓമനപ്പാട്ടുമായ്” പിയാനോ
സ്വരങ്ങളിലാണു തുടങ്ങുന്നതു തന്നെ. “എത്രകണ്ടാലും കൊതിതീരുകില്ലെനിയ്ക്ക്‘ നാട്ടുരാഗത്തിന്റെ അനുരാഗവീണയൊന്നുമല്ല. എൽ. ആർ
. ഈശ്വരിയുടെ വ്യത്യസ്ത ആലാപനവൈഭവം കൃത്യമായി തിരിച്ചറിഞ്ഞയാളാണ് ശ്രീ രാഘവൻ. (പിന്നെ
അവർക്കു കിട്ടിയ പല പാട്ടുകളും ചില നൃത്തവൈകൃതങ്ങൾക്കു വേണ്ടി മാത്രമായി ). ജാനമ്മ
ഡേവിഡിനെപ്പോലെയോ ശാന്ത പി. നായരെപ്പോലെയോ നൂറു ശതമാനവും മലയാളിത്തം കലർന്നതായിരിക്കണം
ആലാപനം എന്ന് അദ്ദേഹത്തിനു നിർബ്ബന്ധമൊന്നുമില്ലായിരുന്നു. തികച്ചും നാഗരീകമാണ് എൽ.
ആർ. ഈശ്വരിയുടെ ആലാപനം. ഉമ്മാച്ചുവിലെ എസ്.
ജാനകി പാടിയ “വീണക്കമ്പി തകർന്നാലെന്തേ” ഗ്രാമ്യശൈലിയൊന്നുമല്ല. പി. സുശീലയുടെ സാദ്ധ്യതകൾ
പരിശോധിക്കപ്പെട്ട ‘പതിവായി പൌർണമി തോറും‘
(ആദ്യകിരണങ്ങൾ) ‘മാനത്തെ മഴമുകിൽ‘, ‘കന്നിരാവിൻ‘ ഒക്കെ ഏതു നാടൻ തൊഴുത്തിൽ കെട്ടാനാണ് മെലിയിച്ചെടുക്കുന്നത്?
ലാളിത്യഭംഗിയെ നാടൻ ശീലാണെന്ന് തെറ്റിദ്ധരിക്കുന്നു എന്ന് സംശയം. ഏറെ പ്രസിദ്ധിയാർജ്ജിച്ച “മഞ്ജുഭാഷിണീ” തികച്ചും
വെസ്റ്റേൺ ശൈലിയിൽ ചിട്ടപ്പെടുത്തിയതാണ്. “ഏതൊരു രാഗം” എന്നതിലെ പ്രോഗ്രഷൻ ശ്രദ്ധിയ്ക്കുക.
‘ശ്യാമസുന്ദര പുഷ്പമേ‘ ആകട്ടെ അതീവ നൂതനത്വം സങ്കലിപ്പിച്ചെടുത്ത കമ്പോസിങ്ങിനുദാഹരണമാണ്.
ആദ്യകേൾവിക്ക് സലിൽ ചൌധുരിയാണോ എന്ന് തോന്നുമാറ്. “ധ്യാനലീനമിരിപ്പൂ ഞാൻ ധ്യാനലീലമിരിപ്പൂ
“ വെസ്റ്റേൺ രീതിയിലെ staccato പ്രയോഗങ്ങളെ
ഒർമ്മിപ്പിക്കുന്നതാണ്, സ്വരങ്ങളുടെ നിശിതവും കൃത്യവുമായ അടുക്കിക്കെട്ടൽ മൂലം. “പാർവ്വണേന്ദുവിൻ
ദേഹമടക്കി‘ യിലെ ‘പാ ‘യ്ക്കും ‘ർവ്വ’ യ്ക്കും ഇടയ്ക്ക് വിസ്മയകരമായി കൊരുത്തിരിക്കുന്ന
ഗമകങ്ങളെ ശ്ലാഖിക്കാൻ മെനക്കെടാതെ അതിൽ നാടൻശീൽ കാണാത്തതിൽ ശ്രീ രാഘവൻ കുറ്റം ഏൽക്കേണ്ടി
വരുമെന്നാണു തോന്നുന്നത്.
‘കരിമുകിൽക്കാട്ടിലെ‘,
‘മാനത്തെക്കായലിൻ‘ ‘ഉതൃട്ടാതിയിൽ ഉച്ച തിരിഞ്ഞപ്പോൾ‘ ഒക്കെ നാടൻ പാട്ടായി മാത്രമേ കേൾക്കാൻ
പറ്റുകയുള്ളു എന്ന് നിർബ്ബന്ധം പിടിയ്ക്കുന്നത് എന്തിനാണ്? ഇല്ലെങ്കിൽ കെ. രാഘവനെ ഈ
പിടിച്ചുകെട്ടലിൽ നിന്നും മോചിപ്പിക്കേണ്ടതാണ്. “ഏകാന്തപഥികൻ ഞാൻ” ഒരു ശാസ്ത്രീയസംഗീതജ്ഞന്റെ
സംഭാവന മാത്രമാണ് നാടൻ ശീലൌകളിൽ നിന്നും മോചനം നേടാത്തയാളിന്റെ അല്ല. . “പൂർണേന്ദുമുഖിയോടമ്പലത്തിൽ
വച്ച് “ഉം. കൃഷ്ണപ്പരുന്തിലെ “മോതിരക്കൈവിരലുകളാൽ“ കാമത്തിന്റെ വിവിധ ഭാവങ്ങൾ വിഭിന്നമായ
കമ്പോസിങ് സൂക്ഷ്മതയിലൂടെയും ആലാപനത്തിലൂടെയും പ്രദർശിതമാക്കപ്പെട്ടതാണ്. അതിലെ താളവാദ്യങ്ങളാകട്ടെ കാമവിജൃംഭണത്തിന്റെ ഹൃദയതാളത്തെ
ദ്യോതിപ്പിക്കുക വരെ ചെയ്യുന്നുണ്ട്. ഇത് എന്തിനു, എങ്ങനെ കാണാതെ പോകുന്നു? കാണാതെ
പോകണം? റെബേക്കയിലെ കൊതിയ്ക്കല്ലെ കൊതിയ്ക്കല്ലെ റെബേക്കാ, താലീപീലിക്കാടുകളിൽ,
യെരുശലേമിൻ നായകനെ, കിളിവാതിലിൽ മുട്ടി വിളിച്ചത്… (തബലയുടെ സങ്കീർണ്ണമായ് നടവിന്യാസങ്ങൾ
എടുത്തു പ്രയോഗിച്ച പാട്ടാണിത്) ഇവയൊക്കെ ഒരു നാടൻ തൊഴുത്തിലും കൊണ്ടെ കെട്ടാൻ ഉതകുന്നവയല്ല.
“ഭദ്രദീപം കരിന്തിരി കത്തി“ (കൊടുങ്ങല്ലൂരമ്മ) ഓർമ്മ്മിക്കപ്പെടുന്നത് നാടോടി സംഗീതത്തിലെ
ആന്തരികശ്രുതിയായിട്ടല്ല. അതിലെ സിമ്ഫണി മാതിരിയുള്ള വയലിൻ ബിറ്റുകളൊക്കെ പഠിയ്ക്കപ്പെടേണ്ടതാണ്.
കൊടുങ്ങല്ലൂരമ്മയിലെ തന്നെ “നർത്തകീ നിശാനർത്തകി“യിൽ
ശാസ്ത്രീയതയെ പൂന്തേനിൽ അലിയിച്ചെടുത്ത് “എത്രനേരം കഴിഞ്ഞൂ സഖീ എത്രനേരം കഴിഞ്ഞൂ” എന്ന്
യേശുദാസിനെക്കൊണ്ട് പാടിച്ച ആ തൊണ്ടയും നാവും എങ്ങനെ എകപക്ഷീയവീക്ഷണത്തിൽ പിടിച്ചു
കെട്ടും? “പൊട്ടുകില്ലിനി ഞങ്ങൾ തമ്മിലുള്ളീപ്രണയത്തിൻ
ശൃംഖല” എന്ന് രമണനിൽ പി. ലീല പാടിയത് ഏത് വർഗ്ഗീകരണത്തിൽ ഒതുക്കും? “അനന്തശയനത്തിലെ
“സന്ധ്യാമേഘം മാനത്തെഴുതി” കമ്പോസിങ്ങിലോ
ആലാപനത്തിലോ നാട്ടുപാട്ടുകളെ ഓർമ്മിപ്പിക്കാതെ, ഗിറ്റാറും ഡ്രമ്മുകളും ഉപയോഗിച്ച് മനോഹരമായ്
താളക്കൊഴുപ്പ് സൃഷ്ടിച്ചെടുത്തത് എങ്ങിനെ നീ മറക്കും കുയിലേ? “തലയ്ക്കുമീതെ ശൂന്യാകാശം’ കൂടാതെ സിന്ധുഭൈരവി രാഗത്തിന്റെ
മറ്റൊരു അനുഭവസായൂജ്യം തന്നെ നേടിത്തരുന്ന
“പഞ്ചവർണ്ണപ്പൈങ്കിളികൾ ഭജന പാടിയ രാവിൽ” (കാക്കത്തമ്പുരാട്ടി) ഏതു മോചനമാണ് കാംക്ഷിക്കുന്നത്? ഇതിൽ ജാനകിയും യേശുദാസും
ഒരേ രാഗത്തിന്റെ രണ്ടു ഛായകളും താളക്രമങ്ങളും പ്രത്യക്ഷമാക്കുന്ന ട്രിക്കും ചെയ്തു
വച്ചിട്ടുണ്ട്. ഒരു പാട്ടിൽ രണ്ടു പാട്ട് എന്നു പറയാം. ‘സഖാക്കളേ മുന്നോട്ട്’, ‘ഭാരതമെന്നാൽ
പാരിൻ നടുവിൽ‘ ഒക്കെ ഇന്നും നമ്മൾ മൂളുന്നത് നാടൻ പാട്ടുകളോടൂള്ള ആഭിമുഖ്യം കൊണ്ടൊന്നുമല്ല,
അതിലെ പ്രകമ്പമാനം കൊണ്ടാണ്.
നീലക്കുയിൽ, കൂടപ്പിറപ്പ്,
രാരിച്ചൻ എന്ന പൌരൻ ഇങ്ങനെ 60 കൾക്ക് മുൻപുള്ള
ചില സിനിമകളിലെ പാട്ടുകൾ രാഘവനു തന്നെ ദ്രോഹമായി വന്നിരിക്കയാണ്. ‘അസുരവിത്ത്’ ഇൽ നാടൻ
പാട്ടുകൾ തന്നെ നിബന്ധിച്ചത് ആ സിനിമ അത് ആവശ്യപ്പെട്ടതുകൊണ്ടായിരിക്കണം. ഗ്രാമ്യ ശൈലികളിൽ
നിന്നും പാട്ടിനെ മോചിപ്പിക്കാൻ ശ്രീ രാഘവനു അറിയാൻ വയ്യാത്തതുകൊണ്ടാണ് എന്ന ധാരണയോടെ
നിരീക്ഷിക്കുന്നത് അപകടമാണ്. മാപ്പിളപ്പാട്ടുകൾക്ക്
ഘടനയും സംഗീതസ്വരസ്യവും താളക്രമങ്ങളും നൽകി
ജനപ്രിയവും സാർവ്വകേരളീയവുമാക്കിയതിന്റെ കൂലി ഇന്ന് അദ്ദേഹത്തിനു നൽകുന്നത്
ഇടുങ്ങിയ ചിന്താഗതിയുടെ കിളിവാതിൽ ദ്വാരം മാത്രമുള്ള ഇരുട്ടുമുറിയിൽ അടച്ചാണ്. അദ്ദേഹത്തെ മുദ്രയടിച്ചു സീൽ ചെയ്താൽ പിന്നെ എന്തെങ്കിലും
പഠിയ്ക്കുക എന്ന ദുഷ്കരകർമ്മം വേണ്ടി വരികയില്ലല്ലൊ.
വർഗ്ഗീകരണം നടത്തി ഒരു കള്ളിയിലാക്കി മൂടിയും വച്ചാൽ പിന്നെ തുറന്നു നോക്കുകയും വേണ്ട.
രാഘവന്റെ സംഗീതത്തെ ആഴത്തിൽ പഠിയ്ക്കാൻ മലയാളിക്ക്
മറ്റൊരു കടമ്പയുമുണ്ട്. സിനിമാപ്പാട്ട് ആസ്വാദനം യേശുദാസിലൂടെ മാത്രം എന്ന് 95 ശതമാനവും
ഉറപ്പിച്ച് വച്ചിരിക്കുമ്പോൾ യേശുദാസിന്റെ
വൻ ഹിറ്റുകളിൽ കുറച്ചുമാത്രം അവകാശപ്പെടുന്ന കെ. രാഘവനെ ഇങ്ങനെ മാറ്റി നിർത്തുകയാണ്
എളുപ്പം. 50കളിൽ സിനിമാസംഗീതത്തിനു തനതു വ്യക്തിത്വം
നൽകിയതിന്റെ, ദിശാബോധം സൃഷ്ടിച്ചതിന്റെ പാപഭാരം മരണത്തിനു ശേഷം അദ്ദേഹത്തിനുമേൽ വച്ചു
കെട്ടുന്നത് ദയനീയമാണ്.
രാഘവൻ മാഷല്ല, കെ. രാഘവനാണ്
എന്റെ ലേഖനത്തിൽ രാഘവൻ എന്നെഴുതിയതൊക്കെ രാഘവൻ മാഷ് എന്നാക്കി
മാറ്റിയിട്ടുണ്ട് എഡിറ്റർമാർ. അദ്ദേഹത്തെ കെ. രാഘവൻ എന്നു തന്നെയാണ് പരാമർശിക്കേണ്ടത്,
അതിൽ ആദരക്കുറവോ നിന്ദയോ ബഹുമാനമില്ലായ്മയോ തെല്ലും ഇല്ല. നെഹ്രു, ലതാ മങ്കേഷ്ക്കർ,
വള്ളത്തോൾ, ബഷീർ, ചെമ്പൈ എന്നൊക്കെ അവരെയെല്ലാം പരാമർശിക്കുന്നത് വെറും പേരുകൾക്കപ്പുറം
അവരുടെ സ്വത്വം പടർന്നിരിക്കുന്നതിനാലാണ്. അങ്ങനെയാണ് അവർ വിഗ്രഹസ്വരൂപം കൈവരിക്കുന്നത്..
ലതാ മങ്കേഷ്ക്കർ അമ്മായി, നെഹൃച്ചേട്ടൻ, വള്ളത്തോൾ മുത്തച്ഛൻ എന്നോ എസ്. ജാനകിയെ ജാനകിയമ്മ
എന്നോ പരാമർശിക്കേണ്ടതില്ല. പി. ലീലയെ “ലീലാമ്മ’ എന്നു വിളിയ്ക്കുന്നത് കൊടും ക്രൂരതയാണ്.
(ഇതു കേട്ടപ്പോൾ ഒരു സുഹൃത്ത് “നമ്മടെ ഔസേപ്പ് ചേട്ടന്റെ രണ്ടാമത്തെ മകളേ, ലീലാമ്മ”
എന്നാണു പരിഹസിച്ചു പറഞ്ഞത്). റ്റി വി അവതാരകർക്കാണ് ഈ സ്വഭാവം കൂടുതൽ. നമ്മുടെ ബന്ധക്കാരാണെന്ന്
സ്ഥാപിച്ച് നമ്മോടൊപ്പമാക്കുമ്പോൾ അവരെ നമ്മൾ ചുരുക്കുകയാണ്. ബാബുരാജ്, ദേവരാജൻ, നൌഷാദ്, എന്ന പോലെ പരാമർശിക്കപ്പെടാൻ തക്കവണ്ണം കെ. രാഘവനും
ആ തലത്തിലാണ്, അദ്ദേഹത്തെ മാഷ് എന്ന് വിളിച്ച് സ്കൂൾ മാസ്റ്റർ തലത്തിലേക്ക് ഇറക്കേണ്ടതില്ല. താഴ്ന്ന ജാതിക്കാർ
ഉയർന്ന നിലയിൽ എത്തുമ്പോൾ “മാസ്റ്റർ/മാഷ് ചേർത്തു വിളിച്ച് സമശീർഷരാക്കാൻ ശ്രമിക്കുന്ന ഒരു പ്രവണതയുണ്ട് മലയാളി
സമൂഹത്തിനു. ഇ എം എസ് മന്ത്രിസഭയിലെ, പുലയനായിരുന്ന ശ്രീ ചാത്തൻ ‘ചാത്തൻ മാസ്റ്റർ’ ആയത് ഇപ്രകാരമാണ്.
(എന്നാൽ സാക്ഷാൽ മാസ്റ്റർ (പ്രൊഫെസ്സർ) ആയ ഒ. എൻ. വിയെ ഓ എൻ വി മാസ്റ്റർ എന്നു വിളിയ്ക്കുന്നില്ല
താനും) . അതുകൊണ്ട് കെ. രാഘവനെ ഒരു ബിംബമായി ആണ് കാണേണ്ടത്. മാഷ് എന്നു വിളിച്ച് അദ്ദേഹത്തെ
ഒരിടത്തു നിന്നും പൊക്കിയെടുക്കേണ്ട, അതിനുള്ള ഔദാര്യമൊന്നും അദ്ദേഹത്തിനു വേണ്ട താനും.
10 comments:
ചന്ദ്രിക ആഴ്ച്ചപ്പതിപ്പിൽ വന്ന മൂന്നു ലേഖനങ്ങളോടുള്ള പ്രതികരണം. ഈ കുറിപ്പ് ചന്ദ്രികയിൽത്തന്നെ പ്രസിദ്ധീകരിച്ചു.
കൊടൂ കൈ എതിരാ കൊടു കൈ
നന്നായി പറഞ്ഞു.
ആ ഉള്ളിലുള്ളതെല്ലാം എനിക്കും മനസിലായി. ഞാനും ഉണ്ട് ഒപ്പം :)
പൊക്കുകയും താഴുത്തുകയും ചെയ്യാതെ മനുഷ്യരെ എന്നാണ് കാണാന്‍ തുടങ്ങുക!
ഞാനും ആലോചിക്കാറുണ്ട്,ഒരു ബ്രാൻഡ് നേം ആയിക്കഴിഞ്ഞവരെ,അവരുടെ അതേ പേരിലാണ്‍ പരാമർശിക്കേണ്ടത്.അവരെ സംബോധന ചെയ്യുമ്പോൾ ചേട്ടനും ചേച്ചിയും മാഷും ടീച്ചറുമൊക്കെ ആയിക്കോട്ടെ,അത് വേണ്ടതാണ്‍ താനും.
കലക്കി എതിരൻ "മാഷെ" .. സോറി എതിരൻ "ജീ " :)
തഹ്സീനേ.............
ഇത്തവണ ആദ്യമായി ഞാൻ എതിരാ എന്ന് വിളിച്ചപ്പൊ തഹ്സീൻ കളിയാക്കുന്നു മാഷും ജി യും ഒക്കെ ചേർത്ത് വേണ്ടാ :)
ലേഖനത്തിന്റെ ആദ്യ ഭാഗത്തോട് യോജിക്കുന്നു ആ കൊടുത്ത അടി നന്നായി പക്ഷെ അവസാന ഭാഗത്ത് കൊടുത്ത പിച്ച് നോട് യോജിക്കുന്നില്ല
ചുമ്മാതെ എഴുതീന്നെയുള്ളൂ .. കെ. രാഘവന്റെ പാട്ടുകൾ ബുദ്ധികൊണ്ടും ഹൃദയം കൊണ്ടും കേള്ക്കാൻ ഈ പോസ്റ്റ് ഉപകരിക്കട്ടെ ! .. ആശംസകൾ ചേട്ടാ!
Well said... deserves a big applause
Post a Comment