ആൺകോയ്മയുടെ ഇരുമ്പുദണ്ഡാണ് ഡെൽഹി നിർഭയയുടേയും
പെരുമ്പാവൂർ ജിഷയുടേയും ശരീരത്തിൽ തുളച്ചുകയറ്റപ്പെട്ടത്. ഹിംസാത്മകമാകുന്ന രതി.
പക്ഷികൾ ഉൾപ്പടെ ജന്തുകുലത്തിൽ പെണ്ണാണ് ആണിനെ
തെരഞ്ഞെടുക്കുന്നത്. ഏറ്റവും കരുത്തരും
പരിസ്ഥ്തിയെ അതിജീവിക്കാൻ പ്രാപ്തരുമായ കുഞ്ഞുങ്ങൾ വേണമെന്നാണ് ജന്തുകുലസ്ത്രീകളുടെ
ജൈവികതീരുമാനം. ആൺവർഗ്ഗങ്ങൾ തമ്മിൽ പൊരുതിയാണ് പലപ്പോഴും പെണ്ണിനു സ്വീകാര്യമാണെന്ന്
തെളിയിക്കുന്നത്. ഏറ്റവും കരുത്തന്റെ ബീജം ആയിരിക്കണം അടുത്ത തലമുറയെ
നിർമ്മിക്കേണ്ടത്.. ഇത് പാമ്പിനും പക്ഷിയ്ക്കും പല്ലിയ്ക്കും ഒക്കെ ബാധകമാണ്. ലൈംഗികവേഴ്ച്ചയിലെ നിയന്ത്രണം
പെണ്ണിനു അവകാശപ്പെട്ടതാണ്. എന്നാൽ മനുഷ്യരിൽ മാത്രമാണ് ഇത് അവളുടെ മേൽ അധികാരം സ്ഥാപിക്കേണ്ട
ഉദ്യമമായി മാറുന്നത്.
ജന്തുക്കൾ
ഹിംസ പ്രയോഗിക്കുന്നത് പ്രധാനമായും സംരക്ഷണത്തിനാണ്, കുഞ്ഞുങ്ങളേയും സ്വന്തം
പറ്റത്തേയും ഒക്കെ. അതിരു കടന്ന് സ്വന്തം
ഇടത്തിൽ ആരും വന്നുകൂടാതിരിക്കാനും ഭക്ഷണത്തിൽ അനധികൃതമായി പങ്കുപറ്റാൻ വരുന്നവരെ
പേടിപ്പിച്ചു വിടാനും അവർ ഹിംസയുടെ ഉപായങ്ങൾ പ്രയോഗിച്ചെന്നിരിക്കും. പെൺ സംഘങ്ങളെ സൂക്ഷിക്കുന്ന ഗറില്ല മറ്റ്
നേതാക്കൾ വന്ന് ആധിപത്യം നേടാതിരിക്കാൻ അധികാരത്തിന്റെ ഗർവ് ഹിംസ വഴി
പ്രദർശിപ്പിച്ചേക്കാം. എന്നാൽ മനുഷ്യരിൽ ക്രിയാത്മകവും അതിജീവനത്തിനു
അത്യന്താപേക്ഷിതമോ ആകാറില്ല ഹിംസ. കുടുംബം എന്ന വ്യവസ്ഥ നിലവിൽ വനതിനു ശേഷമാണ്
മനുഷ്യഹിംസ പല മാനങ്ങൾ തേടി പടർന്നു പന്തലിച്ചത്. ആണിനു മേൽക്കോയ്മ എന്ന് വന്നു
കൂടിയതോടേ ഇതു നിലനിർത്താനും മറ്റുള്ളവരെ ശിക്ഷിച്ച് അധികാരം പ്രദർശിപ്പിക്കാനും
സ്വത്ത് കൈവശം വയ്ക്കാനും പിടിച്ചെടുക്കാനും അക്രമമാർഗ്ഗം സ്വീകരിക്കലായി അവൻ.
കുടുംബത്തിന്റെ നിലനിൽപ്പിനു-പ്രധാനമായും പ്രജനനത്തിനു- അത്യാവശ്യമായ പെണ്ണിനെ
നിലനിർത്താൻ ഹിംസ ആവശ്യമാണ് എന്നു കരുതി
അവൻ. അവന്റെ ആണത്തത്തെ വെല്ലുവിളിയ്കാൻ പോന്ന വ്യക്തി അവൾ മാത്രമാണെന്നതിനാൽ അവൾ
കീഴടങ്ങിയിരിക്കേണ്ടത് അവന്റെ ആവശ്യമായി വന്നു കൂടി. ആൺ-പെൺ ബന്ധങ്ങളിൽ ജൈവപരമായി
തുല്യതയാണെങ്കിലും ഈ പ്രകൃതിനിയമത്തെ വെല്ലു വിളിച്ചുകൊണ്ട് പെണ്ണിനുമേൽ ശക്തി
പ്രയോഗിക്കുക എന്നത് സ്വാഭാവികവും
സാധാരണവും ആണെന്ന മട്ടിൽ ആണുങ്ങൾ നീതിശാസ്ത്രങ്ങൾ മെനയുകയും ക്രൂരതയും
ഹിംസയും ഇതിനാൽ സാധൂകരിക്കപ്പെടുകയും
ചെയ്യുന്നു എന്ന് വരുത്തിക്കൂട്ടുകയും ചെയ്തു അവർ.
എളുപ്പം ചെയ്യാവുന്നത് രതി എന്നത് കീഴ്പ്പെടുത്തലിനു
ഉപയോഗിക്കുക എന്നതാണ്. സംഭോഗം എന്നത് പ്രജനനത്തിനു അത്യാവശ്യമാണ്, അത്യന്തം
ആനന്ദകരമാണ്. പെണ്ണിനു ഗർഭം ധരിച്ച് കുഞ്ഞിനെ പ്രസവിക്കണം എന്ന
ഉത്തരവാദിത്തത്തിന്റെ ആരംഭവേളയുമാണിത്. ഈ കൃത്യം ഇതിൽ നിന്നെല്ലാം വേർപെടുത്തി
അധികാരപ്രയോഗം മാത്രമാകുമ്പോൾ പെണ്ണിനു അത് തീവ്രാഘാതമാണ്. രതിയിലെ ആനന്ദാനുഭവമേ
ഇല്ലാതാക്കുക എന്നതാണ് ഈ ഹിംസയുടെ ക്രൂരോദ്ദേശം. ഇത് ഉളവാക്കുന്ന മാനസികാഘാതം
തീവ്രമാണ് പെണ്ണിനു എന്ന് അവനറിയാം. മനസ്സിനേറ്റ ഈ മുറിവ് ഉണങ്ങാൻ നാളുകളെടുക്കും.
അങ്ങനെ മനസ്സിനെ കീഴ്പ്പെടുത്തലാണ് ഉദ്ദേശം, അത് എളുപ്പം സാധിച്ചെടുക്കുകയും
ചെയ്യാം. ശരീരത്തിനു മുറിവേൽപ്പിച്ചാൽ അത് പെട്ടെന്ന് ഉണങ്ങിയേക്കും. കൂടാതെ ആൺകോയ്മ നിർമ്മിച്ചെടുത്ത രതിയോടു
ബന്ധപ്പെട്ട അഭിമാനം പെണ്ണിനു നഷ്ടപ്പെടുക എന്ന സമൂഹനീതി നിലനിൽക്കുമ്പോൾ രതി കഴിഞ്ഞ പെണ്ണ് കളംകിതയും
അപമാനിതയും ആണെന്ന പൊതുബോധരീതി അവൾക്ക്
പിൽക്കാലജീവിതം അസഹ്യമാക്കുകയും ചെയ്യുന്നു. ഇത് ഒരു കെണി ആണ്. ഡെറ്റോൾ ഇട്ട്
കഴുകിയൽ പോകാനുള്ളതേ ഉള്ളു ഈ അപമാനം എന്ന് മാധവിക്കുട്ടി പറഞ്ഞതിൽ സത്യമുണ്ട്.
തന്റെ അധികാരവും ആണത്തവും സാധിച്ചെടുക്കുക, പെണ്ണിനു ഇത്തരം വിവിധ കഷ്ടതകൾ
സമ്മാനിക്കുക ഇങ്ങനെ ബഹുവിധ പരിണതികളാണ് ഒരൊറ്റ ക്രിയയിൽക്കൂടി സാദ്ധ്യമാകുന്നത്.
സെക്സ് ആണു പരമാധികാരത്തിന്റെ അടയാളം എന്ന്
തീർപ്പ് കൽപ്പിക്കുന്നതിൽ അസൂയയ്ക്കും ഒരു ഇടമുണ്ട്. ഈ അസൂയ, സെക്സിൽ തന്നെ
കടത്തി വെട്ടാൻ പറ്റുന്നവനെ തറപറ്റിയ്ക്കാൻ വഴിതെളിയ്ക്കും. ഭാര്യയുടെ വേഴ്ച്ചക്കാരനെ
വകവരുത്തുന്നത് അധികാരപ്രയോഗത്തിന്റെ വഴിതെളിയ്ക്കലുമാണ്. രതിക്കുറ്റം ചെയ്ത്
കണ്ടു പിടിയ്ക്കപ്പെട്ടവനെനെ ക്രൂരമായി പൊതുജനമദ്ധ്യത്തിൽ മർദ്ദിച്ച്
കൊല്ലാറാക്കുന്നത് ഈ അസൂയയുടെ ക്രൂരപ്രദർശനമാണ്.
മറ്റൊരാളുടെ ഭാര്യയെ ബലാത്സംഗം ചെയ്തും ഈ അസൂയ തീർക്കാം, അധികാരഭാവം
അണിയാം.
യുദ്ധത്തിന്റെ
പരമോന്നതവിജയമായി ലക്ഷണം കൊള്ളുന്നത് അതിലൊന്നും പങ്കില്ലാത്ത സ്ത്രീകളെ ബലാത്സംഗം
ചെയ്തുകൊണ്ടാണ്. തോറ്റ രാജ്യത്തിന്റെ മാനസികാവസ്ഥ കൂടുതൽ ബലഹീനമാക്കാനുള്ള
തന്ത്രമാണിത്. ഇവിടെ സ്ത്രീ, പുരുഷൻ,
ലൈംഗികത എന്നിങ്ങനെയുള്ള ഘടകങ്ങൾ മാറി ജയിച്ചവനും തോറ്റവനും എന്ന ദ്വന്ദങ്ങൾ
മാത്രം ബാക്കിയാവുന്നു, അതിനു കൂടുതൽ ആഴം തോണ്ടിത്തീർക്കുകയാണ് കൂട്ടബലാത്സംഗങ്ങൾ.
രതി എന്നതിനു ക്രൂരത എന്നു മാത്രം അർത്ഥം
വന്നുപോകുകയാണ് ഈ ഘട്ടങ്ങളിൽ.
വ്യക്തിപരമായ സംഘർഷ (conflict) ങ്ങൾക്ക് തീർപ്പ് കൽപ്പിക്കുന്നത് ഹിംസ വഴി
എന്ന രീതി നടപ്പായത് സ്ത്രീകൾ ആണുങ്ങളോളം
ആക്രമണശീലരും രണോത്സുകരും അല്ല എന്നുള്ള തിരിച്ചറിവ് തന്നെയാണ്. ആധുനികയുഗത്തിൽ ആൺ-പെൺ
വ്യതാസങ്ങൾക്ക് കൂടുതൽ പ്രാമുഖ്യം നൽകി വളർത്തപ്പെട്ടവർ പ്രായപൂർത്തിയാകുമ്പോൾ
യജമാനന്മാരായിത്തീരുകയാണ്. ഈ
കൃത്രിമവ്യത്യാസമനോഗതി സ്ത്രീകൾ ഹിംസ
കൈക്കൊള്ളാൻ വിധിക്കപ്പെട്ടവരാണെന്ന ചിന്ത പുരുഷന്മാരിൽ വളർത്തിവിടുകയാണുണ്ടായത്.
ചെയ്യാത്ത കുറ്റത്തിനു ഏറ്റവും വലിയ ശിക്ഷ അനുഭവിക്കുന്ന അവസ്ഥാവിശേഷമാണ് ഹിംസാത്മകമായ രതി.
ലിംഗം ആയുധമാകുമ്പോൾ
ഏറ്റവും മൃദുവും തരളവുമായ എന്നാൽ ഏറ്റവും വലിയ മുറിവ് ഏൽപ്പിക്കാൻ
കെൽപ്പുള്ള മൂർച്ചയേറിയ ആയുധമാണ് ലിംഗം.
ഇത് പെണ്ണിൽ മാത്രമല്ല ആണുങ്ങളിലും പ്രത്യേകിച്ച് കുട്ടികളിലും
പ്രയോഗിക്കപ്പെടാം. ആനന്ദ മൂർഛയ്ക്ക് ഉപയുക്തമായ അവയവം പരപീഡനരതിമൂർഛയാണ്
ഉളവാക്കുന്നതെന്ന മറിമായം. ഇണചേരാൻ തക്കവണ്ണം ഒരു പെണ്ണിനെക്കിട്ടാതെ ബലഹീനയായ
സ്ത്രീയെ കാമപൂരണത്തിനു ഉപയോഗിക്കാൻ വേണ്ടി പീഡനം ചെയ്യുന്നവരേക്കൾ പതിന്മടങ്ങു
കൂടുതലാണ് കീഴടക്കലിന്റെ ആനന്ദത്തിനു വേണ്ടി ബലാത്സംഗം ചെയ്യുന്നവരുടെ എണ്ണം. സ്ത്രീയ്ക്ക് ഈ ബന്ധപ്പെടൽ വഴി ഒരു ആനന്ദവും
ലഭിക്കരുതെന്ന് ഉറപ്പു വരുത്തും ഇവർ.
മാത്രമല്ല, വേദനാജനകമായ ഒരു ഇടപെടലാണെങ്കിൽ ഈ പരപീഡകർക്ക് അത് അത്യാനന്ദവും
നൽകും. സാധാരണ ഹിംസ്യ്ക്ക് ഉപയോഗിക്കുന്ന ആയുധങ്ങൾ (വാൾ, റിവോൾവർ, മറ്റ്
തോക്കുകൾ)ക്ക് ലിംഗപ്രതീകമാണ് ആണുങ്ങൾ കൽപ്പിച്ച് നൽകുന്നത്. അതുകൊണ്ടാണ് പട്ടാളക്കാർ പലപ്പോഴും കത്തിയോ
തോക്കിന്റെ ബയണറ്റോ യോനിയിൽ കയറ്റുന്നത്. അല്ലെങ്കിൽ യോനിയിലേക്ക് തന്നെ വെടി
വയ്ക്കുന്നത് (“വെടി വ്യ്ക്കുക” എന്നാണ് ലൈംഗികബന്ധത്തിനു മലയാളത്തിൽ തമാശവിവരണം
എന്നത് ശ്രദ്ധിക്കുക. തോക്കിൽ നിന്നും ഉണ്ടയുതിരും പോലെ ശക്തിയോടേ സ്ഖലനം
സംഭവിക്കുന്നു എന്ന് ഉപമ). ‘മാനഭംഗം’ എന്ന
പ്രയോഗം ആൺകോയ്മ നിർമ്മിച്ചെടുത്തതാണ്. നവദ്വാരങ്ങിളിൽ ഏതൊന്നിലും എന്തെങ്കിലും
പ്രവേശിക്കപ്പെട്ടാൽ അത് മാനത്തിനു ഭംഗം വരുത്തിന്നില്ലെങ്കിൽ യോനിയിൽ അത്
സംഭവിക്കുമ്പോൾ മാനം പോകേണ്ട കാര്യമില്ല
എന്ന കേവലയുക്തി പാടേ തള്ളപ്പേടുകയാണിവിടെ.. ലിംഗസമാനമായ ഏതൊരു സാധനവും
ഇതിനു വേണ്ടി ഉപയോഗിക്കപ്പെടുമ്പോൾ ഈ മാനംപോ ക്കിന്റെ രൂക്ഷത്യും കൂടുമെന്നാണ്
ഇതിലെ വിചിത്രയുക്തി. ഇവിടെ ലിംഗം രതിയിലൂടെയുള്ള ആനന്ദത്തിന്റെ അവയവം പോയിട്ട്
ഒരു അവയവം പോലും അല്ലാതാകുന്നു, അത് മാനം കളയാനുള്ള ആയുധം മാത്രം ആകുന്നു. അതുകൊണ്ട് ഇരുമ്പു ദണ്ഡോ കമ്പിപ്പാരയോ ഒക്കെ പകരമായി
ഉപയോഗിക്കാം. കൂടാതെ തന്റെ ലിംഗത്തിന്റെ
ബലമോ വലിപ്പമോ നീളമോ പോരായ്മയായി തോന്നുന്നെങ്കിൽ അതിനും പ്രതിവിധിയായി ഇതോടെ. തനിക്കു
വഴിപ്പെടാത്തവളെ കൂടുതൽ പ്രചണ്ഡമായ രതിപ്രകരണരീതികൾ
കൊണ്ട് തറപറ്റിയ്ക്കുക എന്നതാണ് ഇരിമ്പു ദണ്ഡിന്റെ പ്രയോഗം സാദ്ധ്യമാക്കുന്നത്.
ക്രൂരതയും രതിയും- തലച്ചോറിന്റെ തിരിമറിവുകളി
രതിയും ഹിംസയും തലച്ചോറിന്റെ പ്രവർത്തനങ്ങളെ
സംബന്ധിച്ച് ബന്ധപ്പെട്ടവയാണ് –എലികളിൽ എങ്കിലും. ഈഎയിടെ നടന്ന പരീക്ഷണങ്ങൾ ഇതാണ്
തെളിയിക്കുന്നത്. ഹൈപൊതലാമസ് എന്ന തലച്ചോർ
ഭാഗമാണ് ഇവ രണ്ടിന്റേയും നിയന്ത്രണകേന്ദ്രം.
അടുത്തടുത്തുള്ള ന്യൂറോൺ കേന്ദ്രങ്ങളാണ് രതി വേണോ ഹിംസ വേണോ എന്നൊക്കെ
തീരുമാനിക്കുന്നത് എന്നത് വിചിത്രമായിത്തോന്നാം. ഈ ന്യൂറോൺ കേന്ദ്രത്തിലൊന്നിനെ
നിർവ്വീരീകരിച്ചാൽ ആണെലികൾ ശാന്തശീലരായി കടന്നുകയറ്റക്കാരെ ആക്രമിക്കാൻ താൽപ്പര്യമില്ലാത്തവരാകും.
ഹൈപൊതലാമസിന്റെ നടുവിലായി, മുൻ ഭാഗത്തോടടുത്തുള്ള
ന്യൂറോണുകൾ ആണെലികൾ തമ്മിലുള്ള കയ്യേറ്റവഴക്കു സമയത്ത് ഉത്തേജിക്കപ്പെടുകയാണ്.
എന്നാൽ ആശ്ച്ര്യജനകമായ കണ്ടുപിടിത്തം രതിവേളയിലും ഇതേ ഭാഗം ഉത്തേജിക്കപ്പെടുകയാണ്
എന്നതാണ്. സംഭോഗസമയത്ത് ഉത്തേജിക്കപ്പെടുന്ന ന്യൂറോണുകൾ തൊട്ടടുത്തുള്ള ഹിംസാന്യൂറോണുകളെ
മന്ദീഭവിക്കുകയാണ്. മനുഷ്യരിലും ഇതിനു സമാനമായ നിയന്ത്രണവിദ്യകളായിരിക്കും
പ്രചലിതമാവുന്നത് എന്നാണ് ശാസ്ത്രജ്ഞനിഗമനം. ഈ ന്യൂറോണുകൾ തമ്മിലുള്ള “വയറിങ്” ഇൽ
പാകപ്പിഴ പറ്റുന്നവരായിരിക്കും അക്രമാസക്തമായ രതിഹിംസ ചെയ്യുന്നതെന്ന്
അനുമാനിക്കാം. എന്നാൽ സ്ഥിരം പീഡകർ
അല്ലെങ്കിൽ സംഘം ചേർന്നുള്ള ബലാൽസംഗങ്ങൾ അതിക്രൂരപീഡനങ്ങളിലേക്ക്ക്ക്
വഴിമാറുന്നതിന്റെ (ഡെൽഹിയിലെ നിർഭയയെ
ഹിംസിച്ചവരുടെ രീതി) ന്യൂറോബയോളജി കാരണങ്ങൾ ഇനിയും കണ്ടു പിടിക്കേണ്ടി യിരിക്കുന്നു.
6 comments:
‘നാരദ ന്യൂസ്’ ഇൽ പ്രസിദ്ധീകരിച്ച ലേഖനം.
ഹോ.കടുത്ത ലേഖനം തന്നെ എതിരൻ ചേട്ടാ.വലിയ അഭിപ്രായമൊന്നും പറയുന്നില്ല.
രതിയും ഹിംസയും തലച്ചോറിന്റെ പ്രവർത്തനങ്ങളെ
സംബന്ധിച്ച് ബന്ധപ്പെട്ടവയാണ് –എലികളിൽ എങ്കിലും.
ഈഎയിടെ നടന്ന പരീക്ഷണങ്ങൾ ഇതാണ് തെളിയിക്കുന്നത്.
ഹൈപൊതലാമസ് എന്ന തലച്ചോർ ഭാഗമാണ് ഇവ രണ്ടിന്റേയും നിയന്ത്രണകേന്ദ്രം.
അടുത്തടുത്തുള്ള ന്യൂറോൺ കേന്ദ്രങ്ങളാണ് രതി വേണോ ഹിംസ വേണോ എന്നൊക്കെ
തീരുമാനിക്കുന്നത് എന്നത് വിചിത്രമായിത്തോന്നാം. ഈ ന്യൂറോൺ കേന്ദ്രത്തിലൊന്നിനെ
നിർവ്വീരീകരിച്ചാൽ ആണെലികൾ ശാന്തശീലരായി കടന്നുകയറ്റക്കാരെ ആക്രമിക്കാൻ താൽപ്പര്യ
മില്ലാത്തവരാകും. ഹൈപൊതലാമസിന്റെ നടുവിലായി, മുൻ ഭാഗത്തോടടുത്തുള്ള ന്യൂറോണുകൾ
ആണെലികൾ തമ്മിലുള്ള കയ്യേറ്റവഴക്കു സമയത്ത് ഉത്തേജിക്കപ്പെടുകയാണ്. എന്നാൽ ആശ്ച്ര്യജനകമായ കണ്ടുപിടിത്തം രതിവേളയിലും ഇതേ ഭാഗം ഉത്തേജിക്കപ്പെടുകയാണ് എന്നതാണ്. സംഭോഗസമയത്ത് ഉത്തേജിക്കപ്പെടുന്ന ന്യൂറോണുകൾ തൊട്ടടുത്തുള്ള ഹിംസാന്യൂറോണുകളെ മന്ദീഭവിക്കുകയാണ്. മനുഷ്യരിലും
ഇതിനു സമാനമായ നിയന്ത്രണവിദ്യകളായിരിക്കും പ്രചലിതമാവുന്നത് എന്നാണ് ശാസ്ത്രജ്ഞനിഗമനം.
ഹോ.കടുത്ത ലേഖനം തന്നെ
വളരെ കാലിക പ്രസക്തമായ വിഷയം !
ഈ ലേഖനം പൊതുജനത്തിനിടയിൽ വിപുലമായ വായനക്ക് വിതരണം ചെയ്യപ്പെടണം'
വളരെ കാലിക പ്രസക്തമായ വിഷയം !
ഈ ലേഖനം പൊതുജനത്തിനിടയിൽ വിപുലമായ വായനക്ക് വിതരണം ചെയ്യപ്പെടണം'
ഈ ലേഖനത്തിലെ ആശയം ഇന്നാണ് മനസ്സിലാക്കാനായത്.
Post a Comment