Wednesday, February 22, 2017

തെരുവു നായ്ക്കൾ പറയുന്നത്

                      
        “ആയിരമായിരം കൊല്ലങ്ങൾക്ക് മുൻപ് സ്നേഹവും ഭക്ഷണവും ആശ്രയവും  നൽകുന്നവർ എന്ന് കരുതി നിങ്ങളുടെ കൂടെ കൂടിയവരാണു ഞങ്ങൾ. ഇന്ന് തെരുവിലേക്ക് വലിച്ചെറിഞ്ഞപ്പോൾ നിങ്ങൾ സഹായിച്ച് പരിണമിച്ച ഈ  തലച്ചോറ് എന്തു ചെയ്യണമെന്നറിയാതെ  പ്രതിരോധിച്ചു പോകയാണ്. ഞങ്ങൾക്ക് പരിചയമില്ലാത്ത ഒരു  ഇടമാണിത്. ഇനി തിരിച്ച് ചെന്നായായി മാറാൻ ഞങ്ങൾക്കാവില്ല.  നിങ്ങൾക്ക് സംരക്ഷന തരാൻ ത്യാഗങ്ങൾ ചെയ്ത ഞങ്ങളെ ചൂഷിതവർഗ്ഗമാക്കി മാറ്റിയ നിങ്ങളോട് ചോദിച്ചു പോവുകയാണ്, എവിടേ നിങ്ങളുടെ ധർമ്മബോധം?  എവിടെ നിങ്ങടെ ഉത്തരവാദിത്തം?   ഞങ്ങളുടെ കഴിവുകളെ ചൂഷണം ചെയ്താണ് നിങ്ങൾ വിപ്ലവങ്ങൾ ജയിച്ചതെന്ന്, ഇന്ന് വീമ്പിളക്കുന്ന സംസ്കാരം കെട്ടിപ്പടുത്തതെന്ന് മറന്നു പോകുകയാണ്  മനുഷ്യരേ നിങ്ങൾ. നിങ്ങളെറിയുന്ന അധികാരത്തിന്റെ അപ്പക്കഷണങ്ങൾക്ക് വാലാട്ടി നിന്നെങ്കിൽ  ഞങ്ങൾ കൂടി നിർമ്മിച്ചെടുത്തതാണ് ഈ പുതുലോകം എന്ന ആത്മാഭിമാനം അകമേ  തുടിയ്ക്കുന്നതുകൊണ്ടാണ്. നിങ്ങൾ ഒന്ന് മനസ്സിലാക്കണം, ഇന്നും നിങ്ങളെ സ്നേഹിക്കുന്നവരാണു ഞങ്ങൾ.  ഞങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കാൻ സംഘടിച്ചേ മതിയാവൂ എന്ന നിലയിൽ എത്തിച്ചത് നിങ്ങൾ തന്നെ അല്ലേ എന്ന് ചോദിച്ചു പോകുകയാണ്……..”

   അഖിലകേരള തെരുവുനായ യൂണിയൻ ഉണ്ടായിരുന്നെങ്കിൽ  നേതാവ് ഇങ്ങനെ പ്രസംഗിച്ചേനേ. അതിൽ സത്യങ്ങളുണ്ടു താനും. മനുഷ്യൻ,  ഒരു തിരിച്ചുപോക്കില്ലത്തവണ്ണം അവരുടെ സഹകരണത്തോടെ  മാറ്റിയെടുത്തവരാണു നായ്ക്കൾ. കൂടെക്കൂട്ടിയ ജന്തുക്കളിൽ ഏറ്റവും പഴയത്, നമ്മളെ മനസ്സിലാക്കുന്ന  ഒരേ ഒരു ഹിംസ്ര ജന്തു.  മറ്റൊരു വളർത്തു മൃഗത്തിനും കിട്ടാത്തസ്ഥാനം നേടിയ ത്യാഗശീലർ.  നമ്മുടെ സന്തതസഹചാരി, കൂട്ടു നൽകുന്ന ഹൃദയാലു, പിരിമുറുക്കങ്ങൾക്ക് വിടുതൽ നൽകുന്ന ഇണ, കളിക്കുട്ടി, സാമൂഹ്യ/വൈകാരിക ആശ്രയം,  പല ചെയ്തികൾക്കും പിന്തുണനൽകുന്നവൻ, വിശ്വസ്തനും മനഃസാക്ഷി സൂക്ഷിപ്പുകാരനും  ഇങ്ങനെ  മനുഷ്യനു പോലും പകരം വയ്ക്കാൻ പറ്റാത്ത തരത്തിലുള്ള വ്യക്തിത്വം ആണ് നായകളിൽ. വേട്ടയ്ക്കു സഹായിക്കുക എന്നതു മാത്രമല്ലാതെ സംരക്ഷണ, പ്രതിരോധം, ആടുമാടുകൾക്ക് കാവൽ ഇവയൊക്കെ ആദ്യകാലങ്ങളിൽത്തന്നെ സ്വമേധയാ ചെയ്തിരുന്നു. ഇവയൊന്നുമല്ലാതെ അന്ധർക്കും വികലംഗർക്കും സഹായവും ആശ്രയവും പോലത്തെ സേവനങ്ങൾ.  ബോംബ് മണത്തറിയുക, മയക്കുമരുന്നുകൾ കണ്ടുപിടിക്കുക മുതലായ മറ്റു ജോലികളും. ഇതൊക്കെ ചെയ്യാൻ പറ്റുക എന്നത് മറ്റു ജീവികൾക്ക് അസാദ്ധ്യമാണ്. മഞ്ഞിലോ മരുഭൂമിയിലോ കാട്ടിലോ ഒറ്റപ്പെട്ടുപോയവരെ കണ്ടു പിടിയ്ക്കുക, അത്യാഹിത ദുരന്തമേഖലകളിൽ സഹായം നൽകുക ഇങ്ങനെ മനുഷ്യനോ യന്ത്രത്തിനോ പറ്റാത്തതാണ് നായകൾ നിഷ്പ്രയാസം സാധിച്ചെടുക്കുന്നത്. മറ്റൊരു ജന്തുവിനും ആവാത്ത, അപരിചിതരുമായി ഇണങ്ങി പെരുമാറുക എന്നതും പ്രത്യേകതയാണ്.  മറ്റൊരു ഹിംസ്ര ജന്തുവായ,  അധികം ഇണങ്ങാൻ തയാറാകാത്ത  പൂച്ചയ്ക്ക് സാധിക്കാത്തതാണിത്.

       വർഷങ്ങൾക്കു മുൻപ് ഇതിഹാസങ്ങൾ ജനിക്കും മുൻപേ ഈശ്വരൻ ജനിക്കും മുൻപേ  വെങ്കലയുഗത്തിനും ഇരുമ്പു യുഗത്തിനും മുൻപ്  കൃഷി എന്ന ആധുനികത വന്നുകേറുന്ന സമയത്തോ അതിനു തൊട്ട് മുൻപോ,  വീട് എന്നത് ഒരു സങ്കൽ‌പ്പം പോലുമല്ലാതിരുന്ന കാലത്ത്  അസംഭാവ്യമായ സഹകാരിത  ഉടലെടുക്കുകയുണ്ടായി ഒരു ജന്തുവുമായി- ചെമ്പൻ ചെന്നായയാണത്. സ്വൽ‌പ്പം അടുപ്പം കാണിച്ച ചെന്നായകളെ പലഘട്ടങ്ങളിൽക്കൂടി  സഹനത്തിന്റെ, വിശ്വാസതയുടെ, സ്നേഹത്തിന്റെ  പ്രതീകാത്മകബിംബമാക്കപ്പെട്ടു, അനുസരണത്തിന്റെ,  കർത്തവ്യപരായണതയുടെ, സ്വാമിഭക്തിയുടെ  സേവനസന്നദ്ധതയുടെ രൂപാങ്കനം ആയിരുന്നു അത്. മനുഷ്യസംസ്കാരം മാറി മറിയപ്പെട്ടു എന്ന് മാത്രമല്ല മനുഷ്യന്റെ അതിജീവനത്തിന്റെ ആധാരമാകുകയും ചെയ്തു ഈ ജീവികൾ.  മനുഷ്യനും പ്രകൃതിയും കൂടെ മെനഞ്ഞെടുത്ത ഏറ്റവും സുന്ദരമായ ജനിതകശിൽ‌പ്പമാണ് നായകൾ.

         ഈ സ്നേഹസമ്പന്നതയുമായി മനുഷ്യന്റെ സാംസ്കാരികമുറ്റത്ത് വെറുതേ ഒരുദിവസം വന്നുകയറിയതല്ല നായകൾ. തന്മ്മയത്വത്തോടെ നമുക്കു വേണ്ടുന്ന ഗുണഗണങ്ങൾ  വേർ തിർച്ച്  പ്രജനനം ചെയ്യിച്ച്  മര്യാദാപുരുഷോത്തമന്മാരെ  വാർത്തെടുക്കുകയാണ്  ചെയ്തതു മനുഷ്യൻ. കൂടുതൽ ശരി പരിണമിക്കാൻ നായകളും കൂട്ടു നിൽക്കയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്തു എന്നതായിരിക്കും. പരിണാമത്തെ കൃത്രിമമായി മുന്നോട്ടോടിച്ച് പ്രകൃതിയെ വെല്ലു വിളിച്ച് ആദ്യമായി മനുഷ്യൻ ജനിതകമാറ്റം സംഭവിപ്പിച്ച ജീവി. ജി എം ഒ (Genetically Modified Organisms)  യുടെ കൃത്രിമത്വത്തെക്കുറിച്ചും പാരിസ്ഥിതിക വെല്ലുവിളികളെക്കുറിച്ചും ആശങ്കാകുലരാകുന്നവർ വെറുതേ വിട്ടുകളയുന്ന ജീവി.  മനുഷ്യസംസ്കാരത്തെ ഏറ്റവും കൂടുതൽ സ്വാധീനിച്ച , മനുഷ്യരുടെ സ്വാർത്ഥതാൽ‌പ്പര്യങ്ങൾക്കനുസരിച്ച് മാത്രം  സ്വരൂപിച്ചെടുത്ത നായക്കളുടെ കാര്യം സൌകര്യപൂർവ്വം മറക്കുകയാണ്  നിഷ്ക്കളങ്കത നടിയ്ക്കുന്ന പ്രകൃത്യാഭിനിവേശകർ. ചരിത്രത്തിന്റെ ഭാഗധേയം നിശ്ചയിച്ചുറപ്പിക്കുന്ന അനേകം ഇടപെടലുകളും സ്വാധീനവും അധികാരപ്രഭാവങ്ങളും നായ്ക്കുലത്തിന്റെ വരുതിയിൽ സംഭവിച്ചു കഴിഞ്ഞു എന്നത്  ജനിതകമാറ്റം സംഭവിപ്പിച്ച വഴുതനങ്ങയ്ക്കെതിരേ പൊരുതുന്നവർ വിട്ടുകളയുന്നത്  അവർ വിവേകശീലർ അല്ലാത്തതുകൊണ്ട് മാത്രമല്ല, എതിർക്കാൻ പഴുതുകളില്ലാഞ്ഞിട്ടാണ്.

     വെവ്വേറെയുള്ള  സ്പീഷീസുകൾ തമ്മിലുള്ള സംവേദനം (Interspecific communication)  സാദ്ധ്യമായ ഒരേ ഒരു ജന്തുവാണ് നായകൾ. ആനകൾക്ക് ചെറുതായി സാദ്ധ്യമാവുന്നുണ്ട് ഇത് എന്നത് മറക്കുന്നില്ല. . ഒളിപ്പിച്ചു വച്ച ഭക്ഷണം ഒരു കൈചൂണ്ടലിലൂടെ മനസ്സിലാക്കാനും അത് തേടിപ്പിടിച്ചു കൊണ്ടുവരാനും കഴിവുണ്ട് നായകൾക്ക്. ഇത്  അപൂർവ്വമായ തലച്ചോർ ജോലി ആണ്.  പട്ടിക്കുഞ്ഞുങ്ങൾ മനുഷ്യരുമായിട്ട് ഇടപകഴകുന്നതിനു മുൻപ് തന്നെ സാമൂഹ്യ-ബോധജ്ഞാന വികാരങ്ങൾ പ്രകടിപ്പിച്ചു തുടങ്ങും. ഇണക്കി വളർത്തുന്ന ചെന്നായ് ഒരിക്കലും പിടിച്ചെടുക്കാത്ത് തലച്ചോറർ പ്രവർത്തി. എന്നുവച്ചാൽ സാമൂഹ്യ-ബോധജ്ഞാന വികാരങൾ വീടിണക്കത്തിൽക്കൂടെ മാത്രം സംഭവിച്ചതാണെന്നാണ്  അറിഞ്ഞിരിക്കേണ്ടത്.  ഇണക്കം കൂടുതലുള്ള നായ്ക്കളെ ബ്രീഡ് ചെയ്ത് ഏകോന്മുഖമാക്കിയപ്പോൾ  അറിവും ബോധവും  ആ തലച്ചോറിന്റെ ഗുണങ്ങളിലൊന്നായി വരികയാണുണ്ടായത്. മനുഷ്യരോടൊപ്പം വളരുമ്പോൾ അവരോട് പെരുമാറേണ്ട രീതികളും വളർച്ചാക്കാലത്ത് പട്ടിക്കുഞ്ഞുങ്ങൾക്ക് ലഭിയ്ക്കുന്നുണ്ട്.  മനുഷ്യരുടെ ശീലാനുബന്ധനത്തോട് (human conditioning)  ഗ്രഹണശീല (sensitive) ത്തോടെ പെരുമാറാൻ പഠിയ്ക്കുന്നു ഇക്കാലത്ത്. എന്നുവച്ചാൽ   പ്രാകൃതമായ ചെമ്പൻ ചെന്നായയുടേതിൽ നിന്നും മാറ്റിയെടുത്ത തലച്ചോറുമായാണ് ഇന്ന്  നാനാജാതി നായകളും  മൻഷ്യരുണ്ടാക്കുന്ന ഭക്ഷണവും തിന്ന് –ഇതും അവരുടെ നിർബ്ബന്ധിതപരിണാമത്തിലെ ഒരു വൻ സംഭവം ആണ്- അവന്റെ കൂട്ടുകാരനും സംരക്ഷകനുമായി വിരാജിക്കുന്നത്.

       പരസ്പരം സഹായഗുണം വന്നുഭവിക്കുന്ന കാര്യത്തിലാണ് നായ്ക്കളും മനുഷ്യരും ഇണക്കത്തിന്റെ ആദ്യകാലങ്ങളിൽ യോജിച്ചിരുന്നതെന്നാണ് അനുമാനം. വേട്ടയാടിയും ഭക്ഷണസാധനങ്ങൾ തൽക്കാലം  കൈവശം വച്ചും നടന്നിരുന്ന മനുഷ്യനു മിച്ചം വന്ന ഭക്ഷണാംശം നുകരാൻ വന്നവർ മറ്റ് ജന്തുക്കളിൽ നിന്ന് സംരക്ഷണം ചെറുതായിട്ടെങ്കിലും നൽകിയിരുന്നിരിക്കണം. മനുഷ്യനോട് പേടി കുറവായിരുന്ന ഇവർക്ക് കൂടുതൽ അടുപ്പം നൽകി ബ്രീഡ് ചെയ്ത് സ്ഥിരം സ്നേഹവാന്മ്മാരായ ഇവരെ – ചെന്നായകളെങ്കിലും- കൂടെ കൂട്ടിയിരുന്നിരിക്കണം.  വീട് കെട്ടി സ്ഥിരതാമസം തുടങ്ങാത്ത മനുഷ്യരോടൊപ്പം  സഞ്ചരിക്കാൻ ധൈര്യവാന്മാരായ ഇവകൾ മടി കാണിച്ചിരുന്നിരിക്കയില്ല.  അവബോധത്തിലും ഗ്രഹണശക്തിയിലും മുൻപേ നിന്നുരുന്ന ചെന്നായ്ക്കൾ-അദ്ഭുതകരമായ കേൾ വി ശക്തി, മണം പിടിയ്ക്കൽ, രാത്രിയിൽ കാണാൻ പറ്റുക ഒക്കെ-  മനുഷ്യർക്ക്  വേട്ടയാടലിലും പ്രതിരോധത്തിലും ഏറേ  സഹായികളായി. ഇരയുടെ അനക്കങ്ങളെപ്പറ്റി തമ്മിൽത്തമ്മിൽ അറിവു കൊടുക്കാൻ സാധിച്ചിരുന്ന ചെന്നായ്ക്കൾ ഈ സ്വഭാവ വിശേഷം മനുഷ്യരോട് സംവദിക്കാനും ഉപയോഗിച്ചു.  ഈ കൂട്ടായ്മ  ഇര പിടുത്തത്തിലും ഭക്ഷണകാര്യ്യത്തിലും വൻ മാറ്റങ്ങളണ് ഉളവാക്കിയത്.  കൽച്ചീളുകൾ കൊണ്ട് ഉപകരണങ്ങൾ ഉണ്ടാക്കിത്തുടങ്ങിയിരുന്നു മനുഷ്യർ ഈ സമയത്ത്.. നായ് രൂപം പ്രാപിച്ചു വരുന്ന ചെന്നായ്ക്കളുടെ കൂട്ടായ്മസ്വഭാവം അവർ മനുഷ്യരുമായി പങ്കുവയ്ക്കുകയും കൽച്ചീൾ ഉപയോഗം അവർക്കും     ഉപകാരപ്രദമാകുകയും ചെയ്തു. രണ്ട് “ സോഷ്യൽ ഹണ്ടേഴ്സി“ന്റെ പാരസ്പര്യം. മനുഷ്യനു നന്നായി ചെയ്യാവുന്ന പലേ കാര്യങ്ങളും അതേ പോലെ ചെയ്ത് പങ്കാളിയായ, ഒരേ  പോലത്ത  ശക്തികൾ തമ്മിൽ പോരടിയ്ക്കാതെ പരസ്പരം സഹായിച്ച് അതിജീവനം ഒന്നാന്തരമാക്കിയ വേള.  അങ്ങനെ മനുഷ്യസംസ്കാരത്തിന്റെ ആരംഭഘട്ടം എന്ന ദശാസന്ധിയിൽ പ്രാധാന്യം നേടിയ ഒരേ ഒരു ജീവി ചെന്നായിൽ നിന്നും മാറി വന്ന നായ്ക്കൾ  ആയിത്തീർന്നു.
        
       ഏറ്റവും ബുദ്ധികൂടിയ പ്രൈമേറ്റുകളായ നമ്മൾ ഉറ്റ ബന്ധുക്കളായ ചിമ്പാൻസികളെ ഇണക്കാൻ ശ്രമിച്ചതേ ഇല്ല എന്നത് കൌതുകകരമാണ്. ബുദ്ധികൂർമ്മതയോ നമ്മളുടെ തദ് സാദൃശ്യമോ ഇവിടെ സംഗതമായി വന്നില്ല. ചിമ്പാൻസികൾ ഒട്ടും  സമൂഹാനുകൂലി (സോഷ്യൽ) അല്ല എന്നതാണു പ്രധാനകാരണം. നമ്മളെ സഹായിക്കാൻ അവർക്ക് താൽ‌പ്പര്യവുമില്ലായിരുന്നു. അതിനുള്ള വസ്തുവകകൾ അവരുടെ തലച്ചോറിൽ ഇല്ലായിരുന്നു എന്നതാണു സത്യം. നായ്ക്കളാവട്ടെ  അവരുടെ സംഭാവനകളാൽ നമ്മളേയും പരുവപ്പെടുത്തി എടുക്കുകയായിരുന്നു. ഒരു ഉപകരണം അതിന്റെ പ്രയോക്താവിനെ മാറ്റിയെടുക്കുന്ന അപൂർവ്വ പ്രതിഭാസം.

പേടി കുറഞ്ഞവർ മുന്നോട്ടു വരിക!
   ചെന്നായകളും മറ്റും നമ്മളെ കണ്ടാൽ ഓടിയൊളിയ്ക്കുന്നത് പേടി കൊണ്ടാണ്. കൂടുതൽ അക്രമാസക്തർ ആകുന്നതും അവർ പ്രതിരോധം ആവശ്യപ്പെടുന്ന അവസ്ഥാവിശേഷത്തിൽ ആയിരിക്കുമെന്ന മുന്നറിവ് ഉള്ളതുകൊണ്ടാണ്. ഇണങ്ങിത്തുടങ്ങിയ ആദ്യകാല ചെന്നായ്ക്കൾ  തങ്ങൾ പാവങ്ങളാണെന്നും ആക്രമിക്കാൻ യാതൊരു പ്ലാനുമില്ലെന്നും ഉള്ള നോടീസ് ആദ്യമേ മനുഷ്യന്റെ കയ്യിൽ വച്ചുകൊടുത്തിരുന്നിരിക്കണം. മനുഷ്യർ മിച്ചമിട്ട ഇറച്ചി തിന്നാനെത്തിയ പവം ചെന്നായ്ക്കളാണ് മൻഷ്യരുടെ കരപരിലാളനത്തിനു വശം വദരായതെന്നാ‍ാണ് അനുമാനം. ഇവർ അടുത്തുതന്നെ പെറ്റുപെരുകുകയും കൂടുതൽ ഇണക്കമുള്ളവയെ  അടുത്തുവരാൻ അനുവദിയ്ക്കുകയും ചെയ്തു മനുഷ്യൻ.  പെരുമാറ്റങ്ങളിലെ വ്യത്യാസങ്ങളായിരുന്നു ഇണക്കത്തിന്റെ ആദ്യപടി.  പേടിയുളവാക്കുന്ന തലച്ചോറ് കേന്ദ്രങ്ങളാണ് ആദ്യം മാറ്റത്തിനു വിധേയമായത്. ഇക്കൂട്ടരെ വീണ്ടും വീണ്ടും ബ്രീഡ് ചെയ്ത് സത്സ്വഭാവസർടിഫിക്കേറ്റ് കയ്യിലേന്തുന്നവരുടെ സുഹൃത്സംഘം രൂപീകരിച്ചെടുത്തൂ മനുഷ്യർ. ഒളിസ്വഭാവം വിട്ട് നമ്മുടെ കണ്ണുകളിലേക്ക് നോക്കാൻ ഉത്സാഹം കാണിച്ചു ഈ പുതുപരിണാമക്കാർ. തലച്ചോരിൽ തദനുസാ‍രിയായി വന്ന മാറ്റങ്ങളൊടോപ്പം ശരീരത്തിന്റെ , തലയുടെ, കൈകാലുകളുടെ ആകൃതിയിലും മാറ്റങ്ങൾ വന്നു കയറി.   ചെന്നായയുടെ തലച്ചോറിന്റെ 30% വലിപ്പക്കുറവുള്ള തലച്ചോറ് നായകൾക്ക് കൈവന്നു. ഈ അവയവങ്ങളുടെ ഉപയോഗങ്ങളിൽ വന്ന വ്യത്യാസങ്ങൾ ഗണനീയമായിരുന്നു. (ചിത്രം 1 കാണുക)

        നായ്ക്കളുടെ പെരുമാറ്റരീതികൾക്ക് പ്രധാന സംഭാവന നൽകിയ്ത് രണ്ടു കാര്യങ്ങളാണ്;  ഒന്ന് പരിണാമപരവും (മനുഷ്യൻ കൃത്രിമമായി തെരഞ്ഞെടുത്തത്)  മറ്റൊന്ന് വളർന്നു വരുമ്പോൾ പഠിച്ചെടുത്തതും. ഈ കുട്ടിക്കാലപഠനത്തിനു ആദ്യത്തെ തെരഞ്ഞെടുക്കൽ അത്യാവശ്യമാണ്, തലച്ചോർ പരുവപ്പെടുത്തി എടുത്താലേ ഇണക്കം പൂർണ്ണതയിൽ എത്തുകയുള്ളു. അവരുടെ കഴിവുകളല്ല വികാസം പ്രാപിക്കുന്നത്, പ്രത്യുത അന്തർനിഹിതശക്തി (potential) ആണ്.  നരകേന്ദ്രിതമായ പരിതസ്ഥിതിയിൽ സാമൂഹ്യസമസ്യകൾ കൈകാര്യം ചെയ്യാനുള്ള സർഗ്ഗവിശേഷമാണ് ഇതോടെ വന്നുകൂടുന്നത്. മറ്റ് മൃഗങ്ങൾക്ക് ഇവ രണ്ടും നന്നേ കമ്മിയാണ്.  മനുഷ്യൻ എങ്ങനെ ചിന്തിക്കും, പെരുമാറും എന്നൊക്കെ മറ്റൊരു ജീവിക്ക് പിടി കിട്ടുക എന്നത്  പരിണാമത്തിൽ മറ്റൊരിടത്തും സംഭവിക്കാത്ത അദ്ഭുതപ്രതിഭാസമാണ്.

      ഇക്കാരണങ്ങളാൽ  മനുഷ്യകുലത്തിന്റെ നിലനിൽ‌പ്പിനെ ബാധിച്ച, കുറ്റിയറ്റു പോകാതെ സംരക്ഷിച്ച, നമ്മുടെ അസ്തിത്വം പടുത്തുയർത്തിയ  സഹജീവി എന്നസ്ഥാനം നായ്ക്കൾക്ക് മാത്രം അവകാശപ്പെട്ടതാണ്. അത്യപൂർവ്വനിർണ്ണായകവിധിപ്പൊരുളാണ് നായകൾ ഇണങ്ങിവന്നതിലൂടെ നേടിയെടുത്തത്. നമുക്ക് (ഹോമോ സാപിയൻസ്) മുൻപേ ഇവിടെ പരിണമിച്ചെത്തിയ നിയാൻഡർത്താൽ മനുഷ്യർ , നമ്മളേക്കാൾ ആയിരക്കണക്കിനു വർഷങ്ങൾ ഭൂമുഖത്ത് അലഞ്ഞവർ, തീ കണ്ടു പിടിച്ച് ഉപയോഗിച്ചവർ, മൃതരെ അടക്കാനുള്ള സാംസ്കാരിക വെളിവ് കാണിച്ചിരുന്നവർ 30,000 കൊല്ലങ്ങൾക്ക്മുൻപ് പാടേ ഇല്ലാതാവുകയാണ് ഉണ്ടായത്. നമ്മൾ (അനത്തെ ഹോമോ സാപിയൻസ്) തന്നെ അവരെ ഉന്മൂലനാശം ചെയ്തു, നമ്മൾ ചതിച്ച ചതിയാണച്ഛാ  എന്ന് പണ്ടത്തെ പാണന്മാർ പാടി നടന്നിട്ടുണ്ട്.  എന്നാൽ മാറിയ പരിതസ്ഥിതിയിൽ, മാറിയ കാലാവസ്ഥകളിൽ അതിജീവനം സാധിക്കാതെയാണ് അവർ ആസ്കലം മൺ മറഞ്ഞതെന്നാണ് ശാസ്ത്രം തെളിയിച്ചത് പിന്നീട്.  പക്ഷേ ഇതേ പരിസ്ഥിതി വെല്ലുവിളികളെ നേരിട്ട് നമ്മൾ (ഹോമോ സാപിയൻസ്) പിടിച്ചു നിന്നത് എങ്ങനെയെന്ന് അധികം വിവരങ്ങൾ ലഭിച്ചിട്ടില്ല. പെൻസിൽവേനിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ആന്ത്രൊപൊളജി പ്രൊഫെസർ പാറ്റ് ഷിപ്മാന്റെ ഗവേഷണങ്ങൾ വെളിവാക്കുന്നത് നായ്ക്കളെ ഇണക്കുന്നതും ഹോമൊ സാപിയൻസ് അതിജീവനവും ബന്ധപ്പെടുത്തിയുള്ള സിദ്ധാന്തമാണ്. ഘോരമായ കാലാവസ്ഥാവ്യതിയാനത്തിലും പിടിച്ചു നിൽക്കാൻ ഹോമോ സാപിയൻസിനെ സഹായിച്ചത് നായ്ക്കളുമായുള്ള സഹകരണമാണെന്നാണ് പ്രൊഫ. ഷിപ്മാന്റെ അനുമാനം. എന്തോ കാരണങ്ങളാൽ നിയാൻഡെർതാൽ മനുഷ്യർക്ക് നായകളെ ഇണക്കാൻ സാധിച്ചില്ല. അതിനുള്ള കൌശലം അവരുടെ തലച്ചോറിൽ ഉരുത്തിരിഞ്ഞില്ല എന്നു വേണം കരുതാൻ. എന്നാൽ ആധുനികമനുഷ്യൻ  ഇതേ സമയത്ത് അതിജീവനത്തിനു വഴി കണ്ടുപിടിച്ചിരുന്നു. ഇരകളെ സ്ഥാനനിർണ്ണയം ചെയ്യുകയും കൊല്ലാൻ സഹായിക്കുകയും  മനുഷ്യന്റെ ആവാസസ്ഥലത്തെ പരിരക്ഷിക്കുകയും ആക്രമിക്കാൻ വരുന്ന ജന്തുക്കളെക്കുറിച്ച് അലാറം മുഴക്കുകയ്യും ചെയ്ത നായക്കൾ വൻ സഹായികളായിരുന്നു. വേട്ട കൂടുതൽ കാര്യക്ഷമവും ഫലപ്രദവും ആയിത്തീർന്നു, പരിക്കുപറ്റാനുള്ള സാദ്ധ്യത കുറഞ്ഞു,, അപകടങ്ങളെക്കുറിച്ച് മുങ്കൂർ അറിവ് ലഭിച്ചു,   തങ്ങൾക്കറിയാത്ത പലതും നായകൾക്കറിയാം എന്ന സത്യത്തെ വിപുലമായിട്ട് ഉപയോഗപ്പെടുത്തി. തങ്ങൾക്ക് ചെയ്യാൻ പറ്റാത്ത പലതും നായകൾക്ക് പറ്റും എന്ന അറിവ് ചൂഷണം ചെയ്യാൻ തന്നെ തീരുമാനിച്ചു.  നിയാൻഡർതാലിനു ഇരയുടെ അടുത്തു ചെന്ന് ആക്രമിക്കേണ്ടി വന്നതിനാൽ അപകടപ്പെടുന്നത് എളുപ്പമായിരുന്നു  എന്നാൽ ഹോമോ സാപിയൻസിന്റെ ഇടയിലാകട്ടെ  കൂടുതൽ ഭക്ഷണം മനുഷ്യർക്കും  നായക്കൾക്കും ലഭിക്കുകയും ചെയ്തു.   ഭീകരമായ കാലാവസ്ഥാവ്യതിയാനകാലത്ത് മനുഷ്യകുലം സംരക്ഷിച്ചത് പട്ടികളാണ്, വെറും  പട്ടികളാണ്.

       എന്നാൽ നായ്ക്കളെ സംബന്ധിച്ച് വലിയൊരു ത്യാഗത്തിന്റെ കഥയായും ഇതിനെ വ്യാഖ്യാനിക്കാം. സ്വന്തമായി ഇര പിടിയ്ക്കാനുള്ള നൈസർഗ്ഗികമായ കഴിവ് എന്നന്നേയ്ക്കുമായി ത്യജിക്കുക എന്നതാണത്. ഇണങ്ങിയതാണെങ്കിലും പൂച്ചയ്ക്ക് എലിയെ പിടിയ്ക്കാനറിയാം. ആരും ഭക്ഷണം കൊടുത്തില്ലെങ്കിലും അതിജീവനം സാദ്ധ്യമാക്കും. സസ്യാഹാരികൾക്കാകട്ടെ പുല്ലോ ചെടിയോ തേടിത്തിന്നാനുള്ളതേ ഉള്ളു.  അവനവനുള്ള ആഹാരം തേടി നേടിയെടുക്കാനുള്ള അവകാശവും കഴിവും എന്നന്നേയ്ക്കുമായി തീറെഴുതി മറ്റൊരു സ്പീഷീസിനു നൽകുക എന്നത് തികച്ചും  വിപത്തികാരകവും ആത്മഹത്യാപരവുമായ വഴിത്തിരിവ് ആണ്. പരിണാമം തന്നെ ഒരുകാലത്ത്  നിർമ്മിച്ചെടുത്ത പരാന്നഭോജികൾ (parasites) ഇതിൽ നിന്നും തിക്ച്ചും വിഭിന്നമാണ്. സംഘം ചേർന്ന്  അതിജീവനത്തിന്റെ തന്ത്രങ്ങൾ നടപ്പിലാക്കുന്ന എല്ലാ  ആർജ്ജിതസ്വഭാവങ്ങളും മനുഷ്യനെ വിശ്വസിച്ച് അങ്ങോട്ട് ഏൽ‌പ്പിക്കുകയാണുണ്ടായത്. മനുഷ്യൻ നായ്ക്കളെ ഇണക്കി എന്നതിനേക്കാൾ യുക്തി താനേ ഇണങ്ങുകയും അതിനു മനുഷ്യരെ പ്രാപ്തരാക്കുകയും ചെതു ശ്വാനർ എന്നതായിരിക്കും.  സാമൂഹികമായുള്ള പെരുമാറ്റം മനുഷ്യരുമായി വിലയിപ്പിക്കുക, ഭക്ഷണത്തിന്റെ ഉത്തരവാദിത്തം  മറ്റൊരു സ്പീഷീസിന്റെ നിയന്ത്രണത്തിനു വിട്ടുകൊടുക്കുക ഇവയൊക്കെ പരിണാമവിധികൾക്ക് അത്ര അനുയോജിച്ചത്മായിരുന്നില്ല. ഈ ഉഭയ സ്പീഷീസ് ബന്ധ നിലനിൽ‌പ്പിന്റെ വിഘടനം നായകൾക്ക് പ്രതികൂലമായി ഭവിക്കും, ഇന്നത്തെ തെരുവുനായപ്രശ്നം പരിണിത ഫലമാണ്. 

      അതിജീവനത്തിനു സഹയാത്രികർ എന്ന ആശയം ഫലപ്രദമെന്നറിഞ്ഞ മനുഷ്യർ മറ്റ് ജന്തുക്കളേയും -പ്രധാനമായി സസ്യഭുക്കുകളെ- ഇണക്കാൻ തുടങ്ങി.  പ്രാചീന ചെന്നായ്ക്കളെ മാറ്റിയെടുത്തു തുടങ്ങിയത് 30,000 കൊല്ലങ്ങൾക്ക് മുൻപായിരുന്നു എങ്കിൽ ചെമ്മരിയാടുകളെ ഇണക്കിയത് 11000 കൊല്ലങ്ങൾക്ക് മുൻപാണ്. 8000 കൊല്ലങ്ങൾക്കു മുൻപാണ് കോലാടുകൾ ഇണങ്ങി വന്നത്. പന്നികളും പശുക്കളും ഇതേ സമയം തന്നെ ലിസ്റ്റിൽ കയറിക്കൂടി. കൃഷി കണ്ടുപിടിച്ചത്  ഏകദേശം ഈ സമയത്താണ്, 10-11,000 വർഷങ്ങൾക്ക് മുൻപ്. അതിനു തൊട്ട് മുൻപ് അലഞ്ഞുതിരിയൽ നിറുത്തി മനുഷ്യൻ ഒരു സ്ഥലത്ത് താമസമുറപ്പിക്കുകയും കുടിലുകൾ കെട്ടിത്തുടങ്ങുകയും ചെയ്തിരുന്നു. കന്നുകാലികൾക്കും കൃഷിയ്ക്കും സംരക്ഷണം നായക്കൾ പ്രദാനം ചെയ്തു. അങ്ങനെ മനുഷ്യസംസ്കാരം ഉരുത്തിരിഞ്ഞു വന്ന്പ്പോൽ അതിനു സാക്ഷ്യം വഹിക്കുകയല്ല നായക്കൾ ചെയ്തത്, അതിനു കാരണമാകുകയായിരുന്നു.

 ഏഷ്യയിൽ നിന്നോ യൂറോപ്പിൽ നിന്നോ
       ലളിതമെന്ന് തോന്നിപ്പിക്കുന്ന, എന്നാൽ മനുഷ്യകുലഭാഗധേയം നിർണ്ണയിച്ച ഈ കൂട്ടുകെട്ട് എന്ന്, എവിടെ വച്ച് എന്നതിനു തീരുമാനം ആയി വരുന്നതേ ഉള്ളു. ഒരു സ്പീഷീസിൽത്തന്നെ ഇത്രയും വൈവിദ്ധ്യങ്ങളുള്ള മറ്റൊരു ജീവിയും ഇല്ല എന്നത് ശാസ്ത്രപഠനങ്ങളെ സങ്കീർണ്ണമാക്കുകയാണ്. നാനൂറിൽ‌പ്പരം ബ്രീഡുകളാണ് ഇന്ന് ലോകമെമ്പാടുമായി  പലരൂപങ്ങളിലും ഭാവങ്ങളിലുമായി  മറ്റൊരു സ്പീഷീസുമായുള്ള ബന്ധത്തിൽ ആത്മസംതൃപ്തി നേടുന്നത്. ആദ്യമായി ചെന്നായക്കുട്ടിയെ  മനുഷ്യൻ പുന്നാരിച്ചത് ഏകദേശം 30,000 വർഷങ്ങൾക്ക് മുൻപാണെന്നാണ് ഇന്നത്തെ കണക്കു കൂട്ടൽ. ഒന്നിൽക്കൂടുതൽ സ്ഥലങ്ങളിൽ  ഈ സ്പീഷീസ് റ്റു സ്പീഷീസ് രാരീരം പാടൽ നടന്നുകാണില്ലേ എന്ന സംശയവുമുണ്ട് ശാസ്ത്രജ്ഞർക്ക്. ഫോസ്സിൽ പഠനങ്ങൾ ഒരു തീരുമാനത്തിനു എളുപ്പം വഴങ്ങിയില്ല. കാരണം അവ പലയിടങ്ങളിൽ ചിതറിക്കിടക്കുന്നു, പല കാലങ്ങളിലേതാണ്, ചെന്നായുമായി ഏറ്റവും അടുപ്പമുള്ള ഏവ എന്നതൊക്കെ കടംകഥകളായി നിലനിന്നു. ഇണങ്ങിയ ശേഷം കൊല്ലങ്ങൾ , തലമുറകൾ കഴിഞ്ഞിട്ടും നായകൾ പണ്ടത്തെ ചെന്നായത്തറവാട്ടിൽ‌പ്പോയി  ബന്ധം പുതുക്കി ഇണചേർന്നിട്ടുണ്ടെന്ന സത്യം പൊരുളടക്കപരിശോധനകൾ എളുപ്പമല്ലാതാക്കി. ആധുനിക ഡി എൻ എ വിശ്ലേഷണ പഠനങ്ങൾ  കൃത്യതയേറിയവയാണ്, മനുഷ്യചരിത്രം ദൃഢമായി പഠിച്ചെടുത്തത് ഇത്തരം പഠനങ്ങളാലാണ്, അതുകൊണ്ട് ആ വഴിയ്ക്കു തിരിഞ്ഞു  ശ്വാനപുരാണ വായനകൾ. പ്രാചീന ചെന്നായ്ക്കളും പ്രാചീന നായക്കളും തമ്മിലുള്ള ഡി എൻ എ ബന്ധങ്ങൾ, ഇന്നത്തെ നായ്ക്കളും ചെന്നായ്ക്കളും തമ്മിലുള്ള ഡി എൻ എ ബന്ധങ്ങൾ ഇവയൊക്കെ തിരുതകൃതിയായി പഠിയ്ക്കപ്പെട്ട് വരികയാണ്.  ഇന്നത്തെ അറിവ് ഇപ്രകാരമാണ്:
 1. ഏകദേശം 19,000-33,000കൊല്ലങ്ങൾക്ക് മുൻപ് ഇന്ന് നിലവിലില്ലാത്ത  പ്രാചീന ചെന്നായകളിൽ നിന്ന്  നായ്ക്കൾ പരിണമിച്ചുണ്ടായി അല്ലെങ്കിൽ മനുഷ്യരോടൊപ്പം ഇണങ്ങിത്തുടങ്ങി.
 2. കിഴക്കൻ ഏഷ്യയുടെ തെക്കുഭാഗത്താണ് ഈ സംഭവം നടക്കുന്നത്.
 3. ഇതു കൂടാതെ പടിഞ്ഞാറെ യൂറേഷ്യ ( യൂറോപ്പും നിയർ ഈസ്റ്റും) യിലും സമാന്തരമായി മറ്റൊരു ശ്വാനത്തറവാട് ഉളവായി, യൂറോപ്യൻ ചെന്നായകളിൽ നിന്ന്.
 4. മേൽ‌പ്പറഞ്ഞതിൽ ഏതാണു ശരി എന്ന് തീരുമാനിക്കാറായിട്ടില്ല. ശാസ്ത്രജ്ഞന്മാരുടെ രണ്ടു പ്രബലഗ്രൂപ്പുകൾ ഒന്നാന്തരം തെളിവുകൾ നിരത്തിയിട്ടുണ്ട്. രണ്ടു ഗ്രൂപ്പും കിഴക്കൻ ഏഷ്യയിലെ ഉൽഭവം ശരിവക്കുന്നുണ്ട്. കിഴക്കൻ ഏഷ്യയിൽ നിന്നും 15,000 കൊല്ലങ്ങൾക്ക് ശേഷം യൂറോപ്പിനു പോയ നായകളെ  രണ്ടാം ശാസ്ത്രജ്ഞഗ്രൂപ് അവിടുത്തുകാരായി തെറ്റിദ്ധരിച്ചതായിരിക്കണമെന്ന നിലപാടിൽ ആണ് ആദ്യഗ്രൂപ്.
 5. മേൽ‌പ്പറഞ്ഞ യൂറോപ് കുടിയേറ്റം രണ്ടാം ഗ്രൂപ്പും ശരിവയ്ക്കുന്നുണ്ട്. പക്ഷേ ഈ ഏഷ്യൻ നായക്കൾ ചെല്ലുമ്പോൾ യൂറോപ്പിൽ അവിടുത്തുകാർ താൻപോരിമയോടെ വിരാജിക്കുന്നുണ്ടായിരുന്നു, പുതിയ കുടിയേറ്റക്കാർ അവരുമായി ലോഹ്യത്തിലായി പെറ്റുപെരുകി ഒരു കലർപ്പ് കുടുംബം നിർമ്മിച്ചെടുക്കുകയായിരുന്നു എന്ന്  ഈ രണ്ടാം ഗ്രൂപ് വാദിയ്ക്കുന്നുണ്ട്.
 6. യൂറോപ്പിൽ നിന്നും ഇവകൾ തിരിച്ച് ചൈനയിലേക്ക് പോയി (10,500 കൊല്ലങ്ങൾക്കു മുൻപ്) വടക്കൻ ചൈനയിൽ വലിയ കോളണി സ്ഥാപിച്ചു. ഏഷ്യയിലും യൂറോപ്പിലും ആകമാനം നായ്ക്കൾ. ഇതിനു ശേഷമാണ് അവർ അമേരിക്കയ്ക്കു പോയത്.
 7. ഈ നിർബ്ബാധവ്യാപനത്തിനെല്ലാം വ്യക്തമായ ഡി എൻ  എ തെളിവുകൾ ഉണ്ട്. ചില ആർക്കിയോളജിക്കൽ തെളിവുകളും.

     ഇന്ന് പലേ ജനിതക കലർപ്പുകളാണു  നായകളിൽ. ചിലവർ തിരിച്ച് ചെന്നായകളുമായി അവിഹിതബന്ധം സ്ഥാപിക്കുകയും ചെന്നായകൾക്ക് ചില പുരോഗമന ജീനുകൾ നൽകുകയും ചെയ്തിട്ടുണ്ട്.  തെക്കേ അമേരിക്ക,  മദ്ധ്യ അമേരിക്ക എന്നിവടങ്ങിളിലെ നായകളിൽ അത്ര അധികം കലർപ്പ് കാണുന്നില്ല എങ്കിലും ആർക്റ്റിക് ബ്രീഡുകളിൽ ( അലാസ്ക, ഗ്രീൻലാൻഡ് നായകൾ) തെക്കൻ ചൈനയിലെ തനത് നായകളുടെ കലർപ്പ്  വന്നുകൂടിയിട്ടുണ്ട്. മനുഷ്യരുടെ വ്യപനത്തിന്റെ ബഹുസ്വരതയും വൈവിദ്ധ്യവും നായക്കളുടെ ലോകവ്യാപനം തെളിയിച്ചു തരികയാണ്. കൃഷിയുടെ പ്രസരണവും നായ്ക്കളുടെ വ്യാപനവും ബന്ധപ്പെട്ട് കിടക്കുന്നുമുണ്ട്. ഇവ സമന്തരമായി കാണപ്പെടുന്നു.  പല വേലിയേറ്റങ്ങളിൽക്കൂടിയാണ് മനുഷ്യർ ഭൂഖണ്ഡങ്ങളിൽ പടർന്നതെന്ന സത്യം നായകളുടെ ചരിത്രം നിരീക്ഷിച്ചാൽ തെളിഞ്ഞു വരുമെന്നർത്ഥം.

തിന്ന ചോറിനു നന്ദി!  സ്റ്റാർച് ദഹിക്കും!

        സ്റ്റാർച് തിന്ന് അത് ദഹിക്കാൻ നേടിയെടുത്ത കഴിവ് ശ്വാനചരിത്രത്തിൽ വഴിത്തിരിവാണ്. കൃഷി ചെയ്യാനുള്ള പാടവം ആർജ്ജിക്കുന്നതിനു മുൻപു തന്നെ നായ്ക്കൾ കൂടെക്കൂടിയിരുന്നെങ്കിലും കൃഷി തുടങ്ങിയതോടെ നായ്ക്കളുടെ അതിജീവനം ത്വരിതപ്പെടുകയും നായ്ക്കുലം വികാസം പ്രാപിക്കുകയും ചെയ്തു. മാംസം മാത്രം ദഹിക്കാനുള്ള ഫിസിയോളജിയുമായി ഓംനിവോറി (‘വെജ്’ഉം ‘നൊൺ വെജ്’ ഉമായ മനുഷ്യർ) ന്റെ കൂടെ  അതിജീവനം അത്ര എളുപ്പമല്ല. ചില ദിവസങ്ങളിൽ ഇറച്ചി ഇല്ല്ലെങ്കിൽ പട്ടികൾക്ക് പണി കിട്ടിയതു തന്നെ!  കൃഷി മനുഷ്യനെ ‘വെജ്’ കൂടുതൽ കഴിക്കുന്നവനാക്കിത്തുടങ്ങിയ കാലം.  നായ്ക്കൾക്ക് കൂടെക്കൂടണമെങ്കിൽ അന്നജം (സ്റ്റാർച്) ദഹിക്കേണ്ടിയിരിക്കുന്നു. എത്രയും പെട്ടെന്ന്  ചോറോ മറ്റോ തിന്നാൻ പ്രാപ്തമാകുക തന്നെ എന്ന തീരുമാനത്തിലെത്തി അന്നത്തെ ബുദ്ധിജീവിപ്പട്ടികൾ.

    2015 ഇലെ വിപ്ലവാത്മകമായ പഠനങ്ങളിൽക്കൂടിയാണ് അന്നജം ദഹിക്കാനുള്ള തന്ത്രങ്ങൾ സ്വായത്തമാക്കിയതിന്റെ ജനിതക രഹസ്യം ശാസ്ത്രജ്ഞർ പങ്കു വച്ചത്. ചെന്നായകളും  14 തരം വ്യത്യസ്ത ബ്രീഡ് നായ്ക്കളും ഈ പരീക്ഷണങ്ങളിൽ പങ്കെടുത്തു. ഇവയുടെ എല്ലാം ഡി എൻ എ വിശദമായി പഠിക്കപ്പെട്ടു, താരതമ്യം ചെയ്തുകൊണ്ട്. നായക്കളിൽ  മാത്രം  പുതുതായി ഉണർന്നതോ മ്യൂടേഷൻ  സംഭിവിച്ചതോ ആയ ജീനുകൾ വേർ തിരിക്കപ്പെട്ടു. തലച്ചോറ് പ്രവർത്തനത്തെയോ പൊതുവായ വളർച്ചയെയോ ബാധിക്കുന്ന ജീനുകളാണ് നായ്ക്കളിൽ കൂടുതലും വ്യത്യാസപ്പെട്ട് കണ്ടത്. ചയാപചയ (metabolism) ത്തെ ബാധിയ്ക്കുന്ന പത്തോളം ജീനുകൾ ചെന്നായ്ക്കളിൽ നിന്നും മാറ്റമുള്ളവയായി നിരീക്ഷിക്കപ്പെട്ടു.  ഇതിൽ  രണ്ടെണ്ണം സ്റ്റാർച്ച് (അന്നജം) ദഹിക്കാൻ വേണ്ടിയുള്ള എൻസൈം നിർമ്മിയ്ക്കുന്നവയാണ്, ചെന്നായയിൽ ഇവ കാണപ്പെടുന്നതേ ഇല്ല.

     സ്റ്റാർച് നിർമ്മിച്ചിരിക്കുന്നത് ഗ്ലൂകോസ് എന്ന ചെറിയ തന്മാത്രയെ ഒന്നോടൊന്ന് കൊരുത്ത് ഒരു മാ‍ല പോലെ ആണ്. ഒരു സ്റ്റാർച് തന്മാത്രയിൽ ആയിരക്കണക്കിനു ഗ്ലൂകോസ് ഉണ്ട്. ഈ മാല പൊട്ടിച്ച് ഗ്ലൂകോസ് മുത്തുകളെ  ഓരോന്നോരോന്നായി വേർതിരിച്ചെങ്കിലേ ചെറുകുടലിൽ നിന്നും രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുകയുള്ളു. ഈ ജോലികൾ ചെയ്യുന്നത് മൂന്ന് എൻസൈമുകളാണ്, ഇവ മൂന്നും സ്വായത്തമാക്കി നായകൾ അവരുടെ പരിണാമവേളയിൽ.    പരിതസ്ഥിതിയിൽ വന്ന മാറ്റം ഒരു സ്പീഷീസിനെ അതിജീവനത്തിനു പ്രോത്സാഹിപ്പിച്ചതിന്റെ ഉദാഹരണം. ഏതുതരം ഭക്ഷണവും സ്വീകാര്യമാവുക എന്ന സ്ഥിതിവിശേഷം നായ്ക്കളുടെ ആദ്യകാലപരിണാമവേളയിൽത്തന്നെ  സംഭവിച്ചതിനാൽ അവയുടെ കുലത്തിനു  സ്ഥിരീകരണവും ബലവുമേറി. മനുഷ്യനും കൃഷി വ്യാപകമായ ഈ സമയത്താണ് കൂടുതൽ അന്നജഭക്ഷണം എന്ന നിലപാടെടുത്തത്,  കാരണം എന്നും വേട്ടയാടി ഭക്ഷണം സ്വരൂക്കൂട്ടേണ്ട ബാദ്ധ്യതയിൽ  നിന്ന് ബൃഹുത്തായ ഒഴിവാണ് ലഭിച്ചത്. മെച്ചപ്പെട്ട ജീവിതരീതിയ്ക്ക് ഉപോദ്ബലകമായ കാലം. അങ്ങനെ മനുഷ്യരും നായ്ക്കളും ഒരുമിച്ച് വൻ പരിണാമഘട്ടം കടക്കുന്ന ഉജ്ജ്വൽമുഹൂർത്തവുമായി  കൃഷി തുടങ്ങിയ ഈ ദശാസന്ധി.

 തലച്ചോറിൽ സംഭവിച്ചത്

       ഇണക്കം എന്നാൽ മനുഷ്യരോട് പേടി ഇല്ലാതിരിക്കുക എന്നതാണ്. ഇത് തലച്ചോറിന്റെ ഒരു പെരുമാറ്റക്രമം ആണ്.  ഈ പേടിയില്ലായ്മയേ ആണ് ആദ്യമായി ബ്രീഡിങ്ങിലൂടെ നിലനിർത്തിയ്ത്. കൂടെ ആക്രമണ സ്വഭാവത്തിന്റെ കുറവും. ഇവരണ്ടും ചേർന്ന ചെന്നായകളുടെ കുടുംബം പല തലമുറകളിലൂടെ  ഈ സ്വഭാവങ്ങൾ സ്ഥിരമായുള്ള  പുതിയ ബ്രീഡ് ആയിത്തീരുകയാണുണ്ടായത്. പെട്ടെന്ന് ഓടി മറയേണ്ടതില്ലാത്തതിനാൽ ഓട്ടത്തിന്റെ  പൊടുന്നനവത്വം മാറി, ചലനങ്ങളിൽ അയവും വന്നു. ഇതിനു വേണ്ട  മാറ്റങ്ങളാണ് തലച്ചോറിൽ ആദ്യമായി സംഭവിച്ചത്.

      ബോധജ്ഞാനത്തിന്റെ സൂക്ഷ്മതകൾ പേറുന്ന സ്വഭാവങ്ങളും  ഇതോടൊപ്പം നായ്ക്കളിൽ ആവശ്യമായി വന്നു. സ്വന്തം ആളുകളെ മനസ്സിലാക്കാനും അന്യരെ അകറ്റാനും നായ്ക്കൾ വിരുത്  ആർജ്ജിച്ചെടുത്തു. കൃഷി തുടങ്ങിയതോടെ നായ്ക്കളുടെ തലച്ചോർ പ്രവൃത്തികൾ ശാഖാന്വിതം ആയിത്തീരുകയാണുണ്ടായത്.  വീട്ടിൽ സൌമ്യനും പുറത്ത് ശൂരനും ആയി മാറി.  കാവൽ നിൽക്കുക, കടന്നു കയറുന്നവരെ ഓടിയ്ക്കുക ഇവയൊക്കെ പതിവായി. ഇവ മിക്കതും മനുഷ്യസഹജമായ പ്രവർത്തികളോട് വളരെ സാമ്യമുള്ളവയാണ്, ഏകദേശം അതേപോലെ മസ്തിഷ്കകേന്ദ്രങ്ങൾ വികാസം പ്രാപിച്ചതിന്റെ പരിണിതിഫലം.

      ഇണക്കിയെടുത്ത പലമൃഗങ്ങളുടേയും തലച്ചോറ് അവയുടെ കാടൻ സമാന്തരങ്ങളുടെക്കാൽ ചെറുതാണ്. ദേഹവലിപ്പവും അതുപോലെ. നായ്ക്കൾ ഉൾപ്പെടെ  നളർത്തുമൃഗങ്ങൾ പ്രതിനിധീകരികുന്നത് അവരുടെ കാടൻ പ്രപിതാമഹരുടെ കുഞ്ഞുങ്ങളെ ആണ്. കുഞ്ഞുങ്ങൾ പ്രായപൂർത്തി ആകാതെ അതേ പടി വളർന്ന്, കുട്ടിത്തം കാത്തുസൂക്ഷിയ്ക്കുന്ന ഈ പ്രകൃതം പലേ ജീവികളിലും കാണപ്പെടുന്നുണ്ട് നിയോറ്റെനി (Neoteny) എന്ന പ്രതിഭാസം. യൌവനം വന്നുദിച്ചിട്ടും ചെറുതായില്ല ചെറുപ്പം എന്നതാണ് നിർവ്വചനം. നായ്ക്കളുടെ തലച്ചോർ ചെന്നായ്ക്കുട്ടിയുടെതു പോലാണ്. കൊഞ്ചിക്കപ്പെടാനുള്ള ഔത്സുക്യം, സ്നേഹപൂർവ്വമായ പെരുമാറ്റം , ആക്രമണസ്വഭാവത്തിൽ നിന്ന് അകൽച്ച ഇവയൊക്കെ ചെന്നായ്ക്കുട്ടികൾക്കുമുണ്ട്.    മസ്തിഷ്ക വളർച്ചയെ ബാധിയ്ക്കുന്ന ജീനുകളാണ്  വളർത്തുമൃഗങ്ങളിൽ വ്യത്യാസപ്പെട്ട് കാണാറ്‌.  പ്രധാനമായും തലച്ചോറിലെ കോർടെക്സ്’, അമിഗ്ദല, ഹൈപോതലാമസ് എന്നീ ഭാഗങ്ങളീലാണ് ഇണക്കത്തിന്റെ നാഡീവ്യവസ്ഥാവ്യത്യാസങ്ങൾ എറ്റവും പ്രകടമായി കാണപ്പെടുന്നത്. ബോധജ്ഞാനം, തോന്നൽ, അനുഭൂതി, പേടിയും മറ്റു വികാരങ്ങളും, ഹോർമോൺ നിയന്ത്രണം ഇവയുടെ ഒക്കെ കേന്ദ്രങ്ങളാണിവ.   

             തലച്ചോറിൽ തെരഞ്ഞെടുക്കപ്പെട്ട ജീനുകളിൽ പ്രധാനം ഓർമ്മയുമായി ബന്ധപ്പെട്ടവയാണ്.  ഏകാഗ്രതയോടെ പലതും ഓർമ്മിച്ചെടുക്കാനുള്ള വ്യവസ്ഥകളാണ് ഇതിന്റെ കേന്ദ്രമായ ഹിപ്പോകാമ്പസ് എന്ന ഇടത്ത് നിജപ്പെടുത്തിയത്. ചെന്നായ്ക്കളെക്കാൾ സൂക്ഷ്മതരവും നെടുനാൾ നീണ്ടുനിൽക്കുന്നതുമായ ഓർമ്മകൾ നിലനിർത്താൻ മാത്രമല്ല പലതും പഠിച്ചെടുക്കുന്നതിൽ നൈപുണ്യം നേടുന്നതിലും വൈദഗ്ധ്യം നേടാൻ ഈ ഉണർച്ച പ്രാപിച്ച ജീനുകൾ സഹായിച്ചു.  ഇതിനു വേണ്ടീ ന്യൂറോണുകൾ തമ്മിലുള്ള വയറിങ് കണക്ഷനുകളും സംവേദനരാസവസ്തുവിദ്യകളും  നവീകരിക്കപ്പെട്ടു, അവയുടെ പ്രവർത്തനം ത്വരിതപ്പെടുത്തുന്ന ജീനുകൾ ഉണർന്നു പ്രവർത്തിച്ചു. വൻപൻ പെരുമാറ്റരീതിവിപര്യയമാണ് ഇതോടെ  വന്നുഭവിച്ചത്.സൂക്ഷ്മമതിയായ ഗ്രഹണശീലത്തിന്റെ (sensory perception) ജീനുകളും തലച്ചോറിൽ ഉണർന്നതോടെ  ചുറ്റുപാടുകളെക്കുറിച്ച് വ്യക്തമായ ധാരണകളാണ് മറ്റൊരു ജീവിയ്ക്കും സാദ്ധ്യമാകത്ത തരത്തിൽ വികാസം പ്രാപിച്ചത്. ഘ്രാണം, കാഴ്ച്ച, നിയന്ത്രിക്കുന്ന ജീനുകളുടെ ജാഗ്രതാനുകൂലത മറ്റൊരു വളർത്തുമൃഗത്തിനും ഇത്രയും സൂക്ഷ്മവും വിപുലവും ആയി നേടാനാവത്തതിന്റെ പൊരുളുകൾ ഇനിയും വെളിപ്പെടേണ്ടിയിരിക്കുന്നു. വേദന അറിയാനും തലച്ചോരിലേക്കൂള്ള സംവേദനപ്രക്രിയയ്ക്കും വേണ്ട ജീനുകളുമ്പരിഷ്ക്കരിക്കപ്പെട്ടു, ഇവകൾ കൂടുതൽ നിയന്ത്രനത്തിലായി.  കാലുകളുടെ വിന്യാസം, അവയുടെചലനവേഗം ഇവയൊക്കെ നിയന്ത്രിക്കുന്ന ജീനുകളും തലച്ചോരിൽ പുനർനവീകരിക്കപ്പെട്ടു,ഇവ മറ്റ് ഗ്രാഹ്യശക്തിനിയന്ത്രണജീനുകളുമായി പൊരുത്തിണക്കി, ഇരയെ കൃത്യമായി പിടികൂടി തിരിച്ച് ‘യജമാനന്റെ” അടുത്ത് എത്തിക്കാൻ വൈദഗ്ദ്ധ്യം നിജപ്പെട്ടു.

          മൂഡ്, പെരുമാറ്റരീതി, സന്തോഷാവസ്ഥ, ആകമണസ്വഭാവം, പഠനം, ഓർമ്മ ഇവയെ ഒക്കെ നിയന്ത്രിക്കുന്ന സിറടോനിനും അതിന്റെ സ്വീകരണിയും ചെന്നായ്ക്കളെ അപേക്ഷിച്ച് വളരെക്കൂടുതൽ ആണ് നായ്ക്കളിൽ. പ്രത്യേകിച്ചും പല തോന്നലുകളേയും നിയന്ത്രിക്കുന്ന ഹൈപോതലാമസിലാണ് സ്വീകരണികൾ എമ്പാടും വാരി വിതറിയിട്ടുള്ളത്. പേടിയേയും നിയന്ത്രിക്കുന്നതാകയാൽ നായ്ക്കളായി മാറുന്ന സമയത്ത് ആദ്യം  ഉണർന്നുയർന്നത് ഈ രാസവസ്തുവ്ന്റെയോ അതിനെ നിയന്ത്രിക്കുന്ന ജീൻ തന്നെയോ ആയിരുന്നിരിക്കണം. സർവ്വനിയന്ത്രണാധികാരമുള്ള പ്രി ഫ്രൊണ്ടൽ കോർടെക്സ് (നെറ്റിയ്ക്ക് നെരേ അകത്തുള്ള തലച്ചോർ ഭാഗം) ഇൽ സെറൊടോനിന്റെ  സ്വീകരണികൾ നായ്ക്കളിൽ ധാരാളം കാണുന്നു, ചെന്നായകളിൽ വളരെ കുറവാണു താനും. ഈ ജീൻമാറ്റം ഡോപമിൻ എന്ന, പ്രതിഫലത്തിനുഴറാനുള്ള രാസവസ്തുവിന്റെ അളവിനെ  ബാധിയ്ക്കുന്നുണ്ട്.  സ്നേഹം എന്ന പ്രതിഫലത്തിനു വേണ്ടി ആജ്ഞാനുവർത്തിയാകാനും സമൂഹത്തിൽ ആധിപത്യം നിലനിർത്താനും സഹായിക്കുന്നതാണ് ഈ ജീനുകൾ. ഈ ജീൻ മാറ്റമാണ് നായ്ക്കളെ എന്നെന്നേയ്ക്കുമായി മനുഷ്യരെ സ്നേഹിക്കാൻ പ്രാപ്തരാക്കിയത്. മനുഷ്യരോടൊപ്പം സാമൂഹ്യപെരുമാറ്റത്തിൽ പങ്കുചേരാൻ നായ്ക്കളെ സഹായിക്കുന്ന വിധം തലച്ചോർ രൂപപ്പെട്ടു വന്നതിന്റെ സമൂർത്തമായ ഉദാഹരണം ആണിത്.

         പേടിയുടെയും ആക്രമണോത്സുകതയുടെയും ജീനുകൾ പ്രധാനമായും രണ്ട് ക്രോമസോമുകളി (ജനിതക കോഡ് പേറുന്ന ഡി എൻ യും പ്രോടീനുകളും തമ്മിൽ കെട്ടുപിണഞ്ഞുണ്ടാക്കുന്ന കട്ടി  നാരുകഷണങ്ങൾ ആണ് ക്രോമസോമുകൾ.  എല്ലാ ജീനുകളും ഇവയിലാണ്  നായ്ക്കൾക്ക് 78 എണ്ണമുണ്ട് ഓരോ കോശങ്ങളിലും. മനുഷ്യർക്ക് 46 ഉം) ലാണ് കാണപ്പെട്ടത്.   ക്രോമസോം 18 ഇലും ക്രോമൊസോം  എക്സ്  (Chromosome X) ഇലും. ഈ ജീനുകൾ തലച്ചോറിലെ ന്യൂറോണൂകളിലാണ് ഏറ്റവും കൂടുതൽ ഉണർന്നിരിക്കുന്നത്.  പ്രത്യേകിച്ചും പേടിയുടേയും ചെറുത്തുനിൽക്കലിന്റേയും കേന്ദ്രങ്ങളായ അമിഗ്ദല, ഹൈപോതാമസ് എന്നീ ഇടങ്ങളി ൽ. ഉപരിനിയന്ത്രണമുള്ള പ്രി ഫ്രോണ്ടൽ കോർടെക്സ് എന്ന കേന്ദ്രത്തിലും ഈ ജീനുകൾ ജാഗരൂകർ ആണ്. ചെന്നായകളുടെതിൽ നിന്ന് നേർ വിപരീതം.  സ്പർശനത്തോടുള്ള സൂക്ഷ്മാവബോധം,  അപരിചതരായ മറ്റ് നായ്ക്കളോടും മനുഷ്യരോടുമുള്ള് പേടി ഇവയെ ഒക്കെ ക്രമീകരിക്കുന്ന ജീനുകൾ ഈ ക്രോമസോമുകളിൽ അടുത്തടുത്തായിട്ട് നിബന്ധിച്ചിരിക്കുന്നു.  ഈ ജീനുകളോടൊപ്പം സന്തതസഹചാരി വിട്ടുപോകുമോ എന്ന പേടിയു (separation anxiety)ടെ ജീൻ പേറുന്ന മറ്റൊരു ക്രോമൊസോമും ഉണ്ട്: ക്രോമോസോം 10.  ഉടമസ്ഥൻ നിർദ്ദേശിക്കുന്ന ആളെ ആക്രമിക്കാൻ പ്രേരിപ്പിക്കുന്ന ജീൻ ഉണ്ട് ക്രോമൊസോം 15 ഇൽ.  ക്രോമൊസോം 18 ഇലെ പേടി/ആക്രമണോത്സുകത ജീനുകളാണ് ചില പ്രത്യേക ബ്രീഡുകളിൽ തെരഞ്ഞെടുത്ത് ഉറപ്പിച്ചിരിക്കുന്നത്- ഡാഷ്ഹണ്ഡിലും (Dachshund) യോർക് ഷൈർ ടെറിയറിലും.   ഈ ജീനുകളിൽ ഒന്ന് മണം പിടിയ്ക്കലുമായി ബന്ധപ്പെട്ടതാണ്. മണമാണ് പേടിയ്ക്കണോ ആക്രമിക്കണോ എന്നൊക്കെ തീരുമാനിക്കാനുള്ള പ്രധാന പ്രേരകശക്തി.

  ആകെ 53 ഓളം  നിശ്ചിത ജീനുകളാണ് തലച്ചോറിൽ പുതുതായി ഉണർന്നതോ നവീകരിക്കപ്പെട്ടതോ ആയിട്ടുള്ളത് എന്നാണ് ഇന്നത്തെ കണക്ക്. പലതും മനുഷ്യനോട് അടുത്ത് പെരുമാറുന്നതിനു പ്രേരിപ്പിക്കുന്നതും സമൂഹത്തിൽ പരസ്പരവ്യവഹാരം ഉണർത്തുന്നതും ശാരീരികസ്പർശം പ്രോത്സാഹിപ്പിക്കുന്നതും ആണ്.        പതിനായിരക്കണക്കിനു വർഷങ്ങൾ കൊണ്ട് പരിണമിച്ച് ബ്രഹുത് വികാസം പ്രാപിച്ച തലച്ചോറുള്ള മനുഷ്യരുമായി സംവേദനത്തിൽ ഏർപ്പെടാനും അവരുടെ ചര്യകളിൽ സഹകരിക്കാനും നായകൾ പ്രാപ്തരായി ഇതോടെ. പിന്നീട് അന്ധരെ നയിക്കാൻ വരെ യോഗ്യതയും സാമർത്ഥ്യവും സമ്പാദിതമാക്കിയതിന്റെ ചരിത്രമുഹൂർത്തങ്ങളായിരുന്നു ഇവ.     

        മേൽ‌പ്പറഞ്ഞ പല ജീനുകളും ശരീരാകൃതിയുമായി ബന്ധപ്പെട്ടുമിരിക്കുന്നു എന്നത് ആശ്ചര്യജനകമാണ്. പേടി കൂടുതലുള്ള നായ്ക്കൾക്ക് ശരീരവലിപ്പം കാണുകയില്ല. പെട്ടെന്ന് കുരച്ചു ചാടുന്നതും ചെറിയ നായ്ക്കളാണ്. വലിയവ സമാധാനപ്രിയരാണ്. ഈ പ്രകൃതിയുമായി ഇവരിലെ മേൽ‌പ്പറഞ്ഞ ജീനുകളുടെ ഉണർവ്വിന്റെ തോത്  ബന്ധപ്പെട്ടുമിരിക്കുന്നു. ഉടമസ്ഥന്റെ നിർദ്ദേശമനുസരിച്ച് ആക്രമിക്കാൻ വെമ്പുന്ന ബ്രീഡുകൾക്ക് മറ്റ് നായക്കളെ ആക്രമിക്കാനും താൽ‌പ്പര്യമുള്ളയവാണ്. IGF1 എന്ന ജീൻ ആണ് ഇതിനു ഉത്തരവാദി. ഈ ജീൻ ചെറിയ ആകാരം പരുവപ്പെടുത്താനും സ്വാധീനം ചെലുത്തുണ്ട്.  (സാമാന്യം വലിയ ആകാരമുള്ള പിറ്റ് ബുൾ ടെറിയർ  കൊടുംഭീകരനാണ്;  ഏറ്റവും മോശം ജീനുകൾ പലതും ഒന്നിൽത്തന്നെ ആവാഹിക്കാൻ പല പല ബ്രീഡിങ്ങ്  നടത്തി  സൃഷ്ടിച്ചതാണ് ഇവനെ ). തലയോട്ടിയുടെയും മുഖത്തിന്റേയും വലിപ്പം, കാലുകളുടെ നീളം ഇവയൊക്കെ തലച്ചോറിലെ ജീനുകളോടൊപ്പം സമാന്തരമായി  ഉണർന്നെഴുന്നവയാണ്.  നായക്കളുടെ തലച്ചോറ് ചെന്നായകളുടെക്കായിലും ചെറുതാണ്. പരിതസ്ഥിതിയിൽ നിന്നും സംവേദനങ്ങൾ സ്വീകരിച്ച് പെരുമാറേണ്ടതിലെ സൂക്ഷ്മതയും വേഗവും ചെന്നായ്ക്കളോളം നായ്ക്കൾക്ക് വേണ്ടതില്ല എന്നതാണ് കാരണം. നിരന്തരം ജാഗരൂകരായി പ്രതിരോധിക്കാൻ തയാറാണ് ചെന്നായ്ക്കൾ, നായ്ക്കൾക്ക് സംരക്ഷണം മനുഷ്യർ നൽകുന്നുണ്ട്, ഭക്ഷണവും.

           ശരീരധർമ്മത്തെ പൊതുവായി ബാധിക്കുന്ന മറ്റനേകം ജീനുകളും ശ്വാനപരിണമത്തിൽ മാറപ്പെട്ടിട്ടുണ്ട്. ഊർജ്ജസംഭരണത്തെ ബാധിയ്ക്കുന്ന ജീനുകൾ, ചലനത്തേയും പേശികളേയും നിയന്ത്രിക്കുന്നവ,  ചയാപചയം മാറ്റിമറിക്കുന്ന, വേദന സംവദിക്കാനുള്ള ജീനുകൾ,  ഇങ്ങനെ നിരവധിയാ‍ണവ.  ബീജം അണ്ഡത്തോട് ചേരുന്നത് നിയന്ത്രിക്കുന്ന ജീനിലും പിന്നീട് ഭ്ര്രൂണം വളരുന്ന തോത് നിയന്ത്രിക്കുന്ന ജീനുകളിലും മാറ്റം വന്നു, ഇത് പ്രജനനത്തിൽ പുരോഗമനം സാദ്ധ്യമാക്കി. ആണ്ടീൽ ഒരിയ്ക്കൽ മാത്രമാണ് ചെന്നായ്ക്കളിൽ ബീജധാരണം നടക്കുന്നത്. നായ്ക്കളിൽ ഇത് പല തവണ ആവാം എന്ന നില വന്നു.  പത്തൊൻപതും ഇരുപതും നൂറ്റാണ്ടുകളിലാണ് ഇന്ന് കാണുന്ന പല ബ്രീഡുകളും ഉരുത്തിരിഞ്ഞു വന്നത്. അവയുടെ ജനിതകഘടനകളിലും മാറ്റങ്ങൾ വന്നിട്ടുണ്ട്. ജെർമൻ ഷെപ്പേർഡ്, ബീഗിൾ, ഷാ‍ർ-പൈ, ഗ്രേ ഹൌണ്ട് ഇവയൊക്കെ ഇന്ന് ജനിതകപരമായി  ചെറിയ  വ്യത്യാസം പേറുന്നവരാണ്. അടിസ്ഥാനപരമായി എല്ലാവർക്കും ഒരേ ജനിതകഘടന ആണെങ്കിലും ആകൃതി,  നിറം, രോമക്കുപ്പായത്തിന്റെ പ്രകൃതി,  സ്വഭാവം ഇവയിലൊക്കെ മാറ്റമുള്ളവയാണ്. ഇൻഡ്യയിൽ പൊതുവേ കാണപ്പെടുന്ന നാടൻ നായക്കളാണ് പഴയ നായ്ക്കുലത്തിനോട് ഏറ്റവും അടുത്തു നിൽക്കുന്നത്.

കണ്ണിൽ കണ്ണിൽ നോക്കിയിരുന്നാൽ.

 തലച്ചോറിന്റെ സൂക്ഷ്മവും അതിസംവേദനാത്മകവും നൂതനവുമായ പ്രവർത്തിവിശേഷങ്ങളാണ്  നായ്ക്കൾ മനുഷ്യരുമായി സ്നേഹപാരമ്യത്തിലെത്താൻ ഇഴപിരിച്ചെടുത്തത്. അദ്ഭുതാവഹമായിട്ടാണ് മനുഷ്യർ തമ്മിലുള്ള നിശബ്ദസന്ദേശസമ്പർക്കങ്ങൾ നായ്ക്കൾ അതേപടി പകർത്തിയത്. ഏകകേന്ദ്രാഭിമുഖപരിണാമം (convergent evolution)  എന്ന അപൂർവ്വപ്രതിഭാസം. ഒരേ പ്രവർത്തി അല്ലെങ്കിൽ സ്വഭാവം/വിദ്യ രണ്ട് വിഭിന്ന കാലഘട്ടങ്ങളിൽ രണ്ട് വ്യ്ത്യസ്ത സ്ലീഷീസുകളിൽ ഒരുപോലെ പരിണമിച്ചുണ്ടാകുന്ന സംവൃത്തി. ഉറ്റുനോട്ടം, ബദ്ധദൃഷ്ടി എന്നൊക്കെപ്പറയാവുന്ന gaze ഇലൂടെ  തലച്ചോറിലെ രാസവിദ്യാവ്യവഹാരങ്ങളെ മാറ്റിമറിച്ച്  രണ്ടു വ്യക്തികളിലും ഒരേ അനുഭൂതി ഉണർത്തുന്ന ഈ മാജിക് നടപടിയാണ്    നായ്ക്കൾ സ്വന്തം തലച്ചോറിൽ ഘടിപ്പിച്ചെടുത്തത്. മനുഷ്യരുടെ സാമൂഹിക സംവേദനങ്ങളിൽ പങ്കെടുക്കാനുള്ള നിപുണത  നായ്ക്കളുടെ അടുത്തബന്ധുവായ ചെന്നായ്ക്കോ മനുഷ്യന്റെ അടുത്ത ബന്ധുവായ ചിമ്പാൻസിക്കോ ലഭിച്ചിട്ടില്ല. മനുഷ്യരിൽ പെരുമാറ്റപരമായ ബോധജ്ഞാനം ഉരുത്തിരിഞ്ഞത്  സമൂഹബന്ധങ്ങളുടെ മാറ്റങ്ങളിൽ നിന്നോ ആവശ്യങ്ങളിൽ നിന്നോ ആണ്,  ചിമ്പൻസിക്ക് അതിജീവനബദ്ധമല്ലാത്തതാണത്. പരിണാമത്തിന്റെ രണ്ട് അകന്ന ശാഖകളിൽ ഉരുത്തിരിഞ്ഞ മനുഷ്യനും നായയും  പരസ്പരസംബന്ധസംവേദനത്തിനു വേണ്ടി  നാഡീവ്യ്സ്ഥ (neural system)  വഴക്കിയെടുക്കുകയാണുണ്ടായത്. ഒരുമിച്ച് ജീവിക്കുമ്പോൾ മിണ്ടിയും പറഞ്ഞും കഴിയുന്നതാണ് നല്ലത് എന്ന ലളിതയുക്തി നായ്ക്കൾ സ്വായത്തമാക്കി എന്നതിൽ അദ്ഭുതമില്ലെങ്കിലും തലച്ചോറിന്റെ സൂക്ഷ്മപ്രവർത്തികൾ അതേപടി അനുകരിച്ചെടുത്തു എന്നത് വിസ്മയം തന്നെ.

       കണ്ണിൽ കണ്ണിൽ നോക്കുന്നത് ബന്ധങ്ങൾ ഊഷ്മളമാക്കുന്നതിലേക്കുള്ള വഴിതെളിയ്ക്കലാണ്.  അമ്മയും കുഞ്ഞുമായും ലൈംഗികപങ്കാളികൾ തമ്മിലും (ഇത് സെക്സിലേക്ക് നയിക്കാനുള്ള കുറുക്കുവഴി ആയ പ്രേമത്തിന്റെ യുക്തിപ്രവർത്തി ആണ്)   ഉള്ള ഉറ്റുനോട്ടം തലച്ചോറിൽ പത്യ്ക്കാൻ ഉദ്ദേശിച്ചുള്ള അമ്പുകളാണ്. അമ്മ കുഞ്ഞിനെ തലോടി കണ്ണിൽ നോക്കുമ്പോൾ  കുഞ്ഞിന്റെ തലച്ചോറിലെ പിറ്റുവിറ്ററി ഗ്രന്ഥി ‘ഓക്സിറ്റോസിൻ’ എന്ന ഹോർമോൺ ഉത്പ്പാദിപ്പിക്കുകയാണ്. ഈ ഹോർമോൺ പ്രതിഫലന്യൂറോരാസവസ്തു ആയ ഡോപമിന്റെ അളവ് കൂട്ടും. അക്കൂടെ മനസ്സിനു അയവു വരുത്തുന്ന എൻഡോർഫിന്റേയും.  മനസ്സ് ശാന്തമായും ആനന്ദകരമായും വർത്തിക്കും. കുഞ്ഞിന്റെ കണ്ണുകളിലെ പ്രതിഫലനം  (ചിലപ്പോൾ മുല കുടിയ്ക്കുന്ന കൃത്യം ആയിരിക്കും) അമ്മയിൽ  ഓക്സിറ്റോസിൻ അളവു കൂട്ടുകയും അമ്മയുടെ മനസ്സും  ശാന്തി സമാധാന തീരങ്ങളിൽ എത്തുകയും ചെയ്യുന്നു. പരസ്പരസ്പർശമില്ലാതെ നോട്ടം കൊണ്ട് മാത്രം  ഈ തലച്ചോറ് പ്രതികരണം സാദ്ധ്യമാവുമെന്നതാണ് പ്രത്യേകത. പ്രഥമദർശനാനുരാഗത്തിന്റെ പിറകിൽ, കണ്ണും കണ്ണും തമ്മിൽത്തമ്മിൽ കഥകൾ കൈമാറുന്നതിന്റെ പിന്നിലെ തന്ത്രം ഓക്സിറ്റൊസിൻ കളിയ്ക്കുന്ന കളിയാണ്.  അതിനുശേഷം സ്പർശനസുഖം കൈവാന്നാൽ കണ്ണുകൾ അടഞ്ഞുപോകുന്നത് ഓക്സിറ്റൊസിൻ തന്റെ ജോലി വൃത്തിയായി ചെയ്ത് മറ്റ അനുഭൂതികളെ ഉണർത്തി വിടുകയും അവയിലേക്ക് കേന്ദ്രീകരിക്കപ്പെടുവാനുമാണ്..

             ഈ ടെലിപ്പതിക് വികാരപ്രസരണം അപ്പാടെ  ആണ് ശ്വാനവീരന്മാർ ഹൈജാക്ക് ചെയ്തത്.  2015 ഇലെ സയൻസ് മാഗസീൻ കവർ ഫീച്ചർ  ആയി വിക്ഷോപിച്ചു, ഈ സുപ്രധാന കണ്ടുപിടിത്തം. മൂക്കിൽ തൊട്ടുപുരട്ടിയതോ രക്തത്തിൽ ചേർത്തതോ ആയ ഓക്സിറ്റോക്സിൻ നായ്ക്കളിൽ  അതിന്റെ പ്രതിപ്രവർത്തനമായ  ആനന്ദാഹ്ലാദങ്ങൾക്ക്  തുടക്കമിടുമെന്ന് നേരത്തെ കണ്ടുപിടിച്ചിരുന്നു. ഈയിടെ  ഒരുകൂട്ടം ജാപനീസ് ശാസ്ത്രജ്ഞർ വൃത്തിയായി  നായ്ക്കളുടെ ഈ കോപ്പിയടിക്കാരണം  പുറത്താക്കി. അവർ പലേ നായ്ക്കളെയും അവരുടെ സഖാക്കളേ  (മനുഷ്യർ)  യും ഒരു മുറിയിലാക്കി കണ്ണിൽക്കണ്ണിൽ നോക്കിയിരിക്കാൻ അനുവദിച്ചു.  അരമണിക്കൂറ് നോട്ടം, മുൻപും പിൻപും മൂത്രത്തിലെ ഓക്സിറ്റോസിൻ പരിശോധന, ഇങ്ങനെയാണ് പരീക്ഷണ സംവിധാനം. പ്രതീക്ഷിച്ചതുപോലെ ഈ  ദർശനസുഖവേളയ്ക്കു ശേഷം നായ്ക്കളുടെ മൂത്രത്തിലെ ഓക്സിറ്റോസിൻ അളവ് കൂടിയിരുന്നു. വീട്ടിൽ വളർത്തിയ ചെന്നായ്ക്കളിൽ ഇതൊന്നും സംഭവിച്ചില്ല.  ചില അമ്പരപ്പുകൾ സമ്മാനിച്ചു ഈ പരീക്ഷണം. കൂടുതൽ നേരം നായ്ക്കൾ നോക്കിയിരുന്നപ്പോൾ ഉടമസ്ഥന്റെ ഓക്സിറ്റോസിൻ അളവ് ദാ മുകളിൽ!  ഓക്സിറ്റോസിൻ  കുത്തിവയ്ക്കപ്പെട്ട നായക്കൾ ചില്ലറയല്ല ഉടമസ്ഥന്റെ ഓക്സിറ്റൊസിൻ അളവ് കൂട്ടിയത്, വെറും നോട്ടം കൊണ്ട്! ഈ ഓക്സിറ്റോസിൻ കുത്തിവയ്ക്കപ്പെട്ട നായ്ക്കൾ (ശ്വാനത്തെരുണികളാണ് കണ്ണു പറിയക്കാത്ത നോട്ടം പലപ്പോഴും സമ്മാനിച്ചത്) ഉടമസ്ഥരെ കൂടുതൽ നേരം നോക്കിയിരിക്കുകയും ചെയ്തു. എത്ര കണ്ടാലും കൊതി തീരികില്ലെനിക്കെത്ര കണ്ടാലുമീ കൺകൾ എന്ന മട്ടിൽ.  വെറുതേ തലോടുന്നതും ചെറിയ രീതിയിൽ ഓക്സിറ്റോസിൻ അളവ് കൂട്ടാൻ സഹായിക്കും. നായ്ക്കളെ തടവുന്ന  ഉടമസ്ഥന്റേയും  ഓക്സിറ്റോസിൻ അളവ് കൂടുന്നുണ്ട്. വെറുതേ അടുത്തിരുന്നാലോ സംസാരിച്ചലോ ഓക്സിറ്റോസിൻ അളവിൽ മാറ്റമൊന്നുമില്ല. കണ്ണും കടക്കണ്ണും കഥ കൈമാറുന്നേരം മാത്രം സംഭവിക്കുന്ന ഹോർമോൺ ബൂസ്റ്റ്.

       ഓക്സിറ്റോസിൻ പ്രവർത്തനം  പ്രധാനമായും തലച്ചോറിലെ സിംഗുലേറ്റ് കോർടെക്സ്    (നെറ്റിയ്ക്ക് പിറകിൽ അകത്തുള്ള തലച്ചോർ ഭാഗം. ചിത്രം 2 നോക്കുക)  ന്റെ മുൻ ഭാഗത്താണ്. പ്രതിഫലത്തിന്റെ പ്രതീക്ഷ, തീരുമാനങ്ങൾ എടുക്കൽ, വികാരങ്ങൾ, ഉൾപ്രേരണ ഇവയുടെ ഒക്കെ കേന്ദ്രമാണ് കോർടെക്സിന്റെ ഈ ഭാഗം.  അമിഗ്ദല, ഹൈപോതലാമസ് ഇൻസുല ഇങ്ങനെ പലതരം വികാരങ്ങളെ നിയന്ത്രിക്കുന്ന മറ്റ് ഇടങ്ങളുമായും ബന്ധിപ്പിച്ചിട്ടുണ്ട് ഈ സിംഗുലേറ്റ് കോർടെക്സിനെ. കണ്ണിൽക്കണ്ണിലുള്ള നോട്ടം അപ്രകാരം ഈ തലച്ചോർ ഭാഗത്തെ  വികാരങ്ങളെ ആണ് നിയന്ത്രിക്കുന്നത്. മനുഷ്യർ കുടുംബാംഗങ്ങളിൽ നിന്ന് നേടുന്നതുപോലെ തന്നെ നായ്ക്കളിൽ നിന്നും  സ്വസ്ഥതയും തെളിഞ്ഞ മാനസികനിലയും  നേടുന്നു.  ആരോഗ്യപരിപാലനരംഗത്ത് നായക്കൾക്കുള്ള നിർവ്വഹണസാംഗത്യം ഇതോടേ  ഏറുകയാണ്. പരിശീലനം ലഭിച്ച നായ്ക്കളെ ഓടിസം ബാധിച്ചവർക്കോ  മാനസികാഘാത (trauma)ത്തിൽ നിന്ന് കരകേറുന്നവർക്കോ സഹായികളായി  നിയുക്തമാക്കാമെന്ന്  തെളിയുന്നു.

          പരിണാമം പലപോഴും പിശുക്ക് കാണിക്കാറുണ്ട്. പണ്ട് പയറ്റിത്തെളിഞ്ഞ തന്ത്രങ്ങൾ വീണ്ടും ഉപയോഗിച്ചെന്നു വരും. മനുഷ്യർ കുഞ്ഞുങ്ങളോട് കാണിയ്ക്കുന്ന വാത്സല്യം നുകരാൻ അതിലെ തന്ത്രവിധികൾ അതേ രീതിയിൽ തലച്ചോറിൽ ഘടിപ്പിച്ചെടുത്ത് ഒരു കുട്ടിയായി  വരികയാണ് നായ്ക്കൾ ചെയ്തത്. (ഒരു ആൺകുട്ടിയുടെ ആത്മാവ് പേറിയ പട്ടി അംഗീകാരത്തിനും സ്നേഹത്തിനും ഉഴറി നടക്കുന്ന പ്രമേയമുള്ള  അരവിന്ദന്റെ ‘കുമ്മാട്ടി’ ഓർമ്മിക്കുക).  എന്നിട്ട് ഓക്സിറ്റോസിൻ സ്രവിച്ച്  സ്പർശനം പോലുമില്ലാതെ നമ്മളിലേക്ക് സംക്രമിപ്പിക്കുക, ഒരു കുഞ്ഞിനോടു തോന്നേണ്ട വാൽസല്യം ആ നാൽക്കാലിയോട് തോന്നിപ്പിക്കുക. നമ്മുടെ വാത്സല്യവികാരങ്ങളെ ചൂഷണം ചെയ്യുന്ന നടപടിക്രമം എന്ന് തോന്നുമെങ്കിലും നായ്ക്കളെ ഇണക്കിത്തുടങ്ങിയ മനുഷ്യരെ അതിൽ സഹായിക്കുകയാണ് ഈ ജീവികൾ ചെയ്തത് എന്നത് ഓർമ്മയിരിക്കേണ്ടതാണ്. അല്ലെങ്കിൽത്തന്നെ  ഇണങ്ങിവരാൻ നാം സാഹചര്യം ഒരുക്കി എന്നെ കണക്കാക്കാനുള്ളൂ ഈ പാര്യസ്പര്യത്തിൽ.  ഒരു നോട്ടത്തിൽക്കൂടിമാത്രം സാമൂഹികപ്രതിഫലം അതും വികാരപരമായത് മനുഷ്യനു പ്രദാനം ചെയ്യാൻ കഴിയുക എന്നത് പരിണാമത്തിൽ നമ്മോട് വളരെ ദൂരത്തിലും  മറ്റൊരു ശ്രേണീയിലും നിൽക്കുന്ന നായ്ക്കൾക്ക് സാധിക്കും എന്നത്  ചില്ലറക്കാര്യമല്ല.  ഡാർവീനിയൻ പ്രമാണമനുസരിച്ച് അർഹതയുള്ളവയുടെ അതിജീവനം സാദ്ധ്യമാകുമ്പോൾ മനുഷ്യർ  അവർക്ക് സ്വാസ്ഥ്യം നൽകുന്നവരെ പിൻ തുണയ്ക്കും എന്ന വെളിപാട് നേരത്തെ കിട്ടിയവരാണ്  ഈ സാരമേയങ്ങൾ. നമ്മൾ അവരെ മനസ്സിലാക്കുന്നതിൽക്കൂടുതൽ അവർ നമ്മെ മനസ്സിലാക്കുന്നുണ്ട്.  ചിക്കൻ തിന്നുകൊണ്ടിരിക്കുമ്പോൾ നിങ്ങളുടെ അരുമയാന പട്ടിക്കുട്ടി കൃത്യമായി  നോക്കിയിരുന്നെങ്കിൽ അത് ഒരു  പീസ് ചിക്കൻ കിട്ടുമെന്ന് വിചാരിച്ചല്ല, നിങ്ങളുടെ ഹൃദയത്തിന്റെ രഹസ്യങ്ങൾ ചൂഴ്ന്നെടുക്കാനാണ് എന്ന് മനസ്സിലാക്കിയാൽ നിങ്ങൾക്ക് നന്ന്.

എന്നോട് പറ, ഐ ലൌ യൂ ന്ന്!

 സ്നേഹം വേണം, അതിനുള്ള വഴികൾ തലച്ചോറിൽ ഘടിപ്പിച്ചു, നിങ്ങളുടെ കണ്ണുകളിൽ അത് പ്രതിഫലിക്കുന്നത് ഞങ്ങൾ അറിയുന്നു എന്ന റൊമാന്റിക് കവിതാരീതി കൊണ്ടൊന്നും  തൃപ്തിപ്പെടുന്നവരല്ല  ഈ പുരാണബന്ധുക്കാർ. ഓമനത്തിങ്കൾക്കിടാവോ പാടിയാൽ അതിൽ വാൽസല്യം എത്ര കഴഞ്ച് എന്ന്  അന്വേഷിക്കുന്നവരുമാണ് അവർ. ഏകദേശം ആയിരത്തോളം വാക്കുകളുടെ അർത്ഥം പിടികിട്ടാൻ പ്രാപ്തരാണ് നായ്ക്കൾ. എന്നുമാത്രമല്ല അവയെ തരം തിരിച്ച് പല പ്രവൃത്തികൾക്കും ഉത്തേജനമായി ഉപയോഗിക്കാനും അറിയാം. ശബ്ദപരമായ സൂചനകളെ സംസ്കൃതീകരിച്ചെടുക്കുന്ന  തലച്ചോറ് ഇടം മനുഷ്യർക്കും നായകൾക്കും ഒരേ പോലെയാണ് എന്നത് വിസ്മയകരമാണ്. ഏകദേശം നൂറു മില്ല്യൺ വർഷങ്ങൾക്ക് മുൻപ് വേർ തിരിഞ്ഞതാണ് നായകളുടേയും മനുഷ്യന്റേയും തായ്‌വഴികൾ.  തലച്ചോറിലെ ഈ സാമ്യം അസാധാരണമാണ്. 

       കേൾവിയിൽ നിന്നുള്ള അറിവ് രണ്ടു തരത്തിലാണ്. ഒന്ന് വാക്കിന്റെ പരമമായ അർത്ഥം (lexical) മനസ്സിലാക്കുന്നത്, അത് എന്ത് സൂചിപ്പിക്കുന്നു എന്നത്. മറ്റൊന്ന് അതിന്റെ ഉച്ചാരണത്തിലെ ശബ്ദക്രമീകരണമോ സ്വരഭേദമോ  (intonation)  കൊണ്ട് സൂചിപ്പിക്കുന്ന അർത്ഥം. “വേഗം പൊയ്ക്കോ” എന്ന് വികാരരഹിതമായി സ്വരഭേദമൊന്നുമില്ലാതെ ഉച്ചരിക്കുന്നതിൽ നിന്നും വലിയ അർത്ഥവ്യത്യാസമാണ് അതേ വാക്കുകൾ വളരെ ഉറക്കെ നിർദ്ദേശവ്യാപ്തിയോടെ വിളിച്ചുപറയുമ്പോൾ വന്നു ചേരുന്നത്. “തരൂ’ എന്നത് യാചനാശീലമായോ ഉഗ്രനിർദ്ദേശമോ ആയിത്തീരാം ഇന്റൊണെഷന്റെ ഭേദങ്ങളാൽ. ഇതിൽ ആദ്യത്തേത് (വാക്കിന്റെ തനതായ അർത്ഥം മാത്രം മനസ്സിലാക്കുന്നത്)  തലച്ചോറിന്റെ ഇടതു ഭാഗം (lexical- left hemisphere) ആണ്, ശബ്ദവ്യത്യാസാ‍ർത്ഥം പൊരുൾ തിരിക്കുന്നത് വലതുഭാഗവും (intonational-right hemisphere) .  ജന്തുക്കളുടെ മനസ്സിലാക്കൽ ആദ്യത്തെ ഗ്രൂപ്പിൽ ( വാക്കിന്റെ തനതുമാത്രമായ അർത്ഥം lexical) നിന്നും ഉളവാകുന്നതല്ല, ധ്വനിയിൽ നിന്നും മാത്രമാണ്. ആനയോട് “ഇസറ്റിയാനേ” എന്ന് പറയുമ്പോൾ അതിന്റെ  ശബ്ദവിന്യാസം മാത്രമാണ് പൊരുൾ പേറുന്നത്. സമർത്ഥമായ പരിശീലനം കൊണ്ട് ചില ജന്തുക്കൾ വാക്കുകൾ ഉച്ചരിച്ചേക്കാം പക്ഷേ അവയ്ക്ക് നിശ്ചിത അർത്ഥം ഉണ്ടെന്ന് പിടി കിട്ടിയിരിക്കുകയില്ല. വൈവിദ്ധ്യമുള്ള ധ്വനിപ്പിക്കൽ ഇല്ലാതെയുള്ള, നിർമ്മമവും നിർവ്വികാരവുമായ വാക്കുകൾ ഒരു ജന്തുക്കൾക്കും പിടി കിട്ടുകയില്ല.

    എന്നാൽ വാക്കിന്റെ തനത് അർത്ഥവും (lexical) ശബ്ദ്/സ്വരഭേദത്തോടെയുള്ള അർത്ഥവും (intonational)  മനസ്സിലാക്കാൻ കഴിവുണ്ട് നായകൾക്ക് എന്നത് വിപ്ലവകരമായ നൂതന കണ്ടുപിടിത്തമാണ്. 2016 സെപ്റ്റെംബറിലെ സയൻസ് മാഗസീനിൽ  അതിപ്രാധാന്യത്തോടേ ഇക്കാര്യം പ്രസിദ്ധീകരിച്ചപ്പോൾ  ഭാഷാപഠനത്തിന്റെ ഫിസിയോളജി, ചരിത്രം, തലച്ചോറിന്റെ പരിണാമം, നായ് സൈക്കോളജി, നായ്ക്കളുടെ പരിണാമം, പരിണാമത്തിന്റെ വിചിത്രവഴികൾ  ഇവയ്ക്കൊക്കെ പുതിയ ഏടുകൾ എഴുതിച്ചേർക്കപ്പെടുകയായിരുന്നു  .

    കേൾക്കുന്ന ശബ്ദങ്ങൾ അന്വയിച്ച് പാകപ്പെടുത്തി അർത്ഥപൂർണ്ണമാക്കുന്നത് തലച്ചോറിലെ കോർടെക്സ് എന്ന ഇടത്തെ  ശ്രവണകേന്ദ്ര  (auditory cortex) ത്തിലാണ്. ഇതിനോടനുബന്ധിച്ചുള്ള വികാര ഉണർച്ചയ്ക്ക് ഈ സംവേദനങ്ങൾ മറ്റ് കേന്ദ്രങ്ങളിലേക്ക് അയയ്ക്കപ്പെടും. തലച്ചോറിന്റെ  വലത്തെ അർദ്ധഗോളം (right hemisphere)  ആണ് ഇക്കാര്യങ്ങളൊക്കെ കൈകാര്യം ചെയ്യുന്നത്; മേൽ‌പ്പറഞ്ഞ രണ്ടുകേന്ദ്രങ്ങളും മനുഷ്യരിലും നായ്ക്കളിലും ഒരു പോലെയാണ്.  എം ആർ ഐ സ്കാനിങ് വിദ്യകൾ കൊണ്ട് ശബ്ദങ്ങൾ വ്യാഖ്യാനിക്കപ്പെടുന്ന ഇടങ്ങളുടെ ആകൃതിയും പ്രകൃതിയും മാത്രമല്ല  പ്രവൃത്തിയും നിർവ്വഹണവും വിശദീകരിക്കപ്പെട്ടിട്ടുണ്ട്. ഇവയെല്ലാം അസാമാന്യരീതിയിൽ സാമ്യമുള്ളവയാണ്. മനുഷ്യരിലും നായകളിലും. വാക്കുകൾ ഉളവാക്കുന്ന വികാരവായ്പ്പിന്റെ കേന്ദ്രങ്ങൾ  ഒരേ പോലെയാണ്.
   
             വാക്കുകൾ, സംഭാഷണം എന്നിവ കേൾവി വഴിയിലൂടെ പ്രതികരണം രൂപപ്പെടുത്താൻ ഉദ്ദേശിച്ചുള്ളവയാണ്. അന്തർകർണ്ണത്തിലൂടെ ശ്രവണകേന്ദ്രത്തിലെത്തുന്ന ശബ്ദങ്ങൾ ആദ്യവ്യാഖ്യാനങ്ങൾക്കുശേഷം  തലച്ചോറിലെ കോർടെക്സിൽ കുറച്ച് ഉള്ളിലായിട്ടുള്ള മറ്റൊരു കേന്ദ്രത്തിലേക്ക് അയയ്ക്കപ്പെടുകയാണ്. പ്രതീക്ഷയും സന്തോഷവും ഉളവാക്കപ്പെടുന്ന സംഭാഷണമാണ് കേൾക്കുന്നതെങ്കിൽ ഡൊപമിൻ എന്ന രാസവസ്തു ധാരാളമായി സ്രവിക്കപ്പെടുകയാണ്. പ്രതിഫലത്തിനു വേണ്ടി ഉഴറുകയും അത് ലഭ്യ്ക്കുമ്പോൾ അത്യാഹ്ലാദം പൂണ്ടു വിളയാടാൻ പ്രേരിപ്പിക്കുകയും ചെയ്യുന്ന രാസവസ്തുവാണ് ഡോപമിൻ.  സ്നേഹമസൃണ വാക്കുകൾ, പുകഴ്ത്തലുകൾ ഒക്കെ ഇത്തരം രാസവിദ്യാക്രമപ്പെടുത്തലിലൂടെയാണ് അനുഭവഭേദ്യമാകുന്നത്. സംഗീതത്തിൽ നിന്നുള്ള അനുഭൂതികളും ഇപ്രകാരമാണ് സൃഷ്ടിക്കപ്പെടുന്നത്.  ഈ സൂക്ഷ്മയാന്ത്രികപ്രതിഫലനം എം ആർ ഐ മുതലായ പ്രവിദ്ധികളാൽ രേഖപ്പെടുത്താവുന്നതാണ്.

            വാക്കുകളുടെ  തനത് അർത്ഥം മനസ്സിലാക്കലും  ശബ്ദഭേദം കൊണ്ട് അവ ഉളവാക്കുന്ന അനുരണവും വികാരപരതയും നായ്ക്കളിൽ  എങ്ങനെ വർത്തിക്കുന്നു എന്ന് പലേ പരീക്ഷണങ്ങളിൽക്കൂടിയാണ്  തെളിയിക്കപ്പെട്ടത്.പുകഴ്ത്തിക്കൊണ്ടുള്ള വാക്കുകൾ  ( ‘Well done!”  “Good boy”പോലെ) പലതരത്തിൽ കേൾപ്പിക്കുകയാണ് ആദ്യം ചെയ്തത്. തികച്ചും വ്യത്യസ്തമായി നിർവ്വികാരതയോടെയും നേരേ മറിച്ച് അതി തീവ്രമായി  ഒരു വിജയാഘോഷമെന്ന ധ്വനിയോടു കൂടെയും  ഇത് കേൾപ്പിക്കുക എന്നതായിരുന്നു പരീക്ഷണങ്ങളുടെ ഒരു സംവിധാനം. ഇത് കേൾക്കുമ്പോൾ  മേൽ‌പ്പറഞ്ഞ ഡോപമിൻ ഉൾപ്പെട്ട പ്രതിഫലകേന്ദ്രം അനുരണനങ്ങൾ പ്രത്യക്ഷമാക്കുന്നുണ്ടോ എന്ന് എം  ആർ ഐയും മറ്റ് സംവിധാനങ്ങൾ കൊണ്ടും  നിരീക്ഷിച്ചുകൊണ്ടും ഇരുന്നു. ശബ്ദഭേദമില്ലാത്ത പുകഴ്ത്തൽ വാക്കുകൾ എന്തെങ്കിലും പരിണിതഫലം ഉളവാക്കുന്നോ എന്നത് നിരീക്ഷിക്കുകയും ചെയ്തു.  ഇടതുഭാഗത്തെ കേന്ദ്രം വാക്കുകൾക്കും വലതുഭാഗത്തെ കേന്ദ്രം ശബ്ദവിന്യാസ വ്യത്യാസങ്ങൾക്കും വശംവദരാകുന്നുണ്ടോ എന്നതാണ് പഠനത്തിന്റെ കാതൽ.  പുകഴ്ത്തൽ വാക്കുകൾ മാത്രമേ പ്രതിഫല കേന്ദ്രങ്ങളെ ഉണർത്തിയുള്ളു . മറ്റ് വാക്കുകൾ പുകഴ്ത്തൽ പോലത്ത ശബ്ദവിന്യാസത്തോടെ കേൾപ്പിച്ചപ്പോൾ ഒരു അനുരണനവും ഉണ്ടായില്ല. ഒരു കാര്യം തീരുമാനമായി- വാക്കുകളുടെ അർത്ഥം അവർക്ക് പിടികിട്ടുന്നുണ്ട്, നിർവ്വികാരമായി ഉച്ചരിച്ചാലും. സന്തോഷം കൂടുതൽ  ഉളവാകണമെങ്കിൽ പുകഴ്ത്തൽ വാക്കുകൾ ഉചിത ശബ്ദവിന്യാസങ്ങളോടേ കേൾപ്പിക്കണം.  മോഹൻ ലാൽ കഥാപാത്രം പല ശബ്ദവിന്യാസങ്ങളിൽക്കൂടി പ്രേയസിയെക്കൊണ്ട് “ഐ ലവ് യൂ” പറയിപ്പിച്ച് പ്രതിഫലകേന്ദ്രം  ഉത്തേജിപ്പിച്ച് സന്തോഷിക്കുന്നതിലെ തത്വം സിനിമയിൽ മാത്രം ഒതുക്കേണ്ടതല്ല, നായ് മസ്തിഷ്ക്കത്തിൽ  അതേ നടപടികളാണ്.

         ഈ പരീക്ഷണങ്ങളിൽ നിന്നുള്ള അനുമാനങ്ങൾ പലതാണ്.  നായ്ക്കളുടെ തലച്ചോറിലെ ഇടതു അർദ്ധഗോളം (left hemisphere)  അർത്ഥമുള്ള വാക്കുകൾ ശബ്ദഭേദങ്ങളില്ലാതെ മനസ്സിലാക്കും. വാക്കുകളിലെ ചെറിയ സ്വരഭേദങ്ങൾ കൊണ്ട് വികാരപരമായ അനുരണനങ്ങൾക്ക് പ്രാപ്തിയുണ്ട്. വാക്കുകളുടെ പ്രതിഫലമൂല്യം  വാക്കുകളുടെ അർത്ഥത്തേയും സ്വരഭേദത്തേയും ആശ്രയിച്ച് ക്രമപ്പെടുത്തും.. ഇവയെല്ലാം ഇതേ പോലെ പ്രാവർത്തികമാണ് മനുഷ്യമസ്തിഷ്ക്കത്തിലും. അങ്ങനെ ഒരേപോലത്ത കേൾവി-അനുബന്ധ വികാരപരത പരിണമിച്ച് വന്നിരിക്കയാണ്. ഇണങ്ങിവന്നപ്പോൾ ആഞ്ഞുശ്രമിച്ചിരിക്കയാണ് നായ്ക്കൾ മനുഷ്യരോടൊപ്പമെത്താൻ. തെരഞ്ഞെടുപ്പ് സമ്മർദ്ദം നായകളിൽ ചെലുത്തിയിരുന്നോ മനുഷ്യർ? അറിയില്ല. ഭാഷാപഠനത്തിനുള്ള സാമഗ്രികൾ പരിണാമത്തിൽ വളരെ മുൻപു തന്നെ ജീവികളിൽ ഘടിപ്പിച്ചിരുന്നിരിക്കണം, ഉപയോഗപ്രദമാക്കാൻ താമസിച്ചു എന്നേയുള്ളു. പക്ഷേ ആൾക്കുരങ്ങിനോ ചിമ്പൻസിക്കോ  ഇങ്ങനെ ഒരു ആനുകൂല്യം കിട്ടിയില്ല. സങ്കീർണ്ണമായ ഭാഷാപ്രയോഗം മുഴുവനായി ഉരുത്തിരിഞ്ഞു വരാതെ, സംസാരിക്കാൻ കഴിയാതെ വാക്കുകൾ മനസ്സിലാക്കുകയും അവയുടെ അർത്ഥഭേദങ്ങൾ സ്വരവിന്യാസങ്ങൽ കൊണ്ട് പിടി കിട്ടുകയും ചെയ്യുക, അതനുസരിച്ച്  തോന്നലുകൾ മാറി മറിയുക ഇവയെല്ലാം ജന്തുക്കളിൽ അത്യപൂർവ്വം എന്നല്ല, ഇല്ല തന്നെ.  ഇപ്പോഴത്തെ ഗവേഷണം വാക്കുകൾ കേട്ട് സന്തോഷം ഉളവാക്കുന്നതിൽ ചുരുക്കപ്പെട്ടതാണ്, കോപം, സങ്കടം ഇത്യാദി വികാരങ്ങളും അവരിൽ ഉളവാകുന്നില്ലെന്ന് ആർക്കറിയാം.
 
  നോട്ടത്തിലൂടെ, ഓക്സിറ്റോസിൻ സ്രവണത്തിലൂടെ നമ്മുടെ തോന്നലുകളെ മാറ്റിമറിയ്ക്കലിലൂടെ, നിശബ്ദസംഭാഷണത്തിലൂടെ മനുഷ്യരുമായി സംവദിക്കാനുള്ള അതയ്പൂർവ്വമായ ആർജ്ജവം സ്വരൂപിപ്പിച്ചെടുത്ത ജീവികളാണ് നായക്കൾ.

പോടാ പട്ടീ
 എന്നാൽ മനുഷ്യരുടെ അധീശസ്വഭാവവും ഈഗോയും താൻ പോരിമയും എല്ലാം വിളിച്ചോതുന്നത് ‘നിങ്ങൾ വെറും പട്ടികൾ ആണെടാ പട്ടികൾ “ എന്നാണ്. ഇന്ന് എല്ലാ സംസ്കാരങ്ങളിലും പട്ടി എന്ന വാക്ക് അധഃസ്ഥിതി സൂചകമാണ്.  ആഹാരത്തിനു യാചിക്കുന്ന, നമുക്ക് ചുമ്മാ യജമാനസ്ഥാനം കൽ‌പ്പിച്ചു തരുന്ന, വിധേയത്വത്തിന്റെ നിർവ്വചനം പോലെ പെരുമാറുന്ന ഈ നാൽക്കാലി നമുക്ക് വെറും പട്ടി ആണ്. ഒരാൾ നികൃഷ്ടനും അധമനും പൂർണ്ണവിധേയനും കാശിനുകൊള്ളാത്തവനും ആണെന്ന് വ്യക്തമാക്കാൻ “പട്ടീ” എന്ന്  വിളിച്ചാൽ മതി.

            ഒരുകാലത്ത് അതിജീവനത്തിൽ പങ്കാളികളായിരുന്നവരിൽ മനുഷ്യർ അധികാരത്തിന്റെ പ്രശ്നത്തിൽ മാനസികധൈര്യം ഇല്ലാത്ത്വനാകുകയായി വന്നു ഭവിക്കുകയാണുണ്ടായത്. തന്റെ അധീശത്വം പോകുമോ എന്ന പോകുമോ എന്ന പേടി. വേർതിരിച്ചെടുക്കാൻ വയ്യാണ്ടായ ബന്ധം ഒഴിപ്പിക്കാൻ പാട്. ഈ അറിവ് മനുഷ്യനെ നിരാകരണത്തിലേക്ക് നയിക്കുന്നു. മനുഷ്യസംസ്കാരത്തിനു പരിണമിക്കാൻ ചൂട്ടുവീശിക്കൊടുത്തതിന്റെ പാപം അനുഭവിക്കുന്ന നായ്ക്കൾക്ക്  മത്സ്യത്തേം കൂർമ്മത്തേയും വരാഹത്തേയും നരസിംഹത്തേയും ദൈവീകാംശങ്ങളിൽ പൊതിഞ്ഞവർ മനഃപൂർവ്വം ഒരു സ്ഥാനം നൽകാൻ തോന്നാത്തത് തന്റെ യജമാനസ്ഥാനം നഷ്ടപ്പെടുമോ എന്ന പേടിയാണ്. ഇതിഹാസങ്ങളിൽ നിഗൂഢ കഥാപാത്രങ്ങൾ, മന്ത്രവാദത്തിന്റേയും കൂടോത്രത്തിന്റേയും ഭാഗഭാക്കുകളൊ പ്രത്യക്ഷങ്ങൾ, മരണത്തിന്റെ ലക്ഷണം,  അധോലോകത്തിലെ വിചിത്രജീവി  ഇങ്ങനെ പ്രകൃത്യാതീത ദുർഭൂതങ്ങളായി അടയാളപ്പെടുത്തിയിരി ക്കുകയാണ് ഈ വിനീത വിധേയരെ. അത്രയ്ക്കുമാണ് മനുഷ്യന്റെ അപകർഷത. ഇൻഡ്യൻ പുരാണത്തിൽ മഹാഭാരതത്തിൽ മാത്രമാണ് സർവ്വഗുണങ്ങളും തികഞ്ഞ അതും മനുഷ്യർക്കുള്ള വൃത്തികെട്ട സ്വഭാവങ്ങളൊന്നും ഇല്ലാത്ത ഒരു പട്ടിയെ ഒരിയ്ക്കലെങ്കിലും മാത്രം കാണാനാവുന്നത്. സ്വർഗ്ഗാരോഹണ സമയത്ത് ഒപ്പം കൂടിയ ഈ നായയെ ഇന്ദ്രന്റെ രഥത്തിൽ കയറ്റിയില്ലെങ്കിൽ തനിക്കും സ്വർഗ്ഗം വേണ്ടെന്ന് വാശി പിടിയ്ക്കുന്ന യുധിഷ്ഠിരനെ കാണാം. സാക്ഷാൽ ധർമ്മദേവൻ തന്നെ അത്. അനുഷ്ഠിക്കേണ്ടതായ എല്ല  ഗുണങ്ങളും പേറുന്ന വ്യക്തി. പിന്നീട്  സാഹിത്യഭാവനകളിൽ ഇടം തേടിയത് ഈയിടെ മാത്രം. വേഡ്സ്വർത്തിന്റെ പ്രസിദ്ധ കവിതയിൽ യജമാനസ്നേഹത്തിന്റെ പാരമ്യ്യത്തിൽ സ്വന്തം അസ്തിത്വം മതിമറന്ന് അസ്ഥികൂടത്തിനടുത്ത് നിതാന്തമായി കുരച്ചു കൊണ്ടിരിക്കുന്ന ഒരു പട്ടിയെ ആട്ടിടടയൻ കാണുന്നതായിട്ടുള്ള “A barking sound the shepherd hears ’  വന്നുചേരാൻ പത്തൊമ്പതാം നൂറ്റാണ്ടു വരെ കാത്തിരിക്കേണ്ടി വന്നു. ജാക്ക് ലണ്ഡന്റെ  (The Call of the Wild-1903)  എന്ന നോവലിലെ പ്രധാന കഥാപാത്രമായ  ‘ബക്ക്’ എന്ന പട്ടി  എല്ലാ ഗുണങ്ങളും -മനുഷ്യനു പോലും സാദ്ധ്യമല്ലാതുള്ള സഹജഗുണങ്ങൾ- പേറുന്നവനാണ്

       നമുക്കു ചെയ്യാൻ പറ്റാത്തറ്റ്  അവർക്കു ചെയ്യാം, നമുക്കറിയാൻ പറ്റാത്തത് അവർക്കറിയാം എന്നൊക്കെയുള്ള  വിചാരം, അത് സത്യമാണെങ്കിൽക്കൂടി മനുഷ്യനെ അപകർഷതാബോധത്തിൽ തളച്ചിടുകയാണുണ്ടായത്.   മറ്റൊരു സ്പീഷീസിൽക്കൂടി അതിജീവനരഹസ്യങ്ങൾ മനസ്സിലാക്കി എടുക്കുക എന്നത് “ഹൈപെർ സോഷ്യൽ“ വൈദഗ്ദ്ധ്യമാണ്. പക്ഷേ ലോകത്തെ മനസ്സിലാക്കണമെങ്കിൽ നായ്ക്കളുടെ ചില കഴിവുകളിൽക്കൂടി മാത്രമേ സാധിക്കുള്ളൂ എന്നത് മനുഷ്യനു ആവശ്യമാണെങ്കിൽക്കൂടി  അവന്റെ ഈഗോ ഇത് സമ്മതിച്ചു തരുന്നില്ല.   സർവ്വശ്രേഷ്ഠപ്രഭു ആണെന്ന് വിചാരം നായ്ക്കളുടെ വീക്ഷണകോണിൽക്കൂടിയുള്ള പരിപ്രേക്ഷ്യത്തെ അട്ടിമറിയ്ക്കുകയാണ്.  അസാമാന്യവും അസാധാരണവുമായ തലച്ചോറുമായി നായ്ക്കൾ  നമുക്ക് മുന്നിൽ നിൽക്കുമ്പോൾ  അവർ ഇണങ്ങി വന്നത്, നമുക്ക് ഉപയോഗയോഗ്യമായി വന്നത് അവരുടെ  ശക്യതകൊണ്ടും അന്തർനിഹിതശക്തികൊണ്ടുമാണെന്ന സത്യം നാം സമർത്ഥമായി ഒളിപ്പിയ്ക്കുകയാണ്. നായ്ക്കളെ തെരുവിലേക്ക് എറിയാൻ മടിയില്ലാതായതിന്റെ പിറകിൽ ഈ ഭീകരസ്വാർത്ഥചിന്തയാണ്.

  പക്ഷേ ഇതിനു ഒരു മറുപുറവുവുമുണ്ട്, അത് കാണാതിരിയ്ക്കാൻ വയ്യ. നാടൻ നായക്കളാണു തെരുവുകളിൽ, അവരെ ആർക്കും വേണ്ട. ഏതേതു കാര്യങ്ങൾക്ക് വേണ്ടി  മനുഷ്യനും നായ്ക്കളും ഇണങ്ങിയോ അവയെല്ലാം ഇന്ന് റ്റെക്നോളജി  നിർവ്വഹിക്കുന്നു. കാവലിനു ഇന്ന് നായ്ക്കൾ വേണ്ട, സെക്യൂരിറ്റി പോലീസും മറ്റുമുണ്ട്. അതിർത്തി കാക്കാൻ വൈദ്യുതി പായിച്ച വേലി ഉണ്ട്. കടന്നു കയറുന്നവരെ നിരീക്ഷിക്കാൻ ഒളിഞ്ഞോ തെളിഞ്ഞോ പ്രവർത്തിക്കുന്ന ക്യാമെറകൾ ഉണ്ട്, പട്ടികൾ കുരയ്ക്കേണ്ടതില്ല, അപായസൂചനയ്ക്ക്. അലാറം ഉണ്ട്. ആഹാരത്തിനു വേട്ടയ്ക്ക് പോകുന്ന രീതി പണ്ടേ മൺ മറഞ്ഞു.  നാടൻ നായ്ക്കളിൽ നിന്നും ഉരുത്തിരിഞ്ഞ മറ്റ് വിശിഷ്ടവൈദഗ്ദ്ധ്യമുള്ള നായകളെ പ്രത്യേകം വളർത്തിയെടുക്കുന്നുണ്ട്; അന്ധരെ നയിക്കാനും ഡ്രഗ് മണത്ത് കണ്ടു പിടിയ്ക്കാനും കുറ്റവാളി പോയ ഇടങ്ങൾ കണ്ടുപിടിച്ചു തരാനുമുള്ളവരെ. പരിണാമത്തിനു ആരോടും നന്ദിയോ കൃതജ്ഞതയോ ഇല്ല. അത് പ്രകൃതിനിർദ്ധാരണത്തോടെ അതിജീവനത്തെ സഹായിച്ച് അതിന്റെ വഴിയിൽ സഞ്ചരിക്കുന്നതാണ്.  സ്പെഷ്യലൈസേഷനിൽ ഡിഗ്രി എടുക്കാത്ത നാടൻ പട്ടികളെ പരിണാമത്തിനു ഇനി വേണ്ടെങ്കിൽ വേണ്ടാ അത്ര തന്നെ.

       ഇന്ന്  പലതരം ബ്രീഡുകൾ അതിജീവിക്കുന്നത്  സൌന്ദര്യശാസ്ത്രാനുബന്ധി യായ ആവശ്യങ്ങൾക്കു വേണ്ടിയാണ് അല്ലെങ്കിൽ വെറുതെ കൂട്ടുകാരായി മാത്രം .   ഓമനത്തത്തിനു വേണ്ടി കുരയ്ക്കാൻ വേണ്ടി, കുരയ്ക്കാതിരിക്കാൻ വേണ്ടി, ആഢ്യത്തം കാണിയ്ക്കാൻ വേണ്ടി ഫാഷന്റെ ഭാഗമായി,  ആഡംബരവിളമബരമായി അങ്ങനെ ഒരുവിഭാഗം നായ്ക്കൾ ജന്തുകുലത്തിൽ മറ്റാർക്കും അർഹതപ്പെടാത്ത പട്ടുമെത്തയിൽ വിരാജിയ്ക്കുകയാണ്. വെളുത്തവ, കറുത്തവ, ചെറിയത്, വലിയത്, നീണ്ട വാലുള്ളവർ, വാലില്ലാത്തവർ, ചെവി മടങ്ങിയവർ, ചെവിയേൽ പൂടയുള്ള “നായൻ”മാർ, പൂട നീണ്ടവർ, ഇടുപ്പ് ഒതുങ്ങിയ കൃശഗാത്രികൾ അങ്ങനെ 400 ഓളം വെറൈറ്റി ബ്രീഡുകളാണ് ലോകത്ത് നിലവിലുള്ളത്.  ഫ്രാൻസ് ജെർമ്മനി ബ്രിടൻ എന്നിവിടങ്ങളിൽ ആകെയുള്ള നായ്ക്കളുടെ എണ്ണം ലോകത്തിന്റെ മറ്റ് ഭാഗത്തുള്ളവയുടെ ആകെത്തുകയെക്കാളിലും മേലേയാണ്. ബ്രിട്ടനിൽ ഒരുകാലത്ത് പൊങ്ങച്ചത്തിന്റെ ലക്ഷണമായിരുന്നു പലതരം ബ്രീഡുകളെ സ്വന്തമാക്കുന്നത്. ഡാർവിന്റെ വീട്ടിൽ 8 തരം ബ്രീഡുകൾ ഉണ്ടായിരുന്നു, സ്പീഷീസ് വൈവിദ്ധ്യത്തിന്റെ ആദ്യവിചിന്തനങ്ങൾ അദ്ദേഹത്തിന്റെ മനസ്സിൽ ഉദിച്ചത് ഇവരെ നിരീക്ഷിച്ചിട്ടാണ്.  ഈ ഓമനകൾ തെരുവിൽ എത്തുന്നില്ല. വിലപിടിപ്പുള്ളവയാണ്. എത്തിയാലും അതിജീവിക്കുകയില്ല.
 
   മിക്കപ്പോഴും വീടുകളിൽ നിന്ന് ആട്ടിയകറ്റപ്പെട്ടവ ആയിരിക്കും തെരുവിൽ എത്തുന്നത്. ഇതിനു പുറകിൽ പലപ്പൊഴും ഭീകരമായ പീഡനകഥകളും കാണും. വൈകാരികമുറിവുകളും (പലപ്പോഴും ശാരീരികവും) പേറിയാണ് അനാഥത്വത്തിലേക്ക് കൂപ്പുകുത്തുന്നത്. ഭക്ഷണം കിട്ടാതെ അലഞ്ഞ് എത്തുന്നവ വേറൊരു കൂട്ടരാണ്.  പൊടുന്നനവേ ഉടമസ്ഥൻ ഇല്ലാതായിപ്പോയവരുമുണ്ട് ഇക്കൂട്ടത്തിൽ. പ്രസവിച്ചു കഴിഞ്ഞ് കുഞ്ഞുങ്ങളെ മാത്രം പുറത്തിറക്കി വിടുന്ന ഭീകര ഉടമസ്ഥർ വലിയ സംഖ്യയാണ് അനാഥസംഘത്തിനു പ്രദാനം ചെയ്യുന്നത്.  ഗ്രാമാന്തരീക്ഷത്തിൽ സ്വര്യം വാണിരുന്നവർ പരിസ്ഥിതി നഷ്ടം മൂലം നഗരങ്ങളിൽ എത്തുന്നു. ഇങ്ങനെ മിച്ചഭക്ഷണം എന്ന മൂല്യം നഗരങ്ങളിലെ സുഭിക്ഷതയാണെന്നുള്ളതാണ് സ്വന്തമായി ഇരപിടിയ്ക്കാനുള്ള ശേഷി പറുദീസാനഷ്ടത്തിലൂടെ എന്നന്നേക്കുമായി ഇല്ലാതായവരുടെ തെരുവുകേന്ദ്രീകരണത്തിന്റെ ചാലകശക്തി.

നഷ്ടപ്പെട്ട ബാല്യങ്ങൾ, താറുമാറായ മൃദുലഭാവങ്ങൾ
   
        പെരുമാറ്റജനിതകശാസ്ത്ര (Behavior Genetics)  ത്തിന്റെ ഒന്നാം പാഠം തുടങ്ങുന്നതു തന്നെ ജനിതകമായി ലഭിച്ച പെരുമാറ്റസ്വഭാവങ്ങൾ പ്രകടമാകുന്നതിൽ സാഹചര്യങ്ങൾക്ക് പങ്കുണ്ടെന്ന അംഗീകാരത്തോടെ ആണ്. തങ്ങൾക്ക് പാരമ്പര്യമായി കിട്ടിയ സിദ്ധികളിൽ പലതും ഉപയോഗിക്കാൻ പറ്റാത്ത സാഹചര്യമാണ് തെരുവിൽ.  ഇങ്ങനെ തെരുവിൽ വളരുന്ന കുട്ടികൾ പൊതുസ്വഭാവത്തിൽ നിന്നും മാറിപ്പോയി അക്രമാസക്തി പ്രകടിപ്പിക്കുമ്പോലെതന്നെയാണ് തെരുവുവായ്ക്കളുടെ പശ്ചാത്തലവും. പൊരുതി ജീവിക്കുക എന്ന ശീലമായവരുടെ സ്വഭാവം കാർക്കശ്യമിയന്നതാവുക എന്ന  നീതി.
 
        നാടൻ നായകൾ  അത്യന്തം  ജാഗരൂകരാണ്,  അപകടസാദ്ധ്യതതകളെക്കുറിച്ച്  എപ്പോഴും ഉണർവ്വ് ഉള്ളവരും. എന്നാൽ  വളരെ സഹവാസപ്രിയരുമാണ്. എന്നുവച്ച് ധൈര്യമില്ലാത്തവരല്ല. മനുഷ്യകുടുംബവും കുട്ടികളും അവർക്ക് സോത്സാഹം  പെരുമാറാനുള്ള അന്തരീക്ഷമാണ്. തെരുവിൽ അവർക്ക് നിരന്തരം പോരാടി വേണം ജീവിക്കാൻ. ഭക്ഷണം കുപ്പത്തൊട്ടിയിൽ നിന്ന് കിട്ടിയെങ്കിലായി, അതും കടുത്ത മൽസരത്തെ അതിജീവിച്ച്. ഘോരശബ്ദം, ഇടിമിന്നൽ ഒക്കെ പേടിയുള്ള നായക്കൾ ഉണ്ട്, അവ തെരുവിലെത്തുമ്പോൾ നിരന്തര സംഘർഷങ്ങളാൽ ആക്രമണസ്വഭാവികളായിത്തീരുകയാണ്. മാത്രമല്ല ഇത്തരം ബാഹ്യ ഇടപെടലുകൾ അവരിൽ തീവ്രാകാംക്ഷ  (anxiety) ഉണർത്തിയെടുക്കുകയാണ്, സ്വയരക്ഷയ്ക്ക് അറ്റകൈ പ്രയോഗങ്ങളിലേക്ക് നയിക്കപ്പെടുകയാണ്. പേടിയും തീവ്രാകാംക്ഷയും തൽച്ചോറിന്റെ രണ്ട് വ്യത്യസ്ത ന്യൂറോൺ വഴികളെ ആണ് ഉത്തേജിപ്പിക്കുന്നത് ഇവ രണ്ടും ഒരേ സമയത്ത്  വിജൃഭിക്കപ്പെടുമ്പോൾ അത് താങ്ങാവുന്നതിനും അപ്പുറമാണ്.   അത്യുൽക്കണ്ഠയുള്ള നായക്കളുടെ രക്തത്തിൽ നേരത്തെ പരാമർശിച്ച ഡോപമിനും സിറടോണിനും അളവ് കൂടുകയാണ് തലച്ചോറിൽ ഇവയുടെ സ്വീകരിണികൾ പ്രവർത്തിക്കുന്നില്ല എന്നതിനാൽ. ആക്രമണകാരികളിൽ ഈ ഡോപമിൻ/സിറടോണിൻ അളവ് നേരേ മറിച്ചാണ്.

        ഒരു നിശ്ചിതപ്രദേശത്തിന്റെ അധീനത കാത്തുസൂക്ഷിക്കുന്ന സ്വാഭാവം (territorial right) പണ്ട്  ആർജ്ജിച്ചത് ഇപ്പൊഴും അവരോടൊപ്പം ഉണ്ട്. തെരുവിൽ ഒരു നിശ്ചിത പ്രദേശം ഇല്ലാതെ പോയതു കൊണ്ട്  ഭക്ഷണം കിട്ടുന്ന സ്ഥലത്തെ അനുബന്ധിച്ച് അവിടവിടെ അധീനപ്രദേശം നിർമ്മിച്ചെടുക്കുകയാണ്. ഈ സ്ഥലം അതിക്രമിച്ചു കടക്കുന്നവരെ ആക്രമിക്കാൻ സ്വാഭാവികമായും അവർ ശ്രമിക്കും.  പ്രതിരോധത്തിന്റെ വഴി മാത്രമേ തെരഞ്ഞെടുക്കാനുള്ളൂ.  അവർക്കിടയിൽ മത്സരമുള്ളതുകൊണ്ട് ഈ പ്രദേശത്തിന്റെ അതിരുകൾ ചുരുങ്ങിയതായിരിക്കും. വലിയ ആൾക്കാരെ ആക്രമിക്കാൻ അവർക്ക് കരുത്തില്ലെന്ന തോന്നൽ കൊണ്ടാണ് കുട്ടികളെയും വൃദ്ധരേയും കൂടുതൽ കയ്യേറ്റം ചെയ്യുന്നത്. അവർക്ക് ഭക്ഷണവും രക്ഷയും തരേണ്ടവരോട് പൊരുതുക എന്ന വിഡ്ഢിത്തത്തിനു അവർ തുനിയുകയില്ല എന്നത് സത്യം മാത്രമാണ്. അതിജീവനത്തിനു ഈ സംഘർഷം ഒഴിവാക്കണം. എന്നാലും ഇണചേരൽ കാലത്തും  അവർക്കിടയിലെ മത്സരവഴക്കുകൾക്കിടയിലും അവർ അക്രമസ്വഭാവം കാണിച്ചെന്നിരിക്കും. പ്രസവിച്ചുകിടക്കുന്ന നായ്ക്കളും പ്രതിരോധിക്കാൻ തയാറെടുക്കും.

      ഗ്രാമങ്ങളിൽ നിന്ന് അശരണരായി നഗരങ്ങളിൽ എത്തുന്നവർക്ക് മറ്റ് പ്രശ്നങ്ങളും അഭിമുഖീകരിക്കേണ്ടി വരുന്നു. കേരളത്തിൽ അതിവേഗ നഗരവൽക്കരണം നടക്കുന്നുമുണ്ട്.  വളരുന്ന സമയത്താണ് സാമൂഹ്യസുഹൃദ് ബന്ധങ്ങൾ ഉരുത്തിരിയാനുള്ള കൈമിടുക്ക് സ്വായത്തമാകുന്നത്. പെട്ടെന്ന് അറിയപ്പെടാത്ത സമൂഹത്തിൽ പെട്ടു പോകുമ്പോൾ ഈ ആർജ്ജിച്ച പെരുമാറ്റരീതികൾ കൊണ്ട് പ്രയോജനം ഇല്ലെന്ന് മനസ്സിലാകുന്ന നായ്ക്കൾ അന്ധാളിപ്പിലാണ്. നാനജാതി മനുഷ്യരുടെ പെരുമാറ്റരീതികൾ അറിഞ്ഞെടുക്കാൻ സാധിക്കുന്നതേ അല്ല. പുതിയ ബന്ധങ്ങൽ രൂപീകരിച്ചെടുക്കണമെങ്കിൽ അതിനുള്ള  വിഭവങ്ങൾ കയ്യിലുണ്ടായിരിക്കണം. പ്രാഥമിക ആവശ്യങ്ങൾക്ക് മറ്റ് നായക്കളുമായി സഹകരിച്ചാൽ അതിജീവനം തെല്ല്   എളുപ്പമായിരിക്കുമെന്ന് ഇവർ കണ്ടു പിടിയ്ക്കയാണ്. കൂട്ടം ചേരുന്നതു തന്നെ യുക്തി. ഇത് ചെന്നായ്ക്കളുടെ സ്വഭാവത്തിലേക്കുള്ള തിരിച്ചുപോക്കല്ല, അതിനുള്ള ജീനുകൾ പണ്ടേ വിട്ടു കളഞ്ഞവരാണിവർ എന്നതിനാൽ. സോഷ്യൽ പാടവങ്ങൾ മനുഷ്യരിലേക്ക് സംക്രമിക്കാൻ- അതിനുള്ള തലച്ചോറുള്ളവരാണിവർ എന്നത് മറക്കേണ്ട-സാദ്ധ്യമല്ലാതെ വരുമ്പോൾ മറ്റ് നായ്ക്കളിലേക്ക് പകരുക എന്ന അതിജീവനയുക്തിയാണിവടെ  ആവിർഭവിക്കുന്നത്.

          വളരുന്ന കാലത്ത് വന്നുഭവിക്കുന്ന അസുഖങ്ങൾ പിൽക്കാലത്ത് പെരുമാറ്റത്തെ  സ്വാധീനിക്കാറുണ്ടെന്ന് കണ്ടുപിടിച്ചിട്ടുണ്ട്. ഈ പെരുമാറ്റദൂഷ്യത്തിൽ അപരിചിതരോട് പേടിയും  ആക്രമണവെമ്പലും അനാവശ്യമായ കുരയും ഉൾപ്പെടുത്താം. അവശ്യം വേണ്ട പോഷകാഹാരങ്ങൾ വളർച്ചാസമയത്ത് ലഭിച്ചില്ലെങ്കിൽ അത് തലച്ചോർ വികാസത്തെ ബാധിച്ചേക്കാം. ഉദാഹരണത്തിനു ചില പ്രത്യേകതരം ഫാറ്റി ആസിഡുകൾ ആഹാരത്തിൽ ഇല്ലെങ്കിൽ  ചില തലച്ചോർകേന്ദ്രങ്ങളെ ബാധിച്ച് പലകാര്യങ്ങൾ ബന്ധപ്പെടുത്തിയുള്ള പഠിച്ചെടുക്കൽ, ബോധജ്ഞാനം എന്നിവ പൂർണ്ണതയിൽ എത്താതെ പോകും എന്ന് തെളിഞ്ഞിട്ടുണ്ട്. ഗർഭകാലത്തെ അമ്മയുടെ സംഘർഷഭരിതമായ ജീവിതം ഭ്രൂണത്തെ ബാധിയ്ക്കും,  ആ കുഞ്ഞുങ്ങൾക്ക് പിന്നീട് പെരുമാറ്റവൈകല്യങ്ങൾ കണ്ടേയ്ക്കാം.  ദുരിതപൂർണ്ണമായ തെരുവിൽ ഗർഭിണിയായ നായയുടെ കുഞ്ഞുങ്ങൾ കൌടില്യക്കാരായില്ലെങ്കിലേ അദ്ഭുതമുള്ളു.  മാത്രമല്ല  തെരുവോരത്തു തന്നെ ജനിക്കേണ്ടി വന്നവർക്ക് അമ്മയുടെ പരിച്കരണം വേണ്ടത്ര ലഭിയ്ക്കുകയും ഇല്ല. ആൾക്കുരങ്ങുകളിലും എലികളിലും നടത്തിയ പരീക്ഷണങ്ങൾ തെളിയിച്ചിട്ടുള്ളത്  ആദ്യകാലപരിചയങ്ങൾ, പ്രത്യേകിച്ചും അമ്മയുടെ സാമീപ്യവും പരിചരണവും കൊണ്ട് ലഭിക്കുന്നവയാണ് പിൽക്കാലത്തെ പെരുമാറ്റരീതിയെ ബാധിയ്ക്കുന്നതെന്നാണ്. മനുഷ്യരുടേതു പോലെ തന്നെ വളർച്ചാകാലഘട്ടത്തിലാണ് സമൂഹവുമായിട്ട് ഇടപഴകുന്നതിന്റെ ബാലപാഠങ്ങൾ പഠിച്ചെടുക്കുന്നത്. നായ്ക്കുഞ്ഞുങ്ങലുടെ തലച്ചോർ വളർച്ച ചെന്നായക്കളുടേതുമായി താരതമ്യം ചെയ്യുകയാണെങ്കിൽ വളരെ സാവധാനമാണ്. സൂക്ഷ്മസംവേദനക്ഷമത  ഉളവാക്കാനാണ് ഈ സമയനീട്ടൽ. മനുഷ്യരുമായി ഇണങ്ങിക്കിട്ടാനുള്ള സർവ്വസാമഗ്രികളും ഒപ്പിച്ചെടുക്കാൻ. ഈ കാലയളവ് തെരുവിൽ വൃഥാവിലാവുകയാണ്. നായ്ക്കൾക്ക് ആദ്യത്തെ ഒരു കൊല്ലം ഇപ്രകാരം പ്രധാനപ്പെട്ടതാണ്. തെരുവിൽ പ്രസവിക്കപ്പെടുന്ന പട്ടിക്കുട്ടികൾക്ക് വേണ്ടത്ര പരിചരണമോ അമ്മയുമായുള്ള നിരന്തരസമ്പർക്കമോ നിരാകരിക്കപ്പെടുകയാണ്.  മാത്രമല്ല മനുഷ്യരോടൊപ്പം വളരുമ്പോൾ ലഭിയ്ക്കുന്ന പെരുമാറ്റപാഠങ്ങളും ഇണക്കസൂത്രങ്ങളും അന്യമാവുകയാണ്. മാനുഷികമായ ബോധങ്ങൾ പതിവുപെരുമാറ്റരീതികളിൽ ഇടകലരുന്നത് നിരാകരിക്കപ്പെടുന്നു.  സുരക്ഷിതത്വവും വിശ്വാസതയും ലഭിയ്ക്കുന്ന അന്തരീക്ഷത്തിൽ വളരുന്ന  നായ്ക്കൾ സൌമ്യരും സങ്കോചശീലരുമാ‍ണ്. ഇളം പ്രായത്തിൽ പരീക്ഷിച്ച് വിജയിച്ച പെരുമാറ്റപാഠങ്ങളാണ് പ്രായപൂർത്തി ആകുമ്പോഴും ആവർത്തിക്കൻ തുനിയുന്നത്.  തെരുവിൽ വളരുമ്പോൾ പ്രതിരോധം മാത്രം മുഖ്യശീലമായി മാറുകയാണ്.

   തെരുവുനായപ്രശ്നം കേരളത്തിലേയോ പൊതുവായി ഇൻഡ്യയിലേയോ മാത്രം  വിതർക്കവിഷയം അല്ല. പക്ഷേ മറ്റ് രാജ്യങ്ങളിൽ കൈകാര്യം ചെയ്യാൻ സംവിധാനങ്ങളുണ്ട്, രക്ഷാകേന്ദ്രങ്ങൾ ഉൾപ്പടെ.  മിച്ചഭക്ഷണം തെരുവിലല്ല എത്തുന്നത്. മാലിന്യനിർമ്മാർജ്ജനത്തിനു പോളിസി ഇല്ലാത്ത ഭരണസംവിധാനമുള്ള കേരളത്തിലെ തെരുവുനായക്കൾ ഒരു കുറ്റവും ഏൽക്കേണ്ടതില്ല.

References:
 1. Zapata I, Serpell JA, Alvarez CE. Genetic mapping of canine fear and aggression BHC Genomics 17:572-591 2016
 2. Andics A, Gabor A, Gacsi M, Farago T, Szabo D and Miklosi A. Neural mechanism for lexical processing in dogs. Science 353:1030-1032 2016
 3. Nagasawa M, Mitsui S, En S, Ohtani N, Ohta M, Sakuma Y, Onaka T, Mogi K, Kikusui T.  Oxytocin-gaze positive loop and the coevolution of human-dog bonds. Science 348:333-336 2015
 4. Grimm D. Gawn of the dog. Science 348: 274-277 2015
 5. MacLean EL and  Hare B. Dogs hijack the human bonding pathway. Scince 348: 280-281 2015
 6. Wang G-D, Zhai W, Yang H-C, Wang L, Zhong L, Liu Y-N, Fan R-X, Yin T-T, Zhu C-L, Poyarkov AD, Irwin DM, Hytonen MK, Lihi H, Wu C-I, Savolianen P and Zhan Y-P.  Out of southern East Asia: the natural history of domestic dogs across the world. Cell Research 26: 21-33 2016
 7. Frantz LAF, Mullin VE, Pionnier-Capitan M,  Lebrasseur O,  Dobney K, Hanni C, Bradlley DG and Larson G. Genomic and archeological evidence suggests a dual origin of domestic dogs. Science 352:1228-1231 2016
 8. Axelson E, Ratnakumar A, Arendt ML, Maqbool K, Webster MT, Perloski M, Liberg O, Arnemo JM, Hedhammar A and Lindblad-The K. The genomic signature of dog domestication reveals adaptation to a starch-rich diet. Nature 495: 360-364, 2013
 9. Foyer P, Wilsson E and Jensen P. Levels of maternal care in dogs affect adult offspring temperament. Sci Rep. 6: 19253-19258 2016
 10. Akey JM, Ruhe AL, Akey DT, Wong AK, Connelly CF, Madeoy J, Nicholas TJ and Neff MW  Tracking footprints of artificial selection in the dog genome.. Proc Natl Acad. Sci. 107: 1160-1165, 2010
 11.  Yan l, vonHoldt BM, Reynolds A, Boyko AR, Wayne RK, Wu D-D and Ya-Ping Zhang. Artificial selection on brain-expressed genes during the domestication of dog.  Mol. Biol.Evol. 30: 1867-1876 2013
 12. Miklosi A and Kubinyi E.Current trends in canine problem-solving and cognition. Current Trends in Psy Sci. 25: 300-306, 2016


ചിത്രം 1. ചെന്നായയുടേതും നായുടേതും ആകൃതി താരതമ്യം. നായുടെ തലയും മുഖവും ചെറുതായത് ശ്രദ്ധിക്കുക.

ചിത്രം 2. ഓക്സിറ്റോസിൻ പ്രവർത്തിക്കുന്ന സിംഗുലേറ്റ് കോർടെക്സ്. ഇതിനു സമാന്തരമായ തൽച്ചോർ ഭാഗങ്ങൾ നായകളിൽ വികാസം പ്രാപിച്ചു.


ആറു കോര്പ്പറേഷനുകളിലും ശേഷിക്കുന്ന നഗരസഭകളിലുമായി 95,479 തെരുവുനായ്ക്കളുണ്ടെന്നാണ് കണക്ക്. അഞ്ചുമാസമായി പദ്ധതി തുടങ്ങിയെങ്കിലും ഇതില്ഇതുവരെ വന്ധ്യം...

12 comments:

Sreekumar K said...

Great Reading.

ജഗദീശ് said...

കാര്യമൊക്കെ ശരി.
പക്ഷേ ജനിതകമാറ്റം സംഭവിപ്പിച്ച വഴുതനങ്ങയെ കുത്തിക്കയറ്റുന്ന കുതന്ത്രത്തെ കാണാതിരിക്കാനാന്‍ വയ്യ. ഊള യുക്തിവാദികളുടെ സ്ഥിരം ഡയലോഗാ അത്.
നിങ്ങള്‍ നിങ്ങളുടെ കുട്ടിയേയുണ്ടാക്കുന്നത് ജനിതകമാറ്റം വരുത്തിയാണ്. നിങ്ങളുടേയോ ഭാര്യയുടേയോ കോപ്പിയല്ല നിങ്ങളുടെ കുട്ടി. അതുമാത്രവുമല്ല, നിങ്ങളുടെ കുടലിലെ ബാക്റ്റീരയയുടെ ജീനും അതില്‍ കാണും. അത് സ്വാഭാവികമായ ജനിതകമാറ്റം. അത്തരത്തിലുള്ള മാറ്റങ്ങളല്ല പ്രശ്നം.
എന്നാല്‍ മുതലാളിയുടെ ലാഭത്തിന് ജനിതകമാറ്റം വരുത്തുന്നതിനെയാണ് എതിര്‍ക്കേണ്ടത് നമ്മുടെ കടമയാണ്.

akasa midhtayi said...

നായ്കളുടെ സംഘ ജീവിതം, അത്തരം സംഘങ്ങൾ പുലർത്തുന്ന ആക്രമണ, വേട്ട ,വന്യ സ്വഭാവം എന്ന ഏറ്റം പ്രധാന ഭാഗം മറന്നതാണോ അതോ മനപൂർവ്വം വിട്ടതാണോ?

PRASAD. K said...
This comment has been removed by the author.
സുധി അറയ്ക്കൽ said...

നാലു ദിവസമെടുത്തു എതിരൻ ചേട്ടാ വായിച്ചെടുക്കാൻ.

ഗംഭീരമെന്ന് പറഞ്ഞാൽ മതിയാകുന്നില്ല.മനുഷ്യകുലത്തിന്റെ ഉത്പത്തിമുതൽ നാളിതുവരെ മനുഷ്യന്റെ എല്ലാത്തരം വികാസത്തിലും നായ്ക്കൾക്ക്‌ പങ്കുണ്ടെന്ന വിവരം ആദ്യായി കേൾക്കുന്നു.

എന്തായാലും ഷെയർ ചെയ്യട്ടെ.

Muralee Mukundan , ബിലാത്തിപട്ടണം said...

Good One...

mini//മിനി said...

മനസ്സിരുത്തി വായീച്ചു,, നായകളുമായി അകലം പാലിക്കുന്ന ആളാണ് ഞാൻ,, അവരിൽ നിന്നും നല്ല അനുഭവം അല്ല. ഈഇ ലേഖനം മാതൃഭൂമിയിൽ വന്നതല്ലെ?

Anonymous said...

മാതൃഭൂമിയിൽ നാലഞ്ചു വർഷം മുമ്പ് ഒരു മൃഗഡോക്ടർ എഴുതിയ ലേഖനത്തിൻ്റെ മിനുക്കി യെടുത്ത രൂപം

Unnikrishnan P P said...

I am protecting stray dogs and also indigenous cows . I did not face even a single incident of attack of calves by any of my stray dogs. They stay together. If I can prove this , why not others? The nature's law is not one for me and another for others. Dogs and all animals are very loving creatures. Love them and give unconditional love and you get back the same and your life as a human being will be worthy.

എതിരന്‍ കതിരവന്‍ said...

Helllo Anonymous: 2017 ഇൽ മാത്രുഭൂമിയിൽ ഞാൻ തന്നെ എഴുതിയ ഈ ലേഖനം വന്നിരുന്നു. അതിനു മുൻപ് ആരും നായ എവൊല്യൂഷൻ എഴുതിയിട്ടില്ല. ആ മൃഗഡോക്റ്ററ് ഇത് മിനുക്കി എടുത്തതായിരിക്കണം.

jayakrishnan said...

One of best articles in my language I read on thos topic

Anonymous said...

👍