Sunday, June 20, 2021

വാക്ക്, വായന, തലച്ചോർ അറിഞ്ഞെടുക്കുന്നത്

 


    വാക്ക് എന്നത് ആശയം പ്രകടിപ്പിക്കാനായി തലച്ചോർ കണ്ടു പിടിച്ച വിദ്യയാണ്.  അത് ശബ്ദത്തിൽക്കൂടിയല്ലാതെ സംവേദനം ചെയ്യാനാണ് എഴുത്ത് കണ്ടുപിടിച്ചത്. അതോടെ വായന എന്നതും മസ്തിഷ്ക്കത്തിനു ആവിഷ്ക്കരിക്കേണ്ടി വന്നു. വായിച്ചത് മനസ്സിലാക്കണം അത് വേറൊരു പണിയാണ്. വായിച്ചതിനു ശബ്ദവിന്യാസങ്ങൾ വേണം, മറ്റൊരാളെ ധരിപ്പിക്കണമെങ്കിൽ. നമ്മുടെ തലച്ചോറിനെ പ്രത്യേക പരിശീലനം കൊടുത്ത് പഠിപ്പിച്ചെടുക്കണം എഴുത്തും വായനയും. വെറുതെ അക്ഷരങ്ങളും വാക്കുകളും വാചകങ്ങളും വായിച്ചാൽ പോരാ അത് എന്താണ് അർത്ഥമാക്കുന്നത്  എന്നത് മനസ്സിലാക്കാൻ എളുപ്പമുള്ള കാര്യമല്ല. തലച്ചോറിന്റെ പലേ ഭാഗങ്ങളും പങ്കെടുക്കുന്ന കൂട്ടായ്മയിലൂടെയാണ് ആശയം എന്നത് ഉരുത്തിരിയുന്നത്. അക്ഷരങ്ങളും വാക്കുകളും അറിഞ്ഞതുകൊണ്ടും ഒരു വാചകം മുഴുവൻ വായിയ്ക്കാൻ പറ്റിയെങ്കിലും മറ്റൊരു ഭാഷയിലെ വാചകമാണ് നിങ്ങൾ വായിയ്ക്കുന്നതെന്ന് കരുതുക- ഒന്നും മനസ്സിലാകണമെന്നില്ല. വാക്കും വായനയും മനസ്സിലാക്കലും ഈ മൂന്നും വേറിട്ടതാകുന്ന പ്രതിഭാസം. സങ്കീർണ്ണമാകുകയാണ് കാര്യങ്ങൾ.

 

    അക്ഷരങ്ങൾ തന്നെയാണ് വായനയുടെ ആധാരം. ഭാഷയ്ക്ക് അക്ഷരങ്ങൾ ആവശ്യമില്ല താനും. ഭാഷ ഉളവായിക്കഴിഞ്ഞ് എത്രയോ കഴിഞ്ഞാണ് വാക്ക് കണ്ടു പിടിച്ചത്. 100,000 വർഷങ്ങൾക്കു മുൻപു തന്നെ ഭാഷ വഴി വിനിമയം സാദ്ധ്യമായിരുന്നു മനുഷ്യനു.  (ചിത്രം 1) എന്നാൽ വാക്കുകൾ അല്ലെങ്കിൽ ചിത്രങ്ങൾ  എഴുതിത്തുടങ്ങിയതോ വെറും 4000 കൊല്ലങ്ങൾക്ക് മുൻപ്! ഒരാളുടെ ഭാഷണം മറ്റൊരാൾക്ക് മനസ്സിലാക്കാൻ അത് എഴുതപ്പെടണമെന്നില്ല. നേരിട്ട് സംസാരിക്കുന്നതിന്റെ പരിമിതികൾ മറയ്ക്കാൻ അത് എഴുതി വയ്ക്കപ്പെടുന്നു. പറയുന്ന കാര്യത്തിനു ദീർഘനാളത്തെ സാധുത ഉറപ്പിക്കാനും. എഴുതിവച്ചത് വായിച്ച് പൊരുൾ തിരിയ്ക്കുന്നതിലേക്ക് പരിണമിയ്ക്കാൻ തലച്ചോർ കുറേ സമയമെടുത്തു. മനുഷ്യസംസ്കാരം അതോടെ മാറപ്പെട്ടു. എഴുത്ത് മനുഷ്യകുലത്തെ ഒന്നിപ്പിച്ചു, തീവ്രബന്ധങ്ങൾ നിർമ്മിച്ചെടുത്തു. വിവരങ്ങൾ സർവ്വവ്യാപിയായി..കല്ല്ലൈൽ കൊത്തിവച്ചവ ഹൃദയത്തിൽ കൊത്തിവച്ചവയായി. മതങ്ങളും വിശ്വാസങ്ങളും പടർന്നു, ചിലവ ഇല്ലാതായി. പുതിയ സംഹിതകൾ എളുപ്പമായി പകർന്നെടുക്കപ്പെട്ടു.എഴുതിയ വാക്ക് എന്നതിനു ഉച്ചരിച്ച വാക്കിനേക്കാളും ശക്തിയേറി. മൃഗങ്ങളുടെ തോലും അടിച്ചുപരത്തിയ സസ്യഭാഗവും ഉണങ്ങിയ ഇലകളും  പ്രതലങ്ങളായി, അക്ഷരങ്ങൾക്ക് കുടിയേറിപ്പാർക്കാൻ. ഇന്നും സസ്യങ്ങളുടെ തണ്ട് അടിച്ചു പരത്തിയത് പ്രധാനമായും ഉപയോഗിക്കുന്നു, കടലാസ് എന്ന ഓമനപ്പേരിൽ അത് അറിയപ്പെടുന്നു. ഗ്ലൂക്കോസ് തന്മാത്രകൾ നെടുനീളേ കോർത്ത സെല്ലുലോസ്എന്ന വസ്തു പരത്തി വെളുപ്പിച്ചെടുത്ത പാളികൾ. നമ്മൾ കഴിക്കുന്ന ആഹാരത്തിലെ പ്രധാനഘടകമായ ഗ്ലൂക്കോസ് തന്നെ. ധനവിനിമയത്തിനും ഈ നേരിയ  സെല്ലുലോസ് പാളികൾ കറൻസി എന്ന പേരിട്ട് ഉപയോഗിക്കുന്നു.

 

 വാക്കിനു മുൻപ്: ചിത്രമെഴുത്ത്

   എഴുതുക എന്നാൽ ചിത്രം വരയ്ക്കുക എന്നാണ് പ്രാചീന ഈജിപ്റ്റുകാരും മെസൊപൊടേമിയൻസും ധരിച്ചിരുന്നത്. നമ്മുടെ സിന്ധുനദീതടസംസ്കാരത്തിലും ചിത്രങ്ങൾ കൊണ്ട് സംവേദനം സാദ്ധ്യമാക്കാൻ ശ്രമിച്ചതിന്റെ തെളിവുകളുണ്ട്. ആദിയിൽ വചനമുണ്ടായിക്കഴിഞ്ഞ് വചനങ്ങൾ രൂപമായത് ചിത്രങ്ങളായാണ്. 4000 കൊല്ലങ്ങൾക്ക് മുൻപ് മെസൊപൊടേമിയയിൽ കളിമണ്ണ് ചെറിയ തലയണരൂപത്തിൽ റ്റാബ് ലെറ്റ്കളായി നിർമ്മിച്ച് അവയിൽ മരക്കമ്പ് കൊണ്ട് ത്രികോണവടിവിൽ ക്യുനിഫോംഎന്നറിയപ്പെടുന്ന ചിത്രമെഴുത്ത് തുടങ്ങിയതും (ചിത്രം 2)  ഈജിപ്റ്റിൽ ഹൈറോഗ്ലിഫിക്സ് രൂപം കൊണ്ടതും ചിത്രമെഴുത്ത് ആധാരമാക്കി ആശയങ്ങൾ പ്രകടമാക്കുകയായിരുന്നു. ബി സി 3100 ഓടെ ഇവ സർവപ്രാവർത്തികമായിക്കഴിഞ്ഞിരുന്നു. ചൈനയിലും ഇതേ സമയത്ത് ചിത്രരൂപങ്ങൾ ആശയങ്ങൾ പ്രദാനം ചെയ്യാൻ ഉപയോഗിക്കപ്പെട്ടിരുന്നു. ഇപ്രകാരം വാക്ക്രൂപപ്പെട്ടു വന്നത് ഒരേ സമയത്തും ലോകത്തിന്റെ പലേ ഇടങ്ങളിലുമായാണ്.പല ആലേഖനങ്ങളും വിവരക്കണക്കുകൾ (അക്കൗണ്ടിങ്)  ഇപ്പൊഴത്തെ സ്പ്രേഡ് ഷീറ്റ്കൾ ഇവയ്ക്കൊക്കെ തുല്യമായിരുന്നു എന്ന് കരുതാം. ധാന്യ വിതരണമായിരുന്നു മുഖ്യപ്രമേയം. രാജാവിന്റെ അമരത്വം സംരക്ഷിക്കാൻ ചിത്രാക്ഷരങ്ങൾ  വീണ്ടും വീണ്ടും  കോറി വച്ചാൽ മതിയെന്ന് ഈജിപ്റ്റുകാർ വിശ്വസിച്ചിരുന്നു.

 

   ചിത്രാക്ഷരങ്ങളുടെ ആകൃതി എഴുതപ്പെടുന്ന പ്രതലത്തിനനുസരിച്ചാണ് രൂപപ്പെട്ടത്. കല്ലിലോ ലോഹത്തിലോ നാണയങ്ങളിലോ നിശബ്ദം ഒതുങ്ങിക്കൂടിയ ചിത്രാക്ഷരങ്ങൾ പിന്നീട് തോൽ സംസ്ക്കരിച്ചെടുത്ത പാർച്മെന്റിലേക്കോ (parchment) ഈജിപ്റ്റിൽ സാധാരണമായിരുന്ന പാപൈറസ് ചെടിയുടെ തണ്ടുകൾ ചതച്ച് ഒന്നിച്ചാക്കി ഉണക്കിയ പാളികളിലേക്കോ സ്ഥാനന്തരണം നടത്തി. രണ്ടാം നൂറ്റാണ്ടോടേ ചൈനയിൽ മൾബറി മരങ്ങളുടെ തൊലി സംസ്ക്കരിച്ചെടുത്ത് ഇന്നത്തെ കടലാസിന്റെ ആദ്യരൂപം നിർമ്മിച്ചെടുക്കുന്ന വിദ്യ ആവിഷ്ക്കരിക്കപ്പെട്ടു. തൂലികകളും ബ്രഷുകളും ഈ പാളികളിൽ ഭാഷയ്ക്ക് ചിത്രരൂപങ്ങൾ തൽസമങ്ങൾ ചമച്ചു.  വരകളുടെ വിസ്താരവും നീളവും ആകൃതിയുമൊക്കെ മഷി പിടിച്ചിരിക്കാനും ഉണങ്ങാനും തൂലികയുടെ വിന്യാസങ്ങൾ സ്വാധീനിക്കപ്പെടാനുമൊക്കെ പാർച്മെന്റോ കടലാസോ അനുവദിക്കുന്നതനുസരിച്ച് ക്രമീകരിക്കപ്പെട്ടു.

 

 ചിത്രങ്ങൾ അക്ഷരങ്ങളാകുന്നു, അക്ഷരങ്ങൾ ശബ്ദവാഹികളും

 

    സങ്കീർണ്ണമായ ചിത്രങ്ങൾ വരച്ചെടുക്കാനുള്ള ആയാസം ലഘൂകരിക്കുന്നതിനോടൊപ്പമാണ് ശബ്ദങ്ങളും ആവാഹിക്കപ്പെട്ടു തുടങ്ങിയത്. മീനിന്റെ ചിത്രം കണ്ട് മീൻ എന്ന് ഉച്ചരിക്കപ്പെടുന്ന പോലെ ലളിതമായിരുന്നു ആദ്യം ഇത് . മീനിന്റെ ചിത്രത്തോടൊപ്പം മറ്റൊരു വസ്തുവിന്റെ ചിത്രം ചേർത്ത് പുതിയ ഒരു വാക്ക് എഴുതാൻ ആവിഷ്ക്കാരമനസ്സുകൾ തുനിഞ്ഞു. മീൻ ശബ്ദത്തിന്റെ യും രണ്ടാം ചിത്രത്തിലെ മറ്റൊരു ശബ്ദവും കൂട്ടിച്ചേർത്ത് പുതിയ ഒരു വസ്തുവിനെ ദ്യോതിപ്പിക്കുന്ന തരത്തിലായിരുന്നു പരിണാമം. കൂടുതൽ കൂടുതൽ ശബ്ദസംബന്ധിയായി ചെറുചിത്രങ്ങൾ മാറുകയായിരുന്നു. രണ്ട് ചിത്രാക്ഷരങ്ങൾ ചേർത്ത് മറ്റൊരു അമൂർത്തമായ ആശയം പ്രകടിപ്പിക്കുന്ന ആശയം മെല്ലെ ഉടലെടുത്തു. സുമേറിയൻ കളിമണ്ണ് ടാബ് ലെറ്റുകളിൽത്തന്നെ ഈ ആശയം പ്രത്യക്ഷപ്പെടുന്നുണ്ട്. ഷി എന്ന് ഉച്ചരിക്കാനുള്ള, ബാർലിയുടെ ചിത്രാക്ഷരത്തിനൊപ്പം പാലിനെ സൂചിപ്പിക്കുന്ന എന്നതും ചേർത്ത് ഷീഗ എന്ന ശബ്ദം സൂചിപ്പിക്കുകയാണിവിടെ. ഷീഗഎന്നാൽ ഭംഗിയേറിയത് എന്നാണർത്ഥം. രണ്ട് വസ്തുക്കൾ ഒന്നിച്ചാക്കി അവയ്ക്ക് മൂന്നാമത് ഒരു അർത്ഥം കൽപ്പിക്കുന്ന റീബസ് തത്വമാണിത്  (Rebus principle). ഈജിപ്ഷ്യൻ ചിത്രാക്ഷരങ്ങൾ കൂട്ടിയോജിപ്പിച്ച് നിശ്ചിതശബ്ദങ്ങൾ ഉളവാക്കുന്ന പുതിയ വാക്കുകൾ സൃഷ്ടിക്കുന്നതും ഇതേ തത്വാടിസ്ഥാനത്തിലാണ്. ‘എന്ന ശബ്ദത്തിൽ തുടങ്ങുന്ന ഒരു വാക്കാണ് വീടിനെ സൂചിപ്പിക്കുന്ന ചിത്രാക്ഷരം ദ്യോതിപ്പിക്കുന്നത്. യിൽ തുടങ്ങുന്ന മറ്റൊരു വാക്ക് സൃഷ്ടിയ്ക്കാൻ ഈ വീട് ചിത്രാക്ഷരത്തിന്റെ ആദ്യഭാഗം ഉപയോഗിക്കുന്നു. പരിചിത വസ്തുക്കളുടെ ചിത്രങ്ങളിൽ നിന്ന് അക്ഷരങ്ങളും അവയോടനുബന്ധിച്ച് അക്ഷരങ്ങൾ ദ്യോതിപ്പിക്കുന്ന ശബ്ദങ്ങളും പരിണമിച്ച് വന്നത് ഇങ്ങനെ ആയിരിക്കണം എന്നാണ് നിഗമനം.

 

         ഉച്ചരിക്കുന്ന ശബ്ദങ്ങൾ  രേഖീയമായി ആലേഖനം ചെയ്യാമെന്നുള്ള ആവിഷ്ക്കാരം മനുഷ്യസംസ്ക്കാരത്തെ ഇങ്ങിനിവരാതവണ്ണം മാറ്റി മറിച്ചു. സ്വതന്ത്രമായി ഈ നവീനത ലോകത്ത് പലയിടങ്ങളിലും മുളച്ചു പൊന്തി. അക്ഷരമാല ഇല്ലാതിരുന്ന ഭാഷകൾ അവ നിർമ്മിച്ചു തുടങ്ങി. വായ്മൊഴിയായി പ്രചരിച്ചിരുന്ന പുരാണങ്ങളും മിത്തുകളും പരന്ന പ്രതലങ്ങളിലേക്ക് അക്ഷരം എന്ന രൂപാന്തരം പ്രാപിച്ച് വിലയം കൊണ്ടു. സംസ്കൃതം ഒരു ഉദാഹരണമാണ്. അക്ഷരങ്ങൾ വരുന്നതിനും മുൻപേ പാടപ്പെട്ട പാട്ടുകളാണ് വേദങ്ങളും രാമായണവും മഹാഭാരതവുമൊക്കെ.  വേദങ്ങൾ  എഴുതപ്പെട്ടത്ദേവനാഗരി യ്ക്ക് മുൻപുള്ള ബ്രാഹ്മി ലിപിയിലാണെങ്കിൽ ബി സി മൂന്നാം നൂറ്റാണ്ട് കഴിഞ്ഞിട്ടായിരിക്കണം. വ്യാസൻ ചൊല്ലിയ മഹാഭാരതം ഗണപതി എഴുതിയെടുത്തു എന്നത് ചരിത്രപരമായി ശരിയായിരിക്കില്ല. വ്യാസൻ മഹാഭാരതം രചിയ്ക്കുമ്പോൾ സംസ്കൃതത്തിനു ലിപി ഉണ്ടായിരുന്നില്ല.   വാമൊഴിയിൽ നിന്ന് വരമൊഴിയിലേക്കുള്ള മാറ്റത്തെ സൂചിപ്പിക്കുന്ന മിത്ത് എന്ന സാംഗത്യം തെളിയുന്നു എന്നു മാത്രം.    സംസ്കൃതം ഇപ്പൊഴുപയോഗിക്കുന്ന ദേവനാഗരി ലിപി രണ്ടാം നൂറ്റാണ്ടിനു ശേഷം മാത്രം പ്രചാരത്തിലായതാണ്.

 

  അക്ഷരങ്ങൾ വരഞ്ഞെടുത്തത് പല രൂപാന്തരണങ്ങൾക്ക് വശംവദമായി. പല ഭാഷകളിലും വ്യഞ്ജനങ്ങളാണ് ആദ്യം സൃഷ്ടിക്കപ്പെട്ടത്, സ്വരങ്ങൾ പിന്നെ. ഇവയുടെ ആകൃതികൾ മാറി മറിഞ്ഞു. ചിലപ്പോൾ വ്യഞ്ജനാകൃതി സ്വരങ്ങൾ ഏറ്റെടുത്തു, മറിച്ചും. 1448 ഇൽ ഗുട്ടൻബെർഗ് അച്ചടി ആവിഷ്ക്കരിച്ചതോടേ അക്ഷരങ്ങളുടെ ആകൃതി സാങ്കേതികതയ്ക്ക് വഴിമാറി.  മിഷനിമാർ അച്ചടിയന്ത്രവുമായി എത്തിയതോടെ മലയാളം അക്ഷരങ്ങൾ പുതിയ രൂപം കൈക്കൊണ്ട ചരിത്രം നമുക്കറിയാം. ചന്ദ്രക്കലയും ചില്ലക്ഷരങ്ങളും വായനയെ  സ്വാധീനിച്ചു. എഴുത്തച്ഛൻ എഴുതിയ അദ്ധ്യാത്മരാമയണം  ഓലക്കെട്ടുകൾ ഇന്ന് നമ്മുടെ കയ്യിൽ കിട്ടുകയാണെങ്കിൽ ഒരു വരി പോലും നമ്മൾക്ക് വായിയ്ക്കാൻ സാദ്ധ്യമാവുകയില്ല.എന്നത് വിസ്മയകരമായ സത്യമാണ്.

 

 വായന എന്ന പുതിയ മനുഷ്യശീലം

   തന്റെ തലച്ചോറിനു എന്തൊക്കെ സാദ്ധ്യമാണെന്ന് മനുഷ്യൻ അറിയുന്നത് അവ പ്രയോഗിച്ചു തുടങ്ങുമ്പോഴാണ്. വെക്റ്റർ കാൽകുലസ് ആവിഷ്ക്കരിച്ചെടുക്കാനുള്ള തന്ത്രങ്ങൾ നമ്മുടെ ന്യൂറോണുകളിൽ ഒളിഞ്ഞു കിടപ്പുണ്ടായിരുന്നു എന്ന് മനുഷ്യൻ അറിഞ്ഞത് ഈ അടുത്തകാലത്താണ്. ചിത്രാക്ഷരങ്ങൾക്ക് അർത്ഥം കൽപ്പിച്ചെടുക്കാൻ പണ്ടേ വിരുതു നേടിയിരുന്നു മനുഷ്യർ.  രേഖീയമായ ജ്യോമെട്രി രൂപങ്ങൾ തലച്ചോറിൽ വ്യാഖ്യാനിക്കപ്പെടാം, അവയ്ക്ക് താൻ പണ്ടേ സംസാരിച്ചുകൊണ്ടിരുന്ന ഭാഷയുമായി നേർബന്ധം സ്ഥാപിക്കാം എന്നൊക്കെ മനുഷ്യർ അറിഞ്ഞത് സമൂഹത്തിൽ പരസ്പരധാരണകളും സന്ദേശങ്ങളും കൈമാറാനുള്ള ആധുനിക തന്ത്രം  ആയി മാറി. ഭാവനകൾ ചിരസ്ഥായിയായി , മൗനങ്ങൾ വാചാലമായി, വാക്യാർത്ഥത്തിൽത്തന്നെ.ഉച്ചരിക്കപ്പെട്ട ശബ്ദം അലിഞ്ഞില്ലാതെയാകുന്നത് ചെറുക്കപ്പെട്ടു. എഴുതിവച്ചതിനു ഉച്ചരിച്ച വാക്കിനേക്കാൾ ബലമേറി. രാജശാസനങ്ങൾ കല്ലിൽ കൊത്തിവയ്ക്കപ്പെട്ടു, ലോഹപാളികളിൽ ആലേഖനം ചെയ്ത് തലമുറകളിലേക്ക് വ്യാപനം ചെയ്തു. ഭാഷ അമരത്വം നേടി.ദൈവത്തിന്റെ പോലും പ്രതിച്ഛായ മാറി. വാക് ദേവത അക്ഷരസ്വരൂപിണിയായി മാറി.  പ്രണയലേഖനം എങ്ങിനെയെഴുതണം എന്നറിയാൻ പാടില്ലാത്ത ശകുന്തളമാർക്കും താമരയിലയിലാണെങ്കിലും അത് എഴുതാമെന്നായി, കാമുകർക്ക് അത് വായിച്ച് മനസ്സിലെ രഹസ്യങ്ങൾ പിടികിട്ടാറായി.  ഉച്ചരിക്കപ്പെടുന്ന ശബ്ദങ്ങൾ അതേ പടി രേഖപ്പെടുത്താം എന്ന് മാത്രമല്ല, അവ തലച്ചോറിൽ ആഗിരണം ചെയ്ത് അതേ ശബ്ദം പുറപ്പെടുവിക്കാനും സാധിച്ചു, അതിനെ വായനഎന്ന് വിളിച്ചു. തലച്ചോറിൽ പുതിയ ന്യൂറോൺ വലയങ്ങൾ സൃഷ്ടിയ്ക്കപ്പെട്ടു.

 

വായനയുടെ ന്യൂറോണുകൾ

 

       ഒരു ഭാഷ എഴുതുക എന്നു വച്ചാൽ ചിത്രം വരയ്ക്കൽ തന്നെയാണത് എന്നാണ് പറഞ്ഞുവന്നത്. തലച്ചോർ അങ്ങിനെയാണത് സ്വാംശീകരിയ്ക്കുന്നത്. അനേകം ആകൃതികൾ മനസ്സിലാക്കാനും ഓർമ്മവയ്ക്കാനും തലച്ചോറിനുള്ള കഴിവിന്റെ ഭാഗം തന്നെ ഇത്. ഓരോ അക്ഷരവും വളവുപുളവുകളും നേർവരകളുമൊക്കെ ഒക്കെയുള്ള ചിത്രമാണ്. രണ്ട് അക്ഷരങ്ങൾ ഒന്നിച്ച് വരുമ്പോൾ മറ്റൊരു ചിത്രം. വാക്ക്എന്ന നമ്മൾ ഇതിനു പേരു കൊടുക്കുന്നു. തലച്ചോറിലെ ധാരാളം മടക്കുകളുള്ള കോർടെക്സ്എന്ന ഭാഗമാണ് ഇത് ഒരു ചിത്രമായി പരിഗണിച്ച് വ്യവഹരിയ്ക്കുന്നത്. ഒരേപോലെത്ത ആകൃതിയാണെങ്കിലും കൃത്യമായി ഇത് സാധിച്ചെടുക്കുന്നു. ഇംഗ്ലീഷിലെ “p”, “q”, “b”, “d” ഒക്കെ ഒരു വൃത്തത്തിന്റെ വശത്ത് ഒരു നേർ വര കൂടിച്ചേർത്തതാണ്.  യും യും ഏകദേശം സാമ്യമുള്ളവയാണ്, “യും യും, “യും യും, “ യും യും  ഒക്കെ അങ്ങനെ തന്നെ. ഇവയൊക്കെ തിർഞ്ഞും മറിഞ്ഞും വന്നാലും മസ്തിഷക്കത്തിനു യാതൊരു ചാഞ്ചല്യവുമില്ല. കാഴ്ച്ച എന്നതിനു അർത്ഥം നിർമ്മിക്കുന്നത് ന്യൂറോണുകളുടെ സ്ഥിരം പണിയാണ്.

 

വാക്ക്പെട്ടി

                  തലച്ചോറിലെ മേൽപ്പറഞ്ഞ ഇടങ്ങളെല്ലാംകൂടി ഒരു വാക്ക്പെട്ടിനിർമ്മിച്ചു വച്ചിട്ടുണ്ടെന്ന് പ്രസ്താവിക്കുന്നതിൽ അപാകതയില്ല. മസ്തിഷ്ക്കത്തിന്റെ മൂന്നിലൊന്ന് ഭാഗം നമ്മൾ കാണുന്നത് വ്യാഖ്യാനിച്ചെടുക്കാൻ വേണ്ടി നിയുകതമാണ്. ദൃശ്യവ്യവസ്ഥ (visual system) എന്നാണിതിനു പേര്. തലച്ചോറിന്റെ ഏറ്റവും പുറകിലെ ഇതൾ  occipital lobe, വശത്ത്, ചെവിയുടെ ഭാഗത്തിനുള്ളിലായി temporal lobe, അതിനും മുകളിലായി  parietal lobe എന്നിവിടങ്ങളിലാണ് ഈ വ്യവസ്ഥയുടെ സ്ഥാനപ്പെടുത്തൽ. ഇവിടെയെല്ലാം തലച്ചോറിനുപരിതലത്തിൽ  നിരവധി മടക്കുകളുള്ള പാളിയായ കോർടെക്സിലാണ് ഈ നിജപ്പെടുത്തൽ.   ഭാഷ മനസ്സിലാക്കാനും ഉച്ചരിക്കാനുമുള്ള ഇടങ്ങൾ മിക്കവാറും തലച്ചോറിന്റെ ഇടത്തെ പകുതിയിലാണ്.  ഭാഷ മനസ്സിലാക്കാനുള്ള ഇടം ഇടത്തെ  ടെമ്പൊറൽ ഇതളിലും ഭാഷ നിർമ്മിച്ചെടുക്കാനുള്ള ഇടം മുൻഭാഗത്തെ കോർടെക്സിലുമാണ്.വായിയ്ക്കുമ്പോൾ ഈ രണ്ട് കേന്ദ്രങ്ങളും തമ്മിൽ സംവദിക്കുകയാണ്. ദൃശ്യപദ്ധതി അക്ഷരങ്ങളുടെ ആകൃതി നോക്കി വാക്കിന്റെ മൊത്തം ആകൃതി മനസ്സിലാക്കുന്നു, ഭാഷാകേന്ദ്രങ്ങൾ അതെനെന്ത് അർത്ഥം എന്ന് അന്വേഷിക്കുന്നു. മൂന്നാമത് ഒരു ഭാഗം ഈ രണ്ട് കേന്ദ്രങ്ങളേയും ബന്ധപ്പെടുത്തുന്നതാണ്. ഇതിനെ വാക്ക് പെട്ടി’ (Wordbox) എന്ന് വിളിയ്ക്കാം. (ചിത്രം 3). വാക്കിന്റെ ദൃശ്യരചനാ സ്ഥലം എന്ന് പറയാം (Visual word form area). അക്ഷരങ്ങൾ ചിത്രങ്ങളായി ആലേഖനം ചെയ്യപ്പെടുന്നത്-  വൃത്തങ്ങളും വരകളും വള്ളിപുള്ളികളും ഒക്കെ ചമ്യ്ക്കുന്ന ജ്യോമെട്രിക്കൽ രൂപങ്ങൾ-  ഭാഷാകേന്ദ്രങ്ങൾക്ക് കൈമാറി അർത്ഥം നിർമ്മിച്ചെടുക്കുകയാണെന്ന് സാരം.

 

       ഈ വാക്ക്പെട്ടി നമ്മൾ ജനിക്കുമ്പൊഴേ മസ്തിഷ്ക്കത്തിൽ കുടികൊള്ളുന്നതാണോ അതോ വായിയ്ക്കാൻ പഠിയ്ക്കുമ്പോൾ രൂപം കൊള്ളുന്നതാണോ? വായിയ്ക്കാൻ പഠിയ്ക്കുന്നതിനു മുൻപ് വാക്കുകളൊ അക്ഷരങ്ങളോ ശബ്ദത്തിന്റെ പ്രതീകങ്ങളാണെന്ന് അറിയാൻ വയ്യാത്തെ സ്ഥിതി ആണ്. വെറുതെ കുത്തിവരയോ കാളം പൂളം ആകൃതികളോ ആണ് കുഞ്ഞുങ്ങൾ കാണുന്നത്. എന്നാൽ ഭാഷ നന്നായിട്ട് കൈകാര്യം ചെയ്യുന്നവരുമാണിവർ.  വാക്കുകൾ കൂട്ടിച്ചൊല്ലാൻ വയ്യാത്ത കിടാങ്ങളും സെൽ ഫോൺ കിട്ടിയാൽ അതിലെ പ്രതിബിംബങ്ങളുടെ അർത്ഥം മനസ്സിലാക്കി അവയിൽ ഞെക്കി അവർക്കു വേണ്ട വെബ്സൈറ്റിൽ എത്തുന്നത് ആകൃതികൾക്ക് പൊരുൾ നിർമ്മിയ്ക്കാൻ തലച്ചോറിനു കഴിവുണ്ട് എന്നതിനാലാണ്.  ഇംഗ്ലീഷിലെ “O” യ്ക്ക് വൃത്താകൃതിയാണ്. ഒരു ഓറഞ്ചും ഒരു പന്തും   വൃത്താകൃതി തന്നെ. ആകൃതികളുടെ വിവരങ്ങൾ തലച്ചോറിലെ object cortex ഇൽ സൂക്ഷിച്ചിരിക്കുന്നു, ഇത് ദൃശ്യവ്യവസ്ഥയുടെ ഭാഗവുമാണ്. ഈ ഭാഗം ഓറഞ്ചും പന്തും വേർതിരിച്ച് വ്യാഖ്യാനിക്കും, രണ്ടും വൃത്താകൃതി ആണെങ്കിലും. ഒന്ന് തിന്നേണ്ടതാണെന്നും മറ്റത് കളിയ്ക്കാനുള്ളതാണെന്നും ഉള്ള സത്യങ്ങൾ ഇവിടെ സമാഹരിച്ചിട്ടുണ്ട്. വാക്ക്പെട്ടി പഠിച്ചെടുക്കുകയാണ് വാക്കുകൾ എങ്ങനെയാണെന്നും രൂപനിർമ്മിതിയുടെ നിയമങ്ങൾ എന്തൊക്കെയാണെന്നും. വായിക്കാൻ തുടങ്ങുമ്പോഴാണ് ഈ പഠനം ആരംഭിയ്ക്കുന്നത്. സാവധാനം അത് വാക്കുകൾ എന്ന് തോന്നപ്പെടുന്ന ആകൃതികൾ  തിരിച്ചറിഞ്ഞ് ബോദ്ധ്യപ്പെടാൻ പരിശീലിക്കപ്പെടുന്നു. നമുക്ക് ഏറ്റവും പരിചയമുള്ള ഭാഷയിലെ വാക്കുകൾ അതിലെ അക്ഷരങ്ങൾ ഉപയോഗിച്ച് നിർമ്മിച്ചെടുത്തവ, വായിയ്ക്കുമ്പോൾ നമ്മുടെ വാക്ക്പെട്ടി ഏറ്റവും ഉത്തേജിതമാകുകയാണ്. പല ഭാഷകൾ പഠിച്ചെടുക്കുകയാണെങ്കിലും ഒരേ വാക്ക് പെട്ടിയാണ് തലച്ചോറിൽ ഉണർന്ന് പ്രവർത്തിക്കുന്നത്. കാഴച്ചയില്ലാത്തവർ സ്പർശനം കൊണ്ട് ബ്രെയ് ലിയിൽ വായിയ്ക്കുമ്പോഴും ഇതേ വാക്ക് പെട്ടി ഉപയോഗിക്കുന്നു. ഏറ്റവും ചെറുപ്പത്തിൽത്തന്നെ ഈ വാക്കുപെട്ടിയെ ഉത്തേജിതമാക്കുന്നത് അതിന്റെ വളർച്ചയ്ക്ക് സഹായകമാകും. ഭാഷകൾ നേരത്തെ പഠിച്ചുതുടങ്ങണം എന്ന സ്ഥിരം ഉപദേശത്തിന്റെ കാതൽ. അകക്കണ്ണ് തുറപ്പിയ്ക്കാൻ ആശാൻ ബാല്യത്തിലെത്തണം എന്ന് കവി പാടിയത് തന്നെ ഇത്.

 

വാക്കുകൾ മസ്തിഷ്ക്കത്തിൽ പതിപ്പിക്കുന്നത്

 

       രു ഭാഷയിലെ ശബ്ദങ്ങളാണ് കുഞ്ഞുങ്ങൾ ആദ്യം പഠിച്ചെടുക്കുന്നത്. ഈ ശബ്ദങ്ങളെ വിവിധരീതിയിൽ കൈകാര്യം ചെയ്താണ് വാക്കുകൾ നിർമ്മിച്ചെടുക്കുന്നത്. മിണ്ടിത്തുടങ്ങാൻ ശ്രമിയ്ക്കുന്ന   പിഞ്ചിളം ചുണ്ടുകൾ  താമസിയാതെ വാചകങ്ങൾ നിർമ്മിച്ചു തുടങ്ങും. അക്ഷരങ്ങൾ തിരിച്ചറിയാറായാൽ അതു കൊണ്ട് നിർമ്മിച്ചെടുക്കുന്ന വാക്കുകളുമായി പരിചയം വരികയാണ്. എഴുതുമ്പോഴുള്ള വാക്യഘടന പരിചയത്തിൽക്കൂടി ആർജ്ജിച്ചെടുക്കും. വായനയുടെ തുടക്കം ഇതാണ്. നേരത്തെ സൂചിപ്പിച്ചതുപോലെ ഒരു വാക്ക് എന്നത് ഒരു ചിത്രമാണ്. ഈ ചിത്രമാണ് തലച്ചോർ ഡി-കോഡ്’’ ചെയ്തെടുക്കുന്നത്. അങ്ങിനെ പല ചിത്രങ്ങൾ ഡി-കോഡ് ചെയ്തെടുക്കുമ്പോൾ ഒരു വാചകം എന്ത് അർത്ഥമാക്കുന്നു എന്ന്  തലച്ചോർ നിശ്ചയിച്ചുറപ്പിയ്ക്കും. ഇതിൽ പങ്കെടുക്കുന്നത് തലച്ചോറിന്റെ വിവിധ ഭാഗങ്ങളാണ്. ഒരു വാക്ക് വായിയ്ക്കുമ്പോൾ അത് കാഴ്ച്ചയാണ്. തലച്ചോറിന്റെ ഏറ്റവും പുറകിലത്തെ ഭാഗമാണ് കാണുന്നതിനെ ഇമേജ് ആക്കി മാറ്റുന്നത്.  വാക്ക് കണ്ടാൽ അതിന്റെ അർത്ഥം കണ്ടുപിടിയ്ക്കുക എന്നതാണ് തലച്ചോറിന്റെ അടുത്ത ധർമ്മം. ഈ ഇമേജ് തലച്ചോറിന്റെ മറ്റ് ഭാഗങ്ങളിലേക്ക്  ഉടൻ റിലേ ചെയ്യപ്പെടുകയാണ് അതിനു വേണ്ടി.

   വായിക്കപ്പെട്ട വാക്കിന്റെ ഇമേജ് ആദ്യം എത്തപ്പെടുന്നത് ചെവിയുടെ നേരേ ഉള്ളിലായുള്ള ടെമ്പൊറൽ ലോബ് എന്ന തലച്ചോറിടത്തിലും  അതിനു തൊട്ട് മുകളിലുള്ള സുപ്രാമാർജിനൽ ഗൈറസ്  (supramarginal gyrus) എന്ന ഇടത്തിലുമാണ്. ആദ്യം അക്ഷരങ്ങൾ മനസ്സിലാക്കപ്പെടുന്നു, പിന്നീട് വാക്ക്, അതോടൊപ്പം ആ വാക്കിന്റെ ശബ്ദം എന്നിങ്ങനെയാണ് വ്യാഖ്യാനരീതി. ഇവയെല്ലാം ഓർമ്മയുടെ കേന്ദ്രവുമായി ബന്ധപ്പെട്ട് ആ വാക്കിന്റെ പൂർണ്ണ അർത്ഥം നിർവ്വചിക്കപ്പെടുന്നു. പലേ  വാക്കുകൾക്കും നിശ്ചിത ഇടങ്ങളുണ്ട് തലച്ചോറിൽ എന്നാണ് ഈയിടെ കണ്ടു പിടിച്ചിരിയ്ക്കുന്നത്.. തലച്ചോറിന്റെ മുൻപിലത്തെ ഇതൾ (Frontal lobe)ന്റെ ഒരു ഭാഗം ബ്രോക്കാസ് ഏരിയ- ഉച്ചാരണനിർമ്മിതിയുടെയും ഭാഷാവ്യാഖ്യാനത്തിന്റേയും കേന്ദ്രമാണ്. ആദ്യം കാഴ്ച്ച വഴി (വായിക്കപ്പെടുമ്പോൾ) കിട്ടിയ വിവരങ്ങൾ ഇവിടെയെല്ലാം പടർന്നു പരക്കുമ്പോൾ ആകപ്പാടെ വായിച്ചതിന്റെ പൊരുൾ മനസ്സിലാക്കപ്പെടുകയാണ്. സുപ്രമാർജിനൽ ഗൈറസ് ഇതിനകം അക്ഷരങ്ങളുടെ ആകൃതികൾ സമാഹരിച്ച് വിവിധ തലച്ചോറിടങ്ങളുമായി സംവദിച്ച് വായിക്കപ്പെട്ട വാക്കിന്റെ അർത്ഥസ്വരൂപം മെനഞ്ഞെടുത്തിട്ടുണ്ടാവണം.

 

  തലച്ചോറിന്റെ പിറകിലുള്ള കാഴ്ച്ചയുടെ കേന്ദ്രവും മേൽപ്പറഞ്ഞ മുൻഭാഗകേന്ദ്രങ്ങളും തമ്മിൽ ബന്ധിപ്പിക്കുന്ന സൂപ്പർ ഹൈവേകൾ വഴി നിരന്തരം സംവേദനങ്ങൾ പായുകയാണ് വായിച്ച് അർത്ഥം മെനഞ്ഞെടുക്കുമ്പോൾ. വളരെ നീണ്ട ന്യൂറോൺ തന്തുക്കൾ കൊഴുപ്പു പാളികളാൽ പൊതിയപ്പെട്ടവയാണ്, ഇവയുടെ ഭാഗം അതുകൊണ്ട് വെണ്മയേറിയതാണ്, white matter എന്നറിയപ്പെടുകയും ചെയ്യുന്നു. ഈഎ ഹൈവേ സിസ്റ്റം വീതിയേറിയതായിരിക്കണം ഇവയിൽക്കൂടിയുള്ള സംവേദനയാത്ര സുഗമമുള്ളതായിരിക്കണം വായന അർത്ഥവത്താകാൻ. കുട്ടികളിൽ ഈ ഭാഗം കൃത്യമായി വളർന്ന് വികസിക്കേണ്ടിയിരിക്കുന്നു വായനയ്ക്ക് ബലമേറ്റാൻ. ഭാഷയുടെ കേന്ദ്രങ്ങൾ തമ്മിൽ ബന്ധിപ്പിക്കുന്ന  arcuate nucleus ഈ കേന്ദ്രങ്ങളെ കാഴ്ച്ചാ വിശകലനകേന്ദ്രങ്ങളുമായി ബന്ധിപ്പിക്കുന്ന  interior longitudinal fasciculus ഒക്കെ പ്രധാനമാണ് വായനാശേഷി കൃത്യമായി നിലനിറുത്താൻ. നല്ല വായനക്കാരിൽ ഈ ട്രാക്കുകളൊക്കെ ഗംഭീരമായി വികാസം പ്രാപിച്ചിടുണ്ടാവണം. ഡിസ് ലെക്സിയ’ (Dyslexia) എന്ന വായനാ അസുഖം ബാധിച്ച കുട്ടികളിൽ ഈ ട്രാക്കുകൾ ഇടുങ്ങിയതും ദുർഘടവും ആണ്. പക്ഷേ നിരന്തരമായ വായനകൊണ്ട് ഈ ഹൈവേകൾ വികസിപ്പിച്ചെടുക്കാവുന്നതാണ്.

 

  വാക്കുകൾക്ക് അർത്ഥം കൽപ്പിച്ചെടുക്കാൻ തലച്ചോറിന്റെ ഉപരിതലം ഉപയോഗിക്കപ്പെടുന്നു എന്ന് പരാമർശിച്ചു കഴിഞ്ഞു. . തലച്ചോറിന്റെ ഉപരിതലത്തിലെ മുൻ ചൊന്ന കോർറ്റെക്സ്എന്ന പാളിയിന്മേലാണ്  ഈ ഡിക്ഷണറി പടർത്തി പരത്തി വച്ചിരിക്കുന്നത്. ഒരു ഭൂപടം പോലെ വാക്കുകൾക്കുള്ള ഇടങ്ങൾ നിരന്നു പരന്നു കിടക്കുകയാണ്  (ചിത്രം 4). ഒരേ വാക്കിന്റെ അർത്ഥങ്ങൾ ചിലപ്പോൾ പല ഇടങ്ങളിലും പതിപ്പിച്ചിട്ടുണ്ട്, ഒരേ ഇടത്തു തന്നെ ബന്ധപ്പെട്ട വാക്കുകളുടെ   അർത്ഥങ്ങളും സ്ഥാനം പിടിയ്ക്കുന്നു.ചില ഇടങ്ങൾ ആളുകളെപ്പറ്റിയുള്ള വിവരങ്ങൾക്കുള്ള വാക്കുകൾക്കാണ് എങ്കിൽ ചിലവ സ്ഥലങ്ങളെക്കുറിച്ച്, മറ്റ് ചിലവ അക്കങ്ങൾക്കാണ്. അതുകൊണ്ടുതന്നെ ഒരു വാചകത്തിലെ വാക്കുകളുടെ അർത്ഥങ്ങൾ ഒന്നിച്ച്കൂട്ടി സമഗ്രമായൊരു ആശയം രൂപീകരിക്കാൻ എളുപ്പമാകുകയാണ്.

 

കേൾവിയും വായനയും ഒരേ ഇടങ്ങൾ

 

       ഒരു വാക്ക്, അല്ലെങ്കിൽ വാചകം കേൾക്കുമ്പോഴും അത് വായിക്കുമ്പോഴും ഒരേ കാര്യമാണ് മനസ്സിലാക്കപ്പെടുന്നത്. പൂവ് എന്ന വായിക്കുമ്പോഴും അത് കേൾക്കുമ്പോഴും പൂവ് എന്താണെന്ന് നിങ്ങളുടെ അറിവും പൂവു സംബന്ധിയായ ഓർമ്മകളും ഉണർന്നു വന്നേയ്ക്കാം. എന്നാൽ വായന കാഴ്ച്ചയുടെ സംവേദനങ്ങളാണ് തലച്ചോറിൽ ഉളവാക്കുന്നത്, കേൾക്കുന്നത് അതു സംബന്ധിച്ച   മറ്റ് ചില തലച്ചോറിടങ്ങളുടെ ഉണർച്ചയിലുമാണ്. പക്ഷേ ഇവ രണ്ടും അത്യന്തികമായി വിശകലനം ചെയ്യപ്പെട്ട് അർത്ഥം നിർദ്ധാരണം ചെയ്തെടുക്കുന്നത് ഒരേ കേന്ദ്രങ്ങളിലാണ്. ഈ കേന്ദ്രങ്ങൾ നേരത്തെ പരാമർശിച്ച് വാക്ക്പെട്ടിയുടെ ഭാഗങ്ങളിൽ നിലയുറപ്പിച്ചവയാണ്. വിശദവിവരങ്ങൾ പരീക്ഷണങ്ങളിൽക്കൂടി സമാഹരിക്കാൻ  ഉപയോഗിച്ചത് തൽച്ചോർ കേന്ദ്രങ്ങൾ ഉൺർന്നു വരുന്നത് റെക്കോർഡ് ചെയ്യുന്ന എഫ് എം ആർ ഐ  (fMRI)  എന്ന  സ്കാനിങ് സാങ്കേതിക വിദ്യയാണ്. ഒരു  കഥ വായിക്കുമ്പോഴും  അത് തന്നെ കേൾക്കുമ്പോഴും പരീക്ഷണാർത്ഥികളുടെ തലച്ചോർ സ്കാൻ ചെയ്തുകൊണ്ടിരുന്നു. കമ്പ്യൂട്ടർ സഹായത്തോടെ വിവരങ്ങൾ വിശ്ലേഷണം ചെയ്യപ്പെട്ടു. കൃത്യമായി ഒരേ ഇടങ്ങൾ പ്രവർത്തനനിർതമാകുന്നതായി നിരീക്ഷപ്പെട്ടു. തലച്ചോറിനു നൽകുന്ന സംവേദനങ്ങളുടെ ഉറവിടവും അവ  സഞ്ചരിയ്ക്കുന്ന വഴികളും വേറേ വേറേ ആണെങ്കിലും മസ്തിഷ്ക്കത്തിൽ ഇവ അർത്ഥപൂർണ്ണമാക്കാൻ വേണ്ടി വിശ്ലേഷണം ചെയ്യുന്നത് ഒരൊറ്റ ഇടത്ത് തന്നെ എന്ന് തെളിയിക്കപ്പെട്ടു. ചിത്രം 5 ഇൽ ഈ സാമ്യം വ്യക്തമായി കാണാം. ഭാഷ എന്നത്  കേൾക്കുമ്പോഴോ വായിയ്ക്കുമ്പോഴോ ഒരേ ഇടം ഉത്തേജിതമായി സാധിയ്ക്കുന്ന പ്രതിഭാസം ആണെന്നുള്ളത് വളരെ പണ്ടേ തന്നെ, അക്ഷരങ്ങളെക്കുറിച്ച് മനുഷ്യർ ആലോചിയ്ക്കുക പോലും ചെയ്യാത്ത കാലത്ത് തന്നെ ന്യൂറോണുകൾ ഭാവി മുൻ കൂട്ടിക്കണ്ട് വലയങ്ങൾ നിർമ്മിച്ചു വച്ചിരുന്നു എന്ന് അനുമാനിക്കാൻ വക നൽകുന്നു. അല്ലെങ്കിൽ ഏറ്റവും ചെലവു കുറഞ്ഞ രീതിയിൽ മാത്രം ചരിയ്ക്കുന്ന പരിണാമം എളുപ്പവഴി കണ്ടുപിടിച്ചതാവാനും മതി.

 വായ്യ്ക്കുമ്പോൾ ഉറക്കെ വായിച്ചാലേ ചിലർക്കു മനസ്സിലാകുകയുള്ളു എന്നതിന്റേയും പരീക്ഷയ്ക്കു പഠിയ്ക്കുമ്പോൾ ഉറക്കെ വായിയ്ക്കണം എന്ന് നിർദ്ദേശിക്കപ്പെടുന്നതിന്റേയും പൊരുൾ ഈ കേൾവി/കാഴ്ച്ച സംവേദനങ്ങൾ വിശകലനം ചെയ്യപ്പെടുന്ന ഇടങ്ങളുടെ ഊർജ്ജസ്വലത വർദ്ധമാനമാക്കാൻ വേണ്ടിയാണ്.

 

വായന പൂർണ്ണമാക്കാൻ ഭാവന

  അക്ഷരങ്ങളും വാക്കുകളും പരിചിതമായിക്കഴിഞ്ഞാൽ തലച്ചോർ അതിന്റെ ഭാവനകൾ കൊണ്ട് ചിലതൊക്കെ മുൻകൂർ വ്യാഖ്യാനിച്ചു കളയും. അക്ഷരങ്ങൾ സ്വൽപ്പം അങ്ങോട്ടൊ ഇങ്ങോട്ടൊ തിരിച്ചിട്ടാലും നമ്മുടെ വാക്ക്പെട്ടി അത് സ്വമേധയാ തിരുത്തിയെടുത്ത് ശരിയ്ക്കുള്ള വാക്കാക്കി മനസ്സിലാക്കിക്കൊള്ളും. ഈ വാചകം ശ്രദ്ധിക്കുക:  For emaxlpe, it deson’t mttaer in waht oredr the ltteers in a wrod aepapr, the olny iprmoatnt tihng is taht the frist and lsat ltteer are in the rghit pcale. The rset can be a toatl mses and you can sitll raed it wouthit pobelrm. മിക്കവാറും ഈ വാചകങ്ങൾ നിങ്ങൾ ശരിക്ക് വായിച്ച് മനസ്സിലാക്കിക്കാണണം. മിക്കവാറും പരിചയം കൊണ്ട് സന്ദർഭം പിടി കിട്ടുകയാണ്. ആദ്യത്തെ അക്ഷരവും അവസാനത്തെ അക്ഷരവും ശരിയായാൽ മതി, അവ പിടികിട്ടിക്കഴിഞ്ഞാൽ ആശയത്തോട് യോജിക്കുന്ന വാക്ക് നിങ്ങളുടെ തലച്ചോർ കണ്ടു പിടിയ്ക്കുകയാണ്. ഒരു വാക്ക് കഴിഞ്ഞാൽ മിക്കവാറും അടുത്ത വാക്ക് എന്താണെന്ന് ഊഹിച്ചെടുക്കുകയാണ്. ഒരു വാക്കിലെ എല്ലാ അക്ഷരങ്ങളും ഒരുമിച്ചാണ് തലച്ചോറ് ഉൾക്കൊള്ളുന്നത്, ഓരോ അക്ഷരങ്ങളായിട്ടല്ല. അക്ഷരങ്ങൾ ഒന്ന് മറ്റൊന്നിനു സന്ദർഭങ്ങൾ ചമയ്ക്കുകയാണ്.  ഇത് ഒരു തിരിമറിവ് ആണ്. സാധാരണ പുറമേ നിന്നുള്ള സംവേദനങ്ങൾ (കാഴ്ച്ച, കേൾ വി) ആണ് ബോധജ്ഞാനം ഉളവാക്കുന്നത്. ഇവിടെ സാമാന്യബോധം നേരിട്ട് കാണുന്നതിനെ മാറ്റിയെടുക്കാൻ ആവശ്യപ്പെടുകയാണ്. മുകളിലത്തെ വാചകം നിങ്ങളുടെ കാഴ്ച്ചയെ പറ്റിയ്ക്കുകയാണ്.

 

      ഇന്ന് മൊബൈൽ ഫോൺ വഴിയുള്ള സന്ദേശങ്ങൾക്ക് മലയാളികൾ വ്യാപകമായി ഉപയോഗിക്കുന്ന തന്ത്രം ഇതു തന്നെയാണ്. ഒരുമാതിരി  രഹസ്യ കോഡ് തന്നെ. ഇംഗ്ലീഷിലെ  ചില അക്ഷരങ്ങൾ പെറുക്കി വച്ച് സന്ദേശങ്ങൾ നിർമ്മിച്ചെടുക്കുക.    ചിത്രാക്ഷരങ്ങളിലേക്ക് വൻ തിരിച്ചുപോക്കും നമ്മൾ ചെയ്തുകൂട്ടിയിട്ടുണ്ട്.  ലോകവ്യാപകമാണിത്. ശുചിമുറികൾ തിരിച്ചറിയാൻ ആണിന്റേയും പെണ്ണിന്റേയും രൂപങ്ങളിൽ തുടങ്ങിയതാണിത്. ലോകത്തെല്ലാവർക്കും മനസ്സിലാകണമെങ്കിൽ ഇത്തരം ചിത്രമെഴുത്തുകൾ ഉപയോഗിക്കുകയാണ് പ്രായോഗികം. ഇന്ന് റെയിൽ വെ സ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലും മാളുകളിലും മറ്റ് പൊതു സ്ഥലങ്ങളിലും ധാരാളം ചിഹ്നങ്ങളാണ് ഭാഷയ്ക്ക് പകരം ഉപയോഗിക്കപ്പെടുന്നത്. ട്രാഫിക് ചിഹ്നങ്ങൾ ലോകത്തെല്ലായിടത്തും ഒരേ ഭാഷ എന്ന കണക്കിൽ ഹൈവേകളിലും കവലകളിലും പൊതുനിരത്തുകളിലും പ്രത്യക്ഷപ്പെടുന്നു. ഇമോജികൾ നൂറുകണക്കിനാണ് ഇറങ്ങിക്കൊണ്ടിരിയ്ക്കുന്നത്. മനുഷ്യരുടെ പലേ വികാരങ്ങളും പ്രകടമാക്കുന്ന തരത്തിൽ അനേകം ഇമോജികളുണ്ട്. പലേ ചെയ്തികൾക്കും വിന്യാസങ്ങൾക്കും മറ്റൊരു നിര ഇമോജികൾ. വസ്തുക്കളും അവയുടെ ഉപയോഗവും പ്രകടമാക്കുന്ന ഇമോജികൾ വേറെ. ലോകഭാഷയുടെ ഉദയം മറ്റൊരു വഴിയേ എന്നതിനു ഉദാഹരണം.വാക്കുകൾ അപ്രസക്തമാവുന്ന വേള. തലച്ചോറിനു എളുപ്പമുള്ള പണികൾ കൊടുക്കുന്ന കമ്പ്യൂട്ടർ തന്ത്രം.

 

Reference:

1.      A to Z: The first alphabet . YouTube video : https://www.youtube.com/watch?v=LI2g3UNSMC0

2.      A to Z: How writing changed the world. YouTube video: https://www.youtube.com/watch?v=EEE992KNX6w

3.      Price CJ  The anatomy of language: a review of 100 fMRI studies published in 2009. Ann N Y Acad Sci 1191:62–88. 2010

4.       Price CJ  A review and synthesis of the first 20years of PET and fMRI studies of heard speech, spoken language and reading. Neuroimage 62: 816 –847. 2012

5.       Regev M, Honey CJ, Simony E, Hasson U (2013) Selective and invariant neural responses to spoken and written narratives. J Neurosci 33:15978 –15988. 2013.

6.      Dehaene, S., Pegado, F., Braga, L. W., Ventura, P., Nunes Filho, G., Jobert, A., et al. 2010. How learning to read changes the cortical networks for vision and language. Science 330:1359–64 2010

7.      Kassuba T and Kastner S. The reading brain. Scientific American May 12, 2015

8.      Deniz,F.,Nunez-Elizalde A,  Huth A G.   and  Gallant J.L. The Representation of Semantic Information Across Human Cerebral Cortex During Listening Versus Reading Is Invariant to Stimulus Modality. J. Neurosci. 39:7722-7736 2019

 

 

Figure 1 - Timeline of language evolution.

ചിത്രം 1. ഭാഷയുടെ ആവിർഭാവത്തിന്റെ സമയവഴികൾ (Courtesy: Scientific American)

 

Figure 2 - A. Sumerian cuneiform tablet, ca. 3100–2900 B.C.

ചിത്രം 2 ഒരു സുമേറിയൻ ‘”റ്റാബ് ലെറ്റ്”. ക്യുനിഫോം ആലേഖനം    ca. 3100–2900 B.C. (Courtesy: Scientific American)

 

 

Figure 3 - The wordbox in our brain.

 

ചിത്രം 3.വാക്ക് പെട്ടി ഇടങ്ങൾ. മുകളിൽ തലച്ചോറിന്റെ വശത്തു നിന്നുള്ള കാഴ്ച. ഇളം പച്ചയിൽ temporal lobe. കാഴ്ച്ച തരുന്ന പ്രതിബിംബം നിർമ്മിച്ചെടുക്കുന്നത് ( അക്ഷരങ്ങൾ വായന) പിറകിലുള്ള നീല നിറത്തിൽ കാണിച്ചിരിയ്ക്കുന്ന occipital lobe ഇലാണ്. ഇത് വിശകനം ചെയ്യപ്പെടുന്നത് റ്റെമ്പൊറൽ ലോബിൽ. താഴെ: തലച്ചോറിന്റെ താഴെ നിന്നുള്ള കാഴ്ച്ച. റ്റെമ്പൊറൽ ലോബിന്റെ താഴെ ഒരുഭാഗത്ത് വായിച്ചെടുത്തത് വിശകലനം ചെയ്തെടുക്കുന്നു.ആ വൃത്തത്തിനുള്ളിൽ. (Courtesy: Scientific American)

 

ചിത്രം 4. തലച്ചോറിന്റെ ഉപരിതലത്തിൽ (കോർടെക്സിൽ) വാക്കുകൾ നിജപ്പെടുത്തിയതായുള്ള ചിത്രീകരണം. ഒരേ ആശയവുമായി ബന്ധപ്പെട്ട വാക്കുകൾ ഒരേ ഇടത്തിൽ കാണപ്പെടുന്നു. (Courtesy: Scientific American)

 

 

ചിത്രം 5. ഒരേ കാര്യം തന്നെ വായിയ്ക്കുമ്പോഴും കേൾക്കുമ്പോഴും ഉത്തേജിതമാകുന്നത് തലച്ചോറിലെ ഒരേ ഇടങ്ങൾ തന്നെ എന്ന് തെളിയിക്കപ്പെടുന്നു. കേൾക്കുമ്പോൾ ഉണരുന്ന ഇടങ്ങൾ മുകളിലത്തെ തലച്ചോർ സ്കാനിങ്ങിൽ പല നിറങ്ങളിൽ കാണിച്ചിരിക്കുന്നു. അതേ ഇടങ്ങൾ തന്നെയാണ് വായിയ്ക്കുമ്പോൾ ഉത്തേജിതമാകുന്നത് (താഴെ).

2 comments:

Muralee Mukundan , ബിലാത്തിപട്ടണം said...

വാക്ക് വന്ന വഴി മുതൽ വായന വരെയുള്ള ചിന്തകളും തലച്ചോർ ആയവ ക്രമീകരിക്കുന്നതുമായ വിജ്ഞാനങ്ങൾ ...!

ശ്രീരേക് അശോക് said...

വിജ്ഞാനപ്രദമായ ലേഖനം.