Sunday, September 5, 2021

ബാലരാമഭരതം

 

      നൃത്തത്തിനും അഭിനയത്തിനും നാടകീയതനിർമ്മിതിയ്ക്കും ലക്ഷണങ്ങൾ നിർദ്ദേശിക്കുന്ന വിശദകൃതിയായ ബാലരാമഭരതം നൃത്ത/ നാട്യശാസ്ത്രത്തിനു കേരളത്തിന്റേതായ സംഭാവനയാണ്. ഭരതന്റെ നാട്യശാസ്ത്രത്തിനുമപ്പുറം ദേശീയമായ പ്രയോഗങ്ങളേയും വിനിയോഗങ്ങളേയും അഭിനയസമ്പ്രദായങ്ങളേയും ആധുനികതയോട് ചേർത്ത് നിറുത്തി ലക്ഷണങ്ങൾ രചിക്കപ്പെട്ടിരിക്കയാണ് മലയാളത്തിൽ എഴുതപ്പെട്ട ഈ സംസ്കൃതകൃതിയിൽ. കേരളത്തിൽ പ്രചലിതമായിട്ടുള്ള ദൃശ്യശ്രാവ്യകലകളുടെ പരിപ്രേക്ഷ്യങ്ങൾ ആധാരമാക്കിയാണ് നിർമ്മിതി. ഇൻഡ്യയിലെ മറ്റൊരു ദേശത്തിനും അവകാശപ്പെടാനില്ലാത്ത അപഗ്രഥനമാണ് ഈ കൃതി. 

 

   പുരാതനമായ നാട്യശാസ്ത്രത്തിനു ശേഷം വന്ന പഠനങ്ങളായ അഭിനയദർപ്പണം (ആറാം നൂറ്റാണ്ട്), സംഗീതരത്നാകരം (പതിമൂന്നാം നൂറ്റാണ്ട്), നൃത്തരത്നാവലി (പതിമൂന്നാം നൂറ്റാണ്ട്), സംഗീതരാജ (പതിനഞ്ചാം നൂറ്റാണ്ട്), സംഗീതമകരന്ദം (പതിനേഴാം നൂറ്റാണ്ട്) എന്നിവയെല്ലാം പഠനങ്ങളിൽ ഉൾക്കൊള്ളിച്ചുകൊണ്ട് തികച്ചും സമഗ്രമായ നാട്യശാസ്ത്രനിർമ്മിതിയാണ് കാർത്തികതിരുനാൾ  ബാലരാമവർമ്മ സാധിച്ചെടുത്തിട്ടുള്ളത്. മാർത്താണ്ഡവർമ്മയുടെ ഭാഗിനേയനായ ഇദ്ദേഹം നാൽപ്പത് കൊല്ലത്തോളം (1758-1798) തിരുവിതാംകൂർ ഭരിച്ചിരുന്നു. സ്വതന്ത്രചിന്തയും പ്രജാവാൽസല്യവുമേറിയതിനാൽ ധർമ്മരാജാഎന്നും ഇദ്ദേഹം അറിയപ്പെട്ടിരുന്നു.രാജസൂയം, സുഭദ്രാഹരണം, ബകവധം, ഗാന്ധർവ്വവിജയം, പാഞ്ചാലീസ്വയംവരം, കല്യാണസൗഗന്ധികം, നരകാസുരവധത്തിന്റെ ആദ്യഭാഗം എന്നിവയാണ് കാർത്തിക തിരുനാളിന്റെ കഥകളികൾ.

 

    ബാലരാമഭരതം സാധിച്ചെടുക്കുന്നത് ഇവയൊക്കെയാണ്: 1. ബ്രഹുത്തും ഗാഢവുമായ കേരളീയ നാടക/നൃത്ത പാരമ്പര്യത്തിനു പ്രയോഗ/വിനിയോഗക്രമങ്ങൾ സ്വരൂക്കൂട്ടിയെടുത്ത് ഒരേ ഒരു പ്രാമാണികഗ്രന്ഥം ലഭ്യമാക്കുക.2.  സമകാലീനമായ നാട്യ/നൃത്ത/നാടക ആവിഷക്കാരങ്ങളുടെ സാങ്കേതികത അതിൽ ഉൾപ്പെടുത്തിയിരിക്കുക 3.ഭരതന്റെ നാട്യശാസ്ത്രത്തിനു ശേഷം വന്നവയോ വിട്ടുപോയവയോ ഉൾപ്പെടുത്തി ഭാരതത്തിലെ നാട്യ/നൃത്താവിഷ്ക്കാരങ്ങൾക്ക് ഒരു റെഫെറെൻസ് ഇടം നിശ്ചിതപ്പെടുത്തുക 4.ദേശി സമ്പ്രദായങ്ങളെ മാർഗ്ഗിയിലേക്ക് സന്നിവേശിക്കപ്പെടേണ്ടതിന്റെ ആവശ്യകത തെളിയിച്ചെടുക്കുക. 5. ഭാവം, രസം ഇത്യാദികൾക്ക് നവനിർവ്വചനങ്ങളും വിശദീകരണങ്ങളും സാദ്ധ്യമാക്കി അവയുടെ വിനിയോഗങ്ങളിൽ കൃത്യതയും നൂതനത്വവും ഉൾച്ചേർക്കുക 6.നാടൻ കലകളെ നിഷ്ക്കരുണം ത്യജിക്കാതെ അവയുടെ കലാമൂല്യത്തെ അടയാളപ്പെടുത്തി അവയിലെ നൃത്ത/നാടക/അഭിനയാംശങ്ങൾ സ്വീകാര്യങ്ങളെന്ന് സൂചിപ്പിക്കുക 7.രംഗകലകൾ സ്വതന്ത്രമായ ആവിഷ്ക്കാരങ്ങൾക്ക് വശംവദരായിരിക്കണമെന്ന് വ്യംഗ്യമായി ഉദ്ഘോഷിക്കുക. കഥകളിയുടെ പിന്നീടുള്ള വളർച്ചയ്ക്ക് ഈ വിപ്ലവകരമായ ആശയം എത്രമാത്രം ഉതകി എന്നതിനു ചരിത്രം സാക്ഷിയാണ്.    

 

     കൂടുതലും അഭിനയത്തെപ്പറ്റിയും നൃത്തത്തെപ്പറ്റിയുമാണ് മൂലപാഠങ്ങൾ. ശരീരഭാഗങ്ങളുടെ വിനിയോഗം അംഗം, ഉപാംഗം, പ്രത്യംഗം ഇങ്ങനെ തരം തിരിച്ചിട്ടുണ്ട്. രാഗവും താളവും ഭാവങ്ങൾ സ്ഫുരിപ്പിക്കാൻ ഉതകുന്നവയായിട്ടാണ് സമീപനം. വിഷയവസ്തു അദ്ധ്യായങ്ങളോ ഖണ്ഡങ്ങളോ ആയി തിരിച്ചിട്ടില്ല. എങ്കിലും കൃത്യമായി വിഷയങ്ങൾ ഒന്നോടൊന്ന് ബന്ധിച്ച്  ക്രമീകരിച്ചിട്ടുണ്ട്, വായിച്ചു പോകുമ്പോൾ വിഷയങ്ങൾ പ്രത്യക്ഷപ്പെടുന്ന രീതിയിൽ. മറ്റ് സംസ്കൃത ഗ്രന്ഥങ്ങളെപ്പോലെ പൂർവ്വപീഠികയിലാണ് തുടക്കം. ഉന്നതനൃത്തവിനായകൻ, നടരാജൻ, നൃത്തരൂപത്തിലുള്ള പാർവ്വതി, എന്നിവരെ വണങ്ങുന്ന മംഗളാചരണത്തോടെ തുടങ്ങുന്നു.  ശിശുരൂപത്തിലുള്ള ശ്രീപദ്മനാഭൻ ദിവാകരമുനിയുടെ മുൻപിൽ നൃത്തം ചെയ്യുന്നതായി സങ്കൽപ്പമുണ്ട്.. ഇതേ രീതിയിൽ ആവിഷ്ക്കാരമുള്ള ഹരിപാലദേവന്റെ സംഗീതസുധാകരം, ഗോവിന്ദദീക്ഷിതരുടെ സംഗീതസുധ ഇവയൊക്കെയും കൊട്ടാരം ഗ്രന്ഥശാലയിൽ നിന്ന് കണ്ടെടുത്തിട്ടുള്ളതിനാൽ ഈ കൃതികളൊക്കെ ഗ്രന്ഥകർത്താവിനു പരിചിതമാണെന്നു വേണം കരുതാൻ. പൂർവ്വപീഠികയ്ക്കു ശേഷംതാഴെപ്പറയുന്ന ഖണ്ഡങ്ങൾ തുടരെ ആവിഷ്ക്കരിക്കപ്പെട്ടിരിക്കയാണ്.

 

ഉപോദ്ഘാതം

സരസ്വതിദേവിയെ വണങ്ങുന്നതോടെ തുടക്കം. ഗദ്യത്തിലും പദ്യത്തിലും ഭാവം, രാഗം താളം എന്നിവയക്കുറിച്ച് സംക്ഷിപ്ത വിവരണങ്ങളുണ്ട്. നാട്യക്കുറിച്ച് നിർവ്വചനവും.

ഉത്തമാംഗാഭിനയം

ശിരോഭേദങ്ങൾ അല്ലെങ്കിൽ ശിരസ്സ് എങ്ങനെ അഭിനയത്തിൽ ഉപയോഗിക്കണം എന്നതിന്റെ നിർദ്ദേശങ്ങൾ ഈ ഭാഗത്തുണ്ട്.

ഹസ്താഭിനയം

അസംയുക്തഹസ്തങ്ങളും സംയുക്തഹസ്തങ്ങളും വിവരിക്കപ്പെട്ടിരിക്കുന്നു. നൃത്ത ഹസ് തം ഒരു പ്രത്യേക ഇനമാക്കി തിരിച്ചിട്ടില്ല, നാട്യശാസ്ത്രത്തിലെപ്പോലെ. ചിലവ നൃത്തത്തിൽ ഉപയോഗിക്കുന്നതിനെക്കുറിച്ച് പരാമർശങ്ങളേ ഉള്ളൂ.

വക്ഷസ്, പാർശ്വം, കടി

മേൽപ്പറഞ്ഞ ഭാഗങ്ങളുടെ വിനിയോഗം. കാലുകളുടെ വിന്യാസങ്ങൾ സ്ഥിരപാദം, അസ്ഥിരപദം എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നു.

 

രസനിരൂപണം

രസം ഉളവാക്കുന്നതിനെക്കുറിച്ച് വിശദമായ പ്രതിപാദനം. ഉപാംഗങ്ങളെക്കുറിച്ച് പ്രസ്താവിക്കുമ്പോൾ രസത്തെക്കുറിച്ചുള്ള അടിസ്ഥാനകാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്.

ഉപാംഗാഭിനയം-ദൃഷ്ടിഭേദം, പ്രധാനമായും കണ്ണുകളുടെ വിനിയോഗം

 

അന്യ ഉപാംഗങ്ങൾ

പുരികം, നാസിക, കപോലം, അധരം, ദന്തം, രസന, വദനം, മുഖരാഗം, ഇവയുടെ വിനിയോഗവും സഞ്ചാരീഭാവങ്ങളിൽ വരുത്തേണ്ട വ്യത്യാസങ്ങളും.

 

പ്രത്യംഗങ്ങൾ

ഗ്രീവം, ബാഹു, മണിബന്ധം എന്നവയുടെ വിനിയോഗസാംഗത്യത്തെക്കുറിച്ച്.

 

അന്യ പ്രത്യംഗങ്ങൾ

ഉദരം, പൃഷ്ഠം,ഊരു, ജാനു എന്നിവയുടെ വിനിയോഗങ്ങൾ.

 

  കൂട്ടിച്ചേർക്കലുകളാൽ സമൃദ്ധമാണ് ബാലരാമഭരതം.നാട്യശാസ്ത്രത്തിൽ സം യുക്ത ഹസ്തങ്ങൾ 13 എണ്ണമാണെകിൽ ഇവിടെ 14 എണ്ണം വേറേ ചേർത്തിട്ടുണ്ട്, ആകെ 27. സ്വസ്തികയുടെ പേര് പതാകസ്വസ്തിക എന്ന് മാറ്റിയിട്ടുണ്ട്.  ഇത് മറ്റൊരിടത്തും കാണാത്തതാണ്.  ആകെ 40 അസംയുക്ത ഹസ്തങ്ങൾ പട്ടിക ചേർത്തിട്ടുണ്ട്.

ഹസ്തമുദ്രകൾക്ക് ലിംഗഭേദവും ചമച്ചിട്ടുണ്ട്. മൂന്നെണ്ണം-പുല്ലിംഗം, സ്ത്രീലിംഗം, നപുംസകലിംഗം എനെനിങ്ങനെ. ഹസ്ത മുദ്രകളെ സംബന്ധിച്ച് രണ്ട് വിഭാഗങ്ങളുണ്ട്- നാട്യശാസ്ത്രം, സംഗീതരത്നാകരം, നൃത്തരത്നാവലി എന്നിവ ഒരു വിഭാഗവും അഭിനവഭാരതി, അഭിനയദർപ്പണം, സംഗീതസുധാകരം   എന്നിവ മറ്റൊരു വിഭാഗവും. ഹസ്തലക്ഷണദീപിക കേരളത്തിൽ മാത്രം പ്രചാരമുള്ളതാണ്. ബാലരാമഭരതം ഇവയിൽനിന്നെല്ലാം ഹസ്തുമുദ്രകൾ സ്വീകരിച്ചിട്ടുണ്ട്. സ്വതന്ത്ര സ്വീകാര്യത അടിസ്ഥാനപ്പെടുത്തി ഉടലെടുത്ത കഥകളി ആട്ടക്കഥാകാരനായ ഗ്രന്ഥകാരന്റെ മനസ്സിൽ ഉണ്ടായിരുന്നിരിക്കണം.

 

      കണ്ണുകളുടെ ചലനങ്ങൾ വളരെയധികം വിസ്തരിച്ചിട്ടുണ്ട് ബാലരാമഭരതത്തിൽ, നാട്യശാസ്ത്രത്തിലോ മറ്റ് ടെക്സ്റ്റുകളിലോ ഇല്ലാത്തവണ്ണം. കണ്ണുസാധകം കേരളത്തിൽ പ്രചലിതവും  കൂടിയാട്ടം, കഥകളി എന്നിവയിൽ അവശ്യമാണുതാനും. ആധുനികമായ കഥകളിയെ ദേശീയപാരമ്പര്യത്തിൽ കൂട്ടിച്ചേർക്കുകയായിരുന്നിരിക്കണം കാർത്തിക തിരുനാളിന്റെ ഉദ്ദേശം. നാസികാചലനങ്ങൾ ആറുതരമാണ് നാട്യശാസ്ത്രത്തിലെങ്കിൽ 16 എണ്ണമാണ് ബാലരാമഭരതത്തിൽ. മറ്റൊരു ഗ്രന്ഥത്തിലും കാണാത്തമാതിരി. വായ്മൊഴിപ്പഴക്കത്തിൽ പ്രാദേശികമായി നിലനിന്നിരുന്ന അഭിനയപ്രയോഗങ്ങളെ പ്രമാണവൽക്കരിച്ച് ആധികാരിത ഏറ്റിയിരിക്കുന്നു ഇപ്രകാരം. തിറയാട്ടം, മുടിയേറ്റ്, തീയാട്ട് എന്നിങ്ങനെ നാടൻ കലാരൂപങ്ങളിൽ നിന്ന് സ്വാംശീകരിച്ച പ്രയോഗങ്ങളും വിനിയോഗങ്ങളും സംസ്കൃത ടെക്സ്റ്റുകളിലേക്ക് കയറിപ്പറ്റുന്നതിന്റെ ചരിത്രരേഖ കൂടിയാണ് ബാലരാമഭരതം.

 

      ഈ വാതാവരണത്തിലാണ് കാർത്തികതിരുനാളിന്റെ സർവ്വസ്വാംശീകരണോൽസുകതയുടെ പൊരുൾ അന്വേഷിക്കേണ്ടത്. സംസ്കൃതീകരിച്ച പേരുകൾ നൽകിയിട്ടാണെങ്കിലും ഒരു നീണ്ടനിര നാടൻ കലാരൂപങ്ങൾ പട്ടിക ചേർക്കപ്പെട്ടിട്ടുണ്ട്. മോഹിനിയാട്ടം മോഹിനിനടനം ആയും കോലാട്ടം കോലതാഡനം ആയും കുമ്മി കുമ്മിതാഡനം ആയും മാറ്റിയെടുത്തിട്ടുണ്ട്.തിറയും തെയ്യവും മുടിയേറ്റുമൊക്കെ നിഷാദനടനംഎന്ന പേരിൽ ഉൾക്കൊള്ളിച്ചിരിക്കയാണ്.

 

  കേരളത്തിൽ നിലനിന്നു പോരുന്ന/നിലനിന്നിട്ടുള്ള നിരവധി നൃത്ത/നാട്യ സങ്കേതങ്ങളെ ഉൾപെടുത്തി വിപുലമായ ഒരു നാട്യശാസ്ത്രം രചിക്കുകയായിരുന്നു കാർത്തികതിരുനാൾ. ഗ്രന്ഥത്തിന്റെ പേരിൽ ഭരതംഎന്ന് ചേർത്തിട്ടുള്ളത് ഭരതമുനിയുടെ സംഹിതകളോടുള്ള കടപ്പാട് ഉദ്വൃത്തമാക്കപ്പെടുന്നു എന്ന് മാത്രമല്ല ഭാരതം എന്ന ദേശത്തിൽ പൊതുവേ ഉള്ള നൃത്ത/നാട്യരീതികളുടെ ഘടനയും വിനിയോഗങ്ങളും കൂട്ടിച്ചേർത്തിട്ടുണെന്ന് ധ്വനിപ്പിക്കുകയും ചെയ്യുന്നു. അതിനാൽ കേരളത്തിന്റെ പ്രദർശനകലകൾ ഭാരതദേശീയതിൽ ഉൾപ്പെടുത്തിപ്പോകപ്പെടുന്നുണ്ട് ഈ ഗ്രന്ഥം വഴി.

Reference:

1.       Easwaran Nampoothiry, E. Balaramabhartham-A Critique on Dance and Drama. Keralasamskritham Publications. 1983 pp 347

2.       Sharmma V. S. Balaramabharatham Sarasvathy.