Wednesday, March 30, 2022

ഉരുളക്കിഴങ്ങിൻ്റെ സാംസ്കാരികചരിത്രം

 

 ഉരുളക്കിഴങ്ങിൻ്റെ  സാംസ്കാരികചരിത്രം രസാവഹമാണ്. ഒരുകാലത്ത് സാധാരണക്കാർക്ക് ലഭ്യമല്ലാതിരുന്ന രാജകീയ ഭോജ്യമായിരുന്നത്രേ ഈ പുതിയ കിഴങ്ങ്. 1780 ഇനോടടുത്ത് അന്നത്തെ ബെംഗാൾ ഗവർണർ ആയിരുന്ന  വാറെൻ ഹെസ്റ്റിങ്സ് ഇനു ഒരു കുട്ട ഉരുളക്കിഴങ്ങ് സമ്മാനമായി ലഭിച്ചതും തൻ്റെ  കൗ  ൺസിൽ അംഗങ്ങളെ ക്ഷണിച്ച് വരുത്തി രാജകീയ വിരുന്ന് നടത്തി, സുഹൃത്തുക്കൾക്ക് മിച്ചം വന്ന ഉരുളക്കിഴങ്ങ് നൽകുകയും ചെയ്ത കഥ കെ. റ്റി അചയ തൻ്റെ “Indian Food-A Historical Companion” എന്ന പുസ്തകത്തിൽ  വിവരിച്ചിട്ടുണ്ട്. 1830 ആയപ്പോഴേയ്ക്കും ഡെറാഡൂൺ മലത്തട്ടുകളിൽ ഉരുളക്കിഴങ്ങ് കൃഷി വ്യാപകമായിരുന്നത്രെ. ബ്രിടീഷുകാരുടെ വൻ താൽപ്പര്യം ഇതിനു പിന്നിൽ ഉണ്ടായിരുന്നു, മുസ്സൂറിയിലും ലാണ്ഡോറിലും Captain Youns ഉം   Mr. Shore ഉം ഇതേസമയം ഉരുളക്കിഴങ്ങ് കൃഷി വ്യാപകമാക്കിയ ചരിത്രം പ്രസിദ്ധ ബ്രിടീഷ്-ഇൻഡ്യൻ എഴുത്തുകാരൻ റസ്കിൻ ബോണ്ട് വിവരിച്ചിട്ടുണ്ട്. 1760 ആയപ്പൊഴേയ്ക്കും അയർലണ്ടിലെ പ്രധാന ആഹാരം ഉരുളക്കിഴങ്ങ് ആയതിനു രാഷ്ട്രീയ/സാമൂഹ്യകാരണങ്ങളുണ്ട്. 1845 മുതൽ 1852 വരെ നടമാടിയ രൂക്ഷമായ ക്ഷാമത്തിനു പിന്നിലും. മില്ല്യൺ കണക്കിനു ആൾക്കാരാണു മരിച്ചത്. ഇത്രമാത്രം ജനങ്ങളുടെ മരണത്തിനെ സ്വാധീനിക്കാൻ കെൽപ്പുണ്ടായ മറ്റൊരു പച്ചക്കറി ലോക ചരിത്രത്തിൽ ഇല്ല തന്നെ. അക്കാലത്ത് ഒരേ ഒരു ജെനെറ്റിക് വെറൈറ്റി ഉരുളക്കിഴങ്ങേ ഉണ്ടായിരുന്നുള്ളു, പൂപ്പൽ ബാധകൊണ്ട് അയർലണ്ടിലെ മൊത്തം ഉരുളക്കിഴങ്ങ് കൃഷിയും നശിക്കുകയായിരുന്നു. പ്രതിരോധശക്തിയുള്ള ജനിതക വൈവിധ്യമിയന്നവ പിന്നീടാണ് എത്തിയത്.

 

     യൂ റോപ്യൻസ് ഉരുളക്കിഴങ്ങ് ആദ്യം കാണുന്നത് 1537 ഇൽ സൗത് അമേരിക്കയിലാണ്. 1570 ഇൽ ഒരു സ്പാനിഷ് കപ്പലാണ് നടാടെ യൂ റോപ്പിൽ ഉരുളക്കിഴങ്ങ് കൊണ്ടെയിറക്കിയത്. 1597 ഇൽ ജോൺ ജെറാർഡ് എന്നൊരാൾ ഇംഗ്ളീഷിൽ ഇതിനെ വിവരിച്ചത് ബടാറ്റാഎന്ന പേരിലാണ്. സൗത് അമേരിക്കയിൽ മധുരക്കിഴങ്ങിൻ്റെ ഈ പേര് തെറ്റിദ്ധരിച്ച് ഇട്ടതാണ്. പോർച്ചുഗീസുകാർ ബടാറ്റഎന്ന പേർ സ്ഥിരപ്പെടുത്തി. പിന്നീട് ഇത് പൊടറ്റൊഎന്നായി മാറി ഇംഗ്ളീഷിൽ. മധുരക്കിഴങ്ങും യൂറോപ്യൻ സായിപ്പിനു പുതിയ ആഹാരവസ്തു ആയിരുന്നു.

 

പോർച്ചുഗീസ്കാരാണ് ഇൻഡ്യയിൽ പൊടറ്റോ അവതരിപ്പിച്ചതെങ്കിലും ഡച്ചുകാരാണ് ഒരു ഉരുളക്കിഴങ്ങ്സംസ്കാരംഇവിടെ പ്രചലിതമാക്കിയത്. സായിപ്പിൻ്റെ വിശിഷ്ടഭോജ്യം ആയിരുന്നെങ്കിലും നാട്ടുകാരുടെ അടുക്കളയിലെത്താൻ  ഉരുളക്കിഴങ്ങ് താമസിച്ചുപോയി. ബ്രാഹ്മണർ പൊടറ്റോയും റ്റൊമാറ്റോയും തീരെ വർജ്ജിച്ചു. അമ്പലങ്ങളിൽ സമർപ്പിക്കപ്പെടുന്ന കായ്കനി/പച്ചക്കറികളിൽ മധുരക്കിഴങ്ങ് പണ്ടെ സ്ഥാനം പിടിച്ചിരുന്നു എങ്കിലും ഉരുളക്കിഴങ്ങ് അതിനു യോജ്യമല്ല എന്നായിരുന്നു തീരുമാനം, ഇന്നും.

 കേരളത്തിൽ 1965 കഴിഞ്ഞപ്പൊഴേക്കുമാണ് ചെറിയ പട്ടണങ്ങളിൽ ഉരുളക്കിഴങ്ങ് എത്തിത്തുടങ്ങിയത്. ഇന്ന് സാമ്പാറിലെ പ്രധാന കഷണം ഉരുളക്കിഴങ്ങാണ്.

 

കൂടുതൽ വായനയ്ക്ക്:

Achaya  K. T. Indian Food-A Historical Companion. Oxford University Press. 1994

 

Upadhya M. N. ‘Potato’ in Diversity and Change in the Indian  Subcontinent. J. B. Hutchinson (ed). Cambridge University Press, 1974

 

Pushkarnath M. The Potato in India. Indian Council of Agricultural Research , New Delhi. 1964

 

 


No comments: