Wednesday, May 4, 2022

ആരുടെ ശരീരം? ആരുടെ അനുഭവം? മനുഷ്യൻ എന്ന അപൂർവ്വ സ്പീഷീസ് പ്രവണതകൾ

 

     


ശരീരം എന്നത് വലിയ ഒരു ബാദ്ധ്യതയായി മാറിയ ഒരേ ഒരു സ്പീഷീസ് ആണ് മനുഷ്യർ. സൗന്ദര്യബോധം ശരീരത്തെ  കേന്ദ്രീകരിച്ചാണ് ഉടലെടുക്കുന്നതെന്നും അത് ലൈംഗിക തെരഞ്ഞെടുപ്പ് (sexual selection)നും അതിജീവനത്തിനും അത്യന്താപേക്ഷിതവുമാണെന്ന തെറ്റിദ്ധാരണയിൽപ്പെട്ട് ഇന്നും ഉഴലുകയാണ് മനുഷ്യർ. സൗന്ദര്യം എന്നത് ആരോഗ്യലക്ഷണവുമായി ബന്ധപ്പെടുത്തി ഇണയെ ലഭിക്കാനുള്ള അവസരങ്ങൾ കൂടുന്നുണ്ടെന്ന സത്യം പ്രധാനമാണെങ്കിലും അത് അതിജീവനപ്രശ്നമാണെന്നാണ് മനുഷ്യൻറ്റെ ധാരണ. അതുകൊണ്ട് ശരീരം എന്നത്  പ്രദർശനപരമായ  വസ്തു ആണെന്നും ധരിച്ചു വശായിട്ടുണ്ട് ഈ പ്രത്യേക സ്പീഷീസ്. ചില്ലറയല്ല അതിൻറ്റെ ദുരിതങ്ങൾ. പ്രജനനത്തിനല്ലാതെ ഇണചേരുക എന്ന പ്രത്യേകപ്രവൃത്തിയിൽ ഇത് ദുർഘടങ്ങളുണ്ടാക്കുന്നു. 

   ആധുനിക സാമൂഹ്യനീതിയിൽ, ലൈംഗികബന്ധത്തിലെ ഉദാരതനിമിത്തവും കൂടിച്ചേർന്ന് ശരീരം ഒരു  ഉപഭോഗവസ്തു (commodity) ആക്കി മാറ്റപ്പെടുന്നുണ്ട്. വാർദ്ധക്യത്തെ ചെറുക്കാനും ജീവിതം നീട്ടിക്കിട്ടാനും സ്വാഭാവിക സഹജജ്ഞാന (instinct) ത്തിനപ്പുറം കഠിനപ്രയത്നം ചെയ്യാൻ നിതാന്തമായി പ്രേരിപ്പിച്ചു കൊണ്ടിരിക്കയാണ് ശരീരത്തെ. സൗന്ദര്യവർദ്ധകസാമഗ്രികളും അനുബന്ധിച്ച, ഇടപാടുകളും കൂടി വലിയ വ്യവസായമായി വളരാൻ സാദ്ധ്യതയൊരുക്കിയത്  ശരീരം ഇന്ന് വിപണിയുടെഏറ്റവും മൂല്യവ്സ്തുവാണെന്നുള്ളതുകൊണ്ടാണ്. ലോകവ്യവഹാരങ്ങൾ ശരീരം എന്നതിൻ്റെ ഈ മൂല്യവുമായി ബന്ധപ്പെട്ട് ക്രമീകരിക്കപ്പെട്ടുകൊണ്ടിരിക്കയാണ്. ഇത്തവണത്തെ ഓസ്ക്കാർ അവാർഡ് ദാന പരിപാടിയിൽ വിൽ സ്മിത്ത് ക്രിസ് റോക്കിനെ തല്ലിയതും വിൽ സ്മിത്ത് അക്കാഡമിയിൽ നിന്ന് രാജി വെയ്ക്കേണ്ടി വന്ന്തും ഒക്കെ ഒരു സ്ത്രീയുടെ തലയിൽ എത്ര മുടി വേണം എന്ന ആലോചനയുടെ പരിണതിഫലമാണെന്നുള്ളത്  കൗതുകകരമാണ്.

 

ശരീരമാദ്യം ഖലു ധർമ്മസാധനം-കിം കാർഡാഷിയാൻ

   ശരീരം ധർമ്മങ്ങൾ അനുഷ്ടിയ്ക്കാനുള്ള സാധനം ആണെന്ന് സ്മൃതികൾ നമ്മെ ഓർമ്മിപ്പിക്കുന്നു. കൊടിയ തപസ്സാൽ ശരീരം ദുഷിപ്പിക്കരുതെന്ന് ശിവൻ പാർവ്വതിയെ ഉപദേശിക്കുന്ന വേളയിൽ പ്രയോഗിക്കപ്പെട്ടതാണത്രേ ഈ തത്വം. ആത്മാവിൻ്റെ ആവിഷ്ക്കാരങ്ങൾക്ക് ശരീരം ഉപയോഗവസ്തുവാകുന്നു. കഠോപനിഷത്തിൽ ആവട്ടെ ശരീരം ആത്മാവിനേയും വഹിച്ചു കൊണ്ടു പായുന്ന രഥമാണ്. ശരീരത്തിൻ്റെ ധർമ്മങ്ങൾ ഇക്കാലത്ത് എത്രമാത്രം പ്രസക്തമാണെന്ന് പരിശോധിയ്ക്കാനും ആധുനിക സമൂഹത്തിൽ വ്യക്തിയുടെ ശരീരത്തിനേയും അതിൻ്റെ ധർമ്മങ്ങളെയും വിഖ്യാതമായ രീതിയിൽ പരസ്യപ്പെടുത്തി പൊതു അംഗീകാരം നേടുകയും ഘോഷിക്കപ്പെടുകയും ചെയ്ത കിം കാർഷാദിയൻ്റെ ജീവിതവും പ്രവർത്തികളും  തന്നെ ഉദാഹരണമായെടുക്കാവുന്നതാണ്.  സ്വന്തം ജീവിതമുഹൂർത്തങ്ങളെയും  ഒപ്പം ശരീരത്തേയും  സമൂഹശരീരത്തെ ആവശ്യാനുസരണം സ്വാധീനിക്കാൻ ഉപയോഗിക്കുകയും അതിലെ വിപണിമൂല്യം വസൂലാക്കാൻ വഴിതിളിയ്ക്കുകയും ചെയ്തു എന്ന് മാത്രല്ല നമ്മൾ ശരീരത്തിൻ്റെ അടിമകളാണെന്ന ബോദ്ധ്യം ഉറപ്പിയ്ക്കാൻ ശ്രമിക്കുകയും ചെയ്തു അവർ.  ഏറെ സൗന്ദര്യവർദ്ധക സാമഗ്രികളും ആടയാഭരണങ്ങളും അവർ ബ്രാൻ്റ് ചെയ്തു എന്നു മാത്രമല്ല തികച്ചും വ്യക്തിഗതവും സ്വകാര്യവുമായ കാര്യങ്ങൾ ഇതിനോട് ചേർത്ത് കെട്ടി  തൻ്റെ ഉടൽ പരിചരണമാണ് മറ്റ് എല്ലാവർക്കും മാതൃക എന്ന പ്രഖ്യാപനം പരോക്ഷമായി പ്രകടിപ്പിക്കുകയും ചെയ്തു അവർ. ഒരു കല്യാണത്തിനോടൊപ്പം അവരുടെ കല്യാണസുഗന്ധം“ (wedding fragrance) ആണെന്ന് സമർത്ഥിക്കുന്ന “ “കിം കാർഡാഷിയാൻ ലൗഎന്നൊരു പെർഫ്യൂം വിറ്റഴിക്കുകയും ചെയ്തിട്ടുണ്ട്. സ്വശരീരം പൊതുസമൂഹശരീരവുമായി താദാത്മ്യം പ്രാപിക്കാൻ ഇടകൊടുക്കുകയാണെന്ന് സമർത്ഥനം. 

ലിംഗഭേദം-വേണെങ്കിൽ മതി  

    പ്രദർശിക്കപ്പെടുന്ന  ശരീരം ആണിൻ്റെ? പെണ്ണിൻ്റെ ? രണ്ടും ആയവരുടെ/ അല്ലാത്തവരുടെ?  ആൺ/പെൺ ശരീരമോ എന്ന് ചോദിക്കേണ്ട എന്ന തീരുമാനത്തിലാണ് ആധുനിക സമൂഹ വ്യവസ്ഥയുടെ ചിട്ടപ്പെടുത്തൽ. ലൈംഗികത ബൈനറി അല്ലാ എന്ന കരുതൽ . ശരീരം എന്നത്  സ്വകാര്യ്മാകുന്നു, ആർക്കും ചോദ്യം ചെയ്യപ്പെടാനാകാതെ. നഗരവാസികൾ ആണെങ്കിൽ ഉടുപ്പിലും നടപ്പിലും ആണുങ്ങളും പെണ്ണുങ്ങളും തമ്മിൽ  വ്യത്യ്സ്തത പുലർത്തേണ്ട എന്നാണ് ഈ നൂറ്റാാണ്ടിലെ പൊതു നിയമം.  ഇത് കിം കാർഡാഷിയൻ ഫിലോസഫിയ്ക്ക് നേർ വിപരീതം ആണു താനും. ആണിനും പെണ്ണിനും ഒരേ മൂത്രപ്പുര എന്ന സംവിധാനം പലേ പാശ്ചാത്യരാജ്യങ്ങളിലും നടപ്പാക്കിയിട്ടുള്ളതായതിനാൽ ലിംഗഭേദം എന്നത് ശാസ്ത്രപരിപ്രേക്ഷ്യത്തിൽ മാത്രം ചർച്ച ചെയ്താൽ മതിയത്രെ.

 

    എന്നാൽ ശരീരപരിപാലനത്തിനു ഏറ്റവും പ്രാധാന്യം കൊടുക്കപ്പെടുന്ന ചരിത്ര സമയവേളയിലാണ് നമ്മൾ. സ്ത്രീ ശരീരം ആൺനോട്ടത്തിനു പാകപ്പെടുത്താനുള്ളതല്ല എന്ന് പ്രഖ്യാപിക്കുന്ന തരത്തിലാണ് കോർപറേറ്റ് ലോകത്ത് ശ്രേണിയിൽ തലപ്പത്ത് ഉള്ള സ്ത്രീകളുടെ വസ്ത്രധാരണം. ഏകദേശം ആണുങ്ങളുടെ പോലെ തന്നെ. അധികാരം ആണിനു ചുമതലപ്പെടുത്തപ്പെട്ടതുകൊണ്ടാണ് ഈ ആൺ വേഷം കെട്ടൽ എന്നൊരു മറുപടിയും പ്രത്യ്കഷപ്പെടുന്നുണ്ട്. പെണ്ണത്തത്തിൽ അധികാരസൂചനകൾ ഇല്ലെന്ന് ധരിയ്ക്കുന്നത് കീഴടങ്ങലല്ലെ എന്ന് ചോദ്യം. പക്ഷേ  ജോലിസ്ഥലത്തെ വേഷം ഈ പരിചിന്തനങ്ങളല്ല തീരുമാനിയ്ക്കുന്നത്. അത് പാശ്ചാത്യവുമല്ല. കേരളത്തിൽ കെട്ടിടം പണിയിലോ പാടത്തോ പണിയെടുക്കുന്ന സ്ത്രീകൾ ഷർടും ലുങ്കിയുമാണ് ധരിക്കാറ്. തലയിൽ തോർത്തുകൊണ്ട് ഒരു കെട്ടും കാണും. ഈ ആൺ വേഷം കെട്ടൽ തികച്ചും സൗകര്യത്തിൻ്റേയും ലാളിത്യത്തിൻ്റേയും നിദർശനം മാത്രമാണ്, ഫാഷൻ പ്രസ്താവനയോ അധികാരസൂചനയോ അല്ല.  ആരും ചോദ്യം ചെയ്യുന്നില്ല. അതുകൊണ്ട് ശരീരം എന്നതും അതിനെ ഏതുതരം വേഷങ്ങൾ കൊണ്ട്  ജെൻ്റെർ പൊളിറ്റിക്സിനു വിധേയമാക്കുന്നു എന്നതൊക്കെ എന്തുതരം ജോലി, സമൂഹത്തിലെ ശ്രേണീബദ്ധതയിൽ എവിടെ, ആരുടെ നോട്ടത്തിനു ദൃഷ്ടീഭവിക്കുന്നു എന്നതൊക്കെയാണ് കാര്യം. മുണ്ടും മേല്മുണ്ടും എന്ന യൂണിസെക്സ് വേഷം പ്രചലിതമായിരുന്ന കേരളത്തിൽ (സാരിയും ചൂഡീദാറും എത്തുന്നതിനു മുൻപേ) ആൺ/പെൺ ശരീരവ്യത്യാസം ഉൽക്കണ്ഠാകുലമേ അല്ലായിരുന്നു. 

  ശരീരം എന്ന എടുത്താൽ പൊങ്ങാത്ത മാനസിക ഭാരം

  ശരീരത്തിൻ്റെ ആകൃതിയെക്കുറിച്ച് ഇത്രമാത്രം വേവലാതിപ്പെടുന്നതും ചിന്താഭാരം ചുമലിലേറ്റുന്നതുമായ മറ്റൊരു സ്പീഷീസ് ലോകത്തിലില്ല. മേദസ്സു കൂടുതലുള്ള ശരീരം അപകർഷകരമാണെന്നുള്ള തോന്നൽ എല്ലാ സമൂഹങ്ങളിലും ഇന്ന് വ്യാപൃതമായിക്കഴിഞ്ഞിരിക്കുന്നു. നഗരങ്ങളിലാണ് ഈ ഉൽക്കണ്ഠ (urban anxiety) കൂടുതൽ.  ആണുങ്ങളിലേക്ക് ഇത് പടർന്നിട്ട് അധികകാലമായില്ല. മദ്ധ്യവയസ്സിലെ കുടവയർ വളർച്ചയ്ക്ക് ചില ഫിസിയോളജിപരമായ കാരണങ്ങൾ ഉണ്ടെങ്കിലും അത് നാണക്കേടിനു തുടക്കമിടുമത്രേ.  Health food എന്നത് വൻ തട്ടിപ്പിലേക്ക് മാറിയതും അത് വൻ ബിസിനസ് ആയതും ഇക്കാലത്താണ്. ആയുർവ്വേദവും ആധുനിക ശാസ്ത്രവും ചില പച്ചമുരുന്ന് പ്രയോഗങ്ങളും കൂട്ടിയരച്ച് ചാരുതയാർൻ പാക്കേജിലാക്കി വിറ്റ് കോടികൾ കൊയ്യുന്ന സംരംഭങ്ങളിൽ ഇന്ന് ചില ഡോക്റ്റർമാരും പങ്കാളികളാകുന്നുണ്ട്. ഇത്തരം വ്യാജന്മാർ യു ട്യൂബ് കയ്യടക്കിയ അതിൽ ധാരാളം മലയാളികൾ വീണുപോകുന്നതും നിത്യക്കാഴ്ച്ചയാണ്. ഐതിഹ്യമാലയെ വെല്ലുന്ന  സങ്കൽപ്പങ്ങളാണ് ചില പ്രയോഗവിധികളുടെ ഉള്ളടക്കം. സ്വന്തം ശരീരത്തെ ഇത്രയധികം പേടിയ്ക്കുന്ന, വെറുക്കുന്ന മറ്റൊരു കാലഘട്ടം നമുക്ക് ഉണ്ടായിട്ടില്ല.  ഈ പേടിയെ ആണ് വ്യാജന്മാർ വിറ്റു കാശാക്കുന്നത്. ഫിറ്റ്നെസ്എന്ന വാക്ക് സാധാരണ ജീവിത ശൈലിയിൽ നമുക്ക് ഫിറ്റ്ആയ ശരീരമില്ലെന്നും അത് കൈവരുത്തേണ്ടതുമാണെന്നും ഓർമ്മപ്പെടുത്തുക മാത്രമല്ല പൊതുബോധത്തിൻ്റെ സ്വാധീനത്താൽ നിർദ്ദേശവുമായി മാറുന്നുണ്ട്. കീറ്റോ ഡയറ്റ്, പാലിയോ ഡയറ്റ് എന്നിങ്ങനെ ഓമനപ്പേരുകൾ ഫാഷൻഭ്രമത്തോട് ചേർത്താണ് വായിയ്ക്കപ്പെടുന്നത്. 

പെൺശരീരം മറയ്ക്കണം? വേണ്ട?

 പെണ്മാറിടം ലൈംഗികോത്തേജന അവയവം ആയി കരുതിയിരുന്നില്ല കേരളത്തിൽ പ്രതേകിച്ചും. കൊളോണിയൽ കാഴ്ച്ചപ്പാടുകൾ നിയുക്തമാക്കിയ നിർദ്ദേശങ്ങൾ ഏറ്റെടുക്കേണ്ടി വരികയാണുണ്ടായത്. മിഷനറിമാർ ക്രിസ്ത്യാനി സ്ത്രീകൾക്ക് ചട്ടയും മുണ്ടും ആവിഷ്ക്കരിച്ചു നൽകിയപ്പോഴാണ് കേരളീയ സ്ത്രീവിഭാഗം മാറു മറച്ചവരുടേയും മറയ്ക്കാത്തവരുടേതുമായി രണ്ടായി വിഭജിക്കപ്പെട്ടത്. 1950 കളിലും അറുപതുകളുടെ ആദ്യകാലങ്ങളിൽപ്പോലും പ്രായമായ സ്ത്രീകൾ മാറു മറയ്ക്കാതെ നടന്നിരുന്നത് പലരും ഓർമ്മിക്കുന്നുണ്ടായിരിക്കണം. ബഷീർ ഒരു ഭഗവദ്ഗീതയും കുറേ മുലകളുംഎഴുതുമ്പോൾ മുലകൾ മറയ്ക്കാതെ നായർ സ്ത്രീകൾ നമ്പൂതിരി ഇല്ലങ്ങളിൽ വരുന്നത് വ്യക്തമായി വിവരിച്ചിട്ടുണ്ട്. അങ്ങനെയിരിക്കുമ്പൊഴാണ് മുലകൾ വരുന്നത്. ഞാൻ കുറെ ഏറെ മുലകൾ കണ്ടിട്ടുണ്ട്. പേട്ടുമുല, നെല്ലിക്കാമുല, സൂചിമുല, അടയ്ക്കാമുല,മരോട്ടിക്കായ മുല, വഴുതനങ്ങാ മുല, പമ്പര മുല, പപ്പായമുല, ചക്കമുല, എല്ലാം മുഖംമൂടി, സോ റി, മുലമൂടി ഇട്ടതാണു കണ്ടിട്ടുള്ളത്. അമ്മയുടെ മുലയെപ്പറ്റി ഓർമ്മയില്ല. മുലകൾ കാണുമ്പോൾ-ജീവൻ്റെ ആധാരം! എന്നൊരോർമ്മ വരും. എപ്പൊഴുമില്ല. അതുകൊണ്ട് മുല എവിടെക്കണ്ടാലും ഞാൻ നോക്കും.  പശു, ആട്, എരുമ, പന്നി, പട്ടി ഇതൊക്കെ നഗ്നമുലകളാണ്.  മനുഷ്യസ്ത്രീകൾക്കു മാത്രം മുഖമൂടി ഇട്ട മുലകൾ. നഗ്നമായവ കണ്ട ഓർമ്മയില്ല. അപ്പോൾ ദാ വരുന്നു നഗ്നമായ മുലകളുടെ സുന്ദരമായ ഒരു ഘോഷയാത്ര........  ഒരു പത്തിരുപതു നായർ യുവതികൾ. പതിനേഴ്, പതിനെട്ട്, പത്തൊമ്പത്, ഇരുപത്. ഈ വയസ്സുകളിലുള്ളവർ. എല്ലാം വെളുത്ത സുന്ദരികൾ. വെള്ളമുണ്ടുടുത്തിട്ടുണ്ട്; താറും. പിന്നെ മോളിലേയ്ക്ക് വസ്ത്രങ്ങളൊന്നുമില്ല. എല്ലാവരുടേയും തലയിൽ വിറകുണ്ട്. അത് രണ്ട് കൈകൊണ്ടും പിടിച്ച് നെഞ്ചുകൾ മുന്നോട്ട് തള്ളി വരുന്നു. ....  മുലകൾ! മുലകൾ! നഗ്നമുലകൾ!.........  എത്ര മുലകൾ എന്തെനിണ്ണുന്നു? എല്ലാം ജീവൻ്റെ ആധാരം!  ..... നമ്പൂതിരിയുടെ മുമ്പിലും ദേവൻ്റെ മുമ്പിലും രാജാവിൻ്റെ മുമ്പിലും മുലകൾ കാണിയ്ക്കണം. ..... നമ്പൂതിരിയും ദേവനും രാജാക്കന്മാരും ഒരു പാകത്തായെങ്കിലും പഴയ ആ നല്ലകാലത്തിൻ്റെ മധുരമായ ഓർമ്മകളാകുന്നു ഈ സുന്ദരമുലകൾ!ബഷീർ എഴുതുന്നു. ഈ പുസ്തകത്തിനു എം വി ദേവൻ വരച്ച ചിത്രം കവർപേജാക്കി പ്രസിദ്ധീകരിക്കാൻ ഇന്ന് സാധിയ്ക്കുകയില്ല എന്നത് എല്ലാവർക്കും അറിയാം. മുല അത്രമാത്രം ശരീരവിരുദ്ധമായിപ്പോയിരിക്കുന്നു. 

  അപരിഷ്കൃതം? അല്ല. അങ്ങനെ വിളിയ്ക്കാൻ വരട്ടെ. ആധുനിക ഫാഷൻ അനുസരിച്ച്, പ്രത്യേകിച്ചും പാശ്ചാത്യ നാടുകളിൽ മാറ് അത്ര മറയ്ക്കപ്പെടേണ്ടതല്ല എന്നാണ് പ്രമാണം. ഫാഷൻ ഷോകളോ ഓസ്ക്കാർ അവാർഡ് വേള പോലത്തെ സംഭവങ്ങളിലെ സ്ത്രീ വസ്ത്രധാരണം നോക്കിയാൽ മതി.  സ്ത്രീശരീരം കാമക്കണ്ണുകളാൽ നോക്കപ്പെടേണ്ടതല്ല എന്ന വാദം അത്ര ആധുനികവുമല്ല. എങ്കിലും ലെഗ്ഗിങ്സ് ധരിച്ചു വഴിയരികിൽ നിൽക്കുന്ന പെണ്ണിനെക്കണ്ടപ്പോൾ കാമമോഹതനായി എന്ന് നമ്മുടെ ഒരു എഴുത്തുകാരൻ തന്നെ തുറന്നു പറഞ്ഞത് ഒച്ചപ്പാടുണ്ടാക്കിയിട്ടുണ്ട്. പെൺശരീരമാണെങ്കിൽ ആസകലം മറയ്ക്കപ്പെടേണ്ടതാണ് എന്ന് മതപമല്ലാതെ രാഷ്ട്രീയാന്തർധാരകളിൽ എത്തപ്പെട്ട ഹിജാബ് വിവാദങ്ങൾ സൂചിപ്പിക്കുന്നു.

 

 


ബഷീരിൻ്റെ ഒരു ഭഗവദ്ഗീതയും കുറെ മുലകളും. പുസ്തകത്തിൻ്റെ കവർ. 

    സ്ത്രീശരീരത്തെ പൊതിയുന്ന വസ്ത്രത്തെ കലാത്മകതയോടെ നോക്കിക്കാണാൻ ഏറെ ഉദ്ബോധിപ്പിച്ചിട്ടുള്ളത് രാജാ രവിവർമ്മയാണ്. സുതാര്യമായതോ മറയ്ക്കുന്നതോ ആയ നുനുത്ത തുണിത്തരങ്ങൾ ഉപയോഗിച്ച് നോട്ടം അവയിൽ ഏകാഗ്രതപ്പെടുത്താൻ യത്നിക്കുന്നുണ്ട് പലേ പെയിൻറ്റിങ്ങുകളും. തുണിത്തരങ്ങളുടെ വൈവിദ്ധ്യപ്രദർശനം പോലെയാണ് പലേ ചിത്രങ്ങളും. അദ്ദേഹം മാതൃകപ്പെടുത്തിയ മദ്ധ്യകാല യൂറോപ്യൻ പെയിൻ്റിങ്ങുകളിൽ കാണാത്ത കൗശലങ്ങൾ ശരീരദൃഷ്ടിയെ മാറ്റിപ്രതിഷ്ടിച്ചു. വസ്ത്രങ്ങൾ ലൈംഗികതാദർശനങ്ങളെ മറയക്കാനുള്ളതാണെന്ന ശാഠ്യങ്ങൾ ഒന്നുമില്ലാതെ. നഗ്നമാറിടത്ത് അലസമായി വിലസുന്ന സുതാര്യമായ നേര്യതിൻ്റെ ചുളിവുകളിലും മടക്കുകളിലും ശ്രദ്ധ വീഴാൻ യത്നിച്ചു അദ്ദേഹം. സാരിയുടെ ഞൊറി (pleats) അഞ്ചിൽ കൂടുതൽ ആക്കി, ഭംഗിയ്ക്കു വേണ്ടി.  മറയ്ക്കാത്തതോ മറച്ചതോ ആയ ശരീരങ്ങളിൽ ശ്രദ്ധ ഊന്നാതെ എങ്ങനെ മറയ്ക്കുന്നു, മറയ്ക്കാതിരിക്കുന്നു എന്നതിൽ കേന്ദ്രീകരിച്ചതാണ് രവിവർമ്മയുടെ കൗശലം. വിശ്വാമിത്ര-മേനകയുടെ സംഗമം ചിത്രീകരിച്ചപ്പോൾ വിശ്വാമിത്രൻ്റെ മേനി ആണ് നഗ്നമാക്കപ്പെട്ടത്. വസ്ത്രങ്ങളെക്കു റിച്ചും ശരീരങ്ങളെക്കു റിച്ചും അനന്യമായ ധാരണകൾ ഉത്പാദിപ്പിക്കാൻ ശ്രമിക്കുന്ന രവിവർമ്മയെ ആണ് അദ്ദേഹത്തിൻ്റെ ചിത്രങ്ങളിലൂടെ കാണുന്നത്.

     ആധുനിക ഫാഷൻ രൂപകൽപ്പനകളും ശരീരങ്ങൾക്ക് പകരം വസ്ത്രങ്ങളുടെ ഡിസൈനുകളും വർണ്ണപാറ്റേണുകളും ഏകാഗ്രപ്പെടുത്താനും പ്രദർശിപ്പിക്കാനും ഉള്ള നിജപ്പെടുത്തലാണെന്നാണ് ഫാഷൻ ഡിസൈനർമാരുടെ തത്വദീക്ഷ. പൊതിയപ്പെടുന്ന ശരീരം അപ്രത്യക്ഷമാകണം എന്ന ഒരു ആശ. 

 ശരീരം എന്ന തെരഞ്ഞെടുപ്പ്

 ചില ജന്തുക്കളിൽ പരിതസ്ഥിതി അനുസരിച്ചാണ് ആണാകണോ പെണ്ണാകണോ എന്ന തീരുമാനം സാദ്ധ്യമാക്കുന്നത്. ചില മീനുകൾ, ഓന്തുകൾ, ചിത്രശലഭങ്ങൾ, പക്ഷികൾ,തവളകൾ, ആമകൾ, പാമ്പുകൾ ഒക്കെ ആവശ്യാനുസരണം ആണോ പെണ്ണോ ആകാൻ തയാറാണ്. സമൂഹത്തിൽ കൂടുതൽ പെണ്ണുങ്ങളാണെങ്കിൽ ചിലവ ആണായി മാ റും. പക്ഷേ സസ്തനികളിൽ ഇത് അത്ര സാദ്ധ്യതരമല്ല. മനുഷ്യരുടെ സങ്കീർണ്ണമായ തലച്ചോർ ലൈംഗികചോദനകൾ നിയന്ത്രിക്കുമ്പോൾ ആൺ ശരീരത്തിൽ പെൺ മനസ്സും പെൺ ശരീരത്തിൽ ആൺ മനസും വന്നു കൂടാൻ സാദ്ധ്യതയുളവാകുന്നു. ബാഹ്യരൂപവും മനസ്സും തമ്മിലുള്ള ഈ വൈരുദ്ധ്യം ചിലരെ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് പ്രേരിപ്പിക്കുന്നുണ്ട്. ആധുനിക സങ്കേതികവിദ്യകൾ ഇത് സാദ്ധ്യമാക്കുന്നുമുണ്ട്. അങ്ങനെ ശരീരം എന്നത് ഒരു തെരഞ്ഞെടുപ്പ് ആയി മാറുകയാണ്. മറ്റ് ജന്തുക്കളിൽ പരിണാമത്തിൻ്റെ നിയമാവലികൾ ആണ് ഇത് സാദ്ധ്യമാക്കുന്നത് എങ്കിൽ മനുഷ്യരിൽ  സ്വയം തീരുമാനമാണ്.  പക്ഷേ സ്വയം ചെയ്യാൻ പറ്റാത്ത കൂട് വിട്ട് കൂട് മാ റൽ. എന്നാൽ വളരെ അപര്യാപ്തമായ രീതിയിൽ സാധിച്ചു കൂട്ടുന്ന ഒരു പ്രക്രിയയാണിത് എന്നത് ചിലപ്പോൾ ദുരന്തത്തിൽ അവസാനിച്ചേക്കാം. കഴിഞ്ഞവർഷം ഇപ്രകാരം ലിംഗമാറ്റശസ്ത്രക്രിയയിലൂടെ യോനി നിർമ്മിച്ചെടുത്തത് ചോരയിറ്റുന്ന ഒരു വൻ മുറിവ് പോലെ മാത്രം ആയതും അയാൾ/അവൾ ആത്മഹത്യചെയ്യേണ്ടി വന്നതും ദുരന്തസാദ്ധ്യതയുടെ ഉദാരണമാണ്. ലിംഗമാറ്റശസ്ത്രക്രിയയ്ക്ക് വിധേയരായവർക്ക് രതിമൂർഛ എത്രമാത്രം സാധിതമെന്നതിനെക്കുറിച്ചും ആശങ്കകളുണ്ട്.  സ്വശരീരത്തെക്കു റിച്ച് താനറിയാതെ, സ്വന്തം മസ്തിഷ്ക്കപ്രവർത്തനത്തിൻ്റെ നിർദ്ദേശങ്ങളാൽ ഉൽക്കണ്ഠകൾ വന്ന് ചേരുന്നത് മനുഷ്യനു മാത്രമായിരിക്കണം. ശരീരം എന്നത് മനസ്സിനു വൻ ബാദ്ധ്യതയാകുന്ന വേള

       ആൺ/പെൺ എന്നുള്ളത് മായാമോഹനം അല്ലെങ്കിൽ വിഭ്രാന്തിയുടെ വിപര്യയം മാത്രമാണെന്ന് നാരദനെ പഠിപ്പിച്ചെടുക്കുന്ന കഥയാണ് പുരാണത്തിലെ നാരദമോഹനം. ആണിൻ്റെ അനുഭവം അല്ലെങ്കിൽ പെണ്ണിൻ്റെ അനുഭവം എന്നത് ആപേക്ഷികം മാത്രമാണെന്ന് ഗുണപാഠം നൽകുന്ന കഥ. ശ്രീകൃഷ്ണൻ പതിനാറായിരത്തെട്ട് സുന്ദരിമാരുമായി എങ്ങനെ വിഹരിക്കുന്നു എന്നതിൻ്റെ രഹസ്യമറിയാൻ ചെല്ലുകയാണ് നാരദൻ. ഈ പരീക്ഷണത്തെ ശ്രീകൃഷ്ണൻ നേരിടുന്നത് ആണും പെണ്ണും എന്നത് ദോലനാത്മകവും രൂപാന്തരികസാദ്ധ്യതാനിബദ്ധവുമായ , പരസ്പര ബന്ധിതമായ അവസ്ഥാവിശേഷങ്ങൾ മാത്രമാണെന്ന് പഠിപ്പിച്ച് കൊടുത്താണ്. കുളിച്ചുകൊണ്ടിരുന്ന നാരദൻ ഒരു കന്യകയായി മാറ്റപ്പെടുന്നു. സിന്ധുരാജാവ് ആ നാരദകന്യകയെ വേൾക്കുകയും ഒരുപാട് സന്താനങ്ങളെ അവൾ ഉത്പ്പാദിപ്പിക്കുകയും ചെയ്യുന്നു. അമ്മ എന്നത് എന്താണെന്ന് നാരദനു ബോദ്ധ്യമാകുന്നു. ഒരിയ്ക്കൽ കാട്ടിൽ വച്ച് ഒരു വനചരൻ അവളുടെ ഭർത്താവായ സിന്ധുരാജാവിനെ വധിയ്ക്കുന്നു, വൈധവ്യം എന്നത് നാരദനു അനുഭവിക്കേണ്ടി വരുന്നു. ശേഷം അയാൾ അവളെ വേൾക്കുകയും ചെയ്യുന്നു. ഈ സമയത്ത് നാരദൻ തിരിച്ച് ആണായി മാറുകയാണ്. ആൺ/പെൺ തനിമ, ലൈംഗികതാനുഭവം ആണിലും പെണ്ണിലും ഇതൊക്കെ  പ്രഹേളികകളായി നാരദനു മുന്നിൽ അവതരിയ്ക്കുകയാണ്. രതി, മാതൃത്വം, വൈധവ്യം, രാജ്ഞിയായിരിക്കുക,, കാട്ടാളഭാര്യയായിരിയ്ക്കുക ഇങ്ങിനെ അവസ്ഥാന്തരങ്ങളും അനുഭവങ്ങൾ/പാളിച്ചകളും ഏ റെയുള്ളത് ശരീരം എന്നത് നിശ്ചിതപ്പെട്ട നിർവ്വചനങ്ങളിൽപ്പെടുത്താൻ പ്രയാസം സൃഷ്ടിയ്ക്കുന്നു എന്നതും നാരദൻ പഠിച്ചെടുത്തു കാണണം..

The Skin I Live In- ത്വക്കിനടിയിലെ ലിംഗവ്യക്തി ആര്? 

  പ്രസിദ്ധ സ്പാനിഷ് സംവിധായകനായ പെഡ്രോ അൽമോദവാർ ലിംഗപരതയെപ്പറ്റിയുള്ള സമസ്യകൾ പ്രമേയമാക്കുന്നതിൽ അദ്വിതീയനാണ്.  ആൺ-പെൺ ശരീരങ്ങളും അവയിലെ സങ്കീർണ്ണമായ ലൈംഗികത്വരകളുമാണ് പലേ സിനിമകളുടെയും മുഖ്യപ്രമേയം.  തൊലിപ്പുറത്ത് , അല്ലെങ്കിൽ പ്രത്യക്ഷമായിക്കാണുന്ന ലിംഗപരതയും ഉള്ളിൽ തുടിയ്ക്കുന്ന ലൈംഗികചോദനകളും തമ്മിലുള്ള സംഘർഷങ്ങളുടെ ആഖ്യാനമാണ് ‘The Skin I Live In’.  അൽമോദവാർ ഈ സിനിമയെ വിശേഷിപ്പിച്ചത്   "a horror story without screams or frights" എന്നാണ്. പ്ളാസ്റ്റിക് സർജറി കൊണ്ട് ത്വക്ക് മാറ്റിയെടുക്കുകയോ പുതിയ ത്വക്ക് നിർമ്മിക്കുകയോ ഒക്കെ സാദ്ധ്യമായ ഡൊക്റ്റർ റോബെർടിൻ്റെ ലൈംഗിക പരീക്ഷണങ്ങളിൽക്കൂടിയാണ് കഥ വികസിക്കുന്നത്.  പെണ്ണായി മാറ്റിയെടുക്കപ്പെട്ട വൈസെൻറ്റ് എന്ന ചെറുപ്പക്കാരൻ ഉള്ളിലെ ആണിനെ അതേ പടി നില നിറുത്താൻ ശ്രമിക്കുന്നതും കൃത്രിമമായി നിർമ്മിക്കപ്പെട്ട തൻ്റെ യോനി രതിവേളയിൽ വേദനകൾ സമ്മാനിക്കുന്നതും തൻ്റെ പുറമേ ഉള്ള ത്വക്ക് നൽകുന്ന പെൺസ്വരൂപത്തിനുള്ളിലെ വീർപ്പു മുട്ടലും ഏകാന്തത്തടവും ഒക്കെ വിഭ്രമാത്മകമാണെങ്കിലും സമുഹസത്യങ്ങളുടെ പരിച്ഛേദം തന്നെയാണ്. ശരീരം വ്യക്തമാക്കുന്നത് മായാവിഭ്രമം മാത്രമാണ്, ഉള്ളിലെ  ചോദനകൾ, പ്രത്യേകിച്ചും ലൈംഗികമായുള്ളതാണ് സത്യം എന്ന് സിനിമ പ്രഘോഷിക്കുന്നു.

 മാറ്റിയെടുത്ത് ത്വക്ക് (ബാഹ്യരൂപം) സൃഷ്ടിയ്ക്കുന്ന വിഭ്രാന്തിയും  ആന്തരികസംഘർഷങ്ങളും ശരീരം, മനസ്സ് ഇവയെക്കുറിച്ചുള്ള പഠനം തന്നെയാണ്.  വേര, ഗാൽ എന്ന രണ്ട് സ്ത്രീകൾ ഡോക്റ്ററുടെ സൃഷ്ടിയാണ്, മായാരൂപങ്ങളാണ്.    അമ്മ, അച്ഛൻ, മകൾ, കാമുകൻ, ഭർത്താവ്, അനുജൻ, ചേട്ടൻ....  എല്ലാം പരസ്പരം മാ റി മറിയാവുന്ന സ്വത്വങ്ങളാണ്, ഇവർ തമ്മിലുള്ള ലൈംഗികത ആപേക്ഷികം മാത്രമാണ്. വൈസെൻ്റ് ബലാൽസംഗം ചെയ്യാൻ ശ്രമിച്ച നോർമ്മയുടെ അമ്മ വേര എന്ന ഗാൽ ആയി ആണ് അയാൾ മാറ്റപ്പെടുന്നത്. കണ്ണാടികൾ ഇല്ലാത്ത ലോകത്താണ് വേര തളയ്ക്കപ്പെട്ടിരിക്കുന്നത്. കഠിനമായ പ്ളാസ്റ്റ്ക് സർജറികൊണ്ട് ആകൃതി നഷ്ടപ്പെട്ട അവളുടെ ശരീരവും മുഖവും അവൾ കാണാതിരിയ്ക്കാൻ വേണ്ടി. പക്ഷെ ഒരിയ്ക്കൽ യദൃശ്ചയാ സ്വന്തം മുഖം ദർശിക്കുന്നതോടേ അവൾ ആത്മഹത്യ ചെയ്യുകയാണ്. സ്വന്തം മകൾ കാൺകെ. അവളുടെ രൂപമാണ് പിന്നീട് വൈസൻറ്റിനു ഏറ്റെടുക്കേണ്ടി വരുന്നത്. വൈസൻറ്റിൻറ്റെ വെല്ലുവിളികൾ ശരീരവും മനസ്സും തമ്മിലുള്ള സംഘർഷങ്ങൾ തന്നെയാണ്.

 

   ശരീരവും ലൈംഗികതയും ഭ്രമാത്മകത സൃഷ്ടിയ്ക്കുന്നത് ചിത്രീകരിക്കുകയാണ് സംവിധായകൻ അൽമോദവാർ.  ഉടലും അതിനുള്ളിലെ മനുഷ്യനും എവിടെ, എങ്ങനെ വിഘടിക്കപ്പെടുന്നു, കൂടിച്ചേരുന്നു എന്ന അന്വേഷണം.  ലൈംഗികത മറ്റൊരു തലം (dimension) ആണ്.   ഈ ശരീരം നമ്മുടേതല്ല, അത് മാറ്റി മറിയ്ക്കപ്പെടാം. നമ്മൾ ധരിക്കുന്ന ഉടുപ്പ് മാത്രമാണ്.  അതുകൊണ്ടാണ്  ‘The Skin I Live In‘ എന്ന് സിനിമയ്ക്ക് പേര്. ഭഗവദ് ഗീതയിലെ ശ്ളോകം ഓർമ്മിപ്പിക്കുന്നതാണിത്.

 

വാസാംസി ജീര്ണ്ണാനി യഥാ വിഹായ

നവാനി ഗൃഹ്ണാതി നരോപരാണി

തഥാ ശരീരാണി വിഹായ ജീര്ണ്ണാ-

ന്യന്യാനി സംയാതി നവാനി ദേഹീ

( മനുഷ്യ എങ്ങനെ കീറിയ വസ്ത്രങ്ങ വെടിഞ്ഞു അപരങ്ങളായ പുതിയവ സ്വീകരിക്കുന്നുവോ അതുപോലെ ആത്മാവ് ജീര്ണ്ണിച്ച ദേഹങ്ങ വെടിഞ്ഞ് മറ്റ് പുതിയ ശരീരങ്ങൾ കൈക്കൊള്ളുന്നു)

 

.

 

 

 

 


 

Emma Stone 2018 Oscar

 


 

Heidi Klum 2015 Oscar

 


രാജാ രവിവർമ്മ പെയിൻ്റിങ്




 

     

No comments: