Wednesday, May 11, 2022

മലയാളസിനിമ-ഒരു കോവിഡ് കാലനോട്ടം - പുതിയ സംവിധായകരുടെ തൻ്റേടങ്ങൾ, പഴയ സംവിധായകരുടെ ‘ആ റാട്ട്‘ നേട്ടങ്ങൾ

 

  

       അതതുകാലത്തെ സമൂഹമാനസികാവസ്ഥയാണ് കലാസൃഷ്ടികളെ സ്വീകാര്യമാക്കുന്നത്. സിനിമയുടെ കാര്യവും ഇതിൽ ഉൾപ്പെടും. പൊതുബോധത്തിൻ്റെ താൽപ്പര്യങ്ങളെ മാനിച്ചാണ് സിനിമ പോലെ ജനമദ്ധ്യത്തിലേക്ക് പരത്തിയിറക്കുന്ന കല സാർത്ഥകമാക്കുന്നത്. പ്രക്ഷുബ്ധമായ മനസ്സിനു അതിനു യോജിച്ച കുളിർമ്മയാർന്ന കലാംശങ്ങൽ കലർത്തേണ്ടതുണ്ട്. 

     കോവിഡ് മഹാമാരി ഏറ്റവും ബാധിയ്ക്കപ്പെട്ട കല സിനിമ തന്നെ, ലോകമാസകലം. വാണിജ്യപരവുമായതിനാൽ ഇടിവ് വന്ന വൻവ്യവസായങ്ങളിൽ മുൻപൻ. ഇൻഡ്യയിലാണെങ്കിൽ പ്രധാന വിനോദോപാധി തന്നെ സിനിമ. കോവിഡാനന്തര സിനിമയിൽ പ്രധാനമായും ഊന്നൽ കൊടുക്കേണ്ടത് ശുഭാപ്തിവിശ്വാസം ഉറപ്പിക്കുന്നതും ശുഭോദർക്കമായ പരിണതി ഉദ്ദേശിച്ചുള്ളതും ആയ കഥയും ഉന്മേഷദ്യോതകമായ കഥാന്ത്യവും ആണെന്നുള്ളത് സിനിമ നിർമ്മിച്ചെടുക്കുന്നവർക്ക് വേണ്ടുന്ന മിനിമം അറിവ് ആണ്. നിപ വൈറസ് ബാധയ്ക്കു ശേഷം ആ വൈറസിൻ്റെ ഉറവിടവും പകർച്ചാ ചരിത്രവും കോഴിക്കോട് ഭാഗത്ത് അതിനെ ചെറുക്കാൻ ചെയ്ത യത്നങ്ങളും എല്ലാം ചേർത്ത് സിനിമ (വൈ റസ്“, ആഷിക് അബു)   ഇറങ്ങിയിരുന്നു. ഇന്ന് അങ്ങനെ ഒരു സിനിമ കോവിഡ് വൈറസിനെക്കുറിച്ച് ഇറങ്ങാൻ സാദ്ധ്യതയേ ഇല്ല. കോവിഡിൻ്റെ പ്രഹരം ആഴത്തിൽ പതിഞ്ഞതാണ്, അപരിമേയമായ കെടുതികളിൽ നിന്നുള്ള ആഘാതം ആരേയും വിട്ടു പോയിട്ടുമില്ല.  2021 പകുതിയ്ക്ക് ശേഷവും 2022 ഇലും ഇറങ്ങിയ സിനിമകൾ ഇത്തരം ആഖ്യാനങ്ങളിൽ നിന്ന് വിട്ടു നിന്നിട്ടുണ്ട് പൊതുവേ. ചില അപവാദങ്ങൾ ഇല്ലെന്നല്ല. ഒരു വിനോദോപാധി എന്ന നിലയ്ക്കാണു സിനിമയുടെ പൊതു സ്വീകാര്യത എങ്കിലും കലാംശം ഏറെ മുമ്പിൽ നിന്നേയ്ക്കാം പലപ്പൊഴും. പക്ഷേ ഒരു മഹാമാരി സമയത്തോ അതിനു ശേഷമോ പ്രേക്ഷകർക്ക് വേണ്ടത് ആനന്ദദായകവും ശുഭോദർക്കവും ആയ പ്രമേയദൃശ്യങ്ങളാണ്.  

         2020 ഇൽ പൊടുന്നനവേ ആണ് പലേ സിനിമകളുടേയും  ഷൂടിങ് നിന്നു പോയത്. പലേ സിനിമകളും പിന്നീട് തുടരാൻ ഭാഗ്യം കിട്ടിയവയുമല്ലായിരുന്നു. തുടരാൻ സാധിച്ചവ പെട്ടെന്ന് മാറിയ പരിസ്ഥിതിയോട് ഇണങ്ങുന്ന വിധം ചിട്ടപ്പെടുത്തുകയാണുണ്ടായത്. ഷൂടിങ് ഇടങ്ങളുടെ പരിമിതിയിൽ രംഗങ്ങൾ മാറ്റി എഴുതപ്പെടേണ്ടി വന്നിട്ടുണ്ട്, കഥാസന്ദർഭങ്ങളിൽ തദനുസാരിയായി മാറ്റങ്ങൾ വരുത്തേണ്ടിയും വന്നു. ചെറിയ ഒതുങ്ങിയ ഇടങ്ങളിലേക്ക് കഥ മാറ്റപ്പെട്ടു, ആൾക്കൂട്ടവും തെരുവ് സീനുകളും വേണ്ടെന്ന് വയ്ക്കപ്പെട്ടു. പല രംഗങ്ങളും രാത്രിയിലേയ്ക്കായി  മാറ്റപ്പെട്ടു. വി എഫ് എക്സ് എന്ന കമ്പ്യൂട്ടർ വിദ്യ അത്യാവശ്യമായി വന്നു ദൃശ്യങ്ങളുടെ ഇല്ലായ്മയെ മറി കടക്കാൻ. മുകളിൽ നിന്നുള്ള ഏരിയൽ ഷോടുകൾ കൂടുതലായി വന്നുവെന്നത് സത്യമാണെങ്കിലും രസാവഹമാണ്. കുടുംബത്തിൻ്റെ ഇഴയടുപ്പം, ഊഷ്മളബന്ധങ്ങളുടെ ഗാഢതയും ഉന്മേഷപ്രദാനവും ഒക്കെ കൂടുതലായി ആഖ്യാനത്തിൽ വന്നുചേരുകയും ചെയ്തു. വലിയ സ്പെക്റ്റക്കിൾഅപ്രത്യക്ഷവും അനാവശ്യയുമായി, അവയില്ലാതെ പ്രേക്ഷകരെ പിടിച്ചിരുത്താമെന്ന് സംവിധായകർ തെളിയിക്കുകയും ചെയ്തു. തിയേറ്ററുകൾ അടച്ചതോടേ വലിയ വിവാദങ്ങളോടെ ഒ റ്റി റ്റി റിലീസുകളിലേക്ക് സിനിമകൾ സ്ഥാനാന്തരണം ചെയ്തു. സിനിമയുടെ ദൃശ്യപരത ഒട്ടേറെ മാറ്റങ്ങൾക്ക് വിധേയമായത് വിപ്ളവാത്കമായി. മൊബൈൽ ഫോണിലോ കമ്പ്യൂടർ സ്ക്രീനിലോ സിനിമ കാണുക എന്ന നൂതന രീതിയോട് സമരസപ്പെട്ടു പ്രേക്ഷകർ, തിയേറ്ററിൽ സിനിമ കാണുന്നതിനു മുൻപിലുള്ള മാനസിക തയാ റെടുപ്പകൾ ഇല്ലാതായി. സിനിമയെ സമീപിക്കുന്ന രീതിയിത്തന്നെ വൻ പരിവർത്തനങ്ങൾ അറിയാതെ തന്നെ വന്നുകയറി.  നാം നോക്കുന്ന കമ്പ്യൂടർ സ്ക്രീനിൽ മറ്റൊരു കമ്പ്യൂടർ സ്ക്രീൻ പ്രത്യക്ഷപ്പെട്ട് കഥ പറയുന്ന സീ യു സൂൺപോലെത്ത സിനിമ പ്രേക്ഷകപ്രീതി നേടിയത് ഈ മാറ്റങ്ങളെ സ്വാംശീകരിച്ച്തിൻ്റെ ഉത്തമ ദൃഷ്ടാന്തമാണ്.   

 തിയേറ്റർ അനുഭവം എന്നത് 

 ശബ്ദത്തിൻ്റെ പ്രകടനപരമായ വിന്യാസങ്ങൾ സൃഷ്ടിക്കുന്ന മായാജാലം പ്രധാന ആകർഷണമാണ് തിയേറ്ററിൻ്റേത്. കൂട്ടായുള്ള ആഘോഷപ്രതീതിയും ഇത് സൃഷ്ടിയ്ക്കുന്നു എന്നത് ചെറുപ്പക്കാരെ കൂടുതലായി തിയേറ്ററിൽ എത്തിയ്ക്കുന്നു എന്നത് സാമ്പത്തികവിജയത്തിൻ്റെ സുനിശ്ചിത ഘടകവുമാണ്. തിയേറ്ററോ  ഒ റ്റി റ്റിയോ എന്ന ദ്വന്ദം വിപരീതഭാവത്തോടെ ഉടലെടുക്കുന്നതും ഈ പര്യാലോചനയെ സംഘർഷത്തിൽ എത്തിക്കുകയും ചെയ്യുണ്ട്. ഈ ആഴ്ച്ച ദുൽക്കർ സല്മാൻ്റെ സല്യൂട്ഒ റ്റി റ്റിയിൽ മാത്രം റിലീസ് ചെയ്യുന്നതു കൊണ്ട് തിയേറ്റർ സംഘടന ആ നടൻ്റെ ഒരു സിനിമയും തിയേറ്ററിൽ റിലീസ് ചെയ്യപ്പെടുകയില്ല എന്ന വാശിയിലായത് ഉദാഹരണം.  തിയേറ്റർ അനുഭവം പലപ്പോഴും ദുരനുഭവം ആകാറുണ്ട്, ഫാൻ ക്ളബ്ബുകാരുടെ അതിരുകടന്ന ആഹ്ളാദപ്രകടങ്ങളും ചെയ്തികളും പാലഭിഷേകവും മറ്റും, അമിതമായ മൊബൈൽ ഫോൺ ഉപയോഗം ഇവയൊക്കെ ഒരു വലിയ വിഭാഗം പ്രേക്ഷകരെ തിയേറ്ററിൽ നിന്ന് അകറ്റി സ്വന്തം ഇടത്തിലേയ്ക്ക് സിനിമയെ സ്ഥാനാന്തരണം ചെയ്യിച്ചിട്ടുണ്ട്.  തിയേറ്റർ സൗകര്യങ്ങളെ വീട്ടിൽ എത്തിയ്ക്കുൻ ഹോം തിയേറ്റർ സൗകര്യങ്ങളും വ്യാപകമാകുന്നുണ്ട്. സിനിമയുടെ ദൃശ്യപരതയേയും ആഖ്യാനരീതികളെയും ഇവ ഒക്കെ സ്വാധീനിച്ചു കഴിഞ്ഞു എന്നത് പോസ്റ്റ്-കോവിഡ് സിനിമകളിൽ തെളിഞ്ഞു കാണുന്നുണ്ട്. മൊബൈൽ ഫോണിലോ കമ്പ്യൂടർ സ്ക്രീനിലോ പ്രദർശിതമാക്കുന്ന രംഗങ്ങൾക്ക് ഏകാഗ്രത നൽകേണ്ടത് അത്യാവശ്യമാണെന്ന് സംവിധായകർ നന്നായി പഠിച്ചും തുടങ്ങി.

 സംവിധായകർ -പുതിയവരുടെ തൻ്റേടം

   ഈ വാതാവരണത്തോട് എളുപ്പം ഇണങ്ങിയത് പുതിയ സംവിധായകർ ആണെന്ന് പറയാം. ജാൻ എ മൻഉമായി ചിദംബരം, ആർക്കറിയാംഉമായി സനു ജോൺ വർഗീസ്, ‘തിങ്കളാഴ്ച്ച നിശ്ചയംഉമായി സെന്ന ഹെഗ്ഡേ,  ഒക്കെ ചെറു സ്ക്രീനുകളോടോ കോവിഡ് പരിമിതികളോടോ ഇണക്കി സിനിമ നിർമ്മിച്ചെടുത്തവരാണ്, പ്രേക്ഷകരെ തൃപ്തിപ്പെടുത്താനും കഴിഞ്ഞു അവർക്ക്. നവാഗതരായ അഷ്രഫ് ഹംസ (ഭീമൻ്റെ വഴി), വിഷ്ണു മോഹൻ (മേപ്പടിയാൻ)  ഗിരീഷ് എ ഡി (സൂപ്പർ ശരണ്യ)  ഖാലിദ് റെഹ്മാൻ (ലൗ) എന്നിവരൊക്കെ ഒരു സിനിമയുടെ മാത്രം പരിചയവുമായി വന്ന് സ്വീകരണശേഷിയുള്ള സിനിമകൾ നിർമ്മിച്ചവരാണ്. കോവിഡ് കാലം അതിജീവിച്ച സിനിമകൾ സംവിധാനം ചെയ്തവർ. വെല്ലുവിളികൾ സ്വാംശീകരിച്ച് രൻജിത് ശങ്കറും അമൽ നീരദും ബി. ഉണ്ണികൃഷ്ണനും  ദിലീഷ് പോത്തനും  മഹേഷ് നാരായണനും ജിത്തു ജോസഫും  പൃഥ്വി രാജും ബേസിൽ ജോസഫും (മിന്നൽ മുരളി)യും എത്തി.  കൂടുതലും ഒരു കാർ ഓടിയ്ക്കുന്ന രംഗളുള്ള നൈറ്റ് ഡ്രൈവ്ഉമായി വൈശാഖും തൻ്റെ സാന്നിദ്ധ്യം അറിയിക്കുന്നു.

 സണ്ണി

   കോവിഡ് കാലത്ത് തുടങ്ങി കോവിഡ് കാലത്ത് തന്നെ അവസാനിക്കുന്നകഥകൾ പ്രത്യാശയ്ക്ക് വഴിയുണ്ട് എന്ന് സൂചിപ്പിക്കുന്നവയാണ്.  രഞ്ജിത് ശങ്കറിൻ്റെ സണ്ണി കോവിഡ് മഹാമാരിയുടെ എല്ലാ ദുരന്തങ്ങളും കെടുതികളും ഒരു മുറിയിൽ ഒരാൾക്ക് സംഭവിക്കുന്ന ദുർഘടങ്ങളിലൂടെ ആഖ്യാനിക്കപ്പെടുകയാണ്.   വൻസമൂഹത്തിൻ്റെ  കെടുതികൾ ഒരാളിലേക്ക് ചുരുക്കി ആന്തരവൽക്കരിക്കപ്പെടുന്നു ഇവിടെ.   ക്വാ റൻ്റൈൻ  കാലത്ത് സ്വന്തം ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കേണ്ടതിൻ്റെ ആവശ്യകത നിജപ്പെടുത്തുന്നതിനോടൊപ്പം ദൗർഭാഗ്യകാലത്ത് ശുഭോദർക്കമായ ചിന്തകൾ ആത്മസുധാരണത്തിനു വഴിവയ്ക്കുകയും ചെയ്യുമെന്ന് സിനിമ സൂചിപ്പിക്കുന്നു. ദാമ്പത്യേതരബന്ധങ്ങളും സാമ്പത്തികത്തിരിമറിവുകളും ഒറ്റപ്പെടുത്തി അതിനുമേൽ കോവിഡ് ഏകാന്തവാസം വിധിയ്ക്കുമ്പോൾ സണ്ണി ആത്മഹത്യക്കൊരുമ്പെടുകയാണ്. അയാൾക്ക് വരുന്ന ഫോൺ വിളികൾ വഴിയാണ് സിനിമ കഥ പറയുന്നത്. കോവിഡ് അസുഖം അയാൾക്കുള്ള ശിക്ഷയാണ്, പക്ഷേ പാപവിമുക്തിയ്ക്ക് വഴിയുണ്ട്. ‘This too shall pass’ എന്നൊരു സന്ദേശം അയാളുടെ ഫോണിൽ വരുന്നത് വ്യക്തമായി കാണിച്ച് സിനിമ ഉദ്ദേശം വെളിവാക്കുന്നു എന്ന് കരുതാം. കോവിഡ് ബാധയുടെ സമൂലകത സണ്ണിയുടെ മാനസികവ്യാപാരത്തിലൂടെ വിദിതമാകുന്നു. മാനസികാാഘാതത്തിനു ഒരു ദാർശനികമാനം നൽകാനുള്ള ശ്രമമുണ്ടിവിടെ.

ആർക്കറിയാം

     കോവിഡ്  പകർച്ചവ്യാധി ഏൽപ്പിക്കുന്ന പരിക്കുകളുടെ പരിണതി     ജീവിതസന്ദർഭങ്ങളെ  ബാധിയ്ക്കുന്നത് കഥയുടെ വഴിത്തിരിവുകളാണ് സനു ജോൺ വർഗീസിൻ്റെ ആർക്കറിയാംഇൽ.   റ്റെലിവിഷനിൽ വരുന്ന കോവിഡ് വാർത്തകൾ പലപ്പോഴും ആഖ്യാനത്തിനു ഉപയോഗിക്കുന്നുണ്ട്.  പാൻഡെമിക് പകർന്നു തുടങ്ങുന്ന കാലഘട്ടമാണ്, മാസ്ക് ഉപയോഗം പ്രചാരത്തിൽ വന്ന് തുടങ്ങിയിട്ടുണ്ട്. പക്ഷേ സിനിമ ഷൂടിങ് കോവിഡ് പ്രചണ്ഡമായ തേർവാഴച്ച നടത്തിയിരുന്നപ്പോൾത്തന്നെ. എന്നാലും കാലഘട്ടത്തിൻ്റെ സൂചന്യ്ക്കു വേണ്ടി മാത്രമല്ല കോവിഡ് വ്യാധിയെ ഉപയോഗിച്ചിരിക്കുന്നത് തീർച്ചയാണ്.  കുടുംബബന്ധങ്ങളെ ഉറപ്പിച്ചുനിർത്താനുള്ള ഉപാധി- ഒരു ബാഹ്യസ്വരൂപ വിപത്തി-   എന്ന നിലയിലാണ്. പാപവും മുക്തിയും ഇവിടെയും  ചർച്ച ചെയ്യപ്പെടുന്നുണ്ട്. കോവിഡ് കാലത്തെ ദുർഘടങ്ങൾ മാറിക്കിട്ടി സ്വസ്ഥജീവിതം തുടരുന്നു എന്ന ശുഭോദർക്കസൂചനയോടെയാണ് സിനിമ അവസാനിക്കുന്നത്. 

സീ യു സൂൺ

സൂക്ഷ്മതരമായ നിർമ്മിതിയിലൂടെ ഒരു മഹാമാരിക്കാലത്ത് ഉദ്ദിഷ്ടസിദ്ധിസാധകമായി പ്രേക്ഷകരോട് സംവദിച്ച സിനിമയാണ് മഹേഷ് നാരായണൻ്റെ സീ യു സൂൺ‘. കോവിഡ് കാലത്ത് സംഭവിക്കുന്ന കഥയൊന്നുമല്ല ഈ സിനിമയിൽ, എക്കാലവും നടക്കാവുന്നതാണ്. ആധുനിക സംവേദനസാദ്ധ്യതകൾ ഉപയോഗിച്ച് മനുഷ്യർക്ക് അടുത്തിടപഴകാൻ സാദ്ധ്യതെയേറെയാണ് ഇക്കാലത്ത്. മൊബൈൽ ഫോൺ വഴി ബന്ധങ്ങൾ സൃഷ്ടിക്കപ്പെടുന്നതും ചതിയിൽ അകപ്പെടുന്നതും ബന്ധങ്ങൾ മുറിയുന്നതും സ്ഥിരം വാർത്തകളായ ഇക്കാലത്ത് അതിൻ്റെ ദൃശ്യപ്പെടുത്തൽ എങ്ങനെ സിനിമാറ്റിക് ആക്കി മാറ്റാമെന്നുള്ള വെല്ലുവിളിയാണ് സംവിധായകൻ ഏറ്റെടുത്തിരിക്കുന്നത്. പ്രതികൂലാവസ്ഥകളിലും സിനിമ എന്ന വിനോദോപാധി അനുസ്യൂതം തുടരാമെന്നുള്ളതിൻ്റെ തെളിവ്. മൊബൈൽ ഫോൺ ദൃശ്യങ്ങളും ലാപ് റ്റോപിൽ തെളിയുന്ന പ്രതിഛായകളും മാത്രം ഉപയോഗിച്ചാണ് ആഖ്യാനം. പെരുമാറ്റങ്ങളും യാത്രകളും അന്യോന്യസംബന്ധങ്ങളും കണിശമായി പ്രതിബന്ധിതമാക്കപ്പെട്ട കാലത്ത് ഉദ്വേഗജനകമായ രംഗങ്ങൾ ഉൾപ്പെടുത്തി എങ്ങനെ സിനിമ നിർമ്മിച്ചെടുക്കാമെന്നതിൻ്റെ ഉദാത്ത ഉദാഹരണമാണീ സിനിമ. ബാംഗളൂരിലും ദുബായിയിലും കേരളത്തിലുമായി കഥ നടക്കുന്നു എന്ന്  വിശ്വസിപ്പിക്കുന്നുണ്ട് പ്രേക്ഷകനെ. കമ്പ്യൂടർ വിദ്യയുടെ ആൽഗൊ റിതമുകൾ ഉപയോഗിച്ച് ഡിറ്റെക്റ്റീവ് പണികൾ സാധിച്ചെടുക്കാമെന്ന് തെളിയിക്കപ്പെട്ടിട്ടുള്ള ഇക്കാലത്ത് ദൂരെയിരുന്ന് ചെയ്ത് തീർക്കാവുന്ന കാര്യങ്ങൾ നിരവധിയാണെന്ന് സിനിമ പറഞ്ഞുതരുന്നുണ്ട്. വില കൂടിയതും സങ്കീർണ്ണ സാങ്കേതികതാനിബദ്ധവുമായ ക്യാമെറകൾ അത്ര അത്യാവശ്യമല്ലെന്നും മൊബൈൽ ഫോണോ ലാപ് റ്റോപോ ഉപയോഗിച്ച്  സിനിമാ ആലേഖനം സാദ്ധ്യമാണെന്നും കോവിഡ് വെല്ലുവിളികൾ പഠിപ്പിച്ചു തരുന്നു.

  ലൗ LOVE

     ഖാലിദ് റെഹ് മാൻ്റെ ഈ സിനിമ തികച്ചും വളരെ പരിമിതമായഒരിടത്ത്-ഒരു ഫ്ളാറ്റിനുള്ളിൽ മാത്രം-സംഭവിക്കുന്ന രീതിയിൽ രചിക്കപ്പെട്ടതാണ്. കോവിഡ്കാല പരിമിതികളെ മറികടക്കാൻ ഒരു പോംവഴി ഇതു തന്നെ-ചെറിയ ഒരിടം നിജപ്പെടുത്തിക്കൊണ്ട് അവിടെ വൻ നാടകീയതയും സംഘർഷാവസ്ഥയും സാധിച്ചെടുക്കുക എന്നത്. ഫ്ലാറ്റിനുള്ളിൽ പ്രവേശിക്കാനുള്ള കതകും രണ്ട് മുറി കളുടേയും കുളിമുറികളുടേയും കതകുകളും അടയ്ക്കുകയും തുറക്കുകയുംചെയ്തുകൊണ്ട് ഭ്രമാത്മകത സൃഷ്ടിയ്ക്കപ്പെടുന്നുണ്ട്. നായകൻ്റെ ഫാൻ്റസികളും ഇതിനോട് ചേരുമ്പോൾ ഇടം എന്നതിൻ്റെ പരിമിതി വിസ്മൃതമാകുകയാണ്. കഥാപാത്രങ്ങളുടെ എണ്ണവും പരിമിതപ്പെടുത്തിയിട്ടുണ്ട്. ഒരു സമ്പൂർണ്ണ ലോക് ഡൗൺ നിർമ്മിത സിനിമ തന്നെയാണ് ലൗ‘. ചടുലമായ ആഖ്യാനം തന്നെ വിശ്വസനീയത നൽകുന്നത്.   

      ഇതുപോലെ ജോജി (ദിലീഷ് പോത്തൻ ) യും ഇടം ചുരുക്കി നിജപ്പെടുത്തിയ സിനിമ ആണ്. ഒരു വീടും ചുറ്റുമുള്ള സ്ഥലങ്ങളും മാത്രം ദൃശ്യപ്പെടുത്തി ആഖ്യാനം അതിനനുസരിച്ച് വ്യവസ്ഥപ്പെടുത്തിയിരിക്കുന്നു. കുരുതി, ബ്രോ ഡാഡി, കോൾഡ് കെയ്സ് ഒക്കെ കോവിഡ് കാലത്ത് അതിൻ്റ്തായ ക്രമപ്പെടുത്തലോടേ ഷൂട് ചെയ്തതാണ്. 

മിന്നൽ മുരളി

  ഒരു അതിമാനുഷൻ മനുഷ്യകുലത്തെ രക്ഷിക്കാൻ അവതരിക്കുന്നത് പാശ്ചാത്യസിനിമകളിൽ പണ്ടേ പ്രത്യക്ഷപ്പെട്ട പ്രമേയമാണ്. മലയാളത്തിൽ ആദ്യമായാണ് ഇങ്ങനെ ഒരു സൂപർ ഹീറോ പ്രത്യ്കഷപ്പെടുന്നത്. കോവിഡ് വ്യാപിക്കുന്നതിനു മുൻപേ നിർമ്മാണം തുടങ്ങിയതാണ് ഈ സിനിമ എങ്കിലും കോവിഡ് കാലത്ത് പ്രധാന രംഗങ്ങൾ ചിത്രീകരിക്കേണ്ടി വന്നിട്ടുണ്ട്. വളരെ സ്വീകാര്യത നൽകി ആഘോഷിക്കപ്പെട്ടു മിന്നൽ മുരളി. ദൈന്യതയും അരക്ഷിതാവസ്ഥയും മറി കടക്കാനും പ്രസന്നവും സ്വച്ഛവും ആയ ഭാവി വാഗ്ദാനം ചെയ്യാനും ഒരു അതിമാനുഷൻ നമുക്കിടയിലേക്ക് ഇറങ്ങി വരുന്നു എന്ന സങ്കൽപ്പം കോവിഡ് ആഘാതത്തിനു ശേഷം അത്യാവശ്യവും അതിജീവനത്തെ പ്രോൽസാഹിപ്പിക്കുന്നതുമാണ്. ഒരു സാധാരണ തയ്യൽക്കാരനാണ് മിന്നൽ മുരളി ആയി സ്വരൂപാന്തരണം സംഭവിച്ച് ധർമ്മസംസ്ഥാപനം സാധിച്ചെടുക്കുന്നത്. അമേരിക്കയ്ക്കു പോകാൻ ഷർട് തയ്പ്പിച്ച് കാത്തിരിക്കുന്നവൻ അത് വേണ്ടെന്നു വെച്ച് നമ്മോടൊപ്പം അതിശക്തിയോടെ നിൽക്കുമെന്ന് വാഗ്ദാനം ചെയ്യുന്നത് ആത്മഋണമുക്തിയ്ക്കും സുധാരണത്തിനും വഴിതളിയ്ക്കുന്നതാണ്.  മിന്നൽ മുരളിയുടെ സ്വീകാര്യതയുടെ പിന്നിൽ ഇത്തരം പ്രീതീകരശുഭചിന്തകളാണ്.

  പൊതുവേ സന്തോഷാനുഭവ ( feel good ) സിനിമകൾക്ക് തന്നെയാണ് ഇക്കാലത്ത്       പ്രിയമേറുന്നത്.  ഭീമൻ്റെ വഴിഅപ്രതിഹതനായ വില്ലൻ ജീവിതത്തിൻ്റെ വഴിമുടക്കുമ്പോൾ അയാളെ മലർത്തിയടിച്ച് അതും ഒരു സ്ത്രീ-മുന്നോട്ടുള്ള യാത്ര സുഗമമാക്കപ്പെടുന്ന കഥയുടെ ആവിഷ്ക്കാരമാണ്. ഒരേ ഒരു ലൊക്കെഷനിൽത്തന്നെയാണ് സിനിമാചിത്രീകരണം നടന്നിരിക്കുന്നത്. ഇത് ഒരു പരിമിതിയായി തോന്നിപ്പിക്കുന്നതേ ഇല്ല. ജാൻ എ മൻബന്ധങ്ങളുടെ പരിപാലനവും ഊഷ്മളതയും എത്രയും ആവശ്യകരമാണ് എന്നത് വെളിവാക്കുന്ന പ്രമേയം ആധാരമാക്കിയിട്ടുള്ളതാണ്. നേരെ എതിരെയുള്ള രണ്ട് വീടുകളിൽ നടക്കുന്ന സംഭവങ്ങൾ മാത്രമായി ഇടങ്ങൾ ചുരുക്കപ്പെട്ടിരിക്കയാണ്. വളരെ ചെറുപ്പക്കാരായ ചിദംബരവും സഹോദരൻ ഗണപതിയുമാണ് ഈ സിനിമയുടെ ആവിഷ്ക്കാരകർ.  ഒറ്റപ്പെട്ട് പോയവരുടെയും മാനസികസംഘർഷകാരണങ്ങളാൽ വിഷാദരോ ഗത്തിലേക്ക് വഴുതിവീഴുന്നവരുടെയും ആനന്ദോൽക്കർഷങ്ങൾക്ക്  ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെയായി കൂട്ടു ചേരൽ എത്ര അത്യാവശ്യമായിരിക്കുന്നു മഹാമാരിയിൽ നിന്ന് വിമുക്തി നേടിക്കൊണ്ടിരിക്കുന്ന ഈ സമയത്ത് എന്നത് കൃത്യമായി രേഖപ്പെടുത്തുന്നു ജാൻ എ മൻ‘. ‘ഹോംഎന്ന സിനിമയും കുടുംബത്തിൻ്റെ ഇഴയടുപ്പം ആത്മനവീകരണത്തിനു തുണയേകുന്നത് ആധാരമാക്കുന്നുണ്ട്. .സൂപർ ശരണ്യയുടെ പ്രേക്ഷകപ്രീതിയ്ക്ക് പിന്നിലും ഇതേ തത്വങ്ങൾ ഇഴ പാകിയിട്ടുണ്ട്.  കുറ്റം ചെയ്തവനാണെങ്കിലും കൊല്ലപ്പെട്ടവൻ്റെ ആത്മാവിനു നീതി കിട്ടട്ടെയെന്ന് ആശംസിക്കുന്ന രീതിയിൽ കഥാന്ത്യം വികസിപ്പിച്ചെടുത്ത ദൃശ്യം 2ഉം കോവിഡ് ബാധയിൽ നിന്ന് വിമുക്തി നേടിക്കൊണ്ടിരിക്കുന്ന സമൂഹത്തിനു ആശ്വാസമരുളിയിട്ടുണ്ട്. അജഗജാന്തരംകോവിഡ് ആഘാതത്തിനു മുൻപേ നിർമ്മിച്ചതാണെങ്കിലും പരക്കെ കാണികൾ സ്വീകരിച്ചതാണ്. യുക്തിരഹിതമായ ഹിംസയും ക്രൗര്യവും നിറഞ്ഞതാണെങ്കിലും ആൾക്കൂട്ട-ഉൽസവ ദൃശ്യങ്ങൾ ചില ഗൃഹാതുരത്വനിറവേറ്റലുകൾ സാധിച്ചെടുത്തതാവണം ഈ പ്രീതിയുടെ പിന്നിൽ.

ഭീഷ്മപർവ്വവും ആറാട്ടും-നിരാകരിക്കപ്പെടുന്ന സ്റ്റാർഡം

  സൂപർ സ്റ്റാറുകൾ എന്ന സങ്കൽപ്പം കാലഹരണപ്പെട്ട് തുടങ്ങി എന്ന് മനസ്സിലാക്കി അത് പുനഃസ്ഥാപിക്കാൻ സാദ്ധ്യമല്ലെന്ന് മനസ്സിലാക്കി പഴയ സംവിധായകർ തങ്ങളുടെ ദീനത ഒരു ഓർമ്മപ്പെടുത്തൽ പോലെ അവതരിപ്പിച്ചിരിക്കയാണ് ഈ രണ്ട് സിനിമകൾ വഴി. ആറാട്ടിൽ അത് വളരെ വ്യക്തമാണു താനും. ഫാൻപറ്റങ്ങളെ മേച്ചു നടന്ന സ്റ്റാറുകൾ പുതിയ ആസ്വാദകജനത വന്നണഞ്ഞത് ഉള്ളിൽത്തട്ടി നിരാകരിക്കൽ (  denial ) എന്ന മാനസികാവസ്ഥയിൽ എത്തിയതിൻ്റെ ദൃഷ്ടാന്തമാണ് ഭീഷ്മപർവ്വവും ആറാട്ടും. ബി. ഉണ്ണികൃഷ്ണൻ മോഹൻ ലാലിനെക്കൊണ്ട് ആറാട്ടിൽ ചെയ്യിച്ചതൊക്കെ മൺമറഞ്ഞുപോയ മാനെറിസത്തെ  പിടിച്ചുനിറുത്താൻ ദയനീയമായി ശ്രമിച്ചതിൻ്റെ ഉദാഹരണമാണ്. മുണ്ട് വീശി മാടിക്കുത്തുന്നതും വാദ്യകോലാഹലത്തോടെ നടന്നടുക്കുന്നതും ഇനിയും ചിലരെ മോഹമുഗ്ധരാക്കും എന്ന് വിചാരിച്ചിരിക്കുന്നു പാവം സംവിധായകൻ. അമൽ നീരദ് ഒരേ  റൂട്ടിലോടുന്ന ബസ് ആയിത്തീർന്നിരിക്കുന്നു എന്ന് സ്വയം വിളംബരം ചെയ്യുകയാണ് മമ്മുട്ടിയെക്കൊണ്ട് പണ്ട് ചെയ്യിച്ചതൊക്കെ വീണ്ടും വൃഥാ ആവർത്തിച്ചുകൊണ്ട്. ഗോഡ്ഫാദർ അതേ എഫക്റ്റോടെ  റിമേയ്ക്ക് ചെയ്ത് , മമ്മുട്ടി കാലിന്മേൽ കാൽ കയറ്റിവെച്ച് സ്റ്റൈലിൽ സിഗററ്റ് വലിച്ചാൽ ഇനിയും പ്രേക്ഷകർ അതിൽ വീണുപോകും എന്ന് വിശ്വസിച്ചു പോയ നിഷ്ക്കളങ്കമനസ്കൻ ആയിരിക്കുന്നു അമൽ നീരദ്.  ചെണ്ടകൊട്ടിയും പാലഭിഷേകം ചെയ്തും തിയേറ്റർ റിലീസ് ആഘോഷിക്കുന്ന ഭ്രാന്തൻ ഫാൻസിനെ അല്ല ഇവർ ടാർഗറ്റ് ചെയ്യേണ്ടത് എന്ന് മറന്നു പോയോ എന്തോ ഇവർ. മമ്മുട്ടിയോടൊപ്പം കൊച്ചു പയ്യനായി അഭിനയിച്ചിട്ടുള്ള ഗണപതി ഇന്ന് ഏറ്റവും മികച്ച സ്ക്രിപ്റ്റുമെഴുതി പ്രേക്ഷകരെ കയ്യിലെടുത്ത കാലമാണിത് (ജാൻ എ മൻ). കോവിഡാനന്തര സിനിമ എന്താണെന്ന് ഈ സംവിധായകർ മനസ്സിലാക്കി വരുന്നതേ ഉള്ളു എന്ന് വിചാരിക്കേണ്ടിയിരിക്കുന്നു.

പുതിയ ക്രമീകരണങ്ങൾ

       പാൻഡെമിക്കിൻ്റെ വെല്ലുവിളികളെ അതിജീവിക്കാൻ ചില പ്രത്യേക ക്രമാന്തരണങ്ങൾ ഉപയുക്തമാക്കി എന്നത് ശ്രദ്ധാർഹമാണ്. ഇടങ്ങളെ ചുരുക്കിയെടുക്കുക എന്നതാണ് പ്രാമുഖ്യമേറിയത്. ആഖ്യാനത്തിൻ്റെ വേഗത വർദ്ധിപ്പിച്ചും സംഘർഷാത്മകതയ്ക്ക് ഊന്നൽ നൽകുകയും ചെയ്താണ് ഈ പരിമിതിയെ മറികടക്കാൻ നിയുക്തമാക്കിയ ഒരു ആവിഷ്ക്കാരതന്ത്രം. ഊഷ്മളബന്ധങ്ങൾ പുനഃസ്ഥാപിക്കുന്ന രീതിയിൽ കഥ വികസിപ്പിക്കുക, കുടുംബത്തിൻ്റെ സ്നേഹച്ചങ്ങലകൾ ദൃഢമാക്കുന്ന രീതിയിൽ രംഗങ്ങൾ ഒരുക്കുക ഇവയൊക്കെ മരണഭീതിയിലോ ദുരിതസങ്കടങ്ങളിലോ ആഴ്ന്നു പോയവർക്ക് ആശ്വാസമരുളും എന്ന് പെട്ടെന്ന് തന്നെയാണ് സിനിമക്കാർ മനസ്സിലാക്കിയെടുത്തത്. ശുഭോദർക്കരീതിയിൽ സിനിമ അവസാനിപ്പിച്ച് പ്രേക്ഷകർക്ക് സന്തോഷം പകരുക എന്നത് ഒരു പ്രധാനോദ്ദേശം തന്നെ ആയിരുന്നിരിക്കണം. ചെറുതല്ലാത്ത രീതിയിൽ പ്രാണോൽസാഹപ്രദാനം ചെയ്തിട്ടുണ്ടാവണം, പുനർധൈര്യം മനസ്സിൽ നി റച്ചിട്ടുണ്ടാവണം.

 

  റഷ്യൻ ആക്രമണം-കലാവിഷ്ക്കാരങ്ങളിൽ വിപര്യയസാദ്ധ്യത

     യുദ്ധങ്ങൾ എന്നും കലയേയും സാഹിത്യത്തേയും ബാധിച്ചിട്ടിട്ടുണ്ട്. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം സിനിമ ആകപ്പാടെ മാറിയത് - സംവേദനത്തിലും ആസ്വാദനശീലങ്ങളിലും ആവിഷ്ക്കാരപദ്ധതികളിലും-ചരിത്രം.  പാൻഡെമിക്കിൻ്റെ ദുഷ്കൃതങ്ങളിൽ നിന്ന് സാവധാനം പു റത്തുകടക്കുന്ന ലോകജനതയുടെ മേൽ യുദ്ധം എന്ന, വൈറസിനേക്കാൾ നാശകാരിയായ മനുഷ്യശീലം വൻ ആഘാതമാണ് ഉളവാക്കിയിരിക്കുന്നത്. ഉക്രെയിനുമേൽ നടത്തുന്ന അധിനിവേശം ക്രൗര്യമാണ് ഏറ്റവും വലിയ വിനാശകാരി എന്ന് വീണ്ടും തെളിയിക്കുന്നു. യുദ്ധം പഴഞ്ചൻ ആശയമെന്ന് തള്ളിക്കളയാൻ ഒരുമ്പെട്ടതാണ് ചിന്തകർ. പോസ്റ്റ് ഹ്യൂമനസിത്തിൻ്റെ കാലമാണെന്ന് തെറ്റിദ്ധരിച്ചു അവർ.  കോവിഡ് അനുഭവം മനുഷ്യരെ ചില പാഠങ്ങൾ പഠിപ്പിച്ചു എന്നും മറ്റും വെറുതേ പ്രത്യാശിച്ചു പാവം മാനവഹൃദയം. സിനിമയുടെ ഉള്ളടക്കവും അന്തർവസ്തുവിഷയങ്ങളും ആസ്വാദനപരതയും ഇനിയും മാറപ്പെടാൻ പോവുകയാണ്. വൈറസ് അല്ല മാനവരാശിയ്ക്ക് ഭീഷണി, മനുഷ്യർ തന്നെയാണ് എന്ന് വീണ്ടും ഓർമ്മപ്പെടുത്തൽ ആഖ്യാനങ്ങളിൽ നി റഞ്ഞു നിന്നേയ്ക്കാം. സുരക്ഷിതനല്ല എന്ന ഭീതി സിനിമാ ആവിഷ്ക്കാരങ്ങളിൽ സ്വരൂപം മാറി ആവേശിച്ചേയ്ക്കാം.  

 

 

No comments: