Friday, July 1, 2022

കോവിഡ് ബാധ വന്ന ശേഷം തലച്ചോറിനു എന്തു സംഭവിക്കുന്നു? ലോങ്ങ് കോവിഡ് അറിവുകൾ

 


Long Covid എന്ന പ്രതിഭാസത്തെക്കുറിച്ച് പുതിയ അറിവുകൾ

 

  കോവിഡ് വൈറസ് പ്രധാനമായും ശ്വാസകോശത്തെയാണ് ബാധിയ്ക്കുന്നത് എങ്കിലും നിരവധി ന്യൂറോളജിക്കൽ പ്രശ്നങ്ങൾ വന്നു ഭവിക്കാ റുണ്ട്. സംഭ്രാന്തി, പക്ഷാഘാതം നാഡീപേശിവ്യവസ്ഥാ ( neuromuscular) തകരാറുകൾ ഒക്കെ അസുഖത്തിൻ്റെ ഭാഗമാണ്. കൂടാതെ വ്യാധികളായ ഏകാഗ്രതക്കുറവ്, ചിന്താമന്ദത, വിഷാദരോഗം, കാഴ്ച്ച/കേൾവിക്കുറവ് ചിലപ്പോൾ സൈക്കോസിസ് വരെ വൈറസ് ബാധ വിട്ടുപോയിട്ടും മാസങ്ങളോളം നിലനിന്നേക്കാം. ഇതോടൊപ്പം  ഒരു കൂട്ടം മറ്റ് അസുഖങ്ങൾ ഇങ്ങനെ മിച്ചം നിൽക്കുന്നത് ‘Long Covid’ എന്നാണ് വിളിയ്ക്കപ്പെടുന്നത്. (Table 1 നോക്കുക).  ശരിയ്ക്കുള്ള വൈദ്യശാസ്ത്രപ്പേര്  “Post-acute sequelae of CoviD-19”  അല്ലെങ്കിൽ PASC എന്നാണ്.  യുവാക്കളിലും കോവിഡ് ബാധ തീവ്രമായിരുന്നില്ലെങ്കിലും neuropsychiatric ലക്ഷണസമഷ്ടി (syndrome)  ലോങ് കോവിഡിൻ്റെ  ഭാഗമായി കണ്ടു വരുന്നു.   അമേരിക്കയിൽ 230,000 കോവിഡ് വിമുക്തരിൽ മൂന്നിലൊന്ന് പേരിൽ സൈക്കിയാാട്രിക്കോ ന്യൂ  റോളജിക്കലോ ആയ അസുഖങ്ങൾ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഇതിൻ്റെ രോഗനിദാനപശ്ചാത്തലം (pathophysiology) ഇപ്പോൾ പൂർണ്ണമായി ലഭ്യമല്ലെങ്കിലും ചില തെളിവുകൾ അനുമാനങ്ങളായി നിലവിലുണ്ട്. പ്രതിരോധവ്യവസ്ഥയിലെ പ്രവർത്തനപ്പിഴകൾ, പ്രധാനമായും കൃത്യതയില്ലാത്ത തലച്ചോർ നീർവീക്കം  (brain inflammation), നമ്മുടെ ന്യൂ റോണോകൾക്കെതിരെ നമ്മുടെ തന്നെ ഇമ്മ്യൂൺ സിസ്റ്റെം പ്രതിരോധം സ്രഷ്ടിയ്ക്കൽ ഒക്കെ ഈ തെളിവുകളിൽ ഉൾപ്പെടുന്നു. കോവിഡ് ബാധയ്ക്കു ശേഷം വർഷങ്ങൾ കഴിഞ്ഞാലും തലച്ചോർ പ്രശ്നങ്ങൾ ഉടലെടുക്കാൻ സാദ്ധ്യതകൾ ഉണ്ടോ എന്നും ആശങ്കപ്പെടുന്നുണ്ട്, ശാസ്ത്രലോകം. ഇപ്പോൾ മില്ല്യൺ കണക്കിനു ജനങ്ങൾക്കാണ് ഈ വൈറസ് ബാധ വന്നു ഭവിച്ചിരിക്കുന്നത്; നാഡീ വ്യവസ്ഥ ( nervous system) യുടെ പാകപ്പിഴകൾ, പ്രത്യേകിച്ചും തലച്ചോർ സംബന്ധിയായത് പൊതുജനരോഗ്യപരിപാലനത്തിനു വെല്ലുവിളി ആയിരിക്കയാണ്, പ്രത്യേകിച്ചും രോഗവിമുക്തിയ്ക്കും പുനരധിവാസത്തിനും.  ലോകത്താകമാനം തൊഴിൽ നിർവ്വഹണപ്രാപ്തിയിൽ  വൻ നഷ്ടം സംഭവിക്കുന്നു, ഇത് തൊഴിൽശക്തി (workforce) യിൽ വിള്ളൽ വരുത്തുന്നു  എന്ന ഗുരുതര സംഭാവ്യത ഭീതിദമാണ്.

 

  കോവിഡ് വൈറസ് ബാധയാൽ ബോധജ്ഞാനത്തിനും ഇന്ദ്രിയസംവേദനങ്ങൾക്കും മാറ്റങ്ങൾ വരുന്നത് ഏതൊരു അണുബാധയാലും സംഭവിക്കുന്നതു മാത്രമാണെന്നേ ആദ്യകാലനിരീക്ഷണങ്ങൾ തോന്നിപ്പിച്ചിരുന്നുള്ളു. പിന്നീടാണ് തലച്ചോറിലെ രക്തചംക്രമണത്തിലും  ന്യൂ റൽ റ്റിഷ്യുകളിലും വന്ന് ഭവിക്കുന്ന നാശോന്മുഖമായ മാറ്റങ്ങളെക്കുറിച്ച് കൂടുതൽ അറിവും തെളിവുകളും ലഭ്യമായത്. താമസിയാതെ ശ്വാസകോശത്തെ  കോവിഡ് വൈറസ് ബാധിക്കുന്നതിനൊപ്പം  പലേ അവയവവ്യവസ്ഥകളും (organ systems) താറുമാറാകുന്നു എന്ന് വ്യക്തമായി. കിഡ്നി, ഹൃദയം, ആമാശയവും കുടലുകളും മാത്രമല്ല, മസ്തിഷ്ക്കവും ഇതിൽപ്പെടുന്നു.  മണം നഷ്ടപ്പെടുക എന്നത് തലച്ചോർ ബാധയെ ആദ്യം സൂചിപ്പിച്ചു.  പക്ഷാഘാതം ( stroke), ഡെലീറിയം, തലച്ചോർ വീക്കം, മാനസിക വൈകല്യങ്ങൾ (psychiatric syndromes) മുതലായവ പലരിലും പ്രത്യക്ഷപ്പെട്ടു. ഇവയൊക്കെ അസുഖത്തിൻ്റെ പലഘട്ടങ്ങളിലാണ് പ്രത്യക്ഷപ്പെട്ടത് എന്നത് പല കാരണങ്ങളായിരിക്കും ഇതിനു പിന്നിൽ എന്ന അനുമാനത്തിൽ എത്തിച്ചേരാൻ പ്രേരകമായി. ശാസകോശത്തിൻ്റെ പ്രശ്നങ്ങൾ പ്രത്യക്ഷപ്പെടുന്നതോടു കൂടിയോ, അസുഖം ഭേദമായി ഉടനെയോ രണ്ടാഴ്ച്ച കഴിഞ്ഞോ ഈ ന്യൂ റൽ പ്രശ്നങ്ങൾ പ്രത്യക്ഷപ്പെടാൻ സാദ്ധ്യതയുണ്ടെന്ന് തെളിഞ്ഞിരിക്കുന്നത് കാരണങ്ങൾ കൃത്യമായി നിജപ്പെടുത്തുന്നതിൽ പ്രശ്നങ്ങൾ സൃഷ്ടിയ്ക്കുകയാണ്. മണം അറിയാനുള്ള നെർവുകൾ മൂക്കിനു മുകളിലൂടെ നേരെ തലച്ചോറിൽ എത്തുന്നതിനാൽ വൈറസ് ആ വഴി തലച്ചോറിൽ പ്രവേശിക്കാൻ സാദ്ധ്യതയുണ്ട്, അല്ലെങ്കിൽ രക്തത്തിൽ നിന്ന് നേരിട്ട്, ഒരു പ്രതിബന്ധം ഉള്ളത് (blood-brain barrier) തകർത്തുകൊണ്ട്  തലച്ചോറിൽ കയറിക്കൂടാനും മതി. പക്ഷേ കോവിഡിനു ശേഷം മാനസികപ്രശ്നമുള്ള ആരുടേയും തലച്ചോറിനുള്ളിലോ ചുറ്റുമുള്ള ദ്രവ (cerebrospinal fluid) ത്തിലോ വൈറസിൻ്റെ യാതൊരു സാന്നിദ്ധ്യവും കാണുന്നില്ല എന്നതാണു സത്യം.  കോവിഡ് ബാധയാൽ മരിച്ചവരുടെ തലച്ചോർ ടിഷ്യുവിലും വൈറസിൻ്റെ സാന്നിദ്ധ്യം ഇല്ല. എന്നാൽ പ്രതിരോധവ്യവസ്ഥയുടെ ചില തകരാറുകളുടെ സൂചനകൾ ഉണ്ടുതാനും. പക്ഷേ കോവിഡ് ബാധയാൽ മരിയ്ക്കുന്നവർ മിക്കവർക്കും മറ്റ് അസുഖങ്ങൾ ഉള്ളവരായതുകൊണ്ട് ഏത് അവയവത്തിലും പ്രശ്നങ്ങൾ കാണാൻ സാദ്ധ്യതയുണ്ട്, അവ വൈറസ് ബാധയാൽ മാത്രം ആകണമെന്നില്ല എന്നൊരു സാദ്ധ്യത തള്ളിക്കളയാറില്ല.

 

  പ്രതിരോധവ്യസ്ഥ സൃഷ്ടിയ്ക്കുന്ന തലച്ചോർ പ്രശ്നങ്ങൾ

   കോവിഡ് വൈറസ് ബാധിച്ചവരുടെ തലച്ചോർ ദ്രാവകം (cerebrospinal fluid, CSF.   ഇത് തലച്ചോറിനും സുഷുംനാകാണ്ഡത്തിനും ചുറ്റും ചംക്രമണം ചെയ്യുന്നു) പരിശോധിച്ചപ്പോൾ തെളിഞ്ഞത് ന്യൂറോ ഇമ്യൂൺ പ്രവർത്തനങ്ങളിൽ വൻ അപഭ്രംശങ്ങളാണ്. സാധാരണപ്രതിരോധപ്രവർത്തനത്തിൽ  വൈറസ് ഉള്ളിൽക്കയറിയ കോശങ്ങൾ പുറപ്പെടുവിപ്പിക്കുന്ന ഇൻ്റെർഫെറോൺ എന്ന പ്രോടീൻ മറ്റ് കോശങ്ങൾക്ക് അറിവു കൊടുക്കാൻ നിയോഗിക്കപ്പെട്ടതാണ്.  തലച്ചോറിലെ ചില പ്രതിരോധകോശങ്ങളിലെ ജീനുകൾ സി എസ് എഫ് ഇലുള്ള ഈ പ്രോടീൻ വഴി ഉണർത്തപ്പെടുകയാണ്. ഇതേ സമയം പ്രധാന പ്രതിരോധവാഹിയായ T കോശങ്ങൾ ഉണർത്തിയെടുക്കപ്പെടുന്നു, മറ്റൊരു വക കൊലപാതക കോശങ്ങളും (Natural killer cells) പ്രവർത്തനനിരതമാകുകയാണ്. രക്തത്തിൽ കാണാത്ത തരത്തിൽ പ്രതിരോധത്തിനു സഹായിക്കുന്ന രണ്ട് പ്രോടീനുകൾ -ഇൻ്റെർല്യൂകിൻ-1, ഇൻ്റെർല്യൂകിൻ-2 എന്നിവയുടെ അളവും ഈ തലച്ചോർ ദ്രാവക (CSF) ത്തിൽ അധികതരമാകുന്നുണ്ട്. എന്നാൽ രക്തത്തിൽ ഇവയുടെ അളവ് കൂടുന്നുമില്ല.  ഇതേ സമയം തലച്ചോ റിൽ റ്റികോശങ്ങളുടെ എണ്ണവും ക്രമാതീതമായി കൂടുന്നുണ്ട്. വൈറസിൻ്റെ സ്പൈക് പ്രോടീനിന്മേൽ പറ്റിപ്പിടിക്കുന്ന ചില ആൻ്റിബോഡികളും കാണപ്പെടുന്നു ഇതോടൊപ്പം എന്ന് മാത്രമല്ല ഈ ആൻ്റിബോഡികൾ ചില ന്യൂ റോണുകളിന്മേലും പറ്റിപ്പിടിക്കുന്നുണ്ട് (cross reaction of antibodies). ചില ന്യൂ റോണുകൾക്ക് പരിക്ക് പറ്റിയതിൻ്റെ ലക്ഷണങ്ങളും തലച്ചോർദ്രാവകത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. കോവിഡ് വ്യാധിയാൽ മരണപ്പെട്ടവരുടെ തലച്ചോർ പരിശോധനയിൽ നിന്ന് തെളിഞ്ഞത് പ്രതിരോധകോശങ്ങളുടെ വൻ കടന്നുകയറ്റം തലച്ചോറിൽ സംഭവിക്കുന്നതായാണ്. പുറമേ നിന്ന് എത്തുന്ന അണുക്കളെ വിഴുങ്ങുന്ന മാക്രോഫേജുംറ്റി കോശങ്ങളും ഇവയിൽപ്പെടുന്നു. കൂടാതെ തലച്ചോറിൽത്തന്നെയുള്ള വിഴുങ്ങൽ കോശങ്ങളായ മൈക്രോഗ്ളിയയും ഉണർന്ന് സജ്ജമാക്കപ്പെടുന്നുണ്ട്, ആസകലം.

 

        മറ്റൊരു സാദ്ധ്യത നാം നമ്മുടെ  പ്രോടീനുകൾക്കെതിരെ തന്നെ നിർമ്മിക്കുന്ന ആൻ്റിബോഡികളാണ്. ലൂപസ് എന്ന അസുഖവും വാതവും ഇപ്രകാരം നമ്മുടെ പ്രതിരോധ വ്യവസ്ഥ നമുക്കെതിരെ തിരിയുന്നതിൻ്റെ ഫലമാണ്. താറുമാറായ പ്രതിരോധവ്യസ്ഥ അല്ലെങ്കിൽ രൂക്ഷതരമായ പ്രതിരോധവ്യവസ്ഥ കൂടുതൽ നാൾ നീണ്ടുനിന്നാൽ നമുക്കുള്ളിൽ നാം തന്നെ ശത്രുവിനെ നിർമ്മിക്കാൻ ഇട വരികയാണ്.   പലപ്പോഴും കോവിഡ് വൈറസിനെതിരെ നമ്മുടെ പ്രതിരോധയുദ്ധം തീവ്രമാകുമ്പോൾ  ഇത് സംഭവിക്കാറുണ്ട്. ഇത്തരം autoimmune അപഭ്രംശങ്ങൾ തലച്ചോറിൽ സംഭവിക്കുക എന്നത് ഗുരുതരം തന്നെയാണ്. 

 

 മറ്റൊരു പഠനം ക്യാൻസർ കീമോതെറാപ്പി സമയത്ത് തലച്ചോറിനു സംഭവിക്കുന്ന പ്രശ്നങ്ങളുമായി താരതമ്യമുണ്ടോ കോവിഡ്ബാധയാൽ വരുന്ന ലക്ഷണങ്ങൾക്ക് എന്ന് പരിശോധിക്കുന്നതായിരുന്നു. കീമോതെറാപ്പി ചിന്താശക്തിയേയും ഓർമ്മയേയും ബാധിക്കാറുണ്ട്, കാരണങ്ങളും കണ്ടുപിടിച്ചിട്ടുണ്ട്. തലച്ചോ റിലെ ഇമ്മ്യൂൺ കോശങ്ങളായ മൈക്രോഗ്ളിയകൂടുതൽ നീർവീക്ക (inflammation)    സ്വഭാവത്തിലേക്ക് വ്യതിചലിക്കുന്നു, മറ്റ് നാഡീകോശങ്ങളുടെ പെരുമാറ്റത്തെ മാറ്റിമറിയ്ക്കുന്നു എന്നതൊക്കെ അറിയാം, കീമോതെറാപ്പിയുടെ പാർശ്വഫലങ്ങളായിട്ട്. ന്യൂറോണുകളുടെ നീണ്ട തന്തുക്കളെ പൊതിഞ്ഞ് ഇൻസുലേഷൻ കൊടുക്കുന്ന മയ് ലിൻ (myelin) നിർമ്മിച്ചെടുക്കുന്നതിൽ അപാകത വരുത്തുന്നു, പുതിയ ന്യൂ റോണുകൾ നിർമ്മിച്ചെടുക്കുന്നത് സാവധാനം ആകുന്നു, മറ്റ് കുറെ തലച്ചോർ കോശങ്ങൾ നശിപ്പിക്കപ്പെടുന്നുമുണ്ട്. പരീക്ഷണാത്മകമായി കോവിഡ് ബാധിപ്പിച്ച എലികളുടെ തലച്ചോറിൽ ഇതേ പരിവർത്തനങ്ങൾ കീമോതെറാപ്പി മരുന്നുകളാലും ഉളവാകുന്നു എന്ന് ഈയിടെ തെളിയിച്ചിരിക്കുന്നു. കോവിഡ് ബാധയാലും മൈക്രോഗ്ളിയ കോശങ്ങൾക്ക് ഇതേ പ്രശ്നങ്ങൾ സംഭവിക്കുന്നു. കോവിഡ് ബാധിച്ചു മരിച്ച രോഗികളുടെ തലച്ചോർ പരിശോധനയിൽ ഇതേ പ്രതിഭാസം നിരീക്ഷപ്പെട്ടു. എലികളുടെ രക്തത്തിൽ ഇമ്മ്യൂണിറ്റി അപഭ്രംശം ഉളവാക്കുന്ന ഒരു രാസവസ്തു (CCL11 ) കണ്ടുപിടിച്ചിട്ടുണ്ട്, ഇത് ബോധജ്ഞാന (cognition)ത്തെ ബാധിയ്ക്കുന്നതുമാണ് . ലോങ് കോവിഡ് അനുഭവിക്കുന്ന മനുഷ്യരുടെ രക്തത്തിലും ഈ CCL11   ൻ്റെ അളവ് കൂടിയതോതിൽ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. പ്രതിരോധശക്തി തകിടം മറിക്കപ്പെടുമ്പോൾ അത് തലച്ചോ റിനെ ബാധിയ്ക്കുന്നു എന്നതിനു കൂടുതൽ തെളിവുകൾ ഇപ്രകാരം ലഭ്യമായിക്കൊണ്ടിരിക്കയാണ്.

 

എന്തുകൊണ്ട് തലച്ചോർ പ്രശ്നങ്ങൾ? 

       തലച്ചോറിലെ പലേ ന്യൂ റോണുകളേയും മറ്റ് കോശങ്ങളേയും വിശദമായി പരിശോധിച്ചിട്ടും കൊറോണ വൈറസിൻ്റെ ജനിതകവസ്തുവായ ആർ എൻ എ യുടെ സാന്നിദ്ധ്യം കണ്ടു പിടിയ്ക്കാൻ പറ്റിയിട്ടില്ല. ശക്തിമത്തായതും  തലച്ചോറിൽ ആകമാനം പ്രാവർത്തികമാകുന്നതുമായ പ്രതിരോധപ്രവർത്തനം കൊറോണ വൈ റസ് ബാധയുടെ അനുരണനമാണെന്ന് തീർച്ചയാണെങ്കിലും വൈറസിൻ്റെ അസാന്നിദ്ധ്യത്തിൽ ഇവിടെ അത് സംഭവിക്കുന്നു എന്നത് അമ്പരപ്പിക്കുന്നത് തന്നെയാണ്. തലച്ചോറിൽ വൈറസ് പെരുകുന്നതിൻ്റെ അടയാളങ്ങളൊന്നും കാണാനില്ലാാത്തെ വേളയിൽ ഇതെങ്ങനെ സംഭവിക്കുന്നു എന്നത് ഒരു വെല്ലുവിളിച്ചോദ്യമായി അവശേഷിക്കുന്നുണ്ട്.  ബാധയുടെ ആദ്യഘട്ടത്തിൽ ചെറിയ തോതിൽ തലച്ചോറിൽ താൽക്കാലികമായി ഈ വൈറസ് വന്നു കൂടിയതിൻ്റെ പരിണിതിയായ ആഘാതമാണോ എന്നും സംശയിക്കപ്പെടുന്നുണ്ട്.  വൈറസിൻ്റെ സ്പൈക് പ്രോടീനിൻ്റെ അംശങ്ങൾ തലച്ചോറിൽ പ്രവേശിക്കുന്നുണ്ടെന്നുള്ള പഠനങ്ങളുണ്ട് താനും. പ്രതിരോധവ്യവസ്ഥ രൂക്ഷമായ പ്രതിപ്രവർത്തനം സജ്ജമാക്കുമ്പോൾ രക്തം വഴി ആൻ്റിബോഡികളും ഇമ്മ്യൂൺ കോശങ്ങളും തലച്ചോർ കോശങ്ങൾക്കിടയിൽ എത്തി  അവിടെ ഒരു സംഘട്ടനാത്മകത നിർമ്മിക്കുകയാണ് എന്നതും ഒരു സാദ്ധ്യതയാണത്രെ.

 

    രക്തക്കുഴലുകൾക്ക് പലേ പരിക്കുകളും പറ്റുന്നുണ്ട് കോവിഡ് വൈറസ് ബാധയാൽ, ഇത് നേരത്തെ തന്നെ അ റിവുള്ളതുമാണ്. പക്ഷാഘാതം (stroke) സംഭവിക്കുന്നുണ്ട് പലേ കോവിഡ് രോഗികളിലും.  മറ്റ്  ഫ്ളു വൈറസുകളാൽ ഇത് സംഭവിക്കാറില്ല. രക്തക്കുഴലുകളിൽ സംഭവിക്കുന്ന നാശങ്ങളാണോ തലച്ചോറിൽ പക്ഷാഘാതത്തിനു കാരണമാകുന്നത്? അന്വേഷണം തുടരുകയാണ്. പ്രായം ഏറിയവരിലും കാർഡിയൊ വാസ്ക്കുലാർ അസുഖമുള്ളവരിലും തലച്ചോറിലെ രക്തക്കുഴലുകൾക്ക് ക്ഷതം സംഭവിക്കുന്നുണ്ടാകണം. രക്തക്കുഴലുകളുടെ വീക്കവും (vascular inflammation) രക്തക്കട്ടകൾ ഒഴുക്കു തടയുന്ന thrombosis ഉം അതുമൂലം ഓക്സിജെൻ കിട്ടാതെ നാശോന്മുഖമാകുന്ന ടിഷ്യുകളും കോവിഡ് രോഗികളിൽ നിരീക്ഷിക്കപ്പെട്ടിട്ടുമുണ്ട്. രക്തക്കുഴലുകളുടെ അകം പൊതിയുന്ന കോശങ്ങൾ (endothelial cells) ക്ഷയിച്ചു പോകുന്നത് ഒരു പരിണതിയാണ്. തലച്ചോറിൽ ഇത് സംഭവിച്ചാൽ ന്യൂറോണുകളുടെ പ്രവർത്തനം മന്ദീഭവിക്കുകയാണ്,  ചെറിയ തോതിൽ രക്തസ്രാവം ഉണ്ടായേക്കാം, ചില അവയവങ്ങളിൽ സംഭവിക്കുന്നുമുണ്ട്. മസ്തിഷ്ക്കത്തിലെ രക്തസ്രാവം ഗുരുതരമാണ്, പക്ഷാഘാതത്തിലേക്ക് നീങ്ങിയേക്കാം.

 

Long Covid കാരണങ്ങൾ- നിഗൂഢതകൾ ഏറെ 

   ആരൊക്കെയാണ്, എന്തുകൊണ്ടാണ് ഇതിനു വശംവദരാകുന്നത്? ചിലർ മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതൽ ആപൽഘട്ടത്തിൽ പെട്ടുപോകുന്നില്ലെ? കോവിഡ് അസുഖം വന്ന് പോയിട്ടും ശാരീരികമോ മാനസികമോ ന്യൂറോളജിപരമോ സവേദനാത്മകമോ ബോധജ്ഞാനപര (cognitive)മോ ആയ പ്രത്യാഘാതങ്ങൾ ഉളവാകുന്നതും വിട്ടുപോകാതെ മാസങ്ങളോളം നിലനിൽക്കുന്നതും  എന്തുകൊണ്ട് പലരിലും പല തീവ്രതയിൽ അനുഭവപ്പെടുത്തുന്നു? പെട്ടെന്ന് ഉത്തരമില്ലാത്ത ലോങ് കോവിഡ് ചോദ്യങ്ങളാണിവ.

 

    കോവിഡ് ബാധയിൽ നിന്ന് വിമുക്തരായവർക്ക് പലർക്കും അവരുടെ പഴയ ജീവിതം തിരിച്ചു പിടിയ്ക്കാൻ സാധിക്കാതെ വരുന്നു എന്നത് ഇന്ന് ലോകത്തെമ്പാടും അറിയപ്പെടുന്ന കഷ്ടസ്ഥിതിവിശേഷമാണ്. പലതും ന്യൂറോളജിപരമായതും സൈക്കിയാട്രിക്കുമാണ്, സംശയമില്ല. ഓർമ്മയുടെ പ്രശ്നങ്ങൾ, ഏകാഗ്രതയില്ലായ്മ, ദൈനന്ദിനപ്രവർത്തികളിൽ മന്ദത, പലതും സാധിച്ചെടുക്കാനാവാതെ വരിക, തലവേദന, ത്വക്കിൻ്റെ സംവേദനക്ഷമതയിലെ അപാകതകൾ, ശ്വാസവേഗത്തിലോ ഹൃദയമിടിപ്പിലോ ദഹനവ്യവസ്ഥയിലോ ക്ഷതിദോഷങ്ങൾ (ഇത് സ്വയം നിയന്ത്രിതമായ നാഡീവ്യവസ്ഥ ( autonomic nervous system ) യുടെ തകരാറുമൂലമാണ്), പെട്ടെന്നുള്ള തളർച്ച ഒക്കെ ലോങ് കോവിഡിൻ്റെ ലക്ഷണമാണ്. ഗുരുതരമാകുമ്പോൾ  മതിവിഭ്രമം (delusions), മിഥ്യാവിഭ്രാന്തി     (paranoia) ഇവയിലൊക്കെ എത്തിപ്പെട്ടേയ്ക്കാം. പലരും 50 വയസ്സിൽ താഴെ ഉള്ളവരും ഇത്തരം പ്രശ്നങ്ങളൊന്നുമില്ലാതെ സാധാരണജീവിതം നയിച്ചിരുന്നവരുമാണ്.  ലക്ഷണങ്ങൾ പലർക്കും പലതാണ് എന്നത് അസുഖത്തിൻ്റെ ഉറവിടകാരണങ്ങൾ കണ്ടുപിടിയ്ക്കുന്നതിൽ വൈഷമ്യങ്ങൾ ഏറ്റുന്നു. കോവിഡ് ബാധയാൽ മാത്രം ഉത്പന്നമാകുന്നതും നേരത്തെ ഉണ്ടായിരുന്ന ന്യൂ റോ/കാർഡിയോ വാസ്കുലാർ പ്രശ്നങ്ങൾ അധികതമമാകുന്നതും വേർതിരിച്ചറിയാൻ സാധിയ്ക്കുന്നില്ല എന്നതും വെല്ലുവിളിയാണ്, ചികിൽസ നിശ്ചയിക്കാൻ പ്രയാസമാകുകയുമാണ്. പലേ പഠനങ്ങളുടേയും ഫലങ്ങൾ അ റിഞ്ഞു വരുന്നതേ ഉള്ളു. 3762 പേരേ ഉൾപ്പെടുത്തിയുള്ള ഒരു പഠനത്തിൽൽ കോവിഡ് ബാധയ്ക്കു ശേഷം ഏഴു മാസത്തോളം ലോങ് കോവിഡ് ലക്ഷണങ്ങൾ ഉണ്ടായിരുന്നത്രേ, ചിലർക്ക് സൈക്കിയാട്രിക് പ്രശ്നങ്ങളും. സ്കാനിങ് ഇമേജുകൾ തലച്ചോ റിലെ ചില ഇടങ്ങളിൽ അപക്ഷയം ( brain atrophy ) വ്യക്തമാക്കുന്നുണ്ട്. PET imaging വെളിവാക്കുന്നത്  തലച്ചോറിലെ ഇടങ്ങളിലെ ചയാപചയവ്യസ്ഥ (metabolic activity)  യിലെ ന്യൂനതകളാണ്. 

 

    തീവ്രതരമായ കോവിഡ്ബാധയാൽ  ന്യൂ റോണുകൾക്ക് സംഭവിക്കുന്ന നീർവീക്കവും (neuroinflammation) ക്ഷതവും  (neuronal injury) ചിലപ്പോൾ മറ്റ് പ്രത്യാഘാതങ്ങളിലേക്ക് നയിച്ചേയ്ക്കാം:ന്യൂ റോണുകളുടെ അപകർഷങ്ങൾ (neurodegeneration) ആക്കം കൂട്ടപ്പെടുകയോ പുതുതായിട്ട് ഉടലെടുക്കുകയോ ചെയ്യാം. ആൽസൈമേഴ്സ്, പാർകിൻസൺസ് മുതലായ രോഗങ്ങൾ ആണ് വന്നുഭവിക്കാൻ സാദ്ധ്യതയുള്ളവയുടെ ഉദാഹരണങ്ങൾ. കൂടുതൽ നിരീക്ഷണങ്ങളും പഠനങ്ങളും ആവശ്യമായ മേഖല ആണിത്. കുട്ടികളിൽ കോവിഡ്-19   പിന്നീട് ന്യൂറോപ്രശ്നങ്ങൾ സ്രഷ്ടിയ്ക്കുന്നുണ്ടോ എന്നതും ഗൗരവമായി വീക്ഷിക്കേണ്ടിയിരിക്കുന്നു.

 

  ലോങ് കോവിഡ് തടയാൻ സാദ്ധ്യതകൾ?

  വളരെ അടുത്ത നാളുകളിൽ നടന്ന ചില പഠനങ്ങൾ ലോങ് കോവിഡ് വരാനുള്ള സംഭാവ്യതകൾ നേരത്തെ പ്രത്യക്ഷപ്പെടുന്നുണ്ടെന്നും അവ ആദ്യമേ തന്നെ തിരിച്ചറിഞ്ഞാൽ ചില ചികിൽസകൾ സാദ്ധ്യമാവുമെന്നും തെളിയിക്കുന്നു. വൻ വഴിത്തിരിവാണ് ഈ നിരീക്ഷണങ്ങൾ സംജാതമാക്കിയിട്ടുള്ളത്. സിയാറ്റിലിലെ ഇൻസ്റ്റിറ്റ്യൂട് ഫോർ സിസ്റ്റെം ബയോളജിയിലെ ജെയിംസ് ഹീത്, സിയാറ്റിലിലെ തന്നെ ഫ്രെഡ് ഹച്ചിസൺ ക്യാൻസർ സെൻ്ററിലെ ജെയ്സൺ ഗോൾഡ്മാൻ എന്നിവർ മറ്റ് 74 ഓളം ശാസ്ത്രജ്ഞരുമായി ഒത്തു ചേർന്ന് വിപുലമായ ഡാറ്റ ശേഖരം വിശ്ളേഷണം ചെയ്താണ് ഈ നിഗമനങ്ങളിൽ എത്തിയത്. 2022 ജനുവരി 24 ഇൽ പ്രസിദ്ധീകരിച്ച സെൽജേർണലിലാണ് ഈ പഠനഫലങ്ങൾ പ്രസിദ്ധീകരിച്ചത്. 200ഇൽപ്പരം കോവിഡ് രോഗികളെ മൂന്നു മാസത്തോളം നിരീക്ഷിച്ച് അവരിൽ നിന്ന് ലഭിച്ച സൂക്ഷ്മവിവരങ്ങളാണ് ഈ പഠനത്തിൽ. കോവിഡ് ബാധക്കാലത്ത് ശ്രദ്ധിക്കപ്പെടാവുന്ന നാല് ഘടകങ്ങൾ പിൽക്കാലത്ത് ലോങ് കോവിഡ് വരുന്നതിൻ്റെ മുൻ സൂചനകൾ ആയി പ്രഖ്യാപിക്കുകയാണ് ഈ ശാസ്ത്രജ്ഞർ. ലോങ് കോവിഡിൻ്റെ ജീവശാസ്ത്ര പ്രവർത്തവിധത്തിൻ്റെ പശ്ചാത്തലം വിശദമാക്കുന്ന ആദ്യത്തെ പഠനം തന്നെ ഇത്. ഓരോന്നും വൈറസ് ബയോളജിയിൽ അറിവുള്ള വസ്തുതകളുമായി ഒത്തു പോകുന്നതാണ്, മറ്റ് ശാസ്ത്രജ്ഞർ പിന്തുടരുന്ന സിദ്ധാന്തങ്ങൾക്ക് അനുകൂലപരമാണ്, ആത്യന്തികമായി വ്യവഹാരനുയോജ്യവുമാണ്.

 

   കോവിഡ് രോഗം വരുമ്പോൾത്തന്നെ ഈ നാല് ഘടകകാരണങ്ങളെ പ്രതിരോധിയ്ക്കാനുള്ള വഴികൾ തേടിയാൽ പിന്നീട് ലോങ് കോവിഡ് തടയാനുള്ള സാദ്ധ്യത തെളിയുകയാണ്.

 താഴെപ്പറയുന്നവയാണ് ആ നാലു സൂചകങ്ങൾ

  1. രക്തത്തിലെ കോവിഡ് വൈറസിൻ്റെ ജനിതകവസ്തുവായ ആർ എൻ എ (RNA) യുടെ അളവ്. ശരീരത്തിനുള്ളിൽ  വൈറസിൻ്റെ നിറവിൻ്റെ (viral load) അടയാളമാണിത്.
  2. നമ്മുടെ തന്നെ പ്രോടീനുകളെ തെറ്റിദ്ധരിച്ച് അവയ്ക്കെതിരെ  പ്രതിരോധവ്യവസ്ഥ നിർമ്മിച്ചെടുക്കുന്ന ആൻ്റിബോഡികൾ. Autoantibodies എന്നറിയപ്പെടുന്നു ഇവ. Autoimmunity എന്ന പ്രതിഭാസം.
  3. നമ്മുടെ ശരീരത്തിൽ പണ്ടേ കയറിക്കൂടി ഉറങ്ങുന്ന എപ്സ്റ്റീൻ ബാർ വൈറസ് (Epstein-Barr Virus) ഉണർന്നു വരുന്നത്
  4. പ്രമേഹവും മറ്റ് ചില രോഗങ്ങളും.

 

 ഈ നാലു സൂചകങ്ങളിൽ ഏതെങ്കിലും ഒന്നോ രണ്ടോ കൂടിയ അളവിൽ കോവിഡ്  ബാധാസമയത്ത് നിരീക്ഷിക്കപ്പെടുകയാണെങ്കിൽ അതിനു ശേഷം ലോങ് കോവിഡ് വന്നു ഭവിയ്ക്കാൻ ഇടയാകുന്നത്രേ. സുപ്രധാനമായ കാര്യം ഇത്തരം അറിവുകൾ കോവിഡ് ബാധ വരുമ്പോൾത്തന്നെ എന്തെങ്കിലും ചികിൽസ തുടങ്ങാനുള്ള സാദ്ധ്യതയേറ്റുന്നു എന്നുള്ളതാണ്. ഈ ഗവേഷണത്തിലെ പ്രധാന ശാസ്ത്രജ്ഞനായ ഡോ. ഹീത് പറയുന്നത് ഇങ്ങനെ: ഞങ്ങൾ ഈ അനാലിസിസ് ചെയ്തതിൻ്റെ കാരണം ഇതാണ്. കോവിഡ് രോഗി ഡോക്റ്ററോട് എപ്പോഴും ക്ഷീണമാണെന്ന് പറയുമ്പോൾ കൂടുതൽ വിശ്രമിക്കാനും ഉറങ്ങാനും ഡോക്റ്റർ ഉപദേശിക്കും. അത് ഒട്ടും സഹായകമല്ല. അതുകൊണ്ട് കൃത്യമായി അളക്കാവുന്ന ലക്ഷണങ്ങൾ അറിഞ്ഞ്, ഈ രോഗിയ്ക്ക് ചില പ്രശ്നങ്ങൾ ഉണ്ടെന്ന് നിശ്ചയമായി പറയാൻ സാധിയ്ക്കുന്ന സാഹചര്യം ആവശ്യമാണെന്ന് ഞങ്ങൾ കരുതി“.

 

       18 മുതൽ 89വയസ്സു വരെ പ്രായമുള്ള 209 രോഗികളെ 2020 ഇലും 2021 ഇലും മൂന്നുമാസത്തിൽക്കൂടുതൽ കൃത്യമായി നിരീക്ഷിച്ചാണ് ഈ അനുമാനങ്ങൾ സാദ്ധ്യമാക്കിയത്. ലോങ് കോവിഡിൽ കാണപ്പെടുന്ന 20 ലക്ഷണങ്ങളാണ് പഠിയ്ക്കപ്പെട്ടത്-അതിയായ ക്ഷീണം, തലച്ചോർ മന്ദതയോ അവ്യക്തതയോ (brain fog എന്ന് അറിയപ്പെടുന്നത്), ശ്വാസം മുട്ടൽ ഇവയൊക്കെ ഉൾപ്പെട്ടു, ഇതിൽ. 37 ശതമാനം രോഗികൾക്ക് മൂന്നോ നാലോ ലോങ് കോവിഡ് ലക്ഷണങ്ങൾ ഉണ്ടായിരുന്നു, 24 % രോഗികൾക്ക് ഒന്നോ രണ്ടോ ലക്ഷണങ്ങൾ, 39 ശതമാനത്തിനു ലക്ഷണങ്ങൾ ഒന്നുമില്ലാത്തവരും ആയിരുന്നു. മൂന്നോ അതിൽക്കൂടുതലോ ലോങ് കോവിഡ് ലക്ഷണങ്ങൾ ഉള്ളവരിൽ 95% ഇനു ഒന്നിൽക്കൂടുതൽ മേൽപ്പറഞ്ഞ സൂചകങ്ങൾ അവരുടെ കോവിഡ് കാലത്ത് നിരീക്ഷിക്കപ്പെട്ടിരുന്നു.  ലോങ് കോവിഡ് വരാനുള്ള സാദ്ധ്യതയേറ്റിയതിൽ പ്രധാനം autoantibodies ഉണ്ടാകുക എന്നതായിരുന്നു;   മൂന്നിൽ രണ്ട് ഭാഗം ലോങ് കോവിഡ് രോഗികളിൽ ഇത് കാരണമായി ഭവിച്ചിരുന്നു.  പ്രതിരോധവ്യവസ്ഥയുടെ ഉന്നം തെറ്റിപ്പോകുന്ന ഈ അവസ്ഥയിൽ വൈറസിനെ ചെ റുക്കാനുള്ള ആൻ്റി ബോഡികൾ നിർമ്മിക്കുന്നത് കുറയുന്നുണ്ട്, ഇത് വൈറസ് ഒഴിഞ്ഞു പോകാതിരിക്കാൻ കാരണമായേക്കാം, അല്ലെങ്കിൽ വീണ്ടും ഒരു വൈറസ് ബാധയ്ക്ക് പശ്ചാത്തലം ഒരുക്കിയേക്കാം. മാത്രമല്ല, ലോങ് കോവിഡിൻ്റെ തീക്ഷ്ണതയും ഗുരുതരമായേക്കാം എന്നും അനുമാനങ്ങളുണ്ട്.

 

   ഒരു പ്രധാന തീർപ്പ് അണുബാധ വരുമ്പോഴുള്ള വൈറസ് നിറവ് ( viral load) പിന്നീട് ലോങ് കോവിഡ് വരാനുള്ള സാദ്ധ്യതയേറ്റുന്നു എന്നതിനാൽ നേരത്തെ തന്നെ  വൈ റസുകളെ പ്രതിരോധിയ്ക്കാനുള്ള മരുന്നുകൾ (antivirals)  നൽകിയാൽ ലോങ് കോവിഡിൻ്റെ രൂക്ഷത ഗണ്യമായി കുറയ്ക്കാം എന്നതാണ്.   വൈറസിൻ്റെ എണ്ണം കുറയ്ക്കുമ്പോൾ autoimmunity (നമുക്കെതിരെ തന്നെ പ്രവർത്തിയ്ക്കുന്ന ഇമ്മ്യ്യൂൺ സിസ്റ്റെം) ഉളവാകുന്നതിനേയും നേരിടാം. നമുക്കുള്ളിൽ പണ്ടേ വസിയ്ക്കുന്ന എപ്സ്റ്റീൻ ബാർ വൈറസ് ഉണർന്ന്  പ്രവർത്തിക്കുന്നതിനെ തടയിടുമ്പോൾ മറ്റ് പല തജ്ജന്യമായ അസുഖങ്ങളുടെ സാദ്ധ്യതയും കുറയുകയാണ്. ന്യൂ റോണുകളുടെ പ്രവർത്തനം മന്ദീഭവിപ്പിക്കുന്ന മൾറ്റിപ്പിൾ സ്കീളോറോസിസിനു  ഈ വൈറസ് ആണ്  പ്രധാന കാരണക്കാരൻ. നീണ്ടു നിൽക്കുന്ന അതിയായ ക്ഷീണത്തിനും (ഒരു ലോങ് കോവിഡ് ലക്ഷണം) ഒരു കാരണം എപ്സ്റ്റീൻ ബാർ വൈറസ് ആണ്. ഈ വൈറസിനെ നേരിടാൻ ഇമ്മ്യൂണോതെറാപ്പിയും ഉപയുക്തമായേക്കാം.

 

   ജിജ്ഞാസ ഉണർത്തുന്ന മറ്റൊരു വെളിപാട് ആയിരുന്നു കോവിഡ് ബാധാ സമയത്ത് കോർടിസൊൾ എന്ന ഹോർമോണിൻ്റെ അളവ് കുറയുന്നു എന്നത്. ആത്മസംഘർഷ ( stress)ത്തെ നിയന്ത്രിക്കുന്ന ഹോർമോൺ ആണിത്. കോർടിസൊൾ തെറാപ്പി ചില ഡോക്റ്റർമാർ പരീക്ഷിച്ചു തുടങ്ങിക്കഴിഞ്ഞു. മറ്റൊരു കൗതുകകരമായ കണ്ടുപിടിത്തം ലോങ് കോവിഡ് ഉള്ളവരിൽ ചിലരുടെ രക്തത്തിൽ  ഉറക്കം/ഉണർവ് ചാക്രികത (sleep/wake cycle) യെ നിയന്ത്രിക്കുന്ന പ്രോടീനുകൾ കാണപ്പെട്ടു എന്നുള്ളതാണ്. ചില ന്യൂറോളജിക്കൽ പ്രശ്നങ്ങൾക്ക് കാരണം ഇതായിരിക്കുമത്രെ.

 

  മേൽച്ചൊന്ന നാലു സൂചകങ്ങളും ഒന്ന് മറ്റൊന്നിനെ കുറുകെ കടക്കുകയോ  മറ്റൊന്നിനുമേൽ അതിവ്യാപിക്കുകയോ ചെയ്തേക്കാം. ഇത് വ്യഞ്ജിപ്പിക്കുന്നത് ഋജുവായ രീതിയിൽ ലോങ് കൊവിഡിനെ കാലേകൂട്ടിത്തടയാമെന്നാണ്. കോവിഡ് ബാധക്കാലത്തു തന്നെ ഈ ലക്ഷണങ്ങൾ തിരിച്ചറിയേണ്ടതുണ്ട്, മാസങ്ങൾക്ക് ശേഷം, ലോങ് കോവിഡ് സമയത്ത് ഇവ അവ്യക്തമായിരുന്നേക്കാം. ആദ്യം ലക്ഷണങ്ങൾ ഏതൊക്കെ എന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു, ചികിൽസ തുടങ്ങേണ്ടിയിരിക്കുന്നു, ലോങ് കോവിഡീനെ പ്രതിരോധിയ്ക്കാൻ.

 

   സുവ്യവസ്ഥിതമായ ന്യൂറോളജിക്കൽ/പ്രതിരോധവ്യവസ്ഥാ പഠനങ്ങൾ  അത്യാവശ്യമായിരിക്കുന്ന വേളയാണിത് എന്ന് സയൻസ് മാഗസീനിൽ ഡൊ. സെ റീന സ്പൂഡിച്ചും ഡോ. അവീന്ദ്രനാഥും എഴുതുന്നു. ലോങ് കോവിഡ്  രോഗികൾ മിക്കപ്പോഴും അപമാനമേൽക്കേണ്ടി വരുന്നു, ജോലിയിൽ സ്ഥിരത ഇല്ലാതാകുകയോ ജോലി ലഭിയ്ക്കാൻ പ്രയാസപ്പെടുകയോ ചെയ്യുന്നു, സ്വന്തം മാനസികപ്രശ്നങ്ങൾക്കുപരിയായിഎന്ന് അവർ നിരീക്ഷിക്കുന്നു. രോഗനിർണ്ണയത്തിൽ നിശ്ചിതത്വം ഉറപ്പാക്കേണ്ടതുണ്ട്, ചികിൽസാപരമായ ഇടപെടലുകൾ നടത്തേണ്ടതുമുണ്ട്, തീർച്ചയായും. 2021 ജൂണിൽത്തന്നെ യു കെയിൽ ഒന്നേകാൽ മില്ല്യൺ ആൾക്കാരിലാണ് ലോങ് കോവിഡ് നിരീക്ഷിക്കപ്പെട്ടത്. മാനസികവും ശാരീരികവുമായ പ്രശ്നങ്ങളുള്ള ഒരു ജനതയാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് ഇപ്പോൾ. അദൃശ്യമായ മഹാമാരി‘(hidden pandemic) എന്നാണ് പുതിയ പേര് ഈ പ്രതിഭാസത്തിനു. ലോക ജനത അഭിമുഖീകരിക്കുന്ന ഈ ബ്രഹുത്തായ പൊതുജനാരോഗ്യപ്രശ്നം ലോകത്തെ മൊത്തം വ്യവഹാരങ്ങളെ ബാധിക്കാൻ പോന്നതാണ്.

 

References

1. Spudich, S. and Nath A. Nervous system consequences of COVID-19.  Science 375: 267-269  2022

2. Su, Y. and 75 others including Goldman J. D. and Heath J. R. Multiple early factors anticipate post-acute COVID-19 sequelae. Cell. Jan 2022. Online publication.  https://doi.org/10.1016/j.cell.2022.01.014

3. Belluck, P. New research hints at 4 factors that may increase chances of long Covid.  The New York Times, Jan 25, 2022

4. Davis H. E., Assaf G. S/, McCorkell L., Wei H., Low R. J., Re’em Y., Redfield S., Austin J. P. and Akrami A.  Characterizing long COVID in an international cohort: 7 months of symptoms and their impact. EClinical Medicine 38,101019 2021

 

 

 

Table 1. ലോങ് കോവിഡ് ലക്ഷണങ്ങൾ. (From reference 4)

 

 

No comments: