Wednesday, July 13, 2022

ആഗസ്റ്റ് 17- അയഥാർത്ഥത്തിലെ യാഥാർത്ഥ്യം

 

 ഓരോ രാജ്യങ്ങളും  ഓരോ നോവലാണ്, ഓരോ നോവലും ഓരോ രാജ്യങ്ങളാണ്“-എസ്. ഹരീഷിൻറ്റെ നോവലിലെ പാഠങ്ങൾ

 

  ഭാവനയെ യാഥാർത്ഥ്യം പോലെയോ യാഥർത്ഥ്യത്തെ ഭാവന പോലെയോ എഴുതണം എന്നത് ഒരു പാഠം പോലെ ഉറപ്പിക്കുന്നു ആഗസ്റ്റ് 17‘. പക്ഷേ യാഥാർത്ഥ്യം എന്നത് ആപേക്ഷികം മാത്രമാവുമ്പോൾ സത്യം എന്നത് തിരിച്ചറിയാൻ വയ്യാണ്ടാവുന്നു. രഹസ്യങ്ങൾ മാത്രമാണ് സത്യം. രഹസ്യകാമുകിയാണ് യഥാർത്ഥകാമുകി. വെളിയ്ക്ക് കാണുന്നത്, അനുഭവിക്കുന്നത് ഒക്കെ കബളിപ്പിക്കാൻ വേണ്ടി നിർമ്മിച്ചെടുക്കപ്പെട്ടവയാണ്.  ചരിത്രത്തിൽ ശരിയും തെറ്റുമില്ല, അയഥാർത്ഥ്യമായതും യാഥാർത്ഥ്യമായതും ഇല്ല. എല്ലാം കൂടിക്കുഴഞ്ഞിരിക്കുന്നു.

 

   ഫാൻറ്റസി നോവലുകളോ കഥകളോ നമുക്ക് അത്ര പത്ഥ്യമല്ല. മാധവിക്കുട്ടിയുടെ ഭ്രമാത്മകത നിറച്ച കഥകളാണ് ഏറ്റവും മെച്ചം, പക്ഷേ അവയ്ക്ക് അത്ര ശ്രദ്ധ കിട്ടിയിട്ടില്ല. സക്കറിയയുടെ ഇഷ്ടികയും ആശാരിയുംവേണ്ടവണ്ണം പ്രചാരം നേടിയ ഒന്നല്ല. പി എഫ് മാത്യൂസിൻറ്റേയോ ഇന്ദുഗോപൻറ്റേയോ രാജേഷ് വർമ്മയുടേയോ വി. ജെ. ജെയിംസിൻറ്റെയോ കഥകളിലെ ഫാൻറ്റസി കളുമായി പരിചയപ്പെട്ട് വരുന്നതേ ഉള്ളു. അതിജീവനത്തിനു പൊരുതുന്ന മനുഷ്യരുടെ പരിവേദനങ്ങൾ ദൈനന്ദിനജീവിതവുമായി പൊരുത്തപ്പെടുന്നതിനാൽ അതുമായുള്ള സഖ്യം ചേരലിൽ തളയ്ക്കപ്പെട്ടിരുന്നു എഴുത്തുകാരും വായനക്കാരും. അരുൺ പ്രസാദിൻറ്റെ  ഏറെ വിഭ്രാന്തി ഇയലുന്ന 3 AM എന്ന നോവൽ കഴിഞ്ഞ വർഷം മാത്രമാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. എസ്. ഹരീഷ് മനസ്സിൻറ്റെ മായാസൃഷ്ടിയായ യാഥാർത്ഥ്യം എന്നുള്ളതിനെ ആപേക്ഷികമായി മാത്രം വിശകലനം ചെയ്യാൻ പ്രേരിപ്പിക്കുകയും ഉണ്മ എന്നത് സമയം, ഇടം എന്നിവയുടെ കളികൾക്കിടയ്ക്ക് തേടുന്നത് എത്ര ക്ളിഷ്ടമാണെന്ന് തെര്യപ്പെടുത്തുകയും ചെയ്യുന്നു.

 

 

      ചരിത്രം വാസ്തവികസംഭവങ്ങളുടെ രേഖപ്പെടുത്തലാണെന്ന് അനുമാനമോ വിശ്വാസമോ ഉണ്ട്. പക്ഷേ അത് വ്യക്തിനിഷ്ഠമോ ആശയപരമായതോ ആയ കാഴച്ചപ്പാടുകളാൽ  സ്വാധീനിക്കപ്പെടുന്നതാണ്. വാസ്തവികം എന്നത് താരതമ്യപരമാകുമ്പോൾ അതിനു പാഠഭേദങ്ങൾ ഉണ്ടാകുന്നു. വീക്ഷണ (perception) ത്തിനു സമാനമോ തുല്യതയുള്ളതോ ആണ് യാഥാർത്ഥ്യം എന്നുള്ളത് നമ്മുടെ അവബോധം സൃഷ്ടിച്ചെടുക്കുന്നത് മാത്രമാണ്. അവാസ്തവികമാണ് അത്.  Reality is virtual എന്ന് സമർത്ഥനം വേദാന്തചർച്ചയിൽ മാത്രം ഒതുങ്ങിനിൽക്കുന്നതല്ല. മനുഷ്യൻ വസ്തുനിഷ്ഠമായ യാഥാർത്ഥ്യം  ( objective realty) മനസ്സിലാക്കിയെടുക്കുന്നവനല്ല. അവൻറ്റെ പഞ്ചേന്ദ്രിയങ്ങൾ പറഞ്ഞുകൊടുക്കുന്നതു വിശ്വസിച്ചാണ് ഈ ലോകം വിഭാവനം ചെയ്യുന്നത്. അത് മുഴുവൻ ശരിയല്ല താനും. അങ്ങനെ ആത്മനിഷ്ഠമായ യാഥാർത്ഥ്യം (subjective reality)  ആണ് മനുഷ്യൻറ്റെ ചുറ്റുമുള്ളത്. കാഴ്ച്ച എന്നത് വൻ തെറ്റിദ്ധാരണയാണ്. തലച്ചോർ എന്ത് ആശയം നിർമ്മിച്ചെടുക്കുന്നുവോ അതാണ് നമ്മുടെ കാഴ്ച്ച. കാഴ്ച്ചകൾ നിർമ്മിച്ചെടുക്കുന്ന മായകൾ ( hallucinations) ആണ് നമ്മൾ യഥാർത്ഥം എന്ന് ധരിക്കുന്നത്. സൂര്യപ്രകാശത്തിലെ ഏഴുനിറങ്ങൾ മാത്രമേ നമുക്ക് കാണാൻ പറ്റൂ. അൾട്രാവയലറ്റും ഇൻഫ്രാ റെഡും കാണുന്നില്ല. കണ്ടതൊന്നതുമേ സത്യമല്ലെന്നതു

 മുൻപേ കണ്ടിട്ടറിയുന്നിതു ചിലർ എന്ന് ജ്ഞാനപ്പാനയിൽ കേട്ടത് അവിശ്വസിക്കേണ്ട കാര്യമില്ല. പലപ്പോഴും ഓർമ്മയുമായി ബന്ധപ്പെട്ടാണ് നമ്മുടെ കാഴ്ച്ചകൾക്ക് തലച്ചോർ അർത്ഥം വ്യാഖ്യാനിക്കുന്നത്. സത്യം എന്നത്  വീക്ഷണങ്ങളും പരിപ്രേക്ഷ്യങ്ങളുമാണ് തീരുമാനിച്ചുറപ്പിക്കുന്നത്. ഇന്ദ്രിയങ്ങൾ പരിണമിച്ച് വന്നതു തന്നെ അതിജീവനത്തിനു എന്തൊക്കെ അറിയേണ്ടതുണ്ട് എന്ന ആശയത്തിനു മേലാണ്. അതുകൊണ്ട് അതിനപ്പുറം ഒന്നും നമ്മൾ അ റിയുന്നില്ല. കാണുന്നത് മുഴുവൻ കണ്ണ് സംഭാവന ചെയ്യുന്നതല്ല. ഓർമ്മകളും തലച്ചോറിൻറ്റെ അതിജീവനതന്ത്രങ്ങളും ഒക്കെക്കൂടി നിർമ്മിച്ചെടുക്കുന്നതാണത്. സത്യം എന്നത് ഒരു വിശ്വാസം മാത്രമാകുന്നു.

 

 

 

 

 സമാന്തര യാഥാർത്ഥ്യവും കണ്ണാടി ലോകങ്ങളും (Parallel reality: mirror worlds)

 

   ദ്രവ്യത്തിനു പ്രതിദ്രവ്യം  ( antimatter) ഉണ്ട്. ഊർജ്ജം പ്രസരിപ്പിക്കുന്ന ന്യൂട്രോണുകൾ തമോദ്രവ്യമായി അസ്തിത്വം പ്രാപിക്കുമത്രെ. കണ്ടു പിടിയ്ക്കാനാവാത്ത alternate universe ഇൽ ആയിരിക്കുമിവ. സമാന്തരമായ ഒരു ലോകം ദൃഷ്ടിഗോചരമല്ലാതെ ഭവിയ്ക്കുന്നു എന്നാണ് ആധുനിക ഫിസിക്സ്  വാദിയ്ക്കുന്നത്. കൂടുതൽ തെളിവുകൾ ആവശ്യമുണ്ടെങ്കിലും നമുക്കറിയാത്ത ഒരു സമാന്തരലോകമുണ്ടെന്നും അതിൽ ജീവികൾ ഉണ്ടെന്നും ഉള്ള വാദം ശാസ്ത്രമാണ് ഉന്നയിക്കുന്നത്, ഭാവന അല്ല എന്നതാണ് ശ്രദ്ധേയമായിട്ടുള്ളത്. കണ്ണാടി ലോകംഎന്ന് വിളിയ്ക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു അതിനെ. അങ്ങനെ ഒരു പ്രതിബിംബലോകമുണ്ടെങ്കിൽ അല്ലെങ്കിൽ സമാന്തരലോകമുണ്ടെങ്കിൽ ചരിത്രം എന്തിനെയാണ് തിരിച്ചെടുക്കേണ്ടത്? കഥയിലെ ഞാൻഅന്വേഷണക്കമ്മീഷൻ തലവനായ അനന്തരാമൻ്റെ അടുത്ത് ഇരിയ്ക്കുമ്പോൾ കണ്ണാടിപ്രതിബിംബങ്ങളാണ് സംസാരത്തിൽ ഏർപ്പെടുന്നത്. കൊച്ചിയ്ക്ക് നേരേ പടിഞ്ഞാറ് കടലിൽ ഒരു എഴുത്തുകാരൻ്റെ സർഗ്ഗശക്തി പരിണാമമെന്നോണം ഒരു ദ്വീപ് പൊടുന്നനവേ പ്രത്യക്ഷപ്പെട്ടെങ്കിൽ അത് സമാന്തരലോകത്ത് നടക്കുന്ന കാര്യമാകില്ലെ? ഭാവനയിൽ അത് ഉരുത്തിരിഞ്ഞാലും അത് കഥ മാത്രമാകുന്നില്ലല്ലൊ? ഏത് പ്രത്യയശാസ്ത്രത്തിനു ഇതിനെ ഉൾക്കൊള്ളാനാകും?   ആഗസ്റ്റ് 17 എന്ന നോവൽ മുന്നോട്ട് വെയ്ക്കുന്ന ചോദ്യങ്ങൾ നിരവധിയാണ്, ബഹുമുഖദ്യോതകമാണ്.

 

    പക്ഷേ സാഹിത്യത്തിലെ ഭാവനയ്ക്ക് ശാസ്ത്രത്തിൻറ്റെ പിൻബലം ആവശ്യമില്ല.  

ഭാവന ശാസ്ത്രസത്യങ്ങളുടെ ഊർജ്ജമേറ്റപ്പെട്ടല്ല ചിറകു വിരിക്കാറ്. ജീവിതാനുഭവങ്ങളും മാനസികവ്യാപാരങ്ങളുമാണ് ഭാവനയ്ക്ക് അടിസ്ഥാനം. ഇവയുടെ പിന്നിലുള്ള പ്രായോഗികതന്ത്രങ്ങൾ എന്താണെന്നുള്ളതാണ് ശാസ്ത്രത്തിൻറ്റെ അന്വേഷണം. അതുകൊണ്ട് അനുഭവങ്ങളുടെ ശാസ്ത്രരഹസ്യം ഇനിയും അറിയപ്പെടാൻ പോകുന്നതേ ഉള്ളു, എഴുത്തുകാർ മുൻപേ സഞ്ചരിക്കുന്നവരാണ്. ഭൗതികവാദത്തിൽ മാത്രം വിശ്വസിക്കുന്ന പ്രത്യയശാസ്ത്രങ്ങൾ ഭാവനയുടെ സൃഷ്ടികളെ ആദരിക്കേണ്ടിയിരിക്കുന്നു. കാരണം ഭൗതികവാദം സമാന്തരലോകവും കണ്ണാടിപ്രതിബിംബങ്ങളുടെ സാദ്ധ്യതകളും പരിഗണിച്ചു തുടങ്ങിയിരിക്കുന്നു. ഭാവനാലോകം  ഭ്രാന്തൻ ചിന്തകൾ കൊണ്ട് കെട്ടിപ്പടുത്തതല്ല  എന്നതിനു ചില തെളിവുകൾ ഉണ്ടായിരിക്കാം എന്ന ആശ്വാസം വന്നു ചേർന്നിരിയ്ക്കുന്നു.

 

നിങ്ങളുടെ യാഥാർത്ഥ്യം അല്ല എൻറ്റെ യാഥാർത്ഥ്യം

 

.  ചരിത്രം എന്നത് കണ്ട കാഴ്ച്ചകളെ ഓർമ്മിച്ചെടുക്കുന്നതാണ്. കണ്ട കാഴ്ച്ചകൾ തലച്ചോർ നിർമ്മിച്ചെടുത്ത അസത്യങ്ങളാണെങ്കിൽ ഓർമ്മകളും അക്കൂടെ ചരിത്രവും മാറിപ്പോകും. അതുകൊണ്ട് ഒരാൾക്ക് തോന്നുന്ന ചരിത്രം ആയിരിക്കണമെന്നില്ല മറ്റൊരാൾക്ക് തോന്നുന്നത്. ഹരീഷിൻ്റെ  നോവൽ ഈ ഭ്രമാത്മ കത നിറഞ്ഞ ചരിത്രങ്ങളുടെ കഥകളാണ് വിദിതമാക്കുന്നത്. ഇങ്ങനെ ഒരു ആപേക്ഷികലോകത്ത് വ്യവഹാരങ്ങൾ പലേ രീതിയിൽ ദൃശ്യപ്പെടാം, വീക്ഷിക്കപ്പെടാം, അന്വയിക്കപ്പെടാം, ഓർമ്മിക്കപ്പെടാം. ചരിത്രം എന്നതിനു ഇതിൽക്കൂടുതൽ വ്യവഹാരരീതികളുണ്ടുതാനും. അല്ലെങ്കിലും ചരിത്രം സമഗ്രസത്യത്തെയോ സ്വയമേ ഉള്ളതോ ആയ സത്യത്തേയോ തേടാൻ പോകാറില്ല, സംഗതവും യോജ്യവുമായ സത്യത്തെമാത്രമാണ് സ്വീകരിക്കാറ്. This is no triviality since historians, just like natural scientists, are not after truth per se, nor after the whole truth, but only after the relevant truth“  എന്ന് ചരിത്രപണ്ഡിതർ.

 

    ഏതു കാലത്തു നിന്ന് ചരിത്രത്തെ നോക്കിക്കാണുന്നു എന്നതും ആപേക്ഷികത സൃഷ്ടിച്ചെടുക്കുന്നു.  ചരിത്രം എന്നത് പുനർനിർമ്മാണമാണ്.  അതതുകാലത്തെ സമൂഹനീതിയുടെ മൂല്യങ്ങളാണ് ചരിത്രനിർമ്മിതിയെ സ്വാധീനിക്കുന്നത്, ചരിത്രവിശകലനത്തിൻറ്റെ ആധാരഘടകങ്ങൾ നിർണ്ണയിക്കുന്നതാണ് അതിൻറ്റെ

പരിണിതസ്വഭാവം. മൂല്യത്തെക്കുറിച്ചുള്ള നിർവ്വചനങ്ങൾ അനുസരിച്ച് ചരിത്രം എഴുതപ്പെടുന്നത്  ഗതിമാറിയൊഴുകുന്നു. കാണുന്നത് സത്യമല്ലെങ്കിൽ ചരിത്രം എങ്ങനെ സത്യമാകും? എഴുതപ്പെടുന്നത് കാണുന്നത്  മാത്രം ആയിരിക്കണമെന്നില്ല.  കണ്ടത് എന്ന് സമർത്ഥിക്കുന്ന ചരിത്രം സത്യമാകണമെന്ന് എന്തു നിർബ്ബന്ധം? ചരിത്രം ആർ എഴുതുന്നു എന്നതനുസരിച്ച് അത് മാറപ്പെടാം. ചർച്ചിൽ പറയുന്നത് ഞാനാണ് ചരിത്രം എഴുതുന്നത് അതുകൊണ്ട് എൻറ്റെ കഥ ഞാൻ തീരുമാനിക്കും എന്നാണ്. ഇന്ന് എഴുതപ്പെടുന്ന ചരിത്രം അല്ല നാളെ. അതുകൊണ്ട് ചരിത്രങ്ങൾ പലത് എഴുതപ്പെടേണ്ടിയിരിക്കുന്നു. അവ എല്ലാം സത്യമാണ്, അസത്യവും.

 

    ഇപ്രകാരം ഒരു സമാന്തരചരിത്രം നിർമ്മിച്ചെടുക്കാൻ നോവലിസ്റ്റിനു അവകാശമുണ്ട്. കൽപ്പിത കഥാപാത്രങ്ങൾ വളരെക്കുറവാണ്. മഹാരാജാവിനെ വെട്ടാൻ ഒരു വർഗീസ് ഉണ്ട്. പാളിപ്പോയ ഒരു വിപ്ളവസംരഭത്തെ സൂചിപ്പിക്കാൻ മറ്റൊരു പേർ ഇല്ല തന്നെ.

കൃത്യമായ സംഭവങ്ങൾ അതേ പടി അനുവർത്തിച്ചാണ് സ്വതന്ത്ര തിരുവിതാംകൂർ എന്നത് സത്യമെന്ന് തോന്നിപ്പിക്കുന്നത്. പട്ടം താണുപിള്ളയും ആർ ശങ്കറും സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയും കട്ടിയാട്ട് ശിവരാമപ്പണിയ്ക്കരും അതേ സ്വത്വത്തിൽത്തന്നെ അവതരിക്കപ്പെടുന്നു. പക്ഷേ ഒരു നിശ്ചിത ഹിന്ദുരാജ്യത്തിലാണവരിപ്പോൾ. പിന്നീട് വരുന്ന കോൺഗ്രസ് നേതാക്കളും നമുക്ക് ചരിത്രം പറഞ്ഞുതന്നിട്ടുള്ളവർ തന്നെ. പക്ഷേ അവരുടേതായ അജെണ്ടകൾ നടപ്പാക്കുന്നവർ. അധികാരം പിടിച്ചെടുത്ത കമ്മ്യൂണിസ്റ്റ് ഭരണാധികാരികൾക്കുമുണ്ട് സ്ഥാപിത താൽപ്പര്യങ്ങൾ. വളരെയേരെ സംഭ്രമജനകമായ ആഖ്യാനത്തിലൂടെയാണ് നോവലിസ്റ്റ് ഇത് സാധിച്ചെടുക്കുന്നത് എങ്കിലും വസ്തുനിഷ്ഠമെന്ന് തോന്നിപ്പിക്കുന്നതിലൂടെ യഥാതഥമെന്ന മിഥ്യ നിർമ്മിതമാകുന്നു. പരമമായ സ്വാതന്ത്ര്യവും നീതിയും എന്നിട്ടും എത്ര അകലെയെന്ന് സൂചിപ്പിക്കാൻ തന്ത്രവിദ്യകൾ നോവലിസ്റ്റിൻറ്റെ പക്കൽ ധാരാളമുണ്ട്. സർ സി പിയുടെ കാലത്തെ നിഷ്ഠൂരനായ, മരിച്ചു പോയ സുബ്ര ഹ്മണ്യപിള്ള തന്നെയാണ് ജനകീയ വിപ്ളവത്തിനു ശേഷം തിരിച്ചു വന്ന് വീണ്ടും ചരിത്രം മാറ്റിയെഴുതാൻ ഞാൻഇനെ തടവിലാക്കുന്നത്.

 

കാലം എന്ന ആപേക്ഷികത

 സമയം മുന്നോട്ട് മാത്രം ചലിയ്ക്കുന്നതാണോ? ഐൻസ്റ്റീൻ പണ്ടേ പറഞ്ഞതാണ് സമയം ചുരുങ്ങുകയും വികസിക്കുകയും ചെയ്യുന്ന ഒന്നാണെന്ന്. ക്ളോക്കുകൾ കൃത്യമായ സമയസൂചനകൾ തരുന്നില്ല, സമയം മുന്നോട്ട് പോകുന്ന ഒരു പ്രതിഭാസം മാത്രമല്ല എന്നതാണത്രെ സത്യം. ക്വാണ്ടം മെക്കാനിക്സ് അനുസരിച്ച് സമയം ഒരു പ്രപഞ്ചപശ്ചാത്തലമാണ്. അതിനെ മുന്നോട്ടൊ പിറകോട്ടോ പായുന്ന ഒരു അസ്ത്രം ആയി ചിത്രീകരിക്കാൻ വയ്യ. അളക്കാൻ ശ്രമിച്ചാൽ തകർന്നുപോകുന്നതുമാണത്.

 

  ചരിത്രം എന്നത് സമയസൂചനയുമായി ബന്ധപ്പെട്ടതാണ്. സമയം എന്നത് നിശ്ചിതമല്ലാതാകുമ്പോൾ ചരിത്രം എന്നത് മാറി മറിയുന്നതാണ്. ആഗസ്റ്റ്  17” ഇൽ ചരിത്രം പലതാണ്. ഒരേ ഇടത്തിൻറ്റെ, ഒരേ സമയത്തിൻറ്റെ  സമാന്തരചരിത്രലോകത്തുള്ളത് തികച്ചും സൂക്ഷ്മമയി നിർമ്മിച്ചെടുത്ത തൽസ്വരൂപങ്ങളുള്ള ചരിത്രവ്യക്തികൾ തന്നെയാണ്. അവരുടെ പലേ ചെയ്തികളും സത്യമെന്ന് തോന്നിപ്പിക്കുന്ന വിധം ഭാവനയുമായി ഇഴുകിച്ചേർത്തിരിക്കയാണ്. അക്കാമ്മ ചെറിയാനും പി. കൃഷ്ണപിള്ളയും മത്തായി മാഞ്ഞൂരാനും പൊന്നറ ശ്രീധറും കുമ്പളത്ത് ശങ്കുപ്പിള്ളയും ഒക്കെ യാഥാർത്ഥ്യത്തോട് അടുത്ത് നിൽക്കുന്നവരായിട്ട് അവതരിക്കപ്പെടുമ്പോഴും അവർ മറ്റേ സമാന്തരലോകചരിത്രത്തിലേക്ക് എപ്പോൾ കയറുമെന്നോ ഇറങ്ങുമെന്നോ മുൻ കൂട്ടിക്കാണാൻ പറ്റാത്തവിധം സങ്കീർണ്ണമായ ആഖ്യാനരീതിയുടെ കൗശലങ്ങളിൽ പെട്ടു പോയവരാണ്. നോവലിൻറ്റെ  പിരിനൂൽ കെട്ടുപിണയുന്നത് ഈ സംഭ്രമജന്യമായ ഏങ്കോണിപ്പിലും കാലത്തിൻറ്റെ ചെരിവുകളിലുമാണ്. ചരിത്രത്തിനു  സംഭവിച്ചുപോയ ചില അപഭ്രംശങ്ങൾക്ക് കാരണമെന്താണെന്ന് ചിലപ്പോൾ സൂചിക്കപ്പെടുമ്പോൾ അത് നമുക്കറിയാമെന്ന് നാം കരുതിയിരുന്ന സത്യത്തിൽ നിന്ന് ഭ്രമാത്മകതയിലെ സത്യങ്ങളിലേക്ക് കാര്യകാരണസഹിതം വഴിമാറുന്നുണ്ട്. ഈ പിരിമു ക്കം ഉടനീളം വ്യാപകമായതിനാൽ വായനക്കാരനെ കെട്ടിവരിയുന്നുമുണ്ട്. ചരിത്രത്തെ അഗാധമായി പഠിച്ചെടുക്കുകയും സംഭവങ്ങളുടെ സാംഗത്യം  അറിഞ്ഞെടുത്ത് വിശകലനം ചെയ്തിട്ടുമാണ് നോവലിസ്റ്റ് ഇത് എഴുതാനിരുന്നത് എന്നത് കൃത്യമായി ബോദ്ധ്യപ്പെടുന്നതിനാൽ സന്ദേഹങ്ങൾക്കോ സംശയങ്ങൾക്കോ ഇട കൊടുക്കുന്നുമില്ല.  ഇപ്രകാരം പ്രതിബിംബലോകങ്ങളും പ്രതിബിംബമനുഷ്യരും  സമാന്തരലോകവും സമാന്തര ചരിത്രവും  അതിചാരുതയോടെയും ബുദ്ധികൗശലത്തോടെയും നിർമ്മിച്ചെടുത്തു എന്നതാണ് നോവലിൻറ്റെ പാരായണക്ഷമത വർദ്ധിപ്പിക്കുന്നത്.

 

  സമയം എന്നത് ചുരുങ്ങുന്നതും  അസമയത്ത് ചരിത്രം വന്ന് കയറുന്നതും പലയിടത്തും ആഖ്യാനപ്പെടുത്തുന്നുണ്ട് നോവലിസ്റ്റ്. തിരുവമ്പാടിയിൽ ദേവസ്യായും ഞാനും  സംഭാഷണത്തിൽ ഏർപ്പെടുന്നു: ആൾക്കാരൊക്കെ കൊറേ വർഷം മുൻപോ കഴിഞ്ഞോ ഉണ്ടായെങ്കിലെന്ന് ഞാനിങ്ങനെ കെടന്ന് ആലോചിച്ചിട്ടുണ്ട്. ഈശോമിശിഹാ ദേ തുലാമഴ കഴിഞ്ഞ് ജനിയ്ക്കണം.‘. ‘അത് ശരിയാ. എന്നാ 1991ഇലോ തൊണ്ണൂറ്റിരണ്ടിലോ കുരിശുമരണോം നടക്കും‘ ‘ഗാന്ധിയൊക്കെ ഒരു നൂറുകൊല്ലം മുമ്പ് ജനിക്കണവാരുന്നു. പുള്ളി എന്തൊക്കെ കാണിച്ചേനേ   …..    സർ സിപിയൊക്കെ 2001 ഇൽ ജനിച്ചാ മതി. 2084ഇൽ പുള്ളി പഴത്തൊലിയേ ചവുട്ടി വീണ് മരിയ്ക്കണംഇങ്ങനെ സമയത്തെ ചുരുട്ടിക്കെട്ടുന്നവരുടെ ഇടമാണ് ആഖ്യാനത്തിൽ പലടത്തും പ്രത്യക്ഷപ്പെടുന്നത്.  ചരിത്രവ്യക്തികളുടെ സാംഗത്യം അവരുടെ കാലത്തു മാത്രമാണ്. എന്നാൽ നേരേ മറിച്ചും ആവാം. വല്ലപ്പുഴക്കാരൻ വൈദ്യൻറ്റെ ഇടം ഇങ്ങനെ സമയബന്ധിതമല്ലാത്ത ഒരു മായാപ്രപഞ്ചത്തിലാണ്.  ലോകവുമയുള്ള ബന്ധം നഷ്ടപ്പെടുകുയോ തിരിച്ചു പിടിയ്ക്കുകയോ ഒരു നൂറ്റാണ്ടിൽ കയറി അടുത്ത നൂറ്റാണ്ടിൽ പുറത്തിറങ്ങുകയോ ചെയ്യാൻ പറ്റുന്ന ഒരു അലൗകിക വൈദ്യശാല.  ഇന്ന് കാണുന്ന വൈദ്യനെയല്ല നാളെ കാണുന്നാത്.  അതേ രൂപത്തിൽ പലേ തലമുറകൾക്കു ശേഷമുള്ള മറ്റൊരു വൈദ്യൻ. നസ്യം ചെയ്യപ്പെട്ട് തലച്ചോറിൽ കയറുൻ കയ്പ്പ് കാലാകാലങ്ങളെ ബന്ധിപ്പിക്കുകയും വിടുവിക്കുകയും ചെയ്യാനുള്ള തോന്നലുകൾ സമ്മാനിക്കുന്നതാണ്.

 

ഞാൻ എന്ന ഭാവം, കാലം

  അവനവൻ തന്നെ സ്വന്തം ഭാവനയാണ് എന്ന് ചിന്തിച്ചുറപ്പിക്കുന്ന മായാസ്വരൂപമായ ഞാൻ എഴുതാൻ തുനിയുന്ന, എന്നാൽ എഴുതാൻ പറ്റാതെ പോയ ചരിത്രവുമായി മല്ലിടുക എന്ന കൃത്യം നിർവ്വഹിക്കുന്ന കഥാപാത്രമല്ലാത്ത കഥാപാത്രം തന്നെ. ബഷീറിൻറ്റെ കഥയിലെ ഭാവന ആകാനും മതി.ബഷീർ എന്നെ എഴുതിയുണ്ടാക്കിയതാണോ എന്ന് ഞാൻ പിന്നെയും ഭയന്നുഎന്നുണ്ട്.  ബഷീറിൻറ്റെ കഥാപാത്രങ്ങൾ വസിക്കുന്ന ഇടത്ത് ഇയാൾ എത്തുന്നുണ്ട്, അദ്ദേഹത്തിൻറ്റെ കഥാപാത്രമായിത്തന്നെ. (ഞാൻ ഭാവനാ ദേശത്ത് ബസ്സി റങ്ങി, ബഷീറിൻറ്റെ കഥാപാത്രങ്ങളുടെ ഗ്രാമത്തിൽ‘) .  അവിടെയാകട്ടെ ബഷീർ മരിച്ചുപോയതിൽ കുണ്ഠിതപ്പെടുന്ന കഥാപാത്രങ്ങളാണ്, ആനവാരിയും പൊൻകുരിശും മണ്ടൻ മുത്തപയും ഒക്കെത്തന്നെ.   ഇവൻ ചത്താൽ നമ്മൾ എന്തു ചെയ്യുംഎന്ന്. ബഷീർ ഭാവനയിൽ/യഥാർത്ഥത്തിൽ സൃഷ്ടിച്ച തുരുത്ത് നോക്കി എൻറ്റെ രാജ്യത്തേക്ക് പോകാൻ സമയമായിരിക്കുന്നു എന്ന് പറയുന്നവനാണ് ഞാൻ. ദേശ-കാലഭേദമില്ലാതെ  സഞ്ചരിക്കുന്ന ഇയാൾ ഭാസിയാണ്, അവറാച്ചനാണ്, ജോൺ ആണ്, മറ്റ് പലരും ആണ്. കഥാപാത്രം എന്ന സ്വത്വം മാത്രമുള്ളതുകൊണ്ട് പലപ്പോഴും അദൃശ്യനാണ്. സാധരണക്കാരുടെ കാലംഎന്ന സമയഗണനയിൽ പെടുന്ന സ്വരൂപം അല്ല താനും. ചുമ്മാ ഒരു നട്ടപ്രവെയിലത്ത് നിന്നാൽ ഒന്നൊന്നരമാസം കടന്നുപോകുന്ന ആളാണ്.  നമ്മൾ രണ്ടുപേരും ഒരു നോവലിലെ കഥാപാത്രങ്ങളാണെന്ന് തോന്നുന്നു എന്നാണ് സി പി രാമസ്വാമി അയ്യർ ഇയാളോട് പറയുന്നത്.

 

ഏതു ബഷീർ?

 

 കേരളചരിത്രം ഗതിമാറ്റിവിട്ട മനീഷി എന്ന നിലയ്ക്കാണ് ബഷീർ അവതരിക്കപ്പെടുന്നത്. ബേപ്പൂരിൽ താമസമാക്കിയ തലയോലപ്പറമ്പുകാരൻ ബഷീർ അല്ല. അല്ലെങ്കിൽത്തന്നെ എത്രയെത്ര  ബഷീർമാർ ഉണ്ട്!.  സാക്ഷാൻ ബഷീർ അല്ല അത്. ഞാൻസൃഷിച്ചെടുക്കുന്ന ബഷീർ ആണത്. ആ ബഷീറാകട്ടെ തിരുവിതാംകൂറിൻറ്റെ മുഴുവൻ ചരിത്രവും ഗതിമാറ്റി വിടുന്ന ഭ്രാന്തൻ ചിന്തയുള്ള കഥപറച്ചിലുകാരനാണ്. ആ കഥകളാണ് ചരിത്രം. ആ ചരിത്രമാണ് കഥകൾ, എന്നാൽ ചില സത്യങ്ങൾ അതിനുള്ളിൽ ഉണ്ടു താനും. ഒരു ചരിത്രവും അവശേഷിപ്പിച്ചു പോകാതെ ഇല്ലാതായ ബഷീറാണു ഞാൻൻ്റെ ബഷീർ. പൂങ്കുന്നത്തെ പ്രെസ്സിലോ സീതി ബിൽഡിങ്ങിലോ ബഷീറിൻറ്റെ ലാഞ്ഛന പോലും ബാക്കിയില്ല. ബഷീ റിൻറ്റെ പേരുവിളിച്ചുകൊണ്ട് ഞാൻചരിത്രം നിർമ്മിക്കുന്നു. ബഷീറിൻറ്റെ മരണവാർത്തയ്ക്കു ശേഷം ബഷീറിനെ അന്വേഷിക്കുന്ന ഞാനിനോട്   ഇവന്മാരെക്കൊണ്ട് ഒരു രക്ഷേമില്ല. ഇല്ലാത്ത കാര്യങ്ങള് പറഞ്ഞ് പറഞ്ഞ് പറഞ്ഞ് അവസാനം ശരിക്കുവത് ഒണ്ടാക്കുംഎന്നാണ് ബേപ്പൂർ കടപ്പുറത്തെ പൂക്കുഞ്ഞ് സമ്മതിയ്ക്കുന്നത്. അന്വേഷണത്തിനിടയിൽ ഞാൻഅതേ ഞാൻനെ കണ്ടുമുട്ടുന്നുണ്ട്, മാനാഞ്ചിറയ്ക്കടുത്ത് വെച്ച്. ബഷീറുമായി തന്മയിപ്പിക്കുന്നതെന്നവണ്ണം ബീഡി വലി തുടങ്ങിയിട്ടുണ്ട് അതിൽ ഒരുഞാൻ‘. അറബിക്കടലിലെ തുരുത്ത്, ബഷീറിൻറ്റെ ഭാവനാസൃഷ്ടി,  പെട്ടെന്ന് ഭൗതികരൂപം കൈ വരിച്ച് സത്യമായി മാറുന്നുണ്ട്. സർ സി പിയുടെ സമയം എണ്ണപ്പെട്ടിരിക്കുന്നു എന്ന് പ്രഖ്യാപിച്ചും കഴിഞ്ഞു ബഷീർ. ഇതേ സമയം സി പി രോഗബാധിതനായി കിടപ്പിലാണ് എന്ന വാർത്തയും എത്തുന്നു. ബഷീർ സൃഷ്ടിച്ച കഥാപാത്രമായ ഞാൻതിരിച്ച് ബഷീ റിനെ സൃഷ്ടിച്ചെടുക്കുന്നുണ്ട്, ഒരു അനിവാര്യതയെന്നപോലെ.

എന്തുകൊണ്ട് ബഷീർ?  

ഞാനാണു കഥ, ഞാനെഴുതുന്നത് ഭാഷയും എന്ന് സധൈര്യം പ്രഖ്യാപിച്ച മറ്റൊരു എഴുത്തുകാരൻ നമുക്കില്ല. ബഷീർ  ചരിത്രത്തെ തന്നെക്കൊണ്ടളക്കുന്നു, കൃതികൾ കൊണ്ട് അടയാളപ്പെടുത്തുന്നു. ഉണർന്നു ജീവിയ്ക്കുന്ന ഒരു കലാകാരൻറ്റെ ആത്മകഥയാണ് ചരിത്രം““ എന്ന് എം എൻ വിജയൻ. സ്വന്തം സാമ്രാജ്യം സ്ഥാപിച്ച് അതിലെ സുൽത്താൻ എന്ന് സ്വയം പ്രഖ്യാപിച്ചു ബഷീർ. ഞാനാണ് പൂവ്, ഞാൻ തന്നെ തോട്ടവുംഎന്നും. തൻറ്റെ തന്നെ കഥകളിൽ കടന്നുകൂടി പല ബഷീർമാരെ സൃഷ്ടിച്ച ആൾ. കഥയെഴുതുന്നതിനു മുൻപേ കഥ എഴുതിയെന്ന് സങ്കൽപ്പിക്കുന്ന ആൾ. മതിലുകൾൻറ്റെ ആദ്യ വരി മതിലുകൾ എന്ന പേരിൽ ഒരു ചെറിയ പ്രേമകഥ നിങ്ങളാരെങ്കിലും കേട്ടിട്ടുണ്ടോഎന്നാണ്. സന്യാസിയായും സൂഫിയായും ജീവിച്ച അപൂർവ്വ കഥാകാരൻ. സർ സി പി യെ എഴുത്തു കൊണ്ട് നേരിട്ട വിപ്ളവകാരി. കേശവൻ നായരും സാറാമ്മയും തമ്മിലുള്ള പ്രണയം ചിത്രീകരിച്ചതുകൊണ്ട് ഏറെനാൾ നിരോധിക്കപ്പെട്ട പുസ്തകമായിരുന്നു പ്രേമലേഖനം എന്നത് എന്തു നിലപാട് തറയിൽ ശക്തമായി കാലുറപ്പിച്ചാണ് നിന്നത് എന്ന് വ്യക്തമാക്കുന്നു. ബഷീർ ഭാവനയിൽ സൃഷ്ടിച്ച സ്വാതന്ത്ര്യത്തിൻ്റെ തുരുത്ത് കൊച്ചിക്ക് പടിഞ്ഞാറ് ഉടൻ പ്രത്യക്ഷപ്പെടുകയാണ്, ആവശ്യക്കാർക്ക് രക്ഷപെടാൻ വേണ്ടി. സർഗ്ഗശക്തിയുടെ കരുത്ത് ഭൗതികവാദങ്ങളെ മറികടക്കുന്ന വേള. അക്കാമ്മ ചെറിയാൻ മുഖ്യമന്ത്രിയായി പ്രസംഗിക്കുമ്പോൾ ആൾക്കൂട്ടത്തിനിടയിൽ ഇതിനു കാരണക്കാരനായ ബഷീറിനെ തെരഞ്ഞെങ്കിൽ അതിൽ യുക്തിയുണ്ട്. തിരുവിതാംകൂർ സ്വതന്ത്രരാജ്യമായപ്പോൾ മഹാരാജാവ് കൊടിയുയർത്തിയപ്പോൾ അതിനെല്ലാം കാരണക്കാരൻ എന്ന പോലെ ഞാൻനെ നോക്കിയപോലെ. കാമുകൻറ്റെ ഡയറി എഴുതുമ്പോൾ ബഷീറിനു ഭ്രാന്തായിരുന്നെങ്കിൽ ഒ. വി. വിജയൻ. സക്കറിയ, എം മുകുന്ദൻ എന്നിവർക്കും ഭ്രാന്താണ്“‘ എന്ന് നോവലിസ്റ്റ്. ബഷീർ ഏതെങ്കിലും ആത്മഹത്യാമുനമ്പിൽ നിന്ന് താഴേയ്ക്ക് ചാടിയാൽ അത് കഥകളിലേക്ക് ചാടിച്ചാകുന്നതാണ്.

 

   എഴുത്തുകാരെ തിരുത്തുക അല്ലെങ്കിൽ കൊല്ലുക

 

     പരിഹാസത്തിൻ്റെ കുടുക്കുകൾ അഴിച്ചുവിട്ടുകൊണ്ടണ് ഹരീഷ് ഭരണകൂടത്തിൻറ്റെ ഇടപെടലുകൾ വിദിതമാക്കുന്നത്. എഴുത്തുകാർ പ്രത്യക്ഷമാക്കുന്നത് അതതുകാലത്തെ പൊതുസമൂഹത്തിൻറ്റെ മാനസികനിലയാണ്. ജനത്തെ ഏറ്റവും സ്വാധീനിക്കുന്നതും സാഹിത്യസൃഷ്ടികളാണ്. ലോകത്ത് എല്ലാ ഭരണകൂടങ്ങളും  എഴുത്തുകാർ എന്ത് വാക്കുകൾ ഉപയോഗിയ്ക്കുനു എന്ന് നോക്കിയിരിപ്പാണ്.  മീശഎഴുതിയ ഹരീഷ് തന്നെ ഇക്കാര്യം വിശദമായി ആഖ്യാനത്തിൽ ഉൽപ്പെടുത്തുന്നത് കാവ്യനീതിയുടെ ആഘോഷം തന്നെ.  ഓരോ നോവലുകളും ഓരോ രാജ്യങ്ങളാണ്, ആ മറുരാജ്യത്തെ ഭരണകൂടം പേടിക്കേണ്ടിയിരിക്കുന്നു. മാറിവരുന്ന രാഷ്ട്രീയസ്വാധീനം സാഹിത്യത്തിൽ വരുത്തുന്ന മാറ്റങ്ങൾ മലയാളസാഹിത്യത്തിലേയും സിനിമകളിലേയും അതതുകാലത്തെ ട്രെൻഡുകൾക്ക് സ്പൂഫ് ചമച്ചുകൊണ്ടാണ് നോവലിസ്റ്റ്  പ്രകടമാക്കുന്നത്. ഒ. എൻ. വി കുറുപ്പും എം. റ്റി. വാസുദേവൻ നായരും കെ പി കേശവമേനോനും ഒക്കെ പ്രച്ഛന്നരായി വന്ന് പോകുന്നുണ്ട്. സിനിമാക്കാരൻ കുഞ്ചാക്കോ അതേ പടിയും. സ്വാമിവിജയംഎന്ന കുഞ്ചാക്കോ സിനിമയിൽ ബഷീർ രണ്ട് ബ്രാഹ്മണസ്ത്രീകളെ ബലാൽസംഗം ചെയ്യുണ്ട്. രണ്ടാം ഭാഗത്തിൽ പ്രേം നസീറിൻറ്റെ പോലീസ് ഇൻസ്പെക്റ്റർ ബഷീറിനെ കൊല്ലുന്നുണ്ട്. മറുപടിഎന്ന  മറ്റൊരു സിനിമയിൽ സത്യൻ അവതരിപ്പിക്കുന്ന കൃഷ്ണൻ നായർ എന്ന കഥാപാത്രമാണ് ബഷീറിനെ വധിയ്ക്കുന്നത്.  പ്രത്യയശാസ്ത്രങ്ങളുടെ കടുംപിടിത്തത്തിൽ സാഹിത്യകാരന്മാർ എഴുതിയതെല്ലാം മാറ്റിയെഴുതാൻ നിർബ്ബന്ധിതരാകുകയാണ്. ഏറ്റുമാനൂർ നിന്നുള്ള ഒരു കവി സുകുമാരൻ മുതൽ തകഴി വരെ തടങ്കലിലാണ്. തിരുവിതാംകൂറിൽ നടക്കേണ്ടിയിരുന്ന വിപ്ളവത്തെ തകർത്തത് കെ. സി. ജോർജ്ജും റ്റി. വി. തോമസും കൂടിയാണ്. സ്റ്റേറ്റ് കോൺഗ്രസ് നേതാക്കളായ സി. കേശവൻ, അക്കാമ്മ ചെറിയാൻ , കുമ്പളത്ത് ശങ്കുപ്പിള്ള എന്നിവർ ചേർന്ന് അതിനെ ചോരയിൽ മുക്കിക്കൊന്നു. ഞാൻഇനു കിട്ടിയ ചരിത്രപുസ്തകം ആസകലം തിരുത്തേണ്ടിയിരിക്കുന്നു.   കെ. ആർ. ഗൗരി റ്റി വി തോമസിനെ കല്യാണം കഴിച്ചു, ആലപ്പുഴെ ജയിലിൽ നിന്ന് മതിലു ചാടുമ്പോൾ വെടിയേറ്റ് മരിച്ച അച്യുതാനന്ദൻ മുഖ്യമന്ത്രിയായി, സി പിയെ ആണ് വെട്ടിയത്, മഹാരാജാവിനെ അല്ല, അത് കെ സി എസ് മണി ആയിരുന്നു എന്നൊക്കെ ചരിത്രപരമായ അസംബന്ധങ്ങൾ  എഴുതിയത് തിരുത്താനാണ് ഞാൻനെജെയിലിൽ കൊണ്ടു വന്നിരിക്കുന്നത്. ആ ചരിത്രം വെറും നാറിത്തരംആണ്, നോവെൽ എന്ന് വിളിയ്ക്കപ്പെടാൻ പോലും അർഹമല്ല.  രണ്ടിടങ്ങഴി, തോട്ടിയുടെ മകൻ, ത്യാഗത്തിൻറ്റെ പ്രതിഫലം ഒക്കെ മാറ്റിയെഴുതാൻ കൊണ്ടിടപ്പെട്ട തകഴി ചെളിയിലും മലത്തിലും പൊതിഞ്ഞ് ,മെലിഞ്ഞ് മൃതപ്രായനായിട്ടുണ്ട്. ജെയിലിൽ ഇടയ്ക്കിടയ്ക്ക് കേൾക്കുന്ന ,ശരീരം മാന്തിപ്പൊളിയ്ക്കുന്ന, ജീവനോടെ തൊലിയുരിയ്ക്കുന്ന വൻ വേദനയുടെ  ആക്രന്ദനം പുതിയ ആശയമോ ഉപമയോ ലഭിച്ച ആഹ്ളാദശബ്ദമായിട്ടാണ് ജെയിൽ സൂപ്രണ്ട് സുബ്രഹ്മണ്യപിള്ളയ്ക്ക് തോന്നുന്നത്.  ഏറ്റവും വലിയ മതിലുകൾക്കകത്ത് ബഷീറാണ് ബന്ധനസ്ഥനായിരിക്കുന്നത്. വിപ്ളവം വരുന്നതിനു മുൻപെ, സ്വാതന്ത്ര്യം കിട്ടുന്നതിനു മുൻപേ, ബഷീർ ഇവിടെ തടങ്കലിൽ ഉണ്ടായിരുന്നു എന്ന വിശ്വാസം പുരാവൃത്തം പോലെ അവിടെ നിറഞ്ഞു നിൽക്കുന്നു. ഇതുവരെ എഴുതിയത് എല്ലാം തിരുത്തിയ കെ. എൻ. ആർ. കു റുപ്പിനെ (ഒ എൻ വിയുടെ പ്രച്ഛന്നൻ) കൊണ്ടു വന്നു, അധികം താമസിയാതെ മരിച്ചും പോയി.  മതിലിനപ്പുറത്ത് യാതൊരാവശ്യവുമില്ലാത്ത കുഴികളെടുക്കാൻ സക്കറിയയെ കൊണ്ടുവന്നിട്ടുണ്ട്.  സ്റ്റാലിനുമായി സഖ്യം ചെയ്ത് തിരുവിതാംകൂറിനെ മാറ്റിയെടുക്കുന്ന വൈദ്യനാഥയ്യരുടെ ചരിത്രം ഞാൻഎഴുതിയപ്പോഴാണ് ജെയിൽ ഡയറക്റ്റർക്ക് സന്തോഷമായത്. ചരിത്രം എന്ന യുക്തിഹീന മണ്ടത്തരം (absurdity) ഉൽക്കടമായി അവതരിപ്പിക്കപ്പെടുകയാണിവിടെ.

 

     ഈ നോവലിൻറ്റെ അവസാനത്തെ ഇരുപതോളം പേജുകൾ ഇന്നത്തെ ഇൻഡ്യൻ സമൂഹനീതിയുടെ ജടിലതകൾ കൃത്യമായി അടയാളപ്പെടുത്തുന്നവയാണ്, അതുകൊണ്ട് തന്നെ  ഏറെ പ്രസക്തവും. മതാന്ധതയുടെ ക്രൗര്യം വരച്ചിടാൻ ഹരീഷ് ഉപയോഗിക്കുന്ന രൂപകങ്ങളും ബിംബങ്ങളും പുരാവൃത്തങ്ങളും അന്യൂനങ്ങളാണ്. .ബ്രഹ്മജ്ഞാനി ആരോ അയാളാണു ബ്രാഹ്മണൻ, എൻറ്റെ മാറിടം പിളർന്ന് ഹൃദയത്തിലേക്ക് നോക്കിയാൽ അതിനെ വലം വെയ്ക്കുന്ന ഒരു പൂണൂൽ കാണാംഎന്നെഴുതിയ ബഷീറിനെ സാക്ഷി നി റുത്തിക്കൊണ്ട് തന്നെ.  ചരിത്രം തിരുത്തപ്പെടുന്നതും പുതിയ ചരിത്രപുസ്തകങ്ങൾ സ്ഥാപിതതാൽപ്പര്യങ്ങളുടെ മേൽനോട്ടത്തിൽ എഴുതപ്പെട്ടതും എഴുതപ്പെടുന്നതും നമ്മൾ നേരിൽ കണ്ടു കഴിഞ്ഞതാണ്. എഴുത്തുകാർക്ക് നേരെയുള്ള ആക്രമണങ്ങൾക്കും കൊലപാതകങ്ങൾക്കും നമ്മൾ സാക്ഷികളായിക്കഴിഞ്ഞു. ഗോഡ്സെയും സവർക്ക റും ദൈവങ്ങളായി മാറ്റപ്പെട്ടു കഴിഞ്ഞിരിക്കുന്നു,  ദേശീയത എന്നതിൻറ്റെ നിർവ്വചനങ്ങൾ മാറ്റി മറിക്കപ്പെട്ടിരിക്കുന്നു. ഇൻഡ്യയിലെ ഏറ്റവും ഉന്നതമായ ശാസ്ത്രജ്ഞയോഗമായ സയൻസ് കോൺഗ്രസ്സിൽ ഒരു യൂണിവേഴ്സിറ്റി വൈസ് ചാൻസലർ തന്നെ ശാസ്ത്രങ്ങളെല്ലാം രാമായണത്തിൽ ഉണ്ട് എന്ന് ഉദ്ഘാടനപ്രസംഗത്തിൽ പ്രഖ്യാപിച്ചത് വൻ നാണക്കേട് വരുത്തി വെച്ചിട്ടുണ്ട് . ബ്രാഹ്മണ്യം കൊണ്ട് കുന്തിച്ചു കുന്തിച്ചു ബ്രഹ്മവുമെനിക്കൊക്കായെന്ന് ചിലർഎന്ന് കളിയാക്കാൻ പൂന്താനത്തിനു തിരിച്ചു വരേണ്ടി വന്നിരിയ്ക്കുന്നു. ഉന്മത്തതയ്ക്കും ഉദാത്തചിന്തകൾക്കിടയ്ക്കും ഞെരിയ്ക്കപ്പെടുന്ന ബഷീറിയൻ ആത്മീയത എന്നൊന്ന് ഉടലെടുക്കുന്നു, അത് ഞാൻഇലൂടെ വ്യതിരിക്തമാവുകയും ദൃശ്യപ്പെടുകയും ചെയ്യുന്നു. ഹരീഷ് ഉജ്ജ്വലവും ഭാവനാപൂർണ്ണവുമായ ഉക്തികളൊടെയാണ് ഈ ഭാഗം വരഞ്ഞെടുത്തിട്ടുള്ളത്. ഫാൻറ്റസിയുടെ, ഉന്മാദത്തിൻറ്റെ  ഇരുളോ വെ ളിച്ചമോ അല്ലാത്ത ഇടത്തിൽ ചരിത്രങ്ങൾ ഇടിഞ്ഞുവീഴുകയും നിർമ്മിക്കപ്പെടുകയും ചെയ്യുന്ന സമയബന്ധിതമല്ലാത്ത മുഹൂർത്തങ്ങളുടെ സംയോഗവേള.   ചരിത്രത്തിൻറ്റേയും സമകാലീനതയുടേയും ഉണ്മ തേടുമ്പോഴുള്ള അതിവേദനയുടെ പിടച്ചിലുകളാണിവിടെ.

 

  ബഷീറേ നിങ്ങൾ എന്നെ കഥയിൽ കുടുക്കിക്കളഞ്ഞു. നിങ്ങൾ എഴുതാത്ത കഥകൾ കേട്ട്, ഉണ്ടാക്കാനിടയുള്ള കഥകളെ ഓർത്ത് നിങ്ങളെ പിന്തുടർന്ന ഒരാൾ. ഞാൻ നിങ്ങളുടെ പിന്നാലെ കൂടിയ നിഴലില്ലാത്ത മനുഷ്യൻ മാത്രമാണ്“. ഈ ചരിത്രം മുഴുവൻ എഴുതിയ അല്ലെങ്കിൽ ഒരു നിശ്ചിത ചരിത്രവും എഴുതാത്തഞാൻൻറ്റെ ഏറ്റുപറച്ചിലോടെ നോവെൽ അവസാനിയ്ക്കുന്നു.

  

 

 

 

No comments: