അറുപത് എന്നത് ഒരു നീണ്ടകാലയളവാണ് പാട്ടിന്റെ രംഗത്ത്. ശബ്ദതന്തുക്കളിൽ (vocal cords) പ്രായം അല്ലെങ്കിൽ ഫിസിയോളജി മാറ്റങ്ങൾ വരുത്തുക എന്നത് സ്വാഭവികമാണ്. അതിനെ അതിജീവിച്ച് ഇന്നും ഒരു ചെറുപ്പക്കാരന്റെ ശബ്ദത്തോടെ പാടുക എന്നത് സിദ്ധിവിശേഷവും പരിപാലനവും ഒന്നിച്ചതിന്റെ നിദർശനമാണ്. ലതാമങ്കേഷ്ക്കർ പാട്ട് നിറുത്തണം എന്ന് ഒരിയ്ക്കൽ പറഞ്ഞ്പോയ യേശുദാസിനോട് അത് ആരും പറയുമെന്ന് തോന്നുന്നില്ലാത്തത് ആർക്കും ആകർഷകമായി അദ്ദേഹത്തിനു ഇന്നും പാടാൻ കഴിയും എന്നതിനാലാണ്. സിനിമയുടെ ലോജിസ്റ്റിക്സ് പ്രത്യേകതകളുടെ സ്വാധീനത്തിൽ അദ്ദേഹം അധികം പാടുന്നില്ല ഇപ്പോൾ എന്നേയുള്ളു.
1961 ന്റെ അവസാനത്തിൽ കാൽപ്പാടുകൾ എന്ന സിനിമയ്ക്കു വേണ്ടി ശാന്ത പി നായരോടൊപ്പം “അറ്റെൻഷൻ പെണ്ണേ അറ്റെൻഷൻ” ആണ് യേശുദാസ് ആദ്യം മുഴുവനായി പാടിയ പാട്ട്. ഇന്നേയ്യ്ക്ക് അറുപതുകൊല്ലം മുൻപ്. അന്ന് തന്നെ ചെറുപ്പത്തിന്റെ നുനുത്ത ശബ്ദത്തിൽ ശ്രുതിശുദ്ധിയും ദാർഢ്യവും സന്നിവേശിപ്പിക്കുന്നാതിലുള്ള കഴിവ് പ്രകടമായിരുന്നു. എന്നാൽ തുടർന്ന് പാടിയ പാട്ടുകൾ അത്ര ശ്രദ്ധിക്കപ്പെട്ടവ അല്ലായിരുന്നു എന്നത് യേശുദാസിനു ചില തിരിച്ചറിവുകൾ സമ്മാനിച്ചിരിക്കണം. 1962-63 ഇൽത്തന്നെ ഭാര്യ, കണ്ണും കരളും, വിധി തന്ന വിളക്ക്, വേലുത്തമ്പി ദളവ, അമ്മയെ കാണാൻ എന്നിവയിലെ സോളോ ഗാനങ്ങൾ ശ്രദ്ധിക്കപ്പെടേണ്ടവയല്ലെന്ന് വിധി എഴുതപ്പെട്ടവയാണ്. ദേവരാജനും കെ രാഘവനും ദക്ഷിണാമൂർത്തിയും ഈ പുതിയ പാട്ടുകാരന്റെ കഴിവുകൾ മനസ്സിലാക്കിവരുന്നതേ ഉള്ളായിരുന്നു. ബാബുരാജ് ആദ്യം യേശുദാസിനു പാടാൻ കൊടുത്തത് ഒരു ത്യാഗരാജകീർത്തനം ആയിരുന്നു എന്നത് മുൻ വിധിയുടെ താൽപ്പര്യം ആയിരുന്നിരിക്കണം. സംഗീതസംവിധായകർ ചൊല്ലിക്കൊടുക്കുന്ന റ്റ്യൂൺ ആവർത്തിക്കുമ്പോൾ അവരുടെ ആലാപനസ്വാധീനം സ്വന്തം ആലാപനത്തെ ബാധിച്ചിരുന്നു എന്ന് യേശുദാസിന്റെ ആദ്യകാലപാട്ടുകൾ കേട്ടാൽ തോന്നാം. സ്വന്തം സിദ്ധികൾ തിരിച്ചറിഞ്ഞുവരുന്ന സമയമായിരുന്നു യേശുദാസിനു ഇക്കാലം. സോളൊ പാടിയ പാട്ടുകൾ ഇതിനു മുൻപത്തേവ ( കണ്ണുനീർ മുത്തുമായ്, ചൊട്ടമുതൽ ചുടല വരെ, ആകാശത്തിലെ കുരുവികൾ എന്നിവ ഒഴിച്ചാൽ) പോപുലർ ആയിരുന്നില്ല എന്നത് ഇതിനോട് ചേർത്തു വായിക്കേണ്ടതാണ്. 1964 ഇലെ ‘കറുത്ത പെണ്ണേ കരിങ്കുഴലീ’ (അന്ന -ദേവരാജൻ) ഉച്ചസ്ഥായിയിൽ, പതർച്ചയില്ലാതെ ഏകാഗ്രമായി പാടിഫലിപ്പിക്കാനുള്ള കഴിവിനെ പ്രഘോഷിക്കുന്നതാകയാൽ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. എ. എം. രാജാ, കമുകറ, ഉദയഭാനു എന്നിവർക്ക് പ്രദാനം ചെയ്യാനാവാത്ത പലതും യേശുദാസിനു നൽകാനാവുമെന്നത് വലിയ ഒരു പരിണാമത്തിനാണു വഴി വച്ചത്. ഒരു സിനിമയിലെ പ്രധാന പാട്ട് ഗായികമാർ പാടുക എന്ന നില കൈവിട്ട് ഗായകനിലേക്ക്ക് അത് കൈമാറ്റപ്പെട്ടു. 62 ഇലെ ഭാര്യ യിൽ പി സുശീലയുടെ പാട്ടുകളാണ് വൻ ജനപ്രീതി നേടിയത്, 63 ഇലെ മൂടുപടം, അമ്മയെ കാണാൻ എന്നിവയിലൂടെ എസ് ജാനകിയാണ് ഹിറ്റ്മേകർ ആയത്. (തളിരിട്ട കിനാക്കൾ തൻ, ഉണരുണരൂ ഉണ്ണിപ്പൂവേ) ഈയിടയ്ക്ക് യേശുദാസ്, യേശുദാസ് മാത്രം എന്ന ഉദ്ഘോഷണത്തിനു ആദ്യം പ്രകമ്പനം അരുളിയത് മേൽപ്പറഞ്ഞ പാട്ടുകളോടൊപ്പം ‘അഷ്ടമുടിക്കായലിലെ..’ (മണവാട്ടി) യും ‘കരയുന്നോ പുഴ ‘ (മുറപ്പെണ്ണ്-ചിദംബരനാഥ്) എന്നിവയുമാണ്. ആലാപനത്തിലെ താരള്യത്താലും ശുഭോദർക്കമായ ഭാവിപ്രയാണയത്തിന്റെ ആഹ്വാനം എന്ന ആശയപ്രസക്തിയാലും “ഇടയ കന്യകേ പോവുക നീ” എളുപ്പം സ്വീകരിക്കപ്പെട്ടു. തന്റെ ജൈത്രയാത്രയ്ക്കുള്ള തുടക്കത്തിന്റെ സൂചനകൾ ഈ പാട്ടിൽ (“ പോവുക നീ ഇടറാതെ കാലിടറാതെ…”) അടങ്ങിയിരുന്നതിനാലും ‘ഇന്നല്ലെങ്കിൽ നാളെ കണ്ടെത്തും നീ മനുഷ്യപുത്രനെ‘ എന്ന വിപ്ലവസ്വാദുള്ള ഉദ്ഘോഷണമുണ്ടായിരുന്നതിനാലും തന്റെ കരിയറിന്റെ മുഖമുദ്രയാക്കി ഈ ഗായകൻ വീണ്ടും വീണ്ടും പാടിയത് മലയാളി സസന്തോഷം അംഗീകരിക്കുകയും ചെയ്തു.
സംഗീതസംവിധായകരായ ആരെയും അനുകരിക്കേണ്ട എന്നത് മനസ്സിലാക്കിയെടുത്തു അദ്ദേഹം എന്നുവേണം കരുതാൻ. മുഹമ്മദ് റഫിയെ ആരാധിച്ചിരുന്ന യേശുദാസിന്റെ ആലാപനത്തിൽ ആ സ്വാധീനം ചിലപ്പോൾ ദർശിക്കാം എന്നേയുള്ളു. ജിം റീവ്സിന്റെ ശൈലി അദ്ദേഹം സ്വാംശീകരിച്ചോ എന്ന് സംശയിക്കുന്നതിലും തെറ്റില്ല. 1964 ഇൽ “താമസമെന്തേ വരുവാൻ” ഒരു സ്വാതന്ത്ര്യപ്രഖ്യാപനമായിരുന്നു എന്ന് കരുതാം, അതിന്റെ ജനപ്രീതി തെളിവാണുതാനും. പിന്നീടുള്ള സാംസ്കാരികകേരളത്തിന്റെ ചരിത്രത്തിൽ യേശുദാസിനു മുൻപ്, യേശുദാസിനു ശേഷം എന്ന വൻ വേർതിർവ് നിർമ്മിക്കപ്പെട്ടതിന്റെ കാഹളം കൂടി ആയിരുന്നു ഇത്.
സ്വന്തം ശബ്ദവും ആലാപനശൈലികളും നവീകരിക്കുന്ന യേശുദാസിനോടൊപ്പം മലയാളിയുടെ ആസ്വാദനപരതയും സഞ്ചരിച്ചു എന്നതാണ് സത്യം. ശബ്ദവിന്യാസങ്ങളിലെ ചാരുതയും സ്വരപ്രകമ്പങ്ങളിലെ വൈവിദ്ധ്യങ്ങളും പലേ യേശുദാസ്മാരെയാണ് കാലാകാലങ്ങളിൽ മലയാളിയുടെ കേൾവിശീലങ്ങളിൽ ഉൾക്കൊള്ളിച്ചത്. ഏറ്റവും കൂടുതൽ പാട്ടുകൾ പാടപ്പെട്ട 80കളിലെ യേശുദാസ് ശബ്ദമാണ് ഇന്നും അദ്ദേഹത്തിന്റെ നിർവ്വചിക്കപ്പെട്ട ശബ്ദമായി അംഗീകരിക്കപ്പെടുന്നത്. പ്രധാനമായും ശബ്ദത്തിന്റെ സ്ഫുടത, സ്വച്ഛത, വ്യക്തത, നിർമ്മലത്വം ഇവയ്ക്കൊക്കെ ഒരു അടിസ്ഥാനമാനദണ്ഡം (Benchmark) വും ഉദ്ധരണസൂചകവും (Reference point) യേശുദാസ് എന്നത് നിലവിൽ വരികയുമാണുണ്ടായത്. പാട്ടുകാരെ ഇത് ആകെ സ്വാധീനിച്ച് കേരളത്തിലെ ശബ്ദങ്ങൾക്ക് ഏകതാനത സൃഷ്ടിച്ചെടുക്കാനും ഈ സർവ്വസമ്മതി വഴി വച്ചു എന്നതും സത്യമാണ്. മറ്റൊരു ശബ്ദത്തിന്റെ, മറ്റൊരു ആലാപനശൈലിയുടെ സാദ്ധ്യതകളെ ഇല്ലാതാക്കാൻ മാത്രം അതിശക്തമായിരുന്നു ഈ സ്വീകാര്യത ഉറപ്പിച്ച അടിസ്ഥാന കരിങ്കൽത്തറ.
ഈ സർവ്വാംഗീകാരം യേശുദാസിനെ ഒരു പൊതുവ്യക്തി ആയി മാറാൻ പ്രേരിപ്പിച്ചു എന്നത് സത്യമാണ്. ക്രിസ്ത്യാനി എന്ന സ്വത്വത്തിൽ നിന്ന് പുറത്തു കടക്കുന്നു, സ്വയമേവ, മൂകാംബികയിലും ശബരിമലയിലും നിത്യസന്ദർശകനാകുകയും ചെയ്തു അദ്ദേഹം. മിക്ക അമ്പലങ്ങളിലും ഭക്തിഗാനങ്ങൾ പ്രക്ഷേപണം ചെയ്യപ്പെടുന്നത് യേശുദാസ് ശബ്ദത്തിലൂടെ ആണെന്നുള്ളതുകൊണ്ട് ഈ സ്വാതന്ത്ര്യം എളുപ്പവുമായി. ഒരു പള്ളിയും ചോദ്യം ചെയ്യാൻ ഒരുമ്പെട്ടില്ല, മക്കൾ ഹിന്ദുക്കളെ കല്യാണം കഴിച്ചപ്പോഴും. ഒരു വിശ്വപൗരൻ ആയി സമ്മതി നേടുക എന്നത് എളുപ്പമുള്ള കാര്യവുമല്ല. ശബ്ദസ്വാധീനം കൊണ്ട് മതാത്മകതയെ നേരിടുക എന്ന ദുഷ്ക്കരകർമ്മമാണ് സാധിക്കപ്പെട്ടത്. പാട്ട് പാടി ഒരു ജനതയെ മുഴുവൻ വശീകരിച്ച പലരുമുണ്ടെങ്കിലും സാംസ്കാരികതയെ ഇത്രയും ബാധിച്ച മറ്റൊരാൾ ഇല്ല തന്നെ. അതും ഇപ്പോൾ അറുപതോളം വർഷങ്ങളായി എന്നത് പാട്ടിന്റെ മോഹവലയം തീർക്കുന്ന നിഷ്ക്കളങ്ക വിപ്ലവോദാഹരണം തന്നെ. തന്റെ പോപുലാരിറ്റിയും സ്വാധീനശക്തിയും ഉപയോഗിച്ച് കേരളസമൂഹത്തിൽ ചില ഇടപെടലുകൾ യേശുദാസ് നടത്തണമെന്ന് സക്കറിയ പ്രഖ്യാപിച്ചത് കേരളചരിത്രത്തിൽ ഒരു പാട്ടുകാരൻ എങ്ങനെ മഹദ് വ്യക്തിത്വമാർജ്ജിച്ചു എന്നതിന്റെ ഫലശ്രുതിയാണ്.
ഈ ജനസമ്മതി പൊതുജനത്തിന്റെ സംഗീതതാൽപ്പര്യത്തെ ബാധിച്ചു എന്നതും യേശുദാസിന്റെ ഇടപെടൽ എന്ന രീതിയിൽ ഗണിയ്ക്കാവുന്നതാണ്. ശാസ്ത്രീയസംഗീതത്തിൽ ഉന്നതബിരുദം നേടിയ ആൾ എന്ന നിലയ്ക്ക് സിനിമയിൽ നിന്ന് ലഭിച്ച ജനപ്രീതിയെ സഹായകമാക്കി കച്ചേരികൾ അവതരിപ്പിച്ചു തുടങ്ങി യേശുദാസ് 60 കളുടെ അവസാനത്തോടെ. സിനിമാപ്പാട്ട് ഭക്തർ കർണാടസംഗീതപ്രിയരായിരിക്കാറില്ല എന്ന പൊതുതത്വം അനുസരിച്ച് അന്നു വരെ കച്ചേരികൾ കേൾക്കാത്തവർ ഒന്നടങ്കം ആ സദസ്സുകളിലേക്ക് ആവാഹിക്കപ്പെട്ടു. പലരും പൊടുന്നനവേ ശാസ്ത്രീയ സംഗീതത്തിൽ ആകൃഷ്ടരായി, ചിലർ ആ അഭിരുചി നിലനിറുത്തുകയും ചെയ്തു. സിനിമയിൽ പാടുക വഴി കർണാടകസംഗീതക്കച്ചേരികൾ ജനസമ്മതി നേടുക എന്നതിന്റെ പ്രാഗ് രൂപങ്ങൾ തമിഴകത്ത് എം. കെ. ത്യാഗരാജഭാഗവതരെപ്പോലെഉള്ളവരുടെ ജീവിതങ്ങളിൽ ദർശിക്കാമെങ്കിലും മലയാളിയുടെ സംഗീതാഭിരുചികൾ വേറിട്ടതായിരുന്നതു കൊണ്ട് യേശുദാസിന്റെ ഈ ഇടപെടൽ അനന്യമായിരുന്നു. ശാസ്ത്രീയസംഗീതവുമായി ബന്ധമില്ലാത്തവരും ഇന്നും കേൾവിസുഖത്തിന്റെ ആകർഷകതയിൽ യേശുദാസ് കീർത്തനങ്ങൾ സ്ഥിരം കേൾക്കുന്നവരാണ്. ഭഗവദ് ഗീതയും ഋഗ് വേദവും സുന്ദരമായി പാടി റെക്കോഋഡ് ചെയ്യാൻ തൽപ്പരകക്ഷികൾ യേശുദാസിനെത്തന്നെ ഉപയോഗിച്ചു എന്നത് ചരിത്രത്തിൽ വന്ന് ഭവിക്കുന്ന ഐറണികളിൽ ഒന്ന് മാത്രമായി കരുതാൻ പറ്റില്ല.
നിത്യയൗവനത്തിൽ മലയാളി
യൗവനയുക്തനായ സുന്ദരന്റെ ശബ്ദപ്രവാഹം പ്രേംനസീർ പ്രതിരൂപത്തിൽ ആവേശിക്കപ്പെട്ടത് രണ്ടും ഒന്നിപ്പിയ്ക്കാൻ എളുപ്പമായതുകൊണ്ടാണ്. 1952 മുതൽ സിനിമയിലുള്ള പ്രേംനസീറിനു പുതിയ പ്രതിച്ഛായാമാനങ്ങൾ ലഭിയ്ക്കുന്നത് 1960കളുടെ പകുതിയോടെയാണ്. പതിനാലോളം വർഷങ്ങൾക്കു ശേഷം, യേശുദാസിന്റെ വരവോടെയാണ് ഈ വിലയനസാദ്ധ്യത വികാസം പ്രാപിച്ചത്. യേശുദാസിന്റെ അംഗീകാരം ഈ പ്രതിഛായുമായി യോജിപ്പിക്കാൻ എളുപ്പവുമാക്കി. ഈ സമ്മിളിതസ്വഭാവം പ്രേംനസീർ സിനിമയിൽ ഉള്ള കാലം മുഴുവൻ നിലനിന്നു. സിനിമാവ്യ്വസായത്തിൽ പരസ്പരപൂരിതവും സഹായകവുമായി ഇത് വർത്തിക്കുകയും ചെയ്തു. “അതിമനോഹരം ആദ്യത്തെ ചുംബനം” എന്ന് ഒരു പതിനെട്ട് വയസ്സുകാരൻ പാടുന്നതാണെന്ന് വിശ്വസിപ്പിക്കാൻ 45 വയസ്സുകാരനു എളുപ്പം സാധിയ്ക്കുന്നത് തന്നെയാണ് ഈ മാജിക്. കേൾവിക്കാരെ മൊത്തം യൗവനയുക്തരായി നിലനിർത്തുന്നത് ഒരു സമൂഹത്തിൽ അത്ര എളുപ്പം നിർവ്വഹിക്കപ്പെടാൻ സാദ്ധ്യതയുള്ളതല്ല. പൊതുബോധത്തിന്റെ പ്രായം ഇങ്ങനെ യൗവനത്തിൽ തളയ്ക്കപ്പെട്ടത് യേശുദാസിന്റെ ബാഹ്യസ്വരൂപത്തിൽ നിന്ന് ശബ്ദത്തെ അടർത്തിയെടുക്കാൻ വഴിവയ്ക്കുകയും ചെയ്തു. 60 വർഷങ്ങളോളം ഒരു സമൂഹത്തെ റൊമാന്റിക് ആയി നില നിർത്താൻ ആ ശബ്ദത്തിനു കഴിഞ്ഞു, ഇപ്പോഴും കഴിയുന്നു എന്നത് ലോകസംഗീതചരിത്രത്തിൽ അപൂർവ്വമായി സംഭവിക്കുന്നതാണ്.
ഭക്തിഗാനങ്ങൾ വഴിമാറുന്നു
“നിന്നെക്കണ്ട് കൊതി തീർന്നോരു കണ്ണുകളുണ്ടോ” എന്നത് ഒരു പ്രേമതരളിതന്റെ പ്രഖ്യാപനം ആണെന്ന് ധരിക്കപ്പെടാൻ എളുപ്പമാകുന്ന രീതിയിൽ ഭക്തിഗാനശാഖയെ മാറ്റി മറിച്ചതും ആ ശബ്ദത്തിന്റെ മാന്ത്രികതാപ്രലോഭനങ്ങൾ ആണ്. വളരെ വിരസമായ രീതിയിൽ നാമജപത്തിന്റെ സ്വഭാവത്തിലോ ഭജനപ്പാട്ട് എന്ന വിവക്ഷിക്കുന്ന രീതിയിലോ പ്രചരിച്ചിരുന്ന ഭക്തിഗാനങ്ങൾ വിപ്ലവകരമായി മാറപ്പെടുകയായിരുന്നു യേശുദസിന്റെ ആലാപനപ്രവേശത്തോടെ. പി. ലീലയുടെ ചില ഭക്തിഗാനങ്ങൾ അപവാദമായിട്ട് പ്രചാരത്തിൽ ഉണ്ടായിരുന്നെങ്കിലും സ്വീകാര്യതയിൽ ജനകീയത സ്വാംശീകരിക്കപ്പെടാൻ മടിച്ചു നിന്നിരുന്ന പാട്ടുകളായിരുന്നു അവ. കച്ചേരികളിൽ മാത്രം പാടപ്പെടുന്ന “കരുണചെയ് വാൻ എന്തു താമസം കൃഷ്ണാ’ എന്ന ഇരയിമ്മൻ തമ്പി കീർത്തനം പോലുള്ളവ മാത്രം, അല്ലെങ്കിൽ ചില അഷ്ടപദികൾ ഇവയൊക്കെക്കൊണ്ട് തൃപ്തിപ്പെട്ടു വന്നവർക്ക് വലിയ തുറസ്സാണ് പുതിയ ഗായകന്റെ വരവോടെ ലഭിച്ചത്. കസ്സെറ്റ് വിപണി കേരളത്തിലേയും ഗൾഫ് രാജ്യങ്ങളിലേയും വൻ ബിസിനെസ് ആയി മാറി. അതിസൗകുമാര്യശബ്ദം ആലാപനവശ്യതയോടെ സമർപ്പിക്കുന്ന ഭക്തിഗാനങ്ങൾ സാംസ്കാരിക-സാമ്പത്തിക ഇടപെടലുകളുമായി മാറിയത് ഫോർട് കൊച്ചിയിൽ നിന്ന് വന്ന ഒരു ലത്തീൻ കത്തോലിക്കനാൽ ആണെന്നുള്ള സത്യം ഇന്നും അത്ര പെട്ടെന്ന് സ്വാംശീകരിക്കപ്പെടാൻ സാദ്ധ്യതയില്ല. ശബ്ദസൗകുമാര്യം സാമൂഹ്യപശ്ചാത്തലങ്ങളെ ഗംഭീരമായി മറയ്ക്കുകയോ തള്ളുകയോ ചെയ്തു. ഭക്തിയേക്കാളേറെ സംഗീതം തുടിച്ചു നിന്ന ഗാനങ്ങളുടെ വ്യക്തിത്വം സിനിമാപ്പാട്ടുകളുടേത് പോലെ അവയിലെ യൗവന യുക്തത തന്നെ ആയിരുന്നു. പ്രേമഭാവം തുടിച്ചു നിൽക്കുന്നതാണ് ആ ശബ്ദം എന്നത് ഭാരതത്തിൽ നേരത്തെ വേരോടിയിരുന്ന പ്രേമ-ഭക്തി സമന്വയവിചാരത്തിനു ചേർന്നതായിരുന്നു. യേശുദാസിന്റെ ശബ്ദത്തിൽ പ്രേമപരത, ഭാവത്തിൽ പ്രേമപരത, ഇതുമാത്രമേ ഉള്ളു എന്ന് ചിലർ വാദിച്ചെങ്കിലും അത് സ്വീകാര്യതയെ തെല്ലും ബാധിച്ചില്ല. “അഭിരാമശൈലമേ മലയാചലത്തിലെ അനവദ്യദേവാലയമേ” എന്നതിലെ സംഗീതമാണ് ആദ്യം അനുഭവഭേദ്യമാകുന്നത് മധുരാലാപനമാണ് വശീകരിക്കുന്നത്, ഭക്തിയേക്കാൾ എന്നത് സത്യമെന്ന് അംഗീകരിക്കേണ്ടിയിരിക്കുന്നു. “രാധതൻ പ്രേമത്തോടാണോ ..പറയൂ നിനക്കേറ്റം ഇഷ്ടം” “ഒരു നേരമെങ്കിലും കാണാതെ വയ്യെന്റെ ..” ഒക്കെ ഒരു പ്രേമലോലുപൻ പാടുന്ന പ്രതീതി കൊണ്ട് തന്നെയാണ് സ്വീകര്യത നേടുന്നത്, പ്രാഥമികമായി. ഭക്തിഗാനമായി ഗണിയ്ക്കപ്പെടുന്നത് രണ്ടാമതായാണ്. ഉള്ളിൽ ഒതുക്കപ്പെട്ട അനുരാഗപരതയ്ക്ക് തുറസ്സ് നൽകുന്നവ എന്ന ധർമ്മം നിറവേറ്റുന്നതുകൊണ്ട് പ്രായഭേദമില്ലാതെ, ആൺ പെൺ വ്യത്യാസമില്ലാതെ ഈ ഗാനങ്ങൾ ഹൃദയത്തുടിപ്പുകളോടെ മലയാളി ഏറ്റുവാങ്ങി. ഭക്തിഗാനശാഖ പടർന്നു പന്തലിച്ചു, കസ്സെറ്റുകളും ആൽബങ്ങളും വിറ്റഴിഞ്ഞു, അമ്പലങ്ങളിൽ റെക്കോർഡ് പ്ലേയർ എന്ന സാങ്കേതികത ചെന്ന് കയറി. അയ്യപ്പൻ ഉറങ്ങണമെങ്കിൽ ഒരു കമ്മ്യൂണിസ്റ്റുകാരൻ സംഗീതം നൽകിയ, യേശുദാസ് എന്ന ക്രിസ്ത്യാനി പാടിയ ‘ഹരിവരാസനം’ വേണമെന്ന് ദൈവങ്ങളല്ല തീരുമാനിച്ച്ത സാദാ മലയാളി തന്നെയാണ്.
ഒരു 81 വയസ്സുകാരന്റെ
ശരീരപ്രകൃതിയെ മാന്ത്രികമായി മറയ്ക്കുന്ന സ്വനതന്തുക്കളുടെ കളകണ്ഠം ഇയലുന്ന
അവാച്യതരംഗങ്ങൾ 60 വർഷങ്ങളായി ഇവിടെ പ്രകമ്പനം കൊള്ളുന്നു എന്നതിൽ അദ്ഭുതത്തിനു
അവകാശമുണ്ട്.
No comments:
Post a Comment