Sunday, July 24, 2022

അമ്പലശബ് ദങ്ങളുടെ സാംഗത്യം ‘തിങ്കളാഴ്ച്ച നിശ്ചയം’ സിനിമയിൽ

 

          പരിസരശബ്ദങ്ങൾക്ക് വലിയ സാംഗത്യം കൽപ്പിച്ചു കാണാറില്ല പൊതുവേ ഇൻഡ്യൻ സിനിമയിൽ.  ചില പാട്ടുകൾ അവതരിപ്പിക്കാൻ അയൽ വീട്ടിലെ റേഡിയോ, ഒരു ഭ്രാന്തൻ/ഭിക്ഷക്കാരൻ എങ്ങോ ഇരുന്ന് പാടുന്നത് , അല്ലെങ്കിൽ ഒരു  കല്യാണവീട്ടിൽ പാടുന്നത് ഇങ്ങനെ ചില സ്ഥിരം രീതികളാണുള്ളത്. പരിസരശബ്ദങ്ങൾക്ക് സാംഗത്യം അണയ്ക്കാൻ അടൂർ ഗോപാലകൃഷ്ണൻ കൊടിയേറ്റത്തിൽ ശ്രമിച്ചിട്ടുണ്ട്, ഓടുന്ന വാഹനത്തിൽ കേൾക്കുന്ന റേഡിയോപ്പാട്ട് വഴിയിലുള്ള കടകളിൽ നിന്ന് തുടർന്ന് കേൾക്കുന്നതായുള്ള സീനിൽ. സ്വാഭാവിക ശബ്ദത്തിനു അദ്ദേഹം പൊതുവേ താൽപ്പര്യമുള്ളതായിട്ട് സ്വയംവരം പോലെയുള്ള സിനിമകൾ ഉദാഹരണവുമാണ്.  

     തിങ്കളാഴ്ച്ച നിശ്ചയംഎന്ന സിനിമയിൽ കഥ നടക്കുന്ന ഗ്രാമത്തിലെ പൊതുശബ്ദം ഉടനീളം വിളങ്ങി വിലസുകയാണ്. ഏറെ നാളായി കേരളത്തിലെ ഗ്രാമങ്ങളുടെ പൊതുശബ്ദമായി ഇടം പിടിച്ചെടുത്തിരിക്കുന്നത് അമ്പലങ്ങളിലെ ഉച്ചഭാഷിണികളിൽക്കൂടി വരുന്ന അവിടത്തെ ചര്യകളുടെ രേഖയാണ്. പലപ്പോഴും ഒരു കടന്നുകയറ്റസ്വഭാവം ഉണ്ടിതിനു്. നാടിന്റെ പൊതുശബ്ദമായി പ്രഖ്യാപിക്കുക എന്നത് മാത്രമല്ല കേൾവിക്കാരുടെ മാനസികനിലയെ ബാധിയ്ക്കുകകൂടി ചെയ്യുണ്ട് ഇത്. ചില അമ്പലങ്ങൾ-ചിലപ്പോൾ പള്ളികളും-ഒരു മൽസരം പോലെ ഈ ശബ്ദത്തെ ഉപയോഗിക്കാറുണ്ട് എന്നത് ഈ സ്വാധീനത്തിന്റെ സാംഗത്യത്തെ  വെളിപ്പെടുത്തുന്നതാണ്. പലപ്പോഴും മറ്റൊന്ന്ം ചിന്തിക്കാൻ ഇടം കൊടുക്കാത്തവിധം മനസ്സിൽ ഇരച്ചു കയറാൻ സാദ്ധ്യതയൊരുക്കും ഈ ശബ്ദായമാനത. പരീക്ഷയ്ക്ക് പഠിയ്ക്കാൻ കുട്ടികൾ വേറേ വീട് അന്വേഷിച്ച് പോകാറുണ്ട് ചിലപ്പോൾ. കാഞ്ഞങ്ങാട് ഒരു ഗ്രാമത്തിൽ നടക്കുന്ന കഥയിലെ ഒരു പ്രധാന കഥാപാത്രം തന്നെയായി മാറുകയാണ്  അവിടത്തെ ശിവക്ഷേത്രം. എന്നാൽ ഈ അമ്പലം രംഗത്ത് വരുന്നതേയില്ല എന്നതാണ് രസകരം.  അവിടുന്ന് പുറപ്പെടുന്ന ഉച്ചഭാഷിണി ശബ്ദം കഥാപരിസരം ഒരുക്കുക മാത്രമല്ല കഥാപാത്രങ്ങളുടെ മനഃസ്ഥിതി വെളിവാക്കുന്നതോ കഥാസന്ദർഭത്തിന്റെ തീവ്രതയോ ലാളിത്യമോ  തീരുമാനിക്കാൻ സഹായകമാകുന്നതോ പരിഹാസദ്യോതകമാവുകയോ ചെയ്യുന്നു എന്നതാണ്. സൗണ്ട് ഡിസൈനർ നിക്സൻ ജോർജ്ജും സംവിധായകൻ സെന്ന ഹെഗ്ഡേയും പശ്ചാത്തലസംഗീതം നൽകിയ മുജീബ് മജീദും  സൂക്ഷ്മമായി നിയോഗിച്ചതാണിത്. 

    ഗ്രാമവാസികൾ അമ്പലത്തിന്റെ ശബ്ദത്തിലേക്കാണ് ഉണരുന്നതുതന്നെ. കവൈറ്റ് വിജയൻ രാവിലെ പല്ലു തേയ്ക്കുന്നത് യേശുദാസിന്റെ വടക്കുന്നാഥാ സർവ്വം നടത്തും നാഥായുടെ പശ്ചാത്തലത്തിലാണ്. ഈ പാട്ട് നിബന്ധിച്ച ഭക്തിഗാന കസ്സറ്റിലെ എട്ടുദിക്പാലരും മുട്ടുകുത്തിത്തൊഴും മറ്റൊരു രംഗത്ത് ഇതുപോലെ  പിന്നിലെ പ്രധാനശബ്ദമായി വരുന്നുണ്ട്. പിലാത്തറ ഗ്രൂപ്പിന്റെ ഗാനമേളയുടെ പ്രഖ്യാപനവും പിന്നീട് അന്ന് കളിയ്ക്കുന്ന നാടകത്തിന്റെ അനൗൺസ്മെന്റും സാന്ദർഭികമായി ഉപയോഗിക്കപ്പെടുന്നുണ്ട്.  കഥാസന്ദർഭത്തിനു മുൻ സൂചകമായിത്തന്നെ, പെണ്ണിന്റെ ഒളിച്ചോട്ടം പ്രധാനസംഭവഗതിയായി പ്രഖ്യാപിക്കുന്നതിനു മുൻപ് തന്നെ പണ്ടോരു മുക്കുവൻ മുത്തിനു പോയി.. എന്ന പാട്ട് (പെണ്ണാളേ പെണ്ണാളെ-ചെമ്മീൻ) കുറേ കേൾപ്പിക്കുന്നുണ്ട്. സിങ്ക് സൗണ്ടിൽ ചിത്രീകരിച്ച സിനിമ അവിടത്തെ പശ്ച്ചാത്തലശബ്ദവും ആലേഖനം ചെയ്തതാണേന്ന് തെറ്റിദ്ധരിപ്പിക്കുംവിധമാണ് ഈ അമ്പലശബ്ദങ്ങളുടെ നിജപ്പെടുത്തൽ. രംഗങ്ങളുടെ തുടർച്ചയ്ക്കും (continuity) ഇത് സഹായിക്കുന്നുണ്ട്. തുടക്കത്തിലെ സീനിൽ പോലീസ് വണ്ടി അകന്നു നീങ്ങുമ്പോൾ തെയ്യത്തിന്റെ ചെണ്ടമേളം (പ്രധാനമായും വീക്കൻ ചെണ്ടയുടെ മുഴക്കമുള്ള ബീറ്റ്സ്) പിന്നിലുണ്ട്, അവസാനം ആ പോലീസ് തന്നെ സുജ വച്ചിട്ടു പോയ എഴുത്ത് വായിയ്ക്കുമ്പോൾ കൃത്യമായി ഈ ചെണ്ടയടി തുടരുന്നു. 

     പന്തലുപണിക്കാരൻ ഗിരീഷിന്റെ പ്രേമലോലുപതയ്ക്ക് ഉചിതഭാവമണയ്ക്കാൻ പലപ്പോഴും ചില പാട്ടുകളിലെ ഫ്ലൂട് ബിറ്റുകൾ ഉപയോഗിച്ചിട്ടുണ്ട്. തീവ്രമായതോ സംഘർഷാത്മകമായതോ ആയ ഭാഗത്തിനു പിന്നിൽ അമ്പലത്തിലെ നിർദ്ദേശങ്ങളോ പണപ്പിരിവിന്റെ അഭ്യർത്ഥനയോ  മറ്റ് പ്രസംഗങ്ങളോ കേൾപ്പിയ്ക്കുന്നുണ്ട്. സുരഭി ശ്രീനാഥിനെ ചോദ്യം ചെയ്യുന്നിടത്ത്, ബേബി പണം തിരിച്ചു ചോദിച്ച് വഴക്കുണ്ടാക്കുന്നിടത്ത് ഒക്കെ ഇത്തരം ശബ്ദങ്ങളാണ് കേൾപ്പിക്കുന്നത്. അമ്പുവേട്ടൻ ഗ്ലാസും പൊട്ടിച്ച് വീണു കഴിഞ്ഞിട്ട് ചെരിഞ്ഞുകിടക്കുന്ന കുപ്പിയിൽ നിന്ന് മദ്യം ഇറ്റിറ്റുവീഴുമ്പോൾ അമ്പലത്തിൽ നിന്ന് എന്തോ അനുഷ്ഠാനനിർദ്ദേശങ്ങൾ വരികയായി. എന്നാൽ വളരെ നിർണ്ണായകമായ സംഭവവേളയിൽ ഈ പുറം ശബ്ദങ്ങൾ ഒഴിവാക്കിയിട്ടുണ്ട്. പക്ഷേ രംഗങ്ങളുടെ ഗതിവേഗം മാറുമ്പോൾ അത് തിരിച്ചു വരുന്നുണ്ട്, പക്ഷേ പാട്ടുകളല്ല. വലിയ ലഹളയ്ക്കു ശേഷം വിജയൻ നാടകീയതയോടെ ജനാധിപത്യരീതികൾ ഉറപ്പാക്കാൻ ശ്രമിക്കുമ്പോൾ അമ്പലത്തിലെ നാടകശബ്ദങ്ങൾ കേൾപ്പിക്കുന്നുണ്ട്. ഈ നാടകം എരിതീയിൽ എണ്ണ എന്നുള്ളതാണെന്ന് നേരത്തെ പറഞ്ഞു വച്ചിട്ടുണ്ട്. അങ്ങനെ ഒരു ഐറണി സാരസ്യത്തോടെ അവതരിപ്പിക്കാൻ ശ്രമിക്കുകയാണ് സംവിധായകനും സൗണ്ട് ഡിസൈനറും.  അദൃശ്യമായ ഒരു കഥാപാത്രമായി  അമ്പലം ഇപ്രകാരം തലങ്ങും വിലങ്ങും സിനിമയിൽ നിറഞ്ഞു വിളയുന്നു.  

       സാധാരണ രണ്ട് ട്രാക്ക് (സംഭാഷണവും ബാക് ഗ്രൗണ്ട് സ്കോറും) സിനിമയിൽ ഉപയോഗിക്കപ്പെടുകയാണെനിൽ ഇവിടെ നാലു ട്രാക്ക് ആണ് പല രംഗങ്ങളിലും. ലക്ഷ്മീകാന്തൻ പെണ്ണുകാണൽ വേളയിൽ സുജയോട് ചോദ്യങ്ങൾ ചോദിക്കുമ്പോൾ അമ്പലത്തിൽ നിന്നുയരുന്ന പാട്ട്, ബന്ധുക്കളുടെ സംഭാഷണം , ഉപകരണസംഗീതം (ബാക്ഗ്രൗണ്ട് സ്കോർ), പിന്നെ അവരുടെ സംഭാഷണം  എന്നിങ്ങനെ നാലു വ്യത്യസ്ത ശബ്ദവഴികൾ നിബന്ധിച്ചിരിക്കുന്നു. ഇത് മറ്റ് ചില രംഗങ്ങളിലുമുണ്ട്.  ബാക്ഗ്രൗണ്ട് സ്കോർ വളരെ കുറച്ചേ സന്നിവേശിപ്പിച്ചിട്ടുള്ളു അതിന്റെ ആവിഷ്ക്കാരകൻ മുജീബ് മജീദ്. ഒരു കഥാപാത്രത്തിന്റെ പ്രത്യേകത സൂചിപ്പിക്കാനോ ഒരു സംഭാഷണശകലത്തിന്റെ നിശിതത്വം ഉറപ്പിക്കാനോ ചില ഭാവങ്ങൾക്ക് പിന്തുണയേറ്റനോ മാത്രമേ ഇത് ഉപയോഗിക്കപ്പെട്ടിട്ടുള്ളു.    പ്രേമഭാവത്തിനു ചാരുതയണയ്ക്കാൻ നാദസ്വരം ധാരാളം ഉപയോഗിച്ചിട്ടുണ്ട് മുജീബ്. 

       ഈ സിനിമയ്ക്ക് കൃത്യമായ ഒരു രാഷ്ട്രീയമുണ്ടെങ്കിലും അത് ഗൂഢമായിട്ടാണ് പ്രത്യക്ഷമാക്കിയിരിക്കുന്നത്. ആണധികാരം, സ്ത്രീസ്വാതന്ത്ര്യധ്വംസനം, ജനാധിപത്യവിരുദ്ധത ഒക്കെ കഥാതന്തുവിൽ ഇണക്കിയിട്ടുണ്ട് എങ്കിലും വിശ്വാസത്തെ സംബന്ധിച്ചുള്ള പിൻ തിരിപ്പൻ മനോഭാവത്തെ നിശിതമായി വിമർശിക്കുന്നുണ്ട് സിനിമ. ശബരിമലയിലെ സ്ത്രീ പ്രവേശത്തെ ചുറ്റിപ്പറ്റിയുള്ളതാണ്  അതിലൊന്ന്. ലക്ഷ്മീകാന്തന്റെ അവസാനത്തെ വീഡിയോ ഇതിനു കൂടുതൽ ഊന്നൽ നൽകുന്നുണ്ട്. തൊട്ടടുത്ത വീട്ടിൽ വലിയ കയ്യേറ്റവും ലഹളയും നടക്കുമ്പോൾ സർവ്വം നടത്തും നാഥൻ അമ്പലത്തിൽ നിന്ന് ഇറങ്ങി വന്ന് എല്ലാം ശുഭമാക്കുന്നില്ല എന്നത് വരച്ചുകാട്ടുന്നതിന്റെ ഹാസ്യരസത്തിൽ സംവിധായകൻ തന്നെ ചിരിച്ചു രസിയ്ക്കുന്നുണ്ടാവണം. ഒരു പ്രദേശം മുഴുവൻ ശബ്ദമുഖരിതമാക്കി, അതുവഴി സ്വാധീനിച്ച്  സ്വന്തം പൊളിറ്റിക്കൽ കറക്റ്റ്നെസ്സ് നിജപ്പെടുത്താൻ ശ്രമിക്കുന്ന  അമ്പലം  അക്കാര്യത്തിൽ തോറ്റു പോകുകയും വെറും ഐറണി ആയി ഭവിക്കുയും ചെയ്യുന്നു എന്നതാണ് സിനിമ പ്രധാനമായും ധ്വനിപ്പിക്കുന്നത്. ശബ്ദങ്ങളിലൂടെ ഇത് വ്യക്തമാക്കപ്പെടുന്നു എന്നത് ആവിഷ്ക്കാരത്തിലെ പുതുമ തന്നെ.

 

 

  

 

 

   .   

No comments: