Saturday, September 24, 2022

വൈറസ് തളർത്തുന്ന ഡോക്റ്റർമാർ, മരണം പുൽകുന്ന ഡോക്റ്റർമാർ

 

     ഒരു ഡോക്റ്ററുടെ മരണം ലോകത്തോട് ഒരു മഹാമാരി പൊട്ടിപ്പുറപ്പെടുന്നു എന്ന് വിളിച്ചു പറഞ്ഞതോടെയാണ് കോവിഡ് 19 അതിന്റെ ജൈത്രയാത്ര തുടങ്ങിയത്. പുതിയ വൈറസ് മാരകമാണെന്ന് ലോകത്തെ അറിയിച്ചതിനുള്ള ശിക്ഷ ലഭിച്ച ഡോക്റ്ററുമായിരുന്നു ഇത്. വുഹാനിലെ ലി വെൻലിയാങ്. വെറും  33 വയസ്സ്. ഭരണകൂടത്തിന്റെ അനാസ്ഥയും കാപട്യവും ഒരു വൈറസും കൂടി  ചികിൽസിക്കാനൊരുമ്പെടുന്ന ഡോക്റ്ററെ കൊന്നുകളയുക എന്നത് വരാനിരിയ്ക്കുന്ന കെടുതികളുടെ കാഹളവുമായിരുന്നു. ഏകാധിപത്യത്തിന്റെ നാടായ ചൈനയിലാണ് ഇത് നടന്നതെന്ന്  ന്യായം പറഞ്ഞ് തള്ളിക്കളയാനാവില്ല ഈ മരണശിക്ഷ. ഒട്ടും പര്യാപ്തമല്ലാത്ത, ലാഭേച്ഛ മുൻ വിധികൾ തീർക്കുന്ന ആതുരസേവനവ്യവസ്ഥകളും  ഭരണകൂടത്തിന്റെ കെടുകാര്യസ്ഥതയും അവഗണയും ഏറ്റവും കൂടുതൽ ഡോകറ്റർമാരുടെ (നേഴ്സുമാരുടേയും) മരണത്തിനു കാരണമായിട്ടുള്ളത് ജനാധിപത്യത്തിന്റെ നാടായ അമേരിക്കയിലാണ് എന്നതാണ് സത്യം. 

    ചികിൽസിക്കുന്ന ഡോക്റ്റർക്ക് രോഗം പകരുക, അതുമൂലം മരിയ്ക്കുക.-ചരിത്രത്തിൽ പണ്ട് എഴുതപ്പെട്ട് പിന്നീട് കീറിപ്പോയ പേജിലെ വാക്യമാണിത്.. 2020  ആദ്യം ആ അദ്ധ്യായങ്ങൾ വീണ്ടും തുറക്കപ്പെട്ടു.  ക്ഷയരോഗികളെ ചികിൽസിച്ച അല്ലെങ്കിൽ വസൂരി കുകിൽസിച്ച ഡോക്റ്റർ അത് പകർന്ന് മരിയ്ക്കുക എന്നത് ഒരിയ്ക്കൽ സാധാരണമായിരുന്നെങ്കിലും പിന്നീട് പഴങ്കഥയായി മാറിയതാണ്. കോവിഡ്-19 വൈറസ് ചരിത്രത്തെ തീവ്രമായ ഊർജ്ജത്തോടെയാണ് തിരിച്ച് പ്രതിഷ്ഠിച്ചത്.  ഡോക്റ്റർമാർ തന്നെ മരിയ്ക്കുക എന്നത് ലോകത്തെ പല ഇടത്തും സംഭവിച്ചു കഴിഞ്ഞിരിക്കുന്നു. അവർ മാത്രമല്ല, മുൻ നിര ആശുപത്രിപ്രവർത്തകരും മരണത്തിനു കീഴടങ്ങിയിട്ടുണ്ട്. ആശുപത്രികൾ ശ്മശാനങ്ങളിലേക്കുള്ള കവാടമായിത്തീർന്ന വിപരീതപരിണതി. 

                 ഡോക്റ്ററുടെ ധർമ്മമാണ് ചികിൽസിക്കുക എന്നത്, അവരുടെ ജീവനെ പ്രതിസന്ധിയിലാക്കിക്കൊണ്ടുതന്നെ. എഛ് ഐ വി/എയിഡ്സ് പകർച്ചാകാലത്ത് ഇതിനെക്കുറിച്ച് ഏറിയ ചർച്ചകൾ പൊട്ടിമുളച്ചതാണ്. എയിഡ്സ് പിന്നീട് നിയന്ത്രണത്തിൽ ആയപ്പോൾ ഇത് വീണ്ടും അക്കാദമിക്ചർച്ചയിലേക്ക് ഒതുങ്ങി. എന്നാൽ പിന്നീട് വന്ന ഇബോള, സാർസ്, പക്ഷിപ്പനി ഇവയുടെ ഒക്കെ  പൊട്ടിപ്പുറപ്പെടലും തീവ്രപകർച്ചയും ആരോഗ്യപദ്ധതികളെ പരവശവും തടസ്സപൂർണ്ണവുമാക്കുകയും ചെയ്യാൻ വൈറസുകൾക്ക് സാധിയ്ക്കും എന്ന് തെളിയിച്ചു. ധാർമ്മികതയുടെ നിർദ്ദേശനിയന്ത്രണങ്ങളാൽ ചരിക്കപ്പെടാൻ നിയുക്തരായവരാണ് ഭിഷഗ്വരന്മാർ. പൗരധർമ്മപരമായും വൈദ്യശാസ്ത്രപരമായും പകർച്ചവ്യാധികളെ നേരിടുന്ന മാതൃകകൾ കാലാന്തരേണ വ്യവസ്ഥാപനപരമായ ഇടപെടലുകളോടെയും നിവാരണത്തിനും നിരീക്ഷണത്തിനും ആധുനിക പദ്ധതികൾ ഉൾപ്പെടുത്തിയും  മാറിമറിഞ്ഞതിനാൽ നവീകരണങ്ങൾ വന്നു ചേർന്നിട്ടുണ്ട്. മഹാമാരികൾ അകലെയുള്ള ഓർമ്മകൾ മാത്രമായി. എന്നാൽ കോവിഡ്-19 ബാധ ഇതിനൊക്കെ വെല്ലുവിളികൾ ഉയർത്തിക്കൊണ്ട് ഡോക്റ്റർമാരേയും നേഴ്സ്മാരേയും വശംവദരാക്കിയിരിക്കയാണ്.  സർവ്വനാശസൂചകമായ ഭൂദൃശ്യങ്ങൾ ക്വാറന്റൈനിലുള്ള ഡോക്റ്റർമാരെ, അസുഖബാധിതരായ ഡോക്റ്റർമാരെ, മരണത്തിനു കീഴ്പ്പെട്ട ഡോക്റ്റർമാരെ വെളിപ്പെടുത്തുമ്പോൾ അവർ ചുമലിലേറ്റിയ അപായസാദ്ധ്യതയുള്ള ഉത്തരവാദിത്തത്തെ ഓർമ്മിപ്പിക്കുകയാണ്. 

   പലേ രാജ്യങ്ങളിലും നൂറുകണക്കിനു  ഡോക്റ്റർമാരും ആരോഗ്യപ്രവർത്തകരും മരണമടഞ്ഞിട്ടുണ്ട്. അമേരിക്കയിൽ രോഗികളുടെ എണ്ണം കൂടുന്നതനുസരിച്ച് അസുഖം ബാധിച്ച ഡോക്റ്റർമാരുടെ എണ്ണവും കൂടൂകയാണ്. ന്യൂ യോർക് ആശുപത്രികളിലെ ഡോക്റ്റർമാർക്കാണ് കൂടുതൽ മരണവുമായി ബന്ധിക്കേണ്ടി വന്നത്. ന്യൂ യോർക് സംസ്ഥാനത്ത് ആകെ മരിച്ചത് 41,000 കോവിഡ് രോഗികളാണ്. 33,000 ആണ് ഇതെഴുതുമ്പോൾ വരെ കാലിഫൊർണിയയിൽ മരിച്ചത്, ഇന്നു വരെ. അമേരിക്കയാണ് ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ മരിച്ച രാജ്യം.. ഓരോ ആയിരം പേരിലും പുതുതായി രോഗം ബാധിയ്ക്കുന്നവരുടെ എണ്ണം യൂറോപ്പിലേയോ റഷ്യയിലേയോ എണ്ണത്തിന്റെ ഇരട്ടിയാണ്, തെക്കേ അമേരിക്കയിലേക്കാൾ മൂന്നിരട്ടി ആണ്, ഏഷ്യയുടേയും ആഫ്രിക്കയുടേയും  മിക്കഭാഗങ്ങളേക്കാളും അനുപാതക്രമത്തിൽ വൻ കയറ്റങ്ങളുടെ കുന്നിൻ മുകളിലാണ് അമേരിക്കയുടെ സ്ഥാനം.

      രോഗികളുടെ തോത് അനുസരിച്ചാണ് ഡോക്റ്റർമാരും നേഴ്സുമാരും മറ്റ് ആരോഗ്യപ്രവർത്തകർക്കും വൈറസ് ബാധിച്ചിട്ടുള്ളത്, മരിച്ചിട്ടുള്ളത്. അമേരിക്കയിൽ ജനുവരി 2021 വരെ 3200 ഓളം ആരോഗ്യപ്രവർത്തകർ മരിച്ചിട്ടുണ്ട്  ആയിരത്തോളം നേഴ്സുമാരും (മലയാളി നേഴ്സുമാരും ഇതിൽ പെട്ടിട്ടുണ്ട്) 500 ഇൽപ്പരം ഡോകറ്റാർമാരും (മലയാളി ഡോക്റ്റർമാർ ഉൾപ്പെടെ) മരണമടഞ്ഞവരുടെ ലിസ്റ്റിൽ പെടുന്നു, Kaiser Health News-Gaurdian ന്റെ കണക്കു പ്രകാരം.  മലയാളികളിൽ ചില Respiratory therapists ഉം ജീവൻ പൊലിഞ്ഞവരിൽ ഉൾപ്പെടുന്നു.  കടുത്ത മാനസികസംഘർഷങ്ങളാൽ  വിഷാദരോഗം, ഉൽക്കണ്ഠ എന്നിവയ്ക്ക് മരുന്നു കഴിക്കേണ്ടി വന്ന ഡോക്റ്റർമാരുണ്ട്.  അതുകൊണ്ട് തന്നെ തങ്ങളുടെ ലൈസൻസ് റദ്ദാക്കപ്പെടുമോ എന്ന പേടിയുമുണ്ട്. അമേരിക്കയിൽ ആകപ്പാടെ  ഹെൽത് കെയർ സിസ്റ്റെത്തിലെ സന്നിഗ്ധാവസ്ഥയുടെ സ്ഥിരം ഭാഗമായത് നിറുത്തൽ തേടാതതിവർഷം പോലെയുള്ള മാനസികസംഘർഷം (സ്ട്രെസ്) ആണെന്ന് പല ആരോഗ്യപ്രവർത്തകരും നേരത്തെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. കഠോരഗ്ലാനിയിലും ഉൽക്കണ്ഠാകുലതയിലും  അടിഞ്ഞ് പോയവർ ഇക്കൂടെയുണ്ട്, ആശ നഷ്ടപ്പെട്ടവർ, അതിക്ഷീണത്തിൽ തളർന്നവർ ഉണ്ട്. മഹാമാരിയുടെ ആക്രമണത്തോട് പടവെട്ടി ക്ഷീണിച്ച രോഗികളും ബന്ധുക്കാരും പഴിചാരുന്നത് ആരോഗ്യപ്രവർത്തകരെ ആയതുകൊണ്ട് അതിന്റെ വൈഷമ്യങ്ങൾ വേറേ.പലർക്കും അവരുടെ സ്വാസ്ഥ്യത്തിന്റെ മനഃസംഭരണികൾ അടി വറ്റിയതായിട്ടുണ്ട്, ഒന്നും ഇനി ആർക്കും നൽകാനില്ല എന്ന വ്യർത്ഥബോധവും പിടി കൂടിയിട്ടുണ്ട്.  ഡോക്റ്ററോ നേഴ്സോ ആണെന്നറിഞ്ഞാൽ സമൂഹം അവരെ പാടേ അകറ്റുന്ന സ്ഥിതി വിശേഷം ഉള്ളതിനാൽ ഒറ്റപ്പെട്ടു പോകുന്നതിന്റെ വ്യഥ അനുഭവിക്കുന്നവർ ഏറെ.  1000 പേർ മരിച്ചപ്പോൾത്തന്നെ അവനവനെ രക്ഷിച്ചെടുക്കാനുള്ള സാമഗ്രികളോ സംവിധാനമോ വേണ്ടവിധം ഇല്ലെന്നുള്ളത് മനസ്സിലാക്കി ആ ചിന്തയാൽ പാടെ തളർത്തപ്പെട്ടവരാണിവർ. 400,000 പേരാണ് അമേരിക്കയിൽ ആകെ മരിച്ചിട്ടുള്ളത്. ഈ മരണങ്ങളൊക്കെ ഒരു ഡോക്റ്റരിന്റേയോ നേഴ്സിന്റേയോ റിപോർട് തയാറാക്കലിൽക്കൂടി കടന്നു പോയിട്ടുള്ളതാണ്. ആ സമയത്തെ അവരുടെ മാനസികനിലയെപ്പറ്റി ആലോചിയ്ക്കാൻ നമുക്ക് അധികം സമയം കിട്ടിയിട്ടില്ല എന്നതാണ് സത്യം. ആരോഗ്യപ്രവർത്തകരിൽ ഏൽപ്പിക്കപ്പെടുന്ന കടുത്ത മാനസികാഘാതം സമൂഹത്തിൽ നീണ്ട കാലത്തേയ്ക്ക് അനുരണനങ്ങൾ സൃഷ്ടിയ്ക്കാൻ പോന്നതാണെന്നുള്ള അറിവ് ഇപ്പോൾ അത്യാവശ്യമായി വന്നിരിക്കയാണ്. 

 AMA (അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ) പ്രെസിഡെന്റ് ഡൊ. സൂസൻ ബെയ്ലി  പറയുന്നതിങ്ങനെ: ഒരുപാട് ഫിസിഷ്യൻസും നേഴ്സുകളും ആരോഗ്യപ്രവർത്തകരും നമ്മുടെ രോഗികളെ ചികിൽസിച്ചുകൊണ്ടിരിക്കുമ്പോൾത്തന്നെ  മരിച്ചു കഴിഞ്ഞിരിക്കുന്നു.പബ്ലിക് ഹെൽത് ഒഫീഷ്യൽസിനെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയും ഭയപ്പെടുത്തിയും  പലരേയും ജോലി രാജിവെക്കാനോ റിറ്റയർ ചെയ്യാനോ പ്രേരിപ്പിച്ചിട്ടുണ്ട് ചില രോഗികളും ബന്ധുക്കാരും. മുൻ നിര ആരോഗ്യപ്രവർത്തകർ എല്ലാവരും വിശ്രമരഹിതമായയും  അതീവ മാനസികസംഘർഷങ്ങൾ അനുഭവിച്ചും കോവിഡ്-19 ഇന്റെ വേലിയേറ്റങ്ങളോട് പൊരുതിയവരാണ്. രോഗികളുടെ എണ്ണം കൂടാൻ പോകുകയാണ്-വളരെവേഗം പടരുന്ന മഹാമാരി തീവ്രസമ്മർദ്ദം ചെലുത്താൻ പോകുകയാണ് ഇപ്പോൾത്തന്നെ നിറഞ്ഞുകവിയുന്ന ആശുപത്രികളുടെ മേലും മുൻ നിരയിൽ പ്രവർത്തിയ്ക്കുന്ന ആരോഗ്യപ്രവർത്തകരുടെ മേലും. 

എന്നും വീട്ടിൽ പോകുമ്പോൾ കൂടെ വരുന്നത് മരണം

   ഡിസംബറിലെ ന്യൂ യോർക് റ്റൈംസ് ഡോക്റ്റർമാരുടേയും നേഴ്സുമാരുടെയും മാനസികാഘാതത്തിന്റെ വ്യാപ്തിയും ആഴവും  വസ്തുചിത്രപരമായി ആലേഖനം ചെയ്തിട്ടുണ്ട്. ഹ്യൂസ്റ്റണിലെ ബെയ്ലർ കോളേജ് ഓഫ് മെഡിസിനിലെ ഡോക്റ്റർ ഗാർണർ നിത്യപേടിയിലാണ്. ആശുപത്രിയിൽ നിന്ന് വീട്ടിൽ കൊണ്ടെ കൊടുത്തത് കോവിഡ് ബാധയാണ്: 3 വയസ്സായ കുഞ്ഞിനും ഭാര്യയ്ക്കും കൈക്കുഞ്ഞായ മകൾക്കും.  ഓരോ പുതിയ കോവിഡ് രോഗിയെ പരിചരിയ്ക്കുമ്പോഴും പേടികൊണ്ട് വിറയ്ക്കുകയാണ് ഡോ. ഗാർണർ. ഒരു കുഞ്ഞ് കൊവിഡ് ആക്രമണത്താൽ മരിച്ചു എന്ന് ദുഃസ്വപ്നം കാണുകയാണ്.  കൊളറാഡോയിലുള്ള ഡോ.ഷാനൻ റ്റാപിയ മേയ് മാസം വരെ മരിച്ചു പോകുന്നവരുടെ എണ്ണം എടുത്തിരുന്നു. അതിനു ശേഷം അത് ഞാൻ നിറുത്തി അവർ പറയുന്നു. ഗുരുതരമായ അസുഖമില്ലാത്തവരെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യാത്തതുകൊണ്ട് അവർ വീട്ടീൽ പോകുന്നു പെട്ടെന്ന് അസുഖം തീക്ഷ്ണമാകുന്നു, മരിയ്ക്കുന്നു. ഡോ. റ്റാപിയയുടെ ശിശ്രൂഷയിലുണ്ടായിരുന്ന നാലു പേർ ഒരുദിവസം 5മണിയ്ക്കും 8 മണിയ്ക്കും ഇടയ്ക്ക് മരിച്ചു. ഞാൻ തോറ്റുപോകുകയാണെന്ന് എനിക്ക് തോന്നുന്നു. കഴിഞ്ഞ എട്ടു മാസം എന്നെ പൊട്ടിച്ചു കളഞ്ഞിരിക്കുന്നു അവർ പറയുന്നു. ന്യൂയോർക്കിലെ പ്രെസ്ബൈറ്റീരിയൻ ഹോസ്പിറ്റിലലിലെ ഡോ. ഗിൽമാൻ മരിയ്ക്കുന്ന രോഗികളുടെ ബന്ധുക്കളെ ഫോൺ വിളിയ്ക്കാൻ പേടിയ്ക്കുകയാണ്. മരണപ്പെടുന്നവരുടെ അടുത്തെത്താനൊ അവരെ കാണാനോ വയ്യാതാകുന്നവരുടെ ദയനീയ കരച്ചിലുകളും ഞരക്കങ്ങളും കേട്ട് അദ്ദേഹം തളർന്നു പോയിരിക്കുന്നു, സ്ഥിരം വിഷാദവാനായിരിക്കുന്നു. രാത്രിയിൽ  കണ്ണീരണിഞ്ഞ് ഞാൻ വീട്ടിലെത്തുന്നു, തളർന്ന് വീഴുന്നു ഡോ. ഗിൽമാൻ പറഞ്ഞു. 

 ശിഖ ദാസ് ന്യൂയോർക്കിലെ മൗണ്ട് സൈനയ് ആശുപത്രിയിലെ  എമെർജെൻസി മുറിയിലെ നേഴ്സാണ്. മാർച് പകുതിയായപ്പോൾത്തന്നെ 15 രോഗികളെ പരിചരിക്കാൻ 8 നേഴ്സുകൾ പോരാതെ വന്നിരുന്നു. പിന്നെപ്പിന്നെ രോഗികളുടെ എണ്ണം കൂടിക്കൊണ്ടിരുന്നു. ആവശ്യത്തിനു വെന്റിലേറ്ററുകളും ഇല്ല. കൃത്രിമശ്വാസോച്ഛ്വസം നൽകാൻ നെഞ്ച് അമർത്തുമ്പോൾ വാരിയെല്ലുകൾ ഒടിയുന്ന ശബ്ദം കേട്ട് ഞെട്ടിത്തരിക്കുകയേ നിവൃത്തിയുള്ളു. പരിചയമുള്ളവരും ഇതിൽപ്പെടും. പലപ്പോഴും വീട്ടിൽ പോകുന്ന വഴി കാർ നിറുത്തി പൊട്ടിക്കരഞ്ഞിട്ടുണ്ട്, കൂട്ടുകാരിയെ വിളിച്ച് സ്വാന്തനം തേടിയിട്ടുണ്ട്. ശിഖ ദാസിനു സ്വസ്ഥത തീരെയില്ല. 

   ഡോ എബണി ഹിൽറ്റണു പറയാനുള്ളത്

 ആരെങ്കിലും മരിയ്ക്കുക എന്നത് സ്ഥിരമായിക്കഴിഞ്ഞിരിക്കുന്നു. പക്ഷേ പേടി എന്നെ കീഴ്പ്പെടുത്താൻ ഞാൻ സമ്മതിയ്ക്കുന്നില്ല ഡോ. ഹിൽറ്റൺ പറയുന്നു. യൂണിവേഴ്സിറ്റി ഓഫ് വിർജിനിയ ആശുപത്രിയിൽ 600 കിടക്കകൾ സജ്ജമാണെങ്കിലും ഒരേ ഒരു അനെസ്തെസ്യോളജിസ്റ്റ് ഇവർ മാത്രമേ ഉള്ളു.

 Intubate ചെയ്യുക (വെന്റിലേറ്റർ രോഗികളിൽ ഘടിപ്പിക്കുക) യാണ് ഡോ. ഹിൽറ്റൺ ധാരാളം ചെയ്യുന്നത്. അത് ചെയ്യുമ്പോൾ അവർ രോഗിയോട് പറയും ഈ ട്യൂബ് ഇടുന്നത് നിങ്ങളുടെ ശരീരം അടഞ്ഞു തുടങ്ങിയതുകൊണ്ടാണ്. ഞാൻ തൊട്ടില്ലെങ്കിൽ നിങ്ങൾ മരിയ്ക്കും, ഞാൻ നിങ്ങളെ തൊട്ടാൽ ചിലപ്പോൾ ഞാൻ മരിച്ചേയ്ക്കും .വെന്റിലേറ്റർ ഇടുക എന്നത് അസുഖകരമായ ഒരു പരിപാടിയാണ്. രോഗിയുടെ നാക്ക് ഒരു വശത്തേയ്ക്ക് മാറ്റി വായ് തുറന്നു പിടിയ്ക്കാനും, തൊണ്ട വ്യക്തമായി കാണാനുമായി ഒരു ലോഹ ഉപകരണം തള്ളിക്കയറ്റി, സ്വനതന്തു ( vocal cord)  ക്കൾക്കിടയിൽക്കൂടി ഒരു ട്യൂബ് ശ്വാസനാളത്തിലേക്ക് തള്ളിക്കയറ്റുകയാണ്. ഡോ. ഹിൽറ്റൺ മാർച്ചിൽ ഇത് ചെയ്യുമ്പോൾ പിന്നീട് ഒരു ദിനചര്യയായി മാറാൻ പോവുകയാണെന്ന് വിചാരിച്ചതേ ഇല്ല. ഫെബ്രുവരിയിൽ ആദ്യത്തെ കോവിഡ് മരണം പ്രഖ്യാപിച്ചു കഴിഞ്ഞപ്പോൾത്തന്നെ ഡോ ഹിൽറ്റൺ സി ഡി സി (  സെന്റർ ഫോർ ഡിസീസ് കണ്ട്രോൾ  ) യെയും WHO യേയും അറിയിച്ചു, കറുത്തവർഗ്ഗക്കാരും ഹിസ്പാനിക്കുകളും മരിക്കാനുള്ള അധിക സാദ്ധ്യതകളെക്കുറിച്ച്. ആ കണക്കുകൂട്ടൽ തെറ്റിയില്ല, അമേരിക്കയിൽ ഏറ്റവും കൂടുതൽ മരണം സംഭവിച്ചിരിക്കുന്നത് ഇവർക്കാണ്. 

  ഡോ. ഹിൽറ്റന്റെ വെല്ലുവിളികൾ വേറൊരു വഴിക്ക് തിരിഞ്ഞത് ന്യൂ യോർക്കിലെ പ്രെസ്ബൈറ്റീരിയൻ ആശുപത്രിയിൽ എമെർജെൻസി വിഭാഗത്തിൽ ജോലി ചെയ്തിരുന്ന ഡോ ലോർണ ബ്രീൻ സൈക്കിയാട്രി വാർഡിൽ അഡ്മിറ്റ് ആയപ്പോഴാണ്. ന്യൂ യോർക്കിൽ കോവിഡ് വൈറസ് തേർവാഴച്ച നടത്തിയപ്പോൾ ദിവസ്ം 18 മണിക്കൂർ ജോലി ചെയ്തവരാണ് ഡോ. ബ്രീൻ. അവർക്കും കോവിഡ് ബാധയുണ്ടായി, വീട്ടിൽ താമസിച്ച് അത് ഭേദമാക്കുകയാണുണ്ടായത്. ഏപ്രിൽ 1 ഇനു തിരിച്ച് അവർ ജോലിയ്ക്ക് കയറി. ന്യൂയോർക്കിലെ നിരവധി ഡോക്റ്റർമാർ കോവിഡ് ബാധയ്ക്ക് അടിമപ്പെട്ടപ്പോൾ രണ്ട് ആശുപതികളിലെ എമെർജെൻസി വാർഡുകളിൽ അവർ ജോലി ചെയ്തു. പക്ഷേ മാനസികമായി അവർ തളർന്നു പോയിരുന്നു. ഒരു ദിവസം രാവിലെ കിടക്കയിൽ നിന്ന് എഴുനേൽക്കാൻ പോലും പറ്റാതെ ഡോ. ബ്രീൻ സഹോദരിയെ വിളിച്ച് കരഞ്ഞു. അച്ഛനും ഭർത്താവും അവരുടെ സ്വന്തം നാടായ വിർജീനിയയിലെ ഷാർലോട്സ്വില്ലിൽ എത്തിച്ചു, ഡോ ഹിൽറ്റൺ ജോലി ചെയ്യുന്ന ആശുപത്രിയിലെ സൈക്കിയാട്രി വാർഡിൽ. ഒരു സാൽസ നർത്തകിയും ചെല്ലോ വാദകയും ആയ ഡോ. ബ്രീൻ മാരത്തോൺ ഓട്ടക്കാരിയാണ്. ഓടിയ്ക്കുന്ന കാർ പോർഷെ ആണ്. എം ബി എ പാസ്സാകാനുള്ള തയാറെടുപ്പിലുമാണ്.ജീവിതത്തെ ധൈര്യമായി നേരിട്ട് ഉല്ലാസപ്രദമായ ആത്മാംശം സ്വായത്തമാക്കിയ ഡോക്റ്റർ.പക്ഷേ സൈക്കിയാട്രി വാർഡിൽ  അവർ തളർന്നു കിടന്നു, ഡോക്റ്ററായി പ്രാക്റ്റീസു ചെയ്യാനുള്ള ലൈസൻസ് നഷ്ടപ്പെടുമോ എന്ന് പേടിച്ചു. മാനസിക പ്രശ്നമുള്ള ഡോക്റ്റർമാരുടെ ലൈസൻസ് നഷ്ടപ്പെടാറുണ്ട് പലപ്പൊഴും. സഹോദരിയും ഭർത്താവും സാന്ത്വനമായി കൂടെ ഉണ്ടായിരുന്നു സദാ.  കുറച്ചു ഭേദമായതിനാൽ ഏപ്രിൽ അവസാനത്തെ ശനിയാഴ്ച അവർ ഡോ ബ്രീനിനെ സ്വന്തം വീട്ടിലേക്ക് കൊണ്ടു പോയി.      

പിറ്റേ ദിവസം ഡോ ബ്രീൻ ആത്മഹത്യ ചെയ്തു.

ഒരു മഹാമാരിയെ വേണ്ടവിധം നേരിടാൻ തയാറാകാത്ത രാജ്യത്തിന്റെ രക്തസാക്ഷി കൂടിയായിരുന്നു ഡോ. ബ്രീൻ 

  അമേരിക്കൻ ഹെൽത് കെയർ സിസ്റ്റെത്തിലെ വൻ ഓട്ടകളിൽക്കൂടി അഗാധതയിലേക്ക് നിപതിച്ചവരിൽ ഒരാളാണ് ഡോ. ബ്രീൻ. ഇതു പോലെ പലേ നേഴ്സുമാരും. ഉചിതമായ എണ്ണത്തിൽ ഡോക്റ്റർമാർ ഇല്ലാതെ പോവുമ്പോൾ ഉള്ള ഡോക്റ്റർമാർ കൂടുതൽ പണിയെടുക്കയാണ്, കൂടുതൽ മരണങ്ങൾ ദിവസവും അനുഭവിക്കയാണ്. മുഴുവൻ പ്രൈവറ്റ് ആശുപത്രികളാണ് അമേരിക്കയിൽ. സാമ്പത്തികമാന്ദ്യവും വന്നുഭവിച്ചതോടെ ചെലവ് കുറയ്ക്കാൻ അവർ ബാദ്ധ്യസ്ഥരായി, ജീവനക്കാർക്ക് ശമ്പളം കൊടുക്കാനുള്ളതും ആശുപത്രി നടത്തിപ്പിനുള്ളതുമായ ധനം സ്വരൂക്കൂട്ടണമെങ്കിൽ ഇത് ആവശ്യമെന്ന നില വന്നു. സി ഇ ഓമാർക്ക് പോലും ശമ്പളം കൊടുക്കാൻ പറ്റാതായി. ഫിസിഷ്യൻസ് അസിസ്റ്റന്റ്സിനേയും നേഴ്സുമാരേയും ഐ സി യുവിലെ ഡോക്റ്റർമാർക്ക് പകരം ഡ്യൂടിക്ക് നിയോഗിക്കേണ്ടി വന്നു. അവരുടേ ജോലി ഭാരം ഇരട്ടിച്ചു. പലരേയും പിരിച്ചു വിടേണ്ടി വന്നു. ലാഭം എന്നതിൽ ആധാരമാക്കിയ വ്യവസ്ഥിതിയിൽ ഇത് ഒഴിവാക്കാൻ പറ്റാത്തതാണ്. കൂടുതൽ രോഗികളെ അഡ്മിറ്റ് ചെയ്യാൻ വേണ്ടി കഫെറ്റീരിയകളും ഇടനാഴികളും ഒക്കെ വാർഡുകൾ ആക്കി മറ്റേണ്ടി വന്നു.ആശുപത്രിസാമഗ്രികളുടെ ദൗർലഭ്യം ഇതിന്റെ തീവ്രതയ്ക്ക് ആക്കം കൂട്ടി. രോഗി മരണപ്പെടുമ്പോൾ ആത്യന്തികമായ ഉത്തരവാദിത്തം ഡോക്റ്ററിൽ നിക്ഷിപ്തമാണെന്ന പൊതുബോധം നിലനിൽക്കുന്നിടത്തോളം ഡോക്റ്റർമാർക്ക് രൂക്ഷമായ മാനസികത്തളർച്ച വരിക എന്നത് സ്വാഭാവികമായി മാറുന്നു.  സർവ്വജനബന്ധിയായ ആരോഗ്യപാലനം (Socialized medicine) തെല്ലുമില്ലാത്ത രാജ്യത്ത് ലാഭം നേടുക എന്നത് മുൻ പരിഗണന നേടുകയും മനുഷ്യജീവന്റെ വില പാടേ കുറയുകയും ചെയ്യുന്നത് സ്വഭാവികം. ആകസ്മികമായി വന്നുകയറിയ മഹാമാരിയുടെ ചികിൽസാപദ്ധതിയിൽ വന്ന പിഴവുകൾക്ക് വലിയ വില കൊടുക്കേണ്ടി വന്നത് രോഗികളടോപ്പം ഡോക്റ്റർമാരും നേഴ്സുമാരുമാണ്.   

  ആരോഗ്യപരിപാലനം സ്വകാര്യസ്ഥാപനങ്ങൾക്ക് വിട്ടുകൊടുത്തിട്ടുള്ള രാജ്യത്ത് ഭരണകൂടത്തിനു അധികം ഉത്തരവാദിത്തങ്ങളൊന്നുമില്ല.  ഡോക്റ്റർമാരുടേയും നേഴ്സുമാരുടേയും  മരണത്തിൽ യാതൊരു പങ്കുമില്ലെന്ന അവസ്ഥ ഏറ്റവും മാന്യമായ തൊഴിലെന്ന് പേരു കേൾപ്പിച്ചിട്ടുള്ള ആതുരസേവനത്തെ നികൃഷ്ടനിലവാരത്തിലേക്ക് താഴ്ത്തുകയാണ്. കോവിഡ്-19 വ്യാധി അടങ്ങിയൊതുങ്ങിക്കഴിഞ്ഞാലും അതിനു ശേഷവും മാനസിക ആഘാതമേറ്റ ഡോക്റ്റർമാരും നേഴ്സുമാരും ധരാളം മിച്ചം നിൽക്കുന്ന സമൂഹാവസ്ഥ ഭീതിദമാണ്.

 

References

  1. Lippi D., Bianucci R. and Donell S. Role of doctors in epidemics: historical perspectives and implications. Internal and Emergency Medicine  15: 883-884, 2020
  2. Wright L. The plague year-The mistakes and the struggles behind an American tragedy. The New Yorker Jan 4, 2021,

3.      Wu K. J. Covid Combat Fatigue: ‘I Would Come Home With Tears in My Eyes”.                    The New York Times Nov 25, 2020

  1. Green A. A tribute to some of the doctors who died from Covid-19.   The Lancet 396:1720-1729, 2020

.  

2 comments:

സുധി അറയ്ക്കൽ said...

എന്തോരു നഷ്ടം. എന്തൊരു കഷ്ടം

Anonymous said...

Very relevant topic . Thanks for the concern