Sunday, September 4, 2022

ആഴത്തിൽ തറച്ച ട്രമ്പിസം-അമേരിക്കൻ തെരഞ്ഞടുപ്പ് തെര്യപ്പെടുത്തുന്നത്

 

       ജോസഫ് ബൈഡൻ ജയിച്ചത് 75 മില്ല്യൺ വോട്ടുകളോടെയാണ്.  ഏകദേശം 5 മില്ല്യൻ പൗരരാണ് ഡോണൾഡ് ട്രമ്പിനേക്കാൾ ബൈഡനു വോട്ടു ചെയ്തത്. ചില സംസ്ഥാനങ്ങൾ  റിപബ്ലിക്കൻ പാർടിയിൽ നിന്ന് തിരിച്ചു പിടിയ്ക്കുകയും ചെയ്തിട്ടുണ്ട്. അമേരിക്കയിൽ ആദ്യമായി ഒരു സ്ത്രീ വൈസ് പ്രസിഡന്റ് ആയി എത്തിയിട്ടുണ്ട്, അതും പകുതി ഇൻഡ്യക്കാരിയും പകുതി ജെമൈക്കൻ കറുത്തവർഗ്ഗക്കാരിയും ആയവൾ. കമല ഹാരിസ് അമേരിക്കൻ ന്യൂനപക്ഷത്തിന്റെ വിജയസൂചനയും വിപ്ലവലക്ഷണവുമാണ്.  ഇരുവരും കഴിഞ്ഞ നാലുകൊല്ലം കൊണ്ട് വന്നുഭവിച്ച കെടുതികൾക്ക് പരിഹാരങ്ങൾ ചെയ്യും എന്ന് പ്രഖ്യാപിക്കുകയും ചെയ്തു. കോവിഡ്-19 വൈറസ് ബാധയെ വരുതിയിലാക്കേണ്ടിയിരിക്കുന്നു, വിഘടിക്കപ്പെട്ട ജനതയെ ഒത്തുചേർക്കേണ്ടിയിരിക്കുന്നു എന്ന് വിജയാഹ്ലാദങ്ങൾക്കിടയിൽ ബൈഡനും കമലയും ബോധ്യപ്പെടുത്തിയിട്ടുമുണ്ട്. എളുപ്പമല്ല ഇത് എന്ന് അവർക്കും നമ്മൾക്കും അറിയാം. രാജ്യത്തിന്റെ ആത്മാവിനേറ്റ മുറിവ് ശമിപ്പിച്ച് സുഖപ്പെടുത്തേണ്ടതുണ്ട് എന്ന ബൈഡൻ വാക്യം ആശ്വാസമരുളുന്നതുമാണ്. 

      എന്നാൽ ലോകത്താകമാനം പേരേയും അദ്ഭുതപ്പെടുത്തുന്നതും പലരേയും നിരാശരാക്കുന്നതും  പ്രെസിഡന്റ് ട്രമ്പിനു  70 മില്ല്യൻ അനുഭാവികളെ ലഭിച്ചു  എന്നതാണ്. അമേരിക്കയുടെ ഭാവിയെ സംബന്ധിച്ച് ആകുലതകൾ ഏറേയാണ് ഈ അപ്രിയസത്യം സംഭാവന ചെയ്തിരിക്കുന്നത്. വോട്ടു ചെയ്തവരിൽ ഏകദേശം പകുതിയാണിത്. രണ്ട് വ്യക്തികൾ തമ്മിലോ രണ്ട് രാഷ്ട്രീയ പാർടികൾ തമ്മിലോ ഉള്ള         പതിവ് മൽസരം പോലെ അല്ലാതെ, വൈറ്റ് ഹൗസ് കണ്ടിട്ടില്ലാത്തവിധം മര്യാദകെട്ടരീതിയിൽ പെരുമാറിയ ഒരു പ്രെസിഡന്റിനു ജനസമ്മതി നഷ്ടപ്പെട്ട് കാണണം എന്ന് അമേരിക്കക്കാർ മാത്രമല്ല ലോകജനത മുഴുവൻ തന്നെ വിശ്വസിച്ച ഘട്ടമാണിത്. കോവിഡ് മഹാമരിയെ നിസ്സാരവൽക്കരിച്ച് അതിനെ നേരിടാനുള്ള വഴികൾ ആവിഷ്ക്കരിക്കാതെ ഏറ്റവും കൂടുതൽ ആൾക്കാർ മരിച്ച രാജ്യമായി അമേരിക്കയെ മാറ്റുക,ആഭ്യന്തരകലാപത്തിനു ആഹ്വാനം ചെയ്യുന്ന മട്ടിലുള്ള പ്രസ്താവനകൾ നടത്തുക,വംശീയമായ ആക്രോശങ്ങൾ വെളിവില്ലാത്തവണ്ണം പുറപ്പെടുവിക്കുക, ശാസ്ത്രത്തിനും ശാസ്ത്രജ്ഞർക്കും എതിരെ തീക്ഷ്ണ നിലപാടുകൾ കൈക്കൊള്ളുക എന്നിങ്ങനെ ഒരു നിര ദുഷ് പ്രവർത്തികൾ ഉളുപ്പില്ലാതെ ചെയ്തു കൂട്ടിയ ഒരു നേതാവിനെ പ്രോൽസാഹിപ്പിക്കാൻ വോടർമാരിൽ പകുതിയോളം തയാറാവുക എന്നത് പ്രബുദ്ധർ എന്ന് ലോകം വാഴ്ത്തപ്പെടാറുള്ള അമേരിക്കൻ സമൂഹത്തിനെസ്സംബന്ധിച്ച് ആരും പ്രതീക്ഷിച്ചതല്ല. ഇത്തവണത്തെ തെരഞ്ഞെടുപ്പ് അതുകൊണ്ടു തന്നെ അമേരിക്കൻ സാമൂഹ്യനീതിയുടെ, രാഷ്ട്രീയചിന്തകളുടെ വർത്തമാനചിത്രം എത്ര വികലമാണെന്ന് തെളിയിക്കപ്പെട്ട വേളയാണ്. 

     ജനവിരുദ്ധവും മനുഷ്യവിരുദ്ധവുമായ പ്രവർത്തികൾ കൊണ്ടും വാചാടോപങ്ങൾ കൊണ്ടും വെറുപ്പ് ഏറ്റുവാങ്ങിയ പ്രസിഡന്റ് ദയനീയമായി പരാജയപ്പെടുമെന്ന് കരുതിയവരെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുന്നത് ട്രമ്പിന്റെ വ്യക്തിപരമായ കാര്യത്തെക്കാളും അമേരിക്കൻ ജനതയുടെ ഒരു വലിയ ഭാഗം  വൻ തോതിൽ അങ്ങേയറ്റം വലതു ഭാഗത്തേയ്ക്ക് നീങ്ങിയിരിക്കുന്നു എന്ന സത്യമാണ്. വംശവെറിയും പിന്തിരിപ്പൻ ആശയങ്ങളും അശാസ്ത്രീയതയും അന്ധവിശ്വാസങ്ങളും പൂണ്ടുവിളയാടുന്ന നാടാണ് പ്രബുദ്ധജനതയുടെ കേദാരം  എന്ന് ലോകം വിശ്വസിച്ച അമേരിക്ക എന്നത് തെളിഞ്ഞിരിക്കയാണ്. രാജ്യത്തിന്റെ ഭരണാധികാരി തന്നെ ഉണർത്തി വിട്ട ഇടുങ്ങിയ ചിന്താഗതി  കൂടു തുറന്നു പുറത്തു ചാടി വ്യാപകമാനങ്ങൾ നേടുകയും സമത്വസുന്ദരസ്വതന്ത്രരാഷ്ട്രം എന്ന് പേരുകേൾപ്പിച്ച വൻ ഭൂദൃശ്യത്തെ മലിനമാക്കുകയും ചെയ്തിരിക്കുന്നു എന്നത് തീർച്ചയായും ആശങ്കാകുലമാണ്. . വംശവിദ്വേഷം തുറന്നു പ്രകടിപ്പിക്കുകയും ആ ചിന്ത ആളിക്കത്തിയ്ക്കുകയും ചെയ്ത ആൾ, കു ക്ലക്സ് ക്ലാനെ (Ku Klux Klan)പ്പോലും സമർത്ഥിച്ചയാൾ, തികച്ചും സ്ത്രീവിരുദ്ധൻ, സ്ത്രീവിഷയത്തിൽ കേസുകൾ നിലവിലുള്ളയാൾ എങ്ങനെ എഴുപതിൽക്കൂടുതൽ മില്ല്യൺ വോട്ടുകൾ നേടിയെടുത്തു എന്നത് അമേരിക്കയുടെ രാഷ്ട്രീയബോധത്തെക്കുറിച്ച്  ആഴത്തിലുള്ള വിശകലനം ആവശ്യമാക്കുകയാണ്.  ഇത് തെല്ലെങ്കിലും നിർവ്വീരീകരിക്കാൻ സാദ്ധ്യമാണോ എന്ന അന്വേഷിക്കുക പുതിയ ഭരണകൂടത്തിന്റെ ദുഷ്ക്കര വെല്ലുവിളിയും ആയിരിക്കയാണ്.  ഇത്രയും വലിയ ഒരു പൗരാവലി വംശവെറിയുടേയും തിരസ്കാരചിന്തയുടേയും വെറുപ്പിന്റേയും ആന്തരചിഹ്നങ്ങൾ പേറുന്നവരും ആധുനിക സമൂഹപ്രകൃതിയ്ക്ക് പുറം തിരിഞ്ഞു നിൽക്കുന്നവരും ആണെന്ന അപ്രിയസത്യം ഇന്ന് അതിന്റെ എല്ലാ പ്രാകൃതത്വത്തോടും കൂടി അംഗീകരിച്ചേ മതിയാവൂ എന്ന നിലയിലാണ്. ഇത് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിനു സംഭവിച്ചിരിക്കുന്നു എന്നത് പ്രദർശിതമാക്കിയത് ഈ തെരഞ്ഞെടുപ്പാണ്. ചരിത്രപരമായി ഈ തെരഞ്ഞെടുപ്പിന്റെ സാംഗത്യവും ഈ വെളിപാടാണ്. 

 

  വരേണ്യവർഗ്ഗത്തിനു  ചരിത്രം വച്ചുകൊടുത്ത ഭാരം

            വളരെ പെട്ടെന്ന് പൊട്ടിമുളച്ചതല്ല  ഈ ബ്രഹുത്തായ പിൻ തിരിപ്പൻ സമൂഹം. പുരോഗമിക്കാൻ വിസമ്മതിയ്ക്കുന്ന ഒരു വിഭാഗം എന്നും ഉണ്ടായിരുന്നു അമേരിക്കയിൽ. ഭരണകൂടവും ജനങ്ങളും തമ്മിലുള്ള ദീർഘകാലത്തെ വിനിമയങ്ങളാലും ഇടപെടലുകളാലും ഒത്തുതീർപ്പുകളാലും ആണ് അമേരിക്കൻ സമൂഹം മറ്റു പല രാജ്യങ്ങൾക്കൊപ്പമെത്തി മനോനിലയിലുള്ള ഉന്നമനം സാധിച്ചെടുത്തത്. പ്രക്ഷോഭങ്ങൾ മാത്രമല്ല യുദ്ധങ്ങൾ വരേ ഉടലെടുത്തിട്ടുണ്ട് ഇതിനു വേണ്ടി സിവിൽ വാർ ഒരു ഉദാഹരണം.  പക്ഷേ തോക്ക് കൊണ്ട് കാര്യം നേടാൻ പഠിച്ചവരുടെ തലച്ചോറിൽ അതിന്റെ ചെളി ഊറിക്കൂടിയത് മുഴുവനും കഴുകിക്കളയാൻ സാധിച്ചിട്ടില്ല.. ജനാധിപത്യത്തിൽ അടിയുറച്ചുകൊണ്ട് ചിട്ടപ്പെടുത്തിയ ഭരണസംവിധാനത്തിൽ എന്നും വിധ്വംസനത്തിന്റെ അംശം ഉണ്ടായിരുന്നു. ജോർജ്ജ് വാഷിങ്ടന്റെ കാലത്ത് പോലും തോക്കെടുത്ത് അന്യോന്യം വെടിവച്ച് കാര്യങ്ങൾ തീരുമാനിക്കപ്പെടുന്ന രീതി നിലവിലുണ്ടായിരുന്നു എന്ന് അലക്സാണ്ടർ ഹാമിൽട്ടന്റെ ജീവിതകഥ നമ്മോട് പറയുന്നുണ്ട്. കഴിഞ്ഞവർഷം ഏറേ പ്രശസ്തി നേടിയ ബ്രോഡ് വേ ഷോ ആയ ഹാമിൽടൺ വിശദമായി ആവിഷ്ക്കരിച്ചിട്ടുണ്ട് ഇത്. അടിമവ്യാപാരം തൊഴിലാക്കിയവർക്ക്    ആധുനികചിന്തയിലേക്കും ജീവിതരീതികളിലേക്കും പ്രവേശിക്കാൻ പ്രയാസം അനുഭവപ്പെട്ടു, അങ്ങനെ ഒരു ജനത എന്നും അമേരിക്കയിൽ ഉണ്ടായിരുന്നു. ലോകത്ത് ആധുനികതകുടിയേറിത്തുടങ്ങിയിട്ടും  ഈ മാനസികനില ഉള്ളിൽ അടിഞ്ഞുകൂടിയവർ, സ്ത്രീകൾക്ക് വോട്ടവകാശം നൽകാൻ താമസിച്ചവർ, ഈയിടെ വരെ സ്ത്രീകൾക്ക് തുല്യ വേതനം വേണ്ടെന്ന് നിലപാടെടുത്തവർ ഇങ്ങനെ ചരിത്രം വച്ചുകൊടുത്ത ഭാരങ്ങൾ പേറുന്ന ജനത അമേരിക്കൻ സമൂഹത്തിന്റെ ഭാഗമാണ്.1920 ഇൽ മാത്രമാണ്  എല്ലാ സ്ത്രീകൾക്കും വോട്ടവകാശം ലഭിച്ചത്. അതും വൻ എതിർപ്പോടു കൂടി. 1965 ഇൽപ്പോലും കറുത്തവർഗ്ഗക്കാർക്ക് വോട്ടു ചെയ്യാനുള്ള സ്വാതന്ത്ര്യം കൊടുത്തിരുന്നില്ല. 1964 ഇലെ ഡെമോക്രാറ്റിക് കൺവെൻഷനിൽ കറുത്തവരുടെ സിവിൽ റൈറ്റ്സ് നേതൃത്വം വഹിച്ചിരുന്ന ഫാനി ലു ഹാമെറുടെ അവതരണത്തിനു ശേഷം മിസ്സിസ്സിപ്പിയിൽ വന്ന വെളുത്തവർഗ്ഗ ഡെലിഗേറ്റുകൾ-ഇവർ ഡെമോക്രാറ്റുകളാണ്, ഓർക്കണം- ഒന്നടങ്കം ഇറങ്ങിപ്പോകുകയും തൽക്കാലം മീറ്റിങ് നിറുത്തിവയ്ക്കേണ്ടി വന്നതുമാണ്. അന്ന് പ്രെസിഡെന്റ് ആയിരുന്ന ലിൻഡൻ ബി ജോൺസണും അത്ര അനുഭാവി അല്ലായിരുന്നു എന്നതാണ് സത്യം. അതിനടുത്തകൊല്ലം,1965 ഇൽ വളരെയേറെ സമ്മർദ്ദത്തിനു ശേഷമാണ് കറുത്തവർക്ക് വോട്ടവകാശം നൽകുന്ന ബിൽ ഒപ്പുവച്ചത്. ഇന്നത്തെ ഡെമോക്രാറ്റിക് പാർടി വളരെയേറെ വർഷങ്ങളിലെ നവീകരണത്തിനു വശംവദരായ ശേഷമാണ് വിശാലഹൃദയം കൈവരിച്ചത് എന്നത് ഇപ്പോൾ സംഗതമാണ്. അമേരിക്കൻ സമത്വബോധം വളരെ ആധുനികമാണ്, സമ്മതിച്ചേതീരൂ.

 

     കൊന്നും കൊല്ലിച്ചും രാജ്യം നിർമ്മിച്ചെടുത്തവരുടെ തലമുറകളുടെ ചിത്രങ്ങൾ, പാരമ്പര്യം ഒന്നും അവകാശപ്പെടാനില്ലാത്ത സാമൂഹിക ചരിത്രം ഒക്കെ അമേരിക്കൻ വായനശാലയിൽ തുറന്നിരിക്കുന്ന പുസ്തകങ്ങളിലേതാണ്. ഗുണദോഷങ്ങൾ സമീകരിക്കുന്ന ആഖ്യാനങ്ങളടങ്ങിയ മിത്തുകൾ ഒന്നും ഇല്ലാത്ത ആധുനിക ലോകം. യൂറോപ്പിൽ നിന്ന് വന്നവരാണെങ്കിലും സാഹസികരും ഭാഗ്യന്വേഷകളുമാണ് കൂടുതൽ കുടിയേറിയത് ഇവിടെ. ചിന്തകരേയോ കലകാരന്മാരെയോ  സാഹിത്യകാരന്മാരെയോ പുതുപാരമ്പര്യത്തിൽ ഉൾപ്പെടുത്താൻ പറ്റാതെ പോയവരുടെ പിൻ തുടർച്ചക്കാരാണ് രാജ്യത്തിനു അടിത്തറയിട്ടത് എന്നത് ഒരു കുറച്ചിലായിക്കാണേണ്ടതില്ലെങ്കിലും അതിന്റെ ദോഷങ്ങൾ ഇവിടെ ആഴത്തിൽ വേരോട്ടം നടത്തിയിട്ടുണ്ട്. ഒരു പാട് വർഷങ്ങളിലെ പ്രയത്നം വേണ്ടി വന്നു ലോകത്തെ ഏറ്റവും ഉദാത്തമായ ജനാധിപത്യം നിർമ്മിച്ചെടുക്കാൻ. ഏറ്റവും മേന്മയേറിയ വിദ്യാഭ്യാസ സ്ഥാപനങ്ങളും കലാകേന്ദ്രങ്ങളും സ്വതന്ത്രചിന്താവിഹാരങ്ങളും നിർമ്മിച്ചെടുത്തതിന്റെ പിന്നിൽ കഠിനമായ ആത്മസംസ്കൃതിയുടെ നിസ്വാർത്ഥ വിളയാട്ടങ്ങൾ നിഴലുകൾ പതിപ്പിച്ചിട്ടുണ്ട്.

ഒന്നും രണ്ടും ലോകമഹായുദ്ധത്തിനു ശേഷം കൂടുതൽ ബുദ്ധിജീവികൾ വന്നു ചേർന്ന് നവീകരണങ്ങൾ സാധിച്ചെടുത്തിട്ടുണ്ട്. രണ്ടാം  ലോകമഹായുദ്ധത്ത്നു ശേഷം ഇതിനു ആക്കം കൂടിയിട്ടുമുണ്ട്. എന്നാലും പഴമയുടെ ദുഗ്ഗന്ധം ചിലരെങ്കിലും നിലനിന്നു, നിലനിൽക്കുന്നു എന്നത് സത്യമാണ്. പുറമേ അവർ ആധുനികർ എന്ന് തോന്നപ്പെടുന്നുണ്ടെങ്കിലും ഉള്ളിൽ ഇല്ലാത്ത സംസ്കൃതി പ്രദർശിതമാകുന്നത് എപ്പോഴെന്നറിയില്ല, എന്നാണെന്നറിയില്ല.. പൊള്ളത്തരത്തിന്റെ നിശ്ശൂന്യത ചുറ്റിനും വ്യാപിക്കാൻ സാദ്ധ്യതയുള്ളതുമാണ്. ആണത്തം എന്നത് വിഷലിപ്തമാണെന്ന് അറിയാത്തവർ. തോക്ക് ലിംഗത്തിന്റെ ബിംബമാണെന്ന് കരുതുന്നവർ. ഗൺ ലോബി ഇന്നും വളരെ ശക്തമാണ്.

 

       ഇവരുടെ പ്രാകൃതമനസ്സിനു തുറസ്സ് സൃഷ്ടിയ്ക്കാൻ അവതരിച്ചതാണ് ഡോണൾഡ് ട്രമ്പ് എന്ന മുതലാളി. അദ്ദേഹത്തിന്റെ ഉദ്ദേശമായിരുന്നില്ല ഇത്, ഒരു നിമിത്തം ആകുകയായിരുന്നു എന്നതാണ് വാസ്തവം. സ്വതവേയുള്ള സ്വഭാവം അതേപടി പ്രദശിപ്പിച്ച നയശാലി മാത്രം. പക്ഷേ പാർടിയെ തന്നിലേക്ക് ആവാഹിച്ച് താനും പാർട്ടിയും ഒന്നായിത്തീരുന്ന അവസ്ഥ സൃഷ്ടിച്ചയാൾ തന്നെ അദ്ദേഹം. ബലവത്തായ ഒരു അണിയെ സൃഷ്ടിച്ചെടുക്കാൻ തന്ത്രങ്ങൾ മെനയുകയായിരുന്നു താനും.  റിപബ്ലിക്കൻ  പാർട്ടിയെ പരിപോഷിപ്പിക്കുകയോ വളർത്തിയെടുക്കുകയോ ബലവത്താക്കുകയോ ഈ അണികളുടെ ഉദ്ദേശവും ആയിരുന്നിരിയ്ക്കില്ല. അവരുടെ സ്ഥാപിതതാൽപ്പര്യങ്ങൾ ആവേശപൂർവ്വം ജനങ്ങൾക്കിടയിലേക്ക് ഒഴുക്കിവിടാനുള്ള അണക്കെട്ട് ഷട്ടറുകൾ തുറന്നത് ട്രമ്പിന്റെ പച്ചയായ പെരുമാറ്റത്തിന്റെ ഭാഗമാണ്.  നൂറ്റാണ്ടുകളായി ഉള്ളിൽ നുരയുന്ന ആദിമ കുടിയേറ്റക്കാരന്റെ വിധ്വംസനത്വര ചാലുകീറി പുറത്തേയ്ക്ക് ഒഴുക്കാൻ ട്രമ്പിന്റെ സ്വഭാവവൈചിത്ര്യം ഏറെ സഹായിച്ചു. ചരിത്രം ഏൽപ്പിച്ച ഭാരം ഇറക്കിവയ്ക്കാൻ വന്ന അവസരമാണിതെന്ന് ഇവർ തെറ്റിദ്ധരിക്കുകയും ചെയ്തിരിക്കുന്നു. തങ്ങളുടെ സ്വത്വത്തിനു ഭംഗം സംഭവിക്കുമെന്ന ഭീതി നിതാന്തമായി അലോസരപ്പെടുത്തുന്നുണ്ട് ഇവരെ.    

 പരിസരങ്ങൾ സൃഷ്ടിച്ച ഭീതി

    വെളുത്തവരുടെ സ്വത്ത് സംരക്ഷിക്കുകയായിരുന്നു കറുത്തവർഗ്ഗക്കാരുടെ ഉത്തരവാദിത്തം എന്ന രീതി മാറിയതോടെ കറുത്തവർ തന്നെ അവരുടെ സ്വത്ത് കൈക്കലാക്കുമോ എന്ന പേടിയാണ് വെളുത്ത വർഗ്ഗക്കാരുടെ ഉള്ളിൽ എന്നും. തൊലിവെളുപ്പില്ലാത്തവരൊക്കെ തങ്ങളെ ആക്രമിക്കാൻ സാദ്ധ്യതയുള്ളവരാണെന്ന് ഭീതി അമേരിക്കൻ വൈറ്റ്സിനു സ്ഥിരമായി ഉള്ളതാണ്. അന്യഗ്രഹജീവികൾ ഇവിടം കയ്യേറാൻ വരികയാണെന്ന കാൽപ്പനികതയിൽ ഈ ഭീതിയുടെ കാമ്പ് ഒളിച്ചിരിപ്പുണ്ട്. അമാനുഷികശക്തിയുള്ള വെളുത്തവർഗ്ഗക്കാരനെ കാർടൂണുകളിൽ സൃഷ്ടിച്ച് (സൂപർമാൻ, ബാറ്റ്മാൻ, സ്പൈഡർമാൻ ഇങ്ങനെ ഒരു നിര ഉണ്ട്)  ഈ പേടിയ്ക്ക് തെല്ല് ശമനം വരുമെന്ന് ആശിച്ചു അവർ.  ട്വിൻ ടവറുകൾ തകർക്കപ്പെട്ടപ്പോൾ തങ്ങളുടെ നടുവിലേക്ക് തന്നെ ശത്രു വന്നിരിയ്ക്കുന്നു എന്ന് ഉറപ്പാവുകയും ഈ ഉൾപ്പേടി ശരിയായിരുന്നു എന്ന് തിരിച്ചറിയുകയും ചെയ്തു. ഇതോടെ  ഉളവായ ഇസ്ലാമോഫോബിയ ഒപ്പം ചേർന്ന് അസ്വസ്ഥത വർദ്ധമാനമാക്കി. ഒരു കറുത്തവർഗ്ഗക്കാരൻ ഒബാമ പ്രെസിഡെന്റ് ആയതോടെ തങ്ങളുടെ കണക്കുകൂട്ടലുകൾ ആകെ പിഴച്ചെന്ന് തീർച്ചയാക്കപ്പെട്ടു,. പിന്നീട് ഒരു സ്ത്രീ ആണ് പ്രെസിഡന്റ് സ്ഥാനത്തേയ്ക്ക് മൽസരിച്ച്ത്. ആണത്തത്തിന്റെ കയ്യൂക്കിൽ വിശ്വസിക്കുന്ന ഒരു സമൂഹത്തിനു ഇത് സഹിക്കാൻ വയ്യാത്തതാണ്. മറ്റ് പലേ രാജ്യങ്ങളിലും പണ്ടേ തന്നെ സ്ത്രീകൾ ഭരണഭാരമേറ്റത് അമേരിക്കൻ സമൂഹത്തിൽ അചിന്ത്യമായ കാര്യമാണ്. കറുത്തവർ  ശക്തിയാർജ്ജിക്കുന്നതും ന്യൂനപക്ഷം തെളിച്ചമാർജ്ജിക്കുന്നതും വിഹ്വലത സൃഷ്ടിയ്ക്കാൻ പോന്നതാണ്. ഇതോടൊപ്പം ഹോളിവുഡ് ഉൾപ്പടെ ഇക്കാര്യങ്ങളിൽ മാറിച്ചിന്തിച്ചു തുടങ്ങിയതും സാംസ്കാരിക പിന്തുണ ഇടതുഭാഗം ചെരിഞ്ഞതും ഉൽക്കണ്ഠയുടെ ഗ്രാഫ് കുത്തനെ ഉയർത്തി.  ഇത്തരം ആകുലതകൾ അമേരിക്കൻ സമൂഹത്തിന്റെ ഒരു ഭാഗത്തിന്റെ സ്ഥിരം സ്വഭാവമായി നിലനിൽക്കുകയാണ്. ട്രമ്പ് എന്ന പ്രതിഭാസം ട്രമ്പിനു മുൻപേ തന്നെ രൂഢമൂലമായതാണെന്ന രസകരമായ കാര്യം. 

അദൃശ്യനായ ട്രമ്പ്, ദൃശ്യനായ ട്രമ്പ്

     യാഥാർഥ്യം മറന്നു പോയ പ്രെസിഡെന്റ്. ഇത് എഴുതുമ്പോഴും കൊടതിയിൽ കേസു കൊടടുത്ത് തെരഞ്ഞെടുപ്പിനെ മാറ്റിമറിക്കാമെന്ന് വിചാരിക്കുന്ന ആളാണ്. കോവിഡ് അസുഖം അത്ര കാര്യമായിട്ട് എടുക്കേണ്ട എന്ന് ആയിരക്കണക്കിനു ആൾക്കാർ മരിച്ചു കൊണ്ടിരിയ്ക്കുമ്പോൾത്തന്നെ പ്രഖ്യാപിച്ച പ്രെസിഡന്റ് ആണ്, അണുനാശിനി കുടിച്ച് വൈറസ് ബാധയെ ഒഴിപ്പിക്കാമെന്നും അൾട്രാ വയലറ്റ് രശ്മി അടിപ്പിച്ച് വൈറസിനെ നേരിടാം എന്നൊക്കെ ഉളുപ്പില്ലാതെ വിളിച്ചു പറഞ്ഞ ആളും. പക്ഷേ 70 മില്ല്യൺ ആൾക്കാരാണ് ഇതൊന്നും അറിഞ്ഞില്ല, തെരഞ്ഞെടുപ്പിനെ ഇതൊന്നും ബാധിക്കേണ്ടതില്ല എന്നും നടിയ്ക്കുന്നത്.  അവർ തങ്ങളുടെ ആശയങ്ങളെ അത്രയും തീവ്രമായി മുറുകെപ്പിടിച്ചിരിക്കുന്നതിനാൽ അതിനു ഒരു തുറസ്സ് ലഭിയ്ക്കുന്നതിൽ മാത്രം ശ്രദ്ധകേന്ദ്രീകരിച്ചവരാണ്. വെളുത്തവർഗ്ഗക്കാരല്ലാത്തവർ മേൽക്കൈ നേടുമോ എന്ന ഭീതിയിൽ ജീവിക്കുന്നവർക്ക് ട്രമ്പ് എന്ന കാരണവർ പ്രതീകം ഉൽസാഹമേറ്റുന്നു.. വിദ്യാഭ്യാസം കുറഞ്ഞവരും ചെറിയ ഗ്രാമങ്ങളിൽ, പുറത്ത് എന്ത് നടക്കുന്നു എന്ന് അറിവില്ലാത്തവരും ധാരാളമുണ്ട് ഇക്കൂട്ടരിൽ. പള്ളിയിൽ നിന്ന് കിട്ടിയ നിർദ്ദേശങ്ങൾ അതേ പടി അനുസരിയ്ക്കുന്നവരുമുണ്ട്. ട്രമ്പ് എന്ന വ്യക്തി ഇവരുടെ മുൻപിലില്ല,അദൃശ്യനാണ്. തങ്ങളുടെ വംശീയതാബോധവും വരേണ്യ വർഗ്ഗാഹംഭാവവും പ്രദർശിപ്പിക്കാനുതകുന്ന വാതാവരണം സൃഷ്ടിയ്ക്കപ്പെടുന്നുണ്ടോ എന്ന് മാത്രം ചിന്തിക്കുന്നവർ. അതുകോണ്ട് കോവിഡ് ബാധ നിയന്ത്രണം ചെയ്യാതെ ആയിരക്കണക്കിനു മരണങ്ങൾക്ക് കാരണക്കാരനായ ആളെ അവർക്ക് അറിയേണ്ടതില്ല. തങ്ങൾ റിപബ്ലിക്കൻ പാർട്ടിക്കാരാണെന്നും പാർട്ടിയെ രക്ഷിക്കേണ്ടത് കടമയാണെന്നും വിശ്വസിച്ച് ബോധപൂർവ്വം പെരുമാറിയതല്ല ഇത്, സ്വന്തം വിചാരധാരയെ പിൻ തുടർന്നേ ഉള്ളൂ.

 

  ഈ അദൃശ്യതയിൽ സ്വയം വെളിവാക്കാൻ ട്രമ്പ് ശ്രമിച്ചത് വളരെ തന്ത്രപരമായാണ്.   മാസ്ക് ധരിയ്ക്കുന്നത് വ്യക്തിസ്വാതന്ത്ര്യത്തിനു  എതിരാണെന്ന് ബോധിപ്പിച്ച് സമൂഹനീതികൾക്കെതിരെ പെരുമാറുന്നത് അഭിലഷണീയമാണെന്ന് ധരിപ്പിച്ച് അവരുടെ ഉള്ളിലുള്ള അധമവികാരത്തിനു പ്രകാശനം കൊടുക്കുന്ന സ്വരൂപമായി അവതരിച്ചു ഈ അഭിനവ റാസ്പുടിൻ.  അവരുടെ ഇടയിൽത്തന്നെ നുരച്ചുപൊന്തുന്ന തീവ്ര മുൻ വിധികളും ഒറ്റപ്പെടുത്തൽവാദങ്ങളും (isolationism) ഉൾക്കൊണ്ട ആശയങ്ങൾ താദാത്മ്യം  പ്രാപിച്ചതാണ് ട്രമ്പ് സ്വരൂപം. ഇതുവരെ മറ്റ് നേതാക്കൾ പറയാൻ മടിച്ചത് പലതും യാതൊരു ഉളുപ്പും കൂടാതെ, പച്ചയായി വിളിച്ചു പറഞ്ഞു ട്രമ്പ് എന്നത് ഇവരുടെ ഉള്ളിലിരിപ്പ് കൂടുതൽ പ്രകടമാക്കാൻ ഊർജ്ജം നൽകുകയും അതിന്റെ പ്രത്യക്ഷങ്ങൾ പ്രചാരമാർജ്ജിക്കുകയും ചെയ്തു. രാജ്യത്തിന്റെ പ്രെസിഡന്റ് തന്നെ ഇത് ചെയ്തപ്പോൾ ആധികാരികത ഏറ്റപ്പെടുകയായിരുന്നു. എഴുപതു മില്ല്യൺ ആൾക്കാർ ഈ പ്രേരണാഘടകത്തെ ഉൾക്കൊള്ളുകയും ട്രമ്പ് എന്ന വ്യക്തിത്വം അതിന്റെ വീഴ്ച്ചകളും തെറ്റുകളും വഷളത്തരവും മറക്കപ്പെടുന്ന, മറയ്ക്കപ്പെടുന്ന മായാസ്വരൂപം ആയി മാറുകയും ചെയ്തു.  ഒരു ബിസിനെസ്കാരൻ പ്രസിഡെന്റ് ആയി മാറിയ ട്രമ്പ് എന്ന വ്യക്തിയെ ആരാധിക്കുന്നതിനല്ലാതെ തന്നെ തങ്ങളുടെ ആത്മപ്രകാശനം സാധിയ്ക്കുന്ന നിലാവത്ത് ഇറങ്ങി നിന്നു അവർ.  ആധുനികശാസ്ത്രത്തിനെ കഴിവതും മുന്നോട്ട് നയിച്ച ജനത, ആ പേരിൽ തന്നെ കളിയാക്കലുകൾ നേരിട്ടത് കണ്ടില്ല എന്ന് നടിയ്ക്കാൻ മാത്രം പ്രാപ്തമാണ് ട്രമ്പ് ആവേശം കൊള്ളിച്ച് പോപുലിസ്റ്റ് പദ്ധതി. ഏറ്റവും കൂടുതൽ നോബെൽ സമ്മാനങ്ങൾ ലഭിച്ച ശാസ്ത്രജ്ഞരുള്ള രാജ്യത്തിലെ  ആനറ്റ്ണി ഫൗചി അടക്കമുള്ളവരെ തന്തയില്ലാത്തവർ(bastards), പരമവിഡ്ഢികൾ (idiots) എന്ന് സംബോധന ചെയ്തത് ട്രമ്പിനു വോട്ട് ചെയ്തവർ ഓർക്കാതെ പോയത് അവർ തങ്ങളുടെ പൈതൃകാവബോധങ്ങളെ മാത്രം വിശ്വസിച്ചതുകൊണ്ടു മാത്രമാണ്.  . എഴുപതു മില്ല്യൺ ആൾക്കാർ -അതൊരു വലിയ സംഖ്യയാണ്-തങ്ങളുടെ ഭൂതകാലം നിർമ്മിച്ചു കൊടുത്ത ഉൾപ്പേടിയെ പ്രോജ്വലിപ്പിച്ച പ്രഭയുടെ നേരേ സ്വപ്നാടകരെപ്പോലെ നടന്നു നീങ്ങി. യൂറോപ്പിൽ നിന്ന് സ്വാതന്ത്ര്യം തേടി വന്ന് അതിനെ ആഘോഷിച്ചവരിൽ പകുതിയോളം ഇപ്പോൾ അവർ തന്നെ ഇവിടെ നിർമ്മിച്ചെടുത്ത ചരിത്രത്തിന്റെ അടിമകളായിരിക്കുന്നു. 

   ഉള്ളിൽ ചുര മാന്തുന്ന പ്രാകൃതത്തത്തിനു തുറസ്സു കൊടുത്ത ട്രമ്പ് വിദ്യാഭ്യാസമില്ലാത്ത വെളുത്ത വർഗ്ഗക്കാരെ പടയൊരുക്കത്തിൽച്ചേർത്ത് അവരോട് പറഞ്ഞ നുണകൾ അവർ കേൾക്കാൻ കാത്തിരുന്നവ തന്നെയാണ്. കുമന്ത്രണ ഗൂഢോദ്ദേശ തിയറി (conspiracy theory) സൃഷ്ടിക്കപ്പെട്ടത് വിശ്വസിക്കാൻ തയാറായി നിന്നു ഇവർ.  പട്ടണങ്ങളിൽ അവരുടെ ശത്രുക്കൾ സ്വൈരവിഹാരം ചെയ്യുന്നു (ഇത് കറുത്തവർഗ്ഗക്കാരെ ഉദ്ദേശിച്ച് തന്നെയാണ്) എന്ന് ധരിപ്പിച്ച് ഗ്രാമസ്ത്രീകൾക്ക് ഇതാ ഞാൻ സംരക്ഷണ നൽകുന്നു എന്ന് പ്രഖ്യാപിച്ചു. പട്ടണങ്ങളിലേക്ക് പട്ടാളത്തേയോ പോലീസിനേയോ അയയ്ക്കാം എന്ന് ഉറപ്പ് കൊടുത്തത് നാട്ടുകാരുടേ പേടിയ്ക്ക് സ്ഥിരത നൽകി  അവർ തന്റെ പക്ഷത്താണെന്ന് തീർച്ചയാക്കി.   ഈ ഭിന്നിപ്പ് കൂടുതൽ പ്രകടമാകുന്നുണ്ട് പട്ടണങ്ങളിലും ഗ്രാമങ്ങളിലും. ഒബാമയിൽ നിന്ന് ട്രമ്പ് തിരിച്ചു പിടിച്ച വിസ്കോൺസിൻ സംസ്ഥാനത്ത് ഇത്തവണ ബൈഡൻ ജയിച്ചെങ്കിലും പട്ടണപ്രദേശങ്ങളിൽ നിന്ന് കിട്ടിയ ഭൂരിപക്ഷത്താലാണത്.  മുടങ്ങിപ്പോയ ഫാക്റ്ററികളിൽ ജോലി ചെയ്തിരുന്നവർക്ക് ആ സംസ്ഥാനങ്ങളിലെ –Rust belt എന്നറിയപ്പെടുന്നു ഇത്-വ്യവസായങ്ങൾ തിരിച്ചു പിടിയ്ക്കും എന്ന് വാഗ്ദാനം നൽകി തന്റെ വശത്താക്കി. (പക്ഷേ ഇത് പാലിക്കാതിരുന്നതിനാലാകണം, ഈ സ്ഥലങ്ങളിൽ പലതിലും ബൈഡൻ വിജയക്കൊടി പാറിച്ചു). ഒബാമ എന്ന കറുത്തവൻ ആവിഷ്ക്കരിച്ചതുകൊണ്ടു മാത്രം ഒബാമ കെയർഎന്ന ആരോഗ്യസഹായപദ്ധതിയെ നശിപ്പിച്ച് പുതിയ പദ്ധതി പ്രദാനം ചെയ്യുമെന്ന പ്രഖ്യാപനം വർണ്ണവെറി ഉൾച്ചേർത്തവർക്ക് ആവേശമായിരുന്നു.   

     അമേരിക്കൻ സമൂഹം പണ്ടേ രണ്ട് മൂല്യവാഹികളായിരുന്നു എന്നതും കണക്കിലെടുക്കേണ്ടതാണ്. പ്രസിദ്ധ സർവേ ഗ്രൂപ്പായ പ്യൂ റിസെർച് സെന്റർ (Pew Research Center) നടത്തിയ പഠനങ്ങൾ ഇത് വിശദീകരിക്കുന്നുണ്ട്. നാലു കൊല്ല ത്തിലെ മാറ്റങ്ങളാണ് അവർ പഠനത്തിനു വിധേയമാക്കിയത്. കറുത്തവർ നേരിടുന്ന ജീവിതപ്രയാസങ്ങളെക്കുറിച്ചും, അവർക്ക് നഷ്ടമാകുന്ന അവസരങ്ങളെക്കുറിച്ചും വ്യക്തമായ സ്റ്റാറ്റിസ്റ്റിക്സോടെ നടത്തിയ സർവേയിൽ അന്നും ഇന്നും ഒരേ വ്യത്യാസങ്ങളാണ് പുറത്തു വന്നത്. സ്ത്രീകൾ ഭരണം കയ്യാളുന്നതിലും മതവിശ്വാസങ്ങളിലും ഉള്ള വ്യത്യാസങ്ങൾ അതേ പടി നിലനിൽക്കുകയാണ് രണ്ട് പാർടികൾ തമ്മിലും.  ഇമിഗ്രേഷൻ പ്രശ്നത്തിലും അഭിപ്രായമാറ്റങ്ങൾ ഉണ്ടായിട്ടില്ല. അതുകൊണ്ട് ട്രമ്പിനു വോട്ട് ചെയ്തവരുടെ അദ്ദേഹത്തെക്കുറിച്ചുള്ള ധാരണകൾക്ക് വാസ്തവത്തിൽ ട്രമ്പിനു തന്നെ ഒരു ഉത്തരവാദിത്തവുമില്ല എന്നും വരുന്നു. 

  എന്താണ് റിപബ്ലിക്കൻ? നിർവ്വചനം പ്രയാസമായിരിക്കുന്നു ഇന്ന്. ട്രമ്പ് എല്ലാം തന്നിലേക്ക് ആവാഹിച്ചിരിക്കുന്നു. തലമൂത്ത റിപബ്ലിക്കൻ നേതാക്കൾക്ക് ആശങ്കയുണ്ട്, ധ്രുവീകരണം അടിസ്ഥാനമാക്കിയ ട്രമ്പ് രാഷ്ട്രീയത്തിന്റെ കെടുതികളിൽ നിന്ന് പാർട്ടിയെ  രക്ഷിച്ചെടുക്കുന്നതിന്റെ വിഷമതകളെക്കുറിച്ച്. പാർട്ടിയ്ക്ക് സർവ്വസമ്മതമായ അജെണ്ടയോ പൊതുമൂല്യങ്ങൾ  ആധാരമാക്കിയ വ്യവസ്ഥയോ ഇല്ലാതായിരിക്കുന്നു.

 

കുറ്റിയടിക്കപ്പെടുന്ന ട്രമ്പിസം 

 തെരഞ്ഞെടുപ്പിന്റെ നേരുകളെ നേരിടാനും ഇല്ലാതക്കാനും ശ്രമിയ്ക്കുന്നത് ട്രമ്പ് അല്ല, ഒരു പ്രതിഭാസമാണ് എന്ന് പറഞ്ഞു കഴിഞ്ഞു. ട്രമ്പ് വൈറ്റ് ഹൗസിൽ നിന്ന് ഇറങ്ങിയാൽ ഉടൻ 70 മില്ല്യൺ ആൾക്കാർ നാളെ നേരം വെളുക്കുമ്പോൾ ശുദ്ധരായി കുളിച്ച് കുറിയിട്ട് ജനാധിപത്യത്തേയോ  ലിബറലിസത്തിനേയോ നമസ്കരിക്കാൻ തയാറായി നിൽക്കുന്നവരായിരിക്കും എന്ന് ആരും പ്രതീക്ഷിക്കുന്നില്ല. ട്രമ്പ് എന്നത് രോഗത്തിന്റെ ഒരു ചെറിയ ലക്ഷണം മാത്രമാണെന്ന് ലോകം നിരീക്ഷിച്ചു കഴിഞ്ഞു. ചെറിയതോതിൽ കറുത്തവർഗ്ഗക്കാരേയും സ്പാനിഷ് വംശജരേയും വലയിലാക്കാൻ ട്രമ്പിനു കഴിഞ്ഞിട്ടുണ്ട്, അവരുടെ വോട്ടുകൾ അദ്ദേഹത്തിനു ലഭിച്ചിട്ടുമുണ്ട്. 70 മില്ല്യൺ ആൾക്കാരെ നവീകരിക്കത്തക്കതായ ഒന്നും ഡെമോക്രാറ്റ് പക്ഷത്തിനില്ല, അത് അവർക്ക് സാദ്ധ്യമല്ല താനും. അവരുടെ കുറ്റവുമല്ല. ബൈഡനും കമല ഹാരിസും ഒരൊറ്റ യുണൈറ്റെഡ് സ്റ്റെയ്റ്റ്സ്   എന്ന സങ്കല്പം വ്യക്തമാക്കിയെങ്കിലും അങ്ങിനെയൊന്നിനു അടിത്തറ പാകാൻ അവർ അശക്തരാണു താനും. റിപബ്ലിക്കൻ പാർടിയിലും ട്രമ്പിന്റെ ആശയങ്ങളോട് യോജിക്കാത്തവർ മറുകണ്ടം ചാടാൻ തയാറെടുക്കുന്നവരൊന്നുമല്ല. ചെറിയ മാറ്റത്തോടെയുള്ള മറ്റൊരു ട്രമ്പിനെ പ്രതിഷ്ഠിയ്ക്കാൻ അവർ തയാറാണു താനും. വലതുപക്ഷ പോപുലിസം (right-wing populism) ആഴത്തിലാണ് ട്രമ്പ് കുഴിച്ചിട്ടത്.

 

  മുറിവേറ്റ ജനാധിപത്യം

      തെരഞ്ഞെടുപ്പ് ഫലം വരുന്നതനുസരിച്ച് യാതൊരു അടിസ്ഥാനവുമില്ലത്ത പരാതികളുമായെത്തി നിരവധി കോടതിക്കേസുകളുമായി എത്തിയത് അമേരിക്കൻ ജനാധിപത്യരീതിയുടെ വിശ്വാസയോഗ്യതയെ ഭീഷണിപ്പെടുത്തുന്നതായി മാറിയിരിക്കയാണ്. ഡെമോക്രാറ്റിൿ പാർടി വിജയം നേടുന്ന സംസ്ഥാനങ്ങളിലെ വോട്ടുരീതികൾക്കെതിരെ മാത്രം തിരിയുകയാണ് വികലമായ മാനസികനിലയുള്ള ഈ പ്രെസിഡന്റ്. മറ്റ് പലേ രാജ്യങ്ങളും അപലപിച്ചു കഴിഞ്ഞു, അമേരിക്ക നാണം കെടുകയാണ്. പോപുലിസത്തിന്റെ ദുർഗ്ഗന്ധം അത്ര പെട്ടെന്ന് മാഞ്ഞു പോകയില്ല, ഒറ്റതിരിയ്ക്കൽ വാദം (isolationism) അതിന്റെ പാരമ്യത്തിൽൽ എത്തിച്ചിരിക്കയാണ്. കബളിക്കപ്പെട്ടെന്നും വിജയസാദ്ധ്യതയെ കട്ടുകൊണ്ടു പോയി എന്നൊക്കെ ഒരു പ്രെസിഡന്റിനു നിരക്കാത്ത ജൽപ്പനങ്ങളിൽ വരെ എത്തി നിൽക്കുയാണ് ഇന്ന്.`

 

   ഹിറ്റ് ലറിനെ പിന്തുണച്ച  ജെർമ്മൻ കാരെ ഇപ്പോൾ ഓർമ്മിച്ചെടുത്താൽ കുറ്റം പറയാനില്ല. ജനാപത്യത്തിനേറ്റ കളങ്കം അത്ര പെട്ടെന്ന് ഇല്ലാതാവില്ല എന്ന് മറ്റ് രാജ്യങ്ങൾ നിരീക്ഷിച്ചു കഴിഞ്ഞു. ഒരു ആക്രമണം തന്നെയാണ് ട്രമ്പിന്റെ അജെണ്ട എന്ന് വിലയിരുത്തപ്പെടുന്നുമുണ്ട്. സാമൂഹ്യശാസ്ത്രവിചക്ഷ്ണരും രാഷ്ട്രീയപണ്ഡിറ്റുകളും അഭിപ്രായപ്പെടുന്നത് ജനാധിപത്യത്തിന്റെ  തീവ്രത അമേരിക്കയിൽ നഷ്ടപ്പെട്ടുകൊണ്ടിരിക്കയാണെന്നാണ്.  മുറിവേറ്റ ജനാധിപത്യംഎന്ന വിശേഷണം ഏറ്റു വാങ്ങിയിരിക്കുന്നു അമേരിക്കൻ സമൂഹം.  എലെക്റ്റൊറൽ കോളേജ് സിസ്റ്റെം (Electoral College System= ഒരു സംസ്ഥാനത്തിലെ ജയിച്ച ആളിനു കിട്ടുന്നത് നേരത്തെ നിശ്ചയിച്ച ഒരു സംഖ്യ എന്ന് നിജപ്പെടുത്തിയിട്ടുള്ളത്. ഇത് ആകെക്കിട്ടുന്ന വോട്ട് എണ്ണവുമായി ബന്ധപ്പെടുന്നതല്ല)  പഴകിയതും ജനാധിപത്യം എന്ന് പറയാൻ വയ്യാത്ത തന്ത്രവുമാണെന്ന് അഭിപ്രായപ്പെടുന്നവർ ഏറെ. വെട്ടിത്തിളങ്ങുന്ന ജനാധിപത്യം പ്രാവർത്തികമാണെങ്കിൽ ബൈഡൻ പ്രചണ്ഡമായ ഭൂരിപക്ഷത്തോടെ ജയിച്ചേനേ എന്ന് അഭിപ്രായമുണ്ട്. ട്രമ്പിന്റെ തോൽവി റിപബ്ലിക്കൻ പാർട്ടിയിലോ വിശാലമായ അമേരിക്കൻ വലത്പക്ഷത്തിനോ  വൻ ആത്മശോധന ഒന്നും കാരണമാകാൻ പോകുന്നില്ല.

 

അമേരിക്കയ്ക്ക് പുറത്തുള്ള നാല് രാഷ്ട്രീയ വിചക്ഷണർ ഈ തെരഞ്ഞെടുപ്പ് ഫലത്തെ വിശകലനം ചെയ്യുന്നത് കേൾക്കേണ്ടത് ഇത്തരുണത്തിൽ അത്യാവശ്യമാണ്. ഓക്സ്ഫോർഡ്/സ്റ്റാൻഫോർഡ് പ്രൊഫസർ തിമോതി ഗാർറ്റെൻ ആഷ് (Timothy Garten Ash), യുണിവേഴ്സിറ്റി ഓഫ് റ്റൊറന്റോ പ്രൊഫസർ ജാനിസ് സ്റ്റെയ്ൻ (Janis Stein), വാടർലൂ പ്രൊഫസർ ബെസ് മോമാനി (Bess Momani), യൂണിവേഴ്സിറ്റി ഓഫ് റ്റൊറന്റോ പ്രൊഫസർ സേവ ഗുണിറ്റ്സ്കി (Seva Gunitsky) എന്നിവർ നിഷ്പക്ഷമായി അമേരിക്കൻ ജനാധിപത്യത്തെ നോക്കിക്കാണുന്നു. ഈ ലിങ്ക് ഉപയോഗിച്ച് വീഡിയോ കാണാം:

https://www.youtube.com/watch?v=KqE0dEkRYFI&feature=youtu.be

 

 

 

 

1 comment:

സുധി അറയ്ക്കൽ said...

2024 ൽ ട്രംപ് പ്രസിഡന്റായാലോ