ഒരു കഥകളിക്കാരന്റെ ലോകം ആരു നിർമ്മിച്ചെടുക്കുന്നു? കഥകളിക്കാരനിലെ മനുഷ്യൻ ആരാണ്? ഒരു നർത്തകന്റെ ജീവിതവിജയം നിശ്ചയിക്കപ്പെടാനുള്ള ഘടകങ്ങൾ എന്തൊക്കെയാണ്?
കോട്ടയ്ക്കൽ ശശിധരൻ ‘പകർന്നാട്ടം’ എന്ന ആത്മകഥയിലൂടെ ഉത്തരം തേടാൻ യത്നിക്കുന്ന നിരവധി ചോദ്യങ്ങളിൽ ചിലവയാണിത്. രണ്ട് ബ്രഹുത് വോള്യങ്ങളായാണ് പുസ്തകം. ഒരു കഥകളിക്കാരനു ഇത്രയും വലിയ ആത്മകഥ എഴുതേണ്ടതുണ്ടോ, പൊതുജനങ്ങൾ ഇത്രമാത്രം അറിഞ്ഞെടുക്കേണ്ടതുണ്ടോ എന്നൊക്കെ ആദ്യം ഉണരുന്ന സംശയങ്ങൾ ആയിരിക്കും. ജീവിത വീക്ഷണങ്ങൾ, കേരളത്തിന്റെ സാംസ്കാരികഭൂമികയിൽ സംഭവിച്ച വൻ മാറ്റങ്ങൾ, കുടുംബബന്ധങ്ങളുടെ കാലികത ഇവയൊക്കെ തലങ്ങും വിലങ്ങും ചർച്ച ചെയ്യപ്പെടുന്ന, എന്നാൽ ഒരു കഥയുടെ രസച്ചരട് മുറിയ്ക്കാതെയുള്ള പോലത്തെ ആഖ്യാനം ഇവയെല്ലാം ഉൾക്കൊള്ളുന്ന “പകർന്നാട്ടം” സ്വയം തേടലിന്റെ കഥയാണ്, 60ഓളം വർഷങ്ങളിലെ നൃത്തചരിത്രത്തിന്റേയും. നൂറുനൂറു കഥാപാത്രങ്ങൾ -അവർ കഥാപാത്രങ്ങളല്ല, ജീവിച്ചിരിക്കുന്ന അല്ലെങ്കിൽ മരിച്ച വ്യക്തികളാണ്-കോട്ടയ്ക്കൽ ശശിധരൻ എന്ന കേന്ദ്രബിന്ദുവിനെ ചുറ്റി കറങ്ങി ഒഴുകി മറയുന്ന ഒരു ചുഴി യുടെ ദൃശ്യസാക്ഷാൽക്കാരമായിട്ടാണ് പുസ്തകം അനുഭവപ്പെടുക. ആ ചുഴിയിൽ ശശിധരനെ വലം വച്ച് പോകുന്നവരിൽ സാധാരണക്കാരുണ്ട്, അതിസാധാരണക്കാരുണ്ട്, മഹദ് വ്യക്തികളുണ്ട്. ഷൂസ് കാലിൽ മാറി ഇട്ടത് ശ്രദ്ധിച്ച് അത് മാറ്റിയിട്ടു കൊടുക്കാൻ പുറകേ ഓടി വന്ന മദാമ്മ മുതൽ, എയർ പോർടിലെ പോലീസുകാരൻ, അമേരിക്കയിൽ ബസ്സിൽ അടുത്തിരുന്ന, കേരളത്തിലെ ആഹരാസമ്പ്രദായം മാറിപ്പോയത് സംസാരിക്കുന്ന സായിപ്പ്, ഇംഗ്ലണ്ടിലെവിടെയോ ടാക്സിയിലെ ഡ്രൈവർ ഇങ്ങനെ പേരുള്ളവരും ഇല്ലാത്തവരുമായി അസംഖ്യം ആൾക്കാർ ശശിധരനെ വലം വച്ച് ഓടിപ്പോകുന്ന മായക്കാഴച്ച ഈ ആഖ്യാനം സമ്മാനിക്കുന്നു. മഹദ് വ്യക്തികൾ -യൂണീവേഴ്സിറ്റി പ്രെസിഡെന്റുമാർ, പ്രൊഫസർമാർ, ഉന്നത കലാകാരന്മാർ, ഭരണാധികാരികൾ, ഇന്ദിരാ ഗാന്ധിയും കെ ആർ നാരായണനും അബ്ദുൾ കലാമും ഉൾപ്പടെ ശശിധരനെ ആദരിച്ച് കടന്നു പോകുന്നുണ്ട്. വെറും നാലാംക്ലാസുകാരനായ ശശിധരനെ ലോകത്തെക്കുറിച്ചുള്ള വൻ അറിവുകൾ എന്ന മഹാവിദ്യ പഠിപ്പിച്ചു കൊടുത്ത അസംഖ്യം പേരിൽ ചിലർ ആണിവർ എന്നതാണ് അവരുടെ സാംഗത്യം. ഭാര്യ വസന്തയും മകൻ കീർത്തിക്കും അല്ലാതെ ഉറ്റ സുഹൃത്ത് മധു കോട്ടയ്ക്കലും ഈ വൻ പുസ്തകത്തിലെ രണ്ട്-മൂന്ന് പേജിനിടക്ക് എപ്പൊഴും കയറി വരുന്നുണ്ട്. ഇവരുടെ മാത്രമല്ല മറ്റ് പലരുടേയും മിഴിവുറ്റ ജീവിത കഥ വായിച്ചെടുക്കാം, ഒരു നോവെൽ പോലെ. അന്ത്യനാളുകളിലും കഥകളി ഓർമ്മകളിൽ ആശ്വസം തേടുന്ന, കേരളത്തിലെ പായസം കിട്ടുമോ എന്നന്വേഷിക്കുന്ന ഡേവിഡ് ബോളന്റ് എന്ന സോമെർസെറ്റ്കാരന്റെ വാങ്മയ ജീവിതരേഖയും ഈ പുസ്തകത്തിലെ ആഖ്യാനങ്ങളിൽ ഒന്നായതുകൊണ്ട് ഇത് ഒരു “മൾടി ജീവിതകഥ’ ആയി മാറുന്നു.
അമ്പതു പൈസ ബസ്സുകൂലി കൊടുക്കാനില്ലാതെ നടന്ന റോഡിൽക്കൂടെ സ്വന്തം കാറിൽ സഞ്ചരിക്കുക എന്ന മാറ്റത്തെ സ്വയം അദ്ഭുതത്തോടെ വീക്ഷിക്കുന്ന ഒരു മനസ്സിന്റെ ഉൾതുറക്കലാണ് ഈ പുസ്തകം. കല എന്ന അദ്ഭുത സിദ്ധി സമ്മാനിച്ചതാണ് ഈ വൻ മാറ്റം എന്ന് അദ്ദേഹം സമർത്ഥിക്കുന്നു. പന്തലൂരിലെ പുത്തൻപുരയ്ക്കൽ ശശിധരനും കോട്ടയ്ക്കൽ ശശിധരനും അങ്ങോട്ടുമിങ്ങോട്ടും പകർന്നാടുകയാണ് എഴുപതോളം വർഷങ്ങളിലെ ജീവിതകഥയിൽ. പുത്തൻപുരയ്ക്കൽ ശശിധരൻ അമ്മയെ ഓർത്ത് വിങ്ങുന്ന ഹൃദയം പേറുന്നവനാണ്, ബന്ധങ്ങളുടെ വിഛേദനങ്ങളിൽ തപ്തനാണ്, പുതുതായിപ്പണിത മാധവം എന്ന വീട്ടിൽക്കയറിപ്പാർക്കുമ്പോൾ അത്യാഹ്ലാദവാനാകുന്ന ശുദ്ധഹൃദയനാണ്. കോട്ടയ്ക്കൽ ശശിധരനാകട്ടേ വിഖ്യാതനാണ്, മൃണാളി സാരാഭായിയുടേയും മല്ലിക സാരാഭായിയുടേയും നൃത്തസഹചാരി ആണ്, പലേ യൂണിവേഴ്സിറ്റികളിൽ നൃത്തം പഠിപ്പിക്കുയും കോറിയോഗ്രാഫി ചെയ്ത് സ്റ്റേജ് പ്രൊഡക്ഷൻ ചെയ്ത ആളുമാണ്. ഇൻഡ്യൻ പ്രധാനമന്ത്രിയുടേയും പ്രെസിഡെന്റിന്റേയും ഒക്കെ അനുമോദനങ്ങൾ വാരിക്കൂട്ടിയ കലാകാരൻ, പലേ നൃത്തരൂപങ്ങളും സ്വായത്തമാക്കിയവൻ, ലോകം മുഴുവൻ അനുസ്യൂതം ചുറ്റിക്കറങ്ങിക്കൊണ്ടിരുന്ന സെലിബ്രിറ്റിയാണ്. 21-ആം വയസ്സിൽ ബ്രൂക് ലിൻ അക്കാഡമിയിലെ മെജെസ്റ്റിക് തിയേറ്ററിലും വാങ്കൂവറിലെ പ്രസിദ്ധ ഓഡിറ്റോറിയത്തിലും കഥകളി അവതരിപ്പിയ്ക്കാൻ ഭാഗ്യം കിട്ടിയ കലാകാരനാണ്. പക്ഷേ ആകസ്മികമായി പുത്തൻപുരയ്ക്കൽ ശശിധരൻ ഇറങ്ങിവന്ന് കോട്ടയ്ക്കൽ ശശിധരനെ നോക്കി ആശ്ചര്യം കൊള്ളാറുമുണ്ട്. “വിശപ്പുമാറാൻ അമേരിക്കൻ മാവും പാൽപ്പൊടിയും കിട്ടാൻ കൊതിച്ചിരുന്ന ചെക്കൻ അമേരിക്കാരുടെ മുന്നിൽ കലാപ്രദർശനം നടത്തി അവരെ രസിപ്പിയ്ക്കാൻ, വിസ്മയിപ്പിക്കാൻ എത്തിയിരിക്കുന്നു” (പേജ് 151,പുസ്തകം 2) എന്ന മാതിരിയാണ് ഈ വിസ്മയങ്ങളുടെ പോക്ക്. കോട്ടയ്ക്കൽ ശശിധരൻ കലാസപര്യയിൽ മുഴുകിയിരിക്കുമ്പോൾ പെട്ടെന്ന് പുത്തൻ പുര്യ്ക്കൽ ശശിധരൻ പുറത്തുചാടി സുഹൃത്തായ നാട്ടിൻപുറത്തുകാരൻ ആയി മാറി നമ്മുടെ തോളിൽ കൈവച്ച് സല്ലാപവാനാകുന്നതാണ് ഈ വൻപൻ പുസ്തകത്തെ രസാവഹമായി പാരായണക്ഷമതയുള്ളതാക്കിത്തീർക്കുന്നത്.
എന്തിനു ഈ പുസ്തകം എഴുതി ശശിധരൻ? 1200 ഓളം പേജുകൾ വേണോ ഒരു നർത്തകനു സ്വന്തം കഥ എഴുതിത്തീർക്കാൻ? വേണം. ഇത് ആത്മകഥ മാത്രമല്ല. കഥകളിയുടേയും അതിന്റെ അംഗീകാരത്തിന്റേയും സമൂഹ്യചരിത്രവും സത്യങ്ങളുമാണ്. യാതനയുടെ മുള്ള് കാലിൽത്തറച്ചവർ ആഞ്ഞു ചവിട്ടി അതിന്റെ വേദന ഉൾക്കൊള്ളാൻ ശ്രമിച്ചവരുടെ കലാരൂപമാണ് കഥകളി എന്ന പ്രഘോഷണത്തിന്റെ ഭാഷ്യമാണ്. പദ്മശ്രീയും മറ്റ് വൻ അവാർഡ്കൾ നേടിയവർ പോലും ഒരു നേരത്തെ വയർ നിറയ്ക്കാൻ കഥകളിയിൽ എത്തിയവരാണ് ആ കലയോടൂള്ള താൽപ്പര്യം കൊണ്ടല്ല എന്ന് ശശിധരൻ കൃത്യമായി പ്രഖ്യാപിക്കുന്നുണ്ട്.(പേജ് 174, രണ്ടാം പുസ്തകം) അവസാനം ദാരിദ്ര്യത്തിൽ തന്നെ ജീവിതം ഒടുങ്ങിയവരാണ് ഈയിടെ വരെ മിക്കവരും. ഗുരു കുഞ്ചുക്കുറുപ്പ് ഒരു ഡോക്യുമെന്ററിയിൽ ഇനിയൊരു ജന്മമുണ്ടെങ്കിൽ കഥകളിക്കാരനായി ജനിയ്ക്കാൻ ആഗ്രഹമുണ്ടോ എന്ന ചോദ്യത്തിനു ഉത്തരമായി “വേണ്ടേ വേണ്ട” എന്ന് പറഞ്ഞതായി ശശിധരൻ തെളിവ് ഉന്നയിക്കുന്നു (പേജ് 69, രണ്ടാം പുസ്തകം). കഠിനമായ സാമ്പത്തികപ്രതിസന്ധിയും വിശപ്പും സഹിക്കാതെ ശശിധരൻ ഡെൽഹിയിൽ വച്ച് ആത്മഹത്യചെയ്യാൻ തുനിഞ്ഞ സംഭവം ഹൃദയസ്പർശിയായി വിവരിച്ചിട്ടുണ്ട് (പേജ് 130,131 ഒന്നാം പുസ്തകം). കഥകളിക്കാർ എന്നു വച്ചാൽ വാറ്റുചാരായം മണക്കുന്ന, ചുവന്ന കണ്ണുകളുള്ള, നടക്കുമ്പോൾ വേച്ച് പോകുന്ന ദയനീയവും നികൃഷ്ടവും ആയ പ്രതിരൂപനിർമ്മിതിയാണ് പലർക്കും പരിചയം എന്നത് സത്യമാണെന്നും അത് കഥകളിയുടെ നില വ്യക്തമാക്കുന്നതാണെന്നും ശശിധരൻ തുറന്നെഴുതുന്നുണ്ട്. എന്നാൽ ഇന്ന് അത് മാറിയിട്ടുണ്ടെന്നും കഥകളിക്കാർക്ക് കൂടുതൽ സൗഭാഗ്യങ്ങൾ ലഭിച്ചു തുടങ്ങിയിട്ടുണെന്നും നിരീക്ഷണവുമുണ്ട്. പക്ഷേ ഇതിനു പ്രധാന ഒരു കാരണം സായിപ്പ് കഥകളിയെ അംഗീകരിച്ചുതുടങ്ങി എന്നതാണത്രെ. ടോറ്റൽ തിയേറ്റർ,ദി തിയേറ്റർ കോമ്പ്ലെക്സ് എന്നൊക്കെ ഉദാത്തീകരിച്ച് മലയാളിയെത്തന്നെ കഥകളിയുടെ സത്യങ്ങൾ ഉദ്ബോധിപ്പിക്കാൻ സായിപ്പ് വേണ്ടി വന്നു എന്നത് സത്യമാണെന്ന് ശശിധരൻ ശഠിയ്ക്കുന്നു. അത് ശരിയാണു താനും.
കോട്ടയ്ക്കലെ പരിശീലനം കഴിഞ്ഞ് അവിടത്തെ നാട്യസംഘത്തിന്റെ ഭാഗമാക്കാതെ പരിത്യക്തനാക്കിയത് ശശിധരന്റെ പിൽക്കാല ഭാഗധേയം കുറിച്ച സംഭവമാണ്. അന്ന് അദ്ദേഹത്തെ നിരാശനാക്കിയതും ജീവിതം വ്യർത്ഥമാണെന്ന് തോന്നിപ്പിച്ചതുമായ ഈ സംഭവം പക്ഷേ ഒരു ലോകൈകനർത്തകനെ വാർത്തെടുക്കാനുള്ള ആദ്യപടിയായി കലാശിക്കുകയാണുണ്ടായത്. കേരളം വിട്ട് പോവുക,കഥകളിക്കാരൻ മാത്രമല്ലാതെ ഒരു നർത്തകനാവുക ഇതൊക്കെ ആശങ്കയോടെ വീക്ഷിക്കപ്പെടേണ്ട കാലം.കഥകളിക്കാർ നാട് വിട്ട് പോവാറില്ലാത്ത കാലമുണ്ടായിരുന്നു, മറുനാടുകളിൽ പോയവരെ തിരിച്ച് സ്വീകരിക്കാൻ മടികാണിയ്ക്കുന്ന കടുമ്പിടിത്ത കലാഹൃദയങ്ങളുടെ കാലം. ഇന്ന് ഇത് ഒരു വിരോധാഭാസമായിത്തോന്നാം. പോയവർ എല്ലാം തിരിച്ചു വന്നിട്ടുണ്ട്, കഥകളിയിൽ മാത്രം പിടിച്ചു നിന്നാൽ അംഗീകരിക്കപ്പെടും എന്ന സ്ഥിതിവിശേഷം. “ഇന്ന് കേരളത്തിൽ പേരുകേട്ട, കഥകളിയിലെ രത്നങ്ങളായ സദനം കൃഷ്ണൻ കുട്ടി, വാസുപ്പിഷാരടി, വാഴേങ്കട വിജയൻ, എന്നിവരെല്ലാം ഒരിയ്ക്കൽ നാട് വിട്ട് ഫോക്ക് ഡാൻസും മറ്റും ചെയ്ത് ഫലിയ്ക്കാതെ തിരിച്ചു വന്നവരാണ്. കഥകളിയിലെ ഭീഷ്മാചാര്യൻ വാഴേങ്കട കുഞ്ചുനായർ ആശാനും കുറേ ഡാൻസ് വേഷം കെട്ടി തിരിച്ചു വന്നതാണ്” (പേജ് 85, ഒന്നാം പുസ്തകം). ശാന്തിനികേതനത്തിൽ പോയ കേളു നായർക്കും പരിവേദനമുണ്ടായിരുന്നു അദ്ദേഹത്തെ നാടുകടത്തുക എന്നതാണ് പ്രായോഗികഫലത്തിൽ സംഭവിച്ചത് എന്നതിൽ. ഒരു അപവാദമുള്ളത് കീഴ്പ്പടം കുമാരൻ നായരുടെ കാര്യത്തിൽ മാത്രമാണ് മദ്രാസിൽ കോറിയോഗ്രാഫർ ആയി ഏറെ നാൾ കഴിഞ്ഞിട്ടും തിരിച്ച് കേരളത്തിൽ അദ്ദേഹത്തിനു കഥകളിയിൽ പ്രവേശിക്കാൻ സാധിച്ചു. “കോട്ടയ്ക്കൽ വിടേണ്ട ദിവസം അടുത്തെത്തി. വധശിക്ഷ കാത്തിരിയ്ക്കുന്ന തടവുപുള്ളിയുടെ മാനസികാവസ്ഥയിലായിരുന്നു ഞാൻ “ എന്ന് ശശിധരൻ ഓർത്തെടുക്കുന്നു. പക്ഷേ ശാന്തിനികേതനത്തിലേയ്ക്കും അവിടെ നിന്ന് ലണ്ടനിലേക്കുമായിരുന്നു ആ യാത്ര. ലണ്ടനിലെ പ്രസിദ്ധ റൗണ്ട് ഹൗസ് ഓഡിറ്റോറിയത്തിൽ ഗീതോപദേശം അവതരിപ്പിച്ച് പാശ്ചാത്യ അരങ്ങിൽ തുടക്കം കുറിച്ചു. വരാൻ പോകുന്ന ജീവിതരീതിയുടെ ആദ്യപാഠം. മടക്കാവുന്ന കുട വാങ്ങിച്ചും ആദ്യമായി റ്റെലിവിഷൻ കണ്ടും ആധുനികതയോട്, പാശ്ചാത്യരീതികളോട് സമരസപ്പെട്ട വേള.
പിന്നീട് അനുഭവിച്ചറിഞ്ഞതും നേരിട്ട് കണ്ടതുമായ അസംഖ്യം സംഭവങ്ങൾ ഒരു നർത്തകനായി ജീവിതത്തെനേരിടാനുള്ള പാഠങ്ങൾ പഠിപ്പിച്ചു കൊടുക്കുകയായിരുന്നു. ഡെൽഹിയിൽ വെച്ച് 19 ആം വയസ്സിൽ ആത്മഹത്യക്ക് ശ്രമിച്ച പയ്യൻ വളരെ പിന്നീട് കേരളത്തിൽ നികൃഷ്ടവിഭവം ആയ പുഴുങ്ങിയ പഴുത്ത മത്തൻ വിദേശത്തു വെച്ച് തിന്നേണ്ടി വന്നപ്പോൾ “എനിക്ക് ജീവിക്കണം, ജീവൻ നിലനിറുത്തണം” എന്ന് പ്രഖ്യാ പിക്കുന്ന (പേജ് 183, പുസ്തകം 2) നിലയിലെത്തിയ കഥാവിവരണമാണ് “പകർന്നാട്ടം”. കഥകളിക്കാരെ/നർത്തകരെക്കുറിച്ചുള്ള, അവരുടെ യഥാർത്ഥജീവിത പരിസരത്തെക്കുറിച്ചുള്ള ആഖ്യാനമാണീ പുസ്തകം. അതിലെ സത്യങ്ങൾ വെളിവാക്കാനുമാണ് ശശിധരൻ ഇത്രയും വിപുലമായി എഴുതിയത്. ഒരു കാലത്ത് നർഗീസിനും ദിലീപ് കുമാറിനും രാജ് കപൂറിനു നൃത്തച്ചുവടുകൾ പഠിപ്പിച്ചുകൊടുത്ത ആർടിസ്റ്റ് രാഘവൻ നായരുടെ ദയനീയ പതനം ഒരു റെയിൽ വേ സ്റ്റേഷനിലെ രംഗമായി അവതരിപ്പിക്കപ്പെടുന്നുണ്ട്. അവശനായ അദ്ദേഹത്തിനു . “മൂന്ന് ഉറുപ്പികയ്ക്ക് നാലു മീൻ വാങ്ങിക്കൊടുത്തു” (പേജ് 146, ഒന്നാം പുസ്തകം) എന്ന് ശശിധരൻ ചരിത്രം സൂചിപ്പിക്കുമ്പോൾ കലാകാരന്മാരുടെ ലോകത്ത് സാമൂഹ്യനീതി എങ്ങനെ പ്രവർത്തിതമാകുന്നു എന്ന് തെളിയിയിക്കുകയാണ്. കലാമണ്ഡലത്തിലെ മിടുക്കരായിരുന്നു കൃഷ്ണൻ നായരും കേളു നായരും. കേളു നായരെ ശാന്തിനികേതനത്തിലേക്ക് കൊണ്ടു പോയത് സാക്ഷാൽ റ്റാഗോർ തന്നെയാണ്. പക്ഷേ കേളു നായരുടെ അവസാനകാലവും ദയനീയതയിലായിരിന്നു, ഇത് സ്വന്തം കഥയിൽ വരച്ചിടേണ്ടത് ശശിധരന്റെ ആവശ്യവുമാണ്. മദ്യപാനവും ഈ പ്രതിഭകളെ തകർത്തുകളഞ്ഞു എന്നത് സത്യമാണ്. മൃണാളിനി സാരാഭായിയുടെ ദർപ്പണയിൽ അതിന്റെ ജീവനാഡിയായി വർത്തിച്ച ചാത്തുണ്ണിപ്പണിക്കരുടെ അവസാനകാലവും ഇതേ പോലെ ദൈന്യതാനിബദ്ധം ആയിരുന്നു എന്ന് സാക്ഷ്യപ്പെടുത്തുന്നുണ്ട്. ലോകനീതിയ്ക്ക് അല്ലെങ്കിൽ സമൂഹനീതിയ്ക്ക് നിയുക്ത രീതിശാസ്ത്രങ്ങളില്ല. സാഹചര്യങ്ങൾ അനുസരിച്ച് രൂപപ്പെടുന്നതിനോട് സമരസപ്പെട്ടാണ് ഇതിന്റെ നിയമങ്ങൾ ഉരുത്തിരിഞ്ഞു വരുന്നത്. ഒരു കാലത്ത് കോട്ടയ്ക്കൽ നാട്യസംഘത്തിൽ നിന്ന് പരിത്യക്തനായ ശശിധരനെ പന്തലൂരും സ്വന്തം വീട്ടിലും ആദരിക്കുന്ന് ചടങ്ങ് വിവരിക്കപ്പെടുന്നുണ്ട്. സമൂഹനീതിയുടെ തിരിമറി. വിശന്ന് പൊരിഞ്ഞ്, കാൽക്കാശിനു വകയില്ലാതെ അലഞ്ഞ അതേ ഇടത്തിൽ അപ്പോൾ പുതിയ കാറിന്റെ താക്കോൽ മകൻ കീർത്തിക്, ശശിധരനെ ഏൽപ്പിക്കുകയാണ്. “ഒന്നര രൂപ ഞങ്ങളൂടേത് പോലുള്ള ഇടത്തരം കുടുംബത്തിൽ അന്ന് വലിയൊരു സംഖ്യ തന്നെ ആയിരുന്നു” (പേജ് 126, രണ്ടാം പുസ്തകം) എന്ന സത്യം വെളിവാക്കിയിട്ടുള്ളത് ഓർക്കേണ്ട അവസരം. ഇല്ലാതെ പോയ കൗമാരയൗവനങ്ങളെ ഓർത്ത് വിലപിച്ചിട്ടുള്ള കലാകാരന്റെ വിപരീത നില. നീതിയുടെ ഇത്തരം വിരോധാഭാസങ്ങളേയും നിയന്ത്രണങ്ങളെയും ഒരു സ്വരൂപം നിർമ്മിച്ച് ശശിധരൻ സംബോധന ചെയ്യുന്നത് “വിശ്വംഭരൻ” എന്നാണ്. കോട്ടയ്ക്കൽ അമ്പലത്തിലെ പ്രതിഷ്ഠ എന്ന് മാത്രം അദ്ദേഹം കരുതുന്നുണ്ടെങ്കിലും ഈ വിശ്വംഭരൻ തത്വം ആത്മകഥയിൽ ഉടനീളം വിളങ്ങുന്ന ആശയമാണ്. കഥകളിക്കാരുടെ ചില ആത്മകഥകൾ (അവർ എഴുതിയതോ അവർക്കു വേണ്ടി മറ്റുള്ളവർ എഴുതിയതോ) പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിലും ആരാണ് കഥകളിക്കാരായിത്തീരുന്നത്, അവരിലെ മനുഷ്യർ ആരാണ്, അവർ വെറും പച്ചമനുഷ്യരായി ഒടുങ്ങേണ്ടി വരുന്ന സാഹചര്യങ്ങൾ എന്തൊക്കെയാണ് എന്നത് പരാമർശിക്കപ്പെടാറില്ല. ജീവിതത്തോടുള്ള വെല്ലുവിളി കലാസപര്യയോടുള്ള വെല്ലുവിളി ആകുന്ന സന്നിഗ്ദ്ധഘട്ടങ്ങൾ ആവിഷ്ക്കരിക്കപ്പെട്ടിട്ടില്ല. ശശിധരൻ സ്വന്തം കഥയും തന്നോടൊപ്പം ചുഴിയിൽ അകപ്പെട്ടവരുടെ കഥയും അനാവൃതമാക്കുമ്പോൾ ഇത്തരം കലയും മനുഷ്യര്യ്ം തമ്മിലുള്ള ബന്ധസത്യങ്ങൾ വെളിച്ചത്താകുന്നു.
ഭാരതീയകലകൾ എത്രമാത്രം മഹത്തരമാണെന്ന് സമർത്ഥിക്കപ്പെടുന്നത് പലപ്പോഴും അന്യദേശക്കാർ ആദരിക്കുമ്പോൾ മാത്രമാണ്. ഈ സത്യത്തിന്റെ നാൾവഴിക്കണക്കുകൾ വിസ്തൃതമാകുന്ന ആഖ്യാനമാണീ പുസ്തകം. ശശിധരൻ കഥകളിയും മറ്റ് നൃത്തങ്ങളുമായി സഞ്ചരിച്ച് അനുമോദനങ്ങൾ നേടാത്ത നാടില്ല. അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ നേട്ടത്തിനപ്പുറം നമ്മുടെ കലകൾക്ക് കിട്ടുന്ന അംഗീകാരവുമാണ്. ‘റിയൂണിയൻ’ എന്ന അധികമാരും കേട്ടിട്ടില്ലാത്ത ദ്വീപിൽ കഥകളി അവതരിപ്പിച്ച് ആ ദ്വീപുനിവാസികളെ ഉൽസുകരാക്കുന്ന വേള ശ്രദ്ധിക്കേണ്ടതാണ്. ദർപ്പണയിൽ വച്ചും ഇൻഡ്യക്ക് പുറത്ത് വച്ചും നാനാദേശവാസികളെ കഥകളിയും മറ്റ് നൃത്തങ്ങളും പഠിപ്പിച്ച ചരിത്രം വിദിതമാകുമ്പോൾ നമ്മുടെ പെർഫൊഋമിങ് ആർട്സ് ന്റെ ഉന്നതിയാണ് സംഗതമാകുന്നത്. “പകർന്നാട്ടം” ആ ചരിത്ര വസ്തുതയുടെ വിലപ്പെട്ട രേഖയാണ്, കോട്ടയ്ക്കൽ ശശിധരന്റെ ജീവിത കഥ മാത്രമല്ല.
ദർപ്പണ എന്ന ആവർത്തകം
ശശിധരനു ചുറ്റുമുള്ള ചുഴിയിൽ ഭ്രമണം ചെയ്തവരുടെ കഥ
മാത്രമല്ല “പകർന്നാട്ടം”, ശശിധരനെ
ചുഴറ്റിയെടുത്ത് പലയിടങ്ങളിൽ പ്രതിഷ്ഠിയ്ക്കുന്ന കഥയുമാണിത്. വിശപ്പ് ദുഃഖം നിരാശ
എന്നിവയുമായി ഡെൽഹിയിൽ അലയുമ്പോൾ ആകസ്മികമായി സംഭവിച്ച അങ്ങനെയൊരു ചുഴി 19 ആം
വയസ്സിൽ അവിടെ നിന്ന് പൊക്കിയെടുത്ത്
അഹമ്മദാബാദിൽ കൊണ്ടെ ഇറക്കുകയാണുണ്ടായത്. മൃണാളിനി സാരാഭായി സൃഷ്ടിച്ച ചുഴി. പിന്നീടുള്ള
38 വർഷം ഇതിന്റെ ഭ്രമണപഥത്തിൽ കറങ്ങുമ്പോഴും ചെറിയ ചുഴികൾ ശശിധരനെ ലോകത്തിന്റെ പലേ
ഭാഗങ്ങളിലും കൊണ്ടെ ഇറക്കിയിട്ടുണ്ട്. ദർപ്പണയിൽ വച്ച് പന്തലൂർക്കാരൻ
പുത്തൻപുരയ്ക്കൽ ശശിധരൻ എന്നെന്നേയ്ക്കുമായി കോട്ടയ്ക്കൽ ശശിധരൻ ആയി മാറുകയാണുണ്ടായ്ത്. ദർപ്പണയിൽ കഥകളി എന്നത് ഇൻഡ്യയിലെ പലേ
നൃത്തരീതികളിൽ ഒന്നാണ്, പക്ഷേ വളരെ പ്രധാനപ്പെട്ടതും
അത്യ്ന്നതങ്ങളിൽ പ്രതിഷ്ഠിക്കപ്പെട്ടതുമാണ്. ചാത്തുണ്ണിപ്പണിയ്ക്കർ
കോറിയോഗ്രാഫികൾക്ക് നേതൃത്വം കൊടുക്കുന്നുണ്ട് ശശിധരൻ അവിടെ എത്തപ്പെടുമ്പോൾ.
മറ്റ് നൃത്തങ്ങൾക്ക് ഇല്ലാത്ത പലതും കഥകളിയ്ക്ക് സ്വന്തമായുണ്ട്. നാടകീയത
എന്നതാണത്. ശശിധരനെ സംബന്ധിച്ച് കഥകളിയെക്കുറിച്ചുള്ള ചില നവീന പാഠങ്ങൾ
ആയിരുന്നിരിക്കണമിത്. ഈ സ്വായത്തമാക്കൽ പിന്നീടുള്ള നിരവധി കോറിയോഗ്രാഫികളെ
സ്വാധീനിച്ചിട്ടുമുണ്ട്. ശുദ്ധകഥകളി
മാത്രം അവതരിപ്പിച്ച നടൻ അല്ലാതായി ഭരതനാട്യവും കുച്ചിപ്പുഡിയും ഒക്കെ
സന്നിവേശിപ്പിച്ച നൃത്തരീതിയിലേക്ക് കടക്കുകയായിരുന്നു, പലേ നൃത്തരീതികൾ സ്വാംശീകരിച്ചപോലെ തന്നെ ലോകരീതികൾ
അറിയുന്ന പൗരനായി മാറപ്പെടുകയായിരുന്നു.
ദർപ്പണ ചെന്നെയിലെ കലാക്ഷേത്രം പോലെയോ കലാമണ്ഡലം പോലെയോ നിരവധി കാലാനിപുണരെ സൃഷ്ടിച്ചിട്ടുള്ള, സൃഷ്ടിയ്ക്കുന്ന ഒരു കലാകേന്ദ്രം ആയി മാറിയില്ല എന്നതിൽ കുണ്ഠിതം രേഖപ്പെടുത്തുന്നുണ്ട് ശശിധരൻ. ഏകാധിപത്യം ഭരണരീതിയായി മാറിയതാണത്രേ കാരണം. ദർപ്പണ നിർമ്മിച്ചെടുത്തതാണ് ഈ ആത്മകഥാകാരനെ എങ്കിലും ഈ സത്യം തുറന്നെഴുതാതെ വയ്യ അദ്ദേഹത്തിനു. ദർപ്പണയുടെ കലാനീതി പ്രഗൽഭരെ അധികനാൾ തുടരാൻ അനുവദിക്കാത്ത തരത്തിലുള്ളതായിരുന്നു. ഇതിൽ ഏറെ ദുഃഖിതനുമാണ് അദ്ദേഹം. അതുപോലെ 18-ആം നൂറ്റാണ്ടിലെ അദ്ധ്യാപന-അഭ്യസനരീതിയിൽ ഉറച്ചു പോയ കോട്ടയ്ക്കൽ നാട്യസംഘത്തിന്റെ കാറ്റും വെളിച്ചവും കടത്താത്ത മനോനിലകളെക്കുറിച്ചും വിലപിക്കുന്നുണ്ട് ശശിധരൻ. വിദ്യർത്ഥികളെ പരസ്യമായി പുലഭ്യം പറയുകയും ക്രൂരമായി ശിക്ഷിക്കുകയും ചെയ്യുന്ന അദ്ധ്യാപകരെ കലാശിക്ഷണത്തിൽ മറ്റ് രാജ്യങ്ങളിൽ കാണാത്തതാണെന്ന അനുഭവസാക്ഷ്യം അദ്ദേഹത്തോടൊപ്പം ഉണ്ട്. തന്റെ അറുപതാം പിറന്നാളോഘഷവേളയിൽ പ്രശസ്ത കഥകളിക്കാരുൾപ്പടെ കലാവിചക്ഷണരും എഴുത്തുകാരും അനുമോദനം ചൊരിഞ്ഞപ്പോൾ കോട്ടയ്ക്കൽ നാട്യസംഘം ഒരു പൂച്ചെണ്ടു പോലും നൽകാൻ ഒരുമ്പെട്ടില്ല എന്നതും ശശിധരന്റെ പരിവേദനത്തിൽ ഉൾപ്പെടുന്നുണ്ട്. 1200 പേജുകൾ ഉള്ള പുസ്തകം തീരാൻ നാലു പേജ് മാത്രം ബാക്കി നിൽക്കേ, കലാലോകത്ത് വിജയം കൊയ്ത ശശിധരന്റെ ആത്യന്തിക വേദനയായി മിച്ചം നിൽക്കുന്നത് ഇതാണ്.
കോട്ടയ്ക്കലും ശശിധരനും
പഠിച്ചിറങ്ങിയ സ്ഥാപനത്തിന്റെ പേരിൽ അറിയപ്പെടുന്നത് കേരളത്തിലെ ഒരു പൊതുസ്വഭാവം മാത്രമാണ് ,കഥകളി അവിടെ പഠിച്ചതുകൊണ്ട് മാത്രമാണ് ദർപ്പണയിൽ എത്താൻ സാധിച്ചതതെന്നത് സത്യമാണു താനും. ശശിധരൻ ഒരിയ്ക്കലും കോട്ടയ്ക്കൽ സംഘത്തിലെ കഥകളിക്കാരൻ ആയിരുന്നില്ല, അതിനു അനുവദിക്കപ്പെട്ടിരുന്നുമില്ല. വിരോധഭാസമാണിത്. കേരളത്തിനു പുറത്ത് കഥകളിയുടെ പര്യായമായി മാറിയത് ശശിധരൻ തന്നെ. കേരളത്തിനു പുറത്ത് കഥകളിയിലെ വിഖ്യാത മനോധർമ്മ അവതരണമായ “അജഗരകബളിതം” (കല്യാണസൗഗന്ധികത്തിലെ ഭീമന്റെ) ഏറ്റവും കൂടുതൽ അവതരിപ്പിച്ചിട്ടുള്ളത് ശശിധരൻ തന്നെ ആയിരിക്കും. കഥകളിയെക്കുറിച്ചുള്ള സ്റ്റാമ്പിലും ലോട്ടറി ടിക്കറ്റുകളിലും കോട്ടയ്ക്കൽ ശശിധരന്റെ കഥകളിവേഷം. പ്രത്യക്ഷപ്പെട്ടു. പലേ നൃത്തരീതികൾ സമന്വയിപ്പിച്ച് നൃത്തനാടകങ്ങൾ ചിട്ടപ്പെടുത്തിയതും ശശിധരന്റെ കലോപാസനയുടെ ദൃഷ്ടാന്തങ്ങൾ മാത്രമല്ല കല എന്ന സിദ്ധിയെ വിടാതെ പിന്തുടർന്ന് വിജയം നേടിയതിന്റെ ഉദാഹരണങ്ങളാണ്. “ആദ്യകാലങ്ങളിൽ ഞാൻ കഥകളിയും കൊണ്ട് പറക്കുകയായിരുന്നുവെങ്കിൽ ഇപ്പോൾ കഥകളി എന്നെയും കൊണ്ട് പറക്കുന്നു” (പേജ് 445, പുസ്തകം 2). സ്വജീവിതനേട്ടത്തിന്റെ കാരണപ്പൊരുൾ.
കേരളത്തിനു പുറത്തും ഇൻഡ്യക്ക് പുറത്തും കഥകളി നർത്തകൻ എന്ന് പ്രസിദ്ധിയാർജ്ജിച്ചെങ്കിലും മലയാളി കഥകളി ലോകം ഇദ്ദേഹത്തെ അറിഞ്ഞിട്ടില്ല എന്ന സത്യം ശശിധരൻ തന്നെ വെളിവാക്കുന്നുണ്ട്. 2010 ഇൽ കോട്ടയ്ക്കൽ ഗോപിയാശാന്റെ ശതാഭിഷേകം. 40 കൊല്ലത്തിനു ശേഷം ശശിധരൻ കഥകളി ചെയ്യുന്നു. “നാട്ടിൽ കഥകളിയുമായി ബന്ധപ്പെട്ടവർ എന്നെ അറിയാൻ തുടങ്ങി” (പേജ് 438, പുസ്തകം 2) “അമ്പതുകൊല്ലം കോട്ടയ്ക്കലിന്റെ പേരും പറഞ്ഞ് ജീവിയ്ക്കുന്ന എനിയ്ക്ക് വിഷമമുണ്ട്” “സ്വന്തം മണ്ണിൽ അന്യനായി നിൽക്കേണ്ടി വരുന്നതിൽ വേദന തോന്നാറുണ്ട്” എന്നും വ്യക്തമാക്കുന്നു അദ്ദേഹം. ലോകോത്തര സർവ്വകലാശാലകൾ അംഗീകാരങ്ങളും അനുമോദനങ്ങളും കൊണ്ട് വീർപ്പു മുട്ടിയ്ക്കപ്പെട്ട, വാഷിങ്ടൺ ലിങ്കൺ സെന്റർ, മോസ്കോ ബോൾഷെവിക് തിയേറ്റർ, ഇംഗ്ലണ്ട് ക്യൂൻ എലിസബത് തിയേറ്റർ ഇൽ ഒക്കെ അനേകം കലാസ്വാദകരെ പുളകമണിയിച്ച നർത്തകനെ “കൂടെയുള്ളവർ പോലും ഭ്രഷ്ട് കൽപ്പിച്ച് അകറ്റി നിർത്തുന്നു”. ശശിധരൻ എഴുതുന്നു.
പക്ഷേ നാടുവിട്ടു പോയതു കൊണ്ട് രൂപപ്പെടുത്തപ്പെട്ട മനോനിലകൾ ഉറയ്പ്പെട്ടിട്ടുണ്ട് ശശിധരനിൽ. അവനവനെ തിരിച്ചറിയാൻ ഏറേ സഹായിച്ചിട്ടുണ്ട് ഈ യാത്രകൾ എന്നത് നിശ്ചയമാണ്. നർത്തകനായി ഇടം സ്വരൂപിച്ചെടുത്തത് മറുദേശത്തെ അരങ്ങുകളിൽ വച്ചാവണം. ഉള്ളിലെ നർത്തകനെ സ്വയമേവ കണ്ടുപിടിച്ചതും. കോട്ടയ്ക്കലെ പരിശീലനം കഴിഞ്ഞ ഉടൻ, 20 വയസ്സ് തികയും മുൻപേ ശാന്തിനികേതനത്തിലും കൽക്കത്തയിലും ലണ്ടനിലും അരങ്ങുകളിൽ സ്വയം നൃത്തപാടവപ്രദർശിതനായത് താൻ ആരെന്നുള്ള അറിവിന്റെ ബാലപാഠങ്ങളോടെ ആയിരുന്നിരിക്കണം. ലോകത്തെ അറിഞ്ഞെടുത്തത് കൗതുകകരമായ രീതിയിൽ ആയിരുന്നു എന്നത് സാരസ്യത്തോടെ വിവരിച്ചിട്ടുണ്ട്, പലപ്പോഴും . “സാൻഡ് വിച്ച് എന്നൊരു സാധനം. രണ്ട് ബ്രെഡ് ഇടയ്ക്ക് തക്കാളി വെച്ച് ഒട്ടിച്ചതാണ്” “ഇത്രയധികം സായിപ്പന്മാരെ ഒരുമിച്ച് കാണുകയാണ്”. “എല്ലാവരും ചീസ് എന്നൊരു സാധനം തിന്നിരുന്നു, അതിന്റെ വാസന കേട്ടാൽ ഓക്കാനം വരും” അങ്ങനെ പോകുന്നു കണ്ടുപിടിത്തങ്ങൾ. കാലിഫോർണിയയിൽ ഒരു നേരഭക്ഷണത്തിനു 3 ഡോളർ (അന്ന് മുപ്പതു രൂപ) കൊടുത്തപ്പോൾ ഡെൽഹിയിൽ അച്ചുതൻ നായരുടെ ഹോട്ടലിൽ രണ്ടു നേരഭക്ഷണത്തിനു ഒരു മാസത്തേയ്ക്ക് 50 രൂപ മതി, Tea bag ഉപയോഗിക്കാനറിയാതെ പൊട്ടിച്ച് ചൂടുവെള്ളത്തിലിട്ടതിനു ചാത്തുണ്ണിപ്പണിക്കർ സംഹാരരുദ്രനായി, ഇതൊക്കെ ഓർത്തെടുക്കുന്നുണ്ട്. “ഓരോ യാത്രയിലൂടെയും നാം നമ്മെ തിരിച്ചറിയുന്നു; നാം ആരാണെന്ന് സ്വയം ബോദ്ധ്യപ്പെടുന്നു. ആ ബോദ്ധ്യപ്പെടലുകൊണ്ട് ജീവിതത്തിൽ കൂടുതലായി പലതും പഠിയ്ക്കാനിടയാവുന്നു. ഇത്തരം യാത്രകൾ ജീവിതയാത്രയിലെ മാർഗ്ഗങ്ങൾ തെളിയിക്കാൻ സഹായകമാകുന്നു.” (പേജ് 286, രണ്ടാം പുസ്തകം). ഒരു കഥകളിക്കാരന്റെ ആത്മകഥാപുസ്തകത്തിൽ സാധാരണ കാണാത്ത വാക്യങ്ങൾ.
ആരാണ് കഥകളിക്കാരായി തീരുന്നത്? ജീവിതത്തോടുള്ള വെല്ലുവിളി കലാസപര്യയോടുള്ള വെല്ലുവിളിയായി മാറുന്നതെപ്പോൾ? ഒരു കഥകളിക്കാരന്റെ ശിക്ഷണകാലത്ത് ഇല്ലാതെ പോയ കൗമാര യൗവനങ്ങൾ വീണ്ടെടുക്കപ്പെടുന്നതെപ്പോൾ? അതിനു എന്തു സാദ്ധ്യതകൾ? മറ്റുള്ളവർ പഠിയ്ക്കാത്ത പാഠങ്ങൾ ഒരു കഥകളിക്കാരൻ സ്വന്തം ജീവിതതിൽ നിന്ന് പഠിച്ചെടുക്കുന്നുണ്ടോ? ശശിധരന്റെ പുസ്തകത്തിലെ വരികൾക്കിടയിൽ നിന്ന് ഇത്തരം ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും വായിച്ചെടുക്കാൻ സാധിപ്പിക്കുന്നു.
അതതു കാലവുമായി സം യോജിപ്പിച്ചാണ് ആത്മകഥാകാരൻ തന്റെ സ്വന്തം ചരിത്രം മെനഞ്ഞെടുക്കുന്നത്. മുത്തങ്ങ സമരവും ബാബ്രി മസ്ജിദ് സംഭവും ഇന്ദിരാ ഗാന്ധി വധവും എല്ലാം തത് സമയങ്ങളിൽ ഓർമ്മിക്കപ്പെടുന്നു എന്നതുകൊണ്ട് ഇൻഡ്യയുടെയും കേരളത്തിന്റേയും രാഷ്ട്രീയ-സാംസ്കാരികചരിത്രവുമായി ശശിധരന്റെ ജീവിതസന്ദർഭങ്ങൾ ചേർന്നു നിൽക്കുന്നു എന്ന് വ്യക്തമാവുകയാണ്. ഇത്തരം സംഭവങ്ങൾ പൊതുബോധനിർമ്മിതിയിൽ സ്വാധീനം ചെലുത്തുന്നവയാണ്, പരിണിതഫലമായി കലയുടെ ലോകത്തും അതിന്റെ ആന്ദോളനങ്ങൾ എത്തപ്പെടും. കഥയിൽ വ്യക്തമാക്കുന്നില്ലെങ്കിലും ഒരു അന്തർധാരയായി നിലകൊള്ളുന്നുണ്ട് ഇത്. പല സംഭവങ്ങളിലും കൃത്യമായ തീയതിയും സമയവും ശശിധരൻ കുറിയ്ക്കുന്നുണ്ട് അതീവ സൂക്ഷ്മമായിത്തന്നെ. വിമാനത്തിൽ ഇരുന്ന സീറ്റിന്റെ നമ്പർ വരെ രേഖപ്പെടുത്തിയിട്ടുണ്ട് എന്നത് കൗതുകകരം തന്നെ.
കഥകളി പോലെ തികച്ചും ക്ലാസിക്കൽ കലയിൽ പ്രവർത്തിച്ചവരുടെ
ആത്മകഥകൾ പൊതുവായി സ്വീകരിക്കപ്പെടണമെന്നില്ല. ഒരു നിശ്ചിത വിഭാഗം ആൾക്കാർ
വായിച്ചെന്നേ വരികയുള്ളു. പക്ഷേ “പകർന്നാട്ടം” സ്വന്തം ആത്മാവിനെ തേടുന്ന ഒരു നർത്തകന്റെ കഥ ഒരു നോവെൽ
പോലെ ആവിഷ്ക്കരിക്കപ്പെട്ടതാണ്, സ്വത്വത്തെ
അറിഞ്ഞെടുക്കുന്ന ജീവിതസന്ധികളുടെ ആവിഷ്ക്കാരമാണ്. ഒരു കലാകാരന്റെ വിജയഗാഥ എന്നതിലുപരി ഒരു
മനുഷ്യന്റെ നിശ്ചയദാർഢ്യത്തിന്റേയും
അതിജീവനത്വരയുടേയും കഥിത-കഥനം ആണ്. “പകർന്നാട്ടം”
ആഖ്യാനപ്പെടുത്തിയിരിക്കുന്നത് വർദ്ധിച്ച പാരായണക്ഷമത ഉളവാക്കുന്ന ലാളിത്യഭംഗി
ഇയലുന്ന തരത്തിലുമാണ്.
No comments:
Post a Comment