പാൽതു ജാൻവർമാരെ നമ്മൾ മനുഷ്യർ ഇറച്ചിയ്ക്കു വേണ്ടി മാത്രം വളർത്തിയിരുന്നവരായിരുന്നു. പിന്നീടാണ് കന്നു കുട്ടിയ്ക്കോ ആട്ടിൻ കുട്ടിയ്ക്കോ വേണ്ടി നിർമ്മിക്കപ്പെടുന്ന പാൽ മോഷ്ടിച്ചെടുക്കാമെന്ന ആശയം മനുഷ്യൻറ്റെ കുടില മനസ്സിൽ ചേക്കേറിയത്. പാലും അതിൻ്റെ ഉൽപ്പന്നങ്ങളും മനുഷ്യരുടെ ജീവിതരീതിയെ മാറ്റിമറിച്ചു എന്ന് മാത്രമല്ല ,സാംസ്കാരികമായ വലിയ ഒരു വിപ്ളവവും കൂടിയായിരുന്ന് ഈ പുതിയ ആഹാരരീതി പരിണാമം. പാൽ കുടിച്ചു തുടങ്ങുന്നതിനും ആയിരമായിരം കൊല്ലങ്ങൾക്ക് മുൻപ് തന്നെ കന്നുകാലി വളർത്തൽ ആരംഭിച്ചിരുന്നു എങ്കിലും പാൽ കുടിച്ച് മിടുക്കരാകാമെന്ന് കണ്ടു പിടിച്ചത് വളരെ പിന്നെയാണ്. ഒരു പുതിയ ഡ്രിങ്ക് എന്ന നിലയിൽ ലോകത്ത് പലയിടത്തും ഈ ശീലം പടർന്നു പിടിച്ചു. പക്ഷേ അത് ദഹിക്കാനുള്ള കഴിവ് വളരെ പിന്നീടാണ് നമ്മളിൽ പരിണാമം കൽപ്പിച്ചരുളിയത്.
പാൽ നമ്മൾ, പ്രായപൂർത്തിയായവർ കുടിക്കേണ്ടതല്ല. നാലഞ്ചു വയസ്സുവരെ മാത്രം അമ്മയുടെ മുലപ്പാൽ കുടിച്ചാൽ മതി. അതിനു ശേഷം പാൽ ദഹിക്കാനുള്ള ‘ലാക്റ്റേയ്സ്” എന്ന എൻസൈം നമ്മുടെ ചെറുകുടലിൽ ഉത്പാദിപ്പിക്കേണ്ടതില്ല, അങ്ങനെ സംഭവിക്കാറുമില്ലായിരുന്നു പണ്ട്. സ്വാഭാവികതയിലുള്ള ഒരു കടന്നുകയറ്റം തന്നെയായിരുന്നു പാൽ കുടി. അത് കൊണ്ട് പാൽ കുടിച്ചാൽ ശാരീരികപ്രശ്നങ്ങളിൽ പെട്ടു പോകും, വയറ്റിൽ അസുഖം വരും, മനുഷ്യർ പാൽ വർജ്ജിച്ചിരുന്നു. 7000/8000 വർഷങ്ങൾക്ക് മുൻപ് പാൽകുടി തുടങ്ങിയിരുന്നെങ്കിലും അത് ദഹിക്കാറില്ലായിരുന്നു. ലാക്റ്റേയ്സ് അസ്ഥിരം (Lactase Non persistent (LNP) എന്ന വകുപ്പിൽ പെട്ടിരുന്നു നമ്മൾ. എന്നാൽ ഏകദേശം 2000 ബി. സി. യോടെ യൂറോപ്പിലും യൂറേഷ്യയിലും പാൽ കുടി കൂടുതൽ പ്രചാരത്തിലായി, ദഹിക്കാൻ എളുപ്പമാകുകയും ചെയ്തു. എന്താണ് സംഭവിച്ചത് അന്ന്?
എങ്ങിനെയാണ് നമ്മൾ ലാക്റ്റേയ്സ് എൻസൈം പ്രവർത്തിപ്പിക്കുന്നവരായി മാറിയത് എന്നതിനെക്കുറിച്ച് കൃത്യമായ അറിവ് ഈയിടെ വരെ കിട്ടിയിരുന്നില്ല. എന്ത് പ്രേരണകളാണ് ഈ ആഹാരരീതിപരിണാമത്തിനു സഹായിച്ചതെന്നതിലെ സത്യം അജ്ഞാതമായിരുന്നു. ഇപ്പോൾ അതിനെക്കുറിച്ച് കൃത്യമായ അറിവുകളാണ് ലഭിച്ചിരിക്കുന്നത്. അതിജീവനത്തിനു വേണ്ടി നമ്മുടെ ജനിതകവ്യവ്സ്ഥയ്ക്ക് നിർദ്ദേശങ്ങൾ കിട്ടിയിരുന്നിരിക്കണം ഈ എൻസൈം നിർമ്മിച്ചെടുക്കാൻ. പാലിലെ ലാക്റ്റോസ് എന്ന അന്നജത്തെ അന്നുവരെ നമുക്ക് പഥ്യമല്ലതിരുന്നത് മാറി അതിനെ സഹിക്കാവുന്നതാവുക എന്നത് വൻ മാറ്റമായിരുന്നു, ചരിത്രപരമായും സാംസ്കാരികപരമായും. ഇറച്ചിയ്ക്കുവേണ്ടി വളർത്തിയിരുന്ന പശുക്കൾക്ക് അസുലഭമായ പ്രാധാന്യം കിട്ടുകയാണുണ്ടയത്. പാലുൽപ്പന്നങ്ങൾ വൈവിദ്ധ്യമിയന്ന ഭക്ഷണസാധനങ്ങളായി, സാഹിത്യത്തിലും കലകളിലും സ്ഥാനം പിടിച്ചു. നെയ്യും വെണ്ണയും ഭാരതീയ സാഹിത്യത്തിൽ ശ്രീകൃഷ്ണകഥകളോടൊപ്പം കഥാപാത്രങ്ങളായി, ആരാധനാനുഷ്ടാനങ്ങളിൽ വൻ ഇടപെടലുകൾ നടത്തി, ദൈവത്തിനു മാത്രമല്ല സിനിമാതാരങ്ങളുടെ കട്ടൗട്ടുകൾ വരെ പാലഭിഷേകത്തിനു പാത്രമായി ,പശുക്കൾ ദൈവങ്ങളായി, കാൽപ്പനികത വളർന്ന് ‘പാലാണു തേനാണു”, ”വെണ്ണതോൽക്കുമുടലോടെ..’ എന്ന മട്ടിൽ കാവ്യങ്ങൾ രചിക്കപ്പെടാൻ സാദ്ധ്യതയേറ്റി, നക്ഷത്രക്കൂട്ടങ്ങളെ ക്ഷീരപഥങ്ങൾ എന്ന് വിളിച്ചു, ‘നവനീതചോരൻ’ ‘ക്ഷീരസാഗരൻ’ പോലെ പേരുകൾ സംജാതമായി, നെയ്യ് എന്ന മൃഗക്കൊഴുപ്പ് അതിശുദ്ധ വെജിറ്റേറിയൻസിനും ദൈവീകമായി, ബിസിനെസ്സിൽ പാലും ഉൽപ്പന്നങ്ങളും അജയ്യത പ്രഖ്യാപിച്ചു,. ചീസ് എന്നത് ലോകത്താകമാനം പലേ ആഹാരനിർമ്മിതിയിൽ വൻ രീതിയിൽ ഭാഗഭാക്കായി. പരിണാമം അരുളിയ ജനിതകസൗഭാഗ്യത്തിൻ്റെ നേർക്കാഴ്ച്ച.
ലാക്റ്റേയ്സ് എന്ന എൻസൈം നിർമ്മിച്ചെടുക്കാൻ ഉതകുന്ന ജീൻ സമൂഹത്തിൽ നില നിന്നത് ഡാർവിൻ്റെ പ്രകൃതിനിർദ്ധാരണ (Natural selection)ത്തിനു പ്രത്യക്ഷ ഉദാഹരണമായിരുന്നു. ലാക്റ്റോസിനെ വിഘടിപ്പിച്ച് ഗ്ളൂക്കൊസും ഗലാക്റ്റോസും ആക്കുകയാണ് ലാക്റ്റേസ് എന്ന എൻസൈം. ഈ എൻസൈം പ്രായപൂർത്തിയാവരിലും പ്രവർത്തിച്ചു തുടങ്ങുക എന്നത് പരിണാമത്തിലെ ഒരു ഘട്ടം തന്നെ ആയി മാറി, പാൽ ദഹിക്കാൻ സാധിച്ചവർ അതിജീവിക്കുകയും കൂടുതൽ സന്താനോദ്പാദനം സാദ്ധ്യമാക്കുകയും നെടുനാൾ ജീവിക്കുകയും ചെയ്തതു വഴി സമൂഹത്തിലെ എണ്ണം കൂടിയവർ ആയിത്തീരുകയും പാൽ ദഹിക്കാനുള്ള ജീൻ ഇല്ലാത്തവർ കാലക്രമേണ എണ്ണത്തിൽ കുറവുള്ളവർ ആയിത്തീരുകയും ചെയ്തിരിക്കണം. പരിണാമത്തിൻ്റെ സ്ഥിരം വഴി തന്നെ ഇത്. പക്ഷേ പാൽ ഇല്ലാതെ ജീവിക്കാൻ വയ്യേ, ലാക്റ്റോസ് ദഹിക്കാത്തവർ (Lactose intolerant ) ഇന്നും ഭൂമുഖത്ത് ധാരാളമായുണ്ടല്ലൊ എന്ന ചോദ്യത്തിനു ഇതുവരെ ഒരു ശരിയുത്തരം ശാസ്ത്രത്തിനു നൽകാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ഇപ്പോഴത്തെ ചില സമഗ്രപഠനങ്ങൾ ഇതിൽ വ്യക്തതയുമായെത്തുകയാണ്. പാൽ കുടിച്ചു തുടങ്ങിയപ്പോൾത്തന്നെ ഈ ജനിതകപരിണാമവും നടന്നു എന്നായിരുന്നു ഈയിടെ വരേ ഉണ്ടായിരുന്ന ധാരണ. എന്നാൽ ഈ ആശയത്തെ തിരുത്തിക്കൊണ്ട് ഇക്കഴിഞ്ഞ ഓഗസ്റ്റിലെ നേച്ചർ മാഗസീനിൽ യൂണിവേഴ്സിറ്റി ഓഫ് ബ്രിസ്റ്റോൾ ഇലെ ഡോ. എവെർഷെഡും കൂട്ടരും പാൽകുടിയുടെയും ജനിതകമാറ്റങ്ങളുടേയും ചരിത്രാംശത്തിൻ്റെ വിശദവിവരങ്ങളുമായി എത്തിയിരിക്കയാണ്. പുരാതനകളിമൺ പാത്രങ്ങളിൽ പറ്റിപ്പിടിച്ചിരിക്കുന്ന നെയ്യിൻറ്റെ അംശങ്ങളാണ് പാലുപയോഗത്തിൻ്റെ തെളിവായി ലഭിച്ചത്. അതേ സ്ഥലങ്ങളിൽ നിന്ന് ലഭിച്ച പശുവിൻ്റേയും ആടുകളുടെയും എല്ലുകളും ഇതിനു ഉപോദ്ബലകമായി. തെക്ക് പടിഞ്ഞാറൻ ഏഷ്യയിൽ 9000 ബിസിയിൽത്തന്നെ പാൽ ഉപയോഗം തുടങ്ങിയിരുന്നു എന്ന് അനുമാനങ്ങളുണ്ട്. എന്നാൽ യൂറോപ്പിൽ ഈ പ്രസ്ഥാനം എത്തിയത് പിന്നീടാണ്.
പാൽ ഉപയോഗം യൂറോപ്പിൽ-ചരിത്രം
ഈ പഠനത്തിനുവേണ്ടി യൂറോപിലേയും തെക്ക്പടിഞ്ഞാറൻ ഏഷ്യൻ രാജ്യങ്ങളിലേയും 366 പുരാവസ്തു ഇടങ്ങളിൽ നിന്ന് സംഭരിച്ച കളിമൺ പാത്രങ്ങളിലെ പാൽക്കൊഴുപ്പുകൾ പരിശോധിക്കപ്പെടുകയാണുണ്ടായത്. കൃത്യമായ താരതമ്യത്തിനുവേണ്ടി 188 ഇടങ്ങളിൽ നിന്ന് പല കാലങ്ങളിലെ ജൈവവസ്തുക്കളും പഠനങ്ങൾക്ക് വിധേയമാക്കി. ആകെ 7000 ത്തോളം സാമ്പിളുകളാണ് പരിശോധിക്കപ്പെട്ടത്. കൃത്യമായ കാലഗണന്യ്ക്ക് റേഡിയൊ കാർബൺ ഡെയ്റ്റിങ്ങ് (കാർബൺ ആറ്റത്തിലെ ന്യൂട്റോണുകളുടെ അപചയത്തോത് കാലം ഗണിക്കാൻ സഹായിക്കും)ഉം ഉപയോഗിച്ചു. 7000 ബി സി മുതൽ 1500 എ ഡി വരെ യുള്ള കാലഘട്ടത്തിലെ പാൽ ഉപയോഗം രേഖപ്പെടുത്താനായി. മാത്രമല്ല പലേ സ്റ്റാറ്റിസ്റ്റിക്കൽ തന്ത്രങ്ങളുപയോഗിച്ച് പഴയ പഠനങ്ങളുമായി താരതമ്യം ചെയ്യുകയും നിർവധി വിവരങ്ങളുടെ പ്രാമാണികത നിജപ്പെടുത്തിയും കൃത്യത കൈവരുത്തി. ഇതേ സമയം അന്നത്തെ മനുഷ്യരുടെ ഡി എൻ എയിൽ നിന്ന് കൃത്യമായ ജനിതക വിവരങ്ങളും ശേഖരിക്കപ്പെട്ടു. യൂറോപ്പിലെ ചരിത്രാതീതകാലത്തിലെ കന്നുകാലി വളർത്തലിനെക്കുറിച്ചും പാൽ ഉപയോഗത്തെക്കുറിച്ചും ജനിതകപരിണാമങ്ങളെക്കുറിച്ചും അനുമാനങ്ങൾ ഏറെയാണ് ഇപ്രകാരം.
ആദ്യകാല കർഷകരുടെ കടന്നു വരവോടെ തന്നെ പാൽ ഉപയോഗവും മെഡിറ്റെറനീയൻ ബേസിൻ ഇൽ (ഗ്രീസ് ഒഴിച്ച്) തുടങ്ങിയിരുന്നു എന്നും ഇത് നവീനശിലായുഗകാലം മുഴുവനും തുടർന്നിരുന്നു എന്നും വിവരങ്ങൾ ലഭിച്ചു ഈ പഠനങ്ങൾ വഴി. 7000 ബി സിയിൽ ഫ്രാൻസ് ഒഴിച്ച് പടിഞ്ഞാറൻ പ്രദേശങ്ങളിൽ പരക്കെ പാൽ ഉപയോഗം നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ടർക്കിയിൽ 8500 ബി സിയിൽ ക്ഷീരോദ്പാദനശീലം ഉണ്ടായിരുന്നത്രെ. ഗ്രീസിലും തൊട്ട് വടക്കൻ പ്രദേശങ്ങ്ളിലും രണ്ടായിരം വർഷങ്ങളോളം കഴിഞ്ഞാണ് പാൽ കുടിച്ചവർ സാധാരണമായത്. തുടർന്ന് തെക്കേ ബ്രിടണിൽ ഇവർ കുടിയേറുമ്പോൾ പാലുപയോഗം വർദ്ധിച്ച തോതിൽ കാണപ്പെട്ടു. ബാൽക്കൻ പ്രദേശങ്ങളിൽ ഈ ശിലായുഗകാലത്ത് വൻ തോതിൽ പാൽ ഉപയോഗിച്ചിരുന്നു എങ്കിലും തൊട്ടടുത്ത ഗ്രീസിൽ ഇത് കാണപ്പെടുന്നില്ല അക്കാലത്ത്. കളിമൺ പാത്രങ്ങളല്ലാതെ മറ്റ് പാത്രങ്ങൾ ഉപയോഗിച്ചിരുന്നോ എന്നൊരു സന്ദേഹവും ശാസ്ത്രജ്ഞർ പ്രകടിപ്പിക്കുന്നുണ്ട്. എന്നാൽ മറ്റു ചിലഭാഗങ്ങളിൽ, പടിഞ്ഞാറൻ ഫ്രാൻസ്, വടക്കേ യൂറോപ്, ബ്രിടീഷ് ദ്വീപുകൾ എന്നിവടങ്ങളിൽ തുടച്ചയായി 5500 ബി സി മുതൽ 1500 എ ഡി വരെ പാൽ ഉപയോഗം സർവ്വസാധാരണമായിരുന്നു. മദ്ധ്യയൂറോപ്പിൽ താരതമ്യേന കൂറവായിരുന്നു പാൽ ഉപയോഗം (7000 ത്തോളം കളിമൺ പാത്രങ്ങളാണ് പരിശോധിക്കപ്പെട്ടത്. ചിത്രം 1 കാണുക). ലാക്റ്റോസ് ദഹിപ്പിക്കാനുള്ള എൻസൈമിൻ്റെ ജീൻ സ്ഥിരതയുടെ പരിണാമ തെരഞ്ഞെടുപ്പ് ഇവിടെയാണ് ആദ്യം നടന്നതെന്ന് മറ്റ് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഡയറി ഉൽപ്പന്നങ്ങൾ ശിലായുഗത്തിൽ പരക്കെ ഉപയോഗിക്കപ്പെട്ടിരുന്നു എങ്കിലും പലേ ഇടങ്ങളിൽ പലേ സമയങ്ങളിൽ ഇതിനു ഗണ്യമായ ഏറ്റക്കുറച്ചിലുകൾ സംഭവിച്ചിട്ടുണ്ട്. ആഹാരനിർമ്മിതിയിൽ ഉള്ള അസ്ഥിരത, ഡയറ്റ് ഇഷ്ടാനിഷ്ടങ്ങളിൽ സാംസ്കാരികമായി വന്ന പരിവർത്തനങ്ങൾ, ജനസംഖ്യയിൽ വന്ന മാറ്റങ്ങൾ ഇവയൊക്കെ കാരണങ്ങൾ ആയിരുന്നിരിക്കാം.
ലാക്റ്റേസ് എൻസൈം ജീൻ സ്ഥിരപ്പെടുന്നു, പരിണാമം
വഴിതിരിയുന്നു
പാൽ ഉപയോഗവും ലാക്റ്റോസ് ദഹന പരിണാമവും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് എവെർഷെഡിൻ്റേയും കൂട്ടരുടേയും ഗവേഷണകൗതുകം. ലാക്റ്റോസ് ദഹിയ്ക്കാനുള്ള കഴിവ് തീർച്ചയായും മനുഷ്യനു അതിജീവനസഹായി ആയിട്ടുണ്ട്, പക്ഷേ അതെങ്ങനെ എന്നതിനെക്കുറിച്ചാണ് തെളിവുകൾ നിരത്തപ്പെട്ടത്. ലാക്റ്റേസ് എൻസൈം ജീൻ ലോകത്തിൻ്റെ പല ഭാഗങ്ങളിലും പലപ്പൊഴായി മനുഷ്യജനിതകത്തിൽ തുറന്ന് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്, സ്വൽപ്പം വ്യത്യാസപ്പെട്ട ജീനുകളാണ് ഇവിടെ എല്ലാം എന്നേയുള്ളു. . 6000 വർഷങ്ങൾക്കു മുൻപേ കെനിയയിൽ പാൽ ഉപയോഗമുണ്ടായിരുന്നെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഈ ജീൻ ഇല്ലാതേ തന്നെ അവർ അതിജീവിച്ചിരുന്നു. ലോകത്തിൻ്റെ പലഭാഗങ്ങളിലും ഈ ജീൻ പ്രവർത്തനം അതിജീവനത്തെ സഹായിച്ചിട്ടുണ്ട് എന്നതിനു തർക്കമില്ല. ഏഷ്യൻ രാജ്യങ്ങളിലെ സമൂഹങ്ങളിൽ ഇതേ ജീൻ കാണപ്പെടുന്നുണ്ടെങ്കിലും സ്വൽപ്പം വ്യത്യസ്തമാണത്. ഈ ജീൻ നില നിൽക്കുന്ന പരിണാമപ്രക്രിയ പലേ ഇടങ്ങളും സ്വതന്ത്രമായി നടപ്പിലായിട്ടുണ്ട് എന്നതിൻ്റെ തെളിവാണിത്.
മുലകുടി മാറുന്ന പ്രായത്തിൽ എന്നെന്നേയ്ക്കുമായി
അടഞ്ഞു പോകുന്ന ഈ ജീൻ പിന്നെ തുറക്കപ്പെട്ടതാണ് പാൽ കുടി പരിണാമത്തിലെ പ്രധാന
സംഭവം. ഈ ജീൻ സർവ്വസമ്മതനായിത്തീർന്നു അതോടെ. എളുപ്പത്തിൽ ലഭിയ്ക്കാവുന്ന അണുവിമുക്തമായ
പാനീയം എന്ന ഖ്യാതി പണ്ടേ നേടിയിരുന്നു, പാൽ. പ്രോടീനുകൾ,
കാൽഷ്യം ഒക്കെ പ്രദാനം
ചെയ്യുന്ന പോഷകമൂല്യമുള്ള പാനീയം തന്നെ ഇത്. പക്ഷേ ഏകദേശം നാലഞ്ചു വയസ്സു കഴിഞ്ഞാൽ
ഈ ജീനിൻ്റെ പ്രവർത്തനം നിലയ്ക്കുകമൂലം പാലുകുടിച്ചാൽ വയറിളക്കം, ഓക്കാനം
വയറടച്ചു വീർപ്പ് (bloating) ഒക്കെ വന്നു ഭവിക്കും,
ലാക്റ്റോസ് ദഹിക്കുന്നില്ല എന്ന കാരണത്താൽ. സ്വാഭാവികമായും ലാക്റ്റോസ് ദഹിക്കാനുതകുന്ന എനസൈം –ലാക്റ്റേസ്-
നിർമ്മിക്കുന്ന ജീൻ വീണ്ടും പ്രാവർത്തികമാകുന്നത് സർവ്വഥാ അഭിലഷണീയം തന്നെ. എന്നാൽ
ഈ ദഹനസഹായി ജീൻ ഇന്ന് ലോകത്തിൽ 35% ആൾക്കാരിലെ കാണപ്പെടുന്നുള്ളു. ആകെ 23 ജോഡി
ക്രോമസോമുകൾ നമുക്കുള്ളതിൽ രണ്ടാമത്തേതിലാണ് ഈ ജീൻ കുടികൊള്ളുന്നത്. 7000 ബി സിയിൽത്തന്നെ വ്യാപകമായിരുന്ന പാൽ
ഉപയോഗം യൂറോപ്പിൻ്റെ പലഭാഗങ്ങളിലും പടർന്നു തുടങ്ങി,
ചെറിയ അസുഖങ്ങൾ വരുന്നത് വക
വെയ്ക്കാതെ ആയിരുന്നിരിക്കും ഈ പാൽ കുടി പ്രേമം. പക്ഷേ ഏകദേശം മൂവായിരം
കൊല്ലത്തോളം കഴിഞ്ഞാണ് ഈ ലാക്റ്റേസ് ജീൻ സമൂഹത്തിൽ ഉണർന്നു തുടങ്ങിയതിൻറ്റെ ലക്ഷണം
കാണുന്നത്. ബി സി 2000 ത്തോടെ വ്യക്തമായി യൂറോപ്പിൽ ഈ ജീൻ സർവ്വവ്യാപി
ആയിത്തുടങ്ങി. (ചിത്രം 1 കാണുക). ആ പ്രദേശങ്ങളിൽ നിന്ന് ലഭിച്ച എല്ലുകളുടേയും
മറ്റും കാലനിർണ്ണയം നടത്തിയ ശേഷം നടത്തിയ ജനിതകപഠനങ്ങളാണ് ഇത് തെളിയിച്ചത്. ബ്രിടീഷ് ദ്വീപുകളിലും ബാൽടിക് രാജ്യങ്ങളിലും ഈ
ജീൻ ഉണർന്നവരുടെ എണ്ണം വർദ്ധമാനമായി.
പാൽ ഉപയോഗം കൂടിയതനുസരിച്ച് ഈ ജീൻ ഉണർച്ചയും സംഭവിച്ചു എന്ന നേരത്തെ യുള്ള അനുമാനം മാറ്റിയെടുക്കേണ്ടി വന്നിരിക്കുന്നു പുതിയ ജനിതക പഠനത്താൽ.
ലാക്റ്റോസ് ദഹനം കൊണ്ട് എന്തു പ്രയോജനം? ഈ ദഹന
ജീൻ വേണോ?
പാലിൻ്റെ
ഗുണങ്ങൾ കൊണ്ട്—വൈറ്റമിൻ ഡി പ്രദാനം, പോഷകങ്ങൾ ധാരാളം-ലാക്റ്റോസ് ദഹന ജീൻ പരിണാമം
തെരഞ്ഞെടുത്ത് നമ്മളിൽ സ്ഥിരം ആക്കിയതാണോ? ആണെന്നായിരുന്നു പൊതുവിശ്വാസം. എന്നാൽ
വിശദപഠനങ്ങൾ ഈ അനുമാനത്തിനു കൂട്ട് നിൽക്കുന്നില്ല. പാലുപയോഗം കൊണ്ട് അക്കാലത്തൊന്നും
വൈറ്റമിൻ ഡിയുടേയോ എല്ലുകളിലെ ധാതുക്കളുടേയോ അളവ് കൂടുകയൊന്നും സംഭവിച്ചിട്ടില്ല
എന്ന് പുതിയ പഠനങ്ങൾ തെളിയിക്കുന്നു. സൂര്യപ്രകാശം കുറവായുള്ള യൂറോപ്പിൽ വൈറ്റമിൻ ഡി നിർമ്മിച്ചെടുക്കാൻ പ്രയാസമുണ്ട്, പാൽ ഈ
കുറവ് പരിഹരിച്ചു എന്നൊരു വാദം ഉണ്ട്. പക്ഷേ നല്ല വെയിൽ കിട്ടൂന്ന ആഫ്രിക്കൻ പ്രദേശങ്ങളിലും
ഈ ജീൻ നിലനിൽപ്പ് തെരഞ്ഞെടുക്കപ്പെടു എന്നത് മേൽച്ചൊന്ന വാദത്തെ പ്രതിരോധിയ്ക്കുന്നു.
ഇന്നത്തെ ജനതതിയിൽ പാൽ ദഹിക്കുന്നവരുടേയും ദഹിക്കാത്തവരുടേയും ആരോഗ്യസ്ഥിയിൽ വലിയ
വ്യത്യാസങ്ങളൊന്നും കാണുന്നില്ല. മരണത്തിൻ്റെ പ്രായക്കണക്കിലും സന്തതി ഉദ്പ്പാദനനിരക്കിലോ (reproductive rate) ഉദ്പ്പാദനക്ഷമത (fertility) യിലോ
മെച്ചങ്ങളൊന്നും നിരീക്ഷിക്കപ്പെടുന്നില്ല. ഇവയൊക്കെയാണ്
പരിണാമത്തിൻ്റെ ‘ഫിറ്റ്നെസ് സർടിഫിക്കേറ്റ്’ വാങ്ങിക്കൊടുത്തിരുന്നത്, സാധാരണയായി.അങ്ങനെ
ഈ ജീൻ അത്യാവശ്യമാണെന്ന് പരിണാമ തെരഞ്ഞെടുപ്പ് തെളിയിച്ചിട്ടില്ല. എങ്കിൽ എന്താണ്
സത്യം എന്നൊരു
ചോദ്യം ഉദിയ്ക്കുന്നു. എന്തിനാണ് പരിണാമം ഈ ജീനിനെ നിലനിർത്തിയത്?
ഈ ജീൻ പ്രാവർത്തികമല്ലാത്തവരും ഇന്നും പൂർണ്ണ ആരോഗ്യത്തോടെ ജീവിക്കുന്നുണ്ടല്ലോ. പാലോ അതിൻ്റെ ഉൽപ്പന്നങ്ങളോ ഉപയോഗിക്കാത്തവരേയും പരിണാമം സംരക്ഷിക്കുന്നുണ്ടല്ലൊ.
എവെർഷെഡും കൂട്ടരും ബ്രിടനിൽ നടത്തിയ പോപുലേഷൻ പഠനങ്ങൾ സൂചിപ്പിച്ചത് കൂടുതൽ പാലുപയോഗം ഈ ജീനിനെ സ്ഥിരപ്പെടുത്തിയില്ല എന്നാണ്. പാൽ ഉപയോഗിത്തവർ ധാരാളം, ഈ ജീൻ പ്രാവർത്തികമായവരും ഇല്ലാത്തവരും ഇതിൽ ഉൾപ്പെടുന്നു. ലാക്റ്റോസ് ദഹിക്കത്തവർ, ഇപ്പോഴും പാൽ ഉപയോഗിക്കുന്നവർ ധാരാളമായുണ്ട്. പോഷക പരിഹാരവും പാൽ ഉപയോഗവും ഈ ജീനിൻ്റെ സാന്നിദ്ധ്യവും തമ്മിൽ ബന്ധമില്ല എന്നതിനു തെളിവ്. ഈ ജീൻ ഉണരാത്തവർക്കെതിരെ പരിണാമം പ്രവർത്തിച്ചു, ഈ ജീൻ അങ്ങനെ സാർവത്രികമായി എന്ന് വാദിക്കാൻ പഴുതില്ലാതാവുന്നു. പാൽ കുടിച്ചാൽ ഉള്ള വിഷമതകൾ ആണ് അതില്ലാതാക്കുന്ന ഈ ജീനിനെ സമൂഹത്തിൽ പിടിച്ചു നിറുത്തിയത് എന്നും വാദിയ്ക്കാൻ വയ്യ. കാൽഷ്യം ഉൾച്ചേരൽ, വൈറ്റമിൻ ഡി വർദ്ധന മുതലയവ പാലു കുടിച്ചവരിൽ വർദ്ധിച്ചു കാണുന്നുമില്ല. പരിണാമത്തിൽ പൊതുവേ ഗുണകരമല്ലെങ്കിൽ എങ്ങനെയാണ് ഈ ലാക്റ്റേസ് സ്ഥിരതാജീൻ തെരഞ്ഞെടുക്കപ്പെട്ടത് എന്നായി അവരുടെ അന്വേഷണം. . എന്തൊക്കെയാണ് ഈ ജീനിനെ ഒരു പോപുലേഷനിൽ നിലനിറുത്താനുള്ള കാരണങ്ങൾ എന്നതിനു മറ്റൊരു ദിശയിലേക്ക് തിരിയുകയായിരുന്നു അന്വേഷണങ്ങൾ.
കാർഷികസമൂഹങ്ങൾ ഉടലെടുത്തതോടെ സന്താനസമൃദ്ധി (Fecundity)യേയും മരണനിരക്കിനേയും ബാധിയ്ക്കാവുന്ന മറ്റ് പാരിസ്ഥിതിപ്രശ്നങ്ങളാണ് ചില സൂചനകൾ നൽകിയത്. കാർഷികവൃത്തി ആഹാരസമ്പന്നത സാധിച്ചെടുത്തെങ്കിലും ജനസംഖ്യയിലെ വർദ്ധനവും കൂട്ടമായി വസിക്കലും പതിവായിയുള്ള സ്ഥലം മാറൽ, മൃഗങ്ങളുടെ സാമീപ്യം. കൃഷിനാശം,ക്ഷാമം, ജനതതിയിൽ വൻ കുറവുകൾ, ഇവയൊക്കെ സന്താനസമൃദ്ധിയേയും മരണനിരക്കിനേയും ബാധിയ്ക്കാൻ പോന്നവയാണ്. ഈ പ്രത്യേക അവസ്ഥ മൃഗങ്ങളിൽ നിന്ന് അസുഖങ്ങൾ മനുഷ്യരിലേക്ക് പകരുന്നത് (Zoonoses) ത്വരിതപ്പെടുത്താൻ പോന്നതാണ്. ഇന്നും ഏകദേശം 62% അസുഖങ്ങൾ മൃഗങ്ങളിൽ നിന്ന് വന്നു കയറിയവയാണ്, 75% പുതിയ അസുഖങ്ങളും അന്യജന്തുക്കളിൽ നിന്നാണ്. കോവിഡ് വൈറസ് വവ്വാലിൽ നിന്നോ പാംഗൊലിനിൽ (ഈനാമ്പീച്ചി) നിന്നോ മ്യൂടേഷൻ സംഭവിച്ച് ഈയിടെ നമ്മളിൽ കയറിക്കൂടിയതു തന്നെ ഏറ്റവും എളുപ്പമുള്ള ഉദാഹരണം. പാൽകുടി പരമാവധി ഉപയോഗപ്പെടുത്തിയ സാമൂഹ്യക്രമം പടർന്നു പിടിയ്ക്കുകയും അതുമൂലം വരുന്ന അസുഖങ്ങൾ ലാക്റ്റേസ് സ്ഥിരത ഇല്ലാത്തവരിൽ (പാൽ ദഹിക്കാത്തവരിൽ) അധികം പ്രശ്നങ്ങൾ ഉണ്ടാക്കാതിരിക്കുകയും ചെയ്ത അവസ്ഥയിൽ രണ്ടു കാരണങ്ങൽ പുതിയ ജീൻ (ലാക്റ്റോസ് ദഹിക്കാനുള്ള ജീൻ) സമൂഹത്തിൽ നില നിൽക്കുന്നതിനെ സഹായിച്ചിരുന്നിരിക്കണം. ഒന്ന്, ക്ഷാമകാലത്ത് അവശരായവർ കൂടുതൽ പാലോ തദ് ഉൽപ്പന്നങ്ങളോ ആഹരിച്ച് അവരിൽ അസുഖങ്ങൾ വർദ്ധിച്ചരീതിയിൽ പ്രത്യക്ഷപ്പെട്ടിരുന്നിരിക്കാം, ലാക്റ്റോസ് ദഹിക്കാൻ കഴിവുള്ളവർ രക്ഷപെട്ടിരുന്നിരിക്കാം. പരിണാമത്തിൻ്റെ പ്രവർത്തനശേഷികൾ ഇത് ലാക്റ്റേസ് ജീനിനെ സമൂഹത്തിൽ തെരഞ്ഞടുത്ത് നിലനിർത്താൻ പ്രോൽസാഹിപ്പിച്ചിരുന്നിരിക്കണം. ലാക്റ്റോസ് ഉളവാക്കുന്ന വയറിളക്കം ക്ഷീണിതരായവരിലും രോഗികളിലും തീവ്രതരമാണ്, ക്ഷാമകാലത്ത് പാൽ പുളിപ്പിച്ച് തൈരോ മറ്റ് ഉൽപ്പന്നങ്ങൾ ആക്കുവാൻ സാധിച്ചിരുന്നിരിക്കുകയില്ല, മറ്റൊന്നും കിട്ടാനില്ലാത്തതു കൊണ്ട് പാൽ ധാരാളമായി കുടിയ്ക്കുകയും ചെയ്തിരുന്നിരിയ്ക്കാം. Crisis mechanism (ആപൽസന്ധി പ്രക്രിയ) എന്നാണ് എവെർഷെഡും കൂട്ടരും ഇതിനെ വിളിയ്ക്കുന്നത്. ലാക്റ്റേസ് ജീൻ തെരഞ്ഞെടുക്കപ്പെടാൻ രണ്ടാമത്തെ വഴി നിത്യരോഗസാദ്ധ്യ്തയുമായി ബന്ധപ്പെട്ടാണ്. വർദ്ധമാനമായ രോഗാണു കടന്നുകയറ്റം (pathogen load) സാധിച്ചിരുന്നിരിക്കാം, അക്കാലത്ത്, ജനസഖ്യയിലുള്ള വർദ്ധനവും കൂടുതൽ ജനനീക്കങ്ങളും കുടിയേറ്റങ്ങളും ഇതിനെ ത്വരിതപ്പെടുത്തിയിരുന്നിരിക്കാം എന്നുമുണ്ട്. ഇത്തരം അസുഖങ്ങളോടൊപ്പം പാൽ കുടിച്ചിട്ടുള്ള വിഷമതകളും കൂടിച്ചേരുമ്പോൾ പാൽ ദഹിക്കാനുള്ള ജീൻ പോപുലേഷനിൽ തെരഞ്ഞെടുക്കപ്പെടാനുള്ള സാദ്ധ്യതയെ ത്വരിതപ്പെടുത്തിയിരിക്കണം. ഇത് chronic mechanism (തീരാവ്യാധി പ്രക്രിയ) എന്നാണ് വിളിയ്ക്കപ്പെടുന്നത്. അധികതരമായ അണുബാധാസാദ്ധ്യതയും തുടർന്ന് വരുന്ന മരണങ്ങളും കൂടുതലായി ലാക്റ്റോസ് ദഹനജീൻ പോപുലേഷനിൽ തെരഞ്ഞെടുക്കപ്പെടാനും ഇടയാകും എന്ന് ഈ ക്രിയാവലികൾ പ്രവചിക്കുന്നു. ഈ മോഡെലിൻ്റെ സാദ്ധ്യത ഉറപ്പിക്കാൻ എവെർഷെഡും ഗ്രൂപും വിശദമായ സ്റ്റാറ്റിസ്റ്റിക് തന്ത്രങ്ങളാണ് ഉപയോഗിച്ചത്. 110,000 ഇൽപ്പരം കാർബൺ ഡെയ്റ്റിങ്ങ് കൊണ്ട് കൃത്യമായി ചരിത്രസന്നിഗ്ധാവസ്ഥ രേഖപ്പെടുത്തിയും 27,000ഇൽപ്പരം ഇടങ്ങളിലെ പാൽ അവശിഷ്ടങ്ങൾ പരിശോധിച്ചും തദ്ദേശവാസികളുടെ എല്ലുകളുടെ ജനിതക പരിശോധനകളും പാൽ ഉപയോഗസാദ്ധ്യതയും ഇതോടൊപ്പം ചേർത്തുകൊണ്ടും നിർണ്ണായകമായ തെളിവുകളാണ് സ്വരൂപിച്ചെടുത്തത്. വർദ്ധിച്ച കുടിയേറ്റത്തോടൊപ്പം വന്യമൃഗങ്ങളുമായുള്ള സാമീപ്യം കൂടുകയും രോഗാണുപ്രവേശം ത്വരിതതരമാകുകയും ഒരു സാദ്ധ്യത തന്നെയാണ്.
ആഹാരദൗർലഭ്യപരികൽപ്പന അപ്രതിരോദ്ധ്യമായരീതിയിൽ ശ്രദ്ധ പിടിച്ചുപറ്റുന്നുണ്ട്. കാരണം പാൽ ദഹന ജീൻ ഇല്ലെങ്കിലും വലിയ പ്രശ്നങ്ങളില്ലാതെ ഒരു ഗ്ളാസ് പാൽ കുടിയ്ക്കാൻ പറ്റുന്നവരുണ്ട്. എന്നാൽ കൂടുതൽ അകത്താക്കിയാൽ തീരെ അവശരായേക്കും. ക്ഷാമകാലത്ത് ഇങ്ങനെ പലരും അതിജീവനമൽസരത്തിൽ തോറ്റിരിക്കാം, പാൽ ദഹിക്കാൻ സാധിച്ചവർ ലാക്റ്റേസ് ജീൻ ഉണർന്നവർ ആയിരിക്കാം അവർക്ക് സന്താനലബ്ധിയും ദീർഘായുസ്സും വഴി എണ്ണം കൂട്ടാൻ സാദ്ധ്യത ഇയലുകയും ചെയ്തിരിക്കാം. 2000 ബി. സി യോടെ യൂറോപ്പിൽ ഇരുമ്പ് യുഗത്തിൽ മേൽ വിവരിച്ച് രണ്ട് പ്രക്രിയകളും ഒരുമിച്ച് വർത്തിച്ചിരിക്കാൻ സാദ്ധ്യതയുണ്ട്. ഈ കാലഘട്ടത്തിലാണ് കാർഷികവൃത്തിയേയും കന്നുകാലി/ആട്/മാട്/കോഴികളെയും കൂടുതലായി ആശ്രയിച്ചിരുന്നത്, മൃഗജന്യരോഗങ്ങൾ നിരന്തരം അലട്ടിയിരുന്നിരിക്കണം.ലാക്റ്റേയ്സ് ജീൻ മനുഷ്യസമൂഹത്തിൽ പടർന്നതോ മറ്റുള്ള ഇടങ്ങളിൽ ഉളവായതോ എന്നൊക്കെയുള്ള സമസ്യകൾ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു. തെക്ക്പടിഞ്ഞാറൻ ഏഷ്യയിൽ ഇതേ ജീൻ കാണപ്പെടുന്നു, എന്നാൽ ആഫ്രിക്കയിൽ ഈ ജീനിൻ്റെ മൂന്ന് അല്ലീലുകൾ (ഒരേ ജീനിൻ്റെ വ്യ്ത്യസ്തരൂപങ്ങൾ) കാണപ്പെടുന്നു. മിഡിൽ ഈസ്റ്റിൽ തികച്ചും വ്യത്യസ്തമായ ഒരു അല്ലീൽ ആണ് പരിണമിച്ച് ഉണ്ടായത്. അതേ സമയം ഏഷ്യയുടെ മറ്റ് ഭാഗങ്ങളിൽ, പ്രത്യേകിച്ചും ചൈനയിൽ ഈ ജീൻ അധികം കാണപ്പെടുന്നില്ല.പാലും ഉൽപ്പന്നങ്ങളും നിർണ്ണായകമായ ആഹാരവിഭവമോ അല്ലെങ്കിൽ വെറും അനുബന്ധപൂരകമോ ആയിട്ടുള്ള സമൂഹങ്ങളിൽ പഠനങ്ങൾ നടത്തേണ്ടിയിരിക്കുന്നു, പാൽ ദഹനത്തിൻ്റെ വൈവിദ്ധ്യമിയന്ന ജനിതകവഴികളെക്കുറിച്ച് ആഴത്തിലുള്ള അറിവുകൾക്കു വേണ്ടി. സാംസ്കാരികമോ –മതപരമോ പ്രത്യേക വ്യക്തി/സമൂഹ താൽപ്പര്യങ്ങളോ- പാരിസ്ഥിതിപരമോ ( പുളിപ്പിച്ച പാൽ ഉൽപ്പന്നങ്ങൾ ഉപയോഗിക്കൽ, പാൽ ദഹനത്തിനെ സഹായിച്ചേക്കാവുന്ന കുടൽ ബാക്റ്റീരിയകൾ, പാലിൽത്തന്നെ കാണുന്ന വ്യത്യസ്ത മൈക്റോബുകൾ ഒക്കെ) ആയ സ്വാധീനങ്ങൾ പാൽ ദഹനജീനിൻ്റെ പ്രചാരമോ അഭാവമോ നിർണ്ണയിക്കുന്നതിലെ പങ്കും വെളിവാകാനുണ്ട്.
Reference
1. Evershed
R. P., Smith G. D. et al. Dairying, diseases and the evolution of lactase persistence in
2. Wilkin, S. The mystery of early milk
consumption in
3. Gerbault P et al. How long have adult
humans been consuming milk? Life 65: 983-990 2013
ചിത്രം 1.പാലുപയോഗത്തിൻ്റെ
ചരിത്രം. a. യൂറോപ്പിലും യൂറേഷ്യയിലും പാൽകുടി പടർന്നതിൻ്റെ കാലാനുസൃത.കറുത്തപൊട്ടുകൾ
ആദികാല (6500 ബി സി) പാൽകുടി പ്രദേശങ്ങൾ. ചുവന്നതോ തെളിഞ്ഞ നിറത്തിലോ ഉള്ള്
പൊട്ടുകൾ പിൽക്കാലങ്ങളിലേത്. നെയ് സാന്നിദ്ധ്യമുള്ള കളിമൺ പാത്രങ്ങളിൽ നിന്നുള്ള
തെളിവ്. b. ലാക്റ്റേയ്സ് എൻസൈം ജീൻ ഉണർന്നു വ്യാപിച്ചതിൻ്റെ ചരിത്ര രേഖ. മനുഷ്യ
ഫോസ്സിലുകളിലെ ഡി എൻ എയിൽ നിന്നുള്ള തെളിവ്. ഏകദേശം 2000 ബി സി യിൽ ദഹനജീൻ ഉണർവ്വ്
ആരംഭിച്ചു. (Courtesy: Nature Magazine)
1 comment:
വിജ്ഞാനപ്രദമായ അറിവ് പങ്കുവച്ചതിന് നന്ദി.
Post a Comment