Friday, March 31, 2023

അവസാനത്തെ മനുഷ്യൻ

 

       മറ്റ് പലേ മനുഷ്യ സ്പീഷീസുകളുമായി സഹവസിച്ചിട്ടുണ്ട് നമ്മൾ. ഹോമോ ജീനസുകളിൽ സാപിയൻസ് ആണ് നാം. നിയാൻഡർതാൽ ഉൾപ്പെടെ  പലേ മനുഷ്യർ ഉണ്ടായിരുന്നു നമ്മോടൊപ്പം 40,000 വർഷങ്ങക്ക്ക്ക് മുൻപ് വരെ. പക്ഷേ  ഒരേ ഒരു മനുഷ്യ സ്പീഷീസ് നില നിന്നത് ഹോമോ സാപിയൻസ് മാത്രം.  മറ്റുള്ളവരെല്ലാം പരിണാമത്തോട് തോറ്റ് അന്തർദ്ധാനം ചെയ്തു. അവസാനത്തെ മനുഷ്യർ ആണ് നമ്മൾ. പ്രതികൂല സാഹചര്യങ്ങൾ തളർത്താത്തവൻ. മറ്റ് സമാന്തര സ്പീഷീസുകൾക്ക് പറ്റാത്തത് സാധിച്ചെടുത്തവൻ. 

    ഇന്നത്തെ നമ്മുടെ അതിജീവനത്വരയ്ക്കും ദൃഷ്ടാന്തങ്ങളുണ്ട്. പരിണാമത്തിൻ്റെ മൽസരങ്ങളിൽ തോറ്റുപോവാതിരിക്കാനുള്ള പോംവഴികളൊക്കെ അതേ പരിണാമം സംഭാവന ചെയ്ത മസ്തിഷ്ക്കത്തെ ഉപയോഗിച്ച് കണ്ടുപിടീയ്ക്കാൻ സാധിയ്ക്കുന്ന സ്പീഷീസ് ആണ് മനുഷ്യർ. അർബുദരോഗത്തെ നമ്മൾ കീഴടക്കിത്തുടങ്ങിയിരിക്കുന്നു. ഇപ്പോൾ മരണനിരക്ക് കുറവാണ്. ആൽസൈമേഴ്സ് അസുഖത്തിനു ഫലപ്രദമായ മരുന്ന് ഈയിടെ എത്തിയിട്ടുണ്ട്. നമ്മുടെ ഹൃദയം മാറ്റിവെയ്ക്കാൻ എളുപ്പമായിത്തുടങ്ങി, അത് കിട്ടിയില്ലെങ്കിൽ പന്നിയുടെ ഹൃദയം പ്രത്യേകം വളർത്തിയെടുത്ത് തുന്നിപ്പിടിപ്പിക്കാം. പലേ മാരകരോഗങ്ങളും ഇന്ന് സമൂഹങ്ങളെ ആകെ തുടച്ചു നീക്കുന്നില്ല.  വസൂരി മിക്കവാറും ഇല്ലാതായിട്ടുണ്ട്, ക്ഷയരോഗവും നിയന്ത്രണത്തിലാണ്.  ആയുസ്സ് കൂടുന്നു, അധികം താമസിയാതെ 120 വയസ്സു വരെ ജീവിച്ചിരിക്കുനത് സാധാരണമായേക്കും. ഉപദ്രവകാരികളായ ജീനുകളെ മാറ്റിയെടുക്കാനോ ഇല്ലാതാക്കാനോ സാധിയ്ക്കും. ജനിതകരോഗങ്ങളായ ഹീമോഫിലിയയും അരിവാൾ രോഗവും മറ്റും വരുതിയിലാക്കാം. കീഴടക്കിപോൽ മർത്ത്യൻ പ്രകൃതിയെഎന്ന് കവികൾ പണ്ടേ പാടിക്കഴിഞ്ഞിരിക്കുന്നു. .. തലച്ചോറിലെ ന്യൂറോൺ വലക്കണ്ണീകളെ അതേപടി പകർത്തുന്ന യന്ത്രങ്ങൾ നിർമ്മിച്ച് അവരെക്കൊണ്ട് നമുക്ക് പറ്റാത്ത കാര്യങ്ങൾ ചെയ്യിപ്പിച്ചെടുക്കുന്നു. Neural networks ഇന്ന് കമ്പ്യൂട്ടർ പദമാണ്. 

  സമൂഹശൃംഖല (Social Network) രക്ഷിച്ചെടുത്ത മനുഷ്യൻ    

    മറ്റ്  മനുഷ്യസ്പീഷീസുകളിൽ നിന്ന് വ്യത്യസ്തമായി എന്തുകൊണ്ട് ഹോമോ സാപിയനസ് അതിജീവനമൽസരത്തിൽ വിജയിച്ചു എന്നതിൻ്റെ കാരണങ്ങൾ  രസാവഹമാണ്.  വാസ്തവത്തിൽ നിയാൻഡെർതാലർ ആണ് തണുപ്പുമായി പരിചയിച്ചത്, അതിജീവനത്തിനു സാദ്ധ്യതയിയന്നവർ. യൂറേഷ്യ മുഴുവൻ പടർന്നിരുന്നവർ. തെക്കു കിഴക്കെ ഏഷ്യയിൽ ജീവിച്ചിരുന്ന ഹോമോ എറക്റ്റസും നമ്മളേക്കാൾ കാലാവസ്ഥാവ്യതിയാനങ്ങൾ പരിചയിച്ചവരായിരുന്നു. നമ്മളാവട്ടെ ആഫ്രിക്കയിൽ നിന്ന് പുറത്തു കടക്കാൻ ധൈര്യപ്പെട്ടവർ ആയിരുന്നില്ല, 200,000 വർഷങ്ങൾക്ക് മുൻപു മാത്രം ആണ് അത് സംഭവിച്ചത്. എന്നാൽ 40,000 കൊല്ലങ്ങൾക്കു മുൻപ് ബാക്കി ഹോമോ സ്പീഷീസുകളൊക്കെ ഇല്ലാതായി നമ്മൾമാത്രം രക്ഷപെട്ടു. ഹോമോ എറക്റ്റസ്, ഹോമോ നിയൻഡെർതാലെൻസിസ്, ഹോമോ നാലെഡി ഇങ്ങനെ ഏഴ് ഹൊമോ ജീനസിൽ അവസാനം അതിജീവിച്ചവർ നമ്മൾ മാത്രമാണ്. പരിഷ്കൃതമായ ഉപകരണങ്ങൾ ഉണ്ടാക്കാനോ ചിത്രങ്ങൾ വരയ്ക്കാനോ കഴിവുകളുള്ളവരായിരുന്നു മറ്റവരും. അതിബുദ്ധി ഒന്ന് മാത്രമല്ല നമ്മെ അവരിൽ നിന്ന് വ്യത്യസ്തമാക്കിയത്. നമ്മുടെ തന്നെ അരക്ഷിതതാതോന്നലുകളും  മറ്റുള്ളവരെ ആശ്രയിക്കാനുള്ള അഭിനിവേശവും സഹതാപവിചാരങ്ങളും കെട്ടുറപ്പുള്ള സമൂഹം കെട്ടിപ്പടുക്കാൻ അടിസ്ഥാനമാകുകയും അതുവഴി പ്രതികൂലാവസ്ഥകളെ നേരിടൻ എളുപ്പമാവുകയും ച്യെതു. ശരീരപ്രകൃതിയും ഇതിനു വേണ്ടി മാറ്റിയെടുക്കപ്പെട്ടു, സൗമ്യമായ മുഖവും ചെറിയ പല്ലുകളും പതിഞ്ഞ പുരികക്കൊടികളും അയഞ്ഞ ശരീരപ്രകൃതിയും എല്ലാം ഇതിനു തുണയേകി.  ദൂരെയുള്ള  മനുഷ്യരുമായിട്ടും ഇടപഴകി, ആവശ്യം വന്നാൽ. മനുഷ്യകുലം ലോകമെമ്പാടും പരന്നപ്പോൾ ഈ സഹവർത്തിത്വവും സ്നേഹവും അതതു ഇടങ്ങളുമായി ഇണങ്ങിച്ചേരാനും സഹായിച്ചു. അന്യരോടുള്ള വെറുപ്പും ഭയവും നിയന്ത്രിക്കാൻ ഒരു ജീൻ ഉണ്ട് :BAZ1B. ഈ ജീനിൻ്റെ പ്രവർത്തനം നിയന്ത്രിക്കപ്പെട്ടില്ലെങ്കിൽ പേടിയും വിദ്വേഷവും ഉളവാകും. മനുഷ്യരിൽ ഈ ജീൻ അത്ര ഉണർന്നിട്ടില്ല. കാലാവസ്ഥാവ്യതിയാനങ്ങളിലോ മറ്റ് പ്രകൃതിക്ഷോഭങ്ങളിലോ അകപ്പെടുമ്പോൾ ഈ social networking അതിരുവിട്ട് സഹായത്തിനെത്തി. മറ്റ് മനുഷ്യകുലങ്ങൾക്ക് സമൂഹസ്നേഹം എന്നുള്ളത് കമ്മിയായിരുന്നതിനാൽ പിടിച്ചു നിൽക്കാനായില്ല. 

     ഈ സ്നേഹവായ്പ്പ് ലോകത്തെ സുന്ദരമാക്കിയിട്ടുണ്ട്. വിനിമയം എളുപ്പമായപ്പോൾ നമ്മൾ സഞ്ചാരം തുടങ്ങി, പലേ രാജ്യനിവാസികളുമായി ബന്ധങ്ങളിൽ ഏർപ്പെട്ടു. ഇത് ശാസ്ത്രചിന്തയ്ക്കും പഠനങ്ങൾക്കും വഴിവെച്ചു.  പ്രകൃതിയെ കീഴടക്കി കലയും സംസ്കാരവും സമൂഹത്തിൽ അന്തർനിഹിതമായി.  ആർക്കും പറ്റാത്തരീതിയിൽ നമ്മൾ രോഗങ്ങളെ വെല്ലുവിളിച്ചു.... സനാഥയായി ഭൂമി എന്ന് കവികൾ പാടി. മറ്റ് ഗ്രഹങ്ങൾ പറഞ്ഞയക്കൂ ...മനുഷ്യരെ ഒരിയ്ക്കൽ...ഇതിലേകൂടി എന്നും പാടി.

 പക്ഷേ ഇന്ന് ഇതിനു വലിയ വില കൊടുക്കേണ്ടി വന്നിരിക്കയാണ്. രാജ്യങ്ങളും അതിർത്തികളും നിർമ്മിക്കപ്പെടുകയും സ്വാർത്ഥത വേരുറയ്ക്കുകയും നിർഭാഗ്യവശാൽ ഇതിനോടൊപ്പം സംജാതമായി. മനുഷ്യർ ഇന്ന് പ്രതിസന്ധിയിലാണ്. 

ഗയ് യ സിദ്ധാന്തം (Gaia Theory)- പ്രകൃതിയും ജൈവലോകവും

 ജീവജാലങ്ങളും പ്രകൃതിയുമായി അഭേദ്യബന്ധമാണുള്ളതെന്നും ജൈവലോകപ്രവർത്തികൾ സാവധാനം അചേതനമായ പ്രകൃതിയെ ബാധിയ്ക്കുമെന്നും അത് അനുയോജ്യരീതികളിൽ പ്രതിപ്രവർത്തിക്കും എന്നൊക്കെയുള്ള അനുമാനങ്ങളാണ് ആധുനികമായ ഗയ് യ സിദ്ധാന്തം.  ഗയ് യ ഗ്രീക് പുരാണത്തിലെ ഭൂമാതാ ആണ്, നമ്മുടെ ഭൂമിദേവി സങ്കൽപ്പത്തിനു സമാന്തരം.    ഭൂമി സ്വനിയന്ത്രണത്തിലുള്ള, ലയബദ്ധ്വും പൊരുത്തം ചേർന്നതും   പരസ്പരവ്യവഹാരത്തിൽ ഏർപ്പെടുന്ന ചേതനയുള്ളതും അചേനയുള്ളതുമായ വസത്തുക്കളുടെ സങ്കലനം നിർവ്വഹിക്കുന്നതുമായ ഗ്രഹം ആണെന്ന് ഗയ് യ സിദ്ധാന്തം വാദിക്കുന്നു. ജൈവലോകത്തിൻ്റെ വ്യവഹാരങ്ങൾ അജൈവലോകത്തിൻ്റെ പെരുമാറ്റങ്ങളുമായി സാൽമ്മീകരിക്കുകയും അവ പ്രതിപ്രവർത്തത്തിൽ ഏർപ്പെടുകൗം ചെയ്യുന്നു എന്ന് വാദം.  ഉദാഹരണത്തിനു കടലിലെ വെള്ളത്തിൻ്റെ ലവണാംശം നിലനിറുത്താനാണത്രെ പവിഴപ്പുറ്റുകൾ ലവണങ്ങൾ സ്രവിക്കുന്നത്. പക്ഷേ   പരിണാമത്തിൻ്റെ ചിന്താപദ്ധതികളോട് യോജിച്ച് പോകുന്ന ഒന്നല്ല ഈ സിദ്ധാന്തം എന്നും ഡാർവിൻ സിദ്ധാന്തത്തോട് ഇടഞ്ഞു നിൽക്കുന്നതുമാണിത് എന്ന് ശാസ്ത്രജ്ഞർ വാദിച്ചു. പിന്നീട് ഇരുകൂട്ടരും സമവായത്തിൽ എത്തുകയാണുണ്ടായത്. എന്തായാലും പ്രകൃതിയോട് മനുഷ്യൻ ക്രൂരത കാണിയ്ക്കുന്നെന്നും പ്രകൃതി തിരിച്ചടിച്ചു തുടങ്ങി എന്നും മറ്റുമുള്ള ആലോചനകളിൽ എത്തിയിട്ടുണ്ട് ഇന്ന് ചിന്താലോകം.  കാലാവസ്ഥാ വ്യതിയാനം ഉളവാക്കുന്ന ദുഷ്ഫലങ്ങൾ അനുഭവിക്കുകയാണ് മനുഷ്യകുലം. ആഗോളതാപനക്കെടുതികൾ കൃത്യമായി ദൃഷ്ടമാണ്. ജലദൗർലഭ്യം ഇനി വരുന്ന കാലത്തെ ഏറ്റവും വലിയ ദുരന്തം ആയിരിക്കുമത്രേ , തീക്ഷ്ണമായ പ്രകൃതിക്ഷോഭങ്ങളും. കെടുതികളിൽപ്പെട്ടവരാൽ വൻ കുടിയേറ്റങ്ങൾക്ക് സാദ്ധ്യതയേറുന്നു, ലോകവ്യവസ്ഥ അട്ടിമറിക്കപ്പെടുന്നു, വൻ സംഘർഷങ്ങൾക്ക് കാരണമേറുന്നു എന്നൊക്കെ വിചിന്തനങ്ങൾ വ്യാപകമാണ്. 

ആറാമത്തെ വംശനാശം 

 ഉൽക്കകൾ പതിച്ചോ അഗ്നിപർവ്വതങ്ങൾ പുകഞ്ഞുപൊട്ടിയോ വേണമെന്നില്ല വംശനാശങ്ങൾ സംഭവിക്കാൻ. കാലാവസ്ഥാവ്യതിയാനങ്ങൾ ഏൽപ്പിച്ച ആഘാതങ്ങൾ തീർച്ചയായും ജീവലോകത്തെ ബാധിയ്ക്കും. മനുഷ്യർ അഹന്തയാലും അത്യാർത്തിയാലും കടന്നുകയറ്റങ്ങൾ നടത്തി ഇല്ലാതാക്കിയ ജന്തു/സസ്യജാലങ്ങൾ ഏറെയാണ്. ഇത്രയും പെട്ടെന്ന് പരന്നു പടർന്ന ഇത്രയും സമർത്ഥമായി പ്രത്യുൽപ്പാദനം നടത്തുന്ന മറ്റൊരു ജന്തു ഇല്ല തന്നെ. എത്തിയിടത്ത് എല്ലാം ആവാസവ്യവസ്ഥയിൽ മാറ്റങ്ങളുണ്ടാക്കി, ഭൂതലം മാറ്റി മറിച്ചു, ജൈവ പ്രകൃതിയ്ക്ക് വെല്ലുവിളി സമ്മാനിച്ചു. ചെന്നിടത്തൊക്കെ വൻ രീതിയിൽ വംശനാശങ്ങൾ സംഭവിച്ചു, സംഭവിച്ചുകൊണ്ടിരിക്കുന്നു. ആഹാരസമ്പാദനത്തിനല്ലാതെ മറ്റ് ജീവികളെ ഹനിയ്ക്കുന്ന മറ്റൊരു ജീവി ഇല്ല. സ്വീകരണമുറിയിലെ അലങ്കാരങ്ങൾക്കായി മൃഗങ്ങളെ വക വരുത്തി അവയുടെ കൊമ്പുകൾ അവിടെ പ്രതിഷ്ഠിയ്ക്കുന്നത് മറ്റു ജീവികളുടെ ജീവിതചര്യകളിൽപ്പെടുന്നതേ അല്ല. സാങ്കേതികത വരുതിയിലായി, തോക്ക് കണ്ടുപിടിയ്ക്കപ്പെട്ടു, വെറും വിനോദത്തിനു അതിലെ ഉണ്ടകൾ പാഞ്ഞു, നിരുപദ്രവികളായ ജന്തുക്കൾ നഷ്ടമായി.  രസനയിൽ പലേ സ്വാദുകൾ പരിണാമം വെച്ചു കൊടുത്തത് വൈവിദ്ധ്യമുള്ള ഭക്ഷണങ്ങൾ കഴിച്ച് അതിജീവനം സാദ്ധ്യമാക്കാനാണ്, പക്ഷേ അതിനു അടിമപ്പെട്ട് കാടുകൾ വെട്ടിത്തെളിച്ച് അവിടെ സ്വാദിഷ്ഠാഹാരത്തിനുള്ള സസ്യങ്ങളെ മാത്രം വളർത്തി. അതോടെ പലേ ജന്തുജാലങ്ങൾ ഇല്ലാതായി. ചെടികളിലും കായ്കനി മരങ്ങളിലും ലോഭമെന്യേ വിഷം തളിച്ചു, യുദ്ധം എന്നൊരു രസികത്തിൽ ആകൃഷ്ടനായി പരസ്പരം കൊന്ന് രസിച്ചു, സ്വന്തം സ്പീഷീസിനെ മൊത്തമായി കൊല്ലുന്ന മറ്റൊരു ജീവിയും ഇല്ല.  പക്ഷേ ഈ ഇടപെടലുകൾ ജന്തു/സസ്യജാലത്തെ  ബാധിച്ചത് കണക്കിലെടുത്തില്ല. അഞ്ച് വംശനാശങ്ങൾ സംഭവിച്ചിട്ടുണ്ട്, ജൈവലോകചരിത്രത്തിൽ.  മിക്കവാറും സർവ്വനാശത്തിൻ്റെ വക്കിൽ എത്തിയിട്ടുണ്ട് മനുഷ്യരടക്കം പലേ ജീവികളും.  വളരെ സാവധാനം പ്രത്യുൽപ്പാദനം നടത്തുന്ന, മാമൊത് (mammoth),  ഭീമൻ സ്ലോത് (giant sloth)  എന്നിവയൊക്കെ മനുഷ്യരുടെ ആക്രമണത്താലാണ് ഇല്ലാതായത്. മനുഷ്യനാവട്ടെ ഉദ്പ്പാദനം തീവ്രമാക്കിയവരാണ്. ആഗോളതാപനം ഇന്ന് പലേ സസ്യ/ജന്തുകളേയും ഇല്ലതാക്കുന്നുണ്ട്. പ്രസിദ്ധ എഴുത്തുകാരി എലിസബെത് കോൽബെർട് അവരുടെ  ‘The Sixth Extinction’ ഇൽ ഇങ്ങനെ എഴുതുന്നു: മറ്റ് അഞ്ച് വംശനാശങ്ങളുടെ അനുപാതത്തിൽ ആണോ എന്ന് ഇപ്പോൾ പറയാൻ സാധിയ്ക്കുകയില്ലെങ്കിലും മനുഷ്യരുടെ ഈ ചെയ്തികളെ ആറാം വംശനാശം എന്ന് വിളിയ്ക്കുകതന്നെ ചെയ്യാം. 

ജീൻ എഡിറ്റിങ്ങ് പരിണാമനിയമങ്ങളോട് വെല്ലുവിളി

  പ്രകൃതിയോട് സമരസപ്പെട്ട്, അതിൻ്റെ   വരുംവരാഴികയ്ക്കനുസരിച്ച് രൂപപ്പെടുന്നതാണ് പരിണാമത്തിൻ്റെ  അതിജീവന തന്ത്രങ്ങൾക്കാധാരം. മോളിക്യുലാർ അടിസ്ഥാനത്തിൽ ഡി എൻ എയിൽ വരുന്ന മാറ്റങ്ങൾ തന്നെ പരിണാമമൂലകം.  എന്നാൽ മനുഷ്യനു തോന്നും പടി ഇത് സാദ്ധ്യമാക്കുന്ന വേലയാണ് ജീൻ എഡിറ്റിങ്ങ്. ജീൻ സന്നിവേശപ്രകാരം മഞ്ഞ നിറത്തിലുള്ള പന്നികളെ പണ്ടേ നിർമ്മിച്ചെടുത്തിട്ടുണ്ട്. മനുഷ്യൻ. പക്ഷേ ഇന്ന് പലേ അസുഖങ്ങൾക്കും ഏറ്റവും ഫലപ്രദമായ ചികിൽസയുമാണ് ഈ തന്ത്രം മൂലം സാധിച്ചെടുക്കുന്നത്. ജനിതക അസുഖങ്ങൾ പലതും മാറപ്പെടുന്നുണ്ട് ജീൻ എഡിറ്റിങ്ങ് മൂലം. ക്യാൻസറിനു ചികിൽസയും സാദ്ധ്യമാണത്രെ. പെട്ടെന്ന് പഴുത്തുപോകാത്ത തക്കാളിയും കറത്ത് പോകാത്ത കൂണും കൂടുതൽ എണ്ണ ഉദ്പ്പാദിപ്പിക്കുന്ന പലതരം കുരുക്കളും  വിപണിയിൽ എത്തിക്കഴിയുക വരെ ചെയ്തിരിക്കുന്നു. ചൈനയിൽ ജീൻ എഡിറ്റിങ്ങ് വഴി എയിഡ്സ് വൈറസ് ബാധിയ്ക്കാത്ത കുഞ്ഞുങ്ങളെ സൃഷ്ടിച്ചു, ഈയിടെ.  സ്വന്തം സ്പീഷീസിനെ ഇഷ്ടാനുസരണം മാറ്റിയെടുക്കുക, അതും ചുരുങ്ങിയ കാലത്തിനുള്ളിൽ എന്നത് പരിണാമനിയമങ്ങൾക്കപ്പുറമാണ്. മറ്റൊരു ഒരു സ്പീഷീസും ചെയ്യാത്തതാണിത്. ഇതിൻ്റെ വരും വരാഴികകൾ  അപരിമേയമാണ്. 

നിർമ്മിതബുദ്ധി എന്ന ഇതര മസ്തിഷ്ക്കം 

        ഗ്രാഹ്യത്തിലും കണക്കുകൂട്ടലുകളിലും വിവരശേഖരണത്തിലും വിശകലനത്തിലും മനുഷ്യമസ്തിഷക്കത്തെ വെല്ലു വിളിച്ചിരിക്കുന്നു മനുഷ്യർ തന്നെ നിർമ്മിച്ചെടുത്ത നിർമ്മിതബുദ്ധി (Artificial Intelligence ,AI). വിഷമം പിടിച്ച സർജറികൾ ഇന്ന് റോബോട്ടുകൾ നിഷ്പ്രയാസം ചെയ്തെടുക്കും., കാറുകൾ നിർമ്മിക്കും. വണ്ടി ഓടിയ്ക്കും,  ചതുരംഗക്കളിയിൽ ജയം നേടും നിർമ്മിതബുദ്ധി ഉപകരണങ്ങൾ. ആയിരക്കണക്കിനു പ്രമാണങ്ങൾ നിമിഷങ്ങൾക്കകം വായിച്ച് ഒന്നാന്തരം ലേഖനം എഴുതിത്തരും ChatGPT പോലത്തെ ആപ്പുകൾ.ദൈനദിനജീവിതത്തിൻ്റെ അവശ്യഭാഗമായിത്തീർന്നിട്ടുണ്ട് നിർമ്മിതബുദ്ധി. നിങ്ങളുടെ മൊബൈൽ ഫോണിലെ പല ആപ്പുകളും നിർമ്മിതബുദ്ധിപ്രകാരം പ്രവർത്തിക്കുന്നതാണ്. തലച്ചോറിൽ ഘടിപ്പിച്ച എലക്ട്റോഡുകൾ വഴിയോ ചിപ്പുകൾ വഴിയോ തളർന്നു പോയ കൈകാലുകൾക്ക് ചലനശേഷി ആർജ്ജിക്കാം, മിണ്ടാൻ വയ്യാത്തവർക്ക് യന്ത്രങ്ങൾ വഴി സംസാരിക്കാം.  മാറിച്ചിന്തിക്കാനും തീരുമാനങ്ങൾ എടുക്കാനും കഴിവുള്ള generative AI നിലവിൽ വന്നിട്ടുണ്ട്. 

  ശാസ്ത്രസത്ത വിപത്തായി മാറുമ്പോൾ 

    ശാസ്ത്രം വൻ രീതിയിൽ രക്ഷിച്ച സ്പീഷീസ് ആണു നമ്മൾ. അതേ ശാസ്ത്രം നാശകാരി ആകാം എന്നുള്ളതാണ് ഈയിടത്തെ ചരിത്രം നമുക്ക് പറഞ്ഞു തരുന്നത്. ശാസ്ത്രം  വിശുദ്ധവും നിർമ്മലവുമായ ഉദ്ദേശലക്ഷ്യങ്ങളോടെയാണ് പ്രപഞ്ചസത്യങ്ങൾ വെളിവാക്കിത്തരുന്നത്, തന്നിട്ടുള്ളത്. അത് ധ്വംസനത്തിനു വേണ്ടി ഉപയോഗിക്കുന്നത് മനുഷ്യൻ്റെ കുടിലബുദ്ധി. വിമാനം കണ്ടു പിടിച്ച റൈറ്റ് സഹോദരന്മാരിലെ  ഓർവിൽ റൈറ്റ് രണ്ടാം ലോക മഹായുദ്ധത്തിലെ വിമാനം ഉപയോഗിച്ചു നടത്തിയ (ബോംബുകൾ വർഷിക്കാൻ ഉള്ള ഉപകരണം) വൻ മനുഷ്യക്കുരുതിയെപ്പറ്റി ഇങ്ങനെ എഴുതി: ലോകത്ത് നെടുനാളത്തെ സമാധാനം ഉത്പ്പന്നമാക്കുന്ന എന്തോ ഒന്നാണ് ഞങ്ങൾ കണ്ടുപിടിച്ചതെന്ന് ആശിക്കാൻ മാത്രം ഞങ്ങൾ ധൈര്യപ്പെട്ടു. ഇല്ലാ, എനിക്ക് യാതൊരു വിഷമവും ഇല്ല, ഞാൻ ഈ കണ്ടുപിടിത്തത്തിൻ്റെ ഭാഗമായി എന്നതിൽ, പക്ഷേ മറ്റാരും എന്നെപ്പോലെ  നിന്ദിയ്ക്കുകയോ വിലപിക്കുകയോ ചെയ്യുകില്ല,   അതുകൊണ്ട് വന്ന വൻ നാശനഷ്ടങ്ങളെ. മറ്റൊരു പ്രധാന കണ്ടുപിടിത്തമായ അണുവിഘടനം (atomic fission) ഫിസിക്സിനെ വിപ്ളവകരമായ ഒരു ദിശാമാറ്റത്തിനു സഹായകമായതാണ്.    റൈറ്റ് സഹോദരർ ആവിഷ്ക്കരിച്ച വിമാനത്തിൽ നിന്ന് ഈ തത്വം ഉപയോഗിച്ച് നിർമ്മിച്ചെടുത്ത, ലക്ഷക്കണക്കിൽ ആൾക്കാരെ ഇല്ലാതാക്കിയ ആറ്റം ബോംബ് വർഷിക്കപ്പെട്ടു എന്നതും വൻ ഐറണിയാണ്. അണുവിസ്ഫോടനം എന്ന പ്രപഞ്ചസത്യത്തെ കണ്ടുപിടിച്ചതിൻ്റെ കൂലി. ശാസ്ത്രസത്യങ്ങൾ കൂട്ടക്കുരുതിയ്ക്ക് ഉപയോഗിയ്ക്കുന്നത് മനുഷ്യസഹജമായിത്തീർന്നിരിക്കുന്നു. ഇന്ന് യുദ്ധങ്ങളിലെ പ്രധാന ആയുധോപകരണങ്ങൾ നിർമ്മിതബുദ്ധി ഉപയോഗിച്ച്, മനുഷ്യസഹായമില്ലാതെ പ്രവർത്തിക്കുന്നവയാണ്.  റോബോട്ടുകൾക്കോ ഡ്റോണുകൾക്കോ ലോകത്തെവിടെയും ബോംബ്  വർഷിക്കാം. സ്വന്തം തീരുമാനങ്ങൾ എടുക്കുന്നവയാണ് ഇന്നത്തെ generative AI പ്രോഗ്രാമുകൾ. റഷ്യ-ഉക്രൈൻ യുദ്ധത്തില ഇവ ഉപയോഗിക്കപ്പെട്ടും കഴിഞ്ഞു. മനുഷ്യൻ്റെ ജീവൻമരണ തീരുമാനങ്ങൾ നിർമ്മിതബുദ്ധിയാണ് ഏറ്റെടുക്കുന്നത് എന്നത് ഭീതിദമാണ്.  ലോകത്തെ ജീവജാലങ്ങളെ മുഴുവൻ ഇല്ലാതാക്കാനുള്ള ശക്തി  നിർമ്മിതബുദ്ധിയ്ക്ക് ഉണ്ട് എന്നത് ഒരു സത്യം തന്നെയാണ്. 

      ജീൻ എഡിറ്റിങ്ങും ഇന്ന് പേടിക്കേണ്ട വ്യവസ്ഥ ആയി മാറിക്കഴിഞ്ഞിരിക്കുന്നു. ചൈനയിൽ ഭ്രൂണാവസ്ഥയിൽ ജീൻ എഡിറ്റ് ചെയ്ത് മാറിയ മനുഷ്യനെ ( ഐയ്ഡ്സ് വൈറസ് ബാധ ഏൽക്കാത്ത) സൃഷ്ടിച്ചു കഴിഞ്ഞ്രിക്കുന്നു. ക്രൗര്യം മാത്രം കൈമുതലായുള്ള ഭരണാധികാരികൾക്ക് അവർക്ക് വേണ്ടപ്പെട്ട സ്വഭാവവിശേഷങ്ങൾ ഉള്ള മനുഷ്യരെ സൃഷ്ടിയ്ക്കാനുള്ള അവസരം കൃത്യമായി തെളിഞ്ഞിരിക്കയാണ്. അക്രമാസക്തി കൂടുതലായുള്ള, അല്ലെങ്കിൽ വികാരങ്ങളില്ലാത്ത ആളുകളെ ഒരു രാജ്യത്ത് കൂടുതലായി നിർമ്മിച്ചെടുക്കാം, വിധ്വംസനത്തിനു ഉപയോഗിക്കാം. മനുഷ്യകുലത്തിൻ്റെ നാശത്തിലേക്ക് വഴിതെളിയ്ക്കാം.  ലോകചിന്ത ഇത്തരം കാര്യങ്ങളിൽ കേന്ദ്രീകരിക്കേണ്ട കാലമാണിത്.

     എന്നാൽ ചരിത്രത്തിലെ ഏറ്റവും നീണ്ട സമാധാന കാലഘട്ടം ഇപ്പൊഴാണ് എന്ന് പ്രസിദ്ധ ചരിത്രകാരൻ യുവാൽ നോവ ഹരാരി വീക്ഷിയക്കുന്നു. രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞ് 75 വർഷങ്ങളോളമായി, മറ്റൊരു വൻ യുദ്ധം  സംഭവിച്ചില്ല. ഒരു മഹാമാരി വന്നതിനെ  ശാസ്ത്രസഹായത്താൽ പെട്ടെന്ന് വാക്സീൻ നിർമ്മിച്ച് നേരിട്ടു. പക്ഷേ ഭരണാധികാരികളുടെ മനസ്സിൽ എന്തൊക്കെ കുൽസിതചിന്തകളാണ് ഉടലെടുക്കുന്നത് എന്നത് പ്രവചിക്കാൻ വയ്യ.    

   ഓരോ  കാലാവസ്ഥാവ്യതിയാനങ്ങളും നമ്മളെ അതിനനുരൂപമായി പരിണമിപ്പിച്ച് അതിജീവനം സാദ്ധ്യമാക്കിയിട്ടുണ്ട്.അനുകൂലരൂപാന്തരണം (adaptation ) ആണ് പരിണാമത്തിൻ്റെ കാതൽ. എന്നാൽ ഇന്ന് നമ്മൾ തന്നെ കാലാവസ്ഥാ വ്യതിയാനം നിർമ്മിച്ചെടുക്കുകയാണ്.  മറ്റ് ജീവികളെ നശിപ്പിക്കുകയാണ്, നമ്മളേയും. ചുരുങ്ങിയ കാലഘട്ടം കൊണ്ട് വികസിച്ച മസ്തിഷ്ക്കം വമ്പൻ പ്രകൃതിനിർദ്ധാരണങ്ങൾ സാധിച്ചെടുക്കുന്നു എങ്കിലും ക്രൗര്യവും വെറുപ്പും അതിൻ്റെ കൂടെപ്പിറപ്പാണ്. അവസാനത്തെ മനുഷ്യൻ്റെ സമയമാകുന്നുവോ? 

1 comment:

Anonymous said...

താങ്കൾ ഇവിടെ മുന്നോട്ടുവച്ച ഉത്ങ്ങണ്ടാകുലമായ ഈ വിഴയം ലോകമാകെ ചർച്ചെയ്യപ്പെട്ടത് പ്രധാനമായും ഉവ്വൽനോവ ഹാരരിയിലൂടെ യാണ്. അദ്ദേഹം മൂന്നു പുസ്തകങ്ങൾ ezhuthiഎഴുതി.sapience,