Saturday, July 1, 2023

മീനച്ചിലാർ- നീലക്കൊടുവേലി മിത്തിനപ്പുറം

        പൊടുന്നനവേ വരുന്ന സൗഭാഗ്യത്തിന്റെ പ്രതീകമാണത്രെ മീനച്ചിലാർ. കർക്കിടവാവിന്റെ അന്ന് ഇല്ലിയ്ക്കൽ കല്ലിൽ നിന്ന് ഒഴുകിവരുന്ന നീലക്കൊടുവേലി കിട്ടിയാൽ അതിസമ്പൽക്കാലമാണ് പിന്നെ എന്ന മിത്ത് സൂചിപ്പിക്കുന്നത്  രഹസ്യമയവും നിഗൂഢവുമായ ഐശ്വര്യപ്രദാനസാദ്ധ്യതകൾ ഉള്ളിലൊളിപ്പിക്കുന്ന മായാമന്ദാകിനിയാണ് ഈ നദി എന്നതാണ്. 

      നിളാനദിയ്ക്കും പെരിയാറിനും പമ്പാനദിയ്ക്കും ലഭിച്ച കാൽപ്പനികതാപരിവേഷമൊന്നും മീനച്ചിലാറിനു ലഭിച്ചിട്ടില്ല. എന്നാൽ വെറുമൊരു കാർഷികനദിയെ വൻപൻ സാംസ്കാരികപരിസരത്തുകൂടെ ഒഴുക്കുകയാണ് അരുന്ധതി റോയ് ഗോഡ് ഓഫ് സ്മാൾ തിങ്സിലൂടെ സാധിച്ചെടുത്തത് എന്ന് സക്കറിയ പ്രസ്താവിച്ചിട്ടുണ്ട്. ലോകപ്രശസ്ത സാഹിത്യകാരൻ ജോൺ അപ്ഡൈക്കും മീനച്ചിലാർ എന്ന കഥാപാത്രത്തെ ലോകസമക്ഷം അവതരിപ്പിച്ചിട്ടുണ്ട് ഈ നോവലിനെക്കുറിച്ച് എഴുതിയപ്പോൾ. മീനച്ചിലാറിന്റേയോ അതിന്റെ കൈവഴികളുടെയോ ഓരങ്ങളിലെ മണ്ണ് സർഗ്ഗാത്മകതയുടെ നനവൂറുന്നതായി അറിയാം. രാമപുരത്ത് വാര്യരും പാലാ നാരായണൻ നായരും കാരൂരും സക്കറിയായും ഉണ്ണി ആറും അയ്മനം ജോണും എസ് ഹരീഷുമൊക്കെ  സ്വന്തം രക്തത്തിൽ ഈ ജലാംശം പേറിയവരാണ്. പന്നഗം തോട്എന്നൊരു നോവൽ വരെ നമുക്കുണ്ട്. ഈ നദിയിൽക്കുളിച്ച് ഈറനുടത്താണ് കെ കെ അരൂരും മിസ് കുമാരിയും  മലയാളസിനിമയ്ക്ക് വെള്ളം കോരി നനച്ചത്  . കുഞ്ചൻ നമ്പ്യാർ ഏറെ എഴുതിയത് കിടങ്ങൂരിൽ ഈ മീനച്ചിലാറ്റിൽ തർപ്പണം ചെയ്തതിനു ശേഷമായിരിക്കണം.  കോട്ടയത്ത് പ്രസിദ്ധീകരണങ്ങൾ തീർത്തും ജനപ്രിയങ്ങളായത് ഈ നദിയുടെ പേരിന്റെ ആദ്യാക്ഷരം എടുത്താണ്.  നീലക്കൊടുവേലി ആർക്കും കിട്ടിയിട്ടില്ലെന്ന്പറയാൻ വയ്യ.  കല്ലറയും നീണ്ടൂരും ചുറ്റുപാടുമുള്ള പാടശേഖരങ്ങളിൽ നിന്നുള്ള നെല്ലാണ് അങ്ങ് കിഴക്കൻ മലയോരങ്ങളിൽ വരെ കെട്ടുവള്ളം വഴി എത്തിയിരുന്നത്. താഴേയ്ക്ക് പൊന്നിൻ പൊടി വിതറി ഒഴുകിയ മീനച്ചിലാർ വിപരീതഗതിയിൽ വിതറിയ അന്നം. ചരക്ക് ഗതാഗതത്തിന്റെ സ്വച്ഛന്ദപാത ആയിരുന്നു കവണാർ എന്ന് പേരുള്ള മീനച്ചിലാർ. നീലക്കൊടുവേലിയുടെ  കുറ്റി നാട്ടി പണിഞ്ഞതുകൊണ്ട് വികസിച്ചതല്ലേ  കോട്ടയവും പാലയും ഉൾപ്പടെ നഗരങ്ങൾ?

  കവണാർഎന്നാണ് പണ്ട് പരക്കെ അറിയപ്പെട്ടിരുന്നത്. ഇലെ മാർത്താണ്ഡവർമ്മയുടെ ശാസനത്തിൽപ്പോലും മീനച്ചിലാർ എന്ന പ്രയോഗമില്ല, കവണാർ എന്നാണ്. തെക്കുംകൂർ രാജാക്കന്മാർ :കൗണഭൂമിപന്മാർ ആയിരുന്നു. ഉണ്ണുനീലിസന്ദേശത്തിൽ നായകൻ മീനച്ചിലാറ് കടക്കുമ്പോൾ തിരുവാഞ്ചൈപ്പുഴ എന്നാണ് എഴുതിയിരിക്കുന്നത്. ഇന്നത്തെ തിരുവഞ്ചൂർ ആണിത്. കുടയത്തൂർ-കുടമുരുട്ടി എന്നീ മലകളിൽ നിന്നും ഇല്ലിക്കൽ കല്ലിൽ നിന്നും പൂഞ്ഞാർ തെക്കേക്കര നാടുകാണി മലകളിൽ നിന്നുമൊക്കെ സ്വച്ഛന്ദം ഒഴുകിയിറങ്ങുന്ന ചെറിയ അരുവികൾ ചേർന്നതാണീ  നദികളിൽ സുന്ദരി. ഇതിലെ നിർമ്മലജലത്തിൽ നീന്തൽ പഠിച്ചവരായിരുന്നു കേരളത്തിലെ നീന്തൽ ചാമ്പ്യന്മാർ. 

  മീനച്ചിലാർ ക്ഷീണിതയായിട്ട് നാളേറെയായി. സേവ് മീനച്ചിലാർ പദ്ധതി ഊർജ്ജതരമായിട്ട് പുരോഗമിയ്ക്കുന്നു. നദികൾ സംരക്ഷിക്കപ്പെടേണ്ടത് നമ്മുടെ ആവാസവ്യസ്ഥ്യക്ക് അത്യാവശ്യമാണ്. മനുഷ്യരുടെ മാത്രമല്ല, സസ്യ-ജന്തുജാലങ്ങളുടേയും. നദികളെ നിർബ്ബാധം ഒഴുക്കിവിടേണ്ടതാണെന്ന് ലോകം തിരിച്ചറിഞ്ഞിരിക്കുന്ന കാലമാണിത്. അമേരിക്കയിൽ നൂറോളം അണക്കെട്ടുകളാണ് എന്നെന്നേയ്ക്കുമായി തുറന്നു വിട്ടിരിയ്ക്കുന്നത്. തടയണകളും അണക്കെട്ടുകളുമൊക്കെ മീനുകളുടെ പ്രജനനത്തെ ബാധിയ്ക്കുന്നവയാണ്, മറ്റ് പലേ ജൈവീകമായ കൊടുക്കൽ വാങ്ങലുകൾ ഇല്ലാതാക്കുന്നവയാണ്. അണക്കെട്ടുകൾ നിർമ്മിച്ച് വിദ്ദ്യുച്ഛക്തി നിർമ്മിക്കുന്നത് പഴയ് രീതിയാണെന്ന് പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. ജലസേചനത്തിനു ഉചിതമാർഗ്ഗങ്ങൾ സ്വീകരിക്കേണ്ടിയിരിക്കുന്നു, തടയണകളല്ലാതെ. ആർഭാടവീടുകളിൽ ഭ്രമിച്ചിരിക്കുന്ന നമ്മൾ തന്നെ മണൽ വാരൽ തുടർന്നുകൊണ്ടേയിരിക്കും. ഇക്കഴിഞ്ഞ വെള്ളപ്പൊക്കം കിടങ്ങൂരിൽ നദിയോരത്ത് മണൽ കൂടുതൽ വിരിച്ച് ഒരു പുതിയ ബീച്ച് തന്നെ സമ്മാനിച്ചിട്ടുണ്ട്. കാവാലിപ്പുഴ ബീച്ച്’. കണ്ണ് തെറ്റിയാൽ നമ്മൾ തന്നെ അത് വാരാൻ തക്കം പാർക്കുകയാണ്. ഇവിടെയാണ് സേവ് മീനച്ചിലാർ പദ്ധതിയുടെ സാംഗത്യം. അവർ നദിയോരത്തുടനീളം സ്ഥാപിച്ച് മഴമാപിനികൾ, ജലനിരപ്പ് അടയാളപ്പെടുത്തുന്ന സ്കെയിലുകൾ, അപ്പപ്പോൾ വിവരങ്ങൾ കൈമാറുന്ന രീതി ഒക്കെ നദിയെ സൂക്ഷ്മായി നിരീക്ഷിക്കുകയാണ്, കയ്യേറ്റങ്ങൾ ചെറുക്കാൻ ശ്രമിക്കുകയാണ്. മറ്റൊരു നദിയ്ക്കും കിട്ടാത്ത സൗഭാഗ്യം. 

   ചരിത്രാതീതകാലത്തെ അടയാളങ്ങൾ പേറുന്നു നദീതടങ്ങളും ചുറ്റുപാടുമുള്ള ജന്തുസസ്യജാലങ്ങളും.. മീനച്ചിലാറിന്റെ ഉദ്ഭവകേന്ദ്രങ്ങളിൽ നിന്ന് അധികം ദൂരെയല്ലാതെയാണ് ഈ അടുത്തകാലത്ത്  അപൂർവ്വ ഇനത്തിൽപ്പെട്ട, മണ്ണിനടിയിൽ വസിയ്ക്കുന്ന തവളകളെ കണ്ടെടുത്തത്. മണ്ണ തുരക്കാൻ സഹായിക്കുന്ന വണ്ണം മൂക്ക് നീണ്ട നീലത്തവളകൾ. നാസികാബ്രാക്കസ് സഹ്യാദ്രിയെൻസിസ് എന്ന് ഉചിതമായാണ് പേരിട്ടിരിക്കുന്നത്. ഇതേ ഇനത്തിൽപ്പെട്ട തവളകളെ ആഫ്രിക്കൻ തീരത്തടുത്തുള്ള മഡഗാസ്കർ ദ്വീപിലേ കാണാനുള്ളു. പണ്ട് ഭൂഖണ്ഡങ്ങൾ ഒന്നിച്ച് ചേർന്നിരുന്നത് വിട്ടുപോയതാണ് (continental drift). മഡഗാസ്കർ ദക്ഷിണേന്ത്യയുമായി ചേർന്നിരുന്നു, വിട്ടു പോന്നപ്പോൾ അക്കൂടെ വന്നതാണ് ഈ തവളകൾ. നദീതടങ്ങൾ സംസ്കാരങ്ങളുടെ പിള്ളത്തൊട്ടിൽ മാത്രമല്ല ചരിത്രം കോറിയിട്ടിരിക്കുന്ന രേഖാസഞ്ചയവുമാണ്.. മീനച്ചിലാറിന്റെ നിഗൂഢതകൾ നീലക്കൊടുവേലിയിൽ മാത്രം ഒതുങ്ങുന്നില്ല.