Sunday, July 2, 2023

എതിരൻ കതിരവൻ ആര്? ശിലാലിഖിതങ്ങളിൽ സത്യം തെളിയുന്നു

      മീനച്ചിൽ-പാലാ പ്രദേശത്തിൻ്റെ പ്രാചീനചരിത്രത്തിനു രേഖകളൊന്നുമില്ല. കേരളത്തിലെ പല പ്രദേശങ്ങൾക്കും ഇതു ബാധകമാണ്, അദ്ഭുതമില്ലിതിൽ.  ചിലപുരാവൃത്തങ്ങൾ ചരിത്രമെന്ന പോലെ പതിഞ്ഞു കിടപ്പുണ്ട് എന്നതൊഴിച്ചാൽ അപ്രധാനമായ നഗരങ്ങൾക്കോ ഗ്രാമങ്ങൾക്കോ ലിഖിതചരിത്രം ഇല്ലെന്നുള്ളതാണ് സത്യം. സംഘകാലകൃതികൾ, പ്രത്യേകിച്ചും ചേര രാജ്യ കവികളുടേത് ചില സൂചനകൾ നൽകുന്നുണ്ട് എന്നത് സാമൂഹ്യചരിത്രത്തിൻ്റെ അടരുകൾ ആയി കണക്കാക്കപ്പെടുന്നുണ്ട്.  കാവ്യങ്ങൾ, പ്രത്യേകിച്ചും സന്ദേശകാവ്യങ്ങൾ സ്ഥലങ്ങളെക്കുറിച്ചുള്ള വിവരണം നൽകാറുണ്ട്. 1300കളിൽ എഴുതപ്പെട്ട  ഉണ്ണിനീലിസന്ദേശം വെന്നിമലയേയും  മീനച്ചിലാറിനേയും (ആ പേരിലല്ല) തിരുവഞ്ചിയൂരിനേയും ഏറ്റുമാനൂരിനേയും കോതനെല്ലൂരിനേയും ഒക്കെ പരിചയപ്പെടുത്തുണ്ട്. സന്ദേശവാഹകൻ ഈ ഇടങ്ങളിൽക്കൂടി കടന്നുപോകുകയാണ്. കാവ്യങ്ങളിൽ നിന്ന് സമൂഹത്തേയും സംസ്കാരത്തേയും കുറിച്ച് ചില അറിവുകൾ കിട്ടിയേക്കാം,പക്ഷേ അതിൽ ഭാവന എത്ര കൂട്ടിക്കലർത്തിയിട്ടുണ്ട് എന്ന് തീരുമാനിക്കാൻ വയ്യ. ശാസനങ്ങൾ മാത്രമാണ് അവലംബിക്കാൻ ഉതകുന്ന രേഖകൾ.

    അമ്പലങ്ങളിലേയൊ പള്ളികളിലേയോ ശാസനങ്ങൾ മാത്രമാണ് ചരിത്രരേഖകളായി മിച്ചം നിൽക്കുന്നത്. പലതും സ്ഥലം/പാടം/നെല്ല് ഇടപാടുകളുടെ ആധാരങ്ങളാണ്. ശിലാലിഖിതങ്ങളായോ ചെപ്പേടുകളായൊ ഇവ പൂർവ്വകാലത്തെ തെര്യപ്പെടുത്തുന്നു എന്ന് മാത്രമല്ല ചില ചരിത്രകഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്നുമുണ്ട്. ഊരാണ്മക്കാരും കാരായ്മക്കാരും നാടുവാഴികളും അമ്പലവാസികളും സമുദായശ്രേഷ്ഠരും ഒക്കെ പ്രത്യക്ഷപ്പെടുന്നുണ്ട് ഈ അപൂർവ്വരേഖകളിൽ. അതതുകാലത്തെ സാമൂഹ്യശ്രേണികളിലും വ്യവഹാരങ്ങളിലും ഇവരുടെ പങ്ക് വെളിപ്പെടുത്തുന്നതുമാണ് പരാമർശങ്ങൾ, പലേ ശാസനങ്ങളിലും. അതിലൊന്നാണ് പെരുന്ന ശാസനത്തിൽ പ്രത്യക്ഷപ്പെടുന്ന എതിരൻ കതിരവൻ.

       ചങ്ങനാശ്ശേരി പെരുന്ന സുബ്രഹ്മണ്യക്ഷേത്രത്തിലെ ശ്രീകോവിലിൻ്റെ തെക്കെ ഭിത്തിയിൽ താഴെ കല്ലിൽ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു 10ആം നൂറ്റാണ്ടിൻറ്റെ അവസാനത്തിൽ വിരചിക്കപ്പെട്ട ഈ ശാസനം. ഭാസ്കരരവി മൂന്നാമൻ്റെ (ഭാസ്കരരവിവർമ്മൻ കുലശേഖരൻ)  കാലത്തെ രേഖയാണിത്. ഈ ചേരരാജാവിനെ ആണ് താമസിയാതെ രാജരാജചോഴൻ കാന്തളൂർ വിഴിഞ്ഞം യുദ്ധങ്ങളിൽ തോൽപ്പിക്കുന്നത്. വടക്കോട്ട് നീങ്ങി ചേരരാജ്യതലസ്ഥനമായ മഹോദയപുരം പിടിയ്ക്കാൻ പുറപ്പെട്ട രാജരാജചോഴനെ എതിർക്കാൻ ഭാസ്ക്കരരവിവർമ്മനെ സഹായിച്ചത് കൊച്ചിയിൽ ജൂതനായ ജോസഫ് റബ്ബാൻ ആണ്, അദ്ദേഹത്തിനുള്ള സ്ഥാനമാനങ്ങളുടെ നിർദ്ദേശമാണ് പ്രസിദ്ധപ്പെട്ട ചെപ്പേട് ആയ  കൊച്ചി ജൂതശാസനം. പെരുന്ന അമ്പലത്തിൻ്റെ ശ്രീകോവിലിൻ്റെ പടിഞ്ഞാറെ ഭിത്തിയിലും ശിലാരേഖകൾ ഉണ്ട്. രണ്ടു ശാസനങ്ങലിലും  പെരുംനെയ്തലൂർ, പെരും നെയ്തൽ  എന്നാണ് സ്ഥലത്തെ സൂചിപ്പിച്ചിരിക്കുന്നത്. സംഘകാലത്തെ സ്ഥലസൂചനയനുസരിച്ച് വലിയ കായൽ തീരമോ കടൽത്തീരം തന്നെയോ ആയിരുന്നിരിക്കണം ഇത്. പെരും നെയ്തൽ ലോപിച്ചാണ് പെരുന്ന എന്ന പേര് ഉളവായത്. വട്ടെഴുത്തിൽ പ്രചീനമലയാളം എന്ന് വിവക്ഷിക്കപ്പെടുന്ന തമിഴ് രീതിയിലാണ് ആലേഖനം. പേരുകൾ  അക്കാലത്ത് വായ്മൊഴി വഴക്കത്തിലാണ് ആലേഖനം ചെയ്യാറ്. ചിരിവല്ലവൻ, ചിരികണ്ടൻ, (ശ്രീവല്ലഭൻ, ശ്രീകണ്ഠൻ) എന്ന മാതിരി. എതിരൻ കതിരവൻ എതിരൻ കവിരൻ എന്നാണ് രേഖയിൽ. 1000 ബ്രാഹ്മണരെ ഊട്ടാൻ എതിരൻ കവിരൻ ക്ഷേത്രത്തിലേക്ക് കൊടുക്കുന്ന വസ്തുക്കൾ തിരുനാൾ കണത്താരും ആ ഗണത്തിൻ്റെ പൊതുവാളും കൂടിയാണ് ഏറ്റുവാങ്ങുന്നത്. കണത്താർ ഗണത്താർ ആണ്, നേതാക്കന്മാരും അക്കൗണ്ട് സൂക്ഷിപ്പുകാരുമാണ്. അബ്രാഹ്മണരാണിവർ. ഇവർക്ക് രാജാവ് നൽകിയ സ്ഥാനപ്പേരുകൾ ഉണ്ണിത്താൻ, വലിയത്താൻ, കർത്താക്കന്മാർ, വാകത്താന്മാർ, പുതുവാകത്താന്മാർ, കാമ്പിത്താൻ എന്നിങ്ങനെ ആയിരുന്നു എന്ന് ഇളംകുളം കുഞ്ഞൻ പിള്ള. എതിരൻ കവിരനും തന്തതിയും ഇപ്പൂമി കാരാണ്മചെയ്തു നെല്ലളപ്പാനാറ്റാതൊഴികിൽ കണത്താരും പൊതുവാളും തങ്ങളെ ഉഴുതുകൊണ്ട് ചെലുത്തക്കടവർ; എതിരൻ കവിരനും അവൻ പെണ്ണു പിള്ളൈയും രക്കിക്കടവർ പൊതുവാളും കണത്താരും.. ഇന്നിങ്ങനെയാണ് ശാസനം.

 ഞാവക്കാട്ട് എതിരൻ കതിരവൻ

   പെരുന്ന ശാസനത്തിലെ എതിരൻ കവിരൻ ഞാവക്കാട്ട് കുടുംബക്കാരനായിട്ട് ശാസനത്തിൽ വെളിവാക്കിയിട്ടുണ്ട്. നാടുവാഴി ആയിരുന്നിരിയ്ക്കണം. മീനച്ചിൽ പ്രദേശത്തെ നാടുവാഴികൾ ആയിരുന്ന മീനച്ചിൽ കർത്താക്കന്മാരുടെ കുടുംബപ്പേരും ഞാവക്കാട് എന്നാണ്, ഞാവക്കാട് കൊച്ചുമഠം എന്ന്  മുഴുവൻ പേർ. മീനച്ചിൽ പ്രദേശം കുന്നുകളും മലകളും നിറഞ്ഞതാണ്, പരപ്പുള്ള, നെൽകൃഷിയ്ക്ക് യോജ്യമായ ഇടങ്ങൾ വളരെ കുറച്ചേ ഉള്ളു. പടിഞ്ഞാറ് നീണ്ടൂർ-കല്ലറ പ്രദേശങ്ങളിൽ മീനച്ചിൽ കർത്താക്കന്മാർക്ക് ഈയിടെ വരെ നെൽകൃഷി ഉണ്ടായിരുന്നു. ഈ ശാസനകാലത്ത് പാടശേഖരം കൈമുതലായിട്ടുള്ള നാടുവാഴി ആയിരുന്നിരിക്കണം എതിരൻ കവിരൻ. 1000 ബ്രാഹ്മണരെ ഊട്ടാനും ഇരുനൂറു കലം നെല്ല് കളത്തിനാലൊടിയിൽ വിത്തു പാകാനും ആയിരം പറ നെല്ല് മുഞ്ഞിനാട്ടെ ആദിച്ചൻ കോതയ്ക്ക് നൽകാനും കെൽപ്പുള്ള ആൾ. (ആദിച്ചൻ കോതയിൽ നിന്ന് പാട്ടത്തിനെടുത്തതാണ് ഈ സ്ഥലം എന്നൊരു വ്യാഖ്യാനവുമുണ്ട് മനു മഹാദേവൻ്റെ പഠനത്തിൽ). ഉൽസവ സമയത്ത് ദിവസം തോറും നൂറുപേർക്ക് സദ്യ വിളമ്പാനും എതിരൻ കതിരവനെ ബാദ്ധ്യതയേൽപ്പിക്കുന്നുണ്ട് പെരുന്ന ശാസനത്തിൽ. ആദിച്ചൻ കോത പാട്ടം നൽകിയില്ലെങ്കിൽ എതിരൻ കവിരൻ മറ്റ് സ്ഥലങ്ങളിൽ നെൽകൃഷി തുടങ്ങണമെന്നും നിർദ്ദേശിക്കപ്പെടുന്നുണ്ട്. കുട്ടനാട് പ്രദേശങ്ങളിൽ പാടശേഖരം ഉണ്ടായിരുന്നിരിയ്ക്കണം എതിരൻ കവിരനു.

      തിരുവൺ മണ്ടൂർ ശാസനത്തിലും  ഒരു എതിരൻ കവിരൻ പ്രത്യക്ഷപ്പെടുന്നുണ്ട്. ആ അമ്പലത്തിൽ നന്താവിളക്ക്  നടയ്ക്കു വെയ്ക്കുന്നത് ഇദ്ദേഹമാണ്. വിളക്ക് എന്നും കത്തിയ്ക്കാനുള്ള നെയ്യിനും മറ്റ് ചെലവുകൾക്കായും വേണ്ടി രണ്ട് പാടങ്ങൾ ക്ഷേത്രത്തിനു നൽക്കുന്നുമുണ്ട് ഈ എതിരനും. . നൻ്റുഴനാട് മുന്നൂറ്റവരും കണ്ടുചെലുത്തക്കടവിയർ.എന്ന് വ്യവസ്ഥ വെച്ചിടുമുണ്ട്. നൻ്റ്റുഴനാട്ടിലെ മുന്നൂറ്റവർ മേൽനോട്ടം വഹിക്കണം എന്ന്. അപ്പോൾ നേരിട്ട് മേൽനോട്ടം വഹിക്കത്തക്കവണ്ണം അടുത്തല്ല എതിരൻ കവിരൻ്റെ ദേശം എന്ന സൂചന കിട്ടുന്നു. . പക്ഷേ കുറത്തിക്കാട്ട് എതിരൻ എന്നാണ് പരാമർശം.  ഒരേ കാലഘട്ടത്തിലാണ് രണ്ടുപേരും. ഈ രണ്ടുപേരും ഒന്നായിരിക്കാം എന്നാണ് Travancore Archeological Series ഇൽ എ എസ് രാമനാഥ അയ്യർ സൂചിപ്പിക്കുന്നത്. ഒരേ സമയത്ത് അടുത്തടുത്ത് ഒരേ പേരിൽ രണ്ട് നാടുവാഴികൾ ഉണ്ടാകാൻ സാദ്ധ്യതയില്ല എന്നതിനാലായിരിക്കണം ഈ അനുമാനം.  മീനച്ചിൽ ഞാവക്കാട്ട് തറവാട്ടിലെ തന്നെ എതിരൻ കതിരവൻ എന്ന് വിശ്വസിക്കുന്നതിൽ അപാകത ഇല്ല തന്നെ.

മക്കത്തായമോ മരുമക്കത്തായമോ?

 പെരുന്ന ശാസനം മക്കത്തായ ദായക്രമത്തെ സൂചിപ്പിക്കുന്നു എന്നാണ് ഇളംകുളം കുഞ്ഞൻ പിള്ള വാദിയ്ക്കുന്നത്. എതിരൻ കവിരനും തന്തതിയും ഇപ്പൂമി കാരാണ്മചെയ്തു നെല്ലളപ്പാനാറ്റാതൊഴികിൽ കണത്താരും പൊതുവാളും തങ്ങളേ ഉഴുതുകൊണ്ട് ചെലുത്തക്കടവർ; എതിരൻ കവിരനും അവൻ പെണ്ണുമ്പിള്ളയും രക്കിക്കക്കടവർ പൊതുവാളും കണത്താരും...  എന്നിങ്ങനെ മക്കൾക്ക് അവകാശം പ്രഖ്യാപിക്കുന്നു, ഭാര്യയെ സംരക്ഷിക്കേണ്ടതുണ്ട് എന്നീ സൂചനകൾ മക്കത്തായ സമ്പ്രദായം തന്നെ. മരുമക്കത്തായക്രമത്തിൽ മക്കളുടെ സംരക്ഷണം ഉത്തരവാദിത്തമല്ല, അത് അമ്മാവന്മാരുടെ ജോലി ആണ്. ഭാര്യയേയും സംരക്ഷിക്കേണ്ടതില്ല. ഇതേ കാലഘട്ടത്തിലേതാണ് തിരുവൺമണ്ടൂർ ശാസനം, എതിരൻ കവിരൻ അതിലുമുണ്ട്. ഒരു തിങ്കൾ അടുത്തുമുട്ടിക്കിൽ അവൻ തന്തതി ഉഴുതുനിൻ്റു നെയ്യട്ടക്കടവിയർ എന്നാണ് നിർദ്ദേശം.   ഈ ശാസനങ്ങൾ അങ്ങനെ സാമൂഹികക്രമങ്ങളുടെ അപൂർവ്വ രേഖകളും കൂടിയാണെന്ന് വരുന്നു. “”കാരാളർ കൃഷിയ്ക്കായി ക്ഷേത്രംവക വസ്തുക്കൾ ഏറ്റെടുക്കുമ്പോൾ തൻ്റെ കാലശേഷം മക്കൾക്കാണ് കാരാണ്മാവകാശമെന്ന് പറയുന്നത്  ക്ഷേത്രത്തിലേക്കു സകലവസ്തുക്കളും ദാനം ചെയ്തിട്ടു കാരാണ്മാവകാശം സ്വയം ഏറ്റെടുക്കുന്ന ഒരാൾ, കാരാണ്മാവകാശം തന്നിൽ നിന്ന് ഊരാളർ എടുക്കുന്ന പക്ഷം തൻ്റെ ഭാര്യയേയും മക്കളേയും രക്ഷിച്ചുകൊള്ളണേ എന്ന് പ്രാർത്ഥിക്കുന്നതും മറ്റും സാമാന്യജനങ്ങളുടെ ദായക്രമവും പതിനൊന്നാം ശതകം വരെ മക്കത്തായം തന്നെയായിരുന്നുവെന്നു തെളിയിക്കുന്നു ഇളംകുളം കുഞ്ഞൻ പിള്ള അസന്നിഗ്ധമായി പ്രഖ്യാപിക്കുന്നു.

തമിഴ് പേരുകൾ

  എതിരൻ കതിരവൻ എന്ന തമിഴ് പേര് മധുരയിൽ നിന്ന് തമിഴർ വന്ന് മീനച്ചിൽ പ്രദേശത്ത് രാജ്യം സ്ഥാപിച്ചു എന്നതിൻ്റെ തെളിവായി ചിലർ കരുതുന്നുണ്ട്.   ഒൻപതാം നൂറ്റാണ്ടിലും പത്താം നൂറ്റാണ്ടിലും തമിഴ് പേരുകളായിരുന്നു നമുക്ക് എന്നറിയാതെയാണ് ഈ ധാരണ രൂപപ്പെടുത്തിയിരിക്കുന്നത്. വൈദികകാല ദൈവങ്ങൾ തെക്കേ ഇൻഡ്യയിൽ പരക്കെ കുടിയേറിക്കഴിഞ്ഞിരുന്നു 8-9 നൂറ്റാണ്ടുകളോടെ..തനതു ദ്രാവിഡ പേരുകൾ പലതും രാമൻറ്റേയും കൃഷ്ണൻറ്റേയുമായി കൂട്ടിച്ചേർക്കപ്പെട്ടു. അവയെ ദ്രാവിഡമാക്കി മാറ്റി മറിച്ചിട്ട്. ഇരാമൻ, ചിരികണ്ടൻ, ചിരിവല്ലവൻ, ചുവാകരൻ, ഇരായ ചേകരൻ, താമോതരൻ കോതൈ ഇങ്ങനെ രാമ/കൃഷ്ണ/ശിവ പേരുകൾ കലർന്നു തുടങ്ങി. തേവൻ ചേന്നൻ, കുന്നൻ കുന്നൻ, ചാത്തൻ ചടയൻ, കരുനന്തടക്കൻ, പൊന്നിയക്കനായൻ, ചേന്തൻ കുമരൻ, വടുകൻ കുണവൻ, കാമൻ കുൻറ്റപ്പൊഴൻ ,ചെങ്കോടൻ പൂവാണ്ടി ഇങ്ങനെയായിരുന്നു അന്നത്തെ ദ്രാവിഡനാമങ്ങൾ. അമ്മദൈവങ്ങൾ പാർവ്വതിയോ ലക്ഷ്മിയോ ആയി മാറപ്പെടുന്നു, (750 എ ഡി യോടെ) ഇന്നത്തെ രീതിയിലുള്ള ക്ഷേത്രങ്ങൾ ഉദ്ഭവിയ്ക്കുന്നു. ഉഴക്കുടിവിളൈ എന്ന പേർ പാർത്ഥിവശേഖരപുരം  എന്നാക്കിയത് കരുനന്തടക്കൻ എന്ന ആയ് രാജാവാണ്.മീനച്ചിൽ പ്രദേശത്തെ ഞാവക്കാട്ട് എതിരൻ കതിരവൻ തമിഴ്‌നാട്ടിൽ നിന്ന് വന്ന് നാടുവാഴി ആയതാണെന്ന വിശ്വാസം വേരുറച്ചത് അന്ന് തമിഴ് പേരുകൾ സുലഭമായിരുന്നു എന്ന അറിയാതെ പോയതിൻ്റെ ബാക്കിപത്രമാണ്. ചേരൻ ചെങ്കുട്ടുവൻ എന്ന ശുദ്ധ തമിഴ് പേരുകാരൻ ഭരിച്ചിരുന്ന രാജ്യമായിരുന്നു എന്ന് ഓർക്കാതെയാണ്. കച്ചവടക്കാരായ വെള്ളാളർ മധുരയിൽ നിന്ന് മീനാക്ഷി എന്ന ദേവതയെ കൊണ്ടു വന്ന് കാഞ്ഞിരപ്പള്ളിയിലും പൂഞ്ഞാറിലും പ്രതിഷ്ഠിച്ചു അങ്ങനെ  മീനച്ചിൽ എന്ന പേരു ലഭിച്ചു എന്നൊരു കഥയും മെനഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.   ഇന്ന് മീനച്ചിൽ ഒരു ഗ്രാമം മാത്രമായി ചുരുങ്ങിയിട്ടുണ്ട്, പണ്ട് അത് ഒരു വലിയ പ്രദേശം ആയിരുന്നെങ്കിൽ.  മീനച്ചിൽ കാവ് ഒരു അമ്മദൈവത്തിൻ്റേതാണ്, മരങ്ങളെ ആരാധിക്കുന്ന ബുദ്ധ-ജൈന പാരമ്പര്യത്തിൻ്റെ ബാക്കിയായി  ദൈവീകമെന്നു കരുതുന്ന  വൃക്ഷം ആ കാവിനടുത്തുണ്ടു താനും. മധുരയിൽ നിന്ന് മീനാക്ഷിയെ കൊണ്ടു വരുന്നതിനു മുൻപുള്ള കാവ്. മീനച്ചിൽ എന്ന പേർ മീനാക്ഷി എന്ന് പേരുമായി കൂട്ടിക്കെട്ടേണ്ടതില്ല. പഴയ രേഖകളിൽ മീനച്ചൽ എന്ന കാണുന്നുമുണ്ട്, കുളച്ചൽ എന്നൊക്കെപ്പോലെ. 1745 ഇലെ മാർത്താണ്ഡവർമ്മയുടെ ശാസനത്തിൽപ്പോലും മീനച്ചിലാർ എന്ന പ്രയോഗമില്ല, കവണാർ എന്നാണ്. തെക്കുംകൂർ രാജാക്കന്മാർ :കൗണഭൂമിപന്മാർ ആയിരുന്നു. ഉണ്ണുനീലിസന്ദേശത്തിൽ നായകൻ മീനച്ചിലാറ് കടക്കുമ്പോൾ തിരുവാഞ്ചൈപ്പുഴ എന്നാണ് എഴുതിയിരിക്കുന്നത്. ഇന്നത്തെ തിരുവഞ്ചൂർ ആണിത്. മധുരയിൽ നിന്നുള്ള വരവ്, മീനാക്ഷിയെ പ്രതിഷ്ഠിയ്ക്കൽ അതുകൊണ്ട് മീനച്ചിൽ എന്ന പേർ ലഭിയ്ക്കൽ ഇതിനൊന്നും ചരിത്രസാധുത തീരെയില്ല എന്ന് പറയേണ്ടിയിരിക്കുന്നു. ഇന്നത്തെ പാലാ, ളാലം ഉൾപ്പെടടെയുള്ള ദേശം മീനച്ചിൽ എന്ന ഗ്രാമത്തിലെ നാടുവാഴികൾ (മീനച്ചിൽ കർത്താക്കന്മാർ) ഭരിച്ചിരുന്നതുകൊണ്ട് ആ പ്രദേശത്തിനു ആകപ്പാടേ മീനച്ചിൽ എന്ന് പേരു വീണതാകാനാണു സാദ്ധ്യത. മീനച്ചിലാർ എന്ന പ്രയോഗം ആധുനികമാണു താനും. ഇളംകുളം കുഞ്ഞൻ പിള്ള മീനച്ചൽ എന്നു മാത്രമേ എഴുതാറുള്ളു, അദ്ദേഹത്തിനു ചിലസൂചകങ്ങൾ ഇതിനു പിന്നിൽ ലഭിച്ചിട്ടുണ്ടായിരിക്കണം എന്ന് കരുതേണ്ടതുണ്ട്.

  മീനച്ചിൽപാലാ പ്രദേശത്തെ ചരിത്രം കുറച്ചെങ്കിലും എഴുതാൻ ശ്രമിച്ചിട്ടുള്ളത് ഇടമറുക് ജോസഫ് ആണ്. അദ്ദേഹം എതിരൻ കതിരവൻ നടത്തിയ ഒരു യുദ്ധത്തെപ്പറ്റി വിവരിക്കുന്നുണ്ട്. ഉപോൽബലകമായി എന്തു രേഖകൾ ഉപയോഗിച്ചു എന്നതിനെക്കുറിച്ച് അറിവില്ല. അദ്ദേഹത്തിൻ്റെ പക്കൽ വളരെ പഴയ താളിയോലകൾ ഉണ്ടായിരുന്നു, അതിൽ രേഖപ്പെടുത്തിയിരുന്നോ ഈ പേര് എന്നത് വ്യക്തമല്ല. ഞാവക്കാട്ട് കൊച്ചുമഠത്തിൽ ഉള്ള ഒരു പഴയ വാളിന്മേൽ എതിരൻ കതിരവൻ വക എന്ന് അടയാളപ്പെടുത്തിയിട്ടുണ്ടെന്ന് ആ കുടുംബാംഗങ്ങളിൽ ചിലർ അവകാശപ്പെടുന്നുണ്ട്. ഏതായാലും പത്താം നൂറ്റാണ്ടിലെ നാടുവാഴി എതിരൻ കതിരവൻ പെരുന്ന ശാസനത്തിലും തിരുവൺ മണ്ടൂർ ശാസനത്തിലും തൻ്റെ അസ്തിത്വം തെളിയിച്ച് ചരിത്രപുരുഷനായി വിരാജിക്കുന്നുണ്ട്.

Reference

1.      Travancore Archeological Series. Vol V. A. S. Ramanatha Ayyar 1924

2.      ഇളംകുളം കുഞ്ഞൻ പിള്ളയുടെ തെരഞ്ഞെടുത്ത കൃതികൾ. എഡിറ്റർ:എൻ. സാം. അന്താരാഷ്ട്ര കേരളപഠനകേന്ദ്രം, കേരള സർവ്വകലാശാല, 2005

3.      മനു വി. ദേവദേവൻ   Changes in Land Relations During the Decline of the Cera State .  https://www.academia.edu/17075849/Changes_in_Land_Relations_During_the_Decline_of_the_Cera_State

 ശാസനം:

“സ്വസ്തി ശ്രീ കന്നിയിൽ വിയാഴനിർക ഞായിറാണ്ട അച്ചുവതിനാൾ പെരുന്നെയ്തൽ മുക്കാൽവട്ടത്തിരുന്നു തിരുനാൾക്കണത്താരും പൊതുവാളും അവിരൊതത്താൽ കൂടിച്ചെയ്ത കരുമാവത്. ഇത്തിരുന്നാൾ കണത്താക്കു ഞാവൽക്കാട്ട് എതിരൻ കതിരൻ കളത്തിനാലൊടിയാകിൻറ പൂമി ഇരുനൂറ്റുക്കലത്തിൻമേലും മുഞ്ഞനാട്ടുടയ ആതിച്ചങ്കോതക്കു എതിരങ്കവിരൻ കൊടുത്തുടൈയ നെൽ പതിനാഴിപ്പറൈയാൽ ആയിരം പറൈയും വിറ്റിരട്ടിച്ച പതിനാഴിപ്പറൈയാൽ ഈരായിരം പറൈ നെല്ലും ആട്ടാണ്ടും കന്നി ഞായിറ്റോറും തിരുനാൾക്കണത്താരുടൈയ തിരുവാരാതനത്തിൽ ആയിരവർ പിരാമ്മണരെ അമിർത്തു ചൈയ്‌വിപ്പിതാക തിരുനാൾക്കണത്താർ പൊതുവാൾ കയ്യിൽ അട്ടിക്കൊടുത്താൻ എതിരങ്കവിരൻ - ഇത്തിരുവാരാതനം പത്തുനാളിലും കന്നി ഞായിറ്റമരപക്ഷത്തിൽ പഞ്ചമി തുടങ്ങി നിയതി നൂറു നൂറുമാനിടത്തെ അമിർതു ചെയ്യിച്ചു ആറാട്ടക്കടവർ ആട്ടാണ്ടും വാരിയരും പൊതുവാളും എതിരങ്കവീരനും.......... ഇപ്പേരി ചെയ് ഇത്തിരുവിഴാവിന്നു എതിരങ്കവിരനമൈച്ച ചെലവു അമൈഞ്ഞ വണ്ണം മുട്ടാതെ ചെലുത്തക്കടവർ തിരുനാൾക്കണവരും പൊതുവാളും. ഇപ്പരിചു ഒട്ടിനകാലത്തു ചെലുത്താതൊഴി വരാകിൽ അമൈച്ചുള്ള കോയിലതികാരിക്കു നൂറ്റുക്കഴൈഞ്ചും നാടുവാഴുമവർക്കു അയ്മ്പതിൽ കഴൈഞ്ചും വാഴ്കൈവാഴുമവർക്കു പന്നിരുകഴൈഞ്ചും പൊൻതണ്ടപ്പടക്കടവർ. ഇടൈയിടൻ ഇച്ചെലവിനു വിരോതിക്കൽ ഇത്തണ്ടം പൊന്നും പട്ടുതവൈക്കു പന്തിരു കഴൈഞ്ഞ പൊൻതണ്ടം വൈച്ചു കാട്ടപ്പറക്കടവൻ. തിരുനാൾകണത്താരുടൈയ കരിയിൽപുക്കു വിലക്കുമവരും പൊരുൾ കവരുമവരും ഇത്തണ്ടം പടക്കടവിയർ. ഇവമൈഞ്ഞ കറിയും മുട്ടിയൂൺ പൊൻകുറൈയിലും കൊണ്ടു വരാതൊഴിഞ്ഞ കണത്താൻ ഇരണ്ടരൈക്കാണം പൊൻതണ്ടം വെച്ചു അടൈക്കായമിതുമിടക്കടവിയൻ കളത്തിനാലൊടി ആതിച്ചങ്കോതൈ തടസ്സം ചൊല്ലാനാകിൽ വിഴാമു തിരുനാൾക്കണത്താരും പൊതുവാളും പൂമി മേലിട്ടു എതിരങ്കവിരനും കൂടി മറ്റൊരു പൂമിമേലിട്ടു എതിരങ്കവിരനൈ കൊണ്ടു കാരാണ്മൈ ചെയിച്ചു ആണ്ടാണ്ടും എണ്ണാഴിപ്പറൈയാലിരു നൂറു പറൈ...... കൊടുക്കക്കടവിയർ ......

വട്ടെഴുത്തിലുള്ള ശാസനത്തിലെ പ്രസക്തഭാഗം മാത്രമാണിത്. "പെരുന്നയ്തൽ മുക്കാൽവട്ടം" എന്നു പറഞ്ഞിരിക്കുന്നതു പെരുന്ന ക്ഷേത്രത്തെ കുറിച്ചാണ്. ക്രിസ്തുവർഷം ആദ്യ നൂറ്റാണ്ടുകളിൽ വേമ്പനാട്ടുകായൽ ഉൾക്കടലായി ഉള്ളിലേയ്ക്കു കയറിക്കിടന്നിരുന്നു. ചങ്ങനാശ്ശേരിക്കു ഇന്നുള്ള വയലേലകളും കുട്ടനാടൊക്കെ തന്നെയും ഈ ഉൾക്കടലിൻ്റെ ഭാഗമായിരുന്നു. സംഘ കാലത്തെ ഭൂപ്രകൃതി വിഭജനമനുസരിച്ച് കടലോര മേഖലയായ നെയ്തൽ തിണയായിരുന്നു ഈ തീരപ്രദേശങ്ങൾ! പെരുന്നെയ്തൽ എന്ന സ്ഥലനാമത്തിൽ നിന്ന് പെരുന്ന ഒരു വലിയ കടപ്പുറമായിരുന്നു എന്നാണ് കരുതേണ്ടത്. അതുപോലെ തന്നെ ക്ഷേത്രങ്ങൾക്കു മുൻകാലങ്ങളിൽ മുക്കാൽവട്ടമെന്നാണ് പറഞ്ഞിരുന്നത്.

പെരുന്നക്ഷേത്രത്തിലെ ഉത്സവത്തെക്കുറിച്ചു വ്യവസ്ഥ ചെയ്യുന്നതാണ് ശാസനത്തിലെ ഉള്ളടക്കം. സാരാംശം ഇങ്ങനെയാണ്:

“മംഗളം ഭവിക്കട്ടെ. കന്നിയിൽ വ്യാഴം നില്ക്കുന്ന കന്നിമാസത്തിൽ ഞായറാഴ്ച അശ്വതി നക്ഷത്രത്തിൽ ഉത്സവക്കൂട്ടായ്മയും പൊതുവാളും ചേർന്ന് ഏകകണ്ഠമായി ചെയ്ത തീരുമാനം. ഈ ഉത്സവക്കൂട്ടായ്മയ്ക്ക് ഞാവൽക്കാട്ട് എതിരങ്കവിരൻ കളത്തിനാലൊടിയാകുന്ന ഭൂമി ഇരുനൂറുകലത്തിൽ നിന്നും മുഞ്ഞനാട്ട് ആതിച്ചങ്കോതക്കു എതിരങ്കവിരൻ കൊടുത്ത നെല്ല് പതിനാഴിപ്പറക്കു ആയിരംപറയും വിറ്റിരട്ടിച്ച പ്രകാരം പതിനാഴിപ്പറയാൽ രണ്ടായിരം പറനെല്ലും ആണ്ടുതോറും കന്നിമാസത്തിൽ ഉത്സവക്കൂട്ടായ്മക്കാരുടെ തിരുവാരാധനയിൽ ആയിരം ബ്രാഹ്മണർക്കു ആഹാരം നല്കുന്നതിനായി ഉത്സവക്കൂട്ടായ്മയുടെ കാര്യദർശിയുടെ കൈയിൽ എതിരങ്കവിരൻ ഏല്പിച്ചുകൊടുത്തുള്ള ഈ ഉത്സവം പത്തുദിവസവും കന്നിമാസത്തിലെ കറുത്ത പക്ഷത്തിലെ പഞ്ചമിയിൽ തുടങ്ങി നിത്യേന നൂറു നൂറു മനുഷ്യർക്ക് ആഹാരം നൽകി ആറാട്ടു കഴിക്കാൻ വാരിയരും പൊതുവാളും കടപ്പെട്ടവരാണ്. ഇപ്രകാരം ഉത്സവത്തിനു എതിരങ്കവിരൻ വ്യവസ്ഥ ചെയ്ത ചെലവു മുറപ്രകാരം ചെലവാക്കാൻ ഉത്സവക്കൂട്ടായ്മക്കാരും പൊതുവാളും കടപ്പെട്ടിരിക്കുന്നു. ഇങ്ങനെ ചെലവാക്കാതിരുന്നാൽ കോയിലധികാരിക്കു നൂറുകഴഞ്ചും നാടുവാഴിക്ക് അമ്പതു കഴഞ്ചും ദേശവാഴിക്കു പന്ത്രണ്ടു കഴഞ്ചും സ്വർണ്ണം പിഴയൊടുക്കണം. ഇടയിൽ കയറി ഇങ്ങനെ ചെലവിടുന്നതിന് എതിരു നിന്നാൽ ഇതേ പിഴ കൂടാതെ സഭയ്ക്ക് പന്ത്രണ്ടു കഴഞ്ചു സ്വർണ്ണം പിഴയായി കൊടുക്കണം. ഉത്സവക്കൂട്ടായ്മയുടെ നിലത്തിൽ പ്രവേശിച്ച് തടസ്സമുണ്ടാക്കുന്നവരും മുതൽ മോഷ്ടിക്കുന്നവരും ഇതേ പിഴയൊടുക്കണം. ഇവർ തയ്യാറാക്കിയ ഊണും കറിയും മുടങ്ങിയ കാരണത്താൽ രണ്ടരക്കാണം സ്വർണ്ണം പിഴയൊടുക്കി പ്രായശ്ചിത്തമായി സഭക്കു വെറ്റില മുറുക്കാനും നല്കണം. കൃഷിഭൂമി വിട്ടുതരുന്നതിന് ആതിച്ചങ്കോത തടസ്സം നിന്നാൽ ഉത്സവക്കൂട്ടായ്മയും പൊതുവാളും കൂടി മറ്റൊരു ഭൂമിയിൽ എതിരങ്കവിരനെ കൊണ്ടു കൃഷി ചെയ്യിച്ചു ആണ്ടുതോറും എണ്ണാഴിപ്പറയാൽ ഇരുനൂറുപറ നെല്ലുകൊടുക്കണം.


4 comments:

V VIJAYAKUMAR said...

'എതിരൻ കതിരവന്റെ' ചരിത്രം അത്ഭുതജനകം.
വിജ്ഞാനപ്രദം. രസകരം.
സന്തോഷം.

Prasanna Raghavan said...

Interesting to read about the origin of Ethiran Kathiran. More interesting and thought-provoking is Kerala has no recorded history apart from what was recorded as part of the temple and churches!!!

വി.ജെ. ജിതിൻ said...

Highly interesting and informative..

Anonymous said...

നല്ല ഉദ്യമം.