Saturday, September 12, 2026

ഇത്തിരി നേരം -വിവാഹിതരുടെ അപരപ്രണയത്തെ അപഗ്രഥിക്കുന്ന സിനിമ

 

ഇത്തിരി നേരത്തെ ശുദ്ധപ്രേമം

 

 ടാഗോറിൻ്റെ ശേഷേർ കബിത (അവസാനത്തെ കവിത) വിവാഹജീവിതകാലത്ത് തന്നെ അന്യപ്രേമം തുടരുന്നവരെക്കുറിച്ചാണ്,  പ്രേമത്തെക്കുറിച്ച് ആഴത്തിൽ വിചിന്തനം ചെയ്യാൻ പര്യാപ്തമാവുന്ന നോവലാണ്.  വിവാഹേതര പ്രണയത്തെ സാമാന്യവൽക്കരിക്കുന്നതായോ പിന്തുണയ്ക്കുന്നതായോ ആയി വ്യാഖ്യാനിക്കപ്പെട്ട് ഏറെ വിവാദങ്ങൾ ക്ഷണിച്ചു വരുത്തിയിട്ടുണ്ട് ഈ കഥ. ആത്മകഥാംശം നിറഞ്ഞതാണെന്ന തോന്നലുകളും ഇതിനു സാധൂകരണം ചമയ്ക്കാനുതകുകയാണുണ്ടായത്. പ്രേമ ബന്ധങ്ങൾ തത്വചിന്താപരമായും ജീവിതബന്ധിയായും വിശ്ളേഷണം ചെയ്യുന്ന ആഖ്യാനമാണ് നോവലിനെ വേറിട്ടതാക്കുന്നത്. പ്രേമബദ്ധരായ അമിതും ലാവണ്യയും  പരസ്പരം വിവാഹം കഴിക്കുന്നില്ല. മറ്റ് രണ്ടു പേരാണ് അവരുടെ വിവാഹജീവിത്തിൽ. പക്ഷേ വിവാഹിതരായ ഇവർ പരസ്പരം പ്രണയിക്കാൻ മറന്നു പോകുന്നില്ല, അത് നില നിർത്തുകയാണ്.  ഒന്നിച്ചു ജീവിക്കുന്ന ദാമ്പത്യബന്ധം പ്രണയത്തെ ആറിത്തണുപ്പിക്കുമെന്നാണ് അവരുടെ പ്രത്യേകിച്ചും ബുദ്ധിജീവിയായ അമിതിൻ്റെ അഭിപ്രായം.  വിവാഹജീവിതത്തിലെ പരസ്പരപ്രണയം ഒരു കലശത്തിൽ നിറച്ച വെള്ളം പോലാണ്, ആവോളം കുടിയ്ക്കാം, പക്ഷേ എന്നും അത് നിറയ്ക്കണം. എന്നാൽ സമാന്തരമായ പ്രണയമോ, അത് ഒരു വിശാലതടാകം പോലെ തന്നെ.  നിതാന്തമായി കോരിക്കുടിയ്ക്കാം. വിവാഹജീവിതം പരിശുദ്ധപ്രണയത്തെ  നശിപ്പിച്ചേക്കാം, എന്നാൽ അതിൽ നിന്നും വേറിട്ട പ്രണയം നിർമ്മലവും. ടാഗോർ തുറന്നെഴുതി. 1928 ഇൽ എഴുതപ്പെട്ട ശേഷേർ കബിത ധാരാളം വിവാദപരമായ നിരൂപണങ്ങൾക്ക് പാത്രമായിട്ടുണ്ട്, സദാചാരവാദികൾ ടാഗോറിനെതിരെ തിരിയുകയും ചെയ്തു. 1953 ലും 2013 ഇലും 2019 ഇലും  ബെംഗാളിയിൽ സിനിമകളായിട്ടുണ്ട്, ഈ കഥ, 2013 ഇലെ സിനിമയിൽ കൊങ്കണ സെന്നും രാഹുൽ ബോസുമാണ് അഭിനയിച്ചത്. ആധുനികതയിലേക്ക് ടാഗോർ കടക്കുന്നില്ല എന്ന വൻ പരാതി വന്നതിനെ ചെറുക്കാനാണത്രെ അദ്ദേഹം നിലവിലുള്ള വ്യവസ്ഥകളെ അട്ടിമറിക്കും വിധം വിവാഹേതരപ്രണയത്തെ പ്രകീർത്തിച്ചുകൊണ്ടും അതിനെ നിർമ്മലമാക്കിക്കൊണ്ടും ഈ കഥാഗതിയിലേക്ക്  കടന്നത്. നോവലിൻ്റെ ആഖ്യാനം കവിതാമയമാണ്, വിവാഹേതര പ്രണയത്തെപ്പോലെ തന്നെ.

 

     പ്രശാന്ത് വിജയ് ൻ്റെ ഇത്തിരിനേരം  വിവാഹിതരുടെ അപരപ്രണയത്തെ അപഗ്രഥിക്കാനുതകുന്ന കഥപ്പൊരുൾ മലയാളിയുടെ ഇന്നത്തെ പൊതുബോധത്തിൽ എത്രമാത്രം ഉൾപ്പെടുത്താം എന്നതിൻ്റെ ഒരു പരീക്ഷണമാണ്. പൊതുവേ ഇൻഡ്യൻ പരിപ്രേക്ഷ്യത്തിൽ ഇത് എളുപ്പമല്ല, കാരണം  ഇൻഡ്യൻ സിനിമ പൊതുവേ ഈ പ്രമേയം അത്ര ദഹിക്കുന്നതായിട്ട് കരുതിയിട്ടില്ല. ഗുരുദത്തിൻ്റെ കാഗസ് കേ ഫൂൽ വിവാഹിതൻ്റെ പരസ്ത്രീപ്രണയത്തെ കുറ്റപ്പെടുത്തലുകൾ വന്നു ചേരാതെ ആഖ്യാനപ്പെടുത്താനുള്ള ശ്രമമായിരുന്നു. പിന്നീട് ഒരു പ്രായശ്ചിത്തമെന്നോണം ഒരു വിവാഹിതയെ അറിയാതെ പ്രണയിച്ചത് ഉൽക്കടപാപണെന്ന് നിശ്ചയിച്ച് ആത്മാഹുതി ചെയ്യുന്ന കഥാപാത്രത്തെ അദ്ദേഹം തന്നെ അവതരിപ്പിച്ചു (ചൗദ് വിൻ കാ ചാന്ദ്).  ഗും രാഹ് (മാലാ സിൻ ഹ, സുനിൽ ദത്ത്, അശോക് കുമാർ ) ഇലെ നായികയ്ക്ക്, സാഹചര്യനിർബ്ബന്ധങ്ങളാൽ കാമുകനെ വിട്ട് മറ്റൊരാളെ വിവാഹം ചെയ്യേണ്ടി വന്നവൾക്ക്, കാമുകനെ മറക്കാൻ പറ്റാതെ പോകുന്നതിനു കടുത്ത ശിക്ഷയാണ് നൽകിയത്. അവൾ വഴി തെറ്റിയവൾ (ഗും രാഹ്) ആണെന്നും ശിക്ഷ അർഹിക്കുന്നു എന്നും സിനിമ വിധിക്കുന്നുണ്ട്.  ബെംഗാളിയിലെ പുകൾ പെറ്റ നോവൽ ദേവദാസ്  ഇൽ വിവാഹത്തിനു ശേഷവും തന്നെ പ്രണയിച്ചു നടക്കുന്ന കാമുകനോട് അനുകമ്പ കാണിയ്ക്കുന്ന നായികയെ ചിത്രീകരിച്ചിട്ടുണ്ട് പക്ഷേ അതിനപ്പുറം അവൾക്ക് ഒന്നും അനുവദിച്ചില്ല. . ഇത് സിനിമകളായി ഇറങ്ങിയപ്പോൾ ഈ പ്രമേയം അതേ പടി ദൃശ്യപ്പെടുത്താൻ ഇൻഡ്യൻ സിനിമ വിട്ടുവീഴ്ച്ചകൾ നൽകിയിരുന്നു, അത്രമാത്രം. വിരസനും തന്നിൽ താൽപ്പര്യമില്ലാത്തവനുമായ ഭർത്താവ് ഉള്ള, കവിതയും നൃത്തവും ഉള്ളിൽ കൊണ്ടു നടക്കുന്ന നായികയ്ക്ക് കവിയോട് അടുപ്പം തോന്നിയതിനു കടുത്ത ശിക്ഷയാണ് വിധിച്ചത് (മണിച്ചിത്രത്താഴ്). ഈ സിനിമ ഇന്നും ജനപ്രീതിയാർജ്ജിക്കുന്നു എന്നത് എന്നും നകുലേട്ടന്മാരുടേത് മാത്രമായി ഭാര്യമാർ ഒതുക്കപ്പെടണമെന്ന മലയാളി ആണത്തത്തിൻ്റെ ദയനീയ പ്രഘോഷണമാണ്. എന്നാൽ തന്നിൽ താൽപ്പര്യമില്ലാത്ത ഭർത്താവിനെ വിട്ട് ശരീരവും മനസ്സും രാഷ്ടൃസേവേനത്തിനും അത്മീയതയ്ക്കും അർപ്പിച്ച് സായൂജ്യം തേടുന്നവളെ അഗ്നിസാക്ഷി യിൽ ദർശിതമാണ്.

 

 വിവാഹത്തിനു ശേഷം പുതിയ ബന്ധങ്ങൾ തേടുന്ന നായകനു പ്രത്യേക ശിക്ഷകൾ ഒന്നുമില്ല ഇൻഡ്യൻ സിനിമയിൽ. പൊട്ടിക്കരഞ്ഞുകൊണ്ടോമനേ ഞാനെൻ്റെ കുറ്റങ്ങൾ സമ്മതിക്കാം എന്ന് പാടിയാൽ മതി.  മറ്റ് സ്ത്രീകളുമായി ബന്ധം സ്ഥാപിക്കുന്ന ഭർത്താവിനു ശിക്ഷകൾ വേണ്ട, ഭാര്യ ആത്മഹത്യയ്ക്ക് ശ്രമിച്ചാൽ മതി (കാട്ടുകുരങ്ങ്). വിവാഹബന്ധത്തിൻ്റ് പവിത്രത കാത്തുസൂക്ഷിക്കേണ്ടത് ഭാര്യയുടെ മാത്രം ഉത്തരവാദിത്തമാണ്, അവൾക്ക് വേണമെങ്കിൽ ബന്ധം ഒഴിഞ്ഞ് പോകാം ( യേ നസ്ദീകിയാം- വിനോദ് പാണ്ഡേ, ഇജാസത്ഗുൽസാർ). പക്ഷേ ഭാര്യയ്ക്ക് മറ്റൊരു പ്രണയബന്ധം വന്നാൽ ഒഴിഞ്ഞു പോകുന്ന ഭർത്താക്കന്മാർ ഇൻഡ്യൻ സിനിമയിൽ തുലോ വിരളമാണ്. ടാഗോർ 1928 ഇൽ ഏറ്റെടുത്ത ധൈര്യം ചെറിയ രീതിയിൽ ആവർത്തിക്കാൻ പ്രമേയപരമായി ശുഷ്ക്കിച്ച ഇൻഡ്യൻ സിനിമയ്ക്ക് സാധിച്ചിട്ടില്ല. സത്യജിത് റായിയുടെ കാ പുരുഷ് ഓ മഹാപുരുഷ് ലെ ആദ്യകഥ വിവാഹിതയായ പൂർവ്വ പ്രണയിനിയോട് ആ ബന്ധം ഉപേക്ഷിച്ച് വരാൻ കേഴുന്ന നായകൻ്റെ കഥയാണ്. കെട്ടുറപ്പുള്ള ജീവിതം വിട്ട് വിവാഹബന്ധത്തിൽ നിന്ന് പുറത്തു വരാൻ നായീകയ്ക്ക് തെല്ലും താൽപ്പര്യമില്ല. എന്നാൽ പൂർവ്വകാമുകനെ സ്മരിക്കുന്നത് സ്വഭാവികമെന്ന് ചിത്രീകരിക്കുന്നത് മലയാളസിനിമയിൽ ഈയിടെ പ്രത്യക്ഷപ്പെടുന്നത് പ്രണയവിലാസം എന്ന് സിനിമയിലാണ്. പക്ഷേ ഈ സത്യമുള്ളവൾ മരിക്കേണ്ടതാണെന്ന് സിനിമ വിധിക്കുന്നു. അവളുടെ  ഭർത്താവിനു പരസ്ത്രീ ബന്ധ ആവാം. വിവാഹത്തോടെ അവസാനിക്കുന്ന പ്രണയത്തിൽ ഉറപ്പിച്ചു നിർത്തിയിർക്കുകയാണ് നമ്മുടെ സിനിമാക്കഥകൾ. വിവാഹിതരുടെ മനോവ്യാപാരങ്ങൾ ചർച്ചയ്ക്കെടുക്കേണ്ടതില്ലത്രെ. ഈ പശ്ചാത്തലത്തിലാണ് ;ഇത്തിരി നേരംൻ്റെ സാംഗത്യം പരിശോധിക്കപ്പെടേണ്ടത്.

 

   പ്രശാന്ത് വിജയ് ൻ്റെ സിനിമകൾ ആത്മനിഷ്ഠാപരമാണ്. തനതുവ്യക്തിത്വം ഉറപ്പിച്ചെടുക്കാൻ യത്നിക്കുകയും ഉറ്റവരുമായുള്ള ബന്ധങ്ങളിൽ അതിജീവനത്തിൻ്റെ പഴുതുകൾ ആരായുന്നവരുമണ് കഥാപാത്രങ്ങൾ. നഷ്ടപ്പെട്ട അച്ഛനെ കണ്ടു പിടിച്ച് ,അല്ലെങ്കിൽ അച്ഛനുമായി സംവദിച്ച് സ്വന്തം ആത്മാംശം ഉറപ്പിച്ചെടുക്കാൻ ശ്രമിക്കുന്ന പാവം കുട്ടിയെ  അതിശയങ്ങളുടെ വേനൽ ഇൽ അവതരിക്കപ്പെടുന്നുണ്ട്. ദായം ഇലാകട്ടെ ആകസ്മികമായി മൺ മറഞ്ഞ അമ്മയുടെ അസാന്നിദ്ധ്യം ഒരു ടീൻഏജ്കാരി യ്ക്ക് ഏൽപ്പിച്ച ആഘാതം സ്വയം മനസ്സിലാക്കുകയും തൻ്റെ അസ്തിത്വം എവിടെ നിലനിറുത്തണമെന്നും അതിൻ്റെ സ്വഭാവത്തിൻ്റെ തീർപ്പു കല്പിക്കൽ എങ്ങനെ സാധിച്ചെടുക്കണമെന്ന നിശ്ചയദാർഢ്യം അവളിൽ രൂഢമൂലമാകുന്നത് എങ്ങനെ എന്നും മിഴിവോടെ വരച്ചു കാട്ടിയിട്ടുണ്ട്. ഇക്കാര്യത്തിൽ അച്ഛൻസ്വരൂപം അവളെ പിന്തുണയ്ക്കാൻ എത്തുന്നുമില്ല. ജീവിത സത്യങ്ങൾ അവൾ ആ ചെറുപ്രായത്തിൽ മനസ്സിലാക്കിയെടുക്കുന്നത് പൊടുന്നനവേ വന്നണയുന്ന ആത്മസംഘർഷങ്ങളിൽക്കൂടെയാണ്. ഇല്ലാതായ അമ്മസ്വരൂപം അവൾ നിശ്ചയദാർഢ്യത്തോടെ ആവഹിച്ചെടുക്കുകയാണ് പിന്നീട്. പൊതുബോധത്തിൻ്റെ കടും പിടിത്തങ്ങളോ സാംസ്കാരിക നിർവ്വചനങ്ങളുടെ ശാഠ്യമോ രക്ഷയ്ക്കെത്തുന്നില്ല, അവയെ ഖണ്ഡിക്കേണ്ടിയും വരുന്നുണ്ട് മേൽപ്പറഞ്ഞ രണ്ടു കഥാപാത്രങ്ങൾക്കും.ഇത്തിരി നേരം ഇലെ അനീഷിനും അഞ്ജനയ്ക്കും ഇതേ വെല്ലുവിളികളാണ് ഏറ്റെടുക്കേണ്ടി വരുന്നത്. സമൂഹധാർമ്മികത (morality) വ്യക്തിയുടെ അനുശീലനങ്ങളെയോ മാനസികാവശ്യങ്ങളേയോ തെല്ലും വകവെയ്ക്കുന്നില്ല എന്ന സത്യം വെളിവാക്കുക എന്നതാണ് പാത്രസൃഷ്ടി ഉദ്ദേശിക്കുന്നത്. മാനസിക അടുപ്പം കൊണ്ടു തന്നെ വിവാഹം കഴിച്ച നായകനു ആ ബന്ധത്തിൽ എന്തോ മിസ് ചെയ്യുന്നുഎന്ന് പറയേണ്ടി വരുന്നത് എന്തുകൊണ്ടാണ് എന്നതിനു വിശദീകരണം ചമയ്ക്കുകയാണ് ഇത്തിരി നേരം സിനിമ.

 

പ്രണയം എന്ന ശാശ്വതാനുഭവം

 ടാഗോർ ശേഷേർ കബിതയിലൂടെ ഉദാത്തീകരിച്ച,  ആവോളം കോരിക്കുടിക്കാനുള്ള വലിയ ജലാശയമായ പ്രണയം  -കവിതാമയമാണത്- മനുഷ്യൻ്റെ അതിജീവനത്തിനു വേണ്ടി പരിണാമം നിഷ്കർഷിച്ചതാകണം. പരസ്പരാകർഷണം സമൂഹനിർമ്മിതിയ്ക്കും പ്രജനനത്തിനും അത്യാവശ്യമാണ്, അതിനു നിയന്ത്രണങ്ങൾ നിഷ്ക്കർഷ്ക്കുന്നത് കൃത്രിമമായിരിക്കും എന്ന് പറയാതെ പറയുകയായിരുന്നു ടാഗോർ. ശാശ്വതപ്രണയം എന്നത് കാൽപ്പനികതയ്ക്ക് അടിയറവ് പറയാൻ നിർമ്മിക്കപ്പെടുന്നതല്ല, പ്രായോഗികവുമാണെന്ന്  പരിണാമനിയമങ്ങൾ ഉദ്ഘോഷിക്കുന്നു. തലച്ചോറിൽ അതിനുവേണ്ട സംവിധാനങ്ങൾ നിജപ്പെടുത്തപ്പെട്ടിട്ടുമുണ്ട്. പൂർവ്വപ്രണയങ്ങൾ വിവാഹശേഷം നിലനിൽക്കുന്നത് അതിനാൽ അസ്വാഭാവികമല്ല. 96 എന്ന തമിഴ് സിനിമ ഇത് കൈകാര്യം ചെയ്തത് ഒതുക്കത്തോടെയായിരുന്നു, തമിഴ് സിനിമയെ സംബന്ധിച്ച് വിപ്ലവാത്മകം തന്നെ ഇത്. താലിഭാഗ്യം എന്നതിൽ കെട്ടിയുറപ്പിച്ച ദാമ്പത്യത്തിൻ്റെ കാമ്പ് തമിഴ് സിനിമയിൽ ( സംസ്കാരത്തിലും) രൂഢമൂലമാണ് .   ‘96’ എന്ന സിനിമ ഇപ്രകാരം ഒരു  രൂപനിദർശനമാറ്റം (paradigm shift)  തന്നെ, ഇത്തിരി നേരംഉമായി താരതമ്യം സാദ്ധ്യമല്ലെങ്കിലും. മലയാള സാഹിത്യത്തിൽ നേരത്തെ തന്നെ വിവാഹേതരബന്ധത്തെ  കാൽപ്പനികതയിൽ പെടുത്തിയും അൽപ്പം വിശുദ്ധീകരിച്ചും പ്രമേയങ്ങൾ അവതരിക്കപ്പെട്ടിട്ടുണ്ട്. ഉറൂബിൻ്റെ ഉമ്മാച്ചു വിൽ ഭർത്താവിനെ കൊന്ന പൂർവ്വകാമുകനഓടൊപ്പം ഭാര്യ നീണാൾ വാഴുന്നുണ്ട്. കെ സുരേന്ദ്രൻ്റെ പലേ നോവലുകളിലും വിവാഹേതരപ്രണയം പ്രധാന ആഖ്യാനവിഷയമായിട്ടുണ്ട്. കാക്കനാടൻ്റെ അടിയറവ്ഇലും. ഉമ്മാച്ചുവും അടിയറവും (പാർവ്വതി എന്ന പേരിൽ) സിനിമകളായിട്ടുമുണ്ട്. ചെമ്മീനിലെ കറുത്തമ്മയ്കും പരീക്കുട്ടിയ്ക്കും വിധിക്കപ്പെട്ട മരണശിക്ഷ ഈ കഥാപാത്രങ്ങൾക്ക് നൽകിയില്ല. സദാചാര ധാർമ്മികമൂല്യങ്ങളുടെ സംകേന്ദ്രിതബിന്ദു മാറപ്പെടുന്ന ആധുനികലോകത്തെ മുൻ കാഴ്ച്ചയിൽ എത്തിക്കുകയാണ് ഇത്തിരി നേരം പോലെത്ത സിനിമകൾ.

 

      വിവാഹേതര പ്രണയം സാർവ്വലാകികമാണെങ്കിലും ഇത്തിരി നേരത്തിൽ  Before Sunset എന്ന ഹോളിവുഡ് സിനിമയുടെ നിഴലുകൾ കാണ്മാനുണ്ട്. എന്നാൽ കൂടുതൽ ആത്മവിശകലനത്തിനു സാദ്ധ്യതയണയ്ക്കും വിധം അനീഷ്അഞ്ജന സംഭാഷണങ്ങൾ വിശദമായി നീണ്ടു പോകുന്നുണ്ട്. അവരുടെ പ്രണയത്തിൻ്റെ തീക്ഷ്ണതയുടെ കാരണങ്ങൾ എന്തായിരുന്നു എന്ന് അന്വേഷിക്കുന്നതിനോടൊപ്പം വേർപെട്ട് പോവാൻ ഇടയാക്കിയ സംഭവഗതികളുടെ മൂല്യങ്ങൾ ചികയാൻ യത്നിക്കുണ്ട് അവർ. എട്ടുവർഷങ്ങൾക്ക് മുൻപ് വിട്ടു പോയവരെങ്കിലും അഞ്ജനയ്ക്ക് അനീഷിനെ കാണേണ്ടതുണ്ട് ,പലതും പറയാനുമുണ്ട്. ബിഫോർ സൺസെറ്റ്, തമിഴ് സിനിമ ‘96’ എന്നിവയിൽ നിന്നും വേറിട്ട അവസ്ഥയാണ് ഇവിടെ നായികയ്ക്ക്. ജീവിതം തിരിച്ചു പിടിയ്ക്കാം ,അനീഷിനൊപ്പം ചേരാം എന്നതൊന്നും നടപ്പാകുകയില്ല എന്ന് അവൾക്ക് കൃത്യമായി അറിയാം, പക്ഷേ  അനീഷ് അവളെ ശരിക്കും അറിയേണ്ടതുണ്ട് എന്ന് അഞ്ജനയ്ക്ക് എന്തുകൊണ്ട് തോന്നുന്നു എന്നതിൻ്റെ വിശകലനത്തിലേക്കാണ് സംവിധായകനും കഥാകാരനും സിനിമയെ നയിക്കുന്നത്.

 

  ആണിൻ്റെ കുറ്റം?

   ഇത്തിരി നേരം എന്ന ടോക് ഷോ ക്കാരനു ഇത്തിരി നേരം കൊണ്ട് വിവാഹ/ പ്രണയബന്ധങ്ങളിൽ എവിടെ സ്വയം നിലയുറപ്പിച്ചിരിക്കുന്നു എന്ന അറിവ് ലഭിയ്ക്കുന്നതാണ് ആശയങ്ങളിൽ ഒന്ന്. ഇതിനു വഴിവെയ്ക്കുന്നത് പൂർവ്വകാമുകിയുടെ സാന്നിദ്ധ്യമാണ്. അവൾക്ക് ഏറെ ചോദിക്കാനുണ്ട്. നൈസായിട്ട് ഊരി എന്നൊക്കെയുള്ള പ്രസ്താവനകൾ അയാളെ കുറ്റബോധത്തിൽ ആഴ്ത്തുന്നുണ്ട്.കഥയിൽ ലോകന്യായങ്ങളും പ്രായോഗികതയും നാട്ടു നടപ്പും വിദിതമാക്കാൻ ചഞ്ചൽ എന്നൊരു കഥാപാത്രത്തെ സൃഷ്ടിച്ചിട്ടുണ്ട്. അനീഷിൻ്റെ സഹപ്രവർത്തകൻ. ജീവിതത്തെകുറിച്ചും ബന്ധങ്ങളെക്കുറിച്ചും ഏറേ മനസ്സിലാക്കിയിട്ടുള്ള ഡ്രൈവർ രാജണ്ണനുമുണ്ട് ഒപ്പം. സ്വന്തം കുഞ്ഞിൻ്റെ മാമോദീസ പിറ്റേ ദിവസം നടത്തേണ്ടയാൾ രാത്രിയിൽ അന്യ സ്ത്രീയുമായി കാറിൽ പട്ടണം ചുറ്റുന്നതിൽ ചഞ്ചലിനു വൈഷമയ്വും ദേഷ്യവും നിരാശയുമുണ്ട്. സിനിമയുടെ കഥാകാമ്പും ഇതു തന്നെ. അനീഷ് പ്രേമപരവശനായിക്കഴിഞ്ഞിരിക്കുന്നു, എട്ടുവർഷങ്ങൾക്ക് ശേഷമുള്ള ഈ കൂടിക്കാഴ്ച്ചയിൽ. ആശ്വാസമെന്നവണ്ണം അഞ്ജന അയാളോട് ചേരുന്നു. അനീഷിനു വ്യഥയും കുറ്റബോധവും ഉണ്ട്. ഈ പ്രണയഹർഷോന്മാദം വിവാഹബന്ധത്തിൽ നിന്ന് ലഭിയ്ക്കുന്നില്ല എന്ന് അയാൾ അഞ്ജനയോട് സമ്മതിക്കുന്നുണ്ട്. പണ്ട് സംഭവിച്ച തെറ്റിദ്ധാരണകളും വേർപാടും കാര്യകാരണസഹിതം അഞ്ജന വിശദീകരിക്കുമ്പോൾ പരട്ടക്കഥയുടെ സമ്മറി എന്ന് അനീഷ് ആദ്യം കളിയാക്കുന്നുണ്ടെങ്കിലും അയാൾക്ക് സത്യം താമസിയാതെ ബോധത്തിലെത്തുകയാണ്. സ്ക്രിപ്റ്റ് എഴുതിയ വിശാഖ് ശക്തിയുടെ വാഗ്വിലാസങ്ങൾ ഇവിടെ ചാരുതയണയ്ക്കുന്നുണ്ട്. ഒരു രാത്രി മുഴുവനും അഞ്ജനയെ പരിചരിക്കെണ്ടി വരികയും തൻ്റെ പ്രണയം എത്ര ഗാഢമാണെന്ന തിരിച്ചറിവുണ്ടാകുകയും കന്യാകുമാരിയിലെ പുതുപുലരിയിൽ ആനന്ദതുന്ദിലനാകുന്നുമുണ്ട് അയാൾ. കനത്ത മഴയിൽ തുടങ്ങി, ഇരുട്ടിലൂടെ സഞ്ചരിച്ച് പ്രഭാതസൂര്യപ്രഭയിൽ എത്തി നിൽക്കുകയാണ് കഥ.   

     എന്നാൽ അഞ്ജനയ്ക്ക് അകമേ ഉള്ള ധൈര്യം മാത്രമേ കൂട്ടിനുള്ളു, ഒരു ഇണയെ തേടാൻ തൽക്കാലം പദ്ധതിയൊന്നുമില്ല. അത് അത്ര എളുപ്പമല്ലതാനും. അനീഷിൽ നിന്ന് വേർപെട്ടശേഷം അവൾ വിശ്വാസമർപ്പിച്ച മറ്റൊരാൾ അവളെ കഠിനമായി ചതിയ്ക്കുകയായിരുന്നു എന്നതിനാൽ വിദേശത്ത് ഡോക്ടറേറ്റ് പൂർത്തിയാക്കുക മാത്രമേ ലക്ഷ്യമുള്ളു. എന്നാൽ ഇൻഡ്യൻ സിനിമ ഇന്നോളം ആവർത്തിച്ച, നിരാശകാമുകൻ്റെ പതനം ദ്യോതിപ്പിക്കാൻ അയാൾ മദ്യത്തിനടിമയാകുന്നത് നേരേ തിരിച്ചിട്ട് നായികയ്ക്ക് ആ ഭാരം നൽകിയിരിക്കയാണ്, മാറിയ കാലത്തിൻ്റെ സൂചനയായി. പുകവലിയും തുടങ്ങിയിരിക്കുന്നു അവൾ.  പക്ഷേ ഇന്നും പ്രണയം സൂക്ഷിയ്ക്കുന്ന അനീഷ് അവളോട് അത് തുറന്നു പറയുന്നുണ്ട്, അത് ആകുലതകൾ ഇനിയും ഉള്ളിൽ ഉറപ്പിക്കേണ്ടതില്ല എന്നതിൻ്റെ ആശ്വാസപ്രദാനമായിരിക്കണം അവൾക്ക്, അസ്കിതകളിലേക്ക് വീഴേണ്ടതില്ല എന്നതിൻ്റെ ഉറപ്പ്. അവൾ കടുകട്ടി ന്യൂക്ളിയാർ ഫിസിക്സിൽ പി എഛ് ഡി എടുക്കാൻ പോകുകയാണു താനും. സരീൻ ഷിഹാബിൻ്റെ അഭിനയപ്രാപ്തി നിശ്ചയദാർഢ്യമുള്ള, എന്നാൽ തരളഹൃദയയായ അഞ്ജനയുടെ പെരുമാറ്റങ്ങൾക്ക് വിശ്വാസയോഗ്യതയണയ്ക്കുനുണ്ട്.

 

  അനീഷിനു കൂടുതൽ ഉത്തരവാദിത്തങ്ങൾ പേറേണ്ടിയിരിക്കുന്നു. എനിക്കവളെ ഇഷ്ടമാണ്, അവൾക്ക് എന്നെയും എന്ന് അയാൾ രാജണ്ണനോട് തുറന്ന് പറയുന്നുണ്ട്. ഈ കളി അപകടകരമാണ് എന്ന് രാജണ്ണൻ താക്കീതും നൽകുന്നുണ്ട്. അപ്പോൾ ഇത് തീരുവോ എന്ന അനീഷിനോട് അയാൾ ചോദിക്കുന്നുണ്ട്, “എനിക്കറിയില്ല എന്ന് അനീഷും. കുഞ്ഞിൻ്റെ മാമോദീസാസമയത്ത് കേട്ട ഫോൺ റിങ്ങ് തന്നെ അഞ്ജനയുടെ സാന്നിദ്ധ്യമാണോ എന്ന് അയാൾ സംശയ്ക്കുന്നുണ്ട്. തൻ്റെ വൈകാരികജീവിതത്തിൻ്റെ ഒരു ഭാഗമായി ഈ പ്രണയം നിതാന്തവൽക്കരിക്കപ്പെട്ടിരിക്കുന്നു എന്ന് അയാൾ അറിഞ്ഞു പോവുകയാണ്. അഞ്ജനയോട് വിടപറയുന്ന നേരത്ത് അനീഷിൻ്റെ കണ്ണൂകളിൽ ദൈന്യതയും സ്നേഹവും താരള്യവും സ്ഫുരിക്കുന്നത് വിദഗ്ദ്ധമായിത്തന്നെ റോഷൻ മാത്യു  ഫലിപ്പിച്ചെടുത്തിട്ടുണ്ട്.

 

       96എന്ന തമിഴ് സിനിമയിൽ നിന്നും Before Sunset എന്ന ഹോളിവുഡ് സിനിമയിൽ നിന്നും കഥാഘടനാപരമായും കഥാപാത്രങ്ങളുടെ ആത്മവത്താപമായും വേറിട്ടു നിൽക്കുന്നു ഈ അവസാന സൂചനകൾ. കഥ തീർക്കാതെ ഭാവിയിലേക്ക് തുറന്നിടാൻ  കഥാകാരനായ വിശാഖ് ശക്തി ശ്രദ്ധ വെച്ചിട്ടുണ്ട്. പ്രമേയ സാമ്യമുള്ള മറ്റ് സിനിമകൾ ഇതിനു ഒരുമ്പെടുന്നില്ല. ഇവിടെ നായകനോ നായികയ്ക്കോ ശിക്ഷാവിധികളും നടപ്പാക്കുന്നില്ല.  ഉറപ്പില്ലാത്ത മനസ്സിനു അന്ന് ഒരു അടി കിട്ടിയിരുന്നെങ്കിൽ ഞാൻ നന്നായിപ്പോയേനേഎന്ന അനീഷിൻ്റെ ആത്മഭാഷണം അനുസരിച്ചാവണം അഞ്ജന അയാളുടെ ചെകിട്ടത്തിനു ചെറിയ ഒന്ന് പൊട്ടിക്കുന്നുണ്ട്.

 

 എട്ടു വർഷങ്ങൾക്കു ശേഷം ഈ കൂടിക്കാഴ്ച്ചയൊരുക്കുന്നത് അഞ്ജനയുടെ ആവശ്യമായിരുന്നിരിക്കണം, അതുകൊണ്ട് അവൾ മുൻ കയ് എടുത്ത് സാദ്ധ്യമാക്കിയതാണത്. വേർപാട് മൂലം കൂടുതൽ സഹിക്കേണ്ടി വന്നവൾ അവളാണ്. ഒരു ഫോർമൽ ബ്രേക് അപ് ഉണ്ടായിരുന്നില്ലഎന്ന് രണ്ടുപേരും സമ്മതിക്കുന്നുണ്ട്., അതിനാൽ അവളുടെ ചെയ്തികൾ സാധൂകരിക്കപ്പെട്ടിരുന്നോ എന്ന് പരിശോധിക്കാം

 നാട് വിടുന്നതിനു മുൻപ് എന്ന് അവൾ കരുതിക്കാണണം, പക്ഷേ അവളിലെ  സത്യങ്ങൾ തിരിച്ചറിയുന്നത് ആ രാത്രികൊണ്ടാണ്. അവനിലേയും. വിവാഹജീവിതത്തിനിടയിലെ പ്രണയത്തെക്കുറിച്ച് ടാഗോറിൻ്റെ ശേഷേർ കബിതയിലെ തീരുമാനങ്ങളുടെ പക്ഷത്താണ് സിനിമ നിലയുറപ്പിക്കുന്നത്. .എന്നും വാരിക്കുടിയ്ക്കാനുള്ള പ്രണയത്തേൻ  തടാകക്കരയിലായിരിക്കും ഇത്തിരി നേരത്തിലെ നായകനും നായികയും പലപ്പോഴും എന്ന് അറിഞ്ഞത് ഒരു രാത്രി ഇരുണ്ടുവെളുത്തപ്പോഴേയ്ക്കുമാണ്. ചുരുങ്ങിയ സമയം കൊണ്ട്, പൊടുന്നനവേ ആണ് പൂവ്വകാമുകിയുടെ സമ്പൂർണ്ണപരിചാരകൻ ആയി നായകൻ മാറുന്നത്. അതും യാദൃശ്ചികം എന്ന മട്ടിൽ ഒരു ഓടോയിൽ വെച്ച്.

 

    ലോകത്ത് ആകമാനം, പ്രത്യേകിച്ചും പാശ്ചാത്യരാജ്യങ്ങളിൽ വിവാഹത്തോത് കുറഞ്ഞു കൊണ്ടിരിക്കയാണ്. Gen-Z, Gen-X തലമുറയിൽ പ്രത്യേകിച്ചും. പ്രണയത്തിലായ തോഴിയോ തോഴനുമായോ സഹവാസം മാത്രം, അത്രയും മതി എന്ന് പൊതുസമ്മതി. നമ്മുടെ സാഹിത്യോൽസവങ്ങളിൽ വരെ ബഹുപ്രണയലോലത (polyamory-ഒരേ സമയം പലരെ പ്രണയിക്കുന്ന അവസ്ഥ) ചർച്ച ചെയ്യപ്പെട്ടു കഴിഞ്ഞു, വിവാഹബന്ധം, പ്രണയം എന്നതിൻ്റെ ഒക്കെ സദാചാര്യമൂല്യങ്ങൾ ഇളകപ്പെട്ട് കഴിഞ്ഞു. മലയാളസിനിമാപ്രമേയങ്ങൾ തദനുസാരിയായി മാറപ്പെടുന്നു എന്നതിൻ്റെ ദൃഷ്ടാന്തം തന്നെ ഇത്തിരി നേരം.

 

 

   

 

 

 

 

No comments: