Tuesday, May 8, 2007

“പ്രകാശം പരത്തുന്ന ആണ്‍കുട്ടി“-കെ. പി. രാമനുണ്ണിയുടെ കഥ

കെ. പി രാമനുണ്ണിയുടെ പുതിയ കഥയാണ് “പ്രകാശം പരത്തുന്ന ആണ്‍കുട്ടി” (മാതൃഭൂമി ആഴ്ച്ചപ്പതിപ്പ്, ഏപ്രില്‍ 22). റ്റി. പദ്മനാഭന്റെ “പ്രകാശം പരത്തുന്ന പെണ്‍കുട്ടി” യുടെ പ്രതിബിംബാത്മകമായ സമകാലിക രൂപമാണ് ഈ കഥ. പ്രകാശം പരത്തുന്നതിന്റെ ഉറവിടത്തിന്റെ വ്യത്യാസം തലക്കെട്ട് സൂചിപ്പിക്കുന്ന ലിംഗപരമായ വ്യത്യാസമല്ല.

രണ്ടിലേയും മൂലപ്രമേയങ്ങളൊന്നുതന്നെ. സമൂഹത്തില്‍ ഒറ്റപ്പെടല്‍ വന്നു ഭവിച്ചവര്‍ ഈ ലോകത്ത് ജീവിക്കേണ്ടതുണ്ടോ? ജീവിതം തോല്‍പ്പിച്ചവര്‍ ആത്മഹത്യ ചെയ്യുകയല്ലേ വേണ്ടൂ അവരുടെ ആത്മാവിനു സ്വല്പമെങ്കിലും ശാന്തത കിട്ടാന്‍? ആത്മഹത്യയില്‍ നിന്ന് പിന്തിരിയണമെങ്കില്‍ അതിനു തക്കതായ കാരണം വേണ്ടേ? ഇത്രയും നാള്‍ ജീവിച്ചതില്‍ നിന്നും വ്യത്യസ്ഥമായി ജീവിക്കാന്‍ ലോകം എന്തെങ്കിലും വാഗ്ദാനം ചെയ്യുന്നുണ്ടോ? ഇനിയും ജീവിക്കാനുള്ള ത്വര പരിപൂര്‍ത്തികരിക്കാന്‍ മാത്രം അതിഗംഭീരമായ മോഹനവാഗ്ദാനങ്ങള്‍ പ്രകൃതിയും സമൂഹവും വച്ചു നീട്ടുന്നുണ്ടോ? രണ്ടു കഥയിലും ഇതിനുള്ള ഉത്തരങ്ങള്‍ ഏതാണ്ടു സാമ്യമുള്ളവയാണ്.

റ്റി. പദ്മനാഭന്റെ കഥയില്‍ നായകനേയും രാമനുണ്ണിയുടെ കഥയില്‍ നായികയേയും പിടികൂടിയ ജീവിതദുരന്തങ്ങളാണ് ആത്മഹത്യയിലേക്കു അവരെ നയിക്കുന്നത്. പദ്മനാഭന്റെ നായകന്‍ ലോകത്തിലെ എല്ല നന്മയുടേയും വിശുദ്ധിയുടേയും നൈര്‍മല്യത്തിന്റേയും പ്രതീകമായ പെണ്‍കുട്ടി ശുഭപ്രതീക്ഷയുടെ പ്രതീകമായി പ്രത്യക്ഷപ്പെട്ടതുകൊണ്ട് ജീവന്‍ അറുത്തുമുറിച്ചു കളയുന്നില്ല. അല്പമെങ്കിലും മിച്ചം വന്ന സത്യത്തിന്റെ കണികയെ നുള്ളിപ്പെറുക്കാന്‍ തീരുമാനിക്കുകയാണയാള്‍. അകലെയെങ്ങാനും പ്രഭാതമുണ്ടെന്നുള്ള സൂചന പെണ്‍കുട്ടിയുടെ സാന്നിദ്ധ്യം അയാള്‍ക്കു നല്‍കിയതോടെ അയഞ്ഞുപോയ മനസ്സും മാംസപേശികളും‍ ദാര്‍ഢ്യം നേടുന്നു.

രാമനുണ്ണിയുടെ കഥയിലെ സരിതയെ സമൂഹവും അതിന്റെ നിയമങ്ങളും സമീപനങ്ങളും എന്തിനു‍ അവളുടെ അടുത്തബന്ധു പോലും ദാരുണമായി ചവിട്ടിമെതിച്ച് അവളുടെ ജീവിതമോഹത്തെ ഞെരിച്ച് ഇനിയും ഒരു നാളെ ഉണ്ടാവരുതേ എന്നു മാത്രമുള്ള സ്വപ്നത്തിലേക്ക് തള്ളിയെറിയുന്നു. അവളെ മാത്രമല്ല അവള്‍ താമസിക്കുന്ന ലക്ഷം വീടു കോളനിയെ ത്തന്നെ തീറെഴുതുന്ന ബന്ധുവിന്റെ തനിസ്വഭാവം ഈ ആത്മഹത്യയോടെ വെളിവാക്കാന്‍ അവള്‍ ചില പണികള്‍ ചെയ്തു വയ്കാന്‍ തീരുമാനിക്കുന്നു. ഈ പ്രതികാരസ്വഭാവം തന്നെ പ്രേമിക്കുന്നെന്നു നടിച്ച് ഗര്‍ഭച്ഛിദ്രത്തിനു ശേഷം വലിച്ചെറിഞ്ഞുകളഞ്ഞ സാഹിത്യകാരനോടുമുണ്ട്. കഥയില്‍..” പഠനത്തില്‍ മാര്‍ക്കു കുറഞ്ഞത്-പി.എസ്.സി. ടെസ്റ്റ് കിട്ടാതായത്-ജോലിയില്‍ അപമാനിക്കപ്പെട്ടത്-കിടപ്പാടം തുച്ഛവിലയ്ക്ക് പോയത്-ഗര്‍ഭച്ഛിദ്രം നടത്തേണ്ടിവന്നത്- എല്ലായിടത്തും പീഡനത്തിന്റേയും ചൂഷണത്തിന്റേയും അവഹേളനത്തിന്റേയും മാലിഗ്നന്‍സി തന്നെയായിരുന്നു..........” “ ഇത്രകാലം ഇത് സഹിച്ച് ജീവിച്ചതിന് തന്നോടുള്ള പകയും ഇത്രകാലം ഇത് സഹിപ്പിച്ച് ജീവിപ്പിച്ചതിന് ലോകത്തോടുള്ള പകയും ഏതാണ് തീക്ഷ്ന്ണമെന്നറിയാതെ കത്തി. ആകെക്കൂടി പ്രതികരിക്കാനുള്ള ഒരേയൊരു മാര്‍ഗമായതിനാലാകാം ആത്മഹത്യയുടെ പരിപാടി അവള്‍ മുറി അടച്ചിരുന്ന് സൂക്ഷമായി ആസൂത്രണം ചയ്തത്.” ഐ. എ. എസ്. ഓഫീസറും അടുത്തബന്ധുവുമായ ദിനേശേട്ടന്റെ ചെയ്തികളുടെ വിശദവിവരങ്ങള്‍ തെളിവു സഹിതം വിജിലന്‍സ് ഡിപ്പാര്‍ട്മെന്റിനു നല്‍കുക, ഗര്‍ഭച്ഛിദ്രം നടത്തിച്ച് മാറിക്കളഞ്ഞ കവി കരുണനുമായുള്ള സംഭാഷണം ടേപ് ചെയ്തത് ക്രൈം വാരികകയ്ക്ക് അയച്ചു കൊടുക്കുക ഇതൊക്കെ അക്കമിട്ടെഴുതി സൂക്ഷ്മതയോടെ ചെയ്യാന്‍ ശ്രമിച്ചെങ്കിലും ഒന്നും നടക്കാതെ പോയത് ആത്മഹത്യയിലൂടെ പ്രതികാരം എന്ന അവളുടെ തീരുമാനത്തോടുള്ള ആക്ഷേപമായിത്തീര്‍ന്നു. “സ്വയമൊന്ന് അര്‍ത്ഥവത്തായി കൊല്ലാന്‍ കൂടി പറ്റാത്ത ഭാഗ്യക്കേടിനു മുന്നില്‍ സരിത ആളിക്കത്തി”........”ദിനേശേട്ടനെ പ്രതിസ്ഥാനത്തു നിര്‍ത്തിയോ, കവി കരുണനെ തോലുരിച്ചോ ചെയ്യുന്ന വിവാദപൂര്‍ണമായ ആത്മഹത്യക്കൊന്നും നില്‍ക്കേണ്ട. പകരം സമസ്ത അപരാധങ്ങളും തന്നോട് ചെയ്ത ഈ ഭൂമിയെ അതിശക്തം മര്‍ദ്ദിച്ച്കൊണ്ടുള്ള ഒടുങ്ങല്‍ മതി.” ടെറസ്സില്‍ നിന്നും ചാടാനൊരുങ്ങുമ്പോള്‍ ജന്മനാ ഉശിരനായ സ്നേഹിതന്‍ ജബ്ബാര്‍ അത്യുഗ്രസ്ഫോടകവസ്തുക്കളുമായി സ്നേഹപുരസ്സരം ”ചേച്ചീ” എന്നു വിളിച്ചുകൊണ്ട് വന്നതു അവളുടെ തീരുമാനങ്ങളെ വഴി തിരിച്ചു വിട്ടു. “ പൊട്ടണം” “അവള്‍ തന്റേതായ ദാര്‍ഢ്യവും നേര്‍ന്നു. നീതിയുക്തവും സന്മാര്‍ഗനിഷ്ഠവും പലിശരഹിതവും ദൈവസംരക്ഷിതവുമായ പുതുലോകം കെട്ടിപ്പടുക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ജബ്ബാര്‍ എന്തെല്ലാമോ പറഞ്ഞുകൊണ്ടിരുന്നെങ്കിലും സരിതയ്ക്കു ഒന്നും മനസ്സിലായില്ല.............എന്നാല്‍ പി. എസ്. സി. റ്റെസ്റ്റില്‍ കള്ളത്തരം കാട്ടുന്ന , സ്വാധീനമില്ലാത്തവള്‍ക്ക് പീറശമ്പളം നല്‍കുന്ന, സ്വന്തക്കാര്‍ കൂടി അടിയാളന്റെ കിടപ്പാടം തട്ടുന്ന, കണ്ണില്‍ചോരയില്ലാതെ പ്രേമിച്ചവളെ ചവിട്ട്യകറ്റുന്ന ഈ ലോകത്തെ മുച്ചൂടും തകര്‍ക്കണമെന്നതില്‍ അവള്‍ക്ക് സംശയമുണ്ടായിരുന്നില്ല”. അങ്ങനെയാണ്‍ ജബ്ബാര്‍ പ്രകാശം പരത്തുന്നതായി അവള്‍ക്ക് അനുഭവപ്പെട്ടത്.

ആത്മഹത്യ=പ്രതികാരം എന്ന സമവാക്യം നിറവേറ്റപ്പെടാതെ പോകുമ്പോഴാണ് ആത്മഹത്യയ്ക്ക് വിലയില്ലാതായിപ്പോകുന്നത്. അപ്പോള്‍ പ്രതികാരം മറ്റുവഴികള്‍ തേടിപ്പോകുന്നു, ഹിംസയിലെത്തപ്പെടുന്നു. റ്റി. പദ്മനാഭന്റെ പെണ്‍കുട്ടി പ്രകാശം എന്നും പരത്തട്ടെ എന്ന് നമ്മള്‍ ആശ്വസിച്ച് ആശീര്‍വദിക്കുമ്പോള്‍ ‍ജബ്ബാറിനെപ്പോലുള്ളവര്‍ തനിക്കുതന്നെയും സരിതമാര്‍ക്കുവേണ്ടിയും പ്രകാശം പരത്തുമ്പോള്‍ നടുക്കം മാത്രമേ നമുക്കുള്ളു. ഇത് കാലത്തിന്റെ വ്യതിയാനം മാത്രമാണോ എന്ന് പരിശോധിക്കപ്പെടേണ്ടതാണ്. ജബ്ബാര്‍ എന്ന പേരും സ്ഫോടനം എന്ന വാക്കും അടുത്തടുത്ത് വരുന്നുണ്ടെങ്കിലും മുസ്ലിം തീവ്റവാദവുമായി ബന്ധമുണ്ടെന്ന വിവക്ഷയില്ല. എന്നാല്‍ അങ്ങിനെ ആരോപിക്കപ്പെടാതെ അവരുടെ താല്‍പ്പര്യങ്ങളെ കഥാകാരന്‍ സാധൂകരിക്കുകയാണെന്ന ആരോപണം ഈ കഥ ബാക്കിയിട്ടേക്കാം.

അടുത്ത് പ്രസിദ്ധീകരിച്ച രാമനുണ്ണിയുടെ “ജീവിതത്തിന്റെ പുസ്തകം” എന്ന നോവലിലെപ്പോലെ മലയാളിജാടയുടേയും സാംസ്കാരികാപചയത്തിന്റേയും നേര്‍ക്കാഴ്ചയുമാണ് ഈ ചെറുകഥ.

8 comments:

എതിരന്‍ കതിരവന്‍ said...

കെ. പി. രാമനുണ്ണിയുടെ “പ്രകാശം പരത്തുന്ന ആണ്‍കുട്ടി” എന്ന പുതിയ കഥ ഞാന്‍ വായിച്ചപ്പോള്‍.

Pramod.KM said...

കഥയുടെ പരിചയപ്പെടുത്തലിന്‍ നന്ദി.;)

Anonymous said...

പ്രാകാശം പരത്തുന്ന ആണ്‍ കുട്ടി വായിച്ചിട്ടില്ല. വായിച്ച് കഴിഞ്ഞ് അഭിപ്രായം എഴുതാം എന്നു കരുതുന്നു.
എന്തായാലും ഇത്തരം സദുദ്ദേശത്തെ അഭിനന്ദിക്കാതെ വയ്യ.
സ്നേഹത്തോടെ
ഇരിങ്ങല്‍

പ്രിയംവദ-priyamvada said...

കതിര്‍ ,
പരിചയപെടുത്തലിനു നന്ദി ..കിട്ടുമൊ എന്നു നോക്കട്ടെ.. രാമന്നുണ്ണി കഥകള്‍ ശ്രദ്ധിക്കറുണ്ടു..(റ്റ്‌.പത്മനാഭനെ എന്തൊ ഇഷ്ടപ്പെടാറില്ല)
qw_er_ty

രാജ് said...

റ്റി പത്മനാഭന്റെ കഥയേക്കാള്‍ മുമ്പു വരേണ്ടതായിരുന്നു രാമനുണ്ണിയുടെ കഥ. അതല്ലാതായി തീര്‍ന്നതുകൊണ്ടാണ്‌ അകമേ നൈരാശ്യം ബാധിച്ചു്‌ ആത്മഹത്യ ചെയ്യാന്‍ തുനിഞ്ഞിരിക്കുന്ന സമൂഹത്തിനു മുമ്പില്‍ ഒരു ജബ്ബാറെങ്കിലും അവതരിച്ചതു്‌ കതിരവനു മനസ്സിലാവാതെ പോയത്, സരിതയെ ഒരു സമൂഹമായി വായിക്കാത്തിടത്തോളം വായന അപക്വമെന്നേ ഞാന്‍ പറയുകയുള്ളൂ.

ഈ അടുത്ത കാലത്തു്‌, സന്തോഷിന്റെ പന്തിഭോജനത്തിനും, ഷിഹാബിന്റെ മലബാര്‍ എക്സ്പ്രസ്സിനും ശേഷം മാതൃഭൂമി പ്രസിദ്ധീകരിച്ച നല്ല കഥ.

എതിരന്‍ കതിരവന്‍ said...

പെരിങ്ങോടന്‍,
ജബ്ബാറിന്റെ അവതാരം ഞാന്‍ മനസ്സിലാക്കിയില്ലെന്നാരുപറഞ്ഞു? അതുപോലെ സരിതയെ സമൂഹമായി മനസ്സിലാക്കിയില്ലെന്നും? പോസ്റ്റിന്റെ അവസാനത്തെ വാചകം ഒന്നു കൂടി വായിക്കുമോ?
“ഇത് കാലത്തിന്റെ വ്യതിയാനം മാത്രമാണോ എന്നു പരിശോധിക്കപ്പെടേണ്ടതുണ്ട്“എന്നതു ഈ കഥ റ്റി. പദ്മനാഭന്റെ കഥയ്ക്കു മുന്‍പേ നടന്നെങ്കില്‍ എന്ന ആശയം ഉള്ളിലൊതുക്കി എഴുതിയതാണ്. കഥ ആരും വായിച്ചിട്ടില്ലെങ്കില്‍ വിസ്തരിച്ചിട്ടു കാര്യമില്ലല്ലോ എന്നു വച്ചാണ് ഒരു വാചകത്തിലൊതുക്കിയത്.

തീര്‍ച്ചയായും രന്ണ്ടു കഥയിലേയും ആത്മഹത്യാസന്ദര്‍ഭങ്ങള്‍‍ക്ക് കാലാനുസൃതമായ വ്യ്ത്യാസങ്ങളുണ്ട്. ജബ്ബാറും പൊട്ടലുമൊക്കെ പദ്മനാഭന്റെ കഥാകാലത്തുണ്ടായിരുന്നില്ല. ഇക്കാര്യം രാമനുണ്ണീ തന്നെ സന്ദര്‍ഭവശാല്‍‍ എന്നോട് സൂചിപ്പിച്ചിരുന്നു, ഈയിടെ.

രാജ് said...

കതിരവാ, റ്റിയുടെ കഥ ഒരു സമൂഹത്തിനെ കുറിച്ചൊന്നും പറയുന്നില്ലെന്നും മറിച്ചു് ഒരു വ്യക്തിയിലേയ്ക്കു് ഒതുങ്ങിപ്പോയ ഒരു സൃഷ്ടിയുമാണെന്നാണ് എന്റെ വിശ്വാസം.

രണ്ടിലേയും മൂലപ്രമേയങ്ങളൊന്നുതന്നെ, എന്നു താങ്കള്‍ എഴുതിയപ്പോള്‍ താങ്കള്‍ പുതിയ കഥയേയും ഒരൊറ്റ സരിതയുടെ/ഒരുപാടു സരിതമാരുടെ കഥമാത്രമായി എടുത്തുവോന്ന് ഞാന്‍ സംശയിച്ചു. രാമനുണ്ണി എന്തുകൊണ്ടാണ് താങ്കളോട് പറഞ്ഞതു പോലൊരു അഭിപ്രായം പറഞ്ഞതെന്നറിയില്ല, ഇതേ കഥാസന്ദര്‍ഭങ്ങള്‍ അന്നും ഉണ്ടായിരുന്നു എന്നു തന്നെയാണെന്ന് എന്റെ വിശ്വാസം.

റീനി said...

പ്രകാശം പരത്തുന്ന പെണ്‍കുട്ടി വായിച്ചിട്ടുണ്ട്‌. ഇഷ്ടപ്പെട്ടു.
പ്രകാശം പരത്തുന്ന ആണ്‍കുട്ടി വായിച്ചു. ജബ്ബാര്‍ പ്രകാശം പരത്തിയപ്പോള്‍ ഞാനും ഞെട്ടി.