Saturday, September 8, 2007

പൂഞ്ഞാറില്‍ നിന്നുള്ള കാറ്റ്-2

രണ്ട്

നെടുമ്പാശ്ശേരിയില്‍ ബിജു കാറുമായി കാത്തുനില്‍പ്പുണ്ടായിരുന്നു. വെറുതെ ചിരിക്കാന്‍ ശ്രമിക്കന്നതുപോലെ തോന്നിപ്പിച്ച അവന്റെ സ്വതേ ഊര്‍ജ്ജസ്വലമുഖം മ്ലാനമായിരിക്കുമെന്ന് സണ്ണി പ്രതീക്ഷിച്ചിരുന്നു. അവന്റെ കല്യാണക്കാര്യവും കാറു സ്വന്തമാക്കാനുള്ള പ്ലാനുകളെപ്പറ്റിയുള്ള അന്വേഷണങ്ങളുമൊക്കെ മുന്നില്‍ എടുത്തിട്ട ഔപചാരികതയാണെന്നു ബോധ്യപ്പെട്ടതിനാല്‍ തൃപ്പൂണിത്തുറ എത്തിയപ്പോഴേ സണ്ണിച്ചായനെന്തികിലും കഴിക്കേണ്ടെ എന്ന ചോദ്യം ബിജുവില്‍ നിന്നും പുറത്തു വന്നത്. റോസ്‌ലി പകുതിയാക്കിയ അമ്മച്ചിയുടെ കുളിമുറി സംഭവം ബിജു മുഴുവനാക്കിയത് തെല്ലു ദേഷ്യത്തോടെയാണ്. ഉച്ചയോടടുത്ത് അമ്മച്ചി കുളിമുറിയില്‍ കയറിയപ്പോള്‍ ആരോ പുറത്തുനിന്നും കുറ്റിയിട്ടു കളഞ്ഞു. റബര്‍പ്പാല്‍ ഉറയ്ക്കാനായി ആസിഡെടുക്കാന്‍ വന്ന ശാന്തയാണ് അമ്മച്ചിയുടെ ബഹളം കേട്ടു വന്ന് കതകു തുറന്നത്. “പേടിപ്പിക്കാനാ സണ്ണിച്ചായാ , പേടിപ്പിച്ച് ഒഴിപ്പിക്കാനാ”. പക്ഷേ അപ്പച്ചന്റെ സന്തതസഹചാരി കുറുക്കുവിന്റെ ദാരുണകഥ സണ്ണിയ്ക്ക് യാത്ര സമ്മാനിച്ച ചെറിയ നടുവേദനയില്‍ ഇടിമിന്നല്‍ പായിച്ച് വേദന നട്ടെല്ലില്‍ ഉടനീളം വ്യാപിപ്പിച്ചു ഒരു കനല്‍ദണ്ഡായി മാറി. ആനിക്കാട്ടേ ബ്രീഡിങ് കേന്ദ്രത്തില്‍ നിന്നും വീടുപണി തുടങ്ങിയപ്പോള്‍ അപ്പച്ചന്‍ കൊണ്ടുവന്ന കുറുക്കു ഒരു അത്സേഷ്യന്റെ സ്വഭാവം കാണിക്കാതെ തടിപ്പലകള്‍ക്കിടെയിലും മണല്‍ക്കൂമ്പാരങ്ങല്‍ള്‍ക്കു ചുറ്റിലും ഓടി നടന്നും അപ്പച്ചന്‍ ആറ്റിലിറങ്ങുമ്പോള്‍ കൂടെച്ചാടി രസിച്ചും വീട്ടില്‍ ഇല്ലാത്ത കുഞ്ഞിന്റെ സ്ഥാനം എറ്റെടുത്തിരുന്നു. രണ്ടുദിവസം മുന്‍പ്‌ രാത്രിയില്‍ ഗേറ്റിനു പുറത്ത് എന്തോ തരികിടപ്പരിപാടി മണത്തറിഞ്ഞ കുറുക്കു കുരച്ചു ചാടിയതും വീടിനു പുറകിലെ വാഴകള്‍ക്കിടയ്ക്ക് എന്തൊ ആളനക്കം കണ്ട് ബഹളം വച്ച് ഓടിനടന്നതും മാത്രമേ ആനിയമ്മയ്ക്കറിയൂ. രാവിലെ അവര്‍ കരഞ്ഞു കൊണ്ട് ബിജു വിനെ ഫോണ്‍ വിളിച്ചു. കുറുക്കു ഇതേ അനക്കമില്ലാണ്ട് കെടുക്കുന്നു ബിജു. “ഞാന്‍ ഓടി വെറ്റിനറിയുടെ അടുത്ത് കൊണ്ടു പോയതാ സണ്ണിച്ചായാ. താമസിച്ചു പോയാരുന്നു. അവര്‍ കൊന്നതാ സണ്ണീച്ചായാ അവര്‍ കൊന്നതാ“. ബിജു ചെറുതായി വിതുമ്പി.

അപ്പച്ചന്റെ മൂത്ത ചേട്ടന്‍ ഫിലിപ്പങ്കിളും തെയ്യാമ്മ ആന്റിയും അവരുടെ മക്കളും സ്വന്തം പ്രാരാബ്ധചരിത്രത്തിലെ ചവിട്ടുനാടകവേഷക്കാരാണെന്ന് അപ്പച്ചനും അമ്മച്ചിയും പണ്ടേ മനക്കുറിപ്പെഴുതിയിരുന്നു. നൈജീരിയയുടെ പ്രാന്തപ്രദേശത്തെ ഒകിടിപുപ സ്കൂളില്‍ ‍മാസാവസാനം എണ്ണിക്കിട്ടുന്ന നോട്ടുകള്‍ രൂപാന്തരം പ്രാപിച്ച് റബര്‍ ഷീറ്റുകളായി ഫിലിപ്പങ്കിളിന്റെ വീട്ടിനു ചുറ്റിനും വെയില്‍ കാഞ്ഞിട്ടുണ്ട്.ആനിയമ്മ ആഫ്രിക്കന്‍ കുട്ടികളോട് ഒച്ചയെടുത്ത് വൈകുന്നേരം ഉണങ്ങിവരണ്ട തൊണ്ട ഒരു ഗ്ലാസ് തണുത്ത വെള്ളം കൊണ്ട് നനയ്ക്കാന്‍ ശ്രമിക്കുമ്പോള് വേദന വാസ്തവത്തില്‍ ഇറങ്ങാതെ ഇങ്ങ് ഓടി വന്ന് തെയ്യാമ്മയുടെ കവിണിയില്‍ സ്വര്‍ണ്ണനൂലുകള്‍ പാകി ആ പളപളപ്പ് പള്ളിയിലെ ഞായറാഴ്ചക്കൂട്ടങ്ങളില്‍ തെളിവിനെക്കാളും ഞെളിവ് പ്രദാനം ചെയ്തിരുന്നു.അപ്പച്ചന്റെ പെട്ടിയിലെ നാണയക്കിലുക്കങ്ങള്‍ ഇലെക്ട്രിക്-ഇലക്ട്രോണിക് ഉപകരണങ്ങളായി ശബ്ദമാറ്റം നടത്തി. ഔദാര്യം ഉണാങ്ങി മെലിഞ്ഞിരുന്ന ജെയ്മോനും ജോബിയും ആവാഹിച്ചെടുത്ത് ലളിതമാസ്മരിക വിദ്യയാല്‍ ദുര്‍മ്മേദസ്സായി ദേഹത്ത് വളര്‍ത്തി വിട്ടു. അവരുടെയെല്ലാം മസ്തിഷ്ക്കങ്ങളിലെ മടക്കുകളില്‍ ഇതേ തുട്ടുകള്‍ വേരെടുത്ത് അഹന്തയുടെ കൂണുകളായി മുളച്ചു നിന്നു. അപ്പച്ചന്റെ വിയര്‍പ്പു അവര്‍ക്കു തീറെഴുതിക്കിട്ടിയ ജലശേഖരമെന്ന് കരുതി ധാര്‍ഷ്ട്യം നട്ടു നനച്ചു. അലസതയെ മിടുക്കു കൊണ്ടു നേരിടാമെന്ന പാഠം പഠിക്കാന്‍ അല്ലെങ്കില്‍ മണ്ടന്മാരായ ഇവര്‍ക്ക് ഒരു ഫ്ലാഷ് നേരം മാത്രം മതിയായിരുന്നു. അപ്പചന്റെ വീടുപണി ഇവരുടെ സ്വപ്നസൌധനിര്‍മ്മാണമായി നോക്കിക്കണ്ടതും ഇതേ യുക്തി കൊണ്ടു തന്നെ.

അമ്മച്ചി സ്യൂട് കേസെടുത്തു വച്ചതല്ലാതെ ഒന്നും പറഞ്ഞില്ല. പരീക്ഷയായതു കാരണം റോസ്‌ലി തിരിച്ച് ബാംഗ്ലൂരിനു പൊയ്ക്കഴിഞ്ഞു. സങ്കടം കലര്‍ന്ന ദേഷ്യമാണോ അമ്മച്ചിയുടെ മുഖത്ത് എന്ന് സണ്ണിയ്ക്കു വായിച്ചെടുക്കാനും കഴിഞ്ഞില്ല.തന്റെ വരവു കൊണ്ട് എന്തു സാധിച്ചെടുക്കാമെന്ന് രണ്ടു പേര്‍ക്കും നിശ്ചയമില്ലായിരുന്നു എന്നകാര്യം തെളിഞ്ഞു നിന്നു.പക്ഷെ കുറുക്കു ഇല്ല എന്നത് ഒരു മഹാസത്യമായി അവരുടെ സംഭാഷണത്തില്‍ പ്രത്യക്ഷപ്പെടാതെ പ്രത്യക്ഷപ്പെട്ടു. സണ്ണി വൈകുന്നേരം തന്നെ ഫിലഡെല്ഫിയയിലെ ട്രാവല്‍ ഏജെന്റിനെ വിളിച്ച് തന്റെ മടക്കയാത്രയില്‍ അമ്മച്ചിയ്ക്കും കൂടെ ഒരു സീറ്റ് റിസര്‍വ് ചെയ്യാന്‍ ആവശ്യപ്പെട്ടു.അമ്മച്ചി കേള്‍ക്കാതെ. സഹജമായ ഉള്‍പ്രേരണകൊണ്ട് പെട്ടെന്നെടുത്ത തീരുമാനം.

രാവിലെ മൂന്നുണിയോടു കൂടിത്തന്നെ ജെറ്റ് ലാഗ് കണ്ണുകളെ വരഞ്ഞു തുറപ്പിച്ചതിനാല്‍ സണ്ണി പൂമുഖത്തിനു മുകളിലുള്ള തുറന്ന ടെറസ്സില്‍ വെറുതെ ചെന്നിരുന്നു. നേരെ മുന്‍പില്‍ അധികം ദൂരെയല്ലാതെ ചെമ്പു പാളികള്‍ കൊണ്ടു പൊതിഞ്ഞ അമ്പലശ്രീകോവില്‍ പണ്ടു ശരിക്കും ദൃശ്യമായിരുന്നത് ഇപ്പോള്‍ വളര്‍ന്ന തെങ്ങോലത്തലപ്പാല്‍ സ്വല്‍പ്പം മറഞ്ഞിട്ടുണ്ട്. ചെമ്പ് താഴികക്കുടം ചെറുനിലാവില്‍ തെല്ലുതിളങ്ങുന്നതും നിശ്ചലതയില്‍ ബന്ധിക്കപ്പെട്ട പ്രകൃതിയും പുറകില്‍ മീനച്ചിലാറിന്റെ കുഞ്ഞുകിലുക്കുങ്ങളും പണ്ടായിരുന്നെങ്കില്‍ അത്യാഹ്ലാദം നിറയ്ക്കുമായിരുന്നല്ലൊ എന്ന് സണ്ണി വിഷാദിച്ചു. അമ്പലത്തില്‍ വൈകുന്നേരത്തെ ദീപാരാധന സമയത്ത് അമ്മച്ചി ഇവിടെ ഇരിക്കാറില്ല. ചുറ്റുപാടും‍ അതിവിശുദ്ധമായ കാരുണ്യകൃപകള്‍ വിള‍ഞ്ഞു വിലസിപ്പരക്കുന്ന‍ ആ സമയത്ത് ദൈവസ്ഥാനത്തിനു മുകളില്‍ നില്‍ക്കുന്നത് അത്ര ശരിയല്ലെന്ന് അമ്മച്ചി വിശ്വസിച്ചു. ദൈവസങ്കല്പത്തിലെ വൈവിധ്യത്തെക്കുറിച്ച് ആഫ്രിക്കയിലെ താമസം അമ്മച്ചിക്ക് ചില ധാരണകള്‍ നല്‍കിയതിനാല്‍ ആയിരിക്കുമിത്. വീടുപണി ഏതാണ്ട് മുഴുവനായപ്പോള്‍ അപ്പച്ചന്‍ ഇവിടെയിരുന്ന് ആ സമയം സിഗററ്റ് വലിച്ച് മാസിക വായിക്കുന്നതും അമ്മച്ചി കണ്ണുരുട്ടിയതിനാല്‍ താഴത്തെ വരാന്തയിലേക്കാക്കി. സണ്ണിയില്‍ തൂങ്ങിവന്ന നഷ്ടബോധം ഫിലഡെല്ഫിയയിലെ അപ്പാര്‍ട്മെന്റ് ബാല്‍ക്കണിയുമായി വൃഥാ താരതമ്യം ചെയ്ത് ‍ ആക്കം കൂട്ടപ്പെട്ടു.

അമ്മച്ചി കാപ്പിയുമായെത്തി. കോഫീടേബിളിലെ അദൃശ്യബിന്ദുവില്‍ നോക്കി ആലോചന പൂണ്ടു. രാത്രി അവിടെയുമിവിടെയും കരിങ്കര്‍ടനുകള്‍ തൂക്കി കനം ഭാവിച്ചു. “ ഞാന്‍ ഇവിടുന്ന്‌ എങ്ങോട്ടും പോകുന്നില്ല”.എങ്ങോട്ടും നോക്കാതെയുള്ള ആരോടെന്നില്ലാത്ത അമ്മച്ചിയുടെ ഈ പ്രഖ്യാപനം സണ്ണി നിസ്സംഗനായികേട്ടു. ട്രാവല്‍ ഏജെന്റിനെ വിളിച്ചത് അമ്മച്ചി അറിഞ്ഞുകാണാന്‍ വഴിയില്ലല്ലൊ. “ഇതെന്റ സ്ഥലമാ”. അമ്മച്ചിയുടെ സ്വരത്തിലെ‍ ഒരിക്കലും കാണാത്ത ദാര്‍ഢ്യം സണ്ണിയെ അദ്ഭുതപ്പെടുത്തി. “അല്ലെങ്കില്‍ ഈ സ്ഥലത്തിന്റെയാ ഞാന്”. അനുനയമോ അപേക്ഷാഭാവമോ മാത്രം സ്വരപ്പെടുത്താറുള്ള അമ്മച്ചിയ്ക്കെന്തു പറ്റി? മന‍സ്സു തീരെ തളര്‍ന്നോ? എങ്കില്‍ അദ്ഭുതമില്ല. സണ്ണി ഇരുട്ടീലേക്കു തന്നെ നോക്കി നിന്നു. പെട്ടെന്നു പുറകില്‍ നിന്നും കേട്ട ഒരു വാചകം സണ്ണിയെ നടുക്കിക്കളഞ്ഞു. “എന്നെ ആര്‍ക്കും അത്ര പെട്ടെന്നു ഇവിടെ നിന്നും പറഞ്ഞുവിടാന്‍ ഒക്കുകയില്ല”. ആരാണത് പറഞ്ഞത്? അമ്മച്ചിയുടെ ശബ്ദമല്ലായിരുന്നുവല്ലൊ. അപ്പച്ചന്റെ സ്വരമോ? അമ്മച്ചിയുടെ മുഖം പതിവിലും കനത്തിരുന്നതം ഇട്ടിരുന്ന നൈറ്റിയില പേസ്റ്റല്‍ കളര്‍ പൂക്കള്‍ ഒരു ഇന്‍ഫ്രാ റെഡ് വെളിച്ചപ്പാളിയില്‍ ഇരുണ്ട നിറമായതും ഒരു വിഭ്രാന്തിയെന്ന് കരുതാന്‍ സണ്ണിയ്ക്കു മനസ്സു വന്നില്ല. താനും പതറുകയാണോ? അപ്പച്ചന്റെ സ്വരം തന്നെയാണോ കേട്ടത്? കരുത്തോടെ കാര്യങ്ങള്‍ നേരിടാന്‍‍ നിയോഗിക്കപ്പെട്ട താനും അടിഞ്ഞുപോയോ? സണ്ണിയ്ക്കു ജാള്യതയാണ് തോന്നിയത്. അമ്മച്ചി വീണ്ടും സ്വസ്ഥരൂപം പൂണ്ടു. ഇതെന്റെ സ്ഥലമല്ലെ സണ്ണിമോനേ? നേര്‍ത്ത ശബ്ദം കലമ്പിച്ചു തുറന്നു. ശരിയാണ് ഈ സ്ഥലതിന്റെയാണ് അമ്മച്ചി. ഈ രണ്ടു പറമ്പുകളും വീടിനു മുന്‍പിലെ പ്ലാവും മറ്റെ പറമ്പിലെ ആഞ്ഞിലിയും തെങ്ങിന്‍ തൈകളും മീനചിലാറിന്റെ വളവുതിരിവുമെല്ലാം ഈ സ്ഥലത്തിന്റെ സ്വത്വനിര്‍മ്മിതിയില്‍ സഹഭാഗരാണ്. സ്ഥൂലവും സൂക്ഷ്മവുമായ അനേകായിരം കാര്യങ്ങളാണ് ഈ സ്ഥലത്തെ രൂപഭാവത്തിനു നിദാനം. മണ്ണിലുള്ള ബാക്റ്റീരിയയൊ അണുവോ വരെ ഇതിന്റെ അംശമായി പൂര്‍ണസ്വരൂപത്തോട് കടപ്പെട്ടിരിക്കുന്നു. ആനിയമ്മ അതിന്റെ ഒരു ഭാഗമാണ്. അല്ലെങ്കില്‍ ആനിയമ്മയുടെ ദൃശ്യവും അദൃശ്യവുമായ രൂപഭാവങ്ങള്‍ കൊണ്ടുകൂടിയാണ് ഈ ഈ നി:ശേഷതയും സമ്പൂര്‍ണ്ണതയും ഉരുത്തിരിഞ്ഞിരിക്കുന്നത്.അവരുടെ ചിന്താധാരകള്‍ കൊണ്ടു കൂടിയുമാണ് ഈ പ്രദേശസമഷ്ടിയുടെ അസ്തിത്വം പൂര്‍ത്തീകരിക്കുന്നത്. നൂറു നൂറു കട്ടകള്‍ കൊണ്ടു നിര്‍മ്മിച്ചെടുക്കുന്ന ലേഗൊ എന്ന കളിപ്പാട്ടം പോലെ. ചേതനവും അചേതനവും ആയ അനേകാംശങ്ങളാ‍ണ് ഈ സ്ഥലത്തെ അതായിട്ടു നിലകൊള്ളിയ്ക്കുന്നത്.അതില്‍ ഏതെങ്കിലും ഒന്ന് മാറ്റപ്പെട്ടാല്‍ എല്ലാം അടിഞ്ഞു വീഴും പിന്നെ നിര്‍മ്മിച്ചെടുത്താലും അത് പണ്ടത്തെ സ്വരൂപം ആയിരിക്കുകയില്ല. അതിന്റെ സകലത മാറിപ്പോയിരിക്കും. ഈ ജ്യോമിതീയസ്വരൂപത്തിലെ ഒരു ത്രിമാനക്കട്ടയായ അമ്മച്ചിയ്ക്ക് അതു മാറ്റപ്പെടാന്‍ മനസ്സില്ല.ഇതു നിലനിര്‍ത്താന്‍ അപ്പച്ചന്റെ ആത്മാവും ഇതിലെ കറങ്ങി നടക്കുകയാണോ? പ്രവാസജീവിതകാലത്തും ഈ സവിശേഷ മൈക്രോകോസം നിര്‍മ്മിച്ചെടുക്കാനും സന്തുലിതാവസ്ഥയുടെ പാരമ്യത്തില്‍ എത്തിച്ചേരാനും ഇവര്‍ പണിപ്പെടുകയായിരുന്നില്ലെ?

രാവിലെ തന്നെ ഫിലിപ്പങ്കിള്‍ വന്നു കയറി. സഞ്ചി പോലെ തൂങ്ങുന്ന പോക്കറ്റുകളുള്ള ഫാഷന്‍ നിക്കര്‍ സണ്ണി ഇടാത്തതിനെ ക്കുറിച്ച് ഇളിഭ്യത്തമാശ പറയാന്‍ ശ്രമിച്ചു. സ്യൂടുകേസില്‍ കുപ്പി വല്ലതുമുണ്ടോ എന്നു പാളി നോക്കി. അതിനിപ്പം നീ വരാന്‍ മാത്രം എന്നാ ഒണ്ടായി ഇവിടെ എന്ന് അറിവില്ലായ്മ നടിച്ചു.“അല്ലേലും ഒന്നുരണ്ടാഴ്ച്ച നീ ഇവിടെ വന്നു നിന്നതുകൊണ്ട് എന്നാ ആകാനാ” എന്ന് പേടിപ്പെടുത്താന്‍ ശ്രമിച്ചത് അമ്മച്ചി നേരിട്ടു. അമ്മച്ചി ഫിലിപ്പങ്കിളിനോട് ഇത്രയും ധൈര്യത്തോടെ സംസാരിക്കുന്നത് ആദ്യമായാണ്. റോസ്‌ലി യുടെ ചില കല്യാണാലോചനകള്‍ നടക്കുന്നു, കല്യാണം കഴിഞ്ഞ് അവളും പയ്യനും ഇവിടെത്തന്നെ താമസിച്ചേക്കും എന്ന ഭയങ്കര നുണ പറഞ്ഞു. അതിന്‍് അവള്‍ അമേരിക്കേലേക്ക് പടിയ്ക്കാന്‍ പോകുവല്ലെ? അതു വേണ്ടാന്ന് വെക്കണോ എന്നായി അങ്കിള്‍. ആനിയ്ക്കു കൂട്ടു വേണേല്‍ ജെയ്‌ബുവും ഡെയിസിമോളും ഇവിടെ വന്നു താമസിക്കുവല്ലൊ എന്ന സത്യമായ ഉദ്ദേശം യാതൊരു ഉളുപ്പുമില്ലാതെ പുറത്തെടുത്തു. “കുറുക്കു ചത്തത് അറിഞ്ഞില്ലെ”? അമ്മച്ചിയ്ക്ക് ദേഷ്യം വന്നു. “ ഓ അതു പിന്നെ പട്ടിയായാല്‍ മണത്തും നക്കീം ഒക്കെ നടക്കും. വല്ല വെഷോം നക്കിക്കാണും” അമ്മച്ചിയുടെ പ്രതിവചനം പിന്നെയും കടുത്തു. “അതേ ആ വെഷത്തിന്റെ ബാക്കി എവിടെയാണെന്നന്വേഷിച്ചോണ്ടിരിക്കുകാ. സണ്ണി അതിനാ വന്നത്”. ഫിലിപ്പങ്കിള്‍ ചുണ്ടിന്റെ കോണില്‍ ഓ പിന്നേ എന്ന പുച്ഛം തൂക്കി പടിയിറങ്ങി.

മീനച്ചിലാറിന് ഒരുമാതിരി കരിനീലത്തിന്റെ സാന്ദ്രതയുണ്ടല്ലൊ ഇന്ന് എന്ന് സണ്ണിയ്ക്കു തോന്നി. ഇങ്ങനെയൊക്കെയുള്ള ചിണുക്കത്തമാശകള്‍ ഈ നദിയ്ക്ക് പതിവാണ്. ചിലപ്പോള്‍ ഒരുമാതിരി എണ്ണമയമുള്ള ഉപരിതലമുണ്ടെന്നു തോന്നും. ചിലപ്പോള്‍ വെള്ളത്തിനു തന്നെ സ്ഫടികത്തിന്റെ കട്ടിയുണ്ടെന്നും മുകളില്‍ നില്‍ക്കാമെന്നും തോന്നും. പഴയ വള്ളം അനുസരണപൂര്‍വം കൂടെവരാന്‍ നില്‍ക്കുന്ന കുട്ടിയെപ്പോലെ ഒതുങ്ങിക്കിടപ്പുണ്ട്. ചിതലു കയറിയ സ്ഥലത്തൊക്കെ ടാറോ കരി ഓയിലോ പിടിപ്പിച്ചിരിക്കുന്നു. ആറ്റിലേക്കിറങ്ങുന്ന പടവുകളുടെ പുറത്ത് കിഴക്കായി അപ്പച്ചന്റെ മരണശേഷം സണ്ണി നാട്ടീയ കുരിശ് കൂടുതല്‍ മണ്ണടിഞ്ഞു പുല്ലു കിളിര്‍ത്ത തടത്തില്‍ പ്രസന്നതയോടെ എഴുന്നത് സണ്ണി നോക്കി നിന്നു. വീടുപണികഴിഞ്ഞ് മിച്ചം വന്ന രണ്ടു പട്ടികക്കഷണം കൊണ്ട് പെട്ടെന്നുണ്ടാക്കിയെടുത്ത കുരിശ് മനസ്സു വിങ്ങിയ് ഒരു നിമിഷത്തില്‍ സണ്ണി സ്ഥാപിച്ചതാണ്. അമ്മച്ചി ഒച്ചയെടുത്തു. മണ്ണില്‍ നാട്ടപ്പെട്ട കുരിശ് പിഴുതെടുക്കാനോ കൊണ്ടു നടക്കാനോ പാടുള്ളതല്ല. നാട്ടുമ്പോള്‍ ഇതറിഞ്ഞിരിക്കണം. “നാടകക്കാരു കൊണ്ടു നടക്കുന്നതു പോലെയല്ല കുരിശിനെ കരുതേണ്ടത്. ആറ്റിന്റെ ഈണ്ടിയേല്‍ കുരിശു നാട്ടാന്‍ ആരുപറഞ്ഞു? ഇതെന്നാ സണ്ണീ നീ ചെയ്തത്?” അമ്മച്ചിയ്ക്ക് പേടിയും സങ്കടവും. ആറ്റിന്റെ ഓരത്തു തന്നെയാരിക്കണം അപ്പച്ചന്റെ ഓര്‍മ്മ എന്ന് സണ്ണി. “മോനേ പാലാ വലിയപള്ളിയിലാ അപ്പച്ചനെ അടക്കിയിരിക്കുന്നത്. പള്ളി ആറ്റിന്‍ കരയില്‍ തന്നെയാണല്ലൊ“. ശരിയാണ് പാല‍ാ വലിയപള്ളി മീനച്ചിലാറ്റിന്‍ കരയിലാണ്. സാധാരണ പള്ളികളൊന്നും ആറ്റിന്‍ കരയില്‍ സ്ഥാപിക്കാറില്ല. ഉയര്‍ന്ന പ്രദേശങ്ങളില്‍ ആകാശത്തോടു സന്ധിക്കാനെന്നവണ്ണമാണ് പള്ളികളുടെ വാസ്തുദര്‍ശനം. പാലാ വലിയപള്ളിയ്ക്ക് ആറ്റിലേക്ക് ഇറക്കികെട്ടിയ നീളന്‍ കല്‍പ്പടവുകളുമുണ്ട്. മീനച്ചിലാറ് ഒഴുകിപ്പോയപ്പോള്‍ പാലക്കയത്തിങ്കല്‍ ഒന്നു വട്ടം ചുറ്റിയപ്പോള്‍ വച്ചു മറന്ന കളിപ്പാട്ടമാണോ പള്ളിയായി മാറിയത്?

സണ്ണി നട്ട കുരിശ് സ്വന്തം ഇടം പ്രഖ്യാപിച്ച് ധൈര്യമായി വെയിലണിഞ്ഞ് നിവര്‍ന്നു നിന്നു. ചുറ്റിനും ചേമ്പിലകള്‍ നൃത്തം ചെയ്തും വെള്ളത്തുള്ളികള്‍ പാറിച്ചും തമാശുണ്ടാക്കി. ആത്മാവിന്റെ അലച്ചിലില്‍ ഉയിരിന്റെ ഊളിയിടലില്‍ തെല്ലു വിശ്രമമണയ്ക്കുന്ന സ്വരൂപമാണ് കുരിശ്. സണ്ണി മനസ്സിലാക്കിയിട്ടുള്ള കുരിശിന്റെ ഈ അര്‍ത്ഥതലം ഒട്ടു വേറെയാണ്. സിമിത്തേരിയിലെ കുരിശിന്റെ സാംഗത്യവഴികളൊ ദര്‍ശനപ്പൊരുളോ അല്ല ഇങ്ങനെ നാട്ടപ്പെടുന്ന കുരിശിന്‍്. അമ്മച്ചിയ്ക്കിതു മനസ്സിലായിക്കാണുമോ? അമേരിക്കയില്‍ മരണം സംഭവിച്ച സ്ഥലങ്ങളില്‍ നാട്ടപ്പെടുന്ന കുരിശുകള്‍ സണ്ണിയില്‍ പ്രത്യേക കൌതുകമുണര്‍ത്തിയിട്ടുണ്ട്. ഹൈവേയുടെ അരികിലോ നാല്‍ക്കവലയുടെ കോണിലോ അപകടത്തില്‍ മരിച്ചവരുടെ ഓര്‍മ്മയ്ക്കെന്ന നിലയിലാണ് ഇവ പ്രത്യക്ഷപ്പെടുക. മരണത്തിന്റെ വാര്‍ഷികദിനങ്ങളിലാണ് ബന്ധുക്കാര്‍ കുരിശും പൂക്കളും വയ്ക്കുക. മതവിശ്വാസത്തിന് അതീതമായി ജീവിതത്തിനും മരണത്തിനും ഇടയ്ക്കുള്ള ആത്മസന്നിവേശമായി ഇവ തെളിഞ്ഞു വിളങ്ങും. പലപ്പോഴും അമേരിക്കന്‍ കുട്ടീകളുടെ കൂടെ മൃതപ്പെട്ട ഹിന്ദു കുട്ടികളുടെ പേരിലും ഈ കുരിശുകള്‍ പ്രത്യക്ഷപ്പെടും. “കൃഷ്ണകാന്ത് ദ്വിവേദി” വിഷ്ണുപ്രകാശ് അഗ്നിഹോത്രി” എന്നൊക്കെ പേരണിഞ്ഞ കുരിശുകള്‍ സണ്ണിയെ വിസ്മയത്തിലാക്കിയിട്ടുണ്ട്. നിശ്ചിത ഇടവേളയില്‍ ചാക്രികരീതിയില്‍ അലഞ്ഞെത്തുന്ന ആത്മാവിനു കൂടണയാനുള്ള ചില്ലകള്‍ മാത്രമാണോ ഈ കുരിശിന്‍ കൈകള്‍? “ഇതാ ഞങ്ങ ള്‍ ഇവിടെയുണ്ട്” എന്ന പ്രഖ്യാപനം മരണത്തെക്കാളും ജീവന്റെ ഉത്സാഹത്വരയല്ലെ വിളിച്ചോതുന്നത്? ഇവ മണ്ണില്‍ നിന്നും പൊന്തിവന്ന് പുറം ലോകത്തെ നോ‍ക്കിക്കാണുന്നതുപോലെ തോന്നുന്നത് തനിക്കു മാത്രമോ?

അതിരാവിലെ കണ്ട അമ്മച്ചിയുടെ ഭാവമാറ്റം സണ്ണിയെ കൂടുതല്‍ വ്യാകുലനാക്കി.

8 comments:

എതിരന്‍ കതിരവന്‍ said...

പൂഞ്ഞാറില്‍ നിന്നുള്ള കാറ്റ്-രണ്ടാം ഭാഗം

നീണ്ട കഥ തുടരുന്നു.

R. said...

രണ്ടു ഭാഗങ്ങളും ഇപ്പൊഴാണ് വായിച്ചത്.
വളരെ ഇഷ്ടപ്പെട്ടു.

അപ്പു ആദ്യാക്ഷരി said...

രണ്ടാം ഭാഗവും നന്നായിട്ടുണ്ട് എതിരാ..
അമ്മച്ചിയെ കൊണ്ടുപോകല്ലേ, നാട്ടില്‍ നിന്നോട്ടെ.

ധൂമകേതു said...

എതിരവന്‍, നന്നായിരിക്കുന്നു. രണ്ടു ഭാഗവും വായിച്ചു, ഇഷ്ടപ്പെട്ടു. നല്ല ശൈലി, നല്ല വിവരണം. ശരിക്കും സന്ദര്‍ഭങ്ങളെ ഉള്‍ക്കൊണ്ടു വായിക്കുവാന്‍ കഴിയുന്നുണ്ട്‌. അഭിനന്ദനങ്ങള്‍. ഫിലിപ്പങ്കളിന്‍റെ വരവും സംസാരവുമെല്ലാം ഒരു അമേരിക്കക്കാരന്‍റെ ജീവിതത്തില്‍ ബന്ധുക്കളുടെ സാന്നിധ്യം എന്തിനുവേണ്ടിയാണെന്ന കാര്യം കൃത്യമായി വരച്ചു കാട്ടിയിരിക്കുന്നു. കൃത്രിമത്വമില്ലാത്ത ശൈലി തുടര്‍ന്നുകൊണ്ടുപോകുവാന്‍ കഴിയട്ടെയെന്നാശംസിക്കുന്നു.

Promod P P said...

എതിരന്‍

ഈ കഥ ബ്ലോഗില്‍ ഒതുങ്ങി നില്‍ക്കേണ്ട ഒന്നല്ല.. ഇത് നല്ല കഥകളെ ഇഷ്ടപ്പെടുന്ന വായനക്കാര്‍ കൈനീട്ടി സ്വീകരിക്കും..

വെള്ളെഴുത്ത് said...

കഥകലെക്കുറിച്ച് ഇന്നലെ മൂന്നു പ്രസിദ്ധകഥാകാരന്മാരുമായി ചര്‍ച്ച ചെയ്യേണ്ടി വന്നു (ശിഹാബ്, ഉണ്ണി, വിനു എബ്രഹാം)ഇത്തവണ മാതൃഭൂമി കഥകളൊഴിവാക്കിയാണ് ഓണപ്പതിപ്പ് പുറത്തിറക്കിയത്.. കഥകള്‍ക്ക് വായനക്കാരു കുറയുന്നു എന്ന്. എന്നാല്‍ ബ്ലോഗില്‍ കഥ ഭദ്രം.. ഇവിടെ വായനക്കാരുമുണ്ട്.. അപ്പോള്‍ കഥകള്‍ വായിക്കാന്‍ ആളുകുറയുന്നു എന്നത് മീഡിയകളുടെ കള്ളപ്രചരണമാണോ..ആയിരിക്കും..

വേണു venu said...

കതിരവാ നന്നായെഴുതിയിരിക്കുന്നു.
മീനച്ചലാറിനെ പോലെ ഭാഷ ഒഴുകുന്നു.
കരിനീലത്തിന്റെ സാന്ദ്രത.എണ്ണമയമുള്ള ഉപരിതലം.സ്ഫടികത്തിന്റെ കട്ടി.
നി:ശേഷതയും, പ്രദേശസമഷ്ടിയും, ജ്യോമിതീയസ്വരൂപവുമൊക്കെ വായിച്ചു് അര്‍ഥതലങ്ങളുടെ സമ്പൂര്‍ണതയില്‍ ശരിക്കും ആഹ്ലാദിച്ചു.
ഹൃദയ സ്പര്‍ശിയായ വിവരണം. അടുത്തതിനായി.:)

സാജന്‍| SAJAN said...

ഒരുമിച്ച് കമന്റെഴുതാം എന്നു കരുതിയിരിക്കുവാരുന്നു,
ബാക്കീ വേഗം എഴുതൂ, കാത്തിരിക്കുന്നു:)