Thursday, September 20, 2007

പൂഞ്ഞാറില്‍ നിന്നുള്ള കാറ്റ്-4

നാല്

കുരുവിള സാറിന് ഡോക്ടരെ കാണാന്‍ പോകാന്‍ സഹായം വേണം. ബിജു കാറുമായി വന്നു.അമ്മച്ചിയുടെ ആദ്യഗുരുനാഥന് സ്റ്റാര്‍ വാര്‍സിലെ യോഡയുടെ സ്വത്വമുണ്ടെന്ന് സണ്ണിക്കു തോന്നാറുണ്ട്. തൊണ്ണൂ‍ൂ കഴിഞ്ഞിട്ടും ചില്ലറ അസുഖങ്ങളേ ഉള്ളു. ഒരിക്കല്‍ അമ്മച്ചി നാലായിരം രൂപ കയ്യില്‍ വച്ചു കൊടുത്തപ്പോള്‍ “ഇത്രയും തുക ആദ്യമായിട്ടാ ഒരുമിച്ച് കയ്യിലിരിക്കുന്നേ ആനീ” എന്നു പറഞ്ഞ് കരയാന്‍ തുടങ്ങിയപ്പോഴാന്ണ്‍ സണ്ണിയ്ക്ക് നാട്ടിലെ സാമ്പത്തികശാസ്ത്രത്തിന്റെ ചില കാര്യങ്ങള്‍ പിടികിട്ടിയത്. മസാമാസം ഡോക്ടറെ കാണാന്‍ അമ്മച്ചി ഏര്‍പ്പാടാക്കിയതാണ്. ഒന്നും മിണ്ടാതിരിക്കുന്ന തന്റെ മട്ടു കണ്ടപ്പോള്‍ സാര്‍ വാചാലനായി. ഓരോ തവണ കാണുമ്പോഴും സാറിന്റെ നിരാശകള്‍ കെട്ടഴിഞ്ഞു ചിതറി വീഴും. അറുപതുകളിലേയും എഴുപതുകളിലേയും കേരളമല്ല ഇന്ന്, മലയാളി ഏറെ മാറിപ്പോയിരിക്കുന്നു ഇതൊക്കെയായിരിക്കും ഈ നിരാശാനുറുങു വ്യാകുലതകള്‍. പവര്‍ ഗെയിമിന്റെ ഭാഗമായി ജനാധിപത്യം തകര്ന്നത്,ജാതിയും മതവും ഇതോടൊപ്പം നില്ക്കുന്നത് ആല്കഹോളിസത്തേക്കാള്‍‍ അഡിക്ഷന്‍ അധികാര മോഹവും ശക്തിപ്രകടനവും നിയന്ത്രണവാഞ്ച്ഛയുമായത് - ഇതൊക്കെ വൃദ്ധമെങ്കിലും ദൃഢമായ ശബ്ദത്തില്‍ ഒരു റിടയേര്‍ഡ് അദ്ധ്യാപകന്റെ അനുശാസന സ്വഭാവമില്ലാതെ വാര്‍ന്നു വീഴുന്നത് സണ്ണി കേട്ടിരിക്കാറാണ് പതിവ്. നാടുവിടുന്നവന്‍ കാലത്തെ നാട്ടില്‍ തളച്ചിട്ടുപോകാന്‍ വൃഥാശ്രമം നടത്തും. നാട്ടില്‍ കുറ്റിയില്‍ കെട്ടിയ പശുക്കുട്ടി പോലെ അത് ഒരേസ്ഥലത്തു ചുറ്റിത്തിരിയുമെന്ന് അവന്‍ വിശ്വസിക്കും. മറുനാട്ടിലിരുന്ന് ആപേക്ഷികസിദ്ധാന്തക്കാരനെപ്പോലെ ഇവിടെ മാത്രം സമയം മാറിയിട്ടില്ലെന്നു വിശ്വസിക്കാന്‍ ശ്രമിക്കും. പക്ഷെ തിരിച്ചു വരുമ്പോള്‍ വേര്‍പാടു കാലത്ത് അവന്‍ നട്ടിട്ടു പോയ ചെടി പൂത്തോ കായ്ച്ചോ കാണുകയില്ല. സാറിന്റെ ശിഥിലചിന്തകള്‍ പലവഴിക്കൊഴുകി. ഇത്തവണ സണ്ണിയുടെ മൌഢ്യത്തിന്റെ കാരണം സാറിന്‍് നാന്നായറിയാം. ഡോക്ടറെ കണ്ടിട്ടു മടങ്ങുമ്പോള്‍ വഴിയില്‍ കണ്ട കൂറ്റന്‍ പരസ്യപ്പലകകള്‍‍ നോക്കാന്‍ സണ്ണിയോട് പറഞ്ഞു. മാലപ്പാട്ട് ജ്യൂവലേര്‍സ്. സുവലക്ഷ്മി സില്‍ക്സ്. അതോടൊപ്പം ചക്കുളത്തു കാവു ദേന്വീ ക്ഷേത്രത്തിന്റേയും മാനം മുട്ടുന്ന ബില്‍ ബോര്‍ഡ്. അതിനെയൊക്കെ പൊക്കി നിറുത്തുന്ന കാലുകളിലേക്ക് നോക്ക്യേ സണ്ണീ. സണ്ണിയ്ക്ക് മനസ്സിലായില്ല. നീ കാണുന്നില്ലെ ഫിലിപ്പിനേയും ജെയ്മോനേയും ജൊബിയേയും ഒക്കെ? ഇതൊക്കെ പൊക്കി നിറുത്തേണ്ടവര്‍ക്ക് കടുത്ത ഭാരമാണ്, അതു മനസ്സിനെ വെറളി പിടിപ്പിച്ചവരാണിവര്‍. ഇതു മാത്രമോ, ഇതുപോലെ എത്ര ഭാരങ്ങളാണ് ഇവര്‍ താങ്ങിപ്പിടിക്കേണ്ടിയിരിക്കുന്നത്. ഇരുളിനെ മൂടി വെളിച്ചമാണെന്ന മായാബോധം ഉണ്ടാക്കുന്നത് അദ്ധ്വാനം പിടിച്ച പണിയാണ്. വെളിച്ചത്തെ മറയ്ക്കുന്നതിനേക്കാളും ശ്രമമേറിയത്. അതു ചെയ്യുന്നവര്‍ക്ക് സ്വസ്ഥതയില്ല. ഈ വിഭ്രാന്തിയില്‍ പെട്ടവരെയാണ് നീ കാണുന്നത്. സാറിന്റെ വാക്കുകള്‍ ഏതോ വിദൂരതയില്‍ നിന്നും വരുന്നെന്ന പോലെ. അവരോടൊക്കെ നേരിടാന്‍ നീയാരാ? ആനിയാരാ? കുരുവിള സാറുമായി സംസാരിച്ചിരുന്ന് വൈകിയാണ് സണ്ണി വീട്ടിലെത്തിയത്.

വീട്ടിലെത്തിയപ്പോള്‍ തന്നെ കുരുവിള സാറിന്റെ വാക്കുകള്‍ പ്രവചനസ്വഭാവമുള്ളവയായിരുന്നെന്ന് സണ്ണി പെട്ടെന്നു തിരിച്ചറിഞ്ഞു. അമ്മച്ചി തന്നെയും കാത്ത് മുറ്റത്തു തന്നെ. അമ്മച്ചിയുടെ മുഖഭാവം സണ്ണിയ്ക്ക് അരുതാത്തതു നടന്നതിന്റെ ദൃക്‌വിവരണമായി ഒരു വിറയല്‍ സമ്മാനിച്ചു. റോസ്‌ലി പരീക്ഷ കഴിഞ്ഞ് ബാംഗ്ലൂരില്‍ നിന്നും വരുന്ന വഴി പാലായില്‍ നിന്നും ഓട്ടോ പിടിയ്ക്കാന്‍ കുരിശുപള്ളിക്കവലയില്‍ നില്‍ക്കുകയായ്രുന്നു. രണ്ടു പേര്‍ മോടോര്‍ ബൈക്കില്‍ വട്ടം ചുറ്റി, ഒരുത്തന്‍ ചൂഡീദാറിന്റെ ദുപ്പട്ടയില്‍ പിടിച്ചു വലിച്ചു. നികൃഷ്ടമുഖര്‍ വിളിച്ചു പറഞ്ഞു “ നീ അധികം നാള് ഇവിടെ വെലസുകേല.നിന്റെ ചേട്ടനെക്കണ്ട് ഞങ്ങളങ്ങു പേടിയ്ക്കുമെന്നു വിചാരിച്ചോടീ“. പിന്നെയൊക്കെ അവള്‍ക്ക് മനസ്സിലാക്കാത്ത എന്തോ വൃത്തികേടുകളാണ് കേട്ടത്. ആഫ്രിക്കയിലെ പല പട്ടണങ്ങളിലും കണ്ടിട്ടുള്ള പൂവാലന്മാര്‍ക്കും ഇത്ര നിന്ദ തൂര്‍ന്നതോ നീചമോ മുഖങ്ങളില്ല. ഈ ക്രൌര്യം അതുകൊണ്ടു അവളെ തികച്ചും പേടിപ്പെടുത്തി. കരഞ്ഞു നിലവിളിച്ചാണ് അവളെത്തിയിരിക്കുന്നത്.

സണ്ണി പെട്ടെന്ന് കാറില്‍ ചാടിക്കയറി. അമ്മച്ചി പുറകില്‍ നിന്ന് വിളിച്ചതൊന്നും അവന്‍ കേട്ടില്ല. സണ്ണിയുടെ ഭാവമാറ്റം ബിജുവിനെ തെല്ല് പേടിപ്പിച്ചു. നേരേ ഫിലിപ്പിന്റെ വീട്ടില്‍. റോസ്‌ലി പറഞ്ഞ അടയാളങ്ങളുള്ള ബൈക്ക് രണ്ടെണ്ണം വീട്ട് മുറ്റത്തുണ്ട്. സണ്ണിയുടെ കാലുകളില്‍ കാറ്റുപിടിച്ചിരുന്നു. നേരെ മുറിയ്ക്കകത്ത് കയറി. ചില്ലു ഗ്ലാസുകല്‍ നിരത്തിയ കോഫി ടേബിളിനു ചുറ്റും പരിചിതവും അപരിചിതവുമായ മുഖങ്ങള്‍. നികൃഷ്ടവും കപടവും നൃശംസവും ഏതോ ട്രിക്കു ചെയ്യാന്‍ വെമ്പുന്നതുമായ നോ‍ട്ടങ്ങള്‍‍ വന്നു തറയ്ക്കുന്നത് തടയാന്‍ വര്‍ദ്ധിച്ച ക്രോധത്തിന്റെ പുറം ചട്ട സണ്ണി അറിയാതെ തന്നെ മേല്‍ വന്നു വീണു. ഏതോ വികൃത പരിഷ്കാരമെന്ന പോലെ പളപള വസ്ത്രം ധരിച്ച ഒരാള്‍ സൌഹൃദം ഭാവിച്ചു. “ഹല്ലോ സണ്ണീ, കം ഓണ്‍, ഡു യു ലൈക് റ്റു ഹാവ് അ ഡ്രിങ്ക്”.സണ്ണി നേരെ ചെന്ന് അയാളുടെ നെഞ്ചിനു നേരെ ഷറ്ടിനു കുത്തിപ്പിടിച്ചു. രണ്ടു മൂനു ബട്ടണുകള്‍ പൊട്ടി താഴെ ചാടി. സണ്ണി അലറി. ഹു ദ ഹെല്‍ ആര്‍ യു? ഹൂ ദ ഹെല്‍ ആര്‍ യൂ? സണ്ണി പിടുത്തം മുറുക്കി. ഒരുത്തന്‍ സണ്ണിയെ പുറകോട്ട് തള്ളി. ഭിത്തിയില്‍ ചെന്നു മുട്ടിയ സണ്ണി അതേ ഊക്കില്‍ മുന്‍പോട്ടു വന്ന് കോഫി ടേബിള്‍ ചില്ലുഗ്ലാസുകള്‍ സഹിതം ഒറ്റച്ചവിട്ടിന്‍ മറിച്ചു. ആഫ്രിക്കന്‍ മണ്ണില്‍നിന്നും സ്വരുക്കൂടിയ വന്യമായ ക്രോധാവേശം സണ്ണിയുടെ ഉടലാകെ തീയാളി. കണ്ണില്‍ നിറഞ്ഞ കാടത്തം അവരെ സംഭീതരാക്കി. യു ഡോണ്ട് ക്നോ മി! യൂ ഡോണ്ട് നോ മീ, യൂ ബാസ്റ്റാര്‍ഡ്സ് ഐ വില്‍ കില്‍ യു യൂ ബാസ്റ്റാര്‍ഡ്സ് സണ്ണി ജ്വലിച്ചു. ഇതു പ്രതീക്ഷിക്കാത്ത അവര്‍ കസേരയില്‍ നിന്നു മാറി. സണ്ണി കസേരകള്‍ ചവിട്ടി മറിച്ചു. ബിജു വന്നു പിടിച്ചു. സണ്ണിച്ചായാ ,വന്നെ. വന്നെ സണ്ണിച്ചായാ.കിതയ്ക്കുന്ന സണ്ണി ബിജുവിനെയും തള്ളി മാറ്റി. പുറത്തെയ്ക്ക് ഓടി ചെടിച്ചട്ടികള്‍ തൊഴിച്ചെറിഞ്ഞു. രണ്ടു ബൈക്കും തൊഴിച്ചിട്ടു. ബിജു പ്രയാസപ്പെട്ട് കാറിലേക്ക് തള്ളിക്കൊണ്ടുപോയി. കിതപ്പു മാറാത്ത സണ്ണി സീറ്റിനിട്ട് വീണ്ടും വീണ്ടും ഇടിച്ചു. സണ്ണിച്ചായാ വേണ്ടെന്നേ, വേണ്ടെന്നേ സണ്ണിച്ചായാ. ബിജു കരയാനായി.

രാവേറെച്ചെന്നിട്ടും ഉറക്കം വരാതെ സണ്ണി ബെഡ്രൂമിന്റെ ജനലില്‍ ക്കൂടി വീടിനും മീനച്ചിലാറിനുമിടയില്‍ അപ്പച്ചന്‍ പരിപാലിച്ചിരുന്ന വാഴക്കൂട്ടങള്‍ നോക്കി നിന്നു. വൈകുന്നേരത്തെ സംഭവം നിയന്ത്രണം വിട്ടുപോയ വേവലാതി നീറ്റലായി അവശേഷിച്ചു. ആരോടും കയര്‍ക്കാത്ത അപ്പച്ചന്റേയും അമ്മച്ചിയുടേയും മകന്‍. അപ്പച്ചന്റെ വാഴകളോട് ക്ഷമ ചോദിക്കട്ടെ? അതു മതിയോ? വാഴകള്‍ ഒന്ന് ഉല്ലസിച്ച് നിന്നു. ഒകിടിപുപയിലും അപ്പച്ചനും അമ്മച്ചിയും വീടിനു പുറകില്‍ വാഴകൃഷിയില്‍ വ്യാപൃതരായിരുന്നു. നട്ടതൊക്കെ പൊലിച്ചു. മിച്ചം വരാറുള്ള പഴം സ്കൂളില്‍ കൊണ്ടെ പാവപ്പെട്ട കുട്ടികള്‍ക്ക് വിതരണം ചെയ്യുകയാണ് പതിവ്. താനും സൈക്കിളില്‍ കുലകല്‍ വച്ച് സ്കൂളിലെത്തിക്കാന്‍ തയാറായിട്ടൂണ്ട്. നൈജീരിയന്‍ മണ്ണ് അപ്പച്ചനും അമ്മച്ചിയും തൊടാന്‍ കാത്തിരുന്നെന്നപോലെയാണ് നട്ടതിനെയൊക്കെ വളര്‍ത്തിപ്പൊക്കിയത്. കുരുവിള സാറിന്റെ കഥകള്‍ സണ്ണീ ഓര്‍ത്തെടുത്തു. ചരിത്രവും സമൂഹശാസ്ത്രവും സൈക്കോളജിയുമൊക്കെ കഥ മട്ടിലാണ് സാറ് പറഞ്ഞു ഫലിപ്പിക്കുന്നത്. തിരുവിതാംകൂര്‍ ക്രിസ്ത്യാനികള്‍ക്കു വേണ്ടി എവിടെയും മണ്ണ് കാത്തിരിക്കും. അവരുടെ ക്രോമൊസൊമുകളില്‍ മണ്ണുമായി ബന്ധപ്പെടുത്തുന്ന ജീനുകള്‍ സുഷുപ്തിയിലാഴ്ന്നു കിടപ്പുണ്ട്.കോശങ്ങളില്‍ സൂക്ഷ്മ കുമിളകളില്‍ സസ്യഹോര്‍മോണുകള്‍ നിറച്ചിട്ടുണ്ടായിരിക്കണം. സാറിന്റെ ഭാവന തമാശയാകുന്നു. മണ്ണുമായി സ്പര്‍ശിക്കുമ്പോള്‍ ഇവ പൊട്ടി വിരല്‍ത്തുമ്പിലൂടെ ഊര്‍ന്ന് വ്യാപരിക്കും. ഒരു നിശ്ചിത ഡാര്‍വീനിയന്‍‍ ചിന്താപദ്ധതിഭാഗമെന്നപോലെ ഈ ക്രൊമസോമുകളിലെ ജീനുകള്‍ പ്രവാസികളില്‍ മാത്രം ഉണരുന്നതായി മാറിയോ? കൃഷിയൊക്കെ തമിഴനു വിട്ടുകൊടുത്തശേഷം ഈ അതിജീവന ജീനുകള്‍ ഇവിടെ എന്നെന്നേയ്ക്കുമായി അടഞ്ഞുതുടങ്ങിയോ? കുരുവിള സാറിന്റെ ഇന്നത്തെ ചിന്താവിഷയം സണ്ണി വീണ്ടും ഓര്‍ത്തു.ഊഷ്മളബന്ധങ്ങളെ വിട്ടുപോവുമ്പോഴുള്ള വ്യഥ അതു പതിന്മടങ്ങുവളര്‍ന്നു വലുതായിട്ട് മടങ്ങിയെത്തുമ്പോള്‍ ഉണങ്ങിപ്പോയ ഒരു നദിയില്‍ കുളിക്കാനിറങ്ങുന്നതുപോലെയാകുന്നല്ലൊ. ഈ മണ്ണിന്റെ ചൂരും ചൂടുമേറ്റു ഉറങ്ങാന്‍ വേണ്ടി തിരിച്ചെത്തുമ്പോള്‍ പുല്ലിട്ടു മൂടിയ കിണര്‍ മാത്രം കാണും സണ്ണീ. വിട്ടുപോകുമ്പോള്‍ നട്ടിട്ടു പോകുന്ന നാമ്പ് അങ്ങു ദൂരെ മനസ്സില്‍ വെള്ളം കോരിയും തടമെടുത്തും വളര്‍ത്തുമ്പോള്‍ യഥര്‍ത്ഥത്തില്‍ അത് കപ്പത്തണ്ടു പോലെ ഒടിഞ്ഞുപോകുന്ന ചെടിയായി മാത്രം വളരുന്നതെന്തെ. നിന്റെ അപ്പച്ചനും അമ്മച്ചിയും ചോദിക്കുന്ന ചോദ്യങ്ങളാ സണ്ണീ. ഒരിക്കല്‍ അറുത്തുപോയ വേരുകള്‍ തേടിയെത്തുമ്പോള്‍ അതില്‍ ഒരു നാമ്പെങ്ങാനും പൊട്ടിയേക്കും എന്ന് ആശിക്കുന്നത് കര്‍ഷകമനസ്സു മാത്രമല്ലല്ലൊ.സണ്ണീ നിനക്കു മനസ്സിലാകുന്നുണ്ടോ?

പുറകില്‍ ആരോ നീങ്ങുന്നതുപോലെ. സണ്ണി തിരി‍ഞ്ഞു. അപ്പച്ചന്‍! ദേ വെളുത്ത ബനിയനുമിട്ട് ചിരിച്ചോണ്ട് ജനല്‍ച്ചില്ലുകള്‍ തുടച്ച് തിളക്കുന്നു. “ ഇതൊക്കെ തൂത്തും തൊടച്ചും ഇടാമ്മേലേ സണ്ണീ? നിന്റെ തന്നെ കൃതിയല്ലെ?” പെട്ടെന്നു രൂപം മാഞ്ഞു. സണ്ണി തെങ്ങോലത്തലപ്പ് ഡിസൈന്‍ ഒന്ന് ആകപ്പാടെ നോക്കി. ഗ്രാഫിക്സില്‍ അത്ര ഗംഭീര ഡിസൈന്‍ ഒന്നുമല്ല. ലാളിത്യം കൊണ്ടുള്ള മൂര്‍ചയുണ്ട്, സത്യം. അപ്പച്ചന് ഇഷ്ടപ്പെട്ടെങ്കില്‍ അത്ര മാത്രം. പുറത്തുനിന്നും വെളിച്ചം അടിച്ചാല്‍ ഒരു ഭംഗിയൊക്കെ വരും. പെട്ടെന്ന് താഴെ ഒരു ആരവം കേട്ടു. കൂക്കുവിളിയും. ജനല്‍ തുറന്നു നോക്കി. ഒരു കല്ല് ചീറിപ്പാഞ്ഞ് സണ്ണിയെ തൊട്ടമട്ടില്‍ അകത്തു വന്നു വീണു. വാട് ദി ഹെല്‍ ആര്‍ യു ഡൂയിങ്? സ്റ്റോപ് ഇറ്റ്! സണ്ണി ഒച്ചവച്ചു. കൂക്കുവിളിയുടെ തീവ്രത കൂടി, തെറിവിളിയുടെതും. ഒരു കല്ല് ആദ്യത്തെ ജനല്‍ച്ചില്ലു പൊട്ടിച്ചുകൊണ്ടാണ് അകത്തേക്കു വീണത്. ദൈവമേ! അപ്പച്ചന്‍ ഇപ്പോള്‍ തഴുകിയിട്ടു പോയതേ ഉള്ളു ഈ ചില്ലുകള്‍! വാട് ദ ഹെല്‍ ആര്‍ യു ഡൂയിങ്? സണ്ണി അലറി. സ്റ്റോപ് ഇറ്റ് യു ബാസ്റ്റാര്‍ഡ്സ്! മുഴുത്ത തെറികളാണ്‍ മറുപടിയെന്ന് സണ്ണിയ്ക്ക് ഏകദേശം മനസ്സിലായി. സണ്‍‍ ഓഫ് എ ബിച് സ്റ്റോപ് ഇറ്റ്! സണ്ണിയ്ക്ക് അറിയാവുന്നതൊക്കെ പറഞ്ഞു. താഴെ നിന്നും വീണ്ടും ആക്രോശം “മലയാളത്തില്‍ പറയെട പട്ടിപ്പൊല.......മോനേ”. “നിന്റെ കോപ്പിലെ ഇങ്ലീഷ് കേട്ട പേടിക്കുവോടാ ഞങ്ങള്? ചോണയൊണ്ടെങ്കി മലയാളത്തില്‍ പറയെടാ പൂ......മോനേ” സണ്ണി ഒരുനിമിഷം തരിച്ചു. മലയാളമോ? നൈജീരിയയിലെ വനാന്തര്‍ഭാഗത്തു വരെ ഇരയിമ്മന്‍ തമ്പിയേയും വൈലോപ്പള്ളിയേയും അലിയിച്ചിറക്കിയ ആനിയമ്മയുടെ വീട്ടില്‍ നിന്നും ഇവര്‍ക്ക് എന്തു മലയാളമാണ് കേള്‍ക്കേണ്ടത്? വയലാറും ഒ.. എന്‍. വിയും കൂടു കെട്ടിയ നെഞ്ചല്ലെ ഈവീട്? ഇവര്‍ പറയുന്നതാണോ മലയാളം? ഇപ്പോള്‍ ഇവര്‍ പറയുന്നത് അമ്മച്ചിയെപ്പറ്റിയാണ് അവരുടെ സ്ത്രീ എന്നും അമ്മയ്രെന്നും ഉള്ള ഭാവത്തെ ക്കുറിച്ചുള പച്ചത്തെറികള്‍. കുറെ അപ്പച്ചനെപ്പറ്റിയുമാണ്. ഇത്തരം വാക്കുകള്‍ മലയാളത്തില്‍ ഉണ്ടെങ്കില്‍ അപ്പച്ചനും അമ്മച്ചിയും എന്തേ പറഞ്ഞു തരാത്തത്? അല്ലെങ്കില്‍ അവര്‍ക്ക് ഇതൊക്കെ അറിയുകില്ലെന്നാണോ?

അതിവികൃതമായ മലയാളവാക്കുകള്‍ വമിച്ച കൊടും വിഷം അവിടെങ്ങും വ്യാപിച്ചു. ഉരുള്‍പൊട്ടലിലെ മലവെള്ളം പോലെ പൊങ്ങി വീടിനെ പതുക്കെ ആഴ്ത്തി. ഒരു കപ്പല്‍ പോലെ വീട്‌ ആടിയുലഞ്ഞു. കണ്ണുപൊട്ടിപ്പോയ ചീവീടുകള്‍‍ കരഞ്ഞ് നിലവിളിച്ചു. തല്‍കാലാന്ധ്യത്തില്‍ അരണകള്‍ മാളത്തിന്റെ കോണുകളില്‍ ശ്വാസം മുട്ടി. അണലിയും മൂര്‍ഖനും വെള്ളിക്കെട്ടനും തങ്ങള്‍ക്ക് വിഷമില്ലെന്നറിഞ്ഞ് ലജ്ജിച്ച് കൂടുതല്‍ ചുരുണ്ടുകൂടി വളയങ്ങളില്‍ തലയൊളിപ്പിച്ചു. ളാലം പള്ളിയിലെ ഗ്രോടോയ്ക്കു താഴെ ഉണ്ണിയേശുവിനെ കയ്യിലേന്തിയ കന്യാമറിയം വിഷമേറ്റ് നീലിച്ച മാര്‍ബിള്‍പ്രതിമ മാത്രമായല്ലൊ എന്നോര്‍ത്ത് വിഷാദം പൂണ്ടു. ചെമ്പുപാളിശ്രീകോവിലിനു താഴെ ദേവന്റെ പഞ്ചലോഹവിഗ്രഹം പെട്ടെന്നു നീല ക്ലാവു പിടിച്ചതുപോലെയായി. രാവിലെ അഭിഷേകം ചെയ്യുമ്പോള്‍ വിഷനിര്‍മാര്‍ജ്ജനം നടക്കുമെന്ന് ദേവന്‍ ആശിച്ചു പ്രാര്‍ത്ഥിച്ചു. എന്തു പുണ്യാഹമാണാവശ്യമെന്ന് അറിയാതെ വശം കെട്ടു.

കല്ലേറ് ശക്തി പ്രാപിക്കുകയാണ്. അമ്മച്ചിയും റോസ്‌ലിയും ഓടിയെത്തി. താഴേയ്ക്കു ഓടിയിറങ്ങാന്‍ ശ്രമിച്ച സണ്ണിയെ ബലമായി തടഞ്ഞു. അടുത്ത ജനല്‍ച്ചില്ല തകര്‍ന്ന് പകുതി ചില്ലുകള്‍ ബെഡ്രൂമിനകത്താണ് വീണത്. രണ്ട്..., മൂന്നു....നാലു്.. ഓരോ ചില്ലുകളും തകര്‍ന്ന് നിലത്തു ചിതറുന്നു. നിരാശയും സങ്കടവും ഭ്രാന്തായി സണ്ണിയെക്കൊണ്ട് ചാപല്യം ചെയ്യിച്ചു. പെട്ടെന്ന് നിലത്തിരുന്ന് ചില്ലുകള്‍ കൂട്ടി വച്ച് വിച്ഛേദിക്കപ്പെട്ട ഡിസൈന്‍ തിരിച്ചുണ്ടാക്കാന്‍ ശ്രമിച്ചു. കടും പച്ച തെങ്ങോലത്തലപ്പന്റെ കഷണങ്ങള്‍ നാട്ടു വെളിച്ചത്തില്‍ മങ്ങിയ ഊതനിറം ഉള്‍ക്കൊണ്ട് വിളറിക്കിടന്നു. നൂറു നൂറായി പിച്ചിച്ചീന്തപ്പെട്ട ഇലപ്രകൃതികള്‍ വിരൂപത പോയിട്ട് സ്വരൂപം പോലുമില്ലാതെ കമിഴ്ന്നും മലര്‍ന്നും കരഞ്ഞു കിടന്നു. അനാഥത്വം പൂണ്ട ചില്‍പൊട്ടുകള്‍ സണ്ണി വാരിയെടുത്തു. താഴെ മറ്റെന്തെക്കെയോ ബഹളങ്ങള്‍. കൂക്കുവിളികള്‍, തെറികള്‍. കൈമുറിഞ്ഞത് വകാവയ്ക്കാതെ സണ്ണി വീണ്ടും ചില്ലുകള്‍ വാരി. അമ്മച്ചിക്കും റോസ്‌ലിക്കും പ്രതിരോധിക്കാന്‍ പറ്റിയില്ല. സണ്ണിയെ കെട്ടിപ്പിടിച്ച് കരയാനല്ലാതെ ഒന്നും തോന്നിയില്ല. ചോരയൊഴുകുന്ന വിരലുകള്‍ അമ്മച്ചി അമര്‍ത്തിപ്പിടിച്ചു.

രാവിലെ കണ്ടതും ദുരന്തഭീകരം.വാഴകള്‍ മുഴുവനും വെട്ടി നശിപ്പിച്ചിരിക്കയാണ്. പലതും ചവിട്ടി മെതിച്ചിട്ടുണ്ട് . വാഴക്കന്നുകള്‍ ഇങ്ങിനി വളരാതെവണ്ണം അട പരത്തിയിരിക്കുന്നു. ഒന്നിനു മേല്‍ ഒന്നായി ചാഞ്ഞ്കിടക്കുന്ന വാഴകള്‍ ഒരു യുദ്ധക്കളത്തിലെ മൃതശരീരങ്ങളായി‍ വിറങ്ങലിച്ചു. കയറാന്‍ ഇടമില്ലാതെ അണ്ണാന്മാര്‍ കുന്തിച്ചിരുന്നു.ഓടിപ്പറന്നു നടന്നിരുന്ന കാറ്റ് അരികിലുള്ള ചെമ്പരത്തിയോളം വന്ന് നിശ്ചലത കൈക്കൊണ്ടു.അമ്മച്ചി അങ്ങോട്ട് നോക്കുന്നതേ ഇല്ല. ബിജു വന്നു. പോലീസിനെ അറിയിക്കുക തന്നെ. സണ്ണിയുടെ ദയനീയ രൂപം ബിജുവിനെ സങ്കടപ്പെടുത്തി.ഫ്രാന്‍സിലും ഇംഗ്ലണ്ടിലും വിദ്യാഭ്യാസം നേടിയ, ഫിലാഡെഫിയയിലെ പ്രശസ്ത പരസ്യക്കമ്പനിയില്‍ ഉന്നതസ്ഥാനമുള്ള, സായിപ്പിന്‍് വിസ്മയാവഹമായ ആശയങ്ങള്‍ കാഴ്ച്ചവച്ച് അതിജീവനത്തിന്റെ നിര്‍വചനമാകുന്ന ചെറുപ്പക്കാരന്‍ ഇവിടെ ഇങ്ങനെ ദയനീയരൂപമായതിലെ യുക്തി ബിജുവിനു തെല്ലും പിടികിട്ടിയില്ല.പോലീസ് സ്റ്റേഷനില്‍ ഏമാനെ കാത്തിരുന്നപ്പോള്‍ സണ്ണിയെ ഇനിയൊന്നും ശരിയാകാന്‍ പോകുന്നില്ലെന്ന തോന്നല്‍ പിടിത്തം കൂടി. ഹാഫ് ഡോര്‍ തുറന്ന് അകത്തു പ്രവേശിച്ചപ്പോള്‍ കണ്ട പോലീസുദ്യോഗസ്ഥന്‍ സണ്ണിയ്ക്ക് വലിയ ഞെട്ടല്‍ സമ്മാനിച്ചു.അപ്പോള്‍ അങ്ങനെയാണ് കാര്യങ്ങള്‍!

4 comments:

എതിരന്‍ കതിരവന്‍ said...

പൂഞ്ഞാറില്‍ നിന്നുള്ള കാറ്റ്-4
നീണ്ട കഥ തുടരുന്നു. സണ്ണിയുടെ പ്രതിസന്ധികള്‍, പ്രത്യാഘാതങ്ങള്‍.

Promod P P said...

എതിരന്‍

നാലാം ഭാഗം വായിച്ചു. അല്പം കൂടുതല്‍ പരത്തി പറഞ്ഞുവോ എന്നൊരു സംശയം.ഒന്നു കൂടെ ആറ്റിക്കുറുക്കിയാല്‍ ഇതിലും നന്നായേനെ..

വേണു venu said...

എതിരന്‍‍,
വായിക്കുന്നുണ്ടു്..:)

സാല്‍ജോҐsaljo said...

നാ‍ലുഭാഗവും ഒരുമിച്ചാണ് വായിച്ചത്.

വ്യക്തിവിവരണം ഇല്ലാതിരുന്നതിനാല്‍ സണ്ണിയെയും അപ്പച്ചനെയും ആനിയമ്മയെയും റോസ്‌ലിയെയും ഒക്കെ പറ്റി സ്വയം ഒരു ഔട്ട് ലുക്ക് വാര്‍ത്തെടുക്കേണ്ടി വന്നു. (ഒരര്‍ത്ഥത്തില്‍ അതു കുഴപ്പമില്ല എങ്കില്‍ കൂടി നീളന്‍ കഥകളില്‍ അങ്ങനെ നല്‍കിയാല്‍ കഥാകൃത്തിന്റെ ആശയവുമായി വായനക്കാരന്‍ ഏറെ ചേര്‍ന്നുപോകും.)

കഥയുടെ കാമ്പ്, അതിനുവേണ്ടി കൊടുത്തിരിക്കുന്ന ഒട്ടേറെ വിവരണങ്ങള്‍ എല്ലാം ഭംഗിയായിരിക്കുന്നു. ഒട്ടേറെ ചിന്തകളും മനോഹരമായിരിക്കുന്നു. എന്നിരുന്നാലും ഇത് ഒരേ നൂലില്‍ കോര്‍ക്കാന്‍ മുഴുവനായി സാധിച്ചോ എന്നൊരു തോന്നല്‍.

മറ്റു മൂന്നു ഭാഗങ്ങളെ അപേക്ഷിച്ച് നാലാംഭാഗത്ത് ഒരു സംഭവം വിവരണമായിക്കൊടുത്തിരിക്കുന്നത് നന്നായി. ഓരോ ഭാഗത്തും നടക്കുന്ന കാര്യങ്ങള്‍ ഇങ്ങനെ സംഭവങ്ങളില്‍ കൂടി വിവരിച്ചാല്‍ അത് മനോഹരമാവും. എന്നു വച്ചാല്‍ പരത്തി പറയുന്നത് ഉചിമാണ്. ആറ്റിക്കുറുക്കരുത്! ഒന്നും മനസിലാവാതെ പോവും!.

ഇലവീഴാപൂഞ്ചിറ, കുടയുരുട്ടി, കുടയത്തൂര്‍, ഇതൊക്കെ അല്പം നൊസ്ടാള്‍ജിയ ഉണര്‍ത്തി. ഈ സ്ഥലങ്ങളൊക്കെയുമായി ആത്മബന്ധമുണ്ട് എനിക്ക്. കുറെ കറങ്ങി നടന്നതാണ് ഇവിടെയൊക്കെ.

ഇടയ്ക്ക് മേമ്പൊടിയായി ചില വിജയന്‍ ചിന്തകള്‍ നന്നായി. തിരക്കുകൂട്ടാതെ എഴുതുമല്ലോ..

ആശംസകള്‍!

ഓ.ടോ.: എല്ലാത്തിന്റെയും രൂപീകരണത്തിന്റെ അവസാനം ചെന്നെത്തുന്ന ആ മാക്രോകോസം അല്ലേ ദൈവം!എല്ലാത്തിന്റെയും സൃഷ്ടിക്കുനിദാനം? അതുകൊണ്ടല്ലേ ദൈവം എല്ലായിടത്തും ഉണ്ട് എന്നവസ്തുത ഉറപ്പിക്കാന്‍ കഴിയുക? വെറുതെ ഒരു ചിന്ത...?