മൂന്ന്
ഒരു സ്വപ്നാടകക്കാരനെപ്പോലെയാണ് സണ്ണി അപ്പച്ചന്റെ പ്രിയ ബെഡ്റൂമിലേക്കു പ്രവേശിച്ചത്. ജനല്‍ച്ചില്ലകള്‍ തെളിനിലാവില്‍ തന്റെ അരുമ തെങൊലത്തലപ്പ് ഡിസൈന്‍ ഉജ്വലമാക്കിയെന്ന തോന്നല്‍ തെല്ല് അഹ്ലാദത്തിനു വകനല്‍കി.ഇതുപോലെ ഒരു നിലാവു രാത്രിയിലാണ് മീനച്ചിലാറും അപ്പച്ചനും ഒരേ തരംഗദൈര്‍ഖ്യം പ്രഖ്യാപിച്ച്രു ഒരു മാസ്മരിക വിനിമയത്തിനു തുനിഞ്ഞത് താന്‍ നോക്കിനിന്നതെന്ന് സണ്ണി ഓര്‍മ്മിച്ചെടുത്തു. രണ്ടു കൊല്ലം മുന്‍പു അമേരിക്കന്‍ സന്ദര്‍ശനത്തിനു ശേഷം തിരിച്ചെത്തിയപ്പോള്‍ അപ്പച്ചനു നല്ല പനി. പണി തീരാത്ത വീട്ടില്‍ തന്നെ കിടന്നുറങ്ങണമെന്ന വാശി അമ്മച്ചിയ്ക്ക് നീരസമുണ്ടാക്കി. കുറുക്കു കാവലായി താഴെ ഇരുണ്ട മാര്‍ബിളിട്ട പൂമുഖത്തറയില്‍ അദൃശ്യനായി കിടന്നു. അപ്പച്ചന്‍ ബെഡ്രൂമില്‍ ഒരു കയറുകട്ടിലില്‍ രാത്രി മുഴുവന്‍, പനി വകവയ്ക്കാതെ. താന്‍ ചുക്കുകാപ്പിയുമായി മുകളിലെത്തിയപ്പോള്‍ അപ്പച്ചന്‍ നിലാവ് നോക്കി നില്‍ക്കുകയാണെന്നാണ് ധരിച്ചത്. കൈകള്‍ കെട്ടി ജനലിനടുത്ത് പ്രതിമ പോലെ നില്‍ക്കുകയാണ്.താന്‍ എന്തോ പറയാന്‍ ഭാവിച്ചപ്പോല്‍ രൂക്ഷമായി ഒന്നു തിരിഞ്ഞു നോക്കി ശല്യപ്പെടുത്താതെ എന്ന താക്കീതു മട്ടില്‍. പെട്ടെന്ന് സണ്ണിയ്ക്ക് അദ്ഭുതദൃശ്യം വെളിവായി. നിലാവ് മീനച്ചിലാറിന്റെ ഉപരിതലത്തില്‍ വെള്ളിയുരുക്കി ഒഴിച്ചിരിക്കുന്നു. അതു വാഴത്തലപ്പിലും അപ്പച്ചന്റെ പാറിനില്‍ക്കുന്ന തലമുടിയിലും പരിധിരേഖ വരച്ചിരിക്കുന്നു. പക്ഷെ വിസ്മയമായി സണ്ണിയ്ക്ക് തോന്നിയത് മീനച്ചിലാറ് ഒഴുകുന്നില്ല! അങ്ങനെ നില്‍ക്കുകയാണ്. വീടിനു നേരെ ഒഴുകിവന്ന് വളവുതിരിഞ്ഞൊഴുകുന്നതിനു പകരം അവിടെ നിശ്ചലയായിരിക്കുകയാണ്. ഇതു വെറും ഭ്രമകല്‍പ്പിതമാണോ? ചെറിയ അലയിളക്കങ്ങളാണൊ വെള്ളിഗോളങ്ങള്‍ ഓടിനടക്കുന്നതുപോലെര്‍ തോന്നിപ്പിക്കുന്നത്? അനേകം വെള്ളി ലേസര്‍ ശലാകകള്‍ വീശിയുയര്‍ന്ന് വെടിക്കെട്ടു സമയത്തെ പോലെ അവിടമെല്ലാം പ്രഭാപൂരമാക്കിയിരിക്കുന്നു. മീനച്ചിലാറ് നിന്ന് സംസാരിക്കുകയാണ്. എത്ര നാളായി കണ്ടിട്ട്! ഹാ ഹാ ഇതൊരു റൊമാന്റിക് മൂഡാണല്ലൊ അപ്പച്ചാ എന്നു സണ്ണി പറയാന്‍ തുടങ്ങിയതിനെ പെട്ടെന്നു വീശിക്കയറിയ കാറ്റ് തടയിട്ടു. ഇളം സുഗന്ധവും പേറിവന്ന കാറ്റ്. ഇതേ പൂഞ്ഞാറിലെ കാറ്റ് മണവുമായെത്തിയല്ലൊ എന്നു തമാശു പറയാനൊരുമ്പെടവേ നിശ്ചയമായും ആ സുഗന്ധം അലയടിച്ചു അവിടെ. അപ്രതീക്ഷിതമായ ഈ സത്യസന്നിവേശം സണ്ണിയെ ചുക്കുകാപ്പി വച്ചിട്ട് പോകാന്‍ പ്രേരിപ്പിച്ചു. അപ്പച്ചന്റെ പനി അന്നു രാത്രി തന്നെ വിട്ടുമാറിയതിന്റെ പൊരുള്‍ സണ്ണിയ്ക്കു പിടികിട്ടി.
രാവിലെ തന്നെ റോസ്‌ലി വിളിച്ചു. അവളുടെ ഏതൊ പുസ്തകം മറന്നു വച്ചോ എന്നു സംശയം. ഇത്തരം കാര്യങ്ങളില്‍ സ്വല്‍പ്പം പരിഭ്രമക്കാരിയായ അവള്‍ക്ക് ഉടനെ തന്നെ തീര്‍പ്പാക്കണം അപ്പച്ചന്റെ അലമാരയില്‍ ഉണ്ടോ എന്ന്. സദാ അടഞ്ഞുകിടക്കുന്ന അപ്പച്ചന്റെ ലൈബ്രറി മുറിയുടെ വാതില്‍ സണ്ണി തുറന്നു. അപ്പച്ചന്റെ വീടു സങ്കല്‍പ്പത്തിന്റെ മുദ്രാഖ്യസങ്കേതം. സണ്ണി ഡിസൈന്‍ ചെയ്ത ജനല്‍ക്കറ്ടനുകളും സോഫാവിരികളും കൃത്യമായ സംവിധാനചാരുതയില്‍ പ്രതീക്ഷാഭരമായ അന്തരീക്ഷം സൃഷ്ടിച്ചു.ഋജുരേഖയില്‍ ഒരു കേന്ദ്രബിന്ദുവില്‍ സന്ധിയ്ക്കുന്നെന്നു തോന്നിയ്ക്കും വിധമാണ് സണ്ണി അതിലെ പച്ചത്തലപ്പ് ചിത്രപ്പണികള്‍ ചെയ്തത്.വാതില്‍ തുറക്കുമ്പോള്‍ത്തന്നെ സ്വാഗതം ചെയ്യപ്പെടുന്ന തോന്നലുളവാക്കാനെന്ന പോലെ.അപ്പച്ചന്റെ പാരായണസ്വസ്ഥത ഉള്ളടക്കാന്‍ വെമുന്ന ഈ പരിസരം ജെയ്ബുവിന്റെയും ജോബിമോന്റേയും മനസ്സില്‍ വിദേശമദ്യക്കുപ്പികള്‍ക്കു ഉചിത പശ്ചാത്തലവിശെഷം മാത്ര്മാണല്ലൊ, അവരുടെ ആകര്‍ഷണം ഇത് വിരുന്നു നല്‍കാനും ആഭാസസംഭാഷണങ്ങള്‍ ജ്വലിപ്പിക്കാനുമുള്ള സാധ്യതാകേന്ദ്രമായി മാറുന്നതിലാണല്ലൊ, ചിന്ത വ്ഴി വിട്ടു. ചില്ലലമാരയില്‍ വായനക്കാരനെ കാത്തുനില്‍ക്കുന്ന അക്ഷരജാലം. അപ്പച്ചന്‍ അറിഞ്ഞ അറിവും അറിയാനുള്ള അറിവും. വായനയുടെ ആഘോഷത്തിന്‍് ഒരു ദിവസം പോലും ഇല്ലാതെ പോയ ഈ നിശബ്ദവാചാടോപങ്ങള്‍ തനിയ്ക്ക് ഒരു പൊരുളുമല്ലാതെ പോയല്ലൊ. മലയാളം കഷ്ടിച്ച് വായിക്കാനറ്യാവുന്ന ഒരാളാണ് ഈ ചില്ലുകള്‍ വളരെ നാളായിക്കഴിഞ്ഞ് ആദ്യമായി തുറക്കുന്നതെന്ന സത്യം സണ്ണിയെ ജാള്യതപ്പെടുത്തി. റോസ്‌ലിയുടെ ബുക് പുറത്തു കോഫീടേബിളില്‍ ത്തന്നെ കണ്ടിരുന്നുവെങ്കിലും സണ്ണി വെറുതെ അലമാരിയിലെ പുസ്തകങ്ങളെ താലൊലിച്ചുകൊണ്ടു നിന്നു. പെട്ടെന്നാണ് ഒരു ചെറിയ പഴയ പുസ്തകം താഴെ വീണത്.പഴയ കളിപ്പാട്ടം തിരിച്ചു കിട്ടിയ കുട്ടിയായി മാറി സണ്ണി ഒരു നിമിഷം അതിനെ നോക്കി നിന്നു. തന്റെ കലാപാടവം ആദ്യമായി തിരിച്ചറിയപ്പെട്ട ചിത്രം പുറം ചട്ട അലങ്കരിച്ചിരുന്നു. അമ്മച്ചിയുടെ പ്രിയ കവിത വൈലോപ്പള്ളിയുടെ മാമ്പഴം. പലേ തവണ തുറന്നും അടച്ചും വായിച്ചും മടക്കിയും കവറ് പേജു പോയപ്പോള്‍ താന്‍ തന്നെ വരച്ചുണ്ടാക്കിയ മുഖചിത്രം. ഒരു എട്ടു വയസ്സുകാരന്റെ കൌതുകവും ഉത്സാഹവും പേറി നിന്ന ആ ചിത്രത്തില്‍ “മാമ്പഴം” എന്ന് അനുകരിച്ച് വലിയ അക്ഷരത്തില്‍ വരച്ചിരുന്നു. കഥാരസസൂചനയായി ഒരു കുഴിമാടവും വളയിട്ട കൈകള്‍ മാമ്പഴം വയ്ക്കുന്നതുമായ ചിത്രം അമ്മച്ചിയെ ആഹ്ലാദിപ്പിച്ചു.വൈലോപ്പള്ളി എന്നു വരച്ചു വച്ചു എന്നു വേണം പറയാന്‍. ഇപ്പോഴും അക്ഷരങ്ങള്‍ തനിയ്ക്ക് അത്ര പിടുത്തമില്ല. ചിത്രകലയായിരിക്കണം തന്റെ പരിശീലനവും തൊഴിലും എന്ന് അപ്പച്ചനും അന്മ്മച്ചിയും അന്നേ തീരുമാനിച്ചു കാണണം. തന്റെ ആദ്യകലാസൃഷ്ടി ലാമിനേറ്റ് ചെയ്ത് അപ്പച്ചന്‍ സൂക്ഷിച്ചിരിക്കുന്നു. അടര്‍ന്നുപോകുന്ന താളുകള്‍ സണ്ണി മെല്ലെ തുറന്നു.
ചുരുക്കം ചില ആലസ്യ സന്ധ്യാവേളകളിലാണ് അമ്മച്ച് ഈ കവിത വായിക്കാറ്. പകുതി തുറന്ന വാതിലൂടെ അമ്മച്ചിയുടെ എണ്ണമയമുള്ള കനിവു വഴിഞ്ഞൊഴുകുന്ന മുഖവും കുഞ്ഞു ടേബിള്‍ ലാമ്പില്‍ നിന്നുള്ള വെളിച്ചം വെട്ടിത്തിളക്കം നല്‍കുന്ന ചുവന്ന കല്ല് കമ്മലും സണ്ണി വെറുതെ നോക്കിപ്പോകുമ്പോള്‍ അപ്പച്ചന്‍ അടുത്തുള്ള കട്ടിലില്‍ സീലിങ്ങില്‍ കണ്ണും നട്ട് വെറുതേ കിടക്കുന്നതു കാണാം. സ്വല്‍പ്പം അനുനാസിക ശബ്ദത്തില്‍ അമ്മച്ചി “അങ്കണത്തൈമാവില്‍ നിന്നാദ്യത്തെപ്പഴം വീഴ്കെ അമ്മതന്‍ നേത്രത്തില്‍ നിന്നുതിര്‍ന്നൂ ചുടുകണ്ണീര്‍”എന്നു പലവട്ടം പല്ലവിയെന്ന മട്ടില്‍ പാടിയിട്ടാണ് ബാക്കി കവിതയിലേക്കു പ്രവേശിക്കുക.ഒകിടിപുപ എന്ന നൈജീരിയന്‍ സ്ഥലത്താണെന്ന സത്യത്തെ മറികടക്കുന്ന സമയം.ഉണ്ണികള്‍ വിരിഞ്ഞ പൂ ഒടിച്ചുകളഞ്ഞ കുട്ടിയും തുംഗമാം വേനല്‍ച്ചൂടില്‍ കത്തിയ വയലുകളും വാക്കുകള്‍ കൂട്ടിച്ചൊല്ലാന്‍ വയ്യാത്ത കിടാങ്ങള്‍ ദീര്‍ഘദര്‍ശനം ചെയ്യുന്ന മാജിക്കുമൊക്കെ രാത്രിയുടെ ഘനീഭാവപരിസരത്ത് നിറഞ്ഞുതുളുമ്പും. ഒരുമാതിരി റൊമാന്റിക് മൂഡാണല്ലൊ ഇവര് സൃഷ്ടിക്കുന്നതെന്നോര്‍ത്ത് സണ്ണിയ്ക്കു ചിരി വന്നിട്ടുങ്കിലും ഈ കവിതയുടെ കഥ കേട്ടു കഴിഞ്ഞപ്പോഴാണ് ഇങ്ങനെ ഒരു ദാരുണ ദുരന്ത കഥ എങ്ങനെ ഇത്തരം അനുഭൂതി സൃഷ്ടിക്കലിനു പിന്തുണയേകും എന്നോര്‍ത്ത് അദ്ഭുതപ്പെട്ടത്.പഴയ കടലാസിന്റെ ഈര്‍പ്പം കലര്‍ന്ന ഗന്ധം സണ്ണിയ്ക്ക് നേരിയ ഒരു ലഹരി സമ്മാനിച്ച പോലെയായി. അപ്പച്ചന്‍ അടിവരയിട്ട ചില വാക്കുകള്‍ തപ്പിത്തടഞ്ഞു വായിച്ചു.
വരിക കണ്ണാല്‍ക്കാണാന്‍ വയ്യാത്തൊരെന്‍ കണ്ണനേ
തരസാ നുകര്‍ന്നാലും......നൈവേദ്യം നീ.
താന്‍ ഇത് ഇന്ന്, ഇന്നേദിവസം വായിക്കുമെന്ന് അപ്പച്ചന്‍ നീട്ടിയിട്ട ചിന്തയല്ലേ ഈ അടിവരകള്‍?
അമ്മച്ചി ഏറ്റവും വികാരാധീനയാകുന്ന താരാട്ട് പഴക്കം കൊണ്ട് സണ്ണിയ്ക്ക് തമാശയായി തോന്നാറുണ്ട്. തന്നെ പാടിയുറക്കി വര്‍ഷങ്ങള്‍ കഴിഞ്ഞ് റോസ്‌ലി ഉണ്ടായപ്പോശ്ഴും ഇതേ പാട്ട് നൂറാവര്‍ത്തിക്കപ്പെട്ടു. “ഓമനത്തിങ്കള്‍ക്കിടാവോ നല്ല കോമളത്താമരപ്പൂവോ” നല്ല ഈണത്തില്‍ അമ്മച്ചി പാടും. “പൂവില്‍ നിറഞ്ഞ മധുവോ പരിപൂര്‍ണേന്ദു തന്റെ നിലാവോ” തൊട്ടിലില്‍ ആടുന്ന റോസ്‌ലി സ്വതവേ ഉള്ള ഉണ്ടക്കണ്ണുകള്‍ ഒന്നു കൂടി വികസിപ്പിച്ച് കേട്ടു കേട്ടില്ല എന്ന മട്ടില്‍ മച്ചില്‍ നോക്കി ക്കിടക്കും. അമ്മച്ചിക്കു സ്വയം വികാരാധീനയാകുനുള്ള പോംവഴിയാണിതെന്നു ചിലപ്പോള്‍ തോന്നും.”ഈശ്വരന്‍ തന്ന നിധിയോ’ എന്ന ഭാഗമെത്തുമ്പോല്‍ അമ്മച്ചിയുടെ കണ്ണുകള്‍ നിറയും സ്വരം ഇടറും. സ്വതവേ അസുഖക്കാരിയായ റോസ്‌ലിയെ ദൈവസമര്‍പ്പണത്തിനു വിധേയയാക്കുന്ന അനുഷ്ഠാനം പോലെയാണിത്. തന്റെ വിശ്വാസപ്രമാണങ്ങള്‍ക്കനുസരിക്കുന്ന വരികളായതുകൊണ്ടുമായിരിക്കും അമ്മച്ചിക്കീ അതിവികാരാധീനം, സണ്ണി കരുതി. ഒകിടിപുപയിലെ കാട്ടുപൊന്തപ്പടര്‍പ്പിലേക്കും ഇലക്കൂട്ടങ്ങളിലേക്കും വന്യമായ രാത്രിയിലേക്കും ഈ പാട്ട് മെല്ലെ അലിഞ്ഞിറങ്ങും.ശുദ്ധമലയാളത്തിന്റെ ചില്ലുകിലുക്കങ്ങള്‍ കാറ്റില്‍ പ്രകമ്പനമുണ്ടാക്കി ആ തരംഗങ്ങള്‍ നെടുനീളെ സഞ്ചിരിക്കും. അപ്പച്ചന്‍ സിഗററ്റു വലിച്ച് കണ്ണടച്ചിരിക്കും ധ്യാനത്തിലെന്നപോലെ.
തന്നേയും പാട്ടുപഠിപ്പിച്ചേ അടങ്ങൂ എന്ന അപ്പച്ചന്റെ വാശി ചെറിയ ഒരു ദുരന്തത്തില്‍ കലാശിച്ചതു സണ്ണിയ്ക്കിന്നും വികൃതിവിനോദം പോലെയേ തോന്നുന്നുള്ളു. മക്കളെക്കൊണ്ട് മലയാളം പാട്ട് പാടിപ്പിച്ച് അഭിമാനിക്കുക എന്ന കീഴ്വഴക്കത്തില്‍ അപ്പച്ചന്‍ പെട്ടു. ഒരു പഴയ നാടകഗാനവുമായി അപ്പച്ചനും സണ്ണിയും മല്ലിട്ടു. അമ്മചി തടയിട്ട് തന്നെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും അപ്പച്ചന്‍ വിട്ടു കൊടുത്തില്ല. ‘പൂവനങ്ങള്‍ക്കറിയാമോ ഒരു പൂവിന്‍ വേദനാ” എന്നൊക്കെ ഒരു മാതിരി ഒപ്പിച്ചെടുത്തു. പക്ഷെ പിന്നെ വന്ന “ഴ” ഒക്കെ സണ്ണിയെ സ്വല്‍പ്പം കുഴക്കി. റയും റ്റയും രയുമൊക്കെ കൂടുതല്‍ പതിസന്ധിയിലേക്ക് വലിച്ചിഴച്ചു. ആകെ നെര്‍വസ്. “ഓടക്കുഴലിന്നെന്തറിയാം ഊതും കരളിന്‍ തേങ്ങലുകള്‍” എത്രയായാലും ശരിയാകുന്നില്ല. എന്തും വരട്ടെ യെന്നു കല്‍പ്പിച്ച് ഒരു സുഹൃല്‍സദസ്സില്‍ അപ്പച്ചന്‍ തന്റെ ഓമനപ്പുത്രന്റെ അസാമന്യ മലയാളപാട്ട് പാടല്‍ പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചു. പകുതിയാകുന്നതിനു മുന്‍പ് അക്ഷരങ്ങള്‍ വഴിമാറി, വാക്കുകള്‍ അകന്നു പോയി, സണ്ണി ഒരു പൊട്ടിക്കരച്ചിലില്‍ എല്ലാം അര്‍പ്പിച്ചു. അന്ധാളിച്ചുപോയ അപ്പച്ചന്‍ അതില്‍പ്പിന്നെ തന്നെ മലയാളം പാട്ടു പ്രാവീണ്യ പ്രദര്‍ശനത്തിനു ഇരയാക്കിയിട്ടില്ല. പിന്നീട് ഇത്തരം സന്ദര്‍ഭങ്ങള്‍ സണ്ണി ധാരളം കണ്ടിട്ട് ചിരിച്ച് പോയിട്ടുണ്ട്. പാടേണ്ട ഭാരം അനിവാര്യമായി ഏറ്റെടുക്കേണ്ടിവരുന്ന പ്രവാസപ്പിറവികളോട് അനുകമ്പ മാത്രം.
അരികുകള്‍ നഷ്ടപ്പെട്ടു തുടങ്ങിയ മാമ്പഴം പുസ്തകം സവധാനം അടയ്ക്കാന്‍ ശ്രമിക്കെ അതോടൊപ്പം ഒട്ടിനിന്നൊരു കടലാസുകഷണം താഴെ വീണു. അതിമനോഹരമായി പ്രിന്റ് ചെയ്ത ഫ്ലൈയര്‍. അഡിരോന്‍ഡാക് മൌണ്ടന്‍സ്.രണ്ടുകൊല്ലം മുന്‍പത്തെ അപ്പച്ചന്റേയും അമ്മച്ചിയുടേയും അമേരിക്കന്‍ യാത്രയുടെ ഓര്‍മ്മശേഷിപ്പ്. അപ്പച്ചന്‍ തന്റെ തരളസ്മൃതികള്‍ ഒന്നിച്ചു വച്ചിരിക്കയാണ്. അഡിരോണ്ഡാക്. ന്യുയോര്‍ക്കില്‍ ഏറ്റവും വടക്കായി കിടക്കുന്ന അതിമനോഹരമായ പര്‍വ്വതനിരകള്‍! പണ്ട് വിന്റര്‍ ഒളിമ്പിക്സ് നടന്ന ലേയ്ക്ക് പ്ലാസിഡ് കാണാന്‍ അപ്പച്ചനു താല്‍പ്പര്യ്മുണ്ടെന്നു പറഞ്ഞപ്പോള്‍ അവിടെ നിന്നും തിരിച്ച് അഡിരോണ്ഡാക് പര്‍വതനിരകളില്‍കൂടി തിരിച്ചു വരാമെന്നു കരുതി.അമേരിക്കയുടെ വ്യത്യസ്ഥമായ ഭൂപ്രകൃതിയും യുഗാതീതചരിത്രം പണിതുയര്‍ത്തിയ പര്‍വതവിസ്മയങ്ങളും കാണിയ്ക്കുകയായിരുന്നു ഉദ്ദേശം. പൊക്കമുള്ള കെട്ടിടങ്ങള്‍ മാത്രം അമേരിക്കന്‍ കാഴ്ച്ചക്കാരെ വിഴുങ്ങുന്ന സ്വഭാവം സണ്ണിയ്ക്ക് പണ്ടെ പിടിയ്ക്കാറില്ല.സണ്ണി പലപ്പോഴും ഫോട്ടോ എടുക്കാന്‍ വേണ്ടി വരാറുള്ളതിനാല്‍ സ്ഥലപരിചയ്മുണ്ട്. പണ്ടു കിട്ടിയ ഒരു ക്രെഡിറ്റ് കാര്‍ഡില്‍ അഡിരോണ്ഡാകിന്റെ ചിത്രം എഴുന്നു നില്‍ക്കുന്ന രീതിയില്‍ ആലേഖനം ചെയ്ത്തത് കാലാവധി കഴിഞ്ഞിട്ടൂം സണ്ണി വാലറ്റില്‍ സൂക്ഷിച്ചിട്ടുണ്ട്. കമ്പ്യൂടര്‍ മോനിടറിന്റെ സ്ക്രീന്‍ സേവറും ഈ പര്‍വതഭംഗി തന്നെ. പെന്‍സില്‍വേനിയ സംസ്ഥാനത്തിന്റെ വടക്കുള്ള അഞ്ചു വിരലുകള്‍ നിവര്‍ത്തിയ പോലുള്ള ഫിന്ഗര്‍ ലേയ്ക്സ് ചുറ്റിയാണ് പോയത്. യുഗങ്ങല്‍ക്കു മുന്‍പ് അതിഗംഭീരങ്ങളായ സ്ഫോടനങ്ങളും ഭൂമികുലുക്കങ്ങളും സമ്മാനിച്ചിട്ട സ്മൃതിസഞ്ചയങ്ങളാണ്‍ ഈ പ്രദേശം. അപ്പലാച്ചിയന്‍ പര്‍വതനിരകള്‍ വടക്കോട്ട് നീണ്ട് ചിതറിത്തെറിക്കുന്ന ഭൂവിഭാഗം. എന്നാല്‍ അതിലും പഴക്കമുള്ള പാറക്കൂട്ടങ്ങള്‍. ലേയ്ക്ക് പ്ലാസിഡ് പേരു സൂചിപ്പിക്കുനതു പോലെ ശാന്തയും നിശ്ചലയ്മായി പ്രത്യക്ഷപ്പെട്ടു. ഇത്ര ആഴമുള്ള വേറേ ജലാശയങ്ങള്‍ കാണാന്‍ പ്രയാസം. ഇതിന്റെ ആഴത്തില്‍ പതിച്ച ജൈവ വസ്തുക്കള്‍ അഴുകാതെ എത്രനാള്‍ വേണമെങ്കിലും കിടക്കുമത്രെ. കാരണം അഴുക്കാനുള്ള ബാക്റ്റീരിയകള്‍ ഈ ആഴത്തിലും തണുപ്പിലും ഇല്ലത്രെ. വര്‍ഷങ്ങള്‍ക്കു മുന്‍പു മുക്കിത്താഴ്ത്തിയ ഒരാളുടെ മൃതദേഹം പൊക്കിയെടുത്തപ്പോള്‍ അത് ഇന്നലെ മരിച്ച ഒരാളുടെ പോലെ ആയിരുന്നെന്ന് ടൂറ് ഗൈഡ് പറഞ്ഞു.
അഡിരോന്‍ഡാക് മലനിരകള്‍ക്കുള്ള ശോഭ പ്രസരിപ്പിന്റേയും നിഗൂഢതയുടേയുമാണ്.നീലനിറം പ്രകൃതി ഇത്രയേറെ എവിടെയെങ്കിലും കോരിയൊഴിച്ചിട്ടൂണ്ടോ എന്നു സംശയം. അപ്പച്ചനും അമ്മച്ചിയും ഒരിക്കലും വിശ്വസിക്കാത്ത കാഴ്ച്ചകള്‍. ഉഷ്ണമേഖലാപ്രദേശം കണ്ടു പരിചയിച്ച കണ്ണുകള്‍ക്ക് ഈ വിഭിന്നഭംഗി പരിചയപ്പെടാന്‍ തെല്ലു സമയമെടുക്കും. കോണിഫെറസ് മരങ്ങള്‍ വരച്ച വൃത്തങ്ങല്‍ക്കുള്ളില്‍ ഉയരുന്ന ഭീമാകാരങ്ങളായ പാറക്കെട്ടുകള്‍. പര്‍വതമുകളില്‍ ഒളിച്ചു കിടക്കുന്ന തടാകങ്ങള്‍. കവിതയില്‍ മാത്രം ദര്‍ശിച്ചിട്ടുള്ള ലില്ലി പൂത്ത താഴ്വരകള്‍. ഹെറോണ്‍ മത്സ്യങ്ങള്‍ ഓടിക്കളിക്കുന്ന, പ്രകൃതി വരഞ്ഞിട്ട കിഴുക്കാന്തൂക്കു കിടങ്ങുകളുടെ അഗാധതകളിലെ നീര്‍ച്ചാലുകള്‍, വൈകുന്നേരമാകുമ്പോള്‍ പര്‍പ്പിള്‍ നിറം വാരിയണിയുന്ന പര്‍വതശിഖികള്‍. ഇവിടുത്തെ ക്യാറ്റ്സ്കില്‍ മൌണ്ടന്‍സ് രഹസ്യമാന്ത്രികത സൂക്ഷിക്കുന്നു. അജ്ഞാതരും ആഭിചാരപരിവേഷമുള്ളവരുമായ കുറിയ മനുഷ്യര്‍ നല്‍കിയ പാനീയം കുടിച്ച് ഇരുപതു കൊല്ലം ഉറങ്ങിപ്പോയ റിപ് വാന്‍ വിങ്കിളിന്റെ കഥ ഈ ക്യാറ്റ്സ്കില്‍ കുന്നിന്‍ നിരകളില്‍ നിര്‍ല്ലീനമായിരിക്കുന്നു. ആപ്പിള്‍ വീണു നിറഞ്ഞ നിരത്തുകളിലൂടെ കാറോടിയ്ക്കുമ്പോള്‍ ചതഞ്ഞരയുന്നത് ഭക്ഷണസാധനമാണല്ലൊ എന്ന പേടി വേണ്ട എന്ന് അപ്പച്ചന്‍ തന്റെ പുതു സാമ്പത്തിക വീക്ഷണം അമ്മച്ചിയെ തെര്യപ്പെടുത്തി സ്വയം ആശ്വസിച്ചു.അത്രകണ്ട് അനുഭവിപ്പിച്ച നവസൌന്ദര്യ ദര്‍ശനം അപ്പച്ചനെ പലയിടത്തും ഇറങ്ങി ഫോടോ എടുക്കാന്‍ പ്രേരിപ്പിച്ചു.ഒരു തടാകത്തിന്റെ പേര്‍ മേഘത്തിന്റെ കണ്ണുനീര്‍ത്തുള്ളി- Tear of the Clouds- എന്നു കേട്ടതോടെ ‘ആരേയും ഭാവഗായകനാക്കും ആത്മസൌന്ദര്യമാണു നീ’ എന്ന പാട്ട് പലതവണ മൂളിത്തുടങ്ങി. നീലനിറത്തിന്റെ തന്നെ പലഷേഡുകളും മലകള്‍ വാരിയണിയുന്നതും പരന്ന പ്രദേശത്ത് പെട്ടെന്നുയരുന്ന പാറമലകളും എല്ലാം ഭൂപ്രകൃതിയുടെ പുതിയ ലാവണ്യശാസ്ത്രം അപ്പച്ചനില്‍ ബോധിച്ചത് വീണ്ടും ഉറപ്പിച്ചെടുക്കാന്‍ കണ്ടോ ആനിമ്മേ കന്ണ്ടോ ആനിമ്മെ എന്നു അമ്മച്ചിയെ വിളിച്ച് തീരുമാനമുണ്ടാക്കി.
വൈകുന്നേരം മലയിടുക്കില്‍ക്കൂടെയുള്ള കാറോടിക്കല്‍ ബുദ്ധിമുട്ടുള്ളതായി. കോടമഞ്ഞ് ഇറങ്ങിവന്നതിനാല്‍ ബീം ലൈറ്റ് ഇട്ടിട്ടും ഒന്നും കാണാന്‍ വയ്യ. വിന്‍ഡ്ഷീല്‍ഡില്‍ ഈര്‍പ്പം ഒരു നേരിയ പടലം സൃഷ്ടിച്ചതിനാല്‍ സണ്ണി ചില്ലു ജനല്‍ താഴ്ത്തി. പെട്ടെന്ന് അത്യാവേശത്തോടെ ഒരു കാറ്റ് കാറിനുള്ളീലേക്ക് അടിച്ചു കയറി. ഒരു ചുഴിസൃഷ്ടിച്ച് തങ്ങി നിന്നു. സണ്ണി പെട്ടെന്നു അനുഭവിച്ച പുതുമ സത്യം തന്നെയെന്നുറപ്പിക്കാന്‍ വിളിച്ചു പറഞ്ഞു. ഇതേ അപ്പച്ചാ പാലായിലെ മണം. പൂഞ്ഞാറില്‍ നിന്നുള്ള കാറ്റിന്റെ മണം! അതേ മണം തന്നെ! ഇതെന്തു മറിമായം? “പോടാ അവിടുന്നു’ അപ്പച്ചന്‍ ചിരിച്ചിട്ട് പെട്ടെന്നു മിണ്ടാതെയായി. “പിന്നെ ഇവിടെ കാപ്പിയും കുരുമുളകും ഏലവുമെല്ലാം തഴച്ചു വളരുക്യല്ലെ” അമ്മച്ചിയ്ക്കു ദേഷ്യം. “നീ നേരെ നോക്കി കാറോടിയ്ക്ക്”. സുഗന്ധവുമായി കയറിയ കാറ്റ് ഒരു നിമിഷത്തിനകം പുറത്തു കടന്ന് മഞ്ഞിന്‍ പാളികളില്‍ ലയിച്ചു. രാത്രി ന്യൂയോര്‍ക്ക്-പെന്‍സില് വേനിയ അതിര്‍ത്തിയില്‍ ഒരു മോട്ടലില്‍ തന്നെ തങ്ങി. അപ്പച്ചന്‍ വഴിയില്‍ ശേഖരിച്ച ഫ്ലയറുകള്‍ വായിച്ച് കൊണ്ടിരുന്നു. കണ്ണടച്ച് കുറച്ച് നേരം ഇരുന്ന ശേഷം ഒരിടത്തും നോക്കാതെ അപ്പച്ചന്‍ പറഞ്ഞു. ‘നീ പറഞ്ഞതു ശരിയാ. അവിടെ പൂഞ്ഞാറില്‍ നിന്നുള്ള കാറ്റിന്റെ മണമൊണ്ടാരുന്നു‘. എന്നിട്ട് നേരെ നോക്കതെ പെട്ടെന്നു മാറിക്കളഞ്ഞു.സണ്ണി മനസ്സില്‍ പറഞ്ഞു. സത്യമായും. സത്യമായും.
ആ ഫ്ലയറാണ് അപ്പച്ചന്‍ നൈജീരിയയില്‍ തുന്നിക്കെട്ടി, അവിടെ പാടിയ, മാമ്പഴം എന്ന പുസ്തകത്തോടൊപ്പം വച്ചിരിക്കുന്നത്. ഗൃഹാതുരത്വം മൂന്നു ഭൂഖണ്ഡങ്ങളിലേക്ക് വ്യാപിപ്പിച്ച് ഒരു ഓര്‍മ്മക്കെട്ടിലാക്കി സൂക്ഷിക്കുന്ന തന്ത്രം. സണ്ണിയുടെ ആന്തരിക സൂക്ഷ്മപ്രപഞ്ചത്തില്‍ ഒരു കുഞ്ഞുനക്ഷത്രത്തിരി വെളിച്ചം കണ്ടു. പൊടുന്നനവേ ചില തോന്നലുകള്‍ നുരച്ചുപൊന്തി.വിരലുകള്‍ ചില നിശ്ചിതചലനങ്ങള്‍ക്കു വിധേയമായി.പുസ്തകത്തിന്റെ പുറം ചട്ടയില്‍ ഇങ്ങനെ ഇംഗ്ലീഷില്‍ എഴുതി:
ഏത് അഗാധതയിലാണ് ബാക്റ്റീരിയ അഴുക്കാത്ത ഓര്‍മ്മകള്‍ സൂക്ഷിക്കപ്പെടുന്നത്? അതിലേക്ക് എന്നെ മുക്കിത്താഴ്ത്തുക.
ഏത് ശീതളിമയാണ് ഓര്‍മ്മകളെ കേടാകാതെ സൂക്ഷിക്കുന്നത്? ആ കൊടും തണുപ്പ് എന്നില്‍ വ്യാപിപ്പിക്കുക.
ഏത് മന്ത്രജലമാണ് പിന്നൊരിക്കല്‍ ഉണരാനായി ഓര്‍മ്മകളെ ഉറക്കിക്കിടത്തുന്നത്? ആ മോഹപാനീയം എനിക്കു നല്‍കുക.
പുസ്തകവും ഫ്ലയറും പ്ലാസ്റ്റിക് കവറില്‍ ഭദ്രമാക്കിയശേഷം സൂക്ഷ്മതയോടെ നെടുങ്കന്‍ പുസ്തകങ്ങള്‍ക്കിടയില്‍ പഴയസ്ഥാനതു തന്നെ വച്ചു.
4 comments:
പൂഞ്ഞാറില്‍ നിന്നുള്ള കാറ്റ്. മൂന്നാം ഭാഗം.
വായിക്കുക.
ഞാന്‍ വായിച്ചില്ല!
ആ ടെമ്പ്ലേറ്റ് മാറ്റാന്‍ എത്രവട്ടം പറയുന്നു.! ഒന്നു വെട്ടോം വെളിച്ചോം കേറുന്ന ഒരെണ്ണം ഇടുമാഷെ.
എന്തെങ്കിലും ചെയ്ത് വായിക്കാതിരിക്കാനും മേല എനിക്ക് ആത്മ ബന്ധമുള്ള നാടേ...!
എതിരന്‍ കൃത്യതയോടെയും അനായാസവുമായ വിവരണം വഴി വായനക്കാരനിലേക്കെത്തിച്ചേരുവാന്‍ താങ്കള്‍ക്കു കഴിയുന്നുണ്ട്. അഭിനന്ദനങ്ങള്‍. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
എതിരന്‍,
നന്നായിരിക്കുന്നു നീണ്ടകഥയുടെ മൂന്നാം ഭാഗവും.
Post a Comment