Saturday, February 16, 2008

Beginning of the Beginning-ഫ്യൂഷന്‍ സി. ഡി.കളിലെ വമ്പന്‍‍

Beginning of the Beginning
Golden Krithis
Vol 3
Universal Music India Pvt. Ltd. Mumbai. 2003
www.musicindia.com
Retail Prize: Rs. 150


“ഫ്യൂഷന്‍” എന്നത് ഭാരതീയസംഗീതത്തില്‍ നിര്‍വചിക്കാന്‍ എളുപ്പമല്ലാതെ ഏതു വലയത്തില്‍‍പ്പെടുത്തിയാലും വഴുതുന്ന ഒരു സംജ്ഞയാണ്. വിപണിയില്‍ ഇറങ്ങിയിട്ടുള്ള ഭാരതീയസംഗീതാലേഖന സഞ്ചയത്തില്‍‍ ഇതിന്റെ കൈവഴികള്‍ ഏറെയാണ്. രുചിഭേദമനുസരിച്ച് നിര്‍വചനവും മാറിമറിയും. ഒന്നില്‍ക്കൂടുതല്‍ സംഗീതശൈലികള്‍ ഒന്നിച്ചൊന്നാകുന്ന സവിശേഷതയാണെന്ന് സമ്മതിക്കുകയാണെങ്കില്‍ 2003 ല്‍ പുറത്തു വന്ന “The Beginning of the Beginning" തീര്‍ച്ചയായും മുന്‍പിലെത്തി കാതും മനസ്സും പിടിച്ചെടുത്ത് കീഴടക്കും. തികച്ചും വശ്യവും സമ്മോഹനവും പുതുമയാര്‍ന്നതുമാണ് ഈ സി. ഡി യിലെ കൂട്ടുനാദക്കലവികള്‍. വിശ്വമോഹന ഭട്ടും രൊണു മജുംദാരും ഔസേപ്പച്ചനും ബിക്രം ഘോഷും ശിവമണിയുമൊക്കെ ചേരുന്ന അപൂര്‍വ സംഗമം.

രവി ശങ്കറും യഹൂദി മെനുഹിനും കൂടിച്ചേര്‍ന്നൊരുക്കിയ “East Meets West" നമുക്ക് തുറന്നു തന്നതാണ് പുതിയ വഴി, ഭാരതീയ ഫ്യൂഷന്‍ സംഗീതത്തിലെ ചാലകം. അവരുടെ “സ്വരകാകളി” പോലത്ത ശ്രുതിവിജൃംഭിത പരീക്ഷണങ്ങള്‍ താളമേളക്കൊഴുപ്പിന്റേയും ശ്രവണസുഖത്തിന്റേയും നിദര്‍ശനങ്ങളാണ്. ആകാശവാണി, വിജയരാഘവ റാവുവിന്റേയും പ്രപഞ്ചം സീതരാമിന്റേയും വിവിധ ഭാരതീയ ഉപകരണങ്ങളുടെ നൂതനസങ്കലനം വാദ്യവൃന്ദം എന്ന പേരില്‍ പണ്ടേ പ്രക്ഷേപണം ചെയ്യുകയുണ്ടയിട്ടുണ്ട്. ഇന്നത്തെ പ്രേം ജോഷ്വായുടെ പല പരീക്ഷണങ്ങളും ഇതിന്റെ പിന്തുടര്‍ച്ച പോലെ കാണപ്പെടുന്നു. ചെറുപ്പക്കാര്‍ക്കിടയില്‍ വളരെ പ്രചാരമുള്ള തല്‍വീന്‍‍ സിങ്ങിന്റെ കൃതികളാവട്ടെ ഇലക്ട്രോണിക് പശ്ചാത്തലവും തബലയുടെ ഏകതാനവിന്യാസങ്ങളുമായി വേറിരു ദിശയില്‍ സഞ്ചാരമാണ്. കാരൈക്കുടി മണിയും വിക്കു വിനായകറാമും മറ്റും താളങ്ങളുടെ സങ്കീര്‍ണമേഖലകളില്‍ വ്യപരിച്ച് നൂതന ഭാവന പാട്ടുകേള്‍വിക്കാര്‍ സമക്ഷം അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ശൈലീസങ്കരപരീക്ഷണങ്ങള്‍ക്ക് തയാറായിട്ടീല്ല. എന്നാല്‍ ശരത്-കാരൈക്കുടി മണി ടീമിന്റെ “അമൃതം” പോലുള്ള റിലീസുകള്‍ ഹൃദ്യമായ പുതുമയ്ക്ക് ധൈര്യപ്പെട്ടിട്ടുണ്ടെന്നത് വിസ്മരിക്കാവുന്നതല്ല. ഫ്യൂഷന്‍ എന്ന വിവക്ഷയില്‍ സാമ്പ്രദായികമായിട്ട് ഒരു കീര്‍ത്തനമോ കൃതിയോ അവതരിപ്പിച്ചിട്ട് പിന്നില്‍ പക്ഷിചിലയ്ക്കുന്നതോ മറ്റു ഇലെക്ട്രോണിക് ശബ്ദമോ നല്കി ഈ ജനുസ്സില്‍ കയറിപ്പറ്റാന്‍ ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. East-West-meet പദസംഘാതങ്ങള്‍ രവിശങ്കറിനെത്തന്നെ പിന്നീട് മടുപ്പിച്ചിരിക്കണം. ‘West Eats Meat' എന്നൊരു പ്രകാശനത്തിനു പേരിടനുള്ള സ്വാരസ്യം ഈ മനോഭാവമായിരുന്നില്ലെ എന്നു സംശയം. വെസ്ടേണ്‍ ഗാനം ഭാരതീയ ഉപകരണത്തിന്റെ വരുതിയിലാക്കുന്നത്‍ ഫ്യൂഷന്‍ എന്ന നിര്‍വചനത്തോടടടുത്തു നില്‍ക്കുന്നുണ്ടെങ്കില്‍ വീണ ഇ. ഗായത്രിയുടെ Wow Classical Instrumental Remix എന്ന സി. ഡി ലിസ്റ്റില്‍പ്പെടുത്താം. പല പ്രസിദ്ധ വെസ്റ്റേണ്‍ പാട്ടുകാരുടെ പാട്ടുകളും കര്‍ണാടകസംഗീതത്തിന്റെ ഛായയില്‍ വരുത്തനുള്ള സഫലശ്രമമാണിത്. സ്റ്റീവി വണ്ഡറിന്റെ “I just called to say I love you", മൈക്കിള്‍ ജാക്സന്റെ Heal the World ഒക്കെ ഗായത്രി അനായാസമായി വീണയില്‍ സന്നിവേശിപ്പിക്കുമ്പോള്‍ അരോചകത്വമോ നാടന്‍ മണ്ണില്‍ പറിച്ചു നട്ടതിന്റെ യുക്തിരാഹിത്യമോ അനുഭവപ്പെടുകയില്ല. എന്നാല്‍ ഇമ്മാതിരി ഒരുമ്പെടലുകള്‍ക്ക് ഒരു നിശ്ചിത ഓര്‍ക്കെസ്ട്രേഷന്‍ നിഷകര്‍ഷയോ വാദകരുടെ നിയോഗപ്പെടുത്തലില്‍ അനുഭവഭേദ്യമായ സീക്വന്‍സോ നിരീക്ഷിക്കാന്‍ പ്രയാസമാണ്.

ഇവിടെയാണ് "Beginning of the Beginning" എന്ന സി. ഡി വ്യത്യസ്തമാകുന്നത്. നിരവധി സംഗീതജ്ഞര്‍ കൂട്ടായി പ്രകമ്പനമൊരുക്കിയെടുത്തതാണ‍ ഈ കേള്‍വിക്കുളിര്‍. പ്രധാന വാദകരല്ലാതെ റിതം അറേഞ്മെന്റിനും സ്കോര്‍ നൊടേഷനും മ്യൂസിക് ഡിസൈനുമൊക്കെ ചുമതലക്കാരുണ്ട്. ഒരു സമഗ്ര ഓറ്കെസ്ട്രേഷന്‍ അണിനിരത്തല്‍. പാട്ടിന്റെ ഗതി അതുകൊണ്ടു തന്നെ വളവു തിരിവുകള്‍ സ്വാംശീകരിച്ച് ഒഴുകുകയാണ്.വെസ്റ്റേണ്‍ ഓര്‍കെസ്ട്ര നിഷ്കര്‍ഷ പോലെ വാദകരുടെ വ്യക്തിത്വത്തെക്കാള്‍ ഓറ്കെസ്ട്രായുടെ പ്രത്യക്ഷത്തിനു പ്രാധാന്യം നല്‍കുന്ന മുറ. വാദ്യോപകരണങ്ങള്‍ കൈകാര്യം ചെയ്യുന്നത് നിസ്സാരക്കാരല്ല. മോഹന വീണ വിശ്വമോഹന്‍ ഭ്ട്ട്. ഫ്ലൂട് രൊണു മജുംദര്‍. നാദസ്വരം മാമ്പലം എം. കെ. എസ് ശിവ. തബലയ്ക്ക് ബിക്രം ഘോഷ്. മൃദംഗം അനൂര്‍ അനന്തകൃഷ്ണ ശര്‍മ്മ. വയലിന്‍ സാക്ഷാല്‍ ഔസേപ്പച്ചന്‍ തന്നെ. ഡ്രംസിന്‍് മറ്റാരുമല്ല,ഇക്കാര്യത്തില്‍ ബഹുകേമന്‍ ശിവമണി. ജൈപാല്‍ രാജിന്റെ കീ ബോര്‍ഡും എല്‍. ശേഖറിന്റെ സോളോ ചെല്ലൊ (cello)യും. ഇതു കൂടാതെ വയലിനും വിയോലയ്ക്കും ചെല്ലോയ്ക്കും ഡബിള്‍ ബാസ്സിനും വേറെ വന്‍ സംഘവുമുണ്ട്. സ്കോര്‍ നൊടേഷനും കണ്ഡക്റ്റിങും കെ. ശങ്കര്‍.കണ്‍സെപ്റ്റ് ആന്‍ഡ് മ്യൂസിക് ഡിസൈന്‍ പി. ഘനശ്യാം എന്ന് സ്ലീവ് നോട്സില്‍ കാണുന്നതിനാല്‍ ഇദ്ദേഹമായിരിക്കണം ഇതിന്റെ സൂത്രധാരന്‍. ഒഴുക്കു തിരിച്ചു വിടുന്ന സംഗീതജ്ഞന്‍. അങ്ങനെയാണെകില്‍ അതീവ ബുദ്ധിയോടെയും ചാരുതയോടെയുമാണ് ഹംസധ്വനിയും നളിനകാന്തിയുമൊക്കെ മധുരദ്രവണലായനിയാക്കിയിരിക്കുന്നത്. സങ്കീര്‍ണതയില്ലാത്ത സംലയനം. നേരത്തെ തയാറാക്കിയ നിശ്ചിത നൊടേഷനില്‍ ഭാരതീയ ഉപകരണസംഗീതജ്ഞര്‍ വഴി തുടരുന്ന അപൂര്‍വവേള.അതും സഞ്ചാരങ്ങള്‍ കര്‍ണാടക- ഹിന്ദുസ്ഥാനി-പാശ്ചാത്യ വഴികള്‍ പിന്തുടര്‍ന്നു പുതുഭാവവും ഊര്‍ജ്ജസ്വലതയും ഉള്‍ക്കൊള്ളുന്ന നിഷ്കര്‍ഷാപൂര്‍വമുള്ള പ്രയോഗങ്ങള്‍. ഇതില്‍ ഒരു പ്രത്യേക ശൈലിയും എഴുന്നരുളുകയോ ഒരു വാദകനും പ്രാമുഖ്യം നിലവിലാക്കുകയോ അങ്ങനെയൊരു നിര്‍ബ്ബന്ധബുദ്ധി പ്രകടമാക്കുകയോ ചെയ്യുന്നില്ല എന്നതും പ്രത്യേകതയാണ്. തുടക്കം മുതല്‍ ഒടുക്കംവരെ ഒരു സംഘമായി നീങ്ങുന്ന അവതരണരീതി മറ്റു ഫ്യൂഷന്‍ സി. ഡികളില്‍ നിന്നും തികച്ചും വ്യത്യസ്തമാക്കുന്നു. രാഗച്ഛായ പ്രകടിപ്പിക്കാനുള്ള അതിരു കവിഞ്ഞ വ്യഗ്രത നിശ്ശേഷമാക്കപ്പെട്ടിരിക്കുനന്നു, സമഗ്രമായ അവതരണത്തിനു മുന്‍തൂക്കം നല്‍കിയിരിക്കുന്നു എന്ന കാര്യങ്ങളാല്‍ ‍ കേള്‍വി സുഖം ഏറെയാണ്. കീര്‍ത്തനങ്ങളുടെ ഭാവപ്രചുരിമ അശേഷവും നഷ്ടപ്പെടാതെ അതിനെ നവീന ഓര്‍ക്കെസ്ട്രേഷനില്‍‍ മുക്കിയുരുക്കിയിരിക്കുന്നു.

ആകെ അഞ്ചു ട്രാക്കുകളില്‍ മൂന്നെണ്ണമാണ് ഈ സിംഫണിചാതുര്യങ്ങള്‍‍ വിളമ്പുന്നത്. Beginning of the Beginning (ഹംസധ്വനിയില്‍ ‘വാതാപി ഗണപതിം), Listen to Me (നളിനകാന്തിയില്‍ “മനവി ആലകിഞ്ചരാദടെ”) പിന്നെ പിലു രാഗത്തിന്റെ വര്‍ണക്കാഴചകള് അവതരിപ്പിക്കുന്ന “Spectrum of Piloo" എന്നതും. മറ്റു രണ്ടു ട്രാക്കുകളും വിശ്വമോഹന്‍ ഭട്ടിനു വിട്ടുകൊടുത്തിരിക്കുന്നു,പരമ്പരാഗത രീതിയില്‍ ഭൈരവിയും ‘വൈഷ്ണവ ജനതോ‘യും വാദനം ചെയ്യാന്‍. മേല്‍പ്പറഞ്ഞ മൂന്നു ട്രാക്കുകളിലും ഓര്‍കെസ്ട്ര ആണ് പാട്ടിനെ നയിക്കുന്നത്.പലയിടത്തും സംഘം ചേര്‍ന്ന വയലിനും ചെല്ലൊയും കീബോറ്ഡിലെ നാനാതരം ഉപകരണങ്ങളും പ്രത്യേക സ്വരതാളങ്ങളിലൂടെ മെലഡിയെ പലയിടങ്ങളിലും എത്തിച്ച്ചേര്‍ക്കുകയാണ്.

നാദസ്വരത്തില്‍ മംഗളാവേശം പോലെ ഉയരുന്ന ഹംസധ്വനി ആലാപത്തോടെയാണ് തുടക്കം.ആചാരപ്രകാരമുള്ള വിഘ്നേശ്വരന്റെ ആശീര്‍വാദം തേടലല്ല ‘വാതാപി‘ വാദനം കൊണ്ടുദ്ദേശിക്കുന്നത്, Beginning of the Beginning എന്ന പേരു സൂചിപ്പിയ്ക്കുന്നതു പോലെ ഗംഭീരമായ തുടക്കമാണെന്ന വിളംബരമാണ്. തികച്ചും കര്‍ണടക ശൈലിയിലുള്ള ഈ ആലാപനം ഹിന്ദുസ്ഥാനി ശൈലിയില്‍ മോഹനവീണ ഏറ്റെടുക്കുന്നുണ്ട്. ഉണര്‍ത്തുപാട്ട് പ്രതീതിയുളവാക്കാന്‍ chimes/gongs മണിയടികള്‍. ആലാപനം പിന്തുടരുന്ന ഓടക്കുഴലിനു (1 min. 23 sec.) പിന്നില്‍ വെസ്റ്റേണ്‍ വയലിന്റെ അകമ്പടിയുണ്ട്. കീ ബോര്‍ഡില്‍ പിയാനോ സ്വരങ്ങള്‍ പടിപടിയായി ആരോഹണം ചെയ്ത് വീണ്ടും വീണ- വയലിന്‍- നാദസ്വരത്തിലെത്തുന്നു. 2 min 20 sec ല്‍ orchestrated violin ല്‍ രാഗഭാവം ഭാരതീയവും പാശ്ചാത്യവുമായ വാദനത്തില്‍ സഞ്ചരിക്കുകയാണ്. സഞ്ചാരങ്ങള്‍ ശ്രുതി താഴ്ത്തിയും ഉയര്‍ത്തിയും ആവര്‍ത്തിക്കുന്നു. കര്‍ണാടിക് ഛായയില്‍ മറ്റൊരു വയലിന്‍‍ സംഘം വ്യാപൃതരാവുന്നു, concerto രീതി പിന്തുടരുന്ന വാദ്യവൃന്ദത്തില്‍ തബലയും മൃദംഗവും ഇടകലരുന്നു. ഈ സ്വരസംയോഗങ്ങള്‍ തീവ്രതയാര്‍ന്ന് ഒരു വന്‍ ഓര്‍കെസ്ട്രയുടെ നടുവിലാണ് നമ്മള്‍ എന്ന പ്രതീതി ഉളവാക്കുന്നുണ്ട്. കര്‍ണാറ്റിക് വയലിനു വ്യത്യസ്തത അണയ്ക്കാ‍ന്‍ ഡ്രംസ് അകമ്പടി. 4m 05s ല്‍ തബലയുടെ നടകള്‍ക്കു അപ്പുറത്തും ഇപ്പുറത്തുമായി ചില staccato പ്രയോഗങ്ങള് (കൃത്യവും നിശിതവുമായി ഒരു സ്വരമോ വ്യത്യസ്ത സ്വര‍മോ വിട്ട് വിട്ട് പ്രയോഗിക്കുന്നതാണ് staccato). 4m 15s ലാണ് നാദസ്വരത്തില്‍ ‘വാതാപി’ പല്ലവി ആവിര്‍ഭവിക്കുന്നത്. മോഹനവീണയുമായി പല്ലവിയുടെ ആവര്‍ത്തനം സംഗതികള്‍ സഹിതം. മൃദംഗവും തബലയും മാറി മാറി. ഈ മെലഡിയ്ക്കു പിന്നില്‍ മന്ദ്രമായി ഉയര്‍ന്നു താഴുന്ന വയലിന്‍ സംഘത്തിന്റെ ഹാര്‍മണിയുണ്ടെന്നുള്ളത് വ്യത്യസ്തയുളവാക്കുന്ന സവിശേഷതയാണ്.5m 51s ല്‍ വെസ്റ്റേണ്‍ ശൈലിയില്‍ ആവര്‍ത്തനമുണ്ട്. അതിനു ശേഷം കീബോര്‍ഡിലെ ഹാര്‍മണി അകമ്പടിയോടെ ഓടക്കുഴല്‍. തബല-മൃദംഗം താളക്രമവിന്യാസങ്ങള്‍ക്ക്കു ശേഷം ഡ്രംസ് അകമ്പടിയോടെ മധുരതരമായി വയലിനില്‍ ചില സ്വരപ്പെടുത്തലുകള്‍. (6m 54s വരെ). ‘ഭൂതാദി സംസേവിത ചരണം“ നാദസ്വരത്തിലും വീണയിലും ആവര്‍ത്തിച്ചശേഷം “ഭൂത ഭൌതിക......” ആവര്‍ത്തനങ്ങള്‍ക്കു ശേഷം എല്ലാ വാദ്യവും ഒരുമിച്ച് ഒന്നുകൂടി ഉയര്‍ത്തി എടുക്കുന്നുണ്ട്. “വീതരാഗിണം......” എന്ന കല്‍പ്പനാസ്വരം വയലിന്‍+ഡ്രംസ്,നാദസ്വരം+മൃദംഗം,വീണ+തബല എന്നിങ്ങനെ സങ്കലിച്ച് മുന്നേറിയിട്ട് അവസാ‍നം മോഹനവീണയില്‍ ശൃതി ഒന്നു താഴ്ത്തി പൂര്‍ത്തീകരിക്കുന്നു. 8m 05s ല്‍ സ്വരസംയോഗങ്ങള്‍ ഉളവാക്കുന്ന പശ്ചാത്തലം അതിമധുരമാണ്. പാശ്ചാത്യവും ഭാരതീയവുമായ വയലിന്‍ ശൈലികളില്‍ ‍ ഇടകലര്‍ന്ന് ഹാര്‍മണൈസിങ് ഇണക്കിച്ചേര്‍ത്തിരിക്കുന്നു. സ്വരസംയോഗങ്ങളുടെ കയറ്റിറക്കങ്ങള്‍ ചാരുതയാര്‍ന്നവയാണ്. ഓടക്കുഴലില്‍ മെലഡി ഉണര്‍ത്തുമ്പോള്‍ ഉന്നത റേഞ്ചില്‍ ഹാര്‍മണി പ്രതിധവനിക്കുന്നു, ചിലപ്പോള്‍ മെലഡിയൊപ്പമോ അതില്‍ മേലെയോ എത്താനുള്ള വ്യഗ്രതയും ഇവിടെ കാണാം. Orchestrated violin പുതിയ ഗതിവിഗതികള്‍ തേടുന്ന പ്രതീതിയാണ് (8m 44s). 9m 26s ല്‍ staccato പ്രയോഗങ്ങള്‍ വീണ്ടും ഉണരുന്നു, ശേഷം വെസ്റ്റേണ്‍ നോട്സിലാണ് ഹംസധ്വനിയുടെ മുദ്രാസ്വരങ്ങള്‍ എഴുന്നുവരുന്നത്.‍9m 36s ല്‍ തരംഗരീതിയില്‍ ഉയര്‍ന്നു താണു പൊങ്ങുന്ന ഓര്‍കെസ്ട്ര നിശ്ചിത ശൈലിയില്‍ പെടുന്നില്ല എന്ന തോന്നല്‍ ഉളവാക്കുന്നു.9m 51s ല്‍ വീണ്ടും ഓര്‍കെസ്ട്ര ഗതിമാറുന്നു, ചില legatto (സ്വരങ്ങള്‍ വിട്ടു വിട്ടല്ലാതെ സൌമ്യമായി ഒന്നോടൊന്നു ചേരല്‍, staccatoയ്ക്കു വിപരീതമായി) സഹിതം.’പുരാകുംഭസംഭവം....’ നാദസ്വരം മാത്രമണെടുക്കുന്നത്. “പ്രണവസ്വരൂപം വക്രതുണ്ഡം‘ ആവര്‍ത്തനത്തിനിടയ്ക്ക് വെസ്റ്റേണ്‍ വയലിന്‍ പ്രയോഗമുണ്ട്. “കരാംബുജ പാശ ബീജാരൂപം....’വയലിന്‍+മൃദങ്ഗം ആവര്‍ത്തനത്തിനു ശേഷം നാദസ്വരവും ഓര്‍കെസ്ട്രയും ഒന്നിച്ച് ഏറ്റുപാടി, മോഹനവീണ ശ്രുതി താഴ്ത്തി അതാവര്‍ത്തിച്ച് ആ ചരണഖണ്ഡം വ്യത്യസ്തമാക്കുന്നു. സാമ്പ്രദായിക ഓര്‍കെസ്ട്ര അവസാനിപ്പിക്കുന്ന രീതിയില്‍‍ ഡ്രംസിലും സിംബത്സിലുമുള്ള പ്രയോഗത്തോടെ ആദിയില്‍ ഉണ്ടായ പ്രണവസ്വരൂപമായ നാദം ഹംസധ്വനിതരംഗമായി അവസാനിക്കുന്നു.


രണ്ടാം സംഗീതദ്രവണം നളിനകാന്തി രാഗത്തിന്റെ അഭൌമസൌന്ദര്യത്തെ തൊട്ടു തലോടി ഉണര്‍ത്തലാണ്. (Track 3). “Listen to me" എന്ന പേര്‍ അന്വര്‍ത്ഥമാകുന്നത് “മനവി ആലകിഞ്ചരാദടേ” (“മണവ്യാളകിഞ്ചരാ” എന്നു ചെമ്പൈയും മറ്റും പ്രചാരത്തിലാക്കിയ പാഠഭേദമുണ്ട്) എന്ന ത്യാഗരാജകൃതിയുടെ അപേക്ഷാഭാവം പിടിച്ചെടുത്തതിനാലാണ്. “എന്റെ അപേക്ഷ കേള്‍ക്കുന്നില്ലേ മനസ്സേ” എന്നതിന്റെ സാരം . കീ ബോര്‍ഡില്‍ രാഗത്തിന്റെ ചില സ്വരങ്ങള്‍‍ പൊടിതൂളിക്കൊണ്ടാണ് തുടക്കം. ആദ്യത്തെ 50 സെക്കന്റിലുള്ള ഇലെക്ട്രോണിക് ശബ്ദകോലാഹലങ്ങള്‍ സ്വല്‍പ്പം അരൊചകമുളവാക്കുന്നുണ്ട്, സംഗീതശില്‍പ്പത്തെ ബാധിക്കുന്നുണ്ട്. പക്ഷേ കീബോര്‍ഡില്‍ ‘മനവി ആലകിഞ്ചരാ എന്ന ചൊല്ലും(1m 15 s) തുടര്‍ന്നു വരുന്ന തനി പാശ്ചാത്യ നോട്സില്‍ നളിനകാന്തി വിരിയിക്കുന്നന്ന വയലിന്‍ ഓര്‍ക്കെസ്ടെഷന്നും ഈ അരോചകതയെ നിസ്സാരമാക്കുന്നു. ഹിന്ദുസ്ഥാനി ഫ്ലൂട് തബലയുടെ പിന്തുണയോടെ തുടക്കത്തിന്റെ കുളിര്‍മയേകുന്നു.2m 44s ല്‍ മധുരതരമായ കര്‍ണാറ്റിക് വയലിന്‍ വാദനത്തിനു വെസ്റ്റേണ്‍ ഹാര്‍മണിയുടെ അകമ്പടി. തബല‍/ഡ്രംസ് പകരുന്ന വിന്യാസങ്ങള്‍, 3m 15s ല്‍ നാദസ്വരത്തില്‍ പല്ലവി ആരംഭിയ്ക്കുന്നതില്‍ എത്തിയ്ക്കുന്നു. ഇതിനെ അനുഗമിയ്ക്കുകയാണ് മോഹന വീണ.കീര്‍ത്തനത്തിന്റെ അപേക്ഷാഭാവം മുഴുവന്‍ ആവര്‍ത്തനങ്ങളില്‍ ഉരുത്തിരിയുന്ന ‘സംഗതി‘കളില്‍ പ്രതിഫലിച്ചിരിക്കുന്നു. 5m 26s ല്‍ കര്‍ണാടിക് വയലിനു ശേഷം വരുന്ന ഓര്‍കെസ്ട്രേഷന്‍ വെസ്റ്റേണ്‍ രീതി ആണെങ്കിലും കീര്‍ത്തനത്തിന്റെ ഭാവം തെല്ലും ഉപേക്ഷിച്ചിട്ടില്ല. “ഘനുഡൈനി ശ്രീ രാമചന്ദ്രുനീ” എന്ന ആദ്യചരണം ആദ്യവരി നാദസ്വരതില്‍ എടുത്തതിനെ‍ (5m 52s) വയലിന്‍ ഓറ്കസ്ട്രേഷന്‍ പിന്തുണയ്ക്കുകയാണ്. ഈ ചരണാദ്യം മോഹനവീണ രാഗാലാപനയിലൂടെയാണ് വിസ്തരിക്കുന്നത്. പല്ലവിയുടെ ആവര്‍ത്തനം നാദസ്വരവും മോഹനവീണയും ഒരുമിച്ച്. പിന്നീടുള്ള ഫ്ലൂട് സ്വല്‍പ്പമേ ഉള്ളുവെങ്കിലും മധുരതരമാണ്. (8m 20s).ഓര്‍കെസ്ട്രാ സംഘം ഹാര്‍മണി ഉണര്‍ത്തുന്നത് പിയാനോസ്വരം ഉളവാക്കുന്ന മെലഡിയ്ക്ക് കൂട്ടു ചേരാനാണ്. “കര്‍മ്മകാണ്ഡമതാകൃഷ്ടുലൈ“ ചരണം നാദസ്വരത്തിനു ശേഷം മോഹനവീണ ആവര്‍ത്തിക്കാതെ ചില സ്വരസഞ്ചാരങ്ങളില്‍ കര്‍ണ്ണമധുരമാക്കപ്പെടുകയാണ്. തബല്യ്ക്കു പകരം പലപ്പോഴും ഡ്രംസ് പിന്തുണ. പാശ്ചാത്യ ഓര്‍കെസ്ട്രേഷന്‍ രീതിയില്‍ അവസാനിപ്പിക്കുന്നത് മോഹനവീണയുടെ സ്വനങ്ങള്‍ക്ക് തബലയും ഡ്രംസും സിംബല്‍സു സഹിതം കൂട്ടു ചെര്‍ന്നാണ്.

അവസാന ട്രാക്കായ “Spectrum of Piloo" അദ്ഭുതാവഹമായ ഗതിവിഗതികളും താളവിന്യാസങ്ങളും പിലു രാഗത്തിന്റെ നിംനോന്നതങ്ങളുടെ സൂക്ഷ്മമേഖലകള്‍ തേടിപ്പോകുന്ന അനുഭവവും ഒക്കെക്കൂടി സംഗീതധാരാസംഗമത്തിലെ മുങ്ങിക്കുളി തന്നെ. വെസ്റ്റേണ്‍ ഓറ്കെസ്ട്രേഷന്റെ പല സാദ്ധ്യതകളും ഉപയോഗിച്ചാണ് ഇതിലെ ഭാവപ്രകടനം. മോഹനവീണയ്ക്കോ നാദസ്വരത്തിനോ ഓടക്കുഴലിനോ അകമ്പടി സേവിക്കുന്നെന്ന മട്ടില്‍ ഉളവാക്കപ്പെടുന്ന ഹാര്‍മണി, മെലഡിയ്ക്കൊപ്പമോ അതിനു മുകളിലോ വര്‍ത്തിച്ചെന്നു വരും, ഊര്‍ജ്ജപ്രകരണം വഴി.‍അനുഭൂതി വിശേഷങ്ങള്‍ ഉണത്തിയെടുക്കുന്ന ജോലി പ്രധാന വാദകരുടെ മെലഡി മാത്രമല്ലാതെ ഓര്‍ക്കെസ്ട്രേഷന്റെ പ്രകടനവും ഏറ്റെടുക്കുന്നു. രാഗപ്രകാശനം ധുന്‍ ന്റേയും ഗസലിന്റേയും നാടന്‍പാട്ടിന്റേയും നേര്‍ഛായ വഴി തുറന്നെഴുമ്പോള്‍ വയലിനും ചെല്ലോയും വിയോലയും വെസ്റ്റേണ്‍ ഓറ്ക്കെസ്ട്രേഷന്റെ തനിമ വിടാതെ ഒപ്പം സഞ്ചരിക്കുന്നു. പേരു സൂചിപ്പിക്കുന്നതുപോലെ പിലു രാഗത്തിന്റെ വര്‍ണക്കാഴചകള്‍. സ്വല്‍പ്പം വിസ്തരിച്ചുള്ള ആലാപനം മോഹന വീണ മീട്ടിയെടുക്കുന്നതോടെയാണ് തുടക്കം. വരാന്‍ പോകുന്ന വന്‍തിരയിളക്കത്തിന്റെ സൂചനകളൊന്നുമില്ല. 3m 9s ലാണ് കീബോര്‍ഡിലെ സ്വനപ്പെടുത്തലോടെ ഫ്ലൂടിലുള്ള ചില ചെറു വിദ്യകളിലൂടെ തനതു‍ രാഗച്ഛയ വിടര്‍ത്തുന്നത്. പിന്നീട് (4m 21s-ല്‍) പ്രാരൂപികമായ വെസ്റ്റേണ്‍ ഓര്‍ക്കെസ്ട്രെഷന്‍ വയലിന്‍ സംഘത്തിനു പിയാനോ സ്വരങ്ങളോടെ അകമ്പടിയിടുന്നത് ഫ്ലൂട്ടിന്റെ മെലഡിയ്ക്കാണ്, harmonic chords മെല്ലെ നിര്‍മ്മിച്ചു വരികയാണ്. ചെല്ലോയുടെ മുഴക്കമുള്ള ധ്വനി (5m 20 s) ഗൌരവഭാവം അണച്ചതിനു ശേഷം ശക്തമായ ഓര്‍ക്കെസ്ട്ര സഞ്ചാരങ്ങള്‍ ഉണര്‍ന്നുയരുന്നു. ഇത്രയും നേരം മെലഡിയില്ല എന്നത് പ്രത്യേകതയാണ്. 6 m 46 s ല്‍ മോഹന വീണ പല്ലവിയുണര്‍ത്തുമ്പോള്‍ ചെല്ലോയും ബേസും ഒന്നിച്ച് താഴത്തെ ഒക്ടെവുകളില്‍ ആവര്‍ത്തിക്കുന്നുണ്ട്.(6 m 56s). ഇവിടം മുതല്‍ തബല ഊര്‍ജ്ജ്വസ്വലമാകുകയാണ്. ഓര്‍ക്കെസ്ട്ര അതിശക്തി പ്രാപിച്ച് മുന്‍പോട്ട് കുതിയ്ക്കുകയാണ്. ചടുലമായ സഞ്ചാരങ്ങള്‍. മോഹനവീണയുടെ മന്ദമായ മെലഡിയ്ക്ക് ദ്വന്ദമെന്നപോലെ വയലിന്‍ സംഘം ശീഘ്രതരമായി കുതിച്ചൊഴുകുന്നു. മെലഡിയോടൊപ്പമുള്ള അതിതീവ്രതയും ഈ ഓര്‍കെസ്ട്രല്‍‍ ഹാര്‍മണി ഉളവാക്കുന്നുണ്ട്. ഗതിവേഗം ആധിക്യം പൂണ്ട് ഒരു മൂര്‍ച്ഛന്യത്തിലെത്താനുള്ള ഒരുമ്പെടല്‍. 8 m40 s ല്‍ ഈ ആരോഹണശ്രമം ഒരു ഉത്തുംഗമേഖലയിലെത്തിച്ചേരുന്നു.

ഒരു ഗസല്‍ സ്വഭാവമുള്ള ഈണവുമായി എത്തുകയാണ് മോഹന വീണ 9 m 30 s ല്‍. പ്രണയലോലുപമായ അഭ്യര്‍ത്ഥനാഭാവം തുടിച്ചുനില്‍ക്കുന്ന ഈ പല്ലവിയുടെ ചരണം നാദസ്വരം ആവര്‍ത്തിക്കുന്നു. ഹിന്ദുസ്ഥാനി മട്ടില്‍ ഓര്‍ക്കെസ്ട്ര ഇതാവര്‍ത്തിക്കുന്നുണ്ട്.പിന്നീട് (12m 2 s ല്‍)നാദസ്വരത്തിനു പിന്നില്‍ ഓര്‍ക്കെസ്ട്ര ഉണര്‍ത്തുന്ന counter melody സൂക്ഷ്മഭാവനയുടേയും കേള്‍വിസുഖത്തിന്റേയും ഉദാഹരണം. ആവര്‍ത്തിച്ച് വരുന്ന ചില സഞ്ചാരങ്ങള്‍ polyphonic പ്രതീതി ഉളവാക്കുന്നു.ശേഷം ഹാര്‍മണിയുടെ ആവര്‍ത്തന ഫ്രെയ്സസ് സുഖകരമാണ്. ചെല്ലോയും കീബോര്‍ഡ് സ്വരങ്ങളും പ്രധാനമായി. മോഹന വീണയും വയലിന്‍ സംഘവുമായി ചില ഡയലോഗുകളുമുണ്ടിവിടെ.15 m 49 s ല്‍ മെലഡി ഏറ്റെടുക്കുന്നത് വയലിനാണെന്നത് പ്രധാനം, ചെല്ലോയുടെ അകമ്പടിയ്ക്ക് പ്രാമുഖ്യം. 16 m 18 s ലെ ചെല്ലോ-വയലിന്‍ ഡ്യൂഎറ്റ് തികച്ചും ഭാരതീയമാണ്, ഒരു പുതുമയ്ക്കുവേണ്ടി. തുടര്‍ന്ന് മറ്റൊരു ഈണവുമായി മോഹന വീണ എത്തുമ്പോള്‍ ഓര്‍ക്കെസ്ട്ര ആരോഹണ-അവരോഹണസ്വരങ്ങളിലൂടെ വഴി തേടുകയാണ്. ഇനിയും വാദ്യസംഘമാണ് രാഗവിഗതികള്‍ തീരുമാനിയ്ക്കുന്നത്. ഇവിടത്തെ ഗിറ്റാര്‍ ബിറ്റുകള്‍ അതിമനോഹരം തന്നെ. പിന്നീടുള്ള നാദസ്വരവായന പീലു രാഗത്തിന്റെ കര്‍ണാടകസംഗീത സമാനമായ കാപി രാഗത്തിലാണ്. ചില staccato പ്രയോഗങ്ങള്‍ നാദസ്വരത്തിനു പിന്നില്‍. അവസാനം ഒരു കച്ചേരിയുടെ പ്രതീതി ഉളവാക്കാനെന്നവണ്ണം അതിഗംഭീരമായ തനിയാവര്‍ത്തനത്തിലേക്കു തിരിയുകയാണ്, ബിക്രം ഘോഷും അനന്തകൃഷ്ണ ശര്‍മ്മയും ശിവമണിയും. തബലയും മൃദമ്ഗവും ഡ്രംസും പ്രകമ്പനം കൊള്ളിയ്ക്കുന്നത് മത്സരപ്രതീതിയില്‍ തന്നെ. താമസിയാതെ ചെല്ലോയുടെ മുഴക്കത്തോടെ, ഡ്രംസും സിംബത്സും അകമ്പടിയോടെ പതിവിനനുസൃതമായി ഓര്‍ക്കെസ്ട്ര കലാശിക്കുന്നു.

പിലുവിന്റെ നാലു വ്യത്യസ്ത സംഗീതഭാവനയാണ് Spectrum of Piloo എന്ന ഈ ട്രാക്കില്‍ ഉരുത്തിരിയുന്നത്. അതും വ്യത്യസ്ത താളങ്ങളില്‍ക്കൂടി.എന്നാല്‍ ഓര്‍ക്കെസ്ടേഷന്‍ സംഘവും സ്വന്തം മെലഡികള്‍ ഹിന്ദുസ്ഥാനി/കര്‍ണാടിക് മട്ടില്‍ ഉണര്‍ന്നുയര്‍ത്തുണ്ട്. വീണ- ഫ്ലൂട്-നാദസ്വരം വാദനം സാമ്പ്രദായികമായ ശൈലി നിലനിറുത്തുമ്പോള്‍ത്തന്നെ പാശ്ചാത്യ ഓര്‍ക്കെഷ്ട്രേഷന്‍ ഇതിനെ വെല്ലുവിളിക്കാനോ മറികടക്കാനോ ഒരുമ്പെടുന്നില്ല.വയലിന്‍ സംഘം പാശ്ചാത്യ ശൈലിയും ഭാരതീയശൈലിയും മാറിമാറി ആശ്ലേഷിക്കുന്നത് അസാമാന്യ നിഷ്ക്കര്‍ഷയോടും കൃത്യതയോടുമാണ്. മൂന്നു ട്രാക്കുകള്‍ക്കും ഇംഗ്ലീഷ് പേരുകളണെന്നുള്ളത് അന്വര്‍ത്ഥമാണ്. Beginning of the Beginning, Listen to Me, Spectrum of Piloo. ഈ ആംഗലേയവല്‍ക്കരണത്തെ സാധൂകരിക്കുന്നതാണ് ഇതിലെ ഓര്‍ക്കെസ്ട്രേഷന്‍ സംഘത്തിന്റെ ഭാവനാവിന്യാസങ്ങള്‍. ശൈലീസങ്കലനത്തിന്റെ ചൊരുക്കോ ഭാരതീയ സംഗീതശുദ്ധിയിലേക്കുള്ള കടന്നുകയറ്റമൊ ആയി തോന്നാതെയാണ് സമഗ്രലയം സ്വരൂപിച്ചെടുത്തിരിക്കുന്നത്. സിന്തസൈസര്‍ ഉളവാക്കുന്ന എലെക്ട്രോണിക് ശബ്ദങ്ങള്‍ പലയിടത്തും ശ്രദ്ധിക്കപ്പെടാമെങ്കിലും അവയൊന്നും സ്ഥായിയായ രസമാധുരിയില്‍ ചവര്‍പ്പുചേരുവയാകുന്നില്ല. ശ്രവണസുഖത്തിനു മുന്‍ തൂക്കം കൊടുത്തുകൊണ്ടുള്ള അവതരണം തന്നെയാണ് പ്രധാന ആകര്‍ഷണം. പാ‍ാശ്ചാത്യസംഗീതജ്ഞരുമായി സഹകരിച്ച് വിവിധ ഫ്യൂഷന്‍ പരീക്ഷണങ്ങള്‍ നിലവിലുണ്ടെങ്കിലും അവയിലെല്ലാം ഒരു കമ്പോസറുടേയോ കണ്ഡക്ടറുടേയോ അഭാവം പ്രകടമാണ്. പി. ഘനശ്യാം വിഭാവനം ചെയ്ത് സംവിധാനം ചെയ്ത ഈ സി. ഡി. അതുകൊണ്ടുതന്നെ അസാധാരണമാകുന്നു.

21 comments:

എതിരന്‍ കതിരവന്‍ said...

ഫ്യൂഷന്‍ സി. ഡി. കളിലെ വന്‍പന്‍ ആണ് പി. ഘനശ്യാം സംവിധാനം ചെയ്ത് വിശ്വമോഹന്‍ ഭട്ടും കൂട്ടുകാരും സമര്‍പ്പിക്കുന്ന ഈ ‘തുടക്കത്തിന്റെ തുടക്കം‘. ഒരു ആസ്വാദനം. ചില പ്രത്യേകതകള്‍ ശ്രദ്ധിക്കപ്പെടാന്‍ വേണ്ടി കൃത്യം മിനുട്ടും സെക്കന്‍ഡും സൂചിപ്പിച്ചിട്ടുണ്ട്. സംഗീതം ഇങ്ങനെ ആസ്വദിക്കപ്പെടാനുള്ളതല്ലെങ്കിലും.

desi Thrills, Napster, Rhapsody എന്നീ സൈറ്റുകളില്‍ നിന്നൊക്കെ ഇതു കേള്‍ക്കാം.

“വാതാപി....”യിലെ ഒരു സഞ്ചാരം മാത്രമെടുത്ത് ഫ്യൂഷന്‍ കലക്കിയത് കേള്‍ക്കണമെങ്കില്‍
www.ajitchandran.info
സന്ദര്‍ശിക്കുക.

മൂര്‍ത്തി said...

നന്ദി എതിരന്‍ ജീ..നല്ല അവലോകനം. സെക്കണ്ടും മിനിറ്റും വായിച്ചപ്പോള്‍ ഒന്നു പകച്ചെങ്കിലും...:)

എന്നെക്കൊണ്ട് സി.ഡി വാങ്ങിപ്പിച്ചേ അടങ്ങൂ അല്ലേ?
കുന്നക്കുടി/സക്കീര്‍ ഹുസൈന്‍ ടീമിന്റെ "Colours" എന്ന ആ‍ല്‍ബവും ഈ ഫ്യൂഷന്റെ കൂട്ടത്തില്‍ വരില്ലേ?

ബഹുവ്രീഹി said...

ന്റമ്മേ!

തലനാരിഴ കീറിയുള്ള ആസ്വാദനമാണല്ലോ! ഒരൂ സെക്കന്റ് വെറുതെ വിട്ടിട്ടില്യ അല്ലെ?

ഭാരതത്തിനുള്ളില്‍ തന്നെയുള്ള വാദ്യോപകരണങ്ങളൂടെ ശണ്ഠക്ക്ക് ജുഗല്‍ബന്ദിയെന്നും ഹിന്ദുസ്ഥാനത്തിനു പുറത്തുള്ളവരുമായുള്ള മല്‍പ്പിടുത്തതിനെ ഫ്യൂഷനെന്നുമാണ് ഞാന്‍ ധരിച്ചു വശായിരുന്നത്

തുടക്കത്തിന്റെ തുടക്കത്തിന്റെ തുടക്കം പോലും പറഞ്ഞ സൈറ്റിലൊന്നും കേക്കാന്‍ പറ്റീല്യ. നാപ്സ്റ്റെര്‍ കേക്കണെങ്കില്‍ അമേരിക്ക വരെ വരേണ്ടിവരും എന്നു പറയുന്നു.

അജിത് ചന്ദ്രന്റെ പഞ്ചവാദ്യം ഫ്യൂഷന്‍ അസ്സലായിണ്ട്.

ഞാനും ചെയ്യും ഒരൂസം ഇതേപോലൊക്കെ..

( അതെയ്, തുടക്കത്തിന്റെ തുടക്കത്തിന്റെ
എംപീസ്ത്രീകള്‍ കൈവശമുണ്ടോ? പകരം ഇളയരാജന്റെയോ ചൌരസ്യന്റെയൊ ശിവകുമാരശര്‍മ്മയുടെയോ ഒക്കെ പിയൂഷന്‍ തരാം.ഒന്നു തെരയേണ്ടി വരും ഇതിരി സമയം എടുക്കും ന്നു മാത്രം)

എതിരന്‍ മാഷ് കീ ജയ്..

Kaithamullu said...

അജിത്തിന്റെ ഫ്യൂഷന്‍ കേട്ടു.
സീഡി വാങ്ങാതെ പറ്റില്ല, അല്ലെ?

ചീര I Cheera said...

ഹൌ,, എത്ര വിസ്തരിച്ച്ചാ എഴുതിയിരിയ്ക്ക്കുന്നത്..
എന്റെ ഡയലപ്പില്‍ ഇതൊന്നും കേള്‍ക്കാനാവില്ലാ‍ാന്ന് മാത്രം.
ഇതില്‍ നളിനകാന്തീ എങ്ങനെയാവും എന്നറിയാന്‍ ശരിയ്ക്കും തോന്നുന്നു.

മൂര്‍ത്തി said...

എതിരന്‍‌ജീ,
മനു സി. കുമാറിന്റെ കൊച്ചിയുടെ സിരകളിലെ സംഗീതം എന്ന വിശദമായ ഈ പോസ്റ്റ് കണ്ടിരുന്നോ?
ലിങ്ക്

എതിരന്‍ കതിരവന്‍ said...

ഇത് കേള്‍ക്കാന്‍
http://music.punjabcentral.com/artist/?artist=2661
എന്ന ലിങ്ക് ശ്രമിക്കുക.

Kiranz..!! said...

എതിരുനാടു വാഴും കതിരവന്‍ തിരുമനസ്സേ.സൈറ്റായ സൈറ്റും ലിങ്കായ ലിങ്കും അലഞ്ഞടിയന്‍ ഈ പാട്ടുകളൊന്നു കേള്‍ക്കാമെന്ന് വിശാരിച്ചു.ഹെവിടെ..ഒരു രക്ഷേമില്ല,അവസാനം കൊടുത്തിരിക്കുന്ന സൈറ്റിലും പോയി ഒരു ദ്വന്ദ്വയുദ്ധം കഴിഞ്ഞു തിരിച്ചെത്തി,പാട്ട് കേള്‍ക്കണേല്‍ ഒന്നുകില്‍ ബഹു പറഞ്ഞപോലെ അടിയനമേരിക്കയില്‍ വരണം പോലും.അല്ലേല്‍ രജിസ്റ്റര്‍ ചെയ്യണംന്ന്.ആരുടെ കേട്ടില്ലേലും മ്മടെ ഔസേപ്പച്ചന്റെ വയലിന്‍‍ പീസ് ഒന്നു കേള്‍ക്കണ്ടേ :),എന്തിനധികം ടാക്കുന്നു,അജിത്തിന്റെ സൈറ്റ് വരെ ഒന്നു കൂടെപ്പോയി ആപാട്ടുകളിലൂടെ വീണ്ടും അര്‍മ്മാദിച്ചു..!

അടിസ്ഥാനവിദ്യാഭ്യാസം ഇല്ലാത്ത കാരണം ചിലതൊന്നും മനസിലായില്ലങ്ങുന്നേ.ആ മിനിട്ടും സെക്കന്‍ഡും എനിക്കു വേണ്ടി പറഞ്ഞപോലെ. ടേങ്ക്സ്.

ഒരു കാര്യമുണ്ട്,ആള്‍ക്കാരെക്കുറിക്കുമ്പോള്‍ അവരുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ സൈറ്റുകള്‍ കൂടി ലിങ്കിയിരുന്നെങ്കില്‍ ‍ നന്നായിരുന്നു.അജിത്തിന്റെ കാര്യം ഇങ്ങനെ പറയുമ്പോലെ.

മാസം ഒരെണ്ണം എന്ന കണക്കിനു സംഗീതാനുബന്ധികള്‍ ഇങ്ങനെ പോരട്ടെ..!

എതിരന്‍ കതിരവന്‍ said...

ബഹു, കിരണ്‍‍സ്,
http://music.punjabcentral.com ല്‍ പോയി vishwa mohan bhatt സേര്‍ച്ച് ചെയ്യുക artist കാറ്റഗറിയില്‍. ഒന്നും കാണുന്നില്ലെ?

മൂര്‍ത്തി, കൈതമുള്ള്, പി. ആര്‍: ഈ സൈറ്റില്‍ നിന്നും കേള്‍‍ക്കാമെങ്കില്‍ സി. ഡി വാങ്ങിക്കേണ്ട.
മൂര്‍ത്തി:
മനുവിന്റെ ലേഖനം വായിച്ചു . അത് ആരും കാണാത്തത് കഷ്ടം. കേരളത്തില്‍ ഇങ്ങനെയൊക്കെ നടന്നിരുന്നു, നടക്കുന്നു എന്ന് അറിഞ്ഞതേ ഇല്ല.

കിഷോർ‍:Kishor said...

ഈ നല്ല സിഡി പരിചയപ്പെടുത്തിയതിനു നന്ദി! ഇപ്പോള്‍ നളിനകാന്തി കേട്ടൂകൊണ്ടിരിക്കുകയാണ്.

Haree said...

:)

ആ പറഞ്ഞ സൈറ്റില്‍ പോയി, പക്ഷെ കേള്‍ക്കുവാന്‍ കഴിയുന്നില്ല... :(
--

ശ്രീ said...

നല്ല അവലോകനം, എതിരന്‍ ജീ.
കേട്ടു നോക്കട്ടെ.
:)

ബഹുവ്രീഹി said...

എതിരന്‍ മാഷ് കീ ജയ്..

ഗംഭീരം!! മുഴുവനും കേട്ടു. രണ്ടാവര്‍ത്തി കഴിഞ്ഞു.

ഈ ലേഖനം വായിച്ചില്യായിരുന്നുവെങ്കില്‍ ഒരു രസികന്‍ സംഭവം കേള്‍ക്കാനുള്ള ഭാഗ്യം നഷ്ടപ്പെട്ടേനെ.

ശരത്തിന്റെ അമൃതം കേള്‍ക്കണം. വലയില്‍ കുടുങ്ങുമോ അതോ കാശുമുടക്കണോ?

എന്തായാലും ഇതു കേള്‍പ്പിച്ചതിനുള്ള നന്ദിക്കു പകരം മെയില്‍ വഴി ഒരു ചൌരസ്യപ്രകടനം അയക്കുന്നു.

കേട്ടുനോക്കൂ... ഇഷ്ടപ്പെടാതെ വരില്യ.

Pongummoodan said...

thanx.

ബ്ലോക്കുട്ടന്‍ ! said...

Dear Kathiravanji,
Angane "mala pole vannathu eli pole poyi".
MT-yum Fusion-um vannappol ,ellavarum Ammaye marannu poyi.
Allengil nalloru adikkulla chance undayirunnu!!!!!!!!!!!!!!.
Thangal nalloru diplomat aanu.
Lal Salam ... Ethirillatha Kathiravanji.
(Malayalam type cheyyan ariyulla!!!!Sorry).

ബ്ലോക്കുട്ടന്‍ ! said...

Osinu Kittiyal Fusion-um adikkum!!!!!!!!!

Jo said...

That's a very good review on Fusion music. Is this CD (Beginning) available anywhere online?

മുഹമ്മദ് ശിഹാബ് said...

ഈ നല്ല സിഡി പരിചയപ്പെടുത്തിയതിനു നന്ദി

ഷാജിചന്ദ്രന്‍ said...

http://gaana.com/album/golden-krithis-vol-3-beginning-of-the-beginning-fusion-with-traditional-classical-themes-of-india

ഷാജിചന്ദ്രന്‍ said...
This comment has been removed by the author.
Manoj P.A. said...

http://mio.to/album/Pandit+Vishwa+Mohan+Bhatt/Golden+Krithis+Vol+3+-+Beginning+Of+The+Beginning