ശ്രീ എം. ടി. വാസുദേവന്‍ നായരുമായി ഞാന്‍ നടത്തിയ അഭിമുഖത്തിന്റെ സംക്ഷിപ്തം.നിശ്ചിത സമയത്തില്‍ തീര്‍ക്കേണ്ടി വരുമെന്ന പേടിയാല്‍ ചോദ്യങ്ങളില്‍ നിന്നും ചോദ്യങ്ങളിലേക്ക് ചാടുകയായിരുന്നു. അങ്ങനെയാകുമ്പോള്‍ ഒരു വിഷയത്തില്‍ തന്നെ ആഴത്തിലുള്ള പരിചിന്തനത്തിനു വകയില്ലല്ലൊ. കഥയുടെ കാതല്‍, തിരക്കഥയെഴുത്തിന്റെ കൌശലങ്ങള്‍, പിന്നെ മറ്റു ചിലതൊക്കെ സംഭാഷണം.
ഞാന്‍: കഥയുടെ ഡി. എന്‍ എ. എന്നൊരു പ്രയോഗം കേട്ടിട്ടുണ്ട്. ജീവിതത്തിലല്ലെ ഈ ഡി. എന്‍. എ. ചുറ്റിപ്പിരിഞ്ഞു കിടക്കുന്നത്?
എം. ടി: കഥ ജീവിതം തന്നെ. മലയാളത്തില്‍ പലപ്പോഴും കഥ എന്ന വാക്ക് ഉപയോഗിക്കുന്നത് തന്നെ നിത്യജീവിതത്തെ ബന്ധപ്പെടുത്തിയാണ്. അവ്ന്റെ കഥ കേട്ടൊ, അവന്റെ കഥ പറയാതിരിക്കുകയാണു ഭേദം, അയാളുടെ കഥ കഴിഞ്ഞു എന്നൊക്കെയുള്ള പ്രയോഗങ്ങള്‍. അങ്ങനെ കഥ ജീവിതം തന്നെയായി മാറുകയാണ്. അത് വെറും കെട്ടു കഥയല്ല. ജീവിതത്തിന്റെ സന്ധികളെപ്പറ്റി പറയുമ്പോള്‍ കഥ എന്ന വാക്ക് ഉപയോഗിക്കും. അനന്തമായ പരിണാമങ്ങള്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന ഒന്നാണ് ജീവിതം. അതില്‍ പുതിയ പുതിയ അലകളും ചുഴികളും മാറി മാറി വരും. അത് അന്വേഷിക്കുക എന്നതാണ് ഒരു കഥയെഴുത്തുകാരന്റെ ലക്ഷ്യം. അത് അയാള്‍ അന്വേഷിച്ചു കൊണ്ടേയിരിക്കും.
കാലം ആപേക്ഷികമാണെന്നു സിദ്ധാന്തം. കാലവുമായുള്ള ബന്ധം ഉറപ്പുവരുത്തുകയാണു ജീവിതം. കാലവുമായുള്ള പോരാട്ടം. ഇതൊക്കെയാണോ കഥയ്ക്കു പിന്നില്‍?
കഥ എന്നുപറഞ്ഞാല്‍ മാനുഷികമായ സന്ധി-പ്രതിസന്ധികളുടെ വിശകലനമാണ്. ഏതു കഥയെടുത്താലും അത് മനുഷ്യാവസ്ഥയുടെ ചിത്രീകരണം തന്നെയാണെന്നു കാണാം. മനുഷ്യാവസ്ഥയുടെ ആവിഷ്കാരം. എന്റെ മാത്രമല്ല ലോകത്തില്‍ എവിടേയും എഴുതപ്പെട്ടിട്ടുള്ള കഥകള്‍ നോക്കിയാലും ഈ ആവിഷ്കാരം കാണാം. ഇങ്ങനെയും സംഭവിക്കാമല്ലൊ, ഇങ്ങനെയും പെരുമാറാമല്ലൊ, ഇങ്ങനെയും പ്രതികരിക്കാമല്ലൊ എന്നൊക്കെ ഒരു അദ്ഭുതം, ഒരു ഉല്‍ക്കണ്ഠ ഒരു ആകാംക്ഷ ഉണ്ടാക്കിത്തീര്‍ക്കുന്നതാണ് കഥാസന്ധികള്‍. അങ്ങനെയുള്ള സന്ധികളാണ് എവിടെയും എഴുത്തുകാരുടെ വിഭവങ്ങളായി തീരുന്നത്.
ഏതു പാശ്ചാത്യപ്രവണത വന്നു കയറിയാലും മലയാളി സ്വന്തം സ്വാദില്‍ പിടിച്ചു നിന്നിട്ടില്ലെ? ഉത്തരാധുനികത വന്നു കയറിപ്പോയോ?
ഈ ഉത്തരാധുനികത എന്നതൊക്കെ ചില സൌകര്യത്തിനു വേണ്ടി നിരൂപകര്‍ വിളിക്കുന്ന പേരാണ്. ആധുനികത, ഉത്തരാധുനികത എന്നതൊക്കെ ചില ചില കാലഘട്ടങ്ങളെ സൂചിപ്പിക്കാന്‍ അവര്‍ ഉപയോഗിക്കുന്നു. ഇത് ഒരു അക്കാഡെമിക് എക്സൈര്‍സൈസ് മാത്രമാണ്. എന്നെ സംബന്ധിച്ചിടത്തോളം ഒരു കഥയുടേയോ കവിതയുടേയോ ലേബല്‍ പ്രധാനമല്ല. അത് മോഡേണ്‍ ആണോ പൊസ്റ്റ്മോഡേണ്‍ ആണോ എന്നൊക്കെ നോക്കുന്നത്. ബഷീറിന്റെ കാര്യമെടുക്കുക. ഏകദേശം അറുപത് വര്‍ഷക്കാലം എഴുതിയിരുന്നു അദ്ദേഹം. അദ്ദെഹത്തെ നമ്മള് ഏതിലാണു പെടുത്തേണ്ടത്? ആധുനികനോ? ഉത്തരാധുനികനോ? അദ്ദേഹം ഇതെല്ലാം എഴുതിയിട്ടില്ലെ? അങ്ങനെ ഒരു അക്കഡെമിക് എക്സൈര്‍സൈസിന്റെ പ്രാധാന്യമേ ഞാന്‍ കല്പ്പിക്കുന്നുള്ളു. ഉത്തരാധുനികതയുടെ ലേബല്‍ കിട്ടാന്‍ വേണ്ടി ഇന്ന രീതിയില്‍ എഴുതണമെന്ന് ഒരു എഴുത്തുകാരനും ചിന്തിയ്ക്കുകയില്ല. എഴുതിയാല്‍ അത് അപകടമായിത്തീരുകയും ചെയ്യും. അവനവന് എഴുതാന്‍ ഒരു ഉള്‍പ്രേരണയുണ്ടെങ്കില്‍ തന്റെ കയ്യില്‍ ഒരു വിഭവം, ഒരു അസംസ്കൃത പദാര്‍ത്ഥം വന്നുപെട്ടിട്ടുണ്ടെങ്കില്‍ അത് ഏറ്റവും ശക്തമായി സംവേദിപ്പിക്കാനുള്ള ഉപാധി കണ്ടെത്തുക എന്നതാണ്, അതിനാവശ്യമായ രൂപഘടന കണ്ടെത്തുക എന്നതാണ് കാര്യം. അതു വിശകലനം ചെയ്യുന്നവര്‍ സൌകര്യത്തിനു വേണ്ടി പൊസ്റ്റ്മോഡേണ്‍ അപ്പ്രോച് എന്നൊക്കെപ്പറയും. ഈ ലേബലിനെക്കായിലും പ്രാധാന്യം അതിലെ ഉള്ളടക്കമാണ്.
മിക്ക കൃതികളിലും അര്‍ഹത നിഷേധിക്കപ്പെട്ടവരെയും മോചനം കാംക്ഷിക്കുന്നവരേയും ചിത്രീകരിച്ചിട്ടുണ്ട്. പക്ഷെ അതിനു സമാന്തരമായി അതു പോലെ സ്ത്രീ കഥാപാത്രങ്ങള്‍ കാണാറില്ല അധികം. പഞ്ചാഗ്നി സിനിമയിലെ കഥാപാത്രം, കുട്ട്യേടത്തി എന്നിവരൊഴിച്ചാല്‍?
അങ്ങനെയൊന്നുമില്ല.നമുക്കറിയാവുന്ന ചില ജീവിതഖണ്ഡങ്ങളെടുത്താണ് എഴുതുന്നത്.നമ്മുടെ മനസ്സിലേക്കു ചില കഥാപത്രങ്ങള്‍ കടന്നു വരും. നമ്മള് കണ്ടൊ അറിഞ്ഞോ പരിചയമുള്ളവര്‍. സാദൃശ്യമുള്ള കഥാപാത്രങ്ങളെ നമ്മള് സൃഷ്ടിയ്ക്കും. അതേസമയം സ്ത്രീകള്‍ക്കു പ്രാധന്യം നല്കുന്ന കഥകള്‍ ഞാന്‍ എഴുതിയിട്ടുണ്ട്.ഉദാഹരണത്തിനു “കാഴ്ച’ പോലുള്ള കഥകള്‍. ചിലതൊക്കെ സ്ത്രീപക്ഷരചനകളാണോ എന്ന ചോദ്യവും വന്നിട്ടുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം ഞാന്‍ അത് നോക്കാറില്ല. തോന്നുന്നെങ്കില്‍ എഴുതും. നോവലുകളില്‍ വന്നത് ചില പ്രോടോടൈപ് ആണ്.നാട്ടില്‍ നടക്കുന്ന ചില സംഭവങ്ങളുമുണ്ട്. അസുരവിത്തിലെ ഗോവിന്ദന്‍കുട്ടി അങ്ങനെയൊരു പ്രോടൊഗണിസ്റ്റ് ആണ്, ഏകദേശം സമാനമായ ഒരു കഥാപാത്രം ആ കാലഘട്ടത്തില്‍ ഉണ്ടായിരുന്നത് എഴുതുമ്പോള്‍ മനസ്സില്‍ ഉണ്ടായിരുന്നു. അങ്ങനെ ഡോമിനേറ്റ് ചെയ്യുന്ന കഥാപാത്രങ്ങള്‍ വന്നു കയറിയതിനാല്‍, അവര്‍ കൂടുതലും പുരുഷന്മാര് ആയതിനാല്‍ അത്തരം കഥാപാത്രങ്ങള്‍ കൂടുതലായി. അമ്മ ഒരു കഥാ പാത്രമായി ധാരാളം ഞാന്‍ എഴുതിയിട്ടുണ്ടല്ലൊ. എന്റെ കഥയിലെ അമ്മ സങ്കല്‍പ്പത്തെക്കുറിച്ച് ചില സ്റ്റഡികളൊക്കെ വന്നിടുണ്ട്. ഒരു തരംതിരിവുണ്ടെന്ന് എനിക്കു തോന്നിയിട്ടില്ല.
സ്വാതന്ത്ര്യം കാംക്ഷിക്കുന്ന കഥാപാത്രങ്ങളില്‍ ആത്മപ്രകാശനം വന്നു കൂടിയിട്ടുണ്ടോ?
കുറച്ചൊക്കെ വന്നു കാണും. നീതി നിഷേധിക്കപ്പെടുക എന്നതാണ് പ്രപഞ്ചത്തിലെ ഏറ്റവും വലിയ ദുരന്തം.വിശപ്പൊ ഒന്നുമല്ല. നിഷ്കളങ്കത അംഗീകരിക്കപ്പെടതിരിക്കുക എന്നതാണ് മഹാദുരന്തം. അത് ശാശ്വതമായ സാര്‍വലൌകികമായ പ്രമേയമാണ്. അത് ഉപയോഗിക്കാന്‍ സൌകര്യമുള്ള സന്ദര്‍ഭങ്ങളിലൊക്കെ ഞാന്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. പിന്നെ സ്വാതന്ത്ര്യത്തിലുള്ള അഭിവാഞ്ഛ എല്ലാവരിലും ഉള്ളതാണ്. തനിയ്ക്കിഷ്ടപ്പെട്ടത് തെരഞ്ഞെടുക്കാന്‍ പറ്റുന്നതാണ് യഥാര്‍ത്ഥത്തില്‍ സ്വാതന്ത്ര്യം. തനിയ്ക്കിഷ്ടപ്പെട്ട ജീവിതം തെരഞ്ഞെടുക്കല്‍. തൊഴില്‍ മാത്രമല്ല, സാഹചര്യങ്ങളെല്ലാം. അത് നിഷേധിക്കപ്പെടുമ്പോളുള്ള ധര്‍മ്മസങ്കടം എന്നും ഒരു പ്രമേയമാണ്-എല്ലാ എഴുത്തുകാര്‍ക്കും. എനിയ്ക്കും.
സെലിബ്രിറ്റീസ് അവരുടെ സ്വത്താണെന്ന് പൊതുജനത്തിനു ധാരണ വന്നു കയറാറുണ്ട്. വായനക്കാരെ അല്ലെങ്കില്‍ പൊതുജനത്തിനെ തൃപ്തിപ്പെടുത്തണമെന്ന് തോന്നിയിട്ടുണ്ടോ?
പൊതുജനമെന്തു വിചാരിക്കുന്നെന്നു കരുതി വേഷം കെട്ടാനൊന്നും നമുക്ക് സാധിക്കുകയില്ല. നമുക്കെന്തെങ്കിലും പറ്റിയാല്‍ ഒരുത്തനും തിരിഞ്ഞു നോക്കുകയില്ല. എന്നു പറയാന്‍ പറ്റുകയില്ല താനും. ഞാന്‍ ആശുപത്രിയില്‍ കിടന്നപ്പോള്‍ എന്നെ കാണാന്‍ എന്റെ പ്രിയപ്പെട്ട വായനക്കാര്‍ ധാരാളം വന്നിടുണ്ട്, എന്നെ ശുശ്രൂഷിക്കാന്‍ തയാറായി.അതു മറക്കുന്നില്ല. പൊതുവേ ഈ പൊതുജനം എന്നു പറയുന്നതിനു ഇതൊന്നും പ്രശ്നമല്ല. മരിച്ചുകഴിഞ്ഞാല്‍ മൂന്നു ദിവസം കണ്ണീരൊഴുക്കും. പത്രങ്ങളില്‍ വാര്‍ത്തകളും മറ്റു കാര്യങ്ങളും വരും. പിന്നെ അത് മറക്കും. പൊതുജനത്തിന്റെ മുന്നില്‍ നാടകം കളിയ്ക്കാനൊന്നും ഞാന്‍ തയാറല്ല. ഞാന്‍ എനിയ്ക്കു വേണ്ടിത്തന്നെയാണ് നില്‍ക്കുന്നത്.
ഞാനുദ്ദേശിച്ചത്, ഇംഗ്ലീഷില്‍ കഥകള്‍ വന്നിട്ടുണ്ട്, ഹോളീവുഡില്‍ സിനിമകള്‍ വന്നിട്ടുണ്ട്, എഴുത്തുകാരനെ തടവിലാക്കിയിട്ട് വായനക്കാരന്/വായനക്കാരി അവര്‍ക്കാവശ്യമുള്ളത് എഴുതിയ്ക്കുന്നതായി.....
ഇല്ല, ഇല്ല. ഇന്ന രീതിയില്‍ എഴുതണമെന്ന് ആര്‍ക്കും ഡിമാന്റ് ചെയ്യാന്‍ പറ്റുകയില്ല. മുന്‍പൊരു കാലഘട്ടത്തില്‍ എഴുത്തുകാരോട് സ്നേഹം ഭയങ്കരമായിട്ട് ഉണ്ടായിരുന്നു. ചങ്ങമ്പുഴയ്ക്ക് ക്ഷയരോഗം പിടിച്ച് ഇടപ്പള്ളിയില്‍ കിടക്കുകയാണെന്നറിഞ്ഞ് ആസാമിലൊക്കെ പട്ടാളത്തില്‍ ജോലി ചെയ്തിരുന്നവര്‍ ചെറിയ ചെറിയ മണി ഓര്‍ഡറുകള്‍ അയച്ചിരുന്നു. ആയിരക്കണക്കിനു മണി ഓര്‍ഡറുകള്‍ കൈകാര്യം ചെയ്യാന്‍ വേണ്ടി ഒരു ചെറിയ പോസ്റ്റ് ഓഫീസ് അവിടെ തുറക്കേണ്ടി വന്നു. അങ്ങനെ നമ്മളെ അമിതമായി സ്നേഹിക്കണമെന്നല്ല. നമ്മുടെ പുസ്തകം ഇഷ്ടമാണെങ്കില്‍ വായിച്ചോട്ടെ . അത്രേയുള്ളു.
സിനിമ ഒരു സ്വന്തം സൃഷ്ടി എന്ന നിലയ്ക്ക് എങ്ങനെ സംതൃപ്തി നല്കുന്നു? സാഹിത്യകൃതിയില്‍ നിന്നും കിട്ടുന്ന സംതൃപ്തി സിനിമയ്ക്കു നല്കാന് പറ്റുമോ? സിനിമ ഒരു വ്യത്യസ്ത മീഡിയം ആയതിനാല്‍.
സിനിമ ഞാന്‍ യാദൃശ്ചികമായി എത്തപ്പെട്ട മേഖലയാണ്. മുന്‍പ്, 65ലോ 66ലോ മറ്റൊ എന്റെ ഒരു കഥ സിനിമയാക്കണമെന്നും ഞാന്‍ തന്നെ സ്ക്രിപ്റ്റ് എഴുതണമെന്നും ആവശ്യം വന്നപ്പോള്‍ ഒരു രസം തോന്നി അവരുടെ കൂടെ പ്രവര്‍ത്തിച്ചു. പിന്നെ കൂടുതല്‍ സ്ക്രിപ്റ്റുകളെഴുതി. ഞാന്‍ തന്നെ ചില സിനിമകള്‍ ചെയ്തു. എന്നെ സംബന്ധിച്ചിടത്തോളം ഒരു സാഹിത്യസൃഷ്ടിയില്‍ നിന്നും കിട്ടുന്ന ആഹ്ലാദം എനിയ്ക്കു സിനിമയില്‍ നിന്നും കിട്ടുകയില്ല. അതിന്റെ കാരണം എനിയ്ക്ക് കുറച്ച് ഏകാന്തതയും ഒരു പ്രമേയത്തിന്റെ ബീജവുമുണ്ടെങ്കില്‍ ഒറ്റയ്ക്കിരുന്ന് എഴുതിയുണ്ടാക്കാം. ആരെയും ആശ്രയിക്കേണ്ട കാര്യമില്ല.സിനിമ ഒരു സങ്കീര്‍ണമായ എന്നും അതിന്റേതായ തനിമയും സ്വത്വവും ഉള്ള കലാസൃഷ്ടിയാണ്, വളരെ ശക്തമായ കലാരൂപവുമാണ്. പകുതി ക്രിയേറ്റീവാണത്. ബാക്കി കാര്യങ്ങളൊക്കെ സാങ്കേതികത്വത്തേയും ഒരുപാട് കാര്യങ്ങളേയുമാശ്രയിച്ചാണിരിക്കുന്നത്. പലരുടേയും സ്വഭാവവിശേഷങ്ങള്‍, പണം മുടക്കിയ ആള്‍ക്ക് അതു തിരിച്ചു കിട്ടുമോ, ആള്‍ക്കാരില്‍ എത്തിച്ചേരുമോ എന്നെ ആശങ്കകള്‍ എന്നിങ്ങനെ. സാഹിത്യത്തില്‍ ഞാന്‍ തന്നെ എല്ലാം തീരുമാനിച്ചാല്‍ മതി.
ഒരേ സമയം സാഹിത്യവും സിനിമയും അയത്നലളിതമായി കൈകാര്യം ചെയ്തിട്ടുണ്ട്. സാഹിത്യം എഴുതുന്നതുപോലെയല്ലല്ലൊ തിരക്കഥ എഴുതുന്നത്. വളരെ visual sensibility ആവശ്യമുള്ളതാണിത്. എന്താണ് ഇതിന്റെ പിന്നിലുള്ള കൌശലം?
സിനിമയെ ആദ്യം മുതല്ക്കു പഠിയ്ക്കാന്‍ തുടങ്ങിയപ്പോള്‍ മനസ്സിലാക്കിയത് സ്ക്രിപ്റ്റ് ഒരു പരിപൂര്‍ണസാഹിത്യമല്ല എന്നതാണ്.ഒരു കഥയെടുത്ത് സിനിമയുണ്ടാക്കാന്‍ തീരുമാനിച്ചാല്‍ നമ്മുടെ മനസ്സില്‍ ആ സിനിമ ഓടിച്ചെടുക്കാന്‍ സാധിക്കണം. അതിന്റെ ഓരൊ ഘട്ടത്തിലും മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുമെങ്കിലും മനസ്സില്‍ ഒരു ദൃശ്യവല്‍ക്കരണം വേണം. അതു ചെയ്യാന്‍ സാധിയ്ക്കുന്നതുകൊണ്ടാണ് എനിയ്ക്ക് സ്ക്രിപ്റ്റ് എഴുതാന്‍ സാധിയ്ക്കുന്നത്. ആ ദൃശ്യവല്‍ക്കരണം കുറച്ചൊക്കെ എന്റെ സാഹിത്യത്തിലും കാണാം.മനപൂര്‍വമല്ലത്. ഒരു ഇടവഴി വിവരിക്കുമ്പോള്‍ അപ്രതും ഇപ്രത്തും ഉള്ള ചെടികളും മരങ്ങളും മറ്റു ചില സൂക്ഷ്മതകളുമൊക്കെ ഞാന്‍ വര്‍ണിയ്ക്കാറുണ്ട്. ഒരു ഫോടോ ഫോകസ് പോലെ ചില ദൃശ്യങ്ങള്‍. അങ്ങനെ വിഷ്വലൈസ് ചെയ്യാനുള്ള പ്രവണത പല കൃതികളിലും കാണാം. സിനിമ ഒരു സാങ്കേതിക വിദ്യയാണെന്നും ഇതിനു വേറേ നിയമസാധ്യതകളുള്‍ലതാണെന്നും പിന്നീട് പഠിച്ചുവന്നതു കൊണ്ടും എനിയ്ക്കു സ്ക്രിപ്റ്റ് എഴുത്ത് സാദ്ധ്യമായി. പക്ഷെ ഞാന്‍ തന്നെ അറിയാതെ ,പണ്ട് എഴുതിയ കഥകള്‍ സിനിമയ്ക്കു പറ്റിയയാണെന്നു ചിലര്‍ പറയുമ്പോഴേ ഞാന്‍ അതിനെപ്പറ്റി ചിന്തിക്കാറുള്ളു. സാഹിത്യം എഴുതിക്കൊണ്ടിരിക്കുമ്പോള് സിനിമാപരമായ യാതൊരു ചിന്തയും ഉണ്ടായിരുന്നില്ല.
നേരത്തെ പറഞ്ഞതുപോലെ ഒരു visual sensibility എങ്ങനെ വന്നു ഭവിച്ചു? ധാരാളം സിനിമകള്‍ കണ്ട പരിചയം കൊണ്ടാണോ?
ഇല്ല ഇല്ല. ഞാനൊരു സിനിമ കണ്ടത് എത്രയോ വൈകിയിട്ടാണ്. അന്ന് നാട്ടുമ്പുറത്ത് സിനിമയൊന്നുമില്ല. ഒരു പതിനഞ്ചു വയസ്സെങ്കിലും കഴിഞ്ഞിട്ടാണ് സിനിമ കാണുന്നത്. സിനിമയില്‍ എനിയ്ക്കു വലിയ കമ്പവുമില്ലായിരുന്നു. ഞാന്‍ നേരത്തെ പറഞ്ഞില്ലെ, യാദൃശ്ചികമായി എന്റെ ഒരു കഥ സിനിമ ആക്കുന്നു, അതിന്റെ കൂട്ടത്തില്‍ പ്രവര്‍ത്തിയ്ക്കുന്നു, സ്ക്രിപ്റ്റെഴുതുന്നു.പിന്നീട് ആണ് സിനിമയെപ്പറ്റി പഠിച്ചു തുടങ്ങിയത്. കിട്ടാവുന്ന പുസ്തകങ്ങള്‍ ഒക്കെ തേടിപ്പിടിച്ച് വായിച്ചു തുടങ്ങി. എനിയ്ക്ക് ഭാഗ്യം ഉണ്ടായത് പൂനാ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഗസ്റ്റ് ലെക്ചര്‍ ആയി വിളിച്ചപ്പോഴാണ്. അതൊരു നല്ല അവസരമായിരുന്നു. ലോകത്തിലുള്ള ക്ലാസിക്കുകളൊക്കെ കാണാന്‍ അവസരം കിട്ടി. അവരുടെ അടുത്തെങ്ങും എത്തിയിട്ടില്ലെങ്കിലും അവരുടെ രചനകളെ ആരാധിച്ചു കൊണ്ടു തന്നെ അതിനടുത്തെത്തുന്ന എന്തെങ്കിലും ചെയ്യാന്‍ പറ്റുമോ എന്ന തോന്നല്‍. അതെന്നെ സഹായിച്ചു.
ഒരു ദൃശ്യമാദ്ധ്യമം എന്ന മുന്‍ കരുതലോടെയാണല്ലൊ തിരക്കഥകള്‍ എഴുതുന്നത്. വളരെ വ്യത്യസ്തമായ സമീപനവും സംവിധാനശൈലിയും നറേഷന് ട്രിക്കും കൈവശമുള്ള സേതുമാധവന്, പി. എന്‍. മേനോന്, ഐ. വി. ശശി, ഭരതന് , വിന്‍സെന്റ്, ഹരിഹരന് ഇങ്ങനെയുള്ളവര്‍ക്കുവേണ്ടി എഴുതുമ്പോള്‍ മനസ്സിലുള്ള വിഷ്വല്‍ സെന്‍സിബിലിറ്റി മാറ്റിയെഴുതണോ? എന്തെങ്കിലും കോമ്പ്രമൈസ്........
ഇല്ല ഇല്ല. അങ്ങനെയൊന്നും ചെയ്യാറില്ല. ഒരാളു വന്നു അയാള്‍ക്ക് സ്യൂടബിള്‍ ആയതെഴുതുന്നു , അങ്ങനെയില്ല. ഞാന്‍ എന്റേതായ രീതിയില്‍ എഴുതുന്നു, അതുകഴിഞ്ഞ് അവരുമായി ഇരുന്നിട്ട് വളരെ വിശദമായി ചര്‍ച്ചകള്‍ നടത്തും. ഞാനിതാണ് ഉദ്ദേശിച്ചത്, ഞാനിതാണ് മനസ്സില്‍ കാണുന്നത്....അതു മിക്കവാറും മനസ്സിലാക്കുന്നവരാണ് ഇപ്പറഞ്ഞ സംവിധായകര്‍ മുഴുവന്‍. ഇന്നാള്‍ക്ക് ഇന്ന സ്ട്രോങ് പോയിന്റ് ഉണ്ടെന്നു വിചാരിച്ച് ആ രീതിയില്‍ ഞാന്‍ ഒരിക്കലും ചെയ്തിട്ടില്ല.ചര്‍ച്ച ചെയ്യുമ്പോള്‍ ഇന്ന ഒരു സാധ്യത ഇന്നതില്‍ കാണുന്നു എന്നു പറയുമ്പോള്‍ അവരില്‍ നിന്നും നല്ല ഒരു പ്രതികരണം ഉണ്ടായിക്കഴിഞ്ഞാല്‍ തിരക്കഥയെഴുതുകയായി. അതെഴുതിക്കഴിഞ്ഞാലും പിന്നെ ഇരുന്നിട്ട് ധാരാളം ഡിസ്ക്കസ് ചെയ്യാറുണ്ട്. അവരൊക്കെ വളരെ കഴിവുള്ളവരാണ്. എന്റെ സങ്കല്‍പ്പങ്ങളും ദൃശ്യവല്‍ക്കരണങ്ങളും സ്വീകരിക്കാനുള്ള ഹൃദയവിശാലത ഉള്ളവരാണ് മിക്കവാറും എല്ലാവരും.
പക്ഷെ finished product നമ്മള് ഉദ്ദേശിച്ചതിലും വ്യത്യാസമുള്ളതാകാന്‍ സാദ്ധ്യതയില്ലെ?
മാറും. കുറച്ചൊക്കെ മാറും. പക്ഷെ totality- സമഗ്രതയില്‍ വലിയ മാറ്റം ഉണ്ടാവില്ല. കാരണം അവരുടേതായ ചില പ്രത്യേകതകള്‍. ഉദാഹരണത്തിന് ഭരതനുമായി ഞാന്‍ ചെയ്ത വൈശാലി. ഭരതന് നല്ല ക്രാഫ്റ്റ്സ്മാന്‍ ആണ്, നല്ല ചിത്രകാരന്. വൈശാലിയുടെ നിര്‍മ്മാണസമയത്ത് പലപ്പോഴും ഞാന്‍ കൂടെയുണ്ടായിരുന്നു. വര്‍ണ്ണങ്ങളോടുല്ല അമിതമായ അഭിനിവേശം കൊണ്ട്, പെയ്ന്റര്‍ ആയതുകൊണ്ടു ആവശ്യത്തില്‍ കൂടുതല്‍ നിറങ്ങള്‍ പ്രയോഗിച്ചു വൈശാലിയില്‍. ഇതൊന്നും എനിയ്ക്കത്ര തൃപ്തികരമായി തോന്നിയില്ല. അങ്ങനെ finished productല്‍ ഞാന്‍ സങ്കല്‍പ്പിക്കാത്ത കാര്യങ്ങള്‍ വന്നുകൂടിയിട്ടുണ്ട്. അത്രയും വര്‍ണ്ണ ശബളം ആക്കിയത് ഞാന്‍ ഉദ്ദേശിച്ചിട്ടില്ലെങ്കിലും അതൊക്കെ ഒരോരുത്തരുടേയും വ്യക്തിത്വം. ഞാന്‍ കുറ്റപ്പെടുത്തുകയല്ല. തെറ്റോ ശരിയോ എന്ന അര്‍ത്ഥത്തിലുമല്ല. പറഞ്ഞുവരുന്നത് ഫിനിഷ്ഡ് പ്രോഡക്റ്റില്‍ ചില മാറ്റങ്ങള്‍ കാണാമെന്നാണ്.
പക്ഷേ ഇതിലൊക്കെ മനസ്സറിഞ്ഞോ അറിയാതെയോ ഒരു സംവേദനം നടന്നതായിട്ടാണ് കാണുമ്പോള്‍ തോന്നുന്നത്.
അതെ അതെ. തുടക്കത്തില്‍ ഞങ്ങള്‍ ഇരുന്നു സംസാരിക്കുമെന്നു പറഞ്ഞല്ലൊ. പി. എന്‍. മേനോനുമായി ഞാന്‍ ചെയ്തിട്ടുള്ള ഓളവും തീരവും മലയാളചലച്ചിത്ര ചരിത്രത്തിലെ വഴിത്തിരിവാണെന്നൊക്കെ പറഞ്ഞു കേട്ടിട്ടുണ്ട്. ആ സ്ക്രിപ്റ്റ് എഴുതാന്‍ തുടങ്ങുന്നതിനു മുന്‍പു തന്നെ ഒരു മാസത്തോളം ഞങ്ങള്‍ വെറുതെ ഇരുന്നു സംസാരിച്ചിട്ടുണ്ട്. നിലമ്പൂര്‍ നിന്നും തടി വെട്ടിക്കൊണ്ടുവരുന്നവരുടേയും ചങ്ങാടത്തില്‍ പുഴയിലൂടെ കൊണ്ടു വരുന്നവരുടേയും ജീവിതത്തെപ്പറ്റിയുമൊക്കെ. അവിടെ നിന്നും തുടങ്ങി ഞങ്ങള്‍ ഒരു ധാരണയിലെത്തി. അതില്‍ നിന്നുമാണ് സ്ക്രിപ്റ്റ് ഉണ്ടായത്.നല്ല ധാരണയിലെത്തിക്കഴിഞ്ഞിട്ടേ സംവിധായകന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ പറ്റുകയുള്ളു. ഞാനങ്ങനയേ ചെയ്തിട്ടുള്ളു താനും.
മലയാള സിനിമാ സാഹിത്യത്തില്‍ നിന്നും അകന്നല്ലൊ. വളരെ ചുരുക്കമായേ സാഹിത്യകൃതികള്‍ സിനിമയാകുന്നുള്ളു. നല്ല പ്രമേയങ്ങളില്ല, കരുത്തുറ്റ തിരക്കഥാകൃത്തുക്കളില്ല, ആസ്വാദനശേഷിയില്‍ മാറ്റം വന്നിരിക്കുന്നു ഇവയൊക്കെയാണോ കാരണങ്ങള്‍?
സാഹിത്യകൃതികളെ ആശ്രയിച്ച് സിനിമയുണ്ടാക്കിയിരുന്ന ഒരു കാലം ഉണ്ടായിരുന്നു. സാഹിത്യത്തില്‍ മാറ്റങ്ങളുണ്ടായിക്കൊണ്ടിരിക്കുന്നു. നേരത്തെ ആദിമദ്ധ്യാന്തങ്ങളുള്ള നോവലുകളും കഥകളും ഉണ്ടായിരുന്നു. പുതിയ കാലഘട്ടത്തിലെ കഥകള്‍ ഒരു പ്ലോട് നെ ആധാരമാക്കിയിട്ടുള്ളവയല്ല, ഒരു പ്ലോട് പറയാവുന്ന രീതിയിലുള്ളവയല്ല. ചില ജീവിതചിത്രങ്ങളാണവ, അതുകൊണ്ട് പറ്റിയ കൃതികള്‍ വരുന്നില്ല എന്നത് കാരണങ്ങള്‍ ആരോപിക്കുന്നവരുടെ കാ്ഴ്ച്ചപ്പാടില് ശരിയായിരിക്കാം. എന്നുവച്ച് സിനിമയ്ക്കു പറ്റണമെന്നു വച്ച് ആരും എഴുതിന്നില്ലല്ലൊ. എഴുതുന്നുണ്ടാവും.ഈ പറയന്നുതു മുഴുവന്‍ ശരിയല്ല. സിനിമയെ സംബന്ധിച്ചിടത്തോളം നോവലുകള്‍ വേണമെന്നില്ല. ചെറുകഥ മതി. സിനിമയുടെ ആചാര്യനായി ഞാന്‍ കരുതുന്ന ഹിച്കോക്ക് പറഞ്ഞിട്ടുള്ളത് ഏറ്റവും ഉചിതമായത് ചെറുകഥയാണെന്നാണ്. നോവല്‍ മുഴുവനായി സിനിമയാക്കാന്‍ പ്രയാസമാണ്. ഡോക്ടര്‍ ഷിവാഗോ സിനിമയാക്കുകയാണെങ്കില്‍ 65 മണിക്കൂറ് വേണ്ടി വരും. പിന്നെ തിരക്കഥാകൃത്തുക്കളുടെ കാര്യം. ഇല്ലെങ്കില്‍ അവരെ നമ്മള് ഉണ്ടാക്കണം. ചെറുപ്പക്കാരായ നല്ല കഥാകൃത്തുക്കള്‍ക്ക് ഓറീയെന്റേഷന്‍ കൊടുക്കാം. ഞാന്‍ ബന്ധപ്പെട്ട സംഘടനായ മാക്ട 45 ദിവസം നീണ്ട ഒരു ക്യാമ്പ് ആലുവായില്‍ നടത്തിയിട്ടുണ്ട്. തിരക്കഥ, സംവിധാനം മുതലായവയുടെ ഓറിയെന്റേഷന്‍ ക്യാമ്പ്. അതില്‍ നിന്നും കുറെപ്പേര് ഇപ്പോള്‍ സജീവമായി സിനിമാ രംഗത്തുണ്ട്. പക്ഷെ സ്ക്രീന്‍ പ്ലേ എഴുതുന്നതൊക്കെ പഠിപ്പിച്ചെടുക്കാന്‍ വയ്യ. How to Write a Screenplay എന്ന പുസ്തകങ്ങളൊന്നുമില്ല.എന്നാല്‍ ഒന്നുണ്ട്. പ്രസിദ്ധ സംവിധായകര്‍- ബെര്‍ഗ് മാന്‍, കുറോസോവ, അന്റോണിയോനി, ഫെല്ലിനി- ഇവരൊക്കെ സ്വന്തം സിനിമാസ്ക്രിപ്റ്റ് അവര്‍ തന്നെയാണ് എഴുതിയിട്ടുള്ളത്.
ആസ്വാദനനിലവാരത്തിലുണ്ടായ തകര്‍ച്ചയാണോ സാഹിത്യവും സിനിമയുമായി അകലാന്‍ കാരണം?
ആസ്വാദന നിലവാരം താഴ്ന്നെന്നു തോന്നുന്നില്ല. ഒരേ തരത്തിലുള്ളതു കൊടുത്തുകൊണ്ടിരുന്നാല്‍ ആളൂകളുടെ സംവേദനക്ഷമതയ്ക്കു വ്യത്യാസം വരും. വേറൊന്നും കിട്ടാനില്ല. വ്യത്യസ്തമായ ഒരു സിനിമാ നല്കിയാല് അത് തീര്‍ത്തും നിഷേധിക്കുമെന്നു തോന്നുന്നില്ല. പക്ഷെ ആളുകളില്‍ ഒരു film culture സിനിമാ സംസ്കാരം ഉണ്ടാവേണ്ടത് അത്യാവശ്യമാണ്. കോളേജു നിലവാരത്തില്‍ തന്നെ തുടങ്ങണം ഇതിനുള്ള തയാറെടുപ്പുകള്‍. നല്ലതും ചീത്തയും തെരഞ്ഞെടുക്കാന്‍ ഉള്ള സംസ്കാരം കോളേജു ക്യാമ്പസുകളില്‍ നിന്നു തന്നെ ആരംഭിക്കണം. ഫിലിം സൊസൈറ്റികള്‍ വേണം. ഭാഗ്യവശാല്‍ ചിലതൊക്കെ തുടങ്ങിയിട്ടുണ്ട്. ഫിലിം അക്കാഡെമി വന്നതില്‍പ്പിന്നെ ക്ലാസിക്സ് ന്റെ ഫെസ്റ്റിവല്‍ ഒക്കെ തുടങ്ങി. ഫിലിം സൊസൈറ്റികള്‍ ഉണ്ടായിരുന്ന കാലം തിരിച്ചു പിടിയ്ക്കണം.
റ്റെലിവിഷന്റെ കടന്നുകയറ്റം വ്യാപകമായിട്ടുള്ളപ്പോള്‍ ഒരു തിരിച്ചു പോക്ക് സാദ്ധ്യമാണോ?
റ്റെലിവിഷന് വന്നതുകൊണ്ട് സിനിമ മരിയ്ക്കുന്നില്ലല്ലൊ. സിനിമ വന്നപ്പോള്‍ നാടകം പോകുമെന്നായിരുന്നു പേടി. പക്ഷെ നാടകം നില നിന്നു. റ്റെലിവിഷന് വന്നതുകൊണ്ട് സിനിമ കാണല്‍ കുറഞ്ഞിട്ടില്ല. പുസ്തകങ്ങള്‍ ഇല്ലാതാകുന്നില്ല. ഒരു പുസ്തകം വായനയില്‍ നിന്നും കിട്ടുന്ന അനുഭവം റ്റെലിവിഷനില് നിന്നും കിട്ടുകയില്ല. ഒരു ദൃശ്യമാദ്ധ്യമത്തില്‍ നിന്നും കിട്ടുന്ന താല്‍ക്കാലിക വിനോദം അല്ല വായന കൊണ്ടു ലഭിക്കുന്നത്. റ്റെലിവിഷന്റെ കടന്നുകയറ്റം എന്നൊക്കെപ്പറയുന്നത് ശാശ്വതമല്ല. കടന്നുപോകുന്ന ചില പരിണാമ ഘട്ടങ്ങളാണിതൊക്കെ.
അതിനോടനുബന്ധിച്ച് ഒരു ചോദ്യം. മലയാളം ഒരു വ്യവഹാരഭാഷ മാത്രമായിത്തീരും എന്നൊരു പേടി നമ്മള്‍ക്കു വേണോ? പ്രത്യേകിച്ചും വായനയിലെ കുറവ്, ഇംഗ്ലീഷിന്റെ തള്ളിക്കയറ്റം ഇവ മൂലം?
ഇല്ല, തീര്‍ച്ചയായും ഇല്ല. കേരളത്തിലെ പ്രസാധനരംഗമെടുക്കുക. ഒരു ശാഖയായി തുടങ്ങിയവര്‍ പല ശാഖകളായി. പുസ്തകങ്ങളുടെ എണ്ണം കൂടുന്നുണ്ട്. സെയിത്സ് വര്‍ദ്ധിയ്ക്കുന്നു. ഭാഗ്യവശാല്‍ പുസ്തകപ്രകാശനം കൂടിവരികയാണ്. പ്രധാന പബ്ലിഷേഴ്സുമായിട്ട് എനിയ്ക്കു ബന്ധമുണ്ട്. അവരൊക്കെ പുതിയ ശാഖകളിടുകയാണ്. ഇനി മലയാളം പഠിയ്ക്കാത്ത മലയാളം പറയാനറിയാത്ത ഒരു തലമുറ വരുന്നെങ്കില്‍ പേടിയ്ക്കണം. ഇപ്പോള്‍ ഒന്നും പേടിയ്ക്കാനില്ല.
മലയാളി സമൂഹത്തിനു എന്താണ് സംഭവിച്ചതെന്ന് ഒരു വ്യാകുലതയുണ്ട്. ആത്മഹത്യകള്‍ പെരുകുന്നു, രാഷ്ട്രീയ ക്രൂരതയില്‍ പിഞ്ചുകുഞ്ഞുങ്ങളുടെ വരെ കൈകാലുകള്‍ വെട്ടിയെറിയപ്പെടുന്നു, ആളുകള്‍ കൂട്ടത്തോടെ ആള്‍ദൈവങ്ങള്‍ക്കും ധ്യാനകേന്ദ്രങ്ങള്‍ക്കും അടിയറവു പറയുന്നു. മലയാളിക്ക് എന്താണ് സംഭവിച്ചത്?
ശരിയാണ്. എന്നെ അദ്ഭുതപ്പെടുത്തുന്ന കാര്യമാണിത്. ഒരു സംഭവം ഓര്‍ക്കുന്നു. തിരുവനന്തപുരത്ത് പദ്മതീര്‍ത്ഥക്കുളത്തില്‍ ഒരാള്‍ വേറൊരാളെ മുക്കിക്കൊല്ലുമ്പോള്‍ മുന്നൂറോളം പേര് നോക്കി നിന്നു, ഒരു കൌതുകക്കാഴ്ച കാണുന്നതു പോലെ. അതുകൊണ്ട് ആ ചോദ്യങ്ങള്‍ക്ക് പ്രസക്തിയുണ്ട്. മലയാളി മനസിനെന്തു പറ്റി? നമ്മള് ഓരോരുത്തരും സ്വയം നമ്മോടും സമൂഹത്തോടും ചോദിക്കേണ്ട ചോദ്യങ്ങള്‍ തന്നെയാണ്. മനസ്സിനെ അസ്വസ്ഥമാക്കുന്ന പലതും സംഭവിക്കുന്നുണ്ട്. കൂട്ട ആത്മഹത്യകള്‍ ഉപഭോഗസംസ്കാരത്തിന്റെ പ്രതിഫലനമാണ്. അയല്പക്കക്കാരനുമായി മത്സരിക്കേണ്ടി വരുക. ചില പ്രോഡക്റ്റ്സിന്റെ പരസ്യം neighbor's envy എന്നൊക്കെയാണ്. അവനവന് എന്തു വേണമെന്ന് നിശ്ചയമില്ല. എന്തിനോ അപ്പുറത്തേയ്ക്കുള്ള നോട്ടമാണ്.കടക്കെണിയില്‍ വീഴുന്നു. അയല്പക്കവും കൂട്ടായ്മയും ഇല്ലാതാവുന്നു. പിന്നെ ആത്മഹത്യയായി.ഇതിന്റെ കൊടും ക്രൂരത നാളെ എന്തൊക്കെ ആയിത്തീരാവുന്ന കുട്ടികളേയും കൂട്ടിയാണ് ആത്മഹത്യ എന്നതാണ്. സാമൂഹ്യശാസ്ത്രജ്ഞര്‍ പഠിയ്ക്കേണ്ടതാണിത്. ജപ്പാനില്‍ വളരെയധികം പ്രചാരത്തിലായ ഒരു പുസ്തകം ഉണ്ട്. The Philosophy of Honest Poverty. അതിസമ്പത്തിന്റെ പ്രശ്നങ്ങളെക്കുറിച്ച് അതില്‍ പറയുന്നത് ഒരു മാതിരി ഗാന്ധിയന്‍ ഫിലോസഫിയാണ്. അവനവന്റെ ആവശ്യങ്ങള്‍ അറിഞ്ഞുകഴിഞ്ഞാല്‍ സമ്പന്നതയിലാണ് ജീവിക്കുന്നത്. അതാണ് honest poverty.
പ്രവാസികളായ ഞങ്ങള്‍ എങ്ങനെയാണ് സാംസ്കാരികമായ, സാമൂഹികമായ പ്രതിബദ്ധത കാത്തു സൂക്ഷിക്കേണ്ടത്? ഞങ്ങള്‍ക്ക് ഇങ്ങനെ ചോദ്യങ്ങള്‍ എറിയാനേ പറ്റു.
നിങ്ങള്‍ മലയാളം മറന്നിട്ടില്ല എന്നതും ചില സാഹിത്യസംബന്ധിയായ കൂട്ടായ്മകളുണ്ടെന്നുള്ളതും വളരെ നല്ല കാര്യമാണ്. ഞങ്ങള്‍ ചോദിക്കുന്നതുപോലെ നിങ്ങള്‍ക്കും ചോദിക്കാം എന്തു പറ്റി എന്ന്. വേറൊന്നും അതിനെപ്പറ്റിപറയാന്‍ പറ്റുകയില്ല.
ഇപ്പോഴത്തെ സാഹിത്യമോ മറ്റു കലാരൂപങ്ങളോ ഈ പ്രശ്നങ്ങളുമായി സംവദിക്കുന്നുണ്ടോ?
ഉണ്ട്. ഞങ്ങള്‍ ഇക്കാര്യങ്ങളില്‍ വളെരെ ഇന്‍ വോള്‍വ്ഡ് ആണ്. നന്മ എന്ന തൃശൂര്‍ കേന്ദ്രമായ സംഘടനയില്‍ അദ്ധ്യാപകര്‍, കന്യാസ്ത്രീകള്‍, വിദ്യാര്‍ത്ഥികള്‍ ഇവരൊക്കെ പണിചെയ്യുന്നുണ്ട്. ഉള്‍പ്രദേശങ്ങളിലൊക്കെ ഇവരുടെ പ്രവര്‍ത്തനം എത്തിച്ചേരുന്നുണ്ട്. ആല്‍ക്കഹോളിക്സ് അനോണിമസ് പോലെ ആളറിയാതെ സമീപിക്കാനുള്ള സംവിധാനമൊക്കെയുണ്ട്. ചെറിയ തോതില്‍ ഇങ്ങനെ ഒരു തടയണ ഇടാനുള്ള ശ്രമങ്ങള്‍ ഞങ്ങള്‍ നടത്തുന്നുണ്ട്.
വിദേശയാത്രകളില്‍ താല്‍പ്പര്യമുണ്ടെന്നു തോന്നുന്നു. പ്രവാസികളുടെ നൊമ്പരങ്ങള്‍ സ്വനപ്പെടുത്തിയ ‘ഷെര്‍ലോക്ക്’ പോലത്തെ കഥകള്‍ എഴുതിയിട്ടുണ്ട്. ഞങ്ങളുടെ ജീവിത പ്രതിസന്ധികള്‍ ഇനിയും കഥകള്‍ക്കു വിഷയമാകുമോ? ഈ യാത്രകളും അനുഭവങ്ങളും ജീവിതവീക്ഷണത്തെ വിപുലപ്പെടുത്തിയിട്ടുണ്ടോ?
യാത്രകള്‍ പണ്ടേ എനിയ്ക്കിഷ്ടമാണ്. ധാാരാളം ചെയ്തിട്ടുണ്ട്. എല്ലാ യാത്രകളില്‍ നിന്നും അനുഭവകഥകള്‍ ഉണ്ടാവണമെന്നില്ല. striking ആയി തോന്നുന്നത് ചിലപ്പോള്‍ കഥയാകും. ബോംബേയില്‍ ചെന്നിട്ട് ബോംബേ പശ്ചാത്തലമായി ചില കഥകള്‍ എഴുതിയിട്ടുണ്ട്. ഇവിടെ പലവട്ടം വന്നിട്ടുണ്ട്. എഴുപതു മുതല്‍ യു. എസില്‍ ഒരുപാട് തവണ. പക്ഷെ ഒരിക്കല്‍ മാത്രമേ ഒരു കഥയുടെ ബീജം മനസ്സില്‍ വന്നു വീണത്. അതാണ് ‘ഷെര്‍ലോക്ക്’.എന്തെങ്കിലുമൊക്കെ വീണു കിട്ടും എന്ന പ്രതീക്ഷയിലാണ് യാത്രകളൊക്കെ. ഞാന്‍ മനസ്സു കാത്തിരിക്കുന്നു, ആഗ്രഹിക്കുന്നു.
ഒരു വ്യക്തിപരമായ ചോദ്യമാണ്. താങ്കളെക്കുറിച്ച് മാധവിക്കുട്ടി ഒരിക്കല്‍ പറഞ്ഞിരുന്നു അമിതമായ വികാരസമ്മര്‍ദ്ദങ്ങള്‍ സഹിച്ചു ജീവിക്കാന്‍ കുറുക്കുവഴികള്‍ തേടാത്തവരുണ്ടോ എന്ന്. ജീവിതത്തില്‍ ശീലങ്ങളോ ദുശ്ശീലങ്ങളോ വികാരസമ്മര്‍ദ്ദം മൂലം വന്നു കൂടിയിട്ടുണ്ടോ?
അങ്ങിനെയൊന്നുമില്ല. ജീവിതത്തിന്റെ ഒരു ഘട്ടത്തില്‍ ഞാന്‍ ധാരാളം കുടിച്ചിരുന്നു. കുറെക്കഴിഞ്ഞപ്പോള്‍ അതു നിറുത്തി. ഇതൊന്നും ഒന്നിനും പരിഹാരം അല്ല.
പുതിയ നോവല്‍, കഥ, സിനിമ.....?
ഒരു നോവലിന്റെ പണി തുടങ്ങി വച്ചിട്ടുണ്ട്. സമയം പ്രശ്നമാണ്, രണ്ടുമൂന്നു പ്രസ്ഥാനങ്ങളുമായി ബന്ധമുള്ളതുകൊണ്ട്. തുഞ്ചന്‍ മെമ്മോറിയല്‍, സാഹിത്യ അക്കാഡെമി ഇവയൊക്കെ. പിന്നെ വേറൊരു പ്രോജെക്റ്റ് വന്നു പെട്ടു. പഴയതുപോലെ ഉറക്കമൊഴിച്ചിരുന്ന് എഴുതാനൊന്നും പറ്റുകയില്ല. പിന്നെ മറ്റു സാദ്ധ്യതകള്‍, യാത്രകള്‍. ഇതൊക്കെ കഴിഞ്ഞാല്‍ പുസ്തകം തീര്‍ക്കാം എന്നു കരുതുന്നു. സിനിമ? ഇപ്പോഴൊന്നും ആലോചിട്ടില്ല.
25 comments:
എം.ടിയുമായി ഒരു ടെലിവിഷന്‍ ചാനലിനുവേണ്ടി ഞാന്‍ നടത്തിയ അഭിമുഖത്തിന്റെ സംക്ഷിപ്തം. സമയപരിധിയുണ്ടായിരുന്നതിനാല് പെട്ടെന്നു ചോദ്യങ്ങള്‍ ചോദിച്ചു ചോദിച്ചു പോകുകയായിരുന്നു. കഥ, തിരക്കഥ, മറ്റുചില കാര്യങ്ങള്‍ ഒക്കെ സംഭാഷണം.
മികച്ച ഇന്റര്‍വ്യൂ. ഷെര്‍ലക്കിനെ കുറിച്ചുള്ള ചോദ്യം അല്പം തെറ്റായി കാസ്റ്റ് ചെയ്തെന്ന് തോന്നുന്നു. കൂടല്ലൂരില്‍ നിന്ന് കോഴിക്കോട് എന്ന നഗരത്തിലേയ്ക്ക് സ്വയം പ്രവാസിയായി ചേക്കേറിയ എംടിയില്‍ പ്രവാസമല്ല നഗരമാണ് കഥകള്‍ ഉണ്ടാക്കിയത് എന്നാണ് എനിക്ക് തോന്നുന്നത്. എംടിയില്‍ മാത്രമല്ല പൊതുവില്‍ മികച്ച ചെറുകഥകള്‍ക്ക് നഗരം ആന്തരികപ്രേരണയാണ്. കോഴിക്കോടിനെ ചിക്കാഗോ? വിഴുങ്ങുമ്പോഴാണ് എംടിയുടെ കരിയറിലെ ഏറ്റവും ബെസ്റ്റ് കഥയായ ഷെര്‍ലക്ക് വരുന്നതെന്ന് ഓര്‍ക്കണം. പ്രവാസവുമായി അതിനു വലിയ ബന്ധമില്ലെന്ന് തോന്നുന്നു.
എതിരന്‍ജീ...
വളരെ നല്ല ഒരു അഭിമുഖം. നേരില്‍ കണ്ടതു പോലുള്ള ഒരു ഫീല്‍.
:)
ആഴത്തില്‍ ചിന്തിക്കുന്ന, ബുദ്ധിപരമായി ചോദ്യങ്ങളുതിര്‍ക്കുന്ന എതിരന്‍ കതിരവനെ എനിക്കിഷ്ടായി!
എതിരന്‍ജി..നല്ല അഭിമുഖം.
വളരെ പ്രസക്തങ്ങളായ ചോദ്യങ്ങള്‍..
പിന്നെ എം.ടി അല്ലേ ആള്,ഏതു ചോദ്യത്തിനും എപ്പോഴും റെഡി ഉത്തരം കരുതി വെയ്ക്കുന്ന ഒരാളാണ് അദ്ദേഹം.
എം.ടി യുടെ കഥകളില്‍ കുട്ട്യേടത്തിയും ഇരുട്ടിന്റെ ആത്മാവുമാണ് എന്റെ അഭിപ്രായത്തില്‍ ഏറ്റവും നല്ല കഥകള്‍.നോവലില്‍ മഞ്ഞും.
എം.ടിയുടെഎഴുപതു ശതമാനത്തോളം സൃഷ്ടികളും ആത്മകഥാംശമുള്ളവയാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്( എം.ടി യുടെ ഒട്ടു മിക്ക സൃഷ്ടികളും വായിച്ചിട്ടുണ്ട്). കൂടല്ലൂരിലേയ്ക്ക് ലോകത്തെ മുഴുവന്‍ വരുത്തുന്ന മഹത് കഥാകൃത്ത്..
വളരെ മികച്ച ഒരു ഇന്റര്‍വ്യൂ എതിരന്‍ജി. നന്ദി ഇത് ഇവിടെ പ്രസിദ്ധീകരിച്ചതിന്
എം.ടിയെ വായിക്കുക എന്നത് എപ്പോഴും ആവേശം തന്നെ.
എതിരന്‍, ഇന്റര്‍വ്യൂ മികച്ചതായി.
എതിരന്‍ കതിരവാ,
നല്ല ഫസ്റ്റ് ക്ലാസ് ഇന്റര്‍വ്യൂ.... ചോദ്യങ്ങളിലും ഉത്തരങ്ങളിലും രണ്ടാളുടെയും ക്ലാസ് വ്യക്തം. എനിക്ക് വളരെ ഇഷ്ടമായി.. ഇത് ഇവിടെ പങ്കുവച്ചതിന് ഒരായിരം നന്ദി.
-അഭിലാഷ്
നന്ദി എതിരവന് ജി...
വളരെ നല്ല ഇന്റര്‍വ്യൂ! ചോദ്യം ചോദിച്ച ആളും ഉത്തരം പറഞ്ഞ ആളും കട്ടയ്ക്ക് കട്ടയ്ക്ക് നില്‍ക്കുന്നുണ്ട്!:)
Good Interview !!
നന്ദി, നന്ദി, നന്ദി...... എന്നു ചോദിച്ചതാ, ഇപ്പഴാണല്ലോ തരുന്നത്! ഒരുപാട് സന്തോഷമായി സുഹൃത്തേ ഒരുപാട്... നല്ലോരിന്റര്വ്യൂ.
നാടകം നിലനിന്നു എന്ന എംടിയുടെ അഭിപ്രായത്തോട് വിയോജിപ്പു തോന്നുന്നോ! അയ്യേ, ഇവനാര് വിയോജിക്കാന്‍? വിട്ടുകളഞ്ഞു, നാളെ ഒന്നൂടി ആലോചിക്കാം! :)
വായിച്ച് അഭിപ്രായമറിയിച്ച എല്ലാവര്ക്കും നന്ദി.
രാജ്: പ്രവാസിയുടെ ഒറ്റപ്പെടലിന്റെ വിഭ്രാന്തിയില്‍ ഒറ്റപ്പെട്ട വേറൊരാത്മാവ് (പൂച്ച)യുമായുള്ള ഒന്നു ചേരലായും ഷെര്‍ലൊക്കിന്റെ സാരത്തെ വ്യഖ്യാനിക്കമെന്നാണ് ഞാാന്‍ കരുതിയത്.
പപ്പൂസ്: ലോകമെമ്പാടുമുള്ള നാടകത്തിന്റെ സ്ഥിതിയായിരിക്കണം എം. ടി. ഉദ്ദേശിച്ചത്. സിനിമ വന്നപ്പോള്‍ നാടകം പോകുമെന്ന് അമേരിക്കയിലും സംഭ്രാതി ഉണ്ടായിരുന്നു. പക്ഷെ നാടകം ഇന്നിവിടെ വളരെ ശക്തമാണ്. മിക്കവാറും എല്ലാ പ്രമുഖ സിറ്റിയിലും നാടക കൊട്ടക ഉണ്ട്. അവിടെ മെംബെര്‍ഷിപ് എടുത്ത് നാടകം ആസ്വദിക്കന്നത് പതിവ്. ഹൈ സ്കൂള്‍ നാടകങ്ങള്‍ പ്രൊഫഷണല്‍ നാടകങ്ങളെ വെല്ലുന്നതാണ്. മിക്ക ഹൈ സ്കൂളുകളിലും ശക്തമായ നാടക ട്രൂപ് ഉണ്ട്. യുണിവേഴ്സിറ്റികളില്‍ തിയേറ്റര്‍ ഡിപാര്‍ട്മെന്റ് വലുതാണ്. പങ്കെടുക്കുന്ന കുട്ടികളുടെ അര്‍പ്പണബോധം അതിരറ്റതാണ്. സിനിമയെ വേറിട്ട് കാണാന്‍ ഇവര്‍ക്കറിയാം.
നാട്ടില്‍ നാടകം ക്ഷയിച്ചത് performing arts നോടുള്ള താല്പ്പര്യക്കുറവുകൊണ്ടായിരിക്കണം. സിനിമയെ കുറ്റം പറയാന്‍ വയ്യ. തിയേറ്ററിലെ വിസ്മയമായ കഥകളി എന്താണെന്നറിയാന്‍ സായിപ്പ് നമ്മളേക്കാള്‍ താല്‍പ്പര്യം കാണിക്കുന്നത് ഇതിനാലാണ്.
മികച്ച ഇന്റര്‍വ്യൂ.
നന്ദി, ഇത് ഇവിടെ പങ്കുവച്ചതിന്.
വളരെ ഉത്സാഹത്തോടെ ഒറ്റയിരുപ്പിന് വായിച്ച് തീര്‍ത്തു... നല്ല കുറേ ചോദ്യങ്ങള്‍.. കുറേ വിജ്ഞാനപ്രദമായ കാര്യങ്ങള്‍... നന്ദി..
പുലീ...കലക്കനായി ട്ടാ...:)
ഇന്നും ഇന്നും ഇതോലൊള്ളത് ഒത്തിരി പോരട്ടെ..
എതിരവന്‍ജീ..മുടുക്കന്ജീ..:)
എന്റെ എതിരന്‍ മാഷേ, ഇതിനു മുമ്പ് ഈ ബ്ലോഗില്‍ വായിച്ച ഒരു ഇന്റര്വ്യൂവിനേക്കാളും നന്നായി തോന്നി എനിക്കിത്. ഒറ്റയടിക്ക് വായിച്ചു, ടി.വിയില്‍ ഒരു ഇന്റര്വ്യൂകാണുന്ന അതേ വ്യഗ്രതയോടെ.
ഓ.ടോ. ഇതെല്ലാം വായിക്കുമ്പോള്‍ പതിവായി മനസ്സില്‍ ഉയരുന്ന ചോദ്യം വീണ്ടും ഉയര്‍ന്നുവരുന്നു, ആരായിരിക്കാം ഈ എതിരന്‍? ഒരു നാള് ടി.വി. യില്‍നിന്നും പിടികൂടാം ഈ എതിരനെ എന്ന ശുഭാപ്തി വിശ്വാസത്തോടെ.. :)
എം.റ്റി.യെ ക്കുറിച്ച് എവിടെ എന്തു കണ്ടാലും വായിക്കുമായിരുന്ന, ഞാന്‍ ഈ ഇന്റര്‍വ്യൂ വളരെ ഹൃദ്യമായി ആസ്വദിച്ചു. നല്ല ചോദ്യങ്ങള്‍. കിളി വാതിലിലൂടെ എന്ന അദ്ദേഹത്തിന്റെ പംക്തി ആകാംക്ഷയോടെ വായിക്കുമായിരുന്നു.
ഓ.ടോ.
പ്രവാസികളായ ഞങ്ങള്‍ എങ്ങനെയാണ് സാംസ്കാരികമായ, സാമൂഹികമായ പ്രതിബദ്ധത കാത്തു സൂക്ഷിക്കേണ്ടത്?
നിങ്ങള്‍ മലയാളം മറന്നിട്ടില്ല എന്നതും ചില സാഹിത്യസംബന്ധിയായ കൂട്ടായ്മകളുണ്ടെന്നുള്ളതും വളരെ നല്ല കാര്യമാണ്. ഞങ്ങള്‍ ചോദിക്കുന്നതുപോലെ നിങ്ങള്‍ക്കും ചോദിക്കാം എന്തു പറ്റി എന്ന്. വേറൊന്നും അതിനെപ്പറ്റിപറയാന്‍ പറ്റുകയില്ല.
അപ്പോള്‍ കൂട്ടായ്മ എന്നതു് പരസ്യമാണു്.:)
അക്ഷരം വായിക്കാന്‍ മടിയുള്ള വിവരെ കെട്ടവനായ ഞാന്‍ ഏറെ നാളുകള്‍ക്കു ശേഷം ആദ്യാവസാനം വായിച്ച പോസ്റ്റ്. ഇത് ഇപ്പോഴാണ് കാണുന്നത്. എതിരേട്ടാ, പ്രയത്നത്തിന് നന്ദി. ഞങ്ങള്‍ കടപ്പെട്ടിരിക്കുന്നു.
കോഴിക്കോട് പഠിക്കുമ്പോള്‍ രണ്ട് മൂന്ന് തവണ എം.ടിയെ അദ്ദേഹത്തിന്റെ ഓഫീസില്‍ പോയി കണ്ടിട്ടുണ്ട്, ഓരോ ഫംഗ്ഷനു വിളിക്കാനൊക്കെ. ആദ്യമൊക്കെ സംസാരത്തില്‍ പിശുക്കായിരുന്നു. പിന്നെ ചെല്ലുമ്പോള്‍ ഹായ് പറയും, ചായ തരും..പക്ഷെ ഒരിക്കലും ചിരിച്ചു കണ്ടിട്ടില്ല.
എന്തു കൊണ്ടാണ് അദ്ദേഹത്തിന്റെ കഥാപാത്രങ്ങളെല്ലാം ദുഷ്ട് ഉള്ളവരായത്?
എം.ടി എന്ന എഴുത്തുകാരനെക്കാളും എനിക്കിഷ്ടം സംവിധായകനെയാണ്.
നല്ല അഭിമുഖം. അഭിനന്ദനങ്ങള്‍
കിച്ചു, സൂര്യോദയം, പ്രയാസി,വേണു: വായിച്ച് അഭിപ്രായം അറിയിച്ചതിനു വളരെ നന്ദി.
ബെര്‍ളി:കമന്റെഴുതാന്‍ അറിയാന്‍ പാടില്ലെങ്കില്‍ “മുകളില്‍ ഇന്ന ആള് പറഞ്ഞതിനു താഴെ ഒരു ഒപ്പ്” എന്ന് എഴുതിയാല്‍ മതിയായിരുന്നു. അക്ഷരജ്ഞാനം ഇല്ലാത്ത വിവരം കെട്ടവനായ ബെര്‍ളിയ്ക്കു മനസ്സിലാകുന്ന തരത്തില്‍ ഒരു പോസ്റ്റ് ഉടനെ ഇടാം കെട്ടൊ. (അല്ലെങ്കിലും ഈ പാലാ-ഈരാറ്റുപേട്ട സൈഡീന്നുള്ളവര്ക്ക് വിവരം പണ്ടേ ഇല്ല. ഇവര്‍ക്കൊക്കെ വായിക്കാന്‍ പോസ്റ്റിടാന്‍ ഭാവിക്കുന്ന എന്നെ വേണം പറയാന്‍).
റോബീ: എം. ടിയുടെ സംവിധാനപ്രതിഭ എല്ലാ സിനിമകളിലും തെളിയാറില്ല. ‘വാരിക്കുഴി’ ഉദാഹരണം.
കേരളത്തിന്റെ സാഹിത്യ/സാമ്സ്കാരിക മേഖലയീല്‍ തിളങിനില്ക്കുന്ന എമ്. ടീയ്യൂടേ കാഴ്ചപ്പാടുകളെ കുറിച്ച് ലളിതമയ രീതിയില്‍ മനസ്സിലാക്കിതന്ന
എതിരന്‍ സാറിന്ന് നന്ദി രേഖപ്പെടുത്തി കൊള്ളുന്നു.
എം.ടി യ്ടെ അധികമൊന്നും വായചിട്ടില്ല. വായിച്ചു കഴിയുമ്പൊ വിചാരിചിട്ടുണ്ട് ഇദ്ദേഹം ഒരു മനുഷ്യൻ തന്നെ ആണൊ ന്നു
സേതുമാഷുമായുള്ള വിശദമായ വര്‍ത്തമാനം പ്രതീക്ഷിക്കുന്നു. പടങ്ങള്‍ ഉള്‍പ്പടെ
മികച്ച ഇന്റർവ്യൂ. ഈ അടുത്ത കാലത്തു വായിച്ചതിൽ
Post a Comment