എഴുത്തിലെ ഞാൻ, ഞാനിലെ എഴുത്ത്
ഈ മരണക്കിണർക്കളിയിൽ സത്യം കോരിയെടുക്കാൻ ഭാവനയെ കെട്ടിവലിയ്ക്കും എങ്കിലും എഴുത്തുകാരന് തൃപ്തി പോര. അവനവനെ ത്തന്നെ കഥയിൽ പ്രതിഷ്ഠിയ്ക്കുകയാണ് ഒരു എളുപ്പവഴി. കഥകളിൽ അനുഭവം അനുവാചകന്റേതു കൂടി ആയിരിക്കണം. അതിനു കഥാകാരൻ/കാരി സ്വന്തം അനുഭവം എന്ന് വിശ്വസിപ്പിക്കുകയാണ് . ഭാവനയിൽ കോരിയ വെള്ളത്തിൽ ഞാൻ എന്ന മധുരം അലിഞ്ഞുകിടന്നാൽ അത് മോന്തുന്നവന് തൃപ്റ്റിയേറുകയും ചെയ്യും.ആത്മരസമോഹനം കുളിർ തണ്ണീർ തന്നെ ഇത്. എഴുത്തുകാരന്റെ സാകാരപദാർത്ഥ സംബന്ധി ആയിരിക്കണമെന്നില്ല അത്. ഒരു കാര്യത്തെ ജയിക്കാൻ അതിനെ അനുകരിക്കുകയാണ് വേണ്ടത് എന്ന യുക്തി അനുസരിച്ച് എഴുത്തുകാരൻ ‘ഞാനി‘നെ അനുകരിച്ച് മറ്റൊരു ‘ഞാനി‘നെ അവതരിപ്പിക്കും. കഥാപാത്രത്തിൽ കയറിയും ഇറങ്ങിയും മായക്കളി കളിയ്ക്കും. അനുവാചകനു വിഭ്രാന്തി തോന്നാത്ത വിധത്തിൽ അവതരിപ്പിക്കുക കൂടെ ആകുമ്പോൾ കളിയിൽ പ്പെടുന്നത് ഈ വായനക്കാരൻ തന്നെ. എഴുത്തുകാരന് ഇത് സാകാരലബ്ധിയാണ്, അരൂപത്തിൽ നിന്നും രൂപത്തിലേക്കുള്ള കുറുക്കു വഴിയാണ്.
എന്നാൽ ആത്മദർശനം പുറത്താക്കുന്ന, അകം പുറം തിരിയുന്ന വിദ്യകൊണ്ടാണ് എഴുത്തുകാരൻ ചെപ്പും പന്തും കളിയ്ക്കുന്നത്. അകത്തെ ചങ്ക് പുറത്തുകീറിയെടുത്ത് ചെമ്പരത്തിപ്പൂ അല്ല്ലെ എന്നു തുറന്നു ചോദിക്കുന്ന നിഷ്ക്കളങ്കജാലവിദ്യ തന്നെ ഇത്. ഇതൊരു ഒളിച്ചുകളിയാണെങ്കിലും എഴുത്തുകാർക്ക് അങ്ങനെ അങ്ങ് ഒളിയ്ക്കാൻ പറ്റുകയില്ല. അകത്തു കൊട്ടുന്ന ഉടുക്കിന്റെ പുറത്തുകേൾക്കുന്ന താളം സ്വന്തം ഹൃദയതാളമാണ്. തിരിച്ചറിയപ്പെടും. അവരുടെ മനഃപുസ്തകം ആണു വായിക്കാനിടുന്നത്. അകത്ത് മനനത്താൽ അലക്കിയ സ്വത്വം എന്ന മുണ്ട് പുറത്തുണക്കാനിടുക തന്നെ ഇത്. സ്വന്തം നിലപാടുകളുടെ കര തെളിഞ്ഞുകാണുന്ന മുണ്ട്.
സ്വന്തം ചോരപ്പശിമയാൽ കുഴച്ചു പതം വരുത്തിയ ഈ നിലപാടുതറയിൽ ആണ് എഴുത്തുകാരനെ അനുവാചകൻ കാണുന്നത്. പ്രത്യയശാസ്ത്രത്തിന്റെ പുതപ്പിനുള്ളിൽ മാത്രം എഴുത്തുകാരനെ കാണുന്നതിൽ പക്ഷേ തെറ്റിദ്ധാരണകൾ ഉളവെടുക്കുന്നുണ്ട്. മാധവിക്കുട്ടിയെ ഈ പുതപ്പു പുതപ്പിച്ചിട്ട് ഏറെ നാളായി. ‘എന്റെ കഥ‘ എഴുതിയതോടെയാണ് അനുവാചകൻ സ്വന്തം തൊഴുത്തിൽ കെട്ടാൻ മാത്രം ആനയെ മെലിയിച്ചു തുടങ്ങിയത്. ഏട്ടിലെ പശുവിനെക്കൊണ്ട് പുല്ലു തീറ്റ്യ്ക്കുന്ന കഥ മെനയൽ. അവരിലെ കാവ്യഭാവന തൊട്ടുരുചിക്കാനോ, കഥകളിലെ ആന്തരിക ചൈതന്യം തെല്ല് ആവാഹിക്കാനോ മനസില്ലാതെ കൊട്ടിയടച്ച് ജനൽപ്പഴുതിലൂടെ മാത്രം നോക്കുന്ന ഒളിച്ചുകളിയിൽ രസിച്ചമരാമെന്നാണ് മലയാളി തീരുമാനിച്ചത്. സ്ത്രീ-ലൈംഗികത-ദാമ്പത്യരഹസ്യങ്ങൾ എന്ന സങ്കരപ്രമേയം അവനെ തന്റെ ഒളിനോട്ടദാഹത്തിനു ശമനിയാക്കാൻ പഴുത് കണ്ടു. മാധവിക്കുട്ടിയുടെ നിലപാട് ഇതാണ്, ഇതു മാത്രമാണ് എന്നു മലയാളി വായനക്കാർ തീരുമാനിച്ചുറപ്പിക്കുകയായിരുന്നു. ഒരു പെണ്ണ് ദാമ്പത്യരഹസ്യങ്ങൾ, പ്രത്യേകിച്ചു ലൈംഗികതാനിബദ്ധമായത് തെളിച്ചു പറയുന്നതിൽ ഭീതിയാർന്ന പുരുഷന്മാർക്ക് അവരെ ഒരു “ലൂസ് വുമൻ’ ബ്രാൻഡ് അംബാസഡറാക്കി നിശ്ചയിക്കപ്പെടേണ്ടത് അത്യാവശ്യമായും വന്നു. സ്വാതന്ത്ര്യബോധം, അതും ഉൽക്കടമായത്, വിഭ്രാത്മകമായ ഭാവന, ആത്മപ്രഹർഷണത്തിന്റെ ഉച്ചകോടിയിലെത്താനുള്ള വീറും വാശിയും ആർജ്ജവവും, കാവ്യഭാവനയുടെ പരിപൂർന്ന ഗഗനസഞ്ചാരം ഇതൊക്കെ വലിച്ചു താഴത്തിട്ട് ഞെക്കി ച്ചവിട്ടി ഇനിയൊരിക്കലും ശ്വാസം തിരിച്ചു കിട്ടാതിരിക്കാൻമാത്രം കുറെ യത്നിച്ചു ഈ ഭവ്യാരാധകർ. എഴുത്തുകാരന്റെ/കാരിയുടെ സ്വകാര്യജീവിതം അല്ല അവരുടെ എഴുത്തുജീവിതം. സ്വകാര്യജീവിതവിവരണം കലാത്മകമല്ല. സ്വന്തം മാനസിക ജീവിതത്തിന്റെ സംവേദനപ്രമാണങ്ങൾ ആണു കഥാപാത്രങ്ങൾ എങ്കിലും മാധവിക്കുട്ടിയിലെ ‘ഞാൻ’ എഴുത്തിലെ ‘ഞാൻ‘ എന്നീ സങ്കീർണ്ണ ദ്വന്ദങ്ങൾ ചിലപ്പോൾ ഒന്നാകാറുണ്ട്. എന്നാൽ ഈ ഒന്നിനെ രണ്ടായി കാണാനുള്ള വിവേകമില്ലാഞ്ഞൊന്നുമല്ല അറിഞ്ഞുകൊണ്ടുള്ള ഈ വ്യാജക്കളി. ‘ഗുരുവായൂരിൽ ശ്രീകൃഷ്ണനില്ല, എന്റെ കൂടെ ഇറങ്ങിപ്പോന്നു’ എന്നതിലെ കാവ്യഭാവന മനസ്സിലായില്ലെന്നു നടിച്ചു ഇക്കൂട്ടർ.
നേരത്തെ എഴുതിയ കഥകളിൽ നിന്നും “എന്റെ കഥ” യിലേക്ക് അധികം ദൂരം നടക്കേണ്ടി വന്നിട്ടില്ല മാധവിക്കുട്ടിയ്ക്ക്. മദ്ധ്യവർഗ്ഗക്കാരുടെ ആത്മവഞ്ചനകൾ, പ്രത്യേകിച്ചു ദാമ്പത്യബന്ധങ്ങളിലേത്, സ്നേഹരാഹിത്യമനുഭവിക്കുന്ന ഭാര്യമാരുടെ സ്വകാര്യദുഃഖങ്ങൾ, അഗമ്യഗമനങ്ങൾ, ദാമ്പത്യബാഹ്യമായ സ്നേഹബന്ധങ്ങൾ-അതും പലതും പരിപൂർണ്ണതയിൽ എത്തപ്പെടുന്നവ-, സൂക്ഷ്മമായ രതി വിവരണങ്ങൾ ഇവയൊക്കെ അവർ ആവർത്തിച്ച് കഥകളിൽ നിബന്ധിച്ചിരുന്നു. സ്വവർഗാനുരാഗം പണ്ടേ കഥകളിൽ പ്രമേയമാക്കപ്പെട്ടിട്ടുണ്ട്. വാസ്തവത്തിൽ ‘എന്റെ കഥ‘ യിൽ പ്രഥമപുരുഷനാമത്തിൽ വന്ന കഥാപാത്രം മറ്റു കഥകളിൽ വന്നവരുടെ പ്രതിബിംബമോ തന്മയീ ഭാവമൊ ആണ്. ഇവയിലേക്ക് സ്വയം സന്നിവേശിപ്പിച്ച് യഥാതതത്വവും വിശ്വസനീയതയും നേടുവാനുള്ള നൈപുണ്യത്തിന്റെ പ്രദർശനവുമായിരുന്നു ഇത്. അവരുടെ ഇംഗ്ലീഷ് കവിതകളിലെന്ന പോലെ ആത്മാന്വേഷണത്തിനു സ്വയം സമർപ്പിച്ച് ബലി നൽകുന്ന വിചിത്രാനുഷ്ഠാനജാലവിദ്യ. ഈ സമർപ്പണം അവരുടെ പല കവിതകളിലും കാണാം.
Benefit of soul
My body shall be bare
Benefit of body
My soul shall be bare
I throw the bodies out…only the souls know
How to sing
My body shall be bare
Benefit of body
My soul shall be bare
I throw the bodies out…only the souls know
How to sing
ഇതൊരു വിഭ്രാന്തി സൃഷ്ടിക്കലാണ് അതിവിദഗ്ദ്ധമായി ഈ ജാലവിദ്യ കൈകാര്യം ചെയ്തതിനാൽ അനുവാചകർ എളുപ്പം വശംവദരാകുകയും ചെയ്തു. ‘എന്റെ കഥ‘ എഴുതുന്നതിനു വളരെ മുൻപു തന്നെ കഥകളിൽ പ്രത്യക്ഷപ്പെട്ട ചില പ്രസ്താവനകൾ ചില സത്യങ്ങളുടെ മൂടി തുറക്കാൻ ശ്രമിച്ചതായി ശ്രദ്ധിക്കപ്പെടുകയുണ്ടായില്ല:
“എന്റെ ഭാവന മത്തുപിടിച്ച ആനയെപ്പോലെ എവിടെയെല്ലാം ഓടി നടന്നു, എന്തെല്ലാം തകർത്തു വീഴ്ത്തി! അദ്ദേഹവും ഞാനും കൂടി നടത്തിയ പ്രേമരംഗങ്ങളെപ്പറ്റിയും കാമരംഗങ്ങളെപ്പറ്റിയും എന്റെ കള്ളത്തൂലിക എത്ര തന്നെ വർണ്ണിച്ചു! എന്നാൽ വാസ്തവം എന്തായിരുന്നു? “ (കാലൊച്ച, 1966).
കഥയിലെ കള്ളം, കള്ളത്തിലെ കഥ-വരയുന്ന തൂലിക കള്ളച്ചിരി ചിരിയ്ക്കുന്നു.
‘എന്റെ കഥ‘ മാധവിക്കുട്ടിയെ ചാപ്പ കുത്തിച്ച് ‘ബ്രാൻഡെഡ്” ആക്കാനുള്ള ശ്രമായി ഇന്നും നിലനിൽക്കുന്നു. അവരിലെ എഴുത്തുകാരിയെ നിരാകരിയ്ക്കലാണിത്. ശക്തവും നിശിതവും ആയ കഥകളെല്ലാം എന്റെ കഥയ്ക്കു മുൻപേ എഴുതപ്പെട്ടിരുന്നു. ഭാവനാലോലയായി ഏകയായി അവർ ഏറെ ദൂരം പോയിരുന്നു. മരണവും മാതൃത്വവും കെട്ടുപിണഞ്ഞ കഥകൾ, ഇഹലോകത്തിൽ തിരിച്ചറിയാൻ പറ്റാതെ പോകുന്ന നിർമ്മലബന്ധങ്ങൾ, സ്നേഹത്തിന്റേയും പ്രേമത്തിന്റേയും സാർവ്വലൌകികത ഇവയൊക്കെ ഒളിഞ്ഞും തെളിഞ്ഞും ആ കഥകളിൽ നീളേകുറുകേ പാഞ്ഞു. ജൈവികതയേയും മനുഷ്യനേയും തന്നെ നിരാകരിയ്ക്കുന്ന മതഭ്രാന്തുകൾ പ്രമേയമായ കഥകൾ പ്രവചനാത്മകമായിരുന്നു. ചില കഥകൾ വിചിന്തനം ചെയ്യപ്പെടാതെ, പക്വമായി വായിക്കപ്പെടാതെ പുസ്തകത്താളുകളിൽ അടഞ്ഞുപോയിരിക്കയാണ്.
നാവികവേഷം ധരിച്ച കുട്ടി
സ്വയം വരം
പല വായനകൾ ആവശ്യമായ ചെറിയതു തന്നെയായ കഥയാണ് “സ്വയം വരം” (1968). അവന്തി രാജകുമാരിയാണെന്നു വിശ്വസിക്കുന്ന ഭ്രാന്തിവൃദ്ധയെ മൂന്നുപേർ ബലത്സംഗം ചെയ്തു കൊല്ലുന്നതാണ് കഥാതന്തു. രതിയുടെ നൃശംസത ഇതിൽപ്പരം പ്രത്യക്ഷമാക്കാനില്ല തന്നെ. കൂടാതെ വിവാഹാനന്തരമായ രതി കീഴടക്കലിന്റെ പര്യായമായി മാറുന്നതും അശ്ലീലവുമാകുന്നതും മറച്ചു വച്ച പ്രതിപാദ്യമാണ്. വൃദ്ധപീഡനത്തിന്റെ ബീഭത്സതയും നികൃഷ്ടതയും വെളിവാക്കുന്നതാണ് പ്രമേയാടിസ്ഥാനം. ഒരു ഭ്രാന്തായി പരിലാളിച്ച വിവാഹാഭിലാഷം കല്യാണത്തോടെ, പ്രത്യേകിച്ചും ബലാക്കാരരതിയോടെ മാറിപ്പോകുന്നതും സ്വബോധം വന്നുഭവിക്കുന്നതും കഥയുടെ മറ്റൊരു പ്രബോധനതലം. ബലാത്സംഗത്തിലൂടെ ഇരയുടെ ഭ്രാന്ത് വേട്ടക്കാരനിലേക്ക് മാറ്റപ്പെടുകയാണേന്ന ഗൂഢാർത്ഥവും വായിച്ചെടുക്കാം.
കുറച്ചു മണ്ണ്
ഒരു നാടൻ കഥയിൽ അത്യദ്ഭുതകരമായി സംശയത്തിന്റെ വിഭ്രാന്തിയിൽ ഉഴലുന്ന സ്ത്രീയുടെ മനഃശാസ്ത്രം ഒളിപ്പിച്ചു വയ്ക്കുന്ന കഥയാണ് “കുറച്ചു മണ്ണ് (1961). ഒരു കൊലപാതകം ഇത്രയും ലളിതവും നിശബ്ദവും വികാരരഹിതവും ആയി ചിത്രീകരിക്കപ്പെട്ടിട്ടുണ്ടോ എന്ന് സംശയം.. അടുത്തവീട്ടിലെ സുന്ദരിയായ സ്ത്രീയിൽ ഭർത്താവ് ആകൃഷ്ടനാകുന്നെന്ന സംശയവും ആ വീട്ടിലെ പറമ്പിൽ നിന്നും മണ്ണു മോഷ്ടിച്ചു തിന്നു തുടങ്ങുന്ന മുത്തച്ഛനും പ്രവൃത്തിയിൽ സമാന്തരങ്ങളെന്നു സമർത്ഥിയ്ക്കുകയാണ് കഥനസങ്കേതത്തിന്റെ പ്രത്യേകതയിൽക്കൂടി. പ്രതീകാത്മകമായി മുത്തച്ചനെ കൊന്നു കിണറ്റിലിടുമ്പോൾ അവൾ അയൽക്കാരിയോടുള്ള ഭർത്താവിന്റെ ആഭിമുഖ്യത്തെയാണ് ഇല്ലാതാക്കാൻ ശ്രമിക്കുന്നത്. തന്റെ തന്നെ വൈരൂപ്യവും യാതനകളും കാർക്കശ്യവുമാണ് ഭർത്താവിനു മറ്റൊരുവളിൽ ആഭിമുഖ്യം വളർത്തിയേക്കാമെന്ന പാരവശ്യമാണ് അവളെ ഇതിനു പ്രേരിപ്പിക്കുന്നത്. അതുകൊണ്ടു തന്നെ ആത്മബലിയുടെ അംശവും പേറുന്നു. കുടുംബത്തോടുള്ള പ്രതിബദ്ധത, പ്രത്യേകിച്ചും സ്വന്തം വയറ്റിലുള്ള കുഞ്ഞിനോടടുള്ളത് നിറവേറ്റാൻ അനിവാര്യമാവുന്നു, അവളെ സംബന്ധിച്ചിടത്തോളം മുത്തച്ഛന്റെ അസ്വാഭാവികതയെ ഇല്ലാതാക്കൽ.വിശുദ്ധ പശു, ദൈവത്തെ ധിക്കരിച്ച കുട്ടിയുടെ കഥ
മാധവിക്കുട്ടി അറുപതുകളിൽ നീട്ടിയെറിഞ്ഞ ഈ കഥകൾ ഇക്കാലത്താണ് വന്നു വീണ് നവപ്രസക്തിയാർജ്ജിക്കുന്നത്. ജീവന്റേയും നിഷ്ക്കളങ്കതയുടേയും നിരാകരണം മാത്രമല്ല ഉന്മൂലനാശമാണ് മതശാഠ്യങ്ങൾ അവയുടെ കടും പിടിത്തം മൂലം വരുത്തിത്തീർക്കുന്നതെന്ന് കുട്ടിയും സന്യാസിയും എന്ന ദ്വന്ദങ്ങളുപയോഗിച്ച് ഭീകരമായി വരച്ചു കാട്ടപ്പെടുകയാണ് ഈ രണ്ടു കഥകളിലും. ഈ പൈശാചികത്വത്തെ പെരുപ്പിച്ചുകാട്ടാൻ നേർവിപരീതമായ അതിലളിത ഭാഷയിലാണ് ആഖ്യാനം. ‘വിശുദ്ധപശു’വിൽ കുപ്പത്തൊട്ടിയിൽ പഴത്തൊലിയ്ക്ക് മത്സരിക്കുന്ന പശുവിനെ ഓടിച്ച കുട്ടിയെ കൊന്നുകളയുകയാണ് ‘ഓം നമശ്ശിവായ’ യും “അങ്ങയുടെ തിരുനാമം വാഴ്ത്തപ്പെടട്ടെ’ യും ജപിയ്ക്കുന്ന സന്യാസിമാർ. രണ്ടാമത്തെ കഥയിൽ ‘ദൈവത്തിനു വേണ്ടി നീ നിന്റെ അമ്മയെ കൊല്ലുവാൻ കൂടി തയാറാകണം‘ എന്ന് നിഷ്ക്കർഷിക്കുന്ന സന്യാസിയോട് അമ്മയെ കൊല്ലുകയില്ല എന്ന് കുട്ടി പറയുന്നതോടെ ദൈവപ്രസാദമാണെന്ന വ്യാജേന വിഷം നിറച്ച മിഠായി കൊടുത്ത് അവനെ കൊല്ലുകയാണ്. ഇവിടെയും സന്യാസി ജപിയ്ക്കുന്ന “ഓം നമശ്ശിവായ” യിലാണ് കഥ അവസാനിക്കുന്നത്. ഒരു നീതികഥയുടെ ആഖ്യാനരീതി അവലംബിച്ച് സംഭവഗതിയ്ക്ക് ചിരസ്ഥായി പരിവേഷം ഉത്പന്നമാക്കിയിട്ടുണ്ട്.
മാധവിക്കുട്ടിയുടെ നിലപാടുകളൊ പ്രത്യയശാസ്ത്രമോ പരിശോധിക്കേണ്ടത് അവരുടെ വിപുലവും വൈവിദ്ധ്യമാർന്നതുമായ കഥകളിലാണ്. ദീപ്തമായ ആത്മവത്ത തിളങ്ങിവിളങ്ങുന്നവയാണവ. അവർക്കു പറയാനുണ്ടായിരുന്നത് ‘എന്റെ കഥ’ യ്ക്കു മുൻപേ പറഞ്ഞും കഴിഞ്ഞിരുന്നു.
24 comments:
‘എന്റെ കഥ’ യിൽ മാധവിക്കുട്ടി ഒതുക്കപ്പെട്ട് പോയിരിക്കുന്നു. ‘നീർമാതളം’ നൊസ്റ്റാൾജിയ എഴുതിയതോടെ അവരെ ഓർമ്മക്കുറിപ്പുകാരിയുമാക്കി. ‘എന്റെ കഥ‘യ്ക്കു മുൻപാണ് മാധവിക്കുട്ടി വായിക്കപ്പെടേണ്ടത്.
എതിരൻ. :)
ഒന്നോടിച്ചു നോക്കിയതേയുള്ളൂ; വിശദമായി വായിക്കണം!
നന്ദി!
വളരെ നന്നായി അവലോകനം ചെയ്തു. മാധവിക്കുട്ടിയെ ഒരുപാട് stereotype ചെയ്യപ്പെട്ടിട്ടുണ്ട്. മനസ്സിലാകാതെ പോയ ഒരു അപൂര്‍വ എഴുത്തുകാരി. യാഥാസ്ഥിതിക ചട്ടക്കൂടുകളെ അവര്‍ക്ക് പേടിച്ചിരുന്നില്ല, എന്നാല്‍ സാമാന്യ വായനക്കാര്‍ അവരെ ഭയപ്പെട്ടിരുന്നു. സത്യം വിളിച്ചു പറയുന്നവരെ ആളുകള്‍ പേടിക്കും.
ഞാനും ഒന്നോടിച്ചു വായിച്ചു, ആദ്യമായിട്ടാണിവിടെയെത്തുന്നത്,കണ്ടതിലും വായിച്ചതിലും പരിചയപ്പെട്ടതിലും സന്തോഷം.
വളരെ നന്നായിട്ടുണ്ട് മാഷേ..
മാധവിക്കുട്ടി സ്റ്റീരിയൊടൈപ്പ് ചെയ്യപ്പെടുക മാത്രമല്ല, അല്പം ധൈര്യം കാണിക്കുന്ന ചെറുകിട എഴുത്തുകാരികളെ (അല്ലാത്തവരേയും) മാധവിക്കുട്ടി ആവണ്ടാ എന്നും പറഞ്ഞ് തളക്കുകയും ചെയ്യുന്നുണ്ട്..!!
മാധവിക്കുട്ടിയെ കൊണ്ടാടുന്നവരും വേട്ടയാടുന്നവരും അവരെ മനസിലാക്കാത്തവരാണ് എന്ന് തോന്നുന്നു... അവരെ പൂജിക്കുന്നവര്‍ അവരുടെ എഴുത്തിലെ സ്ത്രൈണ ശക്തിയെ മനസിലാക്കാന്‍ ശ്രമിക്കാതെ ഉപരിപ്ലവമായി എന്തൊക്കെയോ പറഞ്ഞുപോകുന്നു... കഥകള്‍ എല്ലാം കഥകള്‍ മാത്രമാണെന്ന് സ്ഥാപിച്ചെടുക്കാന്‍ ഇവര്‍ തിടുക്കം കൂട്ടുന്നതെന്തിനാണാവോ?
അതിനുള്ളിലെ വികാരങ്ങളുടെ തീവ്രതയോ അതു നിര്‍മിതമായ സാഹചര്യമോ ഒന്നും പ്രശ്നമില്ല?
മാധവിക്കുട്ടിയെ എതിര്‍ക്കുന്നവരും രണ്ടു വിഭാഗമുണ്ടെന്ന് പറയേണ്ടിവരും.. അവര്‍ പറയുന്നത് എന്തെന്ന് ഉള്‍ക്കൊള്ളാന്‍ കഴിയാത്തതിനാല്‍ എന്തോ കുഴപ്പം പിടിച്ച സംഗതിയാണെന്ന് കരുതി നമ്മുടെ സദാചാരത്തിനൊന്നും കോട്ടം തട്ടാതിരിക്കാന്‍ വാളെടുക്കുന്നവര്‍..
പിന്നെ, അവര്‍ പറയുന്നതില്‍ അന്തര്‍ലീനമായ സത്യങ്ങളെ തിരിച്ചറിഞ്ഞിട്ടും അതിനെ ഫേസ് ചെയ്യാന്‍ കൂട്ടാക്കാത്തവര്‍...അവര്‍ക്കും എതിര്‍ത്തേ പറ്റൂ.. കാരണം അത് അവരുടെ നിലനില്‍പ്പിന്റെ കൂടി വിഷയമാണല്ലൊ...
ബാലന്‍സ്ഡ് ആയി നിന്നുകൊണ്ടുള്ള ഒരു വായന ഇനി എന്നാണാവോ ഉണ്ടാവുക?
താങ്കള്‍ക്ക് അതിന് ഇനിയും കഴിയട്ടെ..
ആശംസകള്‍...
valare nannayi paranjirikkunnu.... aashamsakal................
നല്ല അവലോകനം, മാഷേ. 'എന്റെ കഥ' യെ മാത്രം മുന്‍നിര്‍ത്തി മാധവിക്കുട്ടിയെ നിര്‍വ്വചിയ്ക്കാന്‍ ശ്രമിയ്ക്കുന്നതായി പലപ്പോഴും തോന്നാറുണ്ട്.
ജീവിതത്തിൽ ‘വൈരുദ്ധ്യാത്മക യുക്തിവാദം‘ :-)
അടക്കിപ്പിടിച്ച ഒരു കുസൃതിച്ചിരിയോടെ പിന്തുടർന്നുപോന്നിരുന്നു മാധവിക്കുട്ടി.എന്ന് വെച്ചാൽ ഇന്ന് പറഞ്ഞതിന് നേരെ വിപരീതമായി നാളെ മറ്റൊന്ന് പറഞ്ഞുകളയും,അതും വളരെ വിശ്വസനീയമായും യുക്തിപൂർവ്വവും തന്നെ.
സ്വയം ഒരു മിത്തായി മാറുന്നതിനും തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നതിനുമൊക്കെ ഇതും ഒരു കാരണമായിരുന്നിരിക്കാം.
നന്ദി കതിരവഞ്ചേട്ടാ,ഈ കഥകളൊക്കെ ഒന്നുകൂടി തപ്പിയെടുത്തുവായിക്കാനൊരു പ്രചോദനമായി
wonderful!!!!!!
വളരെ നല്ല വിശകലനം.
മാധവിക്കുട്ടിയുടെ കഥാസമാഹാരം ആദ്യമായി വായിച്ചിട്ട് ദശാബ്ദങ്ങൾ ആയിരിക്കുന്നു.
പുനർവായനയ്ക്ക് ഈ കുറിപ്പ് പ്രേരിപ്പിക്കുന്നു.
നന്ദി!
ഓഫീസിലിരുന്നുള്ള വായനയില്‍ ഒതുങ്ങാത്തതിനാല്‍ പ്രിന്റ് എടുക്കുന്നു. രാത്രി വായനക്കേ ഏഗാഗ്രത കിട്ടൂ!
<<<
‘എന്റെ കഥ’ യിൽ മാധവിക്കുട്ടി ഒതുക്കപ്പെട്ട് പോയിരിക്കുന്നു. ‘നീർമാതളം’ നൊസ്റ്റാൾജിയ എഴുതിയതോടെ അവരെ ഓർമ്മക്കുറിപ്പുകാരിയുമാക്കി. ‘എന്റെ കഥ‘യ്ക്കു മുൻപാണ് മാധവിക്കുട്ടി വായിക്കപ്പെടേണ്ടത്.
>>>
+1
നല്ല നിരീക്ഷണം.. പലതും പലപ്പോഴും പറയണമെന്ന് കരുതിയതും :)
Tracking...
നല്ല നിരീക്ഷണങ്ങൾ. നീർമാതളം പോലെയുള്ള പൈങ്കിളികളാലല്ല മാധവിക്കുട്ടി വിലയിരുത്തപ്പെടേണ്ടത്. ‘കുറച്ചു മണ്ണ്’ പോലെയുള്ള ചോര നിലച്ചു പോകുന്ന വിശ്വോത്തര രചനകളലാണ്.
വേറിട്ട ഓർമ്മപ്പെടുത്തൽ.
നല്ല ലേഖനം.
ഇതിന്റെ നിലനിൽപിന് പ്രതികരണങ്ങളുടെ ആവശ്യമില്ലെന്നറിഞ്ഞിട്ടും അവയും ചേർത്ത് വായിക്കാതിരുന്നില്ല.
അതിലെ (comments-ലെ ) ചില വാക്കുകൾ നിരാശപ്പെടുത്തി കളഞ്ഞു.
ഒരു മതഭ്രാന്തനെ-തന്നെ മാത്രം കാണുന്ന (അന്ധതയേക്കാൾ വലിയ അന്ധത) രോഗമാണോ എനിക്കെന്ന് വേവലാതിപ്പെട്ടാണ് ആ വാക്ക് ഉപയോഗിച്ചത്- അയാളുടെ വേദപുസ്തകം വലിച്ചു കീറി വ്രണപ്പെടുത്തുന്നതിനു തുല്യമായി തോന്നിപ്പോവുകയും ചെയ്തു.
നെയ്പ്പായസം,നാവിക വേഷം ധരിച്ച കുട്ടി,......(അങ്ങനെ അങ്ങനെ ഒരുപാട്)തുടങ്ങിയ സൃഷ്ടികളിലെ പ്രമേയത്തിന്റെ ശക്തി,ഭാഷയുടെ ലാളിത്യം,craft-ലെ brillance..ഒക്കെ കൊണ്ട് വിസ്മയിപ്പിക്കുകയും ആരാധനയുടെ
അകലങ്ങൾ സൃഷ്ടിക്കുകയും ചെയ്ത മാധവികുട്ടി.
ആ എഴുത്തുകാരി നീർമാതളത്തിലൂടെ ചിലരുടെയെങ്കിലും സമാനതകൾ , നഷ്ടങ്ങൾ പങ്കിടാൻ തയ്യാറായി ഒരു ഏട്ടത്തിയെപ്പോലെ അരികിൽ ഇരുന്നു.
memoir എന്ന label- ലും സാധാരണക്കാർക്കും പരിചയമുള്ള ചില പേരുകളും ,വകഞ്ഞുമാറ്റി നോക്കിയാൽ ആ പൂവിന്റെ മധ്യത്തിൽ ഒരു പെൺകുട്ടി ഇരിക്കുന്നത് കാണാൻ കഴിയില്ലേ?
ലോകം വെട്ടിപ്പിടിക്കുന്നതിൽ ജീവിതം കണ്ട മുതിന്നവർക്ക് ,പരിഹാസ്യമായി മാത്രം തോന്നുന്ന ചില കൗതുകങ്ങളും ചില നഷ്ടങ്ങളും , വേദനകളില്ലാതെ നിഷ്കളങ്കമായിപ്പറഞ്ഞ ഒരു കൊച്ചു പെൺകുട്ടി.
മാധവിക്കുട്ടി എന്ന ഏറെ തെറ്റിദ്ധരിക്കപ്പെട്ട എഴുത്തുകാരി ഞങ്ങളിൽ ചിലരോട് ‘നഷ്ടപ്പെട്ട
കൗതുകങ്ങളെ വാക്കുകളുടെ വായുപ്രവാഹമുണ്ടാക്കി തങ്ങളിൽ നിന്ന് ഉപേക്ഷിച്ച് കളയുക..തീരാ മുറിവെങ്കിൽ ആവർത്തിച്ചു നൊക്കുക ’ എന്ന തന്ത്രം പങ്കുവെക്കുകയായിരുന്നില്ലേ?
"ജീവിതത്തിൽ ‘വൈരുദ്ധ്യാത്മക യുക്തിവാദം‘ :-)
അടക്കിപ്പിടിച്ച ഒരു കുസൃതിച്ചിരിയോടെ പിന്തുടർന്നുപോന്നിരുന്നു മാധവിക്കുട്ടി.എന്ന് വെച്ചാൽ ഇന്ന് പറഞ്ഞതിന് നേരെ വിപരീതമായി നാളെ മറ്റൊന്ന് പറഞ്ഞുകളയും,അതും വളരെ വിശ്വസനീയമായും യുക്തിപൂർവ്വവും തന്നെ."(thanks bhUmiputhri)ഇതിനു കാരണവും ബാല്യമെന്ന AGCT code തന്നെയാകും.
ബാല്യം തന്നെയാണ് സൃഷ്ടികളിലെ -genome- കളിലൊന്ന്
അതിൽ ചിലത് ചിലർക്ക് പ്രിയപ്പെട്ടതാകുന്നത് അതിലെ സമാനതകളിലെ ഏറ്റക്കുറച്ചിലനുസരിച്ചും.അതു തന്നെയാണ് ചിലതിനെ തള്ളിപ്പറയാനുമാക്കുന്നത്.
അങ്ങനയെങ്കിൽ ഈ ഗോത്രത്തിൽ
ആളുകളുടെ വേദപുസ്തകങ്ങളുടെ എണ്ണം ആളുകളുടെ എണ്ണം കൊണ്ട് ഹരിച്ചാൽ ഒന്ന് കിട്ടുമൊ? അതിൽ കുറവ് കിട്ടുമോ?
അറിയില്ല.
താൻ ഏറെ പ്രിയപ്പെട്ട ഒരു കത്തിന്റെ identity-യെ കുറിച്ച് school staff room-ൽ ഒറ്റയ്ക്ക് ആദ്യമായി സംസാരിച്ച കുട്ടിയെപ്പോലെ സഭാകമ്പം കൊണ്ട് എന്റെ തൊണ്ട വരളുന്നു.ഓടിപ്പോയി കുമാരേട്ടന്റെ കടയിൽ നിന്ന് ഞാനൊരു കോലൈസ് വാങ്ങി തിന്നട്ടെ.
**
ഞാനിത് എഴുതിക്കഴിഞ്ഞിരിക്കുന്നു.
എനിക്ക് ഈ statement-ൽ നിന്ന് മോചനവും ഇല്ലെന്നറിയുന്നു.
പക്ഷേ ഞാനിവിടെ എഴുതിയതെന്തെന്ന് ഞാനറിയുന്നു.
അവിവേകമെങ്കിൽ ക്ഷമിക്കാതിരിക്കുക:)
രണ്ട് കയ്യിലും ചൂരൽ കൊണ്ട് 16 അടി വീതം തന്നേക്കുക.
എതിരന്‍ മാഷേ.,പോസ്റ്റും,കമന്റുകളും ഒക്കെ കൂടി നല്ലൊരു അനുഭവമായി.
മുന്‍പ് നടന്നിട്ടുള്ള അതേ വഴികളിലൂടെ തന്നെ എന്നാല്‍ അന്നു പതിയാതെ പോയ ഏതൊക്കെയോ കാഴ്ചകളിലേക്ക് കൈപിടിച്ചു കൊണ്ടു പോയി ഈ പോസ്റ്റ്.
നെയ്പ്പായസത്തിലെ നോവിന്റെ മധുരമോ,നീര്‍മാതളത്തിന്റെ നഷ്ട സുഗന്ധമോ,എന്റെ കഥയോ തുടങ്ങി മാധവിക്കുട്ടിയുടെ ഓരോ പറച്ചിലിനും അങ്ങനെ എത്രയെത്ര ഭാവങ്ങളാണെന്നു എന്നും അതിശയിച്ചിട്ടേയുള്ളൂ.
വായിക്കപ്പെടാതെ പോയതെല്ലാം ഇനിയെങ്കിലും തിരിച്ചറിഞ്ഞിരുന്നുവെങ്കില്‍..
കമന്റെഴുതിയ എല്ലാവർക്കും നന്ദി.
വഷളൻ, മൈലാഞ്ചി: അതെ സ്റ്റീരിയോടൈപ് ചെയ്യപ്പെട്ടു പോയി. അവർ മരിച്ചപ്പോൾ (ഇപ്പോഴും) വന്ന കുറിപ്പുകളിലെല്ലാ എന്റെ കഥയും നീർമാതളവും എഴുതിയ ആൾ എന്നേ കണ്ടുള്ളു. ചിലർക്ക് നീർമാതളം മാത്രമേ അറിയൂ. എന്തൊരു ദാരുണ സംഭവം!
സ്ത്രൈണശക്തി മാാത്രമാല്ല അവരുടെ കഥകളിൽ. പെണ്ണെഴുത്ത് എന്നതിനെ അവർ കളിയാക്കുക വരെ ചെയ്തിട്ടുണ്ട്. ‘വിരലുകൾ കൊണ്ടാണ് എഴുതുന്നത്, വിരലിനു ലിംഗം ഇല്ല” എന്നാണവർ പറഞ്ഞത്.
ഭൂമിപുത്രി:
അവരുടെ പരസ്യപ്രസ്താവനകൾ തിരിഞ്ഞും മറിഞ്ഞും കളിയായിരുന്നു എങ്കിലും എഴുത്തിൽ, പ്രത്യേകിച്ചും കഥകളിൽ തെളിമയുള്ള നേർനിലപാടുകളാണു തെളിയുന്നത്.യുക്തി അറിയാഞ്ഞിട്ടൊന്നുമല്ല. ഓബ്രി മേനോനോടു വാദിച്ചു ജയിച്ചവരാണവർ. ധിഷണാശക്തി ഏറെയുണ്ടായിരുന്നുവെങ്കിലും കഥകളിൽ
ദുർഗ്രാഹ്യത തീരെ തീണ്ടിയിരുന്നില്ല.
ശ്രീനാഥൻ: ‘കുറച്ചു മണ്ണ്’ എന്തൊരു കഥ അല്ലേ?
ലിഡിയ: ഈ തുറന്നെഴുത്തിനു അഭിനന്ദനം.
നീർമാതളത്തിൽ മാത്രം മാധവിക്കുട്ടിയെ കാണുന്നവരെ എനിക്കു സഹിക്കാൻ വയ്യ.
ഇതെല്ലാം എഴുതിക്കഴിഞ്ഞ് നേർവിപരീതത്തിലേക്ക് ചാടീ! മാധവിക്കുട്ടിയുടെ ആരാധിക ഇങ്ങനെ ചെയ്യാൻ പാടുണ്ടോ? തുറന്നെഴുതിയത് തെറ്റാാണെന്നും അതിനു ശിക്ഷ തരണമെന്നും!
മാധവിക്കുട്ടീ, ഈ ലിഡിയയ്ക്ക് നേർവഴി കാട്ടേണമേ.
എതിരന്‍ ജീ,
എത്ര നന്നായി ഈ വിലയിരുത്തല്‍ എന്ന് പറയാന്‍ ഞാനാരുമല്ല.മാധവിക്കുട്ടി എന്ന പ്രതിഭ ലൈംഗിഗതയെയും സ്ത്രി-പുരുഷ/ സ്ത്രി-സ്ത്രീ ബന്ധങ്ങളേയും കുറിച്ച് ചെയ്ത തുറന്നെഴുത്തുകളില്‍ നിന്നും അതിസാധാരണമായ അരിച്ചെടുക്കല്‍ മാത്രം നടത്തി സാമാന്യവല്‍ക്കരിക്കാനായിരുന്നു മുഖ്യധാരാ മാധ്യമങ്ങള്‍ പോലും ഔല്‍സ്സുക്യം കാട്ടിയത്. അസാമാന്യ പ്രതിഭകള്‍ പ്രദര്‍ശിപ്പിക്കുന്ന അസാധാരണത്വവും പ്രവചനാതിതമായ ബോധോദയങ്ങളും മാധവിക്കുട്ടിയും കാട്ടി. സൗന്ദര്യാരാധന, പ്രേമം എന്നതിനെപ്പറ്റിയൊക്കെയുള്ള അവരുടെ കാഴ്ചപ്പാടിനെ ഇനിയും യഥാതഥമായി അപഗ്രഥിച്ചെഴുതപ്പെടേണ്‍റ്റിയിരിക്കുന്നു. ഇത് അത്തരമൊരു കാഴ്ചപ്പാടാണ്. വിലയിരുത്തലാണ്. ഒരു നമസ്കാരം
ഞാനിത് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തു കേട്ടൊ. അനുവാദം ചോദിക്കുന്നില്ല.
"അവിവേകമെങ്കിൽ ക്ഷമിക്കാതിരിക്കുക:)
"
എന്നു പറഞ്ഞതുകൊണ്ട് തുറന്നെഴുതിയത് അതല്ലാതവുമോ?ഇല്ല.
പിന്നെ എന്തിനു അങ്ങനെയെഴുതി?
..വെറ്‌തേ..കണ്ണ് കൊള്ളണ്ടാന്ന്ച്ച്..
എങ്ങനേണ്ട്..?
എഴുത്തുകാരാ,
ഞാൻ ചെയ്തതെന്തെന്ന് ഞാനറിയുന്നു:
എന്നോട് പൊറുക്കുകയൊ
പൊറുക്കാതിരിക്കുകയൊ
ചെയ്യേണമേ
വഷളന്‍ എഴുതിയ കമന്റിനു താഴെ എന്റെ ഒരോപ്പ്.
ഞാനടക്കമുള്ളവരുടെ ബ്ലോഗ് പൈങ്കിളിവല്‍ക്കരണത്തില്‍ നിന്നും, ബ്ലോഗിന് നിയതമായ സൌന്ദര്യവും, പ്രൌഢിയും നല്‍കുന്നത് താങ്കളെപ്പോലുള്ളവരുടെ ഗൌരവകരമായ ഇത്തരം ഇടപെടലുകളിലൂടെയാണ്.
എന്തിന് മാധവിക്കുട്ടി, താങ്കളുടെ ബ്ലോഗും അതിലെ വിഷയവൈവിധ്യവും തന്നെ ഒരു പഠനത്തിനുള്ള വകയുണ്ട്.
സ്നേഹത്തോടെ...... നട്ട്സ്
തികഞ്ഞ എതിരൻ ടച്ച് ഉള്ള നിരീക്ഷണം. മാധവിക്കുട്ടിയുടെ ഉള്ളു കണ്ടെറിഞ്ഞ വീക്ഷണം. എന്റെ കഥയ്ക്കു മുൻപു തന്നെ മാധവിക്കുട്ടി തന്റെ വൻകരകളിലൂടെയെല്ലാം സഞ്ചരിച്ചു കഴിഞ്ഞിരുന്നു എന്ന നിരീക്ഷണത്തിനു താഴെ ഒപ്പ്. നാം നമുക്കു മീതെ പറന്ന മുറിവേറ്റ പക്ഷികളെ ചിഹ്നവൽക്കരിച്ച ജനതയാണ്. കുഞ്ഞിരാമൻ നായരെ, ജോണിനെ, മാധവിക്കുട്ടിയെ.... അവരിൽ നിന്നു വഴിമാറി മോഹനമായ കുളിർ തണ്ണീരുകളിലേക്കു തിരികെ യാത്ര തിരിക്കുന്ന എതിരനെപ്പോലുള്ളവർ അപൂർവ്വ ഒറ്റയാന്മാർ. മദ്ധ്യം പൊട്ടി നുറുങ്ങി വിലസാൻ വിധിക്കപ്പെട്ടവർ.
തെറ്റിദ്ധരിക്കപ്പെട്ട കഥാകാരി തന്നെയാണ് അവര്‍. അമ്മയുടെ സഹപ്രവര്‍ത്തകര്‍ എന്നെ അവരുടെ കഥകള്‍ വായിക്കുന്നതില്‍ നിന്നും തടഞ്ഞിട്ടുണ്ട്. ഇപ്പോള്‍ അവരുടെ സമ്പൂര്‍ണ കൃതികള്‍ വായിച്ചു അത്ഭുതപ്പെടുന്നു ഞാന്‍... സ്നേഹം ഇങ്ങനെയും കാണാനും അനുഭവിക്കാനും പറ്റുമോ...
പക്ഷെ നിങ്ങള്‍ പറഞ്ഞ പോലെ എല്ലാവരും അവരുടെ 'തുറന്നെഴുത്തുകള്‍' മാത്രമേ കാണുന്നുള്ളൂ...
Njan ithu pala avarthi vayichu. Oru thavana vayich comment idunnath sheriyalla ennu karuthiyanu ithrayum late ayath. Madhavikkutty theerchayayum nalla genius aaya ezhuthukariyanu. Ningal malla niroopakanum.
മാധവിക്കുട്ടി എന്ന സ്ത്രീപ്രതിഭയെ സത്യസന്ധമായി വായിച്ചതിൽ സന്തോഷം. പെണ്ണിന്റെ ഗൗരവതരമായ എഴുത്തിനെ കണ്ടില്ലെന്നു നടിക്കുന്നവർക്കിടയിൽ ഇങ്ങനെ യും ഒരാൾ! സ്നേഹാഭിവാദ്യങ്ങൾ
Post a Comment