ഒരു പുതിയ പരമ്പര Mlayalamsongslyrics.com ഇൽ ആരംഭിച്ചിരിക്കുന്നു. സിനിക്ക് മലയാളസിനിമാസംഗീതത്തെക്കുറിച്ച് സിനിമാനിരൂപണങ്ങളിൽ ഉൾപ്പെടുത്തിയത് അടർത്തിയെടുത്തത്.
അവിടെ പോകാൻ പറ്റിയില്ലെങ്കിൽ ഇവിടെ ഇതാ വായിക്കുക.
മലയാളസിനിമയുടെ നിരൂപണചരിത്രത്തിൽ സിനിക്കിന്റെ സ്ഥാനം അടയാളപ്പെടുത്താൻ എളുപ്പമാണ്. എന്തെന്നാൽ വേറേ ആരും അവിടെയില്ല. സിനിമയുടെ ചരിത്രം തന്നെ സിനിക്കിന്റെ കടുത്ത വിമർശനങ്ങളിലൂടെ വായിച്ചെടുക്കാം. നിരീക്ഷണത്തിലുള്ള സൂക്ഷ്മത, കലാമൂല്യത്തോടുള്ള പ്രതിബദ്ധത, ലോക സിനിമയെപ്പറ്റിയുള്ള ആഴമുള്ള അറിവ്, സിനിമയുടെ സാങ്കേതികതയെക്കുറിച്ചുള്ള വിശദധാരണകൾ ഇവയൊക്കെ പിൻ ബലമേകിയതായിരുന്നു സിനിക്ക് എന്ന എം. വാസുദേവൻ നായരുടെ സത്യ വാങ് മൂല നിരൂപണങ്ങൾ. ഒരു കാലത്ത് സംവിധായകരും നിർമ്മാതാക്കളും ഭയഭക്തിബഹുമാനങ്ങളോടെ സിനിക്കിന്റെ നിരൂപണങ്ങൾ വീക്ഷിച്ചിട്ടുണ്ട്. അസ്വസ്ഥനായ ഒരു നിർമ്മാാതാവ് അദ്ദേഹത്തിന്റെ ചിത്രങ്ങളൊന്നും നിരൂപണത്തിനു വിധേയമാക്കരുതെന്ന് മാതൃഭൂമിയുമായി ബലാൽക്കാര ഉടമ്പടി ഉണ്ടാക്കി എന്നു വരെയെത്തിയിട്ടുണ്ട് സിനിക്കിന്റെ ശക്തിവിശേഷപുരാവൃത്തങ്ങൾ. മുപ്പത്താറു വർഷങ്ങളോളം സിനിമയെ അപഗ്രഥിക്കാൻ ചലിച്ച ആ തൂലിക മലയാളസിനിമ പ്രായപൂർത്തി നേടിയതിന്റെ ചരിത്രം കൂടിയാണു വരഞ്ഞിട്ടത്.
സിനിക്ക് കണ്ട കണ്ണു കൊണ്ട് ഇന്നും സിനിമയെ കാണാം. കാരണം അത് അത്രയ്ക്ക് നവീകരണത്തിന്റേയും പുതുകാഴച്ചപ്പാടിന്റേയും വെളിപാടുകളായിരുന്നു. കാർക്കശ്യത്തിനു പിന്നിൽ വ്യക്തമായ കലാദർശനത്തിന്റേയും പുരോഗതിയ്ക്കുള്ള പ്രത്യാശയുടേയും വെണ്മ കലർന്ന ഉണ്മയാണു നാം കാണുക. സിനിമാപ്പാട്ടുകളോടുള്ള അദ്ദേഹത്തിന്റെ സമീപനത്തിലും ഈ തെളിമയുടെ ധാവള്യമാണു തിളങ്ങി വിളങ്ങുന്നത്. ഗാനങ്ങളുടെ പ്രസക്തി, സന്ദർഭോചിതത്വം, കവിതാംശം, സംഗീതമേന്മ,
ആലാപന വൈശിഷ്ട്യം ഇവയൊക്കെ ചുരുങ്ങിയ വാക്കുകളിൽ പറഞ്ഞുതീർക്കുമ്പോൾ അതതു കാലഘട്ടത്തിന്റെ നിരീക്ഷണസൂചകമാവുകയാാണ്. ഒരു സൂക്ഷ്മദൃക്കിന്റെ വിശകലനത്തിന്റെ ആർജ്ജവവും. 1951 ലെ ജീവിതനൌക മുതൽ 1966 ലെ ചെമ്മീൻ വരെയുള്ള സിനിമാഗാനങ്ങളുടെ രസമാപിനിയുമാണ് സിനിക്കിന്റെ നിരീക്ഷണങ്ങൾ.
ഈ പരമ്പരയിൽ അടയാളപ്പെടുത്തുന്നത് സിനിക്കിന്റെ സിനിമാസംഗീത അഭിമതികളാണ്. നിരൂപണങ്ങളിൽ നിന്നും അതേപടി അടർത്തിയെടുത്തത്. ചരിത്രവിദ്യാർത്ഥികൾക്കും സംഗീതതൽപ്പരർക്കും സിനിമാപ്പാട്ടു കമ്പക്കാർക്കും ഞങ്ങൾ ഇതു സമർപ്പിക്കുന്നു.
1. ജീവിതനൌക
(1951 ഏപ്രിൽ)
അഭയദേവ് പതിവുപോലെ വിജയിച്ചിട്ടില്ലെങ്കിലും ഗാനങ്ങൾ തരക്കേടില്ല. പിന്നണിസംഗീതക്കാർ പേരുകേട്ടവർ ആയിരിക്കാം. പക്ഷേ മഗ്ദലന മറിയത്തിലെ വള്ളത്തോളിന്റെനിസ്സർഗ്ഗസുന്ദരമായ വരികൾ ഒഴിക പാട്ടൊന്നും “പൊടിപാറി”യില്ല. ഒരാവശ്യവുമില്ലാത്ത ഹിന്ദി ട്യൂണുകൾ അനുകരിച്ചതാണു ഈ തകരാറിനു പ്രധാനകാരണം. സാധാരണത്തെപ്പോലെ ബോക്സ് ഓഫീസിനുവേണ്ടി ഇതിലും ഡാൻസ് ഒട്ടിച്ചു വച്ചിട്ടുണ്ട്.
(ഈ നിരീക്ഷണം ശരിയല്ലെന്ന് ഉടൻ തെളിയിക്കപ്പെട്ടു. പുഷ്പയും സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞുഭാഗവതരും കൂടെ പാടിയ “ആനത്തലയോളം വെണ്ണ തരാമെടാ“ ഹിറ്റ് ആയി മാറിയിരുന്നു. “സുഹാനീ രാത് ഢൽ ചുകീ” യുടെ മലയാളം വേർഷൻ “അകാലേ ആരു കൈവിടും” ആ ഹിന്ദിപ്പാട്ടിനു ആദരസമർപ്പണം എന്ന രീതിയിൽ അംഗീകരിക്കപ്പെട്ടിരുന്നു)
2. നവലോകം
(1951 ഏപ്രിൽ)
ദക്ഷിണാമൂർത്തിയുടെ സംഗീതസംവിധാനം തരക്കേടില്ല. കല്യാണിയിൽ സ്വരത്തോടു കൂടി പാടിയ “മലയാളമലർവാടി” അനവസരമെങ്കിലും വളരെ ഭംഗിയായി. അതു മഹിളാസമാജത്തിന്റെ വാർഷികത്തിൽ, ആ ഡാൻസിനു ശേഷമോ മറ്റൊ ആയിരുന്നു ഉത്തമം എന്നു മാത്രം. “ഗായകാ“ എന്ന ഗാനം പാടിയതാരാണെങ്കിലും വഷളായിപ്പോയി. പല്ലവിയിൽ ആദ്യത്തെ വരി പാടിയതിൽ വലിയ പാകപ്പിഴ വന്നതുമൂലം ആ പാട്ടിന്റെ മാധുര്യം നശിച്ചുപോയി. പരേതനായ ഖേം ചന്ദ് പ്രകാശിന്റെ ആത്മാവ് സുമധുരമായ “ആയേഗാ” എന്ന തന്റെ ഹംസഗാനം അനുകരണത്തിൽ ഇങ്ങനെ അധഃപതിച്ചു പോയതിൽ കണ്ണീർ തൂകിയിരിക്കും. ഖാദറിന്റെ പാട്ടുകൾ നന്നായി. അനവസരത്തിലും അധികം ആവേശമുൾക്കൊള്ളുന്നുവെന്ന ഒരു ചെറിയ ന്യൂനത അദ്ദേഹത്തിന്റെ ഗാനങ്ങൾക്ക് പൊതുവേയുള്ളതാണ്. ആ കോട്ടം ഇതിലും അൽപ്പം കാണാമായിരുന്നു.
(“ഗായകാ” പാടിയ കവിയൂർ രേവമ്മയെയാണ് ഇവിടെ കുടഞ്ഞിരിക്കുന്നത്)
3. വനമാല
(1951 ഓഗസ്റ്റ്)
പാട്ടിന്റെ ട്യൂണുകളപ്പടി ബോക്സൊഫീസ് വിജയം കൈവരിച്ച പല ഹിന്ദിചിത്രങ്ങളിൽ നിന്ന് കടം വാങ്ങിയതാണ്. പിന്നണിസംഗീതക്കാരായ കൃഷ്ണവേണിയുടേയും മെഹ്ബൂബിന്റേയും ശബ്ദം തരക്കേടില്ലെന്നല്ലാ ഒരുപാട്ടുകളെ സംബന്ധിച്ചും മേന്മയൊന്നും പറഞ്ഞുകൂടാ.
4. യാചകൻ
(1951 ഒക്റ്റോബർ)
‘ജീവിതനൌക‘ യുടെ പ്രചരണത്തിനു മഗ്ദലനമറിയത്തിന്റെ ഉപകഥ ധാരാളം സഹായിച്ച മട്ടിൽ ഇതിൽ ചിത്രീകരിച്ചുകാട്ടിയ ‘ഇന്നു ഞാൻ നാളെ നീ’ യാചകന്റെ പ്രചരണത്തിനു സഹായകമാവാനിടയുണ്ട്. ജിയുടെ അഭൌമസൌന്ദര്യമിയലുന്ന ആ കാവ്യതല്ലജം ഭംഗിയിൽ പാടുകയും നന്നായി ചിത്രീകരിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ പഴയ തമിഴൻ നാടകങ്ങളെ അനുസ്മരിപ്പിക്കാൻ മാത്രമുതകുന്ന ആ സാവിത്രീ നാടകം വേണ്ടില്ലായിരുന്നു.
അഭയദേവിന്റെ ഗാനങ്ങളിൽ ‘ ജനകീയരാജനീതിയിൽ” എന്നു തുടങ്ങുന്ന ഗാനം നന്നായി. മറ്റവയെല്ലാം ദോഷമില്ലെന്നു പറയാം. മേലേക്കിടയിലുള്ള കാവ്യശിൽപ്പം കലർന്ന ഗാനങ്ങൾ മലയാളസിനിമകളിൽ ഇനിയും കാണേണ്ടതായിത്തന്നെയിരിക്കുന്നു, കേരളക്കരയിൽ കവികൾക്കു കമ്മിയില്ലെങ്കിലും. പാട്ടുകളെല്ലാം നല്ലവണ്ണം പാടിയ പിന്നണിസംഗീതക്കാരോട്, പ്രത്യേകിച്ചു രേവമ്മയോട് നാം കടപ്പെട്ടവരാണ്. ഹിന്ദിട്യൂണുകളെ ആശ്രയിക്കാതെ തെന്നിന്ത്യൻ ചലച്ചിത്രങ്ങൾക്ക് ഉത്തമമായ കർണ്ണാടകസംഗീതത്തിൽ മാത്രം അടിയുറച്ചു നിന്ന ഇതിലെ സംഗീതസംവിധാനം മലയാളസിനിമയെ സംബന്ധിച്ചിടത്തോളം അഭികാമ്യമായ ഒരദ്ധ്യായം തുടങ്ങി വയ്ക്കുയാണുണ്ടായത്.
9 comments:
MSL ഇൽ പുതിയ പരമ്പര ആരഭിച്ചിരിക്കുന്നു. സിനിക്കിന്റെ നിരൂപണങ്ങളിൽ നിന്നും സംഗീത വിഭാഗത്തെപ്പറ്റിയുള്ള നിരീക്ഷണങ്ങൾ അടർത്തിയെടുത്തത്. പാട്ടുകമ്പക്കാർക്കും ചരിത്രവിദ്യാർത്ഥികൾക്കും വേണ്ടി.
vaayikkunnu bhai
:-)
4 ദ പീപ്പിള്‍ ഇല്ലാത്ത മ്യൂസിക് റിവ്യൂ വായിക്കൂലാ ;)
കാൽ വിൻ:
Comparative review എന്നൊന്ന് നമുക്കില്ല. കഷ്ടം. കഴിഞ്ഞ പത്തുകൊല്ലത്തെ സിനിമാപ്പാട്ടുകളെക്കുറിച്ച് ആരെങ്കിലും എഴുതിയിരുന്നെങ്കിൽ. അതിൽ ‘ലജ്ജാവതി‘യുടെ സ്ഥാനം ഒക്കെ ഉൾക്കൊള്ളിച്ചു കൊണ്ട്.
എഴുതുന്നോ?
വാഴനാരു കെട്ടാനാണെങ്കിലും വേണോല്ലോ ഒരു മിനിമം കഴിവ്(അറിവ്).
ഇതു വളരെ നല്ല പരിപാടി! :)
“ആനത്തലയോളം വെണ്ണ തരാമെടാ...”
പാടിയ പുഷ്പയുടെ മുഴുവൻ പേരറിയാമോ എതിരാ?
എതിരാ, ഒരു സംശയം തോന്നി ചോദിച്ചതായിരുന്നു.
ഉത്തരം കിട്ടി! സെബാസ്ട്യൻ കുഞ്ഞുകുഞ്ഞു ഭാഗവതരുടെ മകളായിരുന്നു പുഷ്പ/പുഷ്പം. ശരിക്കുള്ള പേര് പുഷ്പം എന്നാണ്. ആലപ്പുഴ പുഷ്പം, ആലപ്പുഴ പുഷ്പ എന്നീ പേരുകളിൽ അന്ന് അറിയപ്പെട്ടിരുന്നു. കല്യാണത്തിനു ശേഷം പുഷ്പം ഏലിയാസ് ആയി.
2009 ഓഗസ്റ്റിൽ, 82-ആം വയസ്സിൽ, മരിച്ചു!
അവരുടെ മകനെ എനിക്കറിയാം. “ആനത്തലയോളം...” പാടിയ കാര്യം അദ്ദെഹം പണ്ട് പറഞ്ഞിരുന്നത് ഞാൻ മറന്നിരിക്കുകയായിരുന്നു! ഇന്നേതായാലും വളരെക്കാലം കൂടി അദ്ദേഹത്തെ വിളിച്ച് വിവരങ്ങൾ അറിഞ്ഞു! മകൻ ഒരു നല്ല ഗായകനും ഗിറ്റാറിസ്റ്റും ഫോട്ടോഗ്രാഫറും ഒക്കെയാണ്!
:)
പുഷപയുടെ ഒരു പാട്ട് റെക്കോറ്ഡ് ചെയ്യുന്ന പടം മാതൃഭൂമിയിലോ മറ്റൊ കണ്ടിരുന്നു. രവി മേനോന്റെ പാട്ടെഴുത്ത് ലേഖനത്തിൽ ആയിരുന്നെന്നു തോന്നുന്നു. ചിത്രഭൂമിയിൽ പുഷ്പയെക്കുറിച്ച് വന്ന ലേഖനം കണ്ടു പിടിച്ച് കൊണ്ടുവരാം.
ethiraa....
"maലയാളസിനിമയുടെ നിരൂപണചരിത്രത്തിൽ സിനിക്കിന്റെ സ്ഥാനം അടയാളപ്പെടുത്താൻ എളുപ്പമാണ്. "
aaranu ee sinik? ethenkilum ezhuthukaranano? aa peru kettathai ormmayilla. atho ethenkilum masikayil vanna oru pankthiyano?
-ravi
Post a Comment