Friday, January 11, 2013

‘നത്തോലി ഒരു ചെറിയ മീനല്ല‘-കഥാകാരനും കഥാപാത്രവും



          ഫാന്റസി പ്രമേയങ്ങൾ പൊതുവേ ഇൻഡ്യൻ സിനിമാക്കഥകളിൽ വിരളമാണ്. മെറ്റാഫിക്ഷൻ പ്രയോഗവും. കഥയെ കഥാപാത്രവും എഴുത്തുകാരനും കൂടെ മാറ്റിമറിയ്ക്കുന്ന ഘടന സിനിമയിൽ എടുത്തു പെരുമാറാനോ പരീക്ഷിച്ചു വിജയിപ്പിക്കാനോ എളുപ്പമല്ല. എഴുത്തുകാരൻ തന്നെ കഥാപാത്രമായി കഥയിൽ വരുന്നത് രാമായണ-മഹാഭാരത കഥാകാലത്തോളം പഴയതാണെങ്കിലും ഇൻഡ്യൻ സിനിമാരീതികൾ അതിനോടു യോജിച്ചു പോകത്തക്ക വിധമല്ല ഘടിപ്പിച്ചെടുക്കാറ്‌. പ്രത്യേകിച്ചും വായനയും സിനിമയും തമ്മിൽ ബന്ധിപ്പിക്കാൻ എളുപ്പമല്ലാത്ത ഇൻഡ്യൻ പരിവേശലക്ഷണശാസ്ത്രയുക്തിയിൽ. മെറ്റാഫിക്ഷൻ പോയിട്ട് ഫാന്റസി കഥാപാത്രം തന്നെ യക്ഷിയുടേയോ ഭൂത-പ്രേതത്തിന്റേയോ രൂപത്തിലോ ആശയത്തിലോ മാത്രമേ നമുക്ക് സമീപിക്കാനും അനുഭവിച്ച് ആസ്വദിക്കാനും അറിയൂ, അല്ലെങ്കിൽ നമ്മുടെ ഭാവന അനുവദിക്കൂ.

          ഭാരതീയേതര സിനിമകളിൽ  ഇത്തരം പ്രമേയങ്ങളോ ദൃശ്യഭാഷകളോ ഉപയോഗിക്കുന്നതിനോ സ്വീകരിക്കപ്പെടുന്നതിനോ വിഘാതങ്ങളൊന്നുമില്ല  ഒരേ കഥാപാത്രത്തിനു വിപരീതമാനങ്ങൾ പ്രത്യക്ഷമാകുന്നതും നായകനു  ജീവിതപാഠങ്ങൾ പഠിപ്പിച്ചുകൊടുക്കാൻ അതേ ആൾ തന്നെ സമാന്തരഭാവനാജീവിതത്തിലേക്ക് മാറ്റപ്പെടുന്നതും  The Family Man ഇൽ കണ്ടതാണ്.  എഴുത്തുകാരനും കഥാപാത്രവും കഥയിലെ നിർണ്ണായകമാവുന്ന ഘട്ടങ്ങളിൽ ഒത്തുചേരുന്നത് പല സിനിമകളിലും ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്.  കഥാകാരിയുടെ കഥാപാത്രമാകാൻ വിധിക്കപ്പെട്ട ഒരാളുടെ സന്നിഗ്ധാവസ്ഥകളും ജീവിതാന്ത്യം കഥാകൃത്തിന്റെ നിയന്ത്രണത്തിലാകുന്നതും Stranger Than Fiction ഇലുണ്ട്. വുഡി അലന്റെ   Midnight in Paris ഇൽ കഥാകാരനു സഹായകമാകുന്നത് ഹെമിങ് വേ ഉൾപ്പടെ ക്ലാസിക് എഴുത്തുകാർ പാതിരാത്രിയിൽ സ്വയം പ്രത്യക്ഷപ്പെട്ടാണ്. അയാളുടെ ഭാവി എഴുത്തിന്റേയും ഭാവനയുടേയും നിയമങ്ങൾക്ക് അനുസൃതമാക്കി ഒരു നോവലിന്റെ ക്ലൈമാക്സിലെന്നപോലെ ഹെമിങ് വേ പ്രവചിയ്ക്കുന്നുമുണ്ട്.   കഥാകാരൻ അതേ സിനിമയ്ക്ക് സ്ക്രിപ്റ്റ് എഴുതുന്നതും സിനിമയുടെ ഗതി നിയന്ത്രിക്കുന്നതും ഒക്കെക്കൂടി വളരെ സങ്കീർണ്ണമായ ഘടന നിബന്ധിച്ചിട്ടിട്ടുണ്ട് Adaptation എന്ന സിനിമയിൽ.  ഇറാനിയൻ സംവിധായകൻ  കിയരോസ്താമി പല സിനിമകളിലും കൽ‌പ്പിതകഥാപാത്രങ്ങളും യഥാർത്ഥ കഥാപാത്രങ്ങളും കൂടുവിട്ടുകൂടുമാറിക്കളിയ്ക്കുന്ന വിഭ്രാന്തി സൃഷ്ടിക്കാറുണ്ട്. 

          നമ്മുടെ അനുശീലനങ്ങൾ ഇത്തരം ആഖ്യാനങ്ങളെ ഉൾക്കൊണ്ടിട്ടില്ല അധികം. എന്നാൽ കഥാപാത്രം പ്രത്യക്ഷപ്പെട്ട് കഥാകാരനേയും കഥയേയും നിയന്ത്രിക്കുന്നത് ഭാർഗ്ഗവീനിലയത്തിൽ പ്രമേയമായതും സ്വീകാര്യത ലഭിച്ചതും അപൂർവ്വം ആണെന്നേ കരുതേണ്ടതുള്ളു. വിൻസെന്റിന്റെ അപാരസംവിധാനപാടവവും ബഷീറിന്റെ എഴുത്തും ഒക്കെയാ‍ണ് ഭാർഗ്ഗവീനിലയം മലയാളിക്ക് കണ്ട് ആസ്വദിക്കാൻ പറ്റിയ സിനിമാസാമഗ്രി ആയത്.  ആമീർ ഖാനിന്റെ തലാശ് ഇൽ കൽ‌പ്പിതകഥാപാത്രം പോലീസിനെ സഹായിച്ച് കുറ്റവാളികളെ പിടികൂടാൻ വഴിതെളിയ്ക്കുന്നതായിട്ടാണ് ചിത്രീകരണം. സ്വന്തം ജീവിത സമസ്യകളെ നിർദ്ധാരണം ചെയ്യാൻ ഭാവനയിൽ മാത്രം പ്രത്യക്ഷപ്പെടുന്ന കഥാപാത്രം അതിവിദഗ് ദ്ധമായി നായികയെ സഹായിക്കുന്നത് നമ്മൾ സേതുവിന്റെ പാണ്ഡവപുരത്തിൽ ദർശിച്ചിട്ടുണ്ട്. ‘കരയിലേക്ക് ഒരു കടൽ ദൂരം’ എന്ന സിനിമയിലും കൽ‌പ്പിതകഥാപാത്രത്തിന്റെ പ്രത്യക്ഷം ആഖ്യാനത്തിനു ഉപയോഗിക്കുന്നുണ്ടെങ്കിലും പ്രേക്ഷകർ ഇതൊക്കെ ദഹിക്കുന്നില്ലെന്ന് ശഠിച്ച് നിരാകരിച്ചിട്ടുണ്ട്. പുണ്യ പുരാണ ഭക്തി ചിത്രങ്ങളുടെ ആധിക്യവും അവയുടെ ആസ്വാദനചരിത്രവും നമ്മളെ മാജിക്കൽ റിയലിസവുമൊക്കെ എടുത്തു പ്രയോഗിക്കുന്നതിൽ നിന്നും അകറ്റിയിട്ടുണ്ട്. ഇത്തരം ഒരു പ്രമേയ സാദ്ധ്യതയ്ക്ക് ഭക്തിയുടെ ആനുകൂല്യം അത്യാവശ്യമാണെന്ന് നമ്മൾ ധരിച്ചു വച്ചിട്ടുള്ളത് ‘നന്ദനം’ എന്ന സിനിമ വ്യക്തമാക്കിയിട്ടുമുണ്ട്.

             വാസ്തവികതയ്ക്ക് അതിന്റേതായ ഭ്രമാത്മകതയും രഹസ്യസ്വഭാവമുണ്ട്. ഉണ്മ നിഗൂഢാത്മകവുമാണ് എന്നതാണ് വൈചിത്ര്യം. കഥാപാത്രങ്ങൾ ഈ പ്രതലത്തിലേക്ക് പ്രവേശിക്കുമ്പോൾ സ്വാംശീകരിക്കാൻ ഭാവനയെ വഴിവിട്ട് സഞ്ചരിപ്പിക്കേണ്ട പണിയുണ്ട്. അത് എളുപ്പമായിരിക്കണമെന്നില്ല, ജനപ്രിയ  ആസ്വാദനത്തിന്റെ ഭാഗമാകണമെന്നുമില്ല. അതുകൊണ്ട് കഥാപാത്രങ്ങളെ അടുപ്പിച്ചു നിറുത്താനാണ് കഥാകൃത്തുക്കളും ശ്രമിക്കാറ്‌. എന്നാൽ കഥാപാത്രങ്ങൾ പലപ്പോഴും അവരെ ഉണ്ടാക്കിയെടുത്ത കഥാകരന് കൈവിട്ടുപോകുന്ന നിലയിലുമെത്താറുണ്ട്. സൂപർ ഹീറോ കഥാപാത്രങ്ങൾ (സൂപർമാൻ, ബാറ്റ് മാൻ, സ്പൈഡർ മാൻ ഒക്കെ) നേടിയെടുക്കുന്ന അധികമാനം  ആ കഥാപാത്രങ്ങളെ നിർമ്മിച്ചെടുത്ത കഥാകാരനെ തീരെ ചുരുക്കാനോ വിസ്മൃതിയിലാക്കാനോ ഇടയാക്കാറുണ്ട്. ഒഥല്ലോയും അന്നാ കരെനീനയും എന്നു വേണ്ട  കറുത്തമ്മയും പരീക്കുട്ടിയും മംഗലശ്ശേരി നീലകണ്ഠനുമൊക്കെ അവരെ സൃഷ്ടിച്ചവരിൽ നിന്നും വിഭ്രാത്മകമായ യാഥാർഥ്യം എന്നു തോന്നിപ്പിച്ച് വഴുതിപ്പോയിട്ടുണ്ട്.

          മലയാളത്തിൽ ഇത്തരം പ്രമേയം അവതരിപ്പിക്കാൻ ധൈര്യം കാട്ടുകയാണ് സംവിധായകൻ വി കെ പ്രകാശും  കഥയും തിരക്കഥയും സംഭാഷണവുമെഴുതിയ ശങ്കർ രാമകൃഷ്ണനും. “നത്തോലി ഒരു ചെറിയ മീനല്ല” എന്ന് ഹാസ്യദ്യോതകമെന്നു തോന്നിപ്പിക്കുന്ന പേരുള്ള സിനിമ  ഒരു എഴുത്തുകാരന്റേയും അയാൾ സൃഷ്ടിച്ചെടുത്ത കഥാപാത്രത്തിന്റേയും കഥയാണ്.  കഥാകാരൻ ഉണ്ടാക്കിയെടുക്കുന്ന കഥാപാത്രം അയാളുടെ തന്നെ വേറിട്ട സ്വരൂപം ആകുകയും അവർ തമ്മിൽ  അതിദൃഢമായ  ബന്ധം നിർമ്മിച്ചെടുക്കുന്നതും ഈ ദ്വന്ദങ്ങൾ സൃഷ്ടിച്ചെടുക്കുന്ന പ്രതിസന്ധികളുമാണ് പ്രമേയം. നരേന്ദ്രൻ എന്ന അതിസാധാരണക്കാരൻ നഗരത്തിൽ ഒരു ചെറിയ ജോലി കിട്ടി എത്തുകയാണ്.  ആകൃതിയിലും പ്രകൃതിയിലും ഒരു ചെറിയ മനുഷ്യൻ ആയതിനാൽ ‘നത്തോലി’ എന്നാണു നരേന്ദ്രനു  പേരു വീണത്. തന്റെ സ്വപ്നങ്ങൾ വിദൂരത്തു മാത്രമാണെന്ന തിരിച്ചറിവ് അവനെ പ്രേരിപ്പിയ്ക്കുന്നത് സ്വന്തം മോഹങ്ങളേയും സ്വപ്നങ്ങളേയും കഥകളാക്കി മാറ്റാനാണ്. എഴുതുന്ന കഥകളിൽ നരേന്ദ്രൻ തന്നെ കഥാപാത്രം.  ജീവിതസാക്ഷാത്കാരം നേടാൻ സ്വന്തം അസ്തിത്വത്തെ കഥാപാത്രമാക്കി മാറ്റി കഥയെഴുതുന്നതു തന്നെ പോം വഴി. തനിക്കു പറ്റാത്തതതും തനിക്ക് വേണ്ടതു പലതും കഥാപാത്രമായ നരേന്ദ്രനിൽക്കൂടി സാധിച്ചെടുക്കുകയാ‍ാണ് കഥാകാരനായ നരേന്ദ്രൻ. ‘നത്തോലി’ എന്ന സ്വരൂപത്തിൽ നിന്നും പുറത്തുകടക്കുകയാണ് ഇപ്രകാരം അയാൾ.     സീമാബദ്ധമല്ലാത്ത ഭാവന, എഴുത്തുകാരനായ നത്തോലി നരേന്ദ്രൻ അയാൾക്ക്  സാദ്ധ്യമല്ലാത്തതോ ലഭ്യമല്ലാത്തതോ ഒക്കെ കഥാപാത്രമായ നരേന്ദ്രനു  കൽ‌പ്പിച്ചു നൽകുമ്പോൾ അതേ ഭാവന തിരിഞ്ഞു പിടിയ്ക്കുകയാണ് അയാളെ. അനുഭവസാക്ഷാത്ക്കാരത്തിന്റെ ക്ഷണികപ്രഭാവം അയാൾക്ക് തെല്ല് ആശ്വാസം നൽകുന്നുണ്ടെങ്കിലും  ഇതിന്റെ പരിണിതഫലം  കഥാപാത്രം മാത്രമായ നരേന്ദ്രൻ കഥാകാരനെക്കാളും വളർന്നു പൊങ്ങുക എന്നതായി. തന്നെക്കാളും വളർന്ന, തന്നെക്കായിലും ശക്തിയുള്ള താൻ തന്നെ സൃഷ്ടിച്ചെടുത്ത തത്സ്വരൂപം  നരേന്ദ്രനു തന്നെ പ്രതിദ്വന്ദി ആയിത്തീരുകയാണ്. ഒരു കഥാകാരന്റെ അപൂർവ്വമെങ്കിലും ചിലപ്പോൾ അനിവാര്യമായ വെല്ലുവിളി. നരേന്ദ്രന്റെ നേർജീവിതം അസാദ്ധ്യമാകുന്ന സ്ഥിതിയിലെത്തിയ്ക്കുകയാണ് സ്വന്തം സൃഷ്ടിയുടെഈ  വൻ സാന്നിദ്ധ്യം. ബന്ധങ്ങളിൽ വന്നുപെടുന്ന  ചില  കടന്നുകയറ്റങ്ങൾ നരേന്ദ്രന്റെ പ്രേയസിയെത്തന്നെ മറ്റേ നരേന്ദ്രനിൽ നിന്നും വീണ്ടെടുക്കേണ്ട സന്നിഗ്ധാവസ്ഥ വരെ എത്തിയ്ക്കുന്നുണ്ട്.

          മലയാളസിനിമയെ സംബന്ധിച്ചിടത്തോളം ഇത്തരം വ്യക്തിത്വസംഘർഷ   അവതരണം പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റാൻ എളുപ്പമല്ല. സർറിയലിസമോ ഫാന്റസിയോ മിഥ്യാബോധതൽ‌പ്പരതയോ സിനിമയിൽ കണ്ടാൽ ദഹിക്കാൻ പ്രയാസമുള്ളതായിട്ടാണ് മലയാളിയുടെ സിനിമാസ്വാദനശേഷി വളർന്നു വന്നത്, അല്ലെങ്കിൽ വളർത്തിയെടുത്തിട്ടുള്ളത്. നാടകത്തിന്റെ വെറും വലിച്ചുനീട്ടലോ വിപുലീകരണമോ മാത്രമായി ഇന്നും സിനിമകൾ കുറ്റിയടിച്ചു പോകുന്നത് ഇത്തരം ചരിത്രപരമായ തെറ്റുകൾ കൊണ്ടും കൂടിയാണ്. പാട്ടും നൃത്തവുമടങ്ങുന്ന മനോരഞ്ജകപ്രകടനം മറ്റൊരു നേരമ്പോക്കിനു സാദ്ധ്യതകളില്ലാത്ത സമൂഹത്തിൽ സിനിമ വച്ചു നീട്ടുന്നുണ്ടെതിനാൽ സിനിമയുടെ വളർച്ച, അതിന്റെ ആസ്വദനപരത  ലോകസിനിമയിൽ നമ്മുടെ സിനിമയ്ക്കൊരു  സ്ഥാനം ഇവയൊക്കെ വിദൂര സാദ്ധ്യതകളാകുന്നു. കഴിഞ്ഞ ഒന്നുരണ്ടു വർഷങ്ങളായി ചിലമാറ്റങ്ങൾ കണ്ടു തുടങ്ങിയിട്ടുണ്ടെന്നത് വിസ്മരിക്കുന്നില്ല.

‘നത്തോലി ഒരു ചെറിയ മീനല്ല” മലയാളിയുടെ ആസ്വാദനശീലപ്പരപ്പിൽ ഒരു ചെറിയ ഓളമെങ്കിലും  ഉണ്ടാക്കുമെന്ന് പ്രതീക്ഷിയ്ക്കാം.

കഥാകാരനായ നരേന്ദ്രനേയും കഥാപാത്രമായ നരേന്ദ്രനേയും  അവതരിപ്പിക്കുന്നത് ഫഹദ് ഫാസിൽ ആണ്. കമാലിനി മുഖർജി, റിമ കല്ലിങ്കൽ, ഐശ്വര്യ എന്നിവരും മുഖ്യവേഷങ്ങളിൽ ഉണ്ട്.

7 comments:

Unknown said...

aaa peru kandappol just another comedy aanenne vicharichulloo...

idanneyalle "karthik calling karthik" ilum ulladu

ശ്രീ said...

നല്ല ലേഖനം മാഷേ.

ശരിയാണ്. മലയാള സിനിമകളില്‍ ഇതു പോലെയുള്ല പ്രമേയങ്ങള്‍ വിജയിപ്പിച്ചെടുക്കുക എന്നത് ഒരു സാഹസം തന്നെ ആയിരിയ്ക്കും.
'കരയിലേയ്ക്ക് ഒരു കടല്‍ദൂരം' കണ്ടു കഴിഞ്ഞപ്പോള്‍ ഒരു നോവല്‍ വായിച്ച പ്രതീതിയാണ് തോന്നിയത്. (ആവരേജ് ചിത്രം എന്നതില്‍ കവിഞ്ഞ് നല്ലൊരു സിനിമയായി അതിനെ കണക്കാക്കാന്‍ ഇപ്പോഴും മനസ്സനുവദിയ്ക്കുന്നില്ല)

എന്തായാലും വീകെപി വ്യത്യസ്തമായ പ്രമേയങ്ങളുമായി വരാന്‍ ധൈര്യം കാണിയ്ക്കുന്നത് നല്ല കാര്യം തന്നെ. ഫഹദിന് നത്തോലിയെ ജനഹൃദയങ്ങളിലെത്തിയ്ക്കാനാകുമെന്ന് പ്രതീക്ഷിയ്ക്കാം അല്ലേ? :)

പുതുവത്സരാശാംസകള്‍!

lalu said...

അടൂരിന്റെ
അനന്തരം ഓര്‍ക്കാമോ

എതിരന്‍ കതിരവന്‍ said...

ലാലു: ഫാന്റസി നിബന്ധിച്ച മറ്റു പല മലയാള സിനിമകളുമുണ്ട്. അനന്തരം തീർച്ചയായും ഇതിൽ‌പ്പെടും. പക്ഷേ പ്രധാന കഥാപാത്രം ഒരു കഥാകൃത്തിന്റെ ഭാവന മാത്രമാണെന്ന് സമർത്ഥിച്ചെടുക്കുന്ന തരത്തിലുള്ള പ്രമേയമുള്ള സിനിമകൾ നമുക്കില്ല. കഥാകൃത്തും കഥയും കഥാപാത്രവും തമ്മിലുള്ള സങ്കീർണ്ണബന്ധത്തിന്റെ പ്രത്യേകത ഉൾക്കൊള്ളുന്നതാണ് “നത്തോലി’ എന്നതാണ് ഈ സിനിമയെ വ്യത്യസ്തമാക്കുന്നത്.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

അറിവില്ലാത്ത വിഷയമായതു കൊണ്ട് വായിച്ചു പോകുന്നു :)

സുസ്മേഷ് ചന്ത്രോത്ത് said...

ഒരു സിനിമയുടെ എഴുത്തുപണികളുമായി ഇരിക്കുന്നതിനിടയിലാണ് ഇതു വായിച്ചത്.ഇപ്പോള്‍ എനിക്കാവശ്യമായ വായന തന്നു ഈ കുറിപ്പ്.
നന്ദി.നമസ്കാരം.

എതിരന്‍ കതിരവന്‍ said...

നന്ദി സുസ്മേഷ്. സുസ്മേഷ് എഴുതുന്ന തിരക്കഥകളിൽ ഇത്തരം ആഖ്യാനങ്ങൾ/പ്രമേയങ്ങൾ/ഘടനകൾ വരട്ടെ. ഒരു പ്രതീക്ഷയാ‍ണ്.