എതിരൻ കതിരവൻ, നവനീത് പി.
മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ (ഏപ്രിൽ 14, 2013) പ്രസിദ്ധപ്പെടുത്തിയ ലേഖനം.
‘ന്യൂട്രിനോ പരീക്ഷണം ആയുധനിർമ്മാണത്തിനോ ‘ എന്ന വി. റ്റി. പദ്മനാഭന്റെ ലേഖന (മാതൃഭൂമി ആഴ്ച്ചപ്പതിപ്പ്, നവംബർ 2012) ത്തിനു മറുപടിയാണിത്. ആണവശാസ്ത്രജ്ഞനാാണെന്ന് നടിച്ച് കള്ളങ്ങൾ പ്രചിരിപ്പിക്കുകയാണ് ശ്രീ പദ്മനാഭൻ ചെയ്തത്.
‘ന്യൂട്രിനോ പരീക്ഷണം ആയുധനിർമ്മാണത്തിനോ ‘ എന്ന വി. റ്റി. പദ്മനാഭന്റെ ലേഖന (മാതൃഭൂമി ആഴ്ച്ചപ്പതിപ്പ്, നവംബർ 2012) ത്തിനു മറുപടിയാണിത്. ആണവശാസ്ത്രജ്ഞനാാണെന്ന് നടിച്ച് കള്ളങ്ങൾ പ്രചിരിപ്പിക്കുകയാണ് ശ്രീ പദ്മനാഭൻ ചെയ്തത്.
ന്യൂട്രിനോ ആയുധങ്ങൾ
എന്നൊന്ന് നിലവിലില്ല. അതുകൊണ്ടു തന്നെ ന്യൂട്രിനോ ആയുധങ്ങളെക്കുറിച്ച് ആശയതലത്തിൽ
ചർച്ചകളും പ്രാഥമികപരീക്ഷണങ്ങളും ശാസ്ത്രലോകത്ത് സജീവമല്ല. തേനിയിലേത്
ഒരു നിരീക്ഷണശാല മാത്രമാണ്. പദ്മനാഭൻ-സഹദേവൻ ടീമിന്റെ പ്രസ്താവനകൾ തികച്ചും കള്ളമാണ്. ഇടുക്കി-ശാന്തൻ പാറ പ്രദേശങ്ങൾക്കടിയിലുമല്ല ഈ നിരീക്ഷണശാല.
ന്യൂട്രിനോ നിരീക്ഷണശാല തമിഴ്നാട്ടിലെ തേനി പ്രദേശത്തെ ബോഡി
ഹിത്സിൽ രൂപം കൊണ്ടുവരികയാണ്. പ്രപഞ്ചോൽപ്പത്തിയുടെ രഹസ്യങ്ങളാണ് ന്യൂട്രിനോ ഗവേഷണം
കൊണ്ട് ചുരുളഴിയാൻ പോകുന്നത്. ഇൻഡ്യയും അതിൽ ഭാഗഭാക്കാവുന്നു എന്നത് അഭിമാനക്കത്തക്കതാണ്. പക്ഷേ ആണവം, എലക്ട്രോൺ, ന്യൂട്രോൺ എന്നൊക്കെ കേട്ടാൽ പേടിച്ചരളുന്ന
സ്ഥിതിയിലേക്കാണ് മാദ്ധ്യമങ്ങൾ കൊണ്ടെ
എത്തിച്ചിരിക്കുന്നത്. ന്യൂട്രിനോ നിരീക്ഷണശാല തേനിയിലെ പൊട്ടിപ്പുറത്തു പാറകൾക്കടിയിൽ തുരന്നുണ്ടാക്കി പണിയുന്നതാണ്. ശാസ്ത്രജ്ഞവേഷം
കെട്ടുന്നവർ നമ്മെ പേടീപ്പിക്കാൻ പറഞ്ഞുണ്ടാക്കുന്നത്
വികിരണം ഇടുക്കിയിലെത്തും, ശാന്തൻപാറയിലെ മൃഗസസ്യജാലങ്ങൾ റേഡിയേഷൻ കൊണ്ട് വെന്തുരുകും
വെള്ളമെല്ലാം റേഡിയോ ആക്റ്റീവ് ആകും, എന്നൊക്കെയാണ്. ന്യൂട്രിനോ കൊണ്ട് ബോംബ് ഉണ്ടാക്കാമെന്നും അമേരിക്ക ഇതിന്റെ
പ്രാരംഭഗവേഷണപണിയൊക്കെ നമ്മളെക്കൊണ്ട് ചെയ്യിക്കുകയാണെന്നും ഈ ഈ ഭയനിർമ്മിതിയുടെ ഭാഗമായുണ്ട്. . ന്യൂക്ലിയാർ ഫിസിക്സ്,
കണഭൌതികശാസ്ത്രം (Particle Physics) എന്നിവയെക്കുറിച്ച് പരിജ്ഞാനമോ
ശാസ്ത്രലേഖനങ്ങൾ വായിച്ചു മനസ്സിലാക്കാനുള്ള കഴിവോ ഇല്ലാത്തവരാണ് ഇത്തരം തെറ്റിദ്ധാരണകൾ
പരസ്യപ്പെടുത്തി പൊതുജനത്തിനെ ഭീതിദരാക്കുന്നത്. “ന്യൂട്രിനോ ആയുധങ്ങളെപ്പറ്റി എന്തു പറയുന്നു?” (മാതൃഭൂമി ആഴ്ചപ്പതിപ്പ്, നവംബർ 11-17 ലക്കം 35) എന്ന ലേഖനത്തിൽ ന്യൂട്രിനോ ഫാക്റ്ററിയും ഇതുവരെ ലോകത്ത്
നിലവിൽ വരാത്ത മ്യു ഓൺ കൊളൈഡറും തേനിയിൽ ഭൂമിയ്ക്കടിയിൽ ഉണ്ടാകാൻ പോകുന്നു എന്ന
മാതിരിയുള്ള യുക്തികൾ നിരത്തുകയും ഒരു ശാസ്ത്രകാൽപ്പനികഭാവന മാത്രമായ ന്യൂട്രിനോ ആയുധം എന്ന സങ്കൽപ്പത്തെ
യാഥാർത്ഥ്യമാണെന്ന് ധരിപ്പിക്കുകയും ചെയ്യുന്നുണ്ട്.
പ്രപഞ്ചത്തിൽ ഫോടോൺ എന്ന പ്രകാശകണം കഴിഞ്ഞാൽ ഏറ്റവും കൂടുതലായി
കാണപ്പെടന്നവയാണ് ന്യൂട്രിനോകൾ. എറ്റവും നിഗൂഢാത്മകമായ കണങ്ങൾ. സൂര്യനിൽ നിന്നും ഉളവാകുന്ന കോടാനുകോടി
ന്യൂട്രിനോകൾ നമ്മുടെ ശരീരത്തിൽക്കൂടി കടന്നു പോകുന്നുണ്ട്. പ്രതിപ്രവർത്തനശേഷി മിക്കവാറും ഇല്ലാത്തവയാകയാൽ ശരീരത്തിൽ ആഘാതങ്ങൾ ഒന്നും ഉണ്ടാക്കുന്നില്ല. ഭൂമിയ്ക്കടിയിൽക്കൂടെയും
ഇവ നിർബ്ബാധം സഞ്ചരിക്കും. നിഷകളങ്കനെങ്കിലും ന്യൂട്രിനോയ്ക്ക് ചില വികൃതികൾ ഉണ്ട്. മൂന്നു ഭാവഭേദങ്ങളുള്ള ഇവൻ ചില ഒളിച്ചു കളികളിൽ ഏർപ്പെടും. എൽക്ട്രോൺ ന്യൂട്രിനോ, മ്യു
ഓൺ ന്യൂട്രിനോ, റ്റാവോ ന്യൂട്രിനോ എന്നിവയായി അങ്ങോട്ടുമിങ്ങോട്ടും
മാറിമാറിക്കളിയ്ക്കും. ഓസിലേഷൻസ്-ആന്ദോളനം എന്നു പറയാവുന്ന ഈ പെരുമാറ്റം ആണ് ന്യൂട്രിനോയെ
പഠനവസ്തുവായി കൈകാര്യം ചെയ്യാൻ പ്രയുക്തമാക്കുന്നത്. ഈ ചാഞ്ചാട്ടം പഠിയ്ക്കുന്നത് ന്യൂട്രിനോയുടെ
പിണ്ഡം അളക്കാൻ സഹായകമാവും. പിണ്ഡത്തെക്കുറിച്ചുള്ള അറിവ് ഡാർക് മാറ്റർ ഇലിലുള്ള കണങ്ങളെപ്പറ്റിയുള്ള സൂചനകളാണ്
നേടിത്തരുന്നത്. ന്യൂട്രിനോ ആന്ദോളനഅറിവുകളിലൂടെ. ദ്രവ്യം-എതിർ ദ്രവ്യം (matter-antimatter)
ഇവയുടെ പാരസ്പര്യവും അസമ്മിതി(asymmetry)യുടെ ഉദ്ഭവവും മറ്റും കണ്ടു പിടിയ്ക്കാൻ കഴിഞ്ഞേക്കും. സൂര്യനിൽ എന്തു നടക്കുന്നു, പണ്ട് എന്തു നടന്നു എന്നതിനു
ചില സൂചനകൾ കിട്ടിയേക്കും.എന്തുകൊണ്ടാണ് പ്രപഞ്ചം മാറ്റെർ കൊണ്ട്
ഉണ്ടാക്കപ്പെട്ടത്? ആന്റിമാറ്റേറിനു എന്തു സംഭവിച്ചു? ഫിസിക്സിന്റെ സാമാന്യനിയമത്തിനെതിരാായി എന്തോ
സംഭവിച്ചില്ലെ ആന്റി മാറ്റെർ
ഇല്ലാതായപ്പോൾ? ഇത്തരം ചോദ്യങ്ങൾക്ക്
ഉത്തരം കിട്ടാൻ ന്യൂട്രിനോ ഗവേഷണങ്ങൾ സഹായകമാകും. പിന്നെ ഈ പഠിത്തം എത്തിച്ചേരുന്നത് ബിഗ് ബാങ് തിയറിയുടെ അടിസ്ഥനങ്ങളിലേക്കാണ്, പ്രപഞ്ചോൽപ്പത്തിയുടെ
നിഗൂഢതകളിലാണ്. പല രാജ്യങ്ങളും സഹകരിച്ച് നടത്തുന്ന ഈ സംരംഭത്തിൽ
ഇൻഡ്യയും പങ്കു ചേരുന്നു. ഇതിനു വേണ്ടി തേനിയിലെ പൊട്ടിപ്പുറത്തുള്ള ബോഡി ഹിൽ സിനടിയിൽ ഇൻഡ്യൻ
ന്യൂട്രിനോ ഒബ്സെർവേറ്ററി (ഐ. എൻ. ഒ I. N. O.) തുറക്കുകയാണ്.
ന്യൂട്രിനോകളുടെ ആന്ദോളനവും പ്രതിപ്രവർത്തനവും പഠിച്ചെടുക്കണമെങ്കിൽ വളരെ ദൂരേയ്ക്ക് ന്യൂട്രിനോകളെ വിക്ഷേപിക്കണം.
അവയുടെ ആന്ദോളനസാദ്ധ്യത ദൂരം കൂടുന്നതനുസരിച്ച്
വർദ്ധിക്കും. ന്യൂട്രിനോ ഫാകറ്ററി
[1] എന്നറിയപ്പെടുന്ന ആക്സിലറേറ്ററിൽ
ഉണ്ടാക്കപ്പെടുന്ന ന്യൂട്രിനോ ബീമുകളെ നേരെ പായിക്കാം, ദൂരെ ഒരു ഡിറ്റക്റ്റർ ഈ ബീമുകളെ പിടിച്ചെടുത്താൽ മതി. ഡിറ്റെക്റ്ററിൽ അവ പ്രതിപ്രവർത്തിച്ചുണ്ടാകുന്ന കണങ്ങളെ പരിശോധിയ്ക്കുകയാണ്
പിന്നീട്. ഊർജ്ജം കൂടുതലാണെങ്കിൽ പ്രതിപ്രവർത്തനത്തിനുള്ള സാദ്ധ്യതയും
കൂടും. ന്യൂട്രിനോകൾ ദ്രവ്യവുമായി പ്രതിപ്രവർത്തിക്കുന്നത് വളരെ
അപൂർവ്വമാണ്. ജപ്പാനിലെ കമിയോകാൻഡേ ലാബിലെ
ഡിറ്റക്റ്റർ ശുദ്ധജലം നിറച്ച ഒരു വലിയ ടാങ്ക് ആണ്. ഏതെങ്കിലും ഒരു ജലകണികയുമായി
ന്യൂട്രിനോ പ്രതിപ്രവർത്തിച്ചെങ്കിലായി- ഒരു ദിവസം ഏതാണ്ട് 10 പ്രവർത്തനം, അത്രമാത്രം. അന്തരീക്ഷത്തിലെ ന്യൂട്രിനോകളല്ലാതെ കൂടുതൽ പ്രതിപ്രവർത്തനശക്തിയുള്ള ന്യൂട്രിനോ
ബീം ഉണ്ടാക്കിയെടുക്കുകയാണ് ഇതിന്റെ സാദ്ധ്യത കൂട്ടാൻ ഒരു പോം വഴി. ഫെർമി ലാബിൽ നിന്നും ജനീവയിലെ ലാബിൽ നിന്നുമൊക്കെ
ലോകത്തിന്റെ വിവിധഭാഗങ്ങളിലേക്ക് ന്യൂട്രിനോ ബീമുകൾ അയയ്ക്കപ്പെടുന്നുണ്ട്.. ഈ ഊർജ്ജം കൂടിയ ന്യൂട്രിനോ ബീമുകൾ അപകടകാരികൾ അല്ല. ഊർജ്ജം
കൂടിയ ന്യൂട്രിനോ രശ്മികൾ തേനിയിലേക്ക് അയയ്ക്കപ്പെടാൻ പദ്ധതിയൊന്നുമില്ല
തൽക്കാലം. ഐ. എൻ. ഓയിൽ പഠിക്കപ്പെടുന്നത് അന്തരീക്ഷത്തിലുള്ള ന്യൂട്രിനോ രശ്മികളെക്കുറിച്ചാണ്.
ബോഡി ഹിൽ സിലെ അന്തരീക്ഷത്തിൽ നിന്നും
താഴേയ്ക്ക് പോകുന്നവയും ഭൂമിയുടെ മറുഭാഗത്തു നിന്നും വരുന്നവയും. പതിനഞ്ചോ ഇരുപതോ
വർഷങ്ങൾ കഴിഞ്ഞ് ഫെർമി ലാബിൽ നിന്നോ മറ്റേതെങ്കിലും ന്യൂട്രിനോ ഫാക്റ്ററിയിൽ
നിന്നോ പായിക്കുന്ന ബീമുകളേയും ഡിറ്റക്റ്റ് ചെയ്യാനുള്ള ഒരു ആലോചന മുന്നോട്ട്
വയ്ക്കപ്പെട്ടിട്ടുണ്ട്. തൽക്കാലപദ്ധതിയിൽ
ഈ പരീക്ഷണങ്ങൾ ഉൾപ്പെടുന്നില്ല.
. ഇപ്രകാരം ന്യൂട്രിനോ ചാഞ്ചാട്ടങ്ങളേയും ഊർജ്ജവിനിമയത്തേയും മറ്റും പഠിച്ചെടുക്കാനുള്ള നിരീക്ഷണശാല മാത്രമാണ് തേനിയിൽ. ന്യൂട്രിനോ
രശ്മികൾ തേനിയിലെ ഇരുമ്പുപാളികളിൽ
പ്രതിപ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന മറ്റു കണങ്ങൾ ആണ്
ഡിറ്റെക്റ്റ് ചെയ്യപ്പെടുന്നത്. നിരകളായി
ഘടിപ്പിച്ചിട്ടുള്ള ഇരുമ്പുപാളികളാണ് ഡിറ്റക്റ്ററുകൾ. ന്യൂട്രിനോ രശ്മികൾ മിക്കവയും എളുപ്പത്തിൽ ഇവയൊക്കെ കടന്നു
പോകും, വല്ലപ്പോഴും ഒരു ന്യൂട്രിനോ
അവയിന്മേൽ പ്രതിപ്രവർത്തിച്ചെങ്കിലായി എന്ന മട്ടാണെന്ന് നേരത്തെ പ്രസ്താവിച്ചല്ലൊ. നടക്കുന്ന പ്രക്രിയ
വളരെ ചുരുങ്ങിയ ശതമാനത്തിൽ ആണ് എന്നർത്ഥം.
അതുകൊണ്ട് ഈ ഡിറ്റെക്റ്ററുകൾക്ക് കട്ടിയും വലിപ്പവും ആവശ്യമാണ്. ഇന്ന്
ലോകത്തിന്റെ പലഭാഗത്തുമായി നിരീക്ഷണശാലകൾ നിർമ്മിക്കപ്പെട്ടിട്ടുണ്ട്. ക്യാനഡയിലും അന്റാർടിക്കയിലും ജെനീവയിലും ജപ്പാനിലുമൊക്കെയാണ് ഇത്തരം നിരീക്ഷണശാലകൾ. ഭൂമിക്കടിയിലൂടെ പായിയ്ക്കുന്ന ന്യൂട്രിനോ ബീമുകൾ ഇവിടെയെല്ലാമുള്ള ഡിറ്റെക്റ്ററുകളിൽ
എത്തുന്നുണ്ട്. ഒന്നും വികിരണകാരികൾ അല്ല. വികിരണം ഉണ്ടാക്കുന്ന ഒരു രാസ-ഭൌതിക പ്രവർത്തനങ്ങളും ഇവിടെയെങ്ങുമോ തേനിയിലോ നടക്കുന്നില്ല. ആ
ഇരുമ്പുപാളികളാവട്ടെ റേഡിയോ ആക്റ്റീവ് വസ്തുക്കളായി മാറുന്നുമില്ല.
എന്തുകൊണ്ട് തേനിയിൽ?
ഭൂമിയിൽ പതിക്കുന്ന മറ്റു കണങ്ങളുടെ ശല്യങ്ങൾ
ഒഴിവാക്കിക്കൊണ്ടു വേണം ഡിറ്റക്റ്റർ പ്രവർത്തിക്കേണ്ടത്. അതുകൊണ്ട് മലയുടെ അടിയിൽ തന്നെ നിരീക്ഷണശാല പണിതെടുക്കുന്നു. കോസ്മിക് രശ്മികളേയും സ്വാഭാവിക വികിരണ (background
radiation) ത്തേയും ഒഴിവാക്കാൻ
നല്ല കട്ടിയുള്ള പാറ ഉണ്ടെങ്കിൽ അത്യുത്തമം. ഇത്തരം
ഉറപ്പുള്ള പാറകളാകട്ടെ ദക്ഷിണേന്ത്യയിൽ ധാരാളം. സ്ഥലം തെരഞ്ഞെടുത്തത് ഇത്തരം മാനദണ്ഡങ്ങളെ
അടിസ്ഥാനപ്പെടുത്തിയാണ്. തേനി പ്രദേശത്തെ പൊട്ടിപ്പുറത്തുള്ള
ബോഡി ഹിത്സിലെ പാറകൾക്കടിയിലാണ് പരിസ്ഥിതിക്ക് അധികം
അപമാനമേൽക്കാതെ ഈ നിരീക്ഷണശാല ഉണ്ടാക്കാൻ
പര്യാപ്തമായ ഇടം. റോഡുകൾക്കും റെയിൽപ്പാതയ്ക്കും വേണ്ടപോലെ സാധാരണ
ടണൽ നിർമ്മിച്ചാണ് നിരീക്ഷണശാല കെട്ടിപ്പടുക്കുന്നത്. ഇത് ഇടുക്കി ജില്ലയിലേക്ക് നീളുന്നതേ ഇല്ല. അതുകൊണ്ട് ഇടുക്കിയോ ശാന്തൻപാറയോ ആയി ഈ നിരീക്ഷണശാല
നിർമ്മാണത്തെ ബന്ധപ്പെടുത്തേണ്ടതില്ല.
ശ്രീ പദ്മനാഭൻ-സഹദേവൻ ടീം അവരുടെ ലേഖനത്തിലൂടെ ഈ നിരീക്ഷണ ശാലയെക്കുറിച്ച്
വൻ തെറ്റിദ്ധാരണയാണ് പ്രചരിപ്പിക്കുന്നത്. ന്യൂട്രിനോ, വികിരണം. റേഡിയോ ആക്റ്റീവ് ഡീക്കേ (വികിരണ അപക്ഷയം) മ്യു ഓൺ കൊളൈഡർ, ന്യൂട്രിനോ ഫാകറ്ററി എന്നിവയെപ്പറ്റി പ്രാഥമിക അറിവുകളിൽ
വന്ന പിഴവാണിതിനു കാരണം. ന്യൂട്രിനോ സമീപഭാവിയിൽ ആയുധങ്ങളായി മാറുമെന്നുള്ള
വ്യാജപ്രസ്താവന ആരേയും ഭീതിയിലാഴ്ത്താൻ പോന്നതാണ്. ലോകം മുഴുവൻ പങ്കെടുക്കുന്ന സുപ്രധാനഗവേഷണത്തിൽ
പങ്കാളിയാകുന്ന ഇൻഡ്യയെ ജനരോഷം ആളിക്കത്തിച്ച് പിൻ തിരിപ്പിക്കാൻ വേണ്ടി
ആവേശഭരിതമായി എഴുതിയാണ് ആ ലേഖനം.
ന്യൂട്രിനോകളും
വികിരണവും തമ്മിൽ എന്തു ബന്ധം?
ന്യൂട്രിനോകൾക്ക് റേഡിയോ ആക്റ്റീവ് സ്വഭാവമുണ്ടെന്നും
തേനിയിലും ഇടുക്കി പ്രദേശങ്ങളിലും റേഡിയോ ആക്റ്റിവിറ്റി പരക്കുമെന്നുമാണ് ശ്രീ
പദ്മനാഭൻ-സഹദേവൻ ടീമിന്റെ ലേഖനം
വായിച്ചാൽ തോന്നുക. ന്യൂട്രിനോകൾക്ക് ഒരിക്കലും വികിരണസ്വഭാവം കൈവരിക്കാൻ (റേഡിയോ ആക്റ്റീവ് ആകാൻ) സാധിയ്ക്കുകയില്ല. ന്യൂട്രിനോകൾക്ക് അയണീകരണ (ionization)വും ഇല്ല. “ന്യൂട്രിനോകളുടെ അയണീകരണവികിരണം” എന്നൊരു വാക്ക് ലേഖകർ ഉപയോഗിക്കുന്നു. അയണീകരണം മൂലക
(ആറ്റം)ത്തിനാണു നടക്കുക. ന്യൂട്രിനോ ഒരു മൂലകത്തിൽ പ്രവർത്തിച്ച് അയണീകരണം
ആ മൂലകത്തിനു ഉണ്ടായേക്കാം.സാധാരണ ദ്രവ്യമുമായി പ്രതിപ്രവർത്തിക്കുക ഇവയുടെ
സ്വഭാവമല്ലെങ്കിലും ഒരു ചെറിയ ശതമാനം മേൽപ്പറഞ്ഞതു പോലെ പ്രതിപ്രവർത്തിക്കും. നേരത്തെ
സൂചിപ്പിച്ചതുപോലെ ഊർജ്ജം കൂടുതലുള്ള
ന്യൂട്രിനോകൾക്ക് പ്രതിപ്രവർത്തിക്കാനുള്ള സാദ്ധ്യത കൂടും. ഹാഡ്രോണിക് ഷവർ (പ്രോടോൺ, ന്യൂട്രോൺ, പയോൺ, മ്യു ഓൺ എല്ലാം
കൂടിയുള്ള ഒരു ‘പെയ്ത്ത്’) ഉണ്ടാകും. വളരെ ചെറിയ തോതിലുള്ള വികിരണം
ഉണ്ടാകുന്നുണ്ട്. പക്ഷേ അത് ഒരിക്കലും അപകടകാരിയാകുന്ന തോതിന്റെ അടുത്തെങ്ങും
എത്തുന്ന രീതിയിലല്ല. ഐ. എൻ ഓ. നിരീക്ഷണശാലയിൽ
ഹാഡ്രോണിക് ഷവർ ഉണ്ടാകുന്നതേ ഇല്ല.
മ്യു ഓൺ എന്ന
കണികാ ബീമുകളെ ത്വരിതപ്പെടുത്തി തമ്മിലടിപ്പിച്ച്
(collide) പുതിയ സബ് ആറ്റോമിക്
കണങ്ങളും ശക്തികളും
ഉണ്ടാകുന്ന, അവയെക്കുറിച്ച് ആഴത്തിൽ പഠിയ്ക്കാനുള്ള ഭാവിയിലെ പാർടിക്കിൾ ആക്സിലറേറ്ററാണ് മ്യു ഓൺ
കൊളൈഡർ [2]. ഉയർന്ന ഊർജ്ജമുള്ള ന്യൂട്രിനോകൾ ഇവിടത്തെ പ്രതിക്രിയകളുടെ ഫലമായി ഉദ്പ്പാദിക്കപ്പെടും. ഈ ന്യൂട്രിനോകൾക്കും സ്വയമേവ വികിരണശേഷി ഇല്ല. പക്ഷേ അതിയായ ഊർജ്ജം
ഉള്ളതുകൊണ്ട് എളുപ്പത്തിൽ ദ്രവ്യവുമായി
പ്രതിപ്രവർത്തിക്കും. ഇതോടെ ഉണ്ടാകുന്ന കണങ്ങൾ റേഡിയേഷൻ
ഉണ്ടാക്കും [3]. ന്യൂട്രിനോകൾ നേരിട്ട് വികിരണമുണ്ടാക്കുന്നില്ലാത്തതിനാൽ
പരിണതി വികിരണം (secondary radiation) എന്നാണിതിനു പേര്. ദ്രവ്യവുമായി പ്രതിപ്രവർത്തിച്ച് ഉണ്ടാകുന്ന പല കണങ്ങളുമാണ് വികിരണകാരികൾ. ന്യൂട്രിനോ സ്വമേധയാ അല്ല. ലോകത്ത് മ്യു ഓൺ കൊളൈഡറുകൾ ഇതുവരെ
നിർമ്മിച്ചിട്ടില്ല. എന്നാൽ ഇത്തരം കൊളൈഡറുകൾ
നിർമ്മിക്കുമ്പോൾ എടുക്കേണ്ട മുൻ കരുതലുകളെക്കുറിച്ച് വിശദമായ പഠനങ്ങൾ നടന്നു
വരുന്നുണ്ട്. ഷിക്കാഗോയിലെ ഫെർമി
ലാബിലും സേണി (CERN) ലും ജപ്പാനിലെ കാമിയോകാൻഡെ ലാബിലും ഇത്തരം കൊളൈഡറുകൾ സ്ഥാപിക്കാൻ പദ്ധതികൾ രൂപപ്പെട്ടു വരുന്നു.
തേനിയിലെ നിരീക്ഷണശാലയിൽ പഠിക്കപ്പെടുന്നത് അന്തരീക്ഷത്തിലെ ന്യൂട്രിനോകൾ മാത്രമാണ്. അവ ഡിറ്റെക്റ്റ്
ചെയ്യുകമാത്രമാണ് ഈ ശാലയുടെ പ്രധാനപ്രവർത്തി. അവിടെ
വികിരണം ഉണ്ടാവുകയോ വെള്ളത്തിൽ റേഡിയേഷൻ കലരുകയോ സസ്യ-ജന്തുജാലങ്ങൾക്ക് വികിരണം ഏൽക്കുകയോ ചെയ്യുന്നില്ല. ജപ്പാനിലും ഇറ്റലിയിലും ഫ്രാൻസിലും ജെനീവയിലും മറ്റും നിലവിലുള്ള മറ്റു ഡിറ്റെക്റ്ററുകൾ പോലെ
മറ്റൊന്ന്. ഇത്
മനസ്സിലായില്ലെന്നു നടിയ്ക്കുകയാണ് ഏറേ വായിച്ചിട്ടുള്ള (അങ്ങനെയാണ് അവരുടെ റെഫറൻസ് ലിസ്റ്റ് കണ്ടാൽ തോന്നുന്നത്) ശ്രീ
പദ്മനാഭനും ശ്രീ സഹദേവനും. അവർക്ക് പറ്റിയ തെറ്റ് അറിവില്ലായ്മയിൽ നിന്നാണെന്നു തോന്നുന്നു. “ന്യൂട്രിനോകളുടെ അയണീകരണവികിരണം സംബന്ധിച്ച പഠനങ്ങൾ” എന്ന തലക്കെട്ടിനടിയിൽ വാസ്തവവിരുദ്ധമായ കാര്യങ്ങളാണ്
ചർച്ച് ചെയ്യപ്പെടുന്നത്. നാലു തെറ്റിദ്ധാരണകളാണ് ശ്രീ പദ്മനാഭനും ശ്രീ സഹദേവനും പറ്റിയിട്ടുള്ളത്. 1. തേനിയിൽ ഒരു മ്യു ഓൺ കൊളൈഡർ ആണ് ഉണ്ടെന്നുള്ളത്. 2. തേനിയിൽ എത്തുന്ന ന്യൂട്രിനോകൾ അത്യൂർജ്ജകാരികളും
പ്രതിപ്രവർത്തനം മൂലം വികിരണസാദ്ധ്യതയുള്ളവയും ആകാം എന്നത്. 3.‘ന്യൂട്രിനോ
റേഡിയേഷൻ’ എന്ന് ശാസ്ത്രലേഖനങ്ങളിൽ കാണുന്നത് ന്യൂട്രിനോ പ്രേരിത റേഡിയേഷൻ ആണെന്ന് അറിയാതെ
പോവുക 4.ന്യൂട്രിനോ കിരണങ്ങളെ ആയുധപരീക്ഷണങ്ങൾക്കോ ബോംബുകൾ
കണ്ടുപിടിച്ച് നിർവ്വീര്യമാക്കാനോ ഉപയോഗിക്കാം എന്ന
സംഭാവ്യതയെ ഇപ്പോൾ നടക്കാൻ പോവുന്ന കാര്യമായി ഗണിക്കുക. റെഫറൻസ് ലിസ്റ്റിൽ കൊടുത്തിട്ടുള്ള പ്രബന്ധങ്ങൾ അവർ
വായിച്ചിട്ടുണ്ടെങ്കിൽ, അവ
മനസ്സിലാക്കിയിട്ടുണ്ടെങ്കിൽ ഇത്ര മാത്രം വങ്കത്തം എങ്ങിനെ വിളിച്ചു പറയുന്നു എന്നാണ് നമ്മൾ ആശ്ചര്യപ്പെടേണ്ടത്.
തേനിയിലും ഇടുക്കിയിലും റേഡിയേഷൻ വ്യാപരിക്കും എന്ന ഭീകരത
സ്ഥാപിച്ചെടുക്കാൻ രണ്ടു വഴികളാണ് ശ്രീ പദ്മനാഭനും ശ്രീ സഹദേവനും സ്വീകരിക്കുന്നത്. ഒന്ന്
ശാസ്ത്രപ്രസിദ്ധീകരണങ്ങളെ
തെറ്റായി വ്യഖ്യാനിക്കുകയും അവയിൽ പറയാത്തത് പറയുകയും ചെയ്യുക എന്നതാണ്. രണ്ടാമതായി ഇങ്ങനെ സ്ഥാപിച്ചെടുത്ത വിപരീതവ്യാഖ്യാനം
തേനിയിലെ നിരീക്ഷണശാലയുടെ പ്രവർത്തനവുമായി വ്യാജമായി ബന്ധിപ്പിക്കുക എന്നതുമാണ്. ന്യൂട്രിനോകളും വികിരണങ്ങളും എന്നൊരു തലക്കെട്ടിനടിയിൽ ശ്രീ
പദ്നഭൻ നിവർത്തുന്നത് വസ്തുതകളേക്കാൾ
തെറ്റിദ്ധാരണകളോ അറിവില്ലായ്മയോ ആണ്. വികിരണത്തെപ്പറ്റി അടിസ്ഥാനവിവരം
ഇല്ലാതെയാണ് പലതും എഴുതിക്കൂട്ടിയിരിക്കുന്നത്. ‘ന്യൂട്രിനോ പ്രതിപ്രവർത്തനത്തിൽ അവ മറ്റ് കണങ്ങളുമായി കൂട്ടിമുട്ടി
എലെക്റ്റ്രോണിനെ പുറന്തള്ളി പോസിട്രോണുകളെ ഉത്പാദിപ്പിക്കുന്നു, പോസിട്രോൺ എലെക്ട്രോണിനെ
കണ്ടെത്തി ഒന്ന് മറ്റൊന്നിനെ സ്വീകരിച്ച് ഗാമാ വികിരണങ്ങൾ പുറപ്പെടുവിക്കയും
ചെയ്യുന്നു‘ എന്നത് ശാസ്ത്രത്തിനു
നിരക്കാത്തതാണ്. “ന്യൂട്രിനോകൾ വികിരണമാത്രകൾ പുറപ്പെടുവിക്കുന്നു
എന്നത് ഇതിലൂടെ മനസ്സിലാക്കാം’ എന്നത്
തികച്ചും തെറ്റായ പ്രസ്താവനയാണ്.
വ്യാജമായ ആരോപണങ്ങൾ ഇങ്ങനെയാണ് കെട്ടിപ്പടുത്തിരിക്കുന്നത്:
1. കൊളൈറഡുകളിൽ മാത്രം
ഉളവാകുന്ന വികിരണത്തെ ഇപ്പോൾ ഫെർമി ലാബിൽ നിന്നും വിക്ഷേപിയ്ക്കുന്ന ന്യൂട്രിനോ
ബീമുകളുമായി താരതമ്യം
ചെയ്യൽ. അവയും റേഡിയോ ആക്റ്റീവ് ആണെന്ന് പ്രസ്താവിക്കൽ.
2. ഇനിയും നിർമ്മിച്ചെടുക്കാത്ത
കൊളൈഡറുകളിലെ വികിരണസദ്ധ്യതകളെക്കുറിച്ചും മുൻ കരുതലുകളെക്കുറിച്ചും എഴുതപ്പെട്ട പ്രബന്ധങ്ങളിൽ (മൊഖോവ്-കൊയ്സാർട്, ബ്രൂസ് കിങ്, സിലരി-വിൻകെ (Silari-Vinke),
സ്റ്റീവ് ഗീർ എന്നിവരുടെ) പറയാത്ത കാര്യങ്ങൾ
സ്ഥാപിച്ചെടുക്കുകയും അവയിലെ ഉള്ളടക്കത്തെ വ്യാജമായി നിർവ്വചിക്കുകയും ചെയ്യുക.
3. ഫെർമി ലാബിലെ സ്റ്റീവ്
ഗീറിന്റെ ന്യൂട്രിനോ ഫാക്റ്ററി-മ്യു ഓൺ കൊളൈഡർ ഭാവിപരികൽപ്പനയെ യഥർത്ഥമായി കണ്ടിട്ട് തേനി-ഇടുക്കിമേഖലയിൽ ഭൂമിയ്ക്കടിയിൽ കൊളൈഡർ ഉണ്ടെന്നും ഭീകര വികിരണസാദ്ധ്യതകൾ
ഉണ്ടെന്നും സങ്കൽപ്പിക്കുക.
തേനിയിൽ
നിർമ്മിക്കുന്നത് ഒരു നിരീക്ഷണശാല മാത്രമാണെന്ന സത്യത്തെ അവഗണിച്ചു കൊണ്ട് ഒരു കൊളൈറഡിൽ/ആക്സിലേറ്ററിൽ ഉദ്ഭവിച്ചേക്കാവുന്ന വികിരണത്തെക്കുറിച്ച് വിവരണങ്ങൾ വാരിച്ചൊരിയുന്നുണ്ട് ലേഖനത്തിൽ. തേനിയിലെ
നിരീക്ഷണശാലയിൽ റേഡിയേഷൻ ഉളവാക്കുന്ന ഒരു പരീക്ഷണങ്ങളും നടക്കുകയില്ല, മ്യു
ഓൺ ആക്സിലേറ്ററുകളോ കൊളൈഡറുകളൊ ആണ്
അത്യൂർജ്ജമുള്ള ന്യൂട്രിനോ ഉത്പാദിപ്പിക്കാനുള്ള സാദ്ധ്യതയുള്ളത്. ഇന്ന് ലോകത്ത് മ്യു ഓൺ കൊളൈഡർ നിലവിലില്ല
എന്നൊന്നും ലേഖകർക്കു പിടികിട്ടിയിട്ടില്ല. മ്യു ഓൺ
കൊളൈഡറുകളിൽ നിന്നും
ബഹിർഗ്ഗമിച്ചേക്കാവുന്ന ന്യൂട്രിനോ പരിസരവസ്തുക്കളുമായി പ്രതിപ്രവർത്തിച്ച്
ന്യൂട്രിനോ പ്രേരിത വികിരണ (neutrino induced secondary radiation) ങ്ങൾ ഉണ്ടായാൽ കരുതേണ്ട പ്രതിരോധപരിഗണനകളെക്കുറിച്ചാണ് ഈ
പ്രബന്ധങ്ങളൊക്കെയും. ഇനി വരാൻ പോകുന്ന കാലത്ത് നിർമ്മിച്ചെടുക്കാവുന്ന
കൊളൈഡറുകളിൽ ഉത്പാദിക്കപ്പെട്ടേക്കാവുന്ന വികിരണത്തേയും അതിനു പ്രതിരോധങ്ങൾ
സൃഷ്ടിക്കേണ്ടത് എങ്ങനെയൊക്കെയാണെന്നും വിശദമാക്കുന്നതാണ് മേല്പറഞ്ഞ ശാസ്ത്രജ്ഞരുടെ പഠനങ്ങൾ. മ്യു ഓൺ കൊളൈഡറുകൾ നിർമ്മിയ്ക്കുമ്പോൾ എടുക്കേണ്ട മുൻ
കരുതലുകളെക്കുറിച്ചുള്ള വിശദീകരണങ്ങളും സംഭാവ്യതകളെക്കുറിമുള്ള തിയററ്റിക്കൽ പഠനങ്ങളുമാണ് ഇവയെല്ലാം. ആ പ്രബന്ധങ്ങളിൽ പരാമർശിച്ചിരിക്കുന്ന സംഭാവ്യതകളെ കഴിഞ്ഞു പോയ സംഭവങ്ങളായാണ്
ലേഖകർ കണക്കിലെടുത്തിരിക്കുന്നത്. ഇത് അറിവില്ലായ്മയോ വാദത്തിനു വേണ്ടി കള്ളം പറയുന്നതോ ആവണം. ഭാവിയിൽ ഷിക്കാഗോയിലെ ഫെർമി ലാബിലോ ജെനീവയിലെ സേൺ (CERN) ഇലോ നിർമ്മിച്ചെടുത്തേക്കാവുന്ന പ്രത്യേക
ആക്സിലറേറ്ററുകളും (മ്യു ഓൺ കൊളൈഡറുകൾ) അവയുടെ മുകളിൽ ഉണ്ടാകാൻ സാദ്ധ്യതയുള്ള പരിണതി വികിരണങ്ങളും (secondary radiation)
ലാഘവ ബുദ്ധിയോടെയാണ് ഇങ്ങ് തേനിയിൽ കൊണ്ടെ ലേഖകർ കുഴിച്ചിടുന്നത്. യുക്തി ലവലേശം ഇല്ലാത്ത ചിന്താഗതി.
തേനിയിൽ അന്തരീക്ഷ ന്യൂട്രിനോകളെയാണ് പഠനവിധേയമാക്കുന്നത്
എന്നതറിയാതെ അത്യൂർജ്ജമുള്ള
ന്യൂട്രിനോ ബീമുകളാണ് അവിടെയെത്തുന്നതെന്നും അവയ്ക്ക് വികിരണശേഷിയുമുണ്ടെന്ന വിവരക്കേട് പദ്മനാഭൻ-സഹദേവൻ ടീമിനെ വിടാതെ
പിടികൂടിയിട്ടുണ്ട്. (“സൌരന്യൂട്രിനോകളെ അപേക്ഷിച്ച് ഫാക്റ്ററികളിൽ ഉത്പാദിപ്പിക്കുന്ന
ന്യൂട്രിനോകൾ അങ്ങേയറ്റം വികിരണസ്വഭാവമുള്ളതാണ്” എന്ന്
പലയിടത്തും പ്രഖ്യാപിക്കുന്നുണ്ട്. ന്യൂട്രിനോകൾക്ക് സ്വയമേ
വികിരണസ്വഭാവമില്ലെന്ന കാര്യം ലേഖകർ മറക്കുന്നു) ഇതു തെര്യപ്പെടുത്താൻ
വളഞ്ഞവഴികളും അസത്യങ്ങളേയുമാണ് പദ്മനാഭൻ-സഹദേവൻ കൂട്ടു
പിടിയ്ക്കുന്നത്. നാലു പ്രബന്ധങ്ങൾ ഇതിനുവേണ്ടി കണ്ടെത്തി
പരാമർശിക്കുന്നുണ്ട് ആദ്ദേഹം. ബ്രൂസ് ജെ കിങ് (Bruce
J. King), സിലരി-വിൻ കെ (Silari- Vinke), മൊഖോവ്-കൊയ്സാർട് (Mokhov-Coissart), ജെ. ജെ. ബെവലക്വ (J. J. Bevelaqua) എന്നിവരുടേതാണവ. എല്ലാം ഭാവിയിലുണ്ടാകാവുന്ന കൊളൈഡറുകളിലെ
റേഡിയേഷൻ സാദ്ധ്യതകളെപ്പറ്റിയുള്ളവ. പക്ഷേ ഈ ലേഖനങ്ങളിലെ വിവരണങ്ങൾ മനസ്സിലായിട്ടില്ല ശ്രീ പദ്മനാഭനും ശ്രീ സഹദേവനും. അല്ലെങ്കിൽ അറിഞ്ഞെന്നു നടിയ്ക്കുകയാണ്. ബ്രൂക് ഹാവൻ നാഷണൽ ലാബിലെ ബ്രൂസ് ജെ കിങ് ന്റെ പ്രവചനപഠനങ്ങളെ
കഴിഞ്ഞുപോയ ആപത്താക്കി മാറ്റിയിരിക്കുന്നു ലേഖകർ. “..പരീക്ഷണശാലയുടെ സമീപപ്രദേശങ്ങളിൽ വികിരണത്തോത് അപകടകരമായ
തോതിൽ ഉയർന്നിരിക്കുന്നതായി ബ്രൂസ് ജെ. കിങ് 1999-ഇൽ വെളിപ്പെടുത്തുകയുണ്ടായി” എന്ന കള്ളമാണ് ലേഖകർ എഴുതിപ്പിടിപ്പിച്ചിരിക്കുന്നത്. ആ ലേഖനത്തിൽ ഒരിടത്തും ഇങ്ങനെ ഒരു കാര്യം
പരാമർശിച്ചിട്ടില്ല. സിലരി- വിൻകെയുടെ ലേഖനത്തേയും ഭാവിയിൽ നിന്നും ഭൂതകാലത്തേയ്ക്ക്
കൊണ്ടുപോയി തളച്ചിട്ടുണ്ട് ലേഖകർ. “വികിരണം ആക്സിലേറ്ററിൽ നിന്നും വളരെ അകലെയാണെങ്കിൽ പോലും
വളരെയധികം അപകടകരമായ തോതിലായിരുന്നു” എന്നതും സത്യത്തിന്റെ
ലാഞ്ഛന ലവലേശം ഇല്ലാത്ത പ്രസ്താവനയാണ്.. മ്യു ഓൺ കൊളൈഡറുകൾ ലോകത്ത് ഇതുവരെ സ്ഥാപിച്ചിട്ടേ ഇല്ല. പിന്നെ എങ്ങനെ ഇതു സംഭവിക്കും? മൊഖോവ്-കൊയ്സാർട് പ്രബന്ധവും പദ്മനാഭൻ-സഹദേവൻ ടീം പരിശോധിക്കുന്നത് ആക്രമണസ്വഭാവമുള്ള മാനസികാവസ്ഥയോടെയാണ്. നിർമ്മിക്കാൻ പോകുന്ന കൊളൈഡറുകൾക്കകത്ത് വികിരണപ്രതിരോധങ്ങളുടെ
ആവശ്യകതയെപ്പറ്റിയാണ് മൊഖോവ്-കൊയ്സാർടിന്റെ പ്രബന്ധം. “ചുറ്റുവട്ടത്തുള്ള ഭൂപ്രദേശങ്ങളിലും (വെള്ളം, വായു, മണ്ണ് എന്നിവയിൽ) സംഭവിക്കാൻ പോകുന്ന വികിരണസാദ്ധ്യതകളെക്കുറിച്ച്
വിലയിരുത്തേണ്ടതുണ്ട്” എന്ന് ശ്രീ പദ്മ്നാഭൻ
എടുത്തെഴുതുന്നത് നാലുഖണ്ഡികകൾക്കു ശേഷം പ്രസ്താവിക്കുന്ന, ഇത് തേനിയിലും ഇടുക്കിയിലും സംഭവിക്കാൻ പോവുകയാണെന്ന സത്യവിരുദ്ധപ്രസ്താവനകൾക്ക് അടിക്കല്ല് പാകാനാണ്. തേനിയിലെ നിരീക്ഷണശാലയിൽ
ന്യൂട്രിനോ ബീമുകൾ വികിരണം ഉണ്ടാകുന്ന
തരത്തിലുള്ള പ്രതിപ്രവർത്തനം നടത്തുന്നില്ല
എന്നുള്ള അറിവ് ഒന്നെങ്കിൽ മറച്ചു
പിടിയ്ക്കുകയോ അറിഞ്ഞില്ലെന്നു നടിയ്ക്കുകയോ ആണ് ഇത്രയും വിശദമായി ഗവേഷണപ്രബന്ധങ്ങൾ പഠിച്ച
ലേഖകർ. ഇടുക്കിയിലോ
ശാന്തൻപാറയിലോ വികരണമലിനീകരണം
നടത്തുമെന്നു ലേഖകർ സ്ഥാപിച്ചെടുക്കുന്നതെങ്ങനെയെന്നു നോക്കാം. ഫെർമി
ലാബിലെ സ്റ്റീവ് ഗീറിന്റെ ഒരു പ്രബന്ധമാണ് ഇതിനാധാരമായെടുത്തിരിക്കുന്നത്. ആ പ്രബന്ധത്തിലാകട്ടെ ഒരു മ്യു ഓൺ കൊളൈഡർ നിർമ്മിച്ചാൽ
അതിന്റെ മുകളിലെ വികിരണസാദ്ധ്യതകൾ എന്തൊക്കെയാണെന്നു പരിശോധിക്കുന്ന
ഭാഗം ഉൾക്കൊള്ളുന്നതാണ് [4]. ഇത് ഫെർമി ലാബിൽ സ്ഥാപിച്ചേക്കാവുന്ന
കൊളൈഡറിന്റെ കാര്യമാണ്. അവിടത്തെ വികിരണം എങ്ങനെ കൈകാര്യം ചെയ്യേണ്ടി വരും എന്ന ആലോചന. “മ്യു ഓൺ കൊളൈഡറിന്റെ പരിധിയിൽനിന്ന് വളരെ
അകലെപ്പോലും വളരെ നീണ്ടതും നേർത്തതുമായ വികിരണമേഘങ്ങൾ
ജീവജാലങ്ങൾക്ക് വെല്ലുവിളി ഉയർത്തിക്കൊണ്ട് നിലനിൽക്കുന്നുണ്ട്” എന്ന പ്രസ്താവനയും ലേഖകർ സ്വയമേ കെട്ടിച്ചമച്ചതാണ്.. “നിലനിൽക്കുന്നുണ്ട്” എന്നത് സത്യമല്ല. കാരണം മ്യു ഓൺ കൊളൈഡറുകൾ
ലോകത്ത് നിലവിലില്ല എന്നതു തന്നെ. താമസിയാതെ ശ്രീ പദ്മനാഭനും
സഹദേവനും ഇക്കാര്യം ശാന്തൻപാറ വരെ എത്തിയ്ക്കുകയാണ്. “ഇവിടെ സ്റ്റീവ് റിപ്പോർട് ചെയ്തതു പോലെ യുള്ള വികിരണാപകടങ്ങൾ
ഉണ്ടായേക്കാം” എന്ന പ്രസ്താവന വായിച്ചാൽ തോന്നുക സ്റ്റീവ് ഗീർ എതോ അപകടം
റിപ്പോർട് ചെയ്തെന്ന്. നിരുപദ്രവികളായ ന്യൂട്രിനോ രശ്മികൾ, അതും അന്തരീക്ഷത്തിലിള്ളവയാണ്
തേനിയിൽ ഡിറ്റക്റ്റ് ചെയ്യപ്പെടുക എന്ന സത്യത്തെ മറച്ചു
വച്ചു കൊണ്ട് വീണ്ടും തെറ്റിദ്ധാരണയിൽ
നിന്നുടലെടുത്ത വിഡ്ഢിത്തങ്ങൾ വച്ചു വിളമ്പപ്പെടുന്നുണ്ട് . ജെ ജെ ബെവെലാക്വയുടെ പ്രബന്ധത്തിൽ പരാമർശിച്ചിരിക്കുന്നതും
മ്യു ഓൺ കൊളഡറിൽ നിന്നും ഉളവാകാൻ സാദ്ധ്യതയുള്ള വികിരണത്തെക്കുറിച്ചാണ്. പണിയാൻ പോകുന്ന ആക്സ്ലിലേറ്ററുകൾക്കടുത്ത് സംഭവിക്കാവുന്ന
വികിരണത്തെക്കുറിച്ചുള്ള മുന്നറിയിപ്പ്. പക്ഷേ ശ്രീ പദ്മ്നാഭൻ-സഹദേവൻ ടീം ഇത് ഇടുക്കി-തേനി ഭാഗത്ത്
തീർച്ചയായും നടക്കാൻ പോകുന്ന സംഭവങ്ങളാണെന്നാണ് വരുത്തിത്തീർക്കുന്നത്.. ഭൂമിയ്ക്കടിയിലൂടെ നിർദ്ദോഷകരമായ ന്യൂട്രിനോ ബീമുകൾ അയയ്ക്കുന്ന, അല്ലെങ്കിൽ അയച്ച പരീക്ഷണങ്ങളെ ലേഖകർ പിന്നീട് ഇവരുടെ ഒക്കെ
പ്രബന്ധസാരവുമായി കൂട്ടിക്കെട്ടുന്നു. വായനക്കാർക്ക് തോന്നുന്നത് ഇത്തരം അത്യൂർജ്ജം കലർന്ന, വളരെ
ഉയർന്ന പ്രതിവർത്തനശേഷിയുള്ള ന്യൂട്രിനോ ബീമുകൾ അയച്ച് പരീക്ഷണങ്ങൾ തുടങ്ങി
എന്നാണ്
ചുരുക്കത്തിൽ ലേഖകർ തെറ്റിദ്ധരിച്ചെടുത്ത വ്യാജവസ്തുതകൾക്ക് പൊതുബോധത്തെ വാർത്തെടുക്കുന്നതിൽ പങ്കുള്ളതുകൊണ്ട്
ആപൽക്കരമാവുകയാണ്. തെറ്റിദ്ധാരണ വിളമ്പി ഭീകരത സൃഷ്ടിച്ചെടുക്കുകയാണ്. അപകടം
വരുന്ന വഴി ഇതൊക്കെയാണ്:
1. നിർമ്മിച്ചെടുക്കാൻ
പരിഗണനയിലുള്ള മ്യു ഓൺ കൊളൈഡറിന്റെ
പ്രവർത്തങ്ങളിൽ നിന്നും ഉളവാകുന്ന ന്യൂട്രിനോ ചില വസ്തുക്കളുമായി പ്രവർത്തിച്ച്
വികിരണം ഉണ്ടായേക്കാം, അത് തടുക്കാനുള്ള പ്രതിവിധികൾ എന്തൊക്കെയാണ് എന്ന
വിശദമാക്കുന്ന ലേഖനങ്ങൾ വായിച്ച് (?) അവ
നടന്നു കഴിഞ്ഞെന്നും അതു തന്നെയാണ് തേനിയിൽ സംഭവിക്കാൻ പോകുന്നതെന്നും പൊതുജനത്തെ
തെറ്റായി ധരിപ്പിക്കൽ.
2. അത്യൂർജ്ജമുള്ള, പ്രതിപ്രവർത്തനശേഷിയുള്ള
ന്യൂട്രിനോകൾ തേനിയിൽ എത്തുമെന്ന തെറ്റിദ്ധരിക്കൽ. ഇന്ന്
നിലവിലില്ലാത്ത മ്യു ഓൺ കൊളൈഡറിൽ നിന്നും ദൂരേയ്ക്ക് , ഷിക്കാഗോയിൽ നിന്നും തേനി വരെ, ന്യൂട്രിനോ ബീം പായിക്കും എന്ന ആനമണ്ടത്തരം
പരസ്യമാക്കൽ. തേനിയിൽ
എത്തപ്പെടുന്ന ന്യൂട്രിനോ ബീമുകൾ ആപത്കാരികൾ ആണെന്ന മൂഢവിശ്വാസം. ‘മനുഷ്യനിർമ്മിതമായ ന്യൂട്രിനോകൾ അപകടകാരിയാണെ‘ന്ന് പ്രസ്താവിക്കൽ.
3. ഈ വിശ്വാസത്തിൽ
ഊന്നിക്കൊണ്ട് തേനിയിൽ നിന്നും ഉയർന്ന ഊർജ്ജമുള്ള ന്യൂട്രിനോകൾ വ്യാപരിച്ച്
ദ്രവ്യവുമായി പ്രതിപ്രവർത്തിച്ച് ഹാഡ്രോണിക് ഷവർ ഉണ്ടാകുമെന്നും ഇതു മൂലം ട്രിഷ്യം, കാർബൺ-14 തുടങ്ങിയ റേഡിയോ ആക്റ്റീവ് പദാർത്ഥങ്ങൾ
സൃഷ്ടിക്കപ്പെടുമെന്നും അവയൊക്കെ തേനിയിലും ഇടുക്കിയിലും വ്യാപിക്കുമെന്ന ഭ്രാന്തൻ
ആശയത്തിനു പ്രചാരം നൽകൽ.
4. ബന്ധമില്ലാത്ത
രണ്ടുകാര്യങ്ങൾ യോജിപ്പിച്ച് ഭീതി സൃഷ്ടിക്കൽ
“”ഈ പരീക്ഷണത്തിന്റെ ചുവടു പിടിച്ചുകൊണ്ടാണ് ആണവായുധങ്ങൾ
നശിപ്പിക്കുന്നതിനു ന്യൂട്രിനോ ബീമുകൾ ഉപയോഗിക്കാമെന്ന ആശയം മുന്നോട്ടു വയ്ക്കപ്പെട്ടത്.“
എന്നതിനു ശേഷം “CERN, FNAL എന്നീപരീക്ഷണശാലകളിൽ നിന്ന് 700 കി. മീ. ദൂരെയുള്ള ഡിറ്റകറ്ററുകളിലേക്ക് ന്യൂട്രിനോ
കിരണങ്ങൾ അയയ്ക്കുകയും പരിശോധനയ്ക്ക് വിശദമാക്കുകയും ചെയ്തിട്ടുണ്ട്.” എന്നു പ്രസ്താവിക്കുമ്പോൾ അണുബോംബുകളെ
നശിപ്പിക്കാൻ പ്രാപ്തമായ ന്യൂട്രിനോകളാണ് ഇതിൽ ഉൾപ്പെട്ടതെന്ന് വായനക്കാർക്കു
തോന്നുകയാണ്.
ലേഖനം
നീളുന്നതിനോടൊപ്പം ഇത്തരം കപടമായ അപായസൂചനകൾ അതിതീവ്രത
കൈവരിക്കുകയാണ്. തേനിയിലെത്തുന്ന ന്യൂട്രിനോ രശ്മികൾ കൊലപാതകികളാണെന്ന് ലേഖകർ
സ്ഥാപിച്ചു കഴിഞ്ഞു. പിന്നീട് വിവരക്കേട്
ഇങ്ങനെ ബഹിർഗ്ഗമിക്കുന്നു: “ഡിറ്റക്റ്ററുമായി പ്രതിപ്രവർത്തിക്കാത്ത ന്യൂട്രിനോകൾ മുകളിലേക്ക് പോവുകയും മലയുടെ മുകൾ വശത്തുകൂടി
പുറത്തേയ്ക്ക് പ്രവഹിക്കുകയും ചെയ്യും. …ഉപരിതലത്തിൽ
വികിരണമലിനീകരണം നടത്തും…….ഇത് തേനി-ഇടുക്കി മേഖലയിലെ
വന്യജീവികൾക്കും ഏലത്തോട്ടത്തിനും ഭക്ഷ്യവിളകൾക്കും മനുഷ്യജീവനുമൊക്കെ ഹാനികരമായി
ബാധിയ്ക്കാൻ ഇടയുണ്ട്.” ശാസ്ത്രത്തിൽ വിശ്വസിക്കുന്നവർക്കു
വേണ്ടിയല്ലെങ്കിൽത്തന്നെ പൊതുതാൽപ്പര്യപ്രകാരം
ഇവർ ഈ പ്രസ്താവന നിരുപാധികം പിൻവലിക്കേണ്ടതാണ്.
മറ്റ്
അസത്യപ്രസ്താവനകൾ ഇതാ:
1. “ഫെർമി ലാബ് പോലുള്ള
ന്യൂട്രിനൊ പരീക്ഷണശാലകളുടെ സമീപത്ത് താമസിക്കുന്ന ജനങ്ങളിൽ സൌരന്യൂട്രിനോകളിൽ നിന്നുള്ളതിനേക്കാൾ ദശലക്ഷം മടങ്ങ് കൂടിയ
അളവിൽ വികിരണം ലഭിയ്ക്കുന്നുണ്ട്”
2. “ഇവിടെ നടക്കുന്ന
പ്രതിപ്രവർത്തനങ്ങൾ ഇരുമ്പിനെപ്പോലുള്ള സ്ഥിരമൂലകങ്ങളെ റേഡിയോ ആക്റ്റീവ്
ഐസോടൊപ്പുകളായി മാറ്റും. ഏതാനും വർഷങ്ങളക്കകം തന്നെ ലബോററ്ററി പൂർണ്ണമായും
വികിരണബാധയുള്ളതായിരിക്കും”.
3.“റേഡിയോ ഐസോടൊപ്പായി
പരിവർത്തനം ചെയ്യപ്പെട്ട ഈ വസ്തുക്കൾ പുനഃചംക്രമണത്തിനായി ഉപയോഗപ്പെടുന്നത് വലിയ ഒരു ദുരന്തത്തിനു
കാരണമായേക്കും”
അബദ്ധങ്ങൾ വേറെയുമുണ്ട്. Mean free path vs energy എന്ന തലക്കെട്ടുള്ള ഗ്രാഫ് സൌരന്യൂട്രിനോകളുടേയും മ്യു ഓൺ
ന്യൂട്രിനോകളുടെയും താരതമ്യമാണെന്ന്
ധരിച്ചു വശായിരിക്കുന്നു ലേഖകർ! ആ ഗ്രാഫ് ന്യൂട്രിനോ, ആന്റി ന്യൂട്രിനോ എന്നിവയുടെ ഊർജ്ജത്തിന്റേയും പ്രതിപ്രവർത്തനുമുൻപ്
സഞ്ചരിക്കാവുന്ന ദൂരത്തിന്റേയും താരതമ്യമാണ്. ഈ ലേഖനത്തിൽ അതിനു ഒരു സാംഗത്യവുമില്ല താനും. പാർടിക്കിൾ ഫിസിക്സിനെപ്പറ്റി വെറും വായനാവിവരം പോലും ലേഖകർക്ക് ഇല്ലെന്ന് തെളിയാൻ വേറൊരു
ഉദാഹരണം വേണ്ട.
ചില പ്രസ്താവനകൾ ഹാസ്യമയമാണ്. നിരീക്ഷണശാല നിർമ്മിക്കാൻ ടണൽ
ഉണ്ടാക്കുമ്പോൾ ഭൂചലനങ്ങൾ സംഭവിക്കാമത്രെ. എട്ടുലക്ഷം ടൺ പൊടിപടലങ്ങളും 8000 ടൺ
നാനോകണങ്ങളും ഇടുക്കി-തേനി ജില്ലകളിൽ വ്യാപിക്കും, ന്യൂട്രിനോകൾ ഹാഡ്രോൺ ഷവർ
ഉണ്ടാക്കും ഇത് കിലോ മീറ്ററോളം വ്യാപിക്കും, ട്രിഷ്യം, കാർബൺ 14 മുതലായ
വികിരണപദാർഥങ്ങൾ സൃഷ്ടിച്ച് അവിടെയെല്ലാം പരക്കും എന്നൊക്കെയാണ് ലേഖകരുടെ ഗവേഷണബുദ്ധി കണ്ടു
പിടിയ്ക്കുന്നത്. നിരീക്ഷണശാല നിർമ്മിക്കാൻ പാറപൊട്ടിയ്ക്കുമ്പോൾ തന്നെ ഉയർന്ന
ഊർജ്ജമുള്ള ന്യൂട്രിനോകൾ അവിടെ എത്തിയോ? ഏറ്റവും ചെറിയ പൊടിയാണോ ഈ നാനോ കണങ്ങൾ? വെറുതേ
പാറപൊട്ടിച്ചാൽ നാനോ കണങ്ങൾ ഉണ്ടാകുമോ?ഹാഡ്രോൺ ഷവർ ഉടൻ ഉണ്ടാകുമോ? ടണൽ ഉണ്ടാക്കാൻ പാറപൊട്ടിയ്ക്കുമ്പോൾ ട്രിഷ്യവും കാർബൺ 14 ഉം ഉടൻ ഉണ്ടായി ഈ പൊടിപടലങ്ങളിലൂടെ
വ്യാപിക്കുമോ? ഇത്തരം ചോദ്യങ്ങൾ ചോദിച്ചേക്കാവുന്ന വായനക്കാർ വിഡ്ഢികളാണെന്ന് അവർ
കരുതിയോ എന്തോ. ഏതെങ്കിലും മിമിക്രി പരിപാടിയിലേക്കുള്ള സ്ക്രിപ്റ്റ് എഴുതുകയായിരുന്നോ ലേഖകർ എന്ന് സംശയിക്കണം.
ന്യൂട്രിനോ പരീക്ഷണം
ആയുധനിർമ്മാണത്തിനോ?
ഇങ്ങനെ ഒരു ചോദ്യത്തിനു തന്നെ സാംഗത്യമില്ലാതായിട്ടുണ്ട് ഇന്ന്. കാരണം ഇതിനാധാരമായ പ്രബന്ധം അത്യന്തം ഭാവനാപൂർണ്ണം
മാത്രമാണെന്ന് കണക്കാക്കി ശാസ്ത്രലോകം അവഗണിച്ചതിനാൽ. ലോകത്തുള്ള എല്ലാ ന്യൂട്രിനോ നിരീക്ഷണശാലകളും ആയുധനിർമ്മാണത്തിനാണോ
എന്ന പൊതുചോദ്യമാണിവിടെ ചോദിക്കേണ്ടത്. ന്യൂട്രിനോ ആയുധങ്ങളെപ്പറ്റി എന്തു പറയുന്നു എന്നു
ചോദിച്ചാൽ ഒന്നും പറയാറായിട്ടില്ല എന്ന ഉത്തരമേ ശാസ്ത്രജ്ഞന്മാരിൽ നിന്നും വരൂ. കാരണം അത്രമാത്രം അപ്രായോഗികമാണ് ഇതിന്റെ സാദ്ധ്യതാവശം.
ന്യൂട്രിനോ ബീമുകൾക്ക്
അണുബോംബുകളെ നശിപ്പിക്കാൻ കഴിയും എന്ന്
തെളിയിക്കാൻ ലേഖകർ കൂട്ടുപിടിച്ചിരിക്കുന്നത്
2003ഇൽ മൂന്നു ജാപനീസ് ഗവേഷകർ
എഴുതിയ ഒരു ലേഖനമാണ്. പിന്നെ ആൽഫ്രെഡ് റ്റാങ് 2008 ഇൽ പ്രസിദ്ധീകരിച്ച പ്രബന്ധവും.
.
ഇതാണ് ജാപനീസ്
ടീമിന്റെ ആശയം:1000 റ്റെറാ എലെക്ട്രോൺ വോൾടുള്ള ഒരു ന്യൂട്രിനോ ബീം ഭൂമിയ്ക്കടിയിലൂടെ അണുബോംബ് ലാക്കാക്കി
പായിക്കുക. ഈ ബീം ഒരു ഹാഡ്രോണിക് ഷവർ ഉണ്ടാക്കും. ബോംബിലുള്ള പ്ലൂടോണിയം യൂറേനിയം എന്നിവയിൽ ഫിഷൻ പ്രവർത്തനങ്ങൾ നടക്കും. അണുബോംബ് ഉരുകുകയോ ആവിയായി പോകുകയോ ചെയ്യും.
അപ്രായോഗികമെന്നു വിധിച്ച് ശാസ്ത്രലോകം തള്ളിക്കളഞ്ഞതാണ് ഈ സ്വപ്നഭാവന.
പ്രശ്നങ്ങൾ ഇവയാണ്:
1. 1000 റ്റെറാ വോൾട് എനെർജിയിൽ
ന്യൂട്രിനോ ഉത്പാദിപ്പിക്കണമെങ്കിൽ അതിനേക്കാൾ കൂടുതൽ എനെർജിയിൽ പ്രോടോണുകളെ ത്വരിതപ്പെടുത്തണം. ഇതിനു 1000 കിലോമീറ്റർ റേഡിയസ് ഉള്ള ആക്സിലേറ്റർ വേണ്ടി വരും. ഇന്ന് ലോകത്തുള്ള ഏറ്റവും വലിയ ആക്സിലറേറ്റർ ‘സേൺ’ ഇലാണ്. അതും 27 കിലോമീറ്റർ മാത്രം ചുറ്റളവ് ഉള്ളത്. അവിടെ ത്വരിതപ്പെടുത്താൻ പറ്റുന്ന പ്രോടോണിന്റെ എനെർജി
വെറും 7 റ്റെറ എലെക്ട്രോൺ വോൾട്. ഇന്ന് നിലവിലുള്ള പാർടികിൾ ആക്സിലറേറ്ററുകളേക്കാൾ നൂറിട്ടി പ്രഭാവമുള്ള പണികൾ ആവശ്യമാണിതിനു. ഇതിനുള്ള ടെക്നോളാജി നിലവിലില്ല എന്ന് അവർ തന്നെ
സമ്മതിക്കുന്നുണ്ട്.
2. അതിഭീമമായ ചെലവ്. 100 ബില്യൺ ഡോളറിൽ കൂടുതൽ.
3. എനെർജി ചെലവ്- 50 ഗിഗ വാട്ട്- ഈ അളവ് ബ്രിട്ടൻ എന്നരാജ്യത്തിന്റെ മുഴുവൻ പവർ ഉപയോഗത്തോളമാണ്.
4. ന്യൂട്രിനോ ബീമുകൾ
ആണവകേന്ദ്രം കൃത്യമായി കണ്ടുപിടിച്ചിരിക്കണം, ബീമിന്റെ ദിശയിൽ മിനിമം മൂന്നോ നാലോ മീറ്ററിനുള്ളിൽ
ആയിരിക്കണം ബോംബ് കേന്ദ്രം. രഹസ്യമായ ആണവകേന്ദ്രത്തിനു അടുത്തു തന്നെ ഒരു ഹാഡ്രോൺ ഷവർ
ഉണ്ടാകണം. ആണവകേന്ദ്രം
അതിരഹസ്യമായി സൂക്ഷിക്കുകയാണെങ്കിൽ ഇതു സാദ്ധ്യമേ അല്ലാതാവും.
5. ന്യൂട്രിനോ ബീമുകൾ
ആണവകേന്ദ്രത്തിനു അടുത്തു ചെന്നിട്ടു മാത്രമേ ദ്രവ്യയുമായി പ്രതിപ്രവർത്തിക്കുകയുള്ളു എന്ന് ഉറപ്പു വരുത്താൻ മാർഗ്ഗമില്ല. ഉറവുസ്ഥാനത്തിനടുത്തോ പോകുന്ന
വഴിയിലോ ഇത് സാദ്ധ്യമാണ്..
6. പ്രധാനപ്രശ്നം ഈ ബീം
പോകുന്ന വഴിയിൽ പ്രതികരണ വികിരണം (neutrino induced secondary
radiation) ജീവജാലങ്ങളെ ബാധിക്കാൻ സാദ്ധ്യതയുണ്ട്.
എന്നതാണ്.. ബോംബ്നിർമ്മാണകേന്ദ്രത്തിനടുത്ത് പ്രതിപ്രവർത്തനം നടക്കുകയാണെങ്കിൽ അവിടെയുള്ള മനുഷ്യരും ഇതിൽ ഉൾപ്പെടും.
7. ആണവബോംബ്
നിർവ്വീര്യമാക്കപ്പെടുന്നതു പോലെ അത് മുഴുവനോടെ പൊട്ടാനും തുല്യസാദ്ധ്യതയാണ്. ഫലത്തിൽ വിപരീതം.
ഈ രണ്ട് ലേഖനങ്ങളേയും (2003 ഇലെ ജാപനീസ് ടീമിന്റെ, 2008 ഇലെ ടാങിന്റെ)കണ്ണടച്ച് വിശ്വസിച്ചിരിക്കുകയാണ്, അല്ലെങ്കിൽ വാദത്തിനു വേണ്ടി അങ്ങനെ നടിയ്ക്കുകയാണ് ലേഖകർ . 2008 ഇലെപ്രബന്ധം തുടങ്ങുതു തന്നെ ആദ്യ ലേഖനത്തിന്റെ ആശയത്തെ തള്ളിക്കളഞ്ഞുകൊണ്ടാണ് “ അവരുടെ ഭാവിസംബന്ധി മാത്രമായ പരികൽപ്പന 50 GW ഊർജ്ജത്തിൽ പ്രവർത്തിക്കുന്ന 1 PeV ന്യൂട്രിനോ ബീം അടിസ്ഥാനമാക്കിയുള്ളതാണ്. അത്രയും തീവ്രതയുള്ള അത്യധികം ഉയർന്ന ഊർജ്ജം പേറുന്ന ന്യൂട്രിനോ ബീം സാക്ഷാാത്കരിക്കുക അടുത്ത ഭാവിയിൽ സാദ്ധ്യമല്ല“. അവസാനം ആ ലേഖനം ഉപസംഹരിക്കപ്പെടുന്നത് ഇങ്ങനെയാണ്: “ഈ ഉദ്യമത്തിന്റെ ഉദ്ദേശം ഒരു സംഭവ്യപഠനം മാത്രമാണ്, ഒരു സവിസ്തരമായ ആയുധരൂപകൽപ്പന അല്ല.“
പ്രസിദ്ധീകരിക്കപ്പട്ട ഈ
രണ്ട് ലേഖനങ്ങൾക്ക് വേറൊരു
കുഴപ്പവുമുണ്ട്. അവയൊന്നും ശാസ്ത്രജ്ഞന്മാർ
അംഗീകാരം നൽകിയ ഗവേഷണപ്രബന്ധങ്ങളല്ല. അത്തരം ഗവേഷണഫലങ്ങൾ അവയിൽ ഉൾക്കൊള്ളുന്നില്ല എന്നതുകൊണ്ട് യോഗ്യതയില്ലാതായ ആശയങ്ങൾ. ഇവയ്ക്ക് രണ്ടിനും
ഒരു ഗവേഷണപിന്തുടർച്ച ഉണ്ടായിട്ടില്ല. 2003 ഇൽ ജാപനീസ്
ടീം ന്യൂട്രിനോ ബീമുകൾ
അയച്ച് ആണവകേന്ദ്രങ്ങൾ പൊട്ടിയ്ക്കാമെന്ന ആശയം
വെളിവാക്കിയതിനു ഇന്നു വരെ
ഒരു അനുരണനങ്ങളും ഉണ്ടായിട്ടില്ല, ശാസ്ത്രീയ പഠനങ്ങളും. ഇന്റെർനെറ്റിൽ
ചില ചർച്ചകളും ആക്ഷേപങ്ങളും വന്നതൊഴിച്ചാൽ. ന്യൂ സയന്റിസ്റ്റ് എന്ന
പോപുലർ സയൻസ് മാഗസീനിൽ
ഒരു കുറിപ്പു വന്നതൊഴിച്ച് ശാസ്ത്രപ്രബന്ധങ്ങളൊന്നും ഈ വഴിക്ക്
തിരിഞ്ഞ് പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ല. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ ന്യൂട്രിനോ
ശാസ്ത്രജ്ഞൻ ആയ അൽഫോൻസ്
വെബെർ പറഞ്ഞത് ന്യൂ
സയന്റിസ്റ്റിൽ ഉദ്ധരിച്ചിട്ടുണ്ട്. “ഇത് വാസ്തവത്തിൽ
ശരിക്കും ഭാവിസംബന്ധി മാത്രമാണ്. കണക്കും ഫിസിക്സും
ഒക്കെ ശരിയാണെങ്കിലും.“ ഓക്സ്ഫോർഡിലെ മറ്റൊരു
ഗവേഷകൻ ഇപ്രകാരം പറഞ്ഞു
“ സാങ്കേതികമായി ഇത്
സംഭവ്യമായിരിക്കും
അതിവിപുലമായ നിക്ഷേപം ഉണ്ടെങ്കിൽ. പക്ഷേ പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങളുണ്ട്” ലേഖകർ വ്യവസ്ഥപ്പെടുത്തുന്നതുപോലെ ശാസ്ത്രലോകം
ഇതിനെപ്പറ്റി ഗവേഷണത്തിൽ ഏർപ്പെട്ടതായി തെളിവുകൾ ഒന്നുമില്ല. ഈ ആശയങ്ങളെ പാർടിക്കിൾ
ഫിസിക്സ് അറിയാവുന്നവർ തരിമ്പും മുഖവിലയ്ക്ക് എടുത്തില്ല. “ന്യൂട്രിനോ
ആയുധം’ എന്ന വാക്കേ
ഇതോടെ മണ്മറഞ്ഞു. പക്ഷേ ലേഖകർ
ഈ സത്യം
മറച്ചുകൊണ്ട് വെട്ടിത്തെളിച്ചു
പറയുന്നത് “ഇതൊരു
ആയുധമാണെതിൽ ഭൌതികശാസ്ത്രജ്ഞന്മാർക്കിടയിൽ
തർക്കമില്ല” എന്നാണ്. ഭൌതികശാസ്ത്രജ്ഞന്മ്മാർ
ഈ വിടുവായത്തം
അറിയാതെ പോകട്ടെ. ഈ
കള്ളത്തിനു
ശേഷം പദ്മനാഭൻ-സഹദേവൻ
ടീം വലിയ
മറ്റൊരു കള്ളം
പറയുന്നു: “ഫെർമി
ലാബിന്റെ കീഴിലുള്ള
പ്രൊജെക്റ്റ് X എന്ന പേരിൽ
അറിയപ്പെടുന്ന ഇന്റെർനാഷണൽ
ലീനിയർ കൊളൈഡർ
(ILC) ഇതിന്റെ
സാദ്ധ്യത അന്വേഷിക്കുന്നതിനാായി
തയാറാക്കപ്പെടുന്നതാണ്’“. പ്രോജെക്റ്റ്
എക്സിനെക്കുറിച്ച് സാമാന്യ
വിവരമുള്ളവർ, എന്തെങ്കിലും
വായിച്ചവർ ഇങ്ങനെ
പറയുകയില്ല..
മറ്റു ചില കള്ളങ്ങൾ അല്ലെങ്കിൽ അറിവില്ലായ്മകൾ ഇങ്ങനെ നിരത്തപ്പെടുന്നു:. “ന്യൂട്രിനോകളിലെ ഊർജ്ജത്തിന്റെ അളവ് …..ആയിരം ലക്ഷം കോടി എലെക്ട്രോ വോൾടായി (PeV=Peta=1000 ലക്ഷം
കോടി) ഉയർത്താനുമാണ് ശാസ്ത്രജ്ഞന്മാരുടെ ശ്രമം“ ശാസ്ത്രജ്ഞന്മാർ ഇതിനു ശ്രമിക്കുന്നതേ ഇല്ല. ഇനി
വരാൻ പോകുന്ന കൊളൈഡറുകളിൽ പോലും 10 TeV ഇൽ അധികം ഊർജ്ജനിർമ്മിതി പ്ലാനിടുന്നില്ല.
“ന്യൂട്രിനോകളുടെ ഊർജ്ജത്തിന്റെ തോത് ഈ രീതിയിൽ
ഉയർത്തുന്നതിനുള്ള ഒരു കാരണം ന്യൂട്രിനോ ആയുധങ്ങളുടെ പരീക്ഷണങ്ങൾക്കുവേണ്ടിയാണ്
എന്നതുകൂടി നാം മനസ്സിലാക്കേണ്ടതുണ്ട്.” ന്യൂട്രിനോ ആയുധം
എന്ന വ്യാജകൽപ്പനയെ എങ്ങനെയെങ്കിലും സ്ഥാപിച്ചെടുക്കണം എന്ന
പിടിവാശിയാണ് ഇത്തരം അസത്യങ്ങൾ പറയാൻ ഇവരെ പ്രേരിപ്പിക്കുന്നത്.
ന്യൂട്രിനോകൾ അണുബോംബുകളെ നശിപ്പിക്കാൻ പ്രാപ്തരാണെന്നു ശാസ്ത്രലോകവും തീർച്ചയാക്കിയെന്ന തീരുമാനം സ്വമേധയാ ഏറ്റെടുത്ത
ശേഷം ലേഖകർ പുതിയ ഒരു പദവും കണ്ടുപിടിച്ചിട്ടുണ്ട്.
“ന്യൂട്രിനോ ബോംബ്’“ എന്നാണത്. ഇങ്ങനെ ഒരു വാക്ക് ശാസ്ത്രലോകത്ത്
ഇല്ലാത്തതാണ്, ഒരു പ്രബന്ധത്തിലും കാണുകയില്ല. ഒരു കാടുകയറിയ ശാസ്ത്രഭാവനയെ അടിസ്ഥാനപ്പെടുത്തി മറ്റൊരു ഭ്രാന്തൻ ചിന്ത
ഉടലെടുക്കുകയാണിവിടെ. ശാസ്ത്രലോകം തള്ളിക്കളഞ്ഞ ആശയത്തെത്തന്നെ
വിടാതെ പിടികൂടുകയാണ് ലേഖകർ. ജാപ്പനീസ് ലേഖകരുടെ പ്രബന്ധത്തിൽ നിന്നും ഉദ്ധരിച്ചു കൊണ്ട്. “ആക്സിലറേറ്റർ പണിതുകഴിഞ്ഞാൽ ഹൈഡ്രജൻ ന്യൂക്ലി നിർമ്മിക്കുന്നതിനും
ആക്സിലറേറ്റർ പ്രവർത്തിപ്പിക്കാനുള്ള വൈദ്യുതിക്കും ആവശ്യമായ ചെലവുമാത്രമേ
ആയുധനിർമ്മാണത്തിനു വേണ്ടി വരുന്നുള്ളു “ എന്ന പ്രഖ്യാപനം വിശ്വാസത്തിൽ ഊന്നിയ മിഥ്യാലഘൂകരണമാണ് ഒരു
രാജ്യത്തിന്റെ ഭരണം പിടിച്ചെടുക്കാൻ, അവിടത്തെ ഭരണാധികാരികളെ ഇല്ലായ്മചെയ്യാൻ അവരുടേ നേരേ ഒരു ന്യൂട്രിനോ ബീം
അയച്ചാൽ മതിയെന്നുമാണ് പിന്നെ വാദിക്കുന്നത്! ഭാവിയിൽ
ഇങ്ങനെയാണത്രെ രാജ്യങ്ങളെ ആക്രമിക്കുന്നത്. അപഹാസ്യമായ
വിധത്തിലുള്ള അറിവില്ലായ്മ വെളിവാക്കപ്പെടുകാണിവിടെ. ലേഖകരുടെ
എല്ലാ യുക്തികളും ഇത്തരം വൻ വിഢിത്തങ്ങളണെന്നതിനു മറ്റൊരു തെളിവ് ആവശ്യമില്ല. ഈ ആശയം പിന്നീട് വലിച്ചു നീട്ടപ്പെടുകയാണ്. ഇത്തരം
ആയുധങ്ങൾ നിർമ്മിക്കാനുള്ള കയ്യൂക്ക് അമേരിക്കക്യ്ക്കു
മാത്രമേ ഉള്ളൂ, അതിന്റെ വിടുവേലകൾ
ഇൻഡ്യയെക്കൊണ്ട് ചെയ്യിക്കുയാണ്, ഉദാഹരണമാണ് തേനിയിലെ
നിരീക്ഷണശാല എന്നു സമർത്ഥിക്കുന്നതുവരെ കാര്യങ്ങൾ കൊണ്ടെത്തിച്ചിരിക്കുന്നു ലേഖകർ.
മാത്രമല്ല തേനിയിലെ
നിരീക്ഷണശാല ആയുധനിർമ്മാണത്തിനു തന്നെ എന്ന് തെളിയിച്ചപോലെയാണ് ലേഖകരുടെ പിന്നെ
വരുന്ന വാദങ്ങൾ: “പുതിയ ആയുധനിർമ്മാണത്തെ സംബന്ധിച്ച് യാതൊരു
ചർച്ചകളും പാർലമെന്റിലോ മറ്റേതെങ്കിലും വേദികളിലോ നടന്നതായി അറിവില്ല”. ഇല്ലാത്ത ആയുധനിർമ്മാണ സംരംഭത്തെ ഉണ്ടെന്ന് തെറ്റിദ്ധരിച്ച് അത്
എന്തുകൊണ്ട് പറയാതിരിക്കുന്നു എന്ന വിചിത്രവാദം!. തേനി സംരംഭം=ന്യൂട്രിനോ=ആയുധം
എന്ന സമവാക്യം അങ്ങനെ പൂരിപ്പിക്കപ്പെട്ട് പൊതുജനങ്ങൾക്കിടയിൽ ഭീതിദമായ കള്ളങ്ങൾ വ്യാപരിപ്പിക്കുകയാണ് ലേഖകർ. ന്യൂട്രിനോ
ഫാക്റ്ററി, ന്യൂട്രിനോ നിരീക്ഷണം, TIFR, മ്യു ഓൺ കൊളൈഡർ, ഇൻഡ്യയുടെയുടെ പങ്ക്, ഐ എൻ ഓ,
അതിന്റെ ഡയറക്റ്ററായ നബ കെ മോണ്ഡൽ ഒക്കെ ആര് ഏത് എന്ത് എവിടെ
എന്നൊന്നും മനസ്സിലാക്കാതെ ലേഖകർ
വളരെയധികം സംശയസംഭ്രമങ്ങളിൽ പെടുന്നുണ്ട്.
ഐ എൻ ഓ യെക്കുറിച്ച് സംശയങ്ങൾ മാത്രം ബാക്കിയാകുന്നത് ലേഖകരെ
പാരനോയിയ അവസ്ഥ വരെ എത്തിയ്ക്കുന്നു.
. എന്നാൽ ന്യൂക്ലിയാർ
റിയാക്റ്റർ സ്ഥാനങ്ങൾ കണ്ടുപിടിയ്ക്കുന്നതിൽ ന്യൂട്രിനോ
ഗവേഷണങ്ങൾക്ക് സുപ്രധാന സാംഗ്യത്യമുണ്ടെന്ന് അറിയാതെ പോകുന്നുമുണ്ട് ലേഖകർ. അണുവായുധനിർമ്മാണശാലകളിൽ
ന്യൂട്രിനോ ഉദ്പാദിക്കപ്പെടുന്നുണ്ട്. സൂക്ഷ്മമായ ന്യൂട്രിനോ ഡിറ്റെക്ഷൻ കൊണ്ട്
ഒരു കാലത്ത് രഹസ്യ അണുവായുധങ്ങളുടെ ഉറവിടം കണ്ടുപിടിയ്ക്കാൻ സാധിച്ചേക്കും. ഇതിനെക്കുറിച്ച് കാര്യമായ ആലോചനകൾ നടന്നും
വരുന്നുണ്ട് [5, 6] എന്നാൽ ഇതു ശ്രീ പദ്മനാഭൻ-സഹദേവൻ ടീം അറിഞ്ഞ
മട്ടില്ല. ന്യൂട്രിനോ ഗവേഷണത്തിന്റെ ഒരു പ്രധാന
സംഭാവ്യതയാണിത്. നിരവധി ഗവേഷണസാദ്ധ്യതകൾ ക്രോഡീകരിച്ച പ്രബന്ധമാണ് ബേൺസ്റ്റൈനും കൂട്ടരും [5] പ്രസിദ്ധീകരിച്ചിട്ടുള്ളത്. കടലിൽ 500 മീറ്ററോ അതിൽക്കൂടുതലോ ആഴത്തിൽ കൂറ്റൻ ടാങ്കറുകളിൽ ന്യൂട്രിനോ ഡിറ്റക്റ്റർ
ഘടിപ്പിച്ചാൽ ആണവനിലയങ്ങളെ നിരീക്ഷിക്കാമെന്നാണ് കണക്കു കൂട്ടൽ [6]. ഇന്നത്തെ സാങ്കേതികവിദ്യാ നിലവാരമനുസരിച്ച് വളരെ ചെലവേറുന്ന പദ്ധതിയാണ്.
അടുത്ത 30 വർഷത്തിൽ ഇത് സാദ്ധ്യമായേക്കാം എന്നാണ് കണക്കുകൂട്ടൽ.
ന്യൂട്രിനോ ഗവേഷണത്തിന്റെ സർവ്വസാധുതകളും പരിശോധിച്ച ഇവരും
ന്യൂട്രിനോ ആയുധം എന്നൊരു കാര്യം പരാമർശിക്കുന്നു
പോലുമില്ല.
ന്യൂട്രിനോ പരീക്ഷണങ്ങൾ നമുക്ക് വേണോ? വേണമെന്ന്
ഊന്നിപ്പറഞ്ഞാണ് ശ്രീ പദ്മനാഭൻ-സഹദേവൻ ടീം ലേഖനം തുടങ്ങുന്നത്.
ആദ്യഖണ്ഡികയിൽത്തന്നെ ഇതു വെളിവാക്കുന്നുണ്ട്. “വിവിധരാജ്യങ്ങളിലെ ശാസ്ത്രജ്ഞന്മാരും
സർവ്വകലാശാലകളും ഒരുമിച്ച് ചേർന്നുകൊണ്ട് പ്രപഞ്ചവിജ്ഞാനീയത്തിൽ നാഴികക്കല്ലാകാൻ
പോകുന്ന ന്യൂട്രിനോ പരീക്ഷണങ്ങളിൽ സക്രിയമായി ഇടപെട്ടു വരുന്നു” എന്ന് പറഞ്ഞുവച്ചിട്ടുണ്ട്. പക്ഷേ ശ്രീ
പദ്മനാഭനും ശ്രീ സഹദേവനും ഇതിനെക്കുറിച്ച് കൂടുതൽ അറിവുണ്ടെന്നും, പാർടിക്കിൾ
ഫിസിക്സുകാർക്ക് ന്യൂട്രിനോ രശ്മികളെപ്പറ്റിയും അവയുടെ പരിസ്ഥിതി പ്രത്യാഘാതങ്ങളെക്കുറിച്ചും
അറിവൊന്നുമില്ലെന്നുമാണ് ലേഖനം വായിച്ചാൽ തോന്നുക. ഇക്കണക്കിനു ഇത് നടപ്പിൽ വരുത്തി എന്തിനീ ദുരിതം
ഏറ്റെടുക്കണം? ഇടുക്കിയും ശാന്തൻപാറയും പരക്കേ റേഡിയോ ആക്റ്റീവ് ആകുന്ന ഈ
ശാസ്ത്രസംരംഭം ആർക്കു വേണം? പോരാഞ്ഞിട്ട് പദ്ധതികൾ രഹസ്യാത്മകമാകുന്നു എന്ന വ്യാജമോ കപടമോ ആയ സംശയവുമുണ്ട്
ലേഖകർക്ക്. ന്യൂട്രിനോ നിരീക്ഷണത്തെ ആയുധനിർമ്മാണത്തിനു വേണ്ടിയുള്ള പ്രവർത്തനമായി തോന്നിപ്പിച്ചതിനു പിന്നിൽ ഇങ്ങനെയൊരു
ചേതോവികാരവുമുണ്ടാവാം.. ലേഖകരുടെ
സംശയങ്ങൾ ഒരു പ്രത്യേക കോളത്തിൽ നമ്പരിട്ട് കൊടുത്തിട്ടുമുണ്ട്.നിരീക്ഷണശാല ഉയർത്തുന്ന ചോദ്യങ്ങൾ എന്ന ഇൻസെറ്റ് (inset) ഇത്തരം വ്യാജകൽപ്പനകളുടെ പരിണതിയാണ്. വികിരണമേ
ഉണ്ടാകുന്നില്ലാത്ത തേനിയിൽ വികിരണമലിനീകരണസദ്ധ്യതകൾ
എന്തുകൊണ്ട് ഐ എൻ ഓ തള്ളിക്കളയുന്നു എന്നൊക്കെയാണ് ചോദ്യങ്ങൾ. ഇടുക്കിയിലും അടുത്ത സ്ഥലങ്ങളിലേയും വെള്ളം റേഡിയോ ആക്റ്റീവ്
അകുന്നതിനെപ്പറ്റി ആകുലതകൾ ഏറെ. ഇവിടെ
ചോദിച്ചിരിക്കുന്ന ആറു ചോദ്യങ്ങൾ വികിരണം നടക്കുമെന്ന
പമ്പരവിഢിത്തത്തിൽ നിന്നും ഉടലെടുത്തവയാണ്. രണ്ടു ചോദ്യങ്ങൾ ജാപ്പനീസ് ടീമിന്റെ നേരത്തെ
വിസ്തരിച്ച ഭ്രമകൽപ്പന അടിസ്ഥാനമാക്കിയുള്ളതാണ്. ന്യൂട്രിനോ പരീക്ഷണം
ആയുധനിർമ്മാണത്തിനു എന്ന സാദ്ധ്യത ഇന്ത്യാ
ഗവണ്മെന്റോ പദ്ധതിയുടെ പ്രയോക്താക്കളോ പരിഗണിച്ചിരുന്നോ, ഐ എൻ ഓയിൽ നിരീക്ഷണം
നടത്തുന്നതിൽ ഇന്ത്യക്ക് നേട്ടമെന്തിങ്കിലുമുണ്ടോ എന്നൊക്കെയാണ് ചോദ്യങ്ങൾ. ഇല്ലാത്ത ആയുധനിർമ്മാണസാദ്ധ്യതയെപ്പറ്റി
ശാസ്ത്രജ്ഞരും ഗവണ്മെന്റും ആലോചിക്കണമായിരുന്നത്രേ! നിരീക്ഷണശാലയ്ക്ക്
ടണൽ നിർമ്മിക്കാൻ സാധാരണ റോഡുപണിയിലെ തുരങ്കനിർമ്മാണത്തോളം മാത്രമേ ആയാസം വേണ്ടി
വരികയുള്ളു എന്നതറിയാതെ ഇത്
ഭൂകമ്പമുയർത്താൻ മാത്രം ശേഷിയള്ളതാണെന്ന് വാദിച്ച് അണക്കെട്ടുകൾ പൊളിയാതിരിക്കാൻ
എന്തു മുൻ കരുതലുകൾ എടുക്കുന്നു എന്ന ചോദ്യവുമുയർത്തുന്നുണ്ട്.
തെറ്റിദ്ധരിപ്പിക്കാൻ ചിത്രങ്ങൾ
ലേഖനത്തിൽ ഉടനീളം ചിത്രങ്ങൾ
പ്രതിഷ്ഠിച്ചിട്ടുണ്ട്, വായനക്കാരിൽ ഭയാശങ്കകൾ ഉണർത്തുന്നവ.
തേനിയിലെ നിരീക്ഷണശാലയുടെ 70 കിലോമീറ്റർ ചുറ്റളവിലുള്ള
വിവിധ അണക്കെട്ടുകളുടെ വിഹഗവീക്ഷണചിത്രമാണ് ആദ്യത്തേത്. രണ്ട് പേടിപ്പെടുത്തലുകളാണ് ഇതു
കൊണ്ട് ഉദ്ദേശിച്ചിട്ടുള്ളത്. ഒന്ന് ഭൂകമ്പം ഉണ്ടാക്കുന്ന
എന്തോ പണികളൊക്കെയാണ് നിരീക്ഷണശാലനിർമ്മാണത്തിൽ നടക്കാൻ പോകുന്നത് എന്ന് ലേഖനത്തിൽ
പ്രസ്താവിക്കുന്നതിന്റെ പരിണതഫലങ്ങൾ നേരേ ജനമനസ്സിൽ ഏൽപ്പിക്കുക. രണ്ട് ഇവിടെയുള്ള ജലസംഭരണികളൊക്കെ റേഡിയോ ആക്റ്റീവ് ആകാൻ പോവുകയാണ്
എന്നത്. ലേഖനം ഊട്ടിയുറപ്പിക്കുന്ന വസ്തുത ന്യൂട്രിനോ
ആയുധമാകുമെന്നും അമേരിക്ക പോലുള്ള വൻശക്തികളുടെ കയ്യിലാണ് ഈ
ആയുധനിയന്ത്രണം എന്നുമാണ്. അപ്പോൾ ഈ
ചിത്രം ദ്യോതിപ്പിക്കുന്ന പ്രശ്നങ്ങൾക്ക് ആക്കം കൂടുകയാണ്. മറ്റൊന്ന്
ജാപനീസ് ടീമിന്റെ സ്വപ്നതുല്യവിഭാവനമായ ന്യൂട്രിനോ ബീം ആാണവബോംബിനെ
നശിപ്പിയ്ക്കുന്ന ചിത്രം. ഇതും സത്യമാണെന്ന് വായനക്കാർ
ധരിച്ചുപോകും. സങ്കീർണ്ണമായ ഗ്രാഫുകളും രേഖാചിത്രങ്ങളും-
ജനങ്ങൾക്ക് മനസ്സിലാക്കാൻ പറ്റാത്തവ- ചേർത്തിട്ടുണ്ട്, ആധികാരികമാണ് ലേഖനം എന്ന് തോന്നിപ്പിക്കാൻ.
ന്യൂട്രിനോ ചരിത്രം
വിശദീകരിക്കുന്ന ഒരു പട്ടികയിൽ നേരത്തെ പരാമർശിച്ച ജാപനീസ്
ടീമിന്റെ ശാസ്ത്രലോകം തള്ളിക്കളഞ്ഞ ആശയം പ്രകടിപ്പിച്ച പ്രബന്ധം പ്രധാന സംഭവം ആയി
ഉൾക്കൊള്ളിച്ചിട്ടുണ്ട്.. 2003 ഇനു ശേഷം ന്യൂട്രിനൊ ഗവേഷണത്തിൽ
ഇതല്ലാതെ കാര്യമായൊന്നും സംഭവിച്ചിട്ടില്ല എന്ന് തെറ്റിദ്ധരിപ്പിക്കാൻ വേണ്ടിയാണ്
ഈ ചെയ്തി. അല്ല്ലെങ്കിൽ അറിവില്ലായ്മ കൊണ്ട്. മറ്റൊന്ന് Timeline-Neutrino
Factory എന്നു തലക്കെട്ട് കൊടുത്തിരിക്കുന്ന ചിത്രം ആണ്. ന്യൂട്രിനോ ഫാകറ്ററി
ഫെർമി ലാബിലോ ഫ്രാൻസിലോ തുടങ്ങാനുള്ളതാണെന്നും തേനിയിൽ നിർമ്മിക്കുന്നത് അതല്ല
എന്ന് അറിഞ്ഞുകഴിഞ്ഞിട്ടും നിരീക്ഷണശാലയുമായി ബന്ധമില്ലാത്ത ന്യൂട്രിനോ ഫാക്റ്ററിയുടെ നിർമ്മാണസമയരേഖ ചേർത്തത് ആ ഫാകറ്ററി തേനിയിൽത്തന്നെയാണ്
വരാൻ പോകുന്നതെന്ന തെറ്റിദ്ധാരണ പരത്താൻ വേണ്ടിയാണ്. കടുകട്ടി ശാസ്ത്രനാമങ്ങളും ഗ്രാഫുകളും ഗ്രാഫിക്
ചിത്രങ്ങളും വച്ച് വായനക്കാരുടെ കണ്ണിൽ പൊടിയിടാനുമുള്ള തന്ത്രത്തിന്റെ
ഭാഗം.
ശ്രീ പദ്മനാഭനും ശ്രീ സഹദേവനും പാർടിക്കിൾ ഫിസിക്സിനെക്കുറിച്ച് അജ്ഞരായിരിക്കാൻ അവകാശമുണ്ട്. അതിൽ നിന്നുളവാകുന്ന സംശങ്ങൾ പാരനോയിയ ആക്കി കൊണ്ടുനടക്കാനും സ്വാതന്ത്ര്യമുണ്ട്. പക്ഷേ
പൊതുജനത്തിനെ തെറ്റിദ്ധരിപ്പിക്കുന്നതും അവരിൽ ഭീതി ഉളവാക്കുന്നതും ഈ അവകാശത്തിലും
സ്വാതന്ത്ര്യത്തിലും പെടുന്നില്ല.
----------------------------------------------------------------------------------------------------------
വിശദീകരണങ്ങൾ:
1. ന്യൂട്രിനോ ഫാക്റ്ററി- ന്യൂട്രിനോ
ബീമുകൾ നിർമ്മിച്ചയയ്ക്കാനുള്ള ലാബ്. പ്രോടോണുകളെ ഓടിച്ച് പായിച്ച് ന്യൂക്ലിയസ്സുമായി
ഇടിപ്പിച്ചാൽ പയോൺസ് (Pions),
ന്യൂട്രോൺസ് ഒക്കെ ഉണ്ടാകും. ഇതിലെ പയോൺസിനെ മാത്രം മാറ്റി അപക്ഷയ (decay)ത്തിനു
അനുവദിക്കുക. അവ മ്യു ഓൺസായി മാറും. ഈ മ്യു ഓൺസ്
ഡീക്കേ ചെയ്ത് ന്യൂട്രിനോ ആയിക്കൊള്ളും. ഇങ്ങനെയാണ് ന്യൂട്രിനോകൾ നിർമ്മിക്കപ്പെടുക. ന്യൂട്രിനോ
ഫാക്റ്ററിയിൽ ആക്സിലറേറ്റ് ചെയ്യപ്പെട്ട മ്യു ഓൺ ഒരു വലയ
(muon storage ring)ത്തിലൂടെ പലതവണ-ആയിരം തവണ എങ്കിലും- ഭ്രമണം ചെയ്യിച്ച് അപ്പോൾ അപക്ഷയം മൂലം ഉണ്ടാകുന്ന ന്യൂട്രിനോ ബീമുകളെ നേർരേഖയിൽ പായിക്കും.
2. മ്യു
ഓൺ കൊളൈഡർ- ഭാവിയിലെ ആക്സിലറേറ്റർ. സാധാരണ പ്രോടോണുകളെ തമ്മിലിടിപ്പിച്ചോ എലെക്ട്രോണുകളെ നിശ്ചിതലക്ഷ്യവസ്തുവുമായി
കൂട്ടിയിടിപ്പിച്ചോ ആണ് ആക്സിലറേറ്ററുകളിൽ പരീക്ഷണങ്ങൾ നടത്താറ്. ഭാവിയിൽ
ഉണ്ടാക്കപ്പെടുന്ന ആക്സിലറേറ്ററുകളിൽ ഇലെക്ട്രോണുകളേക്കാൾ 200 തവണ ഭാരമുള്ള
മ്യു ഓൺ ആണ് തമ്മിലിടിപ്പിക്കാൻ ഉപയോഗിക്കുക. എലെക്ട്രോൺ കൊളൈഡറുകളെക്കാൾ അതിയായ ഊർജ്ജമുള്ള പരസ്പരപ്രവർത്തനമാണ് നടക്കുക.
ഇലെക്ട്രോണുകളെക്കാൾ ഭാരമുള്ളവയായതുകൊണ്ട് മ്യു ഓൺസ് വൈദ്യുതകാന്ത വികിരണം (electromagnetic radiations) കുറച്ചേ പുറപ്പെടുവിക്കയുള്ളു, അതിനാൽ ഊർജ്ജനഷ്ടവും കുറവാണ്.. അത്യൂർജ്ജമുള്ള ന്യൂട്രിനോകൾ സംജാതമാകുന്നത് ഇതിലെ പ്രവർത്തനത്തിന്റെ ഒരു ഭാഗമാണ്. .
3. ന്യൂട്രിനോ പ്രതിപ്രവർത്തനം കൊണ്ടുള്ള വികിരണം (Neutrino
induced secondary radiation)- ജീവജാലങ്ങളെ ബാധിയ്ക്കുന്ന തരത്തിലുള്ള വികിരണം ഒരു
മ്യു ഓൺ കൊളൈഡറിൽ നിന്നു മാത്രം ഉളവാകാൻ സാദ്ധ്യതയുള്ളതാണ്. ന്യൂട്രിനൊ ദ്രവ്യവുമായി
പ്രവർത്തിച്ച്, ഹാഡ്രോൻസ്, എലെക്ട്രോൺസ്, മ്യു ഓൺസ് എന്നക്കെയുള്ള അത്യൂർജ്ജമുള്ള
കണങ്ങൾ ഉണ്ടാകും. ഇതാണ് വികിരണത്തിനു വഴിവയ്ക്കുന്നത്. പ്രോടോണുമായി പ്രവർത്തിച്ച്
ന്യൂട്രോൺ, പോസിട്രോൺ എന്നിവ ഉണ്ടാകും. പോസിട്രൺ
എലെക്ട്രോണുമായി സംയോജിച്ചാൽ ഉന്മ്മൂലനം നടക്കും, ഗാമാ വികിരണം ഉണ്ടാകും . സാധാരണഗതിയിൽ ഈ വികിരണങ്ങൾ വളരെ വളരെ
നിസ്സാരമാണ്. അത്യൂർജ്ജമുള്ള ന്യൂട്രിനോകൾ മാത്രമാണ് secondary radiation
ഉളവാക്കുന്നത്.
4. സ്റ്റീവ് ഗീറിന്റെ പ്രബന്ധത്തിൽ നിന്ന്: “കൊളൈഡർ
വലയത്തിനകത്തുള്ള ഏതെങ്കിലും ഋജുവായ വിഭാഗം മ്യു ഓൺ ജീർണ്ണിച്ചുണ്ടാകുന്ന ഒരു
ന്യൂട്രിനോ ബീം ആ നേർക്ക് പായുന്നതരത്തിൽ ഉണ്ടാക്കും. ഈ ന്യൂട്രിനോകൾ ഭൂമിയുടെ ഏതെങ്കിലും സ്ഥലത്തുകൂടെ
ബഹിർഗ്ഗമിക്കും, വലയം ആഴത്തിലാണെങ്കിൽ ചിലപ്പോൾ പത്തിരുപതു കിലോമീറ്റർ
അകലെയായിട്ട്.. ബഹിർഗ്ഗമനസ്ഥാനത്ത്
പാറകൾക്കുള്ളിൽ വച്ച് ന്യൂട്രിനോ പ്രതിപ്രവർത്തനം ഉപരിതലത്തിൽ വികിരണം ഉണ്ടാക്കുന്നു. മ്യു ഓണിന്റെ
സംഭരണോർജ്ജം അനുസരിച്ച്
വികിരണത്തോത് ഉയരുന്നു. ഈ വലയം
ഇനിയും കൂടുതൽ ആഴത്തിലാക്കുകയാണെങ്കിൽ കൂടുതൽ ഊർജ്ജം സംവഹിക്കാനും ബീമിന്റെ
ഭ്രമണപഥത്തിൽ ഉലച്ചിൽ ഉണ്ടാക്കി (ന്യൂട്രിനോകളെ കൂടുതൽ വിടർത്തിപ്പരത്താൻ) അതുവഴി അപകടകരമല്ലാത്ത സ്ഥാനങ്ങളിലേക്ക്
ലക്ഷ്യം വയ്ക്കാനും സാദ്ധ്യമായേക്കും”.
5.
Bernstein A., Baldwin G. Boyer B.,
Goodman M., Learned J., Lund
J., Reyna D. and Svoboda R. Nuclear security applications of antineutrino
detectors: current capabilities and future prospects. Science and Global
Security 18: 127-196 2009
6. Lasserre
T., Fechner M., Mention G., Reboulleau R., Cribier M., Letourneau A. and
Lhuillier D. SNIF: A futuristic neutrino
probe for undeclared nuclear fission reactors.
Physical Review C 81: 1-16
2010
(ഷിക്കാഗോയിലെ ഫെർമി ലാബിൽ പാർടിക്കിൾ ഫിസിക്സിൽ ഗവേഷകനാണ് നവനീത് പി.)
(ഷിക്കാഗോയിലെ ഫെർമി ലാബിൽ പാർടിക്കിൾ ഫിസിക്സിൽ ഗവേഷകനാണ് നവനീത് പി.)
23 comments:
ആണവശാസ്ത്രത്തിൽ അവഗാഹമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് വിഡ്ഢിത്തങ്ങളും കള്ളങ്ങളും വിളമ്പുകയാണ് ശ്രീ വി. റ്റി. പദ്മനാഭൻ.മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ വന്ന അദ്ദേഹത്തിന്റെ ലേഖനത്തിലെ തെറ്റുകളേയും തെറ്റിദ്ധാരണകളേയും പൊതുജനസമക്ഷം വിശദീകരിക്കാനുള്ള ശ്രമം. ഈയാഴ്ച്ചത്തെ (ഏപ്രിൽ 14, 2013) മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട് ഞാനും നവനീത് പി യും കൂടെ എഴുതിയ ഈ ലേഖനം.
ഫീല്‍ഡിനെപ്പറ്റി ഉറിയോ പ*യോ എന്നറിയാത്ത പപ്പനാവന്റെ എഴുത്ത് സത്യത്തില്‍ ഈ രംഗത്തിനെ നേരാംവണ്ണം (വിമര്‍ശനവും പ്രത്യാഘാതപഠനവും ഒക്കെ ഇതിലുള്‍പ്പെടും) വിശകലനം ചെയ്യാന്‍ പോലും കെല്പില്ലാത്ത ഇന്ത്യന്‍ ബൗദ്ധികദാരിദ്ര്യത്തിന്റെ കൂടി ലക്ഷണമാണെന്ന് പറയേണ്ടിയിരിക്കുന്നു.
എതിരനും നവനീതിനും സലാം !
പപ്പനാവാദികള്‍ പുതിയൊരു പഠനം കൂടി പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിനുള്ള മറുപടി കൂടി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
<<<>>>
ഇന്ന് ഏപ്രിൽ 10 2013 അല്ലെ !!!
കുറച്ചു മനസ്സിലാവുന്നതും അതിലേറെ മനസ്സിലാവാത്തതും ആയ കാര്യങ്ങള്‍.. പക്ഷെ ഭംഗിയായി വിവരിച്ചിരിക്കുന്നു :)
വായിച്ചു പൂര്‍ണമായും മനസ്സിലാക്കാന്‍ ശ്രമിക്കാം ..
ഇനിയും നന്നായി എഴുതൂ..
രാവണൻ, മാതൃഭൂമി ഒരു ഡേയ്റ്റ് ഇട്ടിട്ട് ഒരാഴ്ച മുൻപേ പ്രസിദ്ധീകരിക്കും!. ഏപ്രിൽ 14 ഇലെ പതിപ്പ് മിനിഞ്ഞാന്ന് ഇറങ്ങി!
സംശയം തോനിയിരുന്നു അത് .!എങ്കിലും പറഞ്ഞു എന്ന് മാത്രം !
വിശദീകരണം നന്നായിട്ടുണ്ട് .
Good Effort !
ഈ പരീക്ഷണശാലക്ക് വേണ്ടി ടന്‍ കണക്കിന് പാറ പോട്ടിക്കേണ്ടി വരുന്നത് ഈ മലനിരകളുടെ ഇങ്ങേപ്പുറത്തുള്ള മുല്ലപ്പെരിയാറിന്‍റെ സുരക്ഷയെ ബാധിക്കും എന്നു പറയുന്നതില്‍ എന്തെങ്കിലും വാസ്തവം ഉണ്ടോ?
-സന്തോഷ്
സന്തോഷ്: മുല്ലപ്പെരിയാർ അണക്കെട്ട് പൊട്ടിപ്പോകുന്ന തരത്തിലുള്ള ഒരു പാറപൊട്ടിയ്ക്കൽ നടത്താൻ മാത്രം വിഡ്ഢികളാണോ എഞ്ചിനീയർമാരും ഗവണ്മെന്റും? ഇതൊന്നും ആരും കനക്കിലെടുത്തിട്ടില്ല എന്നു വിചാരിയ്ക്കാൻ എന്തു ന്യായം?
ഒരു കണക്കിന് വിവരക്കേടിന് വിശദീകരണത്തിന്റെ ആവശ്യമില്ല. എന്താണ് ന്യൂട്രോനോ എന്നറിയാത്ത, തേനിയില്‍ വെറും രണ്ടു കിലോമീറ്റര്‍ നീളത്തില്‍ പാറ തുരന്നാല്‍, അത് ഇടുക്കിയിലോ മുല്ലപ്പെരിയാറിലോ പ്രകമ്പനം സൃഷ്ടിക്കില്ലെന്ന് അറിയാനുള്ള സാമന്യബോധമില്ലാത്ത ഒരു പപ്പനാവന്‍ ചേട്ടന്‍, എക്കണോമിക്‌സിലോ സോഷ്യല്‍ സയന്‍സിലോ ഉള്ള ഡിഗ്രിയും കൊണ്ട് ആണവശാസ്ത്രജ്ഞനെന്ന ലേബലില്‍ നടത്തുന്ന ജല്പനങ്ങളാണെന്ന് ഇതെന്ന് തിരിച്ചറിയാന്‍ കഴിയാത്ത ഒരുപാട് പേരുടെ തെറ്റിദ്ധാരണ നീക്കാന്‍ എതിരവന്‍ കതിരവന്‍, നവനീത് ശ്രമത്തിന് കഴിയും. നന്നായി, അഭിനന്ദനങ്ങള്‍.
-ജോസഫ് ആന്റണി
ജോസഫ് ആന്റണീ, പദ്മനാഭൻ ആണവശാസ്ത്രജ്ഞനാണെന്ന് പല ശാസ്ത്രജ്ഞന്മാർ വരെ വിശ്വസിച്ചു പോയിട്ടുണ്ട്. ഈ സീരീസിൽ ആദ്യത്തെ ലേഖനം മാാതൃഭൂമിയിൽ എഴുതിയ സാബു വരെ. സാബു ക്വാണ്ടം ഫിസിക്സിൽ ഗവേഷണം നടത്തുന്ന ആളാണ്. ഒരു ഉളുപ്പുമില്ലാതെ താൻ ഒരു ശാസ്ത്രജ്ഞനാണെന്ന് പദ്മനാഭൻ പറയുമെന്ന് നമ്മളാരും വിചാരിക്കുകയില്ല. ജെ എൻ യു വിൽ സോഷ്യൽ സയൻസ് സ്കൂളിൽ രണ്ടുകൊല്ലം ഉണ്ടായിരുന്നു എന്നതു മാത്രമാണ് പദ്മനാഭന്റെ വിദ്യാഭ്യാസ യോഗ്യത. ഒരു ആണവ ഗവേഷണ ഇൻസ്റ്റിറ്റ്യൂടിലും കയറിയിട്ടില്ല ഇദ്ദേഹം. ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലും ജോലി എടുത്തിട്ടില്ല എന്നും തോന്നുന്നു. ഇയാൾ സ്വയം എഴുന്നെള്ളിച്ച ഈ ശാസ്ത്രജ്ഞൻ പദവി എന്തുകൊണ്ട് ആരും ചോദ്യം ചെയ്തില്ല? മലയാളികൾ ഇത്ര പൊട്ടന്മാരായോ?
ഫെർമി ലാബിനു ചുറ്റും റേഡിയേഷൻ പരന്നിരിക്കയാണ് എന്നും പദ്മനാഭൻ അടിച്ചു വിട്ടിട്ടുണ്ട്. ഫെർമി ലാബിൽ നിന്നും രണ്ടു കിലോമീറ്റർ അടുത്താണ് ഞാനും കുടുംബവും താമസിക്കുന്നത്. ഇവിടെങ്ങും റേഡിയേഷൻ ഉള്ളതായി അർക്കും അറിവില്ല. എന്നോടൊപ്പം ലേഖനം എഴുതിയ നവനീത് ഫെർമി ലാബ് ക്യാമ്പസ്സിൽ തന്നെയാണ് താമസം. അവിടെയാർക്കും റേഡിയേഷൻ ഏറ്റതായി റെക്കോർഡില്ല.
ചില നിഗമനങ്ങൾ എഴുതിക്കൂട്ടിയിട്ട് അവ ശാസ്തലേഖനങ്ങൾ ആണെന്ന് അവകാശപ്പേടുകയാണ് പദ്മനാഭൻ.
തെറ്റായ വിവരങ്ങൾ എഴുതിക്കൂട്ടുന്നത് പോട്ടെ, അതെല്ലാം പ്രസിദ്ധീകരിക്കാൻ മാതൃഭൂമി ആഴ്ചപ്പതിപ്പ് പോലെ ഒരു പ്രസിദ്ധീകരണം തയ്യാറാകുന്നതാണ് അതിശയം.
ഇത്ര വ്യക്തവും വിശദവുമായി ശാസ്ത്രവിഷയം പറഞ്ഞു തന്നതിന് നന്ദി പറയാൻ വിട്ടു. നന്ദി എതിരൻ ജീ & നവനീത് ജീ.
ശരിയാണ് ജയേഷ്. മാതൃഭൂമി ഈ വങ്കത്തരം അതേപടി പബ്ലിഷ് ചെയ്തല്ലോ എന്നോർക്കുമ്പോൾ സങ്കടമുണ്ട്. അതും 12 പേജുകളിലായാണ് ഈ പൊട്ടത്തരങ്ങൾ വാരി വിളമ്പിയത്.
മൂന്നു ലക്കങ്ങളിലായി ഒരു ‘പ്രതിവാദ’ ത്തിനു അവസരമൊരുക്കിയത് ഏതായാലും നന്നായി.
പദ്മനാഭനെ നേരത്തെ കൈകാര്യം ചെയ്യേണ്ടിയിരുന്നു. മലയാളം എഴുതാനാവുന്ന ഒരു ശാസ്ത്രജ്ഞനും ഇതിനെതിരെ ഒരു ശബ്ദവുമുയർത്തിയില്ല എന്നത് പരിതാപകരം തന്നെ.
ആദ്യം നന്ദി പറയേണ്ടത് ശാസ്ത്ര"അജ്ഞൻ" പദ്മനാഭൻ സർ-നോടാണ് ... അദ്ദേഹം ഇങ്ങനെ കുറെ മണ്ടത്തരങ്ങൾ എഴുതി വിട്ടത് കൊണ്ട് ഞങ്ങളെ പോലുള്ള സാധാരണക്കാർക്ക് ന്യൂട്രിനോ നിരീക്ഷണശാല എന്താണെന്നു മനസിലാക്കാൻ പറ്റി.
ഒരു ഇടുക്കി ജില്ലക്കാരൻ ആയതു കൊണ്ട് എനിക്കിതു വളരെ പ്രധാനപെട്ട അറിവുമാണ്. വളരെ നന്ദി എതിരന്ജി.... Prince John
ഒന്ന് കൂടി വായിക്കണം. എന്നാലെ മുഴുവൻ ദഹിക്കൂ. ഈ ശ്രമത്തിന് അഭിനന്ദനങ്ങൾ...... സസ്നേഹം
മാതൃഭൂമിയിലെ ലേഖനം വായിച്ചിരുന്നില്ല.
പദ്മനാഭനോടൊപ്പം ലേഖനമെഴുതിയ സഹദേവൻ ഗാന്ധിയൻ വർത്തമാനത്തിന്റെ ആളാണോ?
ഈ ഉദ്യമത്തിനു നന്ദി എത്ര പറഞ്ഞാലും മതിയാവുകില്ല എതിരൻ ജീ & നവനീത് ജീ..ഇതുപോലത്തെ സ്യൂഡോ സയന്റിസ്റ്റുകളെ പൊളിച്ചടക്കേണ്ടതുണ്ട്.
സ്വപ്നാ, കെ. സഹദേവൻ ഗുജറാത്തിലെ വേഡ്ചിയിലെ “ ഇൻസ്റ്റിറ്റ്യൂട് ഫോർ റ്റോറ്റൽ റെവലൂഷൻ” എന്നൊരു സ്ഥപനത്തിലെ ആണ്.
എതിരൻ കതിരവൻ-ൻറെ ലേഖനം വായിച്ചു. എന്തിനാണ് നമ്മുടെ ഈ വലിയ ശാസ്ത്രഞ്ജർ ചില ചെറ്റ രാഷ്ട്രീയക്കാരെപ്പോലെ വ്യക്തിഹത്യ നടത്തുന്നത് ? നിങ്ങൾക്ക് ശാസ്ത്രം മാത്രം പറഞ്ഞാൽ പോരേ ?എന്തിനാണ് മറ്റുള്ളവരെ അപകീർത്തിപ്പെടുത്തുന്നത്?ഒരു സാബു ജോസ് എഴുതിയ മാതൃഭൂമി ലേഖനത്തിന് ഞാൻ മാതൃഭൂമിക്ക് മറുപടി അയച്ചിരുന്നു,പക്ഷെ അവരതു പ്രസിദ്ധീകരിച്ചില്ല.2-3 ദിവസ്സങ്ങൾക്ക് ഞാൻ അത് ഇവിടെ ചേർക്കാം.
ശ്രീ ഗോകുൽ നായർ: ഇതിൽ എവിടെയാണ് വ്യക്തിഹത്യ? അദ്ദേഹത്തിന്റെ ലേഖനത്തെ point by point വിശകലനം ചെയ്ത് സത്യം വെളിവാക്കുകയാണൂ ചെയ്തത്. ശാസ്ത്രജ്ഞനാണെന്ന തെറ്റിദ്ധാരണ അദ്ദേഹം തന്നെ ഉണ്ടാാക്കിയെടുത്തതാണ്. പല വെബ് പേജുകളിലും പോയി നോക്കുക, ദയവു ചെയ്ത്. ‘ശാസ്ത്രം മാത്രം എഴുതിയാൽ പോരേ” എന്ന് അദ്ദേഹത്തോട് ചോദിക്കേണ്ടതല്ലേ? അതിനു “ഞാൻ ഒരു ശാസ്ത്രജ്ഞനേ അല്ല” എന്ന് അദ്ദേഹം മറുപടി തരുമോ?
പദ്മനാഭന്റെ വ്യക്തിപരമായ ഒരു കാര്യവും ലേഖനത്തിൽ പരാമർശിച്ചിട്ടില്ലല്ലോ? “എന്നാൽ ഇദ്ദേഹം ഒരു ശാാസ്ത്രജ്ഞനാണോ എന്ന് പരിശോധിയ്ക്കാം. വിദ്യാഭ്യാസയോഗ്യതകൾ ഇതൊക്കെയാണ്.......” എന്നൊക്കെ ഞങ്ങൾ എഴുതിയെങ്കിൽ അത് കൂടുതൽ വ്യക്തിപരമാണെന്ന് പറയാം.
പൊതുജനത്തെ ഇങ്ങനെ കബളിപ്പിയ്ക്കുന്നത് സമ്മതിച്ചു കൊടുക്കാൻ പറ്റില്ല.പാർടിക്കിൾ ഫിസിക്സിനെപ്പറ്റി അത് അറിയാവുന്നവർ എഴുതട്ടെ എന്ന് പദ്മനാഭൻ സമ്മതിച്ചു തരുമോ?
'ന്യൂട്രിനോ' - പേടിക്കേണ്ടതെന്തിനെ?
ആഴ്ചപ്പതിപ്പിൽ ശ്രീ.സാബുജോസ് എഴുതിയ 'പാവം ന്യൂട്രിനോയെ പേടിക്കല്ലേ' എന്ന ലേഖനമാണ് ഈ കത്തിന് പ്രേരകം.കേരള-തമിഴ്നാട് അതിർത്തി പ്രദേശമായ കമ്പം-തേനി മേഖലയിൽ ഭൗമോപരിതലത്തിൽ നിന്നും 1.3കിലോമീറ്റർ താഴ്ചയിൽ ഏകദേശം 2.83കിലോമീറ്റർ നീളത്തിൽ സ്ഥാപിക്കാനുദ്ദേശിക്കുന്ന India Based Neutrino Observatory-യുടെ ന്യൂട്രിനോ നിരീക്ഷണശാലയുടെ നിർമാണത്തിനായി ലക്ഷക്കണക്കിന് ടണ്‍ പാറ പൊട്ടിച്ചു നീക്കണമെന്നും, അതിനായി ആയിരക്കണക്കിന് ടണ്‍ ജലാറ്റിൻ എന്ന സ്ഫോടകവസ്തു ഉപയോഗിക്കണമെന്നും അറിയുമ്പോൾ,സ്വാഭാവികമായും തോന്നാവുന്ന ചില സംശയങ്ങളാണ് ചുവടെ ചേർക്കുന്നത്.
1. ഇത്തരത്തിലുള്ള പാറപൊട്ടിക്കലും, തുരങ്കനിർമാണവും കൊണ്ട് മാത്രം Richter Scale-ൽ മൂന്നോ അതിലധികമോ രേഖപ്പെടുത്താവുന്ന ഭൂകമ്പങ്ങൾ ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. അങ്ങനെയാണെങ്കിൽ, കേരളത്തിന്റെ ജലതലസ്ഥാനം എന്നറിയപ്പെടുന്ന ഇടുക്കി ജില്ലയിൽ സ്ഥിതി ചെയ്യുന്ന 10-ഓളം ഡാമുകളുടെ അവസ്ഥ എന്താകും ? ഇന്നത്തെ അവസ്ഥയിൽ പോലും ഇടുക്കി ജില്ല ഒരു പരിസ്ഥിതി ദുർബ്ബല മേഖലയാണ്!! ഏതൊരാൾക്കും തോന്നാവുന്ന ഇത്തരത്തിലുള്ള ഒരു സാധാരണ സംശയം ഭൗതികശാസ്ത്ര ഗവേഷകൻ കൂടിയായ സാബുജോസ്സിന് തോന്നിക്കണ്ടില്ല എന്നറിയുമ്പോൾ അങ്ങേയറ്റം ആശ്ചര്യമാണ് തോന്നുന്നത്!!
2. കോടാനുകോടി സ്വാഭാവിക ന്യൂട്രിനോകളിൽ ചിലത് ദ്രവ്യ തന്മാത്രകളുമായി പ്രതിപ്രവർത്തിച്ച് മ്യുഓണ്‍ കണങ്ങളായി മാറുമെന്നും, അങ്ങനെ മാറ്റപ്പെട്ട മ്യുഓണ്‍ കണങ്ങൾക്ക് നെഗറ്റീവ് ചാർജ്ജാണ് ഉള്ളതെന്നുമാണ് ക്വാണ്ടം ഫിസ്സിക്സ്സിൽ ഗവേഷണം നടത്തുന്ന ശ്രീ.സാബുജോസ് എഴുതിയിരിക്കുന്നത്. ഇത്തരം നെഗറ്റീവ് ചാർജ്ജുള്ള മ്യുഓണ്‍ കണങ്ങൾ അന്തരീക്ഷ തന്മാത്രകളെ ionize ചെയ്യില്ല എന്നും ലേഖകൻ ചൂണ്ടിക്കാണിക്കുന്നു.. ഇവിടെയാണ് ഒരു സംശയമുള്ളത്. അതായത്, നെഗറ്റീവ് ചാർജ്ജുള്ള മ്യുഓണ്‍ കണങ്ങൾ ആരുമായാണോ കൂട്ടിമുട്ടുന്നത്, ആ പദാർത്ഥതന്മാത്രകളുടെ സ്വഭാവം, ഘടന എന്നിവ അനുസരിച്ചല്ലേ ionized ആകുമോ ഇല്ലയോ എന്ന് പറയാൻ സാധിക്കുക?
3. ഈ പദ്ധതിയുടെ പാരിസ്ഥിതിക ആഘാത പഠനം നടത്തുമ്പോൾ പ്രധാനമായും പഠിക്കേണ്ട വിഷയങ്ങളിൽ ഒന്ന് ഭൂകമ്പ സാദ്ധ്യത തന്നെയാണ്. കാരണം തുരങ്കനിർമ്മാണത്തിന് വേണ്ടി പൊട്ടിച്ചു നീക്കേണ്ട പാറയുടെ അളവ് ഏകദേശം 8 ലക്ഷം ടണ്‍(80 കോടി കിലോഗ്രാം) ആണ്. എന്നാൽ ഇതിന്റെ പാരിസ്ഥിതിക ആഘാത പഠനം നടത്തിയ SACON(Salim Ali Center for Ornithology and Natural History ) അവരുടെ പഠന റിപ്പോർട്ടിന്റെ 'Scope and Ojective' എന്ന ഭാഗത്ത് പറയുന്നത് 'The scope of the present study is restricted to the accessment of the propsed INO site at the Bodi West Forest Area(BWH) in terms of its biological and ecological set-ups' എന്നാണ്. എന്നുമാത്രവുമല്ല,, സ്ഫോടനം നടത്തിയുള്ള പാറപൊട്ടിക്കൽ കാരണം പ്രകമ്പനങ്ങൾ ഉണ്ടാകാമെന്നും അത്തരം വിഷയങ്ങളിലെക്കൊന്നും ഈ പഠനം കടന്നു ചെല്ലുന്നില്ല എന്നും SACON വ്യക്തമാക്കുന്നുണ്ട് . അതായത്, വളരെ അവശ്യം ശ്രദ്ധയുണ്ടാകേണ്ട ഒരു വിഷയത്തിൽ യാതൊരു പഠനവും നടത്താതെയാണ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം ഈ പദ്ധതിക്ക് അംഗീകാരം നല്കിയിരിക്കുന്നത്. ഇത് പദ്ധതിയെ കുറിച്ചുള്ള സംശയത്തെ ഒന്നുകൂടി ബലപ്പെടുത്തുന്നു.
പാറപൊട്ടിക്കുന്നതിന്റെ ഫലമായി ഉണ്ടാകുന്ന പൊടിപടലങ്ങൾ, ഈ പ്രദേശത്തേക്ക് വരികയും പോവുകയും ചെയ്യുന്ന വലിയ ട്രക്കുകൾ അടക്കമുള്ള വാഹനവ്യൂഹങ്ങൾ പുറന്തള്ളുന്ന പുകപടലങ്ങൾ എന്നിവ കാരണം ആദ്യത്തെ നാലോ അഞ്ചോ വർഷങ്ങളിൽ ചില പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടായേക്കാം എന്നാണ് പ്രസ്തുത ലേഖനത്തിൽ ലേഖകൻ അഭിപ്രായപ്പെടുന്നത്.. വളരെ ഗൗരവതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ള ഒരു വിഷയത്തെ നിരുത്തരവാദപരമായും, അങ്ങേയറ്റം ലാഘവത്തോടെയുമാണ് ലേഖകൻ സമീപിച്ചിരിക്കുന്നത്.
മനുഷ്യരുൾപ്പെടെ ലക്ഷക്കണക്കിന് ജന്തു-സസ്യജാലങ്ങൾ അധിവസിക്കുന്ന ഈ പ്രദേശത്ത് ആണവോർജ്ജവകുപ്പിന്റെ (DAE) മേൽനോട്ടത്തിൽ കേന്ദ്ര സർക്കാർ കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന ഈ ന്യൂട്രിനോ നിരീക്ഷണശാല ഇപ്രകാരമാണ് മുന്നോട്ടു പോകുന്നതെങ്കിൽ അത് ആ വലിയ പ്രദേശത്തെ ഓരോ ജീവന്റെയും നിലനിൽപ്പിന് തന്നെ ഭീഷണിയായിത്തീരും എന്ന കാര്യത്തിൽ സംശയം വേണ്ട.യഥാർത്ഥത്തിൽ ഇന്ത്യൻ ആണവ ശാസ്ത്രഞ്ജർക്ക് ഇത്തരം വാസ്തവങ്ങളെ കുറിച്ച് വ്യക്തമായി അറിവില്ലാഞ്ഞിട്ടല്ല..ശാസ്ത്രലോകം പോലും രാഷ്ട്രീയ അതിപ്രസരത്തിൽ നിന്നും മുക്തമല്ല എന്നതാണ് നമ്മെ ഭയപ്പെടുത്തുന്ന ഒരു യാഥാർത്ഥ്യം!!!!
അതുകൊണ്ട് നമ്മൾ പേടിക്കേണ്ടത് തീർച്ചയായും പാവം ന്യൂട്രിനോകളെയല്ല ;സമകാലിക ഇന്ത്യൻ രാഷ്ട്രീയത്തെ മാത്രമാണ് .
ശ്രീ എതിരൻ-കതിരവൻ-ന്റെ ലേഖനത്തിനും മറുപടിയുണ്ട്. ഉടനെ തന്നെ ഞാൻ അതും പോസ്റ്റ് ചെയ്യാം.
Post a Comment