Saturday, July 12, 2014

ഏലമണിക്കാടു ചുറ്റി … മനോഹാരിത പൂർത്തീകരിയ്ക്കാൻ സിതാറും സന്തൂറും


ഏലമണിക്കാടു ചുറ്റി ഓടി വരും കാറ്റേ
നീലമലച്ചോലകളിൽ നീന്തിടുന്ന കാറ്റേ

   ദക്ഷിണാമൂർത്തിയും പി സുശീലയും കൂടി അനുഭവഭേദ്യമാക്കുന്ന ഈ കുളിർകാ‍റ്റിന്റെ സൌരഭ്യം സിതാറും സന്തൂറും  ഉൾച്ചേർന്ന്  ശതഗുണീഭവിക്കപ്പെടുകയാണ്.  സന്തൂർ ഇത്രയും പ്രകടമായി ഭാവോന്മീലനത്തിനും കേൾവി  സുഖത്തിനും ഉപയുക്തമാക്കിയിട്ടുള മറ്റൊരു പാട്ട് ഉണ്ടോ എന്ന് സംശയം. ഏലമണിക്കാടുചുറ്റി ഓടി വരുന്നതും നീലമലച്ചോലയിൽ നീന്തി വരുന്നതുമായ കാറ്റിനെ സഖിയാക്കി, പ്രേമതാര ള്യത്തിന്റെ സൂചനകൾ അവളിൽ കാണപ്പെടുന്നത് തന്നിലെ രാഗവിവശതയോട് താദാത്മ്യപ്പെടുത്തുന്ന നായികയെ ആണ് പി ഭാസ്കരൻ വന്യസൌന്ദര്യത്തിനിടയിൽ അവതരിപ്പിക്കുന്നത്.  ഏഴിലം പാലയും നീർമാതളവും പൂക്കുന്നത് അവളുടെ മനസ്സിൽത്തന്നെ. മെയ്യിലെ പൊന്നിലഞ്ഞിപ്പൂമണവും  നെടുവീർപ്പുകളിലെ ചന്ദനത്തിൻ കുളിർമണവും സഖിയായ കാറ്റിന്റേതല്ല തന്റേതു തന്നെ എന്ന തിരിച്ചറിവിൽ അദ്ഭുതം കൂറുകയാണ് പ്രകൃതിയോട് ലയിക്കുന്ന ഇവൾ.

 സാധാരണ പതിവുള്ള രണ്ടു ചരണങ്ങളാൽ അല്ല മൂന്നു ചെറു ചരണങ്ങളിൽക്കൂടിയാണ് ഈ വിസ്മയലാവണ്യം പരിപൂർത്തി നേടുന്നത്.  ചരണങ്ങൾക്കിടെയുള്ള ഓർക്കെഷ്ട്രേഷൻ വ്യത്യസ്ഥമാണ്, പതിവിനു വിപരീതമായി. സിതാറിന്റെ സ്വരസംഘാതം മാത്രം ഒരു തവണ ആവർത്തിക്കുന്നുണ്ട്. പല്ലവിയ്ക്കു ശേഷം വരുന്ന ഈ ഇന്റെർല്യൂഡ്  രണ്ടാം ചരണം കഴിഞ്ഞും നിബന്ധിച്ചിട്ടുണ്ട്, ആവർത്തനവിരസത തീണ്ടാതെ.  ആദ്യം 0.55-1.01, പിന്നെ 1.58-2.12.  (“നിന്റെ വീർപ്പിൽ എന്തേ സഖീ ചന്ദനത്തിൻ കുളിർ മണം” കഴിഞ്ഞ്) ഇവയുടെ അവസാനം വരുന്ന തീർമാനങ്ങൾ ( 3 എണ്ണമുണ്ട് ഇവ)   സിതാർ കച്ചേരികളിൽ കേൾക്കാറൂള്ള ആവർത്തനങ്ങളുമായി സാമ്യമുള്ളവയാണ്.  മലയാള സിനിമാഗാനങ്ങളിൽ ഇത് അപൂർവ്വമാണ്. കേദാർ രാഗത്തിന്റെ പ്രകാരങ്ങളാണ് ഇവിടെ തുടിച്ചു നിൽക്കുന്നത്- പാട്ട് മിശ്ര ഖമാസിലാണ് ചിട്ടപ്പെടുത്തിയിട്ടുള്ളതെങ്കിലും.   തബലയുടെ നടകൾ ഇവയോട് ചേർന്നു പോകും വിധമാണ് തൊടുത്തിരിക്കുന്നത്.

 ഗമകങ്ങളുടെ സൂക്ഷ്മനിബന്ധനയാണ് ഈ പാട്ടിന്റെ മറ്റൊരു ആകർഷകത്വം. “ഓടി വരും കാറ്റേ” യിലെ “റ്റേ”., പൂത്തുവോ ഇലെ “വോ”, ‘പൊന്നിലഞ്ഞിപ്പൂമണം‘ ഇലെ “ണം” ഒക്കെയാണ് ഗമകങ്ങളാൽ ഉയർത്തെഴുനേൽക്കുന്ന വിജൃംഭണം പാട്ടിനു നൽകുന്നത്. സുശീലയുടെ ആലാപനവൈദഗ്ധ്യം  അണയ്ക്കുന്ന  ഉത്തേജിത പ്രകമ്പനം ഇവിടെ സ്മരിക്കാതെ വയ്യ. എന്നാൽ  ഈ ഓരോ വരികളും ആവർത്തിക്കുമ്പോൾ ഈ ഗമകങ്ങൾ വർജ്ജിച്ചിരിക്കുന്നു.  പക്ഷേ ഫ്ലൂട് അതി സമർത്ഥമായി ഈ ഗമകപ്രയോഗം സാധിച്ചെടുക്കുകയാണ്. ഒരു ഇടപെടൽ തോന്നിപ്പിക്കാതെ തന്നെ.

 രണ്ടാം വരിയുടെ അവസാനം വരുന്ന ഗമകപ്രയോഗങ്ങൾ  (നീർമാതളം പൂത്തുവോ, ചന്ദനത്തിൻ കുളിർ മണം ഇവയുടെ ഒക്കെ അവസാന അക്ഷരം)  സാധാരണ പോലെ പല്ലവിയുടെ ആദ്യസ്വരവുമായി  യോജിക്കാൻ  വേണ്ടി നിബന്ധിക്കപ്പെട്ടതാണ്. ഈ ഒതുക്കം ദക്ഷിണാമൂർത്തിയുടെ പല പാട്ടുകളിലും കാണാവുന്നതു തന്നെ.

ആദ്യ ചരണം

 ഏഴിമലച്ചെരുവിലെ ഏഴിലംപാല പൂത്തുവോ
നീയൊഴുകും പുഴയിലെ നീർ മാതളം പൂത്തുവോ

കഴിഞ്ഞ് സിതാറും സന്തൂറും കൂടിയുള്ള സുന്ദരപ്രയോഗങ്ങളാണ്. (1.23-1.37) ചെറുതെങ്കിലും ശ്രദ്ധനേടുന്നത്.  രണ്ടു സന്തൂർ ബിറ്റുകളും സ്ഥായി വ്യത്യാസപ്പെടുത്തി ഏറ്റക്കുറച്ചിലിന്റെ അനുഭവപ്രതീ‍തി ഉളവാക്കുന്നു. സന്തൂർ പ്രയോഗം സാവധാനം സിതാറിലേക്ക് അലിയുകയാണ്, ഇവിടെ ഫ്ലൂടും ലയിക്കുന്നുണ്ട്. സന്തൂറിന്റെ സ്വരവേഗങ്ങളെ തബല അതേ പടി പിന്തുടരുന്നത് രസാവഹമാണ്.

 രണ്ടാം ചരണം

നിന്റെ മെയ്യിൽ എന്താണിന്നീ പൊന്നിലഞ്ഞിപ്പൂമണം
നിന്റെ വീർപ്പിൽ എന്തേ സഖീ ചന്ദനത്തിൻ കുളിർമണം

കഴിഞ്ഞ് മേൽ സൂചിപ്പിച്ചതു പോലെ   പല്ലവി കഴിഞ്ഞു വരുന്ന ആദ്യത്തെ സിതാർ ബിറ്റിന്റെ ആവർത്തനമാണ്. (1.58-2.12). പാട്ടു തുടങ്ങുമ്പോഴുള്ള “ അ-അ-അ..” ആലാപനം ഏകദേശം ഈ സിതാർ ബിറ്റിന്റെ ചില ഭാഗങ്ങൾക്ക് സാമ്യമണയ്ക്കുന്നുണ്ട്, ഒരു മുഖവുര എന്ന പോലെ.

അടുത്ത ചരണം

പകലൊളിയിൽ ഈ വനമൊരു പരമശാന്തിമന്ദിരം
കാവൽനിൽക്കും വൻതരുക്കൾ നാമം ചൊല്ലും താപസർ
രാവു വന്നുകേറിയാൽ ഇതു കൂരിരുളിൻ ഗഹ്വരം
മൂടുപടം മാറ്റിയാലീ കാടുമൊരു രാക്ഷസൻ


 പ്രത്യേക പരിചരണത്താൽ വിലസുകയാണ്. സന്തൂർ തന്നെ പ്രധാന പ്രഭാവം. “പകലൊളിയിൽ ഈ വനം ഒരു പരമശാന്തി മന്ദിരം” കഴിഞ്ഞ് അതിമധുരമായ സന്തൂർ വിന്യാസമാണ്. (2.18-2.24)  അടുത്ത വരിക്ക് സ്ഥായി മുകളിൽ തൊടുത്തിരിക്കുന്നു. “കാവൽ നിൽക്കും വൻ തരുക്കൾ നാമം ചൊല്ലും താപസർ”. സന്തൂറും ഈ സ്ഥായീ ഭേദം പിൻ തുടരുന്നുണ്ട്. (2.30-2.36) ആദ്യത്തേതും രണ്ടമമത്തേതും ആരോഹണാവരോഹണക്രമങ്ങളിൽ മാറ്റം വരുത്തിയാണ് വ്യത്യസ്തത വരുത്തിയിരിക്കുന്നത്. രണ്ടാമതു വരുന്ന സന്തൂർ ബിറ്റിന്റെ അവസാനം കാലം മുറുക്കിയെടുത്ത സ്വരങ്ങളാൽ അലങ്കരിക്കപ്പെടുന്നത് മധുരതരം തന്നെ. വേഗതയിൽ മുഴങ്ങുന്ന നുനുത്ത മണിനാദം പോലെ.  ഇവിടെ സന്തൂറിനു അകമ്പടിയായി താളവാദ്യങ്ങളില്ല എന്നത് ശ്രദ്ധേയമാണ്. പ്രകടനപരത തന്നെ ഉദ്ദേശം. “പരമശാന്തി മന്ദിരം” കഴിഞ്ഞ് സന്തൂർ നിയോഗിച്ചത് ചില പ്രത്യേക താൽ‌പ്പര്യങ്ങളോടെ ആവാനാണു സാദ്ധ്യത. സന്തൂർ, പ്രത്യേകിച്ചും ശിവകുമാർ ശർമ്മയുടെയും മറ്റും, തുറസ്സായ പ്രകൃതി, പർവ്വതങ്ങൾ, താഴ്വരകൾ ഹരിതവനങ്ങൾ ഇവയുടെ പ്രതീതി നിർമ്മിച്ച്  പ്രഭാതഭാവം പ്രസരിപ്പിച്ച് ഇവിടേയ്ക്ക് പ്രവേശിക്കുന്ന മാതിരി ഭാവസംയോജനം സാദ്ധ്യമാക്കി ഒരു മിസ്റ്റിക്ക് അനുഭവം ഉളവാക്കാറുണ്ട്. ഇതേ ഭാവപരിസരമാണ് ഇവിടെയും സൃഷ്ടിക്കപ്പെടുന്നത്. പാട്ടിന്റെ കാമ്പ് സന്തൂർ നിർമ്മിച്ചെടുക്കുകയാണ്. മലയാളസിനിമാഗാനങ്ങളിൽ ഇത് അപൂർവ്വമെന്നു വേണം പറയാൻ.   ‘മന്ദിരം” ഇലെ ‘രം” ഇനു ഗമകങ്ങൾ ഇല്ല, സന്തൂർ  ഇവിടെ ഗംഭീരമായി പിൻ തുടരുന്നതിനാലാകണം.  മറ്റു ചരണങ്ങളിലെ പോലെ ഈ വരി ആവർത്തിക്കുന്നില്ല, സന്തൂറിനു പ്രാമുഖ്യം വിട്ടുകൊടുത്തിരിക്കയാണ്.

 മറ്റു രണ്ടു ചരണങ്ങൾ പോലെയല്ലാതെ നാലുവരിയിലാണ് ഈ ചരണം ഉരുത്തിരിയുന്നത്. മറ്റവ മേൽ സ്ഥായിയിൽ തുടങ്ങുന്നെങ്കിൽ ഇത് അങ്ങനെയല്ല. ഒരു പ്രസ്താവന പോലെ തുടങ്ങിയ ശേഷം മൂന്നാം വരിയാണ് സ്ഥായിയിൽ പടി കയറുന്നത്  (“രാവു വന്നു കേറിയാൽ..”). എന്നാൽ അവസാന വരി മറ്റു ചരണങ്ങളോട് ഒത്തു പോകുന്നതുമാണ്. ഒരു നാടകീയത  സൃഷ്ടിക്കാനാകണം ഈ രൂപാന്തരങ്ങൾ.

പാട്ടു കേട്ടു കഴിഞ്ഞാൽ സന്തൂറിന്റെ മണിക്കിലുക്കങ്ങളാണ് മനസ്സിൽ അവശേഷിക്കുന്നത് എന്നതാണ് ഈ പാട്ടിന്റെ സവിശേഷത.


5 comments:

എതിരന്‍ കതിരവന്‍ said...

പി. സുശീലയുടെ ആലാപനമാധുര്യം, സന്തൂറിന്റെ കിലുക്കങ്ങൾ....

ajith said...

ഒരു പാട്ടിലിത്ര വിഷയങ്ങളോ എന്ന് അതിശയം. സംഗീതത്തിന്റെ എ ബി സി ഡി അറിയാത്തതുകൊണ്ട് കേട്ട് ആസ്വദിക്കുക എന്നതല്ലാതെ ഒന്നും അറിയില്ല!

എതിരന്‍ കതിരവന്‍ said...

അജിത്, ഒരു പാട്ടിൽ ഇത്രയും വിഷയങ്ങൾ ഉള്ളതുകൊണ്ടാണ് അത് ആസ്വാദ്യകരമായി നമ്മൾക്ക് തോന്നുന്നത്. പക്ഷേ പാട്ട് ആസ്വദിക്കാൻ ഈ അനാലിസിസ് ഒന്നും വേണമെന്നില്ല. ഒരു പൂവിന്റെ ഭംഗി ആസ്വദിക്കാൻ അതിനെ പിച്ചിക്കീറി നോക്കേണ്ടാത്തതുപോലെ.

Unknown said...

ശ്രീധരേട്ടന്‍ , താങ്കളുടെ കുറിപ്പുകള്‍ നല്ലൊരു തുടക്കം ആവട്ടെ .....ആശംസകള്‍ നേരുന്നു !!!!

Romu Iyer said...

Excellent analysis.