Sunday, February 14, 2016

ഹൃദയത്തിൻ രോമാഞ്ചം അഥവാ കിടിലൻ ബൈപാസ് സർജറി

ഇതിലെ കഥാപാത്രങ്ങൾ സാങ്കൽ‌പ്പികം അല്ല.

       തൊണ്ടയിൽ ഗോയിറ്റർ സ്വൽ‌പ്പം കാണപ്പെടുന്ന രീതിയിൽ ആയിരിക്കുന്നു. തൈറോയിഡ് ഗ്ലാൻഡ് വീക്കം കുടുംബത്തിൽ പലർക്കുമുണ്ട്. കുഴപ്പമുള്ള സ്ഥിതിയല്ല.  കാരണം രക്തത്തിലെ തൈറോയിഡിന്റെ അളവ് കൃത്യമാണ്. ‘ഇത് സർജറി കൊണ്ട് മാറ്റിക്കളയരുതോ’ ഡോക്ടർ ചോദിച്ചു. അസുഖം അല്ലാത്തതിനാൽ ഇൻഷ്വറൻസ് പിന്നെ നമ്മക്ക് പണി തരുമോ എന്നു സംശയം. “സൌന്ദര്യവർദ്ധക ശസ്ത്രക്രിയ’  (cosmetic surgery) ആണെങ്കിൽ ഇൻഷ്വറൻസ് കാശുകൊടുത്തെന്നിരിക്കില്ല. സ്പെഷ്യൽ ആയി റെക്കമെന്റ് ചെയ്യാം എന്ന് ഡോക്ടർ.  ഇത് മാറ്റിക്കളഞ്ഞില്ലെങ്കിൽ പിന്നീട്   ശ്വാസതടസ്സം ഉണ്ടായേക്കാം എന്ന് ഇൻഷ്വറൻസിനെ അറിയിക്കാം, ഡോക്ടർ വഴി പറഞ്ഞു തന്നു.

     തൈറോയിഡ് സ്പെഷ്യലിസ്റ്റിനെ കണ്ടു. ശസ്ത്രക്രിയ തീരുമാനിച്ചു. അതേദിവസ സർജറി  (same day surgery)-  രാവിലെ ആശുപത്രിയിൽ അഡ്മിറ്റ് ആയാൽ വൈകുന്നേരം വീട്ടിൽ പോകാം. തൊലി ഒന്നു കീറുക, വലിപ്പം വച്ച തൈറോയിഡ് ചെത്തിക്കണ്ടിച്ച് ദൂരെ എറിയുക, തൊലി തുന്നിപ്പിടിപ്പിക്കുക, അത്ര മാത്രം. കുടുംബഡോക്ടറുടെ  ഒരു ക്ലിയറൻസ് വേണം, ശസ്ത്രക്രിയ നടത്താനുള്ള ശാരീരികാവസ്ഥ ഉണ്ട് എന്ന് തിട്ടപ്പെടുത്താൻ. മറ്റു കുഴപ്പങ്ങൾ-സ്വൽ‌പ്പം രക്തസമ്മർദ്ദം ഉണ്ട്, മരുന്ന് കഴിക്കുന്നുണ്ട്- എന്നതൊഴിച്ചാൽ വേറെയൊന്നുമില്ല.. കുടുംബഡോക്റ്റർ തൈറോയിഡ് സർജനെ വിളിച്ചറിയിച്ചു പ്രശ്നങ്ങൾ ഒന്നും കാണുന്നില്ല. എന്നാൽ ഒരു ഇ കെ ജി  (EKG electrocardiogram)  കൂടി എടുത്തു നോക്കിയേക്കാം, അതിന്റെ കുറവു വേണ്ട എന്ന് ഡോക്ടർ. പത്തുമിനിടിനകം ഇ കെ ജി റിസൾറ്റ് കിട്ടി. ഡോക്റ്റർക്ക് അമ്പരമ്പ്. നിങ്ങൾ അറിഞ്ഞിരുന്നോ ഇത്? അറിഞ്ഞിരുന്നോ ഇത്?  ഹൃദയമിടിപ്പ് ആകെ മൊത്തം കുഴപ്പമാണ്.  ഹൃദയത്തിന്റെ  ഇടതു കീഴറ  (left ventricle)യ്ക്ക്  എന്തോ കട്ടി കൂടുതലും ഉണ്ടെന്നു തോന്നുന്നു. . അപ്പോ എന്റെ തൈറോയിഡ് സർജറി? അത് വെള്ളിയാഴ്ച്ചയല്ലെ? മാറ്റി വയ്ക്കേണ്ട. ചങ്ക് മിടിപ്പ് ഒക്കെ കാർഡിയോളജിസ്റ്റ് നൊക്കട്ടെ. പിറ്റേ ദിവസം തന്നെ കാർഡിയോളജിസ്റ്റിനെ കാണാൻ തരപ്പെട്ടു.  രണ്ടു ദിവസത്തേയ്ക്ക് കൊണ്ടു പിടിച്ച ടെസ്റ്റുകൾ.  എക്കോ കാ‍ാർഡിയോഗ്രാം.  റേഡിയോ ആക്റ്റീവ്  സാധനം കുത്തിവച്ചിട്ട് ഹൃദയത്തിൽക്കൂടി എന്ത് എത്ര എപ്പോൾ  എങ്ങനെ എന്നൊക്കെ കണ്ടുപിടിയ്ക്കുന്ന മറ്റു യന്ത്രവിദ്യകൾ ഇങ്ങനെ ഹൃദയത്തെ തലങ്ങും വിലങ്ങും പരിശോധിയ്ക്കുന്ന വേലകൾ രണ്ടു ദിവസത്തേയ്ക്ക്. ഇടതു കീഴറയുടെ മസിലുകൾ കട്ടി പിടിച്ചിട്ടുണ്ട്. രക്തം കൂടുതൽ പമ്പ് ചെയ്ത് മടുക്കൊമ്പോൾ ഈ മസിലുകൾ “മസിലു പിടിച്ചു” തുടങ്ങുന്ന സംഭവമാണ്. പിന്നെ സദാ ഓടുന്ന റോഡിൽ ചാടിക്കയറി അതോടൊപ്പം ഓടേണ്ടി വരുന്ന ‘ട്രെഡ് മിൽ’  എന്ന, കാർഡിയോളജിസ്റ്റുകളൂടെ ഓമനക്കളിപ്പാട്ടത്തിൽ അവസാന ടെസ്റ്റ്.   “സ്റ്റ്രെസ് ടെസ്റ്റ്’ എന്ന് ഓമനപ്പേര്.   കടലാസിൽ  അടിച്ചു വരുന്ന  രേഖകളിലെ കയറ്റിറക്കങ്ങൾ ശരിയല്ല. ‘ചങ്കിനു വേദന, ശ്വാസം മുട്ടൽ എന്തെങ്കിലുമൊക്കെ...?   ഡോക്ടർ ചോദിയ്ക്കുന്നു. . അങ്ങനെ ദുർബ്ബലഹൃദയരുടെ അസ്കിതയൊന്നും ഇതുവരെ ഇല്ല എന്ന് ഞാൻ. ആകെ മൊത്തം കുഴപ്പമാണ്. ഉടനെ ആശുപത്രിയിലേക്ക് വിട്ടോളുക. കുറേ ബ്ലോക്കുകൾ ഉണ്ടെന്നു തോന്നുന്നു. ഒരു ബെഡ് ഞാൻ റിസേർവ്വ് ചെയ്തു കഴിഞ്ഞു എന്ന് ഡോക്റ്റർ. നിമിഷങ്ങൾക്കകം തൊട്ടടുത്ത  ആശുപത്രിയിലെ കാർഡിയോളജി വാർഡിൽ പേഷ്യന്റായി കിടക്കുന്ന സീനിലേക്ക് ക്യാമെറ പാൻ ചെയ്യുന്നു.ആ ഞ്ജിയോഗ്രാം ചെയ്തു നോക്കുകയാണ് ഉടനെ.  സ്റ്റെന്റ് ഇടണമെങ്കിൽ അക്കൂടെ ചെയ്യാം.

   ആഞ് ജിയോഗ്രാം ചെയ്യുന്ന മുറിയാകട്ടെ രസികത്തികളായ നേഴ്സുമാരുടെ ന്യൂ ജെൻ കളിസ്ഥലമാണ്. റേഡിയോയിൽ പാട്ട് വച്ചോണ്ടാണ് സുമുഖി കുളിർമതി വദനകളുടെ വിളയാട്ടം. ഡോക്റ്റർമാർക്കോ പേഷ്യൻസിനോ യാതൊരു എതിർപ്പുമില്ലെന്നു കണ്ടു പിടിച്ച ശേഷമാണത്രേ ഈ ഓപെറേഷൻ റൂമിനെ ഇങ്ങനെ ഉത്സവപ്പറമ്പാക്കി മാറ്റിയത്.( ഓപെറേഷൻ തിയേറ്റർ എന്ന വാക്ക് ഇങ്ങനെയാണ് വന്നു കൂടിയത്. അടുത്ത തവണ ഇഷ്ട സിനിമകളുടെ ക്ലിപ്പിങ്സ് ഉം ആകാം എന്ന് ഞാൻ  സജസ്റ്റു ചെയ്യാൻ മറന്നില്ല) ). ഇടുപ്പിലുള്ള ഒരു രക്തക്കുഴൽ വഴി  ഒരു കുഞ്ഞു റ്റ്യൂബു വഴി ഒരു ക്യാമെറ കയറ്റി ഹൃദയത്തിലേക്ക് ഒരു കിളിവാതൽ തുറക്കുകയാണ്  ആൻ ജിയോഗ്രാം എന്ന പ്രിയദർനി ടെക്നിക്ക്. ബോധം ഇല്ലാതിരുന്നതു കൊണ്ട് ഏതു പാട്ടാണ് ഈ വിദ്യാനികേതനത്തിൽ പ്ലേ ചെയ്തിരുന്നത് എന്ന് അറിഞ്ഞില്ല എങ്കിലും ‘ഹൃദയത്തിൻ രോമാഞ്ചം’ എന്നതായിരിക്കും എന്ന് എനിക്ക് നിശ്ചയമുണ്ടായിരുന്നു.  ഈ റ്റ്യൂബ് വഴി തന്നെ സ്റ്റെന്റ് എന്ന കുഞ്ഞ് പൈപ് ബ്ലോക്ക് ഉള്ള രക്തക്കുഴൽ ഭാഗത്ത് നിക്ഷേപിക്കുകയും ചെയ്യാം.   ബോധം തെളിഞ്ഞപ്പോൾ എന്റെ പിൽക്കാല ജീവിതത്തെക്കുറിച്ച് ചില ദൃഢധാരണകൾ ഉണ്ടാക്കിയെടുത്തു കഴിഞ്ഞു ഡോക്റ്റർമാർ. സ്റ്റെന്റുകളിൽ ഒതുക്കപ്പെടാനുള്ളതല്ലെ മകനേ നിന്റെ ഹൃദയവഴികളിലെ ബ്ലോക്കുകൾ, ബൈ പാസ്സ് നിർമ്മിച്ചെടുക്കണം. അതും അഞ്ചെണ്ണം! നാളെ രാവിലെ ഈ റോഡു വെട്ടൽ തുടങ്ങും.  ബ്ലോക്ക് ഉള്ള രക്തക്കുഴലിനു അരികിലൂടെയോ മുകളിലൂടെയോ “ബൈ പാസ്” രക്തക്കുഴലുകൾ തയ്ച്ചു പിടിപ്പിക്കുന്ന വേലയാ‍ാണിത്. ഈ ബൈപാസ് രക്തക്കുഴലുകൾ നമ്മ്ടെ കാലിൽ ചുമ്മാ തലങ്ങും വിലങ്ങും ഓടുന്നവയിൽ നിന്നും മുറിച്ചെടുക്കും.  ഒന്നു ഞെട്ടാൻ പോലും സമയം ഇല്ല. പകച്ചുപോയി എന്റെ ബാല്യം എന്ന ആപ്തവാക്യം ഇതോടെ മലയാളഭാഷ അംഗീകരിച്ചു.  കൂടെയുണ്ടായിരുന്ന മകൾ, ജോലി കഴിഞ്ഞ് മടങ്ങുന്ന ഭാര്യയോട്  തന്മയത്വത്തോടെ ഇത് അവതരിപ്പിക്കാൻ ഒരാളെ ചട്ടം കെട്ടി. കരഞ്ഞു നിലവിളിച്ച് അലമ്പുണ്ടാക്കാൻ റെഡിയായി നിൽക്കുന്ന സ്വഭാവനടിയാണ് ഭാര്യ എന്ന് അവൾക്കറിയാം. “നാളെ തിങ്കളാഴച്ച എന്റെ കല്യാണമാണ്, അങ്ങു വരുമോ എന്റെ പ്രിയപ്പെട്ട ഗായകാ” എന്ന് പാടാത്ത പൈങ്കിളിയിലെ ചിന്നമ്മ തങ്കച്ചനു എഴുതിയതു പോലെ അത്യാവശ്യം ചില സുഹൃത്തുക്കളെ നാളെ വെള്ളിയാഴ്ച എന്റെ ബൈ പാസ് സർജറി ആണ് ‘ എന്ന സന്ദേശം അറിയിച്ചു.   ഇനി എങ്ങാനും തട്ടിപ്പോയാൽ “ഞങ്ങളോട് ഒന്ന് പറഞ്ഞു കൂടായിരുന്നോ “എന്ന്  മോർച്ചറിയിൽ വന്ന് പറയരുതല്ലോ. രാത്രി തന്നെ മറ്റ് ചില യന്ത്രസാമഗ്രികളാൽ കഴുത്തിലൂടെ തലച്ചോറിലേക്ക് പോകുന്ന രക്തക്കുഴലുകളൊക്കെ ക്ലിയറ് ആണോ എന്ന് നോക്കി ഉറപ്പു വരുത്തി ചില മാന്യവതികൾ. ഡോക്ടർ ഒന്നൂടെ വന്ന് “ഇപ്പശ്ശരിയാക്കിത്തരാം” എന്ന മട്ടിൽ ഷേയ്ക് ഹാൻഡ് തന്ന് ചിരിച്ച് ഇരുളിൽ മറഞ്ഞു.

      പിറ്റേന്ന് രാവിലെ കുളിച്ച്  മിടുക്കനായ എന്നെ ഒരു ഉന്തുവണ്ടിയിൽ കിടത്തിയാണ് ബോധം കെടുത്തുന്ന ഗ്രൂപ്പിന്റെ മുറിയിൽ എത്തിച്ചത്. ഇനിയുള്ള കാര്യങ്ങളന്നും ഓർക്കുകയില്ലെന്ന് പ്രധാന നേശ്സ് വാണിങ്ങ് തന്നു. ഉണർന്നു കഴിയുമ്പോൾ കുടുംബം വന്ന് ‘ഞാൻ ഭാര്യയാ, മകളാ’ എന്നൊക്കെപ്പറഞ്ഞാൽ “ഒന്നും ഓർക്കുന്നില്ല, ആരാ നിങ്ങള്“ എന്നു പറഞ്ഞ് മൊത്തം  ഫാമിലിയെ ഒഴിവാക്കാൻ പറ്റിയ സമയം എന്ന് ഞാൻ. നേഴ്സും ഡോക്റ്ററും ചിരിച്ചതു മാത്രം ഓർമ്മയുണ്ട്. ഏകദേശം ഏഴു മണിക്കൂറിൽക്കൂടുതൽ സർജറി. ഹൃദയം നിശ്ചലമാക്കും. രക്തം ഒരു പമ്പ് വഴി ചുറ്റിക്കറക്കി ഓക്സിജൻ പൂരിതമാക്കും. അഞ്ചു ബൈപാസ് വേണ്ടതു കൊണ്ട് കാലിൽ നിന്നും കുറേ നീളത്തിൽ വെട്ടിയെടുക്കുകയാണ് രക്തക്കുഴലുകൾ. കഴിഞ്ഞ മുപ്പതുകൊല്ലമായി ദിവസം രണ്ടെണ്ണം വീതം ഇതേ സർജറി ചെയ്യുന്നയാളാണു ഡോക്റ്റർ എന്നൊക്കെ പിന്നെ അറിഞ്ഞു.  ഒരു എലക്ട്രിക് അറക്കവാളുകൊണ്ടാണ് നെഞ്ചുകൂട് വെട്ടിക്കീറുന്നത് എന്ന് വളരെ പിന്നീട് യു ട്യൂബിൽ കണ്ടു. ബോധം കെടാൻ ആ വീഡിയോ നോക്കിയാൽ മാത്രം മതിയായിരുന്നല്ലോ എന്ന് തോന്നിപ്പോകും. പിന്നീട് കമ്പി വച്ച് കെട്ടുകയാണ് മുറിച്ച എല്ലുകൾ.
       
                 പിറ്റേ ദിവസമാണ് ബോധം തെളിയുന്നത്. രാത്രിയിൽത്തന്നെ ബോധം തെളിയിക്കാൻ ശ്രമിച്ചെങ്കിലും തൊണ്ടയിൽക്കൂടെ കടത്തിയിരുന്ന  വൻ പ്ലാസ്റ്റിക് ട്യൂബ് അസ്വസ്ഥത (പരാക്രമം ആയിരുന്നത്രേ!) ഉണ്ടാക്കിയതിനാൽ വീണ്ടും ഉറക്കുകയായിരുന്നു എന്ന് പിന്നീടറിഞ്ഞു). ഭാര്യയും മക്കളും നോക്കി നിൽക്കുന്നത് കണ്ടു. ആകപ്പാടെ ഒരു വിഹഗവീക്ഷണം നടത്തി. ദേഹം മൊത്തം നീരാണ്. കൈവിരലുകൾ നോക്കിയപ്പോൾ സന്തോഷം. ചുളിവുകളൊന്നുമില്ല, നല്ല തുടുത്തു മിനുത്ത വിരലുകൾ! കുഞ്ചാക്കോ ബോബനു പോലും ഇത്ര ഭംഗിയുള്ള വിരലുകൾ കാണുകയില്ല. “ഒരു ഫോടോ എടുത്ത് ഫെയ്സ് ബുക്കിലിട്’ എന്ന് ഞാൻ. അപ്പോൾ മൂത്തമകൾ “ He is normal! He is normal!' എന്ന് .’അതെന്താ? ഭാര്യ.  'Because he is talking nonsense'  എന്ന്  മറ്റവൾ.  ചങ്കിനു താഴെ നിന്ന് ഒരു കുഴൽ പുറത്തെയ്ക്കു പോകുന്നുണ്ട്. അതിൽ ചോരയും ചില ദ്രാവകങ്ങളും പ്രവഹിക്കുന്നു ചെറുതായിട്ട്.ഇതെന്താ എന്റെ കുടൽ കുറെ വെളിയിലിട്ടിട്ടാണോ തുന്നിക്കെട്ടിയത്? അല്ലാ- നേഴ്സ് പറഞ്ഞു. ചങ്കു കൂടിനകത്ത് കെട്ടിക്കിടക്കാവുന്ന ദ്രാവകങ്ങൾ പുറത്തു പോകാനുള്ള പൈപ്  ആണത്. അതിന്റെ അളവ് എടുക്കാൻ ഒരു കുപ്പിയിൽ അത് ശേഖരിക്കുന്നുമുണ്ട്. വേറെയും ചില റ്റ്യൂബുകളും വയറുകളും പലതരം യന്ത്രങ്ങളിലേക്ക് ഘടിപ്പിച്ച് ഒരു വൻ എട്ടുകാലിവലയിൽ ആയതു പോലാണ്.  മൂത്രം പോകാൻ ഒരു വൻ ട്യൂബാണ് ഇട്ടിരിക്കുന്നത്..ഇതെങ്ങനെ തിരുകിക്കയറ്റി? നാട്ടിലെ പോലീസ് മുറയല്ലെ ഇത്? കേരളാ പോലീസാണോ ഈ നേഴ്സമ്മാർക്ക് ട്രെയിനിങ് നൽകിയത്? (തിരുവനന്തപുരത്ത് കാണാറുള്ള ഹിപ്പിരൂപി മദാമ്മകൾ വാസ്തവത്തിൽ വേഷം മാറിയ നേഴ്സുകളാണ്. ഈ വേല പഠിയ്ക്കാൻ പോലീസ് ക്യാമ്പിൽ എത്തിയവരാണ്).

    ബൈപാസ്സ് വഴികൾ വെട്ടിയ ഡോക്റ്റർ കുശലം അന്വേഷിക്കാൻ വന്നു. നേരത്തെ ഒരു കാറകടത്തിൽ നെഞ്ചിലെ  ഒരു രക്തക്കുഴൽ (mammary artery) ചതഞ്ഞതുകൊണ്ട് അത് ബൈപാസ് ഉണ്ടാക്കാൻ ഉപയോഗിക്കാൻ പറ്റിയില്ല എന്ന് പറഞ്ഞു. അതുകൊണ്ട് ഇടതും വലതും കാലുകളിൽ നിന്ന് നല്ല നീളത്തിൽ  കൂടുതൽ രക്തക്കുഴലുകൾ മുറിച്ച് എടുക്കേണ്ടി വന്നത്രെ.  ഐ സി യു (അധികമൊന്നും വസ്ത്രം ഉടുക്കാൻ ആശുപത്രിക്കാർ തന്നിട്ടില്ല. പുറകുവശം തുറന്ന ളോഹപോലൊന്ന് നാണം മറയ്ക്കും, എന്നാലൊട്ട് ഇല്ല എന്ന മട്ട് ആണ്.  ഐ സി യു എന്നത്  'I see you'  എന്നാണെന്ന് ഒരു സുഹൃത്ത് പറഞ്ഞത് ശരിയായിത്തോന്നി.) ഇൽ ഒരു രോഗിയ്ക്ക് ഒരു നേഴ്സ് എന്ന രീതി ആയതുകൊണ്ട് കാര്യങ്ങളൊക്കെ കുശാൽ.വൈകുന്നേരം ഒരു   മലയാളി ഡോക്റ്റർ വന്ന്  കുറെ കുറ്റപ്പെടുത്തലും പഴിചാരലുമായി  (ഡോക്റ്റർമാർ ചെയ്യരുതാത്തതാൺ ഇത്)  ഒച്ചയെടുത്ത്  ആനന്ദിപ്പിച്ചു. അദ്ദേഹം ഒരു പുസ്തകം എഴുതിയിട്ടുണ്ടെന്നും അത് വായിയ്ക്കാത്തതു കൊണ്ടാണ് ഇതൊക്കെ സംഭവിച്ചതെന്നും അങ്ങോർ ആണയിട്ടു പറഞ്ഞു. (പിന്നെയാണ് അറിയുന്നത് ഇദ്ദേഹത്തിന്റെ ഈ “വിസിറ്റ്” ഇനു നല്ല ഒരു തുക ചാർജ്ജ് ചെയ്തിട്ടുണ്ട്!) രാത്രിയിൽ ഉറങ്ങണമെങ്കിൽ കുത്തിയിരുന്നിട്ട് തലയണകളിൽ ചാരി ഇരിയ്ക്കുകയും കിടക്കുകയും ചെയ്യുന്നതിന്റെ ഇടയിലെ ഒരു പോസു കൊണ്ടു മാത്രമേ സാധിയ്ക്കുകയുള്ളു എന്ന അറിവ് ഒരിയ്ക്കലും മറക്കാവതല്ല.   ഈ യോഗാ പോസ് കുറെക്ക  ഴിയുമ്പോൾ മാറിപ്പോകും, നേഴ്സുമാർ വന്ന് ബെഡ് ഷീറ്റ് പുറകോട്ട് വലിച്ച് (“വൺ റ്റു ത്രീ..” പറഞ്ഞാണ് ഈ വലി) ഇരിപ്പ്/കിടപ്പ് ശരിയാക്കിത്തരും. ബൈപാസ് സർജറി പലർക്കും ഷോക്ക് നൽകാറുണ്ട്-ജീവിതശൈലി അന്നു മുതൽ പാടേ മാറേണ്ടി വരുമെന്നുള്ള അറിവിനാൽ. അതിനാൽ ഡിപ്രഷനുള്ള മരുന്ന് വേണോ, തരട്ടേ എന്നൊക്കെ ഡോക്റ്റർമാർ ചോദിച്ചുകൊണ്ടിരുന്നു. പുകവലി/മദ്യം/മാംസം ഇതൊന്നും ശീലിക്കാത്ത എനിക്ക് ജീവിതശൈലി മാറ്റേണ്ടതില്ലെന്നതിനാൽ ഇനിയും പണ്ടത്തെപ്പോലെ ആനന്ദതുന്ദിലമായ ജീവിതം തുടരുക എന്നതിൽ ആഹ്ലാദിക്കുകയാണ് എന്ന് ഞാൻ. അഞ്ചു ബ്ലോക്ക് ഉണ്ടായിട്ടും ചങ്കിനു വേദനയോ ശ്വാസം മുട്ടലോ ഒന്നും വന്നുഭവിക്കാത്തതുകൊണ്ട് നിശബ്ദഘാതകൻ (silent killer) എന്ന് ഈ അസുഖത്തെ വിളിയ്ക്കുന്നതിലെ പൊരുൾ മനസ്സിലാകുക എന്നതു തന്നെയായിരുന്നു പ്രധാന പാഠം.

    പിറ്റേന്നു തന്നെ പതുക്കെ നടക്കാൻ പരിശീലനം തന്നു തുടങ്ങി. വീണുപോയാൽ താങ്ങായി അരയിൽ വലിയ ബെൽറ്റ് ഉറപ്പിച്ചതിൽ രണ്ട് ഫിസിയോ തെറാപിസ്റ്റുകൾ പിടിച്ചിട്ടുണ്ട്. ദേഹത്തു നിന്നുള്ള കുഴലുകൾ, വയറുകൾ അവ ഘടിപ്പിച്ച യന്ത്രങ്ങൾ ഇവയൊക്കെയായി വേറെ കുറെപ്പേരുമുണ്ട് കൂടെ. ഒരു ജാഥയുടെ മട്ട്.  മൂന്നാലു ചുവടുകൾ വച്ചതോടെ അന്ന് ആ പണി പറ്റില്ലെന്ന് മനസ്സിലായി. പക്ഷേ പിറ്റേന്ന് നേഴ്സസ് സ്റ്റേഷൻ ഒന്ന് വലം വയ്ക്കാനായി. (നടന്നില്ലെങ്കിൽ കാലിൽ രക്തക്കട്ടയുണ്ടായി അത് ഹൃദയത്തിലോ തലച്ചോറിലോ തങ്ങി കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാനും കൂടിയാണ് ഈ പരിശീലനം). മൂന്നാം ദിവസം നട കയറാനുള്ള വിദ്യാപരിചയം തരികയാണ്.  ശരീരത്തിനു ബാലൻസ് ഉണ്ടോ കാലുകൾ ശരിക്ക് ശരീരം താങ്ങുമോ  എന്നൊക്കെ അറിയുവാനാണ് ഈ ചെയ്തി എങ്കിലും  നാലഞ്ചു നടകൾ ചവിട്ടിക്കയറിയത് സിൽബന്തികളെ അമ്പരപ്പിച്ചു. നാലാം ദിവസം പ്രഭാതം പൊട്ടി വിടർന്നത് കിടിലൻ വാർത്തയുമായാണ്. ചങ്കിന്റെ താഴെ നിന്നും പുറത്തേയ്ക്ക് നീണ്ടു കിടക്കുന്ന ആ കുഴൽ വലിച്ചു പുറത്തെടുക്കാ‍ാൻ പോവുകയാണത്രേ! ബോധം കെടുത്തുകയോ മയക്കുകയോ ഒന്നുമില്ല, ഒരു വലി മാത്രം! ഇങ്ങനെ ജീവനോടെ  കുടൽമാല വലിയ്ക്കുന്നതൊക്കെ ഹൊറർ സിനിമയിൽ കണ്ടാല്പോലും കണ്ണുപൊത്തുന്ന എന്നോട്! എന്നാൽ ചെറിയ മയക്കു മരുന്നു തരാം എന്ന് നേഴ്സമ്മാർ. അതു കുത്തിവച്ചിട്ടും എന്റെ പേടിയും അത്യുൽക്കണ്ഠയും കാരണം ഒരു മയക്കവുമില്ല. പക്ഷേ അതറിഞ്ഞിട്ടും (വേറേ നിർവ്വാഹമില്ലാത്തതിനാൽ ആയിരിക്കണം) നേഴ്സമ്മാർ ഒന്നും പറയാതെ ഒറ്റവലി!. “അയ്യോ” എന്ന് വച്ചതു മാത്രം ഓർമ്മയുണ്ട്. ഒരു നിമിഷം കഴിഞ്ഞ് നോക്കുമ്പോൾ കുടൽ (പ്ലാസ്റ്റിക്കാ കേട്ടോ) വേറേ ഞാൻ വേറെ.  ഇനി മൂത്രം പോകാൻ ഇട്ടിരിക്കുന്ന കുഴൽ തന്നെ വലിയ്ക്കുന്നോ ഞങ്ങൾ വലിയ്ക്കണോ?  മാലാഖമാർക്ക് തെല്ലും ചാഞ്ചല്യമില്ല.  നിങ്ങൾ വേണ്ട, ഞാൻ തന്നെ ആ ഹീനകൃത്യം ചെയ്യാം.  കൂട്ടിരിയ്ക്കാൻ വന്ന അടുത്ത ബന്ധുക്കാരൻ പയ്യൻ പേടിച്ച് “അങ്ങോട്ട് നോക്കണ്ടാ അങ്ങോട്ട നോക്കണ്ടാ” എന്ന് വിളിച്ചു പറഞ്ഞു.  നോക്കിയും നോക്കാതെയും പതുക്കെ വലിച്ചു, ക്രമേണ ഇറങ്ങി വന്നു. ഒരു മുട്ടൻ പേനയുടെ അറ്റത്ത് ഒരു വലിയ ഉരുണ്ട മൊട്ടും പിടിപ്പിച്ച പോലത്തെ സാധനം.  പയ്യൻ ഇതു കണ്ട് മോഹാലസ്യത്തിന്റെ വക്കിലെത്തി.

       അഞ്ചാം നാൾ പൊതു വാ‍ാർഡിലേക്ക് മാറ്റപ്പെട്ടു. ന്യുട്രീഷൻ വിദഗ്ധകൾ, ഡയറ്റീഷ്യന്മാർ ഒക്കെ വന്ന് ധാരാളം ഉപദേശിക്കുന്നുണ്ട്. ഡയറ്റ് ലിസ്റ്റിൽ ഇഡ്ഡലി, സാമ്പാർ, ചപ്പാത്തി ഒക്കെയുണ്ട്. ഇൻഡ്യക്കാർക്കുവേണ്ടി പുതുക്കിയ ലിസ്റ്റ്.  ആകപ്പാടെ നോക്കിയപ്പോൾ കഴിഞ്ഞ മൂന്നാലു കൊല്ലമായി ഞാൻ പിൻ തുടരുന്ന ഡയറ്റ് തന്നെ. “എന്റെ പൊന്നു ചേച്ചീ, കഴിഞ്ഞ കുറെക്കൊല്ലങ്ങളായി ഈ ഡയറ്റിൽ ഒക്കെത്തന്നേയാ “ എന്ന് ഞാൻ. “അതു കൊണ്ടായിരിക്കണം താൻ ഇത്രേം നാൾ തട്ടിപ്പോകാത്തത്” എന്ന് ഡയറ്റീഷ്യൻ.  ചങ്കിലെ കുറെ ടേപ്പുകളും വയറുകളും സാവധാനം എടുത്തു മാറ്റപ്പെട്ടു. ഒരു ജൂണിയർ കാർഡിയോളജിസ്റ്റ് പ്രത്യക്ഷപ്പെട്ട് പറഞ്ഞു “ ആ എലെക്ട്രിക് വയറുകൾ കാണുന്നില്ലെ, അവകളെ ഇന്ന് എടുത്തുമാറ്റാൻ പോവുകയാണ്”.  ശരിയാണ് അഞ്ചാറു നൂൽക്കമ്പികൾ ചങ്കിൽ നിന്നും പുറത്തേയ്ക്ക് വരുന്നുണ്ട്. യന്ത്രങ്ങളുമായി ബന്ധിപ്പിച്ചിട്ടുമുണ്ട്. ഹൃദയത്തിന്റെ പല പ്രവർത്തനങ്ങളും വിശദമായി അറിയാൻ ഉള്ളവയണത്രേ അവകൾ. അതും ഒരു വലിയ്ക്ക് പുറത്തെടുക്കാൻ പോവുകയാണ്! സന്തോഷം. എവിടന്ന് വരുന്നു അവ? “നിങ്ങടെ ഹൃദയത്തിലേക്ക് നേരെ കൊളുത്തിയിരിക്കുകയാണ് അവ”  കത്രീനാ കൈഫ് (ആ ഛായയുണ്ട് അവർക്ക്) സുന്ദരമായി  മന്ദഹസിച്ചു. അതുശരി. പ്രശ്നം മറ്റേ പ്ലാസ്റ്റിക് കുടൽ മാതിരി അല്ല. അത് വെറുതെ അകത്ത് ഇട്ടിരുന്നതാണ്. ഇവയാകട്ടെ ശരിക്കും ഹൃദയത്തിൽ കൊളുത്തിയിട്ടിരിക്കയാ‍ാണ്. അതാണ് വലിയ്ക്കാൻ പോകുന്നത്. നിങ്ങളൊക്കെത്തന്നെ വെട്ടിക്കീറി തുന്നിത്തയ്ച്ച് എക്സ്ട്രാ ഫിറ്റിങ്ങും ചെയ്തു വച്ച ഈ ഹൃദയത്തോടാണോ ഈ പണി? അതുമിതും പറഞ്ഞോണ്ടിരിക്കാൻ നേരമില്ല എന്ന മട്ടിൽ ആ സുന്ദരി എന്റെ ഹൃദയത്തിൻ തന്ത്രികൾ ഒറ്റവലിയ്ക്ക് പുറത്താക്കി. ഒരു കിടുക്കത്തോടെ പുറകോട്ട് മലച്ചതു മാത്രമേ അത്യാഹിതമായി കണക്കുകൂട്ടാവൂ. (ഹൃദയത്തിൻ തന്ത്രിയിൽ ആരോ വിരൽ തൊടും മൃദുലമാം നിസ്വനം എന്ന പാട്ട് പിന്നീട് എഴുതപ്പെട്ടതായി അറിഞ്ഞു).

      ഇനിയുള്ള ജീവിതത്തിലെ പെരുമാറ്റചര്യകൾ വിശദമായി പ്രതിപാദിക്കാനായി നേരത്തെ നടക്കാൻ സഹായിച്ച ഫിസിയോ തെറാപിസ്റ്റ് എത്തി. ഒരു മാസത്തേയ്ക്ക്  കാറോടിക്കാൻ പാടില്ല. ദിവസവം പതിനഞ്ചുമിനിറ്റെങ്കിലും നടക്കണം. നെഞ്ചിനു വലിവ് വരുന്ന ഒന്നും ചെയ്യരുത്. പിന്നെ, സെക്സ് ചെയ്യണമെങ്കിൽ.............”ഒഹോ” ഞാൻ ഇടപെട്ടു. “എന്റെ പൊന്നു പെങ്ങളെ ഇവിടെ നാലുകാലിൽ പോലും എഴുനേറ്റു നിൽക്കാൻ പറ്റുന്നില്ല. അപ്പോഴാണ് ലീസ്റ്റ് പ്രയോറിറ്റി ആയ ഇക്കാര്യവും പറഞ്ഞോണ്ട് വരുന്നത്” അവർ ഖണ്ഡിച്ചു. “ആഹാ ഇന്നലെ അങ്ങനെയല്ലല്ലോ കണ്ടത്? ആ നടകൾ കയറുന്ന ഉശിരുകണ്ടപ്പോൾ?”‘   കാര്യം ശരിയാണ് നടകയറാൻ പരിശീലിപ്പിച്ചപ്പോൾ ഒറ്റയടിയ്ക്ക് അഞ്ചാറു നടകൾ ഞാൻ നടന്നു കയറുകയാണുണ്ടായത്. ഇത്  ബൈപാസ് കഴിഞ്ഞവരുടെ പതിവല്ല   അത്ര ഉശിരോടേ ഒന്നും ചെയ്യേണ്ട തൽക്കാലം. നെഞ്ചിലെ എല്ലു നെടുവേ വെട്ടിക്കീറിയത് നൂൽക്കമ്പി ഇട്ട് കെട്ടി വച്ചിരിക്കയാണ്.

      വീട്ടിൽ വന്നു. വീട് പൊടി തുടച്ച് പ്രത്യേകം വൃത്തിയാക്കിയിട്ടുണ്ട് മക്കൾ. കാരണം ചുമ, തുമ്മൽ ഒക്കെ ഒഴിവാക്കണം. ചുമ കുറച്ചൊക്കെ ഒതുക്കാൻ പറ്റും .പക്ഷേ തുമ്മലോ? പ്രാണവേദനയാണ്. ചങ്കുകൂടൊക്കെ ആകമാനം കുലുങ്ങുന്ന സംഗതിയാണ്.  കിടന്നാൽ എഴുനേൽക്കാൻ പരസഹായം വേണം.  ഒരു ചായയ്ക്കു പോലും ആരെയും ബുദ്ധിമുട്ടിയ്ക്കാറില്ലാത്ത ഞാൻ കന്നിപ്പൂമാനം കണ്ണും നട്ട് നോക്കിയിരിക്കുകയോ കിടക്കുകയോ ചെയ്തു.   വീട്ടിനകത്തു തന്നെ ഒന്നു ചുറ്റാൻ പറ്റുന്നത് വൻ നേട്ടവും അഭിമാനത്തിന്റെ പ്രശ്നവുമാണ്. ഗുളികകളൂടെ എഫെക്റ്റും രക്തസഞ്ചാരത്തിന്റെ അപാകതകളും ഒക്കെക്കൂടി ആകേ ഒരു തണുപ്പ് ഫീലിങ് ആണ്. അതുകൊണ്ട് കുളി കഴിയുമ്പോഴേയ്ക്കും  തോർത്തും പുതപ്പുകളുമായി സിൽബന്തികൾ നിലക്കണം പുറത്ത്. ഉണ്ണിയാർച്ചയുടെ കുളിയ്ക്ക് ഇത്രയും സന്നാഹങ്ങൾ വടക്കൻ പാട്ടുകളിൽ പോലും ഇല്ല.   ഒന്നും ചെയ്യാനില്ലാത്തതുകൊണ്ട് എഴുതി പൂർണ്ണമാക്കാൻ പറ്റാത്ത ലേഖനങ്ങളിൽ ശ്രദ്ധ വയ്ക്കാൻ പറ്റി. അതിലൊന്ന് മാതൃഭൂമിയ്ക്ക് വേണ്ടിയുള്ളതായിരുന്നു. അത് കവർ സ്റ്റോറി ആയിത്തന്നെ ഉടൻ പ്രസിദ്ധീകരിച്ച് വരികയും ചെയ്തു. “നിറങ്ങൾ തൻ നൃത്തം’എന്ന പാട്ടിന്റെ അനാലിസിസ് മുഴുവനാക്കി പ്രസിദ്ധീകരിക്കാനും പറ്റി. നാലാഴ്ച കഴിഞ്ഞപ്പോൾ ജോലിയ്ക്ക് പോകാൻ അനുവാദം കിട്ടി ഡോക്റ്ററിൽ നിന്ന്. സഹപ്രവർത്തകർക്ക് വിശ്വാസം ആയില്ല, ചുമ്മാ ഓടി നടന്നിരുന്ന, യാതൊരു ലക്ഷണങ്ങളുമില്ലാതിരുന്ന ആൾ അഞ്ച് ബ്ലോക്കിനു ബൈ പാസും കഴിഞ്ഞ് എത്തിയിരിക്കുന്നു!  മറ്റു കൂട്ടുകാർ (ശകലമെങ്കിലും മദ്യപാനം, സിഗററ്റ് വലി, അമിത ബീഫ് തീറ്റ ഇവയൊക്കെയുള്ള മാന്യന്മാർ) പേടിച്ചു. ഇയാൾക്ക് ഇതു വരാമെങ്കിൽ ഞങ്ങടെ കാര്യം പോക്കാ എന്ന് പറഞ്ഞ് പലരും ചെക് അപ്പിനു പോയി. (എല്ലാവരേയും ഞാൻ കണക്കിനു പേടിപ്പിച്ചു  വിരട്ടി വിട്ടിരുന്നു എന്നതും സത്യം)

        രണ്ടുമാസം കഴിഞ്ഞപ്പോൾ  പുനരുദ്ധാരണപ്രക്രിയ എന്നു വിളിയ്ക്കാവുന്ന 'rehabilitation' അഭ്യാസത്തിനു നിർദ്ദേശം വന്നു. അമേരിക്കയിൽ അങ്ങിനെയാണ്,   ഹൃദ്രോഗിയെ എന്നും  കിടത്തുകയല്ല, മറിച്ച്  ഹൃദയത്തിനു കൂടുതൽ ‘പണി’ കൊടുത്ത് ഉഷാറാക്കി നിറുത്തുകയാണ്. അതിനു പ്രത്യേകം വിഭാഗമുണ്ട് ആശുപത്രിയിൽ. എലെക്റ്റ്രോകാർഡിയോഗ്രാമിനുള്ള വയറിങ്ങ് ഒക്കെ  ദേഹത്തു ഘടിപ്പിച്ച്    യന്ത്രങ്ങളുമായി റിമോട് ബന്ധത്തോടെയാണ് അഭ്യാസങ്ങൾ. ഒരാൾക്ക് ഒരു നേഴ്സ് വീതം വച്ച് മോണിറ്റർ  സ്ക്രീനിൽ ഇത് വിശകലനം ചെയ്യുന്നുണ്ട്. എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ എളുപ്പം കണ്ടുപിടിയ്ക്കപ്പെടും. ‘ട്രെഡ് മില്ല്’ഇൽ ഓട്ടം മാത്രമാല്ല,  കൈക്കും നെഞ്ചിനുമുള്ള അഭ്യാസങ്ങൾ, കാലിനുള്ളവ വേറെ, പിന്നെ ആകപ്പാടെ മറിയാനും തിരിയാനും ചെറിയതോതിൽ ഭാരങ്ങൾ പൊക്കാനും ഒക്കെ വേറേ വേലത്തരങ്ങൾ.  ഇടവിട്ടിടവിട്ട് രക്തസമ്മർദ്ദം അളന്നുകൊണ്ടിരിക്കും. ഇങ്ങനെ ഒന്നര മാസത്തോളം ഊർജ്ജസ്വലനായി ഏവരേയും സന്തോഷിപ്പിച്ചുകൊണ്ട് ജീവിതം പുഷ്കലമായി മുന്നോട്ടു പോകവേയാണ് കഥയിൽ വൻ വഴിത്തിരിവ് ഉണ്ടാകുന്നത്.

 ക്ലൈമാക്സ് മാറുന്നു

  ബൈപാസ് കഴിഞ്ഞവരെല്ലാം സാധാരണ ജീവിതത്തിലേക്ക് പ്രവേശിച്ച് അത് മറന്നുകളയാമെന്ന സ്ഥിതി വരെ എത്താറുണ്ട്. അക്കഥകൾ കേട്ട് ഉല്ലാസപ്രദമായി നാളുകൾ കഴിയ്ക്കുന്നു ഞാൻ.  പുനരധിവാസം (rehabilitation) നന്നായി നടക്കുന്നു, എന്നാൽ അത് പകുതിയാകുമ്പോൾ ഒരു ചെക് അപ് ഉണ്ട്. സംഗതി എല്ലാം ശരിയാണോ എന്ന് ഉറപ്പു വരുത്താൻ. കാർഡിയോളജിസ്റ്റ് ‘ട്രെഡ് മില്ലി‘ൽ കയറ്റി ചില പരീക്ഷണനിരീക്ഷണങ്ങൾ ചെയ്തു.  മോണിറ്ററിലെ ഗ്രാഫുകളൊക്കെ അന്തസ്സാരവിഹീനങ്ങൾ.  ദാ കിടക്കുന്നു ബൈപാസ് ചെ യ്തതൊക്കെ!   അഞ്ച് ഗ്രാഫ്റ്റിൽ -അഞ്ച് രക്തക്കുഴലുകൾ അഞ്ചിടത്ത് ബൈപാസ് വെട്ടിയതിൽ- മൂന്നെണ്ണം ചുരുങ്ങിയമർന്ന്  ഒന്നിനും കൊള്ളാതെ  നൂലുപോലെ ചാഞ്ഞുകിടക്കുകയാണത്രേ! മറ്റു രണ്ടെണ്ണം ആണ് ഹൃദയത്തെ രക്ഷിച്ചുപോരുന്നത്. മൂന്നുമാസം പോലും ആയില്ല ഈ വഴിവെട്ടൽ നടന്നിട്ട്.  വളരെ അപൂർവ്വം സംഭവിക്കുന്ന കേസ്. വീണ്ടും ആഞ്ജിയോഗ്രാം. നേഴ്സുമാർ  ടെക്നീഷയ്ൻസ് ഇവർക്കൊക്കെ എന്നെ വീണ്ടും കണ്ടതിൽ സന്തോഷം. സ്റ്റെന്റ്   ഇടുക തന്നെ പോം വഴി. രക്തക്കുഴലുകൾ വികസിച്ചിരിക്കാൻ ഒരു കുഞ്ഞു പൈപ് വിക്ഷേപിക്കുക എന്ന കൃത്യമാണ് ഈ സ്റ്റെന്റ് ഇടുക എന്നത്. പിന്നെ ഒന്നോ രണ്ടോ ആഴ്ച്ച ഇടവിട്ട് സ്റ്റെന്റ് ഇടീൽ തന്നെ സ്റ്റെന്റ് ഇടീൽ. പലതവണ ഒരേ വാർഡിൽ കയറി  ഇറങ്ങി അവിടത്തെ സകലർക്കും  വളരെ പരിചയം ആയി. പിന്നെ ചെല്ലുമ്പോൾ “കണ്ടില്ലല്ലോ കണ്ടില്ലല്ലോ എന്ന് ഓർത്തതെ ഉള്ളു’ എന്നൊക്കെ തമാശയായി അവർക്ക്. പന്ത്രണ്ടു മുറികളുള്ള വാർഡിലെ ഏഴു മുറികളിലും ഞാൻ കിടന്നു എന്ന് അവർ തന്നെ പറഞ്ഞു. ആകെ നാലു സ്റ്റെന്റുകൾ.

           അവസാനത്തെ സ്റ്റെന്റ് ഇടുന്നതിന്റെ തലേ ദിവസം ഇളയ മകൾ പറഞ്ഞു, വല്ലതും എന്റെർറ്റൈന്മെന്റ് വേണ്ടേ, നമ്മൾക്ക് ഒരു സിനിമയ്ക്കു പോകാം എന്ന്. മലയാളം, തമിഴ്, ഹിന്ദി പടങ്ങൾ സ്ഥിരം കളിയ്ക്കുന്ന കൊട്ടകയിലേക്ക് വച്ചു പിടിച്ചു. അവിടെ ചെന്നപ്പോൾ ഉദ്ദേശിച്ച ചിത്രം ഇല്ല. എന്നാൽ വേറൊന്ന് ഉണ്ട്. സീരിയസ് പ്രശ്നങ്ങൾ  ഹൃദയത്തിനു ഉള്ളവർ കാണേണ്ടത്.
“ഭാസ്കർ ദി റാസ്കൽ”!  

   സിനിമ കണ്ടതോടെ എന്റെ ഹൃദയത്തിനു എന്തും താങ്ങാനുള്ള കരുത്ത് ഉണ്ടെന്ന് മനസ്സിലായി.    ബൈ പാസ്, സ്റ്റെന്റ് മുതലായവയ്ക്ക് റെഡി ആകുന്നവർ തലേദിവസം കാണേണ്ട സിനിമ ഇതാണെന്ന് റെക്കമെന്റ് ചെയ്യാൻ തീരുമാനിച്ചു. പരിചയമുള്ള രണ്ടു കുടുംബങ്ങളെ അവിടെ   കണ്ടു. അവർക്ക് അമ്പരപ്പ്. “നാളെ ഹൃദയശസ്ത്രക്രിയ ഉള്ള ആളല്ലേ നിങ്ങൾ?”  “ അതേ അതിനു റെഡിയാകാൻ വന്നതാണ്” അങ്ങനെ അതിതരളിതമായ ഹൃദയത്തോടെ അന്നുരാത്രി കഴിച്ചുകൂട്ടിയതിന്റെ സംതൃപ്തി പറഞ്ഞറിയിക്കുക വയ്യ.

    നാലാമത്തെ സ്റ്റെന്റ് ഇടീൽ കഴിഞ്ഞ് പിറ്റേന്ന് ഉച്ച കഴിഞ്ഞുള്ള ക്ലാസിൽ ഞാൻ പഠിപ്പിക്കാൻ എത്തിയപ്പോൾ  കുട്ടികൾ ഞെട്ടി. വിവരം അറിഞ്ഞിരുന്ന അവർ ഞാൻ ആശുപത്രിയിൽ നിന്നും ചാടിപ്പോന്നതാണെന്ന് വിശ്വസിച്ചു. ഇതൊക്കെ ഒരു  പതിവായതുകൊണ്ട്  പുല്ലുപോലെ കൈകാര്യം ചെയ്യുകയാണെന്നു ഞാൻ.  ക്ലാസിനിടയ്ക്ക് പതിനഞ്ചു മിനിട്ടത്തെ ബ്രേക് ഇനു പിരിഞ്ഞപ്പോൾ “ പോയി ഒരു സ്റ്റെന്റ് ഇട്ടിട്ടു വരൂ, നേരമുണ്ട്’ എന്നവർ കളിയാക്കി.

       അഞ്ചു ബൈപാസ് ഗ്രാഫ്റ്റുകൾ, നാലു സ്റ്റെന്റ്- റെക്കോർഡ് ആണ്, വിജയശ്രീലാളിതനായി തിളങ്ങുകയാണ്. ഓഫീസിലെ ഇ മെയിൽ പാസ് വേഡ് “സ്റ്റെന്റുവീരൻ’ എന്നാക്കി. (അതിനു മുൻപ് ‘ബൈപാസ് വീരൻ’ എന്നായിരുന്നു).  ഒരു സ്റ്റെന്റോ ഒരു ബൈപാസ് ഗ്രാഫ്റ്റോ  മാത്രം ഉള്ളവർ പരാതിപ്പെടുമ്പോൾ അവരെ കളിയാക്കിത്തുടങ്ങി ഞാൻ.  0.01 ശതമാന്ം ആൾക്കാർക്കു മാത്രം സംഭവിക്കുന്ന കേസ്കെട്ട്. ഇങ്ങനെ അപൂർവ്വശതമാനത്തിൽ പെടുന്നവർ മറ്റൊരു കാറ്റഗറിയിലും പെടും-സുഹൃത്തുക്കൾ പറഞ്ഞു. ലോട്ടറി അടിയ്ക്കാൻ സാദ്ധ്യതയുണ്ട്!  ഉടൻ ലോട്ടറി ടിക്കറ്റ് എടുക്കണം, അവർ നിർബ്ബന്ധിച്ചു. വേണ്ട എന്ന് ഞാൻ. 200 മില്ല്യൺ അടിച്ചു എന്ന വാർത്ത കേട്ട് ഹാർട് അറ്റാക്ക്  വന്നാലോ?
 

11 comments:

എതിരന്‍ കതിരവന്‍ said...

ലോട്ടറി എടുക്കുന്നില്ല, അപകടമാണ് എന്ന് തിരിച്ചറിവുണ്ടായ കഥ.

ajith said...

സ്റ്റെന്റുവീരാ, ആശംസകൾ! എന്നാലും ഈ വർണ്ണന കേട്ടപ്പോൾത്തന്നെ ഭയം തോന്നുന്നു.
എസ് എസ് എൽ സി പ്രീഡിഗ്രിക്ക് ചേരാൻനേരം വീട്ടുകാരുടെ ആഗ്രഹപ്രകാരം സെക്കൻഡ് ഗ്രൂപ്പ് എടുത്തു. ലാബിൽ തവര്യെയും അരണയെയുമൊക്കെ കീറിപ്പഠിക്കാൻ തുടങ്ങിയപ്പോൾത്തന്നെ നമുക്ക് മനസ്സിലായി, കീറിമുറിച്ചും രക്തം കണ്ടുമൊക്കെയുള്ള ജോലിക്ക് വേറേ ആളെ നോക്കണം, മ്മളേക്കൊണ്ട് പറ്റൂലാ എന്ന്. ഇപ്പ നെഞ്ചിൻകൂടൊക്കെ അറക്കവാളുകൊണ്ട് വെട്ടിപ്പൊളിക്കുന്ന കാര്യം വായിച്ചപ്പോ എന്നോട് ഞാൻ തന്നെ പറയുവാ, "അജിത്തേ, നീ രക്ഷപ്പെട്ടു. നീയെങ്ങാനും ഡോക്ടർ ആയിരുന്നെങ്കിൽ ആദ്യത്തെ ക്ലാസിൽ ത്തന്നെ ബോധം കെട്ട് വീണേനെ" എന്ന്

ajith said...

തവള എന്ന് തിരുത്തി വായിക്കണേ

Manikandan said...

സംഗതി വളരെ രസകരമായിത്തന്നെ അവതരിപ്പിച്ചു. ഒപ്പം ബൈപാസ്സ് സർജറിയെക്കുറിച്ചുള്ള കുറച്ച് അറിവുകളും കിട്ടി. പൂർണ്ണമായ ആരോഗ്യം എത്രയും വേഗം വീണ്ടെടുക്കാൻ സാധിക്കട്ടെ എന്ന പ്രാർത്ഥന ഉണ്ട്.

പാഞ്ചാലി said...

കുഴപ്പമൊന്നുമില്ലാതെ കലാശിച്ചു എന്നറിഞ്ഞതിൽ സന്തോഷം. :)
കഴിഞ്ഞ ജനുവരിയിൽ എന്റെ സഹോദരനും ഈ സെയിം സിറ്റുവേഷനിൽ ആയിരുന്നു. ലിസി ഹോസ്പ്റ്റലിൽ ബൈപാസ് ചെയ്തു. (രണ്ടാമതു ചുരുങ്ങിയില്ല കെട്ടോ). ആൾ പൂർവ്വാധികം ഉന്മേഷവാനായി സസുഖം കഴിയുന്നു.

"ആത്മാവിൽ ഒരിക്കിളി" എന്നൊ മറ്റോ ഒരു കവിതാ സമാഹാരത്തിനും കൂടി സ്കോപ്പുണ്ട്. ;)

thahseen said...

അപ്പൊ thyroid എന്തായി ? :)

സുധി അറയ്ക്കൽ said...

എതിരൻ ചേട്ടാ...


വായിച്ച്‌ തളർന്ന് കുഴഞ്ഞ്‌ പോയല്ലോ.രസകരമായി പറയാൻ ശ്രമിച്ചെങ്കിലും ഞാനത്‌ അത്രയ്ക്ക്‌ തമാശ ആയി കണ്ടില്ല...എന്നാലും ചേട്ടാ.വിഷമിച്ച്‌ പോയല്ലോ.ഒന്നും പറയാൻ തോന്നുന്നില്ല.നന്മ വരട്ടെ.

നിര്‍മ്മല said...

ഭാഷ ഗംഭീരം! പല സ്ഥലത്തും ചിരി അടക്കാന്‍ കഴിഞ്ഞില്ല. പക്ഷേ, പേടി തോന്നിയെന്നതും സത്യം. ആയുരാരോഗ്യങ്ങള്‍ നേരുന്നു. ഇഡ്ഡലി-സാമ്പാര്‍ hurray!!

Vaisakh Narayanan said...

അമ്പുതുളച്ച ഹൃദയത്തിൻറെ ദിവസത്തിൽ ഇട്ട പോസ്റ്റ്. മനുഷ്യാ നിങ്ങൾക്ക് ആടുതോമയുടെ പോലെ ഇരട്ടച്ചങ്കാണോ. അതോ ഇത് വേറെ വല്ലവരുടെയും കാര്യമാണോ. അത്രയും നിസംഗമായി പറഞ്ഞിരിക്കുന്നു. സമ്മതിച്ചു. തൊഴുതു... get well soooon...

Kaithamullu said...

ഇത്രയൊക്കെ സംഭവിച്ചിട്ടും ആരും ഒന്നും പറഞ്ഞില്ലാ അറിയിച്ചില്ലാ എന്ന് നെടുമുടി വേണു സ്റ്റൈൽ! എങ്കിലും എതിരൻ ജീ....ഇത്ര നിസ്സംഗതയോടെ പറയാൻ കഴിഞ്ഞല്ലോ അതീവ ഗോംബ്ലി ആയ കാര്യങ്ങൾ. ആയുരാരോഗ്യങ്ങൾ നേരുന്നു!!

അനാഗതശ്മശ്രു said...

hr~dayaththin rOmaancham paattu njangaL eTuththu maati ..hr~daya vaahini ozhukunnu enna gaanam vekkunnu..

vEgam sukham aavatte..ethiran ji