Sunday, March 29, 2026

വിപ്ളവങ്ങൾക്കു ശേഷം എന്തു സംഭവിക്കണം? സക്കറിയയുടെ മാനിഫെസ്റ്റൊ. True Story of a Writer, a Philosopher and a Shape-shifter എന്ന സക്കറിയയുടെ പുതിയ നോവെലിനെപ്പറ്റി.

    സത്യം എന്നുള്ളത് വെറും ആവിഷ്ക്കാരമാണ്. സാദ്ധ്യതകളോട്  വിലപേശുന്ന പ്രസ്താവനകൾ ആവിഷ്ക്കരിക്കുമ്പോൾ ഉരുത്തിരിയുന്നറ്റ് മാത്രമാണത്. സാദ്ധ്യതകളാകട്ടെ അനന്തമാണ്,, ഇവയുമായി സംവാദത്തിലേർപ്പെടുന്ന പലേ ഉക്തികളോ കഥകളൊ നിർമ്മിച്ചെടുത്ത് സത്യം തേടുന്ന ഉചിതപ്രവൃത്തിയാണ് സക്കറിയയുടെ പുതിയ പുസ്തകത്തിൻ്റെ കാതൽ. ഉണ്മ എന്നുള്ളത് നിജപ്പെടുത്തുന്നതു വരെ സത്യം ആപേക്ഷികം മാത്രമായിരിക്കും . ജീവനും മരണവും ജീവികളുടെ ശരീരങ്ങൾ വരേയും ഇങ്ങനെ ആപേക്ഷികമായി നിജപ്പെടുത്തപ്പെട്ടവയാണ്. സമയവും സന്ദർഭവും അനുസരിച്ച് ഇവയുടെ സത്യങ്ങൾ വഴുക്കുന്നവയും കാലവുമായി ബന്ധപ്പെടാത്തതുമായിരിക്കും എന്നതാണ് ഉൾവിചിന്തനം ചെയ്യുമ്പോൾ അറിവാകുന്നത്. പരിണാമം സംഭാവന ചെയ്ത പ്രത്യേകബുദ്ധി (Evolutionary Intelligence  EI) എവിടെയാണ് നിലയുറപ്പിക്കുന്നത് എന്നത് അന്വേഷിക്കേണ്ടത് അത്യാവശ്യമായി വരുന്നത് ഈ പരിപ്രേക്ഷ്യത്തിലാണ്. എഴുത്തുകാരനും വേദാന്തിയും ശരീരം ആപേക്ഷികമായി നിജപ്പെടുത്തപ്പെട്ടവനും ഇതിൽ പങ്ക് ചേരുന്നത് സാർത്ഥകമാകുന്നത് ഇതുകൊണ്ടാണ്. സ്വതവേ ഉള്ള നർമ്മം ഉദാരമായി കലർത്തിയാണ് സക്കറിയ ഈ കഠിനവിഷയത്തെ തൻ്റെ പുതിയ നോവൽ  ആയ  True Story of a Writer, a Philosopher and a Shape-shifter വായനാക്ഷമത നില നിർത്തിക്കൊണ്ട് അവതരിപ്പിക്കുന്നത്. പുരോഗമനരാഷ്ട്രീയപാർടിയുടെ ഒരു സോവനീറിനു വേണ്ടി-ഇത് വൃദ്ധ കോംറേഡുകൾക്ക് വീടുപണിയാൻ ധനസമാഹരണത്തിനാണ്- ആമുഖം എഴുതാൻ നിയുക്തനായ എഴുത്തുകാരൻ്റെ പരിചിന്തനങ്ങൾ എന്ന നിലയിൽ അവതരിക്കപ്പെടുന്ന കഥ പക്ഷേ ലോകത്തിനു സമർപ്പിക്കട്ട ആശയസംഹിതകളുടെ ചുരുക്കം ആണ്. സഹാനുഭൂതിയും അനുകമ്പയും മാത്രമായിരിക്കും എല്ലം നഷ്ടപ്പെട്ട ലോകത്തിൽ അവശേഷിക്കുന്നത് എന്ന് സമർത്ഥിച്ചെടുക്കാൻ കഥകളും ഉപകഥകളും തർക്കങ്ങളും വാഗ്വാദങ്ങളും ഏറെ ഉൾച്ചേർക്കപ്പെട്ടിട്ടുണ്ട്. ക്വാണ്ടം രീതിയിൽ സ്നേഹാനുകമ്പ ആവിഷ്ക്കരിക്കാൻ ദൈവത്തെ പ്രേരിപ്പിക്കണം എന്ന അപേക്ഷയുമുണ്ട്.

 പ്രഖ്യാപനങ്ങളിലേക്ക് എത്തിച്ചേരുന്നത്

 അശുഭകരമായ അന്ത്യത്തിലേക്ക് പ്രയാണം ചെയ്യുന്ന മനുഷ്യരാശിയെക്കുറിച്ചുള്ള ഉത്ക്കണ്ഠകൾ അന്തിമമായി ഏതു പോംവഴികളിൽ എത്തപ്പെടുന്നു എന്നതിനു ഒരു പുതിയ മാനിഫെസ്റ്റോയുമായാണ് സക്കറിയ എത്തുന്നത്. പരിണാമവഴികളെ വളച്ചും തിരിച്ചും തൻ്റെ അതിജീവനം സാദ്ധ്യമാക്കാനുഴറുന്ന മനുഷ്യൻ മതങ്ങളെയും ദൈവങ്ങളെയും നീതിശാസ്ത്രങ്ങളേയും  സൃഷ്ടിച്ച് ആത്യന്തികമോക്ഷസാഫല്യം കൈവരുമെന്ന് മോഹിച്ചത് വെറുതെയാണെന്നറിയുമ്പോൾ അത് സൃഷ്ടിക്കുന്ന നടുക്കമാണ് ലോകനിരീക്ഷകനായഎഴുത്തുകാരനെ ബേജാറാക്കുന്നത്. ഇതേ നടുക്കത്തിൻ്റെ വേദനയുമായി പ്രത്യക്ഷപ്പെടുന്ന ബാബു എന്ന മനുഷ്യൻ്റെ ദൈന്യത വ്യക്തമാക്കിക്കൊണ്ട് എല്ലാ സംഹിതകളും ശുഭാന്തത്തിനു വഴിവെയ്ക്കാത്ത രീതിയിൽ എത്തപ്പെട്ട് സർവ്വനാശം സംഭവിപ്പിക്കുന്ന ദുരന്തവേദിയിൽ സ്വയം ഒടുങ്ങേണ്ടി വരുന്ന മനുഷ്യനെ അവതരിപ്പിച്ചിട്ടുണ്ട് ഇഷ്ടികയും ആശാരിയുംഎന്ന കഥയിൽ പണ്ടേ തന്നെ. പണിവസ്തുവായ ഇഷ്ടികയും അതുകൊണ്ട് പണിയുന്ന ആശാരിയും ദൈവം തന്നെ, ആ ഇഷ്ടികപിളർത്തപ്പെടുമ്പോൾ സൃഷ്ടാവായ ദൈവം കൊലയാളിയായിത്തീരുന്നു. കുന്നിക്കുരുവായ ദൈവം തന്നെയാണ് കൂറ്റൻ തീക്കൂണായി ഹിരോഷിമയുടെ മുകളിൽ പടർന്നത് എന്നെഴുതിയ എഴുത്തുകാരൻ്റെ കടമകൾ അവസാനിക്കുന്നില്ല, സർവ്വനാശത്തിനു ശേഷം അകലെയെങ്ങാനും പ്രഭാതമുണ്ട് എന്ന് എല്ലാ കഥകളും ദുരന്തകഥകൾ ഉൾപ്പെടെഎല്ലാക്കാലവും പ്രവചിക്കുന്നതുപോലെ കൃത്യമായ ഉത്തരം നൽകാനുള്ള ഉദ്യമം തികച്ചും പ്രകാശിപ്പിക്കുക എന്നത് ഈ നോവലിൻ്റെ ഉദ്ദേശം തന്നെയാണ്. സോവനീറിനു വേണ്ടി എഴുതപ്പെടുന്ന ആമുഖം തുടങ്ങുന്നതു തന്നെ ഇത് സൂചിപ്പിക്കുന്ന, പ്രവചനസ്വഭാവമുള്ള  പ്രഖ്യാപനത്തോടെയാണ്.  കഥ അവസാനിക്കുന്നത്  ലോർഡ് സ്പൈഡർ എന്ന മാറാപ്പേരുള്ള എഴുത്തുകാരൻ കാണുന്ന സ്വപ്നത്തോടെയാണ്. അനാഥരായ ഇടവഴിപ്പൂച്ചകൾക്കും തെരുവുനായ്ക്കൾക്കും വീടില്ലതെ അലയുന്നവർക്കും വേണ്ടി പുതുതായി രൂപീകരിക്കപ്പെട്ട റിപബ്ളിക്കിൻ്റെ ദേശീയഗാനം  പാടപ്പെടുന്നു, സ്പൈഡർ ഹാർമോണിയം വായിക്കുമ്പോൾ സ്റ്റാലിൻ സ്ത്രീ- ചരിത്രം ആപേക്ഷികമാണ്, വാസ്തവത്തിൽ സ്റ്റാലിൻ ഇടതൂർന്ന മുടിയുള്ള അനുരാഗവിവശയായ പെണ്ണായിരുന്നു-ഗിറ്റാർ വയിക്കുന്നു, യേശു ഡ്രം കൊട്ടുന്നു, സാത്താൻ താളം പിടിച്ചുകൊണ്ട് പല്ലു തേയ്ക്കുന്നു  മറ്റാരോ ആണല്ലോ  നമ്മളെല്ലാംഎന്നാണ് പാട്ട്. ചന്ദനത്തിൻ്റെ മണം  അവിടെ പരക്കുകയാണ്. ഈ ചന്ദനലേപസുഗന്ധം പ്രസരിപ്പിക്കുന്നത് കരുണാമയനായ യേശുവുമാണ്.  

 കാൽപ്പനികതയിൽ നിന്ന് ചിന്തയിലേക്ക് - കഥയിൽ നിന്ന് ലേഖനത്തിലേക്ക് 

    ഒരു നോവലിനു വേണ്ടതായ കഥാപാത്രബാഹുല്യമോ ആദിമദ്ധ്യാന്തമുള്ള കഥയോ ഉദ്വേഗഭരിതമായ സന്ദർഭ/ മുഹുർത്തങ്ങളൊ നിബന്ധിക്കാതെ വിചിന്തനങ്ങളും വിരോധാഭാസങ്ങളും മാറിമറിയേണ്ടുന്ന പൊതുനിർവ്വചനങ്ങളുടെ ആവശ്യകതാസൂചനകളും ക്ഷണഭംഗുരവും അൽപ്പകാലികവുമായ ജീവപ്രസക്തിയും anthropocentric (മനുഷ്യപ്രധാനം മാത്രമായ ലോകസംബന്ധി) ആയ വീക്ഷണങ്ങൾ സൃഷ്ടിയ്ക്കുന്ന വീക്ഷണങ്ങളുടെ അപര്യാപ്തതകളും  പരിണാമനിശ്ചയങ്ങളുടെ സാധൂകരണ/അസാധൂകരണാവശ്യങ്ങളും ചർച്ചക്കെടുക്കുന്നതിലാണ് കഥാകാരനു താൽപ്പര്യം. ഇതിൻ്റെ സങ്കീർണ്ണത ലളിതവൽക്കരിക്കപ്പെടുന്നത്  സോവനീറിനു വേണ്ടി ആമുഖം എഴുതാൻ തുനിയുന്ന എഴുത്തുകാരൻ്റെ മാനസികനില ആഖ്യാനപ്പെടുത്തിക്കൊണ്ടാണ്.കാൽപ്പനികത എന്ന അസത്യങ്ങൾ എഴുതി പേരെടുത്ത ലോർഡ് സ്പൈഡർ (ഇയാൾക്ക് വേറെ നാല് തൂലികാനാമങ്ങളുണ്ട്, ഇദ്ദേഹം പ്രഭുവോ എട്ടുകാലിയോ അല്ല)  കോംറേഡുകൾക്ക് മനസ്സിലാകുന്ന ഭാഷയിൽ non-fiction എഴുതേണ്ടി വരുമ്പോൾ ജീസസ് എൽ പിള്ള എന്നൊരാൾഇയാൾ ഒരു വിഭ്രാന്തിസൃഷ്ടിയോ മായാജീവിയോ ആകാനും മതി- പ്രത്യക്ഷപ്പെട്ട് എഴുത്തിൽ സഹായിക്കുന്ന രസാവഹമായ മുഹുർത്തങ്ങൾ വിദിതമാക്കാനാണു കഥാകാരനു താൽപ്പര്യം. പിള്ള എന്ന കഥാപാത്രം ഒരു ശരാശരി മലയാളി എന്ന് തോന്നുമെങ്കിലും ഒരേ സമയം ഒരു ആരാച്ചാരും പരിണാമം വിചിത്രമായി ഉരുത്തിരിയിച്ച വവ്വാലുമാണ്. കാക്കയായും രൂപാന്തരം പ്രാപിക്കുന്ന ഇയാൾ കഴിഞ്ഞ ജന്മത്തിൽ ഒരു തവള ആയിരുന്നു താനും. സ്പൈഡറിനെ സഹായിക്കാനായി വേദാന്തപ്രവീണയായ ഭാര്യ റോസിയുമുണ്ട്. സക്കറിയയുടെ ഇഷ്ടകഥാപാത്രമായ യേശുവും കാൽപ്പനികതാപൂർണ്ണമായ സന്നിഗ്ധാവസ്ഥകളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ആത്യന്തികമയി നിലനിൽക്കുന്നത് അനുകമ്പയും സഹാനുഭൂതിയുമായത് സമർത്ഥിക്കപ്പെടേണ്ടതുള്ളതുകൊണ്ട് യേശുവിൻ്റെ സാന്നിദ്ധ്യം അവശ്യവുമാണത്രെ. സാത്താൻ ആവട്ടെ നാണംകുണുങ്ങിയും പഞ്ചപാവവും മാലാഖമാരാൽ കളിപ്പിക്കപ്പെടുന്നവനുമാണ്. പഞ്ചതന്ത്രകഥാരീതികളുടേയും വിക്രമാദിത്യൻ കഥാകഥനത്തിൻ്റേയും മെറ്റാഫിക്ഷൻ തന്ത്രങ്ങളുടെയും ആവേശങ്ങൾ ഉൾക്കൊണ്ടാണ് ആഖ്യാനം മുന്നേറുന്നത്. സ്പൈഡറിൻ്റേയും പിള്ളയുടെയും കഥകളും ചിന്തകളും ആഖ്യാനങ്ങളും പ്രസ്തുത ലേഖനത്തി;ലെ ഉള്ളടക്കത്തിനുള്ള് വകകൾ തേടിക്കൊടുക്കുകയാണ്, ഇടയ്ക്കിടക്ക് അവ രേഖപ്പെടുത്തപ്പെടുന്നുമുണ്ട്.  ഭഗവദ് ഗീത പുറകോട്ട് വായിക്കുന്ന സിംഹങ്ങളെക്കുറിച്ചും  ബൈബിൾ- ലംബമായും, കൊറാൻ തിരശ്ചീനമായും വായിക്കപ്പെടുന്നതിനെക്കുറിച്ചും  spiritual pornography  (!!) പട്ടിഭാഷയിൽ എഴുതപ്പെടുന്ന വേളകളെക്കുറിച്ചും രാത്രിയിൽ സെക്സ് വർജ്ജിക്കുന്ന ഉറുമ്പുകളെക്കുറിച്ചും പത്രവിതരണക്കാരൻ പയ്യൻ എഡിറ്റിങ്ങ് ചുമതലകൾ ഏറ്റുടുക്കുന്ന അവസ്ഥകളും അവൻ ദൈവദൂതൻ ആകുന്ന സാകല്യവേളയെക്കുറിച്ചും പരാമർശങ്ങളുള്ളത് സോവനീറിലെ ലേഖനത്തിനുള്ള മുതൽക്കൂട്ടാണത്രെ. ഉദാത്ത എഴുത്തിൻ്റെ നിർവ്വചനങ്ങൾ, എഴുത്തുകാരൻ്റെ ചുമതലകൾ ഇവയൊക്കെ സാന്ദർഭികമായി ഉയർന്നു താഴുന്നുണ്ട്. എഴുത്തുകാർക്ക് വാസ്തവം എഴുതിപ്പിടിപ്പിക്കുന്നതിൽ പരിമിതിയുണ്ട്, അവർ വാസ്തവികതയുമായി ഒത്തുതീർപ്പിൽ എത്തി അവാസ്തവികത വിക്ഷേപിക്കുന്നവരാകണമത്രെ, “user friendly” ആയിച്ചമയാൻ ഇത് അത്യാവശ്യവുമാണ്. 

മനുഷ്യരുടെ മാത്രം ലോകം? 

തത്വശാസ്ത്രങ്ങൾ മനുഷ്യർ മനുഷ്യർക്കു വേണ്ടി നിർമ്മിച്ചെടുത്തതല്ലെ? വേദാന്തവും? ചരിത്രവും ഭാവി ആലോചനകളും? രാഷ്ട്രീയതത്വസംഹിതകൾ പ്രകൃതി ഏൽപ്പിക്കുന്ന ആഘാതങ്ങൾക്ക് വശംവദരാകുന ജന്തുക്കളെ പ്രോലിറ്റേറിയറ്റ് ആയി കണക്കാക്കാത്തത് എന്തു കൊണ്ടാണ്? അവരുടെ സങ്കടം ആരറിയുന്നു? മനുഷ്യനെ ആക്രമിച്ചു കൊല്ലുന്ന വൈറസുകളുടെ ജീവിതാവശ്യകത എന്തുകൊണ്ട് മനസ്സിലാക്കപ്പെടാതെ പോകുന്നു??കഥയിലെ ചോദ്യങ്ങളാണ്. പുഴുക്കളുടേയും പാറ്റകളുടേയും ബാക്റ്റീരിയയുടെയും അസ്തിത്വസത്യവും ഉണ്മയും വകവെച്ചു കൊടുക്കാത്ത മനുഷ്യൻ അവനവനു വേണ്ടി നിർമ്മിച്ച സംഹിതയിൽ കുടുങ്ങിപ്പോയതിനു മനുഷ്യൻ തന്നെ ഉത്തരവാദി. മനുഷ്യൻ നിർമ്മിച്ച ദൈവത്തിനും പങ്കുണ്ട് ഇതിൽ . 

 പരിണാമത്തെ വെല്ലുവിളിയ്ക്കുന്ന മനുഷ്യൻ, അതിനെ വഴിതിരിച്ച് സ്വാർത്ഥലാഭത്തിനുള്ള പോം വഴിയാക്കിയതിൽ ഡാർവിൻ വ്യാകുലപ്പെടേണ്ടതല്ലെ? വിഭവലഭ്യതയെ അവലംബിച്ചാണ് പരിണാമം സാദ്ധ്യമാകുന്നത് എന്ന ഡാർവിൻ തിയറി. എന്നാൽ ഇന്ന് വിഭവം എന്നത് ധനം (wealth) എന്ന് മാറിയെങ്കിൽ അത് സ്വാഭാവികം മാത്രമാണ്. ധനകേന്ദ്രീകൃതവ്യവസ്ഥയിൽ  ജീനുകൾ നിജപ്പെടുത്തപ്പെടുകയും രൂപാന്തരം

 പ്രാപിക്കുകയും ചെയ്യന്നതിനെപ്പറ്റി ആകുലപ്പെടേണ്ടിയിരിക്കുന്നു എന്ന് കഥാപാത്രങ്ങൾ തിരിച്ചറിയുന്നുണ്ട്. States will wither away എന്ന മാർക്സിയൻ പ്രഖ്യാപനം പോലെ ഈ ധനകേന്ദ്രീകൃത ജീനുകൾ കൊഴിഞ്ഞ് പോയി പുതിയവ കൈവരാൻ ദൈവം തുനിയേണ്ടിയിരിക്കുന്നു. Genes can be weaned away from their concern with wealth എന്ന് കൃത്യമായി പ്രതിപാദിച്ചിട്ടുണ്ട്.

 

 ജന്തുക്കൾക്ക് കാൽ ലഭിച്ചത് വൻ കുതിച്ചുചാട്ടം ആയിരുന്നെങ്കിൽ പാമ്പുകൾക്ക് അത് നഷ്ടപ്പെട്ടത് കുറച്ചിലായിക്കരുതണമെന്ന് തെര്യപ്പെടുത്തുന്ന തവള കൗതുകകഥാപാത്രമാണ്. എന്നാൽ തവളയ്ക്ക് കാലുകൾ ഒരു ബാദ്ധ്യതയായിത്തീരുന്നതിലാണ് കഥ അവസാനിക്കുന്നത്. പരിണാമത്തിൽ ഏറ്റവും മുൻ പന്തിയിൽ എന്ന് അഭിമാനിക്കുന്ന മനുഷ്യൻ ആ കാലുകൾ വെറും തീറ്റപ്പണ്ടമായാണ് കാണുന്നത്. അങ്ങനെ തവള്യ്ക്ക് കാൽ നഷ്ടപ്പെടുന്നു, പരിണാമത്തെ പുച്ഛിക്കുന്ന മനുഷ്യനെ ഇപ്രകാരം വരച്ചുകാട്ടുന്നുണ്ട് ജീസസ് പിള്ളയുടെ പൂർവ്വജന്മകഥയിൽ. 

തിരിമറിയുന്ന കാഴ്ച്ചപ്പാടുകൾ 

   ജീസസ് പിള്ള വവ്വാലായതു കൊണ്ട് തലകീഴായിക്കിടന്ന് ലോകത്തെ കീഴ്മേൽ ആയിട്ടല്ലെ കാണുന്നത്? അങ്ങനെയല്ല എന്ന് അയാൾ സമർത്ഥീക്കുന്നുണ്ടെങ്കൈലും വേറിട്ട കാഴ്ച്ചപ്പാടുകൾ സ്പൈഡർ സമക്ഷം അവതരിപ്പിക്കുന്നത് അയാളാണ്. സോവനീറിനു വേണ്ടി ആശയങ്ങൾ പലതും ഉൾച്ചേർത്തതും പിള്ള തന്നെ.  സിദ്ധാന്തങ്ങൾ രൂപവൽക്കരിക്കുന്നതിനു ഒരു പൊതുരീതി സ്വീകാര്യമായിട്ടുണ്ട്. അതനുസരിച്ച് പല പുതിയവ സൃഷ്ടിച്ചെടുക്കുമ്പോൾ യുക്തിരഹിതമാണെന്ന് തോന്നപ്പെടാം. റോസി രതിക്രീഡയെപ്പറ്റി സ്വന്തം രീതിയിൽ ചില ആലോചനകൾ പങ്കുവെയ്ക്കുന്നുണ്ട്. പ്രോലിറ്റേറിയറ്റ് തൊഴിലിൻ്റെ അഗ്രിമസ്ഥാനത്തുള്ളത്താണ് രതിക്രീഡ. ക്യാപിറ്റലിസത്തിൽ മുങ്ങിക്കുളിച്ചു നിൽക്കുന്നവരും അദ്ധ്വാനിക്കുന്ന ജനവിഭാഗത്തിനോട് ചേരേണ്ടി വരുന്നു പ്രേമലീലയിൽ ഏർപ്പെടൂമ്പോൾ. വിപ്ളവം ഇതിനെ മുതലാളിത്തത്തിൻ്റെ കയ്യിൽ ഏൽപ്പിച്ചു, അനുകമ്പയും സഹാനുഭൂതിയും വിപ്ളവം പുറന്തള്ളി. കാമുകതയേയും വാസനകളെയും വെട്ടിക്കീറി. എന്തുകൊണ്ട് കാമോൽസുകശരീരങ്ങൾക്ക് വിപ്ളവം കാംക്ഷിച്ചു കൂടാ? ചരിത്രത്തിൻ്റെ ദൂതകർമ്മങ്ങളിൽ സ്നേഹാനുകമ്പ എവിടെ  നിലകൊള്ളുന്നു?   ശരീരം വിപ്ളവത്തിനു എതിരെ വർത്തിക്കുന്നോ? മാർക്സിനും ലെനിനും സ്റ്റാലിനും കാമോൽസുകശരീരങ്ങൾ ഇല്ലായിരുന്നോ? ഇങ്ങനെ പോകുന്നു യുക്തിചിന്തയുടെ കുസൃതികൾ. 

   ജീവിതമാണ് എല്ലാ പ്രശ്നങ്ങളുടേയും  അടിസ്ഥാനം. അത് ഇല്ലാതാക്കിയാൽ എല്ലാ സങ്കടങ്ങളും തീരുകയാണ്. പട്ടാളങ്ങളും തീവ്രവാദികളും ഏകാധിപതിദ്രോഹികളും മതമൗലികവാദികളും വംശദ്വേഷികളും ന്യൂക്ളിയർ ബട്ടൺ നിയന്ത്രിതാവും അസ്തിത്വത്തിൻ്റെ ഈ ഗുരുതരാവസ്ഥയിൽ നിന്ന് മോക്ഷം നൽകുന്നവരാണ്. എല്ലാ ദുഃഖങ്ങൾക്കും അവധി കൊടുക്കുന്നവരാണവർ.. ആരാച്ചാരുടെ തൂക്കുകയറിലും അന്യജനതയ്ക്കു നേരേ ചൂണ്ടിയ തോക്കിൻ്റെ കാഞ്ചിയിലും അതുണ്ട്. അസംഖ്യം ശവക്കുഴികൾക്കടിയിൽ നെറ്റിയിൽ വെടിയുണ്ട കയറിയ കുഞ്ഞിൻ്റെ മാലയിലെ പതക്കത്തിലും അതുണ്ട്. വിശുദ്ധഗ്രന്ഥങ്ങൾ പരതേണ്ടിയിരിക്കുന്നു, അവസാനവസാനദിനങ്ങളിൽ സ്നേഹാനുകമ്പ ഉയർത്തെഴുനേറ്റ് ദൈവത്തിൻ്റെ വലതുകയ്യിൽ കുടിയേറിയിരിക്കുമോ എന്നറിയാൻ. സ്പൈഡർക്കും പിള്ളയ്ക്കും റോസിയ്ക്കും കോംറേഡുകളോട് ഏറെ പറയാനുണ്ട്. 

മരണം എന്ന ആഖ്യാനം  

മരണത്തിൻ്റെ കലാഭിജ്ഞവിദഗ്ധനാണ് ജീസസ് പിള്ള, ആരാച്ചാർ എന്ന നിലയിൽ എന്നാൽ അയാൾ വെറും നിരീക്ഷകനാണെന്ന് സമർത്ഥിക്കാൻ തത്രപ്പെടുന്ന ആളുമാണ്. മരണം ഒരു മാർകെറ്റിങ്ങ് ഓപെറേഷൻ കൂടിയാണ് എന്ന് സാമ്പത്തികശസ്ത്രവീക്ഷണത്തിൽ തോന്നിയേക്കാം. ഒരു സിനിമാഷൂടിങ്ങ് പോലെ യാഥാർത്ഥ്യം എന്നത് അസത്യമാണ്, മരണം എന്നത് അവിടെ അഭിനയിക്കപ്പെടുന്ന ഒരു സീൻ മാത്രമാണ്. യഥാതഥമായ ചെയ്തികൾ അപനിർമ്മിക്കപ്പെടുന്ന തന്ത്രമാണ് സിനിമാ ഷൂടിങ്ങ്. സംഭവങ്ങളുടെ സത്യമായ് പൊരുൾ അന്വേഷിക്കപ്പെടുന്ന ഇടമാണ് ഷൂടിങ്ങ് സ്ഥലങ്ങൾ. മരണത്തിനു ഒരുനിമിഷം മാത്രം മതിയെന്നിരിക്കെ ശവസംസ്കാരത്തിനു മണിക്കൂറുകളൊ ദിവസങ്ങളോ വേണ്ടി വരുന്ന രീതിയിൽ മനുഷ്യൻ ചിട്ടപ്പെടുത്തി എന്ന അസ്വാഭവികസത്യം പോലെ തന്നെ സിനിമാ ഷൂടിങ്ങ്. ഉത്ക്കണ്ഠയും ആശങ്കകളും നിറഞ്ഞു നിൽക്കുന്ന സിനിമാഷൂടിങ്ങ് വേളകളിലെ അസ്വസ്ഥതയകറ്റാൻ ഒരു പുതിയ മതം തന്നെ ആവശ്യമായി വരുന്നു, ഒരു പുതിയ ദൈവത്തെ കണ്ടുപിടിയ്ക്കേണ്ടിയിരിക്കുന്നു

. മതങ്ങളുടേയും ദൈവങ്ങളുടേയും സുലഭവും എളുപ്പവുമായ ആവിർഭാവചരിത്രം ഇതണെന്ന് സൂചന. സൂപെർസ്റ്റാർ സ്വന്തം മരണം അഭിനയിക്കുമ്പോൾ അത് യാഥാർത്ഥ്യവുമായിത്തീരുകയാണ്.സ്വയം ചിതയിൽ പ്രവേശിക്കുകയാണ് അയാൾ. വാസ്തവികതയും അവാസ്തവികതയും ഒരുമിച്ച് കലരുന്ന ഒരു സിനിമാഷൂടിങ്ങ് പോലെയാണ് ജീവിതവും മരണവും എന്ന് വ്യംഗ്യം. ജീവിതം ചിന്തയിൽ വെറുതെ വന്ന് പോകുന്ന ഒരു കുമിള മാത്രം, മരണമാണ് യാഥാർത്ഥ്യം.  (നളിനീദലഗതജലമതി തരളം തദ്വത് ജീവിതമതിശയചപലം........എന്ന് ശങ്കരാചാര്യർ പ്രസ്താവിച്ചതു തന്നെ). 

പറന്നു പറന്നു പറന്നു ചെല്ലാൻ.....

 പറ്റുന്ന കാടുകൾക്കകം മറക്കപ്പെട്ട, അവഗണിക്കപ്പെട്ട പ്രസിദ്ധ പാട്ടുകൾ അപൂർവ്വം ഒത്തുകൂടുന്ന ഇടം  ഗൃഹാതുരതാവിഷാദശമിയാണ്. ദുർഗ്ഗമപർവ്വതനിരകൾക്കുള്ളിലായുള്ള താഴ്വരയിൽ എത്തണമെങ്കിൽ പറന്ന് തന്നെ ചെല്ലാൻ സാധിക്കണം. പറക്കുക എന്നാൽ പൂർവ്വസ്മൃതിതൻ ആഹ്ളാദത്തിൻ ലോകത്തെത്താനുള്ള വഴി തന്നെയാണ്.

രൂപമാറ്റത്തിൻ്റെ ഈ സിദ്ധി ലഭിയക്കണമെങ്കിൽ പുരാണപ്രോക്തമായ ദംശനം ( കാർക്കോടകകൻ നളനെ എന്ന പോലെ)  സാധിച്ചെടുക്കണം, വവ്വാലായി പറക്കുന്ന ജീസസ് പിള്ള സ്പൈഡറിനേയും റോസിയേയും ഈ പ്രക്രിയ വഴി പറക്കാറാക്കുന്നുണ്ട്. ഇങ്ങനെ പഴയ പാട്ടുകളുടെ സമ്മേളനവേളയിലേക്ക് പറക്കുമ്പോൾ കൂടെപ്പറക്കുന്നത് യേശുവാണെന്ന് അവർ തിരിച്ചറിയുന്നുണ്ട്. അനുകമ്പയും സഹാനുഭൂതിയും ആൾരൂപം ധരിച്ച യേശു തന്നെ, പൂവനങ്ങൾക്കറിയാമോ എന്ന പാട്ട് അദ്ദേഹത്തിനും പ്രിയം ആണത്രെ. പൂട്ടിപ്പോയ റെക്കോറ്ഡിങ്ങ് സ്റ്റുഡിയോകളിലും ഇല്ലാതായ കാസെറ്റ് കടകൾക്ക് പുറകിലും ഗായകരും വാദ്യക്കാരും ജീവിച്ച് മരിച്ച ഇടങ്ങളിലും മറ്റും ഈ പാട്ടുകൾ ആരുമറിയാതെ നിശബ്ദമായി വസിക്കുകയാണ്. ഈ ഒത്തുചേരലിൽക്കൂടി മാത്രം അവർ നവനവോന്മേഷശാലിത്വം കൈവരിക്കയാണ്. .ശബ്ദത്തിൻ്റെ ആത്മാവ് സ്വയം രൂപമാറ്റം സംഭവിപ്പിക്കുന്നതാണ് പാട്ട്. Shape shifting എന്നത് അടിസ്ഥാനപരമായി സത്യമാണ്.  പാട്ടിൻ്റെ ലോകത്ത് പ്രവേശിക്കുമ്പോൾ കിശോരി അമോങ്കറും കുമാർ ഗന്ധർവ്വയും എം എസ് സുബ്ബലക്ഷ്മിയും രൂപമാറ്റത്തിൽപ്പെടുന്നവരാണ്. വിസ്മൃതപ്പാട്ടുകളുടെ സമ്മേളനത്തിൽ പങ്കെടുത്ത് തിരിച്ചു പറക്കുമ്പോൾ സാത്താൻ അഭൗമതേജസ്സോടെ അവരെ കടന്നു പോവുന്നുണ്ട്. ഒരിക്കൽ നഷ്ടപ്പെട്ട ബ്രഷ് തിരിച്ചുകിട്ടിയതിൻ്റെ സന്തോഷത്താൽ പല്ല് തേച്ചും കൊണ്ട്. അനേകമനേകം ശബ്ദങ്ങളിൽ നിന്ന് ഏഴുസ്വരങ്ങൾ മാത്രം തെരഞ്ഞെടുത്ത് അവയുടെ സങ്കീർണ്ണ നിയുക്തിയാൽ ഉളവാകുന്ന ഘോഷധ്വനിയിൽ ആകൃഷ്ടരായി വികാരാധീനരാകുന്ന മനുഷ്യസ്വഭാവത്തെപ്പറ്റി വിപ്ളവസൈദ്ധാന്തികർക്ക് ഒന്നും പറയാനില്ല.   

 ഭാവിപ്രവചനം കാൽപ്പനികത എഴുതുന്നവൻ്റെ അവകാശം 

    സാഹിത്യചരിത്രം തെളിയിക്കുന്നതും ഉദ്ഘോഷിക്കുന്നതും  എഴുത്തുകാരൻ്റെ ഭാവിയിലേക്കുള്ള ഉൾക്കാഴ്ച്ച ചിന്തകരുടേയും മതപണ്ഡിതന്മ്മാരുടേയും അനുമാനക്കളേക്കാൾ ശരികൾ നിറഞ്ഞതും  സത്യത്തോട് അടുത്തുനിൽക്കുന്നതൂമാണെന്നാണ്. മനുഷ്യഹൃദയത്തുടിപ്പുകളുടെ ഫ്രീക്വെൻസി മാറുന്നത് അവരോളം അറിഞ്ഞവർ മറ്റാരുമില്ല. അതുകൊണ്ടാണ്  സ്പൈഡറും പിള്ളയും  ജൈവശാസ്ത്രത്തേയും പരിണാമവഴികളേയും ദൈവത്തിൻ്റെ ഇടപെടലുകളെക്കുറിച്ചും നീതിയേയും ന്യായത്തേയും അപഗ്രഥിച്ചും ഭാവി പ്രവചിക്കാൻ ഒരുമ്പെടുന്നത്. വവ്വാലായും കാക്കയായും തവളയായും ജീവിച്ചു കഴിഞ്ഞ, ജീവിക്കുന്ന പിള്ളയ്ക്ക് ജീസസിനെ ഉൾക്കൊണ്ട ആളാണിദ്ദേഹം- ചങ്കൂറ്റം ഉള്ളിൽ പുളയ്ക്കുന്നത് സ്വാഭാവികമായിത്തന്നെ. സോവനീർ ലേഖനത്തിൻ്റെ ആദ്യപ്രഖ്യാപനം  ഇതാണ് :

റോബോട്ട് പട്ടാളങ്ങളും അന്തർതാരകീയ (interstellar)ആകാശക്കപ്പലുകളും  WMD കളെ നിയന്ത്രിക്കുന്ന നിർമ്മിതിബുദ്ധി യൂണിറ്റുകളും പരിണാമവഴിയിൽ വന്ന ബുദ്ധിചാതുര്യങ്ങളാൽ ( Evolutionary Intelligence) പ്രചലിതമാക്കപ്പെടുന്നത് അനുകമ്പയാലും സഹാനുഭൂതിയാലും പ്രോഗ്രം ചെയ്യപ്പേട്ടായിരിക്കും. അവസാനത്തോട് അടുക്കുമ്പോൾ  മിച്ചം നിൽക്കുന്ന വാസ്തവികതയെ സമ്മിളിതമാക്കുന്ന ഒരേ ഒരു ഉപകരണം അനുകമ്പയിയന്ന സ്നേഹം മാത്രമായിരിക്കും ഇതിൽ സ്വയം ന്യായപരത മുഴച്ചുനിൽക്കുന്നു, ഒരു മതപ്രഭാഷണത്തിൻ്റെ ചുവയുമുണ്ട് എന്ന് റോസി അഭിപാരയപ്പെടുന്നുണ്ട്. സ്പൈഡറിനു ഇതിൽ സന്തോഷമേ ഉള്ളു, ഇത് യേശുവിൻ്റെ സ്വഭാവത്തിനും പ്രവർത്തരീതിയ്ക്കും സമാനമാണ് എന്നതിൽ.  എഴുതിയത് യേശുവിൻ്റെ ബന്ധുക്കാരൻ തന്നെ ആയ പിള്ളയാണ്, ജനിതകപരമായി അയാൾക്ക് ലഭിച്ചതായിരിക്കണം ഈ സവിശേഷ ചിന്ത എന്ന് സ്പൈഡർ അനുമാനിക്കുന്നുണ്ട്..

ഉള്ളടക്കവും ആഖ്യാനവും- എഴുത്തുകാരനും എഴുത്തുകാരനും 

 തൻ്റെ കഥകളിൽ സ്വയം പ്രത്യക്ഷപ്പെടുക എന്നത് സക്കറിയയുടെ ആഖ്യാനരീതികളിൽപ്പെടുന്നതാണ്. ഈ നോവലിൽ അപരസ്വരൂപമായി പ്രത്യക്ഷപ്പെടുന്നു,  സ്പൈഡർ എന്ന എഴുത്തുകാരനായി. സാഹിത്യസൃഷ്ടിയുടെ പുറകിൽ ഉത്ക്കണ്ഠ ധാരാളമുണ്ടെന്നും  എഴുത്തുകാർ എന്നും നവീകരിക്കപ്പെട്ടുകൊണ്ടിരിക്കേണ്ടവരാണെന്നും  പലേ ഇൻ്റെർവ്യൂകളിലും പ്രസ്താവിച്ചിട്ടുണ്ട്.  അനുഭവത്തിന്റെ ബിംബങ്ങൾക്കും മനസ്സിന്റെ മൂശയ്ക്കും കലയുടെ കണ്ണാടിയ്ക്കുമിടയ്ക്ക് അഗാധ ഗർത്തങ്ങൾ അനവധിയാണ്. അവയ്ക്കുമീതെ എഴുത്തുകാരന്റെ സത്യം ഒരു നൂൽ‌പ്പാലത്തിലെന്നപോലെയാണ് ചരിയ്ക്കുന്നത്എന്ന് എഴുതിയിട്ടുണ്ട്.. നോവലിസ്റ്റിൻ്റെ ഈ ആകുലതകൾ തന്നെയാണ് കഥയെഴുത്തിൽ നിന്നും ലേഖനമെഴുത്തിലേക്ക് പ്രവേശിക്കേണ്ടി വരുന്ന സ്പൈഡറിനുമുള്ളത്.  സ്പൈഡറിൻ്റെ  അപരസ്വത്വം (alter ego) തന്നെയാണ് ജീസസ് പിള്ള. സ്പൈഡർ സൃഷ്ടിച്ച ഒരു ഫിക്ഷൻ കഥാപാത്രം തന്നെയോ പിള്ള എന്നും സംശയിക്കാം. സക്കറിയയെപ്പോലെ യേശുവിനെ ഉൾപ്പെടുത്തി കഥകളും വിചിന്തനങ്ങളും ഇത്രയും ചമച്ച മറ്റ് എഴുത്തുകാർ കാണുമോ എന്ന് സംശയമുണ്ട്. യേശുവിൻ്റെ പേരും ബന്ധുത്വവും നേടിയെടുത്ത പിള്ളയും യേശുവിൻ്റെ ആരാധകനായ സ്പൈഡറിലും നോവലിസ്റ്റ് തന്നെ ഒളിഞ്ഞിരിക്കയാണ്. സ്വത്വബോധത്തെക്കുറിച്ച് കൺഫ്യൂഷനിൽപ്പെടുന്ന ദൈവത്തെ ചിത്രീകരിക്കുന്നത് സ്പൈഡർ അല്ല, നോവലിസ്റ്റ് തന്നെയാണ് എന്ന് സക്കറിയയുടെ എഴുത്തുകൾ വായിച്ചിട്ടുള്ളവർക്ക് പെട്ടെന്നറിയാം.

      അറുപത്തി ഒന്ന് വർഷത്തോളമായി സാഹിതീസപര്യ നിരന്തരാനുഷ്ടാനം പോലെ സക്കറിയ തുടരുകയാണ്. കഥകളും ലേഖനങ്ങളും പ്രസംഗങ്ങളുമായി അദ്ദേഹം  ധാരാളം പറഞ്ഞിട്ടുണ്ട്, ഇനിയും പറയാനുമുണ്ട് അദ്ദേഹത്തിനു.  ചരിത്രസത്യം ഉരുവിട്ടതിനു  ആക്രമിക്കപ്പെട്ടിട്ടുണ്ട്. 1960 കളിലും 70 കളിലും  കൗമാര യൗവനങ്ങൾ തീർത്ത എഴുത്തുകാരൻ  കേരളത്തിലേയും ഇൻഡ്യയിലേയും സാമൂഹ്യ-രാഷ്ട്രീയ പശ്ചാത്തലങ്ങളേക്കുറിച്ചും ചരിത്രത്തെക്കുറിച്ചും അതിൻ്റെ രൂപവൽക്കരണത്തിൻ്റെ ഘടനാപരമായ ഉൾക്കള്ളികളെക്കുറിച്ചും തികഞ്ഞ അറിവ് സ്വംശീകരിച്ചിട്ടുണ്ട്, കഥകളിലെ ആശയങ്ങളായിട്ടുണ്ട്. ഈ പശ്ചാത്തലമായിരിക്കണം പുരോഗമന രാഷ്ട്രീയ പാർടിയ്ക്ക് ( അത് ഒരു കൃത്യമായ, നിലവിലുള്ള കക്ഷി ആയിരിക്കണമെന്നില്ല, എല്ലാ രാഷ്ട്രീയസംഹിതകളും ഉൾക്കൊള്ളുന്നതാണ്, ‘കോംറേഡ്എന്ന വാക്ക് ചില സൂചനകൾ നൽകുന്നുണ്ടെങ്കിലും)  വേണ്ടിയുള്ള ഉദ് ഘോഷണം ചമയ്ക്കാൻ ഒരുമ്പെട്ടത്. ഇന്ന് വരെ സമാഹരിച്ച അറിവും വെളിവും വിവേകബുദ്ധിയും ലോകം മാതൃകയാക്കേണ്ട കാഴ്ച്ചപ്പാടായി പ്രക്ഷേപിക്കാനുള്ള ത്വര എല്ലാ എഴുത്തുകാരിലും ചുരമാന്തപ്പെടുന്നതാണ്. പരിണാമസംഭവിയായ എല്ലാ ബുദ്ധിയും വിനാശത്തിൽ കൊണ്ടുചെന്നെത്തിക്കാൻ  ശ്രമിക്കുന്ന മനുഷ്യകുലത്തിനു അവസാന രക്ഷ സ്നേഹാനുകമ്പയും സഹാനുഭൂതിയും മാത്രമാണ് എന്ന് തെര്യപ്പെടുത്താനുള്ള ആവേശമാണ് സ്പൈഡർ എന്ന എഴുത്തുകാരൻ്റെ അവതാരരഹസ്യം. പൂവനങ്ങൾക്കറിയാമോ എന്ന പാട്ട് മറക്കപ്പെട്ട പാട്ടുകളുടെ വാർഷികസമ്മേളനത്തിൽ കേട്ട് എല്ലാ ഗൃഹാതുരതവേദനകളോടെയും പൊട്ടിക്കരയുന്ന സ്പൈഡർ സാക്ഷാൽ നോവലിസ്റ്റ് തന്നെയാണെന്ന് നിജപ്പെടുത്താൻ അതിബുദ്ധിയൊന്നും വേണ്ട. 

    എല്ല പ്രവാചകരും സ്വന്തം ഉക്തികൾ ദൈവത്തിൻ്റേയോ തനിക്കുമപ്പുറം ശക്തിയും അധികാരവുമുള്ള മറ്റൊരു സ്വരൂപത്തിൻ്റേയോ അരുളപ്പാടാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് സ്വന്തം ന്യായങ്ങൾ വിളംബരം ചെയ്യുന്നത്. ഒരു  സ്പൈഡർ സ്വരൂപത്തിലേക്ക് ആൾമാറാട്ടം നടത്താൻ സക്കറിയയ്ക്ക് എളുപ്പമാണ്. കൂടെ അതീതശക്തികളും  ഭൂത-ഭാവി-മുൻ ജന്മക്കഥകളുടെ ആവേശവും യേശുവിൻ്റെ ഹൃദയവും ഉൾക്കൊണ്ട മായാരൂപിയായ ജെ. എൽ പിള്ളയുമുണ്ട്. ഉള്ളിലെ വേദാന്തിയ്ക്ക് അപരത്വം നൽകാനുള്ള സ്വകാര്യേച്ഛ  മെറ്റാഫിസിക്കൽ ശരീരമുള്ള  ഡോ. റോസി എന്ന കഥാപാത്രത്തെ നിർമ്മിച്ചും നോവലിസ്റ്റ്  പൂർത്തീകരിക്കുന്നുണ്ട്. വിപ്ളവം എന്നത് ശരീരത്തിൻ്റെ അഭിവാഞ്ച്ഛകളെ നിരാകരിക്കുന്ന, മറയത്തിരുത്താൻ വെമ്പുന്ന ക്രൂരതയുടെ തിരശീല വലിച്ചു നിവർത്താൻ ഉദ്ദേശിക്കപ്പെടുന്നതുമാണ്. അത് വലിച്ചുകീറാൻ കോംറേഡുകളോട് ആഹ്വാനം ചെയ്യുന്നുമുണ്ട് നോവലിസ്റ്റ്.   “Compassion is the reign supreme” എന്ന് പ്രഖ്യാപിക്കപ്പെടുന്നുണ്ട് നോവൽ പകുതിയാകുന്നതിനു മുൻപ് തന്നെ.  അറുപതിൽപ്പരം വർഷങ്ങൾ കോണ്ട് ആർജ്ജിച്ച ഗുണപാഠം ആയിരിക്കാമിത്. ഇഷ്ടികയും ആശാരിയുംഇലെ ബാബു എന്ന ഹതഭാഗ്യനു വന്നുഭവിച്ച ആത്മനാശം മറ്റാർക്കും വരരുതേ എന്നുള്ള പ്രാർത്ഥനയോ ശുഭാപ്തിവിശ്വാസത്തിൻ്റെ വെള്ളിരേഖയോ തെളിയുകയാണിവിടെ. .

 

   

 

 

 

 

 

 

 

 

 

 

 

 

 

No comments: