Friday, November 6, 2026

ജീവിതകഥാസ്മരണകൾ— ചിതറിയത് പെറുക്കിയെടുത്തപ്പോൾ

 

       42 ജീൻസുകൾ കഥ പറയുന്നു

      ന്യൂയോർക്ക് എയർപോർടിൽ വന്നിറങ്ങയത് ആശങ്കകളോടെയാണ്. ആദ്യമായിട്ടുള്ള വിമാനയാത്രയാണ്, വിദേശയാത്രയും. ഡെൽഹിയിൽ നിന്ന് ബ്രിടീഷ് എയർവേയ്സ് ലണ്ടൻ ഹീത്രു എയർ പോർടിൽ എത്തിച്ചിരുന്നു,  ന്യൂയോർക്കിലേക്കുള്ള ചെക് ഇൻ കൗണ്ടർ കണ്ടുപിടിയ്ക്കാൻ പാടുപെട്ടത് വലിയ എയർപോർട് ആയതുകൊണ്ട് മാത്രമല്ല പാശ്ചാത്യരുടെ സ്ഥലവിന്യാസ രീതികളുമായി പരിചയമില്ലാത്തതിനാലും ചോദിച്ചു ചോദിച്ചു പോകാം എന്ന ഇൻഡ്യൻ രീതി മറ്റെങ്ങും പ്രവർത്തികമല്ലാത്തതിനാലും ആണെന്ന് തിരിച്ചറിഞ്ഞിരുന്നു. ന്യൂ യോർക്കിൽ നിന്ന് TWA ഫ്ലൈ റ്റിൽ സെയിന്റ് ലൂയിസിലാണ് എത്തപ്പെടേണ്ടത്. സെന്റ് ലൂയിസ് യൂണീവേഴ്സിറ്റിയിൽ പോസ്റ്റ്ഡോക്റ്റൊറൽ ജോലി തടങ്ങാൻ പോവുകയാണ്. അവിടെ എയർ പോർടിൽ ആരെങ്കിലും വരുമോ? എങ്ങനെ, എവിടെ പോകണം വൈകുന്നേരം സെയ്ന്റ് ലൂയിസ് എയർപോർടിൽ ഇറങ്ങിയാൽ? കയ്യിൽ ആകെ ഇരുപത് ഡോളറുണ്ട്. അക്കാലത്ത് റിസർവ് ബാങ്ക് ഒരാൾക്ക് ഇരുപത് ഡോളർ മാത്രമേ തരികയുള്ളു. കാപ്പിയും ഒരു റൊട്ടിക്കഷണവും വാങ്ങിച്ച് ഒന്നേകാൽ ഡോളർ പോയിക്കിട്ടി. അതു വിൽക്കുന്ന യുവതി “ഡോളർ ഫിഫ്റ്റീൻ” എന്ന് പറഞ്ഞത് അന്ധാളിപ്പിക്കുകതന്നെ ചെയ്തു. അത്രയും സാധനത്തിനു പതിനഞ്ചു ഡോളറോ? ഒരു സുഹൃത്ത് തന്ന കുറെ ചില്ലറകളും ഒന്നു രൺറ്റ് ഡോളർ നോട്ടുകളും പത്ത് ഡോളറിന്റെ നോടും നിരത്തിയപ്പോൾ “ഇതു ധാരാളം” എന്ന് പറഞ്ഞ് അവൾ വേണ്ടത് എടുത്തു. “ഡോളർ ഫിഫ്റ്റീൻ” എന്ന് പറഞ്ഞാൽ ഒരു ഡോളർ ഫിഫ്റ്റീൻ സെന്റ് എന്നാണെന്ന് ജാള്യതയോടെ മനസ്സിലാക്കി. സെയ്ന്റ് ലൂയിസിലെ മൈക്രോബയോളജി ഡിപാർറ്റ്മെന്റിലേക്ക് ഫോൺ ചെയ്യാൻ നിർവ്വാഹമില്ല, ലോക്കൽ കാളുകളാണെങ്കിൽ ചില്ലറ ഇട്ട് ഉപയോഗിക്കാവുന്ന ഫോണുകളുണ്ട്. ഒരു ഉപായം മനസ്സിലുദിച്ചു. ന്യൂയോർക്കിൽ ആൽബെർറ്റ് ഐൻസ്റ്റീൻ കോളേജ് ഓഫ് മെഡിസിനിൽ സുഹൃത്ത് ഉണ്ട്. ഹേമന്ത് മുഖെർജീ. കൽക്കട്ടയിലെ ബോസ് ഇൻസ്റ്റിറ്റ്യൂട്ടിൽ പി എഛ് ഡി ഗവേഷണത്തിന്റെ ഒരു ഭാഗം ചെയ്തുതീർക്കാൻ പോയപ്പോൾ പരിചയപ്പെട്ട ആൽമാർത്ഥൻ. ഫോൺ നമ്പർ കൈവശമുണ്ട്. ചില്ലറ ഇട്ടു, പെട്ടെന്ന് കണക് ഷക്ൻ കിട്ടി. സെയ്ന്റ് ലൂയിസിലെ ഡിപാർറ്റ്മെന്റിന്റെ ഫോൺ നമ്പർ ഹേമന്തിനു കൊടുത്തിട്ട് അവരെ വിളിയ്ക്കാൻ പറഞ്ഞു, വൈകുന്നേരം ഞാൻ എത്തുകയാണെന്ന് അറിയിക്കാൻ. എന്നിട്ട് ഈ പബ്ലിക് ഫോണിലേക്ക് തിരികെ വിളിക്കാനും അപേക്ഷിച്ചു. നേരത്തെ മൈക്രോബയോളജി ഡിപാർറ്റ്മെന്റിനെ റ്റെലഗ്രാം വഴി അറിയിച്ചിരുന്നു ഞാൻ എത്തുന്ന കാര്യം. പക്ഷേ ഡെൽഹിയിൽ നിന്ന് ബ്രിടീഷ് എയർവേയ്സ് വിമാനം ഒരു ദിവസം വൈകി  ആണ് പുറപ്പെട്ടത് എന്നതുകൊണ്ട് അവർ എന്നെ പ്രതീക്ഷിച്ചത് തലേ ദിവസം ആയിരിക്കും എന്നതാണ് പ്രശ്നം. ഹേമന്ത് അവരെ വിളിച്ചിട്ട് എന്നെ തിരിച്ച് വിളിച്ചു. വിമാനം താമസിച്ചത് അവർ അറിഞ്ഞിട്ടുണ്ട് , വൈകുന്നേരം ഡിപാർറ്റ്മെന്റിൽ നിന്ന് ഒരാൾ എയർ പോർടിൽ എത്തിയിരിക്കും. ജീവിതത്തിന്റെ മുഖ്യഭാഗവും ജീവിച്ചുതീർക്കാൻ പോകുന്ന രാജ്യത്തിലേക്ക് തുടക്കം. പെട്ടിയിൽ ഒന്ന് രണ്ട് പാന്റും ഷർടും കയ്യിൽ പതിനാല് ഡോളറും.

 

   പരിഭ്രാന്തികൾ, ആശങ്കകൾ സങ്കടങ്ങൾ ഇതിലും ഉൽക്കടമായിട്ടുള്ളവ എല്ലാവരേയും പോലെ അഭിമുഖീകരിച്ചിട്ടുണ്ടെങ്കിലും നമ്മൾ കരഞ്ഞുപോകുന്ന സന്ദർഭ ങ്ങൾ തീരെ നിസ്സരമെന്ന് പിന്നീട് തോന്നിപ്പിക്കുന്നവയാണെന്നുള്ളത് രസകരമാണ്. മീനച്ചിലിൽ ചാമക്കാല പള്ളിനിൽക്കുന്ന കുന്നിൻ താഴെ ഇലവനാമണ്ടകം സ്കൂളിലെ രണ്ടാംക്ലാസുകാരനായ ഞാൻ എത്തും പിടിയും കിട്ടാതെ കരഞ്ഞു പോയത്. ചിന്നമ്മസ്സാർ മറ്റൊരു സ്കൂളിലേക്ക് ജോലി മാറിപ്പോവുകയാണ്. ഹെഡ് മിസ്റ്റ്രസ് ഭാരതിസ്സാറും  പിന്നീട് വളരെക്കാലം എനിക്ക് അതീവ സ്നേഹം ചൊരിഞ്ഞിട്ടുള്ള ബഹുമാന്യനായ മാണിസ്സാറും ഒക്കെക്കൂടി യാത്രയയ്പ്പ് സൽക്കാരം ഏർപ്പെടുത്തിയിരിക്കുന്നു. ഞങ്ങൾ കുട്ടികൾക്കും ബിസ്ക്കറ്റും ചായയും മിട്ടായിയുമുണ്ട്.

ഇലവനാമണ്ടകം സ്കൂൾ എന്നു പറഞ്ഞാൽ മൂന്നു ക്ലാസ് നീളം മാത്രമുള്ള ഒരു കെട്ടിടമാണ്. മേനാംപറമ്പിൽക്കാർ (അതേ, സക്കറിയയുടെ അമ്മവീട് തന്നെ) ഉടമസ്ഥരാണ്. പണ്ട് എന്റെ അമ്മയുടെ തറവാട് വക ആയിരുന്നത്രേ ഈ സ്കൂൾ. രാവിലെ ഒന്നാം ക്ലാസും രണ്ടാം ക്ലാസും ഓരോ വശത്ത്, ഉച്ചകഴിഞ്ഞ് അവ മൂന്നാം ക്ലാസും നാലാം ക്ലാസും ആയി മാറുകയാണ്. നടുക്ക് അഞ്ചാം ക്ലാസ് ദിവസം മുഴുവനും. ഈ ക്ലാസുകൾ തമ്മിൽ വേർതിരിവ് ഒന്നുമില്ല. ഇടയ്ക്ക് ഭിത്തിയോ മറയോ ഇല്ല. ഏകദേശം രണ്ടടിയുടെ വിടവ് മാത്രം. ഹെഡ് മിസ്റ്റ്രസ് ഭാരതിസ്സാർ, രണ്ടും നാലും ക്ലാസ് മാണിസ്സാറിന്റേത്. ഒന്നും മൂന്നും ക്ലാസ് ടീചർ ചിന്നമ്മസ്സാറാണ് മാറിപ്പോകുന്നത്. അതിനെപ്പറ്റി ഭാർതിസ്സാർ ചെറിയ ഒരു പ്രസംഗം ചെയ്തത് കരച്ചിലിൽ ആണ് അവസാനിച്ചത്. അതോടെ ചിന്നമ്മസ്സാർ ഉറക്കെ പൊട്ടിക്കരഞ്ഞു.. സ്വൽപ്പം കടുപ്പക്കാരനെന്ന് പേർ കേൾപ്പിച്ച മാണിസ്സാറും വിതുമ്പിയതോടെ ഞങ്ങൾ എല്ലാവരും ഉറക്കെക്കരഞ്ഞു. ഒരു പൊതുസ്ഥലത്ത് പൊതുവികാരം ഉൾക്കൊണ്ട് കരഞ്ഞത് ആദ്യമായതുകൊണ്ട് എനിക്ക് സ്വൽപ്പം ജാള്യം തോന്നി പിന്നീട്.

 

     ചിന്നമ്മസ്സാറിന്റെ ക്ലാസിൽ ഞാൻ ഇരുന്നിട്ടില്ല എന്നത് വേറൊരു കാര്യം. ഒന്നാം ക്ലാസിൽ എന്നെ അവസാനപരീക്ഷയ്ക്ക് കൊണ്ടുചെല്ലുകയാണ് അച്ഛൻ ചെയ്തത്. പോകുന്ന വഴി ഒരു സ്ലേറ്റ് വാങ്ങിയ്ക്കാൻ പ്ലാനിട്ട അച്ഛനു പണികിട്ടി. കണ്ടത്തിൽപ്പീടികക്കാരൻ കട അടച്ചിരിക്കുന്നു!.  കയ്യിൽ ഒരു പൊട്ട സ്ലേറ്റ് ഉണ്ട്. പകുതിഭാഗം ഇല്ല എന്ന്.  പെട്ടെന്ന് പരീക്ഷ എഴുതണം എന്നത് എന്നെ വൻ പരിഭ്രാന്തിയിലാക്കി. എനിക്ക് 100, 99, 98 എന്ന് താഴോട്ട് എണ്ണാൻ മുഴുവൻ അറിയാൻ വയ്യ! 70 ഒക്കെ ആകുമ്പോഴേയ്ക്കും കൈ വിട്ട് പോകും. അത് പറഞ്ഞ് ഉറക്കെക്കരഞ്ഞുതുടങ്ങി ഞാൻ. ക്ലാസിൽ ഇരുത്തിയപ്പോൾ ആനന്ദവല്ലി എന്ന മിടുക്കത്തി “കൊച്ചിനു നൂറേന്ന് അറിയാവോ” എന്ന് ചോദിച്ചതോടേ എന്റെ ജീവിതം ഇതോടെ തീർന്നെന്ന് നിശ്ചയമായി. ചിന്നമ്മസ്സാർ എന്റെ സ്ലേറ്റ് കണ്ട് പുഞ്ചിരിച്ചു. അടുത്തിരിക്കുന്ന വാസുക്കുട്ടനു ഒരു കൊല്ലം മുഴുവൻ ക്ലാസിൽ ഇരുന്നിട്ടും ഒരക്ഷരം എഴുതാൻ അറിയാൻ വയ്യ. വെറുതേ “ന്നന്നന്ന’ എന്ന മട്ടിൽ കുത്തിവരയ്ക്കുകയാണ്. ചിന്നമ്മസ്സാർ വാസുക്കുട്ടന്റെ സ്ലേറ്റ് വാങ്ങിച്ച് എനിക്കു തന്നു. എന്റെ സ്ലേറ്റ് അവനും. (ഈ വാസുക്കുട്ടൻ പിന്നീട് ബാംബൂ കോർപൊറേഷനിൽ ഉന്നത ഉദ്യോഗസ്ഥനായ കാര്യം വേറേ).അന്ന് കണക്കിനു നൂറിൽ നൂറും വാങ്ങിച്ച എന്നെ രണ്ടാം ക്ലാസിൽ വച്ച് ആരും കാണുന്നില്ലെങ്കിൽ ഇടിയ്ക്കുകയും നുള്ളിപ്പറിയ്ക്കുകയും ചെയ്ത് പകരം തീർത്തിരുന്നു സുന്ദരിയായ ആനന്ദവല്ലി.

 

     പാലാ ഗവണ്മെന്റ് സ്കൂളിലാണ് ആറാം ക്ലാസു മുതൽ. കുമ്പാനിപ്പാലം മുതൽ അങ്ങോട്ടുള്ള വഴിയിൽ വായനശാലകൾ രണ്ടെണ്ണമാണ്. ആദ്യത്തേത് ചെറുതോട്ടുങ്കൽ ഒരു ചെറിയ ഒന്ന്- പുസ്തകങ്ങൾ അധികമില്ല, പത്രങ്ങൾ എല്ലാമുണ്ട്. ഇത് അധികം താമസിയാതെ ചുരുങ്ങിപ്പോകുകയും ചെയ്തു. വായനശാലകൾ വിശാലമായി വളരുന്ന കാലമായിരുന്നതിനാൽ വായന എന്നത് പരക്കെയുള്ള ശീലമായി ഉൾക്കൊണ്ടിരുന്നു പൊതുവേ.  രണ്ടാമത്തേത് കുറ്റിയില്ലാം പാലത്തിനടുത്തുള്ള വായനശാല. പുരോഗമനാശയങ്ങൾ ഉൾക്കൊണ്ട നാട്ടുകാർ വിപ്ലവവൽക്കരിക്കപ്പെട്ട  വേള. നടത്തിപ്പുകാരനിൽ പ്രധാനി ഉമ്മനു ഫണ്ട് ശേഖരണത്തിൽ ഒന്നാം സ്ഥാനത്തെത്തിയതിനു പാരിതോഷികമായി ഒരു സൈക്കിൾ സമ്മാനിക്കാൻ കുറ്റിയില്ലാത്ത് എത്തിയത് സാക്ഷാൽ ഇ എം എസ് തന്നെ. (കുറ്റിയില്ലാം പാലം എന്നത് “കുറ്റിയില്ലാം” എന്ന് ചുരുങ്ങുകയും ലോക്കൽ ബസ്സിലെ കിളികൾ അത് “കുറ്റിലം” എന്ന് ചുരുക്കുകയും ചെയ്തിട്ടുണ്ട്. സ്ഥലനാമചരിത്രകാരന്മാരുടെ ശ്രദ്ധയ്ക്ക്).  ചെറുതോട്ടിങ്കലെ വായനശാല ചുരുങ്ങിച്ചെറുതാകുകയും ഇല്ലാതാകുകയും ചെയ്തുവെങ്കിലും ‘വായനശാല’ എന്ന പേർ ആ കവല ബസ് സ്റ്റോപ്പിനാണു സ്ഥിരമായി വീണത്.  വെല്ല്യ്യേട്ടൻ വായനശാല അംഗമായിരുന്നതുകൊണ്ട് മുട്ടത്തു വർക്കിയും അയ്യനേത്തും ബഷീറും പൊങ്കുന്നം വർക്കിയും കേശവദേവും വീട്ടിൽ പുസ്തകങ്ങളായി വന്ന് കയറുകയും ഇറങ്ങുകയും ചെയ്തു. ബാലസമാജം, കയ്യെഴുത്തുമാസിക, നാടകം, സ്പോർട്സ് മൽസരങ്ങൾ എന്നിവയിൽ വ്യാപൃതരാവുന്നത് അക്കാലത്തെ കുട്ടികളുടെ പൊതുശീലമാവുന്നത് ഞങ്ങളിലും സംക്രമിച്ചിരുന്നു.

 

    ഏഴാം ക്ലാസ് കഴിഞ്ഞപ്പോൾ ഗവണ്മെന്റ് സ്കൂൾ അത്ര പോരാ എന്ന് അച്ഛനു തോന്നിയത് എന്നെ സെന്റ് തോമസ് ഹൈസ്കൂളിലേക്ക് പറിച്ചു നടാൻ ഇടയായി. വാസ്തവത്തിൽ ഗവണ്മെന്റ് സ്കൂളിൽ പ്രഗൽഭരായ അദ്ധ്യാപകർക്ക് പഞ്ഞമൊന്നും ഇല്ലായിരുന്നു പ്രസിദ്ധ കഥാകാരൻ വി. ബാലകൃഷ്ണൻ , ഭാര്യ ലീലാദേവി എന്നിവർ പിന്നീട് ഗംഭീരമായ ചരിത്രപുസ്തകങ്ങൾൾ എഴുതിയവർ എന്ന് ഖ്യാതി നേടിയവരാണ്. സെന്റ് തോമസ് സ്കൂളിന്റെ പ്രൗഢി അതിന്റെ കെട്ടിടം തന്നെ. ഒരു കാലത്ത് തിരുവിതാംകൂറിൽ ഹജൂർ കച്ചേരി (ഇന്നത്തെ സെക്രട്ടേറിയറ്റ്) കഴിഞ്ഞാൽ ഏറ്റവും വലിയ കെട്ടിടം ഈ സ്കൂൾ ആയിരുന്നത്രേ. സാരസെനിക്കും ഗോഥിക്കും ആർക്കിടെക്ചർ കലർത്തിയ, കേരളീയരീതിയിലുള്ള കളർ പാറ്റേണുകളും ത്രികോണമുകപ്പുകളും  തികച്ചും ഗ്രമീണപരിസരത്തിനു വെല്ലുവിളികൾ സൃഷ്ടിച്ചും വിസ്മയിപ്പിക്കുന്ന നൂതനത്വം പ്രദാനം ചെയ്തും ഉയർന്ന് നിലകൊണ്ടു.   നാടകമോ നൃത്തമോ മോണോ ആക്റ്റോ എന്തും ചെയ്യാൻ തയാറാകുന്ന എന്നെ യൂത്തുഫെസ്റ്റിവലുകൾക്ക് അയക്കാൻ താൽപ്പര്യമുള്ള സാറന്മാർ ഒരു അനുഗ്രഹമായിരുന്നു.  കുഞ്ഞാക്കോ സാർ ഹെഡ് മാസറ്റ്ർ, ഉലഹന്നൻ സാർ തൊട്ട് താഴെ പിന്നെ ഭരത് ദാസ് സാർ (മകൾ ബി സന്ധ്യ എഴുത്തുകാരി, പോലീസ് ഐ ജി), കെ എസ് മാത്യു സാർ , സൈമൺ സാർ ഇങ്ങനെ വാൽസല്യവാന്മാർ ധാരാളം. എന്നാൽ പഠിയ്ക്കാൻ മിടുക്കനായ മകന്റെ വികൃതികളിൽ അച്ഛനു അത്ര താൽപ്പര്യം ഇല്ലായിരുന്നു. കഥകളി പഠിക്കണമെന്ന ആഗ്രഹം കഥകളിക്കമ്പക്കാരനായ അച്ഛൻ തന്നെ വൻ കറുത്ത തിരശീല കൊണ്ട് മൂടിക്കളഞ്ഞു. കഥകളിക്കാർ മിക്കവർക്കും ദാരിദ്ര്യമാണെന്നായിരുന്നു അച്ഛന്റെ പക്ഷം.

 

  പാലാ സെന്റ് തോമസ് കോളേജിൽ സുവോളജി ഡെപാർട്മെന്റും സ്നേഹതരരായ അദ്ധ്യാപകരാൽ സമ്പന്നമായിരുന്നു. മാത്യു ഇട്ടിയവിരാസാർ ഞങ്ങളെ സ്വന്തമെന്ന പോലെ കരുതിയിരുന്നു. പഠിത്തത്തിലേറെ എന്റെ ശ്രദ്ധ സ്റ്റേജിൽ ആയിരുന്നു എന്ന് തോന്നുന്നു. സ്വയം തൃപ്തിയ്ക്കു വേണ്ടി  നാടകം സിനിമാറ്റിക് ഡാൻസ് ഇങ്ങനെ എന്തിനും ഞാൻ സ്റ്റേജിലുണ്ട്. ഒരു തവണ എന്റെ പെർഫൊമൻസ് കണ്ട് ഉടൻ ഒരു  ഉഗ്രൻ വെള്ളിക്കപ്പ് വരുത്തിച്ച് സമ്മാനിച്ചു അത്രപെട്ടെന്നൊന്നും ഹൃദയമുരുകാത്ത പ്രിൻസിപ്പൽ കുരീത്തടത്തിലച്ചൻ!

 

    എം എസ്സി സുവോളജിയ്ക്ക് യൂണിവേഴ്സിറ്റി കോളെജിൽ അഡ്മിഷൻ കിട്ടിയതും തിരുവനന്തപുരത്ത് എത്തിച്ചേർന്നതും പിന്നീടുള്ള, എന്നന്നേയ്ക്കുമായുള്ള പ്രവാസത്തിന്റെ ആരംഭമായിരുന്നു എന്നത് തിരിച്ചറിഞ്ഞത് വളരെക്കഴിഞ്ഞ്. അവിടെയും അപ്പുക്കുട്ടൻ സാർ, രാമകൃഷ്ണപിള്ളസ്സാർ, മാധവൻ നായർ സാർ എന്നിവരുടെ നിരന്തരമായ പിൻ തുണയും വാൽസല്യവുമുണ്ടായിരുന്നു എന്ന് മാത്രമല്ല ശാസ്ത്രഗവേഷണം എന്നതിലേക്ക് വഴിതിരിയാൻ ഇവർ കാരണക്കാരുമാണെന്നുള്ളതാണ് സത്യം.  എം എസ് സി റാങ്കോടെ പാസായതിനാൽ ഈ അദ്ധ്യാപകർ  എന്നോട് എ ജീസ് ഓഫീസിൽ നല്ല ഒരു ജോലി കിട്ടിയത് വേണ്ടെന്ന് വയ്ക്കാൻ നിർദ്ദേശിക്കുകയായിരുന്നു. അച്ഛനു ഒട്ടും ഇഷ്ടപ്പെടാത്ത തീരുമാനം ആയിരുന്നു അത്. ഗവേഷണം എന്നത് ഒരു തൊഴിലായി സ്വീകരിക്കുക എന്നത് പൊതുധാരണകളിൽ പെടുന്നതല്ല താനും. കാര്യവട്ടത്ത് പ്രശസ്തനായ പ്രൊഫസർ ഡോ. കെ കെ നായർ വലിയ ഒരു ഗവേഷണസംഘത്തെ നയിക്കുന്നുണ്ട്, അവിടെ ചേരാനും അധികം പ്രയാസപ്പെടേണ്ടി വന്നില്ല. പക്ഷേ മാസങ്ങൾ കഴിഞ്ഞിട്ടും വലിയ പുരോഗതിയുടെ ലക്ഷണമൊന്നും കാണുന്നില്ല എന്നതിൽ ആശങ്കയും നിരാശയും ഉണ്ടായിരുന്നു. അപ്പോഴാണ് ജെ എനു യു വിൽ സ്കൂൾ ഓഫ് ലൈഫ് സയൻസ് തുടങ്ങുന്നെന്നും ഗവേഷകരെ സ്വീകരിക്കുന്നുവെന്നും വാർത്ത വന്നത്. നേരിട്ട് പി എഛ് ഡിയ്ക്ക് പ്രവേശനമില്ല, ആദ്യം ഒരു കൊല്ലം എം ഫിൽ എന്ന തയാറെടുപ്പ് കോഴ്സ് കഴിഞ്ഞാലേ അത് സാദ്ധ്യമാകൂ. ഡെൽഹി വരെ ഇന്റെർവ്യൂവിനു പോയി വരാൻ യാത്രക്കൂലി തരുമെന്ന് പത്രത്തിലുണ്ട്. അന്ന് ഡെൽഹിയിൽ നേരേ മൂത്ത ചേട്ടനുണ്ട്, സൗജന്യമായി ഡെൽഹി യാത്ര തരപ്പെടാമല്ലോ എന്ന ഉൽസാഹത്തോന്നൽ മാത്രം കൈമുതലായുണ്ട്, അത്രേയുള്ളു. ചങ്കൂറ്റം മാത്രം കൈമുതലായിട്ടാണ് ഇന്റെർവ്യൂവിൽ പങ്കെടുത്തത്. അധികം പ്രശ്നമില്ലാതെ ഇംഗ്ലീഷ് സംസാരിക്കാൻ സാധിക്കും എന്ന ആത്മവിശ്വാസവും. അതിനു കാരണം വീട്ടിൽ സ്ഥിരമായി രണ്ട് ഇംഗ്ലീഷ് പത്രങ്ങൾ -ഇൻഡ്യൻ എക്സ്പ്രെസ്സും ഹിന്ദുവും-വരുത്തിയിരുന്നു അച്ഛൻ എന്നതായിരുന്നു. അച്ഛന് ചെറുപ്പത്തിൽ ഇംഗ്ലീഷ് പഠിയ്ക്കാൻ സാധിക്കാത്തതിനു പകരം വീട്ടാനായി ചെയ്യുന്ന വേലയായിരുന്നു ഇത്. റിട്ടയർ ചെയ്തശേഷം ഒരു നോട് ബുക്ക് വാങ്ങിച്ച് പുതിയ വാക്കുകൾ അതിൽ എഴുതി ഡിക്ഷ്ണറിയുടെ സഹായത്തോടെ അർത്ഥം എഴുതി അച്ഛൻ ഒരു വിദ്യാർത്ഥി തന്നെ ആയി മാറുകയായിരുന്നു. ഇംഗ്ലീഷ് സംസാരിക്കാനും അച്ഛൻ പ്രാപ്തി നേടി. മിക്കവാറും ഒരു  റിബെൽ സ്വഭാവമുണ്ടായിരുന്ന അച്ഛൻ ഒരിയ്ക്കൽ മൂത്ത അളിയനുമായി ശബരിമലപ്പോക്കിനെക്കുറിച്ച് തർക്കത്തിലെത്തിയപ്പോൾ  “It is just mass hysteria” എന്ന് വിളിച്ചു പറഞ്ഞതുകേട്ട് ഞാൻ ഞെട്ടിയിട്ടുണ്ട്.ചെറുപ്പകാലത്ത് ദാദിദ്ര്യം മൂലം സ്കൂൾ പഠനം നിന്നപ്പോൾ ദൂരെ കുളനട എന്ന സ്ഥലത്ത് നടന്നെത്തി അവിടത്തെ ഒരു അമ്പലത്തിൽ ശാന്തിക്കാരനായി ജോലി ചെയ്ത് കൊണ്ട് (ചോറ് കിട്ടാനായിരുന്നു ഇത്) അടുത്ത സ്കൂളിൽ പഠ്യ്ക്കാൻ പോയ ഒരു പാവം നമ്പൂതിരിയുടെ വളർച്ച.

 

 ജെ എൻ യുവിലെ ഇന്റെർവ്യൂ കഴിഞ്ഞ് പിറ്റേ ദിവസം വെറുതേ റിസൾറ്റ് നോക്കാൻ പോയി. ക്യാംപസ്സിലേക്ക് കയറിയപ്പോൾ “ചിലപ്പോൾ ഈ വഴിയിൽ നീ ഇനി ഒരുപാട് നടന്നേയ്ക്കും” എന്ന് ചേട്ടൻ പറഞ്ഞത് കാര്യമായി കണക്കാക്കിയില്ല. ഡെൽഹി യൂണിവേഴ്സിറ്റിയിൽ നിന്നും  ബോംബെയിൽ നിന്നും മറ്റും വന്ന വളരെ “സോഫിസ്റ്റിക്കേറ്റഡ്” ആയ വിദ്യാർത്ഥികളെക്കണ്ട് തലേദിവസം എന്റെ കാര്യം പോക്കാണെന്ന് തീരുമാനിച്ചവനായിരുന്നു ഞാൻ.  നോടീസ് ബോർഡിൽ ലിസ്റ്റ് ഉണ്ട്.  എന്റെ പേരാണ് ആദ്യം എന്നത് ഇവിടെ എഴുതുന്നത് ആത്മപ്രശംസ തന്നെയാണ്. (ഇക്കാലത്തെ ഡിക്ഷ്ണറിയിൽ “”തള്ള്” എന്ന വാക്കാണ് കാണുന്നത്). ദാ നിന്ന നിൽപ്പിൽ ജീവിതം മാറി മറിയാൻ പോകുന്നു!

 

 ജെ എൻ യു ഡേയ്സ്!

   നമ്മുടെ സിനിമയിൽ വരെ ബുദ്ധിജീവിയെ സൂചിപ്പിക്കാൻ (പരിഹസിക്കാൻ?)  “ജെ എൻ യു വിൽ നിന്നാണ്” എന്നൊരു വാചകം തിരുകിയാൽ മതി എന്നത് അന്വർത്ഥമാണ്. ബുദ്ധിജീവി ആകണമെങ്കിൽ അതിനുള്ള എല്ലാ പോഷകങ്ങളും ആ ക്യാമ്പസ്സിൽ നിന്നും അന്ന് ലഭിച്ചിരുന്നു എന്നത് സത്യം തന്നെ. ക്യാമ്പസ്സിന്റെ സ്വഭാവവും പഠനരീതികളും പാശ്ചാത്യ യൂണിവേഴ്സിറ്റികളെപ്പോലെ ആയിരിക്കണമെന്ന നിർബ്ബന്ധബുദ്ധി  സ്വന്തം അച്ഛന്റെ പേരിൽ ഇന്ദിരാ ഗാന്ധി ഈ യൂണിവേഴ്സിറ്റി സ്ഥാപിച്ചപ്പോൾ പ്രകടമാക്കിയിരുന്നു. ബൗദ്ധികമായ സ്വാതന്ത്ര്യത്തോടൊപ്പം മറ്റ് സ്വാതന്ത്രങ്ങളും അനുവദിച്ചു കൊടുത്തിരുന്ന ക്യാമ്പസ്.   പൗരാണിക ഡെൽഹി വാസ്തുവിദ്യയിൽ ആധുനികത കലർത്തിയ കെട്ടിടങ്ങൾ, ഡെൽഹിയിലെ ചരിത്രപ്രസിദ്ധമായ കെട്ടിടങ്ങളെ അനുസ്മരിപ്പിക്കുന്ന ചുവന്ന ചുടുകട്ടകൾ കൊണ്ട് നിർമ്മിച്ചവ കുത്തബ് മിനാറിനപ്പുറമുള്ള തരിശുപറമ്പുകളെ അദ്ഭുതജനപദമാക്കി മാറ്റി. ആദ്യത്തെ രണ്ട് മൂന്നു കൊല്ലം താഴെ റിങ് റോഡിനടുത്ത് ഐ എ എസ് ട്രെയിനിങ്ങിനു വേണ്ടി പണിത ക്യാമ്പസ്സിലായിരുന്നു യൂണിവേഴ്സിറ്റിയുടെ ആസ്ഥാനം. പ്രഗൽഭരായവരെ  ക്ഷണിച്ച് വരുത്തി ഫാകൽറ്റി അംഗം ആക്കിയിരുന്നു ജെ എൻ യു അന്ന്. റോമിള താപ്പർ, പൂന ഫിലിം ഇൻസ്റ്റിറ്റ്യൂടിൽ നിന്ന് കൊണ്ടുവന്ന മൂർത്തി ഉൾപ്പടെയുള്ളവർ. ഇ എം എസ്സിന്റെ പ്രസംഗം കേൾക്കാൻ സ്കൂൾ ഒഫ് ഇന്റെർനഷണൽ സ്റ്റഡീസ് ഓഡിറ്റോറിയത്തിൽ സ്ഥലം തികയതെ പോയ കാലം. വൻപൻ എഴുതുകാർ പങ്കെടുക്കുന്ന ശിൽപ്പശാലകൾ, അൽക്കാസി ഉൾപ്പടെ വിദഗ്ധ കലാകാരന്മാർ സംഘടിപ്പിക്കുന്ന നാടകക്കളരികൾ, എംബസികൾ കനിഞ്ഞ് നൽകുന്ന ലോക ക്ലാസിക് സിനിമകൾ, ഇന്റെർനാഷണൽ കഥകളി സെന്റർ അവതരിപ്പിക്കുന്ന കഥകളികൾ, ഇന്ദാണി റെഹ്മാൻ മുതലായവരുടെ നൃത്തങ്ങൾ ഒക്കെ ഒരു ശരാശരി ഇൻഡ്യൻ വിദ്യാർത്ഥിയ്ക്ക് മറ്റൊരിടത്ത് ലഭിയ്ക്കാൻ സാദ്ധ്യതയുള്ളവയല്ല. കമ്യൂണിസ്റ്റ് പാർടിയുടെ ചരിത്രമെഴുതാൻ സാക്ഷാൽ കെ. ദാമോദരനെത്തന്നെ ക്ഷണിച്ച് വരുത്തിയിട്ടുണ്ട്. ആകസ്മികമായി അദ്ദേഹം ഒരു രാത്രി മരണമടഞ്ഞു, പിറ്റേന്ന് അദ്ദേഹത്തിന്റെ ഇളയ മക്കളായ മധുവും ശശിയും (കെ പി ശശി എന്ന് പിന്നീടറിയപ്പെട്ടു സിനിമാകലോകത്ത്)  കാംപസ് കാന്റീനിനു മുൻപിൽ വിറങ്ങലിച്ച് നിൽക്കുന്നത് ഇന്നും ഓർമ്മിക്കുന്നു. പ്രകാശ് കാരാട്ടും സീതാറാം യെചൂരിയും എന്റെ സീനിയർ ആയിട്ട് ഉണ്ട്. അവർക്ക് വേണ്ടി വോട്ട് പിടിയ്ക്കാൻ നടന്ന എന്നെ ഇപ്പോൾ ഓർമ്മിക്കാൻ ഇടയില്ല. ഇലക്ഷനിൽ പ്രകാശ് കാരാട്ടിനെതിരെ മൽസരിച്ചത് ‘ഫ്രീ തിങ്കേഴ്സ്’’ എന്നൊരു ഗ്രൂപ്പ് നിർമ്മിച്ചെടുത്ത ആനന്ദ് കുമാർ ആണ്, എന്റെ അടുത്ത സുഹൃത്തുമാണ്. ആനന്ദ് കുമാർ പിന്നീട് യൂണിവേഴ്സിറ്റി ഓഫ് ഷിക്കാഗോയിൽ നിന്ന് പി എഛ് ഡി നേടി ജെ എനുവിൽത്തന്നെ പ്രൊഫസർ ആയി. ഇപ്പോൾ കേജരിവാളിന്റെ സഹചാരിയാണ്. അടിയന്തിരാവസ്ഥക്കാലത്ത് ഒരു വെളുപ്പിനുണർന്നത് ഞങ്ങളുടെ പെരിയാർ ഹോസ്റ്റലിനു ചുറ്റും വളഞ്ഞിരിക്കുന്ന പോലീസ് സേനയെ കണ്ടുകൊണ്ടാണ്. പലരേയും അറെസ്റ്റ് ചെയ്തു കൊണ്ടു പോകുന്നു. പോലീസിനു അറെസ്റ്റ് ചെയ്യേണ്ട  വിദ്യാർത്ഥികളെ നിർദ്ദേശിക്കുന്നത് മുഖം മൂടി വച്ചവരാണ്. ഞങ്ങളുടെ തന്നെ ചില അദ്ധ്യാപകരാണ് ഈ ഒറ്റിക്കൊടുപ്പുകാർ. പാതിരാത്രി കഴിഞ്ഞിട്ടും പൊരിഞ്ഞരാഷ്ട്രീയ/സാമൂഹ്യ ചർച്ചകളാണ്‘ധാബാ’ എന്ന് വിളിയ്ക്കുന്ന തട്ടുകടകൾക്കു മുന്നിൽ. ഇവരിൽ പലരും വെളുത്ത് സുന്ദരികളായവർ, മോടിയിൽ വസ്ത്രമണിഞ്ഞവർ ആണെന്നുള്ളത് പരിപ്പ് വട -കട്ടൻ ചായ രീതികൾ മാത്രം പരിചയമുള്ള എന്നെ വിസ്മയിപ്പിച്ചിരുന്നു. എനിക്ക് എന്തെങ്കിലും വെളിവ് വെച്ചിട്ടുണ്ടെങ്കിൽ അത് ജെ എൻ യു വിന്റെ സംഭാവന തന്നെ.    

 

   സ്കൂൾ ഓഫ് ലൈഫ് സയൻസസിൽ എന്റെ പ്രൊഫസർ ഡോ. ശിവതോഷ് മുഖെർജി തന്നെ ഡീൻ. സർ അശുതോഷ് മുഖെർജിയുടെ പേരമകൻ, നെഹ്രു ക്യാബിനെറ്റിൽ അംഗമായിരുന്ന, ജനസംഘം സ്ഥാപകനായ ശ്യാമപ്രസാദ് മുഖെർജിയുടെ മരുമകൻ. സ്പോഞ്ച് കോശങ്ങളുടെ ഉപരിതലങ്ങൾ തമ്മിലുള്ള സവേദനസാദ്ധയ്തകളെക്കുറിച്ചും അതിനുള്ള സാമഗ്രികളെക്കുറിച്ചും ഗവേഷണമാണ് എന്റെ ജോലി. സ്പോഞ്ച്  സാധാരണ കുളങ്ങളിൽ വളരുന്നതാണ്, ഡെൽഹിയിലെ കാലാവസ്ഥയിൽ കുളങ്ങൾ വറ്റാറാണ് പതിവ് പല മാസങ്ങളോളം. ആ സമയത്ത് കൽക്കട്ടയിലെ ബോസ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഗവേഷണം തുടരാൻ ഡോ മുഖെർജി സൗകര്യമൊരുക്കിയിരുന്നു. മലയാളികളുടെ കലാ/സാഹിത്യാസ്വാദനശീലങ്ങളും പെരുമാറ്റങ്ങളുമുള്ള ബെംഗാളികൾ പെട്ടെന്ന് തന്നെ എന്റെ തീവ്ര സുഹ്രുത്തുക്കളായി.  തിരുവനന്തപുരത്ത് വച്ചു തന്നെ അടൂർ ഗോപാലകൃഷ്ണൻ ചിത്രലേഖാ ഫിലിം സൊസൈറ്റിയുടെ ബാനറിൽ പ്രദർശിപ്പിച്ചിരുന്ന ബെംഗാളി സിനിമകൾ ( സത്യജിത് റായ് യുടെ പ്രധാനമായും) എല്ലാം കണ്ടിട്ടുള്ളതിനാലും, മാതൃഭൂമി ആഴച്ചപ്പ്തിപ്പിൽ വന്നിരുന്ന ബെംഗാളി നോവലുകളും കഥകളും വായിച്ചിരുന്നതിനാലും ഈ ഇടചേരൽ എളുപ്പമായിരുന്നു.  കൽക്കട്ടയ്ക്ക് പോകുമ്പോഴൊക്കെ ചാന്ദ്നി ചൗക്കിൽ നിന്ന് അവർക്ക് ഏറെ പ്രിയംകരമായ ‘സോഹൻ ഹൽവാ’ വാങ്ങിച്ചുകൊണ്ടു പോകുന്നത് പതിവായി. സ്കോട്ടിഷ് ചർച് കോളേജ് കാമ്പസിലെ കുളത്തിൽ ധാരാളം സ്പോഞ്ച് വളരുന്നു, സന്തോഷം!  മറ്റ് കൂട്ടുകാർക്ക് അവരുടെ പ്രൊഫസർമാർ സമ്മാനിച്ച പോലത്ത കുഴപ്പങ്ങൾ ഒന്നും ഇല്ലാതെ ഡോ. ശിവതോഷ് മുഖെർജി സഹായിയായ്ത്തന്നെ നിലകൊണ്ടു. തീസിസ് സ്വയം സമർപ്പിക്കാനുള്ള ഭാഗ്യം ഉണ്ടായില്ല. ആ ദിവസത്തിന്റെ തൊട്ട് തലേന്നാണ് അച്ഛൻ മരിച്ചതായുള്ള ടെലഗ്രാം കിട്ടുന്നത്. ഉടൻ നാട്ടിലേയ്ക്ക് പോകേണ്ടി വന്നതിനാൽ തീസിസ് സബ്മിറ്റ് ചെയ്യുന്ന പുണ്യകർമ്മം കൂട്ടുകാർ ചെയ്യുകയാണുണ്ടായത്. ജീവിതത്തെ ശാസ്ത്രഗവേഷണമേഖലയിലേക്ക് സ്വയം തിരിച്ചു വിട്ടതിൽ വ്യാകുലനായ അച്ഛനോട് “ദാ ഇവിടം വരെയെത്തി” എന്ന പറയാൻ സാധിച്ചില്ല.

 

     അമേരിക്കൻ യൂണിവേഴ്സിറ്റികളിലെ എല്ലാം തികഞ്ഞ ലാബുകൾ, ഊർജ്ജസ്വലമായ ശാസ്ത്രകൂട്ടായ്മകൾ, അനുഭാവപൂർണ്ണമായ ഗവണ്മെന്റും സമൂഹവും ത്രസിപ്പിക്കുന്ന നൂതനചിന്തകൾക്കുള്ള സാദ്ധ്യതകൾ, വൻ സമ്മേളനങ്ങൾ, പ്രത്യേകിച്ചും Cold Spring Harbor Conference പോലെ ഉള്ളവ ഒക്കെ സ്വപ്നം കണ്ടവരായിരുന്നു ഞങ്ങൾ ഒരു പറ്റം ലൈഫ് സയ്ൻസ് വിദ്യാർത്ഥികൾ. കാലവിളംബം കൂടാതെ ഞങ്ങൾ ഓരോരുത്തരായിട്ട് അമേരിക്കൻ യൂണിവേഴ്സിറ്റികളിലേക്ക് ചേക്കേറാൻ തുടങ്ങി. എനിക്ക് ആdyam കിട്ടിയ post doctoral fellowship  സെയ്ന്റ് ലൂയിസ് യൂണിവേഴ്സിറ്റിയിലെ മൈക്രൊബയോളജി ഡിപാർട്മെന്റിൽ നിന്നായിരുന്നു.   അങ്ങോട്ടുള്ള യാത്രയിൽ ന്യൂ യോർക് എയർ പോർടിൽ എത്തിയ കഥയിലാണ് ഈ ലേഖനം തുടങ്ങിയത്.

 

  എന്നാൽ സ്വപ്നങ്ങളെ നിങ്ങL സ്വർഗ്ഗകുമാരികളല്ലോ എന്ന് പാട്ട് ശരിയല്ല എന്നാണ്  പെട്ടെന്ന് തിരിച്ചറിഞ്ഞത്. സെന്റ് ലൂയിസ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ ബർടൺ പോഗെൽ വിചിത്രസ്വഭാവക്കാരനും പെട്ടെന്ന് ദേഷ്യം പിടിച്ച് ഭ്രാന്തനെപ്പോലെ പെരുമാറുന്നവനും ആയിരുന്നു. പോഗെൽ എന്നതിനു പകരം “പാഗൽ” എന്ന് ഇൻഡ്യൻ വിദ്യാർത്ഥികൾ വിളിച്ചതിൽ അതിശയോക്തി ഇല്ല. എഴുതുന്ന പെൻസിൽ കുത്തിയിടിച്ച് പൊട്ടിയ്ക്കുകയും നമ്മൾ എഴുതിയെടുത്ത പരീക്ഷണഫലങ്ങൾ കടലാസ് നുരുനുരാ വലിച്ചെറിയുകയും ഒക്കെ  സ്ഥിരം സ്വഭാവം.ഇദ്ദേഹത്തിനോടൊപ്പം ഒരാഴ്ച മാത്ര ജോലി ചെയ്തിട്ട് ഓടിപ്പോയവരുണ്ടത്രേ.  അമേരിക്കയിൽ എത്തിയപാടെ ആയതുകൊണ്ട് രക്ഷപെടാൻ അധികം മാർഗ്ഗങ്ങളും തുറന്നു വരുന്നില്ല. വേവലാതി പരിഭ്രമത്തിനു വഴി തെളിച്ചു. നിദ്രാവിഹീനങ്ങളല്ലോ അവനുടെ രാവുകൾ എന്ന് പാടാൻ ആ പാട്ട് ഇറങ്ങിയിരുന്നില്ല. ഒന്നരക്കൊല്ലത്തോളം ഇത് സഹിച്ച് കഴിഞ്ഞപ്പോൾ ജോൺസ് ഹോപ്കിൻസിൽ നിന്നുള്ള ജോലി വാഗ്ദാനം കിട്ടിയത് വളരെ ആശ്വാസകരമായി.  രക്ഷപെടാനുള്ള ഒരു പഴുത് തന്നെയായിരുന്നു ഇത്.  ഇൻഡ്യൻ പ്രൊഫെസ്സർമാരുടെ നീചപ്രവർത്തികളുടെ കഥകൾ ജെ എൻ യു വിൽ വച്ച് തന്നെ കേട്ടിട്ടുണ്ടെങ്കിലും (ഇപ്പൊഴും ഇത് തുടരുന്നു, ഇൻഡ്യയിലെ പല ഗവേഷണശാലകളിലും, സത്യമാണ്) ഇങ്ങനെ ഭ്രാന്തെടുക്കുന്ന ഒരു പ്രൊഫസറെ തീരെ പ്രതീക്ഷിച്ചിരുന്നില്ല അമേരിക്കയിൽ. ജെ എൻ യു വിലെ ഞങ്ങളുടെ ഒരു പ്രൊഫസർ  അമേരിക്കയിൽ തുടർഗവേഷണത്തിനു ഓഫർ കിട്ടിയ ഞങ്ങളിൽ ചിലർക്ക് അത് ഇല്ലാതാക്കാൻ ശ്രമിച്ചിട്ടുണ്ട്. യൂണിവേഴ്സിറ്റിയുടെ ഓഫർ പൂർത്തിയാകാൻ പലപ്പോഴും രണ്ടോ മൂന്നോ ശിപാർശക്കത്തുകൾ  ആവശ്യമാണ്. ആയിടയ്ക്ക് അമേരിക്കയിലെ ഒരു പ്രസിദ്ധ യൂണിവേഴ്സിറ്റിയിൽ നിന്ന് വന്ന് ജെ എൻ യു വിൽ അസിസ്റ്റന്റ് പ്രൊഫസർ സ്ഥാനം ഏറ്റെടുത്ത ഒരു’ന്യൂജെൻ’ ശാസ്ത്രജ്ഞൻ ഞങ്ങളോട് അടുത്തു പെരുമാറുന്ന ആളായിരുന്നു, ഞങ്ങൾക്ക് റെക്കമെന്റേഷൻ എഴുത്തുകൾ തരാമെന്ന് സന്തോഷപൂർവ്വം സമ്മതിയ്ക്കുകയും ചെയ്തു. അമേരിക്കയിൽ ചെന്ന് സ്ഥാപനത്തിൽ ചേർന്ന് കഴിഞ്ഞപ്പോഴാണ് അറിഞ്ഞത് ഇദ്ദേഹം ഞങ്ങൾക്ക് വേണ്ടി അയച്ച പ്രമാണക്കത്തുകളോക്കെ ഞങ്ങളെ വളരെ മോശമായി ഇകഴ്ത്തി, കൊള്ളരുതാത്തവരാക്കി ചിത്രീകരിച്ചുകൊണ്ടുള്ളവയായിരുന്നു എന്ന്!  ഇത് ചതിയാണെന്ന് മനസ്സിലാക്കി, മറ്റ് കത്തുകൾ അടിസ്ഥാനമാക്കിയാണത്രേ ഞങ്ങൾക്ക് ഫെലോഷിപ് വാഗ്ദാനം വച്ചു നീട്ടിയത്.

 

ജോൺസ് ഹോപ്കിൻസിൽ

 

         ഹോപ്കിൻസിലെ പീഡിയാട്രിക്സ് ഡിപാർറ്റ്മെന്റിലെ ജെനെറ്റിക്സ് യൂണിറ്റിലാണ് ഞാൻ ചേർന്നത്. ലോകപ്രശസ്തിയാർജ്ജിച്ചതാണ് ഈ പീഡിയാട്രിക്സ് വിഭാഗം.. ഓടിസം നിർവ്വചിച്ച, ആ പേരിനു പ്രാമാണീകരണവും സാധുതയും നൽകിയ  പ്രഗൽഭ  ചൈൽഡ്   സൈക്കിയാട്രിസ്റ്റ് ലിയൊ കാനർ ചരിത്രപ്രസിദ്ധമായ നിരീക്ഷണങ്ങൾ നടത്തിയ സ്ഥലം. 1943 ഇൽ ഈ ഡിപാർട്മെന്റിലാണ് അദ്ദേഹം നിരവധി ഓടിസംകുട്ടികളുടെ പെരുമാറ്റങ്ങൾ ശാസ്ത്രീയമായി അപഗ്രഥിച്ചത്. അവരുടെ മാതാപിതാക്കളുമായി സംവദിച്ച് അമൂല്യവിവരങ്ങൾ ശേഖരിച്ചെടുത്തത്. ഈ പാരമ്പര്യം ഡിപാർറ്റ്മെന്റ് എന്നും നിലനിർത്തിയിരുന്നു. അമേരിക്കയിൽ എത്തി ഒന്നരക്കൊല്ലത്തിനകം ഇവിടെത്തന്നെ ഒരു ജോലി ലഭിയ്ക്കുക എന്നത് ഭാഗ്യം തന്നെ എന്ന് കരുതേണ്ടിയിരിക്കുന്നു. പീഡിയാട്രിക്സിൽ ഒരു ജെനെറ്റിക്സ് വിഭാഗമുണ്ട്, ഡോ. ജോൺ ലിറ്റിൽഫീൽഡ് നയിക്കുന്നത്. അദ്ദേഹത്തിന്റെ ചില ഗവേഷണപദ്ധതികളിൽ ചേരാനാണ് എന്നെ ക്ഷണിച്ചിരിക്കുന്നത്. ഡോ ലിറ്റിൽഫീൽഡിന്റെ ചില ഗവേഷണങ്ങൾ പുതുമാർഗ്ഗദർശകവും അഗ്രഗമനകാരിയും ആയിരുന്നു. ജനിതകതകരാറുകൾ നിർണ്ണയിക്കാൻ ഭ്രൂണത്തിന്റെ കോശങ്ങൾ പരിശോധിക്കാനുള്ള തന്ത്രങ്ങൾ മെനഞ്ഞെടുത്തത് ഇദ്ദേഹമാണ്, ഇന്ന് amniocentesis എന്ന് അറിയപ്പെടുന്ന വേല. ജനിതക വസ്തുവായ ക്രോമസോമിൽ ജീനുകൾ വിന്യസിച്ചിരിക്കുന്നത് നിജപ്പെടുത്തുന്നതിനുള്ള ഉപായങ്ങൾ, ചില പ്രത്യേക ആന്റിബോഡി (monoclonal antibodies) നിർമ്മിതിയുടേ അടിസ്ഥാനരീതികൾ ഒക്കെ കണ്ടുപിടിച്ച ആളാണ്. നോബെൽ സമ്മാനത്തിനുള്ള ലിസ്റ്റിൽ വരെ കയറിപറ്റിയിട്ടുള്ള ശാസ്ത്രജ്ഞനും. Medical Genetics എന്ന  ശാസ്ത്രവിഭാഗത്തിന്റെ തുടക്കക്കാരൻ എന്ന വിശേഷണം പേറുന്ന ഡോ. ലിറ്റിൽഫീൽഡ് പ്രായം അറുപതിനോടടുത്തെങ്കിലും പീഡിയാട്രിക്സ് ഡിപാർട്മെന്റ് (ഇത് പതിനൊന്ന് നില കെട്ടിടമാണ്. 250 കിടക്കകൾ ഉള്ള ആശുപത്രി, 60ഓളം പ്രൊഫസർമാർ എന്നത് വ്യാപ്തിയും വലിപ്പവും സൂചിപ്പിക്കുന്നു)  തലവനാണ് എങ്കിലും എന്നും രാവിലെ ലാബിൽ വന്ന് രണ്ടുമൂന്നു മണിക്കൂർ പരീക്ഷണങ്ങൾ ചെയ്തിട്ടേ ഓഫീസിൽ കയറുകയുള്ളു എന്നത് ഇൻഡ്യൻ പ്രൊഫസർമാർ/ഡിപാർട്മെന്റ് തലവന്മാരുടെ രീതികൾ കണ്ട് പരിചയിച്ച എന്നെ അദ്ഭുതപ്പെടുത്തുകതന്നെ ചെയ്തു. ആദ്യമായിട്ട് മനുഷ്യഭ്രൂണത്തിൽ നിന്നും എല്ലാത്തരം സെല്ലുകളും നിർമ്മിച്ചെടുക്കാൻ സാദ്ധ്യതയുള്ള വിത്തുകോശങ്ങൾ വളർത്തിയെടുക്കുന്ന തന്ത്രം കണ്ടുപിടിച്ച ഡോ. ജോൺ ഗിയർഹാർടും ഉണ്ട് ലാബിൽ.

 

   ക്യാൻസർ കോശങ്ങളെപ്പോലെ പെരുമാറുന്ന ഭ്രൂണകോശങ്ങളുടെ  (Embryonal carcinoma cells) പെരുമാറ്റങ്ങളെക്കുറിച്ചുള്ള പ്രോജെക്റ്റ് ആണ് ഞാൻ ചെയ്യേണ്ടിയിരുന്നത്. അവ തമ്മിൽ തമ്മിൽ ഒട്ടിച്ചേരുന്നതിന്റെ പ്രോടീനുകളും സംവദിക്കാനും സന്ദേശങ്ങൾ കൈമാറാനും വേണ്ടി സന്ധിച്ച് പ്രോടീൻ രൂപശിൽപ്പങ്ങൾ നിർമ്മിച്ചെടുക്കുന്നതിന്റെ ഘടനാംശങ്ങളും പഠിയ്ക്കുക എന്നത് ഉൽസാഹദായകം തന്നെ.

 

       ഹോപ്കിൻസ് എന്ന കാര്യപ്രാപ്തിയിൽ അഗ്രഗണ്യമായ യൂണിവേഴ്സിറ്റി സൂക്ഷ്മതരമായ ഭരണസംവിധാനം എന്നും നിലനിർത്തിയിരുന്നു .ഓഫീസ് നിർവ്വഹണങ്ങളും യൂണിവേഴ്സിറ്റിയുടേയും ആശുപത്രിയുടേയും ഭരണരീതികളും കുറ്റമറ്റതാണെന്നുള്ളത് നിശ്ചയമാണ്. ഇത്രമാത്രം പൊതുജന ഇണക്കം (people friendly)  പരിപാലിക്കുന്ന സ്ഥാപനങ്ങൾ കാണാൻ പ്രയാസമാണ്.  ഗവേഷണത്തിന്റെ നിയതവഴികളെക്കുറിച്ചുള്ള കൃത്യമായ അറിവുകൾ ഹോപ്കിൻസ് അനുഭവം തീർച്ചയായും പ്രദാനം ചെയ്തിട്ടുണ്ട്. പ്രഗൽഭരായ ശാസ്ത്രജ്ഞരെ എന്നും ആകർഷിച്ചിട്ടുണ്ട് ജോൺസ് ഹോപ്കിൻസ്.  ഗവേഷണത്തിന് അർപ്പിക്കപ്പെട്ടതെന്ന് പ്രഖ്യാപിച്ചുകൊണ്ടും  അടിസ്ഥാനമാക്കിയുമാണ് യൂണിവേഴ്സിറ്റി തുടങ്ങിയതു തന്നെ. ഇന്നും ഗവേഷണത്തിനു ഏറ്റവും കൂടുതൽ തുക ചെലവഴിയ്ക്കുന്ന യൂണിവേഴ്സിറ്റിയും ഹോപ്കിൻസ് തന്നെ. രോഗങ്ങളെ അടിസ്ഥാനശാസ്ത്രങ്ങളുമായി ബന്ധപ്പെടുത്തുക എന്നത് ഹോപ്കിൻസ് മെഡിക്കൽ സിസ്റ്റത്തിന്റെ പ്രധാനോദ്ദേശമാണ്. ഇന്ന്  കോവിഡ്-19 രോഗത്തെപ്പറ്റിയുള്ള  ലോകത്തെ ഏറ്റവും വിപുലമായ പഠനകേന്ദ്രം ഹോപ്കിൻസ് തന്നെ. അവിടത്തെ ഒരു മലയാളി പ്രൊഫസരുടെ ഉൽസാഹത്താൽ ഒരു വമ്പൻ പൊതുജനാരോഗ്യപഠനകേന്ദ്രം ഹോപ്കിൻസ് കേരളത്തിനു വച്ചുനീട്ടിയത് നമ്മുടെ രാഷ്ട്രീയ നേതാക്കൾ തട്ടിക്കളഞ്ഞത് നമ്മുടെ ശാസ്ത്രസമീപനത്തിലെ പാപ്പരത്തം വെളിവാക്കുന്നതാണ്.

 

   കഠിനമായ മൽസരത്തിൽ ഞങ്ങളുടെ ഗവേഷണഗ്രൂപ്പിനു പിടിച്ചു നിൽക്കാനായില്ല. അമേരിക്കയിൽ 90% വും ഗവേഷണത്തിനുള്ള തുക യൂണിവേഴ്സിറ്റിയ്ക്ക് പുറത്തുള്ള ഏജെൻസികളിൽ നിന്ന് കൊണ്ടുവരേണ്ടതാണെന്നാണ് പൊതുനിയമം.പ്രത്യേകിച്ചും ബയോളജി/മെഡിക്കൽ സയൻസ് ഫീൽഡുകളിൽ. നമുക്ക് അങ്ങനെ കിട്ടുന്ന തുകയ്ക്ക് സമാനമായ തുക യൂണിവേഴ്സിറ്റി നൽകുകയാണ് പതിവ്. Indirect cost എന്നാണിതിന്റെ പേര്. എന്നുവച്ചാൽ അടിസ്ഥാനസൗകര്യങ്ങൾ നൽകുക എന്നത് യൂണിവേഴ്സിറ്റിയുടെ ചുമതലായകുകയാണ് എന്നർത്ഥം. ഗവണ്മെന്റിന്റെ നാഷണൽ ഇൻസ്റ്റിറ്റ്യൂറ്റ് ഓഫ് ഹെൽത് (NIH) ആണ് പ്രധാന ഗ്രാന്റ് ദാതാവ്. ഒരു വിദഗ്ധ കമ്മറ്റിയെ നമ്മുടെ പ്രൊപോസൽ ഗംഭീരമാണെന്നും അത് പ്രാവർത്തികമാക്കി വിശിഷ്ടഫലങ്ങൾ ലഭിയ്ക്കുമെന്നും തെര്യപ്പെടുത്തുകയാണ് ഒരു ഗ്രാന്റിന്റെ പ്രാഥമിക ധർമ്മം.   എന്തൊക്കെ ഉദ്ദിഷ്ടഫലങ്ങൾ ലഭിയ്ക്കും എന്ന് പ്രവചിച്ചാൽ മാത്രം പോരാ അങ്ങനെ സാധിച്ചില്ലെങ്കിൽ മറ്റെന്ത് പോവഴികളാണുള്ളത് സ്വീകരിക്കുന്നത് എന്നതും ബോദ്ധ്യപ്പെടുത്തേണ്ടതാണ്. നിർദ്ദേശിക്കുന്ന പരീക്ഷണവഴികൾ ചെയ്തെടുക്കാൻ പ്രാഗൽഭ്യമുള്ളവർ ഗ്രൂപ്പിൽ ഉണ്ടെന്ന് തെളിയിക്കേണ്ടതും ഗ്രാന്റ് എഴുതുന്നവരുടെ ജോലിയാണ്. കിട്ടുന്ന പ്രൊപോസലുകളിൽ അഞ്ചോ പത്തോ ശതമാനത്തിനു മാത്രമേ ഗ്രാന്റ് അനുവദിക്കപ്പെടാറുള്ളു എന്നത് ഈ മൽസരത്തിന്റെ കാഠിന്യം വെളിവാക്കുന്നു. സ്വന്തം ശമ്പളം ഇങ്ങനെ സ്വയം കൊണ്ടുവരേണ്ടത് ഗവേഷകരുടെ ചുമതലയാകുക എന്നത് ഗവേഷണത്ത്ന്റെ തീക്ഷ്ണതയിലും ഗൗരവത്തിലും എന്തുമാത്രം ആത്മാർപ്പണം ആവശ്യമാകുന്നെന്ന് സൂചിപ്പിക്കുന്നു. ഈ അതിജീവനപ്പൊരുതൽ ആണ് അമേരിക്കൻ ശാസ്ത്ര രംഗത്തെ സജീവമായും ഫലപ്രാപ്തിയിയന്നതാക്കിയും നില നിർത്തുന്നത്. താൽപ്പര്യമുള്ളവർ മാത്രം രംഗത്തു നിൽക്കേണ്ട സർക്കസ് ആയതുകൊണ്ട് ഞാണിന്മേൽക്കളി രസകരമായിത്തോന്നാത്തവർ സ്ഥലം വിടുന്ന അക്കാഡെമിക് വാതാവരണതന്ത്രം.

 

  ഞങ്ങളുടെ രണ്ട് ഗ്രാന്റ് ഒന്നിനു പുറകെ ഒന്നായി ത്യജിക്കപ്പെട്ടു. നിർദ്ദേശിക്കപ്പെട്ട പരീക്ഷണങ്ങൾക്ക് വേണ്ടത്ര പുതുമ ഇല്ലെന്നുള്ളതായിരുന്നു പ്രധാന പരാതി. പല പരീക്ഷണഫലങ്ങളും ഗാംഭീര്യമിയന്നതായിരിക്കും എന്ന് ബോദ്ധ്യപ്പെടുത്താൻ ഞങ്ങൾക്ക് സാധിച്ചില്ലെന്ന് റിവ്യൂ റിപ്പോർടിൽ കണ്ടു.  ഗ്രൂപ്പിൽ പലരും പതുക്കെ വേറേ ജോലി അന്വേഷിച്ചുതുടങ്ങി. ഞാനും. അധികം താമസിയാതെ യൂണിവേഴ്സിറ്റി ഓഫ് ഷിക്കാഗോയിലെ ഡിപാർറ്റ്മെന്റ് ഓഫ് മെഡിസിനിൽ ചേരാനുള്ള ക്ഷണം കിട്ടി. ബാൾടിമോർ വിട്ടുപോകണം എന്നത് സങ്കടകരമായി. ഹോപ്കിൻസിലെ കോ ഓപെറെറ്റീവ് സൊസൈറ്റി തന്ന ലോൺ കൊണ്ട് പുതുപുത്തൻ മോഡെൽ റ്റൊയോട്ട കാർ വങ്ങിച്ച് വിലസുന്ന കാലം. എല്ലാ വെള്ളിയാഴ്ച്ചയും അതുമായി ന്യൂയോർക്കിലേക്ക് പറക്കുകയാണ്.  അവിടെ ധാരാളം സ്നേഹിതർ. ശനിയും ഞായറും  ന്യൂയോർക്കിൽ അടിച്ചു പൊളിയ്ക്കൽ. ഡിസംബർ 31 പാതിരാത്രിയ്ക്ക് The Big Apple (ന്യൂയോർക്കിന്റെ ഓമനപ്പേരാണിത്) താഴേയ്ക്ക് വീഴുന്ന മാസ്മരികദൃശ്യം നേരിട്ടു കാണേണ്ടതു തന്നെ.  തിങ്കളാഴ്ച്ച അതിരാവിലെ തിരിച്ചു പുറപ്പെട്ടാൽ മൂന്നു മണിക്കൂറുകൊണ്ട് ബാൾടിമോറിൽ എത്താം. ന്യൂ യോർക്കിൽ പോകാൻ സാധിച്ചില്ലെങ്കിൽ വാഷിങ്ടൺ ഡി സി യിൽ പോകാം. ഒരു മണിക്കൂറോളം ഡ്രൈവേ ഉള്ളൂ. സ്നേഹിതർ അവിടെയുമുണ്ട്. ഈ പൊളപ്പൻ ലൈഫിനാണ് അറുതി വരുന്നത്!

 

യൂണിവേഴ്സിറ്റി ഓഫ് ഷിക്കാഗോ

 

   യൂണി. ഓഫ് ഷിക്കാഗോ മൈലുകളോളം വിസ്തൃതിയുള്ള കാമ്പസ്സാണ്. ഏറ്റവും കൂടുതൽ നോബെൽ സമ്മാനജേതാക്കൾ ഉള്ള ഇടം. ലൈബ്രറിയിൽ തൊട്ടടുത്ത ഡെസ്കിൽ ഇരിയ്ക്കുന്നത് സോൾ ബെല്ലോ ആയിരിക്കാം, കാമ്പസ് ഗ്രോസറിക്കടയിൽ ചെക് ഔട് കൗണ്ടറിൽ നമ്മുടേ പുറകിൽ നിൽക്കുന്നത് സുബ്രഹ്മണ്യം ചന്ദ്രശേഖറും ഭാര്യയുമാണ് എന്ന മട്ട്. ഒരു അപാർട്മെന്റ് ബിൽഡിങ്ങിൽ മാത്രം പതിനഞ്ചോളം നോബെൽ ജേതാക്കൾ താമസിക്കുന്നു. യൂണിവേഴ്സിറ്റിയുടെ റീഗൻസ്റ്റൈൻ ലൈബ്രറി ലോകത്തെ ഏറ്റവും വലിയ ലൈബ്രറികളിൽ ഒന്നാണ്. ഇന്നു വരെ ഇറങ്ങിയ എല്ലാ മലയാളപുസ്തകങ്ങളും സ്റ്റോക് ഉണ്ട്. 1700 കളിലോ അതിനും മുൻപോ മിഷനറിമാർ അച്ചടിച്ച മലയാളം പുസ്തകങ്ങൾ മാത്രമല്ല, ഓഡിയോ കസ്സെറ്റ് ശേഖരത്തിൽ യേശുദാസിന്റെ തരംഗിണി വക അയ്യപ്പഭക്തിഗാനങ്ങൾ വരെയുണ്ട്. അതിലൊന്ന് റെന്റ് ചെയ്യാൻ നേരത്ത് കൗണ്ടറിൽ ഇരിക്കുന്നവൾ ടേപ്പ് ശരിക്ക് പ്ലേ ചെയ്യുന്നുണ്ടോ എന്ന് പരിശോധിച്ചു. വോള്യം കുറയ്ക്കാൻ മറന്നുപോയതുകൊണ്ട് “ആ ദിവ്യനാമം അയ്യപ്പാ....” എന്ന് റീഗൻസ്റ്റൈൻ ലൈബ്രറി മുഴുവൻ പ്രകമ്പനം കൊണ്ടത് എന്നെ കുറച്ചല്ല രസിപ്പിച്ചത്.  ജനയുഗം ആഴ്ച്ചപ്പ്തിപ്പിന്റെ ആദ്യകാല കോപ്പികൾ ഞാൻ വായിച്ചു തീർത്തത് ഈ ലൈബ്രറിയിൽ നിന്നാണ്.ഭാഷാപോഷിണിയുടെ വളരെപ്പഴയ കോപ്പികൾ, മലയാളനാട്, കുങ്കുമം ഒക്കെ ഉണ്ടിവിടെ.

 

  ഡിപാർട്മെന്റ് ഓഫ് മെഡിസിനിൽ നെഫ്രോളജി സെക് ഷനിലാണ് എന്റെ നിയമനം. കിഡ്നി കോശങ്ങളുടെ വിഭജനനിയന്ത്രണങ്ങളെക്കുറിച്ചാണ് പ്രോജെക്റ്റ്. നാശോന്മുഖമായ കിഡ്നിഭാഗങ്ങൾ പുനരുദ്ധാരണം ചെയ്തെടുക്കാമോ എന്ന വലിയ ചോദ്യത്തിന്റെ ഭാഗം.   പ്രൊഫസർ  റ്റോബാക്ക് സൗമ്യനും മിതഭാഷിയുമായിരുന്നു. ഞാൻ ചേർന്ന ഉടൻ തന്നെ ഗ്രീൻ കാർഡിവേണ്ടി എന്നെ സ്പോൺസർ ചെയ്യാൻ സന്തോഷമേ ഉണ്ടായിരുന്നുള്ളു അദ്ദേഹത്തിനു. എന്റെ കല്യാണത്തിനു ശേഷം ഡിപാർറ്റ്മെന്റ് മുഴുവൻ ഉൾക്കൊള്ളുന്ന സൽക്കാരം നടത്തിയ മാന്യദേഹം. എന്നാൽ ചിലപ്പോൾ അദ്ദേഹത്തിനും ചില ഇടയലുകളിലേക്ക് വഴുതിവീഴുന്ന സ്വഭാവം ഉണ്ടായിരുന്നു. കിഡ്നി കോശങ്ങളുടെ വിഭജനത്തെക്കുറിച്ചും അതിന്റെ നിയന്ത്രണസംവിധാനത്തെക്കുറിച്ചും പഠിച്ചിരുന്ന എനിക്ക്  അതിനുവേണ്ടി എന്തൊക്കെ ഏതൊക്കെ ജീനുകളാണ് ഉണർന്നു വരുന്നത് എന്നതറിയാൻ  താൽപ്പര്യമുണ്ടായിരുന്നു. ആ സമയത്താണ് ഹാർവാർഡിൽ നിന്നും പുതിയ അതിസമർത്ഥനായ ഡോ. വികാസ് സുഖാത് മെ ഞങ്ങളുടെ ഡിപാർട്മെന്റിൽ ചേർന്നത്. അദ്ദേഹം പുതിയ ഒരു തന്ത്രവിദ്യ ഉപയോഗിച്ച് കോശവിഭജനസമയത്ത് ത്വരിതപ്പെടുന്ന കുറെ ജീനുകൾ വേർതിരിച്ച് എടുത്തിരുന്നു. ആ ജീനുകളെക്കുറിച്ച് വിവരങ്ങളൊന്നുമുണ്ടായിരുന്നില്ല, എന്താണവയുടെ ധർമ്മം എന്നും.. അതിൽ ഒന്നു രണ്ട് ജീനുകളുടെ ഉണർച്ച ഞാൻ കിഡ്നി കോശങ്ങളിൽ പരീക്ഷിച്ചു നോക്കാൻ തീരുമാനിച്ചു. ഇതറിഞ്ഞ ഡോ. റ്റോബാക് എനിക്ക് താക്കീത് നൽകുകയാണുണ്ടായത്. ഞാൻ ഇപ്പോൾ ചെയ്യുന്ന പ്രോജെക്റ്റ് തന്നെ ധാരാളം സമയമെടുക്കുന്നതാണെന്നും മറ്റ് പ്രോജെക്റ്റുകൾ, നമുക്ക് ഗുണമൊന്നുമില്ലാത്തവ പ്രത്യേകിച്ചും ചെയ്യാനുള്ള വേളയല്ലാ ഇത് എന്നൊമൊക്കെ കടുപ്പത്തിൽത്തന്നെ എന്നെ അറിയിച്ചു. എന്റെ പ്രധാന പ്രോജെക്റ്റിനെ ബാധിക്കാത്ത തരത്തിലാണ് ഈ അധികബാഹ്യമായ പരീക്ഷണങ്ങൾ എന്ന് ഞാൻ നിലപാടെടുത്തെങ്കിലും അത് അദ്ദേഹത്തെ തൃപ്തിപ്പെടുത്തിയില്ല. വൈകുന്നേരവും രാത്രിയിലുമൊക്കെയായി ഞാൻ പരീക്ഷണങ്ങൾ തുടരുക തന്നെ ചെയ്തു. കിഡ്നി കോശങ്ങളിൽ വിഭജനത്തിനു നിർദ്ദേശം കിട്ടിക്കഴിഞ്ഞാൽ ആദ്യം ഉണർന്നെഴുന്നത് ഇതിൽ ഒരു ജീൻ ആണെന്ന് എന്റെ പരീക്ഷണങ്ങൾ തെളിയിച്ചു. ഡോ. സുഖാത് മെ യ്ക്ക് ഇതിൽപ്പരം സന്തോഷിക്കാനില്ല എന്നായി. പുതിയ ജീൻ, പുതിയ ധർമ്മം എന്ന് അദ്ദേഹം എന്റെ പേര് ഉൾപ്പെടുത്തി പ്രഖ്യാപിച്ചു. യൂണിവേഴ്സിറ്റി ചൂടൻ ന്യൂസ് ആക്കി പരസ്യപ്പെടുത്തി. ഡോ. റ്റോബാക്ക്   ജാള്യത മറയ്ക്കാനായിരിക്കണം എന്നെ അനുമോദിയ്ക്കാൻ സമയമെടുത്തു. ഈ പുതിയ കണ്ടു പിടിത്തം പ്രസിദ്ധീകരിച്ചപ്പോൾ അദ്ദേഹത്തിന്റെ പേരും ചേർക്കാൻ അപേക്ഷിച്ചു. പുതിയ ജീനിനു egr gene (early growth response gene) എന്നാണ് പേരിട്ടത്.

 

  ഈ ജീനിനു വ്യാപകമായ ധർമ്മങ്ങളുണ്ടെന്ന് ലോകമെമ്പാടുമുള്ള മറ്റ് പരീക്ഷണങ്ങൾ പിന്നീട് തെളിയിച്ചു എന്നതാണ് ഈ പരീക്ഷണത്തിന്റെ സാംഗത്യം. കോശങ്ങളുടെ അതിജീവനം, ക്യാൻസർ അമർച്ച ചെയ്യൽ, കോശങ്ങളുടെ മരണം എന്നതിലൊക്കെ ഈ ജീൻ നിയന്ത്രണങ്ങൾ സാദ്ധ്യമാകുന്നുണ്ടെന്ന് പിന്നീട് കണ്ടുപിടിച്ചിട്ടുണ്ട്. ‘’ZENK’ എന്നപേരിൽ ഇതേ ജീൻ അറിയപ്പെട്ടു പിന്നീട്, പക്ഷികൾ പാട്ട് പഠിച്ചെടുക്കുമ്പോൾ ആദ്യം ഉത്തേജിതമാകുന്ന ജീൻ ഇതാണ് എന്നും അറിവായി. മനുഷ്യർ ഭാഷ പഠിച്ചെടുക്കുന്നതിൽ ഈ ജീനിനു പ്രധാന സ്വാധീനമുണ്ടെന്നാണ് നിഗമനം. തലച്ചോറിന്റെ പെരുമാറ്റങ്ങളെ ഈ ജീൻ എങ്ങനെ സ്വാധീനിക്കുന്നു എന്ന് ലോകത്ത് പലേ ലാബുകളിലും പഠിയ്ക്കപ്പെടുന്നു ഇന്ന്. എന്റെ ഗവേഷണജീവിതത്തിൽ ആകസ്മികമയി സംഭവിച്ച കാര്യം ലോകവ്യാപകമായിരിക്കുന്നു എന്നതിൽ ചാർതാർത്ഥ്യം ഏറെയാണ്.

 

    യൂണിവേഴ്സിറ്റി ഓഫ് ഷിക്കാഗോയിൽ വച്ച് നടത്തിയ മറ്റ് ചില പരീക്ഷണങ്ങളും വിജയം കണ്ടവയാണ്. കോശങ്ങളുടെ ചെറുസഞ്ചാരങ്ങൾ സംബന്ധിച്ചുള്ളവയാണ് അവ. വാസ്തവത്തിൽ ഒരിടത്ത് പറ്റിപ്പിടിച്ച് ഇരിയ്ക്കുന്നവയല്ല നമ്മുടെ ചില കോശങ്ങൾ. സാവധാനം നടന്നുനീങ്ങാനുള്ള കഴിവുണ്ട്. ചില പ്രത്യേക രാസപദാർത്ഥങ്ങൾ നൽകിയാൽ അവയുടെ സഞ്ചാരം ത്വരിതപ്പെടുത്താമെന്നുള്ള നിരീക്ഷണം വളരെപ്പെട്ടെന്നാണ് അംഗീകാരം നേടിയത്. ഡോക്റ്റർമാരുടെ പ്രിയ ജേണലായ Journal of Clinical investigation  ഇൽ മാറ്റങ്ങളോ പിഴതിരുത്തലുകളോ കൂടാതെ തന്നെ ഇത് പ്രസിദ്ധീകരിക്കപ്പെട്ടു.  തൊലിപ്പുറത്ത് ഉണ്ടാവുന്ന മുറിവുകൾ കൂടാൻ ഈ വിദ്യ പ്രയോജനപ്പെടും എന്നതിനാൽ പ്ലാസ്റ്റിക് സർജറിയ്ക്ക് ശേഷം ഇത് ഉപകാരപ്രദം ആകുമെന്നുള്ളതായിരുന്നു ഈ നിരീക്ഷണത്തിന്റെ മെച്ചം.

 

   സ്വപ്നങ്ങൾ പലതും സാക്ഷാത്ക്കരിക്കപ്പെട്ടു എന്ന സംതൃപ്തിയുണ്ട്. Cold Spring Harbor meetings ഇൽ പങ്കെടുക്കുക മാത്രമല്ല ഗവേഷണഫലങ്ങൾ അവതരിപ്പിക്കാനും സാധിച്ചു. മാത്രമല്ല പ്രസിദ്ധ ശാസ്ത്രജ്ഞൻ നോബെൽ ജേതാവ് ജെയിംസ് വാട്സണോടൊപ്പം ഡിന്നർ കഴിക്കാനും ഭാഗ്യമുണ്ടായിട്ടുണ്ട്. കഥകളി നിരാശകൾക്ക് പ്രതിവിധിയെന്നവണ്ണം മക്കളെ ഗുരുകുലം രീതിയിൽ ഒരു കഥകളിയാശൻ വീട്ടിൽ താമസിച്ച് പഠിപ്പിച്ചു, പാഞ്ചാലിയും ദുശ്ശാസനനും ശ്രീകൃഷ്ണനുമൊക്കെയായി പല അമേരിക്കൻ സ്റ്റേജുകളിലും അവർ നിറഞ്ഞാടി. കുട്ടിക്കാലത്ത് ഒന്നോ രണ്ടൊ നിക്കറും ഷർടും മാത്രം ഉണ്ടായിരുന്നതുകൊണ്ടായിരിക്കണം ജീൻസും ഷർടുകളും ധാരാളം വാങ്ങിക്കൂട്ടാറുണ്ട്. Childhood trauma യുടെ പരിണിതഫലം ആണെന്നാണ് മക്കൾ കളിയാക്കാറ്. ഈയിടെ അവർ എന്റെ ഉടുപ്പ്ക്ലോസെറ്റ് വൃത്തിയാക്കാൻ തുനിഞ്ഞു. 42 ജീൻസ് ആണ് കണ്ടുപിടിച്ചത്! പഴയതും പാകമല്ലാത്തതും ഒക്കെക്കൂടി. ചില സാക്ഷാൽക്കാരങ്ങൾ അതിരുവിട്ടെന്നിരിക്കുമെന്ന് സാരം.