Thursday, June 21, 2007

ശ്ലീലമെന്ത്? അശ്ലീലമെന്ത്? രണ്ടാം ഭാഗം

എസ്. ഗുപ്തന്‍ നായര്‍, കാക്കനാടന്‍, തോപ്പില്‍ ഭാസി എന്നിവര്‍ ഈ രണ്ടാം ഭാഗ ചര്‍ച്ചയില്‍ പങ്കെടുക്കുന്നു.

എസ്. ഗുപ്തന്‍ നായര്‍

ജീവിതത്തില്‍ ശ്ലീലമേത്, അശ്ലീലമേത് എന്നതിനെപ്പറ്റി വലിയ സംശയമുണ്ടാവാന്‍ നഴിയില്ല. പക്ഷെ സാഹിത്യത്തിലേക്ക് കടക്കുമ്പോള്‍ അവസ്ഥ മാറി. ഇവിടെ അശ്ലീലമെന്നതിനു കേവലവും നിരുപാധികവുമായ ഒരു നിര്‍വചനം അസാധ്യമെന്ന മട്ടാണ്. കാലം ദേശം മുതലായ ഉപാധികളനുസരിച്ച് മാനദണ്ഡം മാറിക്കൊണ്ടിരിക്കും. പത്തൊന്‍പതാം നൂറ്റാണ്ടില്‍ അശ്ലീലമായിരുന്നത് ഇന്ന് സഭ്യമായി എന്നു വരാം. അതുപോലെ മറിച്ചും.

......വിലക്കുകള്‍ കുറഞ്ഞ (പെര്‍മിസ്സീവ്)പാശ്ചാത്യസമൂഹത്തില്‍ അനുവദനീയമായതൊക്കെ ഭാരതീയരുടെ നിബദ്ധ (closed)സമൂഹത്തില്‍ അനുവദനീയമല്ലെന്നുള്ളതും നാം കണക്കിലെടുക്കണം. ...നമ്മുടെ സിനിമാചിത്രങ്ങള്‍-വിശേഷിച്ചും ഹിന്ദി സിനിമാ ചിത്രങ്ങള്‍ കണ്ടാല്‍ സിനിമാലോകമെങ്കിലും ‘പെര്‍മിസ്സീവ്‘ ആയി മാറിക്കഴിഞ്ഞുവെന്നാണ്‍തോന്നുക. എന്നിട്ടൂം പാശ്ചാത്യരെപ്പോലെ കാമിനീ കാമുകന്മാര്‍ പൊതുനിരത്തില്‍ വച്ച് കെട്ടിപ്പിടിയ്ക്കാന്‍ ഇവിടെയാരും മുതിരുകയില്ല എന്നു തോന്നുന്നു.

....സാഹിത്യത്തില്‍ തിരുക്കിക്കയറ്റുന്ന തെറികൊണ്ട് ഒരു സാമൂഹ്യപരിഷ്കാരവും ഇവിടെ സംഭവിക്കുന്നില്ല. ബഷീറിന്റെ ‘ശബ്ദങ്ങള്‍’ ഇവിടെ എന്ത് ബോധവല്‍ക്കരണമാനിവിടെ ഉണ്ടാക്കിയത്? ശബ്ദങ്ങളെഴുതിയ ബഷീറല്ല ‘ന്റുപ്പാപ്പ’യും പൂവന്‍പഴവും എഴുതിയ ബഷീറാന്ണ് ജീവിക്കാന്‍ പോകുന്നത്. ധര്‍മ്മപുരാണമെഴുതിയ ഒ. വി. വിജയനല്ല, ഖസാക്കും ഗുരുസാഗരവും വിജയനാണ് ഭാവിയില്‍ ഓര്‍ക്കപ്പെടുക.

സമൂഹത്തെ ഞെട്ടിയ്ക്കുന്നത് തീര്‍ച്ചയായും തെറ്റല്ല. പക്ഷെ ആ ഞെട്ടിക്കല്‍ കലാപരമായി നിര്‍വഹിക്കുമ്പോള്‍ മാത്രമേ അത് സാഹിത്യത്തിന്റെ ഗണനാകോടിയിലെത്തുകയുള്ളു. അല്ലാതെയുള്ള തെറിയെഴുത്തുകളെല്ലാം സാഹിത്യത്തിന്റെ മേല്‍ വിലാസത്തില്‍ പ്രചരിക്കാനാഗ്രഹിക്കുന്ന ചില കള്ളനാണയങ്ങ്ള്‍ മാത്രമാണ്. നമ്മുടെ വായനക്കാരേയും പ്രേക്ഷകരേയും കുളിപ്പുരയിലെ ചുവരെഴുത്തുകള്‍ വായിച്ച് രസിക്കുന്നവരുടെ നിലവാരത്തിലേക്കു വലിച്ച് താഴ്ത്തുന്നത് സാമൂഹ്യസേവനുവുമല്ല സാഹിത്യ സേവനുമല്ല.
----------------------------------------------

കാക്കനാടന്‍‍

അസ്ഥാനത്താവുന്നത് അശ്ലീലം

ശ്ലീലാശ്ലീലങ്ങളെ നിര്‍വചിക്കുമ്പോള്‍ നാം പലപ്പോഴും അബദ്ധധാരണകളില്‍ ചെന്നു ചാടാറുണ്ട്. സെക്സ് പ്രതിപാദിക്കുന്ന സാഹിത്യവും കലയും അശ്ലീലമാണെന്നു തോന്നുന്നതാണ് നമ്മുടെ ഏറ്റവും വലിയ തെറ്റിദ്ധാരണ. അല്ലെങ്കില്‍ ചില പ്രത്യേകം പദങ്ങളുടെ പ്രയോഗം അശ്ലീലമായി നാം കണക്കാക്കുന്നു. ചില മലയാള പദങ്ങള്‍ക്കു പകരം സംസ്കൃതമോ ഇംഗ്ലീഷോ പദങ്ങള്‍ ഉപയോഗിച്ചാല്‍ അശ്ലീലം ശ്ലീലമായി മാറുന്നു എന്നു നാം ധരിച്ചുവച്ചിരിക്കുന്നു.......

....നമ്മുടെ പ്രാചീനമായ ഭക്തിസങ്കല്‍പ്പങ്ങ്നളിലും ദൈവസങ്കല്‍പ്പങ്ങളിലും സെക്സിനു പ്രമുഖമായ സ്ഥാനമുണ്ട്. ഭാര്യയോ കാമുകിയോ ആയ സ്ത്രീയുമായുള്ള ഒരു പുരുഷന്റെ ബന്ധം മാത്രമല്ല അവന്‍ അവന്റെ ആരാധനാമൂര്‍ത്തിയായ ദേവിയോടുള്ള ബന്ധം പോലും പലപ്പോഴും സെക്സില്‍ അധിഷ്ഠിതമാണ്....സെക്സിനെ അത്തരം ഉദാത്തതയിലേക്ക് ഉയര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ അത് ഒരിക്കലും അശ്ലീലമാവുന്നില്ല.

സ്ഥാനം

‘സ്ഥാനം തെറ്റിയിരിക്കുന്നതെന്തോ അത് മാലിന്യം’ (Anything out of place is dirt) എന്നൊരു ചൊല്ലുണ്ടല്ലൊ......ഖജുരാഹോയിലെ ശില്‍പ്പങ്ങള്‍ രതിവൈകൃതങ്ങള്‍ വരെ പ്രകടമാക്കുന്നു. പക്ഷേ ഒരു കലാശില്‍പ്പമെന്ന രീതിയില്‍ അവയെ സമീപിക്കുമ്പോള്‍ രതിവൈകൃതങ്ങളേക്കാള്‍ ഒരു ആസ്വാദകനോട് പ്രതികരിക്കുന്നത് അവയില്‍ പ്രകടമാകുന്ന ശില്‍പ്പചാതുരിയാണ്. നവോത്ഥാനകാല (Renaissance)ത്തെ പാശ്ചാത്യ ചിത്രകലയിലെ നഗ്നചിത്രങ്ങ്നളും ഈ വസ്തുത വിളിച്ചോതുന്നു......സെക്സ് കൈകാര്യം ചെയ്യേണ്ടത് ഇതിവൃത്തത്തിന് അത്യന്താപേക്ഷിതമാണെങ്കില്‍ മറ്റൊരു സത്യത്തിലേക്കുള്ള അന്വേഷണപ്രയാണത്തിന്‍ അത്യാവശ്യമാണെങ്കില്‍ സെക്സ് പ്രതിപാദിക്കുന്നത് ഒരിക്കലും തെറ്റല്ല. മാലിന്യമല്ല, അശ്ലീലമല്ല.

.........
ഹെന്രി മില്ലറുടെ “റ്റ്രോപിക് ഓഫ് ക്യാന്‍സര്‍” എന്ന കൃതിയില്‍ വഴിവക്കില്‍ നടക്കുന്ന ഒട്ടേറേ രതിക്രീഡകളുടേയും രതിവൈകൃതങ്ങളുടേയും ചിത്രങ്ങളുണ്ട്. അവ വര്‍ണ്ണിച്ചിരിക്കുന്ന രീതി ചിലപ്പോള്‍ അറപ്പുളവാക്കുകപോലും ചെയ്യുന്നു. എന്നാല്‍ അത്തരം വര്‍ണ്ണനകള്‍ക്കു ശേഷം പിന്നീടു വരുന്ന ഒട്ടേറെ താളുകളില്‍ മില്ലര്‍ ചര്‍ച്ച ചെയ്യുന്നത് ആധുനിക മനുഷ്യന്റെ ദാര്‍ശ്നിക പ്രശ്നങ്ങളാണ്. ജിദ്ദു കൃഷ്ണമൂര്‍ത്തിയുടെ ജീവിത വീക്ഷണത്തില്‍ അധിഷ്ഠിതമായ ചിന്താപദ്ധതികളാ‍ണ്. അതുകൊണ്ടാവണം ലോറന്‍സ് ഡുറല്(അല്‍ക്സാന്‍ഡ്രിയ ക്വാര്‍ട്ടറ്റിന്റെ കര്‍ത്താവ്) മില്ലറെ “ജന‍നേന്ദ്രിയമുള്ള ഒരു ഗാന്ധി”(A Gandhi with a penis) എന്നു വിശേഷിപ്പിച്ചത്.

.......ഒരു മൃതദേഹത്തിനുമുന്നില്‍ ഭയന്നു വിറച്ചുനിന്ന് മുഷ്ടിമൈഥുനം നടത്തുന്ന ഒരു ചെറുപ്പക്കാരന്റെ മാനസികവിഭ്രാന്തി ഴാങ് ഷെനെ (Jean Genet)വരച്ചുവയ്ക്കുമ്പോള്‍ വായനക്കാരന് മുഷ്റ്ടിമൈഥുനം നടത്താനല്ല കഥാപാത്രത്തിന്റെ മാനസികവൈകല്യവും‍ ഭീതിയും പങ്കുവൈയ്ക്കനാണ് തോന്നുക.......
..അതൊന്നും അശ്ലീലമായി സാമാന്യബോധമുള്ള ഒരാള്‍ കണക്കാക്കുകയില്ല. കാരണം അവര്‍ പുട്ടിനു തേങ്ങാ ഇടുകയല്ല ചെയ്യുന്നത്. മറിച്ച് ജീവിതത്തിന്റെ ഒരവിഭാജ്യഘടകമായി സെക്സ് അവതരിപ്പിക്കുകയാണ്‍. നമ്മുടെ അങ്ങാടി സാഹിത്യത്തിലും അങ്ങാടി സിനിമയിലും-ഇവ കുടുംബസാഹിത്യമെന്നും കുടുംബസിനിമയെന്നുമുള്ള ഓമനപ്പേരുകളില്‍ അറിയപ്പെടുന്നു-ലൈംഗികത അതിന്റെ ഏറ്റവും വൃത്തികെട്ട രൂപത്തില്‍-പകുതി മൂടിയിട്ടാണെങ്കിലും പ്രത്യക്ഷപ്പെടുന്നു. അതാണ് അശ്ലീലം. അതാണ് അസ്വീകാര്യം. അതാണ് അനഭികാമ്യം.

......വാക്കുകളുടെ കാ‍ര്യത്തിലും ഇതുണ്ട്. ഈ വിവേചനം മലയാളത്തില്‍ തെറി എന്നു തോന്നുന്ന പലവാക്കുകളും സംസ്കൃതത്തിലോ ഇംഗ്ലീഷിലോ പറഞ്ഞാല്‍ തെറി അല്ലാതാവുന്നു. അല്ലെങ്കില്‍ ചുറ്റിവളച്ച് പറയേണ്ടിവരും. .....’ഒന്നു തൂറണം’ അല്ലെങ്കില്‍ ‘പെടുക്കണം’ എന്ന് നമ്മള്‍ നാലാള്‍ ഒന്നിച്ചിരിക്കുമ്പോള്‍‍ പറയാറില്ല. അതുവൃത്തികേടാണ്. ഒന്നു മലവിസര്‍ജ്ജനം നടത്തിയിട്ടു വരാം അല്ലെങ്കില്‍ മൂത്രമൊഴിച്ചിട്ടു വരാം എന്നോ മാത്രമേ പറയാറുള്ളു....ഇതിനേക്കാള്‍ ഗൌരവമേറിയ കട്ടിയായ ഒട്ടേറെ ഒട്ടനവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണീക്കാനുണ്ട്..

ലൈംഗിക ബന്ധം -രതിവൈകൃതങ്ങളുള്‍പ്പെടെ- അശ്ലീലമാവുന്നില്ല. സന്ദര്‍ഭമനുസരിച്ചാണ് അത് ശ്ലീലമോ അശ്ലീലമോ ആവുന്നത്. അസ്ഥാനത്താവുന്നതെന്തോ അഴുക്ക് എന്ന വാക്യം ഒന്നുകൂടി ഉദ്ധരിക്കട്ടെ.

അതു തന്നെയാണ്‍ അശ്ലീലവും.
------------------------------------------------------------
തോപ്പില്‍ ഭാസി

‘അശീല’ മാണ് അശ്ലീലം.അശീലമെന്നാല്‍ ‘ദുശീല‘ മെന്നും ‘മര്യാദ കെട്ടത്’ എന്നുമാണ്‍ ഡിക്ഷണറി അര്‍ത്ഥം. നമുക്ക് ശീലമില്ലാത്തതിനേയും അശീലത്തില്‍ പെടുത്താം. ഇന്നാ വാക്കിനെ ലൈംഗിക കാര്യങ്ങളില്‍ ഒതുക്കിയിരിക്കുന്നു.

രാഷ്ട്രീയത്തിലുണ്ട് അശ്ലീലം (മര്യാദകേട്). ലൈംഗികകാര്യങ്ങളെപ്പറ്റി പ്രതിപാദിക്കാത്ത കലയിലും സാഹിത്യത്തിലും അശ്ലീലമുണ്ട്. കലയുടേയും സാഹിത്യത്തിന്റേയും മൌലിക ധര്‍മ്മങ്ങളെ വ്യഭിചരിക്കുമ്പോഴാണ്‍ അശ്ലീലമാകുന്നത്. ദൈവചിന്തയിലുമുണ്ട് അശ്ലീലം (അതിന്റെ ഉദാഹരണമെഴുതിയാല്‍ ഭക്തന്മാര്‍ എന്നെ തല്ലും).

നഗ്നതയോ സംഭോഗമോ അശ്ലീലമാണെന്ന് ഞാന്‍ കരുതുന്നില്ല. ...ആദാമിന്റേയും ഹവ്വയുടേയും ഒരു ചിത്രം വരച്ചാല്‍ ആദിമമനുഷ്യരുടെ ചിത്രം വരച്ചാല്‍ അത് അശ്ലീലമാവുകയില്ല. സംഭോഗം ഏറ്റവും വലിയ സൃഷ്ടികര്‍മ്മമാണ്.....അതശ്ലീലമാണെങ്കില്‍ അശ്ലീലത്തിന്റെ ഉല്‍പ്പന്നമല്ലേ നമ്മള്‍.

മനുഷ്യര്‍ സമൂഹജീവിയായി വളര്‍ന്നപ്പോള്‍ സമൂഹത്തിന്റെ നിലനില്‍പ്പിനും വളര്‍ച്ചയ്ക്കും വേണ്ടി ചില ആചാര്യമര്യാദകള്‍ ഉണ്ടാക്കി. അതു വിശ്വാസപ്രമാനങ്ങളായി.ലൈംഗികബന്ധങ്ങള്‍ തന്നെ ഉദാഹരനം....ലൈംഗികബന്ധത്തെപ്പറ്റിയുള്ള നമ്മുടെ വ്യത്യസ്തമായ വിശ്വാസപ്രമാണങ്ങള്‍‍ നോക്കുക. ഹിന്ദുക്കള്‍ക്ക് അമ്മയുടെ സഹോദരന്റെ മകളോ മകനോ അച്ഛന്റെ സഹോദരിയുടെ മകളോ മകനൊ മുറപ്പെണ്ണും മുറച്ചെറുക്കനുമാണ്‍ ക്രിസ്ത്യാനികള്‍ക്ക് അമ്മയുടെ സഹോദരന്റെ മകളും മകനും അച്ഛന്റെ സഹോദരിയുടെമകനും മകളും സഹോദരരാണ്. തമിഴരില്‍ ഒരുകൂട്ടരുടെ മുറപ്പെണ്ണും മുറച്ചെറുക്കനും സഹോദരിയുടെ മക്കളാണ്‍..........ആചാരം അനുഷ്ഠിയ്ക്കുന്നവരുടെ വികാരം ഉള്‍ക്കൊണ്ട് നാമതിനെ മനസ്സിലാക്കുവാന്‍ ശ്രമിച്ചാല്‍ നമുക്കശ്ലീലമായി തോന്നുന്നത് ശ്ലീലമായി തോന്നും.

.....തകഴിയുടെ കയര്‍ നോവലിലേയും അതിന്റെ റ്റെലിവിഷന്‍ സീരിയല്‍ ആവിഷ്കരണത്തിലേയും ‘അശ്ലീല’മെന്നു പറയപ്പെടുന്ന ഭാഗാങ്ങളെപ്പറ്റി പരിശോധിക്കുക.ആ കാലഘട്ടത്തിന്റെ ചരിത്രപശ്ചാത്തലം അറിയാവുന്നവര്‍ക്കാര്‍ക്കും അതില്‍ അശ്ലീലം തോന്നുകയില്ല. ലൈംഗികവേഴ്ച്ചകള്‍ക്ക് അന്ന് ഇന്നുള്ള ഭദ്രത ഇല്ലായിരുന്നു. ഏകപത്നീവ്രതവും ഏകഭര്‍തൃവ്രതത്തിന്റെ പാതിവ്രത്യവും അന്നില്ലായിരുന്നു.

എന്റെ ചെറുപ്പത്തില്‍ചില തറവാടുകളിലെ വലിയമ്മമാര് പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്.- “എന്നെ സംബന്ധം ചെയ്തത് ഇലഞ്ഞിക്കലെ നീലകണ്ഠപ്പിള്ളയാണ്. അങ്ങേര്‍ക്ക് പിറന്നതാണ് കൊച്ചുരാമന്‍.പ്ലാവിലയില കാരണവരാ‍ണ് എന്റെ മോന്‍ നാണുവിന്റെ അച്ഛന്‍. മോള്‍ പാറുവിന്റെതന്ത ചെങ്ങരത്തേ നടുവന്‍’ എന്നിങ്ങനെ. ഒരു പുളിപ്പുമില്ല അവര്‍ക്കിതു പറയുന്നതിനു. അതറിയുന്ന്നതില്‍ അവരുടെ ഭര്‍ത്താവിനും കേസില്ല. അദ്ദേഹത്തിനു വേറെ പലേടത്തും മക്കള്‍ കാണുമല്ലൊ.

...തകഴി കേട്ടറിഞ്നതും നേരില്‍ അറിഞ്ഞതുമായ സത്യങ്ങളാണ്‍ കലാപരമായി ആവിഷ്കരിച്ചത്.

ലൈംഗിക കാര്യങ്ങളെപ്പറ്റി പ്രതിപാദിക്കുന്നതും നഗ്നതയെ ചിത്രീകരിക്കുന്നതു കൊണ്ടും ഒരു സാഹിത്യകൃതിയോ കലാസൃഷ്ടിയോ അശ്ലീലമാവില്ല. സംസ്കൃതത്തില്‍ നൂറുനൂറ് ഉദാഹരണങ്ങളുണ്ട്. ശകുന്തളയുട്റ്റെ ശരീരം ദഹിപ്പിക്കുന്ന കാമവികാരത്തെ- ദുഷന്തനുമായി ഇണചേരാ‍ാനുള്ള തീവ്രമോഹത്തെ- കാളിദാസന്‍‍ വര്‍ണിക്കുന്നുണ്ട്....ശ്രീപാര്‍വതിയുടെ സ്തനങ്ങളെപ്പറ്റി കാളിദാസനു വലിയ മതിപ്പായിരുന്നു വെന്നു തോന്നുന്നു. മറ്റൊരിടത്ത് “മൃണാളസൂത്രാന്തരമപ്യലഭ്യം” എന്നു പറഞ്ഞിട്ടുണ്ട്. (മുലകളുടെ മധ്യത്തു കൂടി ഒരു താമരനൂലുപോലും കടക്കുകയില്ലെന്നു സാരം). പച്ചത്തെറി പോലും കാളിദാസന്‍ എഴുതിയിട്ടുണ്ടത്രേ.
“അഹോ ഭാഗ്യവതീ നാരീ
ഏകഹസ്തേന ഗോപ്യതേ”
...ശ്ലൊകത്തിന്റെ ഉത്തരാര്‍ത്ഥം അച്ചടീക്കാന്‍ കൊള്ളരുതാത്തതായതുകൊണ്ട് എഴുതുന്നില്ല.

....
സാഹചര്യം

ജീവിതസാഹചര്യമനുസരിച്ച് അശ്ലീലം ശ്ലീലമായി മാറും. എറ്റ്വും ഒടുവിലത്തെ ഒരുദാഹരണമെഴുതട്ടെ. ‘സൌമ്യനും ദുശ്ശീല’ങ്ങളൊന്നുമില്ലാത്തവനുമായ പ്രധാനമന്ത്രി നരസിംഹ റാവു ഗര്‍ഭനിരോധനസാമഗ്രികളും ഗര്‍ഭം തടയാനുള്ള മരുന്നുകളും റേഷന്‍ കട വഴി വിതരണം ചെയ്യനമെന്നു പറഞ്ഞിരിക്കുന്നു. സാധാരണ രക്ഷാകര്‍ത്താക്കള്‍ കുട്ടികളെയാണ് റേഷന്‍ കടകളില്‍ അയയ്ക്കാറ്. അപ്പോള്‍ ഇനിമുതല്‍ മാതാപിതാക്കള്‍‍ക്ക് മക്കളോടു പറയേണ്ടിവരും ‘നീ പോയി റേഷനരിയും പഞ്ചസാരയും പാമോയിലും ഒരു ഡസന്‍ നിരോധും വാങ്ങിച്ചുകൊണ്ടു വരൂ, കേടില്ലാത്തതു വാങ്ങിക്കണേ’ എന്ന്.പ്രായമായ മക്കള്‍ വയസ്സായ മാതാപിതാക്കളോടും ഇങ്ങനെ പറഞ്ഞ്കൂടെന്നില്ല.

കൊച്ചുകുട്ടികളെയാണ് റേഷന്‍ കടയില്‍‍ അയയ്ക്കുന്നതെങ്കില്‍ അമ്മ ഇങ്ങനെകൂടി പറയും-“മോനേ നിരോധ് വഴിയിലെങ്ങും കളയല്ലേ. ഈയാഴ്ച നിരൊധ് റേഷന്‍ കുറവാണ്“.
അശ്ലീലം ശ്ലീലമാകുന്നു.

15 comments:

എതിരന്‍ കതിരവന്‍ said...

ശ്ലീലമെന്ത്? അശ്ലീലമെന്ത്? രണ്ടാം ഭാഗം
എസ്. ഗുപ്തന്‍ നായര്‍, കാക്കനാടന്‍, തോപ്പില്‍ ഭാസി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നു.

മൂന്നാം ഭാഗത്തില്‍ ശ്രീകുമാരന്‍ തമ്പി, കെ. സുരേന്ദ്രന്‍, ബി. പി. ആര്‍. ഭാസ്കര്‍ മുതലായവര്‍.

SUNISH THOMAS said...

കാലഘട്ടത്തിന് അനുസരിച്ച് ശ്ലീലാശ്ലീലങ്ങളില്‍ മാറ്റം വരുന്നുമുണ്ട്. പത്തുവര്‍ഷം മുന്‍പ് പൊതു ജനം മൂക്കുചുളിച്ചിരുന്ന പലതുമിന്നു സ്വീകാര്യമായിക്കഴിഞ്ഞു. സ്വീകാര്യം- അസ്വീകാര്യം, ശ്ളീലം, അശ്ലീലം എന്നിങ്ങനെ ഈ വിവേചനങ്ങള്‍ പരസ്പര ബന്ധിതം കൂടിയാണ് അല്ലേ?
ഏതായാലും ഈയൊരു ചര്‍ച്ച ഇവിടെ പുനരവതരിപ്പിച്ചതു വലിയ കാര്യമാണ്. ഇതിനു വേണ്ടി വന്ന അധ്വാനത്തെയും നിസ്സാരമായി കാണാനാവില്ല. തുടരുക... ബൂലോഗത്ത് ഇത്തരം ഗൗരവമായ ചര്‍ച്ചകളും കൊഴുക്കട്ടെ...!!

Narayanan Nair said...

Hello ethiran kathiravan
I have read all your Shleelam Ashleelam commentary. I appreciate your eforts to classify what is accepted as Shleelam nd what is not as per the various authors in Malayalam literature. Excellent. let this kind of discussion progress. Also, please pardon me for using English as a medium, I am still practising Varamozhi and am not to good at it yet.Thanks,

കുട്ടു | Kuttu said...

കലക്കി കതിരാ....

ആദ്യത്തേതിനേയും, ഇതിനേയും രക്ഷിച്ചൂ...
അടുത്തത് പോരട്ടെ...

ഇങ്ങനെ, പ്രസക്തമായ (പഴയതോ/പുതിയതോ ആവട്ടെ) ആര്‍ട്ടിക്കിള്‍സ് കൈവശമുണ്ടെങ്കില്‍ പോസ്റ്റിക്കോളൂ. ഒരു റഫറന്‍സ് ആയി സേവ് ചെയ്ത് വയ്ക്കാമല്ലോ ഇത്പോലെയുള്ള നല്ല പോസ്റ്റുകള്‍. പ്രസിദ്ധീകരിച്ച വാരിക തപ്പിയെടുക്കല്‍ അത്ര എളുപ്പമല്ല അതാ....

:)

വിനയന്‍ said...

കൊള്ളാം നന്നായിരിക്കുന്നു.

ശ്രീ മുത്തപ്പന്‍ Sree Muthapan said...

ശ്രീമാന്‍ എതിരന്‍
"ശ്ലീലമെന്ത്? അശ്ലീലമെന്ത്?"
സത്യമായും കലക്കിക്കളഞ്ഞു.
അസ്ലീലത്തെക്കുറിച്ച്‌ ഈ സാഹിത്യകാരന്മാരുടെ അഭിപ്രായങ്ങളൊക്കെ എഴുതിയെങ്കിലും കതിരവന്റെ സ്വന്തം അഭിപ്രായമെന്തെന്നറിഞ്ഞില്ല.

ഉണ്ണിക്കുട്ടന്‍ said...

എതിരാ കലക്കി ഈ ലേഖനം .

"നഗ്നതയോ സംഭോഗമോ അശ്ലീലമാണെന്ന് ഞാന്‍ കരുതുന്നില്ല. ...ആദാമിന്റേയും ഹവ്വയുടേയും ഒരു ചിത്രം വരച്ചാല്‍ ആദിമമനുഷ്യരുടെ ചിത്രം വരച്ചാല്‍ അത് അശ്ലീലമാവുകയില്ല. സംഭോഗം ഏറ്റവും വലിയ സൃഷ്ടികര്‍മ്മമാണ്.....അതശ്ലീലമാണെങ്കില്‍ അശ്ലീലത്തിന്റെ ഉല്‍പ്പന്നമല്ലേ നമ്മള്‍."

ഇതു നമ്മുടെ 'ഇഞ്ചിപ്പെണ്ണ്' മനസ്സിലാക്കിയിരുന്നെങ്കില്‍ കാനായി കുഞ്ഞി രാമന്റെ യക്ഷി പ്രതിമയെ വൃത്തികേട് എന്നു പറഞ്ഞ വൃത്തികേട് കാട്ടില്ലായിരുന്നു.
[പേരെടുത്തു പറഞ്ഞതു പ്രശ്നമാകുമോ..ഏയ് ..ആകുമോ..ഇല്ല]

Dinkan-ഡിങ്കന്‍ said...

എതിരവന്‍&കുതിരവന്‍ (രണ്ട് പേരൊടും കൂടെ :) ) ലേഖനം നന്നായി. പലരുടെയും അഭിപ്രായം ക്രോഡീ‍കരിച്ചത് വായിച്ചു. എന്നാല്‍ ചില എഴുത്തുകാര്‍ “സ്യൂഡൊ മൊറാലിറ്റി” ആയി വരുന്നതും കാണാം. “ഒരു സ്ത്രീയെ കണ്ടാല്‍ ആദ്യം ആയി നൊക്കുക അവളുടെ വയറിലേയ്ക്കാണ്, ഒട്ടിയവയറാണൊ, ഭക്ഷണം കഴിച്ചിട്ട് എത്ര ദിവസം ആയി എന്ന്?” ഇത് കോവിലന്റെ വാചകം ആണ്. സത്യമാകാം എന്നാല്‍ എത്ര പേരില്‍ എത്രത്തോളം എന്നത് ചിന്തനീയം.

ശ്ലീലാശ്ലീലങ്ങള്‍ക്ക് മാനസികം,വ്യവഹാരം, രാഷ്ട്രീയം,ഭൂമിശാസ്ത്രം എന്നിവ അതിര്‍വരമ്പുകള്‍ സൃഷ്ടിക്കുകയും , പൊളിച്ചെഴുതുകയും ചെയ്യുന്നു.
ലേഖനം ഇനിയും തുടരുമോ?

ഓഫ്.ടൊ
ഉണ്ണിക്കുട്ടാ, ഡെയ്

സീതാ കല്യാണ വൈഭൊഗമേ... എന്ന അഷ്ടപതി(അല്ലേ?) കേട്ട് കൊണ്ട് നില്‍ക്കേ. കൂടെയുള്ള ഒരുത്തന്‍ ചൊദിക്കുന്നു.
കഷ്ടം..നാണമില്ലേ?
സീതാ കല്യാണ Why ഭോഗമേ എന്ന് ചോദിക്കാന്‍?
കല്യാണം കഴിഞ്ഞാല്‍ ഇതൊക്കെ ഉണ്ടാകും എന്നറിഞ്ഞൂടെ എന്ന്?
(അമ്പലപരിസരം ആയോണ്ട് ഞാന്‍ കൂമ്പിടിച്ച് വാട്ടിയില്ല)

സജീവ് കടവനാട് said...

നരസിംഹറാ‍വുവല്ല ഇപ്പോള്‍ പ്രധാനമന്ത്രി. ഈ ലോകത്തിലൊന്നുമല്ല അല്ലേ.

വെട്ടിച്ചിറ ഡയമൺ said...

നന്നായി. ഈ ചര്‍ച്ചയുടെ അനുബന്ധം ബ്ലോഗിലും ആയിക്കൂടേ? (വേന്ട! എന്നിട്ടുവേണം അതിന്റെ പേരില്‍ അടുത്ത അടിനടക്കാന്‍!) കമന്റുകളിലും ഞരമ്പുകളിലുമായി ബ്ലോഗിലെ അശ്ലീലം പിണഞ്ഞുകിടക്കുന്നു എന്നാണല്ലോ പഴി.

പക്ഷെ ബ്ലോഗശ്ലീലത്തിനൊരു പ്രത്യേകതയുണ്ട്. സ്വന്തമായി എഴുതുന്ന അശ്ലീലം, ഉദാത്തമായ ശ്ലിലമാണ്. വാല്ലവരുമെഴുതുമ്പോള്‍ അത് അശ്ലീലം. പടിയടച്ചുപിണ്‍‌ഡം വയ്ക്കല്‍ വരെ സ്വാഭാവീകം.

ഉണ്ണിക്കുട്ടാ “ഞ്ച” എന്ന അക്ഷരം വരുന്ന കമന്റിടുമ്പോള്‍ സൂക്ഷിക്കുക. അത് ഓട്ടമാറ്റിക് ആയി ഡിലീറ്റ് ആകും. ഉണ്ണിക്കുട്ടന്റെ പുതിയ കമന്റും അവിടെ ഡിലീറ്റ് ആയി, അറിഞ്ഞില്ലേ?

ഇനി അവിടെ പോയി മനോഹരമായ ഉദാത്തമായ സ്വതന്ത്രകഥ എന്നൊരു കമന്റുവച്ചുനോക്കിയേ..

എതിരന്‍ കതിരവന്‍ said...

സുനീഷ്, നാ‍ാരായണന്‍ നായര്‍,കുട്ടു,വിനയന്‍, ഉണ്ണിക്കുട്ടന്‍, മേഘനാഥന്‍- നന്ദി.

മുത്തപ്പന്‍; സന്തോഷം. ഈ പ്രഗല്‍ഭരുടെ ഇടയ്ക്ക് എന്റെ വാക്കുകള്‍ക്ക് സാംഗത്യമില്ലെങ്കിലും അസ്ഥനത്താകുന്നത് അശ്ലീലം എന്ന അഭിപ്രായം തന്നെ എനിയ്ക്കും. ഇത് സ്ഥല കാല ബന്ധിതമാണ്.

ഡിങ്കന്‍ നമ്പൂതിരീ, “സീതാകല്യാണ വൈഭോഗമേ” അഷ്ടപദി യല്ലേ എന്നോ? ഇല്ലത്ത് അഷ്ടപദി പഠിപ്പിലലൊക്കെ ഇല്യാണ്ടാ‍ായിരിക്കണു. അച്ഛന്‍ നമ്പൂരിയെ കണ്ട് പറയണുണ്ട് മഹന്‍ വെളിവില്യാത്തൊനായല്ലൊ എന്ന്. ഇനി കമ്മ്യൂണിഷ്ടായതാണോ ഈശ്വരാ...പൂണൂല്‍ ഈയിടെയായി കാണാറില്ലല്ലൊ.

കിനാവ്:

അല്ലാ നരസിംഹറാവു അല്ലേ പ്രധാനമന്ത്രി? മോനേ ആ റേഡിയൊ ഒന്നു വച്ചേ. എന്ത്? റേഡിയൊ മാറി റ്റി. വി. ആയെന്നോ? ങേ റ്റി. വി യും വേണ്ട?കമ്പ്യൂട്ടറിലും വാര്‍ത്ത വായിക്കാമെന്നോ? ഈശ്വരാ ഞാന്‍ ഇത്രേം നാളും ഉറങ്ങുകയായിരുന്നോ? ശാസ്ത്രം പുരോഗമിച്ചെന്ന് കിനാവ് കാണുകയായിരുന്നിരിക്കണം.

Anonymous said...

what this all about ,what happen to him ,i think he is weird and mind full of sexomatic issues ..

Prince said...

മികച്ച എഴുത്ത്..വലിയ പ്രചോദനം ....

Prince said...

മികച്ച എഴുത്ത്..വലിയ പ്രചോദനം ....

Prince said...

മികച്ച എഴുത്ത്..വലിയ പ്രചോദനം ....