അഞ്ച്
ഹാഫ് ഡോര്‍ തുറന്ന് അകത്ത് പ്രവേശിച്ചപ്പോള്‍ കണ്ട പോലീസുദ്യോഗസ്ഥന്‍ സണ്ണിയ്ക്ക് വലിയ ഞെട്ടല്‍ സമ്മാനിച്ചു. ഇന്നലെ താന്‍ കഴുത്തിനു പിടിച്ച പളപള വസ്ത്രധാരി!അപ്പോള്‍ അങ്ങനെയാണ് കാര്യങ്ങള്‍!പാലാക്കരുടെ ബുദ്ധിയൊന്നും തനിയ്ക്കു കിട്ടിയിട്ടീല്ല! അയാള്‍ ഇപ്പോഴും സൌമ്യനാണ്. “സണ്ണീ ഐ ന്യൂ യു വുഡ് കം” മലയാളം പോലത്തെ ഇംഗ്ലീഷ് വീണ്ടും. വീടാക്രമിച്ചതും വാഴകള്‍ നശിപ്പിച്ചതും ഇനി പറഞ്ഞിട്ടെന്തു കാര്യം? ഇയാളായിരിക്കും സൂത്രധാരന്‍. എന്നാലും ഔപചാരികത എന്നമട്ടില്‍ ചുരുക്കത്തില്‍ സംഭവം വിശദീകരിച്ചു. “ ഹോ ഇവിടെയെല്ലാം തമിഴന്മാരുടെ പ്രശ്നമാ സണ്ണീ. മിനിഞ്ഞാന്ന് രാമപുരത്തൂന്ന് രണ്ടെണ്ണെത്തിനെ പൊക്കിയതേ ഉള്ളു. എല്ലാത്തിനേം പിടിയ്ക്കുന്നുണ്ട്” അതേ, ഇന്നലെ ശുദ്ധമലയാളാത്തില്‍ പറഞ്ഞ വൃത്തികേടുകളൊക്കെ തമിഴന്മാരുടേതാണ്! തമിഴന്മാര്‍ വാഴ നശിപ്പിക്കുന്നതെന്തിനെന്ന ലളിതമായ ചോദ്യം ചോദിക്കാനുള്ള ബുദ്ധിയില്ലാത്ത വിഡ്ഢിയായി ഇയാള്‍ എന്നെ കരുതുന്നു. വാസ്തവത്തില്‍ സത്യം പുറത്തു പറയുന്നതില്‍ വിഡ്ഢിത്തമൊന്നുമില്ലാതിരുന്നത് അയാള്‍ക്കാണ്. “അല്ലെങ്കിലും നിനക്കെന്തിനാ ഈ വീട്? മലയാളം നേരേ ചൊവ്വേ പറയാനറിയാന്‍ മേലാത്ത നീ ഇവിടെ നിന്നു പെഴയ്ക്കാനൊന്നും പോകുന്നില്ലല്ലൊ”. മലയാളം സ്വച്ഛമായി സംസാരിക്കുന്നവരുടെ പ്രദേശമായി അയാള്‍ പാലായെ അടയാളപ്പെടുത്തി.
“ആനിയമ്മയ്ക്കും ഏതാണ്ടൊക്കെ അസുഖമല്ലേ.തന്നെ ഇങ്ങനെ താമസിക്കുന്നത് സേയ്ഫല്ലല്ലൊ” അതേ, ഒരു തമിഴന്റെ മാല പൊട്ടിയ്ക്കല്‍ ശ്രമത്തില്‍ അമ്മച്ചിയുടെ അവസാനം പോലീസ്ബുക്കില്‍ കുറിച്ചിടാന്‍ ഇയാള്‍ക്ക് പ്രയാസമൊന്നും കാണുകയില്ല. അയാള്‍ ഉപയോഗിച്ച ‘സേയ്ഫ്” എന്ന വാക്ക് സണ്ണിയുടെ നട്ടെല്ലില്‍ കത്തി താഴ്ത്തി നടുവേദന കൂര്‍പ്പിച്ചു. സണ്ണി പോകാന്‍ എഴുനേറ്റു. പെട്ടേന്ന് സെല്‍ ഫോണ്‍ ശബ്ദിച്ചു.
“സണ്ണീ നീ എന്തു ചെയ്യുകയാണവിടെ?” വാലറിയാണ്. “ബില്‍ ഇസ് നൊട് വെരി ഹാപ്പി. നീ രണ്ടാഴ്ച്ചയെന്നും പറഞ്ഞ് പോയിട്ട് ആഴ്ച മൂന്നായല്ലൊ? ഐ ക്യനോട് ഡീല്‍ വിത് ദ പ്രെഷര്‍. ഞാനയച്ച ഇ മെയിലൊന്നും നീ നോക്കി പോലുമില്ലേ?”
“വാലറീ യു ഡോണ്ട് ബിലീവ് വാട് ഈസ് ഹാപ്പെനിങ് ഹീര്‍. ഞാന്‍ ഉടനെ എത്തും” സണ്ണി തിടുക്കത്തില്‍ പുറത്തു കടന്നു. പോലീസുകാരന്‍ ചിരിച്ച് കാലുകള്‍ വിറപ്പിച്ച് ആഹ്ലാദം പൂണ്ടിരിന്നു.
ഒരു വക്കീലിനെ കണ്ട് കാര്യങ്ങള്‍ പറഞ്ഞാലോ? പോലീസ് ശത്രുവായിടത്ത് വക്കീലെന്തു ചെയ്യാന്‍? ജേക്കബ് ചാലിത്തോട്ടം അമ്മച്ചിയുടെ സീനിയര്‍ ആയി പഠിച്ചതാണ്. വീട്ടില്‍ വന്ന് കണ്ടിട്ടുണ്ട്. മൂപ്പുകൂടിവരുന്ന വെയിലത്ത് സണ്ണി വെറുതേ നിന്നു. നഗരം തിരക്കിട്ട് അവനു ചുറ്റും പാഞ്ഞു. ലയണ്‍ കിങ് സിനിമയിലെ കാട്ടുപോത്തുകളുടെ സ്റ്റാമ്പീഡില്‍ പെട്ട സിംഹക്കുട്ടിയെ ഓര്‍ത്തു സണ്ണി. തനിയ്ക്ക് പരിചയമുള്ള ആളുകള്‍ എത്രപേരുണ്ടിവിടെ?. വക്കീലിന് എന്തെങ്കിലും പറയാനുണ്ടാവില്ലെ? പരിഷ്കാരം വന്നെന്നറിയിക്കുന്ന വക്കീലാഫീസില്‍ സണ്ണിയ്ക്ക് അത്ര സുരക്ഷിതത്വം തോന്നിയില്ല. “സണ്ണീ ഞാന്‍ വീട്ടിലേക്കു വരാനിരിക്കുകയായിരുന്നു” വക്കീല്‍ പറഞ്ഞു. അങ്ങോട്ടുഒന്നും പറയുന്നതിനു മുന്‍പ് ഒരു കെട്ട് കടലാസുകള്‍ നിരത്തി. മുദ്രപ്പത്രങ്ങള്‍. കുനുകുനാ മലയാളത്തില്‍ വാരിവലിച്ചെഴുതിയവ. അപ്പച്ചന്റെ ഒപ്പുണ്ട് പലതിലും. ഇതൊന്നും അപ്പച്ചന്റെ കയ്യൊപ്പല്ലല്ലൊ. ഈ കുരുക്ക് സഹജജ്ഞാനത്തിലൊന്നും ഒരിക്കലും വന്നുപെടാത്തത് തന്റെ ബന്ധുക്കളെ ഒട്ടും മനസ്സിലാക്കിയിട്ടില്ലാത്തതു കൊണ്ടാണല്ലൊ. അവര്‍ വല വളരെ നീട്ടി വിരിച്ചിരിക്കയാണ്. വീടു പണിയാന്‍ വേണ്ടി അപ്പച്ചന്‍ ഫിലിപ്പങ്കിളിന്റെ കയ്യില്‍ നിന്നും കടം വാങ്ങിച്ചിരിക്കുന്നു! വീട് ഈട് കൊടുത്തിരിക്കയാണ്.ചെറിയ തുകയൊന്നുമല്ല. ലക്ഷക്കണക്കിനാണ് കടം. അപ്പച്ചന്റെ ഒപ്പ് വളരെ വികൃതമായാണ് അനുകരിക്കാന്‍ ശ്രമിച്ചിരിക്കുന്നത്. മഷി ഉണങ്ങിയിട്ടില്ലെന്ന മട്ട്. മഷിയും പേനയും വരയും തൊഴിലാക്കിയ തനിയ്ക്ക് ഇതു എളുപ്പം പിടികിട്ടുകയില്ലെന്ന് ഇവര്‍ കരുതിയല്ലൊ. അപ്പച്ചന്റെ ഒപ്പ് തനിയ്ക്കു പോലും അനുകരിക്കാന്‍ പ്രയാസമാണ്. ഒരു ഷൂസിനു മുകളില്‍ പൂവ് വച്ചതുപോലെ ചിത്രപ്പണിയിലാണ് പേര്‍ എഴുതുന്നത്. താഴെ പ്രത്യേക വിതാനത്തില്‍ കുത്തും വരകളും. സണ്ണിയുടെ ദേഹം വിറച്ചു. മുദ്രപ്പത്രങ്ങള്‍ വാരിയെടുത്തു. ബിജു പൊട്ടിത്തെറിച്ചു. “ആനിയമ്മ സമ്മാനിച്ച വാച്ചാ വക്കീലങ്കിള്‍ കയ്യേല്‍ കെട്ടിയിരിക്കുന്നെ. ജോസങ്കിള്‍ കൊണ്ടുവന്നു തന്ന ഷേഫര്‍ പേനാ കൊണ്ടാരിക്കും കള്ളയൊപ്പിട്ടത്” മുദ്രപ്പത്രങ്ങള്‍ ബിജു വലിച്ചു കീറാന്‍ ശ്രമിച്ചതു സണ്ണി തടഞ്ഞു.വീടു പണിക്കാലത്ത് താന്‍ പലതവണ ചോദിച്ചതാണ് ഡോളര്‍ അയയ്ക്കട്ടേ എന്ന്. “റോസ്‌ലി അങ്ങോട്ട് പടിയ്ക്കാന്‍ വരുകല്ലെ. അവളടെ ചെലവൊക്കെ നീ നോാക്കിക്കോ, ഇങ്ങോട്ടൊന്നും അയയ്ക്കണ്ട“ എന്ന് അപ്പച്ചനു വാശി.ആ അപ്പച്ചന്‍ ഫിലിപ്പങ്കിളിനോടു കടം വാങ്ങിച്ചത്രെ. വാതില്‍ക്കലെത്തിയപ്പോള്‍ സണ്ണി ഒന്നു തിരിഞ്ഞ് ജേക്കബ് ചാലിത്തോട്ടത്തെ തുറിച്ചു നോക്കി.അങ്ങേര്‍ കണ്ണിലെ കുസൃതി മായ്ക്കാന്‍ വലിയ ശ്രമമൊന്നും നടത്തിയില്ല.
സെല്‍ ഫോണ്‍ വീണ്ടും ശബ്ദിച്ചു.വീണ്ടും ഫിലഡെല്ഫിയയില്‍ നിന്നാണ്. അടുത്ത അപാര്‍ട്മെന്റിലെ മോഹന്‍. ഒരാഴ്ച്ചയ്ക്കകം അപാര്മെന്റിന്റെ ലീസ് ഒപ്പിട്ട് പുതുക്കണം. “നീ നാട്ടില്‍ പോകുന്നതിനു മുന്‍പേ ചെയ്യേണ്ടതായിരുന്നു. എനിയ്ക്കൊന്നും ചെയ്യാന്‍ പറ്റുകയില്ല സണ്ണീ. ലീസു പുതുക്കുന്നില്ലെങ്കില്‍ അവര്‍ക്ക് പെയിന്റടിക്കണം.ഓഫീസില്‍ ഒരാഴ്ച്ചത്തെ അവധി നിനക്കുവേണ്ടി ചോദിച്ചിരിക്കയാണ്. നീ ഉടന്‍ എത്തുന്നില്ലെ? ഞാന്‍ ഇ മെയിലയച്ചതൊന്നും നോക്കിയില്ലെ?“ “ നീ വിചരിക്കുന്നതിലും വലിയ പ്രശ്നത്തിലാ മോഹന്‍ ഞാന്‍.ഒരാഴ്ച്ചയ്ക്കകം എല്ലാം ശരിയാകും. അടുത്ത ആഴ്ച തന്നെ ഏതായാലും എത്തും. ലീസിങ് ഓഫീസിലെക്കു ഞാന്‍ വിളിക്കാം.“. സത്യത്തില്‍ ലാപ് ടോപ് തുറന്നിട്ട് നാളുകളായി. ആദ്യമായാണ് ഇത്രയും ദിവസം ഇ മെയില്‍ ചെക്ക് ചെയ്യാതെ ഇരിക്കുന്നത്. ഇവിടെ കാര്യങ്ങളൊക്കെ ശരിയായി വരുന്നു എന്നു നുണ പറഞ്ഞതെന്തിനാണ്? ഇത്രമാത്രം കളിപ്പിക്കപ്പെടാന്‍ നിന്നുകൊടുത്ത പൊട്ടനാണെന്നു മോഹന്‍ ധരിക്കുമെന്നു വിചാരിച്ചിട്ടോ?
വീടിന്റെ അസ്തിത്വമാണോ ഒരു കെട്ട് പീറക്കടലാസിലായി കയ്യിലിരിക്കുന്നത്? അല്ലല്ലൊ. അതീവമായ ആര്‍ത്തിയുടേയും നിന്ദയുടേയും കുടിലതയുടേയും പ്രത്യക്ഷമാണ്. സണ്ണി വീണ്ടും വെയിലത്തു നിന്നു. കാട്ടുപോത്തുകളുടെ കൂട്ടയോട്ടത്തില്‍ വീണ്ടും പകച്ചു. സൂര്യനാരായണയ്യരെ കണ്ടാലോ. ബിജുവും ഉത്സാഹിപ്പിച്ചു. അയ്യരങ്കിളിനെ മാത്രമേ ഇവിടെ പരിചയമുള്ളു. നേരേ ഇരുമ്പുകടയിലേക്ക്. ഇരുമ്പുസാധനങ്ങളുടെ കലമ്പലിനെ അതിജീവിക്കുന്ന അതി മധുരമായ കിലുക്കച്ചിരിയുമായി അയ്യരങ്കിള്‍ എതിരേറ്റു. അയ്യരങ്കിളിന്‍് ഒരു മാറ്റവുമില്ല.“സണ്ണിക്കൊച്ച് എന്നെയൊന്നും മറന്നില്ലല്ലൊ” അയ്യരങ്കിള്‍ വരുത്തിയ ചായ ജീവിതത്തില്‍ കുടിച്ചിട്ടുള്ള എറ്റവും നല്ലതെന്ന് സണ്ണി എളുപ്പം വിധിയെഴുതി. പോലീസ്-വക്കീല്‍ കഥയൊന്നും അയ്യരങ്കിളിനെ വിസ്മയിപ്പിക്കുന്നില്ല. സണ്ണി മുദ്രപ്പത്രങ്ങള്‍ വിറയലോടെ നിവര്‍ത്തി. വഴിയുണ്ടാക്കാം സണ്ണീ. അയ്യരങ്കിള്‍ ചുമലില്‍ കൈ വച്ച് ആശ്വസിപ്പിച്ചു. അപ്പച്ചന്‍ തുഴ പിടിപ്പിച്ചുണ്ടാക്കിയ തഴമ്പുകള്‍ മൃദുപഞ്ഞിക്കഷണമായി സ്വസ്ഥത ലേപനം ചെയ്തു. മകന്‍ സൂര്യ കുമാര്‍ കോട്ടയത്ത് പ്രാക്റ്റീസു ചെയ്യുന്നു. ജഡ്ജിമാരുടെ കണ്ണിലുണ്ണി.ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ മിടുക്കന്‍. “സണ്ണീ ജോസിന്റെ ഒപ്പുകളുള്ള ഒന്നു രണ്ട് കടലാസെന്തെങ്കിലും തപ്പിയെടുത്തേക്കണം. സൂര്യന്‍ ഈയാഴ്ച്ച വരുന്നുണ്ട്.രണ്ടാമത്തെ കുഞ്ഞിന്റെ അന്നപ്രാശമാണ്. നിങ്ങളെല്ലാവരും വീട്ടില്‍ വരികയും വേണം.”
“ഞാന്‍ ഇവിടെയില്ലല്ലൊ അങ്കിള്‍? എനിയ്ക്കു ഉടനെ തിരിച്ചുപോകണം”
“വേണമെന്നില്ല. ജോസിന്റെ ഒപ്പു മതി. ബാക്കി സൂര്യന്‍ നോക്കിക്കോളും.വേണമെങ്കില്‍ കേസു കോട്ടയത്തേക്കു മാറ്റാം. ഇതു എളുപ്പം തള്ളിപ്പോകുന്ന കേസാണെന്നു അവര്‍ക്കറിയാം. സണ്ണിക്കൊച്ചിനെ പരിഭ്രമിപ്പിക്കാന്‍ വേണ്ടി ചെയ്യുന്നതാണ്. വീട് ആര്‍ക്കെങ്കിലും വിറ്റുകളയുമോ എന്ന പേടിയുണ്ടവര്‍ക്ക്. നീ ഒത്തുതീര്‍പ്പിനു വരുമെന്ന കണക്കുകൂട്ടലായിരിക്കും അവര്‍ക്ക്.കള്ളയൊപ്പാണെന്നു തെളിഞ്ഞാല്‍ സീരിയസ്‍ കുറ്റമാണ്. മറുകേസു കൊടുക്കാം.”
മറുകേസോ? ഇവരുമായിട്ട് ആരു കളിക്കും?
“ധൈര്യമായിട്ടിരിക്ക് സണ്ണീ” വീണ്ടും തുഴ പിടിച്ച തഴമ്പിന്റെ തലോടല്‍. സണ്ണിയുടെ കണ്ണുകള്‍ ഇപ്പോള്‍ ശരിക്കും നനഞ്ഞു.
വീട്ടിലെത്തിയത് തീരെ അവശനായിട്ടാണ്. വീട് ഇളം വെയിലണിഞ്ഞ് നില്‍ക്കുന്നു. പുതിയ ഓടിന്റെ കടും കാവി നിറം ആകെ ഒരു ചെമ്പുപ്രഭ ചുറ്റിലും പരത്തുന്നു. ബെഡ് റൂമിന്റെ ചില്ലു പൊട്ടിയ സ്ഥാനങ്ങളില്‍ ദാമോദരന്‍ ചെട്ടിയാര്‍ പലക തറയ്ക്കുന്നു. വാഴകളെല്ലാം ബിനീഷ് പശുവിനു കൊടുക്കാന്‍ വാരിക്കൂട്ടിയിട്ടുണ്ട്. മുറ്റത്തിട്ട പുതുമണല്‍ ഉണങ്ങി ഇപ്പോള്‍ വറുത്തിട്ട കടല മാതിരിയുണ്ട്. കുറേ നേരം നോക്കിനിന്നതിനു ശേഷമാണ് അകത്തേയ്ക്കു കയറിയത്. പൂമുഖത്തുണ്ടായിരുന്ന ഉണ്ണിയേശു-കന്യാമറിയം പടം ചില്ലില്‍ നിന്നും സാവധാനം അഴിച്ചെടുക്കുകയാണ് റോസ്‌ലി. സണ്ണിയുടെ ചോദ്യഭാവം അവളില്‍ ചെന്നു. നേരേ കണ്ണുകളില്‍ നോക്കി അവള്‍ പറഞ്ഞു “ഇത് ഏതു സൂട് കേസിലാ വയ്ക്കാന്‍ പറ്റുന്നതെന്നു നോക്കാനാ.” പിന്നെ കുനിഞ്ഞു നോക്കി ബാക്കിയും.
“അമ്മച്ചി വരുകാ സണ്ണിച്ചായന്റെ കൂടെ“.
സണ്ണി നിലത്ത് ഭിത്തിയും ചാരി ഇരുന്നു.
(തുടരും)
6 comments:
"പൂഞ്ഞാറില്‍ നിന്നുള്ള കാറ്റ്” അഞ്ചാം ഭാഗം.
ലയണ്‍ കിങ്ങിലെ സിംഹക്കുട്ടിയുടേതെന്ന പോലെ കാട്ടുപോത്തുകളുടെ സ്റ്റാമ്പീഡില്‍ സണ്ണി.
Ethiran Ji,
innaaN ellaam orumicch vaayikkaan patiyath.
kattha valare ishtamaayi.. thutarnnu vaayikkaan, ezhuthan kaatthirikkunnu.
ഇതാ പ്രിന്റ് എടുത്തു, ഇനി വായന, രാത്രി....
വെക്കേഷനിലായിരുന്നതിനാല്‍ മുന്‍പ് വായിക്കാന്‍ പറ്റിയിരുന്നില്ല, എതിരാ കതിരാ!
ചെറിയ ടെന്‍ഷനോടെ വായിച്ചുനിര്‍ത്തി. വല്ലാത്ത ഒരു കുരുക്കില്‍ തന്നെ സണ്ണി. നന്നായിരിക്കുന്നു. ഇത് ജീവിക്കുന്ന കഥാപാത്രമോ ഭാവനയോ മാഷെ?
vaayikkunnu.:)
ഒന്നു മുതല്‍ അഞ്ച് വരെയുള്ള പ്രിന്റ് എടുത്തു. ഒരുമിച്ചു വായിച്ചിട്ടു അഭിപ്രായം പറയാം എതിരവന്‍ ജീ :)
Post a Comment